ബംബർ ഓറഞ്ച് താജ്മഹൽ

ചിത്രീകരണം-ദയാനന്ദൻ
458759 നമ്പർ ലോട്ടറി ടിക്കറ്റിനെ അയാൾക്ക് മറക്കാൻ കഴിയില്ല. തിരുവനന്തപുരത്തെ ആർ.സി.സി ആശുപത്രിയുടെ മുന്നിലെ ആ തീരെ വയസ്സനായ ലോട്ടറിവിൽപനക്കാരന്റെ പക്കലാണതയാൾ കണ്ടത്. ഭാഗ്യദേവത കുടിയിരിക്കുന്ന കേരള സംസ്ഥാന ബംബർ ടിക്കറ്റ്. റേഡിയേഷനിൽ വെന്തുകുതിർന്നു കിടന്നിരുന്ന ദേവകി എവിടെനിന്നോ തപ്പിയെടുത്തുതന്ന അഞ്ഞൂറു രൂപയുടെ ഒറ്റനോട്ടുമായി ആശുപത്രിയിൽനിന്നിറങ്ങിയതാണയാൾ. മയക്കത്തിൽ കിടന്നിരുന്ന അവൾക്ക് പെട്ടെന്നു വല്ലാതെ ജീവൻ െവച്ചതു മാതിരി എഴുന്നേറ്റിരുന്നു. ഓറഞ്ചുകൊതി പറഞ്ഞു. ആ നോട്ടും മുറുക്കെപ്പിടിച്ച് അയാൾ പുറത്തേക്ക് നടന്നു. വാർഡിലെ മെത്തയുടെ അടിയിലല്ല അവളത് ഒളിച്ചുെവച്ചത്! തീർച്ച. പിന്നെവിടെയാവും? ആലോചിച്ചു തീരുന്നതിനു മുന്നേ ലോട്ടറിക്കാരനെ കണ്ടു. തലേന്നുവരെ അങ്ങനൊരാളെ ഗേറ്റിന്നടുത്ത് കണ്ടിരുന്നില്ല. ടിക്കറ്റുമായി ഭാഗ്യദേവത മാനത്തുനിന്നും ഇറങ്ങിവന്നതുമാതിരിയൊരു പ്രത്യക്ഷപ്പെടൽ.
ആ കൈയിൽനിന്നും ടിക്കറ്റു വാങ്ങിയാൽ ബംബറടിക്കും. ഒന്നാം സമ്മാനം തീർച്ച. ലക്ഷണം തികഞ്ഞ ഭാഗ്യക്കച്ചവടക്കാരൻ. ലോട്ടറിക്കാരന്റെ കൈയിലെ അടുക്കുകൾക്കിടയിലാണ് ഒന്നാം സമ്മാനമടിക്കുന്ന ടിക്കറ്റ്. അതൊന്നു തൊട്ടെടുത്താൽ മതി. സൗഭാഗ്യം കാട്ടിക്കൊടുക്കുന്ന അയാളുടെ അന്തർനേത്രം തുറന്നു. (അണ്ണച്ചീ സമ്മാനമടിക്കണ ടിക്കറ്റ് മാത്തറം തപ്പിപ്പിടിക്കണ നിങ്ങളെ മന്തറവാദം ഞങ്ങൾക്കൂടെ പറഞ്ഞു തരിൻ. നിങ്ങള് ഭാഗ്യക്കുറീ തൊട്ടാ എപ്പഴ് ൈപ്രസ് അടിച്ചെന്നു ചോദിച്ചാ മതി. സൂത്തറം പറഞ്ഞതിനുള്ള ചെലവു നമക്ക് ചെയ്യാമെന്നേ. ബിവറേജസിലെ തുണക്കാർ അയാളോടു പലപ്പോഴും കെഞ്ചാറുണ്ടായിരുന്നു.)
വയസ്സന്റെ തട്ടിൽ നിരത്തിെവച്ച ടിക്കറ്റുകളെ അയാൾ സൂക്ഷ്മമായി പരിശോധിച്ചു തുടങ്ങി. ഞെട്ടിപ്പോയി. 458761 നമ്പർ ബംബർ ടിക്കറ്റ്. ഇത്തവണ നറുക്കെടുപ്പു നേരത്ത് ഏതവൻ ഭാഗ്യചക്രം കറക്കിയാലും അക്കങ്ങൾ ചെന്നുമുട്ടി നിക്കണത് 4–5–8–7–6–1 എന്ന നമ്പരിലാവും. പലവിധത്തിൽ തിരിച്ചും മറിച്ചും അയാൾ നമ്പരിനെ മനസ്സിലിട്ടുരുട്ടി. ഒറപ്പ്. നൂറ്റൊന്ന് ഒറപ്പ്. ആർക്കും ഈ ടിക്കറ്റിൽ വന്നൊറച്ച ഭാഗ്യദേവതയെ തട്ടിവിടാനാവില്ല.
