സമൂഹമാകെ പരന്നൊഴുകുന്ന കൃത്രിമബുദ്ധി

ഒാൺലൈനിലൂടെയാണ് വിപ്ലവത്തിന്റെ നാമ്പുകൾ പലതുമിപ്പോൾ മുളപൊട്ടുന്നത്. അതേസമയം, ഓരോ അണുവിലും സമൂഹ മാധ്യമങ്ങളുടെ സ്വാധീനവും ഇന്നുണ്ട്. വർത്തമാനകാല സമൂഹ മാധ്യമ സംസ്കാരത്തെക്കുറിച്ചും അതിന്റെ ചരിത്രപരമായ ദൗത്യത്തെക്കുറിച്ചും വിവരിക്കുകയാണ് ലേഖകർ –കഴിഞ്ഞ ലക്കം തുടർച്ച. ക്രിയേറ്റർ ഇക്കോണമിയും പുതിയ തൊഴിൽ മേഖലയുംയൂട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ അതിവേഗ വളർച്ച കണ്ടന്റ് ക്രിയേഷനെ ഒരു പ്രധാന തൊഴിൽമേഖലയായി മാറ്റിമറിച്ചിരിക്കുന്നു. കേവലം വിനോദോപാധി എന്നതിലുപരി പരസ്യവരുമാനം, ബ്രാൻഡ് സ്പോൺസർഷിപ്പുകൾ, അഫിലിയേറ്റ് മാർക്കറ്റിങ്, ചാനൽ മെംബർഷിപ്പുകൾ, പെയ്ഡ്...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഒാൺലൈനിലൂടെയാണ് വിപ്ലവത്തിന്റെ നാമ്പുകൾ പലതുമിപ്പോൾ മുളപൊട്ടുന്നത്. അതേസമയം, ഓരോ അണുവിലും സമൂഹ മാധ്യമങ്ങളുടെ സ്വാധീനവും ഇന്നുണ്ട്. വർത്തമാനകാല സമൂഹ മാധ്യമ സംസ്കാരത്തെക്കുറിച്ചും അതിന്റെ ചരിത്രപരമായ ദൗത്യത്തെക്കുറിച്ചും വിവരിക്കുകയാണ് ലേഖകർ –കഴിഞ്ഞ ലക്കം തുടർച്ച.
ക്രിയേറ്റർ ഇക്കോണമിയും പുതിയ തൊഴിൽ മേഖലയും
യൂട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ അതിവേഗ വളർച്ച കണ്ടന്റ് ക്രിയേഷനെ ഒരു പ്രധാന തൊഴിൽമേഖലയായി മാറ്റിമറിച്ചിരിക്കുന്നു. കേവലം വിനോദോപാധി എന്നതിലുപരി പരസ്യവരുമാനം, ബ്രാൻഡ് സ്പോൺസർഷിപ്പുകൾ, അഫിലിയേറ്റ് മാർക്കറ്റിങ്, ചാനൽ മെംബർഷിപ്പുകൾ, പെയ്ഡ് കൊളാബറേഷനുകൾ തുടങ്ങി വൈവിധ്യമാർന്ന വരുമാനമാർഗങ്ങളാണ് ഇന്നിത് തുറന്നുനൽകുന്നത്.
ഈ വളർച്ചയോടെ ഒരു ക്രിയേറ്റർക്ക് പിന്നിൽ തിരക്കഥാകൃത്ത്, വിഡിയോ എഡിറ്റർ, തംബ്നെയിൽ ഡിസൈനർ, കാമറാമാൻ, സൗണ്ട് എൻജിനീയർ, സോഷ്യൽ മീഡിയ മാനേജർ, എസ്.ഇ.ഒ സ്പെഷലിസ്റ്റ്, ബ്രാൻഡ് മാനേജർ തുടങ്ങിയ പ്രഫഷനലുകളുടെ സേവനം ആവശ്യമായി വന്നു. ഇത് കേരളത്തിൽ ഡിജിറ്റൽ മാധ്യമങ്ങളുമായി ബന്ധപ്പെട്ട ഒരു പുതിയ തൊഴിൽ ശൃംഖലക്ക് (Creator Economy) തുടക്കമിട്ടു. വലിയ അടിസ്ഥാന സൗകര്യങ്ങളില്ലാതെതന്നെ വീടുകളിൽനിന്നും ചെറിയ സ്റ്റുഡിയോകളിൽനിന്നും ഫ്രീലാൻസായി പ്രവർത്തിക്കുന്ന ആയിരക്കണക്കിന് യുവാക്കൾ ഇന്ന് ഈ മേഖലയുടെ ഭാഗമാണ്.
