ഗസ്സയിലും ഇന്ത്യയിലും ട്രംപ് വിതച്ച റിയൽ എസ്‌റ്റേറ്റ് വിത്തുകൾ

ലോകമെങ്ങും അമേരിക്ക പുതിയ തന്ത്രങ്ങൾ പയറ്റുകയാണിപ്പോൾ. ഗസ്സയിലും ഇന്ത്യയിലുമെല്ലാം ഒരേ കച്ചവടക്കണ്ണുകൾ. എന്താണ് അമേരിക്ക പശ്ചിമേഷ്യയിലും ഗസ്സയിലും ഇന്ത്യയിലുമെല്ലാം വിതക്കുന്നത്? ദുര എന്താണ് സൃഷ്ടിക്കുക? പാരിസ് സയൻസസ് പോയിലെ മധ്യപൂർവ ദേശപഠന വിഭാഗം പ്രഫസറും ചരിത്രകാരനുമായ ജീൻ-പിയറി ഫിലിയു, കൊളംബിയ, ജോർജ്‌ടൗൺ സർവകലാശാലകളിൽ വിസിറ്റിങ് പ്രഫസറുമായിരുന്നു. അഫ്ഗാനിസ്താനിലെയും ലബനാനിലെയും മാനുഷിക ദൗത്യങ്ങൾക്കുശേഷം 1988-2006 കാലയളവിൽ ഫ്രഞ്ച് വിദേശ മന്ത്രാലയത്തിൽ പ്രവർത്തിച്ചു. ജോർഡൻ, സിറിയ, തുനീഷ്യ, അമേരിക്ക എന്നിവിടങ്ങളിൽ നിയമിതനായി. ‘ഗസ്സ: എ ഹിസ്റ്ററി, ഫ്രം ഡീപ് സ്റ്റേറ്റ് ടു...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ലോകമെങ്ങും അമേരിക്ക പുതിയ തന്ത്രങ്ങൾ പയറ്റുകയാണിപ്പോൾ. ഗസ്സയിലും ഇന്ത്യയിലുമെല്ലാം ഒരേ കച്ചവടക്കണ്ണുകൾ. എന്താണ് അമേരിക്ക പശ്ചിമേഷ്യയിലും ഗസ്സയിലും ഇന്ത്യയിലുമെല്ലാം വിതക്കുന്നത്? ദുര എന്താണ് സൃഷ്ടിക്കുക?
പാരിസ് സയൻസസ് പോയിലെ മധ്യപൂർവ ദേശപഠന വിഭാഗം പ്രഫസറും ചരിത്രകാരനുമായ ജീൻ-പിയറി ഫിലിയു, കൊളംബിയ, ജോർജ്‌ടൗൺ സർവകലാശാലകളിൽ വിസിറ്റിങ് പ്രഫസറുമായിരുന്നു. അഫ്ഗാനിസ്താനിലെയും ലബനാനിലെയും മാനുഷിക ദൗത്യങ്ങൾക്കുശേഷം 1988-2006 കാലയളവിൽ ഫ്രഞ്ച് വിദേശ മന്ത്രാലയത്തിൽ പ്രവർത്തിച്ചു. ജോർഡൻ, സിറിയ, തുനീഷ്യ, അമേരിക്ക എന്നിവിടങ്ങളിൽ നിയമിതനായി. ‘ഗസ്സ: എ ഹിസ്റ്ററി, ഫ്രം ഡീപ് സ്റ്റേറ്റ് ടു ഇസ്‍ലാമിക് സ്റ്റേറ്റ്’, ‘അപ്പോക്കലിപ്സ് ഇൻ ഇസ്‍ലാം’, ‘അൺ ഹിസ്റ്റോറിയൻ എ ഗസ്സ’ തുടങ്ങിയവ പ്രധാന കൃതികൾ. മധ്യപൂർവ ദേശത്തിന്റെ ചരിത്രം വിശകലനം ചെയ്‌ത ലോകത്തിലെ മുൻനിര ആധികാരിക അക്കാദമിക വിദഗ്ധരിൽ ഒരാളായ ഫിലിയു, ഗസ്സ വിഷയത്തിൽ ആഴത്തിലുള്ള ഗവേഷണം നടത്തി. 2024 ഡിസംബറിൽ അവിടെയെത്തിയപ്പോൾ ഒന്നും തിരിച്ചറിയാനായില്ല. ദിശാബോധം പൂർണമായും നഷ്ടപ്പെട്ടു.
തെരുവുകൾ, നടപ്പാതകൾ, കെട്ടിടങ്ങൾ തുടങ്ങി മുഴുവൻ പട്ടണങ്ങളും –അവശിഷ്ടങ്ങളുടെ വൻകൂമ്പാരം. തനിക്കറിയാവുന്ന ഗസ്സ നിലവിലില്ല. ആയിരക്കണക്കിന് വർഷങ്ങളായി അത് മരുപ്പച്ചയായിരുന്നുവെന്ന് ഇതുപോലൊരു തരിശുഭൂമി മറക്കാൻ ഇടയാക്കും. ഫിലിയു ഒരു മാസം തങ്ങി. ആ അനുഭവങ്ങളാണ് 2025 മേയിൽ ഫ്രാൻസിൽ പ്രസിദ്ധീകരിച്ച ‘അൺ ഹിസ്റ്റോറിയൻ എ ഗസ്സ’. യുക്രെയ്ൻ മുതൽ അഫ്ഗാനിസ്താൻ വരെ, സിറിയ, ഇറാഖ്, സോമാലിയ വഴി ഒട്ടേറെ യുദ്ധമേഖലകളിൽ മുമ്പ് സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇതുപോലൊന്ന് ഒരിക്കലും കണ്ടിട്ടില്ല. ആ ഭയാനക രംഗത്തേക്ക് അന്താരാഷ്ട്ര മാധ്യമങ്ങളെ വിലക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലായെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഗസ്സയെക്കുറിച്ച് ആളുകൾക്ക് ഉണ്ടായിരുന്ന ചിത്രം കാരിക്കേച്ചറിന്റേതായിരുന്നു, 1980ൽ താൻ ആദ്യമായി എത്തിയപ്പോൾ നല്ല ആളുകളുള്ള ഉജ്ജ്വല സ്ഥലമായിരുന്നു. ഇസ്രായേലി അന്ധതയുടെ ദാരുണ അനന്തരഫലങ്ങളിലൊന്ന്, ഹമാസിനെ എതിർക്കുന്നവർക്കുപോലും നൽകുന്ന മാരക പ്രഹരമാണെന്ന് ഫിലിയു നിരീക്ഷിച്ചു. ഉപരോധിക്കപ്പെട്ട എൻക്ലേവിന്റെ വിശാല ദുരന്തത്തിൽ സംഭവിക്കുന്ന ഏറ്റവും മോശം കാര്യങ്ങളിലൊന്നാണ് അനാഥരുടേത്. ആരോഗ്യ സംവിധാന തകർച്ച.
കുടുംബങ്ങളുടെ തിരോധാനങ്ങൾ. വ്യാപക കൂട്ടക്കൊലയുടെയും ആവർത്തിച്ചുള്ള കുടിയിറക്കത്തിന്റെയും ഭാരം പലതും തകർത്തു. പരിക്കേറ്റ അനാഥരെ ആശുപത്രികളിൽ ഉപേക്ഷിക്കുന്നു, ബന്ധുക്കളില്ല, ആരും അവകാശപ്പെടാൻ എത്തുന്നുമില്ല. മാലിന്യക്കൂമ്പാരങ്ങളാണ് തെരുവുകുട്ടികളുടെ ആശ്രയം. ഇന്ധനമായി വിൽക്കാൻ നൈലോണും പാഴ്‌മരങ്ങളും വൃത്തിയാക്കുന്നു. 36 ആശുപത്രികൾ ബോംബാക്രമണങ്ങളിൽ ദുരിതത്തിലായി. ചിലവ ആഘാതങ്ങളിൽനിന്ന് കരകയറി കടുത്ത സാഹചര്യങ്ങളിലും പ്രവർത്തനം പുനരാരംഭിച്ചു. മരുന്ന്, വേദനസംഹാരി, ഉപകരണങ്ങൾ എന്നിവയുടെ ക്ഷാമമുണ്ടായിട്ടും ആരോഗ്യ പ്രവർത്തകരുടെ ധൈര്യവും പരിചയവും ചികിത്സ തുടരാൻ സഹായിച്ചു. അത്തരം സമർപ്പണത്തിന് കനത്ത വില നൽകേണ്ടിയും വന്നു. ആയിരത്തിലേറെ ആരോഗ്യപ്രവർത്തകർ വധിക്കപ്പെട്ടു. ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്നത് ആദ്യം ഓടിയെത്തുന്നവരാണ്.
ഗസ്സയിൽ ശക്തമായ സർവകലാശാലകളും ബൗദ്ധികവൃത്തങ്ങളും കലാകാരന്മാരും റാപ് ഗ്രൂപ്പുകളുമുണ്ടായിരുന്നു. അവർക്കാർക്കും ഹമാസിനോട് അനുകമ്പയില്ല. അതിന്റെ പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹിക്കാത്ത സിവിൽ സമൂഹത്തെയും പരിചയപ്പെട്ടു. ഗസ്സ ഭാവിയുടെ പരീക്ഷണശാലയാണ്. അതൊരു പ്രാദേശിക സംഘർഷമല്ല, നാളെയിലേക്കുള്ള നേർക്കാഴ്ച. ഭീതിയിൽ മുങ്ങുമ്പോഴും പ്രതീക്ഷ നൽകിയത് സ്ത്രീകളുടെയടക്കം ധൈര്യവും അന്തസ്സും. മനുഷ്യത്വം ഏറക്കുറെ കേടുകൂടാതെ സംരക്ഷിച്ചതിന് അവർ ആദരമർഹിക്കുന്നു. എന്നാൽ, ലോകം വളരെക്കാലമായി അവരെ ഉപേക്ഷിച്ചിരിക്കയാണ്. ഗസ്സ ലോകത്തിലേക്ക് മടങ്ങുകയും ലോകം ഗസ്സയിലേക്ക് മടങ്ങുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതം. അന്താരാഷ്ട്ര നിയമം, അടിസ്ഥാന മനുഷ്യാവകാശങ്ങൾ, ജനീവ കൺവെൻഷൻ തുടങ്ങിയവയെല്ലാം ഒരു മടിയും കൂടാതെ വലിച്ചെറിയപ്പെടുകയും ക്രമരഹിതവും അക്രമാസക്തവുമായ ശക്തിയാൽ മാറ്റിസ്ഥാപിക്കപ്പെടുകയും ചെയ്യുന്ന സ്ഥലമാണ് കണ്ടതെന്നാണ് ഫിലിയുവിന്റെ ദീർഘനിശ്വാസം.

റൈബാകിന്റെ നിരീക്ഷണങ്ങൾ
ഹേഗിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹിസ്റ്റോറിക്കൽ ജസ്റ്റിസ് ആൻഡ് റീകൺസിലിയേഷനിലെ ചരിത്രകാരനായിരുന്ന തിമോത്തി വെർണിഗ് റൈബാക്, പാരിസിലെ അക്കാദമി ഡിപ്ലോമാറ്റിക് ഇന്റർനാഷനൽ ഡെപ്യൂട്ടി സെക്രട്ടറി ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിനുമുമ്പ് ഹാർവഡ് സർവകലാശാലയിൽ ലെക്ചറർ. ‘ന്യൂയോർക്കർ’, ‘ന്യൂയോർക് ടൈംസ്’, ‘വാൾസ്ട്രീറ്റ് ജേണൽ’ തുടങ്ങിയവയിൽ യൂറോപ്യൻ ചരിത്രം, രാഷ്ട്രീയം, സംസ്കാരം എന്നിവ മുൻനിർത്തി എഴുതിയിട്ടുമുണ്ട്. 2008ൽ ഇറങ്ങിയ ‘ഹിറ്റ്‌ലേഴ്‌സ് പ്രൈവറ്റ് ലൈബ്രറി: ദി ബുക്‌സ് ദാറ്റ് ഷേപ്ഡ് ഹിസ് ലൈഫ്’ (2010) പഠനം ലോകപ്രശസ്‌തം.
