Begin typing your search above and press return to search.

നാഞ്ചിനാടിന്‍റെ പെരുമാൾ

നാഞ്ചിനാടിന്‍റെ പെരുമാൾ
cancel

ഒരിക്കൽ മലയാളദേശത്തിന്‍റെ ഭാഗമായിരുന്ന, എന്നും മലയാളിയുടെ ഗൃഹാതുരത്വത്തിന്‍റെ ഭൂമികയായ നാഞ്ചിനാടിന്‍റെ ചരിത്രകാരനാണ് അ.ക. പെരുമാൾ. കേരള ചരിത്രത്തിന്റെ വർത്തമാനങ്ങൾ അ.ക. പെരുമാളിന്റെ എഴുത്തുമായി കൂട്ടിവായിക്കാതെ പൂർണമാകില്ല. അദ്ദേഹം കേരളത്തിന്റെയും നാഞ്ചിനാടിന്റെയും ചരിത്രം പറയുന്നു.നാഗർകോവിൽ ഹിന്ദു കോളജിന്​ സമീപത്തെ കവിമണി നഗറിലുള്ള ഭംഗിയിൽ കോലമെഴുതിയ പഴയ ഒറ്റനില വീടിന്‍റെ അഴിയിട്ട ഇറയത്തിരുന്നാണ്​ അ.ക. പെരുമാൾ എഴുതുന്നത്​. ഇന്ത്യക്ക്​ സ്വാതന്ത്ര്യം ലഭിച്ച്​ കൃത്യം 45 ദിവസത്തിനുശേഷം ജനിച്ച, ഇപ്പോൾ 78 വയസ്സുള്ള മനുഷ്യൻ ‘എഴുതുന്നു’ എന്ന്​ പറഞ്ഞാൽ പേനകൊണ്ട്​ കടലാസിൽ എഴുതുന്നു...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
ഒരിക്കൽ മലയാളദേശത്തിന്‍റെ ഭാഗമായിരുന്ന, എന്നും മലയാളിയുടെ ഗൃഹാതുരത്വത്തിന്‍റെ ഭൂമികയായ നാഞ്ചിനാടിന്‍റെ ചരിത്രകാരനാണ് അ.ക. പെരുമാൾ. കേരള ചരിത്രത്തിന്റെ വർത്തമാനങ്ങൾ അ.ക. പെരുമാളിന്റെ എഴുത്തുമായി കൂട്ടിവായിക്കാതെ പൂർണമാകില്ല. അദ്ദേഹം കേരളത്തിന്റെയും നാഞ്ചിനാടിന്റെയും ചരിത്രം പറയുന്നു.

നാഗർകോവിൽ ഹിന്ദു കോളജിന്​ സമീപത്തെ കവിമണി നഗറിലുള്ള ഭംഗിയിൽ കോലമെഴുതിയ പഴയ ഒറ്റനില വീടിന്‍റെ അഴിയിട്ട ഇറയത്തിരുന്നാണ്​ അ.ക. പെരുമാൾ എഴുതുന്നത്​. ഇന്ത്യക്ക്​ സ്വാതന്ത്ര്യം ലഭിച്ച്​ കൃത്യം 45 ദിവസത്തിനുശേഷം ജനിച്ച, ഇപ്പോൾ 78 വയസ്സുള്ള മനുഷ്യൻ ‘എഴുതുന്നു’ എന്ന്​ പറഞ്ഞാൽ പേനകൊണ്ട്​ കടലാസിൽ എഴുതുന്നു എന്ന്​ കരുതേണ്ട. ഏറ്റവും ആധുനികമായ ടാബ്​ലറ്റിൽ വോയ്​സ്​ ട്രാൻസ്​ക്രൈബ്​ സ​ങ്കേതം ഉപയോഗിച്ചാണ്​ എഴുത്ത്​. കന്യാകുമാരിയുടെയും തമിഴ്​നാടിന്‍റെയും സാംസ്കാരിക, ഫോക്, രാഷ്ട്രീയ, ആത്മീയ, സാഹിത്യ ചരിത്രത്തെ കുറിച്ചുള്ള ആധികാരികമായ പുസ്തകങ്ങൾ രചിച്ച, അതിൽ അവസാന വാക്കായ, അതിപ്രാചീനമായ താളിയോലകളും പുരാരേഖകളും സദാ കൈകാര്യം ചെയ്യുന്ന അ.ക. പെരുമാളിന്​ അതതുകാലത്തിന്​ അനുസരിച്ച്​ സ്വയം നവീകരിക്കാൻ പ്രയാസമേതുമില്ല. കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ പൗരാണികമാകാം, പക്ഷേ അത്​ പകർത്തുന്ന രചനാസ​ങ്കേതം മാത്രമല്ല, ഉപയോഗിക്കുന്ന ഭാഷയും നിത്യനവീനമാണ്​.

അദ്ദേഹമിരുന്ന്​ എഴുതുന്ന ഇറയത്തെ വിനീതമായ മേശപ്പുറത്തിന്​ വലതുവശത്ത്​ ഒരു വലിയ ഷെൽഫുണ്ട്​. പല അടുക്കുകളിലായി ഒരുപാട്​ പുസ്തകങ്ങൾ. മുഴുവനും അദ്ദേഹം രചിച്ച പുസ്തകങ്ങളാണ്. കഴിഞ്ഞ മാർച്ചിൽ കാണാൻ പോകുമ്പോൾ 103 പുസ്തകങ്ങളാണ്​ ആ ഷെൽഫിലുണ്ടായിരുന്നത്​. ആറുമാസത്തിന്​ ശേഷം സെപ്​റ്റംബറിലെത്തിയപ്പോൾ അത്​ 107 ആയി. പുസ്തകങ്ങളുടെ നിലവാരവും അതിന്‍റെ മൂല്യവും അറിയണമെങ്കിൽ ആരൊക്കെയാണ്​ അതിനെ കുറിച്ച്​ സംസാരിച്ചതെന്ന്​ നോക്കണം. സാധാരണ വിദ്യാർഥികളും ഗവേഷകരും മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കമൽഹാസനും വരെ പെരുമാളിന്‍റെ സംഭാവനകളെ കുറിച്ച്​​ പറയുന്നു. രണ്ടു വർഷം മുമ്പാണ്​ മൻകീ ബാത്തിൽ തമിഴ്​ ഭാഷക്കും സംസ്കാരത്തിനും പെരുമാൾ നൽകുന്ന സേവനത്തെ കുറിച്ച്​ പ്രധാനമന്ത്രി വാചാലനായത്​. ഈ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരനെന്ന്​ കമൽഹാസൻ പറഞ്ഞതാകട്ടെ തമിഴിലെ ഏറ്റവും ജനപ്രിയ ടെലിവിഷൻ പരിപാടികളിലൊന്നിലും.

രചനകളും പഠനങ്ങളും മാത്രമല്ല, കൈകാര്യം ചെയ്യുന്ന വിഷയങ്ങളിലെ നിമഗ്​നതയും അദ്ദേഹത്തിന്‍റെ സവിശേഷതയാണ്​. തമിഴിലെ പല പ്രമുഖ എഴുത്തുകാരുടെയും രചനകളുടെ വസ്തുതാടിത്തറയും മറ്റെവിടെയുമല്ല. അതിനൊപ്പമാണ്​, ഇന്ത്യൻ വാമൊഴി പുരാവൃത്തത്തിലും സംസ്കാരത്തിലും നിരവധി ഗ്രന്ഥങ്ങൾ രചിച്ച സ്റ്റുവർട്ട്​ ബ്ലാക്​ബേണിന്‍റെ ‘Murder in Melur’ എന്ന നോവലിലും തമിഴ്​ എഴുത്തുകാരി ശൈലജ ശക്തിയുടെ ‘രാവണൻ നിഴൽ’ എന്ന നോവലിലും പെരുമാൾ പ്രധാന കഥാപാത്രമാകുന്നത്​. രണ്ടിലും ചരിത്രകാരനും ഫോക്​​ലോറിസ്റ്റുമായ പെരുമാൾ തന്നെയാണ്​ പ്രത്യക്ഷപ്പെടുന്നത്​.

തിരുവിതാംകൂറിലെ അടിമവ്യാപാരത്തിന്‍റെ ചരിത്രം ചികയുന്ന ‘അടിമൈ ആവണങ്കൾ’, തിരുവിതാംകൂറിലെ പഴയ നാടുവാഴികളായിരുന്ന മുതലിയാർ വംശത്തിന്‍റെ ചരിത്രവും അവരുടെ ഭരണതല ഇടപാടുകളും വിവരിക്കുന്ന ‘മുതലിയാർ ഓലൈകൾ’, തമിഴ്​ സാഹിത്യത്തെയും പൈതൃകത്തെയും അടയാളപ്പെടുത്തുന്ന ‘തമിഴ്​ കലൈയും പൻപാടും’, ‘പഴന്തമിഴ്​ വഴിപാട്ടു മറപുകൾ’, ‘തമിഴക പൻപാട്​’, നാഞ്ചിനാട്ടിലെ പ്രമുഖ ക്ഷേത്രങ്ങളുടെ ചരിത്രവും പ്രാധാന്യവും വിവരിക്കുന്ന അസംഖ്യം രചനകൾ, കവിമണി ദേശിക വിനായകം പിള്ള, സുന്ദരരാമസ്വാമി, ശ്രീനാരായണ ഗുരു, മനോന്മണിയം സുന്ദരനാർ, വയ്യാപുരി പിള്ള, ദേവസഹായം പിള്ള തുടങ്ങിയവരെ കുറിച്ചുള്ള പുസ്തകങ്ങൾ, ‘എ ഹിസ്റ്ററി ഓഫ്​ സൗത്ത്​ കുമരി’, ‘കാന്തള്ളൂർ ശാലൈ’ തുടങ്ങിയ ഇംഗ്ലീഷ്​ പുസ്തകങ്ങളും അദ്ദേഹത്തിന്‍റേതായിട്ടുണ്ട്​.

ബ്രാഹ്​മി, വട്ടെഴുത്ത്​ തുടങ്ങിയ പ്രാചീന ലിപികളിൽ വിദഗ്​ധനായ ഇദ്ദേഹം കന്യാകുമാരിയിലെ ശിലാരേഖകൾ മുഴുവനായും വായിച്ച്​, വ്യാഖ്യാനിച്ച്​ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. നാഞ്ചിനാടിന്‍റെയും തിരുവിതാംകൂറിന്‍റെയും ചരിത്രത്തിൽ വെളിച്ചം വീശുന്ന നിരവധി വസ്തുതകൾ പിൽക്കാലത്ത്​ തെളിഞ്ഞുവന്നത് ഈ ദൗത്യങ്ങൾ വഴിയാണ്​. ഒരിക്കൽ മലയാളദേശത്തിന്‍റെ ഭാഗമായിരുന്ന, എന്നും മലയാളിയുടെ ഗൃഹാതുരത്വത്തിന്‍റെ ഭൂമികയായ നാഞ്ചിനാടിന്‍റെ ചരിത്രവും വർത്തമാനവും പറയുകയാണ്​ അ.ക. പെരുമാൾ.

