അമ്മിണി

ചിത്രീകരണം-എ.വി. ഷെറിൻ
തോറാനാ പെരുന്നാളിന് രണ്ടു ദിവസം മുമ്പ് മഴ പെയ്തുതോർന്നൊരു വൈകുന്നേരം മുലകുടിമാറാത്ത നാല് കുഞ്ഞുങ്ങളുമായി ‘അമ്മിണി’ ഗേറ്റ് കടന്നുവന്നു. ഗോഡ്ഫാദർ സിനിമയിൽ കൊച്ചമ്മിണി രണ്ട് കുട്ടികളെയുംകൊണ്ട് ഗേറ്റ് മലർക്കെത്തുറന്ന് അഞ്ഞൂറാന്റെ മുന്നിലേക്ക് വരുന്നതുപോലെ ഒരു രംഗം. അവൾക്കും മക്കൾക്കുംകൂടി തീറെഴുതി കൊടുത്തതാണോ ഇവിടമെന്ന് അവളുടെ വരവ് കണ്ടപ്പോൾ തോന്നി. അത്രക്ക് ഗംഭീരമായിരുന്നു ആ വരവ്. അവകാശികളുടെ എണ്ണം ഇങ്ങനെ കൂടിയാൽ തന്റെ അവസ്ഥ എന്താകുമെന്നാലോചിച്ച് ഞാൻ സിസറിന്റെ പാക്കറ്റ് തുറന്നു അതിലവശേഷിച്ച സിഗരറ്റിനു തീകൊടുത്തു.
സിസറിന്റെ കവർ ഇടതുകൈകൊണ്ട് ചുരുട്ടി ഒരു ബോളുപോലെയാക്കി ബാൽക്കണിയിൽനിന്ന് താഴേക്ക് നീട്ടിയെറിഞ്ഞു. വീടിരിക്കുന്ന അഞ്ചുസെന്റ് സ്ഥലത്തിന്റെ അതിർത്തി കടന്ന് തൊട്ടപ്പുറത്തുള്ള അമേരിക്കക്കാരന്റെ കാടുപിടിച്ചുകിടക്കുന്ന സ്ഥലത്തിന്റെ അതിർത്തിയിൽ നിൽക്കുന്ന ഇലുമ്പിപ്പുളിയുടെ ഇലകൾക്കിടയിൽ ചെറിയ അനക്കങ്ങളുണ്ടാക്കി ആ പന്ത് കാട്ടിലൊളിച്ചു. ഇവിടെനിന്ന് ഞാനിങ്ങനെ കണക്കില്ലാതെ പുകച്ചുതള്ളിയ സിഗരറ്റിന്റെ കൂടുകൾ എത്രയോ എണ്ണം മണ്ണിലലിഞ്ഞും അല്ലാതെയും കിടപ്പുണ്ടാകും. മറ്റുള്ളവർ കാട് കൈയേറുമ്പോൾ സ്വന്തം സ്ഥലം പ്രകൃതിക്ക് വിട്ടുകൊടുത്ത ആ മനുഷ്യനെ സ്മരിക്കാതെ വയ്യ. എന്തായാലും കുറച്ചു ദിവസങ്ങൾക്കു ശേഷം അമ്മിണിയെ കണ്ടപ്പോൾ മനസ്സിന് ഒരു സന്തോഷം. ഈ വീട്ടിൽ ആകെ എന്നെ കേൾക്കുന്നത് അമ്മിണി മാത്രമായിരുന്നു. എന്റെ വർത്തമാനം അവളെയും ബോറടിപ്പിച്ചുകാണും ഒരു ദിവസം ഒന്നും മിണ്ടാതെ അവൾ പോയി. പിന്നെ ഇന്നാണ് നേരിൽ കാണുന്നത്.
രണ്ടാഴ്ച മുന്നേവരെ മിക്കവാറും എല്ലാ ദിവസവും ഊരുചുറ്റലൊക്കെ കഴിഞ്ഞു രാത്രി ഒരു എട്ട് എട്ടര മണി ആകുമ്പോൾ അടുക്കളപ്പുറത്ത് അവൾ എത്തിയിട്ടുണ്ടാകും. എവിടെ എനിക്കുള്ള ഭക്ഷണം എന്ന് മുരളും. എന്തേലും കിട്ടുന്നതുവരെ ഒരിരിപ്പാണ്. തന്റെ അവകാശം ചോദിച്ചു മേടിച്ചതുപോലെ അത്താഴവും കഴിഞ്ഞു മുഖവും തടവി കുറച്ചുനേരം ഈ ബാൽക്കണിയിൽ എന്റെ മേശക്ക് താഴെ ഞാൻ കഴിച്ചതിന്റെ ബാക്കി വല്ലതും വീണുകിടപ്പുണ്ടെങ്കിൽ അതും കഴിച്ച് എന്നെ നോക്കി എന്റെ അടുത്തിരിക്കും. പകുതി കുടിച്ച റമ്മിന്റെ ഗ്ലാസ് നിനക്ക് വേണോടി എന്ന് ചോദിച്ച് ഞാൻ അവൾക്ക് നേരെ നീട്ടും. അവൾ മുഖം ഒരു വശത്തേക്ക് തിരിച്ച് വേെണ്ടന്നറിയിക്കും. ഒറ്റവലിക്ക് ബാക്കിയുള്ളതും കുടിച്ചു തീർത്ത് അടുത്ത പെഗ്ഗൊഴിച്ച് കുപ്പിയിലേക്ക് നോക്കി തീരാറായല്ലോ എന്ന് നെറ്റിചുളിച്ച് ഇതുകൊണ്ട് ഒരാഴ്ചകൂടി പോകണമല്ലോ എന്നാലോചിച്ച് അമ്മിണിയോട് വാചാലനാകും. പറഞ്ഞതുതന്നെ പിന്നെയും പറഞ്ഞ് ഞാൻ കട്ടിലിലേക്ക് മലക്കും. ചിലപ്പോൾ എന്റെ കൂടെ കട്ടിലിൽ ചുരുണ്ടുകൂടും അല്ലെങ്കിൽ എല്ലാം കേട്ട് ഒരുപോക്കാണ്. പക്ഷേ, പള്ളേല് ഒണ്ടായിരുന്നെന്ന് കണ്ണ് തൊറക്കാത്ത നാലെണ്ണത്തെയും കൊണ്ട് വന്നപ്പോഴാണ് സത്യം പറഞ്ഞാൽ ഞാൻ അറിഞ്ഞത്.
എന്റെ അമ്മിണി… എന്തായാലും നീ വന്നൂലോ ഈ ബെന്നിച്ചായന് സന്തോഷമായി. നിനക്ക് എന്നോടെങ്കിലും ഒരു വാക്ക് പറയാമായിരുന്നു. ഞാൻ പറഞ്ഞത് അവൾ കേട്ടഭാവം നടിച്ചില്ല. കട്ടിലിനു താഴെ സ്ഥിരമായി ചുരുണ്ടുകൂടുന്നിടത്ത് നീണ്ടുനിവർന്നങ്ങനെ കിടന്ന് കുഞ്ഞുങ്ങൾക്ക് മുലകൊടുക്കുന്ന തിരക്കിലായിരുന്നു അവളപ്പോൾ.
വലിച്ചുകൊണ്ടിരുന്ന സിഗരറ്റ് കുത്തിക്കെടുത്തി വിരലുകൊണ്ട് ദൂരേക്ക് ഞൊട്ടിയെറിഞ്ഞ് ഞാൻ അമ്മിണിയെ നോക്കി. എന്റെ നോട്ടത്തിൽ അവളൊന്ന് ചൂളി. പിന്നെ ഒന്ന് മുരണ്ടു. ഈ പാവം മൃഗത്തെയെങ്കിലും വെറുതെ വിടെടാ മനുഷ്യമൃഗമേ… എന്നാവും ആ മുരളലിന്റെ അർഥമെന്ന് എനിക്ക് തോന്നി.
അമ്മിണിയെ നോക്കാതെ ഞാൻ ബാൽക്കണിക്ക് അഭിമുഖമായി നിന്ന് പുറത്തേക്ക് നോക്കി... ആകാശം അടുത്ത മഴക്കുള്ള കോപ്പ് കൂട്ടുന്നുണ്ട്. കുടുംബജീവിതത്തിലെ സങ്കീർണതകളെക്കുറിച്ച് ഒരു ക്ലാസ് അമ്മിണിക്ക് കൊടുക്കണമെന്ന് തീരുമാനിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
“എടീ അമ്മിണി നിനക്ക് അറിയാമോ ഈ കുടുംബം കുട്ടികൾ എന്നൊക്കെ പറയുന്നത് ഒരു ഭാഗ്യമാ... പക്ഷേ, എല്ലാർക്കും അതു കിട്ടില്ല. എന്തൊക്കെ ഉണ്ടായാലും സമാധാനം ഇല്ലെങ്കിൽ എല്ലാം തീർന്നു. അല്ലെ... ഇതെല്ലാം നിന്നോട് പറഞ്ഞിട്ട് എന്താ കാര്യം... ഞങ്ങൾ ആണുങ്ങളുടെ വിഷമം നിന്നോട് പറഞ്ഞാല് മനസ്സിലാകുമോ..? നിന്റെ പിള്ളാരുടെ അച്ഛൻ വരട്ടെ ഞാൻ അവനോട് പറഞ്ഞോളാം.
