Begin typing your search above and press return to search.

അലക്സാണ്ടർ ദി ബോൾഷെവിക്

അലക്സാണ്ടർ ദി ബോൾഷെവിക്
cancel

സമയം നാല്‌ മുപ്പത് കഴിഞ്ഞിട്ടും ആംബുലൻസ് എത്താത്തതിനെത്തുടർന്ന് മഴയത്ത് അവിടവിടെ കുടയും ചൂടി കൂടിനിന്നവരിൽ പലരും അക്ഷമരായി... വായനശാലയുടെ നിറം മങ്ങിയ പിൻചുവരിനോട് ചേർന്നുനിന്ന് നാട്ടുകാരായ ചിലരോട് സംസാരിക്കുകയായിരുന്നു നീത. ഉച്ച മുതൽ തുടങ്ങിയതാണ്‌ ആകാശം അടരുന്ന മട്ടിലുള്ള മഴ. കാറ്റടിക്കുമ്പോൾ മഴച്ചീളുകൾ പാറിവന്ന് മുഖത്ത് പരിക്കേൽപിക്കാൻ തുടങ്ങിയപ്പോൾ അവൾ എതിർദിശയിലേക്ക് തിരിഞ്ഞുനിന്നു. മൂന്നരയ്ക്ക് എത്തേണ്ടതല്ലേ... ആരെങ്കിലുമൊന്ന് വിളിച്ച് ചോദിക്ക്... മഴയുടെ ആരവങ്ങൾക്കിടയിൽ കൃഷ്ണൻ മാസ്റ്ററുടെ ശബ്ദം അവ്യക്തമായി കേട്ടു. നീത ചിന്തിക്കുകയായിരുന്നു. വീരചരമം പ്രാപിച്ച ഒരു മഹാന്റെ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

സമയം നാല്‌ മുപ്പത് കഴിഞ്ഞിട്ടും ആംബുലൻസ് എത്താത്തതിനെത്തുടർന്ന് മഴയത്ത് അവിടവിടെ കുടയും ചൂടി കൂടിനിന്നവരിൽ പലരും അക്ഷമരായി... വായനശാലയുടെ നിറം മങ്ങിയ പിൻചുവരിനോട് ചേർന്നുനിന്ന് നാട്ടുകാരായ ചിലരോട് സംസാരിക്കുകയായിരുന്നു നീത. ഉച്ച മുതൽ തുടങ്ങിയതാണ്‌ ആകാശം അടരുന്ന മട്ടിലുള്ള മഴ. കാറ്റടിക്കുമ്പോൾ മഴച്ചീളുകൾ പാറിവന്ന് മുഖത്ത് പരിക്കേൽപിക്കാൻ തുടങ്ങിയപ്പോൾ അവൾ എതിർദിശയിലേക്ക് തിരിഞ്ഞുനിന്നു.

മൂന്നരയ്ക്ക് എത്തേണ്ടതല്ലേ... ആരെങ്കിലുമൊന്ന് വിളിച്ച് ചോദിക്ക്... മഴയുടെ ആരവങ്ങൾക്കിടയിൽ കൃഷ്ണൻ മാസ്റ്ററുടെ ശബ്ദം അവ്യക്തമായി കേട്ടു.

നീത ചിന്തിക്കുകയായിരുന്നു. വീരചരമം പ്രാപിച്ച ഒരു മഹാന്റെ ഭൗതികശരീരമല്ല നാട്ടുകാർ കാത്തുനിൽക്കുന്നത്. മറിച്ച് സ്വന്തം ശരികളിൽ വിശ്വസിച്ച് തന്നിഷ്ടംപോലെ ജീവിച്ച, ആദർശംകൊണ്ട് സമ്പന്നനും എന്നാൽ ധനംകൊണ്ട് ദരിദ്രനുമായ ഒരാൾ. അലക്സാണ്ടർ.

കൃത്യമായി പറഞ്ഞാൽ 30 വർഷം കഴിഞ്ഞിട്ടുണ്ട് നീത ആ മനുഷ്യനെ നേരിട്ട് കണ്ടിട്ട്.

ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ്‌ തൊട്ടടുത്ത വീടിന്റെ ചായ്പിൽ അലക്സാണ്ടറും കുടുംബവും വാടകയ്ക്ക് താമസിക്കാനെത്തിയത്. കറുത്തിരുണ്ട് അധികം പൊക്കമില്ലാത്ത ഒരു മനുഷ്യൻ. തലമുടിയുടെ വെളുപ്പാണ്‌ പ്രഥമദൃഷ്ട്യാ ആരുടെയും ശ്രദ്ധ പിടിക്കുക. ഹരിച്ചും ഗുണിച്ചും വിഷമഭിന്നംപോലെ മലയാളം സംസാരിക്കുന്ന ഭാര്യ ബിജയ. അഞ്ചോ ആറോ വയസ്സുള്ള ഇരട്ടകളായ രണ്ടാൺ മക്കൾ. ലെനിനും സ്റ്റാലിനും.

ഒരു പഴയ ലൂണയിൽ ചീരക്കച്ചവടമായിരുന്നു അയാൾക്ക്.

ദാ വന്നല്ലോ അലക്സാണ്ടർ ചക്രവർത്തി ബ്യുസിഫാലസിന്റെ പുറത്ത്...

കച്ചവടം കഴിഞ്ഞ്, ലൂണ ഗേറ്റിനരികിൽ വന്ന് കിതച്ചുനിൽക്കുമ്പോൾ അച്ഛൻ അയാളെ ചൊടിപ്പിക്കാനായി പറയും. അത് കേൾക്കുമ്പോൾ അയാളുടെ മുഖം മങ്ങും.

എന്നെ ചക്രവർത്തി എന്നുമാത്രം വിളിക്കല്ലേ ചേട്ടാ, അയാൾ അച്ഛനോട് പരിഭവിക്കും.

അലക്സാണ്ടറിനോട് എല്ലാവർക്കും പ്രിയമായിരുന്നു. നല്ലൊരു കൃഷിക്കാരൻ. തൊട്ടടുത്ത അരയേക്കർ പുരയിടം പാട്ടത്തിനെടുത്ത് അയാളവിടെ ചുവപ്പും പച്ചയും ചീരകൾ വളർത്തി. നൂറുമേനി വിളവെടുത്തു. മണ്ണിനെ അറിഞ്ഞ നല്ല കർഷകൻ.

നീതക്കുട്ടിക്ക് എന്തറിയാം അലക്സാണ്ടറെക്കുറിച്ച്..? ഒരിക്കൽ അച്ഛനോടൊപ്പം വീടിന്റെ ഉമ്മറത്തിരുന്നപ്പോൾ അയാൾ ചോദിച്ചു.

അവൾ ഒമ്പതാം ക്ലാസിലെ ചരിത്രപുസ്തകം നിവർത്തി ആവേശത്തോടെ വായിച്ചു.

മാസിഡോണിയൻ രാജാവ് ഫിലിപ്പ് രണ്ടാമന്റെയും ഒളിമ്പിയ രാജ്ഞിയുടെയും മകൻ. സാമ്രാജ്യ വിപുലീകരണത്തിനായി പടയോട്ടങ്ങൾ നടത്തി ലോകഭൂപടത്തിന്റെ മുക്കാൽ രാജ്യങ്ങളും കീഴടക്കിയ ചക്രവർത്തി. അരിസ്റ്റോട്ടിലിന്റെ ശിഷ്യൻ. അലക്സാണ്ടർ ദി ഗ്രേറ്റ്.

