വീരമലക്കുന്ന്

ചിത്രീകരണം-മറിയം ജാസ്മിൻ
നിർത്താതെ മുല വലിച്ചുകുടിക്കുന്ന മക്കളെ റാണി വാത്സല്യത്തോടെ നോക്കി. നാലുപേരും മത്സരിച്ചു കുടിക്കുന്നുണ്ട്. അതിനിടയിൽ ബഹളംവെച്ച കറുമ്പന്റെ മേൽ അവൾ തന്റെ കൈ പതുക്കെ വെച്ചു. അവൻ ഒന്നു മുരണ്ടുകൊണ്ട് വീണ്ടും മുല ചപ്പിവലിച്ചു! റാണി കണ്ണടച്ചു കിടന്നു. ഭാഗ്യമാണോ ദൈവമാണോ തങ്ങളെ തുണച്ചതെന്നറിയില്ല. ഇപ്പോൾ കുടിപാർക്കാൻ ഒരു വീപ്പ കിട്ടിയിരിക്കുന്നു. തൽക്കാലം സുരക്ഷിതരാണ്. കനത്തമഴയിൽ ഈ വീപ്പക്കകത്തേക്ക് ഓടിക്കയറാൻ സാധിച്ചതുകൊണ്ട് രക്ഷപ്പെട്ടു. എന്നാലും ഭയം ഓരോ മഴപ്പെയ്ത്തിലും പൊങ്ങിവരുന്നുണ്ട്. വീരമലക്കുന്നിന്റെ പടിഞ്ഞാറെ വയലിലാണ് വീപ്പയുള്ളത്. ചുറ്റിലും വെള്ളം ഉയർന്നുതുടങ്ങി. അൽപം ഉയർന്ന തിട്ടമേൽ ആയതിനാൽ തൽക്കാലം പേടിക്കേണ്ടതില്ല.
വലിയ പാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ അലർച്ചയിൽ കുഞ്ഞൻമാർ ഇടക്കിടെ ഞെട്ടുന്നുണ്ട്. ബഷീറിന്റെ മതിലിനെപ്പോലെ ഉയർന്നുനിൽക്കുന്ന വലിയ പാതയുടെ പാർശ്വഭിത്തിയെ ഉറപ്പിച്ചു നിർത്തിയിരുന്ന സിമന്റു പലകകൾ പലയിടത്തും അടർന്നുവീണു തുടങ്ങിയിട്ടുണ്ട്. അതിലൂടെ ചെറിയ ചെറിയ നീർച്ചാലുകൾ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് ഒഴുകിത്തുടങ്ങിയിട്ടുണ്ട്. പാതയുടെ കിഴക്കുവശത്ത് ജെ.സി.ബികൾ മത്സരിച്ച് മാന്തിപ്പറിച്ച വീരമലക്കുന്ന് മഴയേറ്റ് വിറച്ചുനിൽക്കുന്നുണ്ട്. ഇരു ഭാഗത്തും മതിൽക്കെട്ടുള്ളതിനാൽ വെള്ളം പെട്ടെന്ന് കുത്തിയൊലിച്ചു വരില്ലായിരിക്കാം, എന്നാൽ വയൽ നികത്തി നിർമിച്ച, വലിയ പാതക്ക് പുറമേയുള്ള റോഡിലൂടെ വെള്ളം കുതിച്ചുവരുന്നുണ്ട്.
മഴ തോരുന്ന ലക്ഷണമില്ല. ഈ കഴിഞ്ഞ മെയ് മാസത്തിൽ തുടങ്ങിയ മഴയാണ്. കൃത്യമായി പറഞ്ഞാൽ മെയ് പതിനേഴിന്. അന്നാണ് തന്നെ തൊട്ടപ്പുറത്തെ മേൽപ്പാലത്തിനരികിൽ ഉപേക്ഷിച്ച് നെൽസൺ കടന്നുകളഞ്ഞത്. പൂർണ ഗർഭിണിയായിരുന്നു താനപ്പോൾ. സമയമപ്പോൾ ഉച്ച കഴിഞ്ഞിരുന്നു. നല്ല വിശപ്പ്. നിനക്കെന്തെങ്കിലും വാങ്ങിത്തരാമെന്ന് പറഞ്ഞാണവൻ ഓട്ടോറിക്ഷയിൽനിന്നും എന്നെ മേൽപ്പാലത്തിനരികിലെ സ്ട്രീറ്റ് ലൈറ്റിനു കീഴെ ഇറക്കിനിർത്തിയത്. അപ്പുറത്തെ തട്ടുകടയിൽനിന്നും അപ്പവും മുട്ടക്കറിയും വാങ്ങിയിട്ടാണ് അവൻ വന്നത്. കഴിച്ചു കഴിഞ്ഞതും എനിക്കൊരു തലചുറ്റലനുഭവപ്പെട്ടു. ചുറ്റുമുള്ളതെല്ലാം മങ്ങിമങ്ങി മായുന്നു. ഏറെനേരം അവിടെ കിടന്നു. അന്നു സന്ധ്യക്ക് പെയ്ത മഴയാണ് എന്നെ ഉണർത്തിയത്. ഞാൻ മെല്ലെ കണ്ണു തുറന്നുനോക്കി. നെൽസണോ അവന്റെ വണ്ടിയോ അവിടെയെങ്ങും ഉണ്ടായിരുന്നില്ല.
