അനന്ദു വി.പി പന്ത്രണ്ട് ബി

മറക്കുകയെന്നത് വിചാരിച്ചതുപോലെ ലളിതമായ പ്രവൃത്തിയല്ല എന്നെനിക്ക് ബോധ്യം വന്നു. തണുത്തു തുടങ്ങിയ ശരീരം തിരിച്ചും മറിച്ചും കിടത്തുമ്പോൾ, മൂത്രം നിറഞ്ഞ ഡയപ്പറുകൾ എടുത്തുമാറ്റി തുടച്ചു വൃത്തിയാക്കുമ്പോഴോ, സമയാസമയം ആഹാരവും മരുന്നും മുറതെറ്റാതെ കൊടുക്കുമ്പോഴൊന്നും മനസ്സിനെ ബാധിക്കാത്ത ഭയം ഈ മനുഷ്യന്റെ തീക്ഷ്ണമായ കൃഷ്ണമണിയിലേക്ക് നോക്കുമ്പോഴൊക്കെ എന്നെ അലട്ടും. അന്നേരമെല്ലാം പന്ത്രണ്ടു ബി യും, കെമിസ്ട്രി ക്ലാസും കൈവള്ളയിൽ ഊക്കോടെ വീഴുന്ന ചൂരലിന്റെ വേദനയും ഉള്ളംകാൽ മുതൽ ശിരസ്സുവരെ വ്യാപിക്കും. ഒരു പതിനെട്ടുകാരനെ അതിജീവിക്കാനാവാതെ ഉള്ളിന്റെയുള്ളു നീറിപ്പുകയും... ‘‘എനിക്കൽപ്പം...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
മറക്കുകയെന്നത് വിചാരിച്ചതുപോലെ ലളിതമായ പ്രവൃത്തിയല്ല എന്നെനിക്ക് ബോധ്യം വന്നു. തണുത്തു തുടങ്ങിയ ശരീരം തിരിച്ചും മറിച്ചും കിടത്തുമ്പോൾ, മൂത്രം നിറഞ്ഞ ഡയപ്പറുകൾ എടുത്തുമാറ്റി തുടച്ചു വൃത്തിയാക്കുമ്പോഴോ, സമയാസമയം ആഹാരവും മരുന്നും മുറതെറ്റാതെ കൊടുക്കുമ്പോഴൊന്നും മനസ്സിനെ ബാധിക്കാത്ത ഭയം ഈ മനുഷ്യന്റെ തീക്ഷ്ണമായ കൃഷ്ണമണിയിലേക്ക് നോക്കുമ്പോഴൊക്കെ എന്നെ അലട്ടും. അന്നേരമെല്ലാം പന്ത്രണ്ടു ബി യും, കെമിസ്ട്രി ക്ലാസും കൈവള്ളയിൽ ഊക്കോടെ വീഴുന്ന ചൂരലിന്റെ വേദനയും ഉള്ളംകാൽ മുതൽ ശിരസ്സുവരെ വ്യാപിക്കും. ഒരു പതിനെട്ടുകാരനെ അതിജീവിക്കാനാവാതെ ഉള്ളിന്റെയുള്ളു നീറിപ്പുകയും...
‘‘എനിക്കൽപ്പം വെള്ളം വേണമായിരുന്നു...’’
ദ്രവരൂപത്തിലുള്ള ശാന്തത ആ ശബ്ദത്തിനുണ്ടായിരുന്നു. സാവധാനം ഒഴുകുന്ന നദിപോലെയാണ് ഈ മനുഷ്യൻ ഇപ്പോൾ സംസാരിക്കുന്നത്. മനസ്സിനുള്ളിലെ ആഴവും ചുഴിയും എന്തെങ്കിലും തരത്തിൽ പ്രകടമാകരുത് എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഇത്തരമൊരു സംഭാഷണരീതി ചില മനുഷ്യർ തിരഞ്ഞെടുക്കുന്നതെന്ന് അനുഭവങ്ങൾകൊണ്ടറിയാം. അത്തരം കുറെ ആളുകളുടെ കൂടെ ജോലി ചെയ്യുകയും ഇടപഴകുകയും ചെയ്തിട്ടുണ്ട്. ഏതൊരു പരിതഃസ്ഥിതിയിലും ശബ്ദം ഉച്ചസ്ഥായിയിലേക്ക് പോകാതെ ബുദ്ധിപൂർവം അവർ സംഭാഷണങ്ങളിൽ കരുക്കൾ നീക്കും. അപരിചിതനായ ഒരു വ്യക്തിയുടെ മുന്നിലോ സദസ്സിനു മുന്നിലോ എവിടേയും മനപ്പൂർവം മുഖത്തണിയുന്ന നേർത്ത പുഞ്ചിരിയുടെ ഒരാഭരണശോഭയോടെയല്ലാതെ ഇത്തരക്കാരെ കാണാൻ കിട്ടില്ല. പക്ഷേ, ഈ മനുഷ്യൻ ഇങ്ങിനെയായിരുന്നില്ല. എനിക്കറിയാവുന്നതുപോലെ ഇയാളെ അറിയുന്ന എത്രയോ പേരുണ്ട് ഈ ചുറ്റുവട്ടത്ത്.
ജഗിൽനിന്നും ഇളം ചൂടുള്ള വെള്ളം ഗ്ലാസിലേക്ക് പകർത്തി അയാളുടെ ചുണ്ടിന് അരികിലേക്ക് ചേർത്ത് പിടിപ്പിച്ചുകൊടുത്തു.
‘‘മതി.’’
രണ്ടു കവിൾ കുടിച്ചിട്ട് അയാൾ തല പിന്നിലേക്ക് ചായ്ച്ചിരുന്നു.
‘‘വിശക്കുന്നെങ്കിൽ കഞ്ഞി എടുക്കാം, നേരം കഴിഞ്ഞാൽ വീണ്ടും ചൂടാക്കണ്ടല്ലോ?’’
‘‘വിശപ്പില്ല.’’
‘‘ഞാനിനി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?’’
‘‘ഇപ്പോഴൊന്നും വേണ്ട.’’
