ആരുടെ ഭാരതമാതാവ്?

കേരള ഗവർണർ രാജ്ഭവനിൽ ‘ഭാരതാംബ’ ചിത്രം സ്ഥാപിച്ചതിനെതിരെ ഉയർന്ന വിവാദത്തിന്റെ പശ്ചാത്തലത്തിൽ അനിൽകുമാർ എ.വി എഴുതിയ വിശകലനം (ആരുടെ ഭാരതാംബ? ആരുടെ ഗോമാതാവ്?) മുൻ ലക്കത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ മറ്റൊരു തുടർച്ചയാണ് ഇൗ വിശകലനം. എം.എഫ്. ഹുസൈൻ 2005ൽ വരച്ച ‘ഭാരതമാതാവി’ന്റെ ചിത്രം വലിയ വിവാദങ്ങളുണ്ടാക്കിയിരുന്നു. ‘നമ്മുടെ’ പ്രിയപ്പെട്ട ഭാരതമാതാവിനെ ഒരു മുസ്ലിം വസ്ത്രാക്ഷേപം ചെയ്തുവെന്ന് സവർണ ഫാഷിസ്റ്റുകൾ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
കേരള ഗവർണർ രാജ്ഭവനിൽ ‘ഭാരതാംബ’ ചിത്രം സ്ഥാപിച്ചതിനെതിരെ ഉയർന്ന വിവാദത്തിന്റെ പശ്ചാത്തലത്തിൽ അനിൽകുമാർ എ.വി എഴുതിയ വിശകലനം (ആരുടെ ഭാരതാംബ? ആരുടെ ഗോമാതാവ്?) മുൻ ലക്കത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ മറ്റൊരു തുടർച്ചയാണ് ഇൗ വിശകലനം.
എം.എഫ്. ഹുസൈൻ 2005ൽ വരച്ച ‘ഭാരതമാതാവി’ന്റെ ചിത്രം വലിയ വിവാദങ്ങളുണ്ടാക്കിയിരുന്നു. ‘നമ്മുടെ’ പ്രിയപ്പെട്ട ഭാരതമാതാവിനെ ഒരു മുസ്ലിം വസ്ത്രാക്ഷേപം ചെയ്തുവെന്ന് സവർണ ഫാഷിസ്റ്റുകൾ ആേക്രാശിച്ചു. അതിനു മറുപടിയായി ഹുസൈൻ പറഞ്ഞു: ‘‘എനിക്കു പ്രധാനം, ഇന്ത്യയിലെ മനുഷ്യരാണ്, അതിന്റെ അതിരുകളല്ല.’’1 തുടർന്ന് സംഘ്പരിവാർ ഹുസൈനു നേരെ വധഭീഷണി ഉയർത്തി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം എന്നഭിമാനിക്കുന്ന ഇന്ത്യ. എം.എഫ്. ഹുസൈനെപ്പോലെ ലോകപ്രശസ്തനായ ഒരു കലാകാരന്റെ ജീവൻ ഉറപ്പുവരുത്താൻ പരാജയപ്പെടുകയാണുണ്ടായത്. ഒടുവിൽ, ഹുസൈന് അഭയം നൽകിയത് ‘മതരാജ്യ’മായ ഖത്തറായിരുന്നു. ഇന്ത്യയെന്ന ഭൂദേശത്തെ ‘ദേവി’യായും ‘ഭാരതമാതാവാ’യും ഭാവന ചെയ്യാനാരംഭിച്ചത് 1860-70കളിലാണ്. 1860-70കളിൽ ‘ഭാരത’ത്തെ അതിർത്തികളുള്ള ഒരു നിശ്ചിത ഭൂദേശമായി കാണാൻ, സവർണരെ പ്രാപ്തരാക്കിയത് ബ്രിട്ടീഷുകാരുടെ ഭൂസർവേകളും ഭൂപടങ്ങളുമാണ്. ഭാരതമാതാവിന്റെ ഛായാചിത്രങ്ങളും മാതൃസ്തുതിഗാനങ്ങളും ഈ കാലയളവിൽ പ്രചരിച്ചു.2
1875ൽ ഭാരതേന്ദു ഹരിഷ്ചന്ദ്ര പ്രസിദ്ധീകരിച്ച ‘ഭാരതഭിക്ഷു’ അനാഥയും നിരാലംബയുമാണ്. 1877ൽ നബഗോപാൽ മിത്ര കൽക്കത്തയിൽ സംഘടിപ്പിച്ച ‘ഹിന്ദുമേള’യിൽ പ്രദർശിപ്പിച്ച ‘ഭാരതമാത, ബ്രിട്ടീഷ് രാജ്ഞിക്കു മുന്നിൽ തൊഴുകൈയോടെ ഇരിക്കുകയാണ്. ബിപിൻ ചന്ദ്രപാൽ എഴുതുന്നു: ‘‘ഞങ്ങൾ, ആര്യന്മാരുടെ പിൻതലമുറകൾ, മാതൃഭൂമിയെ ദുർഗയെന്നും കാളിയെന്നും ജഗധാത്രിയെന്നും വാഴ്ത്തുന്നു. ഇത് മിത്തുകളോ കാവ്യബിംബങ്ങളോ അല്ല. മാതാവിന്റെ ഭിന്ന പ്രകാശനങ്ങളാണ്. ഇന്ത്യയുടെ ആത്മാവാണ് അമ്മ... ഞങ്ങളുടെ ഭാരതമാതാവ് വിദേശികൾക്ക് ഇന്ത്യ മാത്രമാണ്. അവളുടെ ബാഹ്യവും ജീവനില്ലാത്തതുമായ രൂപത്തെ മാത്രമേ അവർക്കറിയൂ. ഭാരതമാതാവ് അവർക്ക് വെറും ഒരു തുണ്ട് ഭൂമി!.. മാതാവിനെ അവർ ഒരു സ്ഥലം മാത്രമായി കാണുന്നു. പക്ഷേ, ഞങ്ങളും ഞങ്ങളുടെ പൂർവികരും ഭാരതത്തെ പ്രകൃതിയുടെ അവതാരമായും മാതാവായും ആരാധിക്കുന്നു.3
ഒരു സ്ഥലത്തെ (geobody) ‘സ്ഥല–ഭക്തി’ (geopiety) ആയി കാണുന്ന രോഗാതുരമായ സവർണ ദേശീയ ഭാവനയാണ് ഭാരതമാതാവിനു പിന്നിൽ പ്രവർത്തിക്കുന്നത്. ഉത്തരേന്ത്യൻ സവർണ ദേശീയവാദികളുടെ ദേശീയ ഭാവനയെ പ്രചോദിപ്പിച്ചത് പുരാണങ്ങളുടെ ‘ഭാരതവർഷ’ സങ്കൽപമായിരുന്നു. പുരാണങ്ങളിലെ സ്ഥല-കാല പദ്ധതികളും സങ്കൽപങ്ങളുമാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തെ ‘ഭാരത’മാക്കിയത്. 19ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽതന്നെ ബംഗാളിലെ സവർണർ ‘ഭാരത’ത്തെ കുറിച്ച് പുസ്തകങ്ങളെഴുതാൻ തുടങ്ങിയിരുന്നു. മൃത്യുഞ്ജയ വിദ്യാലങ്കാർ എന്ന ബ്രാഹ്മണ പണ്ഡിതൻ 1808ൽ ബംഗാളി ഭാഷയിലെഴുതിയ ‘രാജബൊലി’യിൽ, അതിപ്രാചീന കാലത്തെ ക്ഷത്രിയ –രാജവംശാവലി, മുസ്ലിം –ബ്രിട്ടീഷ് ഭരണംമൂലമാണ് ക്ഷയിച്ചതെന്ന് വിലപിക്കുന്നു. കൽക്കത്തയിലെ ഫോർട്ട് വില്യം കോളജ് ആണ് ഒരു ചരിത്ര പാഠപുസ്തകമെഴുതാൻ വിദ്യാലങ്കാരെ ചുമതലപ്പെടുത്തിയത്. ഉത്തരേന്ത്യൻ –ബംഗാളി ബ്രാഹ്മണരുടെ പുരാണഭാവനയിൽ മാത്രം നിലനിന്ന ഭാരതം– രാജ്യസങ്കൽപത്തെയാണ് ചരിത്ര പരിവേഷത്തിൽ വിദ്യാലങ്കാർ ആവിഷ്കരിച്ചത്.4
