പൊട്ടിച്ചൂട്ട്

എഴുതുന്ന വാക്ക് പിൻവാങ്ങുകയാണ്, ഉരിയാട്ട വായ്മ മുന്നേറുകയും. സാക്ഷരതയുടെ അർഥാപേക്ഷ തന്നെ മാറുന്നു –എഴുതാനും വായിക്കാനും അറിയുക എന്നതു മാറി, പറയാനും കേൾക്കാനും അറിയുക. ഈ നിശ്ശബ്ദ പരിണാമത്തിന്റെ തെളിവ് പെരുകുകയാണ്, ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ. തർക്കമുണ്ടാവുക മാറ്റത്തിന്റെ വേഗത്തിന്മേലാണ്, ദിശയിലല്ല. കീശഫോണിനെ മാത്രമായി പ്രതിക്കൂട്ടിലാക്കാനാവില്ല, ലിഖിതവാക്കിന്റെ അരികുവത്കരണത്തിന്. മുമ്പ്, പഴി ടെലിവിഷനായിരുന്നു. ശരിയാണ്,...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
എഴുതുന്ന വാക്ക് പിൻവാങ്ങുകയാണ്, ഉരിയാട്ട വായ്മ മുന്നേറുകയും. സാക്ഷരതയുടെ അർഥാപേക്ഷ തന്നെ മാറുന്നു –എഴുതാനും വായിക്കാനും അറിയുക എന്നതു മാറി, പറയാനും കേൾക്കാനും അറിയുക. ഈ നിശ്ശബ്ദ പരിണാമത്തിന്റെ തെളിവ് പെരുകുകയാണ്, ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ. തർക്കമുണ്ടാവുക മാറ്റത്തിന്റെ വേഗത്തിന്മേലാണ്, ദിശയിലല്ല. കീശഫോണിനെ മാത്രമായി പ്രതിക്കൂട്ടിലാക്കാനാവില്ല, ലിഖിതവാക്കിന്റെ അരികുവത്കരണത്തിന്. മുമ്പ്, പഴി ടെലിവിഷനായിരുന്നു. ശരിയാണ്, വായ്മയുടെ കമ്പക്കെട്ടാണവിടെ. എങ്കിലും സാക്ഷര സംസ്കൃതിയുടെ അവശിഷ്ടങ്ങൾ അവിടവിടെ മിന്നിമായുന്നുണ്ട്. അപഹാരദശയിൽ അതങ്ങനെയല്ലേ, മായുന്നത് തെല്ലിടകൂടി ശേഷിക്കും പിൻനിലാവായി. വാർത്താചാനലുകൾ കൂടുതൽ കൂടുതൽ വാച്യമാധ്യമങ്ങളാവുന്നു, ദൃശ്യം വെറും പക്കമേളം. ഇതുതന്നെ യൂ-ട്യൂബ്, ബ്ലോ-േവ്ലാഗാദി ചണ്ഡിപണ്ടാലങ്ങളിലും, ഒക്കെയും പ്രാഥമികമായി ‘വാ’മാധ്യമങ്ങൾ.
ലിഖിത സാക്ഷരതയുടെ യുഗം പാടേ യവനികയിടുന്നില്ല. കുറെക്കാലം കൂടി നിന്ന് പെഴയ്ക്കും എഴുത്തും വായനയും. പുതിയ വായ്മത്തലമുറകൾ മൂപ്പറ്റി വിളവിറക്കുവോളം. ഒന്നുറപ്പ്, എഴുതുന്ന വാക്ക് മനുഷ്യചിന്തയുടെ കേന്ദ്ര നാഡിയാവില്ല, പഴയപടി. പ്രധാനമാണ്, ഈ മാറ്റത്തിന്റെ പ്രത്യാഘാതങ്ങൾ. കാരണം, വിനിമയത്തിന്റെ ഒരുപകരണത്തിനു പകരം മറ്റൊന്ന് തിരുകുന്ന സാങ്കേതിക മാറ്റമല്ലിത്. ഗ്രാഹ്യത്തിനും പ്രതികരണത്തിനും എവ്വിധമാണോ തല വിനിയോഗിക്കുന്നത്, ആ മർമമാണ് ഇവിടെ പ്രശ്നം. പുതിയ വ്യതിയാനത്തിൽ നമ്മുടെ ദിശ എങ്ങോട്ടെന്നറിയാൻ ചെറിയൊരു പിൻനോക്കു മതി– സാക്ഷരപൂർവ മനുഷ്യർ എങ്ങനെയാണ് തല ഉപയോഗിച്ചിരുന്നത്?
