കൊട്ടാരക്കര: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കേരള സർവകലാശാല മുൻ വൈസ് ചാൻസലറുമായ നെടുവത്തൂർ തരുനില വസതിയിൽ ഡോ.എൻ. ബാബു (86) അന്തരിച്ചു. അധ്യാപകൻ, ഗവേഷകൻ, സംഘാടകൻ എന്നീ നിലകളിൽ മികവ് തെളിയിച്ചിട്ടുണ്ട്.
1938 ജനുവരിയിൽ ജനിച്ച ഇദ്ദേഹം കൊട്ടാരക്കര ഗവ. ഹൈസ്കൂൾ, കൊല്ലം എസ്.എൻ കോളജ്, കേരള സർവകലാശാല എന്നിവിടങ്ങളിൽനിന്ന് വിദ്യാഭ്യാസം നേടി.1959ൽ തൃശൂർ സെന്റ് തോമസ് കോളജിൽ ജന്തുശാസ്ത്രവിഭാഗം അധ്യപകനായി.
തുടർന്ന് കേന്ദ്ര സർക്കാറിന്റെ ഉൾനാടൻ മത്സ്യഗവേഷണ സ്ഥാപനത്തിലും വിജ്ഞാമന്ദിരത്തിലും ജോലി നോക്കി.
തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ്, എറണാകുളം മഹാരാജാസ് കോളജ്, പാലക്കാട് വിക്ടോറിയ കോളജ് എന്നിവിടങ്ങളിൽ ലെക്ചററും പ്രഫസറുമായിരുന്നു. 1984 ൽ എം.ജി സർവകലാശാലയുടെ പ്രഥമ പരീക്ഷാ കൺട്രോളറായി. 1993ൽ സ്കൂൾ ഓഫ് ബയോസയൻസിൽ യു.ജി.സി. വിസിറ്റിങ് പ്രഫസറായി. തുടർന്ന് സ്കൂൾ ഓഫ് അപ്ലൈഡ് ലൈഫ് സയൻസിൽ ഡയറക്ടറായും പ്രവർത്തിച്ചു.
1996ൽ കേരള സർവകലാശാലയുടെ 16ാമത്തെ വൈസ് ചാൻസലറായി നിയമിതനായി. ഈ കാലയളവിൽ കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാല, കാലടി ശ്രീശങ്കര സംസ്കൃത സർവകലാശാല, കാലിക്കറ്റ് സർവകലാശാല എന്നിവിടങ്ങളിൽ വിവിധ കാലയളവുകളിൽ വൈസ് ചാൻസലറുടെ പൂർണചുമതലയും വഹിച്ചിട്ടുണ്ട്.
1997ൽ ഇന്ത്യൻ കൗൺസിൽ ഫോർ കൾചറൽ റിലേഷൻസിൽ അംഗമായി ഉപരാഷ്ട്രപതി നാമനിർദേശം ചെയ്തു. 2000ത്തിൽ കേരള ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ വൈസ് ചെയർമാനായി.
2000 നവംബറിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാവുന്നത്. ദേശീയവും അന്തർദേശീയവുമായ നിരവധി അക്കാദമിക സമിതികളിൽ അംഗവും ഫെലോയുമാണ്.
‘ആചാര്യേശ്രഷ്ഠ’, ‘ഡോ. മൗഡ്ഗിൽ പ്രസ്’ എന്നീ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സരസ്സിഭായ്. മകൻ: ഡോ. ബിജോയ് ബാബു.