മുക്കാൽ നൂറ്റാണ്ടു മുമ്പത്തെ ഉത്തരവും പട്ടികജനതയും

ആരാണ് 75 വർഷം മുമ്പ്, 1950 ആഗസ്റ്റ് 10ന്, പുറപ്പെടുവിച്ച ഉത്തരവിനെതിരെ പ്രതികരിക്കേണ്ടത്? അത് ദലിത് ക്രൈസ്തവരുടെ ബാധ്യതയാണോ? പ്രസിഡൻഷ്യൽ ഉത്തരവിനെതിരെ രംഗത്തുവരേണ്ടത് സത്യത്തിൽ പട്ടികജാതി ക്രിസ്ത്യാനികളല്ല, രാജ്യത്തെ പട്ടികജാതിക്കാരാണ് എന്ന് ആക്ടിവിസ്റ്റ് കൂടിയായ ലേഖകൻ വാദിക്കുന്നു.ഈ കഴിഞ്ഞ ആഗസ്റ്റ് 10ന് കേരളത്തിൽ പലയിടങ്ങളിലും പട്ടികജാതി ക്രിസ്ത്യാനികളുടെ നേതൃത്വത്തിൽ ചില പ്രതിഷേധ പരിപാടികൾ നടന്നിരുന്നു. 1950 ആഗസ്റ്റ് 10ലെ പ്രസിഡൻഷ്യൽ ഉത്തരവിനെതിരെയാണ് അവർ പ്രതിഷേധിച്ചത്. ആർട്ടിക്ൾ 341 പ്രകാരമുള്ള പട്ടികജാതി ലിസ്റ്റിന്റെ വിജ്ഞാപനമായിരുന്നു പ്രസ്തുത പ്രസിഡൻഷ്യൽ ഉത്തരവ്....
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ആരാണ് 75 വർഷം മുമ്പ്, 1950 ആഗസ്റ്റ് 10ന്, പുറപ്പെടുവിച്ച ഉത്തരവിനെതിരെ പ്രതികരിക്കേണ്ടത്? അത് ദലിത് ക്രൈസ്തവരുടെ ബാധ്യതയാണോ? പ്രസിഡൻഷ്യൽ ഉത്തരവിനെതിരെ രംഗത്തുവരേണ്ടത് സത്യത്തിൽ പട്ടികജാതി ക്രിസ്ത്യാനികളല്ല, രാജ്യത്തെ പട്ടികജാതിക്കാരാണ് എന്ന് ആക്ടിവിസ്റ്റ് കൂടിയായ ലേഖകൻ വാദിക്കുന്നു.
ഈ കഴിഞ്ഞ ആഗസ്റ്റ് 10ന് കേരളത്തിൽ പലയിടങ്ങളിലും പട്ടികജാതി ക്രിസ്ത്യാനികളുടെ നേതൃത്വത്തിൽ ചില പ്രതിഷേധ പരിപാടികൾ നടന്നിരുന്നു. 1950 ആഗസ്റ്റ് 10ലെ പ്രസിഡൻഷ്യൽ ഉത്തരവിനെതിരെയാണ് അവർ പ്രതിഷേധിച്ചത്. ആർട്ടിക്ൾ 341 പ്രകാരമുള്ള പട്ടികജാതി ലിസ്റ്റിന്റെ വിജ്ഞാപനമായിരുന്നു പ്രസ്തുത പ്രസിഡൻഷ്യൽ ഉത്തരവ്. ആ ഉത്തരവിന്റെ മൂന്നാം ഖണ്ഡികയിൽ ‘‘ഹിന്ദുമതത്തിൽ ഉൾപ്പെടാത്തവർ ആരുംതന്നെ പട്ടികജാതി പദവിക്ക് യോഗ്യരല്ല’’ എന്ന നിബന്ധനക്കെതിരെയാണ് പട്ടികജാതി ക്രിസ്ത്യാനികൾ പ്രതിഷേധിച്ചത്. ഈ ഉത്തരവ് കാരണം, തങ്ങളുടെ ജാതി പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുന്നുവെങ്കിലും, മതപരമായി ക്രിസ്ത്യാനികളായതിനാൽ തങ്ങൾക്ക് പട്ടികജാതി പദവി നിഷേധിക്കുന്നു എന്ന് ആരോപിച്ചുകൊണ്ടാണ് പ്രസ്തുത പ്രസിഡൻഷ്യൽ ഉത്തരവ് പുറത്തിറക്കിയ ആഗസ്റ്റ് 10ന് പട്ടികജാതി ക്രിസ്ത്യാനികൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്. സത്യത്തിൽ പട്ടികജാതി ക്രിസ്ത്യാനികളാണോ ഈ പ്രസിഡൻഷ്യൽ ഉത്തരവിനെതിരെ പ്രതിഷേധിക്കേണ്ടത്? വളരെ മർമപ്രധാനമായ ഒരു ചോദ്യമാണിത്.