ലിഖിതമുദ്രകൾ അഴിച്ചെടുക്കാനായി ഉരുവപ്പെട്ടതല്ല മനുഷ്യമസ്തിഷ്കം. ലിപിയുള്ള അക്ഷരമോരോന്നും ഓരോ ചിഹ്നമാണ്, ഭാഷയേതിലും. പരിണാമത്തിന്റെ ദീർഘചരിത്രത്തിൽ ഇത് താരതമ്യേന ‘പുതിയ’ സാങ്കേതികത്വമാണ്. ഇതുവെച്ചുള്ള വിനിമയചിന്ത, അവബോധരീതിയെ മാറ്റിപ്പണിതു, മനുഷ്യന്റെയും സമൂഹത്തിന്റെയും. അനുഭവിക്കലിന്റെ ഊടും പാവും മാറ്റി മനുഷ്യനെ ആലോചനയും അപഗ്രഥനവുമുള്ള ജീവിയാക്കി. അങ്ങനെ, സംസ്കാരത്തിന് പുതിയ രൂപഭാവങ്ങളുണ്ടായി. വാമൊഴി എന്ന പ്രാഥമികത്തിൽനിന്ന് സാക്ഷരത എന്ന പുതിയ പ്രാഥമികത്തിലേക്ക് ശിരസ്സു മാറിയപ്പോൾ മനുഷ്യചിന്ത അനന്തൻപത്തിയാണ്ടു. സാക്ഷര മനുഷ്യന്റെ ചിന്താപ്രക്രിയകൾ ലളിതമായ പ്രകൃതിസ്രോതസ്സുകളിൽനിന്ന് നേരിട്ട് ഉളവാകുന്നതല്ല. സാക്ഷരത എന്ന സാങ്കേതികത്വം ഘടനപ്പെടുത്തിയ പ്രഭവങ്ങളിൽനിന്ന് ഉരുത്തിരിയുന്നതാണ്. അഥവാ, സാക്ഷരവത്കൃത ചിന്തയുടെ സൈബോർഗുകളാണ് ഇന്നുള്ള ഭൂരിപക്ഷം മനുഷ്യരും. അങ്ങനെയല്ലാത്തത് മുഖ്യധാരയിൽനിന്നകന്നുള്ള ഗോത്രമനുഷ്യർ മാത്രം.
