Begin typing your search above and press return to search.

ഒരു ശാസ്ത്രജ്ഞന്‍റെ മരണം

ഒരു ശാസ്ത്രജ്ഞന്‍റെ മരണം
cancel

എഴുപതുകളുടെ മധ്യത്തില്‍ ഞാന്‍ പഠിച്ച സ്കൂളിനെപ്പറ്റി ഏറെ അഭിമാനത്തോടെയായിരുന്നു ഹൈസ്കൂളിന്‍റെ ശതാബ്ദി പതിപ്പില്‍ സ്റ്റാഫ് എഡിറ്റര്‍ എന്ന നിലയില്‍ ഞാനെഴുതിയത്. ആ കുറിപ്പ് എഴുതാനിരുന്ന നിമിഷങ്ങളെക്കുറിച്ച് എനിക്കോർമയുണ്ട്. ഒരുപാട് കാലങ്ങള്‍ക്കുശേഷം ഞാന്‍ എന്‍റെ വിദ്യാലയത്തെക്കുറിച്ച് ഓര്‍ക്കുകയായിരുന്നു. ചൂടും തണുപ്പുമുള്ള നിരവധി ഓർമകള്‍ എന്നെ തഴുകിക്കടന്നുപോയി. ഒരു കര്‍ക്കടകപ്പകലില്‍ പെട്ടെന്ന് ഭൂമിയുടെ വെളിച്ചത്തെക്കെടുത്തിയ കാര്‍മേഘംപോലെ പോയകാലം എന്‍റെ ഹൃദയത്തില്‍ പെയ്യാനായി വിതുമ്പിനിന്നു. സത്യത്തില്‍ അവർണനീയമായിരുന്നു വികാരങ്ങളുടെ കുത്തൊഴുക്ക്. ഒമ്പതേ മുക്കാലിനാണ്...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

എഴുപതുകളുടെ മധ്യത്തില്‍ ഞാന്‍ പഠിച്ച സ്കൂളിനെപ്പറ്റി ഏറെ അഭിമാനത്തോടെയായിരുന്നു ഹൈസ്കൂളിന്‍റെ ശതാബ്ദി പതിപ്പില്‍ സ്റ്റാഫ് എഡിറ്റര്‍ എന്ന നിലയില്‍ ഞാനെഴുതിയത്. ആ കുറിപ്പ് എഴുതാനിരുന്ന നിമിഷങ്ങളെക്കുറിച്ച് എനിക്കോർമയുണ്ട്. ഒരുപാട് കാലങ്ങള്‍ക്കുശേഷം ഞാന്‍ എന്‍റെ വിദ്യാലയത്തെക്കുറിച്ച് ഓര്‍ക്കുകയായിരുന്നു. ചൂടും തണുപ്പുമുള്ള നിരവധി ഓർമകള്‍ എന്നെ തഴുകിക്കടന്നുപോയി. ഒരു കര്‍ക്കടകപ്പകലില്‍ പെട്ടെന്ന് ഭൂമിയുടെ വെളിച്ചത്തെക്കെടുത്തിയ കാര്‍മേഘംപോലെ പോയകാലം എന്‍റെ ഹൃദയത്തില്‍ പെയ്യാനായി വിതുമ്പിനിന്നു. സത്യത്തില്‍ അവർണനീയമായിരുന്നു വികാരങ്ങളുടെ കുത്തൊഴുക്ക്.

ഒമ്പതേ മുക്കാലിനാണ് അന്ന് സ്കൂളില്‍ മണിയടിക്കുക. ഒന്നാം മണിക്കുമുമ്പ് ഞാന്‍ സ്കൂളില്‍ ഹാജരായ ഒരു ദിവസംപോലും എന്‍റെ ഓർമയിലുണ്ടാവില്ല. അതിനു കാരണം അമ്മയാണ്. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്നു അമ്മ. ഞങ്ങള്‍ നാലു മക്കള്‍ അന്ന് ആ സ്കൂളില്‍ പഠിക്കുന്നുണ്ട്. പുലര്‍ച്ചെ നാലുമണിക്ക് എണീറ്റ് പണി തുടങ്ങിയാലും അമ്മയുടെ വീട്ടുജോലികള്‍ ബാക്കി കിടക്കും. ഒമ്പതേമുക്കാലിനടുത്താണ് ഞാനും അമ്മയും സ്കൂളിലേക്ക് പുറപ്പെടുക. ചേച്ചിയും അനിയത്തിയും അനിയനും നേരത്തേത്തന്നെ പുറപ്പെട്ടിട്ടുണ്ടാകും. അമ്മയോടൊത്ത് സ്കൂളില്‍ പോകാനായിരുന്നു എനിക്കിഷ്ടം. അമ്മ അതിന് എതിരു നിന്നില്ല. പാതിദൂരം നടന്നും പാതിദൂരം ചെറുതായി ഓടിയുമാണ് ഞങ്ങള്‍ പിന്നിടുക. സ്കൂളില്‍ പോകാന്‍ അച്ഛന്‍ വാങ്ങിത്തന്ന അലൂമിനിയപ്പെട്ടിയുമായി അമ്മയുടെ ഒപ്പം പിടിക്കാന്‍ ഞാന്‍ ശരിക്കും പാടുപെട്ടു. സ്കൂളിലെത്താനുള്ള പെടാപ്പാടിനിടയിലും അമ്മ ഇടവിട്ട് എന്നോടു സംസാരിച്ചുകൊണ്ടിരുന്നു. ആണ്‍മക്കളില്‍ മൂത്തവനായ ഞാന്‍ പഠിച്ചു വലിയ ഒരാളാവണമെന്നതാണ് തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമെന്ന് അമ്മ പറഞ്ഞു.

‘‘കുട്ടാ, വലുതാവുമ്പ്വോ നിനക്ക് ആരാ ആവണ്ടെ?’’

അമ്മ എന്നെ അങ്ങനെയാണ് വിളിച്ചിരുന്നത്. സത്യത്തില്‍ ഇത്തരം വിഷയങ്ങള്‍ ഏഴാമത്തെയോ എട്ടാമത്തെയോ വയസ്സില്‍ എന്നെ തീരെ അലട്ടിയിരുന്നില്ല. നാലുമണിക്ക് സ്കൂൾ വിട്ടുവരുമ്പോള്‍ കാപ്പിക്കൊപ്പം അമ്മ ഉണ്ടാക്കിത്തരുന്ന പലഹാരത്തെക്കുറിച്ച് ഞാന്‍ ഏറെ ഗൗരവത്തോടെ ചിന്തിച്ചിരുന്നു. വീടിനു മുറ്റത്തെ പാടത്ത് കൈതപോസ്റ്റുകള്‍ സ്ഥാപിച്ച് ഞങ്ങള്‍ കുട്ടികള്‍ ഫുട്ബോള്‍ കളിച്ചിരുന്നു. ‘പെലെ’യെക്കുറിച്ച് ഞാനാ വയസ്സിലും അറിഞ്ഞിരുന്നു.

