
‘ഫുട്ബാൾ എങ്ങനെ വളർത്താം?’..ഇന്ത്യ കണ്ടുപഠിക്കണം, മൗറിത്താനിയയെ..!
text_fieldsഏറക്കുറെ മരുഭൂമിയാൽ മൂടപ്പെട്ട രാജ്യം. നിരപ്പായ നല്ല ഒരു സ്കൂൾ കളിക്കളം പോലും അവർക്കുണ്ടായിരുന്നില്ല. അന്താരാഷ്ട്ര തലത്തിൽ പന്ത് കളിക്കാൻ തുടങ്ങിയ എട്ടു വർഷത്തിനിടെ (1995-2003 കാലഘട്ടത്തിൽ) അവർ പങ്കെടുത്ത ഒരു ഫുട്ബാൾ മത്സരത്തിൽ പോലും ജയിച്ചിട്ടില്ല...! സാമ്പത്തിക പ്രതിസന്ധി കാരണം അവർ 2010ലെ ആഫ്രിക്കൻ നേഷൻസ് കപ്പ് യോഗ്യതാ മത്സരങ്ങളിൽനിന്ന് പിന്മാറിയിരുന്നു. 2012ൽ അവരുടെ ഫിഫ റാങ്കിങ് 207. ഒരുപക്ഷേ, ലോകത്തിലെ ഏറ്റവും ദരിദ്രമായ ഫുട്ബാൾ രാജ്യങ്ങളിലൊന്ന്.
തുടർന്ന് 2011ൽ വിദേശ വിദ്യാഭ്യാസം കഴിഞ്ഞു തിരിച്ചെത്തിയ സംരംഭകൻ അഹമ്മദ് യഹ്യയെ അവരുടെ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റായി തെരഞ്ഞെടുത്തു. ആദ്യമായി അദ്ദേഹം ചെയ്തത് താഴേത്തട്ടു മുതലുള്ള ലീഗ് മത്സരങ്ങൾ സംഘടിപ്പിക്കുകയായിരുന്നു. രാജ്യമെമ്പാടും നിരവധി യൂത്ത് ടീമുകൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ചു. ലീഗിനെ സ്പോൺസർ ചെയ്യാൻ രാജ്യത്തെ ഏറ്റവും വലിയ ടെലി കമ്യൂണിക്കേഷനായ ‘മൗറിടെലി’ന്റെ സഹായം അദ്ദേഹം നേടിയെടുത്തു. കളിക്കാരുടെ ശമ്പളം നിശ്ചയിച്ചു. അത് കൃത്യമായി അവർക്കു നൽകുകയും ചെയ്തു.
അഹമ്മദ് യഹ്യ
അതോടെ ഫിഫയുടെ വിശ്വാസം നേടിയെടുത്ത അവർക്ക് ആഗോള ഫുട്ബാൾ സംഘടന ‘ഫിഫ ഗോൾ പ്രോജക്ട് ഫണ്ടി’ൽ നിന്ന് 10 ദശലക്ഷം യൂറോ സഹായം നൽകി. ആദ്യമായി അവർ ഒരു ദേശീയ സ്റ്റേഡിയം നിർമിച്ചു. അതിനുശേഷം സ്പോൺസർമാരുടെ സഹായത്തോടെ ഒരു അത്യാധുനിക ആസ്ഥാനം നിർമിക്കുകയും ചെയ്തു. 2014-ഓടെ, അവർ ലൈബീരിയയെ തോൽപിച്ച് രാജ്യാന്തര ഫുട്ബാൾ ചരിത്രത്തിൽ എവേ മത്സരത്തിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി. തുടർന്ന് ലോക നിലവാരത്തിലുള്ള ഹോട്ടൽ മുറികളും ടിവി/റേഡിയോ സ്റ്റുഡിയോയും കൃത്രിമ ടർഫുകളും ഉള്ള ഒരു പരിശീലന സമുച്ചയം നിർമിച്ചു. ആ സമുച്ചയത്തിൽ അണ്ടർ 15, 17 ടീമുകൾ ക്യാമ്പ് ചെയ്തുള്ള ബൃഹത്തായ പരിശീലന പരിപാടികൾക്ക് തുടക്കമായി.
തന്റെ ആഫ്രിക്കൻ പര്യടനത്തിൽ ഫിഫ പ്രസിഡന്റ് ഇൻഫെന്റിനോ അതൊക്കെ നേരിട്ട് കണ്ടു. ഫിഫയുടെ സാമ്പത്തിക സഹായം പന്തുകളിയുടെ ശരിയായ വികസനത്തിന് ഉപയോഗിക്കുന്ന ഉത്തരവാദിത്തമുള്ള ചുരുക്കം ചില ആഫ്രിക്കൻ രാജ്യങ്ങളിൽ ഒന്നായി അദ്ദേഹം മൗറിത്താനിയയെ പ്രകീർത്തിച്ചു. 2019-ഓടെ, അവർ അവരുടെ ആദ്യത്തെ ആഫ്രിക്കൻ നേഷൻസ് കപ്പിന് യോഗ്യത നേടി. 2015 മുതൽ 2021 വരെ അവരുടെ അക്കാദമികളിൽ മാത്രം പരിശീലിപ്പിച്ചെടുത്ത യൂത്ത് കളിക്കാർ ഉൾപ്പെടെയുള്ള ടീം വീണ്ടും വൻകരാ പോരാട്ടങ്ങളിലേക്ക് വല കുലുക്കിയെത്തി.