പാല് കുടിച്ച് കുഞ്ഞുങ്ങൾ ഒന്നു മയങ്ങിയപ്പോൾ അമ്മിണി എഴുന്നേറ്റ് ബാൽക്കണിയിലേക്ക് വന്നു. വാലുകൊണ്ട് എന്റെ കാലിൽ ഒന്നുരസി. ഒന്ന് നിർത്തടെ നിന്റെ പഴമ്പുരാണം എന്നഭ്യർഥിച്ചു.
അല്ലേലും നിങ്ങള് ആണുങ്ങൾക്ക് പെണ്ണുങ്ങളെ പറ്റി എന്തറിയാം ഈ കുഞ്ഞുങ്ങളെ വയറ്റിൽ ചുമക്കുക എന്നത് ഒരു ചെറിയ കാര്യം ഒന്നുമല്ല. നിന്റെ പെണ്ണുമ്പിള്ള ഗ്രേസി രണ്ട് പിള്ളാരെ പള്ളേൽ ചുമന്നത് മറക്കരുത് ബാൽക്കണിയുടെ പാരപ്പെറ്റിലേക്ക് ചാടിക്കയറി ദേഷ്യത്തോടെ അമ്മിണി മുരണ്ടു.
എന്റെ അമ്മിണി നീ താഴെ ഇറങ്ങിക്കേ ആ പിള്ളേരേ അനാഥരാക്കരുത്. നീയെങ്ങാനും താഴെ വീണ് ചത്താൽ അതുങ്ങള് ഇവിടെ കിടന്ന് പഷ്ണിച്ച് ചാവും. എനിക്കതൊന്നും കാണാൻ മേലാ പറഞ്ഞേക്കാം.. എടോ ബെന്നി ഞങ്ങളിനി പത്ത് നെലേടെ മോളീന്ന് വീണാലും നാല് കാലേൽ തന്നേ നിൽക്കും.. കാണണോ..
വേണ്ടായെ... ഞാൻ പറഞ്ഞെന്നെ ഒള്ളൂ...
അല്ലേലും നിങ്ങടെ ലൈഫാ ലൈഫ്... ഒര് തരത്തിലുമുള്ള ബന്ധനമില്ലാതെ ഇങ്ങനെ സ്വാതന്ത്ര്യത്തോടെ എവിടെയും നടക്കാൻ കഴിയുന്ന വേറൊരു ജീവിയുണ്ടോ..? മനുഷ്യന് ബന്ധങ്ങളുടെ ബന്ധനം മറ്റുള്ളവർക്ക് കൂടിന്റെയോ തൊടലിന്റെയോ ബന്ധനം. എന്റെ ജീവിതത്തിൽ ഇതുവരെ തൊടലിലോ കൂട്ടിലോ കിടക്കുന്ന ഒരു പൂച്ചയെ ഞാൻ കണ്ടിട്ടില്ല.
ബെന്നി മേശയുടെ േഡ്രാവർ തുറന്നു പുതിയൊരു പാക്കറ്റ് സിഗരറ്റ് കൂടിയെടുത്തു. അമ്മിണിയപ്പോഴേക്കും പാരപ്പെറ്റിൽ കൂടുതൽ സുരക്ഷിതമായി ചുരുണ്ടുകൂടിയിരുന്നിരുന്നു. ബെന്നി ഒരു സിഗരറ്റെടുത്ത് തീ കൊളുത്തി ലൈറ്ററും സിഗരറ്റ് പാക്കറ്റും മേശപ്പുറത്ത് വെച്ചു.
ബെന്നിച്ചോ നിങ്ങടെ വലിയും കുടിയും ഇപ്പോ ഇച്ചിരി കൂടുതലാ കേട്ടോ... വല്ല അറ്റാക്കും വന്ന് തീരും... ഞാൻ പറഞ്ഞില്ലെന്ന് വേണ്ടാ...
ബെന്നിക്ക് ചിരിവന്നു. ചിരിയും പുകയും ഒരുമിച്ചായപ്പോൾ ബെന്നി ചുമച്ചു. ചുമച്ച് ചുമച്ച് കണ്ണ് നിറഞ്ഞു. തൊണ്ട കാർക്കിച്ച് പുറത്തേക്ക് നീട്ടി തുപ്പി. ചുമ ഒന്നടങ്ങിയപ്പോൾ ജെഗിൽനിന്ന് ഒരു കവിൾ വെള്ളം കുടിച്ചിറക്കി. കണ്ണ് തുടച്ചുകൊണ്ട് ബെന്നി പറഞ്ഞു.
ഞാൻ ചത്താൽ ആർക്കാ നഷ്ടം... ലാഭം മാത്രമല്ലേ ഒള്ളൂ....
എന്റെ ചുമയുടെ കാഠിന്യംകൊണ്ടാകും അമ്മിണിയുടെ കണ്ണ് തുറക്കാത്ത കുഞ്ഞുങ്ങൾ അവളെ തപ്പിക്കരഞ്ഞു. അമ്മിണി ഈ മനുഷ്യന്റെ ഒരു കൊര എന്ന് പുലമ്പി പാരപ്പെറ്റിൽനിന്നും ചാടി കുഞ്ഞുങ്ങളുടെ അടുത്തേക്ക് ചെന്നു. അമ്മയുടെ ചൂടറിഞ്ഞ കുഞ്ഞുങ്ങൾ ഇരുട്ടിൽ മുലക്കാമ്പിൽ അഭയംതേടി കരച്ചിലൊതുക്കി.
മുറിയുടെ വാതിൽ തെല്ലൊന്ന്ചാരി ബാൽക്കണിയിൽ മേശപ്പുറത്തേക്ക് കാലുപൊക്കിവെച്ച് ഞാനിരുന്നു. പുറത്ത് നൂലുപോലെ മഴ ചാറുന്നുണ്ട്. ഇതുപോലൊരു ജൂലൈ മാസത്തിലാ ഞാൻ ഗ്രേസിയെ കെട്ടുന്നത്. ആ തണുത്ത നൂലിഴകളിലൊന്നിൽ ഗ്രേസിയുടെ കഴുത്തിൽ കെട്ടിയ മിന്ന് തിളങ്ങി. മിശിഹായുടെ നിയമവും തിരുസഭയുടെ കൽപനയും അനുസരിച്ച് തുടങ്ങിയ കുടുംബജീവിതം ഇന്ന് ഒരു വീടിനുള്ളിൽ പരസ്പരം മിണ്ടാതെ രണ്ട് മുറികളിലായി കഴിയുന്നു. അവളും അവളുടെ അമ്മയും താഴെ, ഞാൻ ഇവിടെ ഈ മുറിയിലും ബാൽക്കണിയിലും മാത്രമായി ഒതുങ്ങി. മുമ്പ് പിള്ളാരെയെങ്കിലും കാണാമായിരുന്നു അവര് പഠിക്കാൻ പോയതോടുകൂടി അതും നിന്നു. സമയാസമയങ്ങളിൽ ലഭിക്കുന്ന ഭക്ഷണവും മാസംതോറും കിട്ടുന്ന നാല് കുപ്പിയും ആവശ്യത്തിന് സിഗരറ്റും ഒക്കെ വലിച്ചും കുടിച്ചും തീർത്ത് ഒള്ള ജീവനെ മുന്നോട്ടുകൊണ്ടുപോകുന്നു. പുറത്തുനിന്ന് നോക്കുന്നവർക്ക് കാനാടിയിലെ െബന്നിയും ഗ്രേസിയും പണ്ടേ മാതൃകാ ദമ്പതികളാണ് എന്നതാണ് ഏറ്റവും വലിയ തമാശ. ബെന്നിക്ക് ഒന്നുറക്കെ ചിരിക്കാൻ തോന്നി. അമ്മിണിയുടെ കുഞ്ഞുങ്ങൾ ഉണർന്നാലോ എന്നോർത്ത് ബെന്നി വാ പൊത്തി.