സാക്ഷര ചിന്തയിൽനിന്നുള്ള മാറ്റം മസ്തിഷ്കത്തെ വീണ്ടും മാറ്റിപ്പണിയും. ഗ്രഹണരീതിയും അനുഭവരീതിയും പ്രതികരണ രീതിയും മാറും. അത് സമൂഹത്തെ പുനരാകൃതിപ്പെടുത്തും. രാഷ്ട്രീയംപോലുള്ള പൊതുവ്യവഹാരങ്ങളിലെ സമീപനം മാറും, പ്രവണതകളും. മുമ്പ്, സാക്ഷരയുക്തിക്ക് ചിന്തിക്കാനേ സാധ്യമല്ലാതിരുന്ന പലതും അതേ മനുഷ്യൻ അവലംബിച്ചെന്നു വരും. അതാണിന്ന് സംഭവിച്ചുതുടങ്ങിയിരിക്കുന്നത്. വിചിത്രമെന്ന് സാക്ഷരയുക്തിക്ക് തോന്നുന്ന പലതും. പ്രശസ്തമായ രണ്ട് മൂർത്ത ദൃഷ്ടാന്തങ്ങൾ ^ട്രംപ്, മോദി. രാഷ്ട്രീയചിന്ത മാറ്റിനിർത്തി നോക്കൂ: രണ്ടാളും വാചാമാധ്യമങ്ങളുടെ ഉൽപന്നങ്ങൾ, ടെലിവിഷന്റെയും നവമാധ്യമങ്ങളുടെയും. വായ്മയുടെ വിത്ത് സാക്ഷരചിന്തക്ക് നിരക്കില്ല. പക്ഷേ, രണ്ടാളും അധികാരികളായിരിക്കുന്നത് സാക്ഷരപൂർവകാലത്തല്ല, ഇന്നാണ്. ആ അർഥത്തിൽ അവർ രാഷ്ട്രീയത്തിലെ പുതുരൂപങ്ങളാണ്, അതേസമയം പ്രാചീന രൂപങ്ങളും. ഈ ഉഭയാവസ്ഥ സ്പഷ്ടമാവാൻ സാക്ഷരതക്ക് മുമ്പുണ്ടായിരുന്ന പ്രകൃതമറിയണം, മനുഷ്യന്റെ.
അറിവിനെ അതറിയുന്നോരിൽനിന്ന് വേറിട്ട ഒന്നായി കാണുന്ന ശേഷിയാണ് സാക്ഷരത മനുഷ്യനിലുണ്ടാക്കിയത്. അതുവഴിയാണ് വസ്തുനിഷ്ഠത എന്ന ആശയമുദിക്കുന്നത്. സാക്ഷരതാപൂർവ സംസ്കാരത്തിൽ ഇങ്ങനെയല്ല കഥ– എല്ലാ അറിവും മനുഷ്യനിലും അവന്റെ പശ്ചാത്തലത്തിലും ബാന്ധവങ്ങളിലുമാണ് ഉള്ളടങ്ങിയത്. അല്ലാതെ വേറിട്ട ഒരമൂർത്ത തലത്തിലല്ല. അങ്ങനെ അറിവ് ചില പ്രത്യേക വ്യക്തികൾ/ കൂട്ടർ പ്രകടമാക്കുന്ന ഒന്നായി കണക്കാക്കപ്പെട്ടു. അതേവിധം, വ്യക്തിക്ക്/ കൂട്ടർക്ക് ശരിയെന്നു തോന്നുന്നത് മറ്റെല്ലാവരുടെയും ശരിയെന്നു കരുതുകയും. ഇതാണ് സാക്ഷരതാപൂർവ സംസ്കാരത്തിന്റെ കാമ്പ് –ആത്മനിഷ്ഠത.
