Begin typing your search above and press return to search.

നമ്മുടെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഭിന്നശേഷിക്കാർ സന്ദർശിക്കണ്ടേ?

നമ്മുടെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഭിന്നശേഷിക്കാർ   സന്ദർശിക്കണ്ടേ?
cancel

മാധ്യമം ആഴ്​ചപ്പതിപ്പി​ൽ (ലക്കം 1397) തുടങ്ങിെവച്ച ഡിസെബിലിറ്റി പൊളിറ്റിക്​സ്​ ചർച്ചയുടെ തുടർച്ചയാണ്​ ഇൗ ഗവേഷണ പ്രബന്ധം. കേരളത്തിലെ വിനോദ സഞ്ചാര മേഖല ഭിന്നശേഷി സൗഹൃദമല്ലെന്നും അടിയന്തരമായി സമഗ്രമാറ്റം ഇൗ മേഖല ആവശ്യപ്പെടുന്നുവെന്നും ​േലഖകർ സമർഥിക്കുന്നു. പഠനത്തി​ന്റെ പ്രസക്​ത ഭാഗങ്ങൾ വായിക്കാം. ഉത്തരവാദിത്ത ടൂറിസം (Responsible Tourism) എന്ന സങ്കൽപത്തിന്​ കൂടുതല്‍ പ്രാധാന്യം നൽകി​ക്കൊണ്ട്​ പുതിയ മാറ്റം ടൂറിസം മേഖലയില്‍ നടപ്പാക്കുന്ന തിരക്കിലാണ് കേരളം. നിരന്തരമായി വികസിക്കുന്ന അന്താരാഷ്ട്ര വിനോദസഞ്ചാര മേഖലയില്‍ സമ്പൂര്‍ണ യാത്ര (Inclusive Travel) മനുഷ്യാവകാശത്തിന്‍റെയും സാമൂഹിക സമത്വത്തിന്‍റെയും...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
മാധ്യമം ആഴ്​ചപ്പതിപ്പി​ൽ (ലക്കം 1397) തുടങ്ങിെവച്ച ഡിസെബിലിറ്റി പൊളിറ്റിക്​സ്​ ചർച്ചയുടെ തുടർച്ചയാണ്​ ഇൗ ഗവേഷണ പ്രബന്ധം. കേരളത്തിലെ വിനോദ സഞ്ചാര മേഖല ഭിന്നശേഷി സൗഹൃദമല്ലെന്നും അടിയന്തരമായി സമഗ്രമാറ്റം ഇൗ മേഖല ആവശ്യപ്പെടുന്നുവെന്നും ​േലഖകർ സമർഥിക്കുന്നു. പഠനത്തി​ന്റെ പ്രസക്​ത ഭാഗങ്ങൾ വായിക്കാം.

ഉത്തരവാദിത്ത ടൂറിസം (Responsible Tourism) എന്ന സങ്കൽപത്തിന്​ കൂടുതല്‍ പ്രാധാന്യം നൽകി​ക്കൊണ്ട്​ പുതിയ മാറ്റം ടൂറിസം മേഖലയില്‍ നടപ്പാക്കുന്ന തിരക്കിലാണ് കേരളം. നിരന്തരമായി വികസിക്കുന്ന അന്താരാഷ്ട്ര വിനോദസഞ്ചാര മേഖലയില്‍ സമ്പൂര്‍ണ യാത്ര (Inclusive Travel) മനുഷ്യാവകാശത്തിന്‍റെയും സാമൂഹിക സമത്വത്തിന്‍റെയും കൂടാതെ ഉത്തരവാദിത്ത വിനോദസഞ്ചാരത്തിന്‍റെയും പരിഗണനയില്‍ ഒരു പ്രധാന ചര്‍ച്ചാവിഷയമാണെങ്കിലും ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന വ്യക്തികളുടെ യാത്രാനുഭവങ്ങളെ അടിസ്ഥാനപരമായി തടസ്സപ്പെടുത്തുന്ന പല വ്യവസ്ഥാപിത ഘടകങ്ങളുമുണ്ട്​.

നിരവധി സാമൂഹിക വികസന സൂചകങ്ങള്‍ പരിഗണിക്കുമ്പോള്‍ കേരളം വിരോധാഭാസകരമായ കാര്യങ്ങളണ് വിനോദസഞ്ചാര മേഖലയില്‍ കാഴ്ചവെക്കുന്നത്. എല്ലാ തരത്തിലുള്ള മനുഷ്യരെയും സ്വീകരിക്കുന്നതും ഉള്‍ക്കൊള്ളിക്കുന്നതുമായ സമ്പൂര്‍ണ സാമൂഹിക നയങ്ങള്‍ സ്വീകരിക്കുന്നു എന്ന് അവകാശപ്പെടുന്ന സംസ്ഥാനമായിട്ടും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യം പരിശോധിച്ചാല്‍ വിഭിന്നശേഷി വെല്ലുവിളി നേരിടുന്ന വ്യക്തിത്വങ്ങളെ ഫലത്തില്‍ പാര്‍ശ്വവത്കരിക്കുന്നതായി കാണാം.

