Begin typing your search above and press return to search.

അബ്രകഡാബ്ര

അബ്രകഡാബ്ര
cancel

ബാല്യകൗതുകങ്ങൾ ഏവർക്കുമുണ്ടാവും നിക്ഷേപമായി, സിരകളിൽ. പിൽക്കാല മുഷിപ്പിനും മുരടിപ്പിനും സാന്ത്വനലേപമായി. നിയന്ത്രണങ്ങളോടും യാന്ത്രികതയോടുമുള്ള ജീവിതവഴക്കംകൊണ്ടുണ്ടായ വൈരസ്യത്തിനുള്ള മനോ​െതെലം. പ്രഭവങ്ങളിൽനിന്നുള്ള അന്യവത്കരണത്തിന് ഇറ്റാശ്വാസം. മുതിർന്നോരുടെ മുഖ്യപ്രശ്നം അത്ഭുതം മരിച്ചതാണ്. അത്ഭുതപ്പെടാനൊക്കെ ഇഷ്ടംതന്നെ, അതിനുവേണ്ട അയവ് പക്ഷേ നഷ്ടമായി, മനസ്സിന്. ഭൗതികശാസ്ത്രത്തിലെ അത്ഭുതങ്ങളിലൊന്നാണ്, പലകുറി കിട്ടേണ്ടിയിരുന്ന നൊ​േബൽ സമ്മാനം ജോർജ് സുദർശന് ഒരുകുറിപോലും കിട്ടാതെ പോയത്. അദ്ദേഹത്തിന്റെ മൗലിക സംഭാവനകളും അവക്കൊരോന്നിനും അടിസ്ഥാനശാസ്ത്രത്തിലുള്ള കാതൽ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
ബാല്യകൗതുകങ്ങൾ ഏവർക്കുമുണ്ടാവും നിക്ഷേപമായി, സിരകളിൽ. പിൽക്കാല മുഷിപ്പിനും മുരടിപ്പിനും സാന്ത്വനലേപമായി. നിയന്ത്രണങ്ങളോടും യാന്ത്രികതയോടുമുള്ള ജീവിതവഴക്കംകൊണ്ടുണ്ടായ വൈരസ്യത്തിനുള്ള മനോ​െതെലം. പ്രഭവങ്ങളിൽനിന്നുള്ള അന്യവത്കരണത്തിന് ഇറ്റാശ്വാസം. മുതിർന്നോരുടെ മുഖ്യപ്രശ്നം അത്ഭുതം മരിച്ചതാണ്. അത്ഭുതപ്പെടാനൊക്കെ ഇഷ്ടംതന്നെ, അതിനുവേണ്ട അയവ് പക്ഷേ നഷ്ടമായി, മനസ്സിന്.

ഭൗതികശാസ്ത്രത്തിലെ അത്ഭുതങ്ങളിലൊന്നാണ്, പലകുറി കിട്ടേണ്ടിയിരുന്ന നൊ​േബൽ സമ്മാനം ജോർജ് സുദർശന് ഒരുകുറിപോലും കിട്ടാതെ പോയത്. അദ്ദേഹത്തിന്റെ മൗലിക സംഭാവനകളും അവക്കൊരോന്നിനും അടിസ്ഥാനശാസ്ത്രത്തിലുള്ള കാതൽ പ്രാധാന്യവും അറിയുന്നോർക്കാണ് അത്ഭുതം തോന്നുക. ശാസ്ത്രലോകത്തെ കപടങ്ങളും കന്നത്തങ്ങളും അറിയുന്നോർക്ക് തോന്നില്ല. അതിരിക്കട്ടെ.