സത്യത്തിൽ എനിക്കു നല്ല വിശപ്പുണ്ടായിരുന്നു, പക്ഷേ ഈ മനുഷ്യൻ എന്തെങ്കിലും കഴിക്കാതെ എങ്ങനെയാണ് കഴിക്കുകയെന്നത് എന്നെ അലട്ടി. കണ്ണുകളടച്ചിരിക്കുന്ന മുഖത്തേക്ക് ഉറ്റുനോക്കിനിൽക്കുമ്പോൾ ജീവിതകാലത്തെ ഏറ്റവും വേദനയേറിയ കാലത്തിലൂടെ വീണ്ടും കടന്നുപോകും. പക്ഷേ രോഗശയ്യയിൽ കിടക്കുന്ന ഈ മനുഷ്യജന്മത്തിന് മുന്നിൽ നിൽക്കെ ചെറിയൊരു നിശ്വാസംകൊണ്ട് ഞാനെന്നെ തന്നെ അതിജീവിക്കാൻ ശ്രമിക്കുകയാണ് പതിവ്.
‘‘നിന്റെ അമ്മ എന്നാണ് ലീവ് കഴിഞ്ഞു വരുന്നത്?’’
ഓർക്കാപ്പുറത്തായിരുന്നു ചോദ്യം.
‘‘കൈയുടെ പ്ലാസ്റ്റർ എടുക്കാൻ ഒന്നര ആഴ്ചകൂടിയുണ്ട്.’’
‘‘ഉം, അവരില്ലാത്തതുകൊണ്ട് ടീച്ചർക്ക് നല്ല ബുദ്ധിമുട്ടുണ്ടാകും.’’
ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. അവർക്ക് ബുദ്ധിമുട്ടായാൽതന്നെ ഇങ്ങേർക്കെന്താണെന്നു ചിന്തിച്ചുകൊണ്ട് പുറത്തേക്കിറങ്ങി പോന്നു. കണ്ണെത്താദൂരത്തോളം ഉയർന്നുനിൽക്കുന്ന തെങ്ങുകളാണ് ഈ പറമ്പ് നിറയെ. അതിനപ്പുറം നാഷണൽ ഹൈവേയാണ്. നല്ല പ്രായത്തിൽ കുറഞ്ഞവിലക്ക് സ്വന്തമാക്കിയതാണ് ഈ സ്ഥലമെന്ന് കേട്ടിട്ടുണ്ട്. അനാവശ്യമായി ഒരു രൂപ ചിലവാക്കുന്നയാളായിരുന്നില്ല. ലാഭം കണ്ടിട്ടല്ലാതെ മുതൽമുടക്കിനിറങ്ങാത്ത പ്രകൃതം. എന്നിട്ടെന്ത് നേടിയെന്ന ചോദ്യം മാത്രമല്ല പതിനെട്ട് വയസ്സു തൊട്ടിന്നോളമുള്ള അനവധി ചോദ്യങ്ങൾ ഉയർന്നു പൊങ്ങിനിൽക്കുന്ന തെങ്ങുകൾ കാറ്റിലുലയുന്നതുപോലെ മനസ്സിനെ ഉലച്ചിട്ടുണ്ട്. ആ ചോദ്യങ്ങളെല്ലാം നെഞ്ചിനുള്ളിലിരുന്നു പ്രകമ്പനം കൊള്ളുമ്പോൾ സാറിന്റെ മുന്നിൽനിന്നും ഇറങ്ങി പുറത്തുവന്നു നിൽക്കും.
ഈ വീട്ടിൽ എല്ലാ ചോദ്യങ്ങളും നിഷ്പ്രയോജനങ്ങളാണെന്ന് കേട്ടിട്ടുണ്ട്. ഉറപ്പുള്ള ഭിത്തിയും നല്ല മേൽക്കൂരയും പടുകൂറ്റൻ മതിൽകെട്ടും വലിയ ഗേറ്റുമടക്കം ഉണ്ടായിട്ടും ചുറ്റുവട്ടമെല്ലാം ഇടിഞ്ഞു തകർന്ന അവശിഷ്ടംപോലെ മനുഷ്യർ മൗനത്താൽ ഒളിഞ്ഞിരിക്കുന്ന അന്തരീക്ഷം.
സാറിന്റെ മകനോ മകളോ ഈ വീട്ടിലേക്ക് വന്നിട്ട് കാലങ്ങളായിയെന്നാണ് അറിഞ്ഞത്. പിടിതരാത്ത ഏതെല്ലാമോ ശബ്ദങ്ങളായി മാത്രം അവരുടെ സാന്നിധ്യം ഇടയ്ക്കിടെ അറിയിക്കാറുണ്ട്. ആ ശബ്ദങ്ങൾ ഏറെ കഴിയുമ്പോൾ നദിയിലേക്ക് മുങ്ങിത്താഴുംപോലെയോ വിജനതയിലേക്കലിഞ്ഞു പോകുന്നത് പോലെയോ ഇല്ലാതാകും. വീണ്ടും അന്തരീക്ഷം കനപ്പെടും. എങ്കിലും ഈ വീട്ടിലെ രണ്ടുപേർക്കും അതിലെന്തെങ്കിലും പരാതിയുള്ളതായി തോന്നിയിട്ടില്ല. ചിലപ്പോൾ ടീച്ചറിന്റെ ഉള്ളിലും ഇതേ കനം തിങ്ങിനിറഞ്ഞിരിക്കാം. അവരോട് കൂടുതലൊന്നും സംസാരിച്ചിട്ടില്ല. എങ്കിലും അവരുടെ ശിരസ്സിലെ അനേകായിരം സങ്കടങ്ങളെ വിറയാർന്ന ഹൃദയത്തോടെ നോക്കിനിന്നിട്ടുണ്ട്.
ഈ മനുഷ്യൻ ഭാര്യയെ ‘‘ടീച്ചർ’’ എന്നും അവർ ഇയാളെ ‘‘സർ’’ എന്നും വിളിക്കുന്നത് സ്കൂളിൽ െവച്ചു മാത്രമായിരുന്നുവെന്നായിരുന്നു ഇവിടെയെത്തുംവരെ എന്റെ ധാരണ. പന്ത്രണ്ട് ബി യിലെ കെമിസ്ട്രി ക്ലാസും മലയാളം ക്ലാസും ആസിഡും കവിതയുംപോലെ വ്യത്യസ്തമായിരുന്നു.
