Begin typing your search above and press return to search.

സുധീർ, പ്രിയപ്പെട്ട സുധീർ

സുധീർ, പ്രിയപ്പെട്ട സുധീർ
cancel

മലയാള സിനിമയിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട താരദ്വയമായിരുന്നു ഒരിക്കൽ രാഘവനും സുധീറും. ‘ചെമ്പരത്തി’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽനിന്ന് തുടങ്ങിയ ജൈത്രയാത്ര. അകാലത്തിൽ പിരിഞ്ഞുപോയ സുധീറിനെ കുറിച്ച് ദീപ്തമായ ഓർമകൾ പങ്കുവെക്കുകയാണ് രാഘവൻ. ആഴ്​ചപ്പതിപ്പിൽ രവി മേനോൻ എഴുതിയ (ലക്കം: 1412) ലേഖനത്തിന്​ ഒരു അനുബന്ധം. ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുകൂടിയായിരുന്ന സുധീറിനെക്കുറിച്ച് മാധ്യമം ആഴ്ചപ്പതിപ്പിൽ രവി മേനോൻ എഴുതിയ ലേഖനം (ലക്കം: 1412) ഒരുപാട് ഓർമകളിലേക്ക് എന്നെ തിരികെ നടത്തി. സുധീറിനെ കൂടാതെ എന്റെ സിനിമാജീവിതം പൂർണമാകുന്നില്ലല്ലോ. അത്രയും അടുത്ത ആത്മബന്ധമായിരുന്നു ഞങ്ങളുടേത്. ആദ്യം നേരിൽ ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
മലയാള സിനിമയിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട താരദ്വയമായിരുന്നു ഒരിക്കൽ രാഘവനും സുധീറും. ‘ചെമ്പരത്തി’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽനിന്ന് തുടങ്ങിയ ജൈത്രയാത്ര. അകാലത്തിൽ പിരിഞ്ഞുപോയ സുധീറിനെ കുറിച്ച് ദീപ്തമായ ഓർമകൾ പങ്കുവെക്കുകയാണ് രാഘവൻ. ആഴ്​ചപ്പതിപ്പിൽ രവി മേനോൻ എഴുതിയ (ലക്കം: 1412) ലേഖനത്തിന്​ ഒരു അനുബന്ധം.

ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുകൂടിയായിരുന്ന സുധീറിനെക്കുറിച്ച് മാധ്യമം ആഴ്ചപ്പതിപ്പിൽ രവി മേനോൻ എഴുതിയ ലേഖനം (ലക്കം: 1412) ഒരുപാട് ഓർമകളിലേക്ക് എന്നെ തിരികെ നടത്തി. സുധീറിനെ കൂടാതെ എന്റെ സിനിമാജീവിതം പൂർണമാകുന്നില്ലല്ലോ. അത്രയും അടുത്ത ആത്മബന്ധമായിരുന്നു ഞങ്ങളുടേത്. ആദ്യം നേരിൽ കണ്ടത് കൊല്ലത്തെ നീലാ ഹോട്ടലിൽ വെച്ചാണ്; ഒരുമിച്ചഭിനയിച്ച ‘ചെമ്പരത്തി’ എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് തലേന്നാൾ. എന്നാൽ, അതിനും മുമ്പേ തുടങ്ങിയിരുന്നു സുധീറുമായുള്ള എന്റെ ‘ബന്ധം’. രാമു കാര്യാട്ട് സംവിധാനംചെയ്ത ‘അഭയം’ (1970) എന്ന സിനിമ അഭിനയിച്ചു പൂർത്തിയാക്കിയ സമയത്ത്, സംവിധായകൻ വിൻ​െസന്റ് മാസ്റ്ററാണ് അദ്ദേഹത്തിന്റെ അടുത്ത പടത്തിൽ ഒരു മുഖ്യകഥാപാത്രത്തിന് ശബ്ദം നൽകാമോ എന്ന് എന്നോട് ആരാഞ്ഞത്. ‘‘പുതുമുഖ നടനാണ്. പരിചയക്കുറവുമുണ്ട്. ഡയലോഗുകൾ വിചാരിച്ചയത്ര പെർ​െഫക്ഷനോടെ വന്നിട്ടില്ല. മറ്റൊരാളെക്കൊണ്ട് ഡബ് ചെയ്യിക്കുകയല്ലാതെ വേറെ വഴിയില്ല’’ -മാസ്റ്റർ പറഞ്ഞു.