‘രാജബൊലി’യിലെ ഭാരതസ്ഥല വിവരണം ഇങ്ങനെയാണ്: ‘‘ഭൂമിയിലെ ഏഴു ദ്വീപുകളിൽ ഒന്നായ ജംബുദ്വീപാണ് ഞങ്ങളുടെ മാതൃഭൂമി. ജംബുദ്വീപിലെ 9 ദേശങ്ങളിൽ ഒന്നാണ് ഭാരതവർഷം. ഭാരതവർഷത്തിന്, ഐന്ദ്ര, കേശരു, താമ്രപർണ, ഗാവസ്തി മാതാ, നാഗ. സൗമ്യ വരുണ, ഗാന്ധാര, കുമാരിക എന്നിങ്ങനെ 9 ഖണ്ഡങ്ങളുണ്ട്. ഇവയിൽ വർണാശ്രമ വ്യവസ്ഥ പാലിക്കപ്പെടുന്ന ഖണ്ഡമാണ് കുമാരിക. മറ്റു ഖണ്ഡങ്ങളിൽ അന്ത്യജർ, (ജാതി ബാഹ്യർ/അവർണർ) താമസിക്കുന്നു.’’5
‘ഞങ്ങളുടെ മാതൃഭൂമി’ എന്നു പറയുമ്പോൾ, വിദ്യാലങ്കാർ അർഥമാക്കുന്നത് ‘ഉത്തരേന്ത്യൻ സവർണരെ’യാണ്. അതിനാൽ, അവരുടെ ‘ഭാരതവർഷം’ അവർണർക്ക് പ്രവേശനമില്ലാത്ത ഒരു ഭാരതവർഷമാണ്. ഭാരതമാതാവ് എന്ന സങ്കൽപം രൂപംകൊള്ളുന്നതു തന്നെ പലതരം ബഹിഷ്കരണങ്ങളിലൂടെയാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മഹാഭൂരിപക്ഷമായ അവർണ ജനതയെ പുറത്താക്കിക്കൊണ്ടാണ് ഭാരതമാതാവ് പിറവിയെടുക്കുന്നത്. ആര്യാധിനിവേശകരുടെ ജംബുദ്വീപും ഭാരതവർഷവും രൂപംകൊണ്ടത് തദ്ദേശീയ ജനതയെ പരാജയപ്പെടുത്തിക്കൊണ്ടാണല്ലോ. എത്രയോ നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടാണ് ഇസ്ലാമും ബ്രിട്ടനും ഇന്ത്യയിലെത്തിയത്. അപ്പോൾ, ഭാരതമാതാവിന്റെ ആദിമശത്രു, ഇന്ത്യയിലെ അവർണരാണെന്നു വ്യക്തമാണല്ലോ?
ഇന്നു നാം കാണുന്ന ഇന്ത്യയുടെ ‘ഭൂദേശ ഭൂപടം’ (territorial map) യഥാർഥത്തിൽ വരക്കപ്പെടുന്നത് 19ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ്. ബ്രിട്ടീഷ് ഇന്ത്യയുടെ ആധുനിക ഭൂപട വിജ്ഞാനീയമനുസരിച്ച് രേഖപ്പെടുത്തിയതാണ് ഇന്നത്തെ ഭൂപടം. ജംബുദ്വീപ്, മെറുപർവതം, ഭാരതവർഷം എന്നൊക്കെ പറഞ്ഞവർക്ക് സ്ഥലപരമായ ഒരു ധാരണയുമില്ലായിരുന്നു. 19ാം നൂറ്റാണ്ടിലെ വംശാവലി പണ്ഡിതരും ഇക്കാര്യത്തിൽ അജ്ഞരായിരുന്നു. ചില പുരാണങ്ങൾ ഭൂമിയെ ഒരു പരന്ന പ്രതലമായി കണ്ടു. ദ്വീപുകൾ താമരയുടെ ഇതളുപോലെയാണ്. മറ്റു ചില പുരാണങ്ങൾ ഭാരതത്തെ ‘അർധചന്ദ്രനാ’യും ‘ത്രികോണ’മായും, ‘അസമചതുര’മായും ‘കുലയ്ക്കുന്ന വില്ലാ’യും വെള്ളത്തിൽ ഒഴുകിനടക്കുന്ന ‘കൂർമ’മായും ചിത്രീകരിക്കുന്നു.6
ഇംഗ്ലീഷിലെ ‘map’നു സമാനമായ വാക്കുകൾ സംസ്കൃതത്തിലില്ല. ഭൂപടത്തിന് ഉത്തരേന്ത്യയിൽ ഉപയോഗിച്ചിരുന്ന ‘നക്ഷ’ (naksha) എന്നത് അറബി വാക്കാണ്. ചിത്രം, ആലേഖ്യം എന്നീ വാക്കുകൾക്കും ഭൂപടം എന്ന അർഥമില്ല. ‘ഭൂപടം’ (map) എന്നത് ഒരു ഭൂദേശത്തിന്റെ അമൂർത്ത പ്രതിനിധാനമാണ്.7 തുണിയിലും ലോഹത്തകിടിലും വരച്ച ഭൂപടങ്ങൾ പ്രദർശിപ്പിച്ചിരുന്നത് അമ്പലങ്ങളിലും പുണ്യസ്ഥലങ്ങളിലുമായിരുന്നു. പുരാണ ആലേഖ്യങ്ങൾ കൂടാതെ, ‘ഭൂഗോള’ങ്ങളും പ്രദർശിപ്പിക്കുന്നു. പുരാണങ്ങളുടെ ഭൂമിസങ്കൽപത്തെ ആദ്യമായി തിരുത്തിയത് യൂറോപ്യൻ ഭൂഗോള നിർമാതാക്കളാണ്. സ്വന്തം ആവാസസ്ഥലത്തെ ത്രികോണമായും കൂർമമായും കണ്ടിരുന്ന സവർണരെ ആദ്യമായി ഭൂദേശ ഭൂപടത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കാൻ യൂറോപ്യർ വേണ്ടിവന്നു. ഭൂഗോളങ്ങൾ പ്രചരിപ്പിച്ചതോടെ, അതിന്റെ ഭൗമസയൻസ് മനസ്സിലാക്കുന്നതിനു പകരം, സവർണർ അതിനെ പുരാണ ഭാരതഭാവനയിലേക്കു വിളക്കിച്ചേർത്തു. ഭൂഗോളത്തിന്റെ വടക്ക് ജംബുദ്വീപും ഇരുവശങ്ങളിൽ ഭൂഖണ്ഡങ്ങളും താഴെ കടലുകളും ചിത്രീകരിച്ചു.8

സവർണരുടെ ഭൂഗോളങ്ങൾക്ക് ഭൂപടത്തിന്റെ സയന്റിഫിക്കായ സ്ഥലസങ്കൽപം മനസ്സിലാക്കാൻ കഴിഞ്ഞില്ല. കാരണം, പുരാണ സ്ഥല-ഭൂഗോള നിർമാതാക്കൾക്ക് ‘നിർദേശാങ്ക ഭൂപടവിജ്ഞാനീയ’ത്തെ (Coordinate Cartography) കുറിച്ചോ സ്ഥലത്തിന്റെ അളവിനെ കുറിച്ചോ ഒന്നും അറിയില്ലായിരുന്ന. ഒരു പ്രതലത്തിലെ (ഗ്രിഡ്) ഒരു ബിന്ദുവിന്റെ സ്ഥാനം സൂചിപ്പിക്കുന്ന സംഖ്യകളാണ് ‘നിർദേശാങ്കങ്ങൾ (coordinates). ഗ്രിഡുകൾക്ക് രണ്ട് അക്ഷങ്ങളുണ്ട് തിരശ്ചീന അക്ഷത്തെ x അക്ഷമെന്നും ലംബ അക്ഷ ത്തെ y അക്ഷമെന്നും പറയുന്നു –പരസ്പര ഭിന്നവും വ്യത്യസ്തവുമായ സ്ഥലങ്ങളെ ഏകീകരിക്കുകയും മാനകവത്കരിക്കുകയും ചെയ്യുക. തുടർന്ന് അവയെ കാർട്ടീഷ്യൻ നിർദേശാങ്കമാതൃകയിൽ അടയാളപ്പെടുത്തുകയും ചെയ്യുന്നതാണ് ആധുനിക ഭൂപടം. സ്ഥലങ്ങളെ ഗുണപരമോ പ്രതീകാത്മകമോ ആയി ഭൂപടം ചിത്രീകരിക്കില്ല. തികച്ചും അളവുപരമായ സ്ഥലസങ്കൽപമാണ് ഭൂപടത്തിനുള്ളത്.