കുഞ്ഞുങ്ങൾക്ക് പാലുകൊടുത്തുറക്കി അമ്മിണി ബാൽക്കണിയിലേക്ക് വന്നു മേശപ്പുറത്ത് ചാടിക്കയറി മൂരിനിവർത്തി. എന്റെ കാലിനോട് ചേർന്ന് മഴ പെയ്യുന്നതും നോക്കി മുരണ്ട് അവളിരുന്നു. എറിച്ചിൽ വെള്ളം മുഖത്തടിച്ചപ്പോൾ അമ്മിണി ചിണുങ്ങി എന്റെ മടിയിലേക്ക് കയറിയിരുന്നു. ഞാനവളുടെ നെറുകയിൽ പതുക്കെ തലോടി കണ്ണുകൾ പകുതിയടച്ച് അവളെന്റെ മടിയിൽ ചുരുണ്ടുകൂടി.
കല്യാണം കഴിഞ്ഞ ആദ്യനാളുകളിലൊക്കെ ഇതുപോലെ ഒരുതവണയെങ്കിലും മഴകണ്ടിങ്ങനെ കാനാടിയിലെ ബാൽക്കണിയിൽ ഇരിക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. അവളെന്റെ തോളിലേക്ക് ചാഞ്ഞുകിടന്നു കാര്യങ്ങൾ പറയണമെന്ന് കൊതിച്ചിട്ടുണ്ട്. ഇടയ്ക്ക് എന്റെ നെഞ്ചത്തെ രോമങ്ങളിൽ വിരലോടിച്ച് ചിക്കിപ്പെറുക്കണമെന്ന് മോഹിച്ചിട്ടുണ്ട്. അവളുടെ മുടിയിഴകളിലെ കാച്ചിയ എണ്ണയുടെ മണം എന്റെ സിരകളിൽ ആനന്ദം നിറക്കുമ്പോൾ മഴ ഞങ്ങൾക്കിടയിലാകണമെന്ന് ആശിച്ചിട്ടുണ്ട്. എങ്ങനെയൊക്കെയോ ഇവിടംവരെയെത്തി.
മഴയുടെ ഈറൻ കണ്ണിൽ നോവ് പടർത്തി. എന്റെ ശബ്ദം ഇടറുന്നത് അമ്മിണിക്ക് മനസ്സിലായിക്കാണും.
ആ... അതൊക്കെ പോട്ടെ...
അമ്മിണിക്കൊച്ചേ... ചോദിക്കാൻ മറന്നു, ഈ നാലെണ്ണത്തിന്റെ അവകാശി ആരാ... മുമ്പൊരിക്കൽ നിന്റെ കൂടെ ഇവിടെ വന്ന മുതുകിൽ ചെമ്പൻ രോമങ്ങളുള്ള... ആ സുന്ദരൻ ആണോ..?
അമ്മിണിക്ക് നാണം വന്നു.
പിള്ളാരെ കണ്ടപ്പോഴേ എനിക്ക് സംശയം ഉണ്ടായിരുന്നു. അവൻ നല്ലവനാടി. എനിക്ക് അറിയാം… ശാന്തനാ.. ആരോടും വഴക്കിനൊന്നും പോകുന്നത് ഞാൻ കണ്ടിട്ടില്ല. ചിലരുണ്ട് വഴക്കും വക്കാണവുമായി നടക്കും. നിനക്ക് നന്നായി ചേരും. ബെന്നി അമ്മിണിയുടെ നെറുകിൽ തലോടിക്കൊണ്ട് ഒരു സിഗരറ്റെടുത്ത് തീ കൊളുത്തി ഒന്ന് ആഞ്ഞുവലിച്ചു. പുകമണം അടിച്ചമാത്രയിൽ അമ്മിണി ബെന്നിയുടെ മടിയിൽ നിന്നെഴുന്നേറ്റു മേശപ്പുറത്ത് ചാടി.
ബെന്നിച്ചാ എനിക്കീ സിഗരറ്റിന്റെ മണം ഒട്ടും പിടിക്കുന്നില്ല കേട്ടോ.
നീ പിണങ്ങല്ലേ അമ്മിണിക്കൊച്ചേ... ദാ... ഞാൻ കെടുത്തിയേക്കാം. ഒന്നുകൂടി ആഞ്ഞുവലിച്ച് ബെന്നി മേശയിലെ ആഷ് ട്രേ സിഗരറ്റിന്റെ തീ കുത്തിക്കെടുത്തി.
ങാ... പിന്നൊരുകാര്യം. സ്വന്തം കുടുംബത്തിലെ കാര്യത്തിൽ ഒരു തെണ്ടിയേയും ഇടപെടുത്തരുത്. ഇച്ചിരെ ബുദ്ധിമുട്ടിയാലും അവനോന്റെ കാര്യം അവനോൻ നോക്കുക. തമ്മിലുള്ള ഐക്യം പോയാൽ ദാണ്ടേ എന്റെ അവസ്ഥയാകും.
എടോ... കാനാടി ബെന്നി. ഞങ്ങള് പൂച്ചകൾ നിങ്ങള് മനുഷ്യന്മാരെപ്പോലെ അല്ല എന്ന കാര്യം ആദ്യം മനസ്സിലാക്കണം. പിന്നെ... നിങ്ങള് തമ്മിൽ-തമ്മിൽ ഒണ്ടാക്കുന്ന സമാധാനക്കേട് പോലെ ഞങ്ങൾക്കിടയിൽ ഒണ്ടാകാറില്ല. ദേഷ്യം വന്നാൽ അടിച്ചോ കടിച്ചോ അങ്ങ് തീർക്കും.
ഓ... ഞാനൊന്നും പറയുന്നില്ല... നിങ്ങള് വല്ല്യ പുണ്യാളന്മാര്... മ്മള് മനുഷ്യര് കൊള്ളാത്തോര്.
വയറ് തടവി ബെന്നി അകത്തെ ചുവരിൽ ക്ലോക്കിലേക്ക് നോക്കി മണിക്കൂറും മിനിറ്റും സമയത്തെ നാലായി ഭാഗിച്ച് മൂന്നാംഖണ്ഡത്തെ കുത്തിനോവിക്കുന്നു. അതിന്റെ നൊമ്പരം വയറിലേക്കും പടർന്നിരിക്കുന്നു.
അത്താഴവുമായി ആരോ പടികയറുന്നു. ബെന്നി കാത് കൂർപ്പിച്ചു. ഗ്രേസിയാണ്.
അത്താഴം മേശപ്പുറത്ത് വെച്ച് ഒരു ചുമ ചുമച്ച് മുന്നേ കഴിച്ചപാത്രങ്ങളുമായി ഗ്രേസി പോകാനൊരുങ്ങി. കറിയുടെ മണം മൂക്കിലടിച്ചപ്പോൾ അമ്മിണി മുരണ്ടു.
എന്തോ ചോദിക്കാനാഞ്ഞു, ശബ്ദം പുറത്തേക്ക് വരാതെ ബെന്നിയുടെ തൊണ്ടയിൽ കുടുങ്ങിയിടറി.
പിള്ളേര് വിളിച്ചാരുന്നോ..?
ഉം..
സുഖമായിരിക്കുന്നോ..?
ഉം..
മറ്റെന്തെങ്കിലും ചോദിക്കുന്നതിനു മുമ്പേ ഗ്രേസി പടിയിറങ്ങി താഴോട്ട് പോയി.
അമ്മിണി അത്താഴത്തിന്റെ മണം പിടിച്ച് വീണ്ടും മുരണ്ടു.
ബെന്നിച്ചോ വാ നമുക്ക് എന്തേലും കഴിച്ചിട്ട് സംസാരിക്കാം.
ബെന്നി കസേരയിൽ നിന്നെഴുന്നേറ്റു കൈ കഴുകി അത്താഴവുമെടുത്ത് മേശപ്പുറത്ത് നിരത്തി. അമ്മിണി അരികെയിരുന്നു. ബെന്നി ബാൽക്കണിയിൽനിന്ന് അമ്മിണിയുടെ പാത്രമെടുത്ത് അവളുടെ അരികെ വെച്ചു.
ങാ... പിന്നെ ബെന്നിച്ചാ.. പിള്ളാർക്ക് പാല് കൊടുക്കാനുള്ളതാ പഴേപോലെ എന്തേലും തന്നാൽ പോരാ.
ബെന്നി ചിരിച്ചു. പകുതി നിനക്ക് പകുതി എനിക്ക്. ബെന്നി തന്റെ അത്താഴം രണ്ടായി പകുത്ത് ഒരു പകുതി അമ്മിണിയുടെ പാത്രത്തിലേക്ക് പകർന്നു.
