മീന്‍കാരി

മണല്‍ത്തരിയോളം പോന്നൊരു മത്സ്യം കടല്‍ത്തിരയോട് ഒറ്റയ്ക്ക് പൊരുതി നിന്നു-ടി.പി. രാജീവന്‍മീന്‍മണമുള്ള ഒരു കാറ്റാണ് ആദ്യം വരിക. പിന്നാലെ കടലിരമ്പംപോലത്തെ വിളിയും; ‘‘മീനേയ്... പച്ചമീനേയ്...’’ കുട്ടനിറയെ മീനുമായി നിരത്തിലേക്ക് ഒരൊറ്റ വരവാണ്, കടലില്‍നിന്നും മീനും കോരിയെടുത്തു വരുമ്പോലെ... നിരത്തിലെത്തി മീങ്കുട്ട സ്വയം രണ്ടു കൈകള്‍കൊണ്ടും തലയില്‍നിന്നുമെടുത്ത് നിരത്തോരത്തെ ചുമടുതാങ്ങിയിലിറക്കിെവച്ച് മടിശ്ശീലയില്‍നിന്നും പൊതിയെടുത്ത് തുറന്ന് മുറുക്കാന്‍ വായിലിട്ട് മീങ്കുട്ട പിന്നെയും തലയിലെടുത്തുെവച്ച് വേഗതയിലൊരു പോക്കാണ്. മീന്‍കാരി മേരിയെ നിനയ്ക്കുമ്പോള്‍ മനോമുകുരത്തിലേക്ക്...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
മണല്‍ത്തരിയോളം പോന്നൊരു മത്സ്യം കടല്‍ത്തിരയോട് ഒറ്റയ്ക്ക് പൊരുതി നിന്നു-ടി.പി. രാജീവന്‍
മീന്‍മണമുള്ള ഒരു കാറ്റാണ് ആദ്യം വരിക. പിന്നാലെ കടലിരമ്പംപോലത്തെ വിളിയും; ‘‘മീനേയ്... പച്ചമീനേയ്...’’ കുട്ടനിറയെ മീനുമായി നിരത്തിലേക്ക് ഒരൊറ്റ വരവാണ്, കടലില്‍നിന്നും മീനും കോരിയെടുത്തു വരുമ്പോലെ... നിരത്തിലെത്തി മീങ്കുട്ട സ്വയം രണ്ടു കൈകള്‍കൊണ്ടും തലയില്‍നിന്നുമെടുത്ത് നിരത്തോരത്തെ ചുമടുതാങ്ങിയിലിറക്കിെവച്ച് മടിശ്ശീലയില്‍നിന്നും പൊതിയെടുത്ത് തുറന്ന് മുറുക്കാന്‍ വായിലിട്ട് മീങ്കുട്ട പിന്നെയും തലയിലെടുത്തുെവച്ച് വേഗതയിലൊരു പോക്കാണ്. മീന്‍കാരി മേരിയെ നിനയ്ക്കുമ്പോള്‍ മനോമുകുരത്തിലേക്ക് ആദ്യമെത്തുക ഇവ്വിധമൊരു ചിത്രമാകും.
നഗരത്തില്‍, ഫ്ലാറ്റിലെ ബാല്‍ക്കണിയില്‍ അകലെ കാണാവുന്ന കടലിന്റെ മുകള്‍പ്പരപ്പിലേക്ക് നോക്കിയിരുന്ന് മേരിയെ ഓര്‍ക്കാന്‍ കാരണമുണ്ട്. തൊട്ടുമുമ്പ് ടി.വിയില്‍ ആരോ തട്ടിത്തെറിപ്പിച്ച മീനുകള്‍ ഓരോന്നായി പെറുക്കിയെടുത്ത് ചരുവത്തിലേക്കിടുന്ന ഒരു സ്ത്രീയുടെ ദൃശ്യവും ന്യൂസ് ഇംപാക്ട്: 76 വയസ്സുള്ള മേരിയമ്മ എന്ന മീങ്കാരിയുടെ മീന്‍ തട്ടിയെറിഞ്ഞു എന്നെഴുതിക്കാണിക്കുന്നതും കണ്ടു. ദൃശ്യത്തില്‍, തൊട്ടകലെ നോക്കിനിൽക്കുന്നുണ്ട് ചെറിയ ഒരാള്‍ക്കൂട്ടം. അപ്പുറത്തു മാറി പോലീസ് ജീപ്പും ഏതാനും പോലീസുകാരും. ടി.വിയിലെ ദൃശ്യത്തിലേക്ക് ശ്രദ്ധ കൂര്‍പ്പിച്ചു, ഇത് എന്റെ നാട്ടിലെ മേരിയല്ല. ദൃശ്യത്തിലെ മേരിക്ക് വെളുത്ത നിറമാണ്. ഞാനറിയുന്ന മേരി കറുപ്പാണ്. മീന്‍ തട്ടിയെറിഞ്ഞത് ആള്‍ക്കൂട്ടത്തിലൊരാളാണെന്നും അതല്ല പോലീസുകാരാണെന്നും മേരിയമ്മ തന്നെ സ്വയം ചെയ്തതാണെന്നും വാദപ്രതിവാദങ്ങള്‍ നിരത്തിക്കൊണ്ട് റിപ്പോര്‍ട്ടര്‍. എന്റെ ഉള്ള് പറഞ്ഞു; ഇല്ല, മീങ്കാരികള്‍ അങ്ങനെ ചെയ്യില്ല, തീര്‍ച്ച. തുറക്കാര്‍ക്ക് കടല്‍ അമ്മയെന്നപോലെ മീന്‍ അവര്‍ക്ക് കുഞ്ഞുങ്ങളാണ്. വീണ്ടും ശ്രദ്ധിച്ചു, മീന്‍കുഞ്ഞുങ്ങളേയുംനോക്കി മീഞ്ചരുവത്തിനു മുന്നിലിരിക്കുന്ന വ്യാകുലയായ മേരിയമ്മ. എന്തുകൊണ്ടോ എന്റെയുള്ളില്‍ കഠിനമായ ഒരു കടച്ചില്‍ അനുഭവപ്പെട്ടു. അങ്ങനെയാണ് ബാല്‍ക്കണിയിലെ ചാരുകസേരയില്‍ വന്നിരുന്നതും എനിക്കറിയാവുന്ന നാട്ടുകാരിയായ മേരിയെ ഓര്‍ക്കാന്‍ തുടങ്ങിയതും...
നഗരപ്രാന്തത്തിലാണ് ഞങ്ങളുടെ ദേശം. നീണ്ടും നിവര്‍ന്നും പരന്നും കിടക്കുന്ന തീരദേശം.
അനുസ്യൂതം ശബ്ദിച്ചുകൊണ്ടേയിരിക്കുന്ന കടല്‍. കടല്‍ത്തീരത്തോടു ചേര്‍ന്ന് ആകാശത്തേക്ക് തലയുയര്‍ത്തി നിൽക്കുന്ന ഗോഥിക് െൈശലിയില്‍ പണിത പോർചുഗീസ് പള്ളി. പള്ളിക്കുമുന്നിലായി വ്യാകുല മാതാവിന്റെ കുരിശടി. ദേശത്തിന്റെ തെക്ക് ഭദ്രകാളി ക്ഷേത്രം. ക്ഷേത്രത്തോടു ചേര്‍ന്ന് ഒരു ആല്‍മരം. വടക്ക് മോസ്‌ക്. എല്ലാ തീരദേശത്തെയുംപോലെ ദേശത്തെ നഗരവുമായി ബന്ധിപ്പിക്കുന്ന ടാറിട്ട റോഡ്. റോഡോരത്ത് ജയ്ഹിന്ദ് ലൈബ്രറി ആന്‍ഡ് റീഡിങ് റൂം. മറുവശത്ത് കണ്ണാടിക്കൂടിനുള്ളില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ. കുറച്ചുമാറി ഒരു ചുമടുതാങ്ങി. കിഴക്ക് കള്ളിമുള്‍ക്കാട് കടന്ന് കയറ്റം കയറിയാലെത്തുന്ന കുന്നിന്റെ നെറുകയിലൊരു സിനിമ കൊട്ടക. അങ്ങനെ പോകുന്നു ദേശത്തിന്റെ ഭൂപടം. പ്രത്യേകമായും തീരദേശത്തിന്റെ ആത്മാവായി വീശുന്നൊരു കാറ്റുണ്ട് എപ്പോഴും. കടല്‍മണമുള്ള ഉപ്പുകാറ്റ്.