എടുക്കുകയല്ലേ! ഒരിക്കലും മുൻകൂട്ടി ഭാഗ്യവാനെ കാണാൻ ശേഷിയില്ലാത്ത ആ ലോട്ടറിക്കാരനും പണം വാങ്ങാൻ കൈനീട്ടി. പെട്ടെന്ന് പുളയുന്ന ദേവകിയുടെ മുഖം അയാൾക്ക് ഓർമവന്നു. അവൾക്ക് ഓറഞ്ചി വാങ്ങിക്കാൻ എറങ്ങിയതല്ലേ! അതു നടക്കട്ട്! എന്തര് കൂത്ത് കാണാനിവിടെ നിക്കണ്? ഭാഗ്യദേവതയിൽനിന്നും മനസ്സിനെ വിടുവിക്കാൻ അയാൾ അങ്ങനെയും ചിന്തിച്ചു നേരംകളഞ്ഞു. എവളീ അഞ്ഞൂറൂ രൂപാ നോട്ട് എവിടെയാണ് ഇത്രയും നാള് പതുക്കിവച്ചിരുന്ന്? അമ്മച്ചീയെ കാണാൻ ചെന്നപ്പം ചെറുക്കന്മാർ തവപ്പനറിയാതെ കൊടുത്തതായിരിക്കും. അയാൾ നോട്ടിനെ തിരിച്ചും മറിച്ചും നോക്കി. വേണ്ട ആ പാവത്തിനെ പഴിക്കണ്ട. ദേവകിയുടെ വെപ്രാളം അത്രയ്ക്കാണ്. 458761 നമ്പരിനെ ഇപ്പഴത്തിന് വിട്ടുകളയാം.
നമ്മളെ സർക്കാര് ലോട്ടറി എടുപ്പ് ഒടനെ നിർത്താനൊന്നും പോണില്ലല്ലോ. അയാൾ മുന്നോട്ട് നടന്നു. തനിക്ക് സമ്മാനമടിക്കാനുള്ള ടിക്കറ്റ് സർക്കാര് നാളെയും എറക്കും. അതു തപ്പിപ്പിടിക്കണമെന്നേയൊള്ളൂ. ഇപ്പഴ് ബംബറിനൊള്ള സമയമായില്ല എന്നു കരുതാം. ഇവൾക്ക് വെറും കൊതിയാണ്. അണ്ണാക്ക് വെന്തുപോയ അവളെങ്ങനെയാണ് ഓറഞ്ച് ചാറ് ഉള്ളിലോട്ട് എറക്കണത്. ലൈറ്റടിച്ച് അകം മൊത്തം പൊള്ളിക്കെടക്കേണ്. ഇന്നലെ കൊറച്ച് കരിക്കുവെള്ളം കുടിപ്പിക്കാൻ പെട്ട പാട്! അങ്ങനെയും മനസ്സ് പറയാതിരുന്നില്ല. ഓറഞ്ച്കട ദൂരെ നിന്നുതന്നെ കാണാം. അത് റോഡിനപ്പുറത്താണ്. അവിടെച്ചെല്ലാൻ! ഹോ. വണ്ടിത്തെരക്കാണെങ്കിൽ! റോട്ടിനപ്പറം കടക്കണതെങ്ങനെ?
വണ്ടികൾക്കും ആളുകൾക്കുമിടയിലൂടെ പാതിദൂരം കടന്നപ്പോൾ അറച്ചു. മനസ്സു തീർത്തും മാറിയ അയാൾ തിരിച്ചു നടന്നു. വെക്കം ലോട്ടറിക്കാരന്റെ അടുത്തെത്തണം. അല്ല. താമസിച്ചാലും കൊഴപ്പമില്ല. തന്നെപ്പോലെ പെട്ടെന്നാർക്കുമങ്ങനെ ഭാഗ്യദേവത ഇരിക്കണ ടിക്കറ്റ് തിരിച്ചറിയാൻ സാധിക്കൂല്ല. ഇന്നുവരെയ്ക്കും എടുത്ത കുറികളിൽ ഒരമ്പത് രൂപയെങ്കിലും സമ്മാനം അടിക്കാതിരുന്നിട്ടില്ല. അതു നിർബന്ധമാണ്. ഭാഗ്യം നെറയാത്ത ടിക്കറ്റ് അതു വെറുതെ തരാമെന്നു പറഞ്ഞാലും അയാൾ തിരിഞ്ഞുനോക്കാറേയില്ല.