അമ്മിണി കഴിക്കുന്നത് കണ്ടപ്പോൾ ബെന്നി തന്റെ പാത്രത്തിൽനിന്ന് കുറച്ചുകൂടി അവൾക്കായി നീക്കിവെച്ചു.
ഭക്ഷണം കഴിഞ്ഞ് കൈ കഴുകി പാത്രവും കഴുകിവെച്ച് തിരികെ വന്നപ്പോഴും അമ്മിണി കഴിക്കുകയായിരുന്നു. ബെന്നി ഒരു സിഗരറ്റ് കത്തിച്ചു ബാൽക്കണിയുടെ അങ്ങേ മൂലയിലേക്ക് നീങ്ങിനിന്ന് അമ്മിണി കഴിക്കുന്നതും നോക്കി നിന്നു.
സിഗരറ്റിന്റെ മണം മൂക്കിലടിച്ചെങ്കിലും അമ്മിണി മുരണ്ടില്ല. അവളുടെ ശ്രദ്ധ പാത്രത്തിൽ തന്നെയായിരുന്നു.
അത്താഴം കഴിഞ്ഞ് മീശയും തടവി മേശപ്പുറത്ത് കിടക്കുമ്പോൾ അമ്മിണി ചോദിച്ചു.
അല്ല ബെന്നിച്ചാ.. എന്താ നിങ്ങള് തമ്മിലുള്ള പ്രശ്നം.
അമ്മിണിയുടെ ചോദ്യം ബെന്നി ശ്രദ്ധിച്ചില്ല. അയാൾ മറ്റെന്തോ ആലോചിച്ച് പുറത്തെ ഇരുട്ടിലേക്ക് നോക്കി നിൽക്കുകയായിരുന്നു.
ബെന്നിച്ചോ... അമ്മിണിയുടെ ശബ്ദത്തിന് മൂർച്ച കൂടി.
ഞാൻ ചോദിച്ചത് കേട്ടില്ലേ..?
തന്റെ പ്രശ്നങ്ങളുടെ ഭാണ്ഡം ഒന്ന് തുറന്ന് വെയ്ക്കടോ അതിനുള്ളിലേക്ക് ഇച്ചിരെ കാറ്റും വെളിച്ചവും കേറട്ടെ...
ബെന്നിക്ക് ചിരി വന്നു.
സിഗരറ്റ് കുത്തിക്കെടുത്തി ഇരുട്ടിൽ ഇലുമ്പിപ്പുളി മരത്തെ ലക്ഷ്യമാക്കി തൊടുത്തു. ഇലകളിൽ തപ്പിത്തടഞ്ഞ് മണ്ണിലേക്ക് വീഴുന്ന മഴത്തുള്ളികൾക്കൊപ്പം സിഗരറ്റിന്റെ കുറ്റിയും മണ്ണിനോടു ചേർന്നു.
ബെന്നി കസേരയിലേക്ക് ചാരിക്കിടന്നു അമ്മിണി അയാളുടെ മടിയിലേക്ക് തലചായ്ച്ചു. അവളുടെ നെറുകയിൽ തലോടിക്കൊണ്ട് അയാൾ തന്റെ മനസ്സ് അവൾക്ക് മുന്നിൽ തുറന്നു.
കൃത്യം പറഞ്ഞാൽ മൂന്ന് വർഷമാകുന്നു ഈ ഏറുമാടത്തിലെ ജിവിതം തുടങ്ങിയിട്ട്. അതിനും എത്രയോ വർഷം മുമ്പ് പുകഞ്ഞ് തുടങ്ങിയ അഗ്നിപർവതമായിരുന്നു ഇവിടം. അതൊന്ന് പൊട്ടിയൊലിച്ച് നാടും നാട്ടുകാരും അറിയുന്നതിന് മുമ്പ് സ്വയം ശിക്ഷവിധിച്ച് ഞാൻ ഇങ്ങോട്ടുമാറി.
എടോ.. അവിടേം ഇവിടേം തൊടാതെ പറഞ്ഞാല് എനിക്ക് എന്ത് മനസ്സിലാവനാ.
നീയൊന്ന് അടങ്ങ്... പെണ്ണേ... പറയുവല്ലേ...
അതിന്റെ ഇടയിൽകേറി മാന്താതെ...
കാനാടിക്കാര് പേര് കേട്ട ബിസിനസുകാരായിരുന്നു. അപ്പനപ്പാപ്പൻമാരുടെ കാലംതൊട്ടേ മലഞ്ചരക്ക് വ്യാപാരവും തടി കച്ചോടവും ഒക്കെ ആരുന്നു. ഞങ്ങള് വീട്ടിൽ രണ്ട് മക്കളാരുന്നു. ഞാനും ചേച്ചിയും. ചേച്ചി എന്നെക്കാൾ കുറെ മൂത്തതാ. അമ്മയെ കണ്ട ഓർമ എനിക്കില്ല. എല്ലാം ചേച്ചി ആരുന്നു. ചേച്ചീടെ കല്യാണം കഴിഞ്ഞതോടുകൂടി ശരിക്കും ഒറ്റപ്പെട്ടുപോയത് ഞാനാ. എന്നാലും എത്ര തിരക്കുണ്ടായാലും എന്റെ എല്ലാകാര്യങ്ങളിലും അപ്പന് ഒരു ശ്രദ്ധ ഉണ്ടായിരുന്നു. എന്നോട് ബിസിനസ് ചെയ്യണമെന്ന് അപ്പൻ ഒരിക്കൽപോലും പറഞ്ഞിട്ടില്ല. പക്ഷേ, ഡിഗ്രിയൊക്കെ കഴിഞ്ഞപ്പോൾ പതുക്കെ ഞാനും അപ്പന്റെ കൂടെ കൂടി.
പുറത്ത് പറഞ്ഞില്ലെങ്കിലും പുള്ളിക്കും അതൊരു ആശ്വാസമായിരുന്നു. അങ്ങനെ പോകുന്നതിനിടയിലാണ് കല്യാണം. ഗ്രേസി നഴ്സിങ് ഒക്കെ കഴിഞ്ഞ് ഇവിടെ തന്നെ ഒരു ഹോസ്പിറ്റലിൽ ജോലിചെയ്യുന്ന സമയത്താണ് അപ്പൻ ഗ്രേസിയെ കണ്ടത്. അവളെ അപ്പന് നന്നേ ബോധിച്ചു. പറഞ്ഞു വന്നപ്പോൾ ഗ്രേസിയുടെ അപ്പനും എന്റെ അപ്പനും പഴയ പങ്കുകച്ചവടക്കാർ. അപ്പൻ എന്റെ കാര്യം എടുത്തിട്ടപ്പോൾ അവൾടെ അപ്പന് പരിപൂർണ സമ്മതം. ഒര് പെണ്ണ് കാണല് പോലും ഇല്ലാതെ ഞങ്ങളോട് ഒന്ന് ചോദിക്കുകപോലും ചെയ്യാതെ ഞങ്ങളുടെ കല്യാണം വീട്ടുകാര് തമ്മില് തീരുമാനിച്ചു. സത്യം പറഞ്ഞാല് ഒത്ത് കല്യാണത്തിനാണ് ഗ്രേസിയെ നന്നായിട്ട് കാണുന്നതുപോലും. അതുകൊണ്ടുതന്നെ കാനാടിയിലെ ബെന്നിയെ വിവാഹം ചെയ്യാൻ സമ്മതമാണോ എന്ന് അച്ചൻ ചോദിച്ചപ്പോൾ അവൾ പറഞ്ഞ സമ്മതം വീട്ടുകാരുടെ സമ്മതം ആയിരുന്നിരിക്കണം.
ഓ... പിന്നെ അതെങ്ങനെ പറയാൻ പറ്റും..? അമ്മിണി ഇടക്കു കയറി...
കാണാൻ സുന്ദരൻ പേരു കേട്ട കുടുംബം. ആവശ്യത്തിന് സ്വത്ത്. അങ്ങനെ ഒരാളെ ഗ്രേസി വേണ്ടന്ന് വെക്കുമോ?
അതെനിക്ക് അറിയില്ല. പക്ഷേ, അവൾക്കും കാണില്ലേ ആഗ്രഹങ്ങൾ. നഴ്സിങ് ഒക്കെ പഠിച്ച ഒരാൾ നാട്ടിൽ തന്നെയുള്ള ഒരാളെ കല്യാണം കഴിച്ച് കൂടണമെങ്കിൽ രണ്ട് കാരണമേ ഒള്ളൂ.. ഒന്ന് നിവൃത്തികേട്. രണ്ട് വീട്ടുകാരുടെ നിർബന്ധം.
കാരണം എന്തായാലും കല്യാണം നടന്നു. പെണ്ണും ചെറുക്കനും ഒരേ നാട്ടുകാർ ആയതുകൊണ്ട് കാനാടിയിലേ ബെന്നിയുടെയും ഗ്രേസിയുടെയും കല്യാണം നാട് ആഘോഷിച്ചു.