അമ്മ എന്നെ ശാസ്ത്രജ്ഞനാക്കാന്‍ ആഗ്രഹിച്ചു. അക്കാലത്ത് എനിക്ക് ഉച്ചരിക്കാന്‍പോലും പ്രയാസമുള്ള വാക്കായിരുന്നു അത്. അമ്മയെന്നോട് ഐസക് ന്യൂട്ടനെക്കുറിച്ചും തോമസ് ആല്‍വ എഡിസനെക്കുറിച്ചും സംസാരിച്ചിരുന്നു. അക്കാലത്ത് നമ്മുടെ ഐ.എസ്.ആര്‍.ഒ ഇത്രത്തോളം പ്രശസ്തമായിരുന്നില്ല. അല്ലെങ്കില്‍ തീര്‍ച്ചയായും എ.പി.ജെ. അബ്ദുൽ കലാമിനെക്കുറിച്ചും ഇന്ത്യന്‍ ബഹിരാകാശ പരിപാടിയുടെ പിതാവായി കണക്കാക്കുന്ന വിക്രം സാരാഭായിയെക്കുറിച്ചുമൊക്കെ അമ്മ എന്നോട് സംസാരിക്കുമായിരുന്നു എന്ന് ഞാനിന്ന് വിശ്വസിക്കുന്നു.

ഒരു ശാസ്ത്രജ്ഞനാകാന്‍ വേണ്ട ഏറ്റവും അത്യാവശ്യമുള്ള ആദ്യ ഗുണങ്ങള്‍ കണക്കിലും സയന്‍സിലുമുള്ള താല്‍പര്യമാണെന്ന് അമ്മ പറഞ്ഞു. നാലാം ക്ലാസിലെത്തുമ്പോഴേക്കും കണക്കിലും സയന്‍സിലും ഞാന്‍ ഏറെ മുന്നോട്ടുപോയി. കണക്കിലെ കൂട്ടലിലും കിഴിയ്ക്കലിലും ഹരിയ്ക്കലിലും ഞാന്‍ അതിയായ സാമർഥ്യം പ്രകടിപ്പിച്ചു. പലപ്പോഴും ക്ലാസുമുറിയില്‍ ഏറ്റവും ആദ്യം കണക്ക് ചെയ്തുതീര്‍ത്ത് എഴുന്നേല്‍ക്കുന്നത് ഞാനായിരുന്നു. സ്കൂളിനടുത്ത് പലചരക്ക് കട നടത്തുന്ന ശ്രീധരച്ചാച്ഛന്‍റെ മകള്‍ ഗീത കണക്കില്‍ എന്നോടു മത്സരിച്ചു. മനോഹരമായ കയ്യക്ഷരമായിരുന്നു അവളുടേത്. കയ്യക്ഷരത്തിന്‍റെ ബലത്തില്‍ ടീച്ചറെ വശത്താക്കി എന്നെ കീഴടക്കാന്‍ അവള്‍ പലവട്ടം ശ്രമിച്ചു. പക്ഷേ, അത്ര എളുപ്പത്തിലൊന്നും കീഴടക്കാന്‍ കഴിയാത്ത ഒരു കോട്ടയായി ഞാന്‍ നിലകൊണ്ടു.

കണക്കിലും സയന്‍സിലും നൂറില്‍ നൂറും വാങ്ങി ഞാന്‍ എന്‍റെ കൂട്ടുകാരെ ഞെട്ടിച്ചു. എന്‍റെ വിജയക്കുതിപ്പില്‍ ഗീതയുടെ കുസൃതിയും കുശുമ്പും മാറിമാറിത്തെളിയുന്ന കുഞ്ഞിക്കണ്ണുകള്‍ സങ്കടംകൊണ്ടു ചുവന്നു. ജില്ലയില്‍ നാലാം ക്ലാസിലെ അരപ്പരീക്ഷയില്‍ കണക്കിനും സയന്‍സിനും ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ നാലു കുട്ടികളില്‍ ഒരാള്‍ ഞാനായിരുന്നു. കൊച്ചി എന്ന മഹാനഗരത്തിലേക്കുള്ള വിനോദയാത്രയായിരുന്നു സമ്മാനം. ജനാർദനന്‍ മാസ്റ്റര്‍ക്കൊപ്പം കൊച്ചി കണ്ടുവന്നപ്പോള്‍ത്തന്നെ ഒരു കൊച്ചു ശാസ്ത്രജ്ഞനായി ഞാന്‍ സ്കൂളില്‍ പരക്കെ അംഗീകരിക്കപ്പെട്ടു. ഉരുകിയൊലിക്കുന്ന ചുവന്ന ദ്രാവകത്തില്‍നിന്ന് ഗ്ലാസുകളും ചില്ലുപാത്രങ്ങളും രൂപപ്പെടുന്നതു കണ്ട് ആശ്ചര്യപ്പെട്ടതും ബ്രൂസ് ലിയുടെ സിനിമ ഞാനാദ്യമായി കണ്ടതും ഈ കൊച്ചി യാത്രയിലാണ്.

ഹൈസ്കൂള്‍ മാഗസിനില്‍ ഞാനെഴുതിയ കുറിപ്പിലെ പ്രധാന കഥാപാത്രം നാരായണന്‍ മാഷായിരുന്നു. സ്കൂളിലെ രണ്ട് സയന്‍സ് അധ്യാപകരില്‍ ഒരാള്‍. ചുരണ്ട മുടിയിഴകളായിരുന്നു മാഷിന്‍റേത്. മാഷിന്‍റെ നെറ്റിയിലേക്കു ഒലിച്ചിറങ്ങുന്ന വിയര്‍പ്പില്‍ പതിഞ്ഞ് എണ്ണമയമുള്ള ആ മുടയിഴകള്‍ താഴോട്ടു വീണുകിടക്കുന്നത് സൗന്ദര്യമുള്ളൊരു കാഴ്ചയായിരുന്നു. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മാഷ് അമ്പലത്തില്‍ പോകും. ആ ദിനങ്ങളില്‍ മാഷിന്‍റെ മുടിച്ചുരുളുകള്‍ നെറ്റിയിലെ ചന്ദനവുമായി കൂടിക്കുഴയും.

നാരായണന്‍ മാഷെയും ഉണ്ണികൃഷ്ണനെയും കുറിച്ചാണ് ഹൈസ്കൂളി​െന്‍റ സ്മരണികയില്‍ ഞാനെഴുതിയത്. ഉണ്ണികൃഷ്ണന്‍ ഈ വയസ്സിലും എന്‍റെ ഹൃദയത്തെ ഞെരുക്കുന്ന ഒരോർമയാണ്. മങ്ങിയ വെള്ളച്ചായമടിച്ച ചുമരുകളും ചിതലിച്ച കറപിടിച്ച വാതിലുകളുമുള്ള അവന്‍റെ ഇല്ലത്ത് ഞാന്‍ പോയിട്ടുണ്ട്. അന്ന് അവന്‍റെ അമ്മ എന്‍റെ ശിരസ്സില്‍ അവരുടെ വലതുകൈ ചേര്‍ത്തു​െവച്ച് ഒരു നിമിഷം പ്രാർഥനയോടെ നിന്നത് എനിക്ക് നല്ല ഓർമയുണ്ട്.