മീന്‍കുട്ടയുമായി മേരി ആദ്യമെത്തുക എന്റെ വീട്ടിലേക്കാണ്. മേരി മുറിച്ചുകടക്കുന്ന റോഡിനോട് ചേര്‍ന്നാണ് എന്റെ വീട്. മണ്‍കട്ടകൊണ്ട് പണിത് ഓലമേഞ്ഞ വീട്. നേരം പുലര്‍ന്നുവരുന്ന സമയം. ‘‘നെമ്മീഞ്ചൂര...’’ മീനിന്റെ പേര് പറഞ്ഞ് തലയില്‍നിന്നും കുട്ട നിലത്തേയ്ക്കിറക്കുമ്പോള്‍ കുട്ടേന്ന് ഒരു മീന് ഇറങ്ങിവരുന്നപോലെ തോന്നും. ഞങ്ങളുടെ മീന്‍രുചികളോടുള്ള മേരിയുടെ പങ്ക് വളരെ വലുതാണെന്നു പറയുന്നതില്‍ അതിശയോക്തി ഒട്ടുമേയില്ല. എന്റെ വീട്ടുമുറ്റം വഴിയാണ് മറ്റു വീടുകളിലേക്ക് പോവുക. അന്ന് വീടുകള്‍ക്കൊന്നും ചുറ്റുമതിലുകള്‍ ഉണ്ടായിരുന്നില്ല. ദേശമാകെയും അതിരുകള്‍ മാഞ്ഞ് തുറസ്സായി കിടന്നിരുന്നു.
മീങ്കുട്ടയും ചുമന്ന് ഫര്‍ലോങ്ങുകള്‍ സഞ്ചരിച്ചാണ് മേരി മീന്‍വിൽപന നടത്തിയിരുന്നത്. സഞ്ചരിക്കുന്ന ഒരു പറവ എന്നു തോന്നിയിട്ടുണ്ട്. അത്ര വേഗത്തിലാണ് നട. പൊതുവഴികളിലെയും ഇടവഴികളിലെയും വീടുകള്‍ നിവര്‍ന്നുനിന്ന് മേരിയെ വരവേൽക്കും. മലയാളികളുടെ വീടുകളിലേക്കു പോകുന്നത് മേരിയല്ല, പലവിധമായ മീനുകളാണ്. മീനുകളുടെ ഒരു കൂട്ടം; കറിെവയ്ക്കാന്, പൊരിക്കാന്‍, അച്ചാറിടാന്‍... മഴയും വെയിലും വകെവയ്ക്കാതെ തലച്ചുമടുമേന്തി നഗ്നപാദയായി നടന്നുനടന്ന് വീടുവീടാന്തരം കയറിയിറങ്ങി മീന്‍വിറ്റ് ബാക്കിയുണ്ടെങ്കില്‍ നഗരത്തിലെ റോഡരികിലിരുന്ന് മുഴുവനും വിറ്റ് ഏകദേശം മൂന്നുനാലുമണിയാവും മടങ്ങിയെത്താന്‍. നേരേ വ്യാകുല മാതാവിന്റെ പള്ളിയിലേയ്ക്ക് പോകും. മാതാവിന്റെ കുരിശടിയില്‍ കാണിക്കയിട്ടശേഷമാണ് പുരയിലേക്കു മടങ്ങുക.
മേരിയുടെ നിറം കറുപ്പാണ്. അഴകുള്ള കറുപ്പ്. ‘കറുപ്പിന് ഏഴഴക്’, മേരി സ്വയം പറയും..മുറുക്കമുള്ള ബ്ലൗസ്. മാറ് മറയ്ക്കുന്ന ടവ്വല്‍. നെറ്റിയില്‍ ഒരു വട്ടപ്പൊട്ട്. ഇടതുകയ്യില്‍ എപ്പോഴുമുണ്ടാവും അരഡസന്‍ കുപ്പിവള. നല്ല തുടുപ്പും മുഴുപ്പും ഉള്ള തുറയിലെ പെണ്ണ്. ഏറ്റവും ആകര്‍ഷണീയം കണ്‍മഷിയെഴുതിയ മേരിയുടെ ഉണ്ടക്കണ്ണാണ്. അത്രയും മനോഹരമായ കണ്ണ് പിന്നീട് കണ്ടത് നടി പാര്‍വതി ജയറാമിലാണ്. മറ്റൊരാകര്‍ഷണം, ചുണ്ടില്‍ എപ്പോഴും തുളുമ്പുന്നൊരു ചിരിയുണ്ടാവും. ഇതളിതളായി വിരിഞ്ഞുവരുന്ന പൂവുപോലെ.
മേരിയുടെ ഉടലിനു മേല്‍ ഏറുചൂണ്ടയിട്ടവരാണ് അന്നത്തെ എന്റെ കൂട്ടുകാരില്‍ പലരും. ‘‘മുറ്റി നിക്കണ്, പക്ഷേ പറിക്കാന്‍ തരൂല്ല.’’ അവര്‍ പറയും. കൂട്ടുകാര്‍ മാത്രമല്ല, നാട്ടിലെ മുതിര്‍ന്നവരും അവളെ മനസ്സാ ഭോഗിച്ചുനടന്നതായി എനിക്കറിയാം.

എന്നെക്കാളും ആറോ ഏഴോ വയസ്സ് മൂപ്പ് വരും മേരിക്ക്. തുമ്പയില്‍നിന്നും ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിച്ച വര്‍ഷമാണ് ഞാന്‍ ജനിച്ചത്. മേരി ജനിച്ച വര്‍ഷം മേരിക്ക് അറിയില്ല. കേരളം പിറന്ന അന്നാണ് മേരിയും പിറന്നത് എന്ന് അവളുടെ അമ്മ പറഞ്ഞുകൊടുത്തതായി മേരിക്കറിയാം. മീങ്കച്ചവടം തുടങ്ങിയത് എന്നാണ്? മേരിക്കുതന്നെ ഒരു തിട്ടവുമില്ല. ‘‘ഓര്‍മ്മേള്ള നാള്‌തൊട്ട്.’’ മേരി പറയും. മൂന്ന് അമ്മയോർമകളില്‍ ഒന്ന്, അവളേയും തോളിലിട്ട് അമ്മ വിമോചനസമരത്തിന് പോയതാണ്. അന്നത്തെ മുദ്രാവാക്യം കാണാതെയും അറിയാം; ‘‘തെക്ക് തെക്കൊരു ദേശത്ത്, തിരമാലകളുടെ തീരത്ത്, േഫ്ലാറിയെന്നൊരു ഗര്‍ഭിണിയെ...’’ രണ്ടാമത്തേത്, തുമ്പയില്‍നിന്നുള്ള റോക്കറ്റ് വിക്ഷേപണം മാനത്തേക്കു നോക്കി കാട്ടിക്കൊടുത്തത്; ‘‘മേലോട്ട് നോക്കടി പെണ്ണേ, റാക്കറ്റ് പോണതു കണ്ടാ...’’ മറ്റൊരോർമ, അമ്മയോടൊപ്പം കൊട്ടകയില്‍പോയി ‘ചെമ്മീന്‍’ സിനിമ കണ്ടതാണ്; ‘‘കടലിനക്കരെ പോണോരേ കാണാപ്പൊന്നിനു പോണോരേ...’’
