Begin typing your search above and press return to search.

വേറ്

വേറ്
cancel

മാവോയിസത്തിന്റെ പതനശേഷം പുതിയ സ്രോതസ്സ് തേടുകയാണ് ചീന ഇന്ന് –നൈതികയുക്തിക്ക്. അതിൽ അവരെവിടെ എത്തുമെന്ന് കണ്ടറിയാനേ കഴിയൂ. കാരണം, ചീനർ തീർത്തും ചീനർ മാത്രം. പുറംലോകർക്കത് ദഹിക്കുന്നില്ല. അതുകൊണ്ട്, ഭൂഗോളത്ത്​ അന്യഗ്രഹമായി തുടരുന്നു, ചീന. ഭൂഗോളത്തിലൊക്കെത്തന്നെ, ചീന പക്ഷേ, വേറൊരു ഗ്രഹം. ചീനത്ത് പോയിട്ടുള്ളോർക്കറിയാം. നേരാണ്, 1970കൾക്കുശേഷം ചീന ഒരുപാടങ്ങ്​ മാറി. ‘നിറമേതാകിലും എലിയെ പിടിക്കുന്ന പൂച്ച’യെ ​ഡെങ് സിയാവോ തുറന്നുവിട്ടതോടെ മങ്ങിപ്പുതലിച്ച കുറിയ പുരകൾ പൊത്തി.നിറമാർന്ന വലിയ പുരകളുയർന്നു. നിരത്ത് നിറച്ചിരുന്ന കറുത്ത സൈക്കിളുകൾ മുന്തിയ ശകടങ്ങൾക്ക് വഴിമാറി. ഓരങ്ങളിൽ മേഘചുംബികൾ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
മാവോയിസത്തിന്റെ പതനശേഷം പുതിയ സ്രോതസ്സ് തേടുകയാണ് ചീന ഇന്ന് –നൈതികയുക്തിക്ക്. അതിൽ അവരെവിടെ എത്തുമെന്ന് കണ്ടറിയാനേ കഴിയൂ. കാരണം, ചീനർ തീർത്തും ചീനർ മാത്രം. പുറംലോകർക്കത് ദഹിക്കുന്നില്ല. അതുകൊണ്ട്, ഭൂഗോളത്ത്​ അന്യഗ്രഹമായി തുടരുന്നു, ചീന.

ഭൂഗോളത്തിലൊക്കെത്തന്നെ, ചീന പക്ഷേ, വേറൊരു ഗ്രഹം. ചീനത്ത് പോയിട്ടുള്ളോർക്കറിയാം. നേരാണ്, 1970കൾക്കുശേഷം ചീന ഒരുപാടങ്ങ്​ മാറി. ‘നിറമേതാകിലും എലിയെ പിടിക്കുന്ന പൂച്ച’യെ ​ഡെങ് സിയാവോ തുറന്നുവിട്ടതോടെ മങ്ങിപ്പുതലിച്ച കുറിയ പുരകൾ പൊത്തി.

നിറമാർന്ന വലിയ പുരകളുയർന്നു. നിരത്ത് നിറച്ചിരുന്ന കറുത്ത സൈക്കിളുകൾ മുന്തിയ ശകടങ്ങൾക്ക് വഴിമാറി. ഓരങ്ങളിൽ മേഘചുംബികൾ പൊങ്ങി, കെട്ടുകാഴ്ചയായി ഷാങ്ഹായും. പണത്തിനും നിറമുണ്ടെന്ന് മാലോകരറിഞ്ഞു –ചുവപ്പ്. ചെമ്പട മാത്രമല്ല ചെമ്പണംകൂടിയുണ്ടിന്ന്, പുകഴെടുത്ത്. അതിലെത്ര ചെമ്പുണ്ടെന്ന് ചോദിക്കരുത്. ചീനയല്ലേ, കാണും.

പണ്ടുതൊട്ടേ പ്രഹേളികയാണ് ചീന, പുറംലോകർക്ക്. ഇന്നും. ഇന്ത്യാദേശം കണ്ടെഴുതാൻ ഫാക്സിയാനും ഹുയാങ്​ സാങ്ങുമൊക്കെ അവിടന്നിങ്ങോട്ടു വന്നു. അപ്പുറം കുറിക്കാൻ ഹിമാലയം താണ്ടി ഇവിടന്നാരും പോയില്ല. ഊരുവേലി താണ്ടിയാൽ ഭ്രഷ്ടാക്കുന്ന സംസ്കാരത്തിലായിരുന്നല്ലോ നമ്മുടെ ഊറ്റം (വൈകിപ്പിറന്നത് പൊറ്റെക്കാടിന്റെ ഭാഗ്യം). കറുപ്പും പട്ടുനൂലും തേടിയാണ് ഹിമാലയത്തെക്കോട്ട്​ ചീനരിറങ്ങിയത്.

