നീതിന്യായ ഒഴിഞ്ഞുമാറൽ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ

രാജ്യത്തെ വോട്ടർപട്ടിക വലിയ സമസ്യയായി തുടരുകയാണ്. അതിനിടയിൽ ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണം ഗൗരവമായ വിഷയമായി മാറിക്കഴിഞ്ഞു. പൗരത്വം മുഖ്യവിഷയമായി അവിടെയും ഉയരുന്നു. ഇൗ പശ്ചാത്തലത്തിൽ ബിഹാറിലെ പ്രശ്നങ്ങളെയും അത് മറ്റു സംസ്ഥാനങ്ങളിലും ബാധിക്കുന്ന രീതികളെയുംകുറിച്ച് എഴുതുകയാണ് ഗ്രന്ഥകർത്താവും അഭിഭാഷകനുമായ ലേഖകൻ. തെരഞ്ഞെടുപ്പ് കമീഷൻ വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നത് ബിഹാറിലെ വോട്ടർ പട്ടികയിൽ നടപ്പാക്കുന്ന സവിശേഷ സമൂല പരിഷ്കരണത്തിന്റെ പേരിലാണ് (Special Intensive Revision). പ്രതിപക്ഷ കക്ഷികൾ ഇതിനകംതന്നെ വ്യാപക പരാതികൾ ഉന്നയിക്കുകയും സുപ്രീംകോടതി ഇതിൽ വാദം കേൾക്കാൻ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
രാജ്യത്തെ വോട്ടർപട്ടിക വലിയ സമസ്യയായി തുടരുകയാണ്. അതിനിടയിൽ ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണം ഗൗരവമായ വിഷയമായി മാറിക്കഴിഞ്ഞു. പൗരത്വം മുഖ്യവിഷയമായി അവിടെയും ഉയരുന്നു. ഇൗ പശ്ചാത്തലത്തിൽ ബിഹാറിലെ പ്രശ്നങ്ങളെയും അത് മറ്റു സംസ്ഥാനങ്ങളിലും ബാധിക്കുന്ന രീതികളെയുംകുറിച്ച് എഴുതുകയാണ് ഗ്രന്ഥകർത്താവും അഭിഭാഷകനുമായ ലേഖകൻ.
തെരഞ്ഞെടുപ്പ് കമീഷൻ വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നത് ബിഹാറിലെ വോട്ടർ പട്ടികയിൽ നടപ്പാക്കുന്ന സവിശേഷ സമൂല പരിഷ്കരണത്തിന്റെ പേരിലാണ് (Special Intensive Revision). പ്രതിപക്ഷ കക്ഷികൾ ഇതിനകംതന്നെ വ്യാപക പരാതികൾ ഉന്നയിക്കുകയും സുപ്രീംകോടതി ഇതിൽ വാദം കേൾക്കാൻ ആരംഭിക്കുകയുംചെയ്തു. ജനപ്രാതിനിധ്യ നിയമത്തിന്റെ ഇരുപത്തിയൊന്നാം വകുപ്പ് (Representation of the People Act, 1951) അനുസരിച്ച് തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക തയാറാക്കുന്നതും അതിൽ കാലാനുസൃതമായ പരിഷ്കരണങ്ങൾ വരുത്തുന്നതും തെരഞ്ഞെടുപ്പ് കമീഷനാണ്. അതിനുള്ള അധികാരം തെരഞ്ഞെടുപ്പ് കമീഷനാണ് നൽകിയിട്ടുള്ളത്. പുതിയ സമ്മതിദായകരെ ഉൾപ്പെടുത്തിക്കൊണ്ടും മരിച്ചോ സ്ഥലം മാറിയോ പോയവരെ ഒഴിവാക്കിയും സമയാസമയങ്ങളിൽ തെരഞ്ഞെടുപ്പ് കമീഷൻ വോട്ടർ പട്ടികയിൽ മാറ്റങ്ങൾ വരുത്താറുണ്ട്. അല്ലെങ്കിൽ ഇപ്പോൾ ബിഹാറിൽ നടപ്പാക്കുന്നത് പോലെ നിലവിലുള്ള വോട്ടർ പട്ടികയെ മുഴുവൻ മാറ്റി ആദ്യം മുതൽ പുതിയ പട്ടിക തയാറാക്കും. ഇതിനു മുമ്പ് ബിഹാറിൽ തന്നെ ഇങ്ങനെ സമൂലം വോട്ടർ പട്ടിക പരിഷ്കരിച്ചത് 2003ലാണ്.