യു.എന്‍.ആര്‍.ഡി.പി (United nations convention on rights of persons with disabilities) വിഭിന്നശേഷിയുള്ള മനുഷ്യരുടെ വിനോദസഞ്ചാര ഇടങ്ങളിലേക്കുള്ള പ്രവേശനക്ഷമതയെ ഒരു മൗലിക അവകാശമായിട്ടാണ് കണക്കാക്കുന്നത്. ടൂറിസം, വിനോദസഞ്ചാര മേഖലകള്‍ വ്യത്യസ്തമായ ശാരീരികവും മാനസികവും ഇന്ദ്രിയപരവുമായ വൈകല്യങ്ങളെ പരിഗണിച്ചുവേണം നിർമിക്കാന്‍ എന്ന് എടുത്തുപറയുന്നുണ്ട് (UN 2006). പക്ഷേ, പ്രായോഗികമായ നമ്മുടെ വിനോദസഞ്ചാര മേഖലകളിലെ പരിസ്ഥിതി പരിശോധിക്കുമ്പോള്‍ വിഭിന്നശേഷിയുള്ള മനുഷ്യര്‍ക്ക് അപ്രാപ്യമായതായിട്ടാണ് ഈ പഠനം മനസ്സിലാക്കുന്നത്. കേരളത്തിലെ വിഭിന്നശേഷിയുള്ള ആളുകള്‍ക്ക് ഭൂപ്രകൃതിയുടെ ഘടനയും, സമ്പൂര്‍ണ ഉൾപ്പെടുത്തലിന് അടിസ്ഥാനസൗകര്യം ഇല്ലാത്തതു കാരണവും, വിനോദസഞ്ചാരത്തിന് വരുന്ന മറ്റു വ്യക്തികളുടെ മനോഭാവവും കാരണം വിനോദസഞ്ചാര മേഖലകളില്‍നിന്നും ലഭ്യമാകുന്ന സന്തോഷങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടുന്ന അനുഭവമാണ് ഉണ്ടായിട്ടുള്ളതെന്ന് ഈ പഠനത്തില്‍നിന്നും മനസ്സിലാക്കുന്നു.

ഇൗ ഗവേഷണം കേരളത്തിലെ വിനോദസഞ്ചാര മേഖലകളില്‍ വിഭിന്നശേഷി വ്യക്തികൾ നേരിടുന്ന വിവിധതരത്തിലുള്ള ഒഴിവാക്കലുകളെ പറ്റിയും അതിലേക്കു എത്തുന്ന വിവിധ മനോഭാവങ്ങളുടെ കാരണങ്ങളെ കുറിച്ചും അടിസ്ഥാന യാഥാർഥ്യം (Ground level Reality) എന്ന സിദ്ധാന്തത്തെ കൂട്ടുപിടിച്ചുകൊണ്ടു ശാസ്ത്രീയ സാമൂഹിക പ്രവര്‍ത്തന പരിശീലന വീക്ഷണ കോണില്‍നിന്നു വിമര്‍ശനാത്മകമായി പരിശോധിക്കുകയാണ്. ലോകത്തിന്‍റെ വിവിധ രാജ്യങ്ങളില്‍നിന്നും കേരളത്തിന് പുറത്ത് ഇതര സംസ്ഥാനത്തുനിന്നും, കേരളത്തിന്‍റെ അകത്തുള്ള വിവിധ ഭൂപ്രകൃതിയില്‍നിന്നും മാനസികോല്ലാസം നേടാനും മനോവിഷമതകള്‍ മാറ്റി മനസ്സിനെ സന്തോഷിപ്പിക്കാനും എത്തുന്ന ആളുകള്‍ തങ്ങളുടെ ചുറ്റുപാടുകളിലുള്ള വിഭിന്നശേഷിയുള്ള സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരെ കൂടെക്കൂട്ടാന്‍ തീര്‍ത്തും മടിക്കുന്നു. ഈ മനോഭാവം സൃഷ്ടിക്കുന്നത് വിഭിന്നശേഷിയുള്ള ആളുകളെ സ്വീകരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ ഇല്ലായ്മകളാ​െണന്ന സാങ്കൽപിക സിദ്ധാന്തത്തില്‍നിന്നുമാണ് ഈ ഗവേഷണം ആരംഭം കുറിച്ചത്. ഈ പഠനത്തില്‍കൂടി ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഈ ലേഖനം മുന്നോട്ടുവെച്ച ഹൈപോതീസിസ് ശരിവെക്കുന്നതാണ്.

