ബാബകർ നിയാസെയുടെ തോളിലേറി മൗറിറ്റാനിയൻ കുതിപ്പ്; ആഫ്രിക്കൻ നേഷൻസ് കപ്പിലെ താരോദയം
text_fieldsആഫ്രിക്കൻ നേഷൻസ് കപ്പ് 2023ന്റെ താരമാകുന്നത് ഒരു ഗോൾ കീപ്പറാണ്, വഴി തെറ്റി വല കാക്കാൻ എത്തിയ ഒരു പന്തുകളി കലാകാരൻ. ആറ് അടി അഞ്ച് ഇഞ്ച് (1.95 മീറ്റർ) ഉയരമുള്ള മൗറിറ്റാനിയയുടെ 27കാരനായ ഗോൾകീപ്പർ ബാബകർ നിയാസെ.
സെനഗാളിലാണ് നിയാസെയുടെ ജനനം. ലോക്കൽ ടീമുകളിലെ അറ്റാക്കിങ് മിഡ് ഫീൽഡർ ആയാണ് കളി തുടങ്ങുന്നത്. എന്നാൽ ഉയരക്കൂടുതലും അതിനനുസരിച്ചുള്ള ശരീര ഭാരമില്ലായ്മയും താരത്തിന് വെല്ലുവിളിയായി. ഇതോടെ അന്നത്തെ സെനഗാൾ യൂത്തു ടീം പരിശീലകൻ താരത്തെ റിസർവ് ഗോളിയാക്കി. പരിശീലകന്‍റെ തീരുമാനം നിയാസെയുടെ തലവര മാറ്റി എഴുതി.
2011ൽ ആഫ്രിക്കൻ അണ്ടർ -17 ചാമ്പ്യൻഷിപ്പിൽ സെനഗാൾ ടീമിന്റെ ഗോൾകീപ്പറായുള്ള താരത്തിന്‍റെ പ്രകടനം പരിശീലകനെ പോലും അദ്ഭുതപ്പെടുത്തി. 2022 മാർച്ചിൽ മൗറിറ്റാനിയ അവരുടെ സീനിയർ ടീമിൽ നിയാസെക്ക് ഇടം നൽകി. ഗോൾ കീപ്പറായുള്ള മിന്നുംപ്രകടനം മൗറിത്താനയുടെ ഒന്നാം നമ്പർ ഗോളിയാക്കി.
ആഫ്രിക്കൻ നേഷൻ കപ്പിൽ ബുർക്കിന ഫാസോക്കു എതിരെയുള്ള മത്സരത്തിൽ നടത്തിയ അതിശയിപ്പിക്കുന്ന നാല് സേവുകൾ വലിയ തോൽവിയിൽനിന്ന് ടീമിനെ രക്ഷിച്ചു. ഏക പെനാൽറ്റി ഗോളിലാണ് ഒടുവിൽ ടീം തോൽവി വഴങ്ങിയത്. അംഗോളക്കു എതിരെയുള്ള രണ്ടാം മത്സരത്തിലും ആറ് അതുല്യ സേവുകൾ നടത്തിയെങ്കിലും 3-2ന് ടീം പരാജയപ്പെട്ടു.
അൾജീരിയക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ അഞ്ച് സേവുകൾ നടത്തിയ നിയാസെ, മത്സരത്തിലെ മികച്ച താരമായും തെരഞ്ഞെടുക്കപ്പെട്ടു. നിയാസെയുടെ തോളിലേറി മൗറിറ്റാനി ആഫ്രിക്കൻ നേഷൻസ് കപ്പിൽ ആദ്യ ജയം സ്വന്തമാക്കി. ജയത്തിലൂടെ നോക്കൗട്ടും ഉറപ്പിച്ചു. അൾജീരിയ നോക്കൗട്ട് കാണാതെ പുറത്തേക്ക്.
ഒരേ ഒരു കളിക്കാരന്റെ മാത്രം മികവിൽ ഒരു രാജ്യം ഇങ്ങനെ ഒരു നേട്ടമുണ്ടാക്കുന്നതു ഫുട്ബാൾ ചരിത്രത്തിൽതന്നെ അപൂർവം!