അതിനുശേഷം ഇന്നുവരെ കാലാനുസൃതമായ പരിഷ്കരണങ്ങൾ നടത്തിയിരുന്നു. 2025 ഒക്ടോബർ, നവംബർ മാസങ്ങളിൽ ബിഹാർ സംസ്ഥാനം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോഴാണ് കേവലം രണ്ടോ മൂന്നോ മാസം മാത്രം മുന്നിൽ ജൂണിൽ തെരഞ്ഞെടുപ്പ് കമീഷൻ ഇങ്ങനെ ഒരു ഉദ്യമത്തിന് ഇറങ്ങിത്തിരിച്ചത്. ഇത്രയും ചുരുങ്ങിയ സമയംകൊണ്ട് സമയബന്ധിതമായി കാര്യക്ഷമമായി ഈ പ്രക്രിയ പൂർത്തീകരിക്കാൻ കഴിയുമോ എന്നതാണ് പ്രാഥമിക ചോദ്യം. രണ്ട്, 2003ലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവരും അതിനുശേഷം ഉൾപ്പെട്ടവരും തമ്മിൽ ഒരു വർഗീകരണം കൊണ്ടുവരുകയും 2003ന് ശേഷം വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവർ തങ്ങളുടെ അർഹത തെളിയിക്കുന്നതിന് ചില രേഖകൾ ആവശ്യപ്പെടുകയുംചെയ്തു. അത്യന്തം വിചിത്രമായ മൂന്നാമത്തെ സംഗതി, തെരഞ്ഞെടുപ്പ് കമീഷൻ ആവശ്യപ്പെട്ട രേഖകളിൽ അവർതന്നെ നൽകിയ തിരിച്ചറിയൽ രേഖ, ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, റേഷൻ കാർഡ് എന്നിവയൊന്നും ഉൾപ്പെട്ടില്ല എന്നതാണ്. പകരം പാസ്പോർട്ട്, ജാതി സർട്ടിഫിക്കറ്റ് എന്നിവയൊക്കെയാണ് ഉൾപ്പെടുത്തിയത്.
തെരഞ്ഞെടുപ്പ് കമീഷന്റെ നോട്ടിഫിക്കേഷനിൽ പറയുന്നത് ഭരണഘടനയുടെ അനുച്ഛേദം 326, 1950ലെ ജനപ്രാതിനിധ്യ നിയമം 16ാം വകുപ്പ് എന്നിവയനുസരിച്ചുള്ള നടപടിക്രമം കൃത്യമായി പാലിച്ചുകൊണ്ടുള്ള ഒരു പ്രക്രിയയാണ് നടത്തുന്നത് എന്നാണ്. അനുച്ഛേദം 326 പറയുന്നത് 18 വയസ്സ് പൂർത്തിയായവർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള അവകാശത്തെക്കുറിച്ചാണ് എങ്കിൽ ജനപ്രാതിനിധ്യ നിയമത്തിലെ 16ാം വകുപ്പ് അതിനുള്ള അയോഗ്യതയെക്കുറിച്ചാണ് പറയുന്നത്. ഇന്ത്യൻ പൗരൻ അല്ലാതിരിക്കുക, ബുദ്ധിസ്ഥിരത ഇല്ലാതിരിക്കുക, തെരഞ്ഞെടുപ്പ് നിയമങ്ങളോ മറ്റേതെങ്കിലും നിയമങ്ങളോ വഴി അയോഗ്യനാവുക എന്നതൊക്കെയാണ് 16ാം വകുപ്പ് പറയുന്ന അയോഗ്യതകൾ.
ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 324, ജനപ്രാതിനിധ്യ നിയമത്തിലെ 21ാം വകുപ്പ് എന്നിവ അനുസരിച്ചാണ് ഈ പ്രക്രിയ നടത്തുന്നത് എന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നോട്ടിഫിക്കേഷൻ പറയുന്നത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയകൾ നിയന്ത്രിക്കാനും മാർഗനിർദേശം നൽകുന്നതിനും തെരഞ്ഞെടുപ്പ് കമീഷന് അധികാരം നൽകുന്നതാണ് അനുച്ഛേദം 324. ജനപ്രാതിനിധ്യ നിയമത്തിലെ 21ാം വകുപ്പ് അനുസരിച്ച് വോട്ടർ പട്ടിക തയാറാക്കാനും പുതുക്കാനുമുള്ള അധികാരം തെരഞ്ഞെടുപ്പ് കമീഷനുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്റെ നോട്ടിഫിക്കേഷൻ പ്രകാരം മൂന്ന് പ്രധാന ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഈ പ്രക്രിയക്ക് ഉള്ളത്: ഒന്ന്, അർഹരായ എല്ലാവരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുക, ആരെയും ഒഴിവാക്കിയിട്ടില്ല എന്ന് ഉറപ്പുവരുത്തുക, രണ്ട്; അനർഹരായ ആരും വോട്ടർ പട്ടികയിലില്ല എന്ന് ഉറപ്പുവരുത്തുക, മൂന്ന്; മരിച്ചുപോയവർ, സ്ഥലം മാറിപ്പോയവർ, എവിടെയാണ് എന്ന് അറിയാത്തവർ എന്നിവരെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കുക. ഇത്രയുമാണ് ഇപ്പോൾ നടത്തുന്ന പ്രക്രിയയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ.
ഈ പ്രക്രിയയുടെ നടത്തിപ്പിനായി തെരഞ്ഞെടുപ്പ് കമീഷൻ ബൂത്ത് തല ഓഫിസർമാരെ നിയമിച്ചിട്ടുണ്ട്. അവർ വീട് വീടാന്തരം സർവേ നടത്തി അർഹരും അനർഹരുമായ സമ്മതിദായകരെ കണ്ടെത്തും. നിലവിലുള്ള വോട്ടർമാർക്ക് സർവേ നടത്തുന്നതിനുള്ള ഫോം ഇലക്ടറൽ രജിസ്ട്രഷൻ ഓഫിസർ വിതരണംചെയ്യും. വോട്ടർമാർ ‘അനുബന്ധ രേഖകൾ’ സഹിതം പൂരിപ്പിച്ച ഫോം സമർപ്പിക്കണം. ജനങ്ങൾക്കും സംഘടനകൾക്കും പരാതികളും എതിർപ്പുകളും രേഖപ്പെടുത്താം. അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാരാണ് ഇതെല്ലാം പരിശോധിക്കുന്നത്. അതിനുശേഷം ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ അവസാന വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
ജൂലൈ പത്തിന് ഈ ഹരജികൾ കേട്ടുകൊണ്ട് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷനോട് ആധാർ, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ് എന്നിവ കൂടി അനുബന്ധ രേഖകളിൽ ഉൾപ്പെടുത്താൻ കഴിയുമോ എന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമീഷൻ അവരുടെ പ്രതി സത്യവാങ്മൂലത്തിൽ (Counter Affidavit) ഈ നിർദേശം നിരാകരിക്കുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പ് കമീഷന്റെ അഭിഭാഷകനായ രാകേഷ് ദ്വിവേദിയുടെ വാദം ആധാറിൽ തന്നെ അത് പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയല്ല എന്ന് പറയുന്നുണ്ട്, അതുകൊണ്ട് അത് സ്വീകരിക്കാൻ പറ്റില്ല എന്നായിരുന്നു. റേഷൻ കാർഡിനുള്ള ദോഷം ഒരുപാട് എണ്ണം റേഷൻ കാർഡുകൾ അനുവദിച്ചിട്ടുണ്ട് എന്നതാണെങ്കിൽ തെരഞ്ഞെടുപ്പ് കമീഷന്റെ തന്നെ തിരിച്ചറിയൽ കാർഡിന് എതിരെയുള്ള വാദം നിലവിൽ വോട്ടർ പട്ടിക പുതുക്കുന്നതുകൊണ്ട് അത് ആധികാരിക തെളിവല്ല എന്നാണ്. ആഗസ്റ്റ് ഒന്നിനാണ് പട്ടിക പ്രസിദ്ധീകരിക്കുന്നത്. ജൂലൈ 29ന് ഹരജി പരിഗണിച്ചപ്പോൾ സുപ്രീംകോടതി ഹരജിക്കാരോട് ആവശ്യപ്പെട്ടത് ആഗസ്റ്റ് ഒന്നിന് പട്ടിക പ്രസിദ്ധീകരിക്കുന്നതു വരെ കാത്തിരിക്കാനാണ്.

