ഖദർ ഊരിക്കളഞ്ഞാൽ പിന്നെ കോൺഗ്രസിൽ എന്താണ് ബാക്കിയുള്ളത്?

കോൺഗ്രസിൽ ഒരു ‘ഖാദി’ വിവാദം നടക്കുകയാണ്. കോൺഗ്രസിന്റെ ഐഡന്റിറ്റിയായ ഖദർവസ്ത്രം ധരിക്കാത്ത യൂത്ത് കോൺഗ്രസ് നേതാക്കളെ മുതിർന്ന നേതാവ് അജയ് തറയിൽ വിമർശിച്ചിരുന്നു. ഖദറിടാതെ നടക്കുന്നതല്ല ന്യൂജെൻ എന്നതായിരുന്നു വിമർശനത്തിന്റെ കാതൽ. കോൺഗ്രസിന് ഖദർ എന്താണ്? അതെങ്ങനെ വേഷമായി? ഖദർ ഉൗരി മാറ്റിയാൽ കോൺഗ്രസിൽ എന്തു സംഭവിക്കും? -മുതിർന്ന മാധ്യമ പ്രവർത്തകന്റെ നിരീക്ഷണവും വിശകലനവും.ഭാവിയിൽ ദുഃഖിക്കേണ്ടിവരുന്ന...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
കോൺഗ്രസിൽ ഒരു ‘ഖാദി’ വിവാദം നടക്കുകയാണ്. കോൺഗ്രസിന്റെ ഐഡന്റിറ്റിയായ ഖദർവസ്ത്രം ധരിക്കാത്ത യൂത്ത് കോൺഗ്രസ് നേതാക്കളെ മുതിർന്ന നേതാവ് അജയ് തറയിൽ വിമർശിച്ചിരുന്നു. ഖദറിടാതെ നടക്കുന്നതല്ല ന്യൂജെൻ എന്നതായിരുന്നു വിമർശനത്തിന്റെ കാതൽ. കോൺഗ്രസിന് ഖദർ എന്താണ്? അതെങ്ങനെ വേഷമായി? ഖദർ ഉൗരി മാറ്റിയാൽ കോൺഗ്രസിൽ എന്തു സംഭവിക്കും? -മുതിർന്ന മാധ്യമ പ്രവർത്തകന്റെ നിരീക്ഷണവും വിശകലനവും.
ഭാവിയിൽ ദുഃഖിക്കേണ്ടിവരുന്ന തരത്തിൽ ഒരിക്കലും പ്രവർത്തിക്കരുതെന്നു മാത്രം ഞാൻ വീണ്ടും വീണ്ടും അഭ്യർഥിക്കുകയാണ്-മഹാത്മാ ഗാന്ധി
1947 ഒക്ടോബർ ഏഴിനാണ് ഗാന്ധിജി ഇങ്ങനെ പറഞ്ഞത്. ഡൽഹിയിലെ ബിർളാമന്ദിരത്തിന്റെ അങ്കണത്തിൽ പതിവായിക്കഴിഞ്ഞ സർവമത പ്രാർഥനക്കു ശേഷമുള്ള പ്രസംഗത്തിൽ. സെപ്റ്റംബർ 10നാണ് ആ പ്രാർഥനായോഗങ്ങൾ ആരംഭിച്ചത്. 1948 ജനുവരി 30ന് ഗോദ്സെയുടെ വെടിയുണ്ട അത് അവസാനിപ്പിച്ചല്ലോ. മഹാത്മാവിന്റെ ജീവിതത്തിലെ അവസാനത്തെ 139 ദിവസങ്ങളിലെ സംസാരമാണത്. ഒാരോ ദിവസവും പ്രാർഥനക്കു ശേഷമായിരുന്നു അവിടെക്കൂടിയവരോട് മഹാത്മാ സംസാരിച്ചിരുന്നത്. പ്രഭാഷണം എന്നതിനേക്കാൾ ആത്മഭാഷണം എന്ന വാക്കാണ് ഇതിന് ചേരുക. ‘ഗാന്ധിജിയുടെ ഡൽഹി ഡയറി’ എന്നപേരിൽ അത് ക്രോഡീകരിച്ചിട്ടുണ്ട്. 1947 സെപ്റ്റംബർ 10 മുതൽ 1948 ജനുവരി 30 വരെയുള്ള ദിവസങ്ങളിലെ ഭാഷണങ്ങൾ. മറ്റ് ഏത് ഗാന്ധിസാഹിത്യത്തിൽനിന്നും കേൾക്കുന്നതിനേക്കാൾ ആ ഹൃദയത്തിന്റെ സ്വരം കേൾക്കാനാകുക ഇതിൽനിന്നാണ്. ഡോ. രാജേന്ദ്രപ്രസാദ് മുഖവുരയിൽ ഈ ഭാഷണങ്ങളുടെ പ്രത്യേകത ഒാർമിപ്പിക്കുന്നുണ്ട്. ഗാന്ധിജിയുടെ ഒസ്യത്താണിത് എന്നു പറഞ്ഞവരുമുണ്ട്. കോൺഗ്രസുകാർ വായിച്ചാൽ ഒസ്യത്താണ് എന്ന് തോന്നാവുന്ന നിരവധി കാര്യങ്ങളിതിലുണ്ട്. ഇതൊക്കെയും സ്വാതന്ത്ര്യലബ്ധിക്കു ശേഷം പറഞ്ഞതാണെന്ന് പ്രത്യേകമോർക്കണം. ഇപ്പോൾ സ്വാതന്ത്ര്യസമരമൊന്നും നടക്കുന്നില്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് മഹാത്മജി ഇതൊക്കെ പറയുന്നത്. ആ ദിവസംതന്നെ മഹാത്മജി പറഞ്ഞു: ‘‘കോൺഗ്രസ് സംസ്കാരത്തിൽ വിശ്വാസമുള്ളവരാകുക.’’
