ജാതിയിലും സംവരണത്തിലും കോൺഗ്രസ് തട്ടിത്തകർന്നപ്പോൾ

35 വർഷം മുമ്പുള്ള കാലം നിർണായകമായിരുന്നു. ഇന്ത്യൻ സാമൂഹിക-സാമ്പത്തിക വ്യവസ്ഥയിലും രാഷ്ട്രീയത്തിലും നിർണായക മാറ്റം വന്ന കാലമാണിത്. ഇക്കാലത്തെ കോൺഗ്രസിന്റെ പ്രവർത്തനത്തെയും മുൻകാല രാഷ്ട്രീയത്തെയും പഠനവിധേയമാക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ലേഖകൻ. കഴിഞ്ഞ ലക്കം തുടർച്ച. ആരാണ് അന്ന് ഇന്ത്യൻ മാധ്യമങ്ങളെ നയിച്ചിരുന്നത്? ഇന്ത്യൻ മാധ്യമങ്ങളിൽ ഭൂരിഭാഗവും ബ്രാഹ്മണ-സവർണ വിഭാഗത്തിന്റെ ആധിപത്യത്തിലായിരുന്നു. എന്തിനേറെ അടിയന്തരാവസ്ഥ കാലത്ത് പൗരാവകാശങ്ങളുടെ അപ്പോസ്തലനായിരുന്ന അരുൺ ഷൂരി എന്ന ‘ഇന്ത്യൻ എക്സ്പ്രസി’ന്റെ എഡിറ്റർപോലും മണ്ഡൽ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
35 വർഷം മുമ്പുള്ള കാലം നിർണായകമായിരുന്നു. ഇന്ത്യൻ സാമൂഹിക-സാമ്പത്തിക വ്യവസ്ഥയിലും രാഷ്ട്രീയത്തിലും നിർണായക മാറ്റം വന്ന കാലമാണിത്. ഇക്കാലത്തെ കോൺഗ്രസിന്റെ പ്രവർത്തനത്തെയും മുൻകാല രാഷ്ട്രീയത്തെയും പഠനവിധേയമാക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ലേഖകൻ. കഴിഞ്ഞ ലക്കം തുടർച്ച.
ആരാണ് അന്ന് ഇന്ത്യൻ മാധ്യമങ്ങളെ നയിച്ചിരുന്നത്? ഇന്ത്യൻ മാധ്യമങ്ങളിൽ ഭൂരിഭാഗവും ബ്രാഹ്മണ-സവർണ വിഭാഗത്തിന്റെ ആധിപത്യത്തിലായിരുന്നു. എന്തിനേറെ അടിയന്തരാവസ്ഥ കാലത്ത് പൗരാവകാശങ്ങളുടെ അപ്പോസ്തലനായിരുന്ന അരുൺ ഷൂരി എന്ന ‘ഇന്ത്യൻ എക്സ്പ്രസി’ന്റെ എഡിറ്റർപോലും മണ്ഡൽ കമീഷനെതിരെ നിരന്തരം എഡിറ്റോറിയലുകളും ലേഖനങ്ങളും എഴുതി. (പിൽക്കാലത്ത് അദ്ദേഹം ബി.ജെ.പിയിൽ ചേർന്നു!) അന്ന് ഏറെ പ്രചാരമുണ്ടായിരുന്ന ‘ഇന്ത്യാ ടുഡെ’ എന്ന മാസികയിലെ ഒരു ലേഖനം വി.പി. സിങ്ങിനെക്കുറിച്ച് ഇപ്രകാരം പറയുന്നു, “By bringing to the centrefold of this nation the concept of caste, Singh has indulged in an act of singular political immorality”6. ജാതി എന്ന ആശയത്തെ സമൂഹമധ്യത്തിലേക്ക് കൊണ്ടുവരുക വഴി വി.പി. സിങ് ഏർപ്പെട്ടിരിക്കുന്നത് അസാധാരണമായ രാഷ്ട്രീയ അസാൻമാർഗികതയിലാണ് എന്നർഥം. ചുരുക്കത്തിൽ രാജ്യത്തെ ഏറക്കുറെ ആകെ ‘intelligentsia’യും മണ്ഡൽ കമീഷൻ ശിപാർശ നടപ്പാക്കുന്നതിനെതിരെ നിലപാടെടുത്തു.
സമരംചെയ്യുന്ന വിദ്യാർഥികൾ ആരുംതന്നെ സമ്പന്നരായ സവർണരുടെ മക്കളല്ല എന്നാണ് മാധ്യമങ്ങൾ അന്ന് രാജ്യത്തോട് പറഞ്ഞത്. അവർ ഇടത്തരക്കാരായ അധ്യാപകരുടെയും സാധാരണക്കാരായ ക്ലർക്കുമാരുടെയുമൊക്കെ മക്കളാണ്. വിദ്യാഭ്യാസം നേടി ഒരു ജീവിതമാർഗം കണ്ടെത്താമെന്ന് പ്രതീക്ഷിക്കുന്നവരാണ്. അവരാരും ദലിതർക്ക് നൽകിപ്പോരുന്ന സംവരണത്തിന് എതിരുമല്ല. എന്നാൽ, രാഷ്ട്രീയ സ്വാധീനവും സാമ്പത്തിക ശക്തിയുമുള്ള മറ്റ് ജാതിവിഭാഗങ്ങൾക്ക് എന്തിന് സംവരണം നൽകണമെന്നാണ് സമരക്കാർ ചോദിക്കുന്നത്. ആ ചോദ്യം ന്യായമല്ലേ എന്ന് മാധ്യമങ്ങൾ അലമുറയിട്ടു. (പിന്നാക്ക ജാതിക്കാരനായതു കൊണ്ടുമാത്രം ഒരു കോടതി ജഡ്ജിയുടെ മകന് സംവരണം നൽകണോ എന്ന് രാജീവ് ഗാന്ധി പാർലമെന്റിൽ ചോദിച്ചു!) തങ്ങൾ പഠിച്ചു നേടിയ ബിരുദ സർട്ടിഫിക്കറ്റുകൾ വിദ്യാർഥികൾ തെരുവിൽ കത്തിച്ചു. അതുകണ്ട് രാജ്യം കണ്ണീർവാർത്തു. വി.പി. സിങ് രാജ്യം കണ്ട ഏറ്റവും വലിയ വില്ലനായി. അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതുപോലെ, “മണ്ഡൽ കമീഷനു മുമ്പുവരെ ഞാൻ ചെയ്ത എല്ലാ കാര്യങ്ങളും മഹത്തരമായിരുന്നു. ഞാനൊരു മഹാനായിരുന്നു.