‘ദി ലാസ്റ്റ് സർവൈവർ: ലെഗസീസ് ഓഫ് ഡാച്ചൗ’ 2000ൽ ‘ന്യൂയോർക് ടൈംസ്’ ശ്രദ്ധേയ പുസ്തകമായി തിരഞ്ഞെടുത്തു. 2024ലെ ‘ടേക്ക് ഓവർ: ഹിറ്റ്‌ലേഴ്‌സ് ഫൈനൽ റൈസ് ടു പവർ' വെയ്മർ റിപ്പബ്ലിക്കിന്റെ അന്ത്യദിനങ്ങളും നാസി ജർമനിയിലെ പരിവർത്തനങ്ങളും പര്യവേക്ഷണംചെയ്‌തു. 1920കളിലും ’30കളുടെ ആരംഭത്തിലും ‘ഹിറ്റ്ലർ ബ്രാൻഡ്’ മുതലാളിമാർക്കും കോർപറേറ്റ് മേധാവികൾക്കും വെറുപ്പായിരുന്നുവെന്ന് റൈബാക് നിരീക്ഷിച്ചിട്ടുണ്ട്. അധികാരം ഏറ്റെടുത്തതിന് പിന്നാലെ പരിഹസിച്ചുപോന്ന വ്യവസായികൾ, ബാങ്കർമാർ, ധനകാര്യ വിദഗ്ധർ തുടങ്ങിയവരുമായി അടുത്ത ബന്ധത്തിന് ശ്രമിച്ചു. ഒരുകാലത്ത് ഹിറ്റ്ലറെ അകറ്റിനിർത്തിയ കോർപറേറ്റുകൾ ഇടതുപക്ഷത്തിനെതിരായ ഫലപ്രദമായ ശക്തിയായി അയാളെ സ്വാഗതം ചെയ്തു. മെഴ്‌സിഡസ് ബെൻസ് ഹിറ്റ്‌ലർക്കും മുഖ്യ സഹചാരികൾക്കും ബുള്ളറ്റ് പ്രൂഫ് സെഡാനുകൾ നൽകി. ഹ്യൂഗോ ബോസ് നാസി സേനക്കുവേണ്ടി കറുത്ത യൂനിഫോമുകൾ രൂപകൽപന ചെയ്തു. മൈൽ യുദ്ധോപകരണങ്ങൾ നിർമിച്ചു. അലയൻസ് കോൺസെൻട്രേഷൻ ക്യാമ്പുകൾക്ക് ഇൻഷുറൻസ് നൽകി.ജെ.എ.ടോഫ് ആൻഡ് സൺസ് ശ്മശാന ഓവനുകൾ പണിതു.
ഹിറ്റ്‌ലർ ഭരണത്തെ എല്ലാ വിധേനയും സഹായിച്ച വ്യവസായികളുടെ നിക്ഷേപത്തിൽ അപ്രതീക്ഷിത വരുമാനമുണ്ടാക്കിയത് അടിമപ്പണി. 1940കളിൽ ഒരു ഇലക്ട്രോണിക്സ് കമ്പനി അങ്ങനെ കിട്ടിയ മുക്കാൽ ലക്ഷത്തിലേറെ പേരെ അടിമവേലക്ക് നിയമിച്ചു. കൂറ്റൻ കെമിക്കൽ-ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഐ.ജി ഫാർബെൻ ഹിറ്റ്‌ലറുടെ ഉയർച്ചക്ക് ശക്തമായ പിന്തുണ നൽകി. ലാഭം കൊയ്യാൻ അടിമപ്പണിയെ ഉപയോഗപ്പെടുത്തുകയുംചെയ്‌തു. പകരം നാസി ഉന്മൂലന കേന്ദ്രങ്ങളിലേക്കുള്ള കൊലപാതക ഏജന്റായ സൈക്ലോൺ ബി സയനൈഡ് അധിഷ്ഠിത കീടനാശിനി കൈമാറി. അക്കാലത്ത് ലോകത്ത് കുപ്രസിദ്ധി നേടിയ കമ്പനി 1933ൽ ജർമനി നാസി ചവിട്ടടിയിലായശേഷം പ്രധാന സർക്കാർ കരാറുകാരനായി. ആ ദശകത്തിലുടനീളം അത് ജൂത ജീവനക്കാരെ അകറ്റിനിർത്തി.
1931-1933 കാലയളവിൽ ഹിറ്റ്‌ലർക്ക് വാരിക്കോരി പണം നൽകി. 1933ൽ വിജയത്തിലേക്ക് നയിച്ച നാസി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഏറ്റവും വലിയ ഒറ്റ സംഭാവന അതിന്റേതായിരുന്നു. ഹെർമൻ ഗോറിങ്ങിന്റെ ഉത്തരവ് ശിരസ്സാവഹിച്ച് ബോർഡിലെ ജൂതർ രാജിവെക്കുകയും ജൂത ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. ചില വ്യവസ്ഥകൾ പാലിച്ചാലേ ജർമൻ കമ്പനികൾക്ക് വിദേശ നിർമാണത്തിനും വാങ്ങലുകൾക്കും ധനസഹായം നൽകൂവെന്ന ഉത്തരവുമിറങ്ങി. ജൂതന്മാരെ നിയമിക്കുന്നില്ലെന്ന ഉറപ്പാക്കലും അതിലുൾപ്പെട്ടു. 1945ൽ യുദ്ധാന്ത്യത്തോടെ സഖ്യകക്ഷികൾ കമ്പനി പിടിച്ചെടുത്ത് ഡയറക്ടർമാരെ ചോദ്യംചെയ്തു. അവരിൽ 23 പേരെ ന്യൂറംബർഗിൽ യുദ്ധക്കുറ്റങ്ങൾക്ക് വിചാരണചെയ്‌ത് 13 പേരെ ശിക്ഷിച്ചു. റീഷിന് ആയുധങ്ങൾ വിതരണംചെയ്ത, ‘പീരങ്കി രാജാവ്’ എന്നറിയപ്പെട്ട ഗുസ്താവ് ക്രുപ്പ് വോൺ ബോഹ് ലൻ വിചാരണ നേരിടാനാവാത്തവിധം രോഗിയായിരുന്നു. അയാളുടെ മകനും 11 ക്രുപ്പ് കോർപറേറ്റ് ഡയറക്ടർമാർക്കുമെതിരെ യുദ്ധക്കുറ്റങ്ങൾ ചുമത്തി –അങ്ങനെ ഹിറ്റ്‌ലറെ സഹായിച്ച കോർപറേറ്റ് നേതാക്കൾക്കും കമ്പനികൾക്കും സംഭവിച്ച വിനാശകരമായ അനന്തരഫലങ്ങളും പരിശോധിച്ച റൈബാക്, ധാർമിക ദുരന്തത്തിന് പ്രേരണ നൽകിയതിലെ പങ്ക് എടുത്തുകാട്ടുകയും ചെയ്‌തു.

ഹാർട്ട്‌ഫീൽഡിന്റെ ഉജ്ജ്വല കാർട്ടൂൺ
കലയെ രാഷ്ട്രീയായുധമായി പ്രയോഗിക്കുന്നതിന് തുടക്കമിട്ട ജർമൻ കലാകാരൻ ജോൺ ഹാർട്ട്ഫീൽഡിന്റെ പ്രശസ്ത ഫോട്ടോ മൊണ്ടാഷുകൾ ഫാഷിസ്‌റ്റ് വിരുദ്ധ പ്രസ്താവങ്ങളായിരുന്നു. സോഷ്യലിസ്റ്റ് എഴുത്തുകാരൻ ഫ്രാൻസ് ഹെർസ്ഫെൽഡിന്റെയും ടെക്സ്റ്റൈൽ തൊഴിലാളിയും രാഷ്ട്രീയ പ്രവർത്തകയുമായ നീ സ്റ്റോൾസെൻബർഗിന്റെ മകനായി 1891 ജൂൺ 19ന് ബർലിനിലായിരുന്നു ജനനം. 1933 ഏപ്രിലിൽ നാസികൾ അധികാരത്തിൽ വരുംവരെ അവിടെ തങ്ങി. ഹിറ്റ്‌ലർ സേന അപ്പാർട്െമന്റിൽ അതിക്രമിച്ചു കയറിയതിനാൽ ചെക്കോസ്ലോവാക്യയിലേക്ക് പലായനംചെയ്തു. മടങ്ങിവന്ന് പ്രമുഖ നാടക സംവിധായകരുമായി അടുത്ത് പ്രവർത്തിച്ചു. ബെർതോൾഡ് ബ്രെഹ്‌തിനും ഡേവിഡ് ബെർഗിനുംവേണ്ടി നൂതന സ്റ്റേജ് ഡിസൈനുകൾ ഒരുക്കി. 1930-38 കാലയളവിലെ 240 രാഷ്ട്രീയ കലാ ഫോട്ടോ മൊണ്ടാഷുകളിലൂടെയാണ് ഹാർട്ട്ഫീൽഡ് കൂടുതൽ അറിയപ്പെട്ടത്, പ്രധാനമായും ഫാഷിസത്തെയും നാസിസത്തെയും വിമർശിച്ചവ. 1932ൽ ഇറങ്ങിയ ‘ലെറ്റ്സ് ഡു ഇറ്റ് 20 ഹിറ്റ്‌ലർ സല്യൂട്ട്’ ഇപ്പോഴും ലോകം ഓർമിക്കും. ദശലക്ഷങ്ങൾ പിന്നിൽ നിൽക്കുന്നുവെന്ന അവകാശവാദത്തോടെ വലിയ തുക സ്വീകരിക്കുന്ന ഹിറ്റ്‌ലർ.
നാസി സല്യൂട്ട് അഥവാ ഹിറ്റ്‌ലർ സല്യൂട്ട് അല്ലെങ്കിൽ സീഗ് ഹെയ്ൽ സല്യൂട്ട് ജർമനിയിൽ ആശംസയായി ഉപയോഗിച്ച ആംഗ്യമാണ്. ഇറ്റാലിയൻ ഫാഷിസ്റ്റ് പാർട്ടിയുടെ അഭിവാദനത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് 1926ലാണ് ഔദ്യോഗികമായി അതംഗീകരിച്ചത്. വലതുകൈ തോളിൽനിന്ന് വായുവിലേക്ക് നീട്ടിയാണത് നടത്തുക. സല്യൂട്ട് അർപ്പിക്കുന്ന വ്യക്തി ഹെയ്ൽ ഹിറ്റ്‌ലർ എന്ന് പറയണം. പാർട്ടിയംഗങ്ങൾക്കെല്ലാം നിർബന്ധമാക്കിയ അത് ഒരു വ്യാഴവട്ടം ജർമനിയിലെ എല്ലാ ആശയവിനിമയങ്ങളെയും രാഷ്ട്രീയവത്കരിച്ച പ്രതിഭാസമായി. പോസ്റ്റ്മാന്മാർ കത്തുകളുമായി വാതിലിൽ മുട്ടുമ്പോൾ ആ ആശംസയാണ് ഉപയോഗിച്ചത്. ശിക്ഷകളുണ്ടായിട്ടും ചിലർ സല്യൂട്ടിനെ പരിഹസിക്കാൻ ധൈര്യം കാണിച്ചു. ദശലക്ഷക്കണക്കിനാളുകൾ പിന്നിൽ നിൽക്കുന്നുവെന്ന ആക്ഷേപഹാസ്യ കലാരചനയിൽ ഹാർട്ട്ഫീൽഡ് ഹിറ്റ്‌ലറെ വൻകിട ബിസിനസുമായി ബന്ധിപ്പിച്ചു. ഹിറ്റ്‌ലർ സല്യൂട്ട് എന്നതിന്റെ അർഥം ദശലക്ഷക്കണക്കിനാളുകൾ തന്റെ പിന്നിൽ നിൽക്കുന്നുവെന്നാണ് അടിക്കുറിപ്പ്.

സൈനിക സല്യൂട്ട് നൽകുന്ന ഹിറ്റ്ലർ
ടോർക്കിൽഡ് റീബറിന്റെ നാസി പിന്തുണ
വൻകിട ബിസിനസ് സാമ്രാജ്യങ്ങൾ ഫാഷിസ്റ്റുകൾക്കൊപ്പം അണിനിരക്കുകയും ഫണ്ടുകൾ വിതരണം നടത്തുകയുംചെയ്‌ത എത്രയോ അനുഭവങ്ങളുണ്ട്. അമേരിക്കൻ എണ്ണക്കുത്തക ടോർക്കിൽഡ് റീബർ നാസികളെ സഹായിച്ചത് ലാഭത്തെക്കാൾ മുൻഗണന നൽകിയായിരുന്നു. ‘ടൈം മാഗസ്സി’ന്റെ 1936 മേയ് നാലിന്റെ കവർസ്‌റ്റോറി അതു സംബന്ധിച്ചാണ്. പിന്നീടുള്ള വർഷങ്ങളിൽ സ്‌പെയിനിലെ ജനറൽ ഫ്രാൻസിസ്കോ ഫ്രാങ്കോയും പരിഗണിക്കപ്പെട്ടു. എണ്ണയുടെ മുഖ്യ വിതരണക്കാരനായിരുന്ന ടെക്സാക്കോ ബോർഡിന്റെ മുൻ ചെയർമാൻകൂടിയായ റീബർ അവ പ്രത്യയശാസ്ത്ര പ്രേരിതമല്ലെന്നും മറിച്ച് ബിസിനസ് മാത്രമാണെന്നും പ്രസ്താവിച്ചു. ജനാധിപത്യങ്ങളെക്കാൾ സ്വേച്ഛാധിപതികളെ കൈകാര്യം ചെയ്യുന്നതാണ് വളരെ നല്ലതെന്ന് എപ്പോഴും കരുതി. സ്വേച്ഛാധിപതിക്ക് ഒരിക്കൽമാത്രം കൈക്കൂലി നൽകിയാൽ മതി. ജനാധിപത്യങ്ങളിൽ അത് വീണ്ടുംവീണ്ടും ചെയ്യണമെന്നും കൂട്ടിച്ചേർത്തു. അമേരിക്കൻ വൻകിട ബിസിനസുകാരും ഫാഷിസ്റ്റ് രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം 1920കളിലേ ആരംഭിച്ചു. ബെനിറ്റോ മുസോളിനി ഇറ്റലിയുടെ നിയന്ത്രണം ഏറ്റെടുത്തപ്പോൾ ജെ.പി. മോർഗനെപ്പോലുള്ളവർ സാമ്പത്തിക ബന്ധം വളർത്തി.