എനിക്കു മനസ്സിലായി. അവൻ എന്നെ ഉപേക്ഷിച്ചതാണെന്ന്. ഞങ്ങൾ; നിങ്ങളുടെ ഭാഷയിൽ വെറും പട്ടികളാണെങ്കിലും നിങ്ങൾ മനുഷ്യരെക്കാൾ വിശേഷ ബുദ്ധിയുള്ളവരാണ്. നെൽസനെ കണ്ട ആദ്യദിവസംതന്നെ അവൻ ചതിയനാണെന്ന് എനിക്ക് മനസ്സിലായിരുന്നു. ഒരാൾ നിങ്ങളുടെ മുഖത്തു നോക്കി സംസാരിക്കാതിരിക്കുമ്പോൾത്തന്നെ ഓർത്തോളണം ഇവൻ ആളു കള്ളനും ചതിയനുമാണെന്ന്. എന്റെ പേരുപോലെത്തന്നെ ഒരു രാജകുമാരിയായിട്ടു തന്നെയായിരുന്നു ഞാൻ ജോർജ് സാറിന്റെ വീട്ടിൽ കഴിഞ്ഞിരുന്നത്. സാറും ഭാര്യ ട്രീസ ടീച്ചറും എന്നെ മകളെപ്പോലെയാണ് കരുതിയിരുന്നത്. നാലു വർഷത്തിലധികമായി ഞാൻ അവിടെയെത്തിയിട്ട്. സാറിന്റെ മക്കളെല്ലാം വിദേശത്താണ്. ഒറ്റപ്പെട്ടുപോയ അവർക്ക് ഒരാശ്വാസമായിരുന്നു ഞാൻ. എന്നെ നോക്കാൻ തന്നെ ഒരാളെ അവർ നിയമിച്ചിരുന്നു. രാവിലെ കുളിച്ചു കഴിഞ്ഞാൽ ബ്രേക്ക്ഫാസ്റ്റ്, ഉച്ചക്ക് ഇറച്ചിയും കൂട്ടി അൽപം ചോറ്, വൈകുന്നേരം അപ്പവും മുട്ടക്കറിയും. ഇടയിൽ പാല്, ബിസ്കറ്റ് തുടങ്ങിയവയും ഉണ്ടാകും.
മാഷിന്റെ കൂടെയിരുന്ന് സിനിമ കാണുക. ടീച്ചർ ഷോപ്പിങ്ങിന് പോകുമ്പോൾ കൂടെ പോവുക. രണ്ടുപേരും വൈകുന്നേരങ്ങളിൽ നടക്കാനിറങ്ങുമ്പോൾ ഒപ്പം നടക്കുക ഇതൊക്കെയായിരുന്നു എന്റെ ഡ്യൂട്ടികൾ. എന്റെയീ സുഖജീവിതം ദൈവത്തിന് പിടിച്ചില്ലെന്ന് തോന്നുന്നു. അല്ലെങ്കിൽ സാറിന് ഹാർട്ട് അറ്റാക്ക് വരേണ്ട കാര്യമില്ലായിരുന്നല്ലോ? മക്കൾ രണ്ടാളും പറന്നുവന്നു. രണ്ടാളെയും അമേരിക്കക്ക് കൊണ്ടുപോകാനുള്ള പദ്ധതിയുമായിട്ടാണ് അവർ വന്നിരുന്നത്. സാറ് ശക്തിയായി എതിർത്തെങ്കിലും ടീച്ചറുടെ സപ്പോർട്ടോടു കൂടി അവർ ആ തീരുമാനം കൈക്കൊണ്ടു.