 

നാഞ്ചിനാടിന്‍റെയും പഴയ തിരുവിതാംകൂറിന്‍റെയും ചരിത്രത്തെ കുറിച്ചുള്ള ആധികാരികമായ പല ഗ്രന്ഥങ്ങൾ താങ്കളുടേതായിട്ടുണ്ട്​. ഈ പ്രദേശം തമിഴ്​നാടിന്‍റെ ഭാഗമായി ഏഴു പതിറ്റാണ്ടാകുന്നു. എന്താണ്​ ഈ കാലത്തുണ്ടായ മാറ്റം?

ഭാഷാടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ട്​ കന്യാകുമാരി തമിഴ്​നാടിനോട്​ ചേർന്ന ആദ്യ ദശകങ്ങളിൽ കേരളത്തിൽനിന്നും മലയാളത്തിൽനിന്നും അതിവേഗം വിടുതൽ ​നേടാനുള്ള ഒരു തീവ്ര വാഞ്​ഛ ഉണ്ടായിരുന്നുവെന്നത്​ സത്യമാണ്​. പക്ഷേ, അതിന്‍റെ തോത്​ പ്രദേശാടിസ്ഥാനത്തിൽ വ്യത്യസ്തമായിരുന്നു.

കന്യാകുമാരി എന്ന്​ പറയുമ്പോൾ ചരിത്രപരമായി നാലു താലൂക്കുകളാണ്. കൽക്കുളം, വിളവൻകോട്, അഗസ്തീശ്വരം, തോവാള. ഭാഷയിലും സംസ്കാരത്തിലും പലതരം സവിശേഷതകൾ ഈ പ്രദേശങ്ങൾക്കുണ്ട്​. കേര​ളത്തോട്​ ചേർന്ന്​ കിടക്കുന്ന കൽക്കുളത്തെയും വിളവൻകോട്ടേയും രീതികളല്ല യഥാർഥ നാഞ്ചിനാടായ തോവാളയിലും അഗസ്തീശ്വരത്തും. കന്യാകുമാരിയും നാഗർകോവിലുമൊക്കെ ഉൾപ്പെടുന്ന ഈ പ്രദേശങ്ങളിൽ താരതമ്യേന കേരള സംസ്കാരത്തിന്‍റെ സ്വാധീനം കുറവാണ്​. തമിഴിനോടാണ്​ ചായ്​വ്​. ആകമാനമായി തിരുവിതാംകൂറിന്‍റെ ഭാഗമായിരുന്നതിനെ തുടർന്നുള്ള സ്വാഭാവിക സാംസ്കാരിക വിനിമയത്തിനപ്പുറം ജനങ്ങളുടെ ജീവിതത്തിലും ആചാരങ്ങളിലും ഭാഷയിലുമൊക്കെ ഈ നേർത്ത അന്തരം പ്രകടമാണ്​.

കൽക്കുളത്തും വിളവൻകോട്ടും ഇപ്പോഴും വ്യാപകമായി മലയാളം സംസാരിക്കുന്നു, കേരളീയമായ ആചാരാഘോഷങ്ങൾ നടക്കുന്നു. ഭരണവും ഭരണഭാഷയും മാറിയെങ്കിലും അവിടെയുള്ളവരുടെ​ മലയാളബന്ധത്തിന്​ കുറവൊന്നുമില്ല. ഈ വ്യത്യാസത്തിന്​ ഭാഷ മാത്രമല്ല, ജാതീയഘടകങ്ങളുമുണ്ട്. വെള്ളാള, നാടാർ സമുദായങ്ങളുടെയും ചില ഉയർന്ന ജാതികളു​ടെയും കേരള ബന്ധം കൂടുതൽ ശക്തമാണ്​. നാഞ്ചിനാട്ടിൽ ആഘോഷിക്കുന്നതുപോലെ കൽക്കുളം, വിളവൻകോട്​ ​​പ്രദേശത്ത്​​ ദീപാവലി കൊണ്ടാടപ്പെടുന്നില്ല. കന്യാകുമാരി ജില്ലയുടെ രാഷ്​ട്രീയ, സാമൂഹിക പാരമ്പര്യം പഠിക്കുമ്പോൾ ഈയൊരു പശ്ചാത്തലം ഉറപ്പായും അറിഞ്ഞിരിക്കണം.

ഇങ്ങനെയൊക്കെ ആണെങ്കിലും ആദ്യ ഏഴുപതിറ്റാണ്ടിനിപ്പുറം സാംസ്കാരിക വിനിമയത്തിലും പരസ്പര ബന്ധത്തിലും വലിയൊരു മാറ്റം അടുത്തിടെയായി​ പ്രകടമാകുന്നുണ്ട്​. ആധുനിക വിനിമയ സംവിധാനങ്ങളുടെയും സോഷ്യൽ മീഡിയയുടെയും പങ്ക്​ അതിൽ വളരെ വലുതാണ്​. ഇന്‍സ്റ്റഗ്രാമിലും മറ്റും നാഞ്ചിനാട്ടെ ഗ്രാമങ്ങളും പഴയ തിരുവിതാംകൂറിന്‍റെ ശേഷിപ്പുകളും ഏതോ എക്​സോട്ടിക്​ ആയ സംഭവങ്ങൾ എന്ന മട്ടിൽ അവതരിപ്പിക്കപ്പെടുന്നത്​ വഴി കേരളത്തിന്‍റെ പലഭാഗങ്ങളിൽനിന്ന്​ ഇവിടേക്ക്​ കൂടുതലായി ആളുകൾ വരുന്നു. അതുവഴി ഉണ്ടാകുന്ന പരിചിതത്വം. മലയാളം സിനിമക്ക്​ തമിഴ്​നാട്ടിൽ വർധിച്ചുവരുന്ന പ്രീതിയും മറ്റൊരു കാരണമാണ്​. പിന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കോളജുകളിൽ പഠിക്കുന്ന മലയാളി വിദ്യാർഥികളുടെ സാന്നിധ്യം.

അതിന്‍റെയൊക്കെ ഭാഗമായി ഓണവും മലയാള ആഘോഷങ്ങളും പലയിടത്തും തിരിച്ചുവരുന്നു. കോളജുകളിലും മറ്റു വിദ്യാലയങ്ങളിലും വലിയ ​നിലയിൽ അത്തരം ചടങ്ങുകൾ നടക്കുന്നു. അതിലൊക്കെ തമിഴ്​ വിദ്യാർഥികളും ആവേശപൂർവം പ​ങ്കെടുക്കുന്നു. അഗസ്തീശ്വരം, തോവാള മേഖലകളിൽ പ്രത്യേകിച്ചും. പക്ഷേ, ഗ്രാമങ്ങളിൽ ഇത്​ പ്രകടമല്ല താനും. നാഞ്ചിനാട്ടിലെ ക്ഷേത്രങ്ങളിൽ മലയാളം ഭക്തിഗാനങ്ങൾ കേൾക്കുന്നു. ഗുരുവായൂരപ്പൻ ഭക്തിഗാനങ്ങളാണ്​ പലയിടത്തും. നാടാർ സമുദായ ക്ഷേത്രങ്ങളിൽപോലും. ഇതൊക്കെ സമീപകാല ട്രെൻഡുകളാണ്​.

അഗസ്തീശ്വരത്താണ്​ താങ്കൾ ജനിച്ചത്​. താര​തമ്യേന മലയാളത്തിന്‍റെ സ്വാധീനം കുറഞ്ഞ ഇടമെന്ന്​ വേണമെങ്കിൽ പറയാം. എങ്ങനെയായിരുന്നു അന്നത്തെ ജീവിതം?

നാഗർകോവിലിൽനിന്ന്​ മണക്കുടി പൊഴിയിലേക്ക്​ പോകുന്ന വഴിയിൽ പറക്കൈ എന്ന പ്രാചീന ഗ്രാമത്തിലാണ്​ ഞാൻ ജനിച്ചത്. അവിടെയുള്ള മധുസൂദന പെരുമാൾ തിരുക്കോവിലിന്​ കുറഞ്ഞത്​ 1200 വർഷത്തെ പഴക്കമുണ്ട്​. അത്രയും പഴയ ശിലാലിഖിതങ്ങൾ അവിടെനിന്ന്​ ലഭിച്ചിട്ടുണ്ട്​. കന്യാകുമാരി ജില്ലയിലെ ഏറ്റവും പഴയ കോവിലുകളിലൊന്നുമാണ്​ അത്​. വലിയ കാർഷിക മേഖലയായിരുന്നു പറ​െക്കെ. എനിക്ക്​ ഒമ്പതു വയസ്സുള്ളപ്പോഴാണ്​ സംസ്ഥാന വിഭജനം ഉണ്ടാകുന്നത്​. അതുവരെയും നാഗർകോവിലിന്​ തൊട്ടടുത്ത ഗ്രാമമായിരുന്നുവെങ്കിലും പൊതു ഗതാഗത സൗകര്യമോ വൈദ്യുതിയോ ഇവിടെ എത്തിയിരുന്നില്ല. മധുസൂദന പെരുമാൾ ഉൾപ്പെടെ കോവിലുകളിൽ കേരളീയ കലാരൂപങ്ങൾ അവതരിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.

എന്‍റെ പിതാവ്​ അഴകൻ പെരുമാൾ തിരുവനന്തപുരത്ത്​ നിന്ന്​ മലയാളം മുൻഷി ബിരുദം നേടിയ ശേഷം ശുചീന്ദ്രം സ്കൂളിൽ താൽക്കാലിക മലയാളം അധ്യാപകനായിരുന്നു. പിന്നീട്​ നാഗർകോവിൽ കോടതിയിൽ മലയാളം-തമിഴ്​ ട്രാൻസ്​ലേറ്റർ ജോലിയിലും ഉണ്ടായിരുന്നു. പശ്ചിമഘട്ടത്തിന്​ താഴ്​വരയിലെ കടുക്കറ ഗ്രാമത്തിലായിരുന്നു അമ്മയുടെ നാട്​. അമ്മ നന്നായി മലയാളം വായിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. സി.വി. രാമൻപിള്ളയുടെ മാർത്താണ്ഡവർമയൊക്കെ അമ്മ വായിക്കുന്നത്​ കണ്ടിട്ടുണ്ട്​. പറക്കൈ ഗവൺമെന്‍റ്​ സ്കൂളിലായിരുന്നു എന്‍റെ പ്രാഥമിക വിദ്യാഭ്യാസം. അവിടെ 1930കൾ വരെയും മലയാളം മീഡിയം ഉണ്ടായിരുന്നു. എന്നെ ​ചേർക്കുമ്പോൾ തമിഴ്​ മാത്രം. ഹൈസ്കൂൾ ആയപ്പോൾ ശുചീന്ദ്രത്തെ എസ്​.എം.എസ്​.എം (ശ്രീമൂലം തിരുനാൾ ഷഷ്​ഠിപൂർത്തി മെമ്മോറിയൽ) സ്​കൂളിലേക്ക്​ മാറി. അവിടെ മലയാളം, തമിഴ്​ മീഡിയങ്ങൾ ഉണ്ടായിരുന്നു. ഞാൻ തമിഴിൽതന്നെ തുടർന്നു.