മേരിയുടെ കുഞ്ഞുന്നാളില്‍ അച്ഛന്‍ കടലടിയില്‍പ്പെട്ട് മരണപ്പെട്ടു. മേരിക്ക് പതിമൂന്നോ പതിനാലോ വയസ്സുള്ളപ്പോള്‍, മേരി തിരണ്ട ആ ദിവസം കോളറാദീനംവന്ന് മേരിയുടെ അമ്മയും പോയി. ജീവതം വഴിമുട്ടിയപ്പോള്‍ തുടങ്ങിയതാണ് മീന്‍വിൽപന. മേരി പള്ളിക്കൂടത്തില്‍പോയി പഠിച്ചിട്ടില്ല. പഠിക്കാനുള്ള സാഹചര്യം ഉണ്ടായില്ല. പക്ഷേ, നാട്ടിലെ മിക്കവാറും എല്ലാ കാര്യങ്ങളും അറിയാം. ഞാനന്ന് ഏഴിലോ എട്ടിലോ പഠിക്കുന്നു. നിക്കറിട്ട പ്രായം. വീട്ടില്‍ ഞാനും ചേച്ചിയും അമ്മയും മാത്രമേയുള്ളൂ. അച്ഛന്‍ പട്ടാളത്തിലാണ്. ഫിലിപ്‌സിന്റെ ഒരു ട്രാന്‍സിസ്റ്റര്‍ വീട്ടിലുണ്ട്. അച്ഛന്‍ പട്ടാളത്തില്‍നിന്നും ഒരവധിക്കു നാട്ടില്‍ വന്നപ്പോള്‍ കൊണ്ടുവന്നത്. ഒരുദിവസം ആകാശവാണിയില്‍ വാര്‍ത്ത കേട്ടുകൊണ്ടിരിക്കുകയായിരുന്നു. വയലാര്‍ അന്തരിച്ചു. അതായിരുന്നു അന്നത്തെ പ്രധാന വാര്‍ത്ത. ശ്രദ്ധിച്ചപാടെ, ‘‘മാനസമൈനേ വരൂ... എഴുതിയ ആളല്ല്?’’ മേരി ചോദിച്ചു. ‘‘തന്നെ.’’ ഞാന്‍ പറഞ്ഞു. പാട്ടും പാട്ടെഴുതിയ ആളേയും അറിയാമെന്നതില്‍ അതിശയിച്ചു. ‘‘മേരി പഠിച്ചിട്ടുണ്ടോ?’’ ഞാന്‍ ചോദിച്ചു. ‘‘ഇല്ല, ഇതൊക്കെയറിയാന് പടുത്തംവേണോ?’’ ഒരു മറുചോദ്യംകൊണ്ടെന്നെ നിശ്ശബ്ദനാക്കി.
പഠിച്ചിട്ടിെല്ലങ്കിലെന്ത് നന്നായി കണക്കുകൂട്ടാനറിയാം. മനക്കണക്കാണ്. വളരെ വേഗത്തിലാണ് കൂട്ടിപ്പറയുക. ഒരു അയലയ്ക്ക് പത്തുരൂപയെങ്കില്‍ അഞ്ചെണ്ണത്തിന്റെ വിലയറിയാന്‍ അഞ്ചു വിരലുകള്‍ നിവര്‍ത്തും. പത്ത് ഇരുപത് മുപ്പത് നാൽപത് അമ്പത്. അമ്പതു രൂപ. പക്ഷേ, ഞങ്ങളുടെ വീട്ടില്‍ കൊണ്ടുവരുന്ന മീനിന്റെ കാശ് പറയില്ല. അമ്മ കൊടുക്കുന്നത് വാങ്ങും. അമ്മയുമായി നല്ല കൂട്ടാണ്. എല്ലാ ഞായറാഴ്ചകളിലും മുടങ്ങാതെ മേരി പള്ളിയിൽ പോകും. അമ്മയുടെയും അപ്പന്റെയും കുഴിമാടങ്ങളില്‍ ഓരോ മെഴുകുതിരി കത്തിച്ചുെവയ്ക്കും. മിക്ക ഞായറാഴ്ചകളിലും ഉച്ചയ്ക്കുശേഷം എന്റെ വീട്ടിലെത്തും. മേരിയോടൊപ്പം കാച്ചെണ്ണയുടെ മണവും കൂടെയുണ്ടാവും. മേരി മടങ്ങുന്നതുവരേയും അത് അന്തരീക്ഷത്തില്‍ തങ്ങിനിൽക്കും. ‘‘വാ മേരിയേ എന്തു വിഷേശം?’’ അമ്മ മേരിയെ സ്വീകരിക്കും. രണ്ടു പേരും വരാന്തയിലെ കൈവരിയിലിരിക്കും. സിനിമ വിശേഷവും നാടക വിശേഷവുമാണ് പ്രധാന വര്‍ത്തമാനം. നാട്ടില്‍ കളിക്കുന്ന മിക്ക നാടകങ്ങളും സിനിമകളും കാണാന്‍ മേരി പോകും.
ഞങ്ങള്‍ക്ക് സിനിമയ്ക്കും നാടകത്തിനും പോകാന്‍ അനുവാദമില്ല. അച്ഛന്റെ ഓര്‍ഡറാണ്. പഠിച്ച് സര്‍ക്കാര് ജോലി വാങ്ങണം. വീട്ടിലും പട്ടാളച്ചിട്ടയാണ്. അതുകൊണ്ടുതന്നെ മേരിയുടെ നാടക സിനിമാ വിശേഷങ്ങള്‍ കേള്‍ക്കാന്‍ ഞങ്ങള്‍ കാതുകൂര്‍പ്പിക്കും. മേരി പറഞ്ഞു തുടങ്ങും; ‘‘ഇന്നലെ ഒര് സിനിമ കണ്ട്. മൂന്നാംപെറ. വൊ ! എന്തൊര് സിനിമേണ്. ഓര്‍മ്മക്കൊറവൊള്ള പെണ്ണിനെ ഒര് മോശം എടത്തീന്ന് എടുത്തോണ്ടുവന്ന് ചോറുംകൊടുത്ത് താരാട്ടും പാടിക്കൊടുത്ത് കൂടെ കെടെത്തിയൊറക്കി. പിന്നീട് അവക്ക് ഓര്‍മ്മ വന്നപ്പം അവനെ അറീല്ല. റെയിലുകേറി അവളുപോയി. ഒടുക്കം റെയിലുമുറ്റത്തെ കമലാസന്റെ പങ്കപ്പാടും ചങ്കുവേതനേം കണ്ടാ കരഞ്ഞുപോവും. ഞാന്‍ കരഞ്ഞ്.’’ മറ്റൊരു ദിനം; ‘‘മിനിയാന്ന് ഒര് നാടകം കണ്ട്. നിങ്ങളെന്നെ കമ്മൂണിസ്സാക്കി. ഞങ്ങള മാതിരി അരികില് കെടക്കണോരുടെ കത. എന്റ മണിയക്കാ, ഒടുക്കം ഇങ്ങുതാ ആ ചെങ്കൊടി ഞാമ്പിടിക്കട്ടേന്ന് പണക്കാരന്‍ പരമൂള്ള പറയുമ്പം സത്തിയം ആ കൊടി പിടിക്കാന് എനക്കും തോന്നി.’’ കഥയും കാര്യവും തീരുമ്പോള്‍ ആ കണ്ണില്‍നിന്നും ഒരു പൂത്തുമ്പി പറന്നുപോകുന്നതു കാണാം. മേരി എന്നാല്‍ ഒരു പാറിപ്പറന്ന ജീവിതം.
ഒരു മഴക്കാലം. ഞാനന്ന് പത്താം ക്ലാസ് കഴിഞ്ഞ് പ്രീഡിഗ്രിക്ക് പഠിക്കാനായി തയാറെടുത്തു നിൽക്കുന്ന സമയം. അമ്മയുമായി സംസാരിച്ചശേഷം മേരിക്കു കൊടുക്കാനായി കാശെടുക്കാന്‍ അമ്മ അകത്തേക്കു പോകെ, ഇറയത്തൊരു കോണിലിരുന്ന് ബഷീറിന്റെ ബാല്യകാലസഖി വായിക്കുകയായിരുന്ന എന്റെ നോട്ടം അറിഞ്ഞോ അറിയാതെയോ ടവ്വല്‍ മാറിക്കിടന്ന മേരിയുടെ മാറിലേക്കു വീണു. മാറിടം മറച്ച് മേരി ചോദിച്ചു: ‘‘എന്താടാ ഒര് കള്ളനോട്ടം.’’ ആ ചോദ്യത്തിനു മുന്നില്‍ ഒരു മൈല്‍ക്കുറ്റിപോലെ നിന്നതും അമ്മ മടങ്ങിവന്ന പാടെ, ‘‘കേട്ടോ മണിയക്കാ, തേ ഇവന്റ കൂടെ നടക്കണ പിള്ളാര് തര്വോ തര്വോന്ന് ചോതിച്ച് എന്റ പെറകേ നടക്കണ്. പോയീനെടാ, നിന്റേക്കെ ചുണ്ണീല് വെള്ളംവച്ചോടാന്ന് ഞാന് മറുതലിക്കും. കാറിത്തുപ്പേം ചെയ്യും.’’ എന്ന് അമ്മയോട് പറഞ്ഞ് എന്നെനോക്കി താക്കീതെന്നപോല്‍ കണ്ണുരുട്ടിയതും ഇപ്പോഴും ഓർമയുണ്ട്.