‘‘കെമിസ്ട്രിടെ കെട്ടിയോളാ മലയാളം...’’
സ്ഥലമാറ്റം കിട്ടി വന്ന മലയാളം ടീച്ചറിന്റെ ക്ലാസിലിരുന്നു അടുത്തിരുന്നവൻ അടക്കി പറഞ്ഞതു കേട്ടു മൂന്നാമത്തെ ബെഞ്ചിൽ കൂട്ടച്ചിരിയുയർന്നു.
‘‘കവിതാ പുസ്തകത്തിൽ സൾഫ്യൂരിക് ആസിഡ് വീണത് പോലെ...’’
വേറൊരുത്തന്റെ കമന്റ്.
ചൂരൽ വീശിക്കൊണ്ടല്ലാതെ സാറ് ക്ലാസിലേക്ക് കടന്നുവരില്ല. വരുന്നപാടെ ചോദ്യങ്ങൾ തുടങ്ങും, ഉത്തരം പറയാൻ ഒരു സെക്കൻഡ് വൈകിയാൽ ചൂരൽ ആഞ്ഞുവീഴും. അടികിട്ടുക എവിടെയെന്ന് പറയാൻ കഴിയില്ല. ചിലപ്പോൾ സാറ് തലേന്ന് പഠിപ്പിച്ചതാകും ചോദിക്കുക, ചിലപ്പോൾ ഒരാഴ്ച മുമ്പ് ക്ലാസിൽ പറഞ്ഞ ഏതെങ്കിലും പോയിന്റ് അെല്ലങ്കിൽ ലാബിൽ െവച്ചു ചെയ്ത എക്സ്പെരിമെന്റ്.
ഉത്തരം പറഞ്ഞില്ലയെങ്കിൽ ശിക്ഷകൾ അങ്ങേരുടെ മൂഡ് പോലെയാണ്. കൈവള്ളയിൽ അടികിട്ടിയാൽ അതും കൊണ്ടു പോരാമെന്ന് സമാധാനിക്കാം. അതിനേക്കാൾ വലിയ ശിക്ഷ ഓവർടൈം പണിഷ്മെന്റ് ആയിരുന്നു. സ്കൂൾ വിട്ടശേഷവും ശിക്ഷിക്കപ്പെട്ട കുട്ടികൾ പഠിച്ചു തീരുംവരെ ക്ലാസിൽ ഇരുന്നുകൊള്ളണം. എപ്പോൾ പഠിച്ചു തീരുന്നോ അപ്പോഴല്ലാതെ ഒരെണ്ണം വീട്ടിൽ പോകാമെന്ന് വിചാരിക്കണ്ടയെന്നു പറഞ്ഞ് ചൂരൽ വായുവിൽ വീശിക്കൊണ്ട് ഒരു നടപ്പുണ്ടായിരുന്നു.
‘‘ഞാൻ പഠിപ്പിച്ചിട്ടു കെമിസ്ട്രിക്ക് പാസാവാതെ ഒരുത്തനും ഈ സ്കൂളിൽനിന്നും പോയിട്ടില്ല. നിന്നെയൊക്കെ പഠിപ്പിക്കാൻ ഏതറ്റം വരെ പോകണമെങ്കിലും എനിക്കു പോകാം. ആർക്കെങ്കിലും പരാതികൊടുക്കണമെന്ന തോന്നലുണ്ടെങ്കിൽ കൊണ്ടുപോയി കൊടുക്ക്, കൂടിവന്നാൽ ഒരു സസ്പെൻഷൻ അല്ലങ്കിൽ സ്ഥലംമാറ്റം അതിലപ്പുറം ഒരു ചുക്കും വരാനില്ല. അതൊന്നും കണ്ടു പേടിക്കുന്നവനല്ല ഈ ഞാൻ.’’
അന്നേരം എന്റെ നാവ് ചൊറിഞ്ഞു വന്നതാണ്. വായിൽ വന്നത് പറയാൻ എഴുന്നേൽക്കാൻ തുനിഞ്ഞപ്പോൾ അടുത്തിരുന്നവൻ കൈയിൽ ബലമായി പിടിച്ചിരുത്തി.
‘‘അയാളോട് പ്രശ്നം ഉണ്ടാക്കീട്ട് ഒരു കാര്യവുമില്ലടാ, പ്രിൻസിപ്പാൾപോലും ഇങ്ങേർക്കെതിരെ ഒരക്ഷരം മിണ്ടില്ല. ഇപ്പഴത്തെ ദേഷ്യത്തിന് എന്തേലും പറഞ്ഞാൽ അങ്ങേര് റെക്കോഡ് ഒപ്പിട്ടു തരില്ലന്നറിയമല്ലോ.’’
കുനിഞ്ഞ ശിരസ്സോടെ പാഠപുസ്തകത്തിൽ തലപൂഴ്ത്തിയിരുന്നു. സ്കൂളിൽ ഏറെയും ഞങ്ങൾ അരയ കോളനിയിലെ കുട്ടികളായിരുന്നു. സത്യത്തിൽ ഞങ്ങൾക്ക് ചോദിക്കാനും പറയാനും ആരാണ് ഉണ്ടായിരുന്നത്! ആസിഡും ആൽക്കലിയും കൂടിച്ചേർന്നപോലെ പ്രതിഷേധവും നിസ്സഹായതയും ഉള്ളിരുന്നു കത്തി.
അച്ഛനെയുംകൊണ്ട് ഹോസ്പിറ്റലിൽ പോകേണ്ട ദിവസമാണ് ലാബിലെ എക്സ്പെരിമെന്റ് തെറ്റിച്ചതിന് സാറ് പണിഷ്മെന്റ് തന്നത്.
‘‘നീയിതു ശരിയാക്കിയിട്ട് വീട്ടിൽ പോയാൽ മതി.’’
ചൂരൽ ഈ തവണ വീണത് കാലിന് പിന്നിലാണ്. വേദനകൊണ്ട് പുളഞ്ഞുപോയെങ്കിലും അച്ഛൻ നോക്കിയിരിക്കുമല്ലോ എന്ന ആധികൊണ്ട് ആ വേദന വേദനയായി തോന്നിയതേയില്ല.
അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ടുപോകണം, നാളെ വന്നു ചെയ്തോളാമെന്ന് പറയാൻ മനസ്സിൽ ആയിരം വട്ടം തയാറെടുത്തെങ്കിലും ശബ്ദം തൊണ്ടയിലും നെഞ്ചിലും തടഞ്ഞുനിന്നതല്ലാതെ പുറത്തേക്ക് വന്നില്ല. അമ്മ ജോലിചെയ്യുന്ന വീട്ടിൽനിന്നും ഇറങ്ങാൻ വൈകും, ഇന്നു തന്നെ അച്ഛനെ കൊണ്ടുപോയി ഡോക്ടറെ കാണിക്കണമെന്ന് വീണ്ടും വീണ്ടും ഓർമിച്ചിട്ടാണ് പോയത്. ജനറൽ ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റിനെ പ്രൈവറ്റ് പ്രാക്റ്റീസ് ചെയ്യുന്നിടത്തു അപ്പോയ്ന്റ്മെന്റ് കിട്ടുന്നത് ഒന്നോ രണ്ടോ മാസം മുൻകൂർ ബുക്ക് ചെയ്താലാണ്. ഇന്നിനി പോകാൻ പറ്റിയിെല്ലങ്കിൽ അമ്മയോട് എന്തുപറയും. പഠിച്ചത് തെറ്റിയതുകൊണ്ട് സാറ് വിട്ടിെല്ലന്നു പറഞ്ഞാൽ അമ്മ ദേഷ്യപ്പെടുമെന്ന് ഉറപ്പാണ്.
കാലും കയ്യും തണുത്തു മരവിക്കുന്നത് അറിയാൻ കഴിയുന്നുണ്ട്. ഭയവും സങ്കടവുംകൊണ്ട് കണ്ണിലൂടെ ഇരുട്ട് കയറുന്നു.
‘‘സാറേ...’’
വരണ്ട തൊണ്ടയിൽനിന്നും ഒച്ച പുറത്തേക്ക് വന്നത് എന്നെതന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ്.
‘‘എന്താടാ, ചെയ്തു കഴിഞ്ഞോ?’’
പരുക്കൻ ശബ്ദം ലാബിലെ സ്ഫടിക പാത്രങ്ങളിൽ തട്ടി നെഞ്ചിൽ പതിച്ചു.
‘‘അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ടു പോകണം, ഞാൻ നാളെ ചെയ്തു തീർത്തോളാം.’’
‘‘അത് നീയാണോ തീരുമാനിക്കുന്നത്. നിന്റെ അച്ഛൻ ചാകാൻ കിടക്കുവല്ലല്ലോ, പഠിക്കാൻ വന്നാൽ പഠിച്ചിട്ട് പോയാൽ മതി.’’
‘‘അല്ല സർ, അച്ഛന് ഇന്നാണ് ഹോസ്പിറ്റലിൽ ബുക്കിങ് കിട്ടിയിരിക്കുന്നത്, അമ്മക്ക് ജോലിസ്ഥലത്തുനിന്നു വരാൻ പറ്റില്ല. അച്ഛൻ ഞാൻ ചെല്ലുന്നത് നോക്കിയിരിപ്പുണ്ടാകും.’’
‘‘കെട്ടിയവനെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ നേരമില്ലാത്ത എന്ത് ജോലിയാടാ നിന്റെ അമ്മക്ക്... കളക്ടറുദ്യോഗമൊന്നുമല്ലല്ലോ. വെളച്ചിലുംകൊണ്ട് വന്നിരിക്കുന്നു. അവടിരുന്നു പഠിക്ക്.’’
‘‘എനിക്ക് പോണം സാറേ...’’
അന്നേരം അങ്ങനെയാണ് പറഞ്ഞത്. റെക്കോഡ് ബുക്ക് ഒപ്പിട്ടു കിട്ടുന്നതോ, ഇന്റേണൽ മാർക്ക് വെട്ടി കുറക്കുന്നതോ മനസ്സിലേക്ക് വന്നില്ല. അങ്ങനെ പറഞ്ഞു. സാറ് തുറിച്ചുനോക്കി. ഞാനും സാറിന്റെ കണ്ണുകളിലേക്ക് നോക്കി. പരസ്പരം ഉറ്റുനോക്കി നിന്നു. ഞാനും സാറും വിട്ടുകൊടുത്തില്ല. എന്റെയുള്ളിൽ രോഷത്തിന്റെയും ആകുലതയുടെയും ചുഴലിക്കാറ്റ് വീശിയിരുന്നു. സാറിന്റെ മനസ്സിൽ എന്തായിരുന്നു. വായുവിൽ ചൂരൽ വീശുന്നത് മാത്രമേ പിന്നീട് ഓർക്കാൻ ശ്രമിച്ചപ്പോഴൊക്കെ ഓർമ കിട്ടിയിട്ടുള്ളൂ. ചൂരൽ എന്റെ കൈക്കുള്ളിലായതും ഞാനത് വാങ്ങി ഒടിച്ചുകളഞ്ഞതും പിന്നീട് സുരേഷ് പി.സി പറഞ്ഞാണ് അറിഞ്ഞത്. അതെങ്ങനെ സംഭവിച്ചുവെന്ന് എനിക്കു തന്നെ ഓർത്തെടുക്കാൻ സാധിച്ചിട്ടില്ല. തലച്ചോറിൽ വണ്ടുകൾ ചൂളംവിളിച്ചിരുന്നു. ലാബിൽനിന്നും ഇറങ്ങി ഓടും വഴി സൾഫ്യൂരിക് ആസിഡിന്റെ കുപ്പി പൊട്ടുംപോലെ വഴികൾ പുകഞ്ഞു കാഴ്ചമങ്ങിയിരുന്നു. അച്ഛനെ ഡോക്ടറെ കാണിച്ചു തിരിച്ചുവന്നപ്പോഴേക്കും ഉള്ളിലെ പതിനെട്ടുകാരൻ മരിച്ചുകഴിഞ്ഞിരുന്നു. ഓർമയിൽ അവശേഷിച്ചത് സാറിന്റെ മുഖത്തെ തീക്ഷ്ണമായ രണ്ടു ഗോളങ്ങൾ മാത്രമായിരുന്നു. പിന്നീട് സ്കൂളിലേക്ക് പോയില്ല. കാര്യം അറിഞ്ഞപ്പോൾ അമ്മ തലയിൽ തല്ലി കരഞ്ഞു. സ്കൂളിൽ ചെന്ന് പ്രിൻസിപ്പാളിനെ കണ്ടു കാല് പിടിച്ചാണേലും കാര്യം പറയാമെന്ന് അച്ഛൻ പരിഹാരം നിർദേശിച്ചെങ്കിലും വേണ്ടെന്ന് തീർത്തുപറഞ്ഞു.
