രണ്ട് ഇതിഹാസങ്ങളുടെ തുടക്കം; ജൊവാൻ മോൺഫോർട്ട് വിചാരിച്ചിരുന്നില്ല, തന്‍റെ കാമറയിൽ പതിഞ്ഞത് ചരിത്രമാണെന്ന്
text_fieldsഅപൂർവ്വങ്ങളിൽ അത്യപൂർവമായ ഒരു ചിത്രമാണിത്..! ലോക കായികചരിത്രത്തിലെ സമാനതകളില്ലാത്ത അവിശ്വസനീയമായ ഒരു യാഥാർതഥ്യം... പലരും പറഞ്ഞിരുന്നത് അതൊരു വ്യാജ ചിത്രമാണെന്നായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ആ ചിത്രമെടുത്ത ഫോട്ടോഗ്രാഫർ ജൊവാൻ മോൺഫോർട്ട് അന്ന് അത് എടുക്കുവാനുണ്ടായ സാഹചര്യവും അതിലെ പങ്കാളികളെയും വ്യക്തമാക്കിയപ്പോൾ ആദ്യം പറഞ്ഞ അവിശ്വസനീയ യാഥാർത്ഥ്യമായത് മാറി. അതിലുള്ള നീണ്ട മുടിയുള്ള യുവാവ് ഇതുപോലെ ലോകം കീഴടക്കുന്ന കളിക്കാരനാകുമെന്ന് ചിത്രകാരൻ ചിലപ്പോൾ ചിന്തിച്ചിരുന്നേക്കാം! അത് മിശിഹായായിരുന്നു..! പതിനാറ് വർഷം മുൻപുള്ള ലിയോ!!
അന്ന്, ഒരു ചാരിറ്റി കലണ്ടറിലേക്കുള്ള ചിത്രങ്ങൾ എടുക്കാനായി ജൊവാൻ മോൺഫോർട്ട് ഒരു കുഞ്ഞിനെ ഒപ്പം ചേർത്ത് ഒരു പടമെടുക്കാൻ ലയണൽ മെസ്സിയുടെ കൈകളിൽ ആ പൊടിക്കുഞ്ഞിനെ ഏൽപ്പിച്ചപ്പോൾ അയാൾ കരുതിയിരുന്നില്ല, ആ കൈക്കുഞ്ഞും നാളെ അറിയപ്പെടുന്ന ആരെങ്കിലുമൊക്കെ ആയിത്തീരുമെന്ന്!! എന്നാൽ കാലം കാത്തുവെക്കുന്ന അപൂർവ വിസ്മയങ്ങളിൽ, അതിശയങ്ങളിൽ ഒന്നായി ആ കുഞ്ഞ്, ചരിത്രത്തിന്‍റെ താളുകളിലേക്ക് ഇഴഞ്ഞുകയറി.
ഇന്ന്, ഒരു ദിവസം കൊണ്ട് അവൻ അവന്‍റെ തലതൊട്ടപ്പനെക്കാൾ വിശ്രുതനായി, വിഖ്യാതനായി... ആ ഫോട്ടോയിലെ കുഞ്ഞ് മറ്റാരുമായിരുന്നില്ല... ഫ്രാൻസിനെതിരെ ഏറ്റവും മനോഹരമായ ആ മാരിവിൽ ഗോൾ സ്‌കോർ ചെയ്ത് ചരിത്ര വിസ്മയമായ സ്പാനിഷ് വണ്ടർ കിഡ് ലമിൻ യമാൽ!!
പതിനാറാം വയസിൽ വമ്പന്മാരുടെ യൂറോ കപ്പിൽ വലകുലുക്കി തന്നെക്കാൾ മികവും പ്രാവീണ്യവും പൂർണ്ണതയും ഉള്ളവരെ അതിശയിപ്പിച്ചുകൊണ്ട് യൂറോ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്‌കോററും ആ കളിയിലെ ഏറ്റവും മികച്ച കളിക്കാരനുമായി ഫുട്ബാൾ ചരിത്രത്തിൽ ഇടംനേടിയ കൗമാരക്കാരൻ!!
"രണ്ട് ഇതിഹാസങ്ങളുടെ തുടക്കം" എന്ന വാചകത്തോടെ യമലിന്‍റെ പിതാവ് കഴിഞ്ഞയാഴ്ച ഇൻസ്റ്റഗ്രാമിൽ ആ അപൂർവ ചിത്രം പങ്കുവച്ചപ്പോഴാണ്, അന്ന് അത് ചിത്രീകരിച്ച ആൾ തന്നെ ആ വിസ്മയ കഥാനുഭവം ലോകത്തോട് വിളിച്ചുപറഞ്ഞത്. അത് കണ്ടുംകേട്ടും ലോകം ഒരു നിമിഷം വിസ്മയിച്ച് പോയിട്ടുണ്ടാകും!