ആ വകയിൽ നമുക്കു പകരം കിട്ടി, ചീനച്ചട്ടി തൊട്ട് ചീനവല വരെ. ഇതേ പോക്ക് പസഫിക്കിലൂടെയും അവർ നടത്തി. ചെന്നുപെട്ടത് അമേരിക്കാ വൻകരയിൽ. കൊളംബസിനും അമെരിഗോ വെസ്പുഷിക്കും പതിച്ചുകൊടുത്ത ഒന്നാം ചട്ടമൊക്കെ വെറും പടിഞ്ഞാറൻ പൂച്ച്. അമേരിക്ക ‘കണ്ടുപിടിച്ച’ത് കപ്പലോട്ടിയ ഏതോ ​ (പ്രാ)ചീനൻ. ഷെങ് ഹി എന്നോ മറ്റോ പേര്. ചീനത്ത്​ പോലുമില്ല അതിനത്ര പെരുമ. കാരണം വഴിയേ തിരിയും.

ജയിംസ് വാട്ടിന്റെ ഉലയിൽ ആവിയന്ത്രം പൊങ്ങി, പടിഞ്ഞാറ് വ്യവസായ വിപ്ലവവും. പിന്നെ വിഭവംതേടി കപ്പലോട്ടം തുടങ്ങിയപ്പോഴാണ് യൂറോപ്യർക്ക് ചീന പ്രഹേളികയായത്. വോൾട്ടയറെപ്പോലുള്ള ചിന്തകർ ചീനത്തെ പ്രാപഞ്ചികമൂല്യങ്ങളെ സംശയിച്ചു. കാരണം, സമൂഹത്തിൽ വ്യക്തിക്കുള്ള സ്ഥാനത്തെക്കുറിച്ച സങ്കൽപ വ്യത്യാസം. വ്യക്തിയെ അയാളുടെ പൂർണ സാധ്യതകളിലേക്ക് തുറന്നുവിടുന്നതാണ് പടിഞ്ഞാറെ ആധുനിക സങ്കൽപം, ആനന്ദാന്വേഷണം അതിന്റെ പരമയുക്തിയും. ചീനത്തു കഥ മറിച്ച്.

സ്വന്തം സാമൂഹികമാനം തിരിച്ചറിഞ്ഞ് ജീവിക്കാത്തോന്​ സ്വയം തിരിച്ചറിയാനാവില്ല, അതാണവി​​ടെ പ്രമാണം. വ്യക്തിക്ക് സ്ഥാനം സമൂഹത്തിനു കീഴെ മാത്രം. സാമൂഹിക നിലയോടുള്ള വിധേയത്വം ശരാശരി ചീനർക്ക് സിരാബാധയാണ്. വ്യക്തിവാദം മൃതിയേക്കാൾ ഭയാനകം. അതുകൊണ്ടാണവിടെ അതിനായകത്വമുള്ള ഇതിഹാസങ്ങളില്ലാത്തത് –ഒഡിസിയും രാമായണവുമൊന്നും. സൂചികുത്താനിടമില്ല നായകഭക്തിക്ക്.

ഉള്ളതു പിന്നെ തുംഗ് ചുംഗ് ഷു: ‘‘ഫലം നോക്കാതെ ശരിയുടെ വഴിയേ പോവുക.’’ ശ്രദ്ധിക്കണം, ‘‘മാ ഫലേഷു കദാചന’’ നിലപാടല്ലിത്. കാരണം, ആര്യന്മാരുടെ വിധിവിശ്വാസമല്ല ചീനർക്ക്. അവർക്കു ഭവിഷ്യത്ത് രണ്ടു വിധേന: കൺഫ്യൂഷ്യസി​ന്റെ ‘മത’പ്രകാരം ഭവിഷ്യത്ത് ചരിത്രത്തോട് ലയിച്ചുകിടക്കുന്നു. താവോ ‘മത’ പ്രകാരം പ്രകൃതിയോടും.