പരമ്പരാഗത മാധ്യമങ്ങളിൽ സ്ഥാപനത്തിന്റെ പ്രൊഫൈലും വിശ്വാസ്യതയുമായിരുന്നു നിലനിൽപിന് ആധാരമെങ്കിൽ, ക്രിയേറ്റർ ഇക്കോണമിയിൽ വ്യക്തിഗത വിശ്വാസ്യതയും സ്വാധീനവുമാണ് പ്രധാന മൂലധനം. ക്രിയേറ്ററുടെ സംസാരശൈലി, ഭാഷ, മുഖം, വ്യക്തിപരമായ അനുഭവങ്ങൾ, കുടുംബം, നിലപാടുകൾ എന്നിവയെല്ലാം അവരുടെ ബ്രാൻഡ് ഐഡന്റിറ്റിയുടെ ഭാഗമായി മാറുന്നു. ഇതിന്റെ ഫലമായി വ്യക്തിജീവിതവും വാണിജ്യപരമായ താൽപര്യങ്ങളും തമ്മിലുള്ള അതിർവരമ്പുകൾ ക്രമേണ മങ്ങാൻ തുടങ്ങി. അതോടൊപ്പം, ഒരു ക്രിയേറ്റർ ഒരു ഉൽപന്നത്തെയോ സേവനത്തെയോ പരിചയപ്പെടുത്തുമ്പോൾ അത് വ്യക്തിപരമായ ശിപാർശയാണോ അതോ പണം കൈപ്പറ്റിയുള്ള സ്പോൺസേഡ് പരസ്യമാണോ എന്ന് തിരിച്ചറിയാൻ പലപ്പോഴും പ്രേക്ഷകർക്ക് സാധിക്കാതെ വരുന്നു. അതുകൊണ്ടുതന്നെ, സ്പോൺസേഡ് ഉള്ളടക്കങ്ങളുടെ സുതാര്യതയും പരസ്യവെളിപ്പെടുത്തലുകളും ക്രിയേറ്റർ ഇക്കോണമി നേരിടുന്ന ധാർമിക വെല്ലുവിളിയായി മാറുന്നു.
കേരളത്തിന്റെ ഡിജിറ്റൽ മാധ്യമചരിത്രത്തിൽ പ്രവാസി മലയാളികളുടെ സ്ഥാനം തികച്ചും നിർണായകമാണ്. ഗൾഫ്, യൂറോപ്, അമേരിക്ക, കാനഡ, ആസ്ട്രേലിയ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി ക്രിയേറ്റർമാർ തങ്ങളുടെ ജീവിതാനുഭവങ്ങൾ യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവെക്കാൻ തുടങ്ങിയതോടെ, കേരളത്തിനകത്തും പുറത്തുമുള്ള മലയാളിസമൂഹം ഒരേ ഡിജിറ്റൽ പൊതുമണ്ഡലത്തിലേക്ക് ഒന്നിച്ചുചേർന്നു. പ്രവാസജീവിതം, വിദേശ തൊഴിൽ-വിദ്യാഭ്യാസ അവസരങ്ങൾ, യാത്രകൾ, ഭക്ഷണം, കുടിയേറ്റം, നാട്ടിലേക്കുള്ള മടങ്ങിവരവ് എന്നിവയെല്ലാം ഇതോടെ വലിയ ജനപ്രീതിയുള്ള കണ്ടന്റ് വിഭാഗങ്ങളായി മാറി. ഇത് മലയാളികളുടെ മാധ്യമപരിധിയെ ഭൂമിശാസ്ത്രപരമായ അതിരുകൾക്ക് അപ്പുറത്തേക്ക് വികസിപ്പിക്കുകയും, ‘മലയാളമാധ്യമങ്ങൾ’ എന്ന സങ്കൽപം സംസ്ഥാനത്തിന്റെ അതിർത്തികൾ കടന്ന് ആഗോള മലയാളി സമൂഹത്തിലേക്ക് പടർന്നുപന്തലിക്കുകയും ചെയ്തു.
ഡിജിറ്റൽ മാധ്യമങ്ങളുടെ ആവിർഭാവം മലയാള ഭാഷയുടെ പ്രയോഗരീതിയിലും മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. മലയാളവും ഇംഗ്ലീഷും ചേർത്തുള്ള സംസാരശൈലി, മംഗ്ലീഷ് (Manglish), ഇമോജികൾ, മീം ലാംഗ്വേജ്, വർത്തമാനശൈലിയിലുള്ള മലയാളം ചുരുക്കെഴുത്തുകൾ എന്നിവ ഡിജിറ്റൽ ഇടങ്ങളിൽ വ്യാപകമായി മാറി. യൂട്യൂബ് പോലെയുള്ള പ്ലാറ്റ്ഫോമുകളിലെ അവതരണങ്ങളിൽ പരമ്പരാഗത എഴുത്തുഭാഷയെക്കാൾ നിത്യജീവിതത്തിലെ സംസാരഭാഷക്ക് പ്രാധാന്യം ലഭിക്കാൻ തുടങ്ങി.
