Begin typing your search above and press return to search.

ഇടതുപക്ഷത്തേക്ക് വഴിതിരിയുന്ന കോൺഗ്രസ്

ഇടതുപക്ഷത്തേക്ക്   വഴിതിരിയുന്ന കോൺഗ്രസ്
cancel

മുപ്പത്തിയഞ്ച്​ വർഷം മുമ്പുള്ള കാലം നിർണായകമായിരുന്നു. ഇന്ത്യൻ സാമൂഹിക-സാമ്പത്തിക വ്യവസ്​ഥയിലും രാഷ്​ട്രീയത്തിലും നിർണായക മാറ്റം വന്ന കാലമാണിത്​. ഇക്കാലത്തെ കോൺഗ്രസി​ന്റെ പ്രവർത്തനത്തെയും മുൻകാല രാഷ്​ട്രീയത്തെയും പഠനവിധേയമാക്കുകയാണ്​ മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനും രാഷ്​ട്രീയ നിരീക്ഷകനുമായ ലേഖകൻ.2025 ജനുവരി 31ന് ഡൽഹിയിൽ നടന്ന ദലിത് ചിന്തകരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യവെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഒരു കുറ്റസമ്മതം നടത്തി. ദലിതരോടും മറ്റ് പിന്നാക്ക ജാതി വിഭാഗങ്ങളോടും കോൺഗ്രസ് കാണിച്ച ഒരു തെറ്റി​ന്റെ ഏറ്റുപറച്ചിലായിരുന്നു ഒരർഥത്തിൽ രാഹുൽ ഗാന്ധിയുടെ അന്നത്തെ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
മുപ്പത്തിയഞ്ച്​ വർഷം മുമ്പുള്ള കാലം നിർണായകമായിരുന്നു. ഇന്ത്യൻ സാമൂഹിക-സാമ്പത്തിക വ്യവസ്​ഥയിലും രാഷ്​ട്രീയത്തിലും നിർണായക മാറ്റം വന്ന കാലമാണിത്​. ഇക്കാലത്തെ കോൺഗ്രസി​ന്റെ പ്രവർത്തനത്തെയും മുൻകാല രാഷ്​ട്രീയത്തെയും പഠനവിധേയമാക്കുകയാണ്​ മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനും രാഷ്​ട്രീയ നിരീക്ഷകനുമായ ലേഖകൻ.

2025 ജനുവരി 31ന് ഡൽഹിയിൽ നടന്ന ദലിത് ചിന്തകരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യവെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഒരു കുറ്റസമ്മതം നടത്തി. ദലിതരോടും മറ്റ് പിന്നാക്ക ജാതി വിഭാഗങ്ങളോടും കോൺഗ്രസ് കാണിച്ച ഒരു തെറ്റി​ന്റെ ഏറ്റുപറച്ചിലായിരുന്നു ഒരർഥത്തിൽ രാഹുൽ ഗാന്ധിയുടെ അന്നത്തെ പ്രസംഗം. പ്രസംഗത്തിലെ ഏറ്റവും പ്രസക്തമായ ഭാഗം ഇപ്രകാരമാണ് - “ദലിതരുടെയും മറ്റ് പിന്നാക്ക ജാതി വിഭാഗങ്ങളുടെയും ഉന്നമനത്തിനായി ചെയ്യേണ്ടിയിരുന്ന പല കാര്യങ്ങളും കഴിഞ്ഞ പത്തു പതിനഞ്ച് വർഷങ്ങളായി കോൺഗ്രസ് ചെയ്തിട്ടില്ല.

ഇത് ഞാൻ നിങ്ങളോട് പറഞ്ഞില്ലായെങ്കിൽ അത് കള്ളത്തരമാകും. നിങ്ങളോട് കളവ് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇതൊരു യാഥാർഥ്യമാണ്. കോൺഗ്രസ് അങ്ങനെ ചില വിഭാഗങ്ങളെ പരിഗണിച്ചിരുന്നുവെങ്കിൽ ആർ.എസ്.എസ് അധികാരത്തിൽ വരില്ലായിരുന്നു.’’1 ഇന്ദിര ഗാന്ധിയുടെ കാലത്ത് ദലിതർക്കും ഗോത്രവർഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കുമൊക്കെ കോൺഗ്രസിൽ വിശ്വാസമുണ്ടായിരുന്നു. തങ്ങൾക്കുവേണ്ടി മരിക്കാൻ വരെ ഇന്ദിര തയാറാണെന്ന് അവർ വിശ്വസിച്ചു. എന്നാൽ, 1990 മുതൽ കോൺഗ്രസിലുള്ള വിശ്വാസം അവർക്ക് നഷ്ടമായി. താൻ അത് തിരിച്ചറിയുന്നുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

എന്താണ് 1990 എന്ന വർഷത്തി​ന്റെ പ്രത്യേകത? എപ്രകാരമാണ് ആ വർഷം കോൺഗ്രസ് രാഷ്ട്രീയത്തിൽ വഴിത്തിരിവ് സൃഷ്ടിക്കുന്നത്? 1990 എന്ന വർഷത്തെ രാഹുൽ ഗാന്ധി എടുത്തുപറയുന്നത് യാദൃച്ഛികമല്ല. പ്രസംഗത്തിനിടെ സദസ്സിൽനിന്നും ഒരാൾ ’90കളുടെ തുടക്കത്തിൽ പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവി​ന്റെ പേര് അപ്പോൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. എന്നാൽ, നരസിംഹ റാവുവി​ന്റെ കാലം മുതലാണ് വീഴ്ച സംഭവിച്ചുതുടങ്ങുന്നത് എന്ന അർഥത്തിലേയല്ല രാഹുൽ ഗാന്ധി 1990 എന്ന വർഷം തിരഞ്ഞെടുക്കുന്നത്. നെഹ്റു കുടുംബത്തിൽനിന്നും അധികാരം കൈമോശംവന്നതോടെയാണ് കോൺഗ്രസിന് തകർച്ച സംഭവിച്ചുതുടങ്ങുന്നത് എന്ന് സ്ഥാപിക്കാനുമല്ല ആ വർഷം തിരഞ്ഞെടുക്കപ്പെട്ടത്. 1990ന് കോൺഗ്രസ് രാഷ്ട്രീയത്തിൽ മാത്രമല്ല, ഇന്ത്യൻ രാഷ്ട്രീയത്തിൽതന്നെ വലിയ പ്രാധാന്യമുണ്ട്.