ജീവിച്ചിരിക്കുന്ന പത്തു പേരെയെങ്കിലും മരിച്ചതായാണ് പട്ടികയിൽ തെരഞ്ഞെടുപ്പ് കമീഷൻ രേഖപ്പെടുത്തിയത് എങ്കിൽ നിശ്ചയമായും ഇടപെടും എന്ന ഉറപ്പാണ് സുപ്രീംകോടതി ഹരജിക്കാർക്ക് നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷന്റെ വാദം കരട് പട്ടികയിൽപെടാത്തവർക്ക് എതിർപ്പ് ഉന്നയിക്കാൻ പിന്നെയും അവസരമുണ്ട് എന്നും സെപ്റ്റംബർ 30ന് മാത്രമേ അന്തിമ പട്ടിക പ്രസിദ്ധീകരിക്കൂ, സെപ്റ്റംബർ ഒന്ന് വരെ എതിർപ്പ് അല്ലെങ്കിൽ പരാതി ഉന്നയിക്കാം എന്നാണ്.
ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശം ശ്രദ്ധേയമാണ്: ‘‘തെരഞ്ഞെടുപ്പ് കമീഷൻ എന്നത് ഒരു ഭരണഘടനാ സ്ഥാപനമാണ്, അവർ നിയമപരമായി പ്രവർത്തിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.’’ നിയമത്തിൽനിന്ന് വ്യതിചലിക്കുന്ന നിമിഷം കോടതി ഇടപെടും എന്ന ഉറപ്പാണ് സുപ്രീംകോടതി നൽകിയിരിക്കുന്നത്. ആഗസ്റ്റ് 12, 13 തീയതികളിലാണ് അടുത്ത വാദം നിശ്ചയിച്ചത്. സുപ്രീംകോടതി ഈ കേസിൽ പറയാൻ പോകുന്ന വിധിയുടെ ന്യായാന്യായങ്ങളിലേക്ക് അല്ല ഈ കുറിപ്പ് നീങ്ങുന്നത്. മറിച്ച് നിർണായകമായ, ദൂരവ്യാപക ഫലങ്ങളും പ്രത്യാഘാതങ്ങളും ഉണ്ടാക്കുന്ന ഭരണനിർവഹണ വിഭാഗത്തിന്റെ നടപടികളെ ചോദ്യംചെയ്തുള്ള ഹരജികളിൽ സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുള്ള നീതിന്യായ നിർവഹണത്തിലെ അലംഭാവത്തെക്കുറിച്ചാണ് ഈ കുറിപ്പ്. എത്രയോ തവണ ആവർത്തിച്ച അപഹാസ്യമായ വിട്ടുനിൽക്കലിനെക്കുറിച്ചാണ് ഈ കുറിപ്പ്.