കോൺഗ്രസ് സംസ്കാരത്തിൽ വിശ്വസിക്കുക എന്നു പറഞ്ഞതിനുശേഷം അതെന്താണ് എന്നദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ‘‘ഒാരോരുത്തരും അതത് മതസിദ്ധാന്തങ്ങളിലും കോൺഗ്രസ് വിഭാവനംചെയ്യുന്ന ആചാരങ്ങളിലും തത്ത്വങ്ങളിലും വിശ്വസിച്ചുകൊണ്ട് അവരവരുടെ ആദർശങ്ങളോട് വിശ്വാസമുള്ളവരായിരിക്കുക.’’ അതൊരു അഭ്യർഥനയുടെ സ്വരത്തിലാണ് പറഞ്ഞത്. ആ വാചകങ്ങൾ അവസാനിപ്പിച്ചുകൊണ്ടാണ് ഗാന്ധിജി പറഞ്ഞത്: ‘‘ഭാവിയിൽ ദുഃഖിക്കേണ്ടിവരുന്നതരത്തിൽ ഒരിക്കലും പ്രവർത്തിക്കരുതെന്നു മാത്രം ഞാൻ വീണ്ടും വീണ്ടും അഭ്യർഥിക്കുകയാണ്’’ എന്ന്. പിന്നീട് തുടരുന്നതിങ്ങനെയാണ്: ‘‘കോൺഗ്രസിന് അതിലുള്ള വിശ്വാസം നഷ്ടപ്പെെട്ടങ്കിൽ അവർ കോൺഗ്രസ് മന്ത്രിമാരെ മാറ്റി മറ്റ് വ്യക്തികളെയോ ശക്തികളെയോ അധികാരത്തിൽ കൊണ്ടുവരട്ടെ.’’
സ്വാതന്ത്ര്യം കിട്ടി രണ്ടുമാസം തികയുന്നതിനു മുമ്പ് മഹാത്മജി ഇങ്ങനെയൊക്കെ സംസാരിക്കാൻ കാരണമെന്തുണ്ടായി എന്നല്ലേ, ഉണ്ടായിട്ടുണ്ട്. മന്ത്രിസഭയിലെ പല മന്ത്രിമാരും തങ്ങളുടെ ബ്രിട്ടീഷ് മുൻഗാമികളെപ്പോലെ ഏകാധിപത്യ രീതിയിൽ പ്രവർത്തിക്കുകയാണെന്ന് പലരും അതിനിടയിൽ ഗാന്ധിജിയോട് പരാതിപ്പെട്ടിരുന്നു. പലരും ഇതൊക്കെ ഗാന്ധിജിക്ക് എഴുതി സമർപ്പിച്ചിരുന്നു. എന്നാൽ, ഇതിലൊരു കാര്യംപോലും അദ്ദേഹം മന്ത്രിമാരുമായി ചർച്ചചെയ്തില്ല. ബ്രിട്ടീഷ് ഭരണകർത്താക്കളെ നാം എത്രത്തോളം വിമർശിച്ചോ അത്രത്തോളം നമ്മുടെ മന്ത്രിമാരും വിമർശിക്കപ്പെടണമെന്ന് ഗാന്ധിജിക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു. സ്വാതന്ത്ര്യസമരം അവസാനിക്കുകയും നേതാക്കൾ മന്ത്രിമാരാവുകയും അധികാരം കൈയാളാൻ തുടങ്ങുകയും ചെയ്തതോടെ കോൺഗ്രസ് ഒരു സാധാരാണ രാഷ്ട്രീയപാർട്ടിയായി പരിവർത്തനം ചെയ്യപ്പെട്ടു തുടങ്ങിയെന്ന സത്യം ഗാന്ധിജി ചൂണ്ടിക്കാണിക്കുകയായിരുന്നു.
ആ പരിവർത്തനം എന്നോ പൂർത്തിയായിട്ടുണ്ടെന്നും നമ്മളീ കാണുന്ന പാർട്ടി ഇന്ത്യൻ നാഷനൽ കോൺഗ്രസ് അല്ലെന്നും കേരളത്തിലെ കോൺഗ്രസിന്റെ പ്രധാന നേതാക്കൾ ഒന്നിച്ചുനിന്ന് നമ്മളെ ഒാർമിപ്പിക്കുകയാണിപ്പോൾ. അതാണ് ഖാദിവിവാദം. ആ പാർട്ടി ഇന്ത്യൻ നാഷനൽ കോൺഗ്രസ് ആയിരുന്ന കാലത്ത് ഖാദിപ്രചാരണം നേതാക്കളുടെ പ്രധാന പ്രവർത്തനമേഖലയായിരുന്നു. എന്നാൽ, കേരളത്തിലെ കോൺഗ്രസ് നേതാക്കളിപ്പോൾ ഖാദിവിരുദ്ധ പ്രചാരണം എറ്റെടുത്തിരിക്കുകയാണ്. അജയ് തറയിൽ ഒരു ശരാശരി രാഷ്ട്രീയ പ്രവർത്തകനാണ്. വലിയ അനുയായി വൃന്ദമോ, നേതൃപരിവേഷമോ ഒന്നും സ്വന്തമായി ഇല്ലാത്ത ഒരാൾ. കോൺഗ്രസ് പ്രവർത്തകരുടെ യൂനിഫോം എന്നു പറയാവുന്നതരത്തിൽ വെള്ള ഖാദിവസ്ത്രങ്ങൾ ധരിച്ചുകൊണ്ടു മാത്രം നടക്കുന്ന ഒരാൾ. വലിയ സ്ഥാനങ്ങളിലെത്തുകയോ വലിയ നേട്ടങ്ങളുണ്ടാക്കുകയോ ചെയ്തിട്ടില്ലാത്ത ഒരാൾ. അങ്ങനെയൊരാൾ പുതിയ തലമുറയിലെ കോൺഗ്രസ് നേതാക്കളുടെ ജീവിതശൈലിയെ വിലയിരുത്തിക്കൊണ്ട് പറഞ്ഞ വാക്കുകളാണല്ലോ തുടക്കം. അജയ് പറഞ്ഞതിതാണ്: ‘‘യുവതലമുറക്ക് എന്തിനാണ് ഖദറിനോട് ഇത്ര നീരസം. ഖദർ വസ്ത്രവും മതേതരത്വവുമാണ് കോൺഗ്രസിന്റെ അസ്തിത്വം. ഖദർ ഒരു വലിയ സന്ദേശമാണ്, ആദർശമാണ്. മുതലാളിത്തത്തിനെതിരെയുള്ള ഏറ്റവും വലിയ ആയുധമാണ്. ഖദർ ഇടാതെ നടക്കുന്നതാണ് ന്യൂെജൻ എന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കിൽ മൂല്യങ്ങളിൽനിന്നുള്ള ഒളിച്ചോട്ടമാണ്. കാപട്യമാണ്.’’