 

എൽ.കെ. അദ്വാനി, അടൽ ബിഹാരി വാജ്​പേയ്​, മുരളി മനോഹർ ജോഷി

മണ്ഡൽ-കമണ്ഡൽ

ഇന്ത്യൻ രാഷ്ട്രീയം മണ്ഡൽ, കമണ്ഡൽ2 എന്നിങ്ങനെ രണ്ടായി വഴിപിരിഞ്ഞ ദശാസന്ധിയായിരുന്നു 1990. ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വത്തിനുശേഷം 1984ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ നാലിൽ മൂന്ന് ഭൂരിപക്ഷത്തോടെയാണ് രാജീവ് ഗാന്ധി അധികാരത്തിൽ വന്നത്. 414 സീറ്റ്, 50 ശതമാനം വോട്ട്. നെഹ്റുവിനുപോലും കിട്ടാതെ പോയ ഭൂരിപക്ഷമാണ് രാജ്യം രാജീവ് ഗാന്ധിക്ക് സമ്മാനിച്ചത്. അതിന് ഒറ്റ കാരണമേ ഉണ്ടായിരുന്നുള്ളൂ –ഇന്ദിരയുടെ രക്തസാക്ഷിത്വം. അത് രാജ്യമെമ്പാടും ഉയർത്തിവിട്ട സഹതാപ തരംഗം. എന്നാൽ, ആ സർക്കാറിനെ 1989ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ ജനങ്ങൾ നിഷ്കരുണം പുറത്താക്കി. അതിനും ഒറ്റക്കാരണമേ ഉണ്ടായിരുന്നുള്ളു –ബോഫോഴ്സ് കുംഭകോണം.

1987 ഏപ്രിൽ 16ന് സ്വീഡിഷ് റേഡിയോ ഒരു വാർത്ത പുറത്തുവിട്ടു. സ്വീഡിഷ് ആയുധ നിർമാണ കമ്പനിയായ ബോഫോഴ്സും ഇന്ത്യയും തമ്മിലുണ്ടാക്കിയ ഒരു ആയുധ കരാറി​ന്റെ വാർത്തയായിരുന്നു അത്. 2000 കോടി രൂപയുടെ കരാറായിരുന്നു ബോഫോഴ്സ് തോക്കിടപാട്. കരാറ് ലഭിക്കുന്നതിനായി കോൺഗ്രസ് നേതാക്കൾക്കും ചില ബ്യൂറോക്രാറ്റുകൾക്കും ബോഫോഴ്സ് കമ്പനി 60 കോടി രൂപ കമീഷൻ നൽകി (kickback) എന്നുകൂടി സ്വീഡിഷ് റേഡിയോ വെളിപ്പെടുത്തി. ഈ വെളിപ്പെടുത്തലി​ന്റെ സമയത്ത് സ്വീഡനിലുണ്ടായിരുന്ന ‘ദ ഹിന്ദു’ ദിനപത്രത്തി​ന്റെ ലേഖിക ചിത്രാ സുബ്രഹ്മണ്യം ഈ വാർത്ത അറിയുകയും അത് റിപ്പോർട്ട് ചെയ്യുകയുംചെയ്തു. അക്കാലത്ത് ഏതൊരു ഇന്ത്യക്കാരന്റെയും ഭാവനക്കപ്പുറമുള്ള അഴിമതിയായിരുന്നു ബോഫോഴ്സ് കുംഭകോണം. അതോടെ വലിയ ഒരഴിമതിയുടെ കഥ രാജ്യമെങ്ങും പടർന്നു. ഇന്ത്യൻ രാഷ്ട്രീയത്തിന് തീ പിടിച്ചു.

രാജ്യത്തി​ന്റെ പ്രതിരോധമാണ് കൈക്കൂലി വാങ്ങി ഒരു സർക്കാർ ഒറ്റുകൊടുത്തിരിക്കുന്നത്! എൻ. റാമി​ന്റെ നേതൃത്വത്തിൽ ‘ദ ഹിന്ദു’വി​ന്റെ അന്വേഷണസംഘം അഴിമതിയുടെ നിരവധി രേഖകൾ ദിനംപ്രതി പുറത്തുവിട്ടു. അന്ന് രാജ്യത്തി​ന്റെ പ്രതിരോധമന്ത്രി വിശ്വനാഥ് പ്രതാപ് സിങ് എന്ന വി.പി. സിങ് ആയിരുന്നു. വിവാദത്തെ തുടർന്ന് വി.പി. സിങ് രാജീവ് ഗാന്ധിയുമായി ഇടഞ്ഞ് മന്ത്രിസഭയിൽനിന്നും രാജിവെക്കുകയും പിന്നീട് കോൺഗ്രസ് പാർട്ടിയെ തന്നെ ഉപേക്ഷിക്കുകയുംചെയ്തു. അടുത്ത വർഷം 1988 ഒക്ടോബർ 11ന് വി.പി. സിങ് പുതിയ പാർട്ടി പ്രഖ്യാപിച്ചു –ജനതാദൾ. 1989ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധിക്കും കോൺഗ്രസിനും ബദൽ നിന്നത് വി.പി. സിങ്ങായിരുന്നു.