തൽക്കാലം ദേവ്യയ്ക്ക് ഓറഞ്ച് വേണ്ട. ബമ്പറിൽ ഒന്നാം സമ്മാനമായി കോടികൾ വന്നു കേറിയാപ്പിന്നെ കൊണം അവക്കും കൂടെത്തന്നെല്ല്. അവളെ ഞാൻ അമേരിക്കയിൽ കൊണ്ടുപോയി ചികിസ്സിക്കും. അവന്മാർ സമ്മാനപ്പണം മുഴുവനുമൊന്നും തരുല്ല. ഈ സർക്കാരിനെ പോലെ മനുഷ്യനെ ഒരുമാതിരി ഇതാക്കണ പരിപാടി നടത്തണ മറ്റാരും ഈ പൂമിമലയാളത്തിലേ ഇല്ല. അതു സാരമില്ല. കൊറെ സർക്കാര് എടുത്തോണ്ട് പോട്ട്. കെണേശൻ പറയണ മാതിരി നമ്മളെ സർക്കാര് തന്നല്ല്. എന്നാലും കാണും എണ്ണിയാലുമെണ്ണിയാലും തീരാത്ത പണക്കെട്ട്.
അയ്യോ. അതു പോയി അണ്ണച്ചി. ആ ലോട്ടറിക്കാരന്റെ വർത്തമാനത്തിൽ തീരെ മനസ്സാക്ഷിയില്ലാന്നയാൾക്ക് തോന്നി. ഒരു കുത്ത് ടിക്കറ്റു പിടിച്ച കൈകൊണ്ട് ഒരു ചുവന്ന ഉടുപ്പിട്ടവനെ ചൂണ്ടിക്കാണിക്കാനും ലോട്ടറിക്കാരൻ മടിച്ചില്ല. 458761 നമ്പരുമായി അകന്നു പോകുന്ന ബംബറുകാരന്റെ പുറകുവശം അയാളുടെ മനസ്സിൽ ഒട്ടിപ്പിടിച്ചു. കണ്ണിലും മനസ്സിലും ആവി. ഇതവളുടെ ശാപം തന്നെയാണ്. ഓറഞ്ചി വാങ്ങിക്കാൻ തർക്കംവച്ചതിന്റെ.
അടുത്ത കട്ടിലിലെ കൂട്ടിരിപ്പുകാരൻ ചെറുക്കൻ ഓടിവരുന്നതു കണ്ടപ്പോഴേ അയാൾക്ക് മനസ്സിലായി. 458761 ടിക്കറ്റ് പെട്ടെന്നു വിറ്റുകളഞ്ഞ ലോട്ടറിക്കാരൻ ഒരു മനസ്സാക്ഷിയില്ലാത്തയാളാണ്. ഒരിക്കൽക്കൂടി തേട്ടിവന്നതിനെ അവിടെക്കളഞ്ഞ്, കൂടുതൽ ചിന്തിക്കാൻ മനസ്സിനെ സമ്മതിക്കാതെ, ദേവ്യയും പോയി 458761 ബംബർ നമ്പരും പോയി എന്നു പിറുപിറുത്തുകൊണ്ട് വാർഡിലേക്കയാൾ ഓടി. കൈയൊടനെ ഒപ്പിച്ചില്ലെങ്കി കാര്യങ്ങള് ഇങ്ങനെ തന്നെ. ആറഞ്ചിയായാലും പാഗ്യക്കുറിയായാലും. അയാൾക്ക് അതിന്നിടയിലും വലുതായ കുറ്റബോധമുണ്ടായി.
ദേവകിയുടെ സഞ്ചയന ചടങ്ങുകൾക്കിടയിലും അന്നത്തെ പേപ്പറിൽ അച്ചടിച്ചുവന്ന, തലേന്നു നടന്ന ബംബർ ലോട്ടറി നറുക്കെടുപ്പ് ഫലമറിയാൻ അയാൾ വെമ്പിനിന്നു. തന്റെ കോടിപതിക്കൊതി കാരണം അവക്ക് നാലഞ്ച് അല്ലി ഓറഞ്ചിച്ചാറെറക്കി മരിക്കാൻ പറ്റിയില്ല. അയാൾക്ക് സ്വന്തം സ്വഭാവത്തെ വെറുക്കാതിരിക്കാനുമായില്ല. ഇത്തവണ ബംബറടിച്ചത് ആർക്കാണെന്ന് ആരും പറയുന്നില്ല. 458761 ടിക്കറ്റിനു തന്നെയായിരിക്കും. എഴവന്വേഷിച്ച് ബിവറേജസിലെ ക്യൂവിൽനിന്നും ഇറങ്ങിവന്ന അയാളുടെ തുണക്കാരിൽ പലരും ഭാഗ്യവാനെക്കുറിച്ച് പറഞ്ഞിരുന്നു. എല്ലാരുടെയും വാട്ട്സപ്പിൽ ആ നമ്പരുണ്ട്. 458761 നമ്പരിലെ ടിക്കറ്റല്ലേ സമ്മാനക്കുറിയെന്നു ചോദിക്കാൻ സങ്കടം കാരണം ആ ഫോണില്ലാത്തവന് മനസ്സും വന്നില്ല.