നമ്മുടെ വിനോദസഞ്ചാര മേഖലകളിലെ വാസ്തുശിൽപ ഘടന, ആളുകളുടെ സാമൂഹിക മനോഭാവം, നിയമഘടനകള്‍, വിഭിന്നശേഷിയുള്ള വ്യക്തിത്വങ്ങളുടെ ജീവിതാനുഭവങ്ങള്‍ എന്നിങ്ങനെയുള്ള പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന പല കാര്യകാരണങ്ങളുടെയും സങ്കീര്‍ണമായ പരസ്പര ബന്ധങ്ങള്‍കൂടി ഈ ലേഖനം പരിശോധിക്കുന്നു. വ്യത്യസ്ത രീതിശാസ്ത്രങ്ങളുടെ പ്രയോഗങ്ങളില്‍കൂടി സമഗ്രമായ ഒരു പഠനരീതി ഉപയോഗിച്ചുകൊണ്ട് വിനോദസഞ്ചാര ഇടങ്ങളില്‍ നിലനില്‍ക്കുന്ന പല തടസ്സങ്ങളെ മനസ്സിലാക്കാനും ഈ തടസ്സങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ വശങ്ങളെ മനസ്സിലാക്കാനും സാധിക്കുകയുണ്ടായി.

സമ്പൂർണ കായികശേഷി മാത്രം ഉള്ളവര്‍ക്ക് മാത്രം അല്ലാതെ എല്ലാത്തരം കായികശേഷി ഉള്ള ആളുകളെയും ഒരു തടസ്സവും ഇല്ലാതെ വിഭിന്നശേഷികളായ മുഴുവന്‍ ആളുകളെയും, അവരുടെ എല്ലാ ഒഴിവുസമയങ്ങളിലും ഒരു മൗലിക അവകാശം എന്ന സങ്കൽപത്തില്‍നിന്ന്​ സമ്പൂര്‍ണ ഉൾപ്പെടുത്തലിനുള്ള ഇടമായി മാറാനുള്ള സാധ്യതകളെയാണ് ഇവിടെ വിശദീകരിക്കുന്നത്. കൂടാതെ, അക്കാദമിക് ചര്‍ച്ചകളുടെ ചട്ടക്കൂടുകളുടെ പുറത്തേക്കു വന്നുകൊണ്ട്​ കേരളത്തിലെ ടൂറിസം മേഖലയെ സാമൂഹിക നീതിയും വൈവിധ്യവും പരിപോഷിപ്പിക്കുന്ന സമ്പൂര്‍ണ യാത്രക്ക് പ്രാപ്യമാക്കുന്ന ഒരു മേഖലയായി രൂപാന്തരപ്പെടുത്താനുള്ള ഒരു ചട്ടക്കൂട് നിര്‍മിക്കാൻ ഉതകുംതരത്തിലുള്ള ചില നിര്‍ദേശങ്ങള്‍ പരിചയപ്പെടാം.

വളരെയധികം വ്യത്യസ്തമായ ടൂറിസം മേഖലകളുള്ള കേരളം രാജ്യത്തിനുള്ളില്‍നിന്നും പുറത്തുനിന്നും ദശലക്ഷക്കണക്കിന് യാത്രികരെ ആകര്‍ഷിക്കുന്ന പല സുപ്രധാന സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നതാണ്. പശ്ചിമഘട്ടത്തില്‍ സ്ഥിതിചെയ്യുന്ന അതിസുന്ദരമായ ഹില്‍സ്റ്റേഷനായ മൂന്നാര്‍ ഓരോ വര്‍ഷവും 2.5 ദശലക്ഷം യാത്രക്കാരെ പ്രതീക്ഷിക്കുന്ന ഇടമാണ്. കേരള ടൂറിസം വികസന കോർപറേഷന്‍റെ 2022ലെ കണക്കനുസരിച്ച് അന്താരാഷ്ട്രതലത്തില്‍നിന്ന്, പ്രധാനമായും യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മനി, ഫ്രാന്‍സ്, യു.കെ എന്നിവിടങ്ങളില്‍നിന്നുമാണ് വിനോദസഞ്ചാരികള്‍ വരുന്നത് എങ്കിലും ശാരീരിക വെല്ലുവിളിയുള്ളവര്‍ക്ക് മൂന്നാറിന്‍റെ ഭൂപ്രകൃതം അത്ര എളുപ്പത്തില്‍ സഞ്ചാരയോഗ്യമല്ല. ചലനശേഷി കുറവുള്ളവര്‍ക്ക് കുത്തനെയുള്ള കയറ്റങ്ങളിലും ഇറക്കങ്ങളിലും വീല്‍ചെയര്‍ ഉപയോഗത്തിന് സൗകര്യമില്ലായ്മയും ഒരുപാട് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു.