ചേച്ചിയേയും ഇഷ്ടമാണ്. ‘‘നല്ലപോലെ പടിക്കണും സര്‍ക്കാരുജോലി വാങ്ങണും.’’ ചേച്ചിയോട് എേപ്പാഴും പറയും. മേരി മുടങ്ങാതെ ലോട്ടറി എടുക്കും. ചേച്ചിയുടെ അടുക്കല്‍ കൊണ്ടുവരും. ‘‘അടിച്ചോന്ന് നോക്ക്.’’ ചേച്ചി പത്രത്തില്‍നോക്കി പറയും; ‘‘അടിച്ചില്ല.’’ എങ്കിലും മേരി പ്രതീക്ഷ കൈവിടില്ല; ‘‘നീ നോക്കിക്കൊ ഒരിക്കെ എനക്ക് ലോട്ട്‌റി അടിക്കും.’’ ഒരുദിവസം ചേച്ചി ചോദിച്ചു: ‘‘അഥവാ ലോട്ടറി അടിച്ചാല്‍ മേരി എന്തുചെയ്യും?’’ പെട്ടെന്നായിരുന്നു മറുപടി: ‘‘പകുതി നിന്റ കല്യാണത്തിന് തരും. പകുതി, ‘കാശില്ലാത്തോര് എടുത്തോളീന്‍’ എന്ന് നിന്നെക്കൊണ്ടെഴുതിച്ച് ഒരു നൂലില്‌ക്കെട്ടി പറത്തിവിടും. ഹഹഹ...’’ പറയുക മാത്രമല്ല പൊട്ടിച്ചിരിക്കുകയുംചെയ്തു. അന്നേരം ഞാന്‍ വിചാരംകൊണ്ടു; സോഷ്യലിസത്തെക്കുറിച്ച് മേരിക്ക് എന്തെങ്കിലും അറിയാമോ എന്ന് ഉറപ്പില്ല, എന്നാല്‍ ആ ചിന്തയില്‍ എന്തൊരു സോഷ്യലിസമാണ്. മേരി തുടര്‍ന്നു: ‘‘ഒരീസം കവലേല് യീയെമ്മസ്സിന്റ പ്‌റസങ്കം കേട്ട്. എല്ലാരും ഒരേപോലെ കഴിയണതിന്റ പേരാണ് കമ്മൂണിസം എന്ന് അയാള് വിക്കിവിക്കിപ്പറഞ്ഞ്. പള്ളീല അച്ചനും അങ്ങനത്തന്നെ പറഞ്ഞ്, ഉള്ളോര് ഇല്ലാത്തോരിക്ക് കൊടുക്കുമ്പൊ നമ്മള് തെയ്‌വത്തിന്റ മക്കളാവൂന്ന്.’’
കടലൊച്ചപോലെയാണ് മേരിയുടെ സംസാരം. ‘‘എന്തിനാണ് ഉറക്കെ സംസാരിക്കുന്നത്, അടുത്തുനിൽക്കുന്ന ആള്‍ക്കു കേള്‍ക്കാന്‍ ഇത്ര ഒച്ച വേണോ?’’ എന്ന ചോദ്യത്തിന് മേരി ഇവ്വിധം മറുപടി പറയും: ‘‘കടല്‍ത്തീരത്ത് താമസിക്കണ ഞങ്ങ എപ്പളും കേക്കണത് കടല്‍ത്തെരേടെ ചെത്തം. അതുക്കുംമേലെ ചൊന്നാലേ ഞങ്ങ ചൊല്ലണത് തമ്മാമ്മില് കേക്കൂ.’’ അത് ശരിയാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്. ചില നേരങ്ങളില്‍ കടലിന്റെ ഒച്ച എന്റെ വീട്ടിലും കേള്‍ക്കാറുണ്ട്. കടല്‍കാണാനും കാല്‍പ്പന്തു കളിക്കാനും ഞങ്ങള്‍ കൂട്ടുകാര്‍ അവധിദിവസങ്ങളില്‍ കടപ്പുറത്തു പോകും. മേരിയുടെ കുടിലിരിക്കുന്ന കടപ്പുറത്താണ് കളിസ്ഥലം. വെള്ളമണലില്‍ കാലുംനീട്ടിയിരുന്ന് അസ്തമയസൂര്യനെ നോക്കി ബുദ്ധനെപ്പോലെ ചിന്തയിലാണ്ടിരിക്കുന്ന മേരിയെ പലവട്ടം കണ്ടിട്ടുണ്ട്. എന്താവും ഇവള്‍ ഇത്രമാത്രം ചിന്തിക്കാന്‍ എന്ന് പലകുറി ആലോചിച്ചിട്ടുമുണ്ട്.
പോകപ്പോകെ ഞങ്ങള്‍ കൂട്ടുകാര്‍ പലവഴിക്കായി. ചിലര്‍ ഐ.ടി.ഐയില്‍ പഠിക്കാന്‍ പോയി. മറ്റു ചിലര്‍ കോളേജില്‍ പോയി. ഞാന്‍ പ്രീഡിഗ്രിയും കഴിഞ്ഞ് ഡിപ്ലോമയ്ക്ക് പോയി. അപ്പോളേക്കും നാട്ടില്‍നിന്നും ധാരാളംപേര്‍ ഗള്‍ഫിലേക്കും പോയിക്കഴിഞ്ഞിരുന്നു. ഡിഗ്രി കഴിഞ്ഞയുടനെ ചേച്ചിയുടെ കല്യാണം ഉറപ്പിച്ചു. ദുബായില്‍ ജോലിയുള്ള ആളാണ് വരന്‍.
‘‘തിങ്കളാഴ്ചയാണ് മോളുടെ കല്യാണം. തലേന്നുതന്നെ വരണം.’’ മേരിയോട് അമ്മ പറഞ്ഞു. ‘‘നിര്‍ബന്ധമായും വരണം.’’ ചേച്ചിയും അറിയിച്ചു.
‘‘ഞാറാല്ച്ച തിരുവന്തോരം ശങ്കുമോത്ത് പോപ്പ് വരണ്. പോപ്പിനെക്കാണാന് തൊറേന്ന് എല്ലാരും പോണ്. ഞാനും പോണ്. കല്യാണത്തിനു ഞാന് വരും.’’ അങ്ങനെ പറഞ്ഞുകൊണ്ട് മേരി പോയി. ഇളംകാറ്റില്‍ അലകളിളകുന്നപോലെ പതിയെ നടന്നുപോയി. എന്തൊരു ചന്തമാണ് മേരിക്ക് എന്നു തോന്നി. ചന്ദനത്തില്‍ കടഞ്ഞെടുത്ത സുന്ദരീശിൽപം എന്ന വയലാറിന്റെ വരികള്‍ ഓര്‍ക്കുകയുംചെയ്തു.
അന്നു രാത്രിയാണ് മേരിയുടെ ജീവിതവും കാലവും കീഴ്‌മേല്‍മറിഞ്ഞ ആ അത്യാഹിതമുണ്ടായത്. പോപ്പിനെയും കണ്ട് വീട്ടിലേക്ക് മടങ്ങി. രാത്രിയായിരുന്നു. നാലുപേര്‍ അവളെ പിന്തുടര്‍ന്നത് അവളറിഞ്ഞില്ല. വീടുകളാകെയും വിളക്കണച്ച് നിദ്രയിലേക്കു വീണ നേരം. വാതില്‍ ചവിട്ടിപ്പൊളിച്ച് നാലുപേരും അവളെ... സംഭവം നാട്ടില്‍ വലിയ വാര്‍ത്തയായി.