വിഭവദരിദ്രമായ ഇറ്റലി ഒന്നാം ലോകയുദ്ധ ചെലവുകളാൽ ഏതാണ്ട് പാപ്പരായിരുന്നു. 15 ലക്ഷത്തിലധികം ജീവൻ നഷ്ടപ്പെട്ടു. മടങ്ങിയെത്തിയ സൈനികരെ വരവേറ്റത്, വിഭജനം, രൂക്ഷമായ തൊഴിലില്ലായ്മ, അവസരക്കുറവ്, കുതിച്ചുയരുന്ന പണപ്പെരുപ്പം തുടങ്ങിയവ. അമേരിക്കയും ബ്രിട്ടനും ഫ്രാൻസും രാജ്യം കൊള്ളയടിച്ചതായി ജനങ്ങളിൽ ഭൂരിഭാഗവും കരുതി. ഇടതുപക്ഷം ബലപ്രയോഗത്തിലൂടെ തോൽക്കപ്പെട്ടു. ഇറ്റാലിയൻ ഫാഷിസവും റോമൻ കത്തോലിക്കാ സഭയും തമ്മിലുള്ള ബന്ധം വിശകലനംചെയ്ത നരവംശ ശാസ്ത്രജ്ഞൻ ഡേവിഡ് കെർട്ട്സർ പറഞ്ഞു, മുസോളിനി സ്വേച്ഛാധിപതിയാകുന്നതിലെ പ്രധാന ഘടകം സഭയായിരുന്നു. അതിന്റെ സഹകരണമില്ലായിരുന്നെങ്കിൽ അങ്ങനെ സംഭവിക്കുമായിരുന്നില്ല. സഭയും രാജവാഴ്ചയും കൈകോർത്ത് ലിബറലുകളെ നിയന്ത്രണത്തിലാക്കി. അധികാരത്തിൽ വന്നയുടൻ പ്രമുഖ പാശ്ചാത്യ ശക്തികളിൽനിന്ന് മുസോളിനിക്ക് ശക്തമായ പിന്തുണ ലഭിക്കാൻ തുടങ്ങി. അട്ടിമറിയെ യു.എസ് അംബാസഡർ റിച്ചാർഡ് വാഷ്ബേൺ ചൈൽഡ് വിശേഷിപ്പിച്ചത്, നല്ല യുവ വിപ്ലവം. അപകടമില്ല, ധാരാളം ആവേശവും നിറവും.
നാമെല്ലാം അത് ആസ്വദിക്കുന്നുവെന്നാണ്. ബ്ലാക്ക്‌ഷർട്ടുകൾ വിചിത്രവും താരതമ്യേന നിരുപദ്രവകരവുമായ ഇറ്റാലിയൻ വിപ്ലവം നടത്തിയെന്നാണ് യു.എസ് മാധ്യമങ്ങൾ അഭിപ്രായപ്പെട്ടത്. പ്രധാന ബിസിനസ് മാഗസിനായ ‘ഫോർച്യൂൺ’ 1934ൽ ഫാഷിസ്റ്റ് ഇറ്റലിക്കായി പൂർണ പ്രത്യേക ലക്കം സമർപ്പിച്ചു. മുസോളിനിയുടെ കീഴിൽ ഇറ്റാലിയൻ ജനത പിന്നാക്കക്കാരും നിരാശരുമല്ലെന്നായിരുന്നു മുഖ്യ ശീർഷകം. ഇറ്റലിയിൽ നിക്ഷേപിക്കാൻ യു.എസ് കോർപറേറ്റുകൾ ഒഴുകിയെത്തി.
നോം ചോംസ്കി എഴുതി: ഇറ്റലിയിൽ ഫാഷിസ്റ്റ് അന്ധകാരം പടർന്നപ്പോൾ യു.എസ് സർക്കാരിൽനിന്നും ബിസിനസിൽനിന്നുമുള്ള സാമ്പത്തിക സഹായം അതിവേഗം കുതിച്ചുയർന്നു. യുദ്ധാനന്തരമുള്ള ഏതൊരു രാജ്യത്തെക്കാളും മികച്ച കടം തീർപ്പാക്കൽ വാഗ്ദാനം ചെയ്യപ്പെട്ടു. ഫാഷിസ്റ്റ് ഭരണകൂടം തൊഴിൽ-ജനാധിപത്യ അസ്വസ്ഥതകൾ ഇല്ലാതാക്കി. യു.എസ് സ്റ്റീൽ കോർപറേഷൻ സഹസ്ഥാപകനും പ്രമുഖ ജഡ്ജിയുമായ എൽബർട്ട് ഹെൻറി ഗാരി, 1923ൽ മുസോളിനിയെക്കുറിച്ച് പറഞ്ഞത്, ഒരു യജമാനന്റെ കൈ ഇറ്റാലിയൻ ഭരണകൂടത്തിന്റെ ചുക്കാൻ പിടിച്ചിട്ടുണ്ട്. അതുപോലൊരു മനുഷ്യനെ നമുക്കും ആവശ്യമില്ലെന്ന് കരുതുന്നുണ്ടോയെന്ന് ചോദിക്കാൻ തോന്നിയെന്നാണ്. തൊഴിലാളി പ്രക്ഷോഭങ്ങൾ അടിച്ചമർത്താനുള്ള മുസോളിനിയുടെ കഴിവും ആ ന്യായാധിപനെ ആകർഷിച്ചു. ഏറെ സ്വാധീനമുണ്ടായ ബാങ്കിങ് സ്ഥാപനമായ ജെ.പി. മോർഗന്റെ പങ്കാളിയായ തോമസ് ലാമോണ്ടിനെപ്പോലുള്ള ശതകോടീശ്വരന്മാർ അയാളുടെ കടുത്ത ആരാധകനായി.

ജീൻ-പിയറി ഫിലിയു,ഗുസ്താവ് ക്രുപ്പ് വോൺ ബോഹ് ലൻ,ജോൺ ഹാർട്ട്ഫീൽഡ്,തിമോത്തി ഡബ്ല്യു റൈബാക്,ബെർതോൾഡ് ബ്രെഹ്‌ത്,ഫ്രാൻസിസ്കോ ഫ്രാങ്കോ,മുസോളിനി,ഫ്രാങ്ക്ലിൻ റൂസ്‌വെൽറ്റ്
മുസോളിനിയെ പുകഴ്‌ത്തിയ ബ്രിട്ടീഷ് ടൈംസ് പത്രം
മുസോളിനിയെ പിന്തുണക്കുന്നത് ബ്രിട്ടീഷ് സ്ഥാപനങ്ങളിലുടനീളം വ്യാപിച്ചു. അധികാരം ഉറപ്പിച്ചതോടെ പ്രമുഖ പത്രങ്ങളിലൊന്നായ ‘ദി ടൈംസ്’ 1928 ജൂണിൽ ഇറ്റലിയെ പ്രധാന രാഷ്ട്രമെന്ന നിലയിൽ ഉറപ്പിക്കുന്നതിൽ അയാൾ വിജയകരമാണെന്ന് അഭിപ്രായപ്പെട്ടു. ഫാഷിസ്റ്റ് ഇറ്റലിയുടെ ഉദയത്തിലും തുടർച്ചയിലും ജർമൻ വ്യവസായിക ഭീമൻ തിസണും കമ്പനിയും സാമ്പത്തിക-വ്യവസായിക പിന്തുണയേകി. പിന്നീട് ആയുധ വ്യവസായത്തിൽനിന്ന് പ്രയോജനം നേടി. ഫാഷിസത്തെ കമ്യൂണിസത്തിനെതിരായ കോട്ടയായും വ്യവസായ വികസനത്തിനുള്ള പങ്കാളിയായും തിസൺ കണ്ടു. പിന്നീട് വെറൈനിഗ്റ്റ് സ്റ്റാൽവെർക്ക് എന്നറിയപ്പെട്ട തിസന്റെ കമ്പനി, ഉരുക്ക് ഉൽപാദനം, ആയുധനിർമാണം ഉൾപ്പെടെയുള്ള ഇറ്റാലിയൻ വ്യവസായങ്ങളുമായി സഹകരിച്ചു. ഭരണകൂടം സ്ഥാപിച്ച രാഷ്ട്രീയ കാലാവസ്ഥയാണ് സഹകരണത്തിന് സഹായകമായത്. ഫാഷിസ്റ്റ് സാമ്പത്തിക മാതൃക കോർപറേറ്റ് അനുകൂലമായതിനാൽ ഇറ്റാലിയൻ വ്യവസായ അടിത്തറ തിസന്റെ താൽപര്യങ്ങളുമായി യോജിച്ചു. പ്രധാന വ്യവസായങ്ങളിൽ ഇറ്റലിയെ സ്വയംപര്യാപ്തമാക്കുന്നതിനും ശേഷി വികസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ അതിൽ ഉൾപ്പെടുന്നു. യുദ്ധത്തിലേക്ക് അടുത്തപ്പോൾ ഇരുവരും തമ്മിലെ ബന്ധം കൂടുതൽ ഇഴചേർന്നു. തിസൺ കമ്പനി ഇറ്റാലിയൻ ആയുധങ്ങൾക്കായി ഉരുക്ക് വിതരണംചെയ്തു. ഫാഷിസ്റ്റ് പതനംവരെ ബന്ധം തുടർന്നു.
1938 നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രസിഡന്റ് ഫ്രാങ്ക്ലിൻ റൂസ്‌വെൽറ്റ് നടത്തിയ റേഡിയോ പ്രസംഗത്തിലെ മുന്നറിയിപ്പ്, അമേരിക്കൻ ജനാധിപത്യം കരുത്തോടെ മുന്നോട്ടു പോകുന്നത് അവസാനിപ്പിച്ചാൽ, രാവും പകലും പരിശ്രമിക്കുന്ന ഫാഷിസവും കമ്യൂണിസവും ശക്തിപ്രാപിക്കുമെന്നായിരുന്നു. കമ്യൂണിസ്‌റ്റ് വിരുദ്ധത യു.എസ് രാഷ്ട്രീയത്തിലെ ധാരയായിരുന്നെങ്കിലും ഫാഷിസത്തോടുള്ള അനുഭാവത്തിന്റെ ഉയർച്ച അടിയന്തര ആശങ്കയായി കണ്ടു. അമേരിക്കക്കാർക്കിടയിൽ ഫാഷിസ്റ്റ് സഹതാപം വ്യാപകമാണെന്ന് റൂസ്‌വെൽറ്റിന് അറിയാമായിരുന്നു. ഹെൻറി ഫോർഡ് മുതൽ ‘ന്യൂയോർക് ടൈംസ്’ വിദേശ ലേഖിക ആൻ ഒ’ ഹെയർ മക്കോർമിക് വരെയുള്ളവരുടെ അനുഭാവം രാഷ്ട്രീയ ചിന്തയുടെ കേന്ദ്രത്തിലെത്തി. ലോകശക്തിയായി ഉയർത്തി വ്യവസായവത്കരണത്തിന്റെ വേഗം കൂട്ടുന്നതിനും പിന്നാക്കം നിൽക്കുന്നവരെ പിന്തുണക്കുന്നതിനും ആവശ്യമായ രാഷ്ട്രീയ നേതൃത്വമില്ലെന്ന് പലരും കരുതി. ഇറ്റാലിയൻ ഫാഷിസം ആകർഷക മാതൃകയായി. അമേരിക്കൻ സർക്കാറിന് കഴിയാത്തവിധം അത് മൂല്യങ്ങളും ദേശീയ പുരോഗതിയും വിളക്കി ചേർത്തുവെന്ന പ്രതീതി പ്രബലം. പതിറ്റാണ്ടിനുശേഷം വൻകിട അമേരിക്കൻ ബിസിനസുകാർ ചിന്തിച്ചത് ഹിറ്റ്‌ലറെ പോലെ.