2023 മാർച്ചിൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച്, ഭരണനിർവഹണ വിഭാഗം ഏകപക്ഷീയമായി തെരഞ്ഞെടുപ്പ് കമീഷനെ തിരഞ്ഞെടുക്കുന്ന നിലവിലുള്ള സമ്പ്രദായം ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചിരുന്നു. പാർലമെന്റ് നിയമം നിർമിക്കുന്നതുവരെ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന ഒരു സമിതിയാണ് തെരഞ്ഞെടുപ്പ് കമീഷനെ തിരഞ്ഞെടുക്കേണ്ടത് എന്നും വിധിച്ചിരുന്നു. ഡിസംബറിൽ മോദി ഭരണകൂടം ഈ വിധിന്യായത്തെ മറികടക്കാനായി ഒരു നിയമം കൊണ്ടുവന്നു. അതിൽ ചീഫ് ജസ്റ്റിസ് എന്നതിന് പകരം പ്രധാനമന്ത്രി നിയമിക്കുന്ന യൂനിയൻ കാബിനറ്റ് അംഗം എന്നാക്കി. ഫലത്തിൽ സുപ്രീംകോടതി വിധിന്യായത്തിന് മുമ്പുള്ള അതേ അവസ്ഥയിലേക്ക് തന്നെ തിരിച്ചെത്തി, പാർലമെന്റ് നിർമിച്ച ഒരു നിയമം വന്നു എന്ന വ്യത്യാസം മാത്രം. ഈ നിയമത്തിന്റെ ഭരണഘടനാ സാധുത സ്വാഭാവികമായും സുപ്രീംകോടതിയിൽ ചോദ്യംചെയ്യപ്പെട്ടു. ഒരു നിയമം അല്ലെങ്കിൽ വ്യവസ്ഥ ഭരണഘടനാ വിരുദ്ധം എന്ന് സുപ്രീംകോടതി പറഞ്ഞാൽ ആ വിരുദ്ധമായ സംഗതികൾ ഒഴിവാക്കി അവയെ പരിഹരിച്ചു നിയമം കൊണ്ടുവരാവുന്നതാണ്. പക്ഷേ, സുപ്രീംകോടതി വിധിന്യായത്തെ മറികടക്കാനായി മാത്രം പാർലമെന്റിന് നിയമം നിർമിക്കാൻ കഴിയില്ല. ഇവിടെ സുപ്രീംകോടതിവിധിയുടെ അന്തഃസത്തക്ക് വിരുദ്ധമായി ആ വിധിയെ മറികടക്കാൻ മാത്രമായി നിർമിച്ച നിയമമായിരുന്നു ഇത്. പാർലമെന്റ് നിയമങ്ങളുടെ ഭരണഘടനാ സാധുത അനുമാനിക്കുകയും സ്റ്റേ നൽകാതിരിക്കുകയും ചെയ്യുക എന്ന സാങ്കേതികത്വവും നിലവിൽ പിന്തുടർന്ന് വരുന്ന രീതിയും ചൂണ്ടിക്കാണിച്ചുകൊണ്ട് നിയമം സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിക്കുകയാണ് ചെയ്തത്. അക്കാദമിക വിദഗ്ധരും ജൂറിസ്റ്റുകളും ഇതിനെ നീതിന്യായ ഒഴിഞ്ഞുമാറൽ (Judicial Evasion) എന്നാണ് വിശേഷിപ്പിക്കുന്നത്.
ഇന്ത്യയിൽ നിലവിലുള്ള ഒരു സങ്കൽപം സ്റ്റേ അനുവദിക്കുന്നത്, ഭരണഘടനാ കോടതികൾ റിട്ട് പുറപ്പെടുവിക്കുന്നത് എന്നിവ കോടതികളുടെ വിവേചനാധികാരമാണ്. ആ വിവേചനാധികാരം എങ്ങനെ വിനിയോഗിക്കണം എന്നതിലേ നിയമവ്യാഖ്യാനങ്ങളും വിശദീകരണങ്ങളും സാധിക്കൂ, ഹരജിക്കാരുടെ അവകാശം എന്ന നിലയിൽ അത് ആവശ്യപ്പെടാൻ കഴിയില്ല എന്നാണ്. എന്നാൽ, റിട്ട് അധികാരത്തെ തന്നെ ഡോ. അംബേദ്‌കർ രണ്ടായി തിരിക്കുന്നുണ്ട്, prerogative റിട്ട് എന്നും writ in action എന്നും. മൗലികാവകാശങ്ങൾ സ്ഥാപിച്ചുകിട്ടുന്നതിനു വേണ്ടിയുള്ള റിട്ട് അധികാരം വിവേചനാധികാരമല്ല എന്നാണ് സീർവായി എഴുതുന്നത്. അത് ഹരജിക്കാരന് അവകാശമായി ആവശ്യപ്പെടാവുന്നതാണ് (as a matter of right).
