രാഷ്ട്രീയ നൈരാശ്യത്തെ മറികടക്കുമ്പോൾ
text_fields
ആധുനിക റിപ്പബ്ലിക്കൻ ഭരണകൂടങ്ങളുടെ അതിപ്രധാന ഘടകമാണ് പ്രായപൂർത്തിയായവരുടെ സാർവത്രിക വോട്ടവകാശം. പൗരാണിക കാലത്ത് രാജാവിന്റെ വംശത്തിലോ കുലത്തിലോ ഉള്ളവർക്ക് മാത്രമാണ് സമ്മതിദാനാവകാശമുണ്ടായിരുന്നത്. പിൽക്കാലത്ത് അത് സമൂഹത്തിലെ സമ്പന്ന പ്രഭുക്കളായ ആണുങ്ങൾക്ക് മാത്രം പരിമിതപ്പെട്ട വിധത്തിൽ വിപുലീകരിക്കപ്പെട്ടു. 1792ൽ ഫ്രാൻസിലെ ഒന്നാം റിപ്പബ്ലിക്കൻ ഭരണകൂടമാണ് സാർവത്രിക സമ്മതിദാനാവകാശം എന്ന സങ്കൽപത്തിന് ഭാഗികമായി തുടക്കം...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ആധുനിക റിപ്പബ്ലിക്കൻ ഭരണകൂടങ്ങളുടെ അതിപ്രധാന ഘടകമാണ് പ്രായപൂർത്തിയായവരുടെ സാർവത്രിക വോട്ടവകാശം. പൗരാണിക കാലത്ത് രാജാവിന്റെ വംശത്തിലോ കുലത്തിലോ ഉള്ളവർക്ക് മാത്രമാണ് സമ്മതിദാനാവകാശമുണ്ടായിരുന്നത്. പിൽക്കാലത്ത് അത് സമൂഹത്തിലെ സമ്പന്ന പ്രഭുക്കളായ ആണുങ്ങൾക്ക് മാത്രം പരിമിതപ്പെട്ട വിധത്തിൽ വിപുലീകരിക്കപ്പെട്ടു. 1792ൽ ഫ്രാൻസിലെ ഒന്നാം റിപ്പബ്ലിക്കൻ ഭരണകൂടമാണ് സാർവത്രിക സമ്മതിദാനാവകാശം എന്ന സങ്കൽപത്തിന് ഭാഗികമായി തുടക്കം കുറിച്ചത്.
സാർവത്രിക വോട്ടവകാശം എന്ന ആശയം പ്രധാനമായും മൂന്ന് കാര്യങ്ങളെയാണ് ഉൾക്കൊള്ളുന്നത്.
- രാഷ്ട്രത്തിന്റെ ഭാവിയെ പറ്റി തീരുമാനമെടുക്കുന്നതിൽ സാധാരണക്കാർക്കുള്ള പങ്കാളിത്തം
- അനേക തരത്തിൽ വിഭജിതമായ സമൂഹത്തിൽ അതിനെല്ലാമതീതമായി പൗരർക്ക് വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ തുല്യമായ അവസരം ലഭിക്കാനുള്ള സാധ്യതയും മാർഗവും
- ഒരു രാഷ്ട്രത്തിന്റെ ഭരണ സംവിധാനത്തെ ചിട്ടപ്പെടുത്താനും നിലനിർത്താനുമുള്ള ഏറ്റവും ഫലപ്രദവും നിയമാനുസൃതവുമായ പൗരാവകാശം.
ഈ മൂന്ന് കാര്യങ്ങളും വിനിയോഗിക്കാൻ പൗരർക്ക് കഴിയുന്നത് പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ അവകാശം വിനിയോഗിക്കുന്നതിൽനിന്ന് ചിത്തഭ്രംശം ബാധിച്ചവരെ മാത്രമേ മിക്ക രാഷ്ട്രങ്ങളും ഒഴിവാക്കിയിട്ടുള്ളൂ.
ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനൊപ്പം തന്നെ പ്രായപൂർത്തി വോട്ടവകാശവും സംസ്ഥാപിതമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആർട്ടിക്കിൾ 326 പ്രകാരം ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലേക്കും സ്ത്രീ പുരുഷ വ്യത്യാസമോ പ്രാദേശിക പരിഗണനകളോ ഒഴിവാക്കലുകളോ ഇല്ലാതെ പ്രായപൂർത്തിയായ ഏവർക്കും സമ്മതിദാനം വിനിയോഗിക്കാനും മത്സരാർഥികളാവാനുമുള്ള അവകാശം നിലവിൽവന്നു.