ഇവ രണ്ടിനോടും വിനീത വിധേയനായിരിക്കണം മനുഷ്യൻ. സമൂഹത്തോടുള്ള വിധേയത്വവും പ്രകൃതിയോടുള്ള പൊരുത്തവും ആലേഖനം ചെയ്തുവച്ചിട്ടുണ്ട് ക്ലാസിക്കൽ ചീനാച്ചിത്രങ്ങളിൽ. മറ്റിടങ്ങളിലേതിൽനിന്നു വ്യത്യസ്തമായി ചിത്രകല ഇവിടെ സദാ സൂക്ഷ്മാംശങ്ങൾ നിറഞ്ഞ്, പ്രകൃതിയിൽ നിമജ്ജനം ചെയ്യപ്പെട്ടിരിക്കുന്നു.

തോന്നാം, വ്യക്തിയു​​െട ഈ വിധേയത്വം അടിച്ചേൽപിക്കപ്പെടുന്ന പാരതന്ത്ര്യമല്ലേന്ന്. മറു ചോദ്യമെയ്യും ചീനർ: വൈയക്തികാനന്ദം തേടുന്നതിലാണ് സാക്ഷാത്കാരമെന്ന് ഉറപ്പുണ്ടോ, അതാണ് സ്വാതന്ത്ര്യമെന്ന്?

ഏകാകിതയെ പേടിക്കുന്നവരാണ് മഹാഭൂരിപക്ഷവ​ും. സ്വാതന്ത്ര്യവും ഏകാകിതയും ഒരേ നാണയത്തിന്റെ ഇരുപുറങ്ങൾ. രണ്ടും ചീനർക്ക് അന്യം. രണ്ടും കോർത്തുള്ള സങ്കൽപങ്ങളും അപഥ്യം. കാരണം, ഈ പ്രകൃതം മനുഷ്യസ്വഭാവത്തിൽ അത്ര സാർവജനീനമല്ല. അങ്ങനെയാണ്​ ചീനത്തെ മനോവിശ്ലേഷണം.

വ്യക്തിയിൽ നന്മതിന്മകൾ കെട്ടുപിണഞ്ഞു കിടക്കുന്നു. ആദിപാപക്കഥ തൊ​ട്ടേ അങ്ങനെയാണ് സങ്കൽപം, ലോക വ്യാപകത്വമുള്ള സെമിറ്റിക് പാരമ്പര്യത്തിൽ. കൺഫ്യൂഷ്യസിന്റെ കണ്ണ് മറ്റൊരു വിധത്തിലാണ്: നന്മയിലേക്ക് ഉന്മുഖനാണ് പ്രകൃത്യാതന്നെ മനുഷ്യൻ, നന്മ അവനിൽ അന്തര്യാമി. ഈ സ്വത്വഭാവം, മനുഷ്യനെ മൃഗത്തിൽനിന്ന് വേർതിരിക്കുന്നു. വ്യക്തിഗത മോഹങ്ങളല്ല, ഈ മൂല്യവിചാരമാണ് മനുഷ്യനെ ഉയർത്തി നിർത്തുന്നത്. അപ്പോൾ, തിന്മയുടെ ഉറവിടം?

മനുഷ്യപ്രകൃതത്തിൽനിന്നല്ല തിന്മയുടെ വരവ്, സ്വന്തം നന്മയെക്കുറിച്ച അവബോധമില്ലായ്മയിൽനിന്നാണ്. ഇവിടെയാണ് വിദ്യാഭ്യാസത്തിന് കൺഫ്യൂഷ്യസ് നിർണായക പങ്ക് കൽപിക്കുന്നത്. ഉള്ളിലെ നന്മയെ വിരിയിച്ചെടുക്കലാണ് വിദ്യയുടെ ഉദ്ദേശ്യം.

ഇവ്വിധം, ആധുനിക സങ്കൽപങ്ങളിൽനിന്നു മൗലികമായി വ്യത്യസ്തം, ചീന​ത്തെ തത്ത്വശാസ്ത്രം. കുട്ടിയുടെ വ്യക്തിത്വ വികാസവും സാമൂഹിക വൈവിധ്യവും പ്രോത്സാഹിപ്പിക്കുന്നതിലാണ് ആധുനികതയു​​ടെ ഊന്നൽ. കുട്ടികളെ സാമൂഹികതയുടെ വിശ്വസ്ത പ്രജകളാക്കുകയാണ് ചീനത്ത് മാഷിന്റെ കടമ, രക്ഷിതാക്കളുടെയും. ചൊട്ടയിലേയുള്ള ഈ അച്ചുകുത്ത് സ്വതന്ത്രവികാസത്തിന് അപകടമാവില്ലേ? ചീനർ ചിരിക്കും: ‘‘അതില്ലാത്തതല്ലേ വലിയ അപകടം?’’