ഇങ്ങ് തെക്കേ ഇന്ത്യയിൽനിന്നും കരുണാനിധിയുടെ ദ്രാവിഡ മുന്നേറ്റ കഴകവും എൻ.ടി. രാമറാവുവി​ന്റെ തെലുഗുദേശം പാർട്ടിയും മുതൽ അങ്ങ് വടക്കേ ഇന്ത്യയിലെമ്പാടും ഏറക്കുറെ വേരോട്ടം ശക്തമാക്കിയ ബി.ജെ.പിയും രാജ്യത്തെ ഇടതു പാർട്ടികളും വി.പി. സിങ്ങിനോടൊപ്പം നിലകൊണ്ടതോടെ രാജീവ് ഗാന്ധിയും കോൺഗ്രസും തീർത്തും ദുർബലമായി. അന്ന് ദേശീയ ബൂർഷ്വാസിയുടെ പിണിയാളായിരുന്ന കോൺഗ്രസായിരുന്നു മുഖ്യശത്രു. ആ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടുകയും വി.പി. സിങ്ങി​ന്റെ നേതൃത്വത്തിൽ ദേശീയ മുന്നണി (National Front) 1989 ഡിസംബർ 2ന് അധികാരത്തിൽ വരുകയുംചെയ്തു. ആ സർക്കാറിനെ ബി.ജെ.പിയും ഇടതു പാർട്ടികളും പുറത്തുനിന്ന് പിന്തുണച്ചു. എന്നാൽ, ഒരു വർഷംപോലും പൂർത്തിയാകും മുമ്പ് 1990 നവംബറിൽ വി.പി. സിങ്ങിന് പ്രധാനമന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നു. രണ്ട് കാരണങ്ങളാണ് ആ രാജിക്ക് വഴിവെച്ചത്. ആ കാരണങ്ങളാണ് പിൽക്കാലത്ത് ‘മണ്ഡൽ-കമണ്ഡൽ’ എന്നറിയപ്പെട്ടത്.

മഹാഭാരത യുദ്ധം

1990 ജൂലൈ 8നാണ് ദൂരദർശൻ ‘മഹാഭാരത്’ എന്ന ടെലിവിഷൻ സീരിയലി​ന്റെ അവസാന എപ്പിസോഡ് സംപ്രേഷണം ചെയ്തത്. തൊട്ടടുത്ത മാസം ആഗസ്റ്റ് 7ന് രാജ്യത്ത് മറ്റൊരു ‘മഹാഭാരത യുദ്ധം’ പൊട്ടിപ്പുറപ്പെട്ടു. ‘മഹാഭാരതം’ എന്ന ഇതിഹാസ കാവ്യത്തിൽ യുദ്ധം 18 ദിവസങ്ങൾ മാത്രമാണ് നീണ്ടുനിന്നത് എങ്കിൽ 1990 ആഗസ്റ്റിൽ നമ്മുടെ രാജ്യത്ത് ആരംഭിച്ച യുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ല. അത് സാമൂഹിക നീതിക്കു വേണ്ടി നിലയെടുത്തവരും ഹിന്ദു രാഷ്ട്രവാദികളും തമ്മിൽ ഇപ്പോഴും തുടരുന്ന യുദ്ധമാകുന്നു. അതാണ് മണ്ഡൽ രാഷ്ട്രീയവും കമണ്ഡൽ രാഷ്ട്രീയവും. അതി​ന്റെ ആരംഭം 1990ൽ ആകുന്നു.

1990ൽ വി.പി. സിങ്ങി​ന്റെ രാജിയിലേക്ക് നയിച്ച സംഭവങ്ങൾക്ക് തുടക്കമിട്ടത് ഒരു കലാപമാണ് –മേഹം കലാപം. ഹരിയാനയിലെ മേഹം എന്ന നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ഒരു കൊലപാതകവും അതുയർത്തിവിട്ട സംഘർഷങ്ങളുമാണ് അന്ന് കേന്ദ്രത്തിൽ അധികാരത്തിലിരുന്ന ദേശീയ മുന്നണിയിൽ വലിയ വിള്ളലുകൾക്ക് തുടക്കമിടുന്നത്. ലോക്ദൾ നേതാവും വി.പി. സിങ്ങി​ന്റെ മന്ത്രിസഭയിൽ ഉപപ്രധാനമന്ത്രിയുമായിരുന്നു ചൗധരി ദേവിലാൽ. ഉപപ്രധാനമന്ത്രിയാകും മുമ്പ് ദേവിലാൽ ഹരിയാന മുഖ്യമന്ത്രിയായിരുന്നു. ഉപപ്രധാനമന്ത്രിയായതോടെ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനവും എം.എൽ.എ സ്ഥാനവും രാജിവെച്ചു. ദേവിലാലിന് നാല് ആൺമക്കളാണ്.