15 കൊല്ലംമുമ്പ്. ചേലാമറ്റത്ത് പേരാറ്റിൻതീരത്തെ ആയുർവേദ കേന്ദ്രം, ചികിത്സക്കെത്തിയ സുദർശനൊപ്പം മൂന്നുമൂന്നര മണിക്കൂർ. വരാന്തയിൽ പുഴക്ക് അഭിമുഖമായിരിക്കെ, താഴ്ന്നുപറക്കുന്ന വിമാനങ്ങളുടെ ഒച്ചയും കാഴ്ചയും ഇടക്കിടെ സംസാരം മുറിച്ചുകൊണ്ടിരുന്നു (സമീപത്താണ്​ നെടുമ്പാശ്ശേരി വിമാനത്താവളം). ഓരോ വിമാനവരവിലും ഉരിയാട്ടം നിലച്ച് അതിൽതന്നെ നോക്കിയിരിക്കും സുദർശൻ, ആദ്യമായി കാണുമ്പോലെ. തിരക്കിയപ്പോൾ പറഞ്ഞു, ‘‘വിമാനയാത്ര ധാരാളം ചെയ്തിട്ടുണ്ട്. വ്യോമയാനത്തിന്റെ ശാസ്ത്രമൊക്കെ നിശ്ചയമുണ്ട്. എന്നാലും വിമാനം പറക്കുന്നത് കാണുമ്പോൾ എനിക്കിന്നും അത്ഭുതമാണ്.’’ ചെറുബാല്യത്തിലെ അതേ വിസ്മയത്തിളക്കം 82 വയസ്സുള്ള ആ കണ്ണുകളിൽ.

പറയാം, ഇത് കുട്ടിത്തമെന്ന്. നേരാണ്, അറിവിന്റെ കറയേറ്റ് കളങ്കിതമല്ല കുട്ടിമനസ്സ്. അറിഞ്ഞറിഞ്ഞ് മുതിരുമ്പോഴാണ് മനസ്സിന് പുതുമ മങ്ങുക, അത്ഭുതം മരിക്കുക. മുതിർന്ന മനുഷ്യന്റെ നിർഭാഗ്യമാണത്, സഹജത്വരകളുടെ മങ്ങൽ. മുതിർന്നോർക്കൊക്കെ ‘കാ​ഴ്​ചപ്പാടാ’ണ് -സംസാരത്തിൽ, സംവാദത്തിൽ, സംഘർഷത്തിൽ, എന്തിലും. പ്രമേയമേതുമാവട്ടെ, പുതുമയുള്ള കാഴ്ച കമ്മി, കാഴ്ചപ്പാട് ജാസ്തി. പാടു പതിഞ്ഞ കാഴ്ചയാണ് കാഴ്ചപ്പാട്. പുതുതായൊന്നും കാണുന്നില്ലെന്നല്ല, അതിനെയൊന്നും പുതുതായി കാണുന്നില്ലെന്നാണ്. ഫലം: നിസർഗത്വരയെ ചങ്ങലക്കിട്ടുള്ള ചർവിതങ്ങൾ, പതിഞ്ഞ പാടു മായ്ച്ച് കാഴ്ച പുതുക്കാൻ പാടുതന്നെ. കണ്ണും മനസ്സും തുറന്നിടണം, കണിയിലേക്ക്. മിക്കവരും പാടുപെടുന്നത് പതിഞ്ഞുപോയ സ്വന്തം കാഴ്ചയെ ന്യായീകരിക്കാൻ. സാധൂകരിച്ച് സമാധാനിക്കാൻ. ഈ പണിയെടുക്കുമ്പോൾ ആരും കാണുന്നില്ല പലതും, വേണ്ടത്ര. കേമത്തമായി പറയാറുണ്ട്, ‘ഇരുത്തം വന്ന മനസ്സെ’ന്ന്. ഇരുന്നുപോയതാണത്, എവിടൊക്കെയോ തറഞ്ഞുപോയത്.

ബാല്യകൗതുകങ്ങൾ ഏവർക്കുമുണ്ടാവും നിക്ഷേപമായി, സിരകളിൽ. പിൽക്കാല മുഷിപ്പിനും മുരടിപ്പിനും സാന്ത്വനലേപമായി. നിയന്ത്രണങ്ങളോടും യാന്ത്രികതയോടുമുള്ള ജീവിതവഴക്കംകൊണ്ടുണ്ടായ വൈരസ്യത്തിനുള്ള മനോ​െതെലം. പ്രഭവങ്ങളിൽനിന്നുള്ള അന്യവത്കരണത്തിന് ഇറ്റാശ്വാസം. മുതിർന്നോരുടെ മുഖ്യപ്രശ്നം അത്ഭുതം മരിച്ചതാണ്. അത്ഭുതപ്പെടാനൊക്കെ ഇഷ്ടംതന്നെ, അതിനുവേണ്ട അയവ് പക്ഷേ നഷ്ടമായി, മനസ്സിന്.