വസ്തുനിഷ്ഠതയുടെ തിരോഭാവം ഇന്ന് എവിടെയും കാണാം. ആവശ്യവും ആഹ്വാനവുമൊക്കെ ഇന്ദ്രിയാനുഭവത്തിനുവേണ്ടി. അതിന്റെ മാനദണ്ഡമോ, ആത്മനിഷ്ഠത. തെളിവും അപഗ്രഥനവും അപ്രസക്തം. ശാസ്ത്രത്തിന് രാഷ്ട്രീയമുണ്ട്, അതിനാൽ ശാസ്ത്രീയത ശരിയല്ലെന്ന് മുഖമടച്ച് നിരാകരിക്കുന്നതാണ് ഈ സമീപനത്തിന്റെ ഒരു പ്രവണത. (ഉദാ: കാലാവസ്ഥാ പ്രതിസന്ധി ശാസ്ത്രലോബിയുടെ നുണ പ്രചാരണമാണ്, ഭൂമി ഉരുണ്ടതല്ല പരന്നതാണ്, ഗണപതി മിത്തല്ല ഇത്യാദി സംഘടിത നിലപാടുകൾ). വൃത്താന്തവിവരണവും പ്രചാരവേലയും തമ്മിലെ അതിരറിയാതെ കുഴയുന്നത് പ്രേക്ഷകർ മാത്രമല്ല ഇപ്പണിയെടുക്കുന്ന മാധ്യമങ്ങൾ കൂടിയാണ്. രാഷ്ട്രീയ സംവാദങ്ങളിൽ ഈ വകതിരിവില്ലായ്മ മുഖം കാട്ടുന്നത് വസ്തുനിഷ്ഠതയ്ക്കുള്ള അവഗണനയും ദുഷിപ്പും മുഖേന. വിഷയ വിദഗ്ധർക്കിടയിൽപ്പോലും വസ്തുനിഷ്ഠ ന്യായവും നീതിയും ഗണിക്കപ്പെടുന്നത് ചർച്ചാതന്ത്രം എന്ന നിലക്ക് മാത്രം. പറയുന്നയാൾ ഏതുപക്ഷം, ആരുടെ നാവ്, ആർക്കെതിര്... എന്നിങ്ങനെ, പറയുന്ന വസ്തുതയെ പറയുന്നയാളിലേക്ക് ചുരുക്കി ആത്മനിഷ്ഠതയിൽ കൊരുത്തിടുന്നു. ഇവ്വിധം, ഒരു പരിപ്രേക്ഷ്യത്തെയും താൽക്കാലികതയ്ക്ക് അപ്പുറത്തേക്ക് വിടില്ല. അങ്ങനെ, അതിനെ വികസിപ്പിക്കാനുള്ള മനുഷ്യശേഷി മണ്ടയടപ്പിക്കുന്നു.
എക്കാലത്തുമുണ്ടായിരുന്നു തക്കൊല. എന്നാൽ, ചെറിയ കുട്ടികളുടെ ആത്മഹത്യ ഇന്ന് കൂടിവരുന്നു. അതും, ‘നിസ്സാര’ കാര്യങ്ങൾക്ക്– ഇഷ്ടപ്പെട്ടത് കിട്ടിയില്ല, മൊബൈൽ ഫോൺ വീട്ടുകാർ പിടിച്ചു
െവച്ചു, പരീക്ഷപ്പേടി.... ഇതിലൊക്കെ ‘സാരം’ കുറവെന്ന് തോന്നുക സാക്ഷരമസ്തിഷ്കത്തിനാണ്. എന്തും തൽക്ഷണം ‘ഫീലു’ ചെയ്യുന്ന വായ്മ സംസ്കൃതിയിൽ സാരചിന്തയില്ല. സർവം സത്വരമാണ്– പ്രണയംതൊട്ട് പിരിയൽ വരെ. വൈചാരികതക്ക് നന്നേ കുറവ്, വഴക്കം. വിരൽതുമ്പത്താണ് വികാരം, എന്തും ശഠേന്ന് ‘ഫീലിംഗ’ത്തേൽ തൊട്ടുകളയും. തെളിവ്, അപഗ്രഥനം, വിവേചനം, അവധാനത- വസ്തുനിഷ്ഠതയ്ക്കുവേണ്ട ഒന്നിനുമില്ല മനസ്സിലിടം. അതൊക്കെ അനാമത്ത്. അകം വാഴുന്നത് ആത്മനിഷ്ഠത മാത്രം. അതുകൊണ്ടുതന്നെ ‘നിസ്സാരം’ അത്ര അസ്സാരമല്ല.