അയാൾ ജർമനിയെ സാമ്പത്തിക തകർച്ചയിൽനിന്ന് രക്ഷിച്ചുവെന്നും കുതിച്ചുയരുന്ന സമ്പദ്‌വ്യവസ്ഥ സൃഷ്ടിച്ചുവെന്നും അവർ വിശ്വസിച്ചു. ഹെൻറി ഫോർഡ് നാസികളുമായി ലാഭകരമായ വ്യാപാരബന്ധം സ്ഥാപിച്ച് എല്ലാവർക്കും ഹിറ്റ്‌ലറുമായി ബിസിനസ് ചെയ്യാൻ കഴിയുമെന്ന് ഉദ്‌ഘോഷിച്ചു. അമേരിക്കൻ വൻകിട ബിസിനസുകാർക്ക് മുസോളിനിക്കും ഹിറ്റ്‌ലർക്കുംവേണ്ടി കയറ്റുമതി ചെയ്യുന്നതിന് പരിധികളുണ്ടായിരുന്നു. 1930കളുടെ മധ്യത്തിൽ യുദ്ധത്തിലായ രാജ്യങ്ങളുമായി എന്ത് വ്യാപാരം നടത്താമെന്നതിന് കോൺഗ്രസ് മാനദണ്ഡം നിശ്ചയിച്ചു. ഫ്രാൻസിലും ഇംഗ്ലണ്ടിലും ലാഭം സംരക്ഷിക്കുന്നതിന് വൻകിടക്കാർ അമേരിക്കയെ ഒന്നാം ലോകയുദ്ധത്തിലേക്ക് വലിച്ചിഴച്ചുവെന്ന നിയമനിർമാതാക്കൾക്കിടയിലെ ധാരണയിൽനിന്നാണ് ആ ആശയം ഉടലെടുത്തത്. അങ്ങനെ കോൺഗ്രസ് ‘നിഷ്പക്ഷതാ നിയമങ്ങൾ’ പാസാക്കി. അത് ബിസിനസുകൾ യുദ്ധവേളയിൽ ആയുധങ്ങൾ നൽകുന്നത് നിയമവിരുദ്ധമാക്കി. അതിലെ ഒരു പഴുത് ബിസിനസുകാർ തങ്ങൾക്കനുകൂലമാക്കി. ആയുധ വ്യാപാരം നിരോധിച്ചെങ്കിലും യുദ്ധത്തിലേർപ്പെട്ട രാജ്യങ്ങൾക്ക് കമ്പനികൾ എണ്ണയും ട്രക്കുകളും വിറ്റു. 1937 ആയപ്പോഴേക്കും യുദ്ധംചെയ്യുന്ന രാജ്യങ്ങൾക്ക് എണ്ണ വിൽക്കുന്നത് കോൺഗ്രസ് നിരോധിക്കുകയുണ്ടായി.
തെരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ സർക്കാറിനെതിരെ വലതുപക്ഷ ജനറൽ ഫ്രാൻസിസ്കോ ഫ്രാങ്കോ സൈനിക കലാപത്തിന് നേതൃത്വം നൽകിയ സ്പാനിഷ് ആഭ്യന്തരയുദ്ധത്തോടുള്ള പ്രതികരണമായാണ് നിയമം പാസാക്കിയത്. വൻകിട ബിസിനസുകാർ ഫ്രാങ്കോയെ സർക്കാറിനെക്കാൾ ലാഭകരമായ ഉപഭോക്താവായി കണ്ടു. നിഷ്പക്ഷതാ നിയമങ്ങൾ ലംഘിച്ച് ഹിറ്റ്‌ലർ ഫ്രാങ്കോ ഭരണത്തിന് എണ്ണയും മറ്റും അയച്ചു, വിമാനങ്ങളും പൈലറ്റുമാരെയും നൽകി ബിസിനസുകാർ ഫ്രാങ്കോയുമായുള്ള ബന്ധം ധനസമ്പാദനത്തിൽ മാത്രം ഒതുക്കിയില്ല. ചിലർക്ക് പ്രത്യയശാസ്ത്ര ബന്ധമുണ്ടായിരുന്നു. നോർവേയിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയ റീബറിന് സമ്പന്നരിൽനിന്ന് സമ്പന്നരിലേക്ക് എന്നൊരു പശ്ചാത്തലമുണ്ടായിരുന്നു. 15 വയസ്സുള്ളപ്പോൾ നാവികനായ അദ്ദേഹം 1935ൽ ടെക്സാക്കോ ബോർഡിന്റെ ചെയർമാനായി. റീബറിന്റെ കാഴ്ചപ്പാടുകൾ ഫാഷിസ്റ്റ് ഭരണകൂടം കണ്ടെത്തി.
നാവികനെന്ന നിലയിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽനിന്ന് വെസ്റ്റ് ഇൻഡീസിലെ കരിമ്പ് തോട്ടങ്ങളിലേക്ക് കരാർ ചെയ്ത സേവകരെ കൊണ്ടുപോകാൻ സഹായിച്ചു. തൊഴിലാളി യൂനിയനുകളെ വെറുത്തു, ഫാഷിസ്റ്റ് സമ്പദ്‌വ്യവസ്ഥകളെ നിക്ഷേപത്തിന് സുരക്ഷിതമായ മാർഗമായി കണ്ടു. 35 ലക്ഷം ടൺ എണ്ണയാണ് അയാൾ ഫ്രാങ്കോക്ക് നൽകിയത്. സ്പാനിഷ് വിശ്വസ്തരെക്കുറിച്ചുള്ള വിലപ്പെട്ട രഹസ്യാന്വേഷണവും കൈമാറി. അത് സ്പാനിഷ് ഫാഷിസ്റ്റ് നേതാവായ ഇൽ ഡ്യൂസിന്റെ പ്രശംസ നേടി. തുടർന്ന് നൈറ്റ് ഓഫ് ദി ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് ഇസബെല്ല ദി കാത്തലിക് നൽകി റീബറിനെ ആദരിച്ചു. യൂറോപ്പിൽ രണ്ടാം ലോകയുദ്ധത്തിൽ ഊർജം നാസി ജർമനിയിലേക്ക് തിരിച്ച അയാളുടെ വിശ്വസ്തത നാസി ഇന്റലിജൻസ് ഫയലിൽ രേഖപ്പെടുത്തി. അതിൽ എണ്ണക്കാരൻ പൂർണമായും ജർമൻ അനുകൂലിയാണെന്ന് കണ്ടുവെന്നാണുണ്ടായത്. ഫ്യൂററുടെ ആത്മാർഥ ആരാധകൻ എന്നർഥം.
നാസി ജർമനിക്ക് എണ്ണ എത്തിക്കുന്നതിനെക്കാൾ കൂടുതൽ റീബർ ചെയ്തു. ഇംഗ്ലണ്ടിലേക്ക് യുദ്ധസാമഗ്രികൾ കയറ്റിയയച്ച അമേരിക്കൻ നാവിക കപ്പലുകൾ നാസികൾ ബോംബിട്ട് തകർത്തതിനെക്കുറിച്ചുള്ള നിർണായക രഹസ്യാന്വേഷണ വിവരവും കപ്പലുകളെയും അമേരിക്കൻ വിമാന ഫാക്ടറികളെയും സംബന്ധിച്ച വിശദാംശങ്ങളും കൈമാറി. ബ്രിട്ടീഷ് ഇന്റലിജൻസ് റീബറിന്റെ പ്രവർത്തനങ്ങൾ കണ്ടെത്തി അമേരിക്കയുമായി പങ്കുവെച്ചപ്പോൾ ടെക്സാക്കോയിലെ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടു. അതുപോലും ഫ്രാങ്കോയുമായുള്ള ബന്ധം ഉലച്ചില്ല. യുദ്ധാനന്തരം ഫ്രാങ്കോയുടെ മകളെ അമേരിക്കയിലേക്കുള്ള ആകാശ പര്യടനത്തിന് കൊണ്ടുപോയി. യൂറോപ്പിൽ ഫാഷിസത്തിന്റെ ഉദയത്തിനുള്ള പ്രധാന വിശദീകരണം ലാഭം നിലനിർത്താൻ തീവ്രമായി ശ്രമിക്കുന്ന മുതലാളിത്തത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഫലമായിരുന്നു അതെന്നതാണ്.
വിദേശ ബിസിനസ് സമൂഹത്തിലെ പലരും ഹൃദയശൂന്യതയും അത്യാഗ്രഹവുംകൊണ്ടാണ് ഫാഷിസ്റ്റ് ഭരണകൂടങ്ങളുമായി സാമ്പത്തികബന്ധം സ്ഥാപിച്ചതെന്നതിന് തീർച്ചയായും തെളിവുകളുണ്ട്. പക്ഷേ, റീബറിന്റെ ഉദാഹരണം കീശ നിറക്കുന്നതിനെക്കാൾ കൂടുതൽ കാര്യങ്ങളുണ്ടെന്നാണ്. സ്പാനിഷ് ആഭ്യന്തരയുദ്ധത്തിൽ ഫ്രാങ്കോ ജയിക്കുമെന്ന് ഉറപ്പില്ലാത്തപ്പോളും എണ്ണ നൽകി. ഫ്രാങ്കോക്കും ഹിറ്റ്‌ലറിനുമൊപ്പം നിർണായക രഹസ്യാന്വേഷണം നൽകാനുള്ള ശ്രമങ്ങൾ കൂടുതൽ പ്രകടമായി. രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടശേഷവും ആ ചാരവൃത്തി ബന്ധം തുടർന്നു. ഫാഷിസ്റ്റ് അനുഭാവത്തിനും യു.എസ് യുദ്ധത്തിലായിരുന്ന രാജ്യങ്ങളെ പിന്തുണച്ചതിനും റീബറിന് ഔപചാരിക ശിക്ഷ ലഭിച്ചില്ല. ടെക്സാക്കോയിൽനിന്ന് പുറത്താക്കപ്പെട്ടെങ്കിലും എണ്ണവ്യവസായത്തിൽ ലാഭകരമായ കരിയർ നിലനിർത്തി.

തികട്ടിവരുന്ന വ്യാപാരമോഹം
ഒരുകാലത്ത് റിയൽ എസ്റ്റേറ്റ് മുതലാളിയായിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൽ അതിന്റെ എളുപ്പവഴികൾ തികട്ടിവരികയാണ്. ഭൂമിയുടെ അന്തർലീനമായ ഡോളർ മൂല്യത്തിൽ ശ്രദ്ധയൂന്നുന്ന അദ്ദേഹം ആദ്യം ഗ്രീൻലാൻഡ്, കാനഡ, പനാമ കനാൽ എന്നിവ ലക്ഷ്യമിട്ടു. അടുത്ത പദ്ധതി ഗസ്സയെ ഉന്നംവെക്കുന്നു. മെഡിറ്ററേനിയൻ കടലിനോട് ചേർന്നുള്ള മധ്യപൂർവ ദേശത്തെ യുദ്ധമേഖലയിലെ ചെറിയ ഭൂപ്രദേശം ‘കടൽത്തീര പറുദീസ’യാവാൻ എല്ലാ സാധ്യതയുമുണ്ട്, അത് ദീർഘകാല ഉടമസ്ഥാവകാശ സ്ഥാനത്തിന് അർഹമായിരിക്കുമെന്ന വായ്‌ത്താരികൾ അതിന്റെ തെളിവും. ഗസ്സ സ്വന്തമാക്കാനുള്ള പദ്ധതി കേന്ദ്രീകരിച്ചുള്ള പരാമർശങ്ങൾ കോൺഗ്രസ് റിപ്പബ്ലിക്കന്മാരെപ്പോലും അമ്പരപ്പിച്ചു. നിധി നശിപ്പിക്കാനും സൈനികരുടെ ചോര ചൊരിയാനും മറ്റൊരു അധിനിവേശത്തെക്കുറിച്ച് ചിന്തിക്കാനും അവകാശമില്ലെന്നാണ് സെനറ്റർ റാൻഡ് പോൾ എക്‌സിൽ കുറിച്ചത്. ദൂരദേശ സംഘർഷങ്ങളിലേക്ക് അമേരിക്കൻ സൈന്യത്തെ അയക്കുന്നതിലെ മണ്ടത്തത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിച്ച ട്രംപ്, അധിനിവേശം തകർത്ത പ്രദേശത്തെ ആഡംബര ലക്ഷ്യസ്ഥാനമാക്കി മാറ്റുകയാണ്. പുതിയ പ്രഖ്യാപനം അമ്പരപ്പിക്കുന്നതാണെങ്കിലും അദ്ദേഹത്തിന്റെ ജീവചരിത്രം കണക്കിലെടുക്കുമ്പോൾ അതിശയിപ്പിക്കുന്നതല്ല. റിയൽ എസ്റ്റേറ്റ് ഡെവലപ്പറായി വളർന്ന് മാൻഹട്ടനിലെ കൊമോഡോർ ഹോട്ടൽ ഏറ്റെടുത്ത് കൂടുതൽ ആഡംബരമുള്ള ഗ്രാൻഡ് ഹയാത്ത് ആക്കി മാറ്റിയ കഥ മറക്കാനുമാവില്ല.