ഇതേസമയം, മറ്റു പല രാജ്യങ്ങളിലുമെന്ന പോലെ പ്രായപൂർത്തി വോട്ടവകാശം റിപ്പബ്ലിക്കൻ ഘടനയിലേക്ക് ഇന്ത്യൻ ഭരണ വ്യവസ്ഥയും കടന്നുവന്നത് നിരന്തര ബഹുജന പ്രക്ഷോഭങ്ങളുടെയും അവകാശ പോരാട്ടങ്ങളുടെയും തുടർച്ചയിലാണ്. ഭരണഘടന നിർമാണ സഭയിൽ നടന്ന ചർച്ചകളിൽ ഒട്ടേറെ പ്രമുഖർ സാർവത്രിക വോട്ടവകാശം എന്ന ആശയത്തെ പരിമിതമായി മാത്രമേ ഇന്ത്യയിൽ പ്രയോഗിക്കാവൂ എന്ന് വാദിച്ചിരുന്നു. അതിനവർ പറഞ്ഞ കാരണം, ഇന്ത്യയിലെ ബഹുഭൂരിപക്ഷം പേരും നിരക്ഷരരായതിനാൽ അവർക്ക് ഈ ആശയത്തെ സമൂർത്തമായി ഉൾക്കൊള്ളാനാവില്ലെന്നതായിരുന്നു. അതിനാൽ, നഗരത്തിൽ താമസിക്കുന്നവർക്ക് പൂർണ വോട്ടവകാശവും ഗ്രാമപ്രദേശങ്ങളിലെ നിരക്ഷരർക്ക് പരിമിത വോട്ടവകാശവും നൽകുന്ന വിധത്തിലുള്ള നിയമ നിർമാണമാണ് വേണ്ടതെന്നാണ് അവർ വാദിച്ചത്. ഇത്തരത്തിലുള്ള പ്രമേയങ്ങൾ ഉന്നയിച്ചവരോട് പൂർണമായി വിയോജിച്ചുകൊണ്ട് ഡോ. ബി.ആർ. അംബേദ്കർ പറഞ്ഞു.
‘‘വോട്ടവകാശത്തെ അവകാശമായിട്ടല്ല, ആനുകൂല്യമായാണ് അവർ കാണുന്നത്. ഇത്തരം വീക്ഷണം ഒരു രാജ്യത്തിലേയും രാഷ്ട്രീയ സമൂഹത്തിന്റെ അടിസ്ഥാനമായി സ്വീകരിക്കാനാവാത്തവണ്ണം അപകടകരമാണെന്ന് എനിക്ക് തോന്നുന്നു. പ്രാതിനിധ്യാവകാശമെന്ന സങ്കൽപത്തെ അപ്രസക്തമാക്കുന്ന നിലയിൽ തള്ളിക്കളയുക. പ്രാതിനിധ്യത്തിനായുള്ള ധാർമികമായ അവകാശവാദം കേവലം അതിഭൗതികമോ വികാരതീവ്രമോ ആയ ഒരു ബാധയാണെന്ന് കരുതുക. എങ്ങനെ ഉപയോഗിച്ചേക്കാമെന്ന സ്വന്തം വിലയിരുത്തലിലൂന്നി രാഷ്ട്രീയാധികാരികൾ നൽകുകയോ നിഷേധിക്കുകയോ ചെയ്യുന്ന വിശേഷാനുകൂല്യമായി വോട്ടവകാശത്തെ കാണുക. ഇങ്ങനെയാണെങ്കിൽ, വോട്ടവകാശമില്ലാത്തവരുടെ രാഷ്ട്രീയ വിമോചനം വോട്ടവകാശമുള്ളവരുടെ കാരുണ്യത്തിന് പൂർണമായും വിധേയമായിരിക്കുമെന്ന് സ്പഷ്ടമാണ്. ഇത്തരം നിഗമനം സ്വീകരിക്കുന്നത് അടിമത്ത സമ്പ്രദായം തെറ്റില്ലെന്ന് അംഗീകരിക്കുന്നതിന് തുല്യം തന്നെ. കാരണം, അധികാരികൾ നൽകാൻ ഇഷ്ടപ്പെടുന്നതിനപ്പുറം ഒരു അവകാശവും മനുഷ്യർക്കില്ലെന്ന പരികൽപനയാണ് അടിമത്തത്തിൽ അന്തർഭവിച്ചിരിക്കുന്നത്. ഇത്തരമൊരു നിഗമനത്തിലേക്ക് നയിക്കുന്ന സിദ്ധാന്തം ജനകീയ ഭരണത്തിന്റെ ഏത് രൂപത്തെയും സംബന്ധിച്ച് വിനാശകരമായിരിക്കുമെന്ന് കരുതേണ്ടതുണ്ട്. അതിനാൽ, ഞാനതിനെ മൊത്തത്തിൽ നിരാകരിക്കുന്നു.’’