കൃത്രിമബുദ്ധിയും മലയാള മാധ്യമങ്ങളും
മലയാള മാധ്യമരംഗത്തിന്റെ സാങ്കേതിക വളർച്ചയിലെ പുതിയ ഘട്ടമാണ് കൃത്രിമബുദ്ധിയുടെ വ്യാപകമായ ഉപയോഗം. വാർത്ത തയാറാക്കൽ, ഭാഷാന്തരം, ശബ്ദലേഖനം, തലക്കെട്ട് നിർമാണം, ചിത്രങ്ങൾ, വിഡിയോ സൃഷ്ടി, സമൂഹമാധ്യമ ഉള്ളടക്ക നിർമാണം തുടങ്ങിയ മേഖലകളിൽ കൃത്രിമബുദ്ധി മാധ്യമപ്രവർത്തനത്തിന്റെ വേഗവും വ്യാപ്തിയും വർധിപ്പിക്കുന്നു. വാർത്താവതരണ രംഗത്ത് ‘കൃത്രിമബുദ്ധി അവതാരക’രുടെ പരീക്ഷണങ്ങളും ഇതിന്റെ ശ്രദ്ധേയമായ ഉദാഹരണമാണ്. മീഡിയവൺ ടെലിവിഷൻ ചാനൽ 2023ൽ കൃത്രിമബുദ്ധി അവതാരകയെ ഉപയോഗിച്ച് വാർത്ത അവതരിപ്പിച്ച് പരീക്ഷണം നടത്തി. തുടർന്ന് മനോരമ ന്യൂസും ‘ആഷി’ എന്ന കൃത്രിമബുദ്ധി അവതാരകയെ അവതരിപ്പിച്ചു. ഇതോടെ വാർത്താ അവതരണത്തിൽ മനുഷ്യസാന്നിധ്യത്തിന് പുറമെ യന്ത്രനിർമിത അവതരണത്തിനും മലയാള ടെലിവിഷനിൽ ഇടം ലഭിച്ചു.
കൃത്രിമബുദ്ധിയുടെ സ്വാധീനം മാധ്യമപ്രവർത്തനത്തിൽ മാത്രം ഒതുങ്ങുന്നില്ല. മലയാള സാഹിത്യത്തിന്റെയും ഡിജിറ്റൽ പ്രസാധനത്തിന്റെയും പുതിയ സാധ്യതകളും ഇതിലൂടെ തുറക്കപ്പെടുന്നു. Novelist AI പോലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകൾ 88ലധികം ഭാഷകളിൽ നോവലുകളും കഥകളും സൃഷ്ടിക്കുന്നതിനുള്ള സൗകര്യം നൽകുന്നുണ്ട്; അതിൽ മലയാളവും ഉൾപ്പെടുന്നു. പ്ലാറ്റ്ഫോമിന്റെ ലൈബ്രറിയിൽ കൃത്രിമബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ച കഥകളും നോവലുകളും വായിക്കാനും പുതിയവ സൃഷ്ടിക്കാനും കഴിയും.
വായനക്കാരുടെ നിർദേശത്തിനനുസരിച്ച് കഥയുടെ പ്രമേയം, സ്വഭാവം, ശൈലി എന്നിവ രൂപപ്പെടുത്താൻ കഴിയുന്നതിലൂടെ പരമ്പരാഗത എഴുത്തുകാർ-വായനക്കാർ ബന്ധത്തിനപ്പുറം വായനക്കാരുടെ നിർദേശപ്രകാരം തത്സമയം രൂപപ്പെടുന്ന ഡിജിറ്റൽ സാഹിത്യം എന്ന പുതിയ സാധ്യതയാണ് ഇവിടെ പ്രത്യക്ഷപ്പെടുന്നത്. ഇതോടൊപ്പം കൃത്രിമബുദ്ധി അധിഷ്ഠിത പുസ്തകനിർമാണ സംവിധാനങ്ങളും വളർന്നുവരുന്നു. BookGen.ai പോലുള്ള സംവിധാനങ്ങൾ ഉപയോക്താവ് നൽകുന്ന ആശയത്തെ അടിസ്ഥാനമാക്കി പുസ്തകത്തിന്റെയും ഗവേഷണ രചനയുടെയും ഘടനയും ഉള്ളടക്കവും തയാറാക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്.