1964ൽ പത്താം ക്ലാസ്​ ജയിച്ച്​ എസ്​.ടി (സൗത്ത്​ ട്രാവൻകൂർ) ഹിന്ദു കോളജിൽ പി.യു.സിക്ക്​ ചേർന്നു. തമിഴിൽ ബിരുദമെടുത്തതും അവിടെനിന്നുതന്നെ. കേരളത്തിൽനിന്ന്​ വിഭജിക്കപ്പെടുന്നതിന്​ നാലുവർഷം മുമ്പ്​ ’52 ലാണ്​ തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെയും മറ്റും ആഭിമുഖ്യത്തിൽ ഹിന്ദു കോളജ്​ സ്ഥാപിക്കപ്പെടുന്നത്​. ട്രാവൻകൂർ യൂനിവേഴ്​സിറ്റിയുടെ അഫിലിയേഷനിലാണ്​ അന്ന്​ ഉണ്ടായിരുന്നത്​. വിഭജനശേഷം മദ്രാസ്​ യൂനിവേഴ്​സിറ്റിയുടെയും പിന്നീട്​ ഞാൻ പഠിക്കുന്ന കാലത്തൊക്കെ മധുര കാമരാജ്​ യൂനിവേഴ്​സിറ്റിയുടെയും കീഴിലായിരുന്നു. ഇപ്പോൾ മനോൻമണിയം സുന്ദരനാർ യൂനിവേഴ്​സിറ്റിയുടെ അഫിലിയേഷനാണ്​. എങ്കിലും രണ്ടുവർഷം മുമ്പു വരെയും ഇവിടെ മലയാളം വകുപ്പ്​ ഉണ്ടായിരുന്നു. വിദ്യാർഥികൾ ഇല്ലാതായതോടെ 2023 ലാണ്​ മലയാളം വകുപ്പ്​ നിർത്തലാക്കിയത്​.

പാലക്കാട്ടെ ചിറ്റൂർ ഗവ. കോളജിലായിരുന്നു എം.എ പഠനം. അടുത്ത ബന്ധുവും ഇക്കണോമിക്സ്​ പ്രഫസറുമായ മധുസൂദന പെരുമാൾ അവിടെ അധ്യാപകനായിരുന്നു. അദ്ദേഹമാണ്​ അവി​​ടേക്ക്​ കൊണ്ടുപോയത്​. പിന്നീട്​ തിരുവനന്തപുരം യൂനിവേഴ്​സിറ്റി കോളജ്​ പ്രിൻസിപ്പലായി ’81 ലാണ്​ അദ്ദേഹം വിരമിച്ചത്​. എം.എ കഴിഞ്ഞ ശേഷം ‘ദിനതന്തി’ പത്രത്തിലെ ലേഖകനായി കുറച്ചുകാലം ജോലിചെയ്തു. വൈകാതെ ’73 ൽ ആരുവാമൊഴി കോളജിൽ തമിഴ്​ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. അതിനിടക്ക്​ മധുര കാമരാജ്​ യൂനിവേഴ്​സിറ്റിയിൽ പിഎച്ച്​.ഡിക്ക്​ റിസർച് തുടങ്ങി. നാഞ്ചിനാട്ടിന്‍റെ സ്വന്തം കലാരൂപമായ വിൽപ്പാട്ടിലായിരുന്നു ഗവേഷണം. നാഞ്ചിനാട്ടിലെയും തെക്കൻ തമിഴകത്തെയും ഫോക്​ കലാരൂപങ്ങളിലുള്ള പഠനങ്ങൾ യഥാർഥത്തിൽ തുടങ്ങുന്നത്​ അവിടെനിന്നാണ്​.

അ.ക. പെരുമാളിന്റെ കൃതികൾ

 

കന്യാകുമാരി ജില്ലയുടെ യഥാർഥ കലാമുഖം താങ്കൾ പറഞ്ഞ വിൽപ്പാട്ടാണല്ലോ. എന്താണ്​ അതിന്‍റെ ഇന്നത്തെ അവസ്ഥ?

മറ്റ്​ ഫോക്​ കലാരൂപങ്ങ​ളേക്കാളും കന്യാകുമാരിയിൽ ഇ​പ്പോഴും വലിയ പ്രചാരമുള്ളത്​ വിൽപ്പാട്ടിനാണ്​. കന്യാകുമാരിക്ക്​ പുറമേ, തിരുനെൽവേലി, തെങ്കാശി, തൂത്തുക്കുടി എന്നിവിടങ്ങളിലെല്ലാം വിൽപ്പാട്ട്​ കലാകാരൻമാരുണ്ട്. പല സമുദായങ്ങളും ഈ രംഗത്തുണ്ടെങ്കിലും നാടാർ സമുദായമാണ്​ ഭൂരിപക്ഷം. വെള്ളാള, ചെട്ടിയാർ, ആശാരി വിഭാഗങ്ങളും ഉണ്ട്​. വർഷത്തിൽ എട്ട്​, ഒമ്പതു മാസവും ഇവർക്ക്​ പലയിടത്തും വേദികൾ കിട്ടും. കാണാൻ ധാരാളം ആളുകളും വരും. മൂന്നു നാലു ദിവസത്തെ പരിപാടിക്ക്​ ഒരു ഗ്രൂപ്പിന്​ 40,000 രൂപക്ക്​ അടുത്ത്​ അവർക്ക്​ ലഭിക്കും. മിക്കവർക്കും വേറെയും ജോലികളും ഉണ്ട്​. വിൽപ്പാട്ട്​ കലാകാരൻമാരുടെ മൂന്ന്​ സംഘങ്ങളാണ്​ കന്യാകുമാരിയിൽ പ്രധാനമായും ഉള്ളത്​. ഈ സംഘങ്ങളുടെ ഉപദേശകനായി അവർ എന്നെ ഉൾപ്പെടുത്തിയിരിക്കുന്നു. കേരളത്തിലാകട്ടെ, നെടുമങ്ങാട്​, കൊല്ലം പ്രദേശങ്ങളിൽ വലിയ പേരുള്ള വിൽപ്പാട്ട്​ സംഘങ്ങളുണ്ട്​.

മാടൻ, ഇശക്കിയമ്മൻ പോലുള്ള ഊരുകോവിലുകളിൽ (ഫോക്​ ടെംപിൾ) ആണ്​ ഇത്​ അവതരിപ്പിക്കപ്പെടുക. കുറഞ്ഞത്​ മൂന്നര നൂറ്റാണ്ടിന്‍റെയെങ്കിലും പഴക്കം വിൽപ്പാട്ടിനുണ്ടെന്ന്​ കരുതപ്പെടുന്നു​. 1600കളിലെ കാവ്യമായ ‘മുക്കുടൽ പള്ളി’ൽ വിൽപ്പാട്ടിനെ കുറിച്ച്​ പരാമർശമുണ്ട്​. തിരുനെൽവേലിയിൽ താമ്രപർണി നദീതീരത്തെ ഗ്രാമമാണ്​ മുക്കുടൽ. അവിടത്തെ പെരുമാൾ കോവിലിലെ പ്രതിഷ്​ഠയുടെ വാഴ്ത്തുപാട്ടാണ്​ ‘മുക്കുടൽ പള്ള്​’. അതിൽ വിൽപ്പാട്ടിനെ കുറിച്ചും അത്​ പാടുന്ന ജാതിയെ കുറിച്ചും പറയുന്നു. വില്ലടിച്ചുകൊണ്ട്​ പ്രാദേശിക ദൈവങ്ങളെ കുറിച്ചാണ്​ പാടുക. മുത്താരമ്മൻ കഥ, ചുടലമാടൻ കഥ, കള്ളിയങ്കാട്ട്​ നീലി കഥ തുടങ്ങിയവയാണ്​ വിഷയം.

ഇരവിക്കുട്ടിപ്പിള്ള കഥയും ഇവിടെ പാടാറുണ്ടെങ്കിലും അത്ര പോപ്പുലറല്ല. മാർത്താണ്ഡവർമയുടെ കാലത്തെ തമ്പിമാരുടെ കഥയും പലയിടത്തും പാടുന്നുണ്ട്​. പഴയ കഥകളാണെങ്കിൽ പുതിയ കാല തമാശകളും സിനിമ സംഭാഷണങ്ങളുമെല്ലാം ഇടക്കിടെ പ്രയോഗിക്കും. അതുകൊണ്ടുതന്നെ കാവ്യത്തിലെ മൗലികത ഇക്കാലത്ത്​ ഉണ്ടെന്ന്​ പറയാനാകില്ല. ’80കൾക്കുശേഷമാണ്​ ഈ മാറ്റം ഉണ്ടായത്​. ‘ദൈവങ്കൾ മുളൈക്കും നിലം’ എന്ന എന്‍റെ പുസ്തകം വിൽപ്പാട്ടിലെ കാവ്യങ്ങളെയും ഈശ്വരസങ്കൽപത്തെയും കുറിച്ചാണ്​.

പാവക്കൂത്ത്​ സംബന്ധിച്ച താങ്കളുടെ പഠനവും ശ്രദ്ധേയമാണ്​. ഒരുകാലത്ത്​ നാഞ്ചിനാട്ടിലെ പ്രധാന വിനോദ ഉപാധിയായിരുന്നു പാവക്കൂത്ത്​. ബാല്യത്തിലേ അതുമായി പരിചയപ്പെട്ടിരുന്നോ?

അതെ. നാഞ്ചിനാട്ടിലെ നാടോടിക്കലകളിൽ പ്രധാനപ്പെട്ടതാണ്​ തോൽപ്പാവക്കൂത്ത്​. വളരെ ചെറുപ്രായത്തിലേ പാവക്കൂത്ത്​ കാണാൻ അവസരം ലഭിച്ചിരുന്നു. സിനിമയും തിയറ്ററുമൊക്കെ വ്യാപകമാകുന്നതിന്​ മുമ്പു ഇവിടത്തെ പ്രധാന വിനോദമായിരുന്നു പാവക്കൂത്ത്​. ഈ നാടോടി കലാകാരൻമാർ ഗ്രാമങ്ങൾ വഴി സഞ്ചരിക്കും. ഓ​രോ ഗ്രാമത്തിലും തമ്പടിച്ച്​ പാവക്കൂത്ത്​ നടത്തും. മഴയില്ലാത്ത കാലത്താണ്​ ഇവരുടെ കൂട്ടങ്ങൾ ഇറങ്ങുക. മിക്കപ്പോഴും പത്തുദിവസത്തെ പരിപാടിയാണ്​. അഞ്ചുപൈസ, പത്തു പൈസയൊക്കെയാണ്​ കാണാൻ ഈടാക്കുക. ക്ഷേത്രത്തിന്​ അടുത്തായിരിക്കില്ല ഇവരുടെ വേദി. കുറച്ചകലെ ആലിൻതറയിലോ വയൽക്കരയിലോ ആകും. ക്ഷേ​​ത്രോത്സവത്തിന്‍റെ ഭാഗവുമായിരിക്കില്ല. എന്‍റെ ​നാടായ പറ​ക്കൈയി​ലൊക്കെ ഏതാനും മാസങ്ങൾ കൂടുമ്പോൾ പാവക്കൂത്ത്​ കലാകാരൻമാർ വരും. നാഞ്ചിനാട്ടിലെങ്ങും ഒരു 30 വർഷം മുമ്പുവരെയും വളരെ സജീവമായിരുന്നു പാവക്കൂത്ത്​.