‘കിഴക്കിന്‍റെ വെനീസ്’ എന്നറിയപ്പെടുന്ന ആലപ്പുഴ അതിന്‍റെ മനോഹരമായ കായലുകള്‍, ഹൗസ്ബോട്ടുകള്‍, കായല്‍ ടൂറിസം എന്നിവക്ക് പ്രസിദ്ധമാണ്. ആലപ്പുഴയുടെ കായല്‍ ടൂറിസം അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന പ്രധാനമായ ഒരു ടൂറിസം മേഖലയാണ്. വൈകല്യമുള്ളവര്‍ക്ക് യാത്രചെയ്യാന്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ ഇവിടെ അനുഭവിക്കേണ്ടിവരുന്നു. സാധാരണ ഹൗസ് ബോട്ടുകള്‍ വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് കയറാന്‍ പറ്റുന്നതല്ല. ഹൗസ് ബോട്ടുകളുടെ ഞെരുങ്ങിയ പ്രവേശന കവാടവും കുത്തനെയുള്ള പടികളും ചുരുങ്ങിയ സൗകര്യങ്ങളും കൂടാതെ കരയില്‍നിന്നും ഹൗസ് ബോട്ടിലേക്കുള്ള പ്രവേശനത്തിന് വേണ്ട കായികമായ കഴിവും ശാരീരിക വെല്ലുവിളിയുള്ള മനുഷ്യരെ തീര്‍ത്തും ഒഴിവാക്കുന്നു. ഹൗസ്ബോട്ടുകളിലേക്കും മറ്റ് ജലവാഹനങ്ങളിലേക്കുമുള്ള കയറ്റ സ്ഥലങ്ങളില്‍ ശരിയായ റാമ്പുകളോ ലിഫ്റ്റുകളോ ഇല്ലാത്തത് വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷിതമായി കയറാന്‍ വളരെ ബുദ്ധിമുട്ടാണ്. ഗാങ്​േവകളായി ഉപയോഗിക്കുന്ന പരമ്പരാഗത മരപ്പലകകള്‍ സാധാരണയായി ഇടുങ്ങിയതും അസ്ഥിരവുമാണ്. ചലന വൈകല്യമുള്ളവര്‍ക്ക് അപകടകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു.

പ്രവേശനയോഗ്യമായ വിവരങ്ങളുടെയും ആശയവിനിമയ സംവിധാനങ്ങളുടെയും അഭാവം ഒരു പ്രധാന എന്നാല്‍ പലപ്പോഴും അവഗണിക്കപ്പെടുന്ന തടസ്സമാണ്. ആലപ്പുഴയുടെ കായല്‍ ആകര്‍ഷണങ്ങളെക്കുറിച്ചുള്ള വിനോദസഞ്ചാര വിവരങ്ങളില്‍ വിശദമായ പ്രവേശന വിവരങ്ങള്‍ അപൂര്‍വമായേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ഇത് ശാരീരിക വെല്ലുവിളിയുള്ളസഞ്ചാരികള്‍ക്ക് അവരുടെ സന്ദര്‍ശനം ഫലപ്രദമായി ആസൂത്രണം ചെയ്യാന്‍ ബുദ്ധിമുട്ടാണ്. വെബ്സൈറ്റുകളും ബുക്കിങ് പ്ലാറ്റ്ഫോമുകളും വിവിധ ഹൗസ്ബോട്ടുകളുടെയും ടൂറിസം സൗകര്യങ്ങളുടെയും പ്രവേശന സൗകര്യങ്ങളെക്കുറിച്ചോ പരിമിതികളെക്കുറിച്ചോ നിർദിഷ്ട വിശദാംശങ്ങള്‍ അപൂര്‍വമായേ നല്‍കാറുള്ളൂ. ശ്രവണവൈകല്യമുള്ള സന്ദര്‍ശകര്‍ക്ക്, ദൃശ്യ വിവര സംവിധാനങ്ങളുടെയും പരിശീലനം ലഭിച്ച ആംഗ്യഭാഷാ വ്യാഖ്യാതാക്കളുടെയും അഭാവം ആശയവിനിമയ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. അതുപോലെ, കാഴ്ച വൈകല്യമുള്ള സന്ദര്‍ശകര്‍ ബ്രെയില്‍ മെറ്റീരിയലുകള്‍, ഓഡിയോ വിവരണങ്ങള്‍ അല്ലെങ്കില്‍ കായല്‍ പ്രദേശങ്ങളുടെയും ടൂറിസ്റ്റ് സൗകര്യങ്ങളുടെയും സ്പര്‍ശന മാപ്പുകളുടെ അഭാവംമൂലം വെല്ലുവിളികള്‍ നേരിടുന്നു.