എന്നാൽ, സവർണർ നിർമിച്ച ഭൂപടങ്ങളിലെ സ്ഥലങ്ങളെ രേഖപ്പെടുത്തിയത് പാപ-പുണ്യങ്ങളുടെ അടിസ്ഥാനത്തിലാണ്. മാതൃഭൂമിയെ ‘പുണ്യഭൂമി’യായി കാണുന്നത് അതുകൊണ്ടാണ്. പുരാണ ഭൂപടങ്ങളുടെ മുകളറ്റത്ത് മെറു/കൈലാസ പർവതത്തെ കാണാം. ഈ ഭൂപടങ്ങൾക്ക് കൃത്യമായ ദിക്കുകളോ അതിർത്തികളോ ഉണ്ടായിരുന്നില്ല. ആധുനിക ഭൂപടത്തിലെ അതിർത്തികൾ, ദേശത്തിന്റെ രാഷ്ട്രീയാധികാര പരിധിയെയാണ് സൂചിപ്പിക്കുന്നത്. അത് ദേശം-വിദേശം എന്ന വിഭജനത്തെ പ്രതിനിധാനംചെയ്യുന്നു. നിക്കോസ് പൗളാങ്സാഡ് പറയുന്നു: ‘‘ആധുനികാർഥത്തിലുള്ള അതിർത്തിസങ്കൽപം, ‘സ്വ-ദേശി’കളെയും ‘വി-ദേശി’കളെയും വേർതിരിക്കുന്നു. ഇത് ആധുനിക മുതലാളിത്തത്തിന്റെ ഭൂദേശാധികാരവും ഭൂദേശവ്യാപനവുമായി ഇഴചേർന്നിരിക്കുന്നു.’’9
ഭാരതം എന്നതുകൊണ്ടുദ്ദേശിച്ചത് വിന്ധ്യനു വടക്ക് കലമാനുകൾ ഉള്ളതും അതിനാൽ, യാഗംചെയ്യാൻ പറ്റിയതുമായ ‘ആര്യാവർത്ത’ത്തെയായിരുന്നു. തെക്കെ ഇന്ത്യയെ ‘പാപഭൂമി’യും ‘മ്ലേച്ഛദേശ’വുമായിട്ടാണ്, ഇങ്ങോട്ടുള്ള കുടിയേറ്റത്തിനു മുമ്പ് ഉത്തരേന്ത്യൻ ബ്രാഹ്മണർ വിശേഷിപ്പിച്ചിരുന്നത്. 19ാം നൂറ്റാണ്ടിലാരംഭിച്ച ‘ഭാരതമാതാ/ഭാരതാംബ’യുടെ രണ്ടാമത്തെ ബഹിഷ്കരണം സ്ഥലപരമായിരുന്നു. ആദ്യത്തേത്, അവർണ ജനതയെയാണെങ്കിൽ, രണ്ടാമത്തേത് തെക്കെ ഇന്ത്യയെയാകെ ഭാരതാംബയിൽനിന്നു പുറംതള്ളുന്നു.
ഭാരതമാതാവിന്റെ സന്താനങ്ങൾ ആരെന്ന് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ബിപിൻ ചന്ദ്രപാലിന്റെ വിശദീകരണം നോക്കുക: ‘‘ഭാരതത്തിന്റെ ചരിത്രപരമായ ഏകതയും അവിടത്തെ ജനതയുടെ വ്യക്തിത്വവും നിരാകരിക്കുന്നവർ അറിയണം, ഞങ്ങളുടെ മാതൃഭൂമിയെ ഞങ്ങൾ ‘ഇന്ത്യ’ എന്ന വൈദേശികപ്പേരുകൊണ്ടല്ല വിളിച്ചിരുന്നത്. ‘ഹിന്ദുസ്ഥാൻ’ എന്നുപോലും ഞങ്ങൾ വിളിച്ചിട്ടില്ല. ഈ രാജ്യത്തിലെ ആര്യൻ ജനത അവരുടെ മാതൃഭൂമിയെ വിളിച്ചത്, ‘ഭാരതവർഷം’ എന്നാണ്.’’10 ‘ഭാരതവർഷത്തിലെ ജനത’ ‘ഞങ്ങൾ’ എന്നീ വാക്കുകൾ ഇന്ത്യയിലെ എല്ലാ മനുഷ്യരെയും പ്രതിനിധാനംചെയ്യുന്നില്ല.