ശത്രുവിന്റെ സൈനിക നീക്കങ്ങൾ രഹസ്യമായി ചോർത്തിയെടുത്ത് പരസ്യമായി അവരെ തോൽപിക്കുന്നവനാണോ മഹാൻ? ഊരിപ്പിടിച്ച വാളുമായി മാസിഡോണിയൻ സൈന്യത്തിനൊപ്പം ലക്ഷക്കണക്കിന്‌ നിരപരാധികളായ ആളുകളെ കൊന്ന് രക്തപ്പുഴകളൊഴുക്കി സ്വന്തം സ്വാർഥ താൽപര്യങ്ങൾക്കായി സാമ്രാജ്യ വിപുലീകരണം നടത്തിയ ഒരാളെ മഹാനെന്ന് വിളിച്ചതാണ്‌ ചരിത്രകാരന്മാർക്ക് പറ്റിയ വലിയ തെറ്റ്. നിസ്സാരരായ മനുഷ്യരുടെ ചിന്തകളെപ്പറ്റിയോ അവരുടെ ജീവിതദർശനങ്ങളെപ്പറ്റിയോ ചിന്തിക്കാതെ, പടയോട്ടങ്ങൾക്കും രക്തപ്പുഴകൾക്കും നടുവിൽ സംഗീതവും പ്രണയവുമായി നടന്ന ഒരാളെ മഹാനെന്ന് വിളിക്കാൻ നമ്മെക്കൊണ്ടാവുമോ..? അല്ല മോള്‌ തന്നെ പറയ്...

പൊടുന്നനേയുള്ള പ്രതികരണത്തിൽ, അയാളുടെ കണ്ണുകളിൽ മുമ്പെങ്ങും കാണാത്ത ഒരു പ്രതിഷേധത്തിന്റെ അഗ്നി ജ്വലിക്കുന്നത് നീത കണ്ടു.

ഒരു കാര്യത്തിൽ മാത്രമേ അയാളോടെനിക്ക് യോജിക്കാൻ കഴിയൂ.

മരണം ഉറപ്പായപ്പോൾ ശയ്യാമഞ്ചത്തിന്‌ ചുറ്റും കൂടിയവരോട്, തന്റെ ഭൗതികദേഹം സ്വർണംകൊണ്ട് നിർമിച്ച പേടകത്തിൽ അലക്സാൻട്രിയയിൽ കൊണ്ടുപോയി സംസ്കരിക്കണമെന്നും, പോകുന്ന വഴിനീളേ, തന്റെ ശൂന്യമായ കൈകൾ ശവപ്പെട്ടിക്ക് പുറത്തേക്കിടണമെന്നും ജീവിതത്തിൽനിന്ന് ഒന്നും കൊണ്ടുപോകുന്നില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തണമെന്നും അപേക്ഷിച്ചുവത്രേ. സാമ്രാജ്യപതി എന്ന് ലോകം വാഴ്ത്തിയ ഒരാൾ പകർന്ന ഗുണകരമായ പാഠം.

എന്റപ്പനും, മകൻ അതുപോലെ ഭാവിയിൽ മഹാനായിക്കോട്ടെ എന്ന വ്യാമോഹത്തിലായിരിക്കും ആ പേരിൽ എന്നെ തളച്ചിട്ടത്.

പക്ഷേ മറ്റൊരു അലക്സാണ്ടർ ഉണ്ട് ചരിത്രത്തിൽ. എന്റപ്പനോ നിങ്ങളോ ഒരുപക്ഷേ അറിയാനിടയില്ലാത്ത ഒരാൾ.

പാളവിശറി വീശി, ചാരുകസേരയിൽ കിടക്കുകയായിരുന്ന അച്ഛൻ അയാളോട് ഇരിക്കാൻ ആംഗ്യം കാട്ടി. ആഴക്കടൽ മുതൽ അനന്തകോടി നക്ഷത്രങ്ങളെപ്പറ്റിയുള്ള അയാളുടെ വാചാലതയെപ്പറ്റി അച്ഛന്‌ അറിയാം. അതൊരു നേരമ്പോക്ക് കൂടിയാണ്‌.

അലക്സാണ്ടർ ഒരു ബോൾഷെവിക്കായിരുന്നു. അതുവരെ നിൽക്കുകയായിരുന്ന അയാൾ സിമന്റ് ​െബഞ്ചിൽ കയറിയിരുന്നുകൊണ്ട് പറഞ്ഞു. അങ്ങനെയൊരു വാക്ക് നീത ആദ്യമായി കേൾക്കുകയായിരുന്നു.