തഞ്ചാവൂർ, തിരുവിതാംകൂർ രാജ്യങ്ങളുമായി പലതരത്തിലും ബന്ധപ്പെട്ടതാണ്​​ പാവക്കൂത്ത്​ കലാകാരൻമാരുടെ ചരിത്രം എന്ന വാദം ശരിയാണോ?

ആന്ധ്ര-മറാത്ത മേഖലയിൽനിന്ന്​ തഞ്ചാവൂരിലേക്കും അവിടെനിന്ന്​ തിരുവിതാംകൂറിലേക്കും കുടിയേറിയ നാടോടി സമൂഹമാണ്​ പാവക്കൂത്ത്​ കലാകാരൻമാർ. തഞ്ചാവൂർ മറാത്ത രാജവംശത്തിന്‍റെ ആശ്രിതത്വത്തിലാണ്​ ഇവർ കഴിഞ്ഞിരുന്നത്​. അവിടെ അവർക്ക്​ ഭൂമിയും മറ്റ്​ ആനുകൂല്യങ്ങളും യഥേഷ്ടം ലഭിച്ചിരുന്നു. തഞ്ചാവൂരിലെ അവസാന പ്രമുഖ രാജാവായിരുന്ന സെർഫോജി രണ്ടാമന്‍റെ മരണത്തിന്​ പിന്നാലെയാണ്​ കഷ്ടകാലം തുടങ്ങുന്നത്​. 1832ൽ ഇദ്ദേഹത്തിന്‍റെ മരണശേഷം മകൻ ശിവജി അധികാരമേറ്റു.

ഇംഗ്ലീഷ്​ ഈസ്റ്റിന്ത്യ കമ്പനിയാണ്​ അപ്പോൾ തഞ്ചാവൂരിൽ കാര്യങ്ങൾ തീരുമാനിച്ചിരുന്നത്​. ശാരീരികമായും ഭരണപരമായും ദുർബലനായ ​ശിവജി നാമമാത്ര ഭരണാധികാരിയായിരുന്നു. മറാത്ത സാമ്രാജ്യം വിവിധ ജനവിഭാഗങ്ങൾക്ക്​ നൽകിയ ഭൂമിയെല്ലാം തിരിച്ചെടുക്കുകയെന്നതായിരുന്നു കമ്പനിയു​ടെ നയം. നാടോടി സമൂഹങ്ങൾ അതോടെ അരക്ഷിതരായി. തിരുവിതാംകൂറിൽ സ്വാതി തിരുനാളിന്‍റെ ഭരണമായിരുന്നു അക്കാലത്ത്​. അദ്ദേഹത്തിന്‍റെ കീർത്തി ദക്ഷിണേന്ത്യയിലെങ്ങും പരന്നിരുന്നു. കലാകാരൻമാർക്ക്​ അദ്ദേഹം വലിയ സഹായങ്ങൾ ചെയ്യുന്നതായി മനസ്സിലാക്കിയ നാടോടി സമൂഹം മെല്ലെ ഇവി​ടേക്ക്​ നീങ്ങി. ആദ്യം മധുരയിലും പിന്നീട്​ തെക്കൻ തിരുവിതാംകൂറിന്‍റെ അതിർത്തി മേഖലയിലും അവർ തമ്പടിച്ചു. അങ്ങനെയാണ്​ ഈ സമൂഹം നാഞ്ചിനാട്ടിലെത്തിയത്​. ഒപ്പം തോൽപ്പാവക്കൂത്തും തിരുവിതാംകൂറിലെത്തി. കൃഷ്ണ റാവു, സ്വാമി റാവു എന്നിവരുടെ കുടുംബമായിരുന്നു​ ഇതിൽ പ്രധാനികൾ. തോൽപ്പാവക്കൂത്തിലെ അവസാന ലെജൻഡായിരുന്നു പരമശിവറാവു.

നാഞ്ചിനാട്ടിലെ ഈ കലാകാരൻമാർക്ക്​ സർക്കാറിൽനിന്നുള്ള അംഗീകാരവും താമസരേഖകളും ഒക്കെ ശരിയാക്കി നൽകിയതിൽ താങ്കളുടെ ഗവേഷണങ്ങൾക്കും ഇടപെടലുകൾക്കും വലിയ പങ്കുണ്ട്​. വിശദീകരിക്കാമോ?

അടിസ്ഥാനപരമായി ഗണികർ എന്നൊരു സമൂഹമാണിവർ. അതിലെ മണ്ഡികർ എന്ന ഉപവിഭാഗമാണ്​ പാവക്കൂത്ത്​ നടത്തുന്നത്​. മറ്റുള്ളവർ കൈനോട്ടം, ജ്യോതിഷം, പക്ഷിശാസ്ത്രം തുടങ്ങിയ രംഗങ്ങളിലാണ്​. 1960കൾ വരെയും ഇവർ നാടോടികളായിരുന്നു. പിന്നീടാണ്​ ക്രമേണ സ്ഥിരവാസമുറപ്പിക്കാൻ തുടങ്ങിയത്​. യഥാർഥത്തിൽ ഇവരുടെ ജാതിക്ക്​ അംഗീകാരമുണ്ടായിരുന്നില്ല. കന്യാകുമാരിയിൽനിന്നുള്ള ഒരു മുൻ എം.എൽ.എ വഴി ഞാൻ സ്വാധീനം ചെലുത്തിയാണ്​ ഇവരെ പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുത്തിയത്​, ’86ൽ. പിന്നീട്​ കന്യാകുമാരി കലക്ടറുമായി ബന്ധപ്പെട്ട്​ വോട്ടർപട്ടികയിലും ഇവരെ ചേർത്തു. ഇപ്പോൾ നാഗർകോവിലിന്​ സമീപം മൂന്നുനാലിടത്തായി 40 കുടുംബങ്ങൾ ഈ വിഭാഗത്തിലുണ്ട്​. പ​ക്ഷേ, അധികമാരും പാവക്കൂത്ത്​ നടത്തുന്നില്ല. ആകെ അഞ്ചോ ആറോ പേരുണ്ടാകും. മിക്കവരും ബലൂൺ, കളിപ്പാട്ട കച്ചവടത്തിലേക്ക്​ മാറി.

 

പാവക്കൂത്തിലെ കാവ്യങ്ങളുടെ ടെക്​സ്റ്റ്​ തമിഴിൽ ഏതാണ്ട്​ സമ്പൂർണമായി എഴുതി പ്രസിദ്ധീകരിച്ചിരുന്നുവല്ലോ. എന്തായിരുന്നു അതിന്‍റെ അനുഭവം?

തെലുഗുവിലെ രംഗനാഥ​ രാമായണമാണ്​ പ്രധാനമായും ഇവരുടെ അവതരണ വിഷയം. കേരളത്തിലും മറ്റും കമ്പ രാമായണമാണ്​ വായിക്കുന്നത്​. കേരളത്തിൽ നായർ, മേനോൻ, അമ്പലവാസി സമൂഹങ്ങളെല്ലാം ഈ രംഗത്തുണ്ട്​. ആന്ധ്രയിലും കർണാടകയിലും മറാത്ത വിഭാഗങ്ങളാണ്​. ദക്ഷിണേന്ത്യയിൽ തോൽപ്പാവക്കൂത്തിൽ മറാത്തികൾ ഇല്ലാത്തത്​ കേരളത്തിൽ മാത്രമാണ്​. പാലക്കാട്​ വ​ഴി കുടിയേറിയ ചെട്ടിയാർമാരാണ്​ അതിന്​ കാരണം. അവരാണ്​ കമ്പരാമായണവും ഒപ്പം കൊണ്ടുപോയത്​. തമിഴും മലയാളവും കലർന്നാണ്​ പാട്ട്​. കേരളത്തിൽ പാടുന്നതിന്​ ടെക്​സ്റ്റ്​ ഉണ്ട്​. എന്നാൽ തമിഴ്​നാട്ടിൽ വാമൊഴി മാത്രമാണ്​ ഉണ്ടായിരുന്നത്​.

ഈ വാമൊഴി പാരമ്പര്യം നഷ്​ടപ്പെട്ടുപോകരുതെന്ന്​ കരുതിയാണ്​ ഇതു​ മുഴുവൻ രേഖപ്പെടുത്താനുള്ള ദൗത്യം ’80കളുടെ ഒടുവിൽ ഏറ്റെടുത്തത്​. ജി. പരമശിവറാവു എന്നൊരാളാണ്​ അക്കാലത്ത്​ തോൽപ്പാവക്കൂത്തിൽ കന്യാകുമാരിയിലെ പ്രമുഖൻ. പ്രത്യേകം പാവക്കൂത്ത്​ നടത്താൻ അദ്ദേഹവുമായി ധാരണയുണ്ടാക്കി. നാഗർകോവിലിന്​ സമീപത്തെ തട്ടാൻവിള എന്ന സ്ഥലത്ത്​ വേദിയൊക്കെ കെട്ടിയുണ്ടാക്കി. നാട്ടുകാരുടെയും സഹകരണത്തോടെ പരമ്പരാഗത രീതിയിൽ പത്തുദിവസത്തെ പ്രകടനം. ദിവസവും രാത്രി 8.30ന്​ തുടങ്ങും. ഏതാണ്ട്​ ഒന്നരമണിക്കൂർ നീളും. പഴയൊരു ടേപ്പ്​ റെക്കോഡറിൽ അതുമുഴുവൻ റെക്കോഡ്​ ചെയ്​തെടുത്തു. മൊത്തം 17 മണിക്കൂറിന്‍റെ റെക്കോഡിങ്​ ഉണ്ടായിരുന്നു. ആറുമാസമെടുത്തു, അതു മുഴുവൻ പകർത്തിയെഴുതാൻ.