തുടർന്ന്, അദ്ദേഹം സാർവത്രിക വോട്ടവകാശത്തെ നിർവചിക്കുന്നത് ‘രാഷ്ട്രീയ നീതി’ എന്നതിനെക്കാൾ ‘രാഷ്ട്രീയ ആവശ്യകത’ എന്ന അർഥത്തിലാണ്. ഇതാകട്ടെ, ജനങ്ങളുടെ ‘സംയോജിത ജീവിതത്തിന്’ അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടുന്നു.
മേൽ സൂചിപ്പിച്ചതുപോലെ ശക്തമായ പ്രത്യയശാസ്ത്ര അടിത്തറയിലും ‘ഒരാൾക്ക് ഒരു വോട്ട്’ എന്ന തത്ത്വത്തിലും സ്ഥാപിക്കപ്പെട്ടിട്ടുള്ള ഇന്ത്യയിലെ പൗരരുടെ സമ്മതിദാനാവകാശത്തെ അകത്തുനിന്നും പുറത്തുനിന്നും തുരങ്കംവെക്കുക എന്ന ഏർപ്പാടാണ് ഹിന്ദുത്വ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്. 2019ലും 2024ലും ബി.ജെ.പി സർക്കാർ ഭരണത്തുടർച്ച നിലനിർത്തിയത് ഇലക്ട്രോണിക് ബാലറ്റ് യന്ത്രത്തിലും വോട്ടർപട്ടികയിലും കൃത്രിമം കാട്ടിയിട്ടാണെന്ന് വ്യാപക പരാതികൾ ഉയർന്നിരുന്നു. ഇത്തരം അതിക്രമങ്ങൾക്കൊപ്പം ഭരണഘടന സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷനെ വരുതിയിലാക്കി ജനാധിപത്യ വ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്നതിനും രാജ്യം സാക്ഷ്യംവഹിക്കേണ്ടിവന്നു.
2024ൽ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും പ്രതിപക്ഷ മുന്നണിക്ക് പൂർണമായ വിജയപ്രതീക്ഷയുണ്ടായിരുന്നു. എങ്കിലും ഫലപ്രഖ്യാപനം വന്നപ്പോൾ അപ്രതീക്ഷിതമായി വോട്ടുകൾ മാറിമറിഞ്ഞതായിട്ടാണ് കണ്ടത്. ഇതിന് കാരണം, വോട്ടർ ലിസ്റ്റിൽ ഉള്ളതിലുമധികം വോട്ടുകൾ ബാലറ്റുപെട്ടിയിൽ രേഖപ്പെടുത്തപ്പെടുകയും, അനുവദിക്കപ്പെട്ട സമയം കഴിഞ്ഞതിനുശേഷം ക്രമാതീതമായ അളവിൽ വോട്ടു ശതമാനം ഉയർന്നതുമാണ്. ഈ അസാധാരണത്വത്തെപ്പറ്റി ലഭിച്ച പരാതികളൊന്നും തെരഞ്ഞെടുപ്പ് കമീഷൻ ഗൗരവത്തോടെ പരിഗണിച്ചില്ല.
2024ലെ പൊതു തെരഞ്ഞെടുപ്പ് 40 ദിവസം നീണ്ട പ്രക്രിയയായിരുന്നു. ബി.ജെ.പിയുടെ താരപ്രചാരകനായ നരേന്ദ്ര മോദിക്ക് ഇന്ത്യയിലെ എല്ലാ ലോക്സഭ മണ്ഡലങ്ങളിലുമെത്താനുള്ള സൗകര്യത്തിനു വേണ്ടിയാണ് ഇത്തരം ക്രമീകരണമെന്ന് അന്ന് ആക്ഷേപമുയർന്നിരുന്നു.