റഷ്യ പണ്ട് ഭരിച്ചിരുന്നത് സാർ ചക്രവർത്തിമാരായിരുന്നല്ലോ. ആ ചരിത്രമൊക്കെ കുറച്ച് നമ്മക്കും അറിയാം. വലിയ ഭൂവുടമകളും പ്രഭുക്കന്മാരും ഭരണനേതൃത്വത്തിൽ വന്നപ്പോൾ കർഷകർക്ക് ഏറെ ദാരിദ്ര്യവും പട്ടിണിയും സഹിക്കേണ്ടി വന്നതും യുവജനങ്ങൾ തൊഴിലിനായി നെട്ടോട്ടമോടിയതും ഒടുവിൽ ലെനിൻ വിപ്ലവം നടത്തി സോവിയറ്റ് യൂനിയൻ എന്ന രാജ്യത്തിന്‌ രൂപം നൽകിയതുമൊക്കെ. അച്ഛൻ ഒറ്റശ്വാസത്തിൽ സ്വന്തം ചരിത്രബോധം പുറത്തെടുത്തു.

അതുതന്നെയാണ്‌ ഞാൻ പറഞ്ഞുവരുന്നത്. ഇപ്പറഞ്ഞ ലെനിന്‌ ഒരു മൂത്ത സഹോദരനുണ്ടായിരുന്നു. വോൾഗയിലെ കാറ്റിലും നെഞ്ചിൽ വിപ്ലവത്തിന്റെ തിരി കെടാതെ സൂക്ഷിച്ചവൻ. അനുജന്‌ വിപ്ലവത്തിന്റെ ആദ്യപാഠങ്ങൾ പകർന്നുനൽകിയവൻ. ബോൾഷെവിക്കെന്നും മെൻ​െഷവിക്കെന്നും നേതൃനിര രണ്ടായി തിരിഞ്ഞപ്പോൾ, തീവ്രപക്ഷത്ത് തന്നെ നിലയുറപ്പിച്ച് ചൂഷണരഹിതമായ സമൂഹനിർമിതിക്കു വേണ്ടി പോരാടിയവൻ. അലക്സാണ്ടർ ഉല്യനോവ്. ഒടുവിൽ സാർ ചക്രവർത്തിയെ വധിക്കാൻ ശ്രമിച്ചെന്നാരോപിച്ച് തൂക്കിലേറ്റാൻ വിധിക്കപ്പെട്ടവൻ. ആ പേരിൽ അറിയപ്പെട്ടിരുന്നെങ്കിൽ ഞാൻ എത്രയോ അഭിമാനിച്ചേനെ.

ബോൾഷെവിക് എന്നുപറഞ്ഞാൽ? നീത ചോദിച്ചു.

പൊതുവായ ആശയങ്ങളിൽ ഒന്നിച്ചു നിന്ന ഭൂരിപക്ഷക്കാർ.

ഒരു കാര്യം നടത്തിയെടുക്കാൻ തീവ്രമായി ഒരാൾ ആഗ്രഹിച്ചാൽ അയാൾ ബോൾഷെവിക്കാണ്‌. ഒരുപക്ഷേ നമ്മുടെ നാട്ടിൽ അയാളെ തീവ്രവാദി എന്ന് വിളിച്ചേക്കാം.

അവസരം കിട്ടുമ്പോഴൊക്കെ റഷ്യയെപ്പറ്റി സംസാരിക്കുന്ന മനുഷ്യൻ. മാർക്സിനെപ്പറ്റി പറയുമ്പോൾ അയാളുടെ കണ്ണുകൾ വികസിക്കും. കൃഷ്ണമണികൾ തവിട്ടുനിറമാകും. ചീര വിറ്റ് കിട്ടുന്ന കാശുകൊണ്ട് എന്നെങ്കിലുമൊരിക്കൽ റഷ്യയിൽ പോണം. ഒരിക്കലും കണ്ടിട്ടില്ലാത്ത റഷ്യയെപ്പറ്റി ഇത്ര മനോഹരമായി സംസാരിക്കാൻ അയാൾക്ക് എങ്ങനെയാവുന്നെന്ന് നീത അത്ഭുതംകൂറാറുണ്ട്. മാർക്സും ലെനിനും സ്റ്റാലിനുമൊക്കെ നീതയ്ക്ക് വീരയോദ്ധാക്കളായത് അങ്ങനെയാണ്‌.

