Begin typing your search above and press return to search.

ഇ.എം.എസ് ഭവനപദ്ധതി

ഇ.എം.എസ്  ഭവനപദ്ധതി
cancel

“നമ്മുടെ കുഞ്ഞുഭവനത്തിന് ഇ.എം.എസ് എന്ന് പേരിട്ടാലോ?” “കൊള്ളാം. ജെൻ സി പിള്ളേർക്ക് പുള്ളിക്കാരനെ വേണ്ടത്ര പരിചയമില്ല. മുതിർന്നവരും മറന്നോന്ന് സംശയമുണ്ട്.” “നിങ്ങൾ ആരുടെ കാര്യമാണ് പറയുന്നത്?” “ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ.” “അദ്ദേഹത്തിന്റെ പേരിടാൻ ഇത് പാർട്ടി ആപ്പീസാണോ?” “ഭവനത്തിനും ഇടാം.” “അത് സർക്കാറിന്റെ വല്ല ഭവനപദ്ധതിക്കും ഇടട്ടെ. ഞാൻ ഉദ്ദേശിച്ചത് എറ്റേണൽ മാജിക്കൽ സോൾസ് (Eternal Magical Solace) എന്നതിന്റെ ചുരുക്കമായ ഇ.എം.എസ് ആണ്.” “എക്സ്ട്രാ മാരിറ്റൽ സ്മാൾഹൗസ് എന്നതിന്റെ ചുരുക്കവും ആവാമല്ലോ!” “സ്മാൾഹൗസ്?!” “ചിന്നവീട്.” “പോ അവിടന്ന്! സീരിയസ് ആയിട്ട് ഒരു കാര്യം പറയുമ്പോൾ......

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

“നമ്മുടെ കുഞ്ഞുഭവനത്തിന് ഇ.എം.എസ് എന്ന് പേരിട്ടാലോ?”

“കൊള്ളാം. ജെൻ സി പിള്ളേർക്ക് പുള്ളിക്കാരനെ വേണ്ടത്ര പരിചയമില്ല. മുതിർന്നവരും മറന്നോന്ന് സംശയമുണ്ട്.”

“നിങ്ങൾ ആരുടെ കാര്യമാണ് പറയുന്നത്?”

“ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ.”

“അദ്ദേഹത്തിന്റെ പേരിടാൻ ഇത് പാർട്ടി ആപ്പീസാണോ?”

“ഭവനത്തിനും ഇടാം.”

“അത് സർക്കാറിന്റെ വല്ല ഭവനപദ്ധതിക്കും ഇടട്ടെ. ഞാൻ ഉദ്ദേശിച്ചത് എറ്റേണൽ മാജിക്കൽ സോൾസ് (Eternal Magical Solace) എന്നതിന്റെ ചുരുക്കമായ ഇ.എം.എസ് ആണ്.”

“എക്സ്ട്രാ മാരിറ്റൽ സ്മാൾഹൗസ് എന്നതിന്റെ ചുരുക്കവും ആവാമല്ലോ!”

“സ്മാൾഹൗസ്?!”

“ചിന്നവീട്.”

“പോ അവിടന്ന്! സീരിയസ് ആയിട്ട് ഒരു കാര്യം പറയുമ്പോൾ... ചിന്നവീട്..! അതിന്റെ സംത്രാസം കൊണ്ടുക്കളഞ്ഞു... മൂർഖനാണ് നിങ്ങൾ ഐ മീൻ മൊറോൺ.”

“ഐ ആം ദ സോറി. നിന്റെ പൈസ നിന്റെ... പ്ലാൻ നിന്റെ... ഇഷ്ടമുള്ള പേരിട്ടോ.”

“നമ്മുടെ പൈസ എന്ന് പറ.”

“അതിന് എന്റേൽ എവിടന്ന് പൈസ?”

“ഓ! കോംപ്ലക്സ് തുടങ്ങി.”

“പേരൊന്നുമല്ല ഇവിടത്തെ വിഷയം. മൂന്നുമാസത്തിലൊരിക്കൽ നമുക്ക് കാണാൻ വല്ല ലോഡ്ജിലും മുറിയെടുത്താൽ പോരേ എന്നുള്ളതാ!”

“ഹോട്ടൽ മുറിയിൽ..! ഞാനെങ്ങും വരത്തില്ല.. പോലീസ് പിടിക്കാനായിട്ട്.”

“അതൊക്കെ പണ്ട്, നിയമം മാറിയതറിഞ്ഞില്ലേ?”