എന്നാൽ, മണ്ഡലിനുശേഷം ഞാൻ ചെയ്തതെല്ലാം രാജ്യത്തോടുള്ള ദുഷ്പ്രവർത്തികളായി. എന്റെ കാലൊടിഞ്ഞെങ്കിലും ഞാൻ ഗോളടിക്കുക തന്നെ ചെയ്തു”7. ഒരു വലിയ വിഭാഗം ജനങ്ങളുടെ സാമൂഹിക ഉന്നമനത്തിനായി ഇന്ത്യ കണ്ട ഏറ്റവും സുപ്രധാനമായ ഒരു നിയമ നിർമാണത്തിന് തുടക്കമിട്ട വി.പി. സിങ്ങിന് പ്രധാനമന്ത്രി സ്ഥാനം നഷ്ടമാവുകയും പിന്നീട് മുഖ്യധാരാ രാഷ്ട്രീയത്തിൽനിന്നുതന്നെ അദ്ദേഹം നിഷ്കാസിതനാവുകയുംചെയ്തു. കവിയായും ചിത്രകാരനായും പിന്നീട് വി.പി. സിങ് ഏകാന്തവാസത്തിലേക്ക് വിസ്മൃതനായി.
കഴിവാണ് പ്രധാനം
മണ്ഡൽ പ്രക്ഷോഭകാലത്ത് ഇന്ത്യയിൽ മുഴങ്ങിക്കേട്ട വാക്കാണ് ‘merit’ അഥവാ ‘യോഗ്യത’. എന്തിന്റെയും മാനദണ്ഡം യോഗ്യതയായിരിക്കണം എന്ന ആശയത്തിന് വലിയ പൊതുസമ്മതി ലഭിച്ച കാലഘട്ടമായിരുന്നു മണ്ഡൽ പ്രക്ഷോഭകാലം. എന്താണ് യോഗ്യത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? ഒരു തൊഴിലിൽ നിങ്ങളെ നിയമിക്കുന്നതിനുള്ള മാനദണ്ഡം ആ തൊഴിലെടുക്കാനുള്ള നിങ്ങളുടെ അറിവും പ്രാപ്തിയുമായിരിക്കണം എന്ന് ലളിതമായി പറയാം. മറ്റൊന്നും മാനദണ്ഡമാകേണ്ടതില്ല അഥവാ മാനദണ്ഡമാകാൻ പാടില്ല. ഇതു വളരെ ശരിയായ ഒരു നിഷ്കർഷയായി നമുക്ക് തോന്നാം. ഉദാഹരണത്തിന് നിങ്ങളുടെ തൊടിയിലെ തെങ്ങിൽനിന്ന് തേങ്ങയിടണം എന്ന് വിചാരിക്കുക. അതിനായി നീന്താനറിയുന്ന ഒരാളെയല്ല മരംകയറാൻ അറിയുന്ന ഒരാളെയാണ് നിങ്ങൾ ചുമതലപ്പെടുത്തുക. അയാൾക്ക് മാത്രമേ തെങ്ങിൽ കയറി തേങ്ങ പറിക്കാൻ പറ്റൂ. ഇപ്രകാരം നൈപുണ്യമായിരിക്കണം നിങ്ങളുടെ യോഗ്യത. അല്ലാതെ നിങ്ങൾ ഏത് ജാതിയിൽ പിറന്നു എന്നതായിരിക്കരുത് മാനദണ്ഡം. ഇതായിരുന്നു മണ്ഡൽ കമീഷന്റെ ശിപാർശകൾക്കെതിരെ നിലപാടെടുത്തവരുടെ പ്രധാന വാദമുഖം. യോഗ്യതയില്ലാത്തവർ കേവലം പിന്നാക്ക ജാതി എന്ന ഔദാര്യത്തിൽ ഭരണരംഗത്ത് വന്നാൽ അത് ഭരണനിർവഹണത്തിന്റെ കാര്യക്ഷമതയെ വിപരീതമായിപ്പോലും ബാധിക്കുമെന്ന് ആദ്യം ആശങ്കപ്പെട്ടത് രാജ്യത്തെ ക്ലാസ് 1 ഉദ്യോഗസ്ഥരുടെ സംഘടനയായിരുന്നു. 1990ൽ രാജ്യത്തെ ആകെ സർക്കാർ ഉദ്യോഗസ്ഥരിൽ മുന്നാക്ക ഹിന്ദു വിഭാഗങ്ങളിൽനിന്നുള്ളവരുടെ പ്രാതിനിധ്യം 94.32 ശതമാനം ആയിരുന്നു എന്നുകൂടി കാണണം.
അവരുടെ കാര്യക്ഷമത രാജ്യത്തെ എവിടെ എത്തിച്ചു എന്നുകൂടി ഓർക്കണം. ഇത്തരം എതിർപ്പുകളെ തുടർന്ന് വി.പി. സിങ് സംവരണ നിയമത്തിൽ ഒരിളവ് വരുത്തിയതും നാം കാണാതെ പോകരുത്. പ്രതിരോധമേഖല, ശാസ്ത്ര സാങ്കേതിക മേഖല, കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെ സംവരണ പരിധിയിൽനിന്നും ഒഴിവാക്കി. ബാക്കി ഏതാണ്ട് പോസ്റ്റൽ ഡിപ്പാർട്മെന്റും റെയിൽവേയും മാത്രമേ അവശേഷിക്കുന്നുള്ളൂ! സംവരണം നടപ്പാക്കാൻ സംസ്ഥാന സർക്കാറുകളെ നിർബന്ധിക്കില്ല എന്നുകൂടി വി.പി. സിങ് പറഞ്ഞു. ഒഡിഷയിലെയും ഹിമാചൽ പ്രദേശിലെയും മുഖ്യമന്ത്രിമാർ പിന്നാക്ക സംവരണം നടപ്പാക്കില്ല എന്ന് അപ്പോൾ തന്നെ പ്രഖ്യാപിക്കുകയുംചെയ്തു. എന്നാൽ ഇതൊന്നും പ്രക്ഷോഭത്തെ തണുപ്പിച്ചില്ല.
യോഗ്യത എന്ന വാക്കുകൊണ്ട് രാജ്യത്തെ പിന്നാക്ക-അതിപിന്നാക്ക ജനവിഭാഗങ്ങളെ വീണ്ടും സമൂഹത്തിന്റെ മുഖ്യധാരയിൽനിന്നും പുറന്തള്ളാനുള്ള ആസൂത്രിത ശ്രമമായിരുന്നു അന്ന് നടന്നത് എന്ന കാര്യത്തിൽ തർക്കമില്ലല്ലോ. സ്വാതന്ത്ര്യാനന്തരം നാല് പതിറ്റാണ്ടുകൾകൊണ്ട് രാജ്യത്ത് പലയിടങ്ങളിലും ഭൂപരിഷ്കരണം സംഭവിച്ചു. വ്യവസായവത്കരണം നടന്നു. വിദ്യാഭ്യാസം വ്യാപകമായി. ഇതെല്ലാം പിന്നാക്ക ജാതികൾക്കും ഗുണപ്രദമായിട്ടുണ്ട്. അവരിൽ നല്ലൊരു ശതമാനം ഇടത്തരക്കാരോ വലിയ ഭൂവുടമകളോ ഒക്കെയാണ്. അവർക്ക് എന്തിനാണ് സംവരണം എന്നതായിരുന്നു ഒരു ചോദ്യം. സി.പി.എം സ്വീകരിച്ച നിലപാടും ഇതുതന്നെയായിരുന്നു. പിന്നാക്ക ജാതി സംവരണം സാമ്പത്തിക മാനദണ്ഡത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കണം എന്നായിരുന്നു സി.പി.എമ്മിന്റെ നിലപാട്.