കുടുംബത്തിലും സാമൂഹികവൃത്തങ്ങളിലും റിയൽ എസ്റ്റേറ്റ് ഭീമന്മാരും ഉൾപ്പെടുന്നു. മധ്യപൂർവ ദേശത്തേക്കുള്ള പ്രത്യേക ദൂതനായ ശതകോടീശ്വരൻ സ്റ്റീവ് വിറ്റ്കോഫ് റിയൽ എസ്റ്റേറ്റ് എക്സിക്യൂട്ടിവായിരുന്നു. യുക്രെയ്‌നിനുള്ള സഹായത്തിന് ട്രംപ് ഏർപ്പെടുത്തുന്ന നിബന്ധന, അപൂർവ ഭൂമി ധാതുക്കൾ ഉപയോഗിച്ച് പണം സുരക്ഷിതമാക്കുകയെന്നതാണ്. അദ്ദേഹം ഒരു റിയൽ എസ്റ്റേറ്റ് വ്യക്തിയാണ്, അതിനാൽ കടൽത്തീര സ്വത്ത് ഉള്ളിടമെല്ലാം വികസിപ്പിക്കാൻ പറ്റിയ സ്ഥലമാണെന്ന് പറയുമെന്നാണ് ന്യൂജേഴ്‌സി അറ്റ്ലാന്റിക് സിറ്റിയിലെ ട്രംപ് പ്ലാസ ഹോട്ടൽ ആൻഡ് കാസിനോയുടെ മുൻ പ്രസിഡന്റ് ജാക്ക് ഒ'ഡോണൽ പ്രതികരിച്ചത്. ആദ്യ ടേമിൽ ട്രംപ് ഉത്തര കൊറിയയെ അങ്ങനെയാണ് കണ്ടതും. പാശ്ചാത്യലോകത്തിന് തുറന്നുകൊടുത്താൽ ആ രാജ്യം എങ്ങനെ കടൽത്തീര പറുദീസയായി മാറുമെന്ന് വിശദീകരിച്ചു. 2018ൽ വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗൺസിൽ അമേരിക്കയുമായുള്ള സൗഹൃദത്തിലൂടെ ഉത്തര കൊറിയക്ക് എന്തായിത്തീരാൻ കഴിയുമെന്ന് കാണിക്കുന്ന വിഡിയോ പുറത്തിറക്കി.
സമുദ്രത്തിന് അഭിമുഖമായുള്ള മയാമിയിലെ ബഹുനില കെട്ടിടങ്ങളുടെ ചിത്രങ്ങൾ മൊണ്ടാഷിൽ ഉൾപ്പെടുത്തി. സിംഗപ്പൂരിൽ നടന്ന ഉച്ചകോടിക്കിടെ ട്രംപ്, കിം ജോങ് ഉന്നിനെ ഐപാഡിൽ വീഡിയോ കാണിച്ചു. അദ്ദേഹം അതിൽ കൊത്തിയില്ല. കിം അത് സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, ബദലുണ്ടെന്ന് കാണിച്ചുകൊടുക്കാൻ ആഗ്രഹിച്ചു –ട്രംപിന്റെ മുൻ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ പറഞ്ഞു. ആദ്യ ടേമിലെ മുതിർന്ന ഉപദേഷ്ടാവായിരുന്ന മരുമകൻ ജാരെഡ് കുഷ്‌നർ ഗസ്സയെയും വെസ്റ്റ് ബാങ്കിനെയും ജീവിതനിലവാരം ഉയർത്തുന്ന സമ്പന്ന സാധ്യതയുള്ള ടൂറിസം അവസരങ്ങളാക്കുന്നതിനുള്ള വഴികൾ പര്യവേക്ഷണം ചെയ്യുന്ന സമഗ്ര സമാധാന പദ്ധതിക്കായി റിപ്പോർട്ട് എഴുതാൻ അദ്ദേഹം സഹായിച്ചു.
2020ൽ ഇറങ്ങിയ അതിൽ, മെഡിറ്ററേനിയൻ കടലിനോട് ചേർന്നുള്ള ഗസ്സയിലെ 40 കിലോമീറ്ററിലധികം തീരപ്രദേശം ബൈറൂത്, ഹോങ്കോങ്, ലിസ്ബൺ, റിയോ ഡി ജനീറോ, സിംഗപ്പൂർ, തെൽ അവീവ് തുടങ്ങിയവപോലെ ആധുനിക മെട്രോപൊളിറ്റൻ നഗരമായി വികസിക്കുമെന്ന് വിവരിച്ചു. ഹാർവഡ് സർവകലാശാലയിൽ നടന്ന പരിപാടിയിലും ഗസ്സയുടെ സാധ്യതകളെക്കുറിച്ച് കുഷ്‌നർ സംസാരിച്ചു. ജനങ്ങൾ ഉപജീവനമാർഗം കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണെങ്കിൽ ഗസ്സ കടൽത്തീര സ്വത്ത് വിലപ്പെട്ടതായിരിക്കുമെന്നായിരുന്നു പ്രതീക്ഷ. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് ടോക്ക് ഷോ അവതാരകൻ ഹ്യൂ ഹെവിറ്റിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വിഷയം പ്രതിധ്വനിപ്പിച്ചു. ഡെവലപ്പർ എന്ന നിലയിൽ ഗസ്സ ഏറ്റവും മനോഹരമായ സ്ഥലമാണ്–മധ്യപൂർവ ദേശത്ത് അത്യുഗ്രൻ. അതിനെ ലോകത്തിലെ ഏറ്റവും മികച്ച ഒന്നാക്കാമെന്ന നിലയിലായിരുന്നു അത്.
ഫലസ്‌തീനെ റിയൽ എസ്‌റ്റേറ്റ് ചൂതാട്ടത്തിലേക്ക് എറിയാനുള്ള ട്രംപിന്റെ കൗശലത്തിനെതിരെ അമേരിക്കയിലുടനീളം ‘ഗസ്സ വിൽപനക്കുള്ളതല്ല' എന്ന മുദ്രാവാക്യമുയർത്തിയുള്ള പ്രതിഷേധം അലയടിക്കുകയുണ്ടായി. ഗസ്സയിൽനിന്ന് ഫലസ്തീനികളെ പുറത്താക്കാനുള്ള നിർദേശത്തിനെതിരെ ജനങ്ങൾ ഉറച്ച ശബ്ദമാണുയർത്തിയതും. ഇംഗ്ലീഷ്, സ്പാനിഷ്, അറബിക് ഭാഷകളിൽ എഴുതിയ ബാനറുകൾ പിടിച്ച് ആയിരങ്ങൾ തെരുവുകളിൽ മാർച്ച് നടത്തി. ഗസ്സയിൽനിന്ന് ഫലസ്തീനികളെ പുറന്തള്ളണമെന്നും യു.എസ് ഏറ്റെടുത്തശേഷം മുനമ്പിനെ മധ്യപൂർവ ദേശത്തെ കടൽത്തീര സ്വർഗമാക്കി മാറ്റണമെന്നുമുള്ള ട്രംപിന്റെ നിർദേശത്തോടുള്ള പ്രതികരണം കനത്തതായിരുന്നു. വെസ്റ്റ് ബാങ്കിനെതിരായ ആക്രമണങ്ങൾ കടുപ്പിക്കുന്നതിനുള്ള പച്ചക്കൊടി കൂടിയാണ് ഗസ്സയെക്കുറിച്ചുള്ള നിർദേശങ്ങൾ. എണ്ണ-റിയൽ എസ്റ്റേറ്റ് വ്യവസായങ്ങളുടെ ലാഭത്തിന് ഫലസ്തീനെ വിൽക്കാനുള്ള ഏതു ശ്രമവും നടക്കില്ലെന്നും പ്രക്ഷോഭകർ മുന്നറിയിപ്പു നൽകി. ഫലസ്തീൻ ജനതക്ക് ഭൂമിയുമായുള്ള ഹൃദയബന്ധം പടിഞ്ഞാറൻ രാജ്യക്കാർക്ക് തിരിച്ചറിയാനാവാത്തതാണ്. ആ ജനതയുടെ കുടിയിറക്കം ഉറപ്പിക്കാനാണ് ട്രംപിന്റെ ഭീഷണി. ഈ പ്രസ്ഥാനത്തിൽ ചേരാൻ എല്ലാവരെയും ക്ഷണിക്കുന്നു. എന്തെന്നാൽ കൂട്ടായ വിമോചനത്തിനുവേണ്ടിയാണിത്; ഒറ്റപ്പെട്ടതല്ല. ഫലസ്തീനികൾക്കുവേണ്ടി മാത്രമല്ല, അടിച്ചമർത്തപ്പെട്ട എല്ലാവരെയും കൈപ്പിടിക്കാനാണ്. അമേരിക്കൻ ജനതയും തൊഴിലാളിവർഗവും കൂടുതൽ അർഹിക്കുന്നു -ഫലസ്തീൻ യുവജന പ്രസ്ഥാന പോരാളി ദിന സാദെ പറഞ്ഞു.

പാകിസ്താനുമായി ഒപ്പിട്ട ക്രിപ്‌റ്റോ കരാർ
ഇന്ത്യ-പാക് സംഘർഷത്തിൽ ധൃതിപിടിച്ചുള്ള മധ്യസ്ഥ ശ്രമങ്ങൾക്ക് ട്രംപ് ഇറങ്ങിയതായി അവകാശപ്പെട്ടതിന് പിന്നിൽ കുടുംബത്തിന്റെ പാകിസ്താൻ ക്രിപ്‌റ്റോ ഇടപാടാണ്. പഹൽഗാം ഭീകരാക്രമണത്തിന് ദിവസങ്ങൾക്കുശേഷം കുടുംബ പിന്തുണയുള്ള വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ (ഡബ്ല്യു.എൽ.എഫ്) പാക് ക്രിപ്‌റ്റോ കൗൺസിലുമായി (പി.സി.സി) 2025 ഏപ്രിൽ 26ന് കരാർ ഒപ്പിട്ടിരുന്നു. പഹൽഗാമിൽ നിരപരാധികളെ തീവ്രവാദികൾ വധിച്ചതിനെ തുടർന്ന് ഇന്ത്യ, പാകിസ്താന് ഹൃദയഭാഗത്തുള്ള പഞ്ചാബിലെ ഭീകരക്യാമ്പുകളിൽ ആക്രമണം നടത്തി. അവർ സൈനിക-സിവിലിയൻ മേഖലകൾ ലക്ഷ്യമിട്ടു. സ്ഥിതിഗതികൾ പ്രതിസന്ധിയിലേക്ക് നീങ്ങി. മേയ് ഏഴിന് ഇന്ത്യ ഓപറേഷൻ സിന്ദൂർ ആരംഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നടന്നു. അതിന് 10 ദിവസം മുമ്പായിരുന്നു ഒപ്പിടൽ. ട്രംപിന്റെ മക്കളായ എറിക്, ഡോണൾഡ് ട്രംപ് ജൂനിയർ, മരുമകൻ ജാരെദ് കുഷ്‌നർ എന്നിവർ ഉൾപ്പെടുന്ന കമ്പനിക്ക് ഡബ്ല്യു.എൽ.എഫിൽ 60 ശതമാനം ഓഹരികളുണ്ട്.
യു.എസ് പ്രസിഡന്റിന്റെ വലിയ ഛായാചിത്രത്തിനൊപ്പം അതിന്റെ ഹോം പേജിൽ ‘ഇൻസ്‌പെയേഡ് ബൈ ട്രംപ്’ എന്ന് പ്രദർശിപ്പിച്ചിരിക്കുന്നു. ഡബ്ല്യു.എൽ.എഫ് 2024ൽ സ്ഥാപിതമായ സംരംഭമാണ്. ആ ഇടപാടുകൾ നിയമവിധേയമാക്കുമെന്ന് പാക് സർക്കാർ സൂചന നൽകിയതിന് തൊട്ടുപിന്നാലെയായിരുന്നു ധൃതിപിടിച്ച കരാർ. 2025 മാർച്ചിൽ പി.സി.സി സി.ഇ.ഒ ബിലാൽ ബിൻ സാഖിബാണ് ബ്ലൂംബെർഗ് ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അത് വെളിപ്പെടുത്തിയതും. ക്രിപ്‌റ്റോ ട്രേഡിങ്ങിനുള്ള നിയന്ത്രണങ്ങൾക്കും ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപകരെ സംരക്ഷിക്കുന്നതിനും സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനുമാണ് പി.സി.സി രൂപവത്കരിച്ചത്.