സ്കൂളില്‍ അക്കാലത്ത് കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് ഉപ്പുമാവ് വിളമ്പും. ഉപ്പുമാവ് പാചകം ചെയ്യുന്നതിനുള്ള ഗോതമ്പുനുറുക്ക് അമേരിക്കയില്‍ നിന്നാണ് വരുന്നതെന്ന് പറഞ്ഞുതന്നത് നാരായണൻ മാഷാണ്. ഗോതമ്പ് മാത്രമല്ല, പാചകം ചെയ്യാനുള്ള എണ്ണയും വിദേശത്തുനിന്നാണ് എത്തുക. സ്കൂള്‍ ദിവസങ്ങളില്‍ ഏതാണ്ട് പന്ത്രണ്ടു മണിയാകുമ്പോള്‍ പാചകപ്പുരയില്‍നിന്ന് കാറ്റില്‍ ഉപ്പുമാവിന്‍റെ തീക്ഷ്ണസുരഭിലമായ ഗന്ധം പാറിയെത്തും. അപ്പോള്‍ ആയിരത്തിയിരുന്നൂറോളം കുഞ്ഞുങ്ങളുടെ വയറ്റില്‍ വിശപ്പിന്‍റെ കുഞ്ഞുനിലവിളികള്‍ ഉണരും. ടീച്ചര്‍മാര്‍ ഊഴമിട്ടാണ് ഞങ്ങള്‍ക്ക് ഉപ്പുമാവ് വിളമ്പുക. സാരി എടുത്തുകുത്തിയ രണ്ടു ടീച്ചര്‍മാര്‍ ഈച്ചയെപ്പോലെ ആര്‍ത്തുകൊണ്ടിരിക്കുന്ന കുട്ടികള്‍ക്കിടയിലൂടെ ഉപ്പുമാവ് നിറച്ച ചെമ്പ് നിരക്കി വരാന്തയിലൂടെ വലിച്ചു കൊണ്ടുപോകും. ഓടുമേഞ്ഞ സ്കൂളിന്‍റെ മേല്‍ക്കൂരയില്‍ വരിവരിയായി ഇരുന്ന് പ്രാവുകള്‍ അവയുടെ ശിരസ്സു വെട്ടിച്ചുകൊണ്ടിരിക്കും. സ്കൂള്‍ മുറ്റത്തും കിണറ്റിന്‍കരയിലും കാക്കകള്‍ കലപില കൂട്ടും. സ്കൂള്‍ പറമ്പില്‍ ചിത്രം വരക്കുന്ന വെയിലില്‍ തെങ്ങോലകളുടെ നിഴല്‍വീണു കിടക്കും.

 

ശബ്ദമാനമായ ഈ ഓർമകള്‍ക്കിടയിലേക്കാണ് എന്‍റെ കുറിപ്പില്‍ വീണ്ടും ഉണ്ണികൃഷ്ണന്‍ കയറിവന്നത്. ഉപ്പുമാവ് വിളമ്പുന്ന ടീച്ചര്‍മാരെ കബളിപ്പിച്ച് രണ്ടാമതും വാങ്ങുന്നവരുണ്ട്. ആദ്യം വിളമ്പുന്നത് ആര്‍ത്തിയോടെ തിന്ന് പാത്രം കാലിയാക്കി അവര്‍ വീണ്ടും വിളമ്പിത്തരുന്ന ടീച്ചര്‍മാരുടെ മുന്നിലേക്ക് പാത്രം നീട്ടും. ചിലപ്പോള്‍ ടീച്ചര്‍മാര്‍ അവരെ ചീത്തപറഞ്ഞ് പായിക്കും. മുഴുവന്‍ കുട്ടികളിലേക്കും ഭക്ഷണം എത്തിച്ചേരും മുമ്പ് ചെമ്പ് കാലിയാകുന്നത് പലപ്പോഴും വിളമ്പുന്ന ടീച്ചര്‍മാര്‍ക്കു മുന്നിലുള്ള കനത്ത വെല്ലുവിളിയായിരുന്നു.

ഉണ്ണികൃഷ്ണന്‍ പലപ്പോഴും തിരക്കിനിടയില്‍ പാത്രം വീണ്ടും നീട്ടി ടീച്ചര്‍മാരെ കബളിപ്പിച്ചു. വീണ്ടും നിറച്ച പാത്രം ഭദ്രമായി അടച്ച് അവന്‍ ഇരിക്കുന്ന ബഞ്ചിനടിയില്‍ സൂക്ഷിക്കും. സ്കൂള്‍ വിടുമ്പോള്‍ ചോറ്റുപാത്രം ഒരു നിധിപോലെ കൈയിലെടുത്ത് അവന്‍ എന്‍റെ ചെവിട്ടില്‍ ഒരു സ്വകാര്യംപോലെ പറഞ്ഞു:

‘‘ന്‍റെ ഉണ്ണികള്‍ക്കാണ്...’’

അവന്‍റെ സ്വരത്തില്‍ മറച്ചുവയ്ക്കാത്തൊരു ജാള്യമുണ്ടായിരുന്നു. ആ നിമിഷത്തില്‍ എന്തുകൊണ്ടാണെന്നറിയില്ല എന്‍റെ ഹൃദയമിടിപ്പുകള്‍ വളര്‍ന്നു.

ഇന്നലെ രാത്രി സീരിയലുകള്‍ കണ്ടുതീര്‍ത്ത് ഉറക്കത്തിനു മുമ്പുള്ള മുറുക്കിന് അടയ്ക്കാ നുറുക്കുകള്‍ കുഞ്ഞുരലിലിട്ട് ഇടിയ്ക്കുമ്പോഴായിരുന്നു നാരായണൻ മാഷ് വിളിച്ച വിവരം അമ്മ പറഞ്ഞത്.

‘‘നീ നാളെ നാരായണന്‍ മാഷെ ഒന്നു പോയി കാണണം.’’ അമ്മ കല്‍പിച്ചു.

‘‘എന്തിനാത്?’’

‘‘നീയെന്തിനാ പഴേ കാര്യങ്ങളൊക്കെ നിന്‍റെ സ്കൂളിന്‍റെ പുസ്തകത്തിലെഴുതിയത്? മാഷത് വായിച്ചിട്ടുണ്ടാകും. അതോണ്ടാകും നിന്നെ കാണണമെന്ന് പറഞ്ഞത്.’’

അമ്മ പറഞ്ഞു നിറുത്തിയതും പൊടുന്നനെ പഴയ സ്കൂള്‍ ജീവിത കാലത്തെ ഒരു ഭയം എന്നില്‍ നിറഞ്ഞു.

‘‘അന്ന് ഞാനെഴുതീത് വായിച്ചപ്പ്വോ നന്നായിട്ടുണ്ടെന്നല്ലേ അമ്മ പറഞ്ഞത്. ഇപ്പഴെന്താ ഒരു മാറ്റം.’’

എന്നിലുണര്‍ന്ന പേടിയെ മറച്ചുപിടിക്കാനെന്ന വണ്ണം ഞാന്‍ ചോദിച്ചു.

അമ്മ എന്നെ സൂക്ഷിച്ചു നോക്കി. അമ്മയുടെ കണ്ണുകളില്‍ ഒരു കുസൃതിയും ചുണ്ടില്‍ ഒരു ചിരിയും മിന്നിമറയുന്നത് ഞാന്‍ കണ്ടു.

‘‘എനിക്കപ്പോ അങ്ങനെ പറയാനാ തോന്നീത്.’’ അമ്മയുടെ ചുണ്ടുകളിലെ ചിരി വിടര്‍ന്നു വികസിച്ച് വലുതായി. എന്‍റെയുള്ളില്‍ തെറ്റുചെയ്തുവെന്ന ഒരു തോന്നല്‍ പരന്നു. സ്കൂള്‍ സ്മരണികയില്‍ ഹൈസ്കൂളിലെ മലയാളം അധ്യാപകനെന്ന നിലയില്‍ എന്തെങ്കിലും എഴുതണമെന്നേ ഞാനാദ്യം വിചാരിച്ചിരുന്നുള്ളൂ. പക്ഷേ, എഴുതി വന്നപ്പോള്‍ ഉള്ളിലടക്കി​െവച്ചിരുന്ന ചില നീറ്റലുകള്‍ ചില ഓർമകളിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. നാരായണന്‍ മാഷെ വേദനിപ്പിക്കാന്‍ ഒരിക്കല്‍പ്പോലും ഞാന്‍ വിചാരിച്ചിരുന്നില്ല.