ഖദറിനൊരു ചരിത്രമുണ്ട്
അജയിന്റെ പ്രസ്താവനയുണ്ടാക്കിയ കോലാഹലത്തിലേക്ക് കടക്കും മുമ്പ് ഖദർ അഥവാ ഖാദിയുടെ ചരിത്രത്തിലേക്കൊന്ന് എത്തിനോക്കുന്നത് നന്നായിരിക്കും. ഖാദി വെറുമൊരു തുണിത്തരം മാത്രമല്ലെന്ന് മനസ്സിലാക്കാൻ അത് സഹായിക്കും. 1908ൽ, ദക്ഷിണാഫ്രിക്കയിലായിരിക്കുമ്പോൾ എഴുതിയ ‘ഹിന്ദ്സ്വരാജ്’ എന്ന പുസ്തകത്തിൽതന്നെ ഗാന്ധിജി കൈത്തറിയെക്കുറിച്ച് പറയുന്നുണ്ട്. പൊതുപ്രവർത്തകരും ബുദ്ധിജീവികളും കൈത്തറി വസ്ത്രങ്ങൾ ധരിക്കുകയും കഴിയുന്നിടത്തോളം കൈത്തറികൾ സ്ഥാപിക്കുകയും ചെയ്യണമെന്ന് അതിൽ ആഹ്വാനമുണ്ട്. എന്നാൽ, അക്കാലത്തൊന്നും താനൊരു ചർക്കയോ കൈത്തറിയോ കണ്ടതായി ഒാർക്കുന്നില്ല എന്നദ്ദേഹം പിന്നീട് പറയുന്നുമുണ്ട്. സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പേരിൽ പ്രശസ്തമായ ആത്മകഥയിൽ ഗാന്ധിജി ഖദറിന്റെ പിറവി വിശദീകരിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയിൽനിന്ന് തിരിച്ചെത്തി ഗോപാലകൃഷ്ണ ഗോഖലെയുടെ നിർദേശപ്രകാരം ഇന്ത്യാപര്യടനം പൂർത്തിയാക്കിയപ്പോഴാണ് ശരാശരി ഇന്ത്യക്കാരുടെ ജീവിതമെങ്ങനെയാണ് എന്ന് ഗാന്ധിജിക്ക് മനസ്സിലാകുന്നത്. അതിനെത്തുടർന്നാണ് ഇന്ത്യക്കാരുടെ ജീവിതത്തിലിടപെടുക എന്ന ലക്ഷ്യത്തോടെ സബർമതിയിൽ സത്യഗ്രഹാശ്രമം സ്ഥാപിക്കുന്നത്. ആശ്രമം സ്ഥാപിക്കുന്നതോടൊപ്പംതന്നെ അവിടെ കുറച്ച് കൈത്തറികളും സ്ഥാപിച്ചു.
മഗൻലാൽ ഗാന്ധി എന്നൊരു വളന്റിയർക്കായിരുന്നു ചുമതല. സ്വന്തം കൈകൊണ്ടു നിർമിച്ച വസ്ത്രങ്ങൾ മാത്രം ധരിക്കണമെന്നായിരുന്നു ലക്ഷ്യം. മിൽത്തുണി ഉപയോഗിക്കുന്നത് ഉടൻ നിർത്തുമെന്നും ഇന്ത്യൻ നൂലുകൊണ്ട് കൈത്തറിയിൽ നെയ്ത വസ്ത്രങ്ങൾ മാത്രമേ ധരിക്കൂവെന്നും ആശ്രമത്തിലെല്ലാവരും തീരുമാനിക്കുകയും ചെയ്തു. കാര്യത്തോടടുത്തപ്പോഴാണ് കടുപ്പം മനസ്സിലായത്. നെയ്ത്തുകാരുടെ ജീവിതാവസ്ഥ, അവരുടെ വരുമാനം, വർധിച്ചുകൊണ്ടിരിക്കുന്ന കടബാധ്യത എന്നിവയൊക്കെ പിടികിട്ടി. ആശ്രമത്തിലെ ആവശ്യത്തിനുള്ള തുണി ആശ്രമത്തിൽതന്നെയുണ്ടാക്കുക എന്നത് പെട്ടെന്ന് പ്രായോഗികമാവില്ല എന്നും മനസ്സിലായി. അതുവരെ കൈത്തറി നെയ്ത്തുകാരിൽനിന്ന് തുണിവാങ്ങാൻ തീരുമാനിച്ചു. അപ്പോഴാണ് അതൊന്നും ഇന്ത്യൻ മിൽനൂലുകൊണ്ട് ഉണ്ടാക്കിയ തുണിയല്ല എന്നു പഠിച്ചത്. കൈത്തറി നെയ്ത്തുകാരിൽനിന്നോ തുണിക്കടകളിൽനിന്നോ യഥാർഥ കൈത്തറിത്തുണി കിട്ടുക എളുപ്പമായിരുന്നില്ല. കാരണം ഇന്ത്യൻ മില്ലുകൾ നേർത്ത നൂലുകൾ ഉൽപാദിപ്പിക്കുന്നുണ്ടായിരുന്നില്ല. വളരെ നേർത്ത നൂലുകൾ ഉണ്ടാക്കുന്നേയില്ല. വിദേശത്തുനിന്നു വരികയാണ്. എന്നുവെച്ചാൽ ഇവിടെനിന്ന് പരുത്തി കുത്തകയായി സംഭരിച്ച് ബ്രിട്ടനിലേക്ക് കയറ്റിയയച്ച് അവിടത്തെ മില്ലുകളിൽ നൂല് ഉൽപാദിപ്പിച്ച് ഇങ്ങോട്ട് കൊണ്ടുവന്ന് ഇന്ത്യൻ മില്ലുകൾക്ക് നൂലു വിൽക്കുകയാണ്. കയറ്റുമതിയിലും ഇറക്കുമതിയിലും ലാഭം ബ്രിട്ടീഷുകാർക്ക്. പണി മാഞ്ചസ്റ്ററിലെ മില്ലുകളിലെ യന്ത്രങ്ങൾക്ക്.