ആയിരം പേജുകൾ. തിരക്കഥക്ക്​ പുറത്തുള്ള സാന്ദർഭിക സംഭാഷണങ്ങളും കാണികളെ രസിപ്പിക്കാനുള്ള തമാശകളും ഒഴിവാക്കിയപ്പോൾ 700 പേജുകളായി. ഈ പ്രക്രിയ ഒക്കെ കഴിഞ്ഞ്​ ഏതാണ്ട്​ ഒന്നരപ്പതിറ്റാണ്ടിന്​ ശേഷം, 2004ലാണ്​ പുസ്​തകമായി പ്രസിദ്ധീകരിക്കുന്നത്​. ഈ പുസ്തകത്തിന്‍റെ പേരിൽ അന്ന്​ ഭരണത്തിലുണ്ടായിരുന്ന ജയലളിത സർക്കാർ പ്രത്യേക പുരസ്കാരവും നൽകിയിരുന്നു. അന്ന്​ റെക്കോഡ്​ ചെയ്ത കാസറ്റുകൾ മുഴുവൻ അടുത്തിടെ തിരുനെൽവേലി സെന്‍റ്​ സേവ്യേഴ്​സ്​ കോളജിന്​ കൈമാറി. അവരത്​ ഡിജിറ്റൽ രൂപത്തിലേക്ക്​ മാറ്റിയിട്ടുണ്ട്​.

അടുത്തിടെ തമിഴ്​നാട്ടിലെ ഒരു കോടതി കേസുമായി ബന്ധപ്പെട്ട വിധിയിൽ തോൽപ്പാവക്കൂത്തിലെ ‘നല്ല തങ്കാൾ’ കഥയെ ഉദ്ധരിച്ചിരുന്നുവല്ലോ. എന്തായിരുന്നു അതിന്‍റെ സാഹചര്യം. മലയാളിക്കും താൽപര്യമുള്ള വിഷയമാണ്​ ‘നല്ലതങ്ക’. പുരാണകഥകൾക്കപ്പുറം ‘നല്ല തങ്കാൾ’ ആണ്​ പാവക്കൂത്തിലെ പോപ്പുലർ കഥകളി​ലൊന്ന്​​. മുൻകാലത്തെപ്പോഴോ ആന്ധ്രയിൽ നടന്നുവെന്ന്​ കരുതുന്ന ഒരു ദുരന്തകഥയാണിത്​. ഈ കഥ കാലങ്ങളെടുത്ത്​ അവിടെനിന്ന്​ തമിഴ്​നാട്ടിലേക്ക്​ എത്തുകയായിരുന്നു. വിധവയായ ഒരു യുവതി​. അവർക്ക്​ ഏഴുമക്കൾ. ഭർത്താവിന്‍റെ മരണശേഷം അവരുടെ നില പരിതാപകരമായി. അതോടെ മക്കളെയും കൂട്ടി സഹോദരന്‍റെ വീട്ടിലെത്തി. വളരെ ദൃഢമായ സഹോദരബന്ധമാണ്​ ഇരുവർക്കുമിടയിൽ ഉണ്ടായിരുന്നത്​. അതിനാൽതന്നെ അവസാന ആശ്രയമെന്ന നിലയിൽ പരിപൂർണ ആത്മവിശ്വാസത്തോടെയാണ്​ യുവതി അവിടേക്ക്​ എത്തിയത്​.

പക്ഷേ, സഹോദരൻ സ്ഥലത്തുണ്ടായിരുന്നില്ല. സഹോദര ഭാര്യ ഇവരെ വല്ലാതെ ബുദ്ധിമുട്ടിച്ചു. അപമാനഭാരം സഹിക്കവയ്യാതെ ഏഴുമക്കളെയും ഒന്നൊന്നായി കിണറ്റിലെറിഞ്ഞ്​ കൊന്നശേഷം ഇവരും ആത്മഹത്യ ചെയ്തു. തിരികെയെത്തിയ സഹോദരൻ വിവരമറിഞ്ഞ്​ ഭാര്യയെ കഠിനമായി ശിക്ഷിക്കുന്നതാണ്​ കഥ. ഈ നാടോടിക്കഥ പാവക്കൂത്ത്​ വഴി തമിഴ്​നാട്ടിലേക്ക്​ പരക്കുകയും ഇവിടെ വലിയ പ്രചാരം നേടുകയും ചെയ്തു. അങ്ങനെ, തിരുവിതാംകൂറിലും. ദാരിദ്ര്യത്തെ തുടർന്നുള്ള ആത്മഹത്യ, സഹായിക്കാത്ത കുടുംബം, നാത്തൂൻ പോര്​ തുടങ്ങിയ വിഷയങ്ങളുടെ നിദർശനമായി ഈ കഥ പാടിപ്പോന്നു.

പാവക്കൂത്തിൽ നിന്നുള്ള ഈ ആശയം സിനിമയിലേക്കും പിന്നീട്​ പരാവർത്തനം ചെയ്യപ്പെട്ടു. മലയാളത്തിലെ ആദ്യ മെഗാഹിറ്റ്​ സിനിമയുടെ കഥയും ഇതുതന്നെയായിരുന്നു. 1950ൽ പുറത്തിറങ്ങിയ, പി.വി. കൃഷ്ണയ്യർ സംവിധാനം ചെയ്ത ‘നല്ലതങ്ക’. ഉദയ സ്റ്റുഡിയോ നിർമിച്ച രണ്ടാമത്തെ സിനിമയായിരുന്നു അത്. ദക്ഷിണാമൂർത്തിയുടെ സിനിമ അരങ്ങേറ്റവും ഈ സിനിമയിലായിരുന്നു. മിസ്​ കുമാരിയും അഗസ്റ്റിൻ ജോസഫും അഭിനയിച്ച ‘നല്ലതങ്ക’ തിയറ്ററുകളിൽ കണ്ണീർമഴ പെയ്യിച്ചു. അങ്ങനെ മലയാളത്തിലെ നാഴികക്കല്ലുകളിലൊന്ന്​ പിറന്നു. പിന്നെയും അഞ്ചു വർഷം കഴിഞ്ഞാണ്​ ഈ കഥ തമിഴിൽ സിനിമാരൂപം പ്രാപിച്ചെത്തുന്നത്. അതും മലയാളത്തിലെ റീമേക്കായി ‘നല്ല തങ്കാൾ’ എന്ന പേരിൽ. പാവക്കൂത്ത്​ നാമാവശേഷമായിട്ടും സിനിമ ഇറങ്ങി മുക്കാൽ നൂറ്റാണ്ട്​ കഴിഞ്ഞിട്ടും ഈ കഥയും കഥാസാരവും ഇന്നും തമിഴ്​നാട്ടിൽ പറയപ്പെട്ടുകൊണ്ടേയിരിക്കുന്നു. പ്രത്യേകിച്ച്​ ഇന്ത്യൻ സാഹചര്യങ്ങളിൽ സർവസാധാരണമായ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ.

1971 ൽ സേലത്ത്​ അഞ്ചുമക്കളെയും കൊന്ന്​ യുവതി ആത്മഹത്യക്ക്​ ശ്രമിച്ച പ്രമാദമായ ‘ശ്രീരംഗനായകി വേഴ്​സസ്​ അൺനോൺ’ കേസ്​, ’89ലെ ‘സുയമ്പുകനി വേഴ്​സസ്​ സ്​റ്റേറ്റ്​ ഓഫ്​ തമിഴ്​നാട്​’ കേസ്​ തുടങ്ങിയ പ്രമാദ സംഭവങ്ങളിലെ വിധിന്യായങ്ങളിൽ മദ്രാസ്​ ​ഹൈകോടതി ‘നല്ലതങ്കാൾ സിൻഡ്രം’ ഉദ്ധരിക്കുന്നു. ഒടുവിൽ 2016ൽ രണ്ടു മക്കൾക്ക്​ വിഷം നൽകി കൊന്ന്​ ആത്മഹത്യക്ക്​ ശ്രമിച്ച സത്യ എന്ന യുവതിക്ക്​ കീഴ്​കോടതി വിധിച്ച ശിക്ഷ റദ്ദാക്കിക്കൊണ്ട്​ മദ്രാസ്​ ഹൈകോടതി പുറപ്പെടുവിച്ച വിധിന്യായത്തിലും ‘നല്ല തങ്കാൾ’ കടന്നുവന്നു. നാലു പെൺമക്കളുടെ അമ്മയായിരുന്നു വെല്ലൂർ സ്വ​ദേശിയായ സത്യ. ‘പെൺകുട്ടികളെ മാത്രം പ്രസവിക്കുന്നവൾ’ എന്ന അടുപ്പക്കാരുടെയും നാട്ടുകാരുടെയും പരിഹാസവും മാനസിക പീഡനവും സഹിക്കവയ്യാതെ മക്കൾക്കെല്ലാം വിഷം നൽകി ആത്മഹത്യ​ ചെയ്യാനാണ്​ സത്യ തീരുമാനിച്ചത്​. വിഷം കഴിച്ച രണ്ടു കുട്ടികൾ മരിച്ചു. രക്ഷപ്പെട്ട സത്യയെ കീഴ്​കോടതി മൂന്നുവർഷത്തെ തടവിന്​ ശിക്ഷിച്ചു. ഈ കേസ്​ ഹൈകോടതിയിൽ എത്തിയപ്പോഴാണ്​ മനുഷ്യത്വത്തിന്‍റെയും കാരുണ്യത്തിന്‍റെയും മഹത്തായ പ്രഖ്യാപനമായി ജസ്റ്റിസ്​ ഡി. ഭരതചക്രവർത്തിയുടെ വിധിന്യായം വരുന്നത്​. ‘നല്ലതങ്കാൾ’ മാനസികാവസ്ഥ ചൂണ്ടിക്കാട്ടിയ ന്യായാധിപൻ, സത്യയെ മോചിപ്പിക്കുകയും ബാക്കിയായ രണ്ടു മക്കളെ കുറഞ്ഞത്​ ബിരുദതലം വരെയെങ്കിലും പഠിപ്പിക്കണമെന്നും ഉത്തരവിടുകയുംചെയ്തു.

 

നാഞ്ചിനാട്ടിലെ കലാരൂപങ്ങളിൽ മലയാള സ്വാധീനം വർധിക്കുന്നതിനെ കുറിച്ച്​ താങ്കൾ പറഞ്ഞു. അടുത്തിടെയായി ചെണ്ടമേളവും ഇവിടെ വ്യാപകമാണല്ലോ?

വിൽപ്പാട്ടിനും തോൽപ്പാവക്കൂത്തിനും ശേഷം കണിയാനാട്ടം, സിലംബം കളരി എന്നിവയാണ്​ നാഞ്ചിനാട്ടിലെ പ്രധാന ഫോക്​ കലാരൂപങ്ങൾ. ക്ഷേത്രോത്സവങ്ങളിലും മറ്റും ഇപ്പോൾ കേരളത്തിൽനിന്ന്​ ശിങ്കാരിമേളവും വരുന്നു. മലയാള സ്വാധീനത്തിന്‍റെ ഭാഗമായി ​ചെണ്ടക്ക്​ വലിയ പ്രചാരമാണ്​ ലഭിക്കുന്നത്​. ചിലയിടങ്ങളിൽ നേരത്തേതന്നെ ചെണ്ടമേളത്തിന്​ പ്രാധാന്യമുണ്ടായിരുന്നു​. കേരളത്തോട്​ അടുത്ത സ്ഥലങ്ങളിലും കുളച്ചൽ, മണവാളക്കുറിച്ചി, തക്കല, തേങ്ങാപ്പട്ടണം എന്നിവിടങ്ങളിലുമൊക്കെ ചെണ്ട സംഘങ്ങളുമുണ്ട്​.