‘‘നിന്‍റെ മാഷല്ലേ, വിളിച്ചാല്‍ പോകണം.’’ അമ്മ പറഞ്ഞു. അമ്മയുടെ ശബ്ദം ഉയര്‍ന്നിരുന്നില്ലെങ്കിലും അതില്‍ പഴയ ഒരധ്യാപികയുടെ കാര്‍ക്കശ്യം പുകയുന്നത് ഞാനറിഞ്ഞു.

നാരായണന്‍ മാഷിന്‍റെ വീട് പഴയതുപോലെ തന്നെയായിരുന്നു. അമ്മയോടൊത്ത് സ്കൂളിലേക്കും അവിടെനിന്ന് വീട്ടിലേക്കും നടന്നുപോകുമ്പോള്‍ കൗതുകത്തോടെ ഞാന്‍ നോക്കിക്കണ്ടിരുന്ന അതേ വീട്. മാഷിന്‍റെ മകനും എന്‍റെ സുഹൃത്തുമായ ബെന്നി അമേരിക്കയിലെ നാസയില്‍ ചേര്‍ന്നതിനുശേഷം വീട് രണ്ടാം നിലയിലേക്ക് വളര്‍ന്നിരുന്നു. മുറ്റത്തെ തുളസിത്തറയൊഴിച്ചുള്ള ഭാഗങ്ങളില്‍ പുല്‍ത്തകിടി പരന്നു. പക്ഷേ, ആദ്യം മുതലേ വീടിനുപയോഗിച്ച പെയിന്‍റിന് മാറ്റമൊന്നുമുണ്ടായിരുന്നില്ല. വീടിന്‍റെ ചുമരുകളിലും തൂണുകളിലും മെറൂണും മഞ്ഞയും ഇടകലര്‍ന്ന് സന്ധ്യാമേഘക്കൂട്ടങ്ങളെ അനുസ്മരിപ്പിച്ചു.

മാഷിന്‍റെ വീട്ടിലേക്ക് തിരിയുന്ന ഇടവഴിയില്‍ ആരോ വെട്ടിമാറ്റിയ കോളാമ്പിക്കാടുകളോട് ചേര്‍ന്ന് ഒരുതരം പരിഭ്രമത്തോടെ ഞാന്‍ സ്തംഭിച്ചുനിന്നു. മാഷ് എന്നോടെന്താണ് പറയുകയെന്ന് ഞാന്‍ ഭയപ്പെട്ടു. എന്‍റെ കുറിപ്പ് മാഷെ വേദനിപ്പിച്ചിട്ടുണ്ടാകുമോ? ഒരാള്‍ അയാളുടെ കുട്ടിക്കാലത്തെ പകര്‍ത്തുമ്പോള്‍ അതില്‍ അസത്യങ്ങളുടെയും ഭാവനയുടെയും കടുംചായക്കൂട്ട് കലരുമോ?

‘ഒരു ശാസ്ത്രജ്ഞന്‍റെ മരണം’ എന്നപേരില്‍ ഞാനെഴുതിയ കുറിപ്പ് ഞങ്ങളുടെ വിദ്യാർഥി ജീവിതകാലത്ത് ഏറ്റുവാങ്ങിയ ഒരനുഭവത്തിന്‍റെ ശേഷിപ്പാണ്. ഒരു തീവ്രാനുഭവത്തിന്‍റെ വെയില്‍ച്ചൂടില്‍ വിയര്‍ത്തുകൊണ്ടാണ് മുപ്പതു കൊല്ലത്തിനുശേഷം ഞാനത് എഴുതി പൂര്‍ത്തിയാക്കിയത്. അതെഴുതിത്തീര്‍ന്ന രാത്രിയില്‍ ഞാന്‍ ഉണ്ണികൃഷ്ണനെ സ്വപ്നം കണ്ടു. അവന്‍റെ വയസ്സായ അമ്മയുടെ കൈപിടിച്ചുകൊണ്ട് എന്‍റെ വീടിന്‍റെ ഉമ്മറത്തു വന്നുനില്‍ക്കുന്നു. രാത്രിയോ പകലോയെന്ന് എനിയ്ക്ക് വ്യക്തമായില്ല. അവന്‍റെ തലമുടിയിഴകള്‍ നരച്ചിരുന്നു. ഒരു സ്വകാര്യം പറയുന്നതുപോലെ അവന്‍ പേരു ചൊല്ലി വിളിച്ചപ്പോള്‍ ഒരു നിമിഷം ഞാന്‍ നടുങ്ങിയിരിക്കണം. കിടക്കയില്‍നിന്ന് നിലവിളിച്ചുകൊണ്ടാണ് ഞാന്‍ എഴുന്നേറ്റതെന്ന് ഭാര്യ പറഞ്ഞു. ശരീരമാകെ വിയര്‍ത്തിരുന്നു. കിടപ്പുമുറിയിലെ മേശയില്‍നിന്ന് ഒരു വലിയ ചില്ലുഗ്ലാസില്‍ വെള്ളമെടുത്ത് നീട്ടുമ്പോള്‍ നാളെ ജ്യോത്സ്യനും മാന്ത്രികനുമായ സുന്ദരേശപ്പണിക്കരുടെ അടുത്തുപോയി കയ്യില്‍ ഒരു നൂലുകെട്ടിക്കാമെന്ന് അവള്‍ എന്നെ പരിഹസിച്ചു. സത്യത്തില്‍ ആ പരിഹാസത്തില്‍ ഒരു കടുത്ത ക്ഷോഭത്തിന് ഞാന്‍ കീഴ്പ്പെട്ടുപോയതായിരുന്നു. പക്ഷേ... അവളുടെ അച്ഛന്‍ കേശവേട്ടന്‍ മരണംവരെ യുക്തിവാദി പ്രസ്ഥാനത്തിന്‍റെ നേതാവായിരുന്നു എന്നോർമിച്ചപ്പോള്‍ എനിക്കവളോട് പാവം തോന്നി.

നാരായണൻ മാഷിന്‍റെ വീടിനു മുന്നിലെ ഗെയ്റ്റില്‍ ഇടവഴിയില്‍ രണ്ടു പൂച്ചകള്‍ ഇളവെയില്‍ കാഞ്ഞുകിടന്നിരുന്നു. എന്നെ കണ്ടമാത്രയില്‍ അവയിലൊന്ന് പതുക്കെ കരഞ്ഞ് എന്നെ സസൂക്ഷ്മം നിരീക്ഷിച്ചു. അപ്പോള്‍ ഞങ്ങളുടെ പഴയ സ്കൂളിനു മുന്നില്‍ മീനുമായി വരുന്ന മൂസ സായ്വിനെ കാത്തുനിന്നിരുന്ന ‘കടുവ’ എന്ന് ഞങ്ങളോമനപ്പേരിട്ടു വിളിച്ച തടിയന്‍ പൂച്ചയെ ഞാന്‍ പൊടുന്നനേ ഓർമിച്ചു. എന്‍റെ ഓർമകളുടെ ചെമ്മണ്‍മുറ്റത്ത് അപ്പോള്‍ ഏതൊക്കെയോ കാട്ടുചെടികള്‍ തളിര്‍ക്കുകയും പൂവിടുകയും ചെയ്തുകൊണ്ടിരുന്നു.