ചേച്ചിയുടെ വിവാഹംകഴിഞ്ഞ് അന്ന് വൈകുന്നേരം ഞാന്‍ മേരിയുടെ പുരയിലേക്കു പോയി. കടല്‍ത്തീരത്തെ കുടിലിന്റെ മുന്നില്‍ നിലത്തേക്കു മുട്ടുകുത്തി മണ്ണിലേക്കു മുഖംതറച്ച് ഇരിക്കുകയായിരുന്നു മേരി. മണ്ണ് ആര്‍ദ്രമായി അവളോടെന്തോ പുലമ്പുന്നുണ്ട്. ഒരു വിമൂകസാക്ഷിയെപ്പോലെ വെറുങ്ങലിച്ചു നിൽക്കുകയാണ് ഓലവാതില്‍. അപ്പുറത്തുമാറി ആളുകള്‍ കൂട്ടംകൂടിനിന്ന് കഷ്ടം പറയുന്നുണ്ട്. തൊട്ടകലെ, കടലില്‍നിന്നും കരയിലേക്ക് ആഞ്ഞടിക്കുന്നുണ്ട് ക്ഷോഭത്തിന്റെ തിരകള്‍. ഞാന്‍ മേരിയെ നോക്കി. മേരി കടലില്‍ പോയിട്ടില്ല. കടലിനെ കണ്ടുനിന്നിട്ടേയുള്ളൂ. പക്ഷേ, ആ കണ്ണില്‍ നിറയെ കടലാണ്. കദനത്തിന്റെ കരിങ്കടല്‍. ഞാനപ്പോള്‍ തലേദിവസം രാത്രി മേരി വീട്ടില്‍വന്നതോര്‍ത്തു. പോപ്പിനെയും കണ്ട് വണ്ടിയിറങ്ങിയപാടെ വീട്ടിലേക്കു വരികയായിരുന്നു. വീട്ടിലും മുറ്റത്തും നാളത്തെ കല്യാണത്തിന്റെ ഒരുക്കങ്ങളായിരുന്നു. അച്ഛനുമമ്മയും ഞാനും ചേച്ചിയും റിസപ്ഷന്റെ തിരക്കിലും.
‘‘ഇത് നമ്മുടെ മീങ്കാരി മേരിയല്ലേ?’’ മേരിയെ കണ്ടപാടെ അച്ഛന്‍ ചോദിച്ചു. ‘‘തന്നെ.’’ അമ്മ മറുപടി പറഞ്ഞു. ‘‘പോപ്പിനെക്കണ്ട വിശേഷം പറയ്?’’ ആകാംക്ഷയോടെ അമ്മ ചോദിച്ചു. ‘‘പോപ്പ്, എന്റ മണിയക്കാ എന്നാ ചോപ്പ്. ചൊമലക്കവിള്. ചേമീനിന്റപോലത്തെ പളുങ്കു കണ്ണുകള്. തന്നെ, പോപ്പ് ഒര് കാണപ്പെട്ട തെയ്‌വം തന്നെ.’’ അമ്മ ചിരിച്ചു, അച്ഛനും. ‘‘മേരി വിവാഹിതയാണോ?’’ അച്ഛന്‍ സ്വകാര്യമായി അമ്മയോടു ചോദിച്ചു. ‘‘ഇല്ല.’’ സ്വകാര്യമായി അമ്മ മറുപടിയും കൊടുത്തു. ‘‘ഉടനെ മേരിയും ഒരു കല്യാണം കഴിക്കണം.’’ മേരിയെ നോക്കി ഒരു പട്ടാളക്കാരന്റെ ഗൗരവഭാവത്തോടെ അച്ഛന്‍ പറഞ്ഞു. ‘‘തന്നെ, കെട്ടാമ്പോണ്. ഒരാളിനെ നോക്കിവച്ച്.’’ വളകള്‍ കിലുക്കിക്കൊണ്ട് നാണത്തില്‍പൊതിഞ്ഞ കുസൃതിച്ചിരിയോടെ മേരി പറഞ്ഞു. അന്നേരം ഞാന്‍ ശ്രദ്ധിച്ചു, അവളുടെ മാറിടങ്ങള്‍ ഉലയുന്നതും ഉണ്ടക്കണ്ണുകള്‍ വജ്രംപോലെ തിളങ്ങുന്നതും. ഒരു ക്യാറ്റ് വാക്ക്‌പോലെ പോവുകയായിരുന്നു.
എന്നെ കണ്ടപാടെ മേരി എഴുന്നേറ്റു. ഉള്ളില്‍ ഒരു സങ്കടക്കടലിരമ്പുന്നത് എനിക്കു കേള്‍ക്കാം. എന്നില്‍നിന്നും ഒരു ജിജ്ഞാസ പുറപ്പെടാന്‍നേരം മഴച്ചാറല്‍പോലെ മേരി പറഞ്ഞുതുടങ്ങി: ‘‘പോപ്പിനേങ്കണ്ട് വണ്ടിയെറങ്ങി നിങ്ങളേങ്കണ്ട് വീട്ടീവന്ന് മരച്ചീനീം ചമ്മന്തീം ഒണ്ടാക്കി വാളക്കരുവാടും ചുട്ട് തിന്ന് നന്മനെറഞ്ഞ മറിയത്തിന് സൊസ്തീം ചൊല്ലി വെളക്കണച്ച് കെടന്ന്. പെട്ടെന്നൊറങ്ങിപ്പോയി. വാതില് ചവുട്ടിത്തൊറക്കണ ചെത്തംകേട്ട് ഒണര്‍ന്ന്. മുന്നില് നാല് നെഴല്. കണ്ണുതൂത്ത് നോക്കി. നാല് ആള്‌രൂപം. ഒരാളെന്നെ അടക്കീട്ട് പിടിച്ച്. ഒരാള് എന്റ ശരോം ജെമ്പറും ഉരിഞ്ഞ്. ഒരാള് എന്റ മൊല കടിച്ച്. വേറൊരാള് കാലുകൊണ്ട് തട്ടി നെലത്തിട്ട് എന്റ പൊറത്ത് കേറി. നാലാളും മാറിമാറി ചെയ്ത്.’’
മേരിയുടെ സങ്കടമൊഴി എന്നെ വല്ലാതെ വേദനിപ്പിച്ചു. ദൈന്യംനിറഞ്ഞ ആ കണ്ണുകളെ കണ്ടുനിൽക്കാനാകാതെ കുഴഞ്ഞു. നിര്‍വചിക്കാനാവാത്ത മുഖഭാവത്തോടെ എന്നെത്തന്നെ നോക്കിനിൽക്കുകയാണ് മേരി. എന്നെ നോക്കി അവള്‍ വലിയവായില്‍ നിലവിളിച്ചതായി എനിക്കു തോന്നി. പൊടുന്നനെ ഒരു കൊണ്ടല്‍കാറ്റുവന്ന് അവിടം ചുറ്റിയടിച്ചു. ഒരു കറുത്ത കാക്ക ആര്‍ദ്രമായി നിലവിളിച്ചുകൊണ്ട് അതുവഴി പറന്നുപോയി. എന്തൊരു നിസ്സഹായ ജീവിതം. മനുഷ്യജീവിതഗതിയെ വിചാരിച്ച് വ്യാകുലപ്പെട്ടുനില്‍ക്കെ, അപ്പുറത്തൊരു വീട്ടില്‍ ഒരു വൃദ്ധ അര്‍ണോസ് പാതിരിയുടെ പുത്തന്‍പാന വായിക്കുന്നതു കേട്ടു; ‘‘ദുഃഖമൊക്കെ പറവാനോ വാക്കുപോരാ മാനുഷര്‍ക്ക്... ഉള്‍ക്കനെ ചിന്തിച്ചുകൊള്ളാന്‍ ബുദ്ധിയും പോരാ...’’ ഞാന്‍ തിരികെ നടന്നു. അപ്പോള്‍ സൂര്യന്‍ കടലില്‍ അസ്തമിക്കുകയായിരുന്നു. വന്ന ചെറുവഴി വിലാപകാവ്യത്തിന്റെ വരികള്‍പോലെ നീണ്ടുകിടന്നു. വ്യാകുലമാതാവിന്റെ പള്ളിയിലെ സന്ധ്യാമണിമുഴക്കവും കുരിശടിയിലെ മുനിഞ്ഞുകത്തുന്ന മെഴുകുതിരിനാളങ്ങളും എന്നെ പിന്തുടര്‍ന്നു. ‘‘ദൈവമേ എന്റെ ദൈവമേ, ഈ പാവം പെണ്ണിന്റെ ചിരി മായ്ച്ചുകളഞ്ഞതെന്ത്?’’ അകമേ ഉരുവിട്ട് ഞാന്‍ വീട്ടിലേക്ക് നടന്നു. ദൂരെയെവിടെയോ ഒരു കൂമന്‍ കരഞ്ഞു.