പന്ത്രണ്ടു ബി ക്ലാസിലെ മുന്നോട്ടുള്ള ദിവസങ്ങൾ എങ്ങനെയാവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നിരന്തരം പീഡനംകൊണ്ട് സാറ് പകരം വീട്ടിക്കൊണ്ടിരിക്കും. ഞാനും സാറും ഒരൊറ്റ നിമിഷംകൊണ്ടു സമപ്രായക്കാരായി മാറിയിരുന്നു. അധികാരംകൊണ്ട് ശിക്ഷ വിധിക്കുന്നവരുടെ മുന്നിൽ ജീവിതാനുഭവംകൊണ്ടു പ്രതിഷേധിക്കുന്നവർ എല്ലാ കാലത്തും സമന്മാരായിരിക്കുമെന്ന് സ്വയം പറഞ്ഞു. അനന്ദു വി.പിയെന്ന പതിനെട്ടുകാരനെ ഒരൊറ്റ നിമിഷംകൊണ്ടു സമപ്രായനാക്കിയ മനുഷ്യനാണ് ഇപ്പോൾ മുന്നിലുള്ളത്. ഞങ്ങളിൽ ആരാണ് മുതിർന്നതെന്ന് ചോദിച്ചാൽ ഉത്തരമില്ല.
മുറിയിൽ പിടിപ്പിച്ചിരുന്ന കോളിങ് ബെൽ മുഴങ്ങുന്ന ശബ്ദം കേട്ടപ്പോൾ ടീച്ചർക്ക് എന്തോ ആവശ്യമുണ്ടെന്ന് മനസ്സിലായി. ടീച്ചർ ഈ മുറിയിലേക്ക് വരാറില്ല. അവർ പരസ്പരം മിണ്ടിയിട്ട് വർഷങ്ങളായിയെന്ന് അമ്മ പറഞ്ഞപ്പോൾ അതിശയകരമായി തോന്നിയെങ്കിലും സത്യമാണെന്ന് ഇവിടെ വന്ന ആദ്യ ദിവസംതന്നെ മനസ്സിലായി. മൂന്നു കൊല്ലമായി അമ്മ ഈ വീട്ടിൽ ജോലിക്ക് നിൽക്കാൻ തുടങ്ങിയിട്ട്. അമ്മക്ക് അപകടം പറ്റിയപ്പോഴാണ് ഒന്നരമാസം മുമ്പ് സേവയിൽനിന്നും എന്നെ ഇങ്ങോട്ടേക്ക് അയച്ചത്. ഞങ്ങൾ അമ്മയും മകനും സേവയിൽ ചേർന്നത് എട്ടു കൊല്ലം മുമ്പാണ്. അച്ഛൻ മരിച്ചതിനു ശേഷം. പല പല വീടുകളിലായി കുറെ മനുഷ്യർക്ക് ആരോഗ്യവും ആയുസ്സും തിരികെ കൊടുക്കാൻ ശ്രമിച്ചുകൊണ്ട് ഞങ്ങൾ ജീവിതം കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരുന്നു.
ഈ വീട്ടിൽ സാറിനെ ആദ്യമായി കണ്ടതു മുതൽ നിരന്തര പരിശീലനംകൊണ്ടു നേടിയെടുത്ത ക്ഷമയോടെയാണ് അമ്മക്ക് പകരമായി ജോലിയിൽ പ്രവേശിച്ചപ്പോൾ തുടർന്നുപോയത്. സാറിന് എന്നെ തിരിച്ചറിയാൻ സാധിക്കിെല്ലന്ന തിരിച്ചറിവായിരുന്നു ധൈര്യവും ആശ്വാസവും. മൂപ്പരുടെ കണ്ണിന്റെ കാഴ്ച മങ്ങിക്കൊണ്ടിരിക്കയാ. മുന്നിൽ നിൽക്കുന്നവരെ നിഴലുപോലെ കാണാം. അത്രേം ഒള്ളൂ. പക്ഷേ കാഴ്ചയില്ലാത്ത മനുഷ്യരെ പറ്റിക്കാൻ നോക്കരുത്. കാണാൻ കഴിയുന്നവരെക്കാൾ പരിഗണനയും സത്യസന്ധതയും അവരോട് കാണിക്കണം.
യാത്രയാക്കും മുമ്പ് അമ്മ സൗമ്യതയോടെ പറഞ്ഞ വാക്കുകൾ സാറിനെ കണ്ട മാത്രയിൽ ഓർമ വന്നു.
സാറിന് പണ്ടും കാഴ്ചയുണ്ടായിരുന്നില്ലയെന്ന് അമ്മയെ വിളിക്കുമ്പോൾ പറയണമെന്ന് ഓർത്തെങ്കിലും പറഞ്ഞില്ല. അനന്ദു വി.പി പന്ത്രണ്ട് ബി എന്ന പേരിന് ഫുൾ സ്റ്റോപ്പിട്ടയാളെയാണ് അമ്മ ശുശ്രൂഷിച്ചിരുന്നതെന്ന് അറിയാതിരിക്കുന്നതാണ് ഉചിതം.