 

കൺഫ്യൂഷ്യസ്,മാവോ സേ തുങ്,കാൾ മാർക്സ്

കൺഫ്യൂഷ്യസ് –ചിന്തയുടെ യുക്തിസഹ പരിണതി അഭിജാതരുടെ അധീശതയാണ്. വ്യക്തിക്ക് പ്രാമുഖ്യം നൽകുന്ന ജനാധിപത്യം അതിന് വർജ്യം. ചീനത്തെ സാമ്രാജ്യ ഭരണാധിപരുടെ ആധിപത്യാവകാശത്തെ ന്യായീകരിച്ചു നിലനിർത്താൻ ഈ തത്ത്വശാസ്ത്രത്തിന് സാധിച്ചു –മാവോയു​ടെ കാലം വരെ.

നവീന ചീനാചരിത്രത്തിലെ രണ്ടു വിപ്ലവങ്ങളും –ചീനാ വിപ്ലവം (1944), സാംസ്കാരിക വിപ്ലവം (1966) –അവിടത്തെ ജനകീയചിന്തയെ ഭരിച്ചുപോന്ന ഒരാശയത്തിന്റെ ഫലമാണ്: താ തുംഗ് (പ്രാപഞ്ചികമായ ഐകരൂപ്യം). ഭൗമ നന്മകൾ എല്ലാവരും പങ്കിടുന്നൊരു ചരിത്രപ്രക്രിയയുടെ ഫലമാണെന്ന ആശയം. 19ാം നൂറ്റാണ്ടിലെ തായ്പേ കർഷക പ്രക്ഷോഭത്തിൽ അതു മുഴച്ചുനിന്നു.

1911ൽ സാമ്രാജ്യത്തെ കടപുഴക്കാൻ സൺ യാത്​സെൻ മുഴക്കിയ മൂലമന്ത്രവും അതുതന്നെ. പിന്നീട് അതേ മന്ത്രണം മുഴങ്ങിയത് കമ്യൂണിസ്റ്റ് വിപ്ലവത്തിൽ. ഇത്തരമൊരു പരമ്പരാഗത വിശ്വാസം ജനത നെഞ്ചിൽ സൂക്ഷിച്ചിരുന്നില്ലെങ്കിൽ ഒരു വിപ്ലവവും അവർക്ക് സ്വീകാര്യമാവില്ലായിരുന്നു. ചീനരുടെ കണ്ണിൽ പുതിയ സിദ്ധാന്തമേ ആയിരുന്നില്ല മാവോയുടെ മാർക്സിസം. അഥവാ, സാംസ്കാരിക വിപ്ലവം അവരുടെ ചോര ശീലത്തിലെ സ്വാഭാവികതയായിരുന്നു.

ഈ ശീലാർജിതത്തിൽ മറ്റു ചിലതുമുണ്ട്. ഒന്ന്, സഹിഷ്ണുത, രണ്ട്, കലയോടും അക്ഷരകലയോടുമുള്ള ആദരം. അപ്പോൾ ചോദിക്കാം. എന്നിട്ടെന്തേ എഴുത്തുകാരെ അഴിക്കുള്ളിലിടുന്നു, കലക്ക് വിലങ്ങിടുന്നു? അതിന്റെ പൊരുളറിയാൻ, 1919 മേയ് 4ലേക്ക്​ ചെല്ലണം, അപ്പേരിലറിയപ്പെടുന്ന പ്രസ്ഥാനത്തിലേക്ക്. ദേശീയ പാരമ്പര്യത്തെ നിരാകരിച്ച് ഒരുപറ്റം ധിഷണാശാലികൾ അന്ന് പുതിയൊരു പ്രകടനപത്രികയിറക്കി.

കൺഫ്യൂഷ്യസിന്​ പകരം പടിഞ്ഞാറൻ സംസ്കാരം വരിക്കുക, പ്രത്യേകിച്ചും രാഷ്ട്രീയത്തിലും സാമ്പത്തികതയിലും. അതായിരുന്നു ദേശീയാഹ്വാനം. ‘‘കൺഫ്യൂഷ്യനിസം തുലയട്ടെ’’ –അന്നത്തെ മുദ്രാവാക്യമാണ് 1960കളിൽ റെഡ്​ഗാർഡ്സിന്റെ ശംഖുവിളിയായത്. ആയിരത്താണ്ടുകളിലൂടെ അകംപുറം കവർന്നൊരു തനതു സംസ്കാരത്തെ സമൂലം പിഴുതെറിഞ്ഞ്, തീർത്തും വൈദേശീയമായ ഒന്നു നടുന്നതിൽ അപായമൊന്നുമില്ലേ?