ഇതിലൂടെ ഒരു ആശയം നൽകിയാൽ അധ്യായക്രമം മുതൽ ഉള്ളടക്ക നിർമാണം വരെ യന്ത്രസഹായത്തോടെ പൂർത്തിയാക്കാനുള്ള സാധ്യത രൂപപ്പെടുന്നു. അതിനാൽ, മലയാളത്തിൽ ‘കൃത്രിമബുദ്ധിയുടെ സഹായത്തോടെ’ നിർമിച്ച പുസ്തകം എന്ന ആശയം ഭാവിയിലെ സാധ്യത മാത്രമല്ല, പരീക്ഷിക്കാവുന്ന ഡിജിറ്റൽ പ്രസാധന രീതിയായി മാറിക്കൊണ്ടിരിക്കുകയാണ്. പുസ്തകപ്രസാധനത്തിൽ പുറംചട്ട, ചിത്രീകരണം, എഡിറ്റിങ്, വിവർത്തനം, ശബ്ദപുസ്തക നിർമാണം തുടങ്ങിയ മേഖലകളിലും കൃത്രിമബുദ്ധിയുടെ ഉപയോഗം വ്യാപിക്കുന്നു. ഒരു പുസ്തകത്തെ എഴുത്തുരൂപത്തിൽ മാത്രം നിലനിർത്താതെ അതിന്റെ പുറംചട്ടയും ചിത്രങ്ങളും ശബ്ദരൂപവും ഉൾപ്പെടെ വിവിധ മാധ്യമരൂപങ്ങളിലേക്ക് മാറ്റാൻ ഇത്തരം സാങ്കേതികവിദ്യകൾ സഹായിക്കുന്നു. അതുവഴി എഴുത്തുകാരും പ്രസാധകനും ഒരുപോലെ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ഉള്ളടക്കം സൃഷ്ടിക്കാനും വിവിധ വിഭാഗങ്ങളിലെ വായനക്കാരിലേക്ക് എത്തിക്കാനും കഴിയുന്നു.
മാധ്യമപ്രവർത്തനത്തിൽ ദീർഘമായ റിപ്പോർട്ടുകൾ ചുരുക്കുക, അഭിമുഖങ്ങളുടെ ശബ്ദരേഖ എഴുത്താക്കി മാറ്റുക, വാർത്തകൾ മറ്റു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുക, ഒരേ ഉള്ളടക്കത്തെ വെബ് റിപ്പോർട്ട്, വിഡിയോ, സമൂഹ മാധ്യമ കുറിപ്പ് തുടങ്ങിയ വിവിധ രൂപങ്ങളിലേക്ക് മാറ്റുക എന്നിവയും എളുപ്പമായിട്ടുണ്ട്. എന്നാൽ വ്യാജവാർത്ത, കൃത്രിമമായി നിർമിച്ച ദൃശ്യ-ശ്രാവ്യ ഉള്ളടക്കങ്ങൾ, പകർപ്പവകാശം, വസ്തുതാപരിശോധന, കൃത്രിമബുദ്ധി സൃഷ്ടിച്ച ഉള്ളടക്കത്തിന്റെ കർതൃത്വം തുടങ്ങിയ പ്രശ്നങ്ങളും ഇതോടൊപ്പം ഉയരുന്നു. അതുകൊണ്ട് കൃത്രിമബുദ്ധിയുടെ വരവ് മാധ്യമപ്രവർത്തകരെ പൂർണമായി മാറ്റിസ്ഥാപിക്കുന്നതിനേക്കാൾ മാധ്യമ പ്രവർത്തനത്തിന്റെ സ്വഭാവം മാറ്റുന്ന ഘട്ടമായാണ് കാണേണ്ടത്. വാർത്തയുടെ വേഗതയും ഉള്ളടക്ക നിർമാണത്തിന്റെ സാങ്കേതികശേഷിയും കൃത്രിമബുദ്ധി വർധിപ്പിക്കുമ്പോൾ ഭാഷയുടെ സൂക്ഷ്മത, വസ്തുതാപരിശോധന, സാമൂഹിക ഉത്തരവാദിത്തം, സൃഷ്ടിപരമായ ഇടപെടൽ എന്നിവ മനുഷ്യർതന്നെ നിർവഹിക്കേണ്ടിവരും. ഈ മനുഷ്യ-യന്ത്രസഹകരണമാണ് മലയാള മാധ്യമത്തിന്റെയും ഡിജിറ്റൽ സാഹിത്യത്തിന്റെയും അടുത്ത ഘട്ടത്തെ നിർണയിക്കുക.

അൽഗോരിതവും ഫിൽട്ടർ ബബിളും
ഏത് വാർത്ത ആരുടെ മുന്നിലെത്തണം, ഏത് വിഡിയോ കൂടുതൽ ആളുകൾ കാണണം, ഏത് പോസ്റ്റ് കൂടുതൽ ദൃശ്യമായിരിക്കണം, ഏത് ഉള്ളടക്കം ശിപാർശ ചെയ്യണം തുടങ്ങിയ കാര്യങ്ങളിൽ അൽഗോരിതത്തിന് നിർണായക സ്വാധീനമുണ്ട്. ഉപയോക്താവിന്റെ തിരച്ചിൽ ചരിത്രം, വായനശീലം, ലൈക്ക്, ഷെയർ, കമന്റ്, വിഡിയോ കാണുന്ന സമയം, പിന്തുടരുന്ന അക്കൗണ്ടുകൾ, ഉപേക്ഷിക്കുന്ന ഉള്ളടക്കങ്ങൾ തുടങ്ങിയ അനേകം വിവരങ്ങൾ വിശകലനം ചെയ്താണ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉള്ളടക്കം ക്രമീകരിക്കുന്നത്.