ഡിപ്ലോമ കഴിഞ്ഞപാടെ എനിക്ക് ജോലിയായി. മലപ്പുറത്താണ് പോസ്റ്റിങ്. ചേച്ചി ദുബായിലേക്കും പോയി. മേരിക്ക് ഒരു പെണ്‍കുട്ടി പിറന്നു എന്ന് അമ്മ കത്തിലെഴുതി. അടുത്ത വര്‍ഷം ലീവിന് ഞാന്‍ നാട്ടില്‍ വന്നു. പിറ്റേന്ന് മേരി മകളുമൊത്ത് എന്നെ കാണാന്‍ വീട്ടില്‍ വന്നു. ഉഷ്ണം മഴപോലെ പെയ്യുന്ന ഉച്ചസമയം. അപ്പോള്‍ ആ മുഖത്ത് ഒരു വിഷാദവെയില്‍ നിഴലിച്ചുകിടന്നത് ഇപ്പോഴും എനിക്ക് കാണാനാവുന്നുണ്ട്. കണ്ണെടുക്കാതെ എന്നെത്തന്നെ നോക്കിനിന്നു മേരി. ഞാന്‍ അവളുടെ ഒക്കത്തിരുന്ന കുഞ്ഞിനേയും. മേരിയെ അതേപോലെ പകര്ത്തിെവച്ചിരിക്കുന്നു. ഒരു ഫോട്ടോകോപ്പി.
‘‘കന്യാമേരി.’’ കുട്ടിയെ ചൂണ്ടി മേരി പറഞ്ഞു. ‘‘അച്ഛനാരെന്ന് അറിയാത്ത...’’ മേരി മുഴുമിപ്പിച്ചില്ല. തൊണ്ടയിലൊരു കഠിനവിഷാദം വന്നുമുട്ടിയപോലെ. ഞാന്‍ മറുത്തൊന്നും പറഞ്ഞില്ല. എന്തെങ്കിലും ധനസഹായം ചെയ്യാം എന്നുകരുതി അകത്തുപോയി കുറച്ചു കാശുമായി വന്നു. വിശേഷദിവസങ്ങളില്‍ വീട്ടിലെ വിഭവസമൃദ്ധമായ ഭക്ഷണം അല്ലെങ്കില്‍ പായസം ഒരു ഇലക്കീറില്‍വച്ചുനീട്ടും അമ്മ. പക്ഷേ, ഒരിക്കല്‍പോലും വാങ്ങി കഴിക്കുകയുണ്ടായില്ല. അങ്ങനത്തെ ഒരു പ്രകൃതമാണ്. നിഷ്ഫലത അറിയാതെയല്ല, എങ്കിലും കാശ് അവള്‍ക്കുനേരെ നീട്ടി. ‘‘വേണ്ട.’’ മേരി നിരസിച്ചു.

‘‘ജീവിതം ജീവിക്കാനുള്ളതാണ്.’’ ഒരു പ്രത്യേക സ്വരത്തോടെയും ഭാവത്തോടെയും ഞാന്‍ പറഞ്ഞു: ‘‘തളരരുത്, ജീവിക്കണം.’’
‘‘ഞാനിപ്പളും ചന്തേല് പോണ്.’’ മേരി പറഞ്ഞു. കണ്ണുകളിലെ നിശ്ചയദാര്‍ഢ്യം എന്നെ അമ്പരപ്പിച്ചതോടൊപ്പം മേരിയോടുള്ള എന്റെ മതിപ്പ് കൂടുകയും ചെയ്തു. ആയിടെ വായിച്ച ‘‘മറ്റൊന്നുമല്ലിതു ജീവിതമാകുന്നു...’’ കവി കെ.ജി.എസിന്റെ വരികളും ഓര്‍ത്തു.
ജോലി കിട്ടി മൂന്നുവര്‍ഷം കഴിഞ്ഞ് കേരളം ദൈവത്തിന്റെ സ്വന്തം നാടെന്ന് പേരായ വര്‍ഷം ഞാന്‍ വിവാഹിതനായി. അമ്മാവന്റെ മകളാണ്. നഴ്‌സിങ് പഠിച്ച കുട്ടിയാണ്. വിവാഹ ക്ഷണക്കത്തിന്റെ തലക്കുറിയായി എഴുതിെവയ്ക്കുകയുംചെയ്തു; ‘ഗോഡ്‌സ് ഓണ്‍ കണ്‍ട്രി.’ കല്യാണത്തിന് മേരി വന്നില്ല. കല്യാണപ്പിറ്റേന്ന് മകളേയുംകൊണ്ട് വീട്ടില്‍ വന്നു. ഞാനും ഭാര്യയും വരാന്തയിലിരിക്കുകയായിരുന്നു. ഇന്നലെ രാത്രി മുഴുവനും നിര്‍ത്താതെ പെയ്ത മഴ തോര്‍ന്നതേയുണ്ടായിരുന്നുള്ളൂ. മകള്‍ക്ക് നടക്കാനുള്ള പ്രായമായിരിക്കുന്നു. ‘‘നമ്മട നാടിന് പുത്യ പേര് വന്നൂന്ന് പറേണ്...’’ വന്നപാടെ മേരി ചോദിച്ചു. വളരെ അഭിമാനത്തോടെ ഞാന്‍ പറഞ്ഞു: ‘‘ദൈവത്തിന്റെ സ്വന്തം നാട്.’’ പൊടുന്നനെ മേരിയുടെ മുഖം ചുവന്നു. കണ്ണുകള്‍ തുടിച്ചു. അന്നേരം ഒരു തണുത്ത കാറ്റടിച്ചു.
വീണ്ടും മഴ തുടങ്ങാനുള്ള മട്ടാണ്. പിൽക്കാലം പലപ്പോഴും മേരിയുടെ സമാനമായ ഇന്‍സിഡന്റ്‌സ് പത്രവാര്‍ത്തകളിലൂടെയും ചാനല്‍ദൃശ്യങ്ങളിലൂടെയും കാണുമ്പോളൊക്കെയും എന്നെ ചിന്തിപ്പിച്ചുകൊണ്ടേയിരിക്കുന്ന ഒരു കാര്യം അന്ന് മേരിയില്‍നിന്നും കേട്ടു; ‘‘ഇതേത് തെയ്‌വത്തിന്റ സൊന്തംനാട്?’’ കാറും കോളും നിറഞ്ഞ ഒരു നിശ്ശബ്ദ മഴയായി മേരി പെയ്തുനിൽക്കുന്നതുപോലെ തോന്നി. മറ്റൊന്നും ഉരിയാടാതെ മകളെ ചേര്‍ത്തുപിടിച്ചുകൊണ്ട് മേരി പോയി. ഉള്ളുതട്ടിയ ശോകമേ... അമ്മയും മകളും ദൃഷ്ടിപഥത്തില്‍നിന്നും മറയുന്നതുവരെ ഞാനും ഭാര്യയും അവരെത്തന്നെ നോക്കിയിരുന്നു. ഓരോരോ വിധികൽപനകള്‍. പരസ്പരം പറയുകയുംചെയ്തു.
അടുത്തവര്‍ഷം ഭാര്യയ്ക്കും ജോലിയായി. ആലപ്പുഴ മെഡിക്കല്‍ കോളേജിലാണ് നിയമനം. ഞാനും ട്രാന്‍സ്ഫര്‍ വാങ്ങി അവളുടെ ജോലിസ്ഥലത്തേക്കുപോയി. അവിടെ വാടകവീട്ടില്‍ താമസമായി. ഞങ്ങള്‍ക്ക് ഇരട്ടക്കുട്ടികള്‍ പിറന്നു. ഒരാണും ഒരു പെണ്ണും.