സൗഹൃദങ്ങൾ നോക്കൂ. അഹിതം പറഞ്ഞൂടാ, പ്രിയം പറകയും വേണം– അതാണിന്ന് ചങ്ങാതിയാവാനുള്ള പൊതുയോഗ്യത. വിശദാംശങ്ങളിലേക്ക് പൊയ്ക്കൂടാ, സ്വകാര്യത്തിലും പൊതുകാര്യത്തിലും. അലോസരതയാണത്. എല്ലാവർക്കും പറയാനാണിഷ്ടം, കേൾക്കാനല്ല. കേൾക്കുന്നതായി ഭാവിച്ചുതുടങ്ങും, വൈകാതെ മടങ്ങും പറയുന്ന ‘ഞാനി’ലേയ്ക്ക്. നാവിന് വിശ്രമമില്ല, കാതിന് പണിയുമില്ല. ‘ഞാൻ-ഞാൻ-ഞാൻ’: ഈ പ്രതിഭാസത്തിന്റെ വിലാസക്കുറിയാണ് ആത്മാരാമത്വം. അതിെന്റ ലളിതപര്യായം: ആത്മനിഷ്ഠത. മായികതയുടെയും മാന്ത്രികതയുടെയും മടങ്ങിവരവാണ് അടുത്തപടി. സാമ്പ്രദായിക മതങ്ങൾ അന്യോന്യം പോരടിക്കുന്നു ^ഇടം കവരാൻ, പിടി ഉറപ്പിക്കാൻ. മതമോരോന്നും വിളിച്ചുപറയുന്നു, പുറത്തുനിന്ന് ഭീഷണി നേരിടുന്നെന്ന്. സ്വാഭാവികമായും ഓരോന്നിന്റെയും വിശ്വാസികൾ അതതിനുള്ളിലേയ്ക്ക് കൂടുതൽ പിണഞ്ഞുകൂടും– പൗരോഹിത്യത്തിന്റെ പിടിയിലേക്ക്. മാമൂലുകൾ മുറുകുന്നു. ആചാരങ്ങൾ പിരിമുറുക്കുന്നു. സ്വയം നവീകരണ ശ്രമങ്ങൾക്ക് മതവിരുദ്ധതയുടെ ചാപ്പ പതിയുന്നു– മതങ്ങൾക്കുള്ളിലെ വിവേകമതികൾ കൂടി നിശ്ശബ്ദരായിപ്പോകുന്ന കെണി.
വിശ്വാസത്തെ ആധാരമാക്കുന്ന ഞാഞ്ഞൂളുകൾപോലും ഈ അമാവാസിയിൽ ഫണീന്ദ്രർ- കവടി തൊട്ട് കൂടോത്രം വരെ. വാസ്തു നോക്കാതെ പുരകെട്ടില്ല ആർക്കിടെക്ട്. ജ്യോതിഷി കുറിക്കും, ബഹിരാകാശ യാത്രയുടെ മുഹൂർത്തം. തന്ത്രി നിശ്ചയിക്കും, മൂർത്തിയുടെ ലിംഗവിവേചന യുക്തി.
ഇങ്ങനെയൊക്കെയായിരുന്നില്ലേ സാക്ഷരപൂർവ സംസ്കാരങ്ങളിലും മനുഷ്യർ? മായികമായ മന്ത്രതന്ത്രങ്ങൾക്ക് മേൽെക്കെ. സ്മാരകശിലകൾക്കും സ്മൃതിസൂത്രങ്ങൾക്കും അപ്രമാദിത്തം. ചമച്ച കഥാപാത്രങ്ങൾക്കൊക്കെ അതിഭാവുകത്വം, അതികായത്വം, അസാധാരണത്വം. മനുഷ്യശ്രദ്ധ കീഴടക്കിവെക്കാൻ അവക്ക് മനുഷ്യാതീത പ്രകൃതവിശേഷങ്ങളും പതിച്ചു. സാക്ഷര ചിന്ത ക്ഷയിക്കെ സ്വാഭാവികമായും മനുഷ്യർ ചായും ഇമ്മാതിരി ആത്മനിഷ്ഠ വ്യാപാരങ്ങളിലേക്ക്. അധീശതക്ക് വേണ്ട ശ്രദ്ധ കവരാനും നിലനിർത്താനുമുള്ള അതിനായകത്വ കൽപനകൾ തിരിച്ചെത്തിയിരിക്കുന്നു. പ്രദർശനപരതയും അതിശയോക്തിയുമാണ് പുതിയ ചാർത്ത്. ‘ഞാൻ ദൈവജനുസ്സെ’ന്ന വായ്ക്കുരവ തൊട്ട് ഗുഹാന്തരങ്ങളിലെ സംപ്രേഷിത ധ്യാനം വരെ നടത്തുന്ന രാഷ്ട്രീയ നേതാവ്. അതിനായക കൃത്യങ്ങളുടെ അധ്യാരോപം പലേടത്തും ഒരേവിധത്തിൽ– കുടിയേറ്റം തടയാൻ മെക്സികോക്ക് പടുകൂറ്റൻ ചുറ്റുമതിൽ കെട്ടുന്ന ട്രംപ്, മേഘമറയിൽ ‘സർജിക്കൽ സ്ൈട്രക്’ നടത്തുന്ന വിദ്യ വായുസേനയ്ക്കോതുന്ന മോദി.