സാറ് കിടക്കുന്ന മുറിയുടെ എതിർവശത്തുള്ള മുറിയാണ് ടീച്ചറുടേത്. എന്നാലും ഈ മുറിയിലേക്ക് അവർ കടന്നുവരികയോ സാറിനെ കാണുകയോ ചെയ്യാറില്ല. എങ്കിലും മൂപ്പരുടെ എല്ലാ കാര്യങ്ങളും കൃത്യമായി അന്വേഷിച്ചു വേണ്ടതൊക്കെ ചെയ്തുകൊടുക്കണമെന്ന് പറയും. സാറിന് കൊടുക്കാനുള്ള മരുന്നും ആഹാരവും അവർ തന്നെയാണ് എടുത്തുതരിക. രാവിലെയും വൈകുന്നേരവും സാറിനുള്ള സ്പെഷ്യൽ ചായ ടീച്ചർ തന്നെ ഉണ്ടാക്കും. അദ്ദേഹം കഴിച്ചാലും ഇെല്ലങ്കിലും അതെല്ലാ ദിവസവും കൃത്യസമയത്തു മേശപ്പുറത്തുണ്ടാകും. പല ദിവസങ്ങളിലും ആഹാരവും ചായയും പാഴായി പോകും. അതിലവർക്ക് എന്തെങ്കിലും പരാതിയുള്ളതായി തോന്നിയിട്ടില്ല.
ടീച്ചർ ഇപ്പോൾ എന്തിനാകും വിളിച്ചതെന്ന് ഓർത്തുകൊണ്ടാണ് ചെന്നത്.
മുറിയിൽ കട്ടിലിൽ ചാരിയിരുന്നു ടീച്ചർ വായിക്കുന്ന പുസ്തകത്തിന്റെ പേരാണ് ആദ്യം ശ്രദ്ധിച്ചത്. ‘ചിദംബര സ്മരണ’.
ജീവിതത്തോട് ചേർന്നുപോകാത്ത വായനയെന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അവരെ വല്ലായ്മയോടെ നോക്കിനിന്നു. പഴയൊരു സ്കൂൾ ദിനമാണ് ഓർമ വന്നത്.
ടീച്ചേഴ്സ് റൂമിലേക്ക് സാറ് വിളിച്ചിട്ടാണ് ചെന്നത്. ഉച്ചസമയത്ത് ഊണ് കഴിഞ്ഞ് അധ്യാപകർ വിശ്രമിക്കുന്ന സമയമാണ്. ടീച്ചർ അടക്കം പല ഡിവിഷനുകളിലെയും അധ്യാപകർ നോക്കിനിൽക്കെ കണ്ടപാടെ സാറ് ചീത്തവിളിക്കാൻ തുടങ്ങി. റെക്കോഡ് വരച്ചത് ശരിയായില്ലയെന്നതിൽ തുടങ്ങി അങ്ങേർക്ക് മനസ്സിൽ തോന്നിയത് മുഴുവൻ വാരിവലിച്ചിട്ട് വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. റെക്കോഡ് ബുക്ക് മുന്നിലേയ്ക്ക് വലിച്ചെറിഞ്ഞിട്ട് ഇതൊന്നും ഞാനൊപ്പിട്ട് തരുമെന്ന് വിചാരിക്കണ്ട പോയി വേറെ എഴുതി രണ്ടു ദിവസത്തിനകം സബ്മിറ്റ് ചെയ്തോളണമെന്ന ഭീഷണിയും.
‘‘ചെറിയ തെറ്റൊക്കെ ക്ഷമിച്ചൂടെ സാറേ, രണ്ടു ദിവസംകൊണ്ട് അവനെങ്ങിനെയാ പുതിയ റെക്കോർഡ് എഴുതി തീർക്കുന്നത്?’’
ടീച്ചറിന്റെ ചോദ്യം കേട്ടതും സാറ് വെട്ടിത്തിരിയുന്നത് മാത്രമേ കണ്ടുള്ളൂ. പടക്കം പൊട്ടുന്നതുപോലെ ഒരടിയുടെ ശബ്ദമാണ് പിന്നെ കേട്ടത്.
‘‘മലയാളം പഠിപ്പിക്കുന്നവർക്ക് കെമിസ്ട്രിയെ കുറിച്ച് എന്തറിയാം. കവിത ചൊല്ലുന്നത് പോലല്ല രസതന്ത്രം, അതിനു തലയിൽ വല്ലതും വേണം.’’
ടീച്ചർ കവിൾ പൊത്തിപ്പിടിച്ചു ഒരേ നിൽപ്പ് നിന്നു. വർഷങ്ങൾക്കിപ്പുറവും!
‘‘നാളെ നീയൊന്നു പുറത്തു പോകണം, മറ്റന്നാൾ സാറിന്റെ പിറന്നാളാണ്. മക്കളുടെ ആഗ്രഹം അച്ഛന്റെ പിറന്നാളിന് കേക്ക് കട്ട് ചെയ്യുന്ന ഫോട്ടോ അയച്ചുകൊടുക്കണമെന്ന്. വാട്സ്ആപ്പിൽ സ്റ്റാറ്റസ് ഇടാനാകും. വിദേശത്തുള്ളവർക്ക് അങ്ങനെയൊക്കെയല്ലേ സ്നേഹം പ്രകടിപ്പിക്കാനാവൂ. ബേക്കറിയിൽ വിളിച്ചു പറഞ്ഞിട്ടുണ്ട് സാറിന്റെ ഫോട്ടോ പ്രിന്റ് ചെയ്ത കേക്ക് തന്നെ വേണംപോലും, നീയൊന്നു വാങ്ങിക്കൊണ്ടു വരണം.’’
‘‘പോകാം.’’
‘‘ശരി, എന്നാൽ ഞാനിത്തിരി നേരം കിടക്കട്ടെ.’’
ടീച്ചർ പുസ്തകം മടക്കി മേശപ്പുറത്ത് െവയ്ക്കുന്നത് കണ്ടുകൊണ്ട് തിരികെ നടന്നു.
മുറിയിൽ ചെല്ലുമ്പോൾ സാറ് കണ്ണുകൾ തുറന്നു കിടപ്പുണ്ട്. കാൽപ്പെരുമാറ്റം കേട്ടതോടെ തിടുക്കത്തിൽ കണ്ണുകൾ പൂട്ടുന്നത് കണ്ടതും ചിരി വന്നു. കണ്ണു തുറന്നാലും ഇങ്ങേർക്ക് വേണ്ടതൊന്നും കാണാൻ പറ്റില്ലയെന്ന് ആർക്കാണറിയാത്തത്.
‘‘ടീച്ചർ എന്തിനാണ് വിളിച്ചത്?’’