1881ലാണ് ആദ്യമായി ബ്രിട്ടീഷ് ഇന്ത്യയിൽ സെൻസസ് നടപടികൾ ആരംഭിക്കുന്നത്. തുടക്കത്തിൽ അയിത്തക്കാരാക്കപ്പെട്ട ജാതിക്കാരെ കണ്ടെത്തുന്നതിലും അവരുടെ എണ്ണം കണക്കാക്കുന്നതിലും സെൻസസ് കമീഷണർക്ക് ശരിയായ മാനദണ്ഡം നിശ്ചയിക്കുവാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, 1911ലെ സെൻസസിലാണ് ആദ്യമായി അയിത്തക്കാരാക്കപ്പെട്ട ജാതിക്കാരെ കണ്ടെത്തുന്നതിനും, അവരുടെ എണ്ണം കണക്കാക്കുന്നതിനുമായി കൃത്യമായ മാനദണ്ഡങ്ങൾ രൂപപ്പെടുത്തപ്പെട്ടത്.
1911ലെ സെൻസസിൽ ജാതി ഹിന്ദുക്കളിൽനിന്നും അയിത്തക്കാരാക്കപ്പെട്ട ജാതിക്കാരെ വേർതിരിച്ച് കണക്കാക്കുന്നതിനായി സെൻസസ് കമീഷണർ 10 മാനദണ്ഡങ്ങൾ നിശ്ചയിക്കുകയുണ്ടായി. പ്രസ്തുത മാനദണ്ഡങ്ങൾ ചുവടെ ചേർക്കുന്നു:
1. ബ്രാഹ്മണരുടെ മേധാവിത്വത്തെ തിരസ്കരിച്ചവർ.
2. ബ്രാഹ്മണരിൽനിന്നോ മറ്റ് അംഗീകൃത ഹൈന്ദവ ഗുരുവിൽ നിന്നോ മന്ത്രം സ്വീകരിക്കാത്തവർ.
3. വേദങ്ങളുടെ ആധികാരികതയെ തിരസ്കരിച്ചവർ.
4. ഹിന്ദു ദൈവങ്ങളെ ആരാധിക്കാത്തവർ
5. യഥാർഥ ബ്രാഹ്മണരുടെ സേവനം ലഭിക്കാത്തവർ.
6. ബ്രാഹ്മണ പുരോഹിതന്മാർ ഇല്ലാത്തവർ.
7. സാധാരണ ഹൈന്ദവ ക്ഷേത്രങ്ങളുടെ അകത്തളങ്ങളിൽ പ്രവേശനം ഇല്ലാത്തവർ.
8. അശുദ്ധമാകലിന് കാരണമാകുന്നവർ.
9. മരിച്ചവരെ കുഴിച്ചിടുന്നവർ.
10. പശുവിറച്ചി തിന്നുകയും പശുവിനോട് അനാദരവ് കാണിക്കുകയും ചെയ്യുന്നവർ.
(ഡോ. അംബേദ്കർ സമ്പൂർണ കൃതികൾ, വാല്യം 9, പേജ് 6)

ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ജാതി ഹിന്ദുക്കളിൽനിന്ന് അയിത്തക്കാരാക്കപ്പെട്ട ജാതിക്കാരെ വേർതിരിച്ച് നിർണയിക്കുവാനും അവരുടെ എണ്ണം കണക്കാക്കുവാനും സെൻസസ് കമീഷണർ നടപടി സ്വീകരിച്ചത്. ഇത് 1921ലെയും 1931ലെയും സെൻസസിൽ തുടർന്നു. അവസാനമായി രാജ്യത്ത് ജാതി സെൻസസ് നടന്നത് 1931ലാണ്. മേൽ വിവരിച്ച 10 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് 1931ലെ സെൻസസിൽ അയിത്തക്കാരാക്കപ്പെട്ട ജാതിക്കാരുടെ എണ്ണം കണക്കാക്കിയത്.