ഇസ്‍ലാമാബാദിൽ നടന്ന പി.സി.സി-ഡബ്ല്യു.എൽ.എഫ് ഒപ്പുവെക്കൽ ചടങ്ങിൽ പാക് ഇൻഫർമേഷൻ മന്ത്രി അതാഉല്ല തരാർ, പി.സി.സി സി.ഇ.ഒ ബിലാൽ ബിൻ സയീദ്, ഡബ്ല്യു.എൽ.എഫ് സഹ-ചെയർമാൻ സക്കറി വിറ്റ്കോഫ് തുടങ്ങിയവർ പങ്കെടുത്തു. ഡബ്ല്യു.എൽ.എഫ് സംഘത്തിൽ സക്കറി ഫോക്ക്മാൻ, ചേസ് ഹെറോ, ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫിന്റെ മകൻ വിറ്റ്കോഫ് എന്നിവരും. ട്രംപിന്റെ അടുത്ത സുഹൃത്തും അദ്ദേഹത്തിന്റെ മാർ-എ-ലാഗോ വസതിയിലെ സ്ഥിരം സന്ദർശകനുമാണ് സ്റ്റീവ് വിറ്റ്കോഫ്. 50 കോടി ഡോളർ ആസ്തിയുള്ള ആ റിയൽ എസ്റ്റേറ്റ് നിക്ഷേപകൻ ട്രംപിന്റെ ഗോൾഫിങ് പങ്കാളിയുമാണ്. സഹകരണം ഔപചാരികമാക്കുന്നതിന് ഡബ്ല്യു.എൽ.എഫ് സംഘം പാക് പ്രധാനമന്ത്രി ശഹബാസ് ശരീഫ്, ഉപ പ്രധാനമന്ത്രി ഇഷാഖ് ധാർ, ഇൻഫർമേഷൻ മന്ത്രി അതാവുല്ല തരാർ, പ്രതിരോധ മന്ത്രി ക്വാജ് ആസിഫ്, സൈനിക മേധാവി അസിം മുനീർ എന്നിവരുമായും കൂടിക്കാഴ്ചയും നടത്തി.
ക്രിപ്‌റ്റോ കറൻസിയുമായി ബന്ധപ്പെട്ട് തന്ത്രപരമായ ഉപദേശം നൽകുകയാണ് പി.സി.സിയും ഡബ്ല്യു.എൽ.എഫും തമ്മിലുള്ള സഹകരണത്തിൽ ഉൾപ്പെടുന്നത്. ട്രംപുമായുള്ള ബന്ധം കാരണം വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ ശ്രദ്ധാകേന്ദ്രമാകുന്നത് ഇതാദ്യമല്ല. ഹൈദരാബാദ് ആഗോള സംരംഭക ഉച്ചകോടിക്കെത്തിയ ഇവാങ്ക നിതി ആയോഗ് 2017 നവംബർ 28- 30 തീയതികളിൽ ഹൈദരാബാദിൽ വിളിച്ചുചേർത്ത ആഗോള സംരംഭക ഉച്ചകോടിയിൽ ട്രംപിന്റെ മകളും ഉപദേഷ്ടാവുമായ ഇവാങ്ക മേരി ട്രംപാണ് അമേരിക്കയെ പ്രതിനിധാനംചെയ്തത്. കൗമാരത്തിൽ അവർ മോഡലിങ് ചെയ്തിരുന്നു, 1997 മേയ് മാസത്തിൽ ‘സെവൻറ്റീൻ’ മാസികയുടെ കവറിൽ പ്രത്യക്ഷപ്പെട്ടു. ആ വർഷം ലൈവ് ടെലിവിഷനിൽ മിസ് ടീൻ യു.എസ്.എ മത്സര സഹ-അവതാരകയായി. ഒടുവിൽ ശ്രദ്ധ ബിസിനസിലേക്ക് മാറി. 2004ൽ പെൻസൽവേനിയ സർവകലാശാലയിൽനിന്ന് ബിരുദം നേടി. പിന്നീട് റിയൽ എസ്റ്റേറ്റ് കമ്പനിയായ ഫോറസ്റ്റ് സിറ്റി റാറ്റ്നറിൽ റീട്ടെയിൽ ഡെവലപ്‌മെന്റ് ഡിപ്പാർട്മെന്റിൽ പ്രോജക്ട് മാനേജറായി.
2005ൽ ട്രംപ് ഓർഗനൈസേഷന്റെ ഭാഗമായി ഹോട്ടലുകൾ, ഗോൾഫ് റിസോർട്ടുകൾ, കാസിനോകൾ, റെസിഡൻഷ്യൽ കെട്ടിടങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഹോൾഡിങ്ങുകൾ ആ കമ്പനിക്ക് സ്വന്തം. പതുക്കെ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റായി. അക്കാലയളവിൽ പരിചയപ്പെട്ട ജാരെദ് കുഷ്നറുടെ കുടുംബം റിയൽ എസ്റ്റേറ്റ് കമ്പനിയുടമകളാണ്. ജൂതമതത്തിലേക്ക് പരിവർത്തനം ചെയ്തശേഷം 2009ൽ ഇരുവരും ഒന്നിച്ചു. ട്രംപ് ഓർഗനൈസേഷനു പുറമെ ഇവാങ്ക മറ്റ് സംരംഭങ്ങളിലും ഏർപ്പെട്ടിരുന്നു.
വനിതാ സംരംഭകരെ പിന്തുണക്കുകയും ആഗോളതലത്തിൽ സാമ്പത്തിക വളർച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യുകയെന്ന അജണ്ടയിൽ ഒത്തുകൂടിയ ഹൈദരാബാദ് ഉച്ചകോടിയിൽ 170 രാജ്യങ്ങളിൽനിന്നുള്ള 1500 പ്രതിനിധികൾ പങ്കെടുത്തു. ഒരു ബിസിനസ് കോൺഫറൻസിലെ പ്രസംഗത്തിനിടെ സ്ത്രീകൾ നേരിടുന്ന തടസ്സങ്ങൾ ഇവാങ്ക വിവരിക്കുകയും ചെയ്‌തു. മേധാവിത്വമുള്ള വ്യവസായത്തിലെ മുൻ സംരംഭക, തൊഴിലുടമ, എക്സിക്യൂട്ടിവ് എന്നീ നിലകളിൽ ജോലിസ്ഥലത്ത് സ്വയം തെളിയിക്കാൻ സ്ത്രീകൾ പലപ്പോഴും പുരുഷന്മാരെക്കാൾ കൂടുതൽ ചെയ്യേണ്ടതുണ്ടെന്ന് കണ്ടിട്ടുണ്ട്. അതേസമയം വീട്ടിൽ കുടുംബത്തെ അനുപാതമില്ലാതെ പരിപാലിക്കുകയും ചെയ്യുന്നുവെന്ന ഉള്ളടക്കമുണ്ടായ പ്രസംഗത്തിന്റെ പൂർണരൂപം പ്രമുഖ വാർത്താ ചാനലുകൾ തത്സമയം സംപ്രേഷണംചെയ്തു. തന്റെ യാത്രയെ രാജകീയ സന്ദർശനംപോലെ പരിഗണിച്ച അവരുടെ, ദരിദ്ര സ്ത്രീകളെ ശാക്തീകരിക്കുകയെന്ന സന്ദേശം പ്രവൃത്തികളുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന ചോദ്യം സോളോ ഔട്ടിൽ ഉയർന്നു. ബോളിവുഡ് സംഗീത പരിപാടിക്ക് സമാനമായ ബിൽഡപ്പിൽ സ്വാതന്ത്ര്യ സമരനേതാവ് ഗാന്ധിജി മുതൽ ‘സ്ലംഡോഗ് മില്യനെയർ’ സിനിമ വരെയുള്ള സാംസ്കാരിക പരാമർശങ്ങളുമുണ്ടായി.
ഹൈദരാബാദിന്റെ ശുചീകരണം സമ്മേളനത്തിന് ഒരു മാസം മുമ്പ് ആരംഭിച്ചു, സന്ദർശനത്തിന് മുമ്പ് പട്ടണത്തിൽനിന്ന് നൂറുകണക്കിന് ഭവനരഹിതരെയും ഭിക്ഷാടകരെയും നീക്കുകയും കുഴികൾ നികത്തുകയുമുണ്ടായി. ഇവാങ്കയുടെയും അവരുടെ ബ്രാൻഡിന്റെയും ചില വാണിജ്യ തീരുമാനങ്ങളെക്കുറിച്ച് സ്ത്രീ സംരംഭകരെ കേന്ദ്രീകരിച്ചുള്ള സമ്മേളനം ചോദ്യങ്ങളുയർത്തി. പ്രത്യേകിച്ച് യു.എസ് ഉൽപന്നങ്ങൾ ഭൂരിഭാഗവും കയറ്റുമതി ചെയ്യുന്നയിടങ്ങളിലെ തൊഴിൽ-മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയർത്താൻ നേതൃപാടവം ഉപയോഗിക്കുന്നതിൽ പരാജയപ്പെട്ടതായി വിമർശനവുമുയർന്നു. സ്വന്തം ബ്രാൻഡിന്റെ വിതരണ ശൃംഖലയിലെ ആരോപണവിധേയമായ ദുരുപയോഗങ്ങൾക്കെതിരെ പൊതുനിലപാട് സ്വീകരിക്കാനായില്ലെന്നും ചിലർ ചൂണ്ടിക്കാട്ടി. ട്രംപ് പദവി ഏറ്റെടുത്ത ശേഷം വിതരണ ശൃംഖല മുമ്പെന്നത്തെക്കാളും അവ്യക്തമായി മാറിയെന്നും കമ്പനി ആരുമായാണ് ലോകമെമ്പാടും ബിസിനസ് നടത്തുന്നതെന്ന് അറിയാൻ കഴിയാത്ത അവസ്ഥയിലായെന്നും അസോസിയേറ്റഡ് പ്രസ് നടത്തിയ അന്വേഷണം കണ്ടെത്തി. ട്രംപിനോടും അവരുടെ ബ്രാൻഡിനോടും രണ്ട് ലൈസൻസികളോടും വിതരണക്കാരുടെ പേരും വിലാസവും പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെട്ട് 23 സംഘടനകൾ കത്തയക്കുകയുമുണ്ടായി.
ട്രംപ് റിയൽ എസ്റ്റേറ്റ് ഡെവലപ്പറും ബിസിനസുകാരനുമാണ് -ന്യൂയോർക് സിറ്റിയിലും ലോകമെമ്പാടുമുള്ള ഹോട്ടലുകൾ, കാസിനോകൾ, ഗോൾഫ് കോഴ്‌സുകൾ, റിസോർട്ടുകൾ, റെസിഡൻഷ്യൽ പ്രോപ്പർട്ടികൾ എന്നിവക്ക് സ്വന്തം പേരിടുകയോ കൈകാര്യം ചെയ്യുകയോ ലൈസൻസ് നേടുകയോ ചെയ്തിട്ടുണ്ട്. 1980കൾ മുതൽ ഒട്ടേറെ റീട്ടെയിൽ സംരംഭങ്ങളിൽ മുഴുകി–വസ്ത്രങ്ങൾ, ഭക്ഷണം, വിനോദം, ടെലിവിഷൻ വ്യാപാര വസ്തുക്കൾ, ഫർണിച്ചർ തുടങ്ങിയവയുടെ ബ്രാൻഡഡ് ലൈനുകൾ ഉൾപ്പെടെ. റിയൽ എസ്‌റ്റേറ്റ് താൽപര്യങ്ങളുടെ ഭാഗമായി അച്ഛൻ ഫ്രെഡ് ട്രംപ് 1920കളുടെ അവസാനംതൊട്ട് ന്യൂയോർക്കിലെ ക്വീൻസിലും ബ്രൂക്ലിൻ ബറോകളിലും ആയിരക്കണക്കിന് അപ്പാർട്ട്മെന്റുകൾ പണിയുകയുണ്ടായി. താങ്ങാനാവുന്ന ഭവന നിർമാണം ഉത്തേജിപ്പിക്കുമെന്ന വാഗ്‌ദാനത്തിൽ രൂപകൽപനചെയ്ത് ഫെഡറൽ ലോൺ ഗ്യാരന്റികൾ ഉപയോഗിച്ചു. രണ്ടാം ലോകയുദ്ധ വേളയിൽ വിർജീനിയയിലും പെൻസൽവേനിയയിലും നാവിക ഉദ്യോഗസ്ഥർക്കും കപ്പൽശാല തൊഴിലാളികൾക്കും ഭവനങ്ങൾ നിർമിച്ചു. ബിരുദാനന്തരമാണ് ട്രംപ് അച്ഛന്റെ ബിസിനസ് പൂർണസമയം ഏറ്റെടുത്തത്. 1974ൽ ട്രംപ് ഉടമസ്ഥതയിലുള്ള കോർപറേഷനുകളുടെ പ്രസിഡന്റായി– അതാണ് പിന്നീട് ട്രംപ് ഓർഗനൈസേഷനായത്.