മൂത്ത മകൻ രഞ്ജിത് സിങ് ചൗടാല മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചു. എന്നാൽ, നറുക്ക് വീണത് രണ്ടാമത്തെ മകൻ ഓം പ്രകാശ് ചൗടാലക്കായിരുന്നു (കോൺഗ്രസ് കഴിഞ്ഞാൽ കുടുംബവാഴ്ചയുടെ ആദ്യത്തെ ഉദാഹരണമായിരുന്നു ചൗടാലമാരുടെ രംഗപ്രവേശം). ഓം പ്രകാശ് ചൗടാലയെ മുഖ്യമന്ത്രിയാക്കിയതിൽ പ്രതിഷേധിച്ച് ദേവിലാലി​ന്റെ വലംകൈയായിരുന്ന ആനന്ദ് സിങ് ഡംഗി പാർട്ടി വിട്ടു. ദേവിലാലി​ന്റെ അഞ്ചാമത്തെ മകൻ എന്നാണ് ആനന്ദ് സിങ് ഡംഗി അറിയപ്പെട്ടിരുന്നത്. അത്രയേറെ അടുപ്പമായിരുന്നു ഡംഗിക്ക് ദേവിലാലുമായി ഉണ്ടായിരുന്നത്. സഹോദരങ്ങൾക്കിടയിലെ തർക്കം ഡംഗിയെ മുൻനിർത്തി പാളയത്തിൽ പടക്ക് തുടക്കമിട്ടു. 1990 ഫെബ്രുവരി 27ന് ഹരിയാനയിലെ മേഹം മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മൂത്ത മകൻ രഞ്ജിത് സിങ് ചൗടാലയുടെ രഹസ്യ പിന്തുണയുമായി ആനന്ദ് സിങ് ഡംഗി മുഖ്യമന്ത്രി ഓം പ്രകാശ് ചൗടാലക്കെതിരെ മത്സരിക്കാനിറങ്ങി. മാത്രവുമല്ല മണ്ഡലത്തിലെ ഗ്രാമസഭയായ മേഹം ചൗബീസിയുടെ പിന്തുണയും ഡംഗിക്ക് ലഭിച്ചു. ഇതോടെ കുടുംബവും പാർട്ടിയും രണ്ടായി പിരിഞ്ഞു.

പരസ്പരം ഏറ്റുമുട്ടി. ബൂത്ത് പിടിച്ചെടുക്കലും പൊലീസുമായുള്ള ഏറ്റുമുട്ടലും മേഹം മണ്ഡലത്തെ കലാപഭൂമിയാക്കി. ഒരു പെൺകുട്ടിയടക്കം 10 പേർ കൊല്ലപ്പെട്ടു. സമീപകാല ഇന്ത്യൻ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ കലാപമായിരുന്നു മേഹം കലാപം. അവസരം മുതലെടുക്കാൻ തക്കം പാർത്തിരുന്ന കോൺഗ്രസും രാജീവ് ഗാന്ധിയും ഡംഗിക്ക് തന്ത്രപരമായി പിന്തുണ പ്രഖ്യാപിച്ചു. അതോടെ പ്രധാനമന്ത്രി വി.പി. സിങ് തന്നെ പ്രശ്ന പരിഹാരത്തിനായി നേരിട്ട് രംഗത്തിറങ്ങി. ഓം പ്രകാശ് ചൗടാലയോട് മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാൻ ആവശ്യപ്പെട്ടു. ഈ സംഭവമാണ് യഥാർഥത്തിൽ ദേവിലാലിനെ വി.പി. സിങ്ങിൽനിന്നും അകറ്റുന്നത്. പിന്നീട് ദേവിലാലി​ന്റെ കുതന്ത്രമാണ് ചന്ദ്രശേഖറെ മുന്നിൽ നിർത്തി വി.പി. സിങ് മന്ത്രിസഭയെ അട്ടിമറിക്കുന്നതിലേക്ക് നയിച്ചത്.

മേഹം കലാപത്തെ തുടർന്ന് ദേശീയ മുന്നണിയിലുണ്ടായ തർക്കം ത​ന്റെ മന്ത്രിസഭയെ താമസംവിനാ കടപുഴക്കുമെന്ന് ബോധ്യപ്പെട്ട വി.പി. സിങ് ഒരിടക്കാല ​​തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടു. അതിനായി ചില തന്ത്രങ്ങളും ആവിഷ്കരിച്ചു. അടുത്ത തെരഞ്ഞെടുപ്പിൽ വിജയിച്ച് വീണ്ടും അധികാരത്തിൽ വരുന്നതിന് ജനപിന്തുണ ആർജിക്കുന്നതിനായി വി.പി. സിങ് കണ്ടെടുത്ത ആയുധമായിരുന്നു മണ്ഡൽ കമീഷൻ റിപ്പോർട്ട്. ആഗസ്റ്റ് 9ന് ദേവിലാൽ ഡൽഹിയിൽ ഒരു വമ്പൻ കർഷക റാലി പ്രഖ്യാപിച്ചിരുന്നു. അതിന് തൊട്ടുമുമ്പ് ആഗസ്റ്റ് 7ന് തന്നെ മണ്ഡൽ കമീഷൻ റിപ്പോർട്ട് വി.പി. സിങ് ലോക്സഭയുടെ മേശപ്പുറത്ത് വെച്ചു എന്നതും ശ്രദ്ധേയമാണ്.