ആ നൂലുകൊണ്ടുള്ള തുണി വാങ്ങാതിരിക്കാനായി ശ്രമം. ഒടുവിൽ കുറച്ച് കൈത്തറിക്കാർ ഇന്ത്യൻ മില്ലുകളിലെ നൂലുസംഘടിപ്പിച്ച് തുണി നെയ്തുകൊടുക്കാമെന്ന് സമ്മതിച്ചു. അതിന് കൈത്തറിക്കാർ ഒരു വ്യവസ്ഥവെച്ചിരുന്നു. അവർ നെയ്യുന്ന തുണി മുഴുവനായി ആശ്രമത്തിലേക്ക് വാങ്ങണമെന്ന്. അതും ഏറെ മുന്നോട്ടുപോയില്ല. കാരണം, ഒരുപാട് നൂല് കൈത്തറിക്കാർക്ക് കൊടുക്കാൻ മില്ലുകാർക്ക് കഴിയില്ല. മില്ലിലുണ്ടാക്കുന്ന നൂല് മില്ലിലെ തറികൾ പ്രവർത്തിപ്പിക്കാൻതന്നെ വേണം. അല്ലെങ്കിൽ അവരുടെ വ്യവസായം അവതാളത്തിലാകും. ആ ഘട്ടത്തിൽ സ്വന്തമായി നൂലു നൂൽക്കാനായി ശ്രമം. അതിന് ചർക്കവേണം. ചർക്കയിൽ നൂൽനൂൽക്കുന്നത് അറിയുന്ന ആളുകൾ വേണം. ആശ്രമത്തിൽ നൂൽ ചുറ്റാനുപയോഗിക്കുന്ന ചില ചക്രങ്ങൾ ഉണ്ടായിരുന്നെങ്കിലും അതുകൊണ്ട് നൂലുണ്ടാക്കുമോ എന്ന് പരീക്ഷിക്കാൻപോലും ആളില്ല. ചർക്കയും അതു പ്രവർത്തിപ്പിക്കാൻ പറ്റിയ ആളുകളെയും കണ്ടെത്താനുള്ള ശ്രമമായി പിന്നീട്. പോകുന്ന സ്ഥലങ്ങളിലും കാണുന്ന ആളുകളോടുമെല്ലാം ഗാന്ധിജി ചർക്കയെക്കുറിച്ച് മാത്രം സംസാരിച്ച നാളുകളാണത്. അങ്ങനെയിരിക്കുമ്പോഴാണ് ഒരു വിദ്യാഭ്യാസ സമ്മേളനത്തിൽ പങ്കെടുക്കാൻ ബറുച്ചിൽ പോയപ്പോൾ ഗംഗാബെൻ മജൂംദാർ എന്നൊരു സ്തീയെ കണ്ടുമുട്ടുന്നത്. വിധവയാണെങ്കിലും ചുറുചുറുക്കോടെ പൊതുപ്രവർത്തനത്തിൽ ഏർപ്പെടുന്ന ഗംഗാബെൻ ജാതിവ്യത്യാസങ്ങൾക്കെതിരെ കടുത്ത നിലപാടുള്ളവളാണ്. കുതിരസവാരിവരെ ചെയ്യുന്നവളാണ്. ഗാന്ധിജി ചർക്കയുടെ കാര്യം പറഞ്ഞപ്പോൾ അത് കണ്ടെത്തുന്ന കാര്യം ഗംഗാബെൻ ഏറ്റെടുത്തു.

ചർക്കയിൽ വസ്ത്രം തുന്നുന്ന ഗാന്ധിജി
തിരഞ്ഞുതിരഞ്ഞ് മാസങ്ങൾക്കൊടുവിൽ ഗംഗാബെൻ നൂൽനൂൽക്കുന്ന ചർക്കകൾ കണ്ടെത്തി. നാട്ടുരാജ്യമായ ബറോഡയിലെ വിജാപ്പുർ എന്ന ഗ്രാമത്തിൽ. ഒന്നും രണ്ടുമല്ല. നൂറുകണക്കിന്. പണ്ട് ഉപയോഗിച്ചതായിരുന്നു. വിദഗ്ധരായ നൂൽനൂൽപ്പുകാരായിരുന്നു വിജാപ്പൂരിലെ ഗ്രാമീണ സ്ത്രീകൾ. എന്നാൽ ഗംഗാബെൻ ചെല്ലുമ്പോൾ ഉപയോഗിക്കാതെ ചർക്കകളെല്ലാം അട്ടത്തിട്ടിരിക്കുകയാണ്. ഗംഗാബെനും ഗാന്ധിജിയും വിജാപ്പൂരിലെ ഗ്രാമീണ സ്ത്രീകളുമായി ഒരു കരാറുണ്ടാക്കി. പരുത്തിത്തിരികൾ എത്തിച്ചുകൊടുത്താൽ ആവശ്യത്തിന് നൂൽ നൂറ്റുകൊടുക്കാമെന്ന് അവർ ഏറ്റു. അപ്പോൾ പരുത്തിത്തിരികൾക്കായി നെട്ടോട്ടം. മില്ലുടമയായ ഉമർ സോബാനി എന്നയാളാണ് ഗാന്ധിജിയെ സഹായിച്ചത്. ഒരു വൈമനസ്യവുമില്ലാതെ ഉമർ സോബാനി തിരികൾ കൊടുത്തു. ഏതായാലും മിൽത്തിരികൾകൊണ്ട് നൂലുണ്ടാക്കുന്നത് നിർത്തണമെന്നും കൈകൊണ്ടുതന്നെ പഞ്ഞി കടഞ്ഞ് തിരികളുണ്ടാക്കി നൂലുനൂൽക്കണമെന്നുമുറപ്പിച്ചു. ഒടുവിൽ പഞ്ഞി കടഞ്ഞ് തിരികളുണ്ടാക്കാൻ പഠിപ്പിക്കുന്നയാളെ കണ്ടെത്തി. നിരവധി പ്രവർത്തകരെ പരിശീലിപ്പിച്ചെടുക്കയുംചെയ്തു. അങ്ങനെ ഏതാണ്ടൊരു വർഷത്തോളം പ്രയാസപ്പെട്ടശേഷം തന്റെ മുറിയിൽ ചർക്ക സ്ഥാപിച്ച് അത് പ്രവർത്തിപ്പിച്ചു തുടങ്ങിയപ്പോൾ അതിന്റെ മൂളൽ സംഗീതംപേലെ അനുഭവപ്പെട്ടുവെന്നാണ് ബാപ്പു പറയുന്നത്.