ഈ അതിനായകത്വ ഛായകളുടെ പ്രതിഫലനം മിക്ക മണ്ഡലങ്ങളിലുമുണ്ട്. സിനിമക്ക് ഇന്ന് വേണ്ടത് ‘ബാഹുബലി’കളെ. അതിനായി അമ്മാനമാടുന്ന കോടികൾ അഞ്ഞൂറും അറുന്നൂറും താണ്ടി ആയിരങ്ങളിലേയ്ക്ക് കടന്നിരിക്കുന്നു. സൂപ്പർ നായകർ മുമ്പുമുണ്ടായിരുന്നു, അവർക്കിത്ര ഭാരിച്ച രൂപഭാവമില്ലായിരുന്നു. അതേ പുള്ളികൾ ഇന്ന് പുലിമുരുകന്മാരും എമ്പുരാന്മാരും ഉലകനാഥന്മാരുമായി ചീർത്തുചീർത്തു വരുന്നു. നാമമാത്രമായെങ്കിലും മതേതരവും താരതമ്യേന യുക്തിസഹവുമായിരുന്ന രാഷ്ട്രീയം അതിവേഗം ഭൂതകാലമാവുകയാണ്. പകരം ആരോഹണംചെയ്യുന്നത് മതേതര വിരുദ്ധവും അയുക്തിസമൃദ്ധവും ആധിപത്യ പൂർണവുമായ പ്രാചീന രാഷ്ട്രീയം. ജനാധിപത്യം എന്ന നവീന മൂശയിലൂടെ തന്നെയാണ് ഈ കരേറൽ എന്നാണ് തൊടുന്യായം. അത്ഭുതമില്ലതിൽ, വസ്തുനിഷ്ഠ ചിന്ത വിട്ട് വായ്മാതിരേകത്തിൽ അകപ്പെട്ട ജനത അങ്ങനയേ പെരുമാറൂ.
സാമ്പത്തിക ‘ശാസ്ത്ര’കാരനാണ് ഹാവിയെർ മിലെയ്. നാവെടുത്താൽ തെറി, നിഷ്ഠുരമായ നോക്ക്, വക്രീകൃത മുഖ ഗോഷ്ഠികൾ... വിഖ്യാത സാമ്പത്തിക ചിന്തകരുടെ പേരുകൾ സ്വന്തം പട്ടികൾക്കിട്ടു– മിൽട്ടൻ (ഫ്രീഡ്മൻ), കെയ്ൻസ്! (ജോൺ മേനാഡ്), ഹായേക് (ഫ്രീഡ്രിക് വോൺ). സമനില തെറ്റിയവൻ എന്ന അർജന്റീനരുടെ വിളി അന്വർഥം. വിളിച്ചവർ തന്നെ ആളെ രാഷ്ട്രത്തലവനുമാക്കി. ഈർച്ചവാളും പിടിച്ചുള്ള സ്വന്തം പടം ഇഷ്ടൻ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. കുത്തുപാള എടുക്കാറായ രാജ്യത്തെ ബജറ്റ്കമ്മി അറുത്തെറിഞ്ഞ് രക്ഷിക്കുമെന്നും. അധികാരം കിട്ടിയതും വാക്കുപാലിച്ചു. 30,000 സർക്കാർ ജീവനക്കാരെ പുറത്താക്കി, സർക്കാർ വകുപ്പുകൾ 18ൽനിന്ന് ഒമ്പതാക്കി. ആരോഗ്യം, വിദ്യാഭ്യാസം, പൊതുമരാമത്ത് വിഹിതങ്ങൾ റദ്ദാക്കിക്കൊണ്ട് ബജറ്റ് കമ്മി അരിഞ്ഞൊതുക്കി. രാജ്യം പണപ്പെരുപ്പത്തിൽനിന്ന് കഷ്ടി കരപറ്റി. ശേഷം ചിന്ത്യം. കാരണം, മിലെയ് വാൾപ്പയറ്റ് തുടരുകയാണ്.