ഏതാണ്ട്​ 60 സംഘങ്ങൾ കന്യാകുമാരി ജില്ലയിൽ ഉണ്ടെന്നാണ്​ കണക്ക്​. ഇവിടെയുള്ള ചെണ്ട സംഘങ്ങൾക്ക്​ തിരുവനന്തപുരത്തും കൊല്ലത്തുമുള്ള ക്ഷേത്രങ്ങളിലും മറ്റു വേദികളിലും അവസരം ലഭിക്കുന്നു​. മണവാളക്കുറിച്ചിയിലെ സജു എന്നൊരു യുവ ചെണ്ട വാദകൻ ‘കൊട്ടടിക്കാരൻ’ എന്ന പേരിൽ കന്യാകുമാരിയിലെ ചെണ്ട കലാകാരൻമാരുടെ ജീവിതം പറയുന്ന പുസ്തകവും രചിച്ചിട്ടുണ്ട്​. ഞാനാണ്​ അതിന്​ അവതാരിക എഴുതിയത്​. സിലംബത്തിന്‍റെ ബാക്​ഗ്രൗണ്ട്​ തന്നെ ചെണ്ടയാണ്​. ഇവിടെയുള്ള നെയ്യാണ്ടിമേളത്തിലും നാദസ്വരം, തവിൽ, ചെണ്ട തുടങ്ങിയവയാണ്​ ഉപയോഗിക്കുന്നത്​. ഊർവലങ്ങൾക്കും (ക്ഷേത്രവുമായി ബന്ധപ്പെട്ട ഘോഷയാത്ര) ഇപ്പോൾ വലിയ തോതിൽ ചെണ്ട കേൾക്കാം. മുമ്പും ഇവിടെ ചെണ്ട ഉണ്ടായിരുന്നുവെങ്കിലും സാന്നിധ്യം വളരെ ചെറുതായിരുന്നു. ഇപ്പോൾ പെൺകുട്ടികൾ വരെ ചെണ്ട ​കൊട്ടുന്നുണ്ട്​.

നാഞ്ചിനാട്ടിന്‍റെ കാർഷിക, സാംസ്കാരിക പ്രതീകങ്ങളിലൊന്നായ കരിമ്പനകൾ ഇവിടെനിന്ന്​ അപ്രത്യക്ഷമാകുന്നു എന്ന ആശങ്ക ശരിയാണോ?

കന്യാകുമാരിയിൽ പനയും കുറയുകയാണ്​. പന കയറാൻ ആളെക്കിട്ടുന്നില്ല എന്നത്​ ഒരു വലിയ ഘടകമാണ്​. നാടാർ സമുദായമാണ്​ ആ രംഗത്തുണ്ടായിരുന്നത്​. ഇടക്കൊരു കാലത്ത്​ പനകൾ വ്യാപകമായി മുറിച്ചുമാറ്റിയിരുന്നു. ഇപ്പോൾ പലയിടത്തും പന വീണ്ടും നട്ടുപിടിപ്പിക്കുന്നു. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഒരുപാട്​ ഇടങ്ങളിൽ സൗജന്യമായി പന വെച്ചുപിടിപ്പിക്കുകയാണ്​. ഇപ്പോൾ മരം കയറാൻ പ്രത്യേകം യന്ത്രവും വന്നിട്ടുണ്ട്​. തിരുനെൽവേലിയിൽനിന്നും മറ്റുമാണ്​ ഇപ്പോൾ ഇവിടെ കരുപ്പട്ടിയും മറ്റ്​ പന വിഭവങ്ങളും കാര്യമായി വരുന്നത്​.

തമിഴിലെ മഹാപണ്ഡിതരെ കുറിച്ചുള്ള താങ്കളുടെ പുസ്തകത്തെ കുറിച്ച്​ കമൽഹാസൻ വലിയ മതിപ്പോടെ സംസാരിച്ചിരുന്നു. തമിഴിലെ ഏറ്റവും പ്രധാനപ്പെട്ട രചനകളിലൊന്ന്​ എന്നാണ്​ അദ്ദേഹം വിശേഷിപ്പിച്ചത്​. എന്താണ്​ ആ പുസ്തകത്തിന്‍റെ വിശേഷം?

തമിഴിലെ പണ്ഡിതശ്രേഷ്ഠൻമാരെ കുറിച്ചുള്ള ഒരു വലിയ സീരീസിന്‍റെ പണിപ്പുരയിലാണ് കുറച്ചുകാലമായി. ആ നിലക്ക്​ മറ്റൊരു പുസ്തകം തമിഴിലില്ല. മറ്റുപല വർക്കുകൾക്കുമൊപ്പം അതും സമാന്തരമായി മുന്നോട്ടുപോകുന്നു. ഇതിൽ മൊത്തം 260 പണ്ഡിതരെയാണ്​ പരിഗണിക്കുന്നത്​. കൃത്യമായ മാനദണ്ഡങ്ങൾ തയാറാക്കി, സംഭാവനകൾ പരിശോധിച്ചാണ്​ അതിലേക്കുള്ള തെരഞ്ഞെടുപ്പ്. പൂർത്തിയാകാൻ അഞ്ചു വാള്യമെങ്കിലും വേണമെന്ന്​ തോന്നുന്നു. ഇതിനകം രണ്ടു വാള്യം പുറത്തുവന്നു. അതിനെ കുറിച്ചാണ്​ കമൽഹാസൻ സൂചിപ്പിച്ചത്​. അതേ തുടർന്ന്​ കാര്യമായി വായന ഇല്ലാത്തവരിൽനിന്നുപോലും അന്വേഷണങ്ങൾ വരുന്നു. പുസ്തകവും ഒരുപാട്​ ശ്രദ്ധിക്കപ്പെട്ടു.

ഈ പട്ടികയിൽ കന്യാകുമാരി-തിരുവനന്തപുരം ബന്ധ​മുള്ള ആരൊക്കെയാണുള്ളത്​?

കന്യാകുമാരി ജില്ലയിൽനിന്ന്​ അഞ്ചു പേരാണുള്ളത്​. തിരുവനന്തപുരത്ത്​ കഴക്കൂട്ടത്തുള്ള ഇന്‍റർനാഷനൽ സ്കൂൾ ഓഫ്​ ദ്രവീഡിയൻ ലിങ്​ഗ്വിസ്റ്റിക്സ്​ സ്ഥാപകനും ദ്രാവിഡ ഭാഷയിലും സംസ്കാരത്തിലും അദ്വിതീയനുമായ വടശേരി ഐയ്യംപെരുമാൾ സുബ്രഹ്​മണ്യൻ അടക്കമുള്ളവരാണ്​ അതിൽ. യു.എസിലെ ഇൻഡ്യാന യൂനിവേഴ്​സിറ്റിയിൽനിന്ന്​ പിഎച്ച്​.ഡി നേടിയ അദ്ദേഹത്തിന്​ ശ്രീലങ്കയിലെ ജാഫ്​ന യൂനിവേഴ്​സിറ്റിയും തഞ്ചാവൂർ തമിഴ്​ സർവകലാശാലയും ഡോക്​ടറേറ്റ്​ നൽകിയിരുന്നു. തമിഴ്​ ഭാഷയുടെ ഉന്നമനത്തിനായി 1981 ൽ എം.ജി.ആർ മുഖ്യമന്ത്രി ആയിരുന്നപ്പോൾ സ്ഥാപിച്ച തമിഴ്​ യൂനിവേഴ്​സിറ്റിയുടെ പ്രഥമ വി.സിയും അദ്ദേഹമായിരുന്നു. ആന്ധ്രപ്രദേശിലെ കുപ്പത്ത്​ ദ്രവീഡിയൻ യൂനിവേഴ്​സിറ്റി സ്ഥാപിക്കുന്നതിന്​ പിന്നിൽ പ്രവർത്തിച്ചതും വി.​ഐ. സുബ്രഹ്​മണ്യൻ ആയിരുന്നു. സംഘസാഹിത്യം, പ്രാചീന സാഹിത്യം, മലയാളം എന്നിവയിലെ ഭാഷ സംബന്ധിച്ച നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്​. ‘ഡയലക്ട്​ സർവേ ഓഫ്​ മലയാളം’ എന്ന ശ്രദ്ധേയമായൊരു ഗ്രന്ഥവും അദ്ദേഹത്തിന്‍റേതായുണ്ട്​.

പ്രശസ്ത അഭിഭാഷകനും തമിഴ്​ പണ്ഡിതനുമായിരുന്ന വയ്യാപുരി പിള്ള (റാവു സാഹിബ്​ ശരവണ പെരുമാൾ വയ്യാപുരി പിള്ളൈ) 1920കളിൽ മദ്രാസ്​ യൂനിവേഴ്​സിറ്റിയുടെ തമിഴ്​ ലെക്സിക്കണിന്‍റെ എഡിറ്ററായിരുന്നു. ദീർഘകാലം തിരുവനന്തപുരത്ത്​ അഭിഭാഷകനായിരുന്നു. ട്രാവൻകൂർ യൂനിവേഴ്​സിറ്റിയിൽ (ഇപ്പോഴത്തെ കേരള യൂനിവേഴ്​സിറ്റി) ​പ്രഫസറായും പ്രവർത്തിച്ചു. ’54ലാണ്​ തിരുവനന്തപുരത്ത്​ നിന്ന്​ മദിരാശിയിലേക്ക്​ മടങ്ങിയത്​. തമിഴ്​, മലയാളം, സംസ്കൃതം, ഇംഗ്ലീഷ്​ ഭാഷകളിൽ ആയിരക്കണക്കിന്​ പുസ്തകങ്ങളുടെയും അതിവിപുലമായ താളിയോല ശേഖരത്തിന്‍റെയും ഉടമയായിരുന്നു അദ്ദേഹം. മരണശേഷം ആ അപൂർവ രേഖകളും പുസ്തകങ്ങളും കൽക്കത്ത നാഷനൽ ലൈബ്രറിക്ക്​ കൈമാറി. 2009ൽ അദ്ദേഹത്തിന്‍റെ രചനകൾ മുഴുവൻ തമിഴ്​നാട്​ സർക്കാർ ദേശസാത്​കരിച്ചു.