ആരിക്കായിരിക്കും അണ്ണാ അതടിച്ചത്? വല്ല ഒറീസ്സക്കാരനുമായിരിക്കും. അതല്ലേ നേരം ഇേത്രം ഇരുട്ടീട്ടും ഭാഗ്യവാനെ കുറിച്ചൊള്ള ന്യൂസും ഒരു ചാനലിലും വരാത്തത്. നമ്മക്കെങ്ങാനും ആവണം. പാതിരാത്രിയാണെങ്കിൽ രാത്രി. സമ്മാന ടിക്കറ്റുമായി എപ്പം ബേങ്കി പെയ്യെന്നു ചോദിച്ചാ മതി. അപ്പംതന്നെ ചാനലിലും കേറും.
ഒറീസ്സക്കാരനാവൂല്ല. ബംഗാളിക്കാവും അടിച്ചത്. മറ്റൊരു തുണക്കാർ തീർപ്പു പറഞ്ഞു.
തുണക്കാരന്മാരൊക്കെ പറഞ്ഞതു മാതിരി ഈ ഭായിമാരെ ഇവിടെനിന്നും അടിച്ചോടിക്കണമെന്ന് അയാൾക്ക് ആദ്യമായി തോന്നിയ നിമിഷമായിരുന്നു അത്. മിക്കവാറും എഴുതാനും വായിക്കാനുമറിയാത്തവൻ സമ്മാനമടിച്ച ആ ഭാഗ്യക്കുറിയെ ഇതിനോടകം കീറിക്കളഞ്ഞിരിക്കും.
ഈ വന്നു കയറിയവന്മാരെ കാരണം നമ്മളെയാരും വേലയ്ക്ക് വിളിക്കണില്ല. ഇപ്പോ നമ്മടെ ഭാഗ്യദേവതയും വരത്തന്മാരെ അനുഗ്രഹിക്കാനും തൊടങ്ങീരിക്കുന്നു. മക്കളുടെ കൂടെ പണിക്ക് പോണ ചെറുക്കന്മാർക്ക് പെണ്ണും കിട്ടണില്ല. മെയ്ക്കാട് പണിയാണ് നിങ്ങക്കെങ്കീ എന്നും വേലയൊള്ള വെങ്കാളി ചെറുക്കമ്മാരെ കെട്ടിക്കൂടേന്നാണ് കല്യാണമാലോചിച്ച് ചെല്ലുമ്പം പെമ്പിള്ളേര് നമ്മളെ പിള്ളകളോട് ചോദിക്കണത്. ഇനി ഭായിമാരെല്ലാം ഇവിടെക്കൂടി കല്ല്യാണവും കൂടെക്കഴിക്കാൻ തൊടങ്ങിയാപ്പിന്നെ മലയാളി ആണുങ്ങളെ കാര്യം കട്ടപ്പൊകയാണേ!
ടിക്കറ്റെടുക്കും. പിന്നെ മരുന്നു മൂത്താലത് കീറിക്കളയണ ശീലം. നമ്മളെ അളിയൻ കെണേശനും അങ്ങനത്തെ സൂക്കേടുണ്ട്. ടിക്കറ്റ് എടുക്കാനാണ് അവനു താൽപര്യം. പിന്നെ സൂക്ഷിക്കൂല. അതങ്ങനത്തെയൊരു വർക്കം.