ഇന്ത്യയിലെ ‘ആര്യൻ ജനത’മാത്രമാണ് ബിപിൻ ചന്ദ്രപാലിന്റെ മനസ്സിലുണ്ടായിരുന്നത്. ഗാന്ധിയുടെ ‘രാമരാജ്യം’ യഥാർഥത്തിൽ പാലിന്റെ ‘ഭാരതവർഷം’ തന്നെയാണ്. ഭാരതവർഷം അവർണരെയും തെക്കെ ഇന്ത്യയെയും പരോക്ഷമായി ബഹിഷ്കരിക്കുമ്പോൾ ‘രാമരാജ്യം’ എന്ന പ്രതീകത്തിലൂടെ ഗാന്ധി അവർണർക്കു ഒരു താക്കീതാണ് നൽകുന്നത്. വർണ/ജാതി വ്യവസ്ഥ ലംഘിക്കാൻ, അവർണർ തയാറായാൽ, അവർക്കു ശംബൂകന്റെ ഗതിയായിരിക്കുമെന്ന ഉഗ്രമായ മുന്നറിയിപ്പ്! ‘ഇന്ത്യ’യെന്ന പേര് ഒരു സ്ഥലനാമം മാത്രമാണെന്ന യൂറോപ്യൻ വാദം ബിപിൻ ചന്ദ്രപാലിനെ വല്ലാതെ ചൊടിപ്പിക്കുന്നു. ‘‘ബ്രിട്ടീഷുകാർ സ്ഥാപിച്ച സ്കൂൾ, കോളജ്, നിയമം, കോടതി, പട്ടാളം, ബ്യൂറോക്രസി, പത്രം തുടങ്ങിയവയിലൂടെ ഇന്ത്യക്കാരനെ നിർമിക്കുന്നതിനുമുമ്പ്, ഇന്ത്യക്കാരൻ എന്നൊരു ജീവി, ഇന്ത്യയിൽ നിലനിന്നിട്ടില്ലേത്ര!’’ എന്നായിരുന്നു പാലിന്റെ ശകാരം.11

ബിപിൻ ചന്ദ്രപാൽ,രുക്മാബായി
ഉത്തരപ്രദേശിലെയും ബംഗാളിലെയും ആധുനിക വിദ്യാഭ്യാസം കിട്ടിയ മധ്യവർഗ സവർണരാണ് ഭാരതമാതാ സങ്കൽപത്തിന്റെ ഉപജ്ഞാതാക്കൾ. ഉത്തരപ്രദേശുകാരനായ രാജ ശിവപ്രസാദാണ് ആദ്യമായി ഹിന്ദിയിൽ ഒരു ചരിത്ര പാഠപുസ്തകം (1864) രചിച്ചത്. ഈ പുസ്തകത്തിലാണ് ആദ്യമായി ഇന്ത്യയെ കൃത്യമായ അതിർത്തികളുള്ള ‘ദേശ’മായും, ‘ഭാരതമാതാവാ’യും ചിത്രീകരിക്കുന്നത്. ചരിത്രം, സ്ഥലം, ദേശീയത എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന സവർണ ദേശ –രാഷ്ട്ര ഭാവനയുടെ തുടക്കം ഈ കൃതിയിൽ കാണാം. ആധുനികചരിത്രം ദേശ – രാഷ്ട്ര ചരിത്രമാണ്. ശിവപ്രസാദിന്റെ ഭാരതമാതാവിനെയും ആര്യൻ നിവാസികളെയും മൂന്നുതരം അയിത്തത്തിൽനിന്നു സംരക്ഷിക്കേണ്ടതുണ്ടായിരുന്നു. അവർണർ, മുസ്ലിംകൾ, ബ്രിട്ടീഷുകാർ എന്നീ മൂന്ന് അസുര –അയിത്തക്കാരിൽനിന്നു സംരക്ഷിക്കാൻ ശിവപ്രസാദ് മാതൃഭൂമിയെ ‘ദേവി’യായി സങ്കൽപിച്ചു. ദേവീഭാവന അഭിസംബോധന ചെയ്യുന്നത് ആൺമക്കളെയാണ്. അവർ മാതാവിന്റെ സന്താനങ്ങളാണ്. അമ്മക്കുവേണ്ടി ജീവൻ കൊടുക്കാൻ തയാറാകുന്ന സവർണപുരുഷന്മാരുടെ പ്രസ്ഥാനമായിരുന്നു ഇന്ത്യൻ ദേശീയ പ്രസ്ഥാനം.
കോടാനുകോടി ദേവൻമാരും ദേവികളുമുള്ള ഇന്ത്യയിൽ പുതിയൊരു ‘ദേവി’ ജനിച്ചു. ക്രമേണ, ‘ഭാരതമാതാ’യെന്ന ദേവത, ഇന്ത്യയെന്ന ഭൂദേശത്തിന്റെയും ദേശ –രാഷ്ട്രത്തിന്റെ ദൃശ്യപ്രതീകമായി മാറി. 1905ൽ അബനീന്ദ്രനാഥ ടാഗോർ, ഭാരതമാതാവിന് ദൃശ്യരൂപം നൽകി. 1905ലെ ബംഗാൾ വിഭജനത്തിനെതിരായ സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമായി അബനീന്ദ്രനാഥ ടാഗോർ വരച്ച ‘വംഗമാതാ’ എന്ന ചിത്രമാണ്, പിന്നീട് ‘ഭാരതമാതാവ്’ ആയത്. കാവിക്കൊടി, ഗോതമ്പുമണികൾ, വേദങ്ങൾ എന്നിവ കൈകളിലേന്തിയ ഭാരതമാതാവിനെയാണ് ടാഗോർ വരച്ചത്. ഹിന്ദു ഫാഷിസത്തിന്റെ ആദി പിതാവായ വിവേകാനന്ദന്റെ ശിഷ്യയായ സിസ്റ്റർ നിവേദിത ഈ ചിത്രത്തെക്കുറിച്ചെഴുതി: ‘‘മനോഹരമായ ഈ ചിത്രത്തിൽ... ഭാരതമാതാ ഹരിതഭൂമിയിൽ നിൽക്കുന്നു. അവൾക്കു പിന്നിൽ നീലാകാശം. കാലിനടിയിൽ വെള്ളത്താമര... അവളുടെ നാലു കൈകൾ ദേവീശക്തിയുടെ പ്രതീകങ്ങളാണ്.’’12 അബനീന്ദ്രനാഥ ടാഗോറിന്റെ ചിത്രം അച്ചടിച്ചു വന്നപ്പോൾ സ്കൂൾ വിദ്യാർഥിയും പിൽക്കാലത്ത് അനുശീലൻ സമിതി നേതാവുമായ നാഗേന്ദ്രനാഥ് സെൻ ഗുപ്ത എഴുതി: ‘‘ഈ ചിത്രം കാണുമ്പോഴുള്ള വികാരം പറഞ്ഞറിയിക്കാനാവില്ല. അമ്മയുടെ സൈന്യത്തിൽ ഒരംഗമാവുക എന്നതിൽ കവിഞ്ഞ ഒരാഗ്രഹവും എനിക്കില്ല. അമ്മക്ക് സമർപ്പിക്കാനല്ലാതെ മറ്റെന്തു ജീവിതമാണ് മക്കൾക്കുള്ളത്?’’13 സുബ്രഹ്മണ്യഭാരതിയുടെ തമിഴ് വാരികയായ ‘ഇന്ത്യ’യിലൂടെയാണ് ഭാരതമാതാവ് തെക്കേ ഇന്ത്യയിലെത്തുന്നത്. ഭാരത് മാതാവിനെ, ഭാരതി ‘പുതുവർഷദേവി’യെന്നു വിളിച്ചു. ആ ലക്കത്തിൽ വന്ദേമാതരം! വന്ദേമാതരം! എന്നും അച്ചടിച്ചിരുന്നു. വടക്കേ ഇന്ത്യയിൽനിന്നു വ്യത്യസ്തമായി, സുബ്രഹ്മണ്യഭാരതിയുടെ ഭാരതമാതാവിന്റെ ഒരു കൈയിൽ ഉർദു ലിപിയിൽ ‘അല്ലാഹു അക്ബർ’ എന്നെഴുതിയ ഒരു ബാനറുണ്ടായിരുന്നു. മറ്റൊരു കൈയിൽ ദേവനാഗരിയിലുള്ള വന്ദേമാതരവും. മുസ്ലിം ഉൾെപ്പടെ നാല് സന്താനങ്ങളും മാതാവിന്റെ പാദങ്ങളിൽ നമസ്കരിക്കുന്നതായിട്ടാണ് ചിത്രീകരണം.