ചീന കൊണ്ടറിഞ്ഞു. ലക്ഷങ്ങൾ കൊല്ലപ്പെടുന്നു. അധ്യാപകവർഗം തന്നെ ഉന്മൂലനം ചെയ്യപ്പെടുന്നു. വായിക്കാൻ മാർക്സും മാവോയും മാത്രം, മറ്റെന്തിനും വിലക്ക്. എഴുത്ത് ഇല്ലേയില്ല. ശിരസ്സുറയ്ക്കാത്ത ഇളമക്കാരുടെ കയ്യിൽ പടക്കോപ്പ്. കൺഫ്യൂഷ്യസിനെ തുരത്താൻ അഴിച്ചുവിട്ട വികാരജ്വരത്തിന്റെ കണ്ണിൽ ശത്രുക്കൾ മൂന്ന്: പരമ്പരാഗത വിദ്യാഭ്യാസം, സ്വദേശി സംസ്കാരം, സാമൂഹിക വരേണ്യത. സത്യത്തിൽ ഈ ജ്വരമാരിയൊന്നും കൂടാതെതന്നെ ആധുനികത വരിച്ച ദേശങ്ങൾ ഇതേ സാംസ്കാരിക ചക്രവാളത്തിലുണ്ട് –ജപ്പാൻ, കൊറിയ, തായ്‍വാൻ.

കമ്യൂണിസ്റ്റ് ചീനയുടെ ആരംഭശൂര മൗഢ്യം തിരുത്തപ്പെടുകയാണിന്ന്. ഭരണകൂടവും സമ്പദ് വ്യവസ്ഥിതിയും പുതിയ ആലോചനകളിലാണ് –കൺഫ്യൂഷ്യനിസം പാടേയങ്ങ്​ തള്ളാതെ ആധുനികതയിൽ എങ്ങനെ പുലരാം? ആ ചോദ്യത്തിന്മേൽ ചീന മെനക്കെടുമ്പോൾ പുറംലോകം​ മറ്റൊരു ചോദ്യംകൊണ്ട് കുളിരുകോരുന്നു: ഒറ്റക്കക്ഷി സർവാധിപധ്യം വാഴുന്നിടത്ത് എങ്ങനെ ജനാധിപത്യം വരും?

ചീനർ പൊട്ടിച്ചിരിക്കുന്നു: ‘‘ഏതു ജനാധിപത്യം?’’ ആ ചിരിയിലൊരു നേര് പതിയിരിപ്പുണ്ട്. ജനാധിപത്യത്തിന് ക്ലിഷ്ടമായ സിദ്ധാന്ത രൂപമില്ല, പകർത്താൻ യുക്തമായ മാതൃകയും. പടിഞ്ഞാറൻ ജനാധിപത്യ രൂപങ്ങൾ ഉരുത്തിരിഞ്ഞത് ദീർഘമായ തദ്ദേശീയ രാഷ്ട്രീയ പ്രക്രിയകളുടെ ഫലമായാണ്.

അവ ഇപ്പോഴും പരീക്ഷണങ്ങൾ മാത്രമാണു താനും. ചീനത്ത് സൺയാത്​സെനും ഒരിനം ജനായത്ത റിപ്പബ്ലിക്കിനു തുനിഞ്ഞതാണ്, ഫലിച്ചില്ല. കാരണം, പരിഷ്‍കരണങ്ങൾ മുകളിൽനിന്നു വരണം –അതാണ് ചീനർക്ക് ശീലം. മുകളറ്റത്തിന്റെ പ്രാപ്തിയിലും വിവേകത്തിലും ആശ്രിതരാണവർ, പരമ്പരാഗതമായി.