മേൽ സൂചിപ്പിച്ച 10 മാനദണ്ഡങ്ങൾ അയിത്തക്കാരാക്കപ്പെട്ട ജാതിക്കാരുടെ ചരിത്രപരവും സാംസ്കാരികവുമായ സ്വത്വത്തെ (identity) സംബന്ധിച്ച വ്യക്തമായ ധാരണ നൽകുവാൻ പര്യാപ്തമാണ്. ഈ മാനദണ്ഡങ്ങളിലൂടെ കടന്നുപോകുമ്പോൾ, ഇന്ന് ഹിന്ദുക്കൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അയിത്തക്കാരാക്കപ്പെട്ട ജാതിക്കാർക്ക് ഹിന്ദുമതവുമായോ ഹിന്ദു സാംസ്കാരികതയുമായോ പുലബന്ധംപോലും ഉണ്ടായിരുന്നില്ല എന്ന് വ്യക്തമാകുന്നു. മാത്രവുമല്ല, രാജ്യത്തെ കോടിക്കണക്കിന് വരുന്ന പിന്നാക്ക വിഭാഗങ്ങളെ തൊട്ടുകൂടാത്തവരും, തീണ്ടിക്കൂടാത്തവരും, ദൃഷ്ടിയിൽപെട്ടാൽ ദോഷമുള്ളവരുമായിത്തീർത്ത്, നൂറ്റാണ്ടുകളായി അടിമകളാക്കി, മനുഷ്യരായിപോലും പരിഗണിക്കാതെ അടിച്ചമർത്തിയതാണ് ഹിന്ദുത്വത്തിന്റെ (ബ്രാഹ്മണ മതം) ‘സംഭാവന’ എന്ന് ബാബാസാഹെബ് അംബേദ്കർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
1931ലെ സെൻസസിൽ കണക്കാക്കപ്പെട്ട അയിത്തജാതിക്കാരുടെ ജനസംഖ്യ അടിസ്ഥാനമാക്കിയാണ് 1935ൽ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് രൂപംകൊണ്ടതും, പട്ടികജാതി (scheduled castes) എന്ന പ്രയോഗം ആദ്യമായി രൂപപ്പെടുന്നതും. മാത്രവുമല്ല, പട്ടികജാതിക്കാർക്ക് അവരുടെ ജനസംഖ്യ പരിഗണിച്ചുള്ള രാഷ്ട്രീയ പ്രാതിനിധ്യവും 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിൽ പ്രഖ്യാപിക്കപ്പെട്ടു. അതായത്, പട്ടികജാതി വിഭാഗങ്ങളുടെ ഹൈന്ദവവേതരമായ സ്വത്വത്തെ മുൻനിർത്തിയാണ് ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് അവരുടെ പട്ടികജാതി പദവിയും (status) പ്രാതിനിധ്യത്തിന്റെ പ്രശ്നവും തീരുമാനിച്ചത്.
എന്നാൽ, 1950 ജനുവരി 26ന് നിലവിൽ വന്ന ഭരണഘടനയുടെ Art. 341 പ്രകാരം പട്ടികജാതിക്കാരെ കണ്ടെത്തി വിജ്ഞാപനംചെയ്യാനുള്ള അധികാരം രാഷ്ട്രപതിയിൽ നിക്ഷിപ്തമാക്കിയിരുന്നു. രാഷ്ട്രപതിയിൽ നിക്ഷിപ്തമായ ഈ അധികാരം ഉപയോഗിച്ചാണ് 1950 ആഗസ്റ്റ് 10ലെ പ്രസിഡൻഷ്യൽ ഉത്തരവ് വിജ്ഞാപനംചെയ്യുന്നത്. ആ വിജ്ഞാപനത്തിലാണ് ഹിന്ദുക്കൾ അല്ലാത്ത ആരും പട്ടികജാതിക്കാർ അല്ല എന്ന് പ്രഖ്യാപിക്കുന്നത്. അന്നു വരെ അംഗീകരിക്കപ്പെട്ടുപോന്ന പട്ടികജാതിക്കാരുടെ ഹൈന്ദവേതരമായ സ്വത്വത്തെ 1950 ആഗസ്റ്റ് 10ലെ പ്രസിഡൻഷ്യൽ ഉത്തരവ് അട്ടിമറിക്കുകയാണ് ചെയ്തത്.