ഇതോടെ മാധ്യമ ഉപഭോഗം പൊതുവായ അനുഭവത്തിൽനിന്ന് വ്യക്തിഗത അനുഭവമായി മാറുന്നു. ഒരേ സമയം ഒരേ പ്ലാറ്റ്ഫോം തുറക്കുന്ന രണ്ടു വ്യക്തികൾക്ക് രണ്ടു വ്യത്യസ്ത വാർത്താലോകങ്ങളാണ് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ഒരാൾക്ക് രാഷ്ട്രീയ വാർത്തകൾ കൂടുതലായി ലഭിക്കുമ്പോൾ മറ്റൊരാൾക്ക് സിനിമയും കായികവും മൂന്നാമതൊരാൾക്ക് മതപരമോ സാമൂഹികമോ ആയ ഉള്ളടക്കങ്ങളും കൂടുതൽ പ്രത്യക്ഷപ്പെടാം. അതിനാൽ ഡിജിറ്റൽ കാലത്ത് വാർത്ത എന്നത് എല്ലാവരും ഒരേ രീതിയിൽ കാണുന്ന പൊതുവായ വസ്തുവല്ല. ഓരോ ഉപയോക്താവിനും പ്രത്യേകം ക്രമീകരിക്കപ്പെടുന്ന വ്യക്തിഗത വിവരാനുഭവമായി അത് മാറുന്നു.
പരമ്പരാഗത മാധ്യമപ്രവർത്തനത്തിൽ എഡിറ്റർ ഒരു ഗേറ്റ്കീപ്പർ ആയിരുന്നു. ഒരു ദിവസം ലഭിക്കുന്ന നൂറുകണക്കിന് വാർത്തകളിൽ ഏതാണ് ഒന്നാം പേജിൽ നൽകേണ്ടത്, ഏതിനാണ് കൂടുതൽ സ്ഥലം നൽകേണ്ടത്, ഏത് വാർത്ത ഒഴിവാക്കണം എന്നൊക്കെ എഡിറ്റോറിയൽ മാനദണ്ഡങ്ങൾക്കനുസരിച്ച് തീരുമാനിക്കപ്പെട്ടു. ഡിജിറ്റൽ മാധ്യമത്തിൽ ഈ മാനദണ്ഡങ്ങൾക്കൊപ്പം മറ്റൊരു അളവുകോൽ കൂടി പ്രവർത്തിക്കുന്നു -എൻഗേജ്മെന്റ്. ഒരു വാർത്ത എത്ര പേർ ക്ലിക്ക് ചെയ്തു, എത്ര പേർ വായിച്ചു, എത്ര പേർ പങ്കുെവച്ചു, എത്ര പേർ കമന്റ് ചെയ്തു, വിഡിയോ എത്ര നേരം കണ്ടു തുടങ്ങിയവ വാർത്തയുടെ തുടർന്നുള്ള ദൃശ്യതയെ സ്വാധീനിക്കുന്നു.
അതിനാൽ, ഒരു പുതിയ മാധ്യമവൈരുധ്യം രൂപപ്പെടുന്നു: സമൂഹത്തിന് ഏറ്റവും പ്രധാനപ്പെട്ട വാർത്തയാണോ കൂടുതൽ ആളുകളിലെത്തുന്നത്, അതോ കൂടുതൽ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന വാർത്തയാണോ? ഈ ചോദ്യമാണ് അൽഗോരിതമിക മാധ്യമവ്യവസ്ഥയുടെ കേന്ദ്രത്തിൽ നിൽക്കുന്നത്. ഡിജിറ്റൽ മാധ്യമവ്യവസ്ഥയെ മനസ്സിലാക്കാൻ അറ്റൻഷൻ ഇക്കോണമി എന്ന ആശയം പ്രധാനമാണ്. പരമ്പരാഗത മാധ്യമത്തിന്റെ സാമ്പത്തിക മാതൃകയിൽ പത്രം വിൽക്കുകയും അതിനൊപ്പം പരസ്യം നേടുകയും ചെയ്തു. ടെലിവിഷൻ പ്രേക്ഷകരെ ആകർഷിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പരസ്യവരുമാനം നേടുകയും ചെയ്തു. എന്നാൽ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ സാമ്പത്തിക മാതൃക സങ്കീർണമാണ്. ഉപയോക്താവ് സൗജന്യമായി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സേവനങ്ങൾ ഉപയോഗിക്കുന്നു.
എന്നാൽ, അവിടെ ഉപയോക്താവ് ചെലവഴിക്കുന്ന സമയം, കാണുന്ന ഉള്ളടക്കം, താൽപര്യങ്ങൾ, ഇടപെടൽ തുടങ്ങിയവ പരസ്യവിപണിക്ക് വലിയ സാമ്പത്തിക മൂല്യമുള്ള വിവരങ്ങളായി മാറുന്നു. അതിനാൽ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിൽ ഉപയോക്താവിന്റെ ശ്രദ്ധതന്നെ ഒരു സാമ്പത്തികവിഭവമായി മാറുന്നു. ഈ ഘടന പരമ്പരാഗത മാധ്യമസ്ഥാപനങ്ങളെ പല രീതിയിലും പ്രതികൂലമായി ബാധിക്കുന്നു. ഒരു വാർത്താ സ്ഥാപനത്തിന് മികച്ച റിപ്പോർട്ടിങ് നടത്താൻ കഴിയും.