ഞങ്ങളുടെ സ്കൂളില്‍ സയന്‍സ് പഠിപ്പിച്ചുകൊണ്ടിരുന്നത് രണ്ടുപേരാണ്. ജനാര്‍ദനന്‍ മാഷും നാരായണന്‍ മാഷും. ഗ്രാമത്തിലെ ഈ കൊച്ചു സ്കൂളിലെ കുട്ടികളെ സംബന്ധിച്ചിടത്തോളം ജനാര്‍ദനൻ മാഷിന്‍റെ ക്ലാസുകള്‍ ഓരോരോ വ്യത്യസ്തമായ അനുഭവമായിരുന്നു. വിസ്മയങ്ങളുടെ കൊയ്ത്തുപാടങ്ങളിലൂടെ അത് ഓരോ കുട്ടിയെയും കൈ പിടിച്ചുനടത്തിച്ചു. മാഷിന്‍റെ ക്ലാസിലിരുന്ന ഓരോ കുട്ടിയും അദ്ദേഹത്തിന്‍റെ അധ്യാപനത്തിന്‍റെ ഒരിടവേളയില്‍ താനൊരു ശാസ്ത്രജ്ഞനാണെന്ന് സ്വയം സങ്കല്‍പിച്ചു. നാൽപത്തിയഞ്ചു മിനിറ്റ് നീണ്ടുനില്‍ക്കുന്ന തന്‍റെ ക്ലാസില്‍ ഇരുപത്തിയഞ്ചു മിനിറ്റോളം പരീക്ഷണങ്ങള്‍ക്കു വേണ്ടിയാണ് മാഷ് നീക്കി​െവച്ചത്.

ദൂരദര്‍ശിനിയുടെ വിദൂരസാധ്യതകളും ഒരു സൂക്ഷ്മദര്‍ശിനിയുടെ സൂക്ഷ്മക്കാഴ്ചകളും ഒരേ വികാരത്തോടെ മാഷ് കുട്ടികള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു. സൂക്ഷ്മദര്‍ശിനിയുടെ ഗുഹാകവാടത്തിനു മുന്നില്‍ തെളിഞ്ഞ സൂക്ഷ്മാണുക്കളുടെ ജൈവലോകത്തിനു മുന്നില്‍ ഞങ്ങള്‍ കുട്ടികള്‍ സ്തബ്ധരായി. ഒരു പ്രഭാതചന്ദ്രന്‍റെ ഉപരിതലത്തിലെ പരുപരുത്ത പാറക്കല്ലുകള്‍ ദൂരദര്‍ശിനിക്കു മുന്നില്‍ തെളിഞ്ഞപ്പോള്‍ ഞങ്ങള്‍ ആ കാഴ്ചയുടെ അത്ഭുതം ഒരാരവത്തോടെ സ്വീകരിച്ചു. അമ്പിളിമാമനെന്ന സ്വപ്നസൗന്ദര്യത്തിന്‍റെ മുഖത്തു പതിഞ്ഞ പാറക്കല്ലുകളുടെ പാരുഷ്യം അടുത്ത നിമിഷത്തില്‍ എന്നെ എന്തുകൊണ്ടോ അസ്വസ്ഥനാക്കി. കണ്ടുവെന്ന് വിശ്വസിക്കാന്‍ പ്രയാസപ്പെട്ട ഒരു പേടിസ്വപ്നത്തെപ്പോലെ ആ കാഴ്ച എന്നെ ഉറക്കത്തിലും അലട്ടി.

ഒരു വെള്ളിയാഴ്ചയായിരുന്നു നൂറുകണക്കിന് കുട്ടികളുടെ ആരവങ്ങള്‍ക്കൊപ്പം ഒരു മഞ്ഞ ബലൂണിന്‍റെ മാനത്തേക്കുള്ള പറക്കല്‍. ആറാം ക്ലാസ് എയുടെ ക്ലാസുമുറിയില്‍ അധ്യാപകന്‍റെ കസേരയ്ക്ക് മുന്നിലിട്ട മേശയിലായിരുന്നു ബലൂണ്‍ ലോഞ്ചിങ്ങിനുള്ള ആദ്യ നടപടികള്‍ പൂര്‍ത്തിയാക്കിയത്. കുപ്പിയില്‍ ചുണ്ണാമ്പുവെള്ളം നിറച്ച് അതില്‍ സിങ്ക് പൂശിയ സിഗരറ്റിന്‍റെ ഗില്‍റ്റുപേപ്പറിട്ടു കുലുക്കി കുപ്പിയുടെ കഴുത്തില്‍ മത്തങ്ങ ബലൂണ്‍ ഉറപ്പിച്ച് കുറച്ചുനേരം കാത്തിരുന്നപ്പോള്‍ ബലൂണ്‍ പതുക്കെ വീര്‍ത്തു തുടങ്ങിയതായി ആറ് എയിലെ ഡെന്നി എനിയ്ക്കു പറഞ്ഞുതന്നിട്ടുണ്ടായിരുന്നു. ഒരു മത്തങ്ങപോലെ ബലൂണ്‍ വീര്‍ത്തപ്പോള്‍ മാത്രമാണ് അതിലെ മഞ്ഞപ്പുള്ളികള്‍ തെളിഞ്ഞു കണ്ടതെന്ന് അവന്‍ അഭിമാനത്തോടെ പറഞ്ഞു. ഹൈഡ്രജന്‍ നിറച്ച ബലൂണ്‍ കോട്ടണ്‍ നൂലിട്ടുകെട്ടി ആറ് എയിലെ തന്‍റെ കുട്ടികള്‍ക്കു സമ്മാനിച്ച് മാനത്തേക്കു പറത്താന്‍ മാഷ് കല്‍പിച്ചു. ബലൂണ്‍ പതുക്കെ ഉയര്‍ന്നു. ആറ് എയിലെ കുട്ടികളുടെ ആരവം വാപൊളിച്ചു നില്‍ക്കുന്ന മറ്റു ക്ലാസിലെ കുട്ടികളുടെ അത്ഭുതത്തിനു മീതെ പറന്നിറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ സ്കൂള്‍ പറമ്പിലെ മദിരാശി മരത്തിന്‍റെ ഉയരങ്ങളെ ബലൂണ്‍ മറികടന്നു. കാറ്റിനൊപ്പം അത് ചക്രവാളങ്ങളെ തൊട്ടു. പിന്നെ മേഘപടലങ്ങളെ തൊടാനായി ബലൂണ്‍ കിഴക്കോട്ടു ഗതിമാറി സഞ്ചരിക്കാന്‍ തുടങ്ങി.

വരാന്തയില്‍ തൂണുംചാരി നിന്ന് ഒരു പൊട്ടുപോലെ മറയുന്ന ബലൂണിലേക്ക് കണ്ണുയര്‍ത്തി ജനാര്‍ദനൻ മാഷ് ആറ് എ യിലെ കുട്ടികളെ നോക്കി പുഞ്ചിരിച്ചു. അസാധാരണമായ ഒരഭിമാനബോധവും സംതൃപ്തിയും മാഷിന്‍റെ മുഖത്തുണ്ടായിരുന്നു. വിജയത്തിന്‍റെ ഈ തീക്ഷ്ണമുഹൂര്‍ത്തത്തില്‍ ആറ് എ യിലെ കൂട്ടുകാര്‍ ഞങ്ങള്‍ ആറ് ബി ക്കാരെ ക്രൂരമായി അവഗണിച്ചു. ശൂന്യാകാശത്തേക്ക് പേടകം വിക്ഷേപിച്ച മഹാശാസ്ത്രജ്ഞന്മാരായി നടിച്ചുകൊണ്ട് ജനാര്‍ദനൻ മാഷിന്‍റെ നേതൃത്വത്തില്‍ നാളെകളില്‍ നടക്കാന്‍ പോകുന്ന പരീക്ഷണ സംരംഭങ്ങളെക്കുറിച്ച് ഞങ്ങള്‍ കേള്‍ക്കേ അവര്‍ ഉച്ചത്തില്‍ ചര്‍ച്ചചെയ്തു.