“അതൊന്നും ശരിയാവത്തില്ലാന്ന് ഞാൻ അന്നേ പറഞ്ഞിട്ടുണ്ട്. വീട്പണി തീരും വരെ കാക്കാൻ ക്ഷമയുള്ളവർ നിന്നാൽ മതി. ധൃതിയുള്ളവർക്ക് പോവാം.”

 

“ക്ഷമയുടേം ധൃതിയുടേം പ്രശ്നമല്ല, ഇനി അതിക്കേറിപ്പിടിച്ച് പിണങ്ങേണ്ട. രഹസ്യായിട്ട് അമ്പത് ലക്ഷം രൂപേടെ വസ്തു വാങ്ങുന്നു. അതിൽ രഹസ്യായിട്ട് അമ്പത് ലക്ഷത്തിന്റെ വീട് വയ്ക്കുന്നു. മൊത്തം ബഡ്ജറ്റ് ഒരു കോടി. ആലോചിച്ചപ്പോഴേ തല പുകയുന്നു.”

“ഈ തല പണ്ട് പഠിക്കാൻ വിട്ടപ്പോഴേ പുകച്ചിരുന്നെങ്കിൽ എന്നെപ്പോലെ രണ്ടരലക്ഷം ശമ്പളം വാങ്ങാരുന്നു.”

“നിനക്ക് രണ്ട് പിള്ളേർ ഉള്ളതല്ലേ..? അവർക്ക് ഓരോ ആവശ്യം വരില്ലേ?”

“അതിനുള്ള പൈസയൊക്കെ ബാങ്കിൽ ഉണ്ട്. അത് വിട്.”

“വിട്ടു.”

“എന്നാ നല്ല കുട്ടിയായിട്ട് ആ ബ്രോക്കറെ പോയി കാണാം.”

“ഞാനും വരണോ?”

“പിന്നേ, നിന്നെയല്ലേ കെട്ടിയവനായി അവതരിപ്പിക്കുന്നത്.”

“അത് ശരി. കൊണ്ടിറങ്ങാൻ കൊള്ളുന്ന കെട്ടിയവൻ ഇല്ലാത്ത വിഷമം മാറിയല്ലോ!”

“അത് പോയിന്റ്. ഒരു മണിക്കൂർ ദൂരമുണ്ട്. ഞാൻ വണ്ടി ഓടിക്കാം. നീ നമ്മുടെ ദുർഗമന്ദിരം സ്വപ്നം കാണ്!”

“ഞാൻ ഒറ്റയ്ക്ക് കാണാനോ?”

“ഇത് പോലൊരു ഇംബസൈൽ. കാണാൻ കൊള്ളാം. തടി മിടുക്കുണ്ട്. പെർഫോമൻസും മോശമല്ല. വേറൊരു ഗുണവും നിനക്കില്ല.”

“അപ്പൊ നിന്റെ കെട്ടിയവനോ?”

“അങ്ങോർക്ക് ഇതൊന്നും ഇല്ല. മൊത്തത്തിൽ കൂതറ. അതല്ലേ നിന്നെ കണ്ടപ്പോൾ ഞാൻ വീണത്.”

“അതിഷ്ടമായി.”

“എനിക്കത്ര ഇഷ്ടായില്ല. ആ നശൂലത്തിന്റെ കാര്യം എടുത്തിടരുതെന്ന് പലവട്ടം പറഞ്ഞിട്ടുള്ളതല്ലേ?”

“സോറി!”

“ആ പോട്ട്. നമുക്ക് ഇ.എം.എസിന്റെ പൂമുറ്റം സ്വപ്നം കാണാം. പുഴയിലേക്ക് നോക്കി കാലുംനീട്ടി ഉമ്മറപ്പടിയിൽ നീയിരിക്കുന്നു. ഞാൻ മടിയിൽ തല​െവച്ചു കിടക്കുന്നു.”

“പിന്നാമ്പുറം അല്ലെ പുഴയുടെ നേരെ. ഉമ്മറത്ത് പൊതുവഴിയല്ലേ?”

“നമ്മൾ വാട്ടർഫ്രണ്ടായിട്ട് വയ്ക്കുന്നു. പൊതുവഴീടെ നേരെ അടുക്കള വന്നാൽ എന്താ കുഴപ്പം? വീട് വച്ച് വിൽക്കാൻ ഒന്നും അല്ലല്ലോ!”

“എന്നാ ഓക്കേ.”

“കൊച്ചിലേ ഉള്ള ആഗ്രഹമായിരുന്നു. ഉമ്മറപ്പടിയിൽ ആണൊരുത്തന്റെ മടിയിൽ തലവച്ചുറങ്ങുന്നത്. അങ്ങേർക്ക് ഇതൊന്നും ഇഷ്ടമല്ല. ഹി ഈസ് ഹൈലി അൺ റൊമാന്റിക്.”