പട്ടണം വിട്ടുവരുന്ന നാട്ടുവഴികൾ കൂട്ടുകൂടുന്നൊരു കുനിപ്പുണ്ട് ഞങ്ങടെ നാട്ടിൻപുറത്തിന്. മഴമേഘമൊഴിഞ്ഞാൽ രാമാനത്ത് നക്ഷത്രങ്ങൾ ലക്ഷദീപം കൊളുത്തുന്ന ഒരിടം. അന്യാദൃശമായ ആകാശക്കാഴ്ചയെന്നൊക്കെ വിളംബരപ്പെടുത്തിയാൽ ആളുകൂടും, വിദൂരങ്ങളിൽനിന്നുപോലും. തൊട്ടരികെ കഴിയുന്നോരുകൂടി പക്ഷേ ഗൗനിക്കാറില്ല സ്വന്തം തലമുകളിലെ ഈ ഇരുളഴക്. നക്ഷത്രങ്ങൾക്ക് വിലയിടിഞ്ഞതല്ല, മിഴിവുടഞ്ഞതുമല്ല. ശ്രദ്ധയുടെ ഊറ്റ് വറ്റിയതുമല്ല, പ്രശ്നം അതിന്റെ ദിശ മാറുന്നതാണ്. ഉറപ്പുകളുടെ നിറവിൽ മനസ്സിനൊരു അലംഭാവം വരും. കണ്ണുയർത്തി നോക്കാതെ തന്നെ ഉറപ്പിക്കയായി, കണ്ടത് അവിടുണ്ടെന്ന്, പഴയപടി. സ്വാഭാവികമായും ശ്രദ്ധപോകും, വേറെ വഴിക്ക്. ചിലർക്ക് ഒരുപാടൊക്കെയറിയാം, താരാപഥങ്ങൾ വരെ കാണാപ്പാഠം. ചിലർക്ക് അത്രക്കറിയില്ല, എങ്കിലും ആകാശത്ത് നക്ഷത്രങ്ങളുണ്ടെന്നും അവക്ക് തിളക്കമുണ്ടെന്നുമറിയാം. ഇരുകൂട്ടരും ഒന്നറിയുന്നില്ല -അറിഞ്ഞതെത്രയാകിലും അതിലുമേറെയുണ്ട് അറിയാത്തതെന്ന്. കാരണം, ജീവിതം പരുവപ്പെടുത്തിയ കണ്മട്ടം അറിവിനും അജ്ഞതക്കും മീതെ ഒരു കമ്പളമിട്ടുതരുന്നുണ്ട് -ഉപേക്ഷ; ‘ഓ! അതെത്ര കണ്ടിരിക്കുന്നു...’

രാത്രി, തൊടിയിലെ നിഴൽമരങ്ങൾക്കിടെ മിന്നിയും പാളിയും മെല്ലെ നീങ്ങുന്ന കുഞ്ഞുവെട്ടം കണ്ടാൽ പല്ലവി ആവർത്തിക്കും: ‘‘ഓ! എത്രവട്ടം കണ്ടിരിക്കുന്നു.’’ എന്നിട്ട് പണ്ടെങ്ങോ കണ്ടതിന്മേലൊരു ഭാരിച്ച അനുപല്ലവിയും തന്നെന്നിരിക്കും -മിന്നാമിനുങ്ങിന്റെ ജീവചരിത്രം. ജ്ഞാനഭാരമേൽപിച്ച ജഡഭാവത്തിൽ മുഖം മാറ്റുമ്പോൾ മനസ്സറിയുന്നില്ല കാഴ്ചക്ക് അനുഭവം നഷ്ടമായ കഥ. തൊടിയിൽ അപ്പോഴും പാറുന്നുണ്ടാവും നിശാശലഭം, വിജ്​ഞാനഭാരമില്ലാതെ.