നിരന്തരമായി ക്രമക്കേടുകൾ നടത്തിയും ഭരണകൂട ശക്തികൾക്കുവേണ്ടി ഭരണഘടന സ്ഥാപനമെന്ന പദവി ബലികഴിച്ചും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ പ്രവർത്തിക്കുന്നതിലൂടെ സ്വതന്ത്ര റിപ്പബ്ലിക് എന്ന ആശയം തന്നെയാണ് അപ്രത്യക്ഷപ്പെടുത്താൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. ഇതിലൂടെ ഇന്ത്യൻ ജനത ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭത്തിലൂടെ നേടിയെടുത്ത മൗലികാവകാശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ വോട്ടവകാശത്തെ ഇല്ലായ്മചെയ്യാനാണ് ശ്രമിക്കുന്നതെന്ന തിരിച്ചറിവ് രാഷ്ട്രീയ രംഗത്തും സാംസ്കാരിക രംഗത്തും പ്രവർത്തിക്കുന്നവരിൽ വലിയ തോതിൽ നൈരാശ്യം പടർത്തുന്നതായി മാറി. ഇനി എന്ത് ചെയ്തിട്ടും ഫലമില്ലെന്ന അർഥത്തിൽ ഒട്ടേറെ പേർ നിശബ്ദതയിലേക്കും നിഷ്ക്രിയതയിലേക്കും പിൻവാങ്ങി. വിമത ശബ്ദങ്ങൾ ഉയരുന്നതിൽ ആർക്കും പ്രതീക്ഷയില്ലാതായി. ജനാധിപത്യത്തിനുമേൽ മഞ്ഞുവീഴ്ച നടക്കുമ്പോൾ, രാഷ്ട്രം മരിക്കുകയാണെന്നും തൽസ്ഥാനത്ത് ബ്രാഹ്മണിസ്റ്റ് മേൽക്കോയ്മ ഉള്ളടങ്ങിയ ഹിന്ദുത്വ വംശീയ ദേശം ഉദിച്ചുയരുകയാണെന്നും പലരും വേദനയോടെ മനസ്സിലാക്കി.
ഇപ്രകാരം, സാംസ്കാരികവും രാഷ്ട്രീയവുമായ നൈരാശ്യത്തിലേക്ക് വലിയൊരു വിഭാഗം വീണുപോയ ഘട്ടത്തിൽ തീർത്തും അപ്രതീക്ഷിതമായാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആഗസ്റ്റ് ഏഴിന് തന്റെ സംഘടനയുടെ കേന്ദ്ര ആസ്ഥാനത്ത് അസാധാരണമായ വാർത്തസമ്മേളനം വിളിച്ചുചേർത്തത്. കോൺഗ്രസിന് വിജയപ്രതീക്ഷയുണ്ടായിരുന്ന ബാംഗ്ലൂർ സെൻട്രൽ ലോക്സഭ മണ്ഡലത്തിലെ മഹാദേവപുരം നിയോജകമണ്ഡലത്തിൽ മാത്രം ഒരുലക്ഷത്തിനുമേൽ കള്ളവോട്ട് നടന്നതായി അദ്ദേഹം തെളിവുകൾ നിരത്തി വ്യക്തമാക്കി. ഈ മാതൃകയിൽ 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ഇന്ത്യയൊട്ടാകെ വോട്ട് മോഷണം നടത്തിയാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിസ്ഥാനത്തെത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വോട്ട് തട്ടിപ്പ് അല്ലെങ്കിൽ വോട്ട് മോഷണം നടത്തിയത് അഞ്ച് മാർഗങ്ങളിലൂടെയാണെന്നും അദ്ദേഹം വിശദീകരിച്ചു. കൃത്രിമമായി വോട്ടർമാരെ ചേർക്കുക, തെറ്റായതും നിലവിലില്ലാത്തതുമായ അഡ്രസുകൾ ഉപയോഗിക്കുക, ഒറ്റ അഡ്രസിൽ നൂറുകണക്കിന് വോട്ടർമാരെ ഉൾക്കൊള്ളിക്കുക, കൃത്രിമമായ ഫോട്ടോകൾ ഉപയോഗിക്കുക, ഫോറം 6 ദുരുപയോഗം ചെയ്യുക എന്നിവയാണവ.