“ഇതിനു മാത്രമാണെങ്കി പുഴ എന്തിനാ?”

“അത് പറയാം... സന്ധ്യക്ക് ബിക്കിനിയിട്ട് വെള്ളത്തിൽ ഇറങ്ങി നിൽക്കണം... നീ ജോക്കിയിട്ടോ!”

“നമ്മൾ രണ്ടാളല്ലേ ഉള്ളൂ എന്തിനാ ബിക്കിനിയും ജോക്കിയും? അതൂടങ്ങ്...”

“ആദ്യം ഇട്ടിട്ട് പിന്നെ ഊരുന്നതല്ലേ അതിന്റെ ഒരു രസം!”

“ശരിയാ!”

“ഇനി നിന്റെ ആഗ്രഹം പറ.”

“ചിരിക്കൂലങ്കി പറയാം. അതിലും ഉമ്മറപ്പടി ഉണ്ട്. സന്ധ്യാനേരത്ത് ഞാനും പ്രണയഭാജനവും ഉമ്മറപ്പടിയിൽ! അവളുടെ മടിയിൽ കിടന്നുകൊണ്ട് ഞാൻ ടി.എസ്. എലിയറ്റിന്റെ കവിത ചൊല്ലുന്നു. അവൾ നെരൂദയുടെ കവിതയും.”

“ആരാ ഈ അവൾ?”

“നീ തന്നെ.”

“പിന്നെ അങ്ങനെ പറഞ്ഞാൽ പോരേ?!”

“കൊച്ചിലേ കണ്ടിരുന്ന സ്വപ്നമല്ലേ! അന്ന് നിന്നെ അറിയില്ലല്ലോ. പിന്നെ ആ പൊട്ടിക്കാളിടടുത്ത് എലിയട്ട് എന്ന് പറഞ്ഞാൽ എലിവിഷത്തിന്റെ കേക്ക് വാങ്ങി വിറകുപുരയിൽ വയ്ക്കാൻ പറയും.’’

“ഇതൊക്കെ നടക്കണമെങ്കിൽ നമുക്ക് സ്വന്തമായി വീട് വേണമല്ലോ. അതാ ഞാനീ കഷ്ടപ്പെടുന്നത്.”

“കേൾക്കാൻ നല്ല സുഖമുണ്ട്.”

“ചെയ്യാനും സുഖംതന്നെ… നീ തുടയിൽ നുള്ളാതെ ബാക്കി സ്വപ്‍നം പറ.”

“നീ പറ!”

“കാർത്തികയ്ക്ക് നമ്മൾ ആയിരത്തെട്ട്‍ ഇടിഞ്ഞിൽ കത്തിക്കുന്നു.”

“നാട്ടുകാരുടെ ശ്രദ്ധ ആകർഷിക്കുന്ന സ്വപ്നങ്ങളേ ഉള്ളല്ലോ!”

“ഇവിടെ നമ്മൾ വല്ലപ്പോഴും ലീവിന് വരുന്ന കെട്ടിയോനും കെട്ടിയോളും ആണല്ലോ. മാത്രമല്ല ഇടിഞ്ഞിൽ അകത്താണ് കത്തിക്കുന്നത്.”

“മനസ്സിൽ?”

“അതല്ല, ഹാളിലും ബെഡ് റൂമിലും അടുക്കളയിലും. ബാക്കി ലൈറ്റൊക്കെ അണയ്ക്കണം. എന്നിട്ട് നമ്മൾ നൂൽബന്ധമില്ലാതെ കഞ്ഞിയും കറിയും വയ്ക്കണം.”

“അതിനാണോ തുണി അഴിച്ചത്?”

“മുഴുവൻ കേൾക്ക് മനുഷ്യാ...”

“സന്ധ്യക്ക് ഇടിഞ്ഞിൽ കത്തിക്കുന്നു. ഇടയ്ക്ക് മെഴുകുതിരിയും ആവാം. രണ്ടാളും വസ്ത്രം ഫുൾ മാറ്റുന്നു. എന്നിട്ട് പച്ചക്കറിയരിയുന്നു, തേങ്ങ ചുരണ്ടുന്നു, ചപ്പാത്തിമാവ് കുഴയ്ക്കുന്നു, പായസം വയ്ക്കുന്നു, ഇടയ്ക്ക് ബ്രൂകോഫിയുണ്ടാക്കി ഊതിയൂതിക്കുടിക്കുന്നു...”

“എന്നെ കൊതിപ്പിച്ച് പണ്ടാറടക്കുമോ?”