“അപ്പോൾ റാണിയെ എന്തുചെയ്യും?” മക്കളുടെ തീരുമാനത്തെ അംഗീകരിച്ചെങ്കിലും സാറിന്റെ വേവലാതി എന്നെക്കുറിച്ചായിരുന്നു.
സോഫയിലിരുന്ന് എന്നെ തലോടിക്കൊണ്ടിരിക്കുകയായിരുന്നു ജോർജ് സാർ; ഞാൻ പെട്ടെന്ന് അവിടന്ന് പുറത്തേക്കിറങ്ങി നടന്നു.
“പപ്പാ കണ്ടോ, അവൾ ബുദ്ധിമതിയാണ്. പപ്പാ ഞങ്ങളുടെ കൂടെ പോയ്ക്കോ എന്നാണ് അവളിപ്പം പറയാതെ പറഞ്ഞത്.” ജീന എന്നെ നോക്കി പറഞ്ഞു.
ശരിയാണ് ജീന പറഞ്ഞത്. ഇനിയൊരു അറ്റാക്ക് വന്നാൽ എന്തുചെയ്യും? സാറിവിടെക്കിടന്ന് വിഷമിക്കില്ലെ? ടീച്ചറും സങ്കടപ്പെടും. അമേരിക്കയിലാണെങ്കിൽ വേഗം ആശുപത്രിയിലെത്താൻ പറ്റും. നല്ല ചികിത്സ കിട്ടും. മക്കളുടെ അടുത്താകുമ്പോൾ ഒറ്റയ്ക്കായിപ്പോയി എന്ന ആധിയും വേണ്ട. ഇത്രയും കാലം തന്നെ പൊന്നുപോലെ നോക്കിയ മനുഷ്യരാണ്. ഞാൻ അവരുടെ സന്തോഷത്തിന് വിഘാതമാകാൻ പാടില്ല. നമ്മുടെ നാടല്ലെ, നമുക്ക് എങ്ങനെയെങ്കിലും ജീവിക്കാമെന്നേ.
അങ്ങനെയാണ് ഞാൻ നെൽസന്റെ കൈകളിൽ എത്തുന്നത്. എന്നെ നോക്കാനായി അമ്പതിനായിരം രൂപയാണ് സാറ് അവന് നൽകിയത്. പിന്നെ മാസംതോറും ഒരു നിശ്ചിത തുക അവനയച്ചു നൽകാമെന്നും സാറ് വാഗ്ദാനംചെയ്തു. കരഞ്ഞുകൊണ്ടാണ് രണ്ടാളും എന്നെ യാത്രയാക്കിയത്. ഞാനവരുടെ മുഖത്ത് നോക്കാതിരിക്കാൻ വളരെയധികം ശ്രദ്ധിച്ചിരുന്നു. നോക്കിപ്പോയാൽ ഞാനും കരയും. നെൽസൻ അവന്റെ വീട്ടിലെ പുറംതിണ്ണയിലെ മരത്തൂണിൽ എന്നെ കെട്ടിയിട്ടു. മഴയും കാറ്റും വെയിലും കൊള്ളണം. ആരെങ്കിലും അതിക്രമിച്ചു വന്നാൽ കുടുങ്ങിയത് തന്നെ. ചങ്ങലയുള്ളതിനാൽ ഓടി രക്ഷപ്പെടാനുമാകില്ല. ഏകദേശം രണ്ടു മാസം മുന്നേ ഒരു രാത്രിയിൽ അതു സംഭവിച്ചു. അലഞ്ഞു നടന്നിരുന്ന ഒരു നാടൻനായ എന്റെയരികിലേക്ക് കയറിവന്നു. മൂന്നാലു ദിവസങ്ങളായി അവൻ മുൻവശത്തെ വഴിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നുപോകുന്നത് ഞാൻ കണ്ടിരുന്നു. അപ്പോഴൊക്കെ നെൽസന്റെ തള്ള “പോ പട്ടിയെന്നും പറഞ്ഞ്” ചെറിയ കല്ല് വെച്ച് അതിനെ എറിഞ്ഞോടിച്ചു.
ഇപ്പോഴവൻ ധൈര്യസമേതം കടന്നുവന്നിരിക്കുന്നു. ഞാൻ ഭയപ്പെട്ടത് പോലെ തന്നെ സംഭവിച്ചു.