കായല്‍ ടൂറിസത്തില്‍ സുരക്ഷാ പരിഗണന പരമപ്രധാനമാണ്, വൈകല്യമുള്ള സന്ദര്‍ശകര്‍ക്ക് ഈ ആശങ്ക വര്‍ധിക്കുന്നു. പല ഹൗസ്ബോട്ടുകളിലും ടൂറിസം സൗകര്യങ്ങളിലും വൈകല്യമുള്ള സന്ദര്‍ശകരുടെ ആവശ്യങ്ങൾ പരിഗണിക്കുന്ന ശരിയായ അടിയന്തര ഒഴിപ്പിക്കല്‍ നടപടിക്രമങ്ങള്‍ ഇല്ല. പ്രവേശനയോഗ്യമായ ജീവന്‍രക്ഷാ ഉപകരണങ്ങളുടെയും അടിയന്തര ആശയവിനിമയ സംവിധാനങ്ങളുടെയും അഭാവം ഗുരുതരമായ അപകടസാധ്യത ഉയര്‍ത്തുന്നു. അടിയന്തര സാഹചര്യങ്ങളില്‍ സഹായിക്കാന്‍ കഴിയുന്ന പരിശീലനം ലഭിച്ച ജീവനക്കാരുടെ അഭാവം ഈ സുരക്ഷാ ആശങ്ക കൂടുതല്‍ വർധിപ്പിക്കുന്നു. ആലപ്പുഴയിലേക്കുള്ള ഒരു വര്‍ഷത്തെ വിനോദസഞ്ചാരികള്‍ 1.8 ദശലക്ഷത്തിന് മുകളിലാണ്. ഇതില്‍തന്നെ 15 ശതമാനവും അന്താരാഷ്ട്ര വിനോദസഞ്ചാരികളാണ്, പ്രത്യേകിച്ചും യു.എസ്, യു.കെ, റഷ്യ എന്നീ രാജ്യങ്ങളില്‍നിന്നും വരുന്നവര്‍. കോവളവും വര്‍ക്കലയും തേക്കടിയിലെ പെരിയാര്‍ ടൈഗര്‍ റിസര്‍വ് ബോട്ട് ലാന്‍ഡിങ്ങും ഇതുപോലുള്ള സമാനപ്രശ്നങ്ങളാണ് കാഴ്ചവെക്കുന്നത്.

കാടിന്‍റെ ഭൂപ്രകൃതിയും നിരപ്പില്ലാത്ത ഭൂമിയും യാത്രാസൗകര്യങ്ങളുടെ കുറവും മറ്റും കാരണം അംഗവൈകല്യമുള്ളവര്‍ക്ക് പെരിയാറിലേക്കുള്ള യാത്ര ഏറക്കുറെ അസാധ്യമാണ്. കേരള സസ്റ്റയ്നബിള്‍ ടൂറിസം റിസര്‍ച് ഗ്രൂപ്പിന്‍റെ 2021 ലെ കണക്കുപ്രകാരം എല്ലാ വര്‍ഷവും 8 ലക്ഷം യാത്രക്കാര്‍ വരുന്ന ഈ വന്യജീവി സങ്കേതത്തിലേക്ക് വിദേശത്തുനിന്ന് പ്രധാനമായും പടിഞ്ഞാറന്‍ യൂറോപ്പിലും നോര്‍ഡിക് രാജ്യങ്ങളില്‍നിന്നുമാണ് സഞ്ചാരികള്‍ എത്തുന്നത്.

പെരിയാര്‍ ടൈഗര്‍ റിസര്‍വ് തേക്കടിയിലെ പ്രവേശനക്ഷമതാ പ്രശ്നങ്ങളെക്കുറിച്ചുള്ള ഞങ്ങള്‍ നടത്തിയ സർവേയിലെ കണ്ടെത്തലുകള്‍ പ്രകാരം, പതിവ് വിനോദസഞ്ചാരികള്‍ അവരുടെ യാത്രാപദ്ധതികളില്‍ വൈകല്യമുള്ള സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ഉള്‍പ്പെടുത്താന്‍ മടിക്കുന്നു​. ഇതിന് പ്രധാന കാരണം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വൈകല്യമുള്ളവരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സൗകര്യങ്ങളുടെ അഭാവമാണ്. പതിവ് സന്ദര്‍ശകര്‍ വൈകല്യമുള്ള സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ യാത്രാപദ്ധതികളില്‍ ഉള്‍പ്പെടുത്തുന്നത് ഒഴിവാക്കുന്നു. കേരളത്തിലെ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആക്സസ് ചെയ്യാവുന്ന സൗകര്യങ്ങളുടെ വ്യാപകമായ അഭാവമാണ് ഈ ഒഴിവാക്കലിന് പ്രധാന കാരണം. ഏകദേശം 25 ശതമാനം ആളുകള്‍ വൈകല്യമുള്ളവരെ അവരുടെ യാത്രാഗ്രൂപ്പുകളില്‍ ഉള്‍പ്പെടുത്താന്‍ തയാറാണ്. പക്ഷേ, വൈകല്യമുള്ള വ്യക്തികള്‍ പലപ്പോഴും സ്വയം ഒഴിവാകാനാണ് തീരുമാനിക്കുന്നത്. സർവേയിലെ ശ്രദ്ധേയമായ ഒരു കണ്ടെത്തല്‍ വൈകല്യമുള്ള ആളുകള്‍ സ്വയം ഒഴിവായത് ആയിരുന്നു.