അടിയന്തരാവസ്ഥയിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന മൊറാർജി ദേശായ് സർക്കാറാണ് രാജ്യത്തെ പിന്നാക്ക ജനവിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക സ്ഥിതി പഠിക്കാനായി ബി.പി. മണ്ഡലി​ന്റെ നേതൃത്വത്തിൽ ഒരു കമീഷനെ നിയോഗിച്ചത്. സർക്കാർ ജോലിയിലും വിദ്യാഭ്യാസ രംഗത്തും മറ്റ് പിന്നാക്ക ജാതി വിഭാഗങ്ങൾക്ക് (OBC) 27 ശതമാനം സംവരണം ഏർപ്പെടുത്തണമെന്ന് മണ്ഡൽ കമീഷൻ ശിപാർശചെയ്തു. എന്നാൽ, ശിപാർശ നടപ്പാക്കാൻ മൊറാർജി ദേശായ് സർക്കാറിന് കഴിഞ്ഞില്ല. അപ്പോഴേക്കും ആ സർക്കാർ നിലംപതിച്ചിരുന്നു. പിന്നീട് അധികാരത്തിൽ വന്ന ഇന്ദിര ഗാന്ധിയോ ഇന്ദിരയുടെ രക്തസാക്ഷിത്വത്തിനുശേഷം അധികാരത്തിൽ വന്ന രാജീവ് ഗാന്ധിയോ മണ്ഡൽ കമീഷ​ന്റെ ശിപാർശകളെ തിരിഞ്ഞുപോലും നോക്കിയില്ല. രാജ്യത്ത് അമ്പത് ശതമാനത്തിനും മീതെ വരുന്ന പിന്നാക്കക്കാരെ കൂട്ടത്തിൽ നിർത്തിയാൽ വീണ്ടും ഒരു തെരഞ്ഞെടുപ്പിൽകൂടി വിജയിച്ച് തനിക്ക് അധികാരത്തിൽ വരാൻ കഴിയുമെന്ന് വി.പി. സിങ് കണക്കുകൂട്ടി.

അങ്ങനെ വിസ്മൃതിയിലായിപ്പോയ മണ്ഡൽ കമീഷൻ റിപ്പോർട്ട് വി.പി. സിങ് പൊടിതട്ടിയെടുത്തു. 1990 ആഗസ്റ്റ് 7ന് റിപ്പോർട്ട് ലോക്സഭയുടെ മേശപ്പുറത്ത് വെച്ചു. അംബേദ്കറുടെയും പെരിയാർ രാമസ്വാമിയുടെയും ഡോ. റാം മനോഹർ ലോഹ്യയുടേയും സ്വപ്നമാണ് താൻ സാക്ഷാത്കരിക്കാൻ പോകുന്നത് എന്ന പ്രഖ്യാപനത്തോടെയാണ് വി.പി. സിങ് പാർലമെന്റിൽ ത​ന്റെ പ്രസംഗം ആരംഭിച്ചത്. “രാജ്യത്തെ ആകെ സർക്കാർ ജോലിയിൽ കേവലം ഒന്നോ ഒന്നരയോ ശതമാനം മാത്രമാണ് ഇപ്പോൾ പിന്നാക്കക്കാരുടെ പ്രാതിനിധ്യം. ഇതുകൊണ്ടു മാത്രം 52 ശതമാനം വരുന്ന പിന്നാക്ക വിഭാഗങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് നമ്മൾ കരുതിക്കൂടാ. ആ വിഭാഗങ്ങളുടെ ജനസംഖ്യക്ക് ആനുപാതികമായി അവർക്കിതാ 12.55 ശതമാനം തൊഴിൽ സർക്കാർ തലത്തിൽ ഉറപ്പാക്കപ്പെടാൻ പോകുന്നു’’3 എന്നുകൂടി വി.പി. സിങ് പ്രഖ്യാപിച്ചു.

ഭരണഘടന പ്രകാരം സർക്കാർ ജോലിയിലും വിദ്യാഭ്യാസ രംഗത്തും പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് മാത്രമേ സംവരണം നൽകാൻ പാടുള്ളൂ. അത് 22.5 ശതമാനമായി നിജപ്പെടുത്തിയിട്ടുമുണ്ട്. അപ്പോഴാണ് മറ്റ് പിന്നാക്ക ജാതികൾക്കുകൂടി 27 ശതമാനം സംവരണം ഏർപ്പെടുത്താൻ വി.പി. സിങ് സർക്കാർ തീരുമാനിച്ചത്. ഇതോടെ, സംവരണത്തി​ന്റെ തോത് 49.5 ശതമാനത്തിലേക്ക് ഉയർന്നു. അത് മുന്നാക്ക സമുദായങ്ങൾക്കിടയിൽ വലിയ ആശങ്കകളാണ് സൃഷ്ടിച്ചത്. ആദ്യ ആഴ്ചകളിൽ മണ്ഡൽ കമീഷ​ന്റെ ശിപാർശകൾ നടപ്പാക്കുന്നതിനെതിരെ പരസ്യമായി രംഗത്തു വരാൻ കോൺഗ്രസോ ബി.ജെ.പിയോ തയാറായില്ല. ജനസംഖ്യയിൽ പകുതിയിലേറെ വരുന്ന പിന്നാക്ക ജാതികളെ വെറുപ്പിക്കുന്നത് മണ്ടത്തമാകും എന്നവർ കരുതി.