ഒരു മാസംകൊണ്ട് എന്റെ വയർ വീർത്തുവന്നു. അപ്പോഴേക്കും ആഹാരത്തിന്റെ കുറവുകൊണ്ട് ഞാൻ മെലിഞ്ഞ് നേർത്തിരുന്നു. നെൽസന്റെ തള്ള കൊണ്ടൊഴിക്കുന്ന ഇച്ചിരി വറ്റും വെള്ളവുമായിരുന്നു എന്റെ ഭക്ഷണം. അതും അവർക്കു തോന്നുന്ന നേരത്ത് തരുന്നത്.
ഞാൻ ഗർഭിണിയായിട്ട് ഏകദേശം ഒന്നര മാസമായിക്കാണും. വയർ മാത്രമുണ്ട്. ദേഹം വീണ്ടും ചടച്ചുപോയിരുന്നു. എന്നെ നന്നായി നോക്കണമെന്ന് പറഞ്ഞാണ് സാറവന് കാശ് നൽകിയത്. നെൽസണും തള്ളയും നന്നായി ഭക്ഷിക്കുന്നുണ്ടെങ്കിലും എന്റെ “ടാ ഈ കൊടിച്ചി പണിപറ്റിച്ചെന്നാ തോന്നുന്നേ… ഇതിന്റെ പള്ള വീർത്തു വരുന്നുണ്ട്. മൂന്നാല് കൊച്ചുങ്ങൾ ഒണ്ടാകുമെന്നാ തോന്നുന്നേ... ഇനി ഇത് പെറ്റുകൂട്ടിയാൽ എന്നാ ചെയ്യും. വല്ലതും തിന്നാൻ കൊടുക്കാതിരിക്കാൻ പറ്റുമോ? അതുകൊണ്ട് നീയൊരു കാര്യം ചെയ്യ്, ഇതിനെ എവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിച്ചേക്ക്.”
അന്ന് വൈകുന്നേരം മീൻചാറ് പുരട്ടിയ ഇത്തിരി ചോറ് എന്റെ മൺചട്ടിയിൽ കൊണ്ടുവന്നിട്ടതിനുശേഷം അവർ നെൽസനോട് പറഞ്ഞു.
“അല്ലെങ്കിലും ഞാനതിനെ എവിടെയെങ്കിലും കൊണ്ടു കളയാൻ തന്നെയാ തീരുമാനിച്ചെ. ഇവടെ സാറ് അമേരിക്കയിൽ വെച്ച് മരിച്ചു. അറ്റാക്ക് തന്നെയായിരുന്നു. ആ പെണ്ണുമ്പിള്ളയാണെങ്കിൽ ഇനി തിരിച്ചുവരാനും പോകുന്നില്ല. വന്നാലും ഈ കൊടിച്ചിയെ അവർ ഏറ്റെടുക്കത്തില്ല! ഇന്ന് മെയ് പതിനഞ്ച് അല്ലെ? എല്ലാ മാസവും പതിനഞ്ചിനോ പതിനാറിനോ ആണ് അങ്ങേര് പണമയക്കാറ്. നാളെക്കൂടി നോക്കാം. ഇല്ലെങ്കിൽ പതിനേഴിന്...” അവൻ എന്നെ നോക്കി ഒരു വഷളൻ ചിരി ചിരിച്ചു.
എന്റെ മുത്തപ്പാ നല്ല ചികിത്സയ്ക്കെന്നും പറഞ്ഞു പോയ സാറ്... എനിക്ക് കരച്ചിൽ വന്നിരുന്നു.
പതിനേഴിന് നെൽസൻ എന്നെ പെരുവഴിയിലുപേക്ഷിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ മഴ തോർന്നു തുടങ്ങി. മഴ കൊണ്ടതുകൊണ്ടാകാം എന്റെ തലചുറ്റൽ മാറിയിരുന്നു. ഞാൻ പതുക്കെ അവിടെനിന്നും നടന്നു.
ചുറ്റും വെള്ളക്കെട്ടും ചളിയും. പാലത്തിനു മുകളിലും പുഴ കടക്കുമ്പോൾ താഴേക്ക് നോക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു. എന്നാൽ, നേരെ നോക്കി നടക്കാനും പറ്റുന്നില്ല. ചെറിയ വാഹനങ്ങളായാലും വലിയ വാഹനങ്ങളായാലും കണ്ണിലേക്ക് കുത്തിക്കയറുന്ന ലൈറ്റുമായിട്ടാണ് പായുന്നത്. കുറെ നേരത്തേക്ക് ഒന്നും കാണാനാകുന്നില്ല.