1970കളുടെ അവസാനത്തിലും 1980കളിലും ശ്രദ്ധ മാൻഹാട്ടനിലേക്കും പിന്നീട് ന്യൂജേഴ്‌സിയിലെ അറ്റ്ലാന്റിക് സിറ്റിയിലേക്കും മാറ്റിയും അച്ഛന്റെ സാമ്രാജ്യം ഏറെ വികസിപ്പിച്ചു. അതിനായി അദ്ദേഹത്തിൽനിന്നുള്ള വായ്പകൾ, സാമ്പത്തിക പിന്തുണ, രാഷ്ട്രീയ ബന്ധങ്ങൾ എന്നിവ വളരെയധികം ആശ്രയിക്കുകയും ചെയ്‌തു. അറ്റ്ലാന്റിക് സിറ്റിയിലെ കാസിനോ ബിസിനസിൽ വൻ നിക്ഷേപം നടത്തി. ട്രംപ് താജ്മഹൽ എന്നറിയപ്പെട്ട അതിനെ ലോകത്തിലെ ഏറ്റവും വലുതായി വികസിപ്പിച്ചു. 1990ലെ മാന്ദ്യത്തിൽ പല ബിസിനസുകളും തകർന്നു. 500 കോടി ഡോളർ കടം തിരിച്ചടക്കാൻ ബുദ്ധിമുട്ടി. ബാങ്കുകളുമായുള്ള കരാർ പ്രകാരം സ്വന്തം എയർലൈൻ വിട്ടുകൊടുക്കാൻ നിർബന്ധിതനായി. 1991ൽ ട്രംപ് താജ്മഹലും മറ്റ് രണ്ട് കാസിനോകളും ന്യൂയോർക്കിലെ പ്ലാസ ഹോട്ടലും പാപ്പരായി.
തുടർന്ന് പ്രധാന ബാങ്കുകൾ ബിസിനസിന് വിസമ്മതിച്ചു. 1990കളുടെ അവസാനം തിരിച്ചുവന്നു. ന്യൂയോർക്കിലെ ട്രംപ് വേൾഡ് ടവർ ഉൾപ്പെടെയുള്ളവക്ക് ഡച്ച് ബാങ്ക് കോടിക്കണക്കിന് ഡോളർ വായ്പ നൽകി. ഷികാഗോയിലെ ട്രംപ് ഇന്റർനാഷനൽ ഹോട്ടൽ ആൻഡ് ടവർ ആഡംബര ഭവന സമുച്ചയമാക്കാനുള്ള പദ്ധതി അവതരിപ്പിച്ചു. എതിർപ്പുകളെ തുടർന്ന് സ്വകാര്യ ക്ലബാക്കി 1995ൽ ഉദ്‌ഘാടനംചെയ്‌തു. 1996ൽ എൻ.ബി.സി ടെലിവിഷൻ നെറ്റ്‌വർക്കുമായി സഹകരിച്ച് മിസ് യൂനിവേഴ്സ് ഓർഗനൈസേഷൻ വാങ്ങി. എന്നാലും കാസിനോ ബിസിനസുകൾ ബുദ്ധിമുട്ടുകൾ നേരിട്ടു. കടം കുമിഞ്ഞതിനാൽ 2004 പാപ്പർസ്യൂട്ട് അപേക്ഷ നൽകി. ആ കമ്പനിയെ ട്രംപ് എന്റർടെയ്ൻമെന്റ് റിസോർട്ട്സ് എന്ന് പുനർനാമകരണം ചെയ്‌തെങ്കിലും 2009ൽ വീണ്ടും പാപ്പരായി.
ട്രംപ് രണ്ടാംവട്ടം അധികാരമേറ്റെടുക്കുന്നതിന് 10 ദിവസം മുമ്പ് ട്രംപ് ഓർഗനൈസേഷൻ ഒരു ‘ധാർമിക’ പദ്ധതി പുറത്തിറക്കി. എട്ട് വർഷം മുമ്പ് അത് വിധേയമാക്കിയിരുന്ന പ്രധാന പരിമിതി അതിൽനിന്ന് ഒഴിവാക്കുകയുംചെയ്‌തു. പുതിയ വിദേശ കരാറുകൾക്കുള്ള നിരോധനം ഉൾപ്പെടുത്തിയുമില്ല. പ്രസിഡന്റിന്റെ ഉടമസ്ഥതയിലുള്ളതും ലാഭം നേടുന്നതുമായ കമ്പനിക്ക്, ട്രംപ് അധികാരത്തിലിരിക്കെ വിദേശങ്ങളിൽ ബിസിനസ് ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്. അത്തരം കരാറുകൾ നിരോധിക്കുന്നതിനു പകരം ‘ധാർമിക’ പദ്ധതി വിദേശ സർക്കാറുകളുമായുള്ള വ്യാപാരം ലഘുവായി നിയന്ത്രിക്കുന്നുവെന്നേയുള്ളൂ. ആ വകുപ്പ് പല്ലില്ലാത്തതാണ്. ട്രംപിന്റെ പല സംരംഭങ്ങൾക്കും അവ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന സർക്കാറുകളുമായി അടുത്ത ബന്ധമുണ്ട്– ഒമാനിലും സൗദി അറേബ്യയിലും ഇന്ത്യയിലും യു.എ.ഇയിലും മറ്റും. ഇന്ത്യയിലെ പങ്കാളികൾ രാജ്യത്തുടനീളം എട്ട് പദ്ധതികൾ വികസിപ്പിച്ചുകൊണ്ടിരിക്കയാണ്. ചിലത് നാല് വർഷത്തിനുള്ളിൽ തുറക്കും. ഒമാനിൽ ഔദ്യോഗിക ടൂറിസം ഏജൻസി പങ്കാളിയായ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ട്രംപ് ഹോട്ടൽ, ഗോൾഫ് കോഴ്‌സ്, വസതികൾ എന്നിവ സ്ഥാപിച്ചു. സെർബിയയിലെ ട്രംപ് ഹോട്ടൽ സർക്കാർ ഭൂമിയിലാണ്. പ്രസിഡന്റ് അലക്‌സാണ്ടർ വുകിക്കും പ്രതിപക്ഷവും തമ്മിലുള്ള സംഘർഷക്കളമാണ് ഈ വികസനം. അവിടെ പ്രതിഷേധങ്ങൾ അലയടിക്കുകയുംചെയ്‌തു. പാരിസ്ഥിതിക പ്രശ്‌നങ്ങൾ കാരണം ട്രംപ് ബ്രാൻഡഡ് ഘടകങ്ങൾ ഉൾപ്പെടുന്ന പദ്ധതിയുടെ പ്രവർത്തനം നിർത്താൻ ഇന്തോനേഷ്യ ഉത്തരവിട്ടു. നികുതിയും മറ്റ് ആനുകൂല്യങ്ങളും നൽകിയുള്ള പദ്ധതി മുമ്പ് പ്രത്യേക സാമ്പത്തിക മേഖലയിൽ പരിമിതപ്പെടുത്തിയിരുന്നു.
ട്രംപിന്റെ വാർത്താസമ്മേളനങ്ങൾ പലതും അക്രമാസക്തങ്ങളാണ്. ആഗോള വിഷയങ്ങളെക്കുറിച്ചുള്ള വിവാദ പ്രസ്താവനകൾ, വിപണികളെ പിടിച്ചുകുലുക്കിയ താരിഫ് യുദ്ധം, അധിനിവേശങ്ങൾക്കുള്ള പിന്തുണ, തെരഞ്ഞെടുത്ത സർക്കാറുകളോടുള്ള വെല്ലുവിളി, കുടിയേറ്റക്കാരോടുള്ള ശത്രുത, തൊഴിലാളി ദ്രോഹനടപടികൾ, ഭീകരത മറയാക്കിയുള്ള പിടിച്ചടക്കൽ തന്ത്രം തുടങ്ങിയവ അവയിൽ നിറയാറുമുണ്ട്. അത്തരമൊന്നിൽ ഇന്ത്യക്ക് വിഭാവനം ചെയ്‌തതാണ് ‘ട്രംപ് ടവേഴ്സ്'. രാജ്യത്തുടനീളം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പദ്ധതികളിൽ നേരിട്ട് മൂലധനം നിക്ഷേപിക്കാതെ കോടിക്കണക്കിന് സമ്പാദിക്കും. നിലവിൽ നാല് ട്രംപ് ടവർ പ്രോപ്പർട്ടികളുണ്ട്- മുംബൈ, പുണെ, ഗുരുഗ്രാം, കൊൽക്കത്ത എന്നിവിടങ്ങളിൽ. കൂടുതൽ ലോഞ്ചുകൾ പ്രതീക്ഷിക്കുന്നതിനാൽ അമേരിക്കയെ മറികടന്ന് ഏറ്റവും കൂടുതൽ ട്രംപ് ടവറുകളുടെ കേന്ദ്രം ഇന്ത്യയാവും. പുണെയിലെ കല്യാണി നഗറിൽ 23 നിലകളുള്ള രണ്ട് ടവറുകളുണ്ട്. മുംബൈ ആഡംബര റെസിഡൻഷ്യൽ പ്രോജക്റ്റ് ലോധ ഗ്രൂപ്പുമായി സഹകരിച്ചാണ് വികസിപ്പിച്ചെടുത്തത്.
അത്യാധുനിക സൗകര്യങ്ങളുള്ള അപ്പാർട്മെന്റുകൾ അതിൽപ്പെടുന്നു. ഡൽഹി എൻ.സി.ആർ മേഖലയിൽ അത്യാഡംബര വസതികൾ വാഗ്ദാനം ചെയ്യുന്ന ഇരട്ട ഗോപുരങ്ങൾ വികസിപ്പിക്കുന്നതിന് എം 3 എം ഇന്ത്യയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടു. കൊൽക്കത്തയിൽ യൂനിമാർക്കുമായി സഹകരിച്ചുള്ളത് കിഴക്കൻ ഇന്ത്യയിലേക്കുള്ള പ്രവേശന കവാടംകൂടിയാവും. ട്രിബേക്ക ഡെവലപ്പേഴ്‌സിന്റെ സ്ഥാപകനും ട്രംപ് ഓർഗനൈസേഷന്റെ ഇന്ത്യയിലെ ഔദ്യോഗിക പങ്കാളിയുമായ കൽപേഷ് മേത്ത ട്രംപിന്റെ സ്ഥാനാരോഹണചടങ്ങിൽ പങ്കെടുക്കുകയുണ്ടായി. സന്ദർശന വേളയിൽ ഇന്ത്യയിൽ വരാനിരിക്കുന്ന പദ്ധതികൾ ചർച്ചചെയ്യാൻ ഫ്ലോറിഡയിലെ മാർ-എ-ലാഗോ ക്ലബിൽ അദ്ദേഹം എറിക് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ട്രംപ് ബ്രാൻഡുമായി ട്രിബെക്ക ഡെവലപ്പേഴ്‌സ് ആറ് പുതിയ കരാറിൽ ഒപ്പിട്ടു. പുണെ, ഗുരുഗ്രാം, നോയിഡ, മുംബൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ 80 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള പദ്ധതികൾ. 15,000 കോടിയിലധികം വിൽപന പ്രതീക്ഷിക്കുന്നു. പുണെയിൽ ഇന്ത്യയിലെ ആദ്യ ട്രംപ് ഓഫിസ് പ്രോജക്ട് ഉടൻ തുറക്കും. 1.6 കോടി ചതുരശ്ര അടി വിസ്‌തീർണത്തിൽ കൂറ്റൻ വാണിജ്യ വികസനം. മേൽക്കൂരയാൽ ബന്ധിപ്പിക്കുന്ന രണ്ട് ടവറുകൾ. ഹൈദരാബാദിൽ 27 നില അപ്പാർട്മെന്റുകൾ ഉൾപ്പെടുന്ന ടവർ. പദ്ധതികൾക്ക് തുടക്കം കുറിക്കാൻ ഡോണൾഡ് ട്രംപ് ജൂനിയറും എറിക് ട്രംപും 2025ൽതന്നെ ഇന്ത്യയിലെത്തും. ഈ വർഷം അവസാനിക്കുമ്പോഴേക്കും ഇന്ത്യൻ റിയൽ എസ്റ്റേറ്റ് വിപണി 33,285 കോടി ഡോളർ തൊടും. 24.25 ശതമാനം സംയുക്ത വാർഷിക വളർച്ച നിരക്കാണ് പ്രതീക്ഷ.