എടാ... നമ്മളിന്നലെ എടുത്ത വിൻവിൻ ലോട്ടറി സേം നമ്പരിന് ഇതാ അഞ്ഞൂറു വീതമുണ്ട്. നമ്മളെടുത്തതിൽ രണ്ടു ടിക്കറ്റ് നിന്റെ കൈയിലാണേ. അവനെടുക്കുന്ന ടിക്കറ്റിന് ആയിരവും അഞ്ഞൂറുമൊക്കെ ൈപ്രസടിച്ചാലും അക്കാര്യം നമ്മള് ചെന്നു പറഞ്ഞാലും, ങാ ഞാൻ സർക്കാറിനു ദാനം കൊടുത്തിരിക്കുന്നണ്ണാ. ഒരുദ്യോഗസ്ഥന് ഇന്നത്തെ ചമ്പളം അതുകൊണ്ട് സർക്കാര് കൊടുക്കട്ടെ. പാവം അണ്ണാ നമ്മളെ സർക്കാരിന്റെയൊരു കാരിയം. അതിന്റെ കടോം ദാരിേദ്യ്രാം ഒരിക്കലും തീരുല്ല. നമ്മളെ മാതിരി നിത്യദാരിേദ്യ്രം കടോം തന്നെയാണേയണ്ണാ നമ്മളെ സർക്കാരിനും. അങ്ങനെ പറയണ ചെറുക്കനാണവൻ. ഒരു നിഷ്കളങ്കൻ കെണേശൻ.
ദേവകിക്ക് ഓറഞ്ച് വാങ്ങിച്ചു കൊടുക്കാത്തതിലും സങ്കടം ആ ടിക്കറ്റിനെ കൈവിട്ടതിലായിരുന്നു. ഓർമിക്കുമ്പം അതു പെരുകി പെരുകി മനസ്സ് വല്ലാതെ കലമ്പിക്കൊണ്ടിരുന്നു. അടുത്ത തവണ ബംബറടിക്കാനൊള്ള ടിക്കറ്റ് ചെലപ്പം പാലക്കാട്ടായിരിക്കും. അല്ലെങ്കി കണ്ണൂര്. നമ്മള് എങ്ങനെ അവിടെ ചെന്നത് തപ്പിപ്പിടിക്കും? ചെലതൊക്കെ ജീവിതത്തില് ഒരിക്കലേ!
പി.കെ. സുധി,ദയാനന്ദൻ
അച്ചി മരിച്ച നേരത്ത് മനസ്സിത്തെളയ്ക്കണത് പൊറത്ത് പറയാൻ കൊള്ളാത്ത കാര്യങ്ങളാണ്. അയാൾ കുനിഞ്ഞിരുന്നു. അന്ന് ആംബുലൻസ് വരുന്നതിനു മുമ്പ് ചെല കടലാസുകളെ പോട്ടോസ്റ്റാറ്റ് എടുക്കാൻ ആശൂപത്രീന്ന് പുറത്തോട്ട് എറങ്ങിയപ്പം ആ ലോട്ടറിക്കാരൻ വീണ്ടും അയാളുടെ അടുത്തെത്തി. എപ്പഴാണ് ഭാഗ്യദേവതയുടെ അനുഗ്രഹമെന്ന് ആർക്കും പറയാൻ... നീയെടുത്തോയെടുത്തോ എന്നാരോ മന്തിറിച്ചു. നമ്പരൊന്നും ഗെണിക്കാനും കെണിക്കാനും നിന്നില്ല. കിട്ടിയ ടിക്കറ്റെടുത്താണ് ഭാര്യ മരിച്ച സങ്കടം തീർത്തത്. ഭാഗ്യദൈവത്തെ മനസ്സിപ്പോലും പ്രാർഥിച്ചില്ല. അതില് പത്തോ ആയിരമോ തീർച്ചയായും അടിച്ചു കാണും. നോക്കിയാലല്ലേ അറിയാമ്പറ്റു.
ഇനിയിപ്പം സഞ്ചാന്യക്കാരൊക്കെ പോട്ട്. പിന്നീടപ്പറത്തെ വീട്ടീന്ന് പത്രക്കടലാസ് എടുത്ത് നോക്കാം. എത്ര അടിച്ചാലും ആ പണത്തിന് ഉണ്ണീരെ ലോട്ടറിക്കടേന്ന് മുഴുവനും ടിക്കറ്റ് എടുക്കണം. അപ്പഴ് നമ്പരുകളൊന്നും നോക്കൂല്ല. ഒരാഴ്ചയെങ്കിലും അവന്റടുത്തൂന്ന് ഏറ്റവും കൂടുതൽ പൈസക്ക് ടിക്കറ്റെടുത്തയാൾ താനാവണം. അയാൾ അങ്ങനെ തിരിക്കിന്നിടയിലും മനോരാജ്യങ്ങൾ കണ്ടിരുന്നു. അതു കാരണമാവും ദേവ്യ പോയ സങ്കടം തീരെ മനസ്സി വരണില്ല.
ചടങ്ങുകൾ തീർന്നു. മക്കൾ അമ്മയുടെ അസ്ഥിയുമായി എത്തി. മുറ്റത്തെ പ്ലാവിന്റെ മൂട്ടിൽ അതുെവച്ചു. അയാൾ ചടങ്ങുകൾ എല്ലാം യാന്ത്രികമായി കണ്ടു നിന്നു. ഒരുപക്ഷേ, അന്നോറഞ്ച് കൊടുത്തിരുന്നെങ്കിൽ അവളെ അവസാനത്തെ ആഗ്രഹം... ഉള്ളീന്നു കക്കിക്കക്കി വന്നത് അയാൾ തുപ്പിക്കളഞ്ഞു.