പണ്ടു കണ്ടത് പഴയതാണ്, കാഴ്ചയുടെ ഇന്നലെ. ഇന്നതെങ്ങനെ? അറിയാൻ പഴയ നോക്കു പോരാ, പഴയ അറിവും അനുഭവവും. വീണ്ടും നോക്കാൻ വേണ്ടത് കുഞ്ഞോരു കാര്യം മാത്രം -കൗതുകം. അതാണ് പ്രേരകം, അത്ഭുതത്തിന്റെ. അതിന് മനം കൊടുത്താൽപ്പിന്നെ കടിഞ്ഞാണുണ്ടാവില്ല കണ്ണിന്. അതിലത്ര അസാധാരണമായി ഒന്നുമില്ല. സാധാരണത്തിന്റെ വൈരിയോ വിപരീതമോ അല്ലത്. ‘ഓ! സാധാരണം’ എന്നു കരുതി വിഗണിക്കുന്ന മിക്കതും മനസ്സർപ്പിച്ചാൽ തരും അനുഭവത്തിന്റെ പുതുമ. ഇതൊരു സാധാരണ കാര്യം.

പോയ നൂറ്റാണ്ടിൽ മനുഷ്യൻ നേടിയ പുരോഗതിക്ക് ഒരു വിശേഷമുണ്ട്. മുമ്പേ പോയ നൂറ്റാണ്ടുകളിൽ ഒട്ടാകെ നേടിയ പുരോഗതിയുടെ പലമടങ്ങായിരുന്നു ഈ ചുരുങ്ങിയ കാലത്തേത്. അപൂർവമായ ഈ കുതിച്ചുചാട്ടത്തിലെ ഏറ്റവും വലിയ നേട്ടമെന്തായിരുന്നു? ഉത്തരവും അപൂർവം തന്നെ: എന്തിനെക്കുറിച്ചുമുള്ള അജ്ഞതയുടെ കണ്ടെത്തൽ. അത്ഭുതപ്പെടുത്തുന്ന ഓരോ അറിവും കൈവരുമ്പോൾ നമുക്കുണ്ടാവുന്ന ഒരു തിരിച്ചറിവുണ്ട് -അതുവരെ അക്കാര്യത്തിൽ നമുക്കുണ്ടായിരുന്ന അജ്ഞത. ഈ അജ്ഞതയെപ്പറ്റി അജ്ഞരായിരുന്നു നാം, തലേനിമിഷം വരെ! അത്​ മറ്റൊരു അത്ഭുതം. അറിയാനുള്ളതിന്റെ സാമീപ്യം ഒന്നുകിൽ അസ്വസ്ഥതയുണ്ടാക്കും, അല്ലെങ്കിൽ ആവേശം. രണ്ടിലേതിലാണ് മനസ്സ്, അതനുസരിച്ചിരിക്കും തുടർഗതി. റൂമിയുടെ ഒരു സൂഫിക്കുറളുണ്ട്; ‘‘ഒരേ ഉറവയിൽനിന്ന് നുകരാൻ രണ്ട് ഈറക്കുഴൽ. ഒന്ന് പൊള്ള്, മറ്റത് മധുരക്കരിമ്പ്.’’

വിപൽത്തമാശ ഒന്നുണ്ട് -എന്തിന്മേലും അത്ഭുതപ്പെടുന്നത് ബാലിശം, അതിൽനിന്നും മുതിരാത്തോന് വളർച്ചയില്ല. മുതിർച്ചയെക്കുറിച്ച ഈ വിചാരംകൊണ്ട് ഒരു ഗുണമുണ്ടായി -കടപ്പുറത്ത് അസ്തമയം കണ്ടിരിക്കെ കുട്ടികൾക്ക് ഇന്നും അത്ഭുതം, മുതി​ർന്നോർക്ക്​ അലസത. ആദ്യമായി കണ്ടപ്പോൾ അസ്​തമയം മുതിർന്നോരിലും ഉണർത്തിയിട്ടുണ്ടാവും അത്ഭുതം, തീർച്ച. ഇന്നിപ്പോ, അത്ഭുതകരമാവുന്നത് പിന്നീട് കണ്ട അസ്തമയങ്ങളൊന്നും വാസ്തവത്തിൽ അവർ കണ്ടിരുന്നില്ലെന്നതാണ്. അന്നേരമൊക്കെ ദേഹം വെറുതെ ഹാജരായിരുന്നെന്നു മാത്രം. ഇവിടൊരു സരളനേര് നമ്മെ ഒഴിഞ്ഞുപോവുന്നു; ഒരസ്തമയവും ആവർത്തിക്കുന്നില്ല, അതുകൊണ്ടുതന്നെ ഏതസ്തമയവും പുതുത്, അപൂർവം.