അതേസമയം, വടക്കേ ഇന്ത്യയിൽ പലയിടങ്ങളിലും മുന്നാക്ക സമുദായക്കാരായ വിദ്യാർഥികൾ പ്രക്ഷോഭവുമായി തെരുവിലേക്കിറങ്ങി. സെപ്റ്റംബർ 19ന് ഡൽഹിയിലുണ്ടായ ഒരു ആത്മാഹുതി ശ്രമത്തോടെയാണ് മണ്ഡൽ പ്രക്ഷോഭത്തിൽ നിർണായകമായ വഴിത്തിരിവുണ്ടാകുന്നത്. രാജീവ് ഗോസ്വാമി എന്ന ഡൽഹി സർവകലാശാല വിദ്യാർഥി സ്വന്തം ശരീരത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തി. തുടർന്ന് ഹിസ്സാർ, സിർസ, അംബാല, മീറത്ത്, ലഖ്നോ എന്നിങ്ങനെ പല വടക്കേ ഇന്ത്യൻ നഗരങ്ങളിലും ആത്മാഹുതി ശ്രമങ്ങൾ ആവർത്തിക്കുകയും ഏകദേശം അറുപതിലേറെ വിദ്യാർഥികൾ രക്തസാക്ഷികളാവുകയുംചെയ്തു. റോഡ് ഉപരോധങ്ങൾ രാജ്യത്താകമാനം റെയിൽ-വ്യോമ ഗതാഗതത്തേപ്പോലും ബാധിച്ചു. ചുരുക്കത്തിൽ വടക്കേ ഇന്ത്യൻ നഗരങ്ങൾ ഏറക്കുറെ സ്തംഭനാവസ്ഥയിലായി.

സംവരണ വിരുദ്ധ കലാപം വടക്കേ ഇന്ത്യയിൽ ആദ്യമായല്ല സംഭവിക്കുന്നത്. 1977-78ൽ ബിഹാർ ഭരിച്ചിരുന്ന മുഖ്യമന്ത്രി കർപൂരി താകുർ സംവരണം ഏർപ്പെടുത്താൻ ശ്രമിച്ചപ്പോൾ വലിയൊരു ജാതിയുദ്ധംതന്നെ പൊട്ടിപ്പുറപ്പെട്ടു. 118 പേരാണ് ആ കലാപത്തിൽ കൊല്ലപ്പെട്ടത്. 1985ൽ ഗുജറാത്തിൽ സംവരണം ഏർപ്പെടുത്താൻ ശ്രമിച്ച മുഖ്യമന്ത്രി മാധവ് സിങ് സോളങ്കിയെ പ്രക്ഷോഭകാരികൾ അധികാരത്തിൽനിന്നും പുറത്താക്കി. എന്നാൽ, മണ്ഡൽ കമീഷൻ ശിപാർശകൾക്കെതിരെ തെക്കേ ഇന്ത്യയിൽ ആന്ധ്രപ്രദേശിലൊഴികെ കാര്യമായ പ്രതിഷേധങ്ങൾ ഉണ്ടായില്ല. അതിനു കാരണം കേരളമടക്കം മിക്ക തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും ചില പിന്നാക്ക ജാതി വിഭാഗങ്ങൾക്കെങ്കിലും സംവരണം ഏർപ്പെടുത്തിയിരുന്നു എന്നതാണ്. ആയതിനാൽ അത് ഈ സംസ്ഥാനങ്ങളിൽ ഒരു വിവാദ വിഷയമായിരുന്നില്ല.

സമരം കടുത്തതോടെ ഓരോ രാഷ്ട്രീയ പാർട്ടിയും കടുത്ത സമ്മർദത്തിലായി. സ്വാഭാവികമായും അവർക്ക് മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതു സംബന്ധിച്ച് നിലപാട് പ്രഖ്യാപിക്കേണ്ടതായി വന്നു. മണ്ഡൽ കമീഷൻ ശിപാർശകൾ നടപ്പാക്കാൻ തീരുമാനിച്ച വി.പി. സിങ് സർക്കാറിനെ പുറത്തുനിന്ന് പിന്തുണക്കുന്ന പാർട്ടി എന്ന നിലക്ക് ബി.ജെ.പിയാണ് ആദ്യം പ്രതിസന്ധിയിലായത്. ശിപാർശകൾ നടപ്പാക്കുന്നതിൽ ഭാഗികമായ ഉത്തരവാദിത്തം സർക്കാറിനെ പുറത്തുനിന്ന് പിന്തുണക്കുന്ന പാർട്ടി എന്ന നിലക്ക് ബി.ജെ.പിക്കുമുണ്ടല്ലോ. അത് ബി.ജെ.പിയെ വെട്ടിലാക്കി. ആത്മാഹുതിക്ക് ശ്രമിച്ച രാജീവ് ഗോസ്വാമിയെ ആശുപത്രിയിൽ ചെന്ന് കാണാൻ പുറപ്പെട്ട ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിയെ വിദ്യാർഥികൾ ആശുപത്രി വളപ്പിലേക്ക് പ്രവേശിക്കാൻപോലും അനുവദിച്ചില്ല.

മണ്ഡൽ വിരുദ്ധ പ്രക്ഷോഭം തങ്ങൾക്ക് എതിരാകുന്നു എന്ന് മനസ്സിലാക്കിയ ബി.ജെ.പി ഉടൻതന്നെ സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പുറത്തെ പ്രക്ഷോഭങ്ങൾക്ക് രഹസ്യമായി പിന്തുണ നൽകിയിരുന്ന കോൺഗ്രസാകട്ടെ പാർല​െമന്റിൽ മണ്ഡൽ കമീഷനെ പരസ്യമായി തന്നെ എതിർത്തു. കരുതലോടെയാണ് കോൺഗ്രസ് നീങ്ങിയതെങ്കിലും കോൺഗ്രസി​ന്റെ ഇരട്ടത്താപ്പ് ആർക്കും ബോധ്യപ്പെടുന്നതായിരുന്നു.