സമീപകാലത്തായി സുപ്രീംകോടതി പിന്തുടരുന്ന ഒരു സമീപനം വിഷയത്തിൽ ഇടപെടാതെ നീട്ടിക്കൊണ്ടുപോവുകയും അവസാനം എക്സിക്യൂട്ടിവിന് അനുകൂലമായി വിധിക്കുകയും ചെയ്യുക എന്നതാണ്. അത് നോട്ട് നിരോധനത്തിലും ആധാർ കേസിലും അനുച്ഛേദം 370 റദ്ദാക്കിയത് ചോദ്യംചെയ്തുള്ള ഹരജികളിലും എല്ലാം ‘വിജയകരമായി’ പരീക്ഷിച്ചതാണ്. ഈ ഒഴിഞ്ഞുമാറൽ രണ്ടു രീതിയിലാണ് നടക്കുന്നത്. ഒന്ന്; തീരുമാനം എടുക്കാതെ നീട്ടിക്കൊണ്ടുപോവുകയും അവസാനം സംഭവിച്ചു കഴിഞ്ഞതിനെ തിരിച്ചിടാൻ കഴിയാത്തവിധം എല്ലാം നടന്നുകഴിയുമ്പോൾ ഭരണകൂടത്തിന് അനുകൂലമായി വിധിക്കുക എന്നതാണ് ഒരു രീതി. മറ്റൊരു രീതി നിർണായകമായ ഭരണഘടനാ ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ, അവക്ക് ഉത്തരം നൽകാതെ തീരുമാനം എടുക്കാൻ ഭരണകൂടത്തിന് തന്നെ പന്ത് തട്ടിക്കൊടുക്കുക എന്നതാണ്. ഇത് രണ്ടും ഉന്നതമായ ഒരു നീതിപീഠത്തിൽനിന്ന് ആധുനിക ജനാധിപത്യ സമൂഹങ്ങളും രാഷ്ട്രങ്ങളും പ്രതീക്ഷിക്കാത്തതാണ്. നിർഭാഗ്യവശാൽ ഇന്ത്യയിൽ ഇന്ന് സംഭവിക്കുന്നത് ഇതാണ്.

ബിഹാറിലെ അരാരിയ ജില്ലയിലെ മുനിസിപ്പൽ കൗൺസിൽ പ്രദേശമായ ജോഗ്ബാനിയിൽ വോട്ടർ പട്ടിക ഡ്രൈവിലേക്കുള്ള പ്രത്യേക അന്വേഷണ റിവിഷൻ സമയത്ത് ഒരു ബൂത്ത് ലെവൽ ഓഫിസർ രേഖകൾ പരിശോധിക്കുന്നു (ഫയൽ ഫോട്ടോ: കടപ്പാട് ശശി ശേഖർ കശ്യപ്)
ഇതിലൂടെ ഉന്നത നീതിപീഠം ചെയ്യുന്നത് ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള ഒരു സമഗ്രാധിപത്യ ഭരണകൂടത്തിന്റെ ചെയ്തികൾക്ക് അറിഞ്ഞോ അറിയാതെയോ സാധുത നൽകുകയും പിന്തുണ നൽകുകയുമാണ്. ബിഹാർ തെരഞ്ഞെടുപ്പ് പട്ടികയിൽ സമൂല മാറ്റം വരുത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നടപടികളിൽ ഇടപെടാതെ നീട്ടികൊണ്ടുപോകുമ്പോഴും തെരഞ്ഞെടുപ്പ് കമീഷനോട് ‘നീതിയുക്തമായി പ്രവർത്തിക്കാൻ അഭ്യർഥിക്കുമ്പോഴും’ ഇതുവരെ പിന്തുടർന്ന് വന്ന അതേ തന്ത്രംതന്നെയാണ് ഇന്ത്യയിലെ ഉന്നത നീതിപീഠം ആവർത്തിക്കുന്നത്. ഇത് ഇന്ത്യൻ ഭരണഘടനക്കും ഭരണഘടനാവാഴ്ചക്കും ആശാസ്യമല്ല എന്നുകൂടി സൂചിപ്പിക്കട്ടെ. ലോകത്തിലെ ഏറ്റവും ശക്തമായ ഭരണഘടനാ കോടതികളിൽനിന്ന് കൂടുതൽ ധീരമായ ഇടപെടൽ ഈ സമൂഹം പ്രതീക്ഷിക്കുന്നുണ്ട്.