“കറക്ട്. കൊതി വന്ന് പൊറുതിമുട്ടും വരെ അത് ചെയ്യാൻ പാടില്ല. അതായത് വെളുപ്പാൻ കാലം നാല് വരെ! രാത്രി ഫുൾ ഫോർ പ്ലേ... അത് കഴിഞ്ഞിട്ട്…”

“കഴിഞ്ഞിട്ട്?”

“പോ അവിടന്ന്..! എന്താ രസമായിരിക്കും ആ കളിക്ക് അല്ലെ?”

“പറഞ്ഞു കൊതിപ്പിച്ചു! വണ്ടി നേരെ ഊട്ടിക്ക് വിട്ടാലോ?”

“കാത്തിരുന്ന് കിട്ടുമ്പോഴല്ലേ രസം മോനേ?”

“എത്രയെന്നും പറഞ്ഞാ?”

“പ്രോപ്പർട്ടീടെ ഡീഡ് ഈയാഴ്ച നടന്നാൽ ഒരാറുമാസം. ഏറിയാൽ എട്ട്.”

“പത്തുമാസം കഴിയുമ്പോഴെങ്കിലും നടന്നാൽ മതിയായിരുന്നു.”

 

സജീവ്​ കീഴരിയൂർ

* * *

“ഹലോ എത്ര പ്രാവശ്യം വിളിച്ചു? എടുക്കാൻ എന്താ അമാന്തം?”

“ഞാനിവിടെ ബാറിൽ... കൂട്ടുകാരൻ കാന​െഡയീന്ന് വന്നപ്പോ... ചെറിയൊരു... എന്താ ഈ സമയത്ത്?”

“ഞാൻ ചെറുതായിട്ടൊന്ന് വാക്ക് തെറ്റിച്ചു.”

“ഏത് വാക്ക്?”

“പ്രോപ്പർട്ടി വാങ്ങിയ കാര്യം മൂത്തവളോട് പറഞ്ഞു. അവൾക്ക് പതിനെട്ട് തികഞ്ഞല്ലോ.”

“പതിനെട്ടും പ്രോപ്പർട്ടിയും തമ്മിൽ?”

“പോണവഴിക്ക് വല്ല ഹാർട്ടറ്റാക്കും വന്ന് മരിച്ചുപോയാൽ ഇങ്ങനെ ഒരു സ്ഥലമുണ്ടെന്ന് അവൾ അറിയണ്ടേ?”

“എന്നിട്ട് മോൾ എന്ത് പറഞ്ഞു?”

“വലിയ ഹാപ്പി. അവൾ പി.ജിയും നെറ്റും കഴിഞ്ഞിറങ്ങുമ്പോ ഇപ്പഴത്തെ അപ്രീസിയേഷൻ റേറ്റ് വച്ച് ഒന്നേ കാൽ കോടിയെങ്കിലും കിട്ടുമെന്നാണ് പറയുന്നത്.”

“അതൊക്കെ ഇപ്പഴേ ആലോചിക്കണ്ട കാര്യമില്ലല്ലോ!”

“കാര്യമുണ്ടെന്ന് അവൾ പറഞ്ഞപ്പഴാ കത്തിയത്.”

“കാര്യം എന്താന്ന് പറ?”

“ആ ഒന്നേകാൽ കോടി വല്ല എയിഡഡ് കോളേജിലും കൊടുത്ത് ലക്ചററായിട്ട് കേറിയാ ജീവിതം സെറ്റ് ആവുമല്ലോ എന്ന്. മാത്രമല്ല ആ പരട്ട പിശുക്കൻ തന്തേടെ മുന്നിൽ ചെന്ന് ഇരക്കാൻ നിക്കണ്ട​േല്ലാ എന്നും. അവൾക്കും അങ്ങേരെ ഇഷ്ടമല്ല.”

“നല്ലത് തന്നെ. ഇതിപ്പം നാളെ പറഞ്ഞാലും മതിയായിരുന്നല്ലോ.”

“വേറോരു ഐഡിയ കൂടി ഉണ്ട്.”

“അത് പറ. നിനക്ക് എപ്പഴും പ്ലാൻ ബി ഉണ്ടല്ലോ.”

“രണ്ടാമത്തവള് പ്ലസ് ഒന്നിന് ചേർന്നല്ലോ. സമയം ദാന്നങ്ങ് പോവും അവൾക്കും വേണ്ടേ യു.ജി.സി?”

“സമയം ഉണ്ടല്ലോ!”