ഭാഷാവിദഗ്​ധനും അധ്യാപകനും എഴുത്തുകാരനും മാധ്യമപ്രവർത്തകനും ഇസ്​ലാമിക പണ്ഡിതനുമായ കന്യാകുമാരി തിരുവിതാംകോട്​ സ്വദേശി കാ. അബ്​ദുൽ ഗഫൂറാണ്​ മറ്റൊരാൾ. ​ചെന്നൈ ഖാഇദെ മില്ലത്ത്​ വനിത കോളജ്​, വാണിയമ്പാടി ഇസ്​ലാമിക്​ കോളജ്​, ചെന്നൈ മുഹമ്മദൻ കോളജ്​, തിരുച്ചിറപ്പള്ളി ജമാൽ മുഹമ്മദ്​ കോളജ്​ തുടങ്ങി തമിഴ്​നാട്ടിലെ അനേകം കോളജുകളിൽ സേവനമനുഷ്​ഠിച്ച വലിയ പ്രതിഭയായിരുന്നു അദ്ദേഹം. തിരുവിതാംകൂർ ട്രഷറി ഓഫിസറായും ഓഡിറ്ററായും പ്രവർത്തിച്ചിരുന്ന പ്രശസ്ത സംഗീതജ്ഞൻ ടി. ലക്ഷ്മണ പിള്ളക്ക്​ ’34ൽ തിരുനെൽവേലിയിൽ നടന്ന പ്രഥമ തമിഴ്​ കോൺഫറൻസിൽ വെച്ച്​ ‘ഇസൈ തമിഴ്​ സെൽവർ’ എന്ന പട്ടവും നൽകിയിരുന്നു. ട്രാവൻകൂർ ​ലെജിസ്ലേറ്റിവ്​ കൗൺസിൽ അംഗവുമായിരുന്നു അ​ദ്ദേഹം.

പിന്നെ മനോൻമണിയം സുന്ദരനാർ, കവിമണി ദേശികവിനായകം പിള്ള തുടങ്ങി 260ഓളം മഹാപ്രതിഭകളെയാണ്​ ഈ പരമ്പരയിൽ രേഖപ്പെടുത്തുന്നത്​. ഇവരിൽ പലരെയും പുതിയ തലമുറക്ക്​ അറിയുകയേ ഇല്ല. അതിനാൽതന്നെ തമിഴ്​ സംസ്കാരത്തിനും ചരിത്രത്തിനുമുള്ള എന്‍റെ എളിയ സംഭാവന കൂടിയാണ്​ ഈ ഉദ്യമം. എത്രത്തോളം ഇത്​ പൂർത്തിയാക്കാനാകുമെന്ന്​ അറിയില്ല. നമുക്ക്​ വയസ്സാകുന്നു. ഇനിയും ഒരുപാട്​ മുന്നോട്ടുപോകാനുണ്ട്​. കാലച്ചുവട്​ പതിപ്പകമാണ്​ ഈ സീരീസ്​ പുറത്തിറക്കുന്നത്​.

 

തമിഴ്​ ഫോക്​ കലയിലെ മഹാത്മാഗാന്ധി ആണല്ലോ ഇപ്പോഴത്തെ അങ്ങയുടെ ഗവേഷണ വിഷയം. അതെന്തുകൊണ്ടാണ്​ മറ്റു ഭാഷകളിൽനിന്നും ഇടങ്ങളിൽനിന്നും വ്യത്യസ്തമാകുന്നത്​?

ചിന്തുപാട്ട്​ എന്നൊരു നാടോടി സംഗീതരൂപം തമിഴിലുണ്ട്​. ’48ൽ ഗാന്ധിജിയുടെ കൊലപാതകം സംഭവിച്ചതിന്​ പിന്നാലെ ഒരുപാട്​ ദുഃഖച്ചിന്തുകൾ തമിഴിൽ ഉണ്ടായി. അതിനും മുമ്പ്​ യേർവാദ ജയിലിൽ ഗാന്ധി നിരാഹാരം അനുഷ്ഠിക്കുമ്പോൾ ഐക്യദാർഢ്യവുമായി ഉണ്ണാവ്രതച്ചിന്തുകൾ രചിക്കപ്പെട്ടു. ഉപ്പുസത്യഗ്രഹം, ദണ്ഡിയാത്ര തുടങ്ങി ഗാന്ധിജിയുടെ ജീവിതത്തിലെ മിക്ക സംഭവങ്ങളിലും ഇത്തരത്തിലും നാടൻ കാവ്യങ്ങൾ രചിക്കപ്പെട്ടു. ഫോക്​ ആർട്ടിസ്റ്റുകളാണ്​ ഇവയൊക്കെ എഴുതുന്നത്. ഇന്ത്യയിൽ മറ്റെവിടെയെങ്കിലും ഫോക്​ ​രംഗത്ത്​ ഇങ്ങനെയൊരു തരംഗം ഉണ്ടായിരുന്നുവോ എന്ന്​ ഉറപ്പില്ല. തെലുഗുവിൽ ചെറിയതോതിലുണ്ട്​. മലയാളത്തിൽ ഉള്ളതായി അറിവിലില്ല.

ഇവക്ക്​ വലിയ കാവ്യനിലവാരം ഒന്നും ഉണ്ടെന്ന്​ പറയാനാകില്ല. പക്ഷേ, സാധാരണക്കാരന്‍റെ ആധികളും സ്വപ്നങ്ങളും അതിൽ നിറഞ്ഞുനിന്നിരുന്നു. അത്തരത്തിൽ കുറഞ്ഞത്​ 26 കാവ്യങ്ങളുടെ രേഖകളുണ്ട്​. എന്‍റെ കൈയിൽ കിട്ടിയത്​ എട്ടെണ്ണം മാത്രമാണ്​. ചെന്നൈ താരാമണിയിലെ റോജ മുത്തയ്യ ലൈബ്രറിയിലെ ആർക്കൈവ്സിൽനിന്ന്​ അടുത്തിടെ നാലെണ്ണം കിട്ടി. ഇനിയും ഒരുപാട്​ കിട്ടാനുണ്ട്​. അതിനുള്ള അന്വേഷണത്തിലാണ്​. അതിനായി തമിഴ്​ ഹിന്ദു പത്രത്തിൽ രണ്ട്​ തവണ ലേഖനം എഴുതിയിരുന്നു. ആരുടെയെങ്കിലും പക്കൽ ഈ കാവ്യങ്ങൾ ഉണ്ടെങ്കിൽ നൽകണ​മെന്ന്​ പൊതുജനങ്ങളോട്​ അതുവഴി അഭ്യർഥിച്ചിരുന്നു. ഒരെണ്ണം അങ്ങനെ കിട്ടിയതാണ്​.

നഗരങ്ങളിൽനിന്നകന്ന തീർത്തും ഉൾ​നാടൻ ഗ്രാമങ്ങളിലും അക്കാലത്ത്​ ഗാന്ധിയെ കുറിച്ച്​ ആളുകൾ പാടുമായിരുന്നു. വെറും സാധാരണക്കാരാണ്​ ഈ പാടുന്നത്​. അവർക്കൊക്കെ ഗാന്ധിയെ വലിയ മതിപ്പായിരുന്നു. സ്വാതന്ത്ര്യസമരത്തെ കുറിച്ച്​ അറിയുന്നതും ഇട​പെട്ടതുമെല്ലാം വലിയ സമ്പന്നരും കോൺഗ്രസുകാരും പഠിച്ചവരും സാഹിത്യകാരൻമാരും മാത്രമായിരുന്നില്ല. ഈ നാട്ടിലെ അക്ഷരാഭ്യാസം ഇല്ലാത്തവരും കർഷകരും പാവപ്പെട്ടവരുമെല്ലാം അതിലുണ്ടായിരുന്നു. അതൊന്നും അങ്ങനെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടാവില്ല. നമ്മുടെ സ്വാതന്ത്ര്യപ്രസ്ഥാനത്തിൽ സാധാരണക്കാരന്‍റെ ഇടം എവിടെയാണെന്ന്​ രേഖപ്പെടുത്തുന്ന അത്യപൂർവ രേഖകളാണ്​ തമിഴിലെ ചിന്തുപാട്ടുകൾ.

നാടകങ്ങളിൽ ഗാന്ധിയുണ്ട്​. അത്​ പലയിടത്തും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്​. വലിയ കവികളുടെ കവിതകളുണ്ടായിട്ടുണ്ട്. അതൊക്കെ എല്ലാവർക്കും അറിയാം. വിദ്യാസമ്പന്നർ രചിച്ച ആ കവിതകൾക്കപ്പുറത്ത്​ അത്രയും സൗകര്യങ്ങളില്ലാത്ത മനുഷ്യരും തങ്ങളാൽ കഴിയുന്നത്​ ചെയ്തിരുന്നു. ഈ ​ഫോക്​ കലാകാരൻമാരുടെ സംഭാവനകൾ പക്ഷേ, എവിടെയാണ്​ നമ്മൾ കേട്ടിട്ടുള്ളത്​. നാടുകളിൽ ചൊല്ലപ്പെടുന്ന ഈ കവിതകൾ പിന്നീട്​ ലഘുലേഖകൾപോലെ കുറഞ്ഞ ചെലവിൽ അച്ചടിക്കപ്പെടും. അതിങ്ങനെ വ്യാപകമായി ഗ്രാമങ്ങളിൽ പ്രചരിക്കും. 1920കൾ മുതലുള്ള ഇത്തരം കവിത ലഘുലേഖകളാണ്​ കിട്ടിയത്​. പഠനകാലത്ത്​ ഗാന്ധിയൻ സ്​റ്റഡീസിൽ ഡിപ്ലോമ നേടിയിരുന്നു​. അന്നേ ഗാന്ധിയൻ ചിന്തയിലും ചരിത്രത്തിലും താൽപര്യമുണ്ട്​.

എന്താണ്​ ഈ കാവ്യങ്ങളുടെ താളം. എന്തൊക്കെയാണ്​ അതിൽ സൂചിപ്പിക്കപ്പെടുന്നത്​?

തമിഴിലെ മുരുകൻ സ്തുതി കാവ്യമായ തിരുപ്പുകഴിന്‍റെ പ്രശസ്തമായ താളത്തിലാണ്​ ഗാന്ധിസ്തുതികളും പാടുന്നത്​. ഗാന്ധി കൊല്ലപ്പെട്ടതിന്​ തൊട്ടുടനെ തന്നെ ഒപ്പാരിപ്പാട്ടുകൾ വലിയ തോതിൽ പ്രചരിക്കാൻ തുടങ്ങി. അതു പൂർണമായും മറ്റൊരു ശാഖയാണ്​. ഗാന്ധിയുടെ മരണത്തെ കുറിച്ച്​ നെഹ്​റുവും ചർച്ചിലും കാമരാജും വലിയ കവികളും പ്രസംഗകരും സാഹിത്യകാരൻമാരും എഴുതിയതും പറഞ്ഞതുമൊക്കെ രേഖയാണ്​. പക്ഷേ, അതിലും വലിയ ഹൃദയവേദനയാണ്​ ഈ നാട്ടി​ലെ സാധാരണക്കാരനും ആശ്രയമറ്റവരും അനുഭവിച്ചത്​. അവന്‍റെ കണ്ണിൽ ദൈവതുല്യനായിരുന്നു ഗാന്ധി. അവർ എങ്ങനെയാണ്​ ആ മരണത്തെ കണ്ടിരിക്കുക എന്ന അന്വേഷണമാണ്​ എന്നെ ഇതിലേക്ക്​ നയിച്ചത്​. പത്തുവർഷം മുമ്പ്​ തമിഴ്​ ഹിന്ദു പത്രം പ്രസിദ്ധീകരണം ആരംഭിച്ചത്​ മുതൽ ഈ വിഷയം എഴുതുന്നുണ്ട്​. അങ്ങനെയാണ്​ കൂടുതൽ കാവ്യങ്ങൾ കിട്ടാൻ തുടങ്ങിയത്​. അതിൽ ചില വരികൾ ഇങ്ങനെയൊക്കെയാണ്​:

‘‘കപ്പൽ കരൈ സേർന്തതെന്‍റു

കരൈയിലേ പാർത്തോമേ

കപ്പലൈ കവിഴ്​ത്തിവിട്ടാൻ

കൊലകാര ഗോഡ്സേയും

തോണിതുറൈ സേരുതെന്‍റു

തോതാക നിക്കയി​ലേ

തുപ്പാക്കി ഗുണ്ടാലേ

പോട്ടുവിട്ടാൻ ഉൻമേലേ.’’