അത്ഭുതം തോന്നി; തെല്ലൊരു ഭയവും. അഭിനയമാണല്ലോ എന്റെ തട്ടകം. ഡബിങ് സ്വപ്നങ്ങളിൽപോലുമില്ല. മാത്രമല്ല, ആ മേഖലയിൽ ഒട്ടും പരിചയമില്ലാത്ത എനിക്ക് പ്രതീക്ഷക്കൊത്ത് ഉയരാനാകുമോ എന്ന ആശങ്കയും ഉണ്ടായിരുന്നു. എന്നാൽ, വിൻ​െസന്റ് മാസ്റ്റർ ധൈര്യം പകർന്നതോടെ ഒരു ശ്രമം നടത്തിനോക്കുന്നതിൽ തെറ്റില്ലെന്ന് എനിക്കും തോന്നി. പാളിപ്പോയെങ്കിൽ പകരക്കാരനായി മറ്റാരെയെങ്കിലും കണ്ടെത്തണമെന്ന ഉപാധിയിൽ അങ്ങനെ ‘നിഴലാട്ടം’ എന്ന സിനിമയിലെ സുധീറിന്റെ കഥാപാത്രത്തിന് ഞാൻ ശബ്ദം പകരുന്നു. എളുപ്പമുള്ള ദൗത്യമായിരുന്നില്ല അത്. വേഗതയാർന്ന സംഭാഷണ ശൈലിയാണ് സുധീറിന്റേത്. എനിക്കാണെങ്കിൽ മന്ദഗതിയിൽ സംസാരിച്ചാണ് ശീലം. ഭരണി സ്റ്റുഡിയോയിൽ നടന്ന ഡബിങ് ഒരു കടുത്ത പരീക്ഷണംതന്നെയായിരുന്നു. രണ്ടോ മൂന്നോ ദിവസം വേണ്ടിവന്നു ആ പരീക്ഷണം വിജയത്തിലെത്തിക്കാൻ. ‘നിഴലാട്ട’ത്തിൽ ഒരർഥത്തിൽ നായകൻതന്നെയായിരുന്നു സുധീർ. പ്രതിനായക പരിവേഷമുള്ള റോളാണ് നസീർ സാറിന്. ഡബിങ് തിയറ്ററിലെ സ്‌ക്രീനിൽ ആദ്യമായി കണ്ടപ്പോൾതന്നെ എന്തൊക്കെയോ പ്രത്യേകതകൾ ഒളിഞ്ഞുകിടപ്പുണ്ടല്ലോ ഈ നടനിൽ എന്ന് തോന്നിയിരുന്നു. പിന്നീടെത്രയോ സിനിമകളിൽ സുധീറുമായി ഒരുമിച്ചഭിനയിക്കും എന്നൊന്നും സങ്കൽപിക്കുന്നില്ലല്ലോ നമ്മൾ അന്ന്.