 

ഞങ്ങള്‍ ഉള്ളില്‍ ശരിക്കും തകര്‍ന്നുപോയിരുന്നു. ഉച്ചയ്ക്കുശേഷമുള്ള നാരായണന്‍ മാഷിന്‍റെ സയന്‍സ് ക്ലാസില്‍ ഞങ്ങള്‍ നിശ്ശബ്ദരായിരുന്നു. പഠിപ്പുകാരി ഇന്ദിര മാത്രം അവളുടെ അച്ഛന്‍ പേര്‍ഷ്യയില്‍നിന്നു കൊണ്ടുവന്ന ഹീറോ പേനയുടെ ടോപ് നിലത്തിട്ട് ശബ്ദമുണ്ടാക്കി. എനിക്കരികിലിരുന്ന് നീണ്ടുനിന്ന കോട്ടുവായിട്ട് ഉണ്ണികൃഷ്ണന്‍ നാരായണന്‍ മാഷിന്‍റെ ക്ലാസിനെ സ്വീകരിച്ചു. അപ്പോള്‍ തന്‍റെ മുന്നിലിരിക്കുന്ന കുട്ടികളുടെ മനസ്സില്‍ എന്തോ ഉണ്ടെന്ന് നീണ്ടകാലത്തെ അധ്യാപനം സമ്മാനിച്ച സഹജബോധത്താല്‍ നാരായണന്‍ മാഷ് മനസ്സിലാക്കി.

‘‘എന്താ കുട്ട്യോളെ ഒരു വല്ലായ്മ?’’

മാഷ് സ്വതഃസിദ്ധമായ ശൈലിയില്‍ അന്വേഷിച്ചു.

ക്ലാസ് ഒരു നിമിഷം നിശ്ശബ്ദതയിലമര്‍ന്നു. ആരും ഒന്നും സംസാരിക്കാത്ത ആയൊരു സന്ദിഗ്ധതയില്‍ എന്തോ ശരീരത്തില്‍ ആവാഹിച്ചിട്ടെന്നപോലെ ഞാന്‍ എഴുന്നേറ്റു.

‘‘നമുക്കും ഒരു ബലൂണ്‍ പറത്തണം മാഷേ.’’ ഞാന്‍ പറഞ്ഞു.

ഉദ്വേഗംകൊണ്ട് എന്‍റെ സ്വരം വിറച്ചു. മാഷ് എന്നെ സൂക്ഷിച്ചുനോക്കി. ആ വലിയ നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടിയിഴകള്‍ ചന്ദനക്കുറിയുമായി കലഹിച്ചുകൊണ്ടിരുന്നു. മാഷിന്‍റെ കണ്ണുകളില്‍ ഒരു പുഞ്ചിരി ദൃശ്യമായി. ഒരു നിമിഷം മാഷ് എന്തോ ആലോചിക്കുന്നതുപോലെ കാണപ്പെട്ടു.

പക്ഷേ, ഞങ്ങള്‍ക്ക് അപ്രതീക്ഷിതമായൊരു മുഹൂര്‍ത്തത്തില്‍ മാഷിന്‍റെ ശബ്ദം ഒരിടിമുഴക്കംപോലെ ക്ലാസിലുയര്‍ന്നു.

‘‘നാളെ നമ്മളും ബലൂണ്‍ പറത്തും.’’

ഞങ്ങള്‍ കുട്ടികള്‍ ആഹ്ലാദത്തോടെ ഇരമ്പി. പിന്നെ കയ്യടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു.

മാഷ് പിന്നെ ക്ലാസെടുത്തില്ല. ഞങ്ങളെ സ്വപ്നം കാണാന്‍ വിട്ട് ഒരു പുഞ്ചിരിയോടെ മാഷ് സ്റ്റാഫ് റൂമിലേക്ക് നടന്നുപോയി.

എനിക്കന്ന് ഉറങ്ങാന്‍ കഴിയാത്ത രാത്രിയായിരുന്നു. നാളെ ആകാശത്തേക്കു പറത്താന്‍ പോകുന്ന മത്തങ്ങ ബലൂണിനെക്കുറിച്ച് ഞാന്‍ കാക്കയോടും കൊക്കിനോടും വരെ വീമ്പു പറഞ്ഞിരിക്കണം. ഉറക്കത്തില്‍ ഞാന്‍ നീലാകാശത്തേക്ക് പറന്നുയരുന്ന മഞ്ഞപുള്ളികളുള്ള ഒരു ബലൂണ്‍ സ്വപ്നം കണ്ടു. മാഷിന്‍റെ കൈയില്‍നിന്ന് ഹൈഡ്രജന്‍ നിറഞ്ഞു വീര്‍ത്ത ബലൂണ്‍ വാങ്ങി ആകാശത്തേക്ക് പറത്തിയത് ഞാനാണ്. ഉച്ചവെയിലിന്‍റെ തീക്ഷ്ണപ്രഭയെ മുറിച്ചുകടന്ന് സ്കൂളിന്‍റെ മേല്‍ക്കൂര തൊട്ടുയര്‍ന്ന ബലൂണ്‍ നീലമേഘങ്ങളിലേക്ക് പതുക്കെ ചിറകടിച്ചു. അപ്പോള്‍ ഞങ്ങള്‍ ആറ് ബിയിലെ കുട്ടികള്‍ ഉച്ചത്തില്‍ ഓളിയിട്ട് ബലൂണിനു പിറകെ ഓടി.

പിറ്റേ ദിവസത്തെ സയന്‍സ് ക്ലാസില്‍ ശാസ്ത്രോപകരണങ്ങളുമായി നാരായണന്‍ മാഷ് പത്തു മിനിറ്റ് നേരത്തേതന്നെ വന്നു. എന്‍റെ അമ്മയുടെ ഇംഗ്ലീഷ് ക്ലാസായിരുന്നു നടന്നുകൊണ്ടിരുന്നത്. അമ്മയോട് പീരിയഡില്‍ പത്തുമിനിറ്റു നേരം മാഷ് നേരത്തേ ചോദിച്ചുവാങ്ങിയിരുന്നു.

ക്ലാസിലേക്ക് പ്രവേശിച്ച മാഷിനെ ഞങ്ങള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. അതീവ ഗൗരവത്തില്‍ തന്‍റെ പരീക്ഷണോപകരണങ്ങള്‍ മേശപ്പുറത്തു​െവച്ച് ഒരു മഹാശാസ്ത്രജ്ഞന്‍റെ കാരുണ്യത്തോടെ മാഷ് ഞങ്ങളെ നോക്കി. ആ കണ്ണുകളില്‍ കുഞ്ഞുങ്ങളെ, ഒരു മഹാത്ഭുതത്തിനുവേണ്ടി ഏതാനും നിമിഷങ്ങള്‍ക്കൂടി കാത്തിരിക്കുക എന്നൊരു ഭാവമുണ്ടായിരുന്നു.