അതിന് കാരണമായി അവർ പറഞ്ഞത് പിന്നാക്കക്കാരിൽ സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന ഒരു വിഭാഗംകൂടിയുണ്ട് എന്നതായിരുന്നു. അർഹിക്കുന്നവരിലേക്ക് സംവരണത്തിന്റെ നേട്ടം എത്തണമെങ്കിൽ സാമ്പത്തിക മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ കൂടിയായിരിക്കണം സംവരണം. അതിന് ഉദാഹരണമായി സി.പി.എം ചൂണ്ടിക്കാണിച്ചത് കേരളത്തെയായിരുന്നു. 1967ലെ ഇ.എം.എസ് സർക്കാർ കേരളത്തിൽ ഒ.ബി.സി സംവരണം നടപ്പാക്കിയത് നെട്ടൂർ ദാമോദരൻ കമീഷന്റെ ശിപാർശ പ്രകാരം സാമ്പത്തിക മാനദണ്ഡംകൂടി ഉൾപ്പെടുത്തിയായിരുന്നു എന്നും പാർട്ടി ചൂണ്ടിക്കാട്ടി8.
സംവരണത്തിന് എതിരായി വിചിത്രമായ മറ്റൊരു ചരിത്രയുക്തി കൂടി അവതരിപ്പിക്കപ്പെട്ടു. അത് സാമൂഹികശാസ്ത്രജ്ഞനും പല പ്രമുഖ അന്തർദേശീയ സർവകലാശാലകളിലെയും അധ്യാപകനും കൂടിയായിരുന്ന സുദീപ്തോ കവിരാജിന്റെ വകയായിരുന്നു. യഥാർഥത്തിൽ കവിരാജ് മുന്നോട്ടുവെച്ചത് ഭൂരിഭാഗവും പരസ്യമായി പറയാതിരുന്ന ഒരു രഹസ്യമായിരുന്നു. നമ്മുടെ പൂർവികർ ചെയ്ത തെറ്റിന്റെ ശിക്ഷ നാം എന്തിന് അനുഭവിക്കണം? ഇതായിരുന്നു കവിരാജിന്റെ ചോദ്യം, “ബാബരി പള്ളി തകർത്ത് രാമക്ഷേത്രം നിർമിക്കണം എന്ന് ഹിന്ദുക്കൾ പറയുന്നു. കാരണം നൂറ്റാണ്ടുകൾക്കു മുമ്പ് ആയോധ്യയിൽ നിലനിന്നിരുന്ന രാമക്ഷേത്രം തകർത്താണ് ബാബർ ചക്രവർത്തി അവിടെ മസ്ജിദ് പണിഞ്ഞിരിക്കുന്നത്. അതുകൊണ്ട് പള്ളി തകർത്ത് അവിടെ രാമക്ഷേത്രം സ്ഥാപിക്കണം എന്നാണല്ലോ ഹിന്ദുക്കൾ ഇപ്പോൾ ആവശ്യപ്പെടുന്നത്. ഇതേ യുക്തിതന്നെയാണ് മണ്ഡൽ കമീഷനും മുന്നോട്ടുവെക്കുന്നത്. മുൻ തലമുറക്കാർ ചെയ്ത തെറ്റിന് നാം ഇപ്പോൾ നമ്മുടെ തൊഴിലുകൾ പിന്നാക്ക ജാതിക്കാർക്കു വേണ്ടി ത്യജിക്കണം എന്നാണ് പറയുന്നത്!”9

വർത്തമാന കോൺഗ്രസ് നേതൃത്വം: രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ
യോഗ്യത സ്വാഭാവികമായി ഒരാൾ ആർജിക്കുന്ന ഒന്നല്ല. അതിന് സാമൂഹികവും സാമ്പത്തികവുമായ ഒരു പശ്ചാത്തലംകൂടി അനിവാര്യമാണ്. ആ പശ്ചാത്തലം നിഷേധിക്കപ്പെടുന്ന ഒരാൾക്കും ഒന്നിലും യോഗ്യത ആർജിക്കാനാകില്ല. ഉദാഹരണത്തിന് ഇന്ത്യയിലെ ഒരു പിന്നാക്ക ജാതിക്കാരൻ എത്രയോ നൂറ്റാണ്ടുകളായി പുറന്തള്ളപ്പെട്ട ഒരു കുടുബത്തിന്റെയോ ഒരു കൂട്ടത്തിന്റെയോ പിന്തുടർച്ചക്കാരനാണ്. ഫ്രാൻസ് കാഫ്ക എന്ന കഥാകൃത്തിന്റെ മാസ്റ്റർപീസ് രചനയായ ‘രൂപാന്തരീകരണം’ (Metamorphosis) എന്ന കഥയിലെ നായകൻ ഗ്രെഗർ സാംസ ഒരു രാത്രികൊണ്ട് ഒരു വിചിത്ര ജീവിയായി പരിണമിക്കുന്നുണ്ട്. കഥയിൽ സംഭവിച്ചതുപോലെ ഒരു പിന്നാക്ക സമുദായാംഗം ഒരു സുപ്രഭാതത്തിൽ എല്ലാ യോഗ്യതകളുമുള്ള ഒരാളായി മാറിത്തീരുന്ന അത്ഭുതവിദ്യയൊന്നും ജീവിതത്തിൽ സംഭവിക്കാനിടയില്ലല്ലോ.
സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും ഇന്നും നമ്മുടെ രാജ്യത്ത് നല്ലൊരു ശതമാനം ജനങ്ങളും ദാരിദ്ര്യത്തിലും പിന്നാക്കാവസ്ഥയിലും തന്നെയാണെന്നത് വസ്തുതയുമാണ്. തലമുറകളായി അനുഭവിച്ചുപോന്ന പിന്നാക്കാവസ്ഥയും പീഡനങ്ങളും പുറത്താക്കലുകളും ഒരു ജനിതക പരിമിതിയായി പോലും പരിണമിച്ചിട്ടുള്ള ഇന്ത്യൻ സമൂഹത്തിലെ അനേക കോടി ജനങ്ങളെ (അധഃസ്ഥിതരെ) മുഖ്യധാരയിലേക്ക് കൊണ്ടുവരണമെങ്കിൽ ജാതീയമായി അവർ നേരിട്ട അസമത്വങ്ങളെ സാമ്പത്തികമായി മാത്രമല്ല സാമൂഹികമായിക്കൂടി ഇല്ലായ്മ ചെയ്യണം. ഒരു പിന്നാക്ക ജാതിക്കാരൻ സാമ്പത്തികമായി ഇടത്തരക്കാരനായാലും അവളുടെ/ അവന്റെ സാമൂഹികമായ പിന്നാക്കാവസ്ഥ ഇല്ലാതാകുന്നില്ല. അപ്പോൾ സാമൂഹിക ശ്രേണിയിൽകൂടി അവളെ/ അവനെ ശാക്തീകരിച്ചുകൊണ്ടു മാത്രമേ അസമത്വം ഇല്ലാതാക്കാനാകൂ. ഇതാണ് യഥാർഥത്തിൽ സംവരണം എന്ന തത്ത്വത്തിന്റെ അന്തസ്സത്ത. അതുതന്നെയായിരുന്നു മുന്നാക്ക ജാതി വിഭാഗങ്ങളെ ചൊടിപ്പിച്ചതും. എന്തെന്നാൽ സംവരണം ദീർഘകാല അടിസ്ഥാനത്തിൽ ജാതി അധികാര ഘടനയെതന്നെ ഇല്ലാതാക്കും.
ജാതിവ്യവസ്ഥയെ തുടരാനനുവദിക്കുന്ന ഒന്നാണ് സംവരണം എന്ന് ‘പുരോഗമനവാദികൾ’ പറഞ്ഞു. കാരണം ജാതി അടിസ്ഥാനത്തിലുള്ള സംവരണം ജാതിവ്യവസ്ഥയെ ഊട്ടിയുറപ്പിക്കുന്ന ഒന്നാണല്ലോ. മാത്രവുമല്ല, അത് ജാതികൾക്കിടയിലെ വൈരം വർധിപ്പിക്കുമെന്നുകൂടി അവർ ആശങ്കപ്പെട്ടു. സംവരണം രാഷ്ട്രീയ മുതലെടുപ്പിനായുള്ള ഒരു തന്ത്രം മാത്രമാണെന്നും അവർ പറഞ്ഞുവെച്ചു. മണ്ഡൽ കമീഷൻ ശിപാർശ നടപ്പാക്കുന്നതിനു പിന്നിൽ ഒരു രാഷ്ട്രീയലക്ഷ്യം ഉണ്ടായിരുന്നു എന്നത് വസ്തുതയാണ്. എന്നാൽ, അതിനുമപ്പുറം സംവരണം എന്ന പ്രക്രിയ സാമൂഹിക ശ്രേണിയിലെ ഉച്ചനീചത്വങ്ങളെ ഭാഗികമായെങ്കിലും ഇല്ലാതാക്കും. 1990കളിൽ രാജ്യത്തെ മുഖ്യ തൊഴിൽദാതാക്കൾ കേന്ദ്ര സർക്കാറോ സംസ്ഥാന സർക്കാറുകളോ ആയിരുന്നില്ല. രാജ്യത്തെ ആകെ തൊഴിൽ ശക്തിയിൽ കേവലം ഒരു ശതമാനം മാത്രമായിരുന്നു സർക്കാർ ജീവനക്കാർ.

സഞ്ജയ് ഗാന്ധിയും ഇന്ദിര ഗാന്ധിയും
എന്നിട്ടു കൂടിയും എന്തുകൊണ്ടാണ് മണ്ഡൽ കമീഷന്റെ ശിപാർശകൾ വലിയ കലാപങ്ങൾക്ക് വഴിവെച്ചത്? അതിന് ഒറ്റക്കാരണമേ ഉണ്ടായിരുന്നുള്ളൂ. സർക്കാർ തൊഴിൽ എന്നത് സമൂഹത്തിൽ മാന്യതയുടെ പ്രതീകംകൂടിയായിരുന്ന കാലമായിരുന്നു അത്, പ്രത്യേകിച്ച് വടക്കേ ഇന്ത്യയിൽ. ‘സർക്കാരി ബാബു’ എന്നൊരു പ്രയോഗംപോലുമുണ്ടായിരുന്നു അവിടെ. “baboo often referred to a native Indian clerk. ‘babuji’ was used in many parts to mean ‘sir’ as an address of a gentleman” എന്നാണ് വിക്കിപീഡിയ വിശദീകരിച്ചിരിക്കുന്നത്. സർക്കാർ ജീവനക്കാരനാകുന്നതോടെ നിങ്ങൾ ബഹുമാന്യനാകുന്നു; നിങ്ങൾ ‘gentleman’ ആകുന്നു എന്നർഥം. അതാണ് പ്രശ്നം. അതുതന്നെയാണ് കേവലം ഒരു ശതമാനം മാത്രം വരുന്ന സർക്കാർ തൊഴിലിനായി കലാപമുണ്ടാക്കാൻ മുന്നാക്ക സവർണ വിഭാഗങ്ങളെ പ്രേരിപ്പിച്ചത്.
പിന്നാക്ക സംവരണം ജാതി അധികാര ശ്രേണിയുടെ കടക്കൽ തന്നെ കത്തിവെക്കുമെന്ന് മനസ്സിലാക്കാൻ അവരൊട്ടും തന്നെ വൈകിയില്ല. സ്കൂൾ അധ്യാപകനായ ഒരു പിന്നാക്ക ജാതിക്കാരൻ നടന്നുപോകുമ്പോൾ അയാളെ ബഹുമാനിക്കേണ്ടി വരുന്ന സവർണന്റെ വിഷമം ആർക്കും മനസ്സിലാകില്ല. ബ്രാഹ്മണനായ ഒരാൾക്ക് യാദവനായ ഒരു ഗുമസ്തനെ ‘ബാബുജീ’ എന്നുവിളിക്കേണ്ടി വരുമ്പോഴുണ്ടാകുന്ന മാനസിക പിരിമുറുക്കവും ആർക്കും മനസ്സിലാകില്ല. അതുതന്നെയായിരുന്നു മണ്ഡൽ വിരുദ്ധ കലാപത്തിന്റെ പിന്നിലെ യാഥാർഥ്യം. അവിടേക്കാണ് ബുദ്ധിപൂർവം ‘merit’ എന്ന വാക്ക് കടത്തിവിട്ടത്. അതിനെ പിന്താങ്ങുകയോ ആ ആശയത്തെ മുൻനിർത്തി സംവരണത്തെ എതിർക്കുകയോ ചെയ്തു എന്നതാണ് കോൺഗ്രസിന് സംഭവിച്ച വലിയ പിഴവ്.