“തീരെ ഇല്ല. അതാ രാത്രി വിളിച്ചത്. നമ്മുടെ ബ്രോക്കർ ഇപ്പം ഫോൺ വച്ചതേയുള്ളൂ നാളെയെങ്കി നാളെ അഡ്വാൻസ് കൊടുക്കണമെന്നാ പുള്ളി പറയുന്നത്.”

“ഒന്നും പിടികിട്ടിയില്ല. കള്ള് തലയ്ക്ക് പിടിച്ചെന്നാ തോന്നുന്നത്. കാലത്ത് വിളിക്കാം.”

“വയ്ക്കല്ലേ... വയ്ക്കല്ലേ... എക്സൈറ്റ്മെന്റിൽ ഞാൻ പറയാൻ വിട്ടതാണ്. നമ്മൾ കഴിഞ്ഞ ആഴ്ച രജിസ്റ്റർ ചെയ്തതിന്റെ തൊട്ടടുത്ത് അമ്പത് ലക്ഷത്തിന് ഒരു പ്രോപ്പർട്ടി അത്യാവശ്യത്തിന് കൊടുക്കാൻ പ്ലാനുണ്ടെന്നാ അയാൾ പറയുന്നത്. അതിനേക്കാൾ ലാഭക്കച്ചവടമാണ്. നാളെ ഉച്ചയ്ക്ക് മുമ്പ് പത്തു ലക്ഷം അഡ്വാൻസ് കൊടുത്താൽ സംഗതി നമ്മുടെ കയ്യിൽ ഇരിക്കും.”

“എന്റേൽ ഇപ്പം പത്ത് ലക്ഷം!”

“കാശ് ആരെങ്കിലും ചോദിച്ചോ? നമ്മടെ ഇ.എം.എസിന്റെ അമ്പത് ലക്ഷം എന്റേൽ ഇരിക്കേല്ലേ? മാഡവും സാറും കൂടി രാവിലെ വന്ന് ഡീൽ ഉറപ്പിച്ചാട്ടേ എന്ന് പറഞ്ഞാ അയാൾ ഫോൺ വച്ചത്. നീയും കൂടി വരണം.”

“നോക്കാം.”

“നോക്കിയാ പോരാ, വരണം.”

“ചെറുതിന്റെ പി.ജി കഴിയുമ്പം ഇത് കൊടുത്താൽ അവൾക്കും കോളേജിൽ കേറാം. എന്റെ അമ്മ ചെയ്തപോലെ ഒരാളോട് പക്ഷപാതം കാണിച്ചൂന്ന് വേണ്ട. ആ തള്ളേടെ കാര്യം ഓർക്കുമ്പഴേ അടീന്ന് തരിച്ച് കേറും. എനിക്ക് തരാന്ന് പറഞ്ഞു കൊതിപ്പിച്ചു വച്ചിരുന്ന വീട് അനിയത്തിക്കല്ലേ കൊടുത്തത്. അവസാനം വയ്യാതായപ്പം നോക്കാൻ ഞാൻ തന്നെ വേണ്ടിവന്ന്. ഇതാണ് ചോറിങ്ങും കൂറങ്ങും എന്ന് പറയുന്നത്. നീയെന്താ ഒര് ഡെസ്പ് പോലെ?”

“അതീ കള്ളടിച്ചതിന്റെ...”

“നമ്മുടെ കാര്യം ഓർത്തു വിഷമിക്കണ്ട. എട്ട് വർഷം കഴിഞ്ഞാൽ പെൻഷൻ പറ്റുമ്പോൾ ഒരെമൗണ്ട് കിട്ടുമല്ലോ... അതീന്ന് അഞ്ചിന്റെ പൈസ രണ്ടെണ്ണത്തിനും കൊടുക്കാൻ പോണില്ല... കല്യാണം നടത്താനും കാറ് വാങ്ങാനും തന്തേടെന്നു വാങ്ങട്ടെ... അങ്ങോർക്കും ഉണ്ടല്ലോ രണ്ട് ലക്ഷം സാലറി. പിള്ളേർ പിള്ളേർ എന്ന് പറഞ്ഞു മരിക്കാതെ നമുക്കും വേണ്ടേ സ്വന്തമായി ഒരു ജീവിതം?”

“ഓക്കേ, അപ്പം നാളെ...”

“കൃത്യം ഏഴരയ്ക്ക് ഞാൻ കുരിശടിയുടെ മുമ്പിൽ എത്തും. നിന്റെ ബൈക്കവിടെ വച്ചിട്ട് നമുക്ക് കാറിൽ പോകാം. മൂന്നു മണിക്ക് മുമ്പ് വരേം വേണം. അങ്ങേർ അറിയാതെയാണല്ലോ ഓപറേഷൻ.”

News Summary - Malayalam Story-ems bhavanapadathi