മേശക്ക് പിറകിലെ കസേരയിലിരുന്ന് മാഷ് ചടുലമായൊരു താളത്തില്‍ തന്‍റെ ജോലികളിലേക്ക് കടന്നു. സ്റ്റാൻഡിലുറപ്പിച്ച ഒരു ടെസ്റ്റ്ട്യൂബില്‍ വെള്ളമൊഴിച്ച് മാഷ് സിസേഴ്സ് സിഗരറ്റിന്‍റെ വെള്ളി ഗില്‍റ്റ് കടലാസുകളും കാരവും പിന്നെ മറ്റു ഏതാനും രാസവസ്തുക്കളും കൂട്ടിക്കലര്‍ത്തി നന്നായി കുലുക്കി. പിന്നെ ഈ രാസ സംയുക്തം ഒരു കുപ്പിയിലേക്ക് പകര്‍ത്തി തന്‍റെ കണ്ണുകള്‍ക്കു നേരെ ഉയര്‍ത്തി മാഷ് വിശദമായി പരിശോധിച്ചു. അടുത്ത ഘട്ടത്തില്‍ ഒരു കുപ്പിയുടെ വായവട്ടത്തില്‍ ആകാശസീമകളെ കീഴടക്കാന്‍ പോകുന്ന ബലൂണ്‍ മാഷ് ഉറപ്പിച്ചു. ആകാശനീലിമ പടര്‍ന്ന നിറമായിരുന്നു ബലൂണിന്. നക്ഷത്രങ്ങള്‍പോലെ അതിന്‍റെ ഉപരിതലത്തില്‍ വെള്ളിനിറമുള്ള കുഞ്ഞുപൊട്ടുകള്‍ നിറഞ്ഞിരുന്നു.

ഒരു തുണിപോലെ തളര്‍ന്നുകിടന്നിരുന്ന ബലൂണ്‍ നിവര്‍ന്നപ്പോള്‍ കുപ്പിക്കുള്ളില്‍ വെളുത്ത പുകയും എന്തൊക്കെയോ നിറങ്ങളിലുള്ള വെളിച്ചവും ഇടകലര്‍ന്നുകൊണ്ടിരുന്നു.

‘‘നമ്മുടെ ഉപഗ്രഹത്തിന് എന്തു പേരാ കൊടുക്ക്വാ?’’

അഭിമാനം ത്രസിക്കുന്ന ഒരു ശബ്ദത്തില്‍ മാഷ് ചോദിച്ചു.

‘‘സ്കൈലാബ്.’’

പിറകില്‍നിന്നായിരുന്നു ഞങ്ങള്‍ മുൻ ബെഞ്ചുകാര്‍ ആലോചിക്കും മുമ്പേയുള്ള ആവേശത്തോടെയുള്ള കൂവല്‍. മാഷിന്‍റെ ക്ലാസുകളില്‍ അമേരിക്ക പ്രധാന വിഷയമായിരുന്നു. അവരുടെ പാടത്ത് വിളയുന്ന ഗോതമ്പുതന്നെ വേണം നമ്മുടെ ജനങ്ങളുടെ വിശപ്പുമാറ്റാനെന്ന് മാഷ് ഇടവിട്ട് പറയും. അമേരിക്കയില്‍ ജനിക്കുന്നവരേക്കാള്‍ ഭാഗ്യം ചെയ്തവര്‍ ലോകത്തില്ല എന്ന് ഞങ്ങളെ വിശ്വസിപ്പിക്കാന്‍ മാഷ് ശ്രമിച്ചുകൊണ്ടേയിരുന്നു.

‘‘എന്നാ ഇവന്‍റെ പേര് സ്കൈലാബ് എന്നു തന്നെയാകട്ടെ.’’

പസഫിക് സമുദ്രത്തില്‍ വീണുപോയ അമേരിക്കയുടെ ആ ബഹിരാകാശ നിലയത്തിന്‍റെ പേര് മാഷ് കനത്ത സംതൃപ്തിയോടെ സ്വീകരിച്ചു.

ഉദ്വേഗത്തിന്‍റെ നിമിഷങ്ങള്‍ അതേപടി തുടര്‍ന്നു. കുപ്പിയുടെ വായവട്ടത്തില്‍ വീര്‍ത്തു വികസിക്കാനായി എഴുന്നേറ്റുനിന്ന ബലൂണ്‍ തുടര്‍ന്ന് വളരാതെ പരുങ്ങിക്കൊണ്ടുനിന്നു. ഒരു കള്ളിച്ചെടിയുടെ മുകുളംപോലെ മുകളിലേക്കുയര്‍ന്ന് നിശ്ചലാവസ്ഥയില്‍ നില്‍ക്കുന്ന ബലൂണിലേക്ക് ഞങ്ങള്‍ കുട്ടികള്‍ ഒരുതരം ഭയപ്പാടോടെ നോക്കി. ഹൃദയമിടിപ്പുകളുടെ ഈണം ഞങ്ങള്‍ പരസ്പരം പകുത്തു. ഓരോ നിമിഷവും ബലൂണ്‍ വിടര്‍ന്നു വികസിച്ച് സ്കൈലാബായി വളര്‍ന്നുപറക്കാന്‍ ഞങ്ങള്‍ പ്രാർഥിച്ചുകൊണ്ടിരുന്നു. അടുത്ത ഉത്സവത്തിനു മുമ്പായി കല്ലട ഭഗവതിക്ക് അഞ്ചുപൈസ നല്‍കാമെന്ന് നേര്‍ന്ന് സ്കൈലാബിനായി ഞാന്‍ കണ്ണുകളടച്ച് പ്രാർഥിച്ചു.

ക്ലാസുമുറിയിലിട്ട കസേരയിലിരുന്ന് തന്‍റെ പരീക്ഷണവസ്തുവിനെ നാരായണന്‍ മാഷ് നിരാശയോടെ വീക്ഷിച്ചു. കസേരയില്‍നിന്നെഴുന്നേറ്റ് ബലൂണ്‍ മുറുക്കെപ്പിടിച്ച് മാഷ് കുപ്പി തിരിച്ചും മറിച്ചും കുലുക്കി. അപ്പോള്‍ കുപ്പിയുടെ വാവട്ടം തുറന്ന് ചെറിയ അളവില്‍ മാത്രമുള്ള ഹൈഡ്രജന്‍ ചോര്‍ന്ന് ഒരു വവ്വാല്‍ചിറകു പോലെ ബലൂണ്‍ തളര്‍ന്നു കിടന്നു. തന്‍റെ പരീക്ഷണത്തില്‍ പരാജയപ്പെട്ടുപോയ ഒരു മഹാശാസ്ത്രജ്ഞന്‍റെ വേദന മാഷിന്‍റെ മുഖത്ത് പടര്‍ന്നുകൊണ്ടിരുന്നു.

ആകാശത്തേക്ക് ഏതു നിമിഷവും ഉയര്‍ന്നുപൊങ്ങാവുന്ന മാന്ത്രിക ബലൂണിനെ സ്വപ്നം കണ്ടിരിക്കുന്ന ഞങ്ങളെയും തന്‍റെ പരീക്ഷണവസ്തുവിനെയും മാഷ് മാറിമാറി നോക്കിക്കൊണ്ടിരുന്നു. പിന്നെ ക്ലാസുമുറിയുടെ പുറത്തേക്കു നടന്നു. ക്ലാസ് വരാന്തയില്‍ അതിരറ്റ നിരാശയോടെ നില്‍ക്കുന്ന മാഷിനെ ഞങ്ങള്‍ക്കു കാണാമായിരുന്നു. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ അദ്ദേഹം ക്ലാസ് മുറിയിലേക്ക് തിരിച്ചുവന്നു.