ഗാന്ധിജിയുടെ വരവ്
1920കൾ മുതൽ മഹാത്മാ ഗാന്ധി നടത്തിയ ശ്രമങ്ങൾ കോൺഗ്രസിനെ ഒരു ‘inclusive’ പാർട്ടിയാക്കി മാറ്റിയിരുന്നു. അതുവരെ കോൺഗ്രസ് ഏറക്കുറെ ബ്രാഹ്മണരുടെയും കായസ്ഥരുടെയും ബനിയാ സമുദായക്കാരുടെയുമൊക്കെ പാർട്ടിയായിരുന്നു. മുന്നാക്ക സമുദായങ്ങളുടെ പാർട്ടി എന്നുതന്നെ പറയാം. ഉന്നതരുടെ ‘liberties’ ആയിരുന്നു അതുവരെ ആ പാർട്ടിയുടെ പ്രധാന ഉത്കണ്ഠ. കോൺഗ്രസ് ഏറക്കുറെ നഗരകേന്ദ്രിതവും ഇംഗ്ലീഷ് സംസാരിക്കുന്ന കോട്ടിട്ട വക്കീലൻമാരുടെയും പാർട്ടിയായിരുന്നു (അത് ബംഗാളിലും മഹാരാഷ്ട്രയിലുമായി ഒതുങ്ങിക്കൂടിയിരുന്നു എന്നുതന്നെ പറയാം). അഥവാ അവർക്കും അവരുടെ വീക്ഷണങ്ങൾക്കുമായിരുന്നു കോൺഗ്രസിൽ ആധിപത്യം. എന്നാൽ, ഗാന്ധിജിയുടെ വരവോടെ ഇതെല്ലാം മാറിമറിയുന്നതായി കാണാം.
ഗാന്ധിജി കോൺഗ്രസിനെ നഗരങ്ങളിൽനിന്നും ഗ്രാമങ്ങളിലേക്ക് ഇറക്കിക്കൊണ്ടുവന്നു. അതിനായി ആദ്യംചെയ്തത് കോൺഗ്രസിന്റെ ആശയപ്രചാരണങ്ങളെ ഇംഗ്ലീഷിൽനിന്നും മോചിപ്പിച്ച് നാട്ടുഭാഷയിലേക്ക് മാറ്റിസ്ഥാപിച്ചു എന്നതാണ്. അതുണ്ടാക്കിയ വലിയ വിജയത്തിന്റെ ഉദാഹരണമായിരുന്നു നിസ്സഹകരണ സമരത്തിലും സിവിൽ നിയമലംഘനത്തിലും രാജ്യത്തെ കർഷകർ വൻതോതിൽ പങ്കെടുത്തു എന്നുള്ളത്. പിന്നീട് ഗാന്ധി കോൺഗ്രസ് പാർട്ടിയെ വിവിധ മേഖലകളിലേക്ക് വികസിപ്പിക്കുന്നതിനായി ഓരോരുത്തരെയും ചുമതലയേൽപിച്ചുകൊണ്ട് ഒരു വികേന്ദ്രീകരണം നടപ്പാക്കുന്നതായി കാണാം. സംഘടന കെട്ടിപ്പടുക്കാനുള്ള ചുമതല സർദാർ വല്ലഭ് ഭായ് പട്ടേലിന് നൽകി.
യുവാക്കളെ സംഘടിപ്പിക്കാനുള്ള ചുമതല നെഹ്റു വിനായിരുന്നു. തെക്കേ ഇന്ത്യയിലേക്ക് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ വ്യാപിപ്പിക്കാനുള്ള ചുമതല സി. രാജഗോപാലാചാരിക്ക് നൽകി. മുസ്‍ലിംകളെ കോൺഗ്രസിനോട് അടുപ്പിച്ച് നിർത്താനുള്ള ചുമതല മൗലാന അബുൽ കലാം ആസാദിനായിരുന്നു. ഖാദി പ്രസ്ഥാനം കെട്ടിപ്പടുക്കാൻ ജെ.ബി. കൃപലാനിയെയും കാർഷിക മേഖലയിൽ പ്രവർത്തിക്കാൻ ജെ.സി. കുമരപ്പയെയും ചുമതലപ്പെടുത്തി. വിദ്യാഭ്യാസ പദ്ധതി ആവിഷ്കരിക്കുന്നതിനുള്ള ചുമതല സാക്കിർ ഹുസൈനായിരുന്നു.
എന്നാൽ, ഏറ്റവും പ്രധാനമായ കാര്യം ദലിതർ അനുഭവിക്കുന്ന ‘തൊട്ടുകൂടായ്മ’ അവസാനിപ്പിക്കണം എന്ന ഗാന്ധിജിയുടെ നിലപാടായിരുന്നു. കോൺഗ്രസിലെ നല്ലൊരു ശതമാനം ഹിന്ദു യാഥാസ്ഥിതികരും സ്ത്രീകൾക്കും ദലിതർക്കും തുല്യ അവകാശങ്ങൾ നൽകുന്നതിന് എതിരായിരുന്നു. അവരുടെ സ്വാതന്ത്ര്യ സങ്കൽപത്തിൽ ഈ രണ്ട് വിഭാഗങ്ങളുടെയും വിമോചനം ഉൾപ്പെട്ടിരുന്നില്ല. ഇതിനെയാണ് ഗാന്ധിജി ആശയപരമായും പ്രായോഗികമായും അട്ടിമറിച്ചത്. കോൺഗ്രസ് സമ്മേളനങ്ങളിൽ സ്ത്രീകൾ ആദ്യമായി പങ്കെടുക്കാൻ തുടങ്ങി. ദലിതരോടുള്ള തൊട്ടുകൂടായ്മ അവസാനിപ്പിക്കാൻ ഗാന്ധിജിതന്നെ രാജ്യമെമ്പാടും യാത്രചെയ്തു. 1931 ആഗസ്റ്റ് 14ന് ബോംബെയിലെ മണിഭവനിൽവെച്ച് ഡോ. അംബേദ്കറുമായി ഗാന്ധിജി ഒരു കൂടിക്കാഴ്ച നടത്തുന്നുണ്ട്. ആ കൂടിക്കാഴ്ചയിൽ ഗാന്ധിജി അംബേദ്കറോട് തൊട്ടുകൂടായ്മക്കെതിരെ കോൺഗ്രസിൽ താൻ നടത്തിക്കൊണ്ടിരിക്കുന്ന ചർച്ചകളേക്കുറിച്ച് വ്യക്തമാക്കുന്നുമുണ്ട്.