അന്നത്തെ ദെവസം തീരെ വർക്കത്തുകെട്ടതായിരുന്നു. ബംബറും പോയി. കെട്ടിയോളും. അയാളെ ആ വഴിക്ക് വീണ്ടും ആലോചിക്കാൻ സമ്മതിക്കാതെ ലോട്ടറിക്കട ഉണ്ണി ആക്ടിവയിൽ വന്നു. ഉണ്ണിയെ കണ്ടതും അയാക്ക് ഉത്സാഹമായി.
അണ്ണാ... ഇേത്രം ദെവസം വരാമ്പറ്റീല്ല. ഒാരോ ദെവസോം ഓരോ എടപാട്കള് ലോട്ടറിക്കാരെ സമ്മേളനം. അത് ഇത്. തീരെ നേരംകിട്ടീല്ല.
അതു പോട്ട്. പോയവര് പോയി. ഇട്ടലീം രസവടേം മിച്ചമൊണ്ടാ?
കാര്യങ്ങളെല്ലാം മംഗളമായി. സഞ്ച്യാന്യ അടിയന്തരമൊക്കെ പിള്ളേരെ വക ചെലവാണ്. അതെല്ലാം വേഷായിട്ട്തന്നെ നടന്ന്. ഓ. അതല്ലാതെ നമ്മളെ കൈയി എന്തര് കീരവിത്തിരിക്കണ്.
ആരിക്കാണ് ബംബർ അടിച്ചതുണ്ണി? ഇതുവരേം അറിഞ്ഞില്ലല്ല്. വല്ല ബംഗാളിക്കും തന്നേ? ഇപ്പഴെങ്ങാനും നിങ്ങളെ വാട്ട്സപ്പി വാർത്തയെങ്ങാനും വന്നാ? അയാൾ ചോദിച്ചു.
ഓ... ചെലപ്പം ആയിരിക്കും. അവന്മാര് പണോം വാങ്ങിച്ച് നിന്ന നിപ്പിൽ രാജ്യത്തിന്റെ അതിരും കടന്ന് മറുവശത്ത് പെയ്ക്കാണും അണ്ണാ. വല്ല പാരതീയനും അടിച്ചാ പണം ഇവിടെയെങ്കിലും നിക്കുവായിരുന്നു. കാലംപോയ പോക്കേ. നമ്മളെ സർക്കാര് നക്കീം തുപ്പലുതൊട്ടും ഒണ്ടാക്കണത് അവന്മാര് കൊണ്ടുപോവും എന്നു ചുരുക്കം.
തിരുവന്തോരത്ത് ആണ് ബംബറടിച്ച ടിക്കറ്റ് വിറ്റത്. ആർ. സി.സീൽ വല്ലപ്പോഴും ടിക്കറ്റുമായി പോണ ആ ലോട്ടറിക്കാരൻ അപ്പൂപ്പനേം കിട്ടി. പക്ഷേ, പാഗ്യവാൻ മാത്രം മറഞ്ഞ്. അവന്മാര് അതും വാങ്ങിച്ച് അങ്ങ് ബംഗാളി കൊണ്ടുപോയി വെലസം. നമ്മളിവിടെ മിഴുങ്ങസ്യാന്ന്.
അതവനു തന്നെ. അയാൾക്ക് തിട്ടമായി. 458761 നമ്പരിനാണാ. ആ ചൊവന്ന ഉടുപ്പിട്ടവനാ? ചൊവന്ന ഉടുപ്പല്ലേ! അവൻ ബംഗാളി തന്നെയായിരിക്കും. അയാൾ വെമ്പലെല്ലാം മനസ്സിലടക്കി. മാനക്കേട്. പങ്കം. ഇേത്രം നാള് കഞ്ഞിവച്ചുകൊടുത്ത കെട്ടിയോക്ക് ഒരു കിലോ ആറഞ്ചിന് ഒതവാത്തവൻ. ഉള്ളിലിര്പ്പും അന്നത്തെ ദെവസം നടന്നതും പൊറത്ത് ആരുടെ പറഞ്ഞാലും കേട്ടവര് അങ്ങനേ കരുതു.