‘‘മറ്റന്നാൾ സാറിന്റെ പിറന്നാളാണെന്ന് കേക്ക് വാങ്ങി കട്ട് ചെയ്യിപ്പിക്കണമെന്ന് മക്കൾ വിളിച്ചു പറഞ്ഞിട്ടുണ്ട്, എന്നോട് കടയിൽ പോകണമെന്ന് പറഞ്ഞതാണ്.’’
സാറ് പിന്നെ ഒന്നും മിണ്ടിയില്ല. കുറച്ചുനേരം നോക്കിനിന്നിട്ട് ഞാനും പുറത്തേക്കിറങ്ങി പോന്നു.
രാത്രിയിൽ ചെറു ചൂടുവെള്ളത്തിൽ മേല് തുടയ്ക്കുന്ന സ്വഭാവം സാറിനുണ്ട്. ഷർട്ടും മുണ്ടും ഊരിമാറ്റി ടവൽകൊണ്ട് മേല് തുടച്ചു ശരീരം മുഴുവൻ കാൻഡിഡ് പൗഡർ ഇട്ടുകൊടുക്കുമ്പോൾ പലവട്ടം തോന്നിയ സംശയം വീണ്ടും മനസ്സിലുയർന്നു. രോഗശയ്യയിലാകുമ്പോൾ മനുഷ്യരിലുള്ള ക്രൂരത യഥാർഥത്തിൽ ഇല്ലാതാകുകയാണോ അതോ അവരത് മനപ്പൂർവം ഒളിച്ചുെവയ്ക്കുന്നതാകുമോ. അതിശയകരമായ രീതിയിൽ ഒരാൾക്ക് ഭാഷ കൈമോശം വന്നാൽ സംഭവിക്കുന്നതുപോലെ മറവി ബാധിച്ച ഒരാളായിരിക്കുന്നു സാറെന്ന് അനുഭവപ്പെടാൻ തുടങ്ങി. സാറിന്റെ ഒത്ത ശരീരവും തിളങ്ങുന്ന മുഖവുമാണ് ഓർമയിലുള്ളത്. മെലിഞ്ഞുണങ്ങി ജരാനരകൾ ആക്രമിച്ചു കീഴടക്കിയ ഈ വൃദ്ധശരീരം പരിചിതമല്ലാത്തതിനാലാകണം ഇതായിരുന്നോ ആ മനുഷ്യനെന്ന അമ്പരപ്പോടെ ചിലപ്പോഴൊക്കെ ഞാനും സ്നിഗ്ധനായി മാറുന്നത്.
വായുവിൽ ചൂരൽ വീശിക്കൊണ്ട് സ്കൂൾ വരാന്തയിലൂടെ അമർത്തി ചവിട്ടി നടന്നിരുന്നയാളിൽനിന്നുള്ള ദൂരം താണ്ടാൻ ഈ മനുഷ്യന് എന്നെങ്കിലും സാധിക്കുമോ. ഒരിക്കലുമില്ല, മാറിയെന്നത് തോന്നൽ മാത്രമാണ്. നിസ്സഹായതകൊണ്ടുള്ള ഒത്തുതീർപ്പുകളെ പരിവർത്തനമെന്ന് വിധിക്കാൻ സാധിക്കിെല്ലന്നു നന്നായിയറിയുന്ന ഒരാൾകൂടിയുണ്ടല്ലോ ഇവിടെ. ചില മനുഷ്യർ അങ്ങനെ തന്നെയായിരിക്കും, മരിക്കുവോളം അവർ പിടിവാശികളുടെ ചുമട്ടുകാരായിരിക്കും. എന്നാലും ടീച്ചറിന് സാറുമായൊത്തുള്ള ജീവിതമെന്ന വലിയ സഹനത്തോളം വരില്ല എന്റെ നഷ്ടങ്ങൾക്ക്.
പക്ഷേ, എെന്ന അതിശയിപ്പിച്ചുകൊണ്ട് ഉറങ്ങാൻ കിടക്കുമ്പോൾ ഇരുട്ടിൽ സാറ് സംസാരിക്കാൻ തുടങ്ങി. എപ്പോഴത്തേയുംപോലെ കൃത്യമായി പാകപ്പെടുത്തിയ ഏതാനും വാക്കുകൾ.
‘‘നാളെ രാവിലെ എന്റെ അലമാരയിൽ ഇരിക്കുന്ന കറുത്ത നിറമുള്ള ബാഗ് എടുക്കണം. അതിനുള്ളിൽ ചെറിയൊരു ഡബയുണ്ട്, പഴയൊരു ജ്വല്ലറി ബോക്സാണ്. അതെടുത്ത് വിനോദിനിക്ക് കൊടുക്കണം, അതിനുള്ളിൽ അവൾ കൊതിച്ചു വാങ്ങിയ ഒരു സാധനമുണ്ട്, അതവളെ ഏൽപ്പിച്ചിട്ട് ഞാൻ തന്നതാണ് എന്നറിയിക്കൂ.’’
ടീച്ചറിന്റെ പേർ സാറ് പറയുന്നത് ആദ്യമായാണ് കേൾക്കുന്നത് എന്ന കൗതുകത്തോടെ ഞാനുറങ്ങിപ്പോയി. പിറ്റേന്ന് രാവിലെ അലമാര തുറന്നു ബാഗ് എടുത്തപ്പോഴാണ് എന്തായിരിക്കും ടീച്ചർ ആശിച്ചു വാങ്ങിയ സാധനമെന്ന ചിന്ത ഉണ്ടായത്.
സാറ് കാണില്ല എന്നറിയാമെങ്കിലും ഡബ തുറന്നു നോക്കാനുള്ള ധൈര്യം എനിക്കുണ്ടായില്ല. കാഴ്ചയില്ലാത്തവരെ വഞ്ചിക്കരുത് എന്നമ്മ പറഞ്ഞത് ഓർമയുണ്ട്.
ടീച്ചർ ആ പാത്രം കൈയിലെടുത്തു നിമിഷങ്ങളോളം അനങ്ങാതെ നിന്നു.
അവർ സാവധാനം ഡബ തുറക്കുന്നത് നോക്കിനിൽക്കാൻ മടി തോന്നിയില്ല. മങ്ങിയ തിളക്കത്തോടെ ചുവന്ന കല്ലുള്ള ഒരു മൂക്കുത്തി അവരുടെ ഉള്ളംകൈയിലിരുന്നു.