രണ്ടു വർഷംകൂടി കഴിഞ്ഞാണ് ‘ചെമ്പരത്തി’. ആ ചിത്രത്തിൽ ദിനേശ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻവേണ്ടി ഞാൻ കൊല്ലത്ത് നിർമാതാവായ എസ്.കെ. നായരുടെ ഉടമസ്ഥതയിലുള്ള നീലാ ഹോട്ടലിൽ എത്തുന്നു. എസ്.കെക്കു പുറമെ സംവിധായകൻ പി.എൻ. മേനോനും അദ്ദേഹത്തിന്റെ സഹായിയായ മറ്റൊരു ചെറുപ്പക്കാരനും ഉണ്ടവിടെ. ചെറുപ്പക്കാരന്റെ പേര് ജനാർദനൻ. പിൽക്കാലത്ത് തിരക്കേറിയ നടനായി വളർന്ന അതേ ജനാർദനൻതന്നെ. പിറ്റേന്ന് അതികാലത്ത് എത്താമെന്ന് വാക്കു പറഞ്ഞിരുന്ന സുധീറിനെ കാത്തിരിക്കുകയാണ് എല്ലാവരും. സുധീറിനും എനിക്കും തുല്യപ്രാധാന്യമുള്ള വേഷങ്ങളാണ് സിനിമയിൽ. പിറ്റേന്ന് ഷൂട്ടിങ് തുടങ്ങാനിരിക്കേ സുധീർ സമയത്തിന് എത്തിച്ചേരുമോ എന്നൊരു ആശങ്കയുണ്ട് മേനോൻ ചേട്ടന്. ‘‘നാളെ പുലരും മുമ്പ് അവൻ വന്നില്ലെങ്കിൽ നീയായിരിക്കും ആ റോൾ ചെയ്യുക’’ എന്ന് ജനാർദനനെ നോക്കി അദ്ദേഹം ഉറക്കെ പറഞ്ഞത് ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നു.

ചിരിച്ചുകൊണ്ട് ആ ആജ്ഞ കേട്ടിരുന്നു ജനാർദനൻ. എന്തായാലും പിറ്റേന്ന് കാലത്തു തന്നെ സുധീർ നീലാ ഹോട്ടലിൽ ഹാജരായി. സ്വന്തം അംബാസഡർ കാർ ഡ്രൈവ് ചെയ്താണ് വരവ്. കാറിന്റെ ഡോർ തുറന്ന് ഒരു പ്രത്യേക സ്റ്റൈലിൽ നടന്നുവരുന്ന സുധീറിന്റെ ചിത്രം മറക്കാനാവില്ല. ആ രൂപഭാവങ്ങളും ആംഗ്യവിക്ഷേപങ്ങളും അന്നേ മനസ്സിൽ തങ്ങിയിരുന്നു. കാഴ്ചയിൽ ഗൗരവക്കാരനായതിനാലാവണം പലർക്കും അദ്ദേഹത്തോട് അടുക്കാൻ പേടി. എന്നാൽ, മനസ്സുകൊണ്ട് ആൾ ഒരു ശുദ്ധനാണെന്ന് അധികം വൈകാതെ എനിക്ക് ബോധ്യമായി. ആരോടും അങ്ങനെ അടുത്തുചെന്ന് കൂട്ടുകൂടുന്ന ആളല്ല. ഉള്ളിൽ വളരെയേറെ നന്മയും സ്നേഹവും സൂക്ഷിക്കുന്ന വ്യക്തി. വളരെ പെട്ടെന്ന് തന്നെ ഞങ്ങൾ അടുത്തു.

കൊല്ലത്തെ ​െഗസ്റ്റ് ഹൗസിൽ ഒരേ മുറിയിലാണ് ഞാനും സുധീറും ഷൂട്ടിങ് തീരുംവരെ താമസിച്ചത്. രണ്ടുപേരും ഹൃദയപൂർവം ആസ്വദിച്ച ദിനങ്ങളായിരുന്നു അവ. ‘ചെമ്പരത്തി’യിലെ ആദ്യത്തെ ഷോട്ട് ഒരു ചീട്ടുകളിക്കൂട്ടായ്മ ആണെന്നാണ് ഓർമ. സുധീറും ബാലൻ കെ. നായരും പറവൂർ ഭരതനുമൊക്കെ കൂടിയിരുന്ന് ചീട്ട് കളിക്കുന്നു. സുധീറിന്റെ കളി കണ്ട് മുറിയുടെ ഒരു കോണിൽ ഞാനിരിക്കുന്നു. അതേ സീനിലേക്ക് മധു സാർ കടന്നുവരുന്നു. ഇതാണ് ആദ്യം ഷൂട്ട് ചെയ്ത രംഗം. ഞാനും സുധീറും പ്രത്യക്ഷപ്പെടുന്ന ‘‘ചക്രവർത്തിനീ’’ എന്ന ഗാനരംഗം ചിത്രീകരിച്ചത് കൊല്ലം റെയിൽവേ സ്റ്റേഷനിൽനിന്ന് നോക്കിയാൽ കാണാവുന്ന ഒരു പഴയ കെട്ടിടത്തിലാണ്.