തൊട്ടുകൂടായ്മക്കെതിരായ പോരാട്ടവും കൂടി കോൺഗ്രസ് അതിന്റെ രാഷ്ട്രീയ പരിപാടിയിൽ ഉൾപ്പെടുത്തണം എന്ന നിർദേശമാണ് ഗാന്ധിജി മുന്നോട്ടുവെച്ചത്. എന്നാൽ, അത് മതപരമായ ഒരു പ്രശ്നമാണെന്നും രാഷ്ട്രീയവുമായി അതിനെ കൂട്ടിക്കുഴക്കരുത് എന്നുമായിരുന്നു മറ്റ് കോൺഗ്രസ് നേതാക്കളുടെ നിലപാട്. ഇത് അംബേദ്കറോട് ഗാന്ധിജി തുറന്നുപറയുന്നുമുണ്ട്. ആ കൂടിക്കാഴ്ചയിലാണ് തനിക്ക് ഒരു മാതൃരാജ്യമില്ല എന്ന പ്രസ്താവം അംബേദ്കർ നടത്തുന്നത് (Gandhiji, I have no homeland)10. അതോടെ, തൊട്ടുകൂടായ്മക്കെതിരായ പോരാട്ടം കോൺഗ്രസ് അതിന്റെ രാഷ്ട്രീയ പരിപാടിയായി പ്രഖ്യാപിക്കാത്ത പക്ഷം അത് ആത്മഹത്യാപരമായിരിക്കുമെന്ന് ഗാന്ധിജി പ്രഖ്യാപിച്ചു. അങ്ങനെ സവർണ ഹിന്ദുക്കളുടെ സ്വാതന്ത്ര്യ പ്രസ്ഥാനം ഏറ്റവും താഴേക്കിടയിലുള്ളവരുടെയും പ്രസ്ഥാനമായി മാറി.
രാജ്യത്തിന്റെ സ്വാതന്ത്ര്യം എന്നതിനുമപ്പുറം സ്വന്തം ദേശക്കാരിൽനിന്നുതന്നെ അനുഭവിക്കേണ്ടി വരുന്ന അടിമത്തത്തിൽനിന്നുള്ള മോചനമായിരുന്നു ദലിതരുടെ ആദ്യത്തെ പ്രശ്നം. ആ പ്രശ്നത്തെ അഭിസംബോധന ചെയ്യാൻ ഗാന്ധിജി മുന്നിട്ടിറങ്ങിയതോടെ ആ വിഭാഗം കോൺഗ്രസിനെ പ്രതീക്ഷയോടെ കണ്ടു. അങ്ങനെയാണ് പിന്നാക്ക-ദലിത് വിഭാഗങ്ങൾ കോൺഗ്രസിനോട് ഐക്യപ്പെടുന്നത്. പിൽക്കാലത്ത് ഗാന്ധിജിയുടെ രാമരാജ്യ സങ്കൽപവും ഹരിജനോദ്ധാരണ കാഴ്ചപ്പാടിന്റെ പരിമിതികളുമൊക്കെ പലതരം വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ടെങ്കിലും ഒരു മുഖ്യധാരാ പ്രസ്ഥാനത്തിന്റെ ഭാഗഭാക്കുകളായി പിന്നാക്ക-അധഃസ്ഥിത വിഭാഗങ്ങളെ മാറ്റുന്നതിൽ അക്കാലത്ത് ഗാന്ധിജി എടുത്ത മുൻകൈ ഒരു ചെറിയ കാര്യമായിരുന്നില്ല.
സ്വാതന്ത്ര്യാനന്തരവും അതിന്റെ തുടർച്ചയായി പിന്നാക്ക-ദലിത് വിഭാഗങ്ങൾ അണിനിരന്നത് കോൺഗ്രസിനൊപ്പം തന്നെയായിരുന്നു. എന്നാൽ, കോൺഗ്രസിന് സമാന്തരമായി പ്രത്യേകിച്ച് നെഹ്റുവിന്റെ മരണശേഷം വടക്കേ ഇന്ത്യയിലും അതിനുമുമ്പു തന്നെ തെക്കെ ഇന്ത്യയിലെ ഏതാനും സംസ്ഥാനങ്ങളിലും വളർന്നുവന്ന കമ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് ചിന്താഗതികൾ പുതിയ ചേരികളെ സൃഷ്ടിക്കുകയും പിന്നാക്ക-അധഃസ്ഥിത വിഭാഗങ്ങൾ ആ ചേരിയിൽ കൂടുതൽ പ്രതീക്ഷ അർപ്പിച്ചു തുടങ്ങുകയും ചെയ്തു. 1957ൽ തന്നെ കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നു. 1967ൽ രാജ്യത്തെ ഒമ്പതോളം സംസ്ഥാനങ്ങളിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ അധികാരത്തിൽ വന്നു. (കോൺഗ്രസ് ഭരിക്കുന്ന ഒരു സംസ്ഥാനത്തിലൂടെയും കടന്നുപോകാതെ ഒരാൾക്ക് അന്ന് രാജ്യ തലസ്ഥാനമായ ഡൽഹിയിൽനിന്നും ബംഗാളിലെ ഹൗറ വരെ തീവണ്ടിയിൽ യാത്രചെയ്യാമായിരുന്നു.) അപ്പോഴും പിന്നാക്ക വിഭാഗങ്ങളിൽ നല്ലൊരു ശതമാനവും കോൺഗ്രസിനൊപ്പം തന്നെയായിരുന്നു.
എന്നാൽ, 1990ൽ മണ്ഡൽ കമീഷൻ ശിപാർശകളോട് കോൺഗ്രസ് സ്വീകരിച്ച സമീപനം ആ പാർട്ടിയുടെ യാഥാസ്ഥിതിക ഹിന്ദു മുഖത്തെ കൂടുതൽ വെളിവാക്കുകയും പിന്നാക്ക വിഭാഗങ്ങൾ കോൺഗ്രസിനെ ഏറക്കുറെ പൂർണമായും ഉപേക്ഷിക്കുകയും ചെയ്തു. അവർ പിന്നീട് വടക്കേ ഇന്ത്യയിൽ ശക്തി പ്രാപിച്ച സ്വത്വ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമാവുകയും കോൺഗ്രസ് അവിടെയെല്ലാം തരിശാക്കപ്പെടുകയും ചെയ്തു. മണ്ഡൽ രാഷ്ട്രീയത്തെ പരമാവധി മുതലെടുത്ത് പ്രാദേശിക പാർട്ടികൾ ശക്തിപ്രാപിച്ചു. കാൻഷിറാമിന്റെയും മായാവതിയുടെയും നേതൃത്വത്തിൽ ബഹുജൻ സമാജ് പാർട്ടിയും മുലായം സിങ് യാദവിന്റെ നേതൃത്വത്തിൽ സമാജ് വാദി പാർട്ടിയും ഉത്തർപ്രദേശിൽ ശക്തിപ്പെട്ടു. ലാലു പ്രസാദ് യാദവിന്റെയും നിതീഷ് കുമാറിന്റെയും നേതൃത്വത്തിൽ ജനതാദൾ ബിഹാർ പിടിച്ചെടുത്തു. ഈ രണ്ട് സംസ്ഥാനങ്ങളിലും കടപുഴക്കി എറിയപ്പെട്ടത് കോൺഗ്രസായിരുന്നു. ആ വലിയ വീഴ്ചയുടെ വർഷമാണ് രാജ്യത്ത് മണ്ഡൽ രാഷ്ട്രീയത്തിന് തുടക്കമിട്ട 1990.