അമേരിക്കാ വൻകരയിലെ തെക്കൻ കിറുക്കന്റെ വടക്കൻ ആരാധകനാണ് ട്രംപ്. രാഷ്ട്രീയത്തിന്റെയും നയതന്ത്രത്തിന്റെയും ആഗോള വ്യവസ്ഥകൾ കടലിലെറിഞ്ഞു. എന്തു ചോദിച്ചാലും ഉത്തരം എടുത്തവായ്ക്ക്. തെളിവ്, വിയോജനം, മനുഷ്യർക്കുള്ള ചേതം, മറ്റുള്ളോരുമായുള്ള ബന്ധം ഒന്നും ഗൗനമില്ല. എടുത്തുചാട്ടം, ആത്മപ്രശംസ, അനുയായിക്കമ്പം, പരിഹാസം ഇത്യാദി മുഖമുദ്ര. സകലരെയും മനുഷ്യരായല്ല ടി.വി കഥാപാത്രങ്ങളായി കണ്ടുള്ള പെരുമാറ്റം. ഇന്ന് പറയുന്നതല്ല നാളെ. മറ്റന്നാൾ മറ്റൊന്ന്.
എന്തും ചെയ്യുന്ന ധീര സാഹസികനാം ചരിത്ര-പുരുഷൻ ആ പ്രതീതി മറ്റുള്ളവരിൽ ഉളവാക്കുക. അതാണ് ‘ട്രംപ് കാർഡ്’. (മോദിക്കും സമാന പ്രതിച്ഛായ സൃഷ്ടിക്കാനാണ് പാർട്ടിക്കൊതി. പക്ഷേ, ഒരു പരിധിക്കപ്പുറം തരപ്പെടുന്നില്ല. പിന്നിൽ ചരടുള്ള തോൽപ്പാവക്ക് തിരക്കഥക്കൊപ്പിച്ച് ആടാനേ കഴിയൂ. മോദിയുടെ അതിനായകത്വം ഭരണകക്ഷിയുടെ ആസൂത്രിത പ്രദർശനം മാത്രം). എന്നു കരുതി, ഇവർ വെറും എടുത്തുചാട്ടക്കാരെന്നു കരുതരുത്. ഭരണകൂടത്തിന് സമഗ്രാധിപത്യം ൈകവരുത്താൻ നിസ്സേങ്കാചം അരിഞ്ഞൊതുക്കും നിരപേക്ഷ സ്ഥാപനങ്ങളെ– കോടതി, തെരഞ്ഞെടുപ്പ് കമീഷൻ, റിസർവ് ബാങ്ക്, സർവകലാശാലകൾ തൊട്ട് പാഠപുസ്തകം വരെഇക്കൂട്ടരെല്ലാം പങ്കിടുന്ന ചില സാക്ഷരപൂർവ പ്രകൃതങ്ങളുണ്ട്. അളവറ്റ ചൊടിമട്ട്, കൂസലില്ലായ്മ, അക്ഷമ, താൻപോരിമ, അനുതാപരാഹിത്യം, രാഷ്ട്രീയത്തിൽ ഇത് പ്രതിലോമകരമെന്ന് തോന്നാം. ക്ഷമിക്കണം, സാക്ഷര ചിന്തയിലാണ് അങ്ങനെ തോന്നുക. വായ്മാലോകത്ത് മറിച്ചാണ് കഥ. അയുക്തിയും അനുതാപക്കമ്മിയും താന്തോന്നിത്തവും പലരെയും വൻ ശക്തികളാക്കുന്നു. പ്രീതിപ്പെടുത്താതെ തെന്ന ജനപ്രതീ തരമാകുന്നു. മറ്റൊരു കാരണംകൂടിയുണ്ട് ഈ വിപൽസാഫല്യങ്ങൾക്ക്.