സവർണരുടെ ഭാരതമാതാവ് ക്രമേണ രക്തദാഹിയും ഭീകര രൂപിണിയുമായി മാറുകയാണുണ്ടായത്. അവൾ മക്കളിൽനിന്നാവശ്യപ്പെടുന്നത് ശത്രുക്കളുടെ തലകളും ചോരയുമാണ്. 1919ൽ ഫൈസാബാദിൽ ആയുധധാരിണിയായ ഭാരതമാതാവിന്റെ കലണ്ടർ അച്ചടിച്ചു. തുടർന്ന്, ഭാരതമാതാവിനെ സംഹാരരുദ്രയായ ദുർഗയായി ചിത്രീകരിച്ചു. ബംഗാളിലെ സവർണർ മാത്രമേ ദുർഗയെ ആരാധിച്ചിരുന്നുള്ളൂ. അവർണരുടെ ദൈവമായ മഹിഷാസുരനെ കൊന്ന്, ശവത്തിനുമേൽ താണ്ഡവമാടുന്ന ദുർഗയായി മാറുന്ന ഭാരതമാതാവിന്റെ രൂപകം പറയുന്നത് എന്താണ്? ബ്രിട്ടീഷുകാരിൽനിന്ന് എന്നെങ്കിലും ഇന്ത്യ സ്വതന്ത്രമായാൽ, ഭാരതമാതാവ് അവർണരോട് ദയാലു ആയിരിക്കില്ല. ഇന്ത്യയെ ദുർഗ–കാളിയായി ചിത്രീകരിക്കുമ്പോൾ, അവർണരും മുസ്ലിംകളും അവൾക്കു താണ്ഡവമാടാനുള്ള ശരീരങ്ങൾ മാത്രം! ഈ മാതൃപൂജ പരോക്ഷമായ അവർണ- മുസ്ലിം നരഹത്യാ പൂജയാണ്. വിദേശ ശക്തിയിൽനിന്നു മോചനം തേടുന്ന ഒരു രാജ്യത്തെ അറുത്ത ശിരസ്സുകൾ കോർത്ത മാലയണിഞ്ഞ്, ചോരയിറ്റുന്ന നാക്കു നീട്ടി, ശവത്തിനുമേൽ താണ്ഡവമാടുന്ന ദുർഗയായി ചിത്രീകരിക്കുന്ന ഭാവന, ലോകത്ത് മറ്റൊരിടത്തുമുണ്ടായിട്ടില്ല.
ഭാവിയിലെ സ്വതന്ത്ര ഇന്ത്യയിൽ, അവർണർക്കും മുസ്ലിംകൾക്കും ഭൗതികമായി നിലനിൽക്കാമെങ്കിലും, സാംസ്കാരികവും രാഷ്ട്രീയവും അസ്തിത്വപരവുമായ സ്ഥാനമുണ്ടായിരിക്കില്ലെന്ന ഘോരമായ ഭീഷണിയുടെ രൂപകമാണ് ഭാരതമാതാ. ദുർഗയുടെ കഴുത്തിലെ മാലയിലുള്ള അറുത്തെടുത്ത ശിരസ്സുകൾ ഓർമിപ്പിക്കുന്നത് ഇന്ത്യയിലെ ആദിമ നിവാസികൾക്കെതിരെ ആര്യന്മാർ നടത്തിയ കൂട്ടക്കൊലകളെയാണ്. പരാജിതരായ നാട്ടുകാരുടെ ജഡങ്ങൾക്കുമേലാണ് ഭാരതമാതാവിന്റെ താണ്ഡവലീല. ബ്രിട്ടീഷുകാർക്കെതിരായ ‘സ്വാതന്ത്ര്യസമര’ത്തിന്റെ ചരിത്രഭൂമികയിൽ, ദേശത്തിനു കാളീരൂപം നൽകുന്നത് ഒട്ടും നിർദോഷമായിരുന്നില്ല. സ്വതന്ത്രമാകുന്ന ഭാരതമാതാവ്, അവളുടെ സവർണ സന്താനങ്ങളിൽനിന്നാവശ്യപ്പെടുന്നത് അവർണ– മുസ്ലിംകളുടെ ചോരയായിരിക്കും. ഭാരതമാതാവ്, ‘കൊലമാതാവ്’ ആയിരിക്കുമെന്ന മുന്നറിയിപ്പാണിത്.
ഭാരതമാതാ സങ്കൽപത്തെ കൂടുതൽ വികാരതീവ്രവും സവർണ ബഹുജനപ്രിയവുമാക്കിയത് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ‘ആനന്ദമഠം’ (1882) എന്ന നോവലാണ്. 1777ൽ ബംഗാളിൽ നടന്ന സന്യാസി-ഫക്കീർ ലഹളയെ മുൻനിർത്തി എഴുതിയ നോവലാണ് ‘ആനന്ദമഠം’. ബ്രിട്ടീഷുകാർക്കെതിരായ ഈ ലഹളയിൽ സവർണ സന്യാസിമാരും സൂഫി ഫക്കീർമാരും പങ്കെടുത്തിരുന്നു. എന്നാൽ, ആനന്ദമഠത്തിൽ ‘ഫക്കീർ’മാരെ ഒഴിവാക്കി. ഭാരതമാതാവിന്റെ സ്വപ്രഖ്യാപിത സന്താനങ്ങളായ ഒരുകൂട്ടം സവർണർ, മുസ്ലിംകൾക്കെതിരെ നടത്തുന്ന കൂട്ടക്കൊലയുടെയും കൊള്ളിവെപ്പിന്റെയും കഥയാണ് ‘ആനന്ദമഠം’. ബ്രിട്ടീഷുകാരെ സുഹൃത്തുക്കളും അധ്യാപകരുമായിട്ടാണ് ചിത്രീകരിക്കുന്നത്. ‘‘എവിടെ കണ്ടാലും മുസൽമാനായ ആരെയും പിടിച്ചുകൊണ്ടവർ മർദിക്കുകയും പണം കിട്ടുമെന്നുള്ളിടത്ത് കൊല്ലുകയും ചെയ്തു... മുസൽമാന്മാരുടെ ഗ്രാമങ്ങൾ ചുട്ട് ചാമ്പലാക്കി... മുസ്ലിംകളുടെ തലവെട്ടി നീക്കി, ‘ഹരിഹരി’ എന്ന ജയഭേരി ഉയർത്തി മുന്നേറും.14
മറ്റൊരിടത്ത്, ‘‘ചിലർ മരിച്ചുകിടക്കുന്നവരുടെ മുഖത്ത് ചവിട്ടി... വളരെപ്പേർ ഒന്നിച്ച് കൂട്ടമായി മുസൽമാൻമാരുടെ ഗ്രാമത്തിലേക്ക് ചെന്ന് അവരുടെ വീടുകൾ തീവെച്ച് നശിപ്പിച്ചു... ഞങ്ങൾ മുസൽമാൻമാരെ കീഴടക്കി. രാജ്യം വീണ്ടും ഹിന്ദുക്കളുടേതായി...15

ബങ്കിം ചന്ദ്ര ചാറ്റർജി,മിഖായേൽ ബക്തിൻ
1875ൽ ബങ്കിം എഴുതിയ ‘വന്ദേമാതരം’ –ഈ നോവലിൽ കൂട്ടിച്ചേർത്തു. ഈ പാട്ടിന്റെ ആദ്യശീർഷകം ‘വന്ദന’ എന്നായിരുന്നു. ആനന്ദമഠത്തിലൂടെയും വന്ദേമാതരത്തിലൂടെയും ബങ്കിം ചന്ദ്ര സൃഷ്ടിച്ച ഭാരതമാതാവ്, അവളുടെ സന്താനങ്ങളിൽനിന്ന് ആവശ്യപ്പെട്ടത് മുസ്ലിംകളുടെ ചോരയാണ്. 1905ലെ സ്വദേശി പ്രസ്ഥാനം വന്ദേമാതരത്തെ ദേശീയ പ്രസ്ഥാനത്തിന്റെ കേന്ദ്ര മുദ്രാവാക്യമായി ഉയർത്തി. 1896ലെ കോൺഗ്രസ് സമ്മേളനത്തിലാണ് രവീന്ദ്രനാഥ ടാഗോർ സംഗീതം നൽകിയ ‘വന്ദേമാതരം’ ആദ്യമായി പാടിയത്. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ‘ഋഷി’ എന്നാണ് ബങ്കിം ചന്ദ്രയെ അരവിന്ദഘോഷ് വിശേഷിപ്പിച്ചത്. 1920കളാകുമ്പോഴേക്കും മിക്ക ഇന്ത്യൻ ഭാഷകളിലേക്കും വന്ദേമാതരം മൊഴിമാറ്റം ചെയ്യപ്പെട്ടു. കന്നട (1897), മറാത്തി (1897), ഗുജറാത്തി (1901), തമിഴ് (1905), ഹിന്ദി (1906), തെലുഗു (1907), മലയാളം (1909) എന്നീ ഭാഷകളിൽ വന്ദേമാതരം മൊഴിമാറ്റി. കോൺഗ്രസ് സമ്മേളനങ്ങളിൽ ദേശീയഗാനം എന്ന മട്ടിൽ വന്ദേമാതരം പാടുക പതിവായിരുന്നു.