അല്ല മലയാളിക്ക് തോനെ പൈസ കിട്ടീട്ടും കാര്യമില്ല. മുഴുവനും അപ്പഴ് തന്നെ പുളിശ്ശേരി കുടിച്ച് തീർക്കും. കണ്ടില്ലേ മുമ്പത്തെ ഭാഗ്യവാന്റെ കഥേം കാരിയവും. കടം വാങ്ങിക്കാൻ വരണവരെ ശല്യം കാരണം ഒരാഴ്ചക്കാലത്തിനാണ് അവൻ വീട്ടിക്കേറാതെ ഒളിച്ചു കളഞ്ഞത്. അതാണിവിടത്തെ സിതി. എല്ലാരിക്കും വഴീക്കെടക്കണ തേങ്ങയെടുത്ത് കെണപതിക്ക് അടിച്ചാ മതി. പിരിവ്. പിരിവ്.
ലോട്ടറി ഉണ്ണി പോക്കറ്റിൽനിന്നും ബംബർ നറുക്കെടുപ്പിന്റെ റിസൽട്ട് എടുത്തു. അയാളും അകത്ത് ചെന്ന് തഞ്ചത്തിൽ ആ ടിക്കറ്റ് കൊണ്ടുവന്നു.
അയാൾ പുറകിലേക്ക് മറിഞ്ഞു.
പിന്നെല്ലാം വേഗത്തിൽ ബാങ്കുകാർ, പത്രക്കാർ, സംഭാവന ശേഖരിച്ച് സൽക്കർമങ്ങൾ നടത്തുന്നവർ, രാഷ്ട്രീയക്കാർ, സാംസ്കാരിക സംഘടനകൾ, ബന്ധുക്കൾ എല്ലാപേരും മുറയ്ക്ക് വന്നു.
മനസ്സു കല്ലിച്ചുപോയി. ഇേത്രം പണംകൊണ്ട് എന്തരു ചെയ്യും? എങ്ങനെ ഒരു കിലോ ആറഞ്ചിയുടെ തീരാക്കടം വീട്ടും? ആരോടും അക്കാര്യം മിണ്ടാൻ പോയതേയില്ല.
കോടികള് വന്നപ്പം, നിങ്ങളപ്പം അടീം നിർത്തിയാ അണ്ണച്ചി? ബിവറേജസിലെ തുണക്കാർ രാവിലെയും വൈകുന്നേരത്തും വന്നു നോക്കിപ്പോയി.
ഒരു പൈന്റിവിടെ വയ്ക്കട്ടാ. ഞങ്ങക്ക് കടോന്നും വേണ്ട. നിങ്ങളെന്തെരെങ്കിലും മിണ്ടിൻ അണ്ണാ. നിങ്ങളെ കായിയൊന്നും ഞങ്ങക്ക് വേണ്ട. അവരിൽ ചിലർക്ക് മിഴിച്ചിരിക്കുന്ന അയാളെ കണ്ട് ദേഷ്യം വന്നു.
പണം അക്കൗണ്ടിൽ എത്തി. ബാങ്കിൽനിന്നും എളയ ചെറുക്കന്റെ മൊബൈലിൽ വിളിവന്ന നേരത്തും അയാൾ മിഴുങ്ങസ്യാന്നിരുന്നു.
ബേങ്ക് നേരം കഴിഞ്ഞല്ല്. നിങ്ങക്കിനി നാളെ ടൗണിപ്പോവാം. എളയ ചെറുക്കൻ അങ്ങനെ പറഞ്ഞിട്ടും അയാളിറങ്ങി നടന്നു. കച്ചേരി നടയിലെ കടയിൽ ഒരു കിലോ ഓറഞ്ച് പറഞ്ഞു. തട്ടി കൊടഞ്ഞപ്പം കിട്ടിയത് നൂറ്റി നാപ്പത്തിയെട്ട്. രണ്ടു രൂപ കൊറഞ്ഞതവൻ തൂക്കത്തിൽ പിടിച്ചു. അതയാൾ ശ്രദ്ധിച്ചു.
പൊതിയുമായി വരുന്ന വഴിയിൽ കണ്ടവർക്കും പോണവർക്കും ഓരോ ഓറഞ്ച് വീതം എടുത്തു നീട്ടി. ചെലരൊക്കെ സംശയിച്ച് വാങ്ങിച്ചതേയില്ല.
കോടിപതിക്ക് പ്രാന്തായാ? അയാളെ അറിയാവുന്നവർ അങ്ങനെയും പിറുപിറുക്കുന്നുണ്ടായിരുന്നു.
വീട്ടിലെത്തിയപ്പോൾ കവറിന്നകത്ത് ഒന്നു ശേഷിച്ചു.