കെട്ടിടം വാടകക്കെടുത്ത് സിനിമാസെറ്റ് ആക്കി മാറ്റുകയായിരുന്നു. അശോക് കുമാർ ആയിരുന്നു കാമറ. ആ നാളുകളിലാണ് ഞാനും സുധീറും അടുക്കുന്നത്. ജീവിതത്തിലെ നല്ലതും ചീത്തയുമായ പല അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്; ഒപ്പം സ്വപ്നങ്ങളും. അധികമാരോടും അടുക്കാറില്ലെങ്കിലും അടുത്തുകഴിഞ്ഞാൽ എല്ലാം തുറന്നുപറയുന്ന രീതിയായിരുന്നു സുധീറിന്റേത്. ഒട്ടും കലഹപ്രിയനല്ല. ജീവിതത്തിലെ പല സന്ദിഗ്ധ ഘട്ടങ്ങളിലും എന്റെ ഉപദേശം തേടിയിട്ടുണ്ട് അദ്ദേഹം. ആരോടും നിഷേധാത്മകമായി സംസാരിക്കാൻ മടിയുള്ള കൂട്ടത്തിലാണ് സുധീർ. ഈ നിസ്സഹായത ചിലരൊക്കെ മുതലെടുത്തിരിക്കാം എന്ന് തോന്നിയിട്ടുണ്ട്.

‘ചെമ്പരത്തി’ ഞങ്ങളൊക്കെ പ്രതീക്ഷിച്ചതിനപ്പുറത്തെ വിജയമായിരുന്നു. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി ഞാനും സുധീറും നായിക ശോഭനയും കേരളത്തിലുടനീളമുള്ള റിലീസിങ് തിയറ്ററുകൾ സന്ദർശിച്ചത് ഇന്നലെയെന്നപോലെ ഓർക്കുന്നു, തുടർന്ന് ബി ക്ലാസ് കേന്ദ്രങ്ങളിലും അതാവർത്തിക്കപ്പെട്ടു. സുധീറിനെയും എന്നെയും മലയാള സിനിമയിലെ പുതിയ താരോദയങ്ങളായി ചിത്രീകരിച്ചിരുന്നു അക്കാലത്തെ പല മാധ്യമങ്ങളും. ‘ചെമ്പരത്തി’ക്ക് പിന്നാലെ പി.എൻ. മേനോൻ സംവിധാനം ചെയ്ത ‘ചായ’ത്തിലും സുധീർ-ശോഭന ജോടി ആയിരുന്നു മുഖ്യ റോളുകളിൽ. രണ്ടു ഗാനരംഗങ്ങളിൽ ഒരു തെരുവു ഗായകന്റെ വേഷത്തിൽ ഞാനുമുണ്ട്. അത് കഴിഞ്ഞു നിരവധി പടങ്ങളിൽ ഞങ്ങൾ ഒരുമിച്ചു പ്രത്യക്ഷപ്പെട്ടു. ‘മധുരപ്പതിനേഴ്’, ‘മോഹം’, ‘സ്വാമി അയ്യപ്പൻ’ എന്നീ ചിത്രങ്ങൾ പെട്ടെന്ന് ഓർമവരുന്നു. ആദ്യകാല പടങ്ങളിൽ നെഗറ്റിവ് ഷേഡുള്ള കഥാപാത്രങ്ങളായിരുന്നു സുധീറിന്. അധികം വൈകാതെ അദ്ദേഹം നായകനായി മാറി. യുവതലമുറയുടെ പ്രിയങ്കരനായി. സുധീറിന്റെ വളർച്ച ആഹ്ലാദത്തോടെ കണ്ടുനിന്നവരിൽ ഞാനും ഉണ്ടായിരുന്നു. സമാന്തരമായിരുന്നു ഞങ്ങളുടെ സിനിമായാത്രകൾ. തിരക്കുകൾക്കിടയിലും എന്നെ വിളിക്കാനും സംസാരിക്കാനും സുധീർ സമയം കണ്ടെത്തി. അക്കാലത്താണ് അന്തരിച്ച നടൻ സത്യൻ മാസ്റ്ററുടെ പിൻഗാമി എന്ന പ്രതിച്ഛായയിൽ സുധീറിനെ തളച്ചിടാൻ സിനിമാ മേഖലയിൽതന്നെ ശ്രമങ്ങളുണ്ടായത്. സുധീറിന്റെ സ്വാഭാവികമായ അഭിനയശൈലിക്ക് ഒട്ടും വഴങ്ങുന്നതായിരുന്നില്ല അത്. സത്യൻ ശൈലിയിലുള്ള കഥാപാത്രങ്ങളിലേക്കുള്ള പകർന്നാട്ടം അദ്ദേഹത്തിലെ നടന് ഒട്ടും ഗുണംചെയ്തിട്ടില്ല എന്നാണ് എന്റെ വിശ്വാസം. അനായാസം വഴങ്ങുന്ന കഥാപാത്രങ്ങൾ കിട്ടിയിരുന്നെകിൽ സുധീറിന്റെ അഭിനയജീവിതം ഇതിലും ഉയരങ്ങളിൽ എത്തിയേനെ. ഇക്കാര്യം അദ്ദേഹത്തോട് നേരിട്ട് പറയുകയും ചെയ്‌തിട്ടുണ്ട്.