നിനക്ക് അറിയാവോ ഈ നാട്ടുകാര് ആദ്യമായി ബിരിയാണി കഴിച്ചത് ഞങ്ങളുടെ കല്യാണത്തിനാ.
ഇലയിട്ട് സൈഡിൽ അച്ചാറും ചള്ളാസും മാത്രം വിളമ്പിയപ്പോൾ നാട്ടുകാർക്ക് അത്ഭുതം. പിന്നാലെ കോപ്പയിൽ നിറയേ നല്ല മണമുള്ള ചോറ് കൊണ്ട് വന്നു ഇലയിലേക്ക് ഒറ്റക്കമത്ത്. ഇതെന്നതാ സംഭവം എന്ന് ആളുകള് വാ പൊളിച്ച് നിൽക്കുമ്പോൾ അതിനിടയിൽ ഒരുത്തൻ വിളിച്ചുപറയുവാ... ചോറിന്റെ അടിയിൽ മൊട്ടയും കോഴിയും ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്ന്... എന്തായാലും സംഗതി നാട് മുഴുവൻ അറിഞ്ഞു. കൈ കഴുകിയാലും മാറാതെനിൽക്കുന്ന ബിരിയാണിയുടെ മണമായിരുന്നു അടുത്ത ചർച്ച.
ബെന്നി കണ്ണടച്ച് ഒരു ദീർഘശ്വാസമെടുത്തു മഴയുടെ തണുപ്പിൽ മൂക്കിലേക്ക് ഇരച്ചുകയറിയ വായുവിൽ അന്ന് വിളമ്പിയ ബിരിയാണിയുടെ മണവുമുണ്ടായിരുന്നു.
എന്നിട്ട്… ബാക്കി പറ...
ആദ്യ നാളുകളല്ലേ സന്തോഷവും സമാധാനവും നിറഞ്ഞതെന്ന് ഞാൻ കരുതിയ കുടുംബജീവിതം മുന്നോട്ടുപോയി. കാനാടിയിലെ മുറ്റത്ത് പുതിയ തലമുറയുടെ കളിയും ചിരിയും ബഹളവും എല്ലാം കൂടി ഒരുത്സവമേളം തന്നെയായിരുന്നു. പിള്ളേരൊക്കെ ആയപ്പോൾ ഗ്രേസി ഹോസ്പിറ്റലിലെ ജോലി നിർത്തി വീട്ടിൽതന്നെ കൂടി. വിൻസെന്റും വിവയും അപ്പനാ രണ്ട് പേർക്കും പേര് വെച്ചത്. അപ്പൻ പതുക്കെ ബിസിനസ് ഒക്കെ എന്നെ ഏൽപിച്ചു. പ്രായം ആയില്ലേ മടുത്ത് തുടങ്ങിക്കാണും.
വീടും പറമ്പും കൃഷിയും ഒക്കെയായി വീട്ടിൽ കൂടി. പിന്നെ പിള്ളാരും ഉണ്ടല്ലോ എന്നുവെച്ച് ബിസിനസ് ഒന്നും നോക്കുന്നില്ല എന്നല്ല കേട്ടോ..? എന്നെ ഏൽപിച്ചെങ്കിലും എല്ലാകാര്യത്തിലും അപ്പന് ഒരു ശ്രദ്ധ ഉണ്ടായിരുന്നു.
മക്കൾ രണ്ടാളും കുറച്ചു മുതിർന്നതിനുശേഷം അവള് വീണ്ടും ജോലിക്ക് പോയിത്തുടങ്ങി. ഞാൻ എതിർപ്പൊന്നും പറഞ്ഞില്ല സ്വന്തമായിട്ട് പത്ത് പൈസ ഉണ്ടാക്കുന്നത് നല്ലൊരു കാര്യമാണല്ലോ.
ഒത്തിരി വർഷം ജോലി ചെയ്യാതിരുന്നോണ്ട് കുറെ അലഞ്ഞിട്ടാണ് ടൗണിലുള്ള ഹോസ്പിറ്റലിൽ ജോലി ശരിയായത് തന്നെ. എന്റെ ശ്രദ്ധ ബിസിനസിൽ മാത്രമായി. അപ്പനെപ്പോലെ മലഞ്ചരക്കും തടിക്കച്ചോടവും എനിക്ക് വലിയ താൽപര്യം ഇല്ലാരുന്നു. പതുക്കെ അതൊക്കെ നിർത്തി റിയൽ എസ്റ്റേറ്റ് പരിപാടിയുമായി മുന്നോട്ട് പോകാനായിരുന്നു എനിക്ക് ഇഷ്ടം. അപ്പന് ഇഷ്ടമില്ലായിരുന്നു. ലാഭം കിട്ടും പക്ഷേ, കൈവിട്ട് പോയാൽ തിരിച്ചുപിടിക്കാൻ പ്രയാസമാണെന്നാണ് അപ്പന്റെ വാദം. ഒരിക്കൽ കച്ചോടം നടത്തി കൈയിൽ കുറച്ചധികം പൈസ വന്നപ്പോൾ വാങ്ങിയതാ ഈ വീടും സ്ഥലവും. തറവാട് ഉണ്ടായിട്ടും നീയെന്തിനാ കൊച്ചേ വീടും സ്ഥലവും വാങ്ങിയതെന്ന് അപ്പൻ ചോദിച്ചു. വല്ലപ്പോഴും ചങ്ങാതിമാരുമായി കൂടാൻ ഇരിക്കട്ടെ ഒരു സ്ഥലമെന്ന് ഞാനങ്ങ് കാച്ചി. പിന്നെ അപ്പൻ ഒന്നും പറഞ്ഞില്ല. സ്ഥലമല്ലേ എപ്പോ വിറ്റാലും ലാഭം തന്നെയാടാ എന്നൊരു ഉപദേശം മാത്രം.
കച്ചവടത്തിൽ ലാഭം വന്നപ്പോൾ മറുവശത്ത് കുടുംബജീവിതത്തിൽ പരാജയം സംഭവിച്ചു. ഒരു ഘട്ടം കഴിഞ്ഞപ്പോൾ സമാന്തരമായി പോകുന്ന രണ്ട് പാളങ്ങൾ മാത്രമായി ഞാനും ഗ്രേസിയും. ആ പാളങ്ങളെ തമ്മിൽ കൂട്ടിമുട്ടിക്കാൻ അവക്കിടയിലുള്ള ചങ്ങല കൊളുത്തുകൾ.
എല്ലാ കുടുംബത്തിലും ഉള്ളതുപോലെ ചെറിയ ഇണക്കവും പിണക്കവും ഒക്കെയായി അങ്ങനെ മുന്നോട്ടു പോകുന്ന സമയത്താണ് അപ്പൻ മരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ വിൻസെന്റ് പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് റിസൾട്ട് കാത്തിരിക്കുന്ന സമയം. അപ്പനങ്ങനെ പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. പിന്നെ എല്ലാറ്റിനും ഒരു കാരണം വേണമല്ലോ ബാത്ത്റൂമിൽ കാലുതെന്നി ഒന്ന് വീണു. രണ്ടു ദിവസം ഹോസ്പിറ്റലിൽ കിടന്നു ഒന്നും പറയാതെ അങ്ങ് പോയി. അപ്പന്റെ മരണം എന്നെ വല്ലാതെ തളർത്തി. അപ്പൻ പറഞ്ഞതുപോലെ സ്ഥല കച്ചോടത്തിൽ എനിക്ക് കൈ പൊള്ളി. അത്രയും നാൾ ചവിട്ടിനിന്ന മണ്ണും കൈയിൽ ഉണ്ടായിരുന്ന മണ്ണും ഒരുനിമിഷംകൊണ്ടങ്ങ് പോയി. ജയിക്കാൻ കഴിയാത്തവിധം ഞാൻ തോറ്റുപോയി.
കടത്തിന് മീതെ കടം. കടക്കാര് തിണ്ണ കേറി നിരങ്ങാൻ തുടങ്ങിയപ്പോൾ എനിക്ക് തറവാട് വിൽക്കേണ്ടി വന്നു.
ബെന്നിയുടെ കണ്ണ് നിറഞ്ഞു അതിലൊരുതുള്ളി അമ്മിണിയുടെ തലയിലേക്ക് വീണ് രോമങ്ങൾക്കിടയിലൊളിച്ചു. അമ്മിണി മുഖമുയർത്തി ബെന്നിയെ നോക്കി.
അയാളുടെ കണ്ണുകളിലെ നനവ് അവൾ കണ്ടു.