കേരളത്തിലെ ടൂറിസം അടിസ്ഥാന സൗകര്യങ്ങളിലെ ഒരു പ്രധാന കുറവ് ഈ സര്‍വേ എടുത്തുകാണിക്കുന്നു. ഇവിടെ പ്രാപ്യമായ സൗകര്യങ്ങളുടെ അഭാവം വൈകല്യമുള്ളവരെ നേരിട്ട് ബാധിക്കുക മാത്രമല്ല, അവരുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും യാത്രാ തീരുമാനങ്ങളെയും സ്വാധീനിക്കുന്നു. അടിസ്ഥാന സൗകര്യ പരിമിതികള്‍ കാരണം ഇരുവശത്തുനിന്നുമുള്ള സന്നദ്ധ പങ്കാളികള്‍ക്കുപോലും ഒരുമിച്ച് യാത്രചെയ്യാന്‍ കഴിയാത്ത ഒരു ഒഴിവാക്കല്‍ ചക്രം ഇത് സൃഷ്ടിക്കുന്നു.

യു.എന്‍.സി.ആര്‍.പി.ഡി (UNCRPD) പ്രകാരം പൊതുസ്ഥലങ്ങളിലും ടൂറിസം മേഖലകളിലും പ്രവേശനക്ഷമത വര്‍ധിപ്പിക്കാന്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട് . വിഭിന്നശേഷിയുള്ള വ്യക്തികളെ ഉൾപ്പെടുത്തുന്ന രീതിയില്‍ ഈ മേഖലകള്‍ നിര്‍മിക്കണം എന്നുള്ളത് ഒരു മൗലിക അവകാശമായിട്ടാണ് പറയുന്നത്. വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ ഈ തത്ത്വങ്ങളെ കൂടുതല്‍ വിശദീകരിച്ചു വിവരിച്ചിട്ടുണ്ട്. ടൂറിസം മേഖലകളില്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട രൂപകല്‍പന നടത്തണമെന്നും വ്യത്യസ്തമായ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് എത്തിച്ചേരാന്‍ പറ്റുന്ന രീതിയില്‍ ഈ മേഖലകളെ ക്രമീകരിക്കണമെന്നും നിർദേശിക്കുന്നു. കൂടാതെ 1.2 മീറ്റര്‍ വീതിയില്‍ തടസ്സമില്ലാത്ത പാതകള്‍, വീല്‍ചെയര്‍ ഉപയോഗിക്കാന്‍ പറ്റുന്ന രീതിയില്‍ 1 : 12 കവിയാത്ത റാംപ് ഗ്രേഡിയന്‍സ്, കാഴ്ചശക്തി കുറവുള്ളവര്‍ക്കു വിവരണ ഗൈഡന്‍സ് രീതി ആവശ്യമായ പിന്തുണാ ഘടന (Support structure) ഉള്‍പ്പെടുത്തിയ ബാത്റൂമുകള്‍, വ്യത്യസ്തമായ സെന്‍സറി വൈകല്യങ്ങളെ പരിഗണിച്ചുകൊണ്ടുള്ള കമ്യൂണിക്കേഷന്‍ സിസ്റ്റം ഇവയും പ്രാധാന്യം അര്‍ഹിക്കുന്നു.

യു.എന്‍.സി.ആര്‍.പി.ഡി ആര്‍ട്ടിക്കിള്‍ 30 പ്രകാരം വിഭിന്നശേഷി ഉള്ളവര്‍ക്ക് മറ്റുള്ളവരെ പോലെ തന്നെ സാംസ്കാരികവും വിനോദമേഖലയിലും ഉള്ള ആഘോഷവേളകളില്‍, പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനുള്ള അവകാശമു​െണ്ടന്ന് എടുത്തുപറയുന്നുണ്ട്. നമ്മുടെ ടൂറിസം മേഖലയിലെ ഘടനാപരമായ ഒരു മാറ്റത്തിന്‍റെ ആവശ്യകതയാണ് ഇത് സൂചിപ്പിക്കുന്നത്. കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന ടൂറിസം മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരങ്ങള്‍ പരിഗണിക്കുമ്പോള്‍ എവിടെ നില്‍ക്കുന്നു എന്നും സമ്പൂർണമായ സമത്വത്തെ തടസ്സപ്പെടുത്തുന്ന വാസ്തുശാസ്ത്രപരമായും മനോഭാവപരമായുമുള്ള കാര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കാരണവും ഉണ്ടാകുന്ന പ്രശ്നങ്ങളെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു.