1930കളിൽ വന്ദേമാതരത്തിന്റെ മുസ്ലിം വിരുദ്ധതക്കും സവർണമതാത്മകതക്കുമെതിരെ വ്യാപക വിമർശനങ്ങളുണ്ടായി. വന്ദേമാതരത്തിനെതിരായ വിമർശനങ്ങളെക്കുറിച്ച് 1947ൽ ഗാന്ധി പറഞ്ഞു: ‘‘വന്ദേമാതരം ഒരു മതപ്പാട്ടല്ല. അത് ശുദ്ധമായ രാഷ്ട്രീയ ഗാനമാണ്... അത് മുസ്ലിംകളെ നിന്ദിക്കാനുള്ള ഒരു പാട്ടുമല്ല’’.16 മതമൈത്രിവാദിയായ ഗാന്ധി ഇതേ പ്രാർഥനായോഗത്തിൽ ഇങ്ങനെയും പ്രസംഗിച്ചു. ‘‘അല്ലാഹു അക്ബർ എന്ന വിളി ഇന്ത്യയിൽ ഉണ്ടാക്കിയത് വളരെ നിഷേധാത്മകമായ അർഥമാണ്. അത് മിക്കപ്പോഴും ഹിന്ദുക്കളെ ഭയപ്പെടുത്തി. കാരണം, അല്ലാഹു അക്ബർ വിളികളുമായി പള്ളികളിൽനിന്നിറങ്ങിവരുന്ന മുസ്ലിംകൾ, ഹിന്ദുക്കൾക്കെതിരെ അക്രമങ്ങൾ നടത്തിയിരുന്നു.’’17
1937ൽ നെഹ്റുവിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി എതിർപ്പിനിടയാക്കുന്ന ഭാഗങ്ങൾ ഒഴിവാക്കി വന്ദേമാതരം പരിഷ്കരിക്കാൻ തീരുമാനിച്ചു. ഭരണഘടന വന്ദേമാതരത്തെ ‘ദേശീയപാട്ടാ’യും (national song) ‘ജനഗണമന’യെ ‘ദേശീയഗാന’മായും നിർവചിക്കുന്നു. പാട്ടും ഗാനവും തമ്മിലുള്ള വ്യത്യാസം പക്ഷേ, ആർക്കുമറിയില്ല. 1949 സെപ്റ്റംബർ 17, 18 തീയതികളിലാണ് പുതുതായി പിറന്ന രാജ്യത്തിന്റെ പേരിനെക്കുറിച്ചുള്ള ചർച്ച നടന്നത്. അംേബദ്കർ അവതരിപ്പിച്ച ഭരണഘടനയുടെ കരടിൽ ‘India Shall be a union of States’ എന്നാണ് എഴുതിയിരുന്നത്. ‘ഇന്ത്യ’ എന്ന പേര് വൈദേശികവും മതേതരവുമാണെന്ന് വലിയ വിമർശനങ്ങൾ ഭരണഘടന നിർമാണസഭയിൽ ഉയർന്നു. ഈ ദേശത്തിന്റെ ‘പൈതൃക–സംസ്കാര’ത്തെ പ്രതിഫലിപ്പിക്കുന്ന പേര് വേണമെന്നു ഭൂരിപക്ഷം സവർണ പ്രതിനിധികളും വാദിച്ചു. ജംബുദ്വീപ്, ആര്യാവർത്തം, ഭാരതവർഷം, ഹിന്ദുസ്ഥാൻ എന്നിങ്ങനെ പല പേരുകളും നിർദേശിക്കപ്പെട്ടു. ‘ഇന്ത്യ’ എന്ന പേര് ഒഴിവാക്കിയാൽ രാജിവെക്കുമെന്ന് അംേബദ്കർ പ്രഖ്യാപിച്ചു. ഒടുവിൽ, നെഹ്റുവിന്റെ ഇടനിലയിൽ, ‘India, that is Bharat...’ എന്നാക്കുകയായിരുന്നു. ഭരണഘടന പ്രാദേശിക ഭാഷകളിലേക്കു മൊഴിമാറ്റുമ്പോൾ, ‘ഭാരതം’ ആദ്യം ചേർക്കണമെന്നും തീരുമാനിച്ചു.18 മലയാളത്തിൽ, ‘‘ഭാരതം എന്ന ഇന്ത്യ...’’ എന്നാണ് മൊഴിമാറ്റിയത്.
19ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഉത്തരേന്ത്യൻ സവർണ ഭാവനയിൽ, ഇന്ത്യ ഒരു ‘സ്ഥല-കാലരൂപക’മായി (chronotope) രൂപപ്പെട്ടത് എന്തുകൊണ്ട്? ‘േക്രാണോടോപ്പി’ന്റെ വാതിലുകളിലൂടെ മാത്രമേ, വാക്കിനും വാചകത്തിനും അർഥമണ്ഡലത്തിലേക്കു കടക്കാനാവൂ എന്ന് മിഖായേൽ ബക്തിൻ പറയുന്നു.19
സ്ഥല-കാല ഗണങ്ങളുടെ പരസ്പരപൂരിതവും പരസ്പര ബന്ധിതവുമായ രൂപവത്കരണത്തെയാണ് േക്രാണോടോപ് പഠനവിധേയമാക്കുന്നത്. 19ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ ബ്രിട്ടീഷുകാർ നടത്തിയ ഭൂസർവേ –ഭൂപട വിജ്ഞാനത്തെ ഉപയോഗിച്ചുകൊണ്ട്, ഉത്തരേന്ത്യൻ സവർണർ ഇന്ത്യയെന്ന ഭൂദേശത്തെ ‘ഭാരതമാതാവ്’ എന്ന േക്രാണോടോപ്പാക്കി മാറ്റി. േക്രാണോടോപ് അടിസ്ഥാനപരമായി ഒരു മതേതര സങ്കൽപമാണ്. എന്നാൽ, ‘മാതാവ്’ എന്ന വിശേഷണം അതിനെ ദൈവികവത്കരിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ഒരു ഭൂപ്രദേശം ഒരു ‘ദൈവിക േക്രാണോടോപ്’ (sacred chronotope) ആയി മാറുന്നു. ഭാരത മാതാവിന്റെ രൂപവത്കരണ ഘട്ടത്തിൽ ഉത്തരേന്ത്യയിലുണ്ടായ പത്രമാസികകളുടെ പേരുകൾ ശ്രദ്ധേയമാണ്. ഭാരത് ബന്ധു, ഭാരത് ജീവൻ, ആര്യദർപ്പൺ, ഭാരത് ദീപക്, ആര്യപത്രിക, ഭാരത് ദുർദശ, ഭാരത് ജനനി, ആര്യകീർത്തി എന്നിങ്ങനെ പോകുന്നു ആ പേരുകൾ. 1870ൽ ഹേമചന്ദ്ര ബാനർജി രചിച്ച ‘ഭാരതസംഗീതം’, വന്ദേമാതരത്തിന്റെ മുൻഗാമിയാണ്.