കുപ്പിയുടെ വാവട്ടത്തിലുറപ്പിച്ച ബലൂണ്‍ പതുക്കെ ഊരിയെടുത്ത് മാഷ് മേശപ്പുറത്തേക്കിട്ടപ്പോള്‍ അതു തേരട്ടപോലെ ചുരുണ്ടു. താന്‍ കുപ്പിയില്‍ പകര്‍ന്ന രാസപദാർഥങ്ങളിലേക്ക് ഒരപരിചിതനെപ്പോലെ മാഷ് സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു. പിന്നെ ക്ലാസുമുറിയുടെ ജനലരികിലേക്ക് നടക്കുമ്പോള്‍ സന്ദേഹം മുറ്റിയ അദ്ദേഹത്തിന്‍റെ കണ്ണുകള്‍ ഞങ്ങള്‍ക്ക് ദൃശ്യമായി. പാളികളോ അഴികളോ ഇല്ലാത്ത തുറന്ന ജനലിലൂടെ കുപ്പിയിലെ രാസപദാർഥങ്ങള്‍ മാഷ് പുറത്തേക്കു കമിഴ്ത്തി. ധൃതിയില്‍ തിരിച്ചുവന്ന് മേശപ്പുറത്ത് ചുരുണ്ടുകിടക്കുന്ന ബലൂണിലേക്ക് ഒരു തകര്‍ന്ന മനുഷ്യനെപ്പോലെ നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

‘‘കുട്ട്യോളെ, ഇതൊന്നും എനിയ്ക്ക് കഴിയൂല.’’

മാഷിന്‍റെ ശബ്ദം ഇടറിയിരുന്നു. അദ്ദേഹം ഞങ്ങള്‍ കുട്ടികള്‍ക്കു നേരെ നോക്കിയില്ല. തന്‍റെ പീരിയഡ് അവസാനിക്കുവാന്‍ കൂടി നില്‍ക്കാതെ മാഷ് പതുക്കെ ക്ലാസുമുറിക്ക് പുറത്തേക്ക് നടന്നു. അദ്ദേഹത്തിന്‍റെ ശിരസ്സ് കുനിഞ്ഞിരുന്നു.

പെട്ടെന്ന് ശബ്ദത്തോടെ തുറന്ന മാഷിന്‍റെ വീടിന്‍റെ പൂമുഖവാതില്‍ എന്‍റെ ഓർമകളെ ഒരു കാരുണ്യവുമില്ലാതെ ചിതറിപ്പിച്ചു. വാതിലിനു പിറകില്‍ മാഷ് ഒരു തൂണിന്‍റെ നിശ്ചലതയോടെ നിന്നു. കാലം അഴിച്ചുപണിത അദ്ദേഹത്തിന്‍റെ ശരീരത്തില്‍ ഒരുപാട് മാറ്റങ്ങള്‍ ദൃശ്യമായി. നെറ്റിത്തടത്തിലേക്ക് എപ്പോഴും വീണുലഞ്ഞിരുന്ന മുടിയിഴകള്‍ അദൃശ്യം. പൂർണമായ കഷണ്ടിയിലേക്ക് വഴുതുന്ന ശിരസ്സില്‍ നരച്ച ഏതാനും മുടിയിഴകള്‍.

‘‘ഹരി വരൂ.’’

എന്നെ അകത്തേക്കു സ്വാഗതം ചെയ്യുമ്പോള്‍ മാഷിന്‍റെ മുഖത്ത് എന്നോടുള്ള സൗഹൃദവും വാത്സല്യവും തെളിഞ്ഞു. ഹരിദാസ് എന്ന പേര് ചുരുക്കി പഴയപോലെ ഹരി എന്നുതന്നെയാണ് മാഷ് എന്നെ വിളിച്ചത്.

ഞാന്‍ വീടിനകത്തു കയറി സ്വീകരണമുറിയിലെ പാല്‍നിറമുള്ള സോഫയില്‍ ഒരല്‍പം കുറ്റബോധത്തോടെ ഇരുന്നു.

‘‘മാഷേ, സ്കൂള്‍ സോവനീറിനുവേണ്ടി ഞാനാ കുറിപ്പെഴുതുമ്പോള്‍ മാഷ് വിഷമിക്കുമെന്ന് ചിന്തിച്ചില്ല. എന്നോട് ക്ഷമിക്കണം.’’

ധൃതിയില്‍ കടുത്ത വേവലാതിയോടെ ഞാന്‍ പറഞ്ഞു.

‘‘എന്നോടു ക്ഷമ ചോദിക്കാനല്ല ഞാന്‍ നിന്നെ വിളിച്ചുവരുത്തീത്.’’

 

വീടിന്‍റെ അടുക്കള ഭാഗത്തേക്കു നടക്കുന്നതിനിടയില്‍ മാഷ് ഉച്ചത്തില്‍ പറഞ്ഞു. അടുക്കളയില്‍നിന്ന് ഫ്രിഡ്ജ് തുറന്നടയ്ക്കുന്ന ശബ്ദം ഉയര്‍ന്നു. അദ്ദേഹം തിരിച്ചെത്തുമ്പോള്‍ ഒരു കൈയില്‍ ഐസ് ക്യൂബുകളിട്ട ഓറഞ്ചുജ്യൂസും മറുകൈയില്‍ വലിയൊരു ബോട്ടില്‍ അമേരിക്കന്‍ ബാര്‍ബണ്‍ വിസ്കിയുമുണ്ടായിരുന്നു. വിസ്കി ബോട്ടില്‍ ടീപ്പോയില്‍ ​െവച്ച് മാഷ് ജ്യൂസ് എനിയ്ക്കുനേരെ നീട്ടി.

‘‘നീ കുടിക്കുമോ?’’

മാഷ് ചോദിച്ചു.

‘‘ഇല്ല.’’

അതു പറയുമ്പോള്‍ ഞാനെന്‍റെ ശബ്ദത്തില്‍ ആവോളം വിനയം നിറച്ചു. ഇടക്ക് വല്ലപ്പോഴും മദ്യപിക്കുന്നത് മാഷില്‍നിന്ന് മറച്ചുവെക്കാന്‍ ഞാനാഗ്രഹിച്ചു. മാഷ് എനിക്ക് സമീപമുള്ള കസേരയില്‍ സ്വാസ്ഥ്യത്തോടെ ഇരുന്നു. അദ്ദേഹം വിസ്കി ബോട്ടില്‍ തുറന്ന് മദ്യമെടുത്ത് ഗ്ലാസിലൊഴിച്ച് അതില്‍ വക്കോളം വെള്ളം നിറക്കുന്നത് ഞാന്‍ കൗതുകത്തോടെ നോക്കിയിരുന്നു. ഞങ്ങള്‍ക്കിടയില്‍ നിശ്ശബ്ദത ത്രസിച്ചുകൊണ്ടിരുന്നു. ആദ്യത്തെ പെഗ് വിസ്കി കുടിച്ചുതീര്‍ക്കുമ്പോള്‍ത്തന്നെ എനിയ്ക്കു മുന്നില്‍ പഴയ നാരായണന്‍ മാഷ് പുനർജനിക്കുന്നത് കാണായി.

‘‘ഞാനെന്‍റെ സ്വാതന്ത്ര്യം ആഘോഷിക്കുകയാണ്.’’ ഗ്ലാസില്‍ രണ്ടാമത്തെ പെഗ് നിറക്കവേ അദ്ദേഹം പൊട്ടിച്ചിരിയോടെ പറഞ്ഞു.

(തുടരും)

News Summary - Malayalam story-sasthranjante maranam