വര്‍ഷങ്ങള്‍ പിന്നെയും കടന്നുപോയി. അച്ഛന്‍ കാര്‍ഗില്‍ യുദ്ധത്തില്‍ മരണപ്പെട്ടു. അച്ഛന്റെ വിയോഗം അമ്മയെ തളര്‍ത്തി. അമ്മ കിടപ്പിലായി. അമ്മയെ ഞങ്ങള്‍ കൂടെ കൊണ്ടുപോന്നു. ആ വര്‍ഷം അമ്മയും മരണപ്പെട്ടു. മക്കള്‍ രണ്ടും പഠിക്കാനും വളരാനും തുടങ്ങിയിരുന്നു. ഒപ്പം, അവരെ ഒരു ഉന്നതനിലയിലെത്തിക്കണം എന്ന ഞങ്ങളുടെ ആഗ്രഹവും വളര്‍ന്നുകൊണ്ടേയിരുന്നു. കാലമങ്ങനെ കടന്നുപോകെ, രണ്ടായിരം പിറന്നു. വിര്‍ച്വല്‍ റിയാലിറ്റിയും വന്നു. ഞങ്ങള്‍ക്ക് തലസ്ഥാനത്തേക്ക് ട്രാന്‍സ്ഫര്‍ കിട്ടി. നഗരത്തില്‍ വാടകയ്ക്ക് ഒരു വീടെടുത്തു. അമ്മ മരണപ്പെട്ടതിന്റെ പിറ്റേവര്‍ഷം അമ്മയുടെ ഒന്നാം ചരമവാര്‍ഷികത്തിന് നാട്ടില്‍ വന്നു.
അപ്പോളേക്കും തീരദേശമാകെ മാറിപ്പോയിരുന്നു. അരനൂറ്റാണ്ടിനിടയില്‍ നാട്ടില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നു. വീടുകളിലാണ് മാറ്റം കൂടുതലും പ്രകടമായത്, വലുപ്പത്തിലും പകിട്ടിലും. വീട്‌വിപ്ലവം എന്നുതന്നെ പറയാം. എല്ലാം രണ്ട് നിലകളുള്ള കോണ്‍ക്രീറ്റ് വീടുകള്‍. വീടുകള്‍ക്കെല്ലാം മതിലുകള്‍. വ്യാകുലമാതാവിന്റെ പോർചുഗീസ് പള്ളി ഇടിച്ചുകളഞ്ഞ് ആധുനിക സംവിധാനത്തോടെ പുതിയത് നിർമിച്ചു. ക്ഷേത്രത്തിനും മോസ്‌ക്കിനും തലപ്പൊക്കവും നിറവും വന്നു. പൊതുകിണര്‍ ഇപ്പോഴുമുണ്ട്, പക്ഷേ, ആരുമത് ഉപയോഗിക്കാതെ പായല്‍മൂടിക്കിടക്കുന്നു. ബേബിയക്കന്റെ ചായക്കട മക്കള്‍ പുതുക്കി ഹോട്ടലാക്കി. സിനിമ കൊട്ടകയുടെ സ്ഥാനത്ത് പെട്രോള്‍ പമ്പ് വന്നു. കട്ടമരംപോയി. കെട്ടുവള്ളങ്ങള്‍ എന്‍ജിന്‍ ഘടിപ്പിച്ച ഫൈബര്‍വള്ളങ്ങളായി.
ഓലകൊണ്ടുണ്ടാക്കിയ വെയിറ്റിങ് ഷെഡ് ഇപ്പോള്‍ കോണ്‍ക്രീറ്റ് വെയിറ്റിങ് ഷെഡായി. തെങ്ങഞ്ചോലകള്‍ക്കിടയിലൂടെ നടന്നിരുന്ന വഴികള്‍ ടൈല്‍സിട്ട വഴികളായി. പണ്ടത്തെ തീരദേശത്തിന്റെ വിദൂരഛായപോലും ഉണ്ടായിരുന്നില്ല. മറ്റൊന്ന് മൊബൈല്‍ വിപ്ലവമാണ്. മൊബൈല്‍ ഇല്ലാത്ത ആരുമില്ലെന്നായി. ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്, ഇന്‍സ്റ്റഗ്രാം എല്ലാം വന്നു. പ്രത്യേക ശ്രദ്ധയില്‍പ്പെട്ട ഒരു വസ്തുത, റോഡിന്റെ ഓരത്തെ ചുമടുതാങ്ങി കഴിഞ്ഞ കാലങ്ങളുടെ കാഴ്ചബംഗ്ലാവുപോലെ ഇപ്പോഴുമുണ്ട്, മേരിക്കുവേണ്ടിയെന്നോണം. മേരിയാണല്ലോ അതിന്റെ ഉപഭോക്താവ്.
മേരിയെ കാണാന്‍ കടല്‍ത്തീരത്ത് പോയി. തീരത്തിന് നീളം െവച്ചു. കടല്‍ കുറെക്കൂടി ദൂരെയായി. കടല്‍ക്കരയില്‍ ആളുകള്‍ കൂട്ടംകൂടിയിരിക്കുന്നുണ്ട്. കടല്‍ക്കഥകളുടെ കെട്ടഴിക്കുകയാവും. മേരിയുടെ ചെറ്റക്കുടില്‍ ഇപ്പോഴില്ല. അത് ചെറിയൊരു കോണ്‍ക്രീറ്റ് വീടായിരിക്കുന്നു. പുറംചുമരില്‍ തൂങ്ങുന്നുണ്ട് ഒരു കുരുത്തോലക്കുരിശ്. മുറ്റത്ത് മീഞ്ചരുവം ഇരിപ്പുണ്ട്. മീങ്കാരികള്‍ കുട്ടയില്‍നിന്നും ചരുവത്തിലേക്ക് മാറിയത് ഞാന്‍ കണ്ടറിഞ്ഞിരുന്നു. മേരിയെ പക്ഷേ, കണ്ടില്ല. വേളാങ്കണ്ണിയില്‍ നേര്‍ച്ചയ്ക്കുപോയി എന്ന് അയല്‍ക്കാരില്‍നിന്നും അറിഞ്ഞു. മേരിയുടെ മകള്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നു എന്നും. പിന്നീടൊരിക്കലും ഞാന്‍ മേരിയെ കണ്ടിട്ടില്ല.
വര്‍ഷങ്ങള്‍ പിന്നെയും ഒരുപാട് കടന്നുപോയി. പല ഋതുക്കള്‍ വന്നുപോയി. പല മഴകളും പല വെയിലുകളും വന്നുപോയി. സൂനാമിയും ഓഖിയും വന്നു. പേമാരിയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും വന്നു. കേരളം മുന്നോട്ടുപൊയ്‌ക്കൊണ്ടേയിരുന്നു. ഞങ്ങളുടെ ജീവിതയാത്രയിലും ഏറെ വഴിത്തിരിവുകള്‍ ഉണ്ടായി. എനിക്ക് ഹെഡ് ഒാഫ് ദ ഡിപ്പാര്‍ട്ട്‌മെന്റ് ആയി പ്രമോഷന്‍ ലഭിച്ചു. ഭാര്യ ഹെഡ് ഒാഫ് ദ നഴ്‌സ് ആയി. കുടുംബവസ്തു വീതംെവച്ചപ്പോള് അമ്മയ്ക്കു കിട്ടിയ പഴയ തറവാടും സ്ഥലവും വിറ്റ് നഗരത്തില്‍ സീ വ്യൂ ഉള്ള ഒരു ഫ്ലാറ്റ് വാങ്ങി. അറ്റാച്ച്ഡ് ബാത്‌റൂം. മുറികളിലെല്ലാം എ.സി. ചെടികള്‍ നട്ടുപിടിപ്പിച്ച ബാല്‍ക്കണി. എല്ലാം ഞങ്ങളാഗ്രഹിച്ചപോലെത്തന്നെ.മക്കള്‍ രണ്ടു പേരും മകന്‍ ഐ.ടി കഴിഞ്ഞ് അമേരിക്കയിലേക്കും മകള്‍ എൻജിനീയറായി കാനഡയിലേക്കും പോയി. ഞാന്‍ ജോലിയില്‍നിന്നും വിരമിച്ചു. പിന്നാലെ കോവിഡ് വന്നു. അടച്ചുപൂട്ടിയിരുന്നു. അക്കാലം ധാരാളം വായിച്ചു. കോവിഡ് കാലം കഴിഞ്ഞയുടനെ ഭാര്യയും വിരമിച്ചു. ഭാര്യ വിരമിച്ച അന്നേദിവസം കന്യാമേരി എന്നൊരു സ്ത്രീ അതേ ഹോസ്പിറ്റലില്‍ ഡോക്ടറായി ജോയിന്‍ ചെയ്തു എന്നും അവള്‍ക്ക് ആ മീങ്കാരി മേരിയുടെ അതേ ഛായയും ഉണ്ടക്കണ്ണുമാണെന്നും ഭാര്യ പറഞ്ഞു. മേരിയോട് എനിക്ക് എന്തെന്നില്ലാത്ത അഭിമാനംതോന്നി.