അരുൺ ഷൂറി,കാഫ്ക
വംശീയതയുടെ രഥയാത്ര
മണ്ഡൽ വിരുദ്ധ പ്രക്ഷോഭം രാജ്യത്തെ സവർണ ഹിന്ദു വിഭാഗങ്ങളിൽ ഉണ്ടാക്കിയ ശക്തമായ പ്രതിഷേധവും ജാതിവൈകാരികതയും തിരിച്ചറിഞ്ഞ ബി.ജെ.പി ആ സാഹചര്യത്തെ മുതലെടുക്കാൻ തന്നെ തീരുമാനിച്ചു. അങ്ങനെ 1990 സെപ്റ്റംബർ 12ന് ബി.ജെ.പി അധ്യക്ഷൻ എൽ.കെ. അദ്വാനി അയോധ്യയിലേക്ക് രഥയാത്ര പ്രഖ്യാപിച്ചു. ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽനിന്നും സെപ്റ്റംബർ 25ന് അദ്വാനി തന്റെ രഥയാത്ര ആരംഭിച്ചു. അതോടെ മണ്ഡലിന് ബദലായി രാജ്യത്ത് കമണ്ഡൽ രാഷ്ട്രീയത്തിനുകൂടി തുടക്കമായി.
മണ്ഡൽ വിരുദ്ധ നിലപാടെടുത്തതോടെ ഹിന്ദു വിഭാഗത്തിൽ തന്നെയുള്ള പിന്നാക്ക ജാതികൾ തങ്ങളിൽനിന്നും അകലുന്നു എന്ന് മനസ്സിലാക്കിയ ബി.ജെ.പി എല്ലാ ഹിന്ദുക്കളുടെയും –ബ്രാഹ്മണൻ മുതൽ ചണ്ഡാളൻ വരെയുള്ള എല്ലാ ജാതി-ഉപജാതി-പിന്നാക്ക-അധഃസ്ഥിതരുടെയും ദേവതയായ രാമനെ മുൻനിർത്തിയാണ് അയോധ്യയിലേക്ക് രഥയാത്ര പ്രഖ്യാപിച്ചത്. അത് മുസ്‍ലിംകൾക്ക് എതിരായിരുന്നു. അവരുടെ മസ്ജിദിന് എതിരായിരുന്നു. അത് ഹിന്ദു സംസ്കാരത്തെ പുനഃസ്ഥാപിക്കാനുള്ള മഹായജ്ഞമായിരുന്നു. അത് ഹിന്ദുവിന്റെ –ആ ഗണത്തിൽ ദലിതരും ആദിവാസികളുമെല്ലാം ഉൾപ്പെടും– ആത്മാഭിമാനത്തെ ഉയർത്തിപ്പിടിക്കാനും ‘ഹിന്ദുസ്ഥാൻ’ സ്ഥാപിക്കാനുമുള്ള പടയോട്ടമായിരുന്നു.
ആ പടയോട്ടം അങ്ങേയറ്റം രണോത്സുകമായിരുന്നു. രഥയാത്രയിലുടനീളം അനുയായികൾ അദ്വാനിക്ക് നൽകിയ സമ്മാനങ്ങൾ ഹിംസാത്മകതയുടെ പ്രതീകങ്ങൾതന്നെയായിരുന്നു. വാളുകൾ, ശൂലങ്ങൾ, അമ്പും വില്ലും, ഗദകൾ, കൃപാണങ്ങൾ എന്നിങ്ങനെ മഹാഭാരത യുദ്ധത്തിൽ പ്രതിപാദ്യങ്ങളായിട്ടുള്ള ആയുധങ്ങൾ പ്രത്യേകമായിതന്നെ തിരഞ്ഞെടുത്ത് പ്രതീകാത്മകമായ ഒരു യുദ്ധയാത്രയാക്കി രഥയാത്രയെ അവതരിപ്പിക്കുന്നതിൽ ബി.ജെ.പി കാണിച്ച സൂക്ഷ്മത അതിശയിപ്പിക്കുന്നതു തന്നെയായിരുന്നു. ബി.ജെ.പി നേതാവായ പ്രമോദ് മഹാജൻ അന്ന് പ്രഖ്യാപിച്ചത് തങ്ങൾക്ക് സമ്മാനമായി ലഭിച്ച ആയുധങ്ങൾ മാത്രം ഉപയോഗിച്ചാൽ ഒറ്റദിവസംകൊണ്ട് രാമജന്മഭൂമിയെ മോചിപ്പിക്കാം എന്നായിരുന്നു.
സംവരണ പ്രശ്നം ഹിന്ദു വിഭാഗത്തിൽ വലിയൊരു വിള്ളലിന് വഴിവെച്ചിരിക്കുന്നു എന്ന് സംഘ്പരിവാർ തിരിച്ചറിയുകയും ആകെ ഹിന്ദുക്കളെയും ഒന്നിപ്പിക്കുന്നതിനായി ഒരു ഹിന്ദു സ്വത്വ നിർമാണത്തിനുള്ള (Hindu Identity) നീക്കങ്ങൾ ആരംഭിക്കുകയുംചെയ്തതിന്റെ ഭാഗമായിക്കൂടിയാണ് അടിയന്തരമായി അയോധ്യയിലേക്കുള്ള രഥയാത്ര ആസൂത്രണംചെയ്യപ്പെട്ടത്. അത് തീർച്ചയായും ഫലം കാണുകതന്നെ ചെയ്തു. നൂറുകണക്കിന് ഗ്രാമങ്ങളിലൂടെ രഥയാത്ര കടന്നുപോയി. ഉഗ്രരോഷമുള്ള ആൾക്കൂട്ടങ്ങളായിരുന്നു രഥയാത്രയെ സ്വീകരിക്കാൻ എങ്ങും തടിച്ചുകൂടിനിന്നത്. പ്രകോപനപരങ്ങളായ പ്രസംഗങ്ങളായിരുന്നു അദ്വാനിയുടേത്. പലയിടത്തും കലാപങ്ങളുണ്ടായി. നൂറുകണക്കിനു പേർ കൊല്ലപ്പെട്ടു.