പിന്നെയും നടന്നു. ഒരു ഭാഗത്ത് കീറിപ്പറിഞ്ഞ കുന്ന്, മറുഭാഗത്ത് വയലിൽ പൊറ്റ കെട്ടിയ ചെളി! കുന്നിലേക്ക് കയറാൻ നോക്കി. പറ്റുന്നില്ല. ചെളിയടർന്നു വീഴുന്നു. മണ്ണടരുകൾ എപ്പോഴാണ് താഴേക്ക് പതിക്കുന്നതെന്നറിയില്ല. വലിയ പാതയിലേക്ക് കയറി. മെല്ലെ മറുഭാഗത്തേക്ക് ഇറങ്ങി. ഒരു കല്ലിന്റെ മറവിൽ കിടന്നു.
രാത്രി വന്നു. ചെറിയ പേടി ഉള്ളിലേക്ക് കയറിവന്നു. തൊട്ടടുത്തൊന്നും ആൾത്താമസമില്ലായെന്ന് തോന്നുന്നു. കണ്ണടച്ച് കിടന്നു.
പകലെഴുന്നേറ്റ് പരിസരത്ത് ഒന്നു കറങ്ങി. അൽപമകലെയായി ഒരു ഷെഡ് കണ്ടു.
പേടിച്ചാണ് പോയത്. ഭാഗ്യം നാട്ടുകാരെപ്പോലെ കണ്ടയുടനെ കല്ലു പെറുക്കിയില്ല. അന്യസംസ്ഥാന തൊഴിലാളികളാണ്. തലേന്നത്തെ ചപ്പാത്തി മുന്നിലേക്കിട്ടു തന്നു. പകലെല്ലാം അവിടെ ചുറ്റിപ്പറ്റി നിന്നു. ഭായിമാർ നല്ലവരാണ്. അവർ കഴിക്കുമ്പോഴൊക്കെ എനിക്കും ഒരു പങ്ക് തന്നു. മഴ കനത്തതോടുകൂടി കിടപ്പാടം വെള്ളത്തിൽ മുങ്ങി. വയലിന്റെ നടുവിലെ തണ്ട് വരമ്പിലൂടെ അൽപംകൂടി നടന്നപ്പോൾ വയലിന്റെ നടുവിലെ ഈ വീപ്പ കണ്ടു. രാത്രിയിൽ വീപ്പക്കുള്ളിൽ ഉറങ്ങി. അന്നുമുതൽ അതെന്റെ സ്വന്തം വീടായി മാറി. നാലുദിവസം മുമ്പായിരുന്നു പ്രസവം നടന്നത്. വൈകുന്നേരം കിടന്നപ്പോൾ ഒന്നുമില്ലായിരുന്നു. അർധരാത്രിയാകുമ്പോഴേക്കും കഠിനമായ വേദന വന്നു. സഹിക്കാൻ പറ്റിയില്ല, ബോധം മറയുന്നപോലെ തോന്നി. മക്കളുടെ കരച്ചിലാണ് എന്നെ ഉണർത്തിയത്. നാലു കുട്ടിക്കുറുമ്പൻമാർ എന്റെ മുല ചപ്പി വലിക്കുന്നു. കിട്ടാതിരിക്കുമ്പോൾ കരയുന്നു. എന്നെ കാണാത്തതുകൊണ്ടാകാം ഭായിമാർ വൈകുന്നേരം അന്വേഷിച്ചു വന്നു. ഞങ്ങളെ കണ്ടതും ഒരാൾ തിരിച്ചുപോയി ചപ്പാത്തിയും വെള്ളവും കൊണ്ടുവന്നു തന്നു.
മനുഷ്യൻ എത്ര സുന്ദരമായ പദമെന്ന് എനിക്കുമപ്പോൾ തോന്നി. ഇരുട്ട് പതിയെ കടന്നുവന്നു. മഴ അപ്പോഴും തിമിർക്കുകയാണ്. പെട്ടെന്നാണ് ഇടിമുഴക്കംപോലെ ഒരൊച്ച കേട്ടത്. ഇടിമുഴക്കമല്ല; മറ്റെന്തോ ശബ്ദമാണ്. കുറുമ്പൻമാർ ഉറങ്ങിയിരിക്കുന്നു. ഞാൻ പതുക്കെ എഴുന്നേറ്റു. പിന്നെയും ഒച്ച കേട്ടു. വീപ്പയ്ക്കു മുകളിൽ കയറി നോക്കി. അപ്പുറത്തെ തെരുവുവിളക്കിന്റെ പ്രകാശത്തിൽ ഞാനാ കാഴ്ച കണ്ടു. വീരമലക്കുന്ന് വീണു കൊണ്ടിരിക്കുകയാണ്. എനിക്ക് തല കറങ്ങുന്നതുപോലെ തോന്നി.