അന്താരാഷ്ട്ര നിലവാരങ്ങളെ പ്രാദേശികതലത്തില്‍ നടപ്പാക്കിയിരിക്കുന്ന രീതിയുമായി താരതമ്യം ചെയ്ത് പോളിസി രൂപവത്കരിക്കുന്നവര്‍ക്കും ടൂറിസം മേഖലയിലെ പ്രധാന ഓഹരി ഉടമകള്‍ക്കും സമഗ്രമായ ഒരു വിശകലനം നല്‍കുക എന്നതാണ് ഈ മെത്തഡോളജിയുടെ ലക്ഷ്യം. ഈ റിസര്‍ച്, വൈകല്യത്തെ വ്യക്തിപരമായ ഒരു കുറവ് എന്നതിനേക്കാളും സാമൂഹിക തടസ്സങ്ങൾ കാരണം അനുഭവിക്കുന്ന ഒന്നായാണ് കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ കുറവ് എന്നതിനേക്കാളും സമൂഹം വേര്‍തിരിച്ചു കാണുന്നതിനാലും ഉള്‍പ്പെടുത്താന്‍ ശ്രമിക്കാത്തതുകൊണ്ടും സംഭവിക്കുന്നതാണ് വൈകല്യം എന്ന് പറയുന്നു.

ഭിന്നശേഷിയുള്ളവരും പ്രവേശനക്ഷമതയും

കേരള ടൂറിസത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഉള്‍ച്ചേര്‍ക്കലിന്‍റെ രൂപകല്‍പന തത്ത്വങ്ങള്‍ (Inclusive Design Principal) ഉപയോഗിക്കുന്നതില്‍ ഘടനാപരമായ വലിയ പരാജയം കാണാന്‍ കഴിയും. കേരളത്തിലെ ഭിന്നശേഷിക്കാരുടെ (പി.ഡബ്ല്യു.ഡി) ജീവിത സാഹചര്യങ്ങള്‍ വളരെ ബുദ്ധിമുട്ടുള്ളതാണ് എന്നതാണ് സത്യം. കേരള സ്റ്റേറ്റ് ഡിസെബിലിറ്റി സർവേ 2021 പ്രകാരമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത് ഏകദേശം 13 ദശലക്ഷം ഡി​െസബിലിറ്റിയുള്ള വ്യക്തികള്‍ സംസ്ഥാനത്തിന്‍റെ ജനസംഖ്യയുടെ 12 ശതമാനം വരുന്നു എങ്കിലും പലതരം തടസ്സങ്ങള്‍ കാരണം വിനോദസഞ്ചാരമേഖലകളില്‍ നിരന്തരമായി മാറ്റിനിര്‍ത്തപ്പെടുന്നു എന്നതാണ് (ഗവണ്‍മെന്‍റ് ഓഫ് കേരള ഡിപ്പാർട്മെന്റ് ഓഫ് ഡിസെബിലിറ്റി അഫയേഴ്സ്).

ബ്രോണ്‍ഫെന്‍ബ്രെന്നറുടെ പരിസ്ഥിതി വ്യവസ്ഥ സിദ്ധാന്തം (Bronfenbrenner's Ecological Systems Theory), 1979 ഇപ്രകാരമുള്ള തടസ്സങ്ങളെ മനസ്സിലാക്കാനും വലിയതോതിലുള്ള സാമൂഹിക ഘടനകള്‍ എങ്ങനെയാണ് വ്യക്തികളുടെ ചെറിയതോതിലുള്ള അനുഭവങ്ങളെ ബാധിക്കുന്നത് എന്നും അവരെ സാമൂഹികമായ അവഗണനക്ക് വിട്ടുകൊടുക്കുന്നതെന്നും പരിശോധിക്കുന്നു. ഈ പഠനം വ്യക്തമാക്കിയത് വാസ്തുശിൽപപരമായുള്ള ബുദ്ധിമുട്ടുകള്‍ വളരെ സങ്കീര്‍ണമായ ഒരു സാമൂഹിക വ്യവസ്ഥയുടെ ഏറ്റവും പ്രകടമായ ഒരുവശം മാത്രമാണ് എന്നതാണ്.

ഒരു ബില്‍ഡിങ്ങിന്‍റെ ഡിസൈന്‍ എന്നതിലുപരി അവിടെയുള്ളവരുടെ മനോഭാവവും സ്റ്റാഫിന് ആവശ്യമുള്ള ട്രെയ്നിങ്ങിന്റെ കുറവും ഡിസെബിലിറ്റി വൈവിധ്യമാര്‍ന്നതും മറ്റ് പല മനുഷ്യാനുഭവങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്നുമുള്ള അറിവിന്‍റെ കുറവും ഇവിടെ പ്രകടമാകുന്നു. ഒലിവറിന്‍റെ സോഷ്യല്‍ മോഡല്‍ ഓഫ് ഡിസെബിലിറ്റി (Social Model of disability) ഈ സാഹചര്യത്തില്‍ വളരെ പ്രസക്തമാണ്. ഒരു വ്യക്തിയുടെ പോരായ്മ എന്നതിനേക്കാളും ചലനാത്മകതയും പൂർണമായ പങ്കാളിത്തവും തടയുന്നതും കാരണം അനുഭവിക്കുന്ന ഒന്നായി വൈകല്യത്തെ പറ്റി സംസാരിക്കുന്നു. ഈ മാറ്റിനിര്‍ത്തലിന്‍റെ അനന്തരഫലം സാമ്പത്തിക ഡേറ്റ പരിശോധിക്കുമ്പോള്‍ ലഭിക്കുന്നതാണ്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കാരണം ടൂറിസം മേഖല വരുമാനത്തില്‍ 25-30 ശതമാനം വരെ നഷ്ടം നേരിടുന്നു.