ബിപിൻ ചന്ദ്രപാൽ എഴുതുന്നൂ: ‘‘ഇന്ത്യയുടെ ചരിത്രം ഭാരതമാതാവിന്റെ ചരിത്രമാണ്. നമ്മുടെ തത്ത്വചിന്ത മാതാവിന്റെ വെളിപാടുകളാണ്...’’20
ഈ ആര്യവംശമാതാവ്, ഇന്ത്യയിലെ അവർണ മുസ്ലിം ജനതയുടെ മാതാവല്ല. ഇന്ത്യൻ ജനതയെ ജാതിയുടെ കാരാഗൃഹത്തിലടച്ച ആര്യൻ ആഭ്യന്തര കൊളോണിയലിസ്റ്റുകളുടെ മാതാവ്, ഒരു, ‘ആഭ്യന്തര കൊളോണിയൽ മാതാവ്’ മാത്രമാണ്. ആത്മാഭിമാനമുള്ള ഏതെങ്കിലുമൊരു ജനതക്ക് ഒരു ‘കൊളോണിയലമ്മ’യെ പൂജിക്കാനാവുമോ? ആഭ്യന്തര ശത്രുവായ ആര്യ –സവർണരെപ്പോലെ, ഈ കൊളോണിയലമ്മയെയും അവർണ മുസ്ലിം ഭാവനയിൽനിന്നു പുറത്താക്കേണ്ടതാണ്.
പുരുഷ ആധിപത്യം, സതി, ശൈശവ വിവാഹം, വിധവാ പുനർവിവാഹം എന്നിവയെക്കുറിച്ച് സവർണർക്കിടയിലുണ്ടായ തർക്കങ്ങളുടെയും പരിഷ്കരണ സംരംഭങ്ങളുടെയും പശ്ചാത്തലത്തിലാണ് ഭാരതമാതാ സങ്കൽപം ആവിർഭവിക്കുന്നത്. ഉത്തരേന്ത്യൻ സവർണ പുരുഷന്മാർ ‘പരിശുദ്ധയും പതിവ്രതയുമായ ഒരു ഹിന്ദു ഭാര്യ’യെ ഭാവനചെയ്യുകയും അവളുടെ ‘ചാരിത്യ്രശുദ്ധി’യെ കൊളോണിയലിസത്തിന് അപ്രവേശ്യമായ ഒരിടമായി വാഴ്ത്തുകയുംചെയ്തു.21
സ്ത്രീയെ ‘ദേശ’മായും ‘മാതാവാ’യും കാണുന്ന ഭാവന, ഫലത്തിൽ മതേതരമായ ദേശഭാവനകളെ അസാധ്യമാക്കി. ദേശം എന്നത് മക്കൾക്ക് ദർശനം നൽകുന്ന ഒരു പവിത്ര മാതാവായി രൂപാന്തരപ്പെട്ടു എന്നതാണ് ‘ഭാരതമാതാ’ സങ്കൽപത്തിന്റെ വൈകാരിക പ്രഭാവമെന്ന് ഡിയാൻ എക് പറയുന്നു.22 അതോടെ, ദേശീയ പ്രസ്ഥാനം ഭാരതമാതാവിനു വേണ്ടിയുള്ള ഒരു ‘വിശുദ്ധയുദ്ധ’മായി മാറി. ബ്രിട്ടീഷ് നിയമങ്ങൾ സവർണരുടെ ആന്തരിക –കുടുംബ ജീവിതത്തിലേക്കു പ്രവേശിച്ചതാണ് ഏറ്റവും പ്രകോപനപരമായത്. സ്ത്രീവിരുദ്ധവും അന്ധവിശ്വാസ ജടിലവും അവർണവിരുദ്ധവുമായ ഈ സവർണ കുടുംബ മണ്ഡലത്തെ ദേശീയതയുടെ ‘ആന്തരികമണ്ഡല’മെന്നാണ് (inner domain) പാർഥ ചാറ്റർജി ആദർശവത്കരിക്കുന്നത്. ‘കുടുംബമണ്ഡലമാണ് ഞങ്ങളുടെ ഇന്ത്യ’, ‘കുടുംബമാണ് ഞങ്ങളുടെ ഇന്ത്യ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ അക്കാലത്ത് സവർണർക്കിടയിൽ പ്രചരിച്ചിരുന്നു.23
1880ലെ വിവാഹമോചന നിയമം, 1893ലെ വിവാഹപ്രായം 12 ആയി ഉയർത്തിയ നിയമം തുടങ്ങിയവ സവർണ പുരുഷന്റെ സാമ്രാജ്യമായ കുടുംബം ശിഥിലമാകുമെന്നും അടിമകളായ സ്ത്രീകളിൽ സ്വാതന്ത്ര്യ ചിന്ത ഉദിക്കുമെന്നുമുള്ള അഗാധ ഭയം അവരെ വേട്ടയാടി. ഭാര്യയുടെ നിരുപാധിക പാതിവ്രത്യം, ശിശുവധു, സതി, വിധവയുടെ ആജീവാനന്ദ വൈധവ്യം തുടങ്ങിയവയായിരുന്നു സവർണ പുരുഷാധിക്യത്തിന്റെ നെടുംതൂണുകൾ. ഭർത്താവിന്റെ ചിതയിൽ ജീവനോടെ ദഹിപ്പിക്കുന്ന സതീദേവിമാരിൽനിന്നുയരുന്ന തീഗോളങ്ങളും അമരുന്ന നിലവിളിയും സവർണ പുരുഷാധികാരത്തിന്റെ അഭിമാന മകുടങ്ങളായിരുന്നു. സവർണ പുരുഷാഭിമാനത്തിന്റെയും സ്ത്രീ അടിമത്തത്തിന്റെയും സംസ്കാര ശൂന്യതകളിലാണ് ഇന്ത്യൻ ദേശീയ പ്രസ്ഥാനം കെട്ടി ഉയർത്തിയത്. സ്ത്രീയുടെ ലൈംഗികാടിമത്തവും അവർണരുടെ അദൃശ്യതയുമാണ് ഇന്ത്യൻ ദേശീയതയുടെ മുഖമുദ്രകൾ.

ശിശുപ്രായത്തിൽ വിവാഹിതയായ രുക്മാബായി നടത്തിയ വിവാഹമോചന പോരാട്ടവും ഭർത്താവിന്റെ ബലാത്സംഗത്തിൽ കൊല്ലപ്പെട്ട ഫുൽമണി എന്ന ബാലികയുടെ ദുരന്തകഥയും സവർണ പുരുഷന്മാരെ വലിയ അരക്ഷിതത്വത്തിലാക്കി.