എന്നാൽ, ആ വാർത്ത വായനക്കാരിലെത്തണമെങ്കിൽ ഗൂഗിൾ സെർച്ച്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, എക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കേണ്ടി വരാം. ഒരു മാധ്യമസ്ഥാപനം വർഷങ്ങളെടുത്ത് ഒരു വലിയ സമൂഹമാധ്യമ പ്രേക്ഷക സമൂഹം സൃഷ്ടിച്ചാലും പ്ലാറ്റ്ഫോമിന്റെ അൽഗോരിതത്തിൽ വന്ന ഒരു മാറ്റം അതിന്റെ ദൃശ്യതയെ പെട്ടെന്ന് കുറക്കാം. ഇന്നലെ വരെ ലക്ഷക്കണക്കിന് ആളുകളിൽ എത്തിയിരുന്ന പോസ്റ്റിന് ഇന്ന് അതിന്റെ ചെറിയൊരു ശതമാനം ആളുകളിലേക്കു മാത്രമേ എത്താൻ കഴിയൂ. അതിനാൽ മാധ്യമസ്ഥാപനങ്ങൾ ചിലപ്പോൾ സ്വന്തം എഡിറ്റോറിയൽ താൽപര്യങ്ങളേക്കാൾ പ്ലാറ്റ്ഫോമിന്റെ അൽഗോരിതമിക മുൻഗണനകൾക്കനുസരിച്ച് ഉള്ളടക്ക രൂപം മാറ്റേണ്ടിവരുന്നു. ‘‘വാർത്ത എന്തുകൊണ്ട് പ്രധാനമാണ്?’’ എന്ന ചോദ്യത്തിനൊപ്പം ‘‘ഈ വാർത്ത എങ്ങനെ വൈറലാക്കാം?’’ എന്ന ചോദ്യവും പ്രധാനമാകുന്നു.
അൽഗോരിതമിക വ്യക്തിഗതവത്കരണത്തിന്റെ മറ്റൊരു പ്രശ്നമാണ് ഫിൽട്ടർ ബബിൾ (filter bubble). ഉപയോക്താവ് എന്താണ് ഇഷ്ടപ്പെടുന്നതെന്ന് പ്ലാറ്റ്ഫോം പഠിച്ച് അതേതരത്തിലുള്ള ഉള്ളടക്കം വീണ്ടും വീണ്ടും മുന്നിൽ കൊണ്ടുവരുമ്പോൾ വ്യത്യസ്ത അഭിപ്രായങ്ങളുമായുള്ള സമ്പർക്കം കുറയാം. ഇതുമായി ബന്ധപ്പെട്ടാണ് ഇക്കോ ചേംബർ (echo chamber) എന്ന ആശയം. ഒരേ അഭിപ്രായമുള്ളവർ ഒരേ ഡിജിറ്റൽ ഇടത്തിൽ പരസ്പരം ആശയങ്ങൾ ആവർത്തിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യുമ്പോൾ അവരുടെ നിലപാടുകൾ കൂടുതൽ ശക്തമാകുന്നു.

രാഷ്ട്രീയവിഷയങ്ങളിൽ ഇത് സാമൂഹിക ധ്രുവീകരണത്തിന് കാരണമാകാം. ഇവിടെ അൽഗോരിതം വ്യക്തിയുടെ അഭിപ്രായം നേരിട്ട് നിർമിക്കുന്നില്ല. എന്നാൽ, അയാൾക്ക് കാണുന്ന ലോകത്തിന്റെ പരിധി നിർണയിക്കുന്നതിൽ അതിന് സ്വാധീനമുണ്ടാകുന്നു. സോഷ്യൽ മീഡിയയുടെ വളർച്ചയോടെ ‘വാർത്ത’യും ‘വൈറൽ ഉള്ളടക്ക’വും തമ്മിലുള്ള അതിർത്തിയും പലപ്പോഴും മങ്ങിയിരിക്കുന്നു. ഒരു സംഭവത്തിന്റെ വാർത്താമൂല്യത്തേക്കാൾ അത് എത്രമാത്രം വൈറലാകുന്നു എന്നത് ശ്രദ്ധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നു. രാഷ്ട്രീയ പ്രസംഗത്തിലെ ഒരു വാചകം, ഒരു പ്രതിഷേധത്തിന്റെ ഏതാനും സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ, ഒരു വ്യക്തിയുടെ പ്രകോപനപരമായ പ്രതികരണം എന്നിവ മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് ആളുകളിലെത്താം. അതേസമയം അതേ സംഭവത്തെക്കുറിച്ചുള്ള പശ്ചാത്തല വിവരങ്ങളും രേഖകളും വിശദമായ അന്വേഷണവും വളരെ കുറച്ച് ആളുകളിൽ മാത്രമേ എത്തുകയുള്ളൂ.