മുത്തപ്പാ... ഈ കുന്ന് ഇങ്ങനെ ഇടിഞ്ഞാൽ..?
ഞാൻ ഓടി പ്രധാന പാതയിലേക്കെത്തി. അപ്പോഴാണ് ഞാനാ കാഴ്ച കണ്ടത്. അടർന്നുവീണ മണ്ണിനടിയിൽ ഒരോട്ടോറിക്ഷ കുടുങ്ങിയിരിക്കുന്നു.
ഒന്നും നോക്കിയില്ല. ഓടിച്ചെന്നു. ഓട്ടോയ്ക്കുമപ്പുറം റോഡിൽനിന്നും കുഴിയിലേക്ക് പതിച്ച് അരയ്ക്കു താഴെ മണ്ണിൽ മൂടി ഒരു മനുഷ്യൻ; വേദനകൊണ്ട് പുളയുകയാണ് അയാൾ!
മറിയം ജാസ്മിൻ
അയാളുടെ ഷർട്ടിൽ കടിച്ചുകൊണ്ട് പിന്നിലേക്ക് വലിക്കാൻ നോക്കി. സാധിക്കുന്നില്ല. ഓരോ പ്രാവശ്യം വലിക്കുമ്പോഴും പ്രാണൻ പറഞ്ഞുപോകുന്നത് പോലെ അയാൾ നിലവിളിച്ചുകൊണ്ടിരുന്നു. ചുറ്റിലും ആരും ഇല്ല. എന്തു ചെയ്യും. അയാളുടെ അരവരെ മണ്ണ് മൂടിക്കിടക്കുകയാണ്. മാന്തുകതന്നെ. മാന്തിമാന്തിയെറിയുംതോറും മുകളിൽനിന്നും മണ്ണടർന്നു വീണുകൊണ്ടിരുന്നു. പിന്നെയും മാന്തിക്കൊണ്ടിരുന്നു. അപ്പോഴാണ് ഞാനാ കാഴ്ച കണ്ടത്. മുകളിൽനിന്നും ജലം കുത്തിയൊലിച്ച് ഒഴുകുന്നു. അവിടേക്ക് ഓടി അൽപം മണ്ണ് മാന്തി നീക്കി വെള്ളം, ആ മനുഷ്യൻ കിടക്കുന്ന ദിക്കിലേക്ക് ഒഴുക്കിവിട്ടു. കുത്തിയൊലിച്ചു വന്ന വെള്ളത്തിലേക്ക് മണ്ണ് മാന്തി ഇളക്കിവിട്ടു. അൽപനേരംകൊണ്ട് അയാളുടെ ശരീരം മണ്ണിനടിയിൽനിന്നും പുറത്തേക്ക് വന്നു. എന്നിട്ടും അയാളെ വലിച്ചു കരയ്ക്കു കയറ്റാൻ സാധിച്ചില്ല. ഞാൻ ഓടി ഭായിമാരുടെ അരികിൽ വന്നു. നിർത്താതെ കുറെ സമയം കുരച്ചതിനു ശേഷമാണ് അവർ വാതിൽ തുറന്നത്.
ഭായിമാർ ആ മനുഷ്യനെ വലിച്ച് കരക്കു കയറ്റി. മഴ അപ്പോഴും ശക്തമായി പെയ്തുകൊണ്ടിരുന്നു. എനിക്കപ്പോൾ മക്കളെക്കുറിച്ചോർമ വന്നു. ഞാൻ തിരിഞ്ഞോടി. ന്റെ മുത്തപ്പാ, ഞാൻ കണ്ട കാഴ്ച; വീരമലക്കുന്നിൽനിന്നും കുത്തിയൊലിച്ചു വന്ന വെള്ളത്തിൽ വയൽ പാടെ മുങ്ങിയിരുന്നു.
“മുത്തപ്പാ എന്റെ മക്കൾ...” ഒന്നുച്ചത്തിൽ കരയാൻപോലുമാകാതെ ഞാൻ ആ മലവെള്ള പാച്ചിലിനരികിൽ കുത്തിയിരുന്നു.