റൊണാൾഡോ ‘ചക്രവർത്തി’യുടെ ചിത്രം ‘ഒളിച്ചു കടത്തി’; അതിവിചിത്രവും സാഹസികവുമായ ഒരു സ്മഗ്ളിങ്..!
text_fieldsയുവാവ് പങ്കുവെച്ച വിഡിയോയിൽനിന്ന്
പാരീസിലെ വിഖ്യാതമായ ലൂവ്ര് മ്യുസിയത്തിലെ അവിശ്വസനീയ കൊള്ളക്ക് ശേഷം ജർമനിയിലെ ഡ്യുസൽഡോർഫ് നഗരത്തിലെ അതിസുരക്ഷാ സംവിധാനമുള്ള ആർട്ട് ഗ്യാലറിയിൽ അങ്ങേയറ്റം വിചിത്രമായ ഒരു ‘ഒളിച്ചു കടത്തൽ’ നടന്നു. അത്യപൂർവവും വിലമതിക്കാനാകാത്തതുമായ നെപ്പോളിയൻ കുടുംബത്തിലെ ആഭരണങ്ങളാണ് പാരിസിൽനിന്ന് കടത്തിക്കൊണ്ട് പോയതെങ്കിൽ ഇവിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിത്രം അകത്തു കടത്തി പ്രദർശനത്തിന് വെക്കുകയായിരുന്നു.
അജ്ഞാതനായ ഒരു യുവാവിന്റെ സാഹസികത അയാൾ തന്നെ ചിത്രീകരിച്ച് സാമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചപ്പോഴാണ് അധികൃതർ സുരക്ഷാ വീഴ്ച അറിയുന്നത്. ലൂവ്ര് മ്യുസിയത്തിൽനിന്ന് മോഷ്ടിച്ച ആഭരണമണിഞ്ഞ് മൊണാലിസ സ്റ്റൈലിലുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിത്രം ഷർട്ടിനുള്ളിൽ ഒളിപ്പിച്ചു. ഡ്യുസ്സൽഡോർഫിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള കെ 20 ആർട്ട് മ്യൂസിയത്തിലെ പ്രദർശന ഹാളിലെ ചുവരിൽ ഈ യുവാവ് പതിക്കുന്നതും അവിടുത്തെ ജീവനക്കാരനെ പോലെ കാണികൾക്കു വിവരിച്ചു കൊടുക്കുന്നതുമാണ് വിഡിയോയിൽ. മുഴുവൻ ചിത്രീകരണവും സുരക്ഷാ ജീവനക്കാർ കാണുന്നുമുണ്ട്.
ക്ലാസിക്കൽ മോഡേണിസത്തിൽ വൈദഗ്ധ്യം നേടിയ പ്രദർശന ശാലയിൽ പോൾ ക്ലീ, വാസിലി കാൻഡിൻസ്‌കി, ഹെൻറി മാറ്റിസ്, പാബ്ലോ പിക്കാസോ തുടങ്ങിയ കലാകാരന്മാരുടെ വിലമതിക്കാനാകാത്ത മാസ്റ്റർപീസുകളും ആൻഡി വാർഹോൾ, ജാക്‌സൺ പൊള്ളോക്ക് എന്നിവരുടേതുൾപ്പെടെ 1945ന് ശേഷമുള്ള കലയും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. ഇത്രയും വിലപിടിപ്പുള്ള കലാശേഖരം ഉള്ളയിടത്താണ് സുരക്ഷാ വീഴ്ച.