ഇസ്രായേൽ സൈനികാക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹവുമായി വിലപിക്കുന്ന മാതാവ്
വംശഹത്യയുടെ സമ്പദ്‌വ്യവസ്ഥ
ഇസ്രായേലി വംശഹത്യയുടെ സമ്പദ്‌വ്യവസ്ഥയുമായുള്ള വ്യാപാരം അവസാനിപ്പിക്കാൻ യു.എൻ വിദഗ്ധർ ലോകത്തോട് ആവശ്യപ്പെട്ടിരിക്കയാണ്. സയണിസ്‌റ്റ് രാജ്യത്തിന്റെ കുടിയേറ്റ-കൊളോണിയൽ പദ്ധതി നിലനിർത്തുന്നതിൽ ഭാഗഭാക്കാവുന്ന 60 കമ്പനികളെ യു.എൻ പ്രത്യേക റിപ്പോർട്ടർ ഫ്രാൻസെസ്ക അൽബനീസ് പരാമർശിച്ചിട്ടുണ്ട്. ഇസ്രായേലുമായുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ വിച്ഛേദിക്കാൻ രാജ്യങ്ങളോട് അഭ്യർഥിക്കുകയും ചെയ്‌തു. ജനീവയിൽ മനുഷ്യാവകാശ കൗൺസിലിൽ നടത്തിയ പ്രസംഗത്തിലായിരുന്നു അഭിപ്രായപ്രകടനം. ‘അധിനിവേശ സമ്പദ്‌വ്യവസ്ഥ മുതൽ വംശഹത്യയുടെ സമ്പദ്‌വ്യവസ്ഥവരെ’ എന്ന ശീർഷകത്തിലുള്ള റിപ്പോർട്ട്, ഫലസ്തീനികളെ കുടിയിറക്കുന്നതിനും മാറ്റിസ്ഥാപിക്കുന്നതിനുമുള്ള പദ്ധതിയെ നിലനിർത്തുന്ന കോർപറേറ്റ് യന്ത്രങ്ങളെന്നാണ് വിശേഷിപ്പിച്ചത്. ഇസ്രായേലി വ്യാപനം നിലനിർത്തുന്നതു മുതൽ ഫലസ്തീനികളെ അടിച്ചമർത്തുന്നതിലെ പങ്കാളിത്തത്തിനുവരെ ആയുധ നിർമാതാക്കൾ, ടെക് ഭീമന്മാർ, ഹെവി മെഷിനറി കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ളവയെ കുറ്റപ്പെടുത്തി.
രക്തച്ചൊരിച്ചിൽ തടയാൻ ഇസ്രായേലിനെ സമ്മർദത്തിലാക്കാൻ രാഷ്ട്രീയ നേതാക്കൾ ഉത്തരവാദിത്തങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുമ്പോൾ നിയമവിരുദ്ധ അധിനിവേശം, വർണവിവേചനം, വംശഹത്യ എന്നിവയുടെ സമ്പദ്‌വ്യവസ്ഥയിൽനിന്ന് ഒട്ടേറെ കോർപറേറ്റുകൾ വൻലാഭം കൊയ്‌തിട്ടുമുണ്ട്. അന്താരാഷ്ട്ര നിയമ ലംഘനങ്ങളിൽ പങ്കാളികളായതിന് നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഉറപ്പാക്കി ഇസ്രായേലി ദുരുപയോഗങ്ങളിൽ കമ്പനികളുടെ പങ്കാളിത്തത്തിന് സ്വകാര്യ മേഖലയെ ഉത്തരവാദിത്തപ്പെടുത്താൻ അന്താരാഷ്ട്ര സമൂഹത്തോട് റിേപ്പാർട്ട് ആവശ്യപ്പെട്ടു. അധിനിവേശ സമ്പദ്‌വ്യവസ്ഥയുമായുള്ള ബന്ധം പൂർണമായും അവസാനിപ്പിക്കേണ്ടത് ഓരോ രാജ്യത്തിന്റെയും സ്ഥാപനത്തിന്റെയും ഉത്തരവാദിത്തമാണെന്നും അൽബനീസ് നിരീക്ഷിച്ചു. കോർപറേറ്റ് മേഖല ജാഗ്രത പാലിച്ചിരുന്നെങ്കിൽ ഇസ്രായേൽ സമ്പദ്‌വ്യവസ്ഥയുമായുള്ള ബന്ധത്തിൽനിന്ന് പൂർണമായും വേർപെടുത്തുമായിരുന്നുവെന്നും കൂട്ടിച്ചേർത്തു. പ്രസംഗശേഷം തെൽ അവീവ് സ്റ്റോക് എക്സ്ചേഞ്ച് 200 ശതമാനം ഉയർച്ച കാണിച്ചുവെന്നും 22,000 കോടി ഡോളറിലധികം സമാഹരിച്ചെന്നും മാധ്യമപ്രവർത്തകരോട് അൽബനീസ് പറഞ്ഞു. ആയുധങ്ങളും ഡേറ്റാ സിസ്റ്റങ്ങളും ഫലസ്തീനികളെ ക്രൂരമായി പീഡിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നു. കോളനികൾ വ്യാപിപ്പിക്കുകയും ബാങ്കുകളും ഇൻഷുറർമാരും സഹായം നൽകുകയുമാണ്. ഒരു ജനത സമ്പന്നരാകുന്നു, മറ്റൊന്ന് തുടച്ചുനീക്കപ്പെടുന്നുവെന്നുമാണ് ഉപസംഹരിച്ചത്.
പുതിയ തന്ത്രംതേടുന്ന പാശ്ചാത്യ ശക്തികൾ
ഗസ്സയെ വിലയേറിയ റിയൽ എസ്റ്റേറ്റ് ഭൂമിയായി മാറ്റുകയെന്ന ആശയം ചില പഠനങ്ങൾ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ പാശ്ചാത്യ ശക്തികൾ അവിടത്തെ യാഥാർഥ്യങ്ങളെയും അത് അഭിമുഖീകരിക്കുന്ന നീചമായ അനീതിയെയും നേരിടാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. 1948ൽ തെക്കൻ-തീരദേശ ഫലസ്തീനിലെ വംശീയ ഉന്മൂലനത്തിന്റെ തുടർച്ചയായ അന്താരാഷ്ട്ര പങ്കാളിത്തം നിസ്സാരമായിരുന്നില്ല. മുക്കാൽ നൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടും അത് തീർക്കുന്ന മുറിവുകൾ പേടിപ്പെടുത്തുന്നതും. പടിഞ്ഞാറൻ രാജ്യങ്ങൾ ഫലസ്തീന് ഒന്നും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് സമ്മതിക്കുന്നതിനു പകരം പുതിയ തന്ത്രങ്ങൾ മെനയുകയാണ്. പ്രദേശത്ത് നിരന്തര സൈനികാക്രമണം നടത്തി ശിലായുഗം തീർത്ത് ജീവിതം സുസ്ഥിരമല്ലാത്ത സാഹചര്യം വളർത്തിയിരിക്കുന്നു. ട്രംപിന്റെ വീമ്പിളക്കലുകൾ പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും പൊരുത്തമില്ലാത്തതും വ്യാമോഹങ്ങൾ നിറഞ്ഞതുമായി. അത് അവസാനകാല സാമ്രാജ്യത്വ മാന്ത്രിക ചിന്തയെ പ്രതിഫലിപ്പിക്കുന്നു. ഭീഷണിയിലും ബലപ്രയോഗത്തിലും അമിതമായി ആശ്രയിക്കുകയുമാണ്. ട്രംപ് ഭരണകൂടം ഗുണ്ടാസംഘങ്ങളുടെയും വേഷംമാറിയിട്ടില്ലാത്ത നവ-നാസികളുടെയും വന്യമായ ശേഖരത്താൽ നിറയുന്നത് കാണുമ്പോൾ, സ്ഥിതിഗതികൾ എങ്ങോട്ടേക്കാണെന്ന് ആശ്ചര്യപ്പെടേണ്ടതില്ല. അറബ്- ഇസ്‍ലാമിക ലോക വേദികളിൽ പതിറ്റാണ്ടുകളായി അമേരിക്ക അവതരിപ്പിച്ചിരുന്ന സത്യസന്ധനായ ഇടനിലക്കാരന്റെ വ്യക്തിത്വം ഇല്ലാതായി.
വംശീയ ഉന്മൂലനത്തോടുള്ള പ്രതിബദ്ധതയാണ് ഏറെ സംശയാസ്‌പദം. തങ്ങളുടെ ഉന്നതർ ഇസ്രായേലുമായി സമാധാന കരാറുകളിൽ ഒപ്പുവെക്കുന്നതിനെ അറബ്, മുസ്‍ലിം ലോകങ്ങൾ വ്യക്തമായി കാണുകയാണ്. 1979ലെ ക്യാമ്പ് ഡേവിഡ് ഉടമ്പടികൾ മധ്യപൂർവ ദേശത്തെ യു.എസ് നയത്തിന് തലമുറകളോളം സഹായകമായി. പാശ്ചാത്യർ ഇതിനകം ഇസ്രായേലിനെ വംശഹത്യയിൽ എത്രത്തോളം പിന്തുണച്ചിട്ടുണ്ടെന്നത് കണക്കിലെടുക്കുമ്പോൾ ഈ പ്രവൃത്തികൾ തുറന്നിട്ട പ്രാദേശിക വെള്ളപ്പൊക്കങ്ങളിൽ നനയാതിരിക്കാൻ ആസ്തികൾക്കും താൽപര്യങ്ങൾക്കും ഒരുപോലെ ബുദ്ധിമുട്ടായിരിക്കും. വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രായേലി കുടിയേറ്റങ്ങളിൽനിന്ന് ജർമൻ മാധ്യമഭീമൻ ആക്സൽ സ്പ്രിംഗർ പണം സമ്പാദിക്കുന്ന റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതാണ്. വെബ്‌സൈറ്റായ യാഡ് 2 ഇൻക്ല.കോം വഴി പരസ്യം ചെയ്‌തത് വ്യക്തമായ സൂചനയും. പ്രമുഖ ജർമൻ പത്രമുടമകൾ അധിനിവേശ അനുകൂല നിലപാട് സ്വീകരിക്കുന്നതും പ്രധാനം.
സ്പ്രിംഗർ ഉടമസ്ഥതയിലുള്ള ഡൈ വെൽറ്റ് മുഖപ്രസംഗം അത് തെളിയിക്കുന്നു. ഫലസ്തീൻ സ്വതന്ത്രമാകുമെന്ന മുദ്രാവാക്യങ്ങൾ ജൂതർക്കെതിരെ വംശഹത്യക്ക് ആഹ്വാനംചെയ്യുന്നതിന് തുല്യം എന്നാണ് കമ്പനി സി.ഇ.ഒ എഴുതിയത്. സ്പ്രിംഗറിന്റെ ഇസ്രായേലി ക്ലാസിഫൈഡ് പരസ്യ വെബ്‌സൈറ്റ് യാഡ് 2 റിയൽ എസ്റ്റേറ്റ് ലിസ്‌റ്റിങ്ങുമായി രംഗത്തെത്തി. വാടക അപ്പാർട്മെന്റുകളും അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്ന സെറ്റിൽമെന്റുകളിലെ വിൽപനയും അതിലുൾപ്പെടുന്നു. വീടുകളുടെ വിൽപന പ്രോത്സാഹിപ്പിക്കുന്നതിന് ബിസിനസ് പത്രത്തിൽ യാഡ് 2 സ്വന്തം പരസ്യവും നൽകി. വെസ്റ്റ് ബാങ്കിലെ അനധികൃത സെറ്റിൽമെന്റുകളിൽ വിൽപനക്കും വാടകക്കുമായി ആയിരക്കണക്കിന് അപ്പാർട്മെന്റുകൾ ഇന്റർസെപ്റ്റ് കണ്ടെത്തി.
സൈന്യം പിടിച്ചെടുത്ത സ്വകാര്യ ഫലസ്തീൻ ഭൂമിയിലാണ് മറ്റ് വീടുകളുടെ ലിസ്‌റ്റിങ്ങുകൾ പ്രത്യക്ഷപ്പെടുന്നത്. ഫലസ്തീനികളോട് വ്യവസ്ഥാപിത വിവേചനം കാണിക്കുന്ന സംവിധാനത്തിൽനിന്ന് കമ്പനികൾ പ്രയോജനം നേടുന്നുണ്ടെന്നർഥം. അത് കെട്ടിടാനുമതികളും വിഭവങ്ങളും റോഡുകളും അടിസ്ഥാന സൗകര്യങ്ങളും നിഷേധിക്കുന്നു. സെറ്റിൽമെന്റുകളെ സാമ്പത്തികമായി കൂടുതൽ സുസ്ഥിരമാക്കാനും അതുവഴി ആ സമ്പ്രദായം ശക്തിപ്പെടുത്താനും ശ്രമിക്കുകയുമാണ്. ഇസ്‌കാക്ക, മർദ, തുടങ്ങിയ ഫലസ്തീൻ ഗ്രാമങ്ങളും വ്യക്തികളും ആക്സൽ സ്പ്രിംഗറിനെതിരെ സമർപ്പിച്ച, കോർപറേറ്റ് ഡ്യൂ ഡിലിജൻസ് ബാധ്യതാ നിയമം ലംഘിച്ചെന്ന പരാതികൾ ജർമൻ ഫെഡറൽ ഓഫിസ് ഫോർ ഇക്കണോമിക് അഫയേഴ്‌സ് ആൻഡ് എക്സ്പോർട്ട് കൺട്രോൾ നിരസിച്ചു. അവ തള്ളിയത് നഗ്നമായ കാപട്യം തുറന്നുകാട്ടുന്നുവെന്നാണ് പരാതിക്കാരുടെ അഭിഭാഷകൻ പറഞ്ഞത്.