അത്ഭുതമാണ് മനുഷ്യന്റെ ഏറ്റവും വിലപ്പെട്ട വികാരം. കാരണം തീർത്തും പുതുതായ ഒന്നിനു മുന്നിൽ ഓർമച്ചെപ്പിന് അതുപോലൊന്ന് പുറത്തെടുക്കാനാവില്ല. ‘ഓ! ഇതെത്ര കണ്ടിരിക്കുന്നൂ’ന്ന് പറയാനാവില്ല. തികച്ചും പുതിയ അനുഭവം ഒരുതരം സ്തബ്​ധതയുണ്ടാക്കും. അങ്ങനെയല്ലേ ‘അത്ഭുത പരതന്ത്രത’ക്കു മുന്നിലെ നമ്മുടെ ആലങ്കാരിക പ്രയോഗം തന്നെ? ഉരിയാട്ടം മറക്കുക, ശ്വാസം വിലങ്ങുക, ഹൃദയം നിലക്കുക, കണ്ണ് തുറിക്കുക, വാ പൊളിക്കുക... അങ്ങനെയങ്ങനെ, ഉടമ്പിന്റെ നിശ്ചലതയെ മനസ്സിന്റെ നവ്യാനുഭവത്തോട് കൊളുക്കുന്നതിൽ ചില കാമ്പൊക്കെയുണ്ട്. ഒന്നാമത്, ഇന്ദ്രിയത. വിസ്മയം ഇന്ദ്രിയങ്ങളെയാണ് ആദ്യമേ തടവിലാക്കുക. രണ്ട്, ബുദ്ധി. മുമ്പ് അനുഭവമില്ലാത്തവ വന്നുകൂടിയാൽ സിരകൾ കുഴയും. ആ കുഴച്ചിലാണ് സ്തംഭനവും അനുബന്ധ വ്യാക്ഷേപകങ്ങളും വരുത്തുക. മൂന്ന്, ആന്തരികത. ഭയാദരങ്ങളും ആരാധനയുമൊക്കെ വമിക്കുന്ന നോക്കാണ് വിസ്മയം കാണിയിൽ സൃഷ്ടിക്കുക. അത് മനസ്സിന്റെ എലുക മാറ്റുന്നു, അതിരു പിഴുതുകൊണ്ട്.

ശാസ്ത്രത്തിന്റെ അസ്തിവാരംതന്നെ മനുഷ്യന്റെ ഈ വികാരമാണ്. തുറന്നുപറഞ്ഞിട്ടുണ്ട് ദകാർത്; ‘‘ശാസ്ത്രജ്ഞരെ പ്രചോദിപ്പിക്കുന്ന വികാര’’മാണതെന്ന് (Discourse on the Method). ബേക്കൺ കുറെക്കൂടി അപഗ്രഥിച്ചു: ‘‘മുറിഞ്ഞടർന്ന അറിവാണ് അത്ഭുതം. ഗ്രാഹ്യത്തിന് അന്നേരം മായാരൂപമായിരിക്കും. മായ മാറ്റി തെളിച്ചം തരികയാണ് ശാസ്ത്രം.’’ തത്ത്വചിന്തയുടെ നിലപാടും മറിച്ചല്ല. സോക്രട്ടീസിന് ‘വിവേകം പിറക്കുന്നത് അത്ഭുതത്തിൽനിന്നാണ്.’ പടിഞ്ഞാറ് യവനർ തൊട്ട് കിഴക്ക് സെൻമുനികൾ വരെ അതിന്റെ ഈഷൽഭേദങ്ങൾ വിന്യസിച്ചു -‘നീല കൂടുതൽ നീലയും മഞ്ഞ കൂടുതൽ മഞ്ഞയും പച്ച കൂടുതൽ പച്ചയു’മാകുന്ന നോക്കിന്റെ.