യന്ത്രവത്കരണത്തിന് എതിരെ മാത്രമായിരുന്നില്ല ആ ചർക്കായജ്ഞം. കുത്തകവത്കരണത്തിനും ചൂഷണത്തിനുമൊക്കെ എതിരെയായിരുന്നു. ഗ്രാമീണരുടെ തൊഴിലില്ലായ്മ അകറ്റി അവരെ സ്വന്തം കാലിൽ നിൽക്കാൻ പര്യാപ്തമാക്കാൻകൂടിയായിരുന്നു. നിരവധി തട്ടുകളിലൂടെ കടന്നുവരുന്ന അനീതിയെ തോൽപിക്കുന്നതിനുള്ള ഒരൊറ്റ ആയുധമായിരുന്നു, ഗാന്ധിജിക്കും കോൺഗ്രസിനും ചർക്ക. ആ ചർക്കയാണ് 1931ലെ കറാച്ചി എ.ഐ.സി.സിയിൽവെച്ച് കോൺഗ്രസിന്റെ കൊടിയടയാളമായി സ്വീകരിച്ചത്. പിന്നീട് 1947ൽ ത്രിവർണ പതാക രാജ്യത്തിന്റെ ദേശീയപതാകയായി അംഗീകരിച്ചപ്പോൾ അതിൽ ചർക്കയുടെ സ്ഥാനത്ത് അശോകചക്രമാണ് ആലേഖനംചെയ്തത്. അപ്പോഴും കോൺഗ്രസിന്റെ പതാകയിൽ ചർക്ക നിലനിർത്തി. 1951ൽ ആദ്യത്തെ പൊതു തെരഞ്ഞെടുപ്പു വന്നപ്പോൾ ചിഹ്നം അനുവദിച്ചുകിട്ടാനായി തെരഞ്ഞെടുപ്പു കമീഷനു മുന്നിൽ കോൺഗ്രസ് സമർപ്പിച്ച പട്ടികയിൽ രണ്ടാമത്തേത് നടുവിൽ ചർക്കയുള്ള കോൺഗ്രസ് പതാകയായിരുന്നു. എന്നാൽ, നുകംവെച്ച കാളയുടെ ചിത്രമാണ് കമീഷൻ അനുവദിച്ചത്.
1969ൽ പാർട്ടി പിളർന്ന് ഇന്ദിര ഗാന്ധിയുടെ കോൺഗ്രസും സംഘടനാ കോൺഗ്രസുമായല്ലോ. പിന്നാലെ വന്ന തെരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിയുടെ വിഭാഗത്തിന് പശുവുംകുട്ടിയുമാണ് ചിഹ്നമായി അനുവദിച്ചത്. എസ്. നിജലിംഗപ്പയും മൊറാർജി ദേശായിയുമെല്ലാം നേതൃത്വംനൽകിയ സംഘടനാ കോൺഗ്രസിന് ചർക്ക തിരിക്കുന്ന സ്ത്രീയുടെ ചിത്രവും. പിന്നീട് പലവട്ടം കോൺഗ്രസ് പിളർന്നപ്പോഴും പാർട്ടിയുടെ പൈതൃകം ഉറപ്പിച്ചുകിട്ടാനുള്ള എളുപ്പവഴിയെന്നോണം ചർക്കക്കുവേണ്ടി അവകാശവാദം ഉന്നയിക്കുക പതിവായിരുന്നു. തെരഞ്ഞെടുപ്പ് ചിഹ്നമായി കിട്ടിയില്ലെങ്കിലും കോൺഗ്രസ് ഒരിക്കലും കൊടിയിൽനിന്ന് ചർക്ക ഒഴിവാക്കിയിട്ടില്ല.
കേരളത്തിൽ കോൺഗ്രസ് പ്രവർത്തനം സജീവമാകുന്നതോടെ ചർക്ക, നൂൽനൂൽപ്, ഖാദിപ്രചാരണം എന്നിവയും ഊർജിതമാകുന്നുണ്ട്. 1931ൽ വടകരയിൽ ചേർന്ന സംസ്ഥാന കോൺഗ്രസ് സമ്മേളനത്തിൽവെച്ച് അഖില ഭാരത ചർക്കാസംഘത്തിന്റെ കേരളഘടകം രൂപവത്കരിച്ചു. അഖിലേന്ത്യാ തലത്തിൽ 1925 മുതൽ ചർക്കാസംഘം പ്രവർത്തിച്ചുവരുന്നുണ്ടെങ്കിലും കേരളഘടകം ഉണ്ടായിരുന്നില്ല. തമിഴ്നാട് ഘടകത്തിനു കീഴിൽ പ്രവർത്തിച്ചുവരികയായിരുന്നു. സി.എച്ച്. ഗോവിന്ദൻ നമ്പ്യാർ, ശ്യാംജി സുന്ദർദാസ്, എം. കാർത്ത്യായനിയമ്മ, കെ.ടി. കുഞ്ഞിരാമൻ നമ്പ്യാർ, കെ. കേളപ്പൻ എന്നിവരാണ് കേരള ചർക്കാസംഘത്തിന്റെ ഭാരവാഹികളായി വന്നത്.