അമ്മയോ അച്ഛനോ ഓർമയിൽപോലും ഇല്ലാതിരുന്ന ഒരു അനാഥ ബാലൻ വല്യമ്മയുടെ സംരക്ഷണയിൽ എങ്ങനെയൊക്കെയോ വളർന്നു. അവർ മരിച്ച ശേഷം, വിശപ്പ് വലിയ പ്രശ്നമായപ്പോൾ, പതിനെട്ടാം വയസ്സിൽ നാട് വിട്ടു. എവിടൊക്കെയോ അലഞ്ഞ് ഒടുവിൽ ചെന്നെത്തിയത് കൽക്കത്തയിൽ. രക്ഷകനായി വന്നയാൾ റോജക് സുബ്രതോ ചൗധരി. അയാളുടെ വിശാലമായ കൃഷിയിടത്തിന്റെ മേൽനോട്ടക്കാരനായി അവിടെത്തന്നെ കുടിൽ കെട്ടി പാർത്തു. ജൂട്ടും നിലക്കടലയും ഉരുളക്കിഴങ്ങുമായിരുന്നു അവിടത്തെ പ്രധാന കൃഷി. ഇടവിളയായി ചോളവും.

എണ്ണമെഴുക്കുള്ള ശരീരത്തിൽ ചോരയോട്ടം തിളച്ച നാളുകൾ. അയാൾ ചൗധരിക്കുവേണ്ടി കഠിനാധ്വാനംചെയ്തു. ചൗധരി നല്ലവനായിരുന്നു. വായനശീലമുള്ളവൻ. അയാളിൽനിന്നാണ്‌ ഇംഗ്ലീഷും ബംഗാളിയും പഠിച്ചത്. പുസ്തകങ്ങൾ വായിച്ചത്. തെരുവുനാടകങ്ങളിൽ അഭിനയിച്ചത്. നാടിന്റെ കൊളോണിയൽ ചരിത്രത്തെപ്പറ്റി ചൗധരി പറഞ്ഞാണ്‌ ഏറക്കുറെ മനസ്സിലാക്കിയത്.

ഏത് ദേശത്ത് ചെന്നാലും അവിടം നമ്മൾ ശരിക്കും മനസ്സിലാക്കണം. ഭാഷ, വേഷം, പെരുമാറ്റരീതി. ഒപ്പം അധ്വാനിക്കാൻ കരുത്തുറ്റ രണ്ട് കൈകളും മനസ്സും ഉണ്ടെങ്കിൽ ഏത് അജ്ഞാത ഭൂഖണ്ഡത്തിൽ പോയാലും നമ്മളങ്ങ് ജീവിച്ചുപോകും മോളേ... അയാളുടെ ശബ്ദം കാതിൽ മുഴങ്ങുന്നതുപോലെ തോന്നി നീതയ്ക്ക്.

കൃഷി ചെയ്യാതെ നീണ്ടുകിടക്കുന്ന പുൽമേടുകളും വരണ്ട മരങ്ങളും തഴച്ചുവളർന്ന പൊന്തകളും മാത്രമുണ്ടായിരുന്ന ചൗധരിയുടെ പേരിലുള്ള കുറേ ഭൂമി കൃഷിയോഗ്യമാക്കി കാബേജ് കൃഷി തുടങ്ങിയ കാലത്താണ്‌ ദീർഘമായ ഒരു വരൾച്ച ആ പ്രദേശത്തെ പിടികൂടിയത്. പുതിയ കിണറുകൾ കുഴിച്ചിട്ടും വെള്ളത്തിന്റെ കണികപോലും കണ്ടെത്താനാവാതെ പണിക്കാർ കുഴങ്ങി. ഒടുവിൽ ചൗധരീടെ പാടത്തെ വെള്ളം വറ്റാൻ കാരണം അടുത്ത പ്രദേശത്തെ ഫാക്ടറിയാണെന്ന് തിരിച്ചറിഞ്ഞ് ജനങ്ങളെ കൂട്ടി സമരം നടത്തിയതും സമരപ്പന്തലിൽ നിരാഹാരം കിടന്നതും അലക്സാണ്ടറാണ്‌.