ശാസ്ത്രത്തിൽ അത്ഭുതത്തിന് വിരാമമില്ല. പുതിയ കണ്ടെത്തലുകൾ, അവ അനാവരണംചെയ്യുന്ന പുതുമകളേക്കാൾ വിസ്മയാവഹമാകാറുണ്ട്. മികച്ച ഉദാഹരണം, പ്രപഞ്ചത്തിലെ ഓരോ അണുകണത്തിന്റെയും അതീവസൂക്ഷ്​മായ അകതാര് -ക്വാണ്ടം പ്രപഞ്ചം. അതറിയുമ്പോൾ ആശ്ചര്യം തോരുകയല്ല, തിമിർത്തുപെയ്യുക മാത്രമാണ്. പ്രകാശവർഷങ്ങളുടെ ദൂരങ്ങളും വേഗങ്ങളും നമുക്കുള്ളിലെ സ്വന്തം അണുതലങ്ങളും പേറുന്നതിലെ മഹാത്ഭുതം എങ്ങനെ ഒടുങ്ങാൻ! ശാസ്ത്രത്തിന്റെ മിക്ക ചുവടിലുമുണ്ട് ഈ വികാരം, അതിന്റെ വിഹാരം.

മതങ്ങളുടെ വിശ്വാസധമനി തന്നെ അത്ഭുതമാണ് –മിറക്ൾ. ഭൗതികതയെ കുടിയൊഴിപ്പിച്ച് അതിഭൗതികതയിലേക്കുള്ള വശ്യപ്രലോഭനത്തിന്റെ മർമം. ആ കൽപനാവൈഭവത്തിനു മുന്നിൽ എളുതാക്കപ്പെടുകയാണ് മനുഷ്യനും അവന്റെ വൈഭവങ്ങളും. ഇന്ദ്രജാലകനു മുന്നിലെ കുട്ടി കണക്കെ. അമ്പരപ്പിക്കുന്ന ഈ ജാലകലക്ക് ഭൗതികപ്പതിപ്പുകൾ തന്നെയുണ്ട് ഭൂമിയിൽ -കത്തീഡ്രലുകൾ, സിനഗോഗുകൾ, മഹാക്ഷേത്രങ്ങൾ, പെരുംപള്ളികൾ, ചൈത്യങ്ങൾ, പഗോഡകൾ... ബൃഹദ്‍രൂപവും ആകാശപ്പൊലിമയുംകൊണ്ട് മനുഷ്യനെ സ്തംഭം പിടിപ്പിക്കയാണവ. അവന്റെ ചെറുമയെ പർവതീകരിക്കയും അതുവഴി ആരാധ്യവസ്തുവിന് അതിശയോക്തി മാനം തീർക്കയും. ഈ ‘അതിശയ’ത്തിനാണ് മതം കലയെ വസൂലാക്കുന്നതും.

ഇന്നുള്ള മതങ്ങളേക്കാൾ ഏറെ പഴക്കമുണ്ട് ഇക്കഥക്ക്. ചരിത്രവഴിയേ പലതും മൺമറഞ്ഞെങ്കിലും ശേഷിപ്പുകൾ ചിലത് ഇന്നുമുണ്ട് –35 നൂറ്റാണ്ടായി ഈജിപ്തിലുള്ള മോർച്ചറി ക്ഷേത്രംപോലെ, 30 നൂറ്റാണ്ടായി തുർക്കിയിലുള്ള ഗോബെക്​ളി റ്റെപെ പോലെ. 25 നൂറ്റാണ്ടായി യവനത്തുള്ള അപ്പോളോ ക്ഷേത്രവും വെളിപാടു ക്ഷേത്രവും കുറെക്കൂടി പ്രസിദ്ധം. പുതിയ സഹസ്രാബ്ദങ്ങളിലേക്ക് വന്നാൽ കഥ കൂടുതൽ പ്രകടമാവും. നവോത്ഥാന കലയുടെ ജീവനാഡിതന്നെ പള്ളി കൽപിച്ച നിർമാണവേലകളല്ലേ -യൂറോപ്പിലെ പെരിയ കത്തീഡ്രലുകൾ സാക്ഷി. ഗോഥിക് കലയുടെ പരിമിതികൾ ഗയോട്ടോ ഭേദിക്കുമ്പോഴും മതേതരമാവുകയായിരുന്നില്ല കല. ആഴത്തിൽ മതാത്മകമാവുകയായിരുന്നു -ദിവ്യത്വത്തിന്റെ അതിശയരൂപങ്ങൾകൊണ്ട്. ദേവാലയങ്ങൾ പലതിലും അവ ഇന്നും തേങ്ങുന്നു, പിടയുന്നു, പടവെട്ടുന്നു, ആശീർവദിക്കുന്നു -വിരാട് രൂപങ്ങളിൽ. ഭക്തരിലും വിഭക്തരിലും മുഖ്യമായി ഒരേ വികാരം ഉണർത്തിക്കൊണ്ട് -അത്ഭുതം. ആത്മീയത കാലുറപ്പിക്കേണ്ടത് ആകാശത്തല്ല, നിലത്താണെന്നോതിയ ശ്രമണമതങ്ങൾപോലും മണ്ണിൽ കെട്ടിയത് പടുകൂറ്റൻ ചൈത്യങ്ങളും വിഹാരങ്ങളുമല്ലേ? ദൂരത്തെങ്ങും പോകേണ്ട, തൊട്ടയലത്തെ ശ്രാവണബലഗൊളയിൽ 57 അടി പൊക്കത്തിലല്ലേ ബാഹുബലിയുടെ നിൽപ്, നൂൽബന്ധമില്ലാതെ?