വലിയൊരു നിസ്സഹായാവസ്ഥയിലായിരുന്നു യഥാർഥത്തിൽ അന്ന് കോൺഗ്രസ്. മണ്ഡൽ കമീഷൻ റിപ്പോർട്ടിനെ തള്ളിപ്പറഞ്ഞാൽ വലിയൊരു വിഭാഗം പിന്നാക്ക ജാതികൾ കോൺഗ്രസിന് എതിരാകും. അനുകൂലിക്കാത്ത പക്ഷം മുന്നാക്ക ജാതിക്കാർ ബി.ജെ.പിക്കൊപ്പം പോകും. കോൺഗ്രസിനെ സംബന്ധിച്ച് അത് ഇരുതല മൂർച്ചയുള്ള ഒരു വാളായിരുന്നു. അതായിരുന്നു കോൺഗ്രസ് നേരിട്ട പ്രതിസന്ധി. പ്രതിസന്ധിയെ മറികടക്കാൻ കോൺഗ്രസ് തന്ത്രപരമായ ഒരു നിലപാടാണ് പാർലമെന്റിൽ സ്വീകരിച്ചത്. അവർ സംവരണത്തെ പൂർണമായും എതിർത്തില്ല.

എന്നാൽ, മണ്ഡൽ കമീഷ​ന്റെ ശിപാർശകൾ നടപ്പാക്കാൻ ‘കാലം പാകമായിട്ടില്ല’ എന്നായിരുന്നു രാജീവ് ഗാന്ധി ലോക്സഭയിൽ പറഞ്ഞത്. (ഇതിനെ ഇടതുപക്ഷം പിന്തുണച്ചു എന്നതും കാണാതെ പോകേണ്ട. സി.പി.ഐ നേതാവ് ഇന്ദ്രജിത് ഗുപ്ത പറഞ്ഞത് ‘hasty decision’ എന്നാണ്. തിരക്കിട്ടുള്ള തീരുമാനം എന്നർഥം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയാണ് സംവരണ പരിധിയിൽ ഉൾപ്പെടുത്തേണ്ടത് എന്നാവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി ജ്യോതിബസു പ്രധാനമന്ത്രി വി.പി. സിങ്ങിന് കത്തയക്കുകയുംചെയ്തു.) ലോക്സഭയിൽ രാജീവ് ഗാന്ധി നടത്തിയ ഏറ്റവും ദീർഘമായ പ്രസംഗമായിരുന്നു അത്. ആ പ്രസംഗമാണ് യഥാർഥത്തിൽ കോൺഗ്രസി​ന്റെ വലിയ പിഴവായി രാഹുൽ ഗാന്ധി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ആ പ്രസംഗം നടന്നത് 1990 സെപ്റ്റംബർ ആറിനായിരുന്നു! അതാണ് രാഹുൽ ഗാന്ധിയെ സംബന്ധിച്ചും ‘ഇപ്പോഴത്തെ’ കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചും 1990ന്റെ പ്രസക്തി.

 

വി.പി. സിങ്,രാഹുൽ ഗാന്ധി

ഒളിഞ്ഞും തെളിഞ്ഞും

മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ രാജ്യത്ത് നടക്കുന്ന കലാപങ്ങളെ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവായിരുന്ന രാജീവ് ഗാന്ധി ലോക്സഭയിൽ ത​ന്റെ പ്രസംഗം ആരംഭിച്ചത്. വേണ്ടത്ര തയാറെടുപ്പുകളില്ലാതെയാണ് മണ്ഡൽ കമീഷ​ന്റെ ശിപാർശകൾ നടപ്പാക്കാൻ സർക്കാർ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് എന്നായിരുന്നു രാജീവ് ഗാന്ധിയുടെ മുഖ്യ വിമർ‌ശനം. ‘‘പാർലമെന്റിന് പുറത്ത് ആളുകൾ കൊല്ലപ്പെടുന്നു, ബസുകളും തീവണ്ടികളും കത്തിക്കപ്പെടുന്നു, കെട്ടിടങ്ങൾ തകർക്കപ്പെടുന്നു. ഇതാണ് രാജ്യത്തെ സ്ഥിതി. ആരും സംവരണത്തിന് എതിരല്ല. എന്നാൽ രാജ്യത്തുനിന്നും ജാതിതന്നെ തുടച്ചുനീക്കണം എന്നതുകൂടി നമ്മുടെ ലക്ഷ്യമായിരിക്കണം’’4 എന്നാണ് രാജീവ് ഗാന്ധി പറഞ്ഞത്. അദ്ദേഹം നടത്തിയ പ്രസംഗത്തിലെ പ്രധാന നിരീക്ഷണങ്ങൾ ഇപ്രകാരം സംഗ്രഹിക്കാം:

1. സംവരണം പിന്നാക്കാവസ്ഥക്കുള്ള ഏക പരിഹാരമല്ല.

2. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന എല്ലാ ‘വർഗങ്ങൾക്കും’ (ജാതിയല്ല) തുല്യനീതി കിട്ടണം എന്നതാണ് കോൺഗ്രസി​ന്റെ നിലപാട്.

3. പിന്നാക്കക്കാരിലെ സമ്പന്നർക്ക് എന്തിനാണ് സംവരണം? ഒരു വർഗത്തിനുള്ളിലെ (ജാതിയല്ല) പാവപ്പെട്ടവർക്കാണ് സംവരണം ലഭിക്കേണ്ടത്.

4. പാവപ്പെട്ടവർക്കായുള്ള സംവരണത്തിൽ എന്തുകൊണ്ട് ന്യൂനപക്ഷങ്ങളായ മുസ്‍ലിംകളെയും ക്രിസ്ത്യാനികളെയും ബുദ്ധമതക്കാരെയും പാഴ്സികളെയും സിഖ്കാരെയുമൊക്കെ ഉൾപ്പെടുത്തുന്നില്ല? ഇപ്പോഴും നമ്മുടെ രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങൾക്ക് അവർ അർഹിക്കുന്നത് കിട്ടിയിട്ടില്ല. സംവരണംകൊണ്ടുള്ള കളിയിൽ അവരെ പുറത്തുനിർത്തിയിരിക്കുകയാണ്.