1935 മുതൽ സജീവമായി പ്രവർത്തിച്ചു തുടങ്ങിയ ആ ചർക്കാസംഘമാണ് പിന്നീട് സർവോദയസംഘമായി അറിയപ്പെട്ടതെന്ന് കേളപ്പജിയുടെ ജീവചരിത്രത്തിൽ കാണാം. അക്കാലത്ത് കോൺഗ്രസിലൂടെ രാഷ്ട്രീയപ്രവർത്തനമാരംഭിച്ച എല്ലാവരുടെയും ജീവിതത്തിൽ ഖദറുണ്ടായിരുന്നു. അതിനാൽ ജീവചരിത്രങ്ങളിലുമുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വമെടുത്ത ആദ്യത്തെ മലയാളി എന്നു പേരുകേട്ട കെ. ദാമോദരന്റെ ജീവചരിത്രത്തിൽ നോക്കൂ: ‘‘ഗാന്ധിജി ഹിന്ദിയിലെഴുതിയ ‘ഏക് ഹി രാസ്താ’ എന്ന ലേഖനം ദാമോദരൻ മലയാളത്തിലാക്കി. ചില സുഹൃത്തുക്കളുടെ സഹായത്താൽ ‘ഏകവഴി’ എന്ന ശീർഷകത്തിൽ അതൊരു ലഘുലേഖയാക്കി അച്ചടിപ്പിച്ചു. അത് വിറ്റഴിക്കാൻവേണ്ടി, വടക്കേ മലബാറിൽ കാൽനടയായി പര്യടനം നടത്തി. പറ്റെ കത്രിച്ച മുടി, ഖദർ ഒറ്റമുണ്ടും ജുബ്ബയും, ഒരു സഞ്ചി ഇതായിരുന്നു അന്നത്തെ വേഷവിധാനം. ഖാദിനൂൽ നൂൽക്കാനുള്ള തക്ലിയും പരുത്തിത്തിരികളും കയ്യിൽ കരുതിയിരുന്നു. തരംകിട്ടുമ്പോഴെല്ലാം നൂൽനൂൽക്കുകയുംചെയ്യും.’’
(കെ. ദാമോദരൻ, എം. റഷീദ്)
‘‘നമ്മൾ നൂറ്റ നൂലുകൊണ്ടും
നമ്മൾ നെയ്ത വസ്ത്രംകൊണ്ടും
നിർമിതമീ അനീതി
ക്കൊരന്ത്യാവരണം’’ എന്നതായിരുന്നു അന്ന് കേരളത്തിലും കോൺഗ്രസുകാരുടെ ചുണ്ടുകളിലെ മന്ത്രം.
സ്വന്തം പൈതൃകം നിരസിക്കുമ്പോൾ
കോൺഗ്രസിന്റെ ചരിത്രത്തിലുടനീളം ചർക്കയും ഖാദിത്തുണിയുമുണ്ട്. ഉപേക്ഷിച്ചിട്ടിരുന്ന ചർക്കകൾ കണ്ടെത്തി നൂൽനൂൽപ്പും നെയ്ത്തും പുനരാരംഭിച്ചപ്പോൾ വിജാപ്പുർ വളരെപ്പെട്ടെന്നുതന്നെ ഖാദിത്തുണികൾക്ക് പ്രസിദ്ധമാവുകയാണ്. പിന്നീട് ഗാന്ധിജിയാരംഭിച്ച ഖാദി പ്രചാരണത്തിൽ പങ്കുചേർന്നുകൊണ്ട് മൗലാനാ മുഹമ്മദലിയും അദ്ദേഹത്തിന്റെ സഹോദരനും ഉമ്മയുമെല്ലാം ഖദർ ധരിച്ചുതുടങ്ങിയത് ഗാന്ധിജിയുടെ പേരമകനായ രാജ്മോഹൻ ഗാന്ധി എഴുതിയ ഗാന്ധിജിയുടെ ജീവചരിത്രത്തിൽ വിശദീകരിക്കുന്നുണ്ട്. ‘‘ഒാരോരുത്തരും അതത് മതസിദ്ധാന്തങ്ങളിലും കോൺഗ്രസ് വിഭാവനംചെയ്യുന്ന ആചാരങ്ങളിലും തത്ത്വങ്ങളിലും വിശ്വസിച്ചുകൊണ്ട് സ്വന്തം ആചാരങ്ങളോട് കൂറുള്ളവരായിരിക്കുക’’ എന്ന് ഗാന്ധിജി വിശദീകരിച്ചതും ഇതുതന്നെ. മതവിശ്വാസവും അതിന്റെ സിദ്ധാന്തവും വ്യത്യസ്തമായിരിക്കുമ്പോൾതന്നെ കോൺഗ്രസുകാർക്ക് വസ്ത്രത്തിലൂടെ ഒന്നാകാൻ സാധിക്കുമെന്നാണ് ഗാന്ധിജി പഠിപ്പിച്ചത്.