നൂറ്റാണ്ട് രണ്ടു മുന്നം കല വിടചൊല്ലി മതത്തോട്. അപ്പോഴും അറ്റില്ല കണ്ണികൾ ചിലത്. കലയാളന് പതിച്ചുകിട്ടി സ്രഷ്ടാവെന്ന പേര്. അജ്ഞാത കർതൃത്വത്തിൽനിന്ന് പരിചിതത്തിലേക്ക് പരിണമിക്കയായിരുന്നു സൃഷ്ടി. ദേവാലയത്തിനു പകരം പുതിയ ആലയങ്ങളായി -മ്യൂസിയങ്ങൾ, കലാകേന്ദ്രങ്ങൾ, പ്രദർശന വേദികൾ... അവിടങ്ങളിലും ദാമ്പത്യം തുടരുകയായിരുന്നു, അഴകും അത്ഭുതവും തമ്മിലെ. റിൽക്ക അത് പച്ചക്കു പറഞ്ഞു; ‘‘അഴക് മറ്റൊന്നുമല്ല, സ്തംഭനത്തിന്റെ നാന്ദി.’’

ചുരുക്കിയാൽ, ശാസ്ത്രവും മതവും കലയും മറ്റെല്ലാ വിയോജനവുമിരിക്കെയും ഈ ഒരു കാര്യത്തിൽ സംയോജിക്കുന്നു –ഇന്ദ്രിയങ്ങളെ പ്രകോപിപ്പിച്ച് വിസ്മയ ചിഹ്നത്തിൽ കൊരുക്കുന്നതിൽ. ആ വികാരമില്ലെങ്കിൽ ഇപ്പറഞ്ഞ മൂന്നിലും പ്രവർത്തിക്കില്ല മനുഷ്യൻ. അതില്ലാതെ പ്രവർത്തിക്കുന്നപക്ഷം കർമം വെറും യാന്ത്രികം. അങ്ങനെ ജീവനയാന്ത്രികതക്കുള്ള മറുമരുന്നുകൂടിയാവുന്നു അത്ഭുതം. വെറുതെയല്ല കുട്ടികൾക്ക് യാന്ത്രികതയില്ലാത്തത്. ഓ! ഇതെത്ര കണ്ടിരിക്കുന്നൂന്ന് മേനി നടിച്ച് അനുഭവങ്ങളെ ഒഴിയുന്നില്ലവർ. ഏതെങ്കിലും കുട്ടി മറിച്ച് ചെയ്യുന്നെങ്കിൽ അത് കുട്ടിയല്ല, അകാല വളർച്ച നേടിയ ഭാഗ്യദോഷി. ഐൻ​െസ്റ്റെൻ നേരത്തേ പറഞ്ഞിരുന്നു കാരണം: ‘‘അത്ഭുതപ്പെടാത്തവൻ ജഡം. അവന്റെ കണ്ണുകൾ അടഞ്ഞുപോയിരിക്കുന്നു.’’


News Summary - Childhood curiosities in adult