5. നമ്മുടെ ലക്ഷ്യം ജാതിരഹിതമായ ഒരു രാജ്യം എന്നതായിരിക്കണം. അല്ലാതെ നമ്മൾ സ്വീകരിക്കുന്നത് ജാതിയെ നിലനിർത്തുന്നതിനുള്ള നടപടികളായിരിക്കരുത്.

6. ഈ സർക്കാർ ചെയ്യുന്നത് ജാതിയെ നമ്മുടെ സമൂഹത്തിൽ വീണ്ടും പ്രധാനമാക്കുകയും ജാതി ഒരിക്കലും നിഷ്കാസനം ചെയ്യപ്പെടാതിരിക്കാനുള്ള നീക്കങ്ങൾ ആസൂത്രണം ചെയ്യുകയുമാണ്. (“Sir, this Government is creating a vested interest in casteism and the country is going to pay a very heavy price for this, Sir.”)

7. മണ്ഡൽ കമീഷൻ റിപ്പോർട്ട് സമഗ്രമല്ല. അതിലെ പല നിർദേശങ്ങളും ഇനിയും ചർച്ച ചെയ്യപ്പെടണം. അല്ലാതെ ഏകപക്ഷീയമായി നടപ്പാക്കുന്നത് ശരിയല്ല.

8. ഭരണഘടന പറയുന്നത് ‘സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വർഗങ്ങൾ’ എന്നാണ് –Socially and Educationally Backward Classes’ (SEBC's). മണ്ഡൽ കമീഷൻ വർഗം എന്നതിനെ ജാതിയായി വ്യാഖ്യാനിച്ചിരിക്കുന്നു.

9. ഒരാളുടെ നിർബന്ധബുദ്ധി (വി.പി. സിങ്) ഈ രാജ്യത്തെ ഒരു ജാതി യുദ്ധത്തിലേക്ക് നയിക്കാൻ ഈ സഭ അനുവദിക്കരുത് (“I would like to appeal to this House, let us not have one man’s obstinacy holding India hostage”).

ചുരുക്കത്തിൽ സംവരണത്തെ ആരും പരസ്യമായി എതിർത്തിരുന്നില്ല, രാജീവ് ഗാന്ധി പോലും. എന്നാൽ, അത് നടപ്പാക്കുന്നതിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി ആശയപരമായും രഹസ്യമായും അതിനെ എതിർക്കുകയുംചെയ്തിരുന്നു. 1990 ഒക്ടോബർ 6ന് പ്രസിദ്ധീകരിച്ച EPW എന്ന മാസികയിൽ ആന്ധ്രപ്രദേശിൽനിന്നുള്ള പൗരാവകാശ പ്രവർത്തകൻ കണ്ടല ബാലഗോപാൽ എഴുതിയ ലേഖനത്തിൽ സംവരണ വിരുദ്ധ സംഘംചേരലി​ന്റെ സ്വഭാവത്തെ ഇപ്രകാരം വിശദീകരിക്കുന്നു, “വിഘടിച്ചു നിന്ന ആകെ മുന്നാക്ക ഹിന്ദു വിഭാഗങ്ങളും വളരെ പെട്ടെന്ന് ഒറ്റ ശിലയായിത്തീർന്നു (Solid Rock).

യാഥാസ്ഥിതികരും മതേതരവാദികളും, നഗരവാസികളും ഗ്രാമീണരും, മാർക്സിസ്റ്റുകളും ഗാന്ധിയൻമാരും എന്നുവേണ്ട എല്ലാവരും സംവരണത്തിനെതിരെ ഒറ്റക്കെട്ടായി. അതിനു മുമ്പ് അവരെ മറ്റൊന്നും ഇപ്രകാരം ഒന്നിപ്പിച്ചിട്ടില്ല. അവർക്ക് നേതൃത്വം കൊടുത്തവരാകട്ടെ ഇടതുപക്ഷത്തും വലതുപക്ഷത്തും മധ്യത്തിലുമായി നിന്നിരുന്ന അക്കാദമിക് പണ്ഡിതൻമാരായിരുന്നു.” പിൽക്കാലത്ത് ഒരു സ്വകാര്യ ടെലിവിഷൻ ഹൗസിന് (Newstrack) നൽകിയ അഭിമുഖത്തിൽ വി.പി. സിങ് പറഞ്ഞത് മണ്ഡൽ പ്രക്ഷോഭം മാധ്യമസൃഷ്ടിയായിരുന്നു എന്നാണ്, “The press deified the students immolating themselves... Mandal agitation was a creation of the press.”5

(തുടരും)

1. https://indianexpress.com/article/political-pulse/congress-lost-dalit-obc-confidence-rahul-gandhi-9808300/

2. കമണ്ഡൽ എന്നാൽ കമണ്ഡലു എന്നാണ് അർത്ഥം. സന്യാസിമാർ തങ്ങളുടെ കയ്യിൽ കരുതുന്ന ജലം നിറച്ച പാത്രമാണ് കമണ്ഡലു.

3. https://www.thepolisproject.com/read/the-bumpy-road-of-reservations-the-7-august-1990-announcement-on-the-mandal-commissions-recommendations-by-v-p-singh/

4. https://www.financialexpress.com/india-news/rajiv-gandhi-speech-mandal-commission-report-obc-reservation-full-text/3257051/

5. https://www.newslaundry.com/2018/09/05/vp-singh-prime-ministers-speak-nutan-manmohan

News Summary - Congress's work and past politics