1970കളിൽ കമ്യൂണിസ്റ്റ് ഭരണകൂടം കമ്പോള സാമ്പത്തികത വരിച്ചു. മൂലധനത്തി​െൻ ആഗോളചലനം തിരിച്ചറിഞ്ഞുള്ള മുന്നേറ്. കമ്പോളം തുറന്നിട്ടപ്പോഴും രാഷ്ട്രീയം ഒട്ടും ഉദാരമാക്കിയില്ല. കമ്പോളത്തിന്റെ പ്രലോഭനം കൂടിക്കൂടി വന്നു. പൗര​ന്റെ മോഹാഭീഷ്ടങ്ങളും. പുതിയൊരു ഉൽപാദന സൂനാമി ആഞ്ഞടിച്ചു. ഈ ഉൗർജപ്രവാഹത്തെ എങ്ങനെ ചാലുകീറി വിടാം? പുറത്തുനിന്ന് നോക്കുന്നോർക്കില്ല, വ്യക്തമായ ഉത്തരം. ചീനാ പാർട്ടിക്കുണ്ട്: വ്യക്തിമോഹങ്ങൾ തൃപ്തിപ്പെടുത്താനുള്ള സ്വാതന്ത്ര്യം തരാം: പകരം രാഷ്ട്രീയ പാരതന്ത്ര്യം വരിക്കുക.

കടു പ്രായോഗികവും പടു ഭൗതികവുമായ അന്തരീക്ഷത്തിൽ എങ്ങനെ പുലരും, മതം? അതിലും പുറംലോകർ കരുതുമ്പോലല്ല ചീന. കൺഫ്യൂഷ്യസ് ചിന്തയിൽ അതിഭൗതികത്തിന് ഇടമില്ലെന്നതു നേര്. സ്വകീയമായ ആത്മീയധാരകൾ വേറെയുണ്ടവിടെ. ഉദാഹരണത്തിന് താവോ. അതിൽ സർവാതിശായ മാനമുണ്ട്​, ആത്മീയ സ്വാതന്ത്ര്യത്തിന് പ്രാമുഖ്യവും. സത്യത്തിൽ കമ്യൂണിസ്റ്റ്​ ചീനക്ക് മതപ്പേടിയില്ല.

അ​േജ്ഞയതയാണ് കൺഫ്യൂഷ്യനിസത്തിന്റെ നിലപാട് –ദൈവം ഉണ്ടെന്നോ ഇല്ലെന്നോ വിശ്വസിക്കാത്ത മനോനില. അത് മതങ്ങളുടെ ആധിപത്യം ചെറുക്കാനുള്ള ശേഷി ചീനർക്ക് പകരുന്നു. ഒന്നാം നൂറ്റാണ്ടിനുമുമ്പേ ചെന്ന ബുദ്ധമതം ചീനമാകാൻ കൊല്ലം ആയിരമെടുത്തു. ഏഴാം നൂറ്റാണ്ടിൽ ചെന്ന ഇസ്‍ലാം ഒന്നു പച്ച തൊടാനെടുത്തത് 700 കൊല്ലം. ആളിൽ വാമനം, അളവെടുപ്പിൽ അവതാര വാമനം –ചീനരുടെ സിരാപരിമാണം അങ്ങനെ.

ചീനത്ത് സാമ്രാജ്യമുണ്ടായത് റോമാ സാമ്രാജ്യ കാലത്ത്. ഇന്ത്യയിലപ്പോൾ മൗര്യ സാമ്രാജ്യം, പശ്ചിമേഷ്യയിൽ പേർഷ്യയും ബാബിലോണിയയും. ആ സാമ്രാജ്യങ്ങളെല്ലാം മൺമറഞ്ഞു. പ​േക്ഷ, രാഷ്ട്രീയ, സാംസ്കാരിക ഏകകമായി അതിജീവനം ചെയ്തു ചീന. ചരിത്രഗതി മന്ദമെന്നും പുരോഗതിക്ക് അവസാന വണ്ടി എന്നൊന്നില്ലെന്നും അവരറിയുന്നു. ചരിത്രം അവർക്ക് ചാക്രികം –കൊടുമുടിക്കൊരു പടുകുഴി പിന്നാലെയുണ്ട്, പടുകുഴിക്ക് കൊടുമുടിയും.

മാവോയിസത്തിന്റെ പതനശേഷം പുതിയ സ്രോതസ്സ് തേടുകയാണ് ചീന ഇന്ന് –നൈതികയുക്തിക്ക്. അതിൽ അവരെവിടെ എത്തുമെന്ന് കണ്ടറിയാനേ കഴിയൂ. കാരണം, ചീനർ തീർത്തും ചീനർ മാത്രം. പുറംലോകർക്കത് ദഹിക്കുന്നില്ല. അതുകൊണ്ട്, ഭൂഗോളത്ത്​ അന്യഗ്രഹമായി തുടരുന്നു, ചീന.

News Summary - Confucianism in China