2026 ജൂലൈയിൽ ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന കോക്രോച്ച് ജനത പാർട്ടി (C.J.P)14 നേതൃത്വത്തിലുള്ള വിദ്യാർഥി പ്രക്ഷോഭം ഓൺലൈൻ മാധ്യമവും അൽഗോരിതമിക ദൃശ്യതയും തമ്മിലുള്ള ബന്ധം പരിശോധിക്കാൻ ഉതകുന്ന സംഭവമാണ്. പ്രക്ഷോഭത്തിന്റെ ദൃശ്യങ്ങൾ പരമ്പരാഗത വാർത്താ സ്ഥാപനങ്ങളുടെ റിപ്പോർട്ടുകളിലൂടെ മാത്രമല്ല, ഇൻസ്റ്റഗ്രാം റീൽസ്, യൂട്യൂബ് വിഡിയോകൾ, എക്സ് പോസ്റ്റുകൾ തുടങ്ങിയവയിലൂടെയും അതിവേഗം പ്രചരിച്ചു. പ്രത്യേകിച്ച് യുവാക്കളും സ്വതന്ത്ര ഡിജിറ്റൽ സ്രഷ്ടാക്കളും തയാറാക്കിയ ചെറു വിഡിയോകൾ പ്രക്ഷോഭത്തിന് വലിയ ഓൺലൈൻ ദൃശ്യത നൽകി.
സി.ജെ.പി പ്രതിഷേധത്തിൽനിന്നുള്ള വിഡിയോകളിലൂടെ ശ്രദ്ധ നേടിയ അഭിനവ് ബിഷ്ടയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഏകദേശം 5000ൽ നിന്ന് 6.35 ലക്ഷത്തിലധികം ഫോളോവേഴ്സ് ലഭിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. പിന്നീട് അക്കൗണ്ട് താൽക്കാലികമായി സസ്പെൻഡ് ചെയ്യപ്പെടുകയും പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു. ഈ സംഭവം ഡിജിറ്റൽ മാധ്യമത്തിന്റെ പുതിയ ശക്തിയെ കാണിക്കുന്നു. ഒരുകാലത്ത് ദേശീയ ശ്രദ്ധനേടാൻ വലിയ പത്രത്തിന്റെ ഒന്നാം പേജോ ദേശീയ ടെലിവിഷൻ ചാനലോ ആവശ്യമായിരുന്നു. ഇന്ന് ഒരു സാധാരണ മൊബൈൽ ഫോൺ കാമറയും ഒരു സമൂഹമാധ്യമ അക്കൗണ്ടും മതിയാകാം.
മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായ പ്രകടനവും ജനാധിപത്യ സമൂഹത്തിന്റെ നട്ടെല്ലാണ്. എന്നാൽ, സ്വകാര്യ കമ്പനികളുടെ ഉടമസ്ഥതയിലുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഏകപക്ഷീയമായി കണ്ടന്റുകൾ നീക്കംചെയ്യുമ്പോൾ അത് ജനാധിപത്യപരമായ ചർച്ചകളെയും മാധ്യമസ്വാതന്ത്ര്യത്തെയും ബാധിക്കുമോ എന്ന ആശങ്ക സ്വാഭാവികമായും ഉയരുന്നുണ്ട്. ടി.വി മാധ്യമങ്ങളുടെയും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള വ്യക്തികളുടെയും അക്കൗണ്ടുകളിൽനിന്നും പോസ്റ്റുകൾ നീക്കംചെയ്യപ്പെടുന്ന സംഭവങ്ങൾ കണ്ടിട്ടുണ്ട്. അൽഗോരിതങ്ങൾ ഓട്ടോമാറ്റിക് ആയി നടത്തുന്ന പരിശോധനകളിലാണ് ഇത്തരം ഫ്ലാഗിങ്ങുകൾ സംഭവിക്കുന്നത്.