2023ൽ, ഇത് മൂന്നാം തവണ മാത്രമാണ് ആഫ്രിക്കൻ നേഷൻസ് കപ്പിന് മൗറിത്താനിയ ബൂട്ടുകെട്ടിയിറങ്ങിയത്. ആദ്യകളിയിൽ ബുർകിന ഫാസോക്കെതിരെ ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിൽ ആസ്റ്റൺ വില്ല താരം ബെർട്രാൻഡ് ട്രവോറെ നേടിയ പെനാൽറ്റി ഗോളിലാണ് മൗറിത്താനിയ അടിയറവു പറഞ്ഞത്. രണ്ടാമത്തെ കളിയിൽ അംഗോളക്കെതിരെ 3-2ന് പൊരുതി കീഴടങ്ങുകയായിരുന്നു. എന്നാൽ, ഗ്രൂപ്പിലെ അതിനിർണായകമായ അവസാന മത്സരത്തിൽ പ്രബലരും മുൻ ചാമ്പ്യന്മാരുമായ അൾജീരിയയെ മലർത്തിയടിച്ച മൗറിത്താനിയക്കാർ ആഫ്രിക്കൻ നേഷൻസ് കപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യജയമാണ് സ്വന്തമാക്കിയത്.
ഇതോടെ ടീം പുതിയ വിജയചരിതമെഴുതി പ്രീ ക്വാർട്ടറിലേക്ക് ഇരച്ചു കയറി. പ്രീക്വാർട്ടറിൽ കേപ് വെർദെക്കെതിരെ ഇഞ്ചോടിഞ്ച് പൊരുതിനിന്ന കളിയിൽ 88-ാം മിനിറ്റിലെ പെനാൽറ്റിഗോളിലാണ് മൗറിത്താനിയ വീണുപോയത്. എങ്കിലും അമീർ അബ്ദു പരിശീലിപ്പിക്കുന്ന ‘അൽ മുറാബിത്തൂൻ’ സംഘം ലോക ഫുട്ബാളിനെത്തന്നെ വിസ്മയിപ്പിച്ചാണ് ഐവറി കോസ്റ്റിൽനിന്ന് നാട്ടിലേക്ക് തിരിച്ചുപറക്കുന്നത്.
207-ാം സ്ഥാനക്കാർ എന്ന അതീവ പിന്നാക്ക നിലയിൽനിന്നാണ് ഒരു വ്യാഴവട്ടം കൊണ്ടു മാത്രം മൗറിത്താനിയ വമ്പൻ വിപ്ലവം സൃഷ്ടിച്ചത്. ഇച്ഛാശക്തികൊണ്ട് ലോക ഫുട്ബാളിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ കൊച്ചുരാജ്യം ചുരുങ്ങിയ വർഷങ്ങൾക്കകം ഇന്ന് 105-ാം റാങ്കിലെത്തിനിൽക്കുകയാണ്. ആത്മാർപ്പണവും പ്രതിബദ്ധതയുമുള്ള ഒരു സംഘാടകൻ മതി ഒരു രാജ്യത്തിന്റെ കായികമുന്നേറ്റങ്ങളുടെ തലവര മാറ്റിമറിക്കാൻ എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്. ഫുട്ബാളിൽ മുന്നേറാൻ ഏറെ കൊതിക്കുകയും എന്നാൽ, ലക്ഷ്യങ്ങളുടെ ഗോൾമുഖം ഒരുകാലത്തും തുറക്കുകയും ചെയ്യാത്ത ഇന്ത്യക്കുള്ള വലിയ പാഠം കൂടിയാണ് മൗറിത്താനിയയുടെ വിസ്മയകരമായ പദചലനങ്ങൾ.
140 കോടി ജനങ്ങളും താരതമ്യേന അടിസ്ഥാന സൗകര്യങ്ങളുമുള്ള ഇന്ത്യാ മഹാരാജ്യത്ത് ലോകനിലവാരത്തോട് കിടപിടിക്കുന്ന രീതിയിൽ പന്തുതട്ടാൻ മിടുക്കുള്ള 20 പേരെ പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. കളിയുടെ നല്ല നടത്തിപ്പിനുള്ള താൽപര്യങ്ങൾക്കും ഫുട്ബാളിന്റെ പുരോഗതിക്കപ്പുറം രാഷ്ട്രീയ, വ്യക്തിതാൽപര്യങ്ങളാൽ കസേരകളിൽ അള്ളിപ്പിടിച്ചിരിക്കുന്ന ഭാരവാഹികൾ അടയിരിക്കുന്നിടത്തോളം അതിനു മാറ്റമുണ്ടാവുമെന്ന് തോന്നുന്നില്ല. മൗറിത്താനിയയുടെ വീരചരിതം കൺകുളിർക്കെ കാണുമ്പോൾ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ തലപ്പത്ത് എന്നുവരും ഒരു അഹമദ് യഹ്യ? എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയേ വഴിയുള്ളൂ, അതിനുള്ള സാധ്യതകൾ അനതിവിദൂരമാണെങ്കിൽ പോലും.