അതോടെ, വിഷയം രാമനും രാമജന്മഭൂമിയുമായി. ഹിന്ദു സമുദായത്തിനുള്ളിൽ സംവരണം സൃഷ്ടിച്ച വിള്ളലുകൾ ഉന്മത്തമായ ഭക്തിയുടെ അതിവൈകാരികതകൊണ്ട് ചേർത്തടക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞു. അങ്ങനെ കമണ്ഡൽ രാഷ്ട്രീയം ഹിന്ദി ഹൃദയഭൂമിയിൽ കാവി പതാക പാറിച്ചു. (1990 ഒക്ടോബർ 23ന് അദ്വാനിയുടെ രഥയാത്ര പട്നയിലേക്ക് പ്രവേശിച്ചു. തൊട്ടടുത്ത ദിവസം സമസ്തിപൂരിൽവെച്ച് അദ്വാനിയെ ബിഹാർ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി വി.പി. സിങ്ങിന്റെ നിർദേശപ്രകാരം അന്ന് ബിഹാർ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവാണ് അറസ്റ്റിന് നിർദേശം കൊടുത്തത്. അതോടെ, വി.പി. സിങ് സർക്കാറിനുള്ള പിന്തുണ ബി.ജെ.പി പിൻവലിച്ചു. സർക്കാർ നിലംപതിച്ചു. അയോധ്യയിലേക്കുള്ള രഥയാത്ര ആദ്യം നിലത്തുവീഴ്ത്തിയത് ഒരു ദേശീയ സർക്കാറിനെയായിരുന്നു.)
1984ൽ കേവലം രണ്ട് സീറ്റുകൾ മാത്രമാണ് ലോക്സഭയിൽ ബി.ജെ.പിക്കുണ്ടായിരുന്നത്. രാമജന്മഭൂമി പ്രസ്ഥാനം ആരംഭിച്ചതോടെ ബി.ജെ.പിയുടെ വളർച്ചക്ക് വേഗംകൂടി. 1989ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ അംഗബലം 85 ആയി ഉയർന്നു. രഥയാത്രക്കുശേഷം 1991ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പി ആദ്യമായി ലോക്സഭയിൽ മൂന്നക്കം കടന്നു, 120 സീറ്റ്. കോൺഗ്രസ് കഴിഞ്ഞാൽ പാർലമെന്റിലെ രണ്ടാമത്തെ പാർട്ടിയായി ബി.ജെ.പി മാറി. 11.4 ശതമാനത്തിൽനിന്നും ബി.ജെ.പിയുടെ വോട്ട് 21 ശതമാനമായി ഉയർന്നു. ബി.ജെ.പി ഏറ്റവും വലിയ വളർച്ച കാണിച്ച സംസ്ഥാനം ഉത്തർപ്രദേശായിരുന്നു.
1989ൽ കേവലം 7.6 ശതമാനം വോട്ടും 8 സീറ്റുകളുമാണ് ഉത്തർപ്രദേശിൽ ബി.ജെ.പി നേടിയിരുന്നതെങ്കിൽ 1991ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ നേട്ടം 50 സീറ്റുകളും 35.3 ശതമാനം വോട്ടുകളുമായിരുന്നു. മാത്രവുമല്ല, 1991ൽ ഉത്തർപ്രദേശിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി ബി.ജെ.പി അധികാരത്തിൽ വന്നു. ആകെയുള്ള 404 സീറ്റുകളിൽ 211 സീറ്റുകളിലും വിജയിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. കേവലം 57 സീറ്റുകളിൽനിന്നാണ് ഒറ്റയടിക്ക് ഭരിക്കുന്ന പാർട്ടിയായി ബി.ജെ.പി വളർന്നത് എന്നുകൂടി കാണണം. 20 ശതമാനം വോട്ടുകളുടെയും 164 സീറ്റുകളുടെയും വർധന. കോൺഗ്രസ് കേവലം 46 സീറ്റുകളിലേക്ക് മൂക്കുകുത്തി വീണു. ആരായിരിക്കണം ഉത്തർപ്രദേശ് മുഖ്യമന്ത്രി എന്ന കാര്യത്തിൽ ബി.ജെ.പിക്ക് ഒരു സംശയവുമുണ്ടായിരുന്നില്ല. 45 ശതമാനം പിന്നാക്ക വോട്ടുകളുള്ള ഉത്തർപ്രദേശിൽ പിന്നാക്ക ജാതിയായ ലോധ് സമുദായത്തിൽനിന്നുള്ള നേതാവ് കല്യാൺ സിങ് ഉത്തർപ്രദേശിന്റെ 22ാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

പ്രണബ് മുഖർജിയും നരസിംഹ റാവുവും പൊതുവേദിയിൽ
സംവരണ വിഷയത്തെ ചൊല്ലി ബി.ജെ.പിയിൽനിന്നും അകന്ന പിന്നാക്ക സമുദായങ്ങളിൽ നല്ലൊരു ശതമാനത്തെ കൂട്ടത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ രാമജന്മഭൂമി പ്രസ്ഥാനത്തിലൂടെ ബി.ജെ.പിക്ക് കഴിഞ്ഞു. അതിന് ഒരു കാരണം പിന്നാക്ക ഹിന്ദു വിഭാഗങ്ങൾക്കിടയിൽ രൂക്ഷമായ മുസ്‍ലിം വിരോധം തന്നെയായിരുന്നു. മുസ്‍ലിംകളുമായി ഐക്യപ്പെടുന്ന മുലായം സിങ്ങിൽനിന്നും മായാവതിയിൽനിന്നുമൊക്കെ സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന പിന്നാക്ക ജാതിയിലെ വിഭാഗങ്ങളെ രാമനാമത്തിൽ അടർത്തിയെടുക്കുന്നതിൽ ബി.ജെ.പി വിജയിച്ചു.
മാത്രവുമല്ല ദലിതരുമായി ഐക്യപ്പെടാനുള്ള വൈമുഖ്യവും ഒരു ഘടകമായിരുന്നു. ഇപ്രകാരം കമണ്ഡൽ രാഷ്ട്രീയം ഒരുവശത്ത് ബി.ജെ.പിയെയും മണ്ഡൽ രാഷ്ട്രീയം മറുവശത്ത് സ്വത്വ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ശക്തിപ്പെടുത്തിയപ്പോൾ കോൺഗ്രസ് ദൃശ്യത്തിൽനിന്നും പിൻവാങ്ങിത്തുടങ്ങി. തുടർന്നിങ്ങോട്ട് ഇന്ത്യൻ രാഷ്ട്രീയം കണ്ടത് ഇന്ത്യൻ നാഷനൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ തകർച്ചയായിരുന്നു. ദേശീയതലത്തിലും സംസ്ഥാനങ്ങളിലും കോൺഗ്രസ് നാമാവശേഷമായി.