ആ വിജനതയിൽ എങ്ങനെ അത്രയും വർഷം ഒറ്റയ്ക്ക് കഴിഞ്ഞു. നീത ഒരിക്കൽ അയാളോട് ചോദിച്ചു.

ആരും കൂട്ടില്ലാത്ത മനുഷ്യർക്ക് പ്രകൃതി കൂട്ടുണ്ട്. അതറിയില്ലേ കുട്ടിക്ക്. പക്ഷികളുടെ പാട്ട്, കാറ്റ് മുളംതണ്ടിൽ മീട്ടുന്ന സംഗീതം, മേഘങ്ങൾ, നിലാവ് പിന്നെ എനിക്ക് എന്നും വഴികാട്ടിയായി ചക്രവാളത്തിൽ എന്നും ഉദിയ്ക്കുന്ന ഒരു ചുവന്ന നക്ഷത്രം. ഇവരൊക്കെ ചുറ്റുപാടുമുള്ളപ്പോൾ നമ്മൾ ആരെ പേടിക്കാനാണ്‌. ചീരയ്ക്ക് തടമെടുക്കുകയായിരുന്ന അയാൾ തൂമ്പയിൽ പറ്റിയിരുന്ന ചെമ്മണ്ണ്‌ തുടച്ചുകൊണ്ട് പറഞ്ഞു.

കടന്നുപോയ വർഷങ്ങൾക്ക് കണക്കില്ലായിരുന്നു. മുടി അങ്ങിങ്ങ് നരയ്ക്കാൻ തുടങ്ങിയപ്പോഴാണ്‌ ജീവിതത്തിൽ ഒരു കൂട്ടില്ലെന്ന് തോന്നിത്തുടങ്ങിയത്.

ചൗധരീടെ വയലിൽനിന്ന് ചെളിയും വൈക്കോലും കൊണ്ടുപോകാൻ പണിക്കാർക്കൊപ്പം വരാറുള്ളവളാണ്‌ ബിജയ. പാരമ്പര്യമായി കുശവപ്പണി ചെയ്യുന്ന കുമർ വിഭാഗത്തിൽപ്പെട്ടവൾ. ദീപാളിക്കും ദുർഗാപൂജയ്ക്കും, കാളീപൂജയ്ക്കുമൊക്കെ വിഗ്രഹങ്ങളുണ്ടാക്കി വിൽക്കുന്ന തിരക്കിലാവും അവർ. ആകാശം പതിവില്ലാത്തവിധം ഇരുണ്ടു കിടന്ന ഒരു ദിവസം. പണിക്കാരെല്ലാം ഉച്ചയൂണ്‌ കഴിഞ്ഞ് വിശ്രമത്തിലാണ്‌. ഉരുളക്കിഴങ്ങിന്റെ വള്ളി പടർത്തുന്നതിനിടയിലാണ്‌ അയാൾ പൊടുന്നനെ വയലിന്റെ നടുക്കുനിന്ന് ഒരു പെൺകരച്ചിൽ കേട്ടത്. കാട്ടുപോത്തുകൾക്കായി നിർമിച്ച കിടങ്ങിൽ വീണ്‌ ദേഹമാസകലം മുള്ളുകൾകൊണ്ട് പോറി ചോരയൊലിപ്പിച്ച് അവൾ.

വലിച്ച് കരയ്ക്ക് കയറ്റി മുറിവുകളിൽ പച്ചിലച്ചാറ്‌ ഇറ്റിക്കുമ്പോഴുണ്ടായ നീറ്റലിൽ പുളഞ്ഞ് അവൾ അയാളെ ദയനീയമായി നോക്കി.

അവളുടെ കവിൾ തുടുത്തു. ചെമ്പൻമുടി കാറ്റിലിളകി. അമി തൊമാർകേ ബാലബാഷി... അവളുടെ കണ്ണുകൾ അങ്ങനെ പറഞ്ഞതായി അയാൾക്ക് തോന്നി.