ബെന്നിച്ചോ… ഞങ്ങൾക്ക് വെള്ളം മാത്രമല്ല കണ്ണീരും അലർജിയാ.. കേട്ടോ.. തറവാട് കൊടുക്കാൻ വിഷമം ആരുന്നേൽ പിന്നെ ഈ വീടും സ്ഥലവും വിറ്റാൽ പോരാരുന്നോ?
ഈ ഏഴ് സെന്റും വീടും വിറ്റാൽ എന്ത് കിട്ടാനാ? അതും അന്ന് ആലോചിച്ചതാ. പക്ഷേ, ബാക്കിയുള്ള പണത്തിന് പെട്ടെന്നൊരുവഴിയും കണ്ടില്ല. എന്തായാലും ഈ വീട് ഉള്ളതുകൊണ്ട് എല്ലാരും ഇങ്ങോട്ടുമാറി. തറവാട്ടിലെ അത്ര സൗകര്യമില്ലെങ്കിലും ഈ കുഞ്ഞുവീട്ടിൽ പുതിയൊരു ജിവിതം ആരംഭിച്ചു. എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടായ മാറ്റത്തോട് പൊരുത്തപ്പെടാൻ ആർക്കും കഴിഞ്ഞില്ല ആരും അതിനുവേണ്ടി ശ്രമിച്ചില്ല എന്നതാണ് ശരി. എല്ലാമൊന്ന് തിരിച്ചുപിടിക്കാൻ ആവുന്നത്ര ശ്രമിച്ചു. പരാജയങ്ങൾ തുടർക്കഥയായപ്പോൾ കുടുംബത്തിനുള്ളിലും സ്വരച്ചേർച്ചകൾ കൂടിവന്നു. പിള്ളാരെ ഓർത്തിട്ടാ അല്ലെ പണ്ടേക്ക് പണ്ടേ ഞാൻ എങ്ങോട്ടേലും പോയേനെ. രണ്ടു പേരും പ്ലസ് ടു കഴിഞ്ഞ് പഠിക്കാൻ മൈസൂർക്ക് പോയി. ഗ്രേസിയുടെ ചേച്ചിയും കുടുംബവും അവിടെയാണ്. അവരുടെ വീട്ടിൽനിന്നാണ് രണ്ടു പേരും കോളജിൽ പോകുന്നത്. ഒരുകണക്കിന് പറഞ്ഞാൽ അവരുടെ ഫീസും ഒക്കെ കൊടുക്കുന്നത് അവരാണ്. പിള്ളാര് പോയപ്പോൾ അവളുടെ അമ്മ ഇവിടെ നിത്യസന്ദർശകയായി. ഗ്രേസിയുടെ അപ്പൻ ഒന്നരക്കൊല്ലം മുമ്പാ മരിച്ചത് അതിനശേഷം താമസവും ഇവിടെത്തന്നെ. ഒരുകണക്കിന് പ്രശ്നങ്ങൾ ഇവിടം വരെയെത്തിച്ചത് അവരാ. ഈ വീടും വിൽക്കുമോ എന്ന ഭയം ഇതിനോടകം തന്നെ ഗ്രേസിയുടെ മനസ്സിനെ പിടികൂടി. അതിനും കാരണം അവളുടെ അമ്മയായിരുന്നു. അവളോട് ഓരോന്ന് പറഞ്ഞുപറഞ്ഞ് എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കാമോ അതെല്ലാം ഉണ്ടാക്കി. ഒടുവിൽ ഈ വീടും സ്ഥലവും ഗ്രേസിയുടെയും മക്കളുടെയും പേരിൽ എഴുതികൊടുക്കണമെന്ന് പറഞ്ഞപ്പോൾ ഞാൻ മറുത്തൊന്നും പറഞ്ഞില്ല. ഒരു നിബന്ധനമാത്രം എന്റെ മരണം വരെ ഇവിടെ കഴിയണം. പഴയപ്രതാപം ഇല്ലെങ്കിലും മരിക്കുന്നെങ്കിൽ കാനാടി ബെന്നിയായി തന്നെ മരിക്കണം. അകം വേവുന്നത് പുറം അറിയേണ്ട കാര്യം ഇല്ലല്ലോ.
അമ്മിണീ, ഈ കുടുംബജീവിതം എന്ന് പറയുന്നതെ ഒരു സ്ഫടികപാത്രം പോലെയാ... ഒന്ന് പൊട്ടിയാൽ തീർന്നു കൂട്ടിയോജിപ്പിക്കുക നടക്കാത്ത കാര്യമാണ്. ഗ്രേസിയെ ഞാൻ കുറ്റപ്പെടുത്തില്ല. സൗഭാഗ്യങ്ങളെല്ലാം ഓരോന്നായി നഷ്ടപ്പെടുമ്പോൾ കേറിക്കിടക്കാനുള്ള ഇടം അതുകൂടി പോയാലുള്ള അവസ്ഥ അവള് ചിന്തിച്ചിട്ടുണ്ടാകും. അല്ലെങ്കിൽ അവളുടെ അമ്മ ഓരോന്ന് പറഞ്ഞ് അവളെക്കൊണ്ട് ചിന്തിപ്പിച്ചിട്ടുണ്ടാകും. അവരെ സംബന്ധിച്ച് മകളുടെ ജീവിതമാണല്ലോ വലുത്.
പക്ഷേ അമ്മിണീ, ഗ്രേസിക്ക് എന്നെ മനസ്സിലാകുമായിരുന്നില്ലേ... അതോ ഞാനാണോ മനസ്സിലാക്കേണ്ടിയിരുന്നത്..?
ബെന്നിയുടെ കണ്ണ് പിന്നെയും നിറഞ്ഞൊഴുകി. ഇത്തവണ പക്ഷേ, അമ്മിണി നോക്കുകപോലും ചെയ്തില്ല. കരയട്ടെ... അങ്ങനെയെങ്കിലും കുറച്ച് ആശ്വാസം ലഭിക്കട്ടെ. എന്നവൾ വിചാരിച്ചിട്ടുണ്ടാകും.
ബെന്നി മുണ്ടിന്റെ അറ്റം പിടിച്ച് മുഖം തുടച്ചു.
ബെന്നിച്ചോ ഒരു കാര്യം ചോദിക്കട്ടെ, പിള്ളാര് എങ്ങനെയാ മിണ്ടാതെയായത്.
മൈസൂര് പോകുന്നതുവരെ രണ്ടു പേരും സംസാരിക്കുമായിരുന്നു. എല്ലാറ്റിന്റെയും ഇടയിൽ എനിക്ക് ആകെ ഉണ്ടായിരുന്ന ആശ്വാസം അതു മാത്രമായിരുന്നു. എന്റെ മോനോട് എന്നെപോലെ ആകരുതെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ആവാതിരിക്കട്ടെ.
അവര് പോയപ്പോൾ മുതൽ ഞാൻ ഇവിടെ ഈ മുറിയിൽ മാത്രമായി ഒതുങ്ങി.
നിനക്കറിയാമോ.. എന്റെ സ്വന്തമെന്ന് ഞാൻ കരുതുന്ന എന്റെ മക്കൾപോലും എന്റെ സ്വന്തമല്ല..
എന്താ ബെന്നിച്ചാ.. ഈ പറയുന്നേ.
ഒന്നൂല... അമ്മിണീ.. ഒന്നൂലാ... എന്നോട് കൂടുതലൊന്നും ചോദിക്കരുത്. എനിക്കത് പറയാൻ വയ്യ.
അവരെന്റെ മക്കളാ... അവര് എന്നെയാ അപ്പാ എന്ന് വിളിക്കുന്നെ. എനിക്ക് അതുമതി.
കാണുന്നില്ലെങ്കിലും ഈ ബാൽക്കണിയിൽനിന്ന് ഞാൻ അവരോട് എപ്പോഴും സംസാരിക്കും. ഒന്ന് ചെവിയോർത്താൽ അപ്പാ.. എന്ന് വിളിക്കുന്നത് എനിക്ക് ഇപ്പോഴും കേൾക്കാം.
അമ്മിണി ചെവി വട്ടംപിടിച്ച് ബെന്നിയെ നോക്കി. അയാൾ പറയാതെ നിർത്തിയ കഥ ആ കണ്ണുകളിലെ നനവിൽനിന്നവൾ വായിച്ചു.
ബെന്നി അമ്മിണിയെ നോക്കി അവളുടെ തലയിൽ തലോടി നെറുകയിൽ ഉമ്മവെച്ചുകൊണ്ട് പറഞ്ഞു,
ഞാൻ പറഞ്ഞതൊന്നും നീ നിന്റെ സുന്ദരനോടുപോലും പറഞ്ഞേക്കരുത്. അവന്റെ മുന്നിലും ഒരു പരിഹാസപാത്രമായി ജീവിക്കാനുള്ള കെൽപ് എനിക്കില്ല.