1894ൽ ഒരു സ്ത്രീപക്ഷ മാസിക എഴുതി:
‘‘ഹേ, ആണുങ്ങളെ, ഈ നാട്ടിലെ നിസ്സഹായകളായ സ്ത്രീകളോട് നിങ്ങൾ കൊടുംപാതകം ചെയ്തിരിക്കുന്നു. ആ ഒറ്റ കാരണത്താൽ, ജനിച്ച നാട്ടിൽ എെന്നന്നേക്കും നിങ്ങൾക്ക് പ്രവാസികളായി കഴിയേണ്ടിവരും.’’24
1884ൽ രുക്മാഭായി കിഴവനും രോഗിയുമായ ഭർത്താവിൽനിന്ന് മോചനമാവശ്യപ്പെട്ട് കോടതിയിലെത്തി. ഇത് വലിയ വാർത്താ പ്രചാരം നേടുകയുംചെയ്തു. സവർണ പുരുഷ ദേശീയവാദികൾ രുക്മാഭായിയെ ശൂർപ്പണഖയെന്നാണ് ആക്ഷേപിച്ചത്. കുലീന ബ്രാഹ്മണരുടെ നൂറുകണക്കിനു വരുന്ന ബാലികാ ഭാര്യമാരിൽ ഭൂരിപക്ഷവും ശിശുപ്രായത്തിൽതന്നെ വിധവകളാവുക പതിവായിരുന്നു. കളിപ്രായം മാറിയിട്ടില്ലാത്ത കുഞ്ഞുങ്ങളെ, ഭാരതീയ കുടുംബമൂല്യം വിധവയുടെ അടഞ്ഞ ലോകത്തിലടക്കും. ഈ സമ്പ്രദായങ്ങളെ പ്രാകൃതമെന്ന് മിഷനറിമാരും ബ്രിട്ടീഷ് ഭരണാധികാരികളും വിമർശിച്ചു. വൻതോതിൽ അപകർഷതയിലാണ്ട സവർണ പുരുഷന്മാർ ‘സ്നേഹം’ എന്ന കപടന്യായംകൊണ്ട്, അത് മറികടക്കാനുള്ള ശ്രമമാരംഭിച്ചു. ‘സ്നേഹ’മുണ്ടെങ്കിൽ എത്ര കിഴവനായ ഭർത്താവുമായി ഏതു ശിശു ഭാര്യക്കും ലൈംഗിക ബന്ധമാകാമെന്ന വാദം അക്കാലത്ത് ശക്തമായി.
1889ൽ 29കാരനായ ഹാരി മെയ്തിക്ക് നിർബന്ധപൂർവം കല്യാണം കഴിച്ചു കൊടുത്തപ്പോൾ, ഫുൽമണിക്ക് വയസ്സ് 10, കളിച്ചു രസിച്ചു നടക്കേണ്ട പ്രായം! ലൈംഗികബന്ധത്തിന്റെ ഫലമായി ഫുൽമണി കൊല്ലപ്പെട്ടു. അന്ന് വിവാഹപ്രായം 10 വയസ്സായിരുന്നു. അതിനാൽ, ഭർത്താവിനെതിരെ ബലാത്സംഗകുറ്റം ചുമത്താനാവില്ല. പക്ഷേ, പ്രതിഷേധ കൊടുങ്കാറ്റ് ആഞ്ഞടിച്ചു. അതിഭീകരവും ക്രൂരവുമായ സവർണ സ്ത്രീ-പുരുഷ ബന്ധത്തെകുറിച്ച് മിഷനറിമാരും ബ്രിട്ടീഷ് ഭരണാധികാരികളും മാത്രമല്ല, സവർണ സ്ത്രീകളും വലിയ വിമർശനങ്ങളുയർത്തി. ഈ വിമർശനങ്ങളെ മറയ്ക്കാൻ, സവർണ പുരുഷന്മാർ, വാത്സല്യ ത്യാഗനിർഭരമായ ‘മാതൃ-പുത്ര ബന്ധ’ത്തിന്റെ പുതിയൊരു വ്യവഹാരം സൃഷ്ടിച്ചു. എന്നാൽ, സവർണ കുടുംബത്തിലെ ജീവനുള്ള അമ്മയായിരുന്നില്ല, ഈ മാതാവ്. ദുർഗയും കാളിയും പരമേശ്വരിയുമൊക്കെയായിരുന്നു ഈ മാതാവ്.25
ഈ ദേവീമാതാവിനെ കുടുംബത്തിന്റെ ആന്തരികമണ്ഡലത്തിൽനിന്ന് സവർണരുടെ ദേശ–സ്ഥലത്തേക്ക് പുനരധിവസിപ്പിക്കുകയുംചെയ്തു. അങ്ങനെയാണ് ഭാരതമാതാവും ഭാരതാംബയുമുണ്ടായത്. ഉത്തരേന്ത്യൻ സവർണ പുരുഷാധികാരത്തിന്റെ സംഹാര രുദ്രമായ മൂർത്തീരൂപം മാത്രമാണ് ഈ ഭാരതാംബ. അത്, അവർണ മുസ്ലിം ഭൂരിപക്ഷ ജനതക്ക് മാത്രമല്ല, ആധുനിക –മതേതര ഇന്ത്യക്കുതന്നെയും അപമാനമാണ്.
---------------------------------
സൂചിക:
1. M.F. Hussain, quoted in Yasodhara Dalmia, The Making of Modern Art: The progressives. (2001) p. 105
2. Indira Chowdhuri, The Frail Hero and Virile History: Gender and the Politics of Culture in Colonial Bengal (1998). p. 96-99
3. Bipin Chandra Pal, The soul of India, (1911) pp. 187-189
4. Ranajit Guha, ‘Indian Historiography of India’, in Dominance without Hegemony (pp. 180-183)
5. Quoted in Partha Chatterjee, Nation and its fragments, p. 78
6. Syed Muzafer Ali, The Geography of the Puranas (Delhi, People's Publishing House, 1966), p. 109
7. Susan Gole, Early Maps of India. Delhi, 1976): Susan Gole, A series of Early printed Maps of India in Fascimile. (Delhi: 1980)
8. Susan Gole, Indian Maps and Plans from the earliest times to the Advent of European Surveys. (Delhi. 1989). pp. 26-28
9. Nicos Poulantzas, State, Power and Socialism, (Radical Thinkers, 2014). p. 104
10. Bipin Chandrapal. The Soul of India. (p.70).
11. Bipin Chandra Pal, The Soul of India p. 47
12. Sister Nivedita, ‘The spirit of the Motherland’, quoted in Yasodhara Dalmia, ibid, p. 105
13. Nagendranath sen Gupta. Repentant Revolutionary: Autobiography of Nagendranath Sen Gupta. (Aurangabad, 1974). p. 2814.
ബങ്കിം ചന്ദ്ര ചാറ്റർജി, ആനന്ദമഠം, വിവർത്തനം: ലീല സർക്കാർ, ഗ്രീൻ ബുക്സ്, 2019, p. 84–85
15. ആനന്ദമഠം, p. 120
16. Gandhi's speech at Prayer meeting in Calcutta, 23 August 1947. (CWMG, Vol. 69, p.80
17. Gandhi, CWMG, Vol. 69, p.80
18. Constituent Assembly Debates, Vol. 9, no. 38, September 17 and 18, 1949). p. 1674
19. Mikhael Bakhtin, The Dialogic Imagination. 1937
20. Bipin Chandra Pal. The Soul of India
21. Tanika Sakrar Hindu wife, Hindu Nation: Community, religion, and cultural nationalism. (New Delhi, Permanent Black, 2001), p.51
22. Dian Eck, Darsan: Seeing the Divine Image in India. (New York: Columbia Uni. Press - 1998.
23. Tanika Sarkar, ibid. p.36
24. Tarika Sarkar, ibid, p.46
25. Luisa Accati, The Larceny of Desire: The Madonna in Seventeenth century Catholic Europe in Obelkevich Roper and Samuel (eds.) Disciplines of faith: studies in Religion. Politics and Patriarchy (London. 1987.)