ഉപസംഹാരം
ആസ്കി ഫോണ്ടുകളുടെ പരിമിതികളിൽ കുടുങ്ങിക്കിടന്ന ഒരു ഭാഷ, യൂനികോഡിന്റെ വിമോചനത്തിലൂടെ സ്വന്തം വിരൽത്തുമ്പിൽ ലോകത്തോട് സംസാരിക്കാൻ പഠിച്ചു. സൈബർ കഫേയുടെ മങ്ങിയ വെളിച്ചത്തിൽ ഇ-മെയിൽ അയച്ചിരുന്ന പ്രവാസിയുടെ മകൻ മുതൽ, ഇന്ന് സ്വന്തം കിടപ്പുമുറിയിൽനിന്ന് ലക്ഷങ്ങളിലേക്ക് സംപ്രേഷണം ചെയ്യുന്ന യൂട്യൂബ് ക്രിയേറ്റർ വരെ –മലയാളിയുടെ ഡിജിറ്റൽ യാത്ര ഒരു ഭാഷയുടെ മാത്രമല്ല, ഒരു ജനതയുടെ ആത്മാവിഷ്കാരത്തിന്റെതന്നെ ചരിത്രമാണ്. പുഴ.കോമിന്റെ ആദ്യതാളുകൾ മുതൽ ബൂലോകത്തിന്റെ ചർച്ചാവേദികൾ വരെ, ഓർക്കുട്ടിന്റെ സ്ക്രാപ്പുകൾ മുതൽ ഫേസ്ബുക്കിന്റെ ന്യൂസ് ഫീഡ് വരെ, മറുനാടൻ മലയാളിയുടെ വിവരണാത്മകത മുതൽ ട്രൂകോപ്പിയുടെ ഗവേഷണാത്മകത വരെ –ഓരോ ഘട്ടവും മലയാളിയുടെ പൊതുബോധത്തെ പുതിയ രീതിയിൽ രൂപപ്പെടുത്തി.
ഈ മാറ്റത്തിൽ വാർത്ത കേവലം അറിയിക്കപ്പെടുന്ന ഒന്നല്ലാതായി; അത് ലൈക് ചെയ്യപ്പെടുന്നതും ഷെയർ ചെയ്യപ്പെടുന്നതും കമന്റ് ചെയ്യപ്പെടുന്നതും വൈറലാകുന്നതുമായ ഒരു ജീവനുള്ള അനുഭവമായി. എഡിറ്ററുടെ കൈയിലിരുന്ന ഗേറ്റ്കീപ്പിങ് അധികാരം അൽഗോരിതത്തിന്റെ കണക്കുകൂട്ടലുകളിലേക്കും, ഒടുവിൽ ഓരോ ഉപയോക്താവിന്റെയും വിരൽത്തുമ്പിലേക്കും പതിയെ പടർന്നു. ഇത് ജനാധിപത്യപരമായ ഒരു മോചനമായിരുന്നു എന്നതു പോലെതന്നെ, സത്യവും അർധസത്യവും തമ്മിൽ, വാർത്തയും വൈറൽ ഉള്ളടക്കവും തമ്മിൽ, വിശ്വാസ്യതയും വാങ്ങിയെടുത്ത ദൃശ്യതയും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോകുന്ന ഒരു പുതിയ വെല്ലുവിളികൂടിയാണ്. എന്നിരുന്നാലും, ഈ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഏറ്റവും മനോഹരമായ വശം അത് മലയാളിയെ –നാട്ടിലായാലും പ്രവാസത്തിലായാലും– ഒരൊറ്റ പൊതുമണ്ഡലത്തിന്റെ ഭാഗമാക്കി എന്നതാണ്. ഗൾഫിലെ ഒരു തൊഴിലാളിക്കും കാനഡയിലെ ഒരു വിദ്യാർഥിക്കും നാട്ടിലെ ഒരു കർഷകനും ഒരേസമയം ഒരേ വാർത്ത, ഒരേ ട്രോൾ, ഒരേ പാട്ട്, ഒരേ പ്രതിഷേധം അനുഭവിക്കാൻ കഴിയുന്ന ഒരു ഡിജിറ്റൽ കേരളം രൂപപ്പെട്ടു.
കൃത്രിമബുദ്ധിയും അൽഗോരിതങ്ങളും പുതിയ ചോദ്യങ്ങൾ ഉയർത്തുമ്പോഴും, മനുഷ്യന്റെ കഥപറച്ചിലിനും സത്യാന്വേഷണത്തിനുമുള്ള ദാഹം ഒരിക്കലും യന്ത്രത്തിന് പൂർണമായി ഏറ്റെടുക്കാനാവില്ല എന്ന തിരിച്ചറിവാണ് ഭാവിയിലേക്കുള്ള പ്രതീക്ഷ. സ്ക്രീനിനപ്പുറം ഒരു യഥാർഥ ജീവിതമുണ്ട് എന്ന ബോധ്യത്തോടെ, ഈ ഡിജിറ്റൽ ഉപകരണങ്ങളെ ജനാധിപത്യത്തിനും സത്യത്തിനും സർഗാത്മകതക്കും വേണ്ടി ഉപയോഗിക്കാൻ കഴിയുമ്പോൾ മാത്രമേ, കേരളത്തിന്റെ ഈ ഡിജിറ്റൽ വിപ്ലവം അതിന്റെ പൂർണമായ അർഥത്തിൽ വിജയിക്കുകയുള്ളൂ.
(അവസാനിച്ചു)
കുറിപ്പ്
14. Cockroach Janta Party (C.J.P), 2026 Delhi Jantar Mantar student protests, July 2026.