നീലിച്ച ആകാശത്തിന്‌ ചോട്ടിൽ പിന്നീട് അവർ രണ്ടാളും തനിച്ച് പലതവണ പരസ്പരം കണ്ടുമുട്ടി. പിച്ചളക്കൂജയിൽ കാപ്പി കൊണ്ടുവന്ന് അവൾ അയാൾക്ക് കളിമൺ ഗ്ലാസിൽ ഒഴിച്ചുകൊടുക്കും. ഇടയ്ക്ക് പാനിപൂരിയും.

കാപ്പി മൊത്തിക്കുടിച്ച് അയാൾ അവളോട് വിപ്ലവം സംസാരിക്കും. പറയുന്നതൊക്കെ അവൾ കേട്ടിരിക്കും.

വ്ലാഡിമിർ ഇല്ലിച്ച് ഉല്യാനോവ് ലെനിൻ

ജോസഫ് വിസരിയോനൊവിച്ച് സ്റ്റാലിൻ

വാക്കുകൾ മുറിച്ച് മുറിച്ച് അയാളവളെ പറഞ്ഞു പഠിപ്പിക്കും.

 

സിസ്​റ്റർ സാന്ദ്ര സോണിയ

ഇതേത് ഭാഷയെന്ന് അവൾ ചോദിക്കുമ്പോൾ നമ്മുടെ മക്കൾക്കിടാനുള്ള പേരുകളാണെന്ന് പറഞ്ഞ് അയാൾ പൊട്ടിച്ചിരിക്കും. അവളും കൂടെച്ചിരിക്കും. മഹിഷാസുരമർദിനിയായ ദുർഗയുടെ വിഗ്രഹമുണ്ടാക്കാൻ മാത്രമറിയാവുന്ന അവൾക്കെന്ത് ലെനിനും സ്റ്റാലിനും.

പെണ്ണ്‌ ഒരു പുരുഷനോടൊപ്പം ജീവിക്കണമെന്ന് നിശ്ചയിച്ചു കഴിഞ്ഞാൽ പിന്നെ കുടുംബക്കാർക്ക് അതിൽ ഭിന്നാഭിപ്രായമില്ല. കുമർ ഗോത്രത്തിന്റെ വിശ്വാസം അതായിരുന്നു.

പാടത്തിന്‌ നടുവിൽ ഇലയും പൂവും കതിരുംകൊണ്ടലങ്കരിച്ച കല്യാണമണ്ഡപത്തിൽവച്ച് തുളസിമാല പരസ്പരം ചാർത്തുമ്പോൾ പ്രേമിച്ച് ഉലഞ്ഞുപോയ ഒരുവളെക്കൂടി വിപ്ലവത്തിന്റെ പാതയിലേക്ക് കൈ പിടിക്കുകയായിരുന്നു അയാൾ.

“അമി തൊമർകി താരിഫ് കൊരി” എന്ന് തോളത്ത് തട്ടി അഭിനന്ദിച്ചതിന്റെ മൂന്നാം നാളാണ്‌ ഒരു നെഞ്ചുവേദന ചൗധരിയെ മരണത്തിലേക്ക് ഉരുട്ടിയിട്ടത്. ചൗധരിയുടെ അവകാശികൾ രംഗപ്രവേശം ചെയ്തതോടെ, കൽക്കത്ത വിട്ട് കേരളത്തിലേക്ക് പോകേണ്ടി വന്നു. അവൾക്കും കേരളം ഇഷ്ടമായിരുന്നു. മലകളുടെ നാട് എന്നാണ്‌ അവൾ പറയാറ്‌.