ഇന്ത്യക്ക്​ സ്വാതന്ത്ര്യം ലഭിച്ചുകഴിഞ്ഞിരിക്കുന്നു. കഠിനമായ യാത്രക്കൊടുവിൽ കപ്പൽ കരയണഞ്ഞിരിക്കുന്നു. ഇനി ഈ ആ കപ്പലിന്‍റെ ആവശ്യമെന്താണ്​. ആ കപ്പലിനെ മുക്കുക തന്നെ. ഗോദ്​െസയെന്ന കൊലപാതകി ​വെടിയുണ്ടകൾ ഗാന്ധിയുടെ ശരീരത്തിലേക്ക്​ പായിക്കുമ്പോൾ സംഭവിച്ചതും ഇതുതന്നെയെന്ന്​ പാടുകയാണ്​ അജ്ഞാതനാമാവായ ഈ നാടോടി കവി. ഈ കവി നിരക്ഷരനായിരിക്കാം. പക്ഷേ, അയാളുടെ കൽപനയും ഗാന്ധി സ്​നേഹവും ഒരു മഹാകവിക്കും പിന്നിലല്ല.

‘‘ഇടുപ്പിലേ വാച്ചുകെട്ടി, കൈയിലേ കമ്പുവെച്ച്​

മെത്തയിലേ വീറ്റിരുന്താ മെത്തക്ക്​ അലങ്കാരം

ഗാന്ധി കുല്ലാ വച്ചവു കുടിയേ പക്കം നിന്‍റു

കൈറാട്ട നൂർത്തിക്കിട്ടു ഗാന്ധി ഗാന്ധി എന്‍റാലേ

റാട്ടുക്കലങ്കാരം - ഇന്ത നാട്ടുക്കലങ്കാരം

സന്തന കട്ടവെട്ടി ഗോപുരം പോൽ തേർ മുടിച്ചു

തേരുമേലേറി സിവലോകം പോകൈയിലേ

തരയിലേ പോന രഥം തങ്കരഥം ഏതുമ്പാ

മഹാത്​മാ വീറ്റിരിക്കും വെള്ളിരഥം പോതുമ്പാ.’’

ഗാന്ധിയുടെ വിലാപയാത്രയെ കുറിച്ചും സംസ്കാരത്തെ കുറിച്ചും അജ്ഞാതനാമാവായ നാടോടി കവി പാടുകയാണ്​. അയാൾക്ക്​ ഡൽഹിയിൽ എങ്ങനെയാണ്​ സംസ്​കാരം നടന്നതെന്നൊന്നും അറിയില്ല. അയാൾ പത്രമൊന്നും വായിക്കുന്ന ആളല്ല, റേഡിയോ കേട്ടിട്ടില്ല. അയാൾ തനിക്ക്​ അറിയാവുന്നതുപോലെ തന്‍റെ ഭാവനക്ക്​ അനുസരിച്ച്​ ആ സംസ്കാരത്തെ വിഭാവനംചെയ്യുകയാണ്. അതിൽ ചന്ദന കട്ടയിലെ ചിതയും പടുകൂറ്റൻ തേരും തങ്കരഥത്തിലെ ​വിലാപയാത്രയുമൊക്കെ കടന്നുവരുന്നു. അദ്ദേഹത്തിന്​ ആകെ അറിയാവുന്നത്​ ഗാന്ധിജിയെ വെടിവെച്ചു കൊന്നിരിക്കുന്നു എന്ന്​ മാത്രമാണ്​.

കൊലപാതകിയായ ഗോദ്​െസയെ മാത്രമല്ല, അയാളുടെ ഭാര്യയെയും കുടുംബത്തെയും വരെ കവി പിന്നീട്​ ശപിക്കുന്നു. നല്ലതങ്കാളിലെ യുവതിയുടെ മരണത്തിന്​ കാരണക്കാരിയായ സഹോദരഭാര്യക്കു മേൽ അവിടെ ​ചൊരിയുന്ന അതേ ശാപവചനങ്ങൾ ഗോദ്സെയുടെ ഭാര്യക്കുമേലും ചാർത്തപ്പെട്ടു. തിളപ്പിച്ച ചുണ്ണാമ്പുവെള്ളം ഒഴിച്ച്​ ഗോദ്സെയെയും ഭാര്യയെയും കൊല്ലണമെന്നാണ്​ കവി പറയുന്നത്​. ശരീരം പൊള്ളി, ചർമവും മാംസവും അടർന്ന്​ ദാരുണമായി മരണം സംഭവിക്കും.

ഗോദ്സെ വിവാഹം കഴിച്ചിരു​ന്നോ എന്നുപോലും എഴുതിയ ആൾക്ക്​ അറിയില്ല. അയാളെ നയിക്കുന്നത്​ ഗാന്ധിയുടെ കൊലപാതകം ഉള്ളിലുണ്ടാക്കിയ വേവ്​ മാത്രമാണ്​. അയാൾക്ക്​ പരിഷ്കൃതവും സംസ്കൃതവുമായ ഭാഷയൊന്നും വശമില്ല. ഊരിലും വയലിലും തെരുവിലും പറയുന്ന ഭാഷയാണ്​ അയാളുടെ നാവിൽ വരിക. റോജ മുത്തയ്യ ലൈബ്രറിയെ കുറിച്ച്​ നേരത്തേ സൂചിപ്പിച്ചു.

അ.ക. പെരുമാൾ

 

തമിഴ്​ ഭാഷക്ക്​ അവർ നൽകുന്ന സേവനം എല്ലാവർക്കും അറിയാം. അവിടെ ഒരു പഴയ മലയാളം രചന കണ്ടതായി മുമ്പൊരിക്കൽ സംസാരിക്കുമ്പോൾ താങ്കൾ സൂചിപ്പിച്ചത്​ ഓർക്കുന്നു. അതെന്താണ്​?

റോജ മുത്തയ്യ ചെട്ടിയാർ കാരക്കുടിയിൽ ലൈബ്രറി നടത്തുമ്പോഴേ ഞാനവിടെ പോയിട്ടുണ്ട്​; ’80കളുടെ തുടക്കത്തിൽ. അങ്ങനെയൊരു സന്ദർശനത്തിനിടെയാണ്​ മലയാളത്തിലെ നൂറുവർഷം പഴക്കമുള്ള ഒരു പദ്യകൃതി ശ്രദ്ധയിൽപ്പെട്ടത്​. പാറശ്ശാലയിൽനിന്ന്​ അച്ചടിച്ച അതിന്‍റെ പേര്​ ‘അപ്പുക്കുട്ടനെ ആന കൊന്ന കഥ’ എന്നായിരുന്നു. തമിഴിലും മലയാളത്തിലും അത്​ അച്ചടിക്കപ്പെട്ടിരുന്നു. ശുചീന്ദ്രം ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ഒരു കൊമ്പനാന ഇടയുന്നു. മദംപൊട്ടിയ ആന പ്രദേശത്ത്​ ഭീതി വിതച്ച്​ പഴയാറിലേക്ക്​ ചാടി. ആറ്റിൽനിന്ന്​ ആനയെ കയറ്റാനോ തളയ്ക്കാനോ കഴിയാതെ നാടു മുഴുവൻ ഭീതിയിലാണ്ടു.

ആനയെ മെരുക്കുന്നതിൽ പേരുകേട്ട പാറശ്ശാലക്കാരനാണ്​ അപ്പുക്കുട്ടൻ. അയാളെ വിളിച്ചുവരുത്തി. പഴയാറ്റിന്​ മുകളിലെ പാലത്തിൽനിന്ന്​ കയറിൽ തൂങ്ങി ആനക്ക്​ മുകളിലേക്ക്​ സാഹസികമായി ഇറങ്ങിയ അപ്പുക്കുട്ടൻ അതികഠിനമായ ദൗത്യത്തിനൊടുവിൽ ആനയെ തളച്ചു. പക്ഷേ, ഒടുവിൽ ആന അപ്പുക്കുട്ടനെ തുമ്പിക്കൈയിൽ വാരിയെടുത്തു, കുത്തിക്കൊല്ലുന്നു. ഈ കഥയാണത്​. യഥാർഥത്തിൽ ശുചീന്ദ്രത്ത്​ നടന്ന ഈ സംഭവത്തെ കാവ്യരൂപത്തിൽ വിൽക്കാൻവേണ്ടി അച്ചടിച്ചതാണ്. അതൊക്കെ പിന്നീട്​ മലയാളത്തിൽ എവിടെയെങ്കിലും പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്ന്​ അറിയില്ല.

ഈ നിലയിൽ തമിഴ്​നാട്ടിലെങ്ങും പ്രാദേശികമായ സംഭവങ്ങളെ എരിവും പുളിയും തൊങ്ങലുമൊക്കെ ചേർത്ത്​ കാവ്യങ്ങളാക്കി പ്രസിദ്ധീകരിക്കും. കൂടുതലും കൊലപാതക, അക്രമ സംഭവങ്ങളാണ്​. കൊലച്ചിന്ത്​ എന്നാണ്​ ഇത്​ അറിയപ്പെടുന്നത്​. ഇതൊക്കെ ചെറിയ വിൽപന മേളകളിൽ ചൊല്ലും. മയിലെണ്ണ, കായത്തിരുമേനി എണ്ണ തുടങ്ങിയ നാട്ടുവൈദ്യങ്ങളും ഇതിനൊപ്പം വിൽക്കപ്പെടും. ഏതാണ്ട്​ 1960കൾ വരെ ഈ രീതികളൊക്കെ സജീവമായിരുന്നു. വലിയതോതിൽ വായനക്കാരുണ്ടായിരുന്നു ഇത്തരം രചനകൾക്ക്​. ഇതിന്​ സമാന്തരമായാണ്​ നേരത്തേ പറഞ്ഞ സ്വാതന്ത്ര്യസമര, ഗാന്ധി ഫോക്​ സാഹിത്യവും വികസിച്ചത്​.

News Summary - A.K. Perumal is the historian of Nanchinad