നിഷ രവീന്ദ്രൻ
‘‘മുപ്പത്തിയൊന്നു കൊല്ലത്തെ പഴക്കമുണ്ട്, ആദ്യത്തെ ശമ്പളം കിട്ടിയപ്പോൾ ഒരുപാട് ആശിച്ചു വാങ്ങിയതാണ്. സാറിനു മൂക്കുത്തി ഇഷ്ടമെല്ലന്നു പറഞ്ഞു അന്നുതന്നെ പിടിച്ചുവാങ്ങി അലമാരയിൽ െവച്ചു പൂട്ടി. ചെറുപ്പത്തിൽ മൂക്ക് തുളക്കാൻ പേടിയായിരുന്നു. ഒന്ന് പെറ്റപ്പോൾ ആ പേടിയങ്ങു പോയി. സ്കൂളിൽനിന്ന് കൂടെ പഠിപ്പിച്ചിരുന്ന ടീച്ചറിന്റെ കൂടി പ്രോത്സാഹനംകൂടിയായപ്പോൾ ഒറ്റ ധൈര്യത്തിൽ തൊട്ടടുത്ത ജ്വല്ലറിയിൽ പോയി മൂക്കുത്തി വാങ്ങിയിട്ടു. ചുവന്ന കല്ലുള്ളത് തന്നെ വേണമെന്ന് കൊതിച്ചാണ് വാങ്ങിയത്. പക്ഷേ സാറിനു മൂക്കുത്തിയിടുന്ന പെണ്ണുങ്ങളെ ഇഷ്ടമെല്ലന്ന് പറഞ്ഞ് വായിൽ വന്ന ചീത്ത മുഴുവൻ പറഞ്ഞു. അന്നേരത്തെ വേദന മൂക്കിൽനിന്നും ഒഴുകിയ ചോരയേക്കാൾ കൂടുതൽ മനസ്സിൽ അടക്കിയ കണ്ണീരിനായിരുന്നു.’’
ടീച്ചർ പുഞ്ചിരിയോടെയായിരുന്നു പറഞ്ഞത്.
എന്റെ തുടയിൽ അന്നേരം ആഞ്ഞു വീശിയ ചൂരൽ പതിക്കുന്ന വേദന അനുഭവപ്പെട്ടു.
‘‘സാറാണ് എന്നെ ബി.എഡിന് ചേർത്തു പഠിപ്പിച്ചത്... മോന്റെ ആദ്യ പിറന്നാളിന് ശേഷം മൂപ്പരുടെ പരിചയത്തിലുള്ള സ്കൂളിൽ പത്തു ലക്ഷം കൊടുത്തു ജോലിയും വാങ്ങിത്തന്നു. അതോർമവരുന്നത് കൊണ്ടായിരുന്നു എന്തെങ്കിലും തിരിച്ചുപറയാൻ ശ്രമിക്കുമ്പോൾ വായടഞ്ഞു പോകുമായിരുന്നത്. പിന്നീടങ്ങോട്ട് മൂപ്പർക്കിഷ്ടമില്ലാത്തത് ചെയ്യാതിരിക്കാൻ ശ്രദ്ധിച്ചു. പക്ഷേ പെൻഷനായത് മുതൽ സാറ് തനിയെ ഒരു മുറിയിലേക്ക് കിടപ്പ് മാറ്റി. ഈ വീടിന്റെ പൊതുവായ ഇടങ്ങളിൽ മാത്രം പരസ്പരം ഒരുമിച്ചിരുന്നു. എന്തുകൊണ്ടോ അന്നുമിന്നും എനിക്ക് സാറിനെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.’’
ടീച്ചർ പറഞ്ഞുകൊണ്ടേയിരുന്നു. എത്രയോ കാലമായി ആരോടെങ്കിലും പറയാൻ കാത്തുെവച്ചിരുന്നതുപോലെ.
‘‘ഇടുന്നില്ലേ?’’ എല്ലാം മിണ്ടാതെ കേട്ടതിനു ശേഷം അങ്ങനെയാണ് ചോദിക്കാൻ തോന്നിയത്.
‘‘ഇനിയൊ!’’
കത്തിക്കരിഞ്ഞു ഖരാവസ്ഥയിലായ വേദനയുടെ ചുടുകട്ടയായി മാറിയിരിക്കും ഈ സ്ത്രീയെന്നു വിചാരിച്ചുകൊണ്ട് മറ്റൊന്നും പറയാനോ ചോദിക്കാനോ ആവാതെ തിരികെ നടക്കെ പിന്നിൽനിന്നും അവർ വിളിച്ചു.
‘‘അനന്ദു വി.പി...’’
ഞാൻ ഞെട്ടലോടെ തിരിഞ്ഞുനോക്കിയപ്പോൾ അവർ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു,
‘‘നീ അനന്ദു വി.പി അല്ലേ, പന്ത്രണ്ട് ബി യിലെ?’’
ഞാനൊന്നും മിണ്ടിയില്ല. ടീച്ചർ സംസാരിച്ചു.
‘‘മനുഷ്യർക്കിടയിലെ സങ്കീർണമായ പ്രശ്നങ്ങൾക്ക് അനേകം കാരണങ്ങള് കാണും. ഞങ്ങളുടെ കാര്യത്തിൽ അത് സബ്ജെക്റ്റും ലാംഗേജും തമ്മിലുള്ളതായിരുന്നു. ബുദ്ധിക്ക് താഴെയാണ് ഭാവനയെന്ന പുച്ഛം മൂപ്പർക്ക് എന്നുമുണ്ടായിരുന്നു. സാറിന്റെ ഭാഷയിൽ ഞങ്ങളുടെ രസതന്ത്രം ചേർന്നുപോയില്ല. നിങ്ങളുടെ ഭാഷയിൽ കവിതാപുസ്തകത്തിൽ സൾഫ്യൂരിക് ആസിഡ് വീണതുപോലെ അല്ലേ?’’
പക്ഷേ ഞങ്ങളുടേതോ എന്ന് തിരിച്ചു ചോദിച്ചില്ല. തേവക്കൽ ഹയർസെക്കൻഡറി സ്കൂളിലെ ഓരോ സയൻസ് ബാച്ചിനും പിടികിട്ടാത്ത ആ രസതന്ത്രം.