താൻ ഇന്ന സ്ഥലത്താണെന്ന് ഒരിക്കൽ അമ്മാവന്റെ മകൾക്കെഴുതിയ കത്ത് പ്രകാരം, വംഗദേശത്ത് കുടികെട്ടിപ്പാർക്കാൻ പോയ അനന്തരവൻ ഇനി തിരികെ വരില്ലെന്ന ധാരണയിൽ അമ്മയുടെ സ്വത്തുകൂടി സ്വന്തം പേരിലാക്കിക്കഴിഞ്ഞിരുന്നു അമ്മാവൻ. കുറച്ചുകാലം ഇരുവരും വാടകവീട്ടിൽ കഴിഞ്ഞു. ചെറിയ ചെറിയ പണികൾക്ക് പോയി. ബിജയയ്ക്ക് ഒന്നിനും പരാതി ഇല്ലായിരുന്നു. ഒരു നീരുറവയുടെ തണുപ്പുപോലെ അവളയാൾക്ക് കുളിര്‌ പകർന്നു.

മണ്ണും പെണ്ണും ഒരുപോലാ... അത്യന്തം ആഗ്രഹിച്ച് എന്ത് വിത്തിട്ടാലും അതേപടിയോ അതിലധികമോ തിരിച്ചുകിട്ടും.

ഇരട്ടക്കുട്ടികളെ പ്രസവിച്ച് സർക്കാരാശുപത്രിയുടെ നീലവിരിപ്പിൽ പാതിബോധത്തിൽ കിടന്ന അവളുടെ നെറ്റി തലോടിക്കൊണ്ട് അയാൾ പറഞ്ഞു.

ലെനിൻ, സ്റ്റാലിൻ... രണ്ട് നക്ഷത്രങ്ങൾ. ജീവിതത്തിൽ വഴികാട്ടിയായി രണ്ട് ചുവന്ന നക്ഷത്രങ്ങൾ.

വാടകവീടുകൾ മാറുമ്പോഴൊക്കെയും കൃഷികൊണ്ട് ജീവിക്കണമെന്ന കരളുറപ്പുണ്ടായിരുന്നു അയാൾക്ക്.

ചീരയ്ക്കിടാൻ ചാണകപ്പൊടി ചോദിച്ചാണ്‌ ആദ്യമായി അയാൾ വീട്ടിൽ വന്നത്. പിന്നെ ഏറെക്കാലത്തെ നിരന്തര പരിചയം. നീത കല്യാണം കഴിഞ്ഞ് അന്യനാട്ടിൽ കഴിയുമ്പോഴും അയാളെപ്പറ്റി ചിന്തിക്കുമായിരുന്നു. സ്വന്തം നാടിന്റെ ചരിത്രത്തേക്കാൾ ഒരന്യ രാജ്യത്തിന്റെ ചരിത്രം നെഞ്ചേറ്റി ജീവിക്കുന്നയാൾ.

ശ്വാസകോശ സംബന്ധിയായ രോഗംമൂലം ദീർഘനാൾ ചികിത്സയിലായിരുന്നത്രേ. വീട്ടിൽ അമ്മയെക്കാണാനെത്തിയ നീത ആകസ്മികമായാണ്‌ മരണവാർത്തയറിഞ്ഞത്. എവിടെ അടക്കം ചെയ്യും എന്നറിയില്ല. ആരുമില്ലാത്തോർക്ക് പ്രകൃതിയുണ്ട്. ജീവിതത്തിന്റെ ദാർശനികതയും മനശ്ശാസ്ത്രവും കൃത്യമായി മനസ്സിലാക്കിയ ഒരു സാധു മനുഷ്യൻ. മഴയത്തും നീത ഓർമകളുടെ പൊരിവെയിലേറ്റ് പൊള്ളി. പ്രകൃതിയുടെ കണ്ണീരുപോലെ മഴ അപ്പോഴും തുളിച്ചുകൊണ്ടേയിരുന്നു. അയാളുടെ കാൽക്കൽ വിരിക്കാൻ കരുതി വെളുത്ത തുണിയിൽ നീത വരച്ചു ചേർത്ത ചുവന്ന നക്ഷത്രത്തിന്റെ ചായം മഴത്തുള്ളികൾ കവർന്നെടുത്തു. ദൂരെ ആംബുലൻസിന്റെ ഇരമ്പത്തിനായി അവൾ കാതോർത്തു.

News Summary - Malayalam story-alexander