രാജേഷ് ചിറപ്പാട്
പുസ്തകവായന, പഴയ സിനിമാ പാട്ട് കേള്‍ക്കുക, ക്ലാസിക് ഫിലിം കാണുക, അറിയാത്ത ദേശങ്ങളിലേക്ക് യാത്രചെയ്യുക തുടങ്ങിയവ ജീവിതത്തിന്റെ ഭാഗമാക്കി. നാട്ടിലേക്കു പോകാറേയില്ല. ആളുകളും അടുപ്പങ്ങളും കുറഞ്ഞു. ഉള്ള ബന്ധുക്കള്‍ പലരും എന്നെപ്പോലെത്തന്നെ നഗരത്തിലേക്ക് ചേക്കേറി. നാടുമായുള്ള ബന്ധം പരിപൂര്‍ണമായും വിച്ഛേദിച്ചപോലെയായി. എങ്കിലും ഇടയ്ക്കിടയ്ക്ക് മേരിയെ ഓര്‍ക്കാറുണ്ട്. അഥവാ മേരിയോർമകള്‍ ഇടയ്ക്കിടെ എന്നെ സന്ദര്‍ശിക്കാറുണ്ട്. മീന്‍ വാങ്ങാന്‍ ചന്തയിലോ നിരത്തിലോ പോകുമ്പോള്‍ മേരിയെ തിരയാറുമുണ്ട്. പക്ഷേ, ഒരിക്കല്‍പോലും കാണാന്‍ സാധിച്ചില്ല. മീന്‍വിൽപനയൊക്കെ നിറുത്തി വിശ്രമജീവിതം നയിക്കുകയായിരിക്കും എന്ന് അനുമാനിച്ചു. ഒരുവേള മേരി ജീവിച്ചിരിപ്പുണ്ടാവുമോ? അങ്ങനെയൊരു അശുഭചിന്തയുമുണ്ടായി. ചിന്തയിലേക്ക് കുമാരനാശാന്റെ വരികളും കൂട്ടുവന്നു; ‘‘ഒരു നിശ്ചയമില്ലയൊന്നിനും...’’
ഓടിക്കിതച്ചെത്തിയ ഒരു കാറ്റ് ഫ്ലാറ്റിന്റെ മുറ്റത്തെ പുന്നമരത്തില്‍നിന്നും ഒരിലയെ പറിച്ച് എന്റെ മുന്നിലേക്കെറിഞ്ഞതും ‘‘ദേ, ഞാന്‍ റെഡി...’’ ഭാര്യ വന്നു പറഞ്ഞതും ഒരേ നിമിഷാർധം. മേരിയോർമകളില്‍നിന്നും ഉണര്‍ന്നു. മറ്റൊരു കാര്യം പെട്ടെന്ന് ഓർമയിലേക്ക് ഓടിവരികയും ചെയ്തു. ഇന്ന് കേരളപ്പിറവി ദിനം. ഒരു സെല്‍ഫി എടുക്കുന്ന കാര്യം ഞാനും ഭാര്യയും പരസ്പരം പങ്കുെവച്ചിട്ടുണ്ടായിരുന്നു.
വേഗം പോയി വസ്ത്രംമാറി വന്നു. കേരളപ്പിറവി പ്രമാണിച്ച് എനിക്കൊരു കസവുമുണ്ടും വെള്ളജുബ്ബയും ഭാര്യയ്ക്ക് സ്വര്‍ണക്കരയുള്ള സാരിയും വാങ്ങിെവച്ചിട്ടുണ്ടായിരുന്നു. മകന്‍ ആമസോണ്‍ വഴി ഒരു ഐഫോണ്‍ അയച്ചുതരികയും ചെയ്തു. കേരളത്തിന്റെ തനത് വസ്ത്രങ്ങളണിഞ്ഞ് ഫ്ലാറ്റിന്റെ മുറ്റത്തെ പുന്നമരച്ചോട്ടില്‍നിന്ന് ഞാനും ഭാര്യയും ഒരു സെല്‍ഫിയെടുത്തു. ഉടനെതന്നെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്തു. ഒരു മണിക്കൂര്‍ കഴിഞ്ഞ് നോക്കാം എത്ര ലൈക്ക് കിട്ടി എന്നുനിനച്ച് ബാല്‍ക്കണിയില്‍ച്ചെന്ന് യൂട്യൂബ് ഓണ്‍ചെയ്തു. വയലാറിന്റെ ‘‘ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മംകൂടി...’’ പാട്ടുെവച്ചു. ചാരുകസേരയില്‍ ചാഞ്ഞുകിടന്നു. ഹൃദയഹാരിയായ പാട്ടിനൊപ്പം അകലെ കടലില്‍നിന്നും ഒരു ഈറന്‍കാറ്റുവന്ന് എന്നെ തഴുകുന്നുമുണ്ട്.
അപ്പോഴാണ്...
‘‘മീനേയ്... ഉണക്കമീനേയ്...’’ പെട്ടെന്നൊരു ശബ്ദവും തൊട്ടുപിന്നാലെ എന്തോ തട്ടിമറിഞ്ഞുവീഴുന്നതിന്റെ ഒച്ചയും ഒരു ദീനരോദനവും കേട്ടു. എഴുന്നേറ്റ് നോക്കി. നഗരത്തിന്റെ അതിദ്രുതം ചലിക്കുന്ന പാതയുടെ മധ്യേ ഒരു സ്ത്രീ കമിഴ്ന്നു വീണുകിടക്കുന്നു. അവള്‍ക്കു ചുറ്റും തെറിച്ചുകിടക്കുന്നുണ്ട് കുറെ ഉണക്കമീനുകള്‍. തലയിലെ മീഞ്ചരുവം ദൂരെ മാറിക്കിടക്കുന്ന നിലയിലും. നിമിഷങ്ങള്‍... വീണുകിടന്ന സ്ത്രീ സ്വയമേ എഴുന്നേൽക്കുകയാണ്, നിലത്തുവീണ കുട്ടി പിന്നെയും എഴുന്നേൽക്കുമ്പോലെ. കണ്ടു, മേരിയാണ്. ഉണങ്ങിയ ഒരു വൃക്ഷംകണക്കെ മെല്ലിച്ച്, കരുവാളിച്ച്...
ഫ്ലാറ്റിലെ ബാല്‍ക്കണിയില്‍ ഉപ്പുതൂണായി ഞാന്‍ നിൽക്കെ, മേരി കരുവാടെല്ലാം പെറുക്കിയെടുത്ത് ചരുവത്തില്‍ െവച്ച് മുന്നോട്ട് പിന്നെയും നടക്കാന്‍ തുടങ്ങി. പക്ഷേ, നടക്കാന്‍ വയ്യ. മുട്ട് മുറിഞ്ഞിട്ടുണ്ട്. മുറിവിലേക്ക് കൈപ്പടംെവച്ചു. നനഞ്ഞ കൈപ്പടം മുഖതാവിലേക്ക് കൊണ്ടുവന്നു. തുള്ളിച്ചോരയിലേക്കു തന്നെ നോക്കിനിന്നു, ഒരു സെല്‍ഫി എടുക്കുമ്പോലെ.