ഡോണൾഡ് ട്രംപ്,നരേന്ദ്ര മോദി
തഴമ്പിച്ചും തുരുമ്പിച്ചും പ്രതികരണം ദ്രവിച്ച രാഷ്ട്രീയ വ്യവസ്ഥിതികളിൽ കാര്യമായ മാറ്റങ്ങൾക്ക് അപര്യാപ്തരാണ് സാമ്പ്രദായിക രാഷ്ട്രീയക്കാർ, കക്ഷികൾ. വ്യവസ്ഥാപിത രീതികൾ വിഗണിക്കുന്നവർ ഈ മുരടിപ്പിനെ ധാർഷ്ട്യത്തോടെ എതിരിടുന്നു. മടുത്തുവശായ ജനാവലി സംപ്രീതരാവുന്നു. താന്തോന്നികളാരും വിപ്ലവകാരികളല്ല. അവരെല്ലാം മാറ്റം സൃഷ്ടിക്കുമെന്നും അർഥമാക്കേണ്ട. ഈ പ്രകൃതം മാറ്റമുണ്ടാക്കാൻ ചിലർക്ക് ഉതകിയിട്ടുണ്ട്. ചിലർക്ക് മറിച്ചും. ഇത്തരം വ്യക്തികളിൽ ഒളിഞ്ഞുകിടക്കുന്ന ഒരു തനത് യുക്തിയുണ്ടെന്ന് പണ്ട് മനഃശാസ്ത്രജ്ഞൻ ആർ.ഡി. ലെയിങ് പറഞ്ഞു. പിൽക്കാലത്ത് മനഃശാസ്ത്രം അതു തള്ളി.
എങ്കിലും രാഷ്ട്രീയ ലോകത്ത് ഇന്നത് പ്രതിധ്വനിക്കയാണ്. സാക്ഷരചിന്ത പുറംകാലിനടിച്ച ഒരുവൻ ലോകരാഷ്ട്രങ്ങളെ പമ്പരം കറക്കുന്നത് നാം ട്രംപിൽ കാണുന്നു. ഭരണഘടനയെ ഭംഗ്യന്തരേണ ചവറ്റുകൊട്ടയിലാക്കുന്ന ഒരു മതരാഷ്ട്രീയ പ്രസ്ഥാനം ജനാധിപത്യത്തെ ഓലപ്പീപ്പിയാക്കുന്നത് ഇന്ത്യയിൽ കാണുന്നു. അനുഭാവിക്കൂട്ടങ്ങൾ ഇക്കൂട്ടരിൽ ന്യായയുക്തിയോ നൈതിക മൂല്യമോ നോക്കുന്നില്ല. തങ്ങളുടെ ഗ്രാഹ്യത്തിനപ്പുറമുള്ള എന്തോ വിശേഷശക്തി അവരിലുണ്ടെന്നങ്ങ് കരുതുകയാണ്. ഇതാണ് സംഘടിതമായ ആത്മനിഷ്ഠ വിശ്വാസം. ഇരുട്ടത്ത് വഴിതെളിക്കുമെന്നു തോന്നിച്ച് യാത്രികരെ വഴി തെറ്റിക്കുന്ന ആ ഗ്രാമ്യ സങ്കൽപമുണ്ടല്ലോ –പൊട്ടിച്ചൂട്ട്. അതാണ് വായ്മക്കാലത്തെ ജനപ്രിയ ബിംബങ്ങൾ.