അതിനുവേണ്ടി കോൺഗ്രസ് ഉണ്ടാക്കിയ ആചാരമായിരുന്നു ഖാദി ധരിക്കുക എന്നത്. ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനം സജീവമായപ്പോൾ മുസ്ലിംകൾ കോൺഗ്രസിൽ ചേരണമോ വേണ്ടയോ എന്ന ചർച്ച കേരളത്തിലും ചൂടുപിടിച്ചിരുന്നു. ചേരുന്നതിന് അനുകൂലമായും എതിരായും മതവിധികൾ വന്ന കാലം. അന്ന് ഖദറുടുക്കുന്ന മൗലവിമാരുണ്ടായിരുന്നു. ഇ. മൊയ്തു മൗലവിയെയൊന്നും മറക്കാറായിട്ടില്ലല്ലോ. മൗലവിക്ക് തൊപ്പിപോലും ഗാന്ധിത്തൊപ്പിയാകണമെന്ന് നിർബന്ധമായിരുന്നു. ഖദറിലൂടെയാണ് അവർ നിലപാട് വ്യക്തമാക്കിയത്. ആ പണ്ഡിതന്മാരുടെ പിന്മുറ കുറ്റിയറ്റുപോയിട്ടില്ല. ഖദറിനെ അറിഞ്ഞാദരിക്കുന്ന കോൺഗ്രസുകാരും ഇപ്പോഴും ബാക്കിയുണ്ട്. പക്ഷേ, നേതാക്കൾ അത് ഉപേക്ഷിച്ചുവെന്ന തോന്നലുണ്ടാക്കുന്നത് ദോഷം ചെയ്യും. അതു മാത്രമാണ് അജയ് തറയിൽ ഒാർമിപ്പിച്ചത്. പറഞ്ഞത് തങ്ങളോളം തലയെടുപ്പില്ലാത്ത നേതാവായിപ്പോയി എന്ന ഒറ്റക്കാരണത്താൽ സ്വന്തം പൈതൃകത്തെ ഒറ്റയടിക്ക് റദ്ദാക്കുകയാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ചെയ്യുന്നത്.
അജയ് തറയിൽ സോഷ്യൽമീഡിയ വഴി തന്റെ അഭിപ്രായം പ്രകടിപ്പിച്ചപ്പോൾ വിരൽചൂണ്ടിയ ന്യൂെജൻ നേതാക്കൾ ഒരൊറ്റ സേനാവ്യൂഹത്തെപ്പോലെ ഒരുമിച്ചു ചാടിവീഴുകയായിരുന്നു. അജയിന് എതിരെയല്ല, ഖദറിന് എതിരെയുള്ള പടപ്പുറപ്പാടായിട്ടാണ് അതനുഭവപ്പെട്ടത്. ഖദറിനെതിരായ കുറ്റപത്രവുമായിട്ടായിരുന്നു ആ പുറപ്പാട്. ‘‘അത് കളറില്ലാത്തതാണ്, ഇടെക്കാക്കെ കളർവസ്ത്രം ധരിക്കണമെന്ന് തോന്നില്ലേ, ഖദർ അലക്കിത്തേച്ചുകിട്ടാൻ വലിയ ചിലവാണ്.
ഇന്ന വസ്ത്രം ധരിക്കണമെന്ന് നിർബന്ധിക്കാനാവില്ല’’ എന്നിങ്ങനെ പോയി അവരുടെ ന്യായവാദം. യൂത്ത് കോൺഗ്രസ്-കെ.എസ്.യു പരുവത്തിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി എന്നിവർ മാത്രമല്ല. അതാണെങ്കിൽ സഹിക്കാമായിരുന്നു. കെ.പി.സി.സിയുടെ ഒരു വർക്കിങ് പ്രസിഡന്റുണ്ട് അവർക്ക് നേതാവായിട്ട്. ഷാഫി പറമ്പിൽ. മരിക്കുന്നതുവരെ ഖദറിൽമാത്രം കണ്ടിട്ടുള്ള ജി. കാർത്തികേയന്റെ മകനുണ്ട്. ശബരീനാഥ്. ഇവർക്കൊക്കെ എങ്ങനെയിത് സാധിക്കുന്നു എന്ന് അതിശയംകൂറി നിൽക്കുമ്പോഴാണ്, കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് വി.ഡി. സതീശൻതന്നെ രംഗത്തുവരുന്നത്. എന്നിട്ടൊരൊറ്റ പ്രഖ്യാപനമാണ്, ‘‘ഇപ്പോൾ സ്വാതന്ത്ര്യസമരമൊന്നും നടക്കുന്നില്ലല്ലോ.’’ അതോടെ ഖദർവിരുദ്ധപക്ഷം വിജയമാഘോഷിച്ചു.

മല്ലികാർജുൻ ഖാർഗെ,സണ്ണി ജോസഫ്,വി.ഡി. സതീശൻ,കെ.എസ്. ശബരീനാഥൻ,ഷാഫി പറമ്പിൽ
പോരാത്തതിന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് മേലൊപ്പും ചാർത്തി. ‘‘ഏതു വസ്ത്രം ധരിക്കണമെന്ന് ആരെയും നിർബന്ധിക്കാനാവില്ലല്ലോ’’ എന്ന്്. ഖദർവിരുദ്ധരെ പ്രോത്സാഹിപ്പിക്കാനായി കെ.പി.സി.സി പ്രസിഡന്റും കോൺഗ്രസ് നിയമസഭാകക്ഷി നേതാവും പറഞ്ഞതെല്ലാം വസ്തുതാവിരുദ്ധമാണ്. കെ.പി.സി.സി പ്രസിഡന്റിന്റെ വാദം കോൺഗ്രസിന്റെ ഭരണഘടനക്ക് എതിരാണ്. കോൺഗ്രസുകാർ ഖദർ ധരിക്കണമെന്ന് നിർബന്ധിക്കണമെന്നാണ് ഇപ്പോഴും പ്രാബല്യത്തിലുള്ള പാർട്ടി ഭരണഘടന പറയുന്നത്.