സത്യത്തിൽ 1950 ആഗസ്റ്റ് 10ലെ പ്രസിഡൻഷ്യൽ ഉത്തരവ് ഒരു നിർബന്ധിത മതപരിവർത്തനമാണ് നടത്തിയത്. ചരിത്രപരമായും സാംസ്കാരികമായും ഹിന്ദുക്കൾ അല്ലാതിരുന്ന അയിത്തക്കാരാക്കപ്പെട്ട ജാതിക്കാരെ, അയിത്തക്കാരാക്കപ്പെട്ട ജാതിക്കാർ ഹിന്ദുക്കളല്ല ഒരു പ്രത്യേക വിഭാഗമാണെന്നും, അവരെ ഒരു ന്യൂനപക്ഷമായി അംഗീകരിക്കണമെന്നും വാദിച്ച ബാബാസാഹെബ് അംബേദ്കറുടെ നിലപാടിനെ പൂർണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് 1950 ആഗസ്റ്റ് 10ലെ പ്രസിഡൻഷ്യൽ ഉത്തരവ് രാജ്യത്തെ അയിത്തക്കാരാക്കപ്പെട്ട ജാതിക്കാരെ ഒറ്റയടിക്ക് ഹിന്ദുക്കളാക്കിയത്.
നിർബന്ധിത മതപരിവർത്തനം നടത്തുന്നു എന്ന് ആരോപിച്ചുകൊണ്ട് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവ മിഷനറിമാർക്കെതിരെയും കന്യാസ്ത്രീകൾക്കെതിരെയും ഹിന്ദു ഫാഷിസ്റ്റ് സംഘടനകൾ വ്യാപകമായ ആക്രമണം തുടരുന്ന ഈ കാലഘട്ടത്തിൽ, 1950 ആഗസ്റ്റ് 10ലെ പ്രസിഡൻഷ്യൽ ഉത്തരവിലൂടെ ഇന്ത്യയിലെ കോടാനുകോടി വരുന്ന പട്ടികജാതിക്കാരെ, അവരുടെ സമ്മതമോ അംഗീകാരമോ ഇല്ലാതെ, ഹിന്ദുക്കളായി നിർബന്ധിത മതപരിവർത്തനം നടത്തുകയാണ് ഉണ്ടായത്. അതുകൊണ്ടു തന്നെ, 1950 ആഗസ്റ്റ് 10ലെ പ്രസിഡൻഷ്യൽ ഉത്തരവിനെതിരെ രംഗത്തുവരേണ്ടത് സത്യത്തിൽ പട്ടികജാതി ക്രിസ്ത്യാനികളല്ല, രാജ്യത്തെ പട്ടികജാതിക്കാരാണ്. ചരിത്രപരമായും സാംസ്കാരികമായും ഹിന്ദുക്കളല്ലാതിരുന്ന തങ്ങളെ, ഒരു ഉത്തരവിലൂടെ, നിർബന്ധിതമായ മതപരിവർത്തനത്തിന് വിധേയമാക്കി ഹിന്ദുക്കളാക്കിയ, തങ്ങളുടെ ചരിത്രപരമായ സ്വത്വത്തെ തകർത്ത, 1950 ആഗസ്റ്റ് 10ലെ ഉത്തരവിനെതിരെ രംഗത്തുവരേണ്ടത് രാജ്യത്തെ പട്ടികജാതിക്കാരാണ്, അതിനു നേതൃത്വം കൊടുക്കേണ്ടത് രാജ്യത്തെ അംബേദ്കറൈറ്റുകളും.