ദേവിയയുടെ ചുടലയിൽ അയാളത് വച്ചു. ചടങ്ങിനു വിതറിയ അഷ്ടധാന്യ വിത്തുകൾ മുളച്ച് പച്ചപ്പട്ടുപോലായിരുന്ന മൺതിട്ടയിൽ ഓറഞ്ച് ചെന്നൊളിച്ചു കിടന്നു.
പിറ്റേന്ന് അയാൾ ബേങ്കിൽ പോയി. മാനേജർ മാത്രമല്ല ബാങ്കു മുഴുവനും അയാൾക്ക് മുന്നിൽ നമിച്ചു. ചെക്കെഴുതിയത് വെറും അഞ്ഞൂറ് രൂപയ്ക്ക്. അവന്മാരിക്ക് മുഷിഞ്ഞു കാണണം. കോടിപതി പിൻവലിച്ചത് അഞ്ഞൂറുലുവ. അയാളുള്ളിൽ ചിരിച്ചു.
ബാങ്കുകാരൻ ചിരിച്ചോണ്ടു തന്നെ പറഞ്ഞു. ഇനി കാർഡ് വീട്ടിവരും അതിട്ട് ഏറ്റീഎമ്മീന്ന് പണമെടുക്കണം. ഇവിടെ വരണ്ട.
അയാൾ ആലിന്റെ മൂട്ടിലോട്ട് നടന്നു. പിന്നെ കഴിഞ്ഞ ദിവസത്തെ മാതിരി ഒരു കിലോ ഓറഞ്ചു വാങ്ങി. ആദ്യ സമർപ്പണം ഓറഞ്ചു കച്ചവടക്കാരനു തന്നെ നടത്തി. അവനത് വാങ്ങിച്ചില്ല.
വീട്ടിലെത്തി ദേവകിയുടെ ചുടലയിൽ മിച്ചമുള്ള രണ്ട് ഓറഞ്ചുകൾ സമർപ്പിച്ചു. തിരിഞ്ഞതും മുറ്റത്തയാൾ പോസ്റ്റുമാനെ കണ്ടു.
പിറ്റേന്നും ബാങ്കിൽപോയി നൂറ്റിയമ്പത് രൂപാ ഏറ്റീഎമ്മീന്നു വലിച്ചു. പൈസ കൊറഞ്ഞോണ്ടായിരുന്നും ആ മെഷീനും പിറുപിറുത്തു. എല്ലായെടത്തും പണത്തിനു തന്നെ വെല. അയാൾ കരുതി.
ചുടലയിൽ നാല് ഓറഞ്ചുകൾ െവച്ചു. പിറ്റേന്ന് എട്ടായി. പിന്നത്തെ ദിനം പതിന്നാറ്. അടുത്ത ദിവസം മുപ്പത്തിരണ്ട്. അത് അറുപത്തിനാലായി ഇരട്ടിച്ചു. പിന്നെപ്പിന്നെ നൂറ്റി ഇരുപത്തിയെട്ട്, അങ്ങനെ പോയി.*
അതിന്നിടയിൽ പരസഹായമില്ലാതെ കാർഡിട്ടു പണമെടുക്കാനും പഠിച്ചു. സംഖ്യ കൂടിയപ്പം മെഷീൻ അതിന്റെ കലമ്പലും നിർത്തി. വഴീൽ ഓറഞ്ച് ദാനം കൊടുക്കണത് അയാൾ അവസാനിപ്പിച്ചു.
അങ്ങനെയാണ് ദേവകിയുടെ ചുടലയിൽനിന്നും പ്രസരിക്കുന്ന ഓറഞ്ചുമണം ഗ്രാമത്തിൽ, ടി.വി വഴി പഞ്ചായത്തിൽ ജില്ലയിലും വ്യാപിച്ചത്.
യൂട്യൂബു വഴി അതിതാ ലോകത്തിലേക്ക് നിറയാൻ പോകുന്നു.
താജ് മഹലിനു ശേഷം ഒരുവൻ തന്റെ മരിച്ചുപോയ പ്രിയതമക്ക് സമർപ്പിച്ച ഏറ്റവും ഉദാത്തമായ ഉപഹാരമായിയീ ഓറഞ്ചു സമർപ്പണം വിലയിരുത്തപ്പെടാൻ പോകുന്നു.
============
*ചതുരംഗം കളിച്ച് ജയിച്ച കായംകുളം രാജാവിനെയും സമ്മാനമായി അറുപത്തിനാലു ചതുരംഗ കളത്തിൽ ഒന്നേ രണ്ടേ നാലേ എട്ടേ പതിന്നാറേയെന്ന് വീതം നെന്മണി നിറച്ച് പാപ്പരായ ചെമ്പകശ്ശേരി രാജാവിനെയും കുറിച്ചുള്ള പഴങ്കഥ.