കോൺഗ്രസ് ഭരണഘടനയുടെ രണ്ടാം ആർട്ടിക്കിളാണ് അംഗത്വത്തെക്കുറിച്ച് പറയുന്നത്. അതിന്റെ (ബി) ഉപവകുപ്പ് പറയുന്നത് ‘‘അവൻ/ അവൾ (അംഗത്വമെടുക്കുന്നയാൾ) സർട്ടിഫൈഡ് ഖദർ ധരിക്കുന്നത് ശീലമാക്കിയ ആളായിരിക്കണം’’ എന്നാണ്. പിന്നെ, ‘‘കളർവസ്ത്രം ധരിക്കണമെന്ന് വല്ലപ്പോഴും തോന്നില്ലേ’’ എന്നൊക്കെയുള്ള ബാലിശമായ ന്യായങ്ങളാണ്. വെള്ളനൂലുകൊണ്ടു മാത്രമേ ഖദർ നെയ്യുന്നുള്ളൂ എന്ന് ഇവർ ആരോടാണീ പറയുന്നത്. സത്യമായിട്ടും അങ്ങനെതന്നെ മനസ്സിലാക്കിയവരുണ്ടെങ്കിൽ അടൂർ ഗോപാലകൃഷ്ണന്റെ ജൂബാ ഒന്ന് പിടിച്ചുനോക്കുക. അല്ലെങ്കിൽ പയ്യന്നൂർവരെയൊന്ന് യാത്രചെയ്യുക. പയ്യന്നൂർ ഫർക്കയിലെ ഖാദി കേന്ദ്രങ്ങളിൽ എന്തെല്ലാം നിറത്തിലാണ് തുണി നെയ്യുന്നതെന്ന് കണ്ടുവരാം. അവിടെ മാത്രമല്ല, എല്ലായിടത്തും.
പിന്നെയുള്ളത്, ‘‘സ്വാതന്ത്ര്യസമരമൊന്നും നടക്കുന്നില്ലല്ലോ’’ എന്ന് തമാശപറയുന്ന വി.ഡി. സതീശനാണ്. ആ തമാശ കോൺഗ്രസിന്റെ നടപ്പുരാഷ്ട്രീയത്തെത്തന്നെ റദ്ദ് ചെയ്യുന്നതാണ്. രണ്ടാം സ്വാതന്ത്ര്യസമരമാണ് നടക്കുന്നതെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുകയാണ്. 2018 ഒക്ടോബർ രണ്ടിന് വാർധ ആശ്രമത്തിൽ ചേർന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിനു ശേഷം രാഹുൽ ഗാന്ധി രണ്ടാം സ്വാതന്ത്ര്യസമരത്തിന് ആഹ്വാനംചെയ്തു. 2020 ഡിസംബർ 10ന് മഹാരാഷ്ട്രയിലെ വിദർഭ ജില്ലയിലെ സേവാഗ്രാം ആശ്രമത്തിൽ ചേർന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗം അംഗീകരിച്ച പ്രമേയം രണ്ടാം സ്വാതന്ത്ര്യസമരത്തിന് ആഹ്വാനം ചെയ്യുന്നുണ്ട്. ഈ വർഷം, 2025 ഏപ്രിൽ ഒമ്പതിന് അലഹബാദിൽ ചേർന്ന വർക്കിങ് കമ്മിറ്റി യോഗത്തിനുശേഷം പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, ‘‘നമ്മൾ രണ്ടാം സ്വാതന്ത്ര്യസമരത്തിലാണ്’’ എന്ന് ആവർത്തിച്ചു പ്രഖ്യാപിച്ചിട്ടുണ്ട്.
‘‘അനീതി, അസമത്വം, വിവേചനം, ദാരിദ്ര്യം, വർഗീയത എന്നിവയാണ് ഈ പോരാട്ടത്തിൽ ശത്രുസ്ഥാനത്ത് ഉള്ളതെ’’ന്നും അന്ന് ഖാർഗെ വിശദീകരിച്ചു പറഞ്ഞതാണ്. ‘‘പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്’’ എന്ന് രാഹുൽ ഗാന്ധിയും വിശദീകരിച്ചിട്ടുണ്ട്. 1947നു മുമ്പ്, ഇങ്ങനെയൊരു പോരാട്ടത്തിൽ പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിച്ച് പൊരുതിയപ്പോഴാണ് കോൺഗ്രസ് സ്വത്വബോധം വളർത്താനുള്ള ഉപകരണമായി ഖദർ കൊണ്ടുവന്നത് എന്ന കാര്യം കോൺഗ്രസുകാർ മറക്കാമോ? ‘‘വസ്ത്രം നോക്കി ആളുകളെ തിരിച്ചറിയാം’’ എന്ന് പ്രഖ്യാപിച്ചുട്ടുള്ള ഒരു പ്രധാനമന്ത്രിക്കെതിരെ പോരാടുമ്പോൾ വസ്ത്രം പ്രധാനമാണ് എന്ന കാര്യം മറക്കാമോ? എല്ലാത്തിനും മീതെ, കോൺഗ്രസിന്റെയും ഗാന്ധിയൻ പാരമ്പ്യത്തിന്റെയും അടിസ്ഥാന സിദ്ധാന്തങ്ങളെ മുച്ചൂടും എതിർക്കുന്ന ഇപ്പോഴത്തെ സർക്കാറിനെ നിലനിർത്തുന്ന കോർപറേറ്റുകളെ മറക്കാമോ, ഈ കോർപറേറ്റുകളൊക്കെയും സ്വന്തം ഫാക്ടറികളിൽ വസ്ത്രങ്ങൾ നിർമിച്ച് സ്വന്തം വിൽപനശൃംഖലകൾ സ്ഥാപിച്ച് രാജ്യത്തെ നെയ്ത്തുകാരെയും തയ്യൽക്കാരെയും വഴിയാധാരമാക്കുകയാണ് എന്നത് മറക്കാമോ?
ഇത്രയും കോൺഗ്രസുകാർ ഏതെങ്കിലുമൊക്കെ ഖാദിഭണ്ഡാറിൽനിന്ന് രണ്ടരമീറ്റർ തുണിവാങ്ങുന്നതും, സ്വന്തം വാർഡിലെ തയ്യൽക്കാരനെക്കൊണ്ട് ഷർട്ട് തയ്ക്കുന്നതും അവർക്ക് കഞ്ഞിക്കാശ് കൂലിയായി കൊടുക്കുന്നതും രാഷ്ട്രീയപ്രവർത്തനമാണ് എന്ന് മനസ്സിലാക്കണമെങ്കിൽ ഗാന്ധിജി തിരിച്ചുവരണമോ?