കോവളം: നഗരസഭ വെള്ളാർ വാർഡ് കൗൺസിലർ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിന് സമീപം ആറാംകല്ല് 66/ 2480 വിശ്വലീലയിൽ നെടുമം മോഹനൻ (62) നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി 10.30 ഓടെ ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. വാഴമുട്ടം മംഗലശ്ശേരി കുടുംബത്തിൽ പരേതരായ വിശ്വംഭരന്റെയും ലീലയുടെയും മകനാണ്. നഗരസഭയിൽ ഏഴുതവണ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട മോഹനൻ ബി.ജെ.പി ജില്ല കമ്മിറ്റി അംഗമാണ്. 1987 മുതൽ ജനപ്രതിനിധിയാണ്. തിരുവല്ലം പഞ്ചായത്തിലൂടെയാണ് തുടക്കം. കോർപറേഷനിൽ ബി.ജെ.പി പിന്തുണയോടെ സ്വതന്ത്രനായാണ് മത്സരിച്ചിരുന്നത്. 2010ൽ കോൺഗ്രസിൽ ചേർന്ന് കൗൺസിലറായി. തുടർന്ന് 2020ൽ വീണ്ടും ബി.ജെ.പിയിലെത്തി. പഴയ കോവളം നിയോജക മണ്ഡലത്തിൽ നിന്ന് ജനപ്രതിനിധിയായ ആദ്യ ബി.ജെ.പി നേതാവാണ്. വ്യാഴാഴ്ച ഉച്ചക്ക് നഗരസഭാ കാര്യാലയത്തിൽ പൊതുദർശനത്തിനുശേഷം വീട്ടിലെത്തിച്ച മൃതദേഹത്തിൽ മന്ത്രി വി. ശിവൻകുട്ടി, എം. വിൻസെന്റ് എം.എൽ.എ, മുൻ മന്ത്രി ഡോ. നീലലോഹിതദാസ്, സി.പി.എം ജില്ല സെക്രട്ടറി വി. ജോയി എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ, മുൻ എം.എൽ.എ ഒ. രാജഗോപാൽ, ബി.ജെ.പി നേതാക്കളായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, അഡ്വ. സുരേഷ്, വി.വി. രാജേഷ് തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. ഭാര്യ: സിന്ധു. മക്കൾ: ഗ്രീഷ്മാ മോഹൻ, ഡോ. ഗ്രീജിത്ത് മോഹൻ. മരുമകൻ: ശരത്.