അമ്മിണിയെ കൈയിലെടുത്ത് ബെന്നി കട്ടിലിൽ വന്നിരുന്നു.
എന്റെ അമ്മിണിക്കുട്ടി ഞാനൊരു ചെറുത് അടിക്കുവാ കേട്ടോ അല്ലേൽ ഒറക്കം വരുകേല അതാ. നീയൊന്നും വിചാരിക്കല്ലേ.. അമ്മിണി രണ്ടു കണ്ണും ചേർത്തൊന്നുമിന്നിച്ച് സമ്മതമറിയിച്ചു. ബെന്നി കട്ടിലിനടിയിലേക്ക് കൈയെത്തിച്ചു പരതി. കൈയിൽ തടഞ്ഞകുപ്പിയെടുത്ത് അതിലവശേഷിച്ചതത്രയും ഒറ്റവലിക്ക് കുടിച്ചു. അന്നനാളത്തിലേക്ക് ഒഴുകിയ തീ തൈലം ബെന്നിയുടെ ശരീരത്തെ ഒന്ന് വിറപ്പിച്ചു. കുപ്പി കട്ടിലിനടിയിലേക്ക് തന്നെയിട്ട് ബെന്നി അമ്മിണിയെ നെഞ്ചോട് ചേർത്ത് കട്ടിലിലേക്ക് ചാഞ്ഞു.
അമ്മിണി നീയും പിള്ളാരും എങ്ങോട്ടും പോകണ്ട ഇവിടെ താമസിച്ചോ ആരും ഒന്നും പറയത്തില്ല. ഇത് കാനാടി ബെന്നിടെ വീടാ.. ഇനി അഥവാ ആരേലും എന്തേലും കൊനഷ്ട് പറഞ്ഞൂന്ന് ബെന്നി അറിഞ്ഞാൽ നിനക്കും മക്കൾക്കും കൂടി അവകാശപ്പെട്ടതാ ഇതെന്ന് ഒരു വിൽപത്രം കൂടി ഞാനങ്ങെഴുതും. മനസ്സിലായോ.
ബെന്നിയുടെ നാക്ക് കുഴഞ്ഞു... കണ്ണുകൾ അടഞ്ഞു. എന്തൊക്കെയോ പുലമ്പി അയാളുറങ്ങി.
അമ്മിണിയുടെ കുഞ്ഞുങ്ങൾ കരയുന്നത് കേട്ടാണ് ബെന്നി കണ്ണ് തുറന്നത്.
ഇവളിതെവിടെപ്പോയി എന്നാലോചിച്ച് കട്ടിലിൽ നിന്നെഴുന്നേറ്റു. അഴിഞ്ഞ മുണ്ട് വലിച്ചുടുത്ത് ബെന്നി ബാൽക്കണിയിലേക്ക് ചെന്നു. പാരപ്പെറ്റിന്റെ മുകളിൽ മഴതോർന്നൊരു പ്രഭാതത്തെനോക്കി അവളിരുപ്പുണ്ട്.
അമ്മിണീ നീയീ പിള്ളാര് കരയുന്നത് കേൾക്കുന്നില്ലേ..?
അമ്മിണി ബെന്നിയെ ഒന്ന് നോക്കിയിട്ട് പുറത്തേക്ക് തന്നെ നോക്കിയിരുന്നു.
അകത്ത് കുഞ്ഞുങ്ങൾ കരച്ചിലടക്കുന്നിെല്ലന്ന് കണ്ട ബെന്നിക്ക് ദേഷ്യം വന്നു.
എടീ... അവർക്ക് വെശന്നിട്ടാകും നീ ഇങ്ങനിരിക്കാതെ ഒന്നങ്ങോട്ട് ചെന്നെ..
ഈ മനുഷ്യന്റെ കാര്യം… അമ്മിണി പിറുപിറുത്തുകൊണ്ട് പാരപ്പെറ്റിൽനിന്ന് ചാടി അകത്തേക്ക് പോയി. കുട്ടികൾ കരച്ചിൽ നിർത്തിയപ്പോൾ ബെന്നി കസേരയിലിരുന്ന് കാല് മേശപ്പുറത്തേക്ക് ഉയർത്തിവെച്ചു. ഡ്രോയറിൽനിന്ന് ഒരു സിഗരറ്റ് എടുത്ത് തീകൊളുത്തി പുറത്തേക്ക് നോക്കിയിരുന്നു. നനഞ്ഞു നിൽക്കുന്ന പെണ്ണുപോലെയാണ് രാത്രിമഴ കഴിഞ്ഞുണരുന്ന ഒരോ പകലും. അത്രയും ഭംഗിയുള്ള മറ്റൊരു കാഴ്ചയുണ്ടോ... അറിയില്ല. ആ കുളിരിലങ്ങനെ ലയിച്ചുനിൽക്കുന്നൊരു ദിവസം കാനാടി ബെന്നിക്ക് മരിക്കണം. അടക്ക് കഴിയും വരെ മഴ പെയ്യണം. ഇതുപോലൊരു നശിച്ചമഴ ഈ അടുത്തകാലത്ത് ഉണ്ടായിട്ടില്ലെന്ന് ആളുകൾ പറയണം. ജീവിതം കൈവിട്ട് പോയവന്റെ മരണം ഇതിലും നന്നായി എങ്ങനെ ആഘോഷിക്കും.
മഴനനഞ്ഞ് അപ്പന്റെയടുത്ത് സമാധാനത്തോടെ ഉറങ്ങുന്ന നാളുകൾ സ്വപ്നം കാണാൻ തുടങ്ങിയിട്ട് നാളേറെയായി.
കുഞ്ഞുങ്ങളുടെ കരച്ചിൽ അടങ്ങിയപ്പോൾ അമ്മിണി ബാൽക്കണിയിലേക്ക് വന്നു മേശപ്പുറത്തേക്ക് ചാടിക്കയറി. അമ്മിണിയെ കണ്ടപ്പോൾ ബെന്നി സിഗരറ്റ് കുത്തിക്കെടുത്തി.
അമ്മിണീടെ പിള്ളാർക്ക് പേരിടണം. വിൻസെന്റ്, വിവ, വില്യം, വിൽഫ്രെഡ്. ഒന്നുമില്ലേലും വിൻസെന്റെന്നും വിവേന്നും വിളിച്ച് എനിക്ക് അവരോട് സംസാരിക്കാമല്ലോ.. സ്നേഹിക്കുകയും ലാളിക്കുകയും ചെയ്യാമല്ലോ. ഷേഡിന്റെ മുകളിൽ ആരുടെയോ തലവെട്ടം കണ്ട് അമ്മിണി തലയുയർത്തി. മുതുകിൽ ചെമ്പൻ രോമങ്ങളുള്ള ആ സുന്ദരൻ തന്നെ. അമ്മിണി ബാൽക്കണിയിൽനിന്നും ഷേഡിലേക്ക് ചാടി. അവർ ചുംബിച്ചു. എന്നാലും നിങ്ങളിന്നലെ ഇങ്ങോട്ട് വന്നില്ലല്ലോ എന്നേം പിള്ളാരേം പറ്റി വല്ല ചിന്തയുമുണ്ടോ..?
അല്ലേലും നിങ്ങള് ആണുങ്ങളെല്ലാം ഒരുപോലെയാ. എന്നവൾ പരിഭവം പറഞ്ഞു. അവൻ എന്തോ പറഞ്ഞു അമ്മിണിയെ മയക്കിയെന്ന് ബെന്നിക്ക് തോന്നി. എന്തായാലും കുറച്ചുനേരത്തെ സംസാരത്തിനു ശേഷം രണ്ടു പേരും ബാൽക്കണിയിലേക്ക് കയറി. മേശപ്പുറത്ത് നിന്നുകൊണ്ട് അവൻ എന്നെ നോക്കി
ആ... നോട്ടത്തിലൊരു പന്തികേട്. ഇനി ഞാൻ അമ്മിണീടേം പിള്ളാരുടേം കാര്യത്തിൽ അമിത സ്വാതന്ത്ര്യം കാണിക്കുന്നുണ്ടെന്നു അവന് തോന്നിക്കാണുമോ..?
അമ്മിണി വേഗം വിഷയം മാറ്റി.