തിരുവനന്തപുരത്ത് അടുത്ത ബന്ധുവിന്റെ കല്യാണത്തിന് ക്ഷണിക്കാൻ വന്നപ്പോഴാണ് അവസാനമായി സുധീറിനെ കണ്ടത്. അപ്പോഴേക്കും സിനിമയിൽനിന്ന് മിക്കവാറും അകന്നുകഴിഞ്ഞിരുന്നു ഞങ്ങൾ ഇരുവരും. വിവാഹശേഷവും ഇടക്ക് വിളിക്കും. സുധീറിന്റെ വിയോഗ വാർത്ത അറിയുമ്പോൾ ‘മിന്നുകെട്ട്’ എന്ന പരമ്പരയുടെ ഷൂട്ടിങ്ങിലാണ് ഞാൻ. ശരിക്കും ഞെട്ടിപ്പോയി. അത്രയൊന്നും പ്രായമായിരുന്നില്ലല്ലോ അദ്ദേഹത്തിന്. മനസ്സിന്റെ തിരശ്ശീലയിൽ പെട്ടെന്ന് തെളിഞ്ഞത് നീലാ ഹോട്ടലിന്റെ മുറ്റത്ത് കാറിൽ വന്നിറങ്ങുന്ന സുന്ദരനായ യുവാവിന്റെ ചിത്രമാണ്. അങ്ങനെ എത്രയെത്ര ഓർമകൾ. രവി മേനോന്റെ ലേഖനം വായിച്ചപ്പോൾ ഓർമയിൽനിന്ന് പതുക്കെ അകലുന്ന ഒരു കാലം വീണ്ടും മനസ്സിൽ തെളിഞ്ഞു. ഒപ്പം ചെറിയൊരു നൊമ്പരവും തോന്നി. സിനിമയുടെ പ്രവചനാതീത വഴികളിലൂടെ ഏകാന്ത പഥികനെപ്പോലെ സഞ്ചരിച്ച കലാകാരനാണ് സുധീർ. മത്സരങ്ങളുടെ മാത്രമല്ല കളങ്കമില്ലാത്ത സ്നേഹസൗഹൃദങ്ങളുടെ കൂടി ലോകമാണ് സിനിമ എന്ന സത്യം സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന ഒരാൾ. ഓർമയിൽ സുധീർ ഇപ്പോഴും പുഞ്ചിരിതൂകി നിൽക്കുന്നു.


News Summary - Sudheer in Malayala Cinema