അന്തർദേശീയമായി തന്നെ കോളിളക്കമായി മാറിയ രാഹുൽ ഗാന്ധിയുടെ വാർത്ത സമ്മേളനം ഉയർത്തിവിട്ട വിഷയങ്ങളെ മറച്ചുപിടിക്കാനും നിസ്സാരവത്കരിക്കാനുമാണ് ഇന്ത്യയിലെ കുത്തക മാധ്യമങ്ങൾ ശ്രമിച്ചത്. ഇലക്ഷൻ കമീഷനാകട്ടെ, ഭീഷണികൊണ്ട് നേരിടുമെന്നും പ്രഖ്യാപിച്ചു. എന്നാൽ, കുത്തക മാധ്യമങ്ങൾക്കുപരി വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഡിജിറ്റൽ കൊടുങ്കാറ്റുകളിലൂടെ രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയ കുറ്റാരോപണങ്ങൾ ഇന്ത്യൻ ജനതയുടെ അടിത്തട്ട് വരെ ഇളക്കിമറിക്കുന്നതാണ് തുടർന്ന് നാം കണ്ടത്. കേവലം ഒരു രാഷ്ട്രീയ തന്ത്രം എന്ന നില വിട്ട് ജനാധിപത്യത്തെയും റിപ്പബ്ലിക്കിനെയും സംരക്ഷിക്കാനുള്ള ഒരു ബഹുജന പ്രസ്ഥാനമായി അത് മാറുകയാണുണ്ടായത്.

ഇതിന്റെ തുടർച്ചയിൽ ഉടൻ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ബിഹാറിൽ ഇലക്ഷൻ കമീഷൻ പൂർത്തിയാക്കിയ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ’ (SIR) നടപടികളിൽ 65 ലക്ഷം പേർക്ക് വോട്ടവകാശം നഷ്ടപ്പെട്ടതിനെ പ്രതിരോധിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ‘വോട്ടർ അധികാർ യാത്ര’ നടന്നു. ബിഹാറിലെ പതിനാറ് ജില്ലകളിലൂടെ 13000 കിലോമീറ്റർ പിന്നിട്ട് സെപ്റ്റംബർ ഒന്നിന് സമാപിച്ച ഈ പ്രക്ഷോഭ ജാഥയിൽ പ്രതിപക്ഷ കക്ഷികൾക്കൊപ്പം വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും പങ്കുചേർന്നു.
സുപ്രീംകോടതി വിധിപ്രകാരം ഇലക്ഷൻ കമീഷൻ നിബന്ധനകളിൽ അയവ് വന്നിട്ടുണ്ടെങ്കിലും, ഏറ്റവും പ്രധാനപ്പെട്ട കാര്യം, SIRന്റെ ഉള്ളടക്കം ഇന്ത്യയിലെ ദലിതരും ആദിവാസികളും പിന്നാക്കക്കാരും മുസ്ലിംകളുമായ ദശലക്ഷക്കണക്കിന് പേരെ വോട്ടവകാശമില്ലാത്തവരാക്കി മാറ്റുന്നു എന്നതാണ്. പൗരത്വ ഭേദഗതി നിയമം വളഞ്ഞ വഴിയിലൂടെ സ്ഥാപിക്കുന്നതാണ് ഇതെന്നതിൽ സംശയം വേണ്ട.
മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിനുവേണ്ടി എൺപതുകളിൽ ഉത്തരേന്ത്യയിൽ അലയടിച്ച ബഹുജൻ പ്രക്ഷോഭണ മുന്നണികൾക്ക് സമാനമായ ആവേശമാണ് രാഹുൽ ഗാന്ധിയുടെ ബിഹാർ യാത്ര ഉളവാക്കിയിട്ടുള്ളത്. ജനാധിപത്യത്തെ കടംകഥയാക്കുന്ന ബി.ജെ.പി സർക്കാറിനോടുള്ള താക്കീതിനൊപ്പം രാഷ്ട്രീയ നിരാശയിലാണ്ടുപോയ പൗരസമൂഹത്തെയും കീഴാള ബഹുജന സഞ്ചയത്തെയും സമകാലീന യാഥാർഥ്യങ്ങളിലേക്ക് അടുപ്പിക്കുന്നതും ഉൾച്ചേർക്കുന്നതുമായി ഈ മുന്നേറ്റം മാറിയിരിക്കുകയാണ്.