ദാണ്ടേ... ഈ ബെന്നിച്ചേട്ടൻ ഇവിടെ നമുക്കൂടെ ഇവിടെയൊരു ഭാഗം തരാമെന്ന് പറഞ്ഞിട്ടുണ്ട്. കേട്ടോ. അവളുടെ സുന്ദരൻ അതൊന്നും ശ്രദ്ധിച്ചില്ല. അവന്റെ മനസ്സിൽ എന്താണാവോ? അവനവളെ ചുംബിച്ചപ്പോൾ അവളുടെ ദേഹത്ത് എന്റെ വിയർപ്പിന്റെ മണം ഉണ്ടായിരുന്നിരിക്കുമോ?
ഒന്നുമില്ലെന്ന് കാണിക്കാൻ ഞാൻ വെറുതെ ചിരിച്ചു.
അമ്മിണീ, ഒരു കാര്യത്തിലും അമിതപ്രതീക്ഷ വെക്കരുത്. എങ്ങാനും നഷ്ടപ്പെട്ടാൽ അത് താങ്ങാവുന്നതിലും അപ്പുറമായിരിക്കും. പിന്നെ ഈ ബന്ധം എന്നൊക്കെ പറയുന്നത് അവനവന്റെ മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലം വരെയുള്ളൂ.
ഞാൻ പറഞ്ഞത് അവരിരുവരും ശ്രദ്ധിച്ചില്ല. അമ്മിണിയും അവളുടെ സുന്ദരനും മക്കളെ കാണാൻ അകത്തേക്ക് കയറി.
ഇടക്കെപ്പോഴോ അവളുടെ സുന്ദരൻ യാത്രപറഞ്ഞു ബാൽക്കണിയിൽനിന്നും താഴെ ഷേഡിലേക്ക് ചാടി മതിലിന് മുകളിലൂടെ അപ്പുറത്ത് അമേരിക്കക്കാരന്റെ കാടുപിടിച്ച പറമ്പിലേക്ക് ഇറങ്ങിപ്പോയി. അമ്മിണിയെ നിന്റെ സുന്ദരന് എന്നോട് എന്തേലും ദേഷ്യം ഉണ്ടോടീ. എന്നാലും അവനെന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ലല്ലോ. ഇനി അവനെങ്ങാനും വരാതിരിക്കുമോ?
എന്റെ ബെന്നിച്ചാ.. നിങ്ങളിത് എന്തൊക്കെയാ പറയുന്നെ... അങ്ങേര് വരാതെ എവിടെ പോകാനാ..?.
ഇനി അഥവാ വന്നില്ലേൽ വേണ്ടേ എന്നുവെച്ച് ചവാൻ പറ്റുമോ... ജനിച്ചുപോയില്ലേ മരിക്കുന്ന വരെ ജീവിച്ചല്ലേ പറ്റൂ.
അതല്ല അമ്മിണി ഞാൻ പറഞ്ഞത്..
പിന്നെ...
അവനുള്ളതല്ലേ നിങ്ങൾക്ക് നല്ലത്.
നല്ലതൊക്കെയാണ്... പക്ഷേ, എപ്പോഴും കൂടെ വേണമെന്ന് നിർബന്ധം പിടിക്കാൻ പറ്റുമോ? മാറ്റങ്ങളെ ഉൾക്കൊള്ളാൻ നമുക്ക് കഴിയണ്ടേ...?
ബെന്നി മറുപടി പറഞ്ഞില്ല. അയാൾ പുറത്തേക്കു തന്നെ നോക്കിയിരുന്നു.
രാത്രിമഴകൾ പിന്നെയും പലത് പെയ്തു. വിൻസെന്റും വിവയും വില്യമും വിൽഫ്രെഡും ബെന്നിയുടെ കൺമുന്നിൽ വളർന്നു. അയാൾ അവരെ ലാളിച്ചു, സ്നേഹിച്ചു. ഉപദേശങ്ങൾ നൽകി. ഒരുമിച്ച് ഒരുകിടക്കയിൽ അവർ ആറുപേരും പരസ്പരം പുണർന്നു കിടന്നു. സമയാസമയങ്ങളിൽ കിട്ടുന്ന ഭക്ഷണം എല്ലാവരും ഒരുമിച്ച് പങ്കിട്ട് കഴിച്ചു. ബെന്നിയിലെ മരിച്ചമനുഷ്യന് ജീവൻ വെച്ചുതുടങ്ങി.
പകലൊടുങ്ങിയ ഒരു സന്ധ്യയിൽ കരഞ്ഞു നിലവിളിച്ച് അമ്മിണി മുറിയിലേക്ക് കയറിവന്നു. വില്യമും വിൽഫ്രെഡും എവിടെയെന്ന് തിരക്കിയെങ്കിലും അവളൊന്നും പറഞ്ഞില്ല. അവൾ അലമുറയിട്ട് കരയുകയായിരുന്നു.
വിൻസെന്റിനെയും വിവയേയും ചേർത്തു പിടിച്ച് ഞാൻ ചോദിച്ചു. മക്കളെ നിങ്ങളെങ്കിലും ഒന്നു പറ എന്തിയേ എന്റെ പിള്ളാര്... അവര് പോയി ബെന്നിച്ചാ.. ഞങ്ങള് പുറത്ത് റോഡിൽ കളിക്കുകയായിരുന്നു... പെട്ടെന്നൊരു വണ്ടി വന്നു... അവർക്ക് മാറാൻ പറ്റിയില്ല...
ബെന്നി അമ്മിണിയെയും പിള്ളാരെയും ചേർത്തുപിടിച്ച് കരഞ്ഞു. അന്നാദ്യമായി അമ്മിണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അയാൾ കണ്ടു.
അമ്മിണീ.. ഈ സ്ഥലം ശരിയല്ല. വിൻസെന്റിനും വിവക്കും താഴെ എനിക്ക് രണ്ട് മക്കൾകൂടി ഉണ്ടായിരുന്നു. വില്യമും വിൽഫ്രെഡും ഇരട്ടകളായിരുന്നു. ഇവിടെ ഈ വീടിന്റെ മുന്നിൽ കളിച്ചുകൊണ്ട് നിന്നപ്പോഴാ അവർക്ക് ആക്സിഡന്റ് പറ്റുന്നത്. ഒരുമാസം വെന്റിലേറ്ററിൽ കിടന്നു. നല്ല ചികിത്സകൊടുക്കാൻ പറ്റിയില്ല. അതിനുള്ള പൈസ ഇല്ലാരുന്നു. എല്ലാം ഞാൻ കാരണം. എനിക്ക് ഈ ബന്ധങ്ങളൊന്നും പറഞ്ഞിട്ടുണ്ടാകില്ല. നീ മക്കളെയും കൂട്ടി ഇവിടെനിന്ന് പൊയ്ക്കോ... എനിക്ക് ആരും വേണ്ട.
അമ്മിണി ഒന്നും പറഞ്ഞില്ല അവൾ രണ്ടു ദിവസം ബാൽക്കണിയിൽ തന്നെ കിടന്നു. കിടക്കട്ടെ. അവളുടെ സങ്കടം ആരോട് പറയാനാണ്. ഗ്രേസി ആ സമയത്ത് എങ്ങനെ ആയിരുന്നെന്ന് എനിക്ക് അറിയാമല്ലോ. വിൻസെന്റും വിനീതയും അടുത്തു കൂടാൻ ശ്രമിച്ചെങ്കിലും ഞാൻ അടുപ്പിച്ചില്ല.
രണ്ടു ദിവസം കഴിഞ്ഞു വിൻസെന്റിനെയും വിവയേയും എവിടേക്ക് മാറ്റിയെന്ന് അമ്മിണി പറഞ്ഞില്ല. ഏതാണ് ആ സുരക്ഷിതസ്ഥലമെന്ന് ഞാൻ ചോദിച്ചുമില്ല. അടുക്കളപ്പുറത്തെ മതില് ചാടിക്കടന്ന് തൊട്ടപ്പുറമുള്ള തോമസ് ചേട്ടന്റെ റബർത്തോട്ടത്തിലൂടെ ആരോടൊക്കെയോ പിറുപിറുത്തും മുരണ്ടും തിരിഞ്ഞു നോക്കാതെ അവൾ നടന്നുപോകുന്നത് ബാൽക്കണിയിലിരുന്ന് ഞാൻ കണ്ടു.
അമ്മിണീ ‘നിനക്കും കുട്ടികൾക്കും നല്ലതുവരട്ടെ. അടുത്ത ജന്മമെങ്കിലും സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ ഒരു പൂച്ചയാകണം. ഇവിടെ എനിക്കീ ദുരിതക്കയത്തിൽ താണുപോകാനാണ് വിധി. കാരണം രക്ഷപ്പെടാനാകാത്ത വിധം എന്റെ കാലിൽ കെട്ടിയിട്ടിരിക്കുന്ന ചങ്ങല നീ ഇതുവരെയും ശ്രദ്ധിച്ചിട്ടില്ലല്ലോ..?