ക്രെന്‍ഷോ വികസിപ്പിച്ചെടുത്ത ഇന്‍റര്‍സെക്ഷനാലിറ്റി തിയറി വിഭിന്നശേഷി വൈകല്യമുള്ള സഞ്ചാരികള്‍ നേരിടുന്ന പാര്‍ശ്വവത്കരണത്തെ പറ്റി പല സൂചനകളും നല്‍കുന്നുണ്ട്. പ്രത്യേകിച്ചും വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങളില്‍നിന്നുള്ള, വിവിധ ഡിസെബിലിറ്റിയുള്ള സ്ത്രീകള്‍, ചലനശേഷിയറ്റ പ്രായം ചെന്നവര്‍, സാമ്പത്തികശേഷി കുറഞ്ഞവര്‍ തുടങ്ങിയവരും മറ്റും വിനോദസഞ്ചാരമേഖലകളില്‍ കൂടുതല്‍ ബുദ്ധിമുട്ടുകളും വെല്ലുവിളികളും നേരിടുന്നു. ഈ പഠനത്തിന്‍റെ ഭാഗമായി നടത്തിയ അഭിമുഖത്തില്‍ പലരും പാര്‍ശ്വവത്കരണത്തിന്‍റെ വേദനിപ്പിക്കുന്ന കഥകളും സഞ്ചാരകേന്ദ്രങ്ങളില്‍ തങ്ങള്‍ ഒരു ഭാരമായോ മറ്റുള്ളവരുടെ കണ്ണില്‍പെടാത്ത ഒരു വസ്തുവായോ തോന്നുന്നതായും പറഞ്ഞു.

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍റെ ഇന്‍റര്‍നാഷനല്‍ ക്ലാസിഫിക്കേഷന്‍ ഓഫ് ഫങ്ഷനിങ്, ഡി​െസബിലിറ്റി ആന്‍ഡ് ഹെല്‍ത്ത് (ഐ.സി.ഫ്) മോഡല്‍ എടുത്തുപറയുന്നത് ഡിസെബിലിറ്റി വെറുമൊരു മെഡിക്കല്‍ കണ്ടീഷനല്ല എന്നും ഒരു വ്യക്തിയുടെ ശരീരവും ചുറ്റുപാടുകളും വ്യക്തിപരമായ ഇടപെടലുകളും തമ്മിലുള്ള ഒരു സങ്കീര്‍ണമായ ഇടപെടലാണ് എന്നാണ് (വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍, 2001). ഈ പഠനത്തിന്‍റെ ഫീല്‍ഡ് റിസർച്ചിൽ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വെറും 3.2 ശതമാനം മാത്രമേ അടിസ്ഥാനപരമായ സൗകര്യങ്ങള്‍പോലും ഭിന്നശേഷിക്കാര്‍ക്ക് കൊടുക്കുന്നുള്ളൂ എന്നാണ് കണ്ടത്. ഗൈഡന്‍സ് സിസ്റ്റം, വീല്‍ചെയര്‍ ഉപയോഗിക്കാവുന്ന പാതകള്‍, അഡാപ്റ്റിവ് കമ്യൂണിക്കേഷന്‍ ടെക്നോളജി എന്നിങ്ങനെയുള്ള മേഖലകളില്‍ കുറവുകള്‍ കണ്ടിരുന്നു. ആക്സസിബിലിറ്റി കൂട്ടുന്നത് ടൂറിസം മേഖലയില്‍ ചുരുങ്ങിയത് സമ്പാദ്യത്തിൽ 18-22 ശതമാനം വരെ വർധന ഉണ്ടാക്കുമെന്ന് പറയുന്നു. ഇതോടൊപ്പംതന്നെ സാമൂഹിക മുന്നേറ്റവും മനുഷ്യാന്തസ്സും വളര്‍ത്തുന്നതായും കാണാം.

ഈ പഠനം ശിപാര്‍ശചെയ്യുന്ന ഇടപെടലുകള്‍ പ്രധാനമായും ആറു മേഖലകളിലേക്കാണ്.

1. ആഗോളതലത്തില്‍ അംഗീകരിച്ച രൂപകല്‍പന തത്ത്വം (ഡിസൈന്‍ പ്രിന്‍സിപ്ള്‍സ്) ഉപയോഗം കര്‍ശനമാക്കുക.

2. ഡി​െസബിലിറ്റിയെ പറ്റി സ്റ്റാഫിന് ട്രെയ്നിങ് കൊടുക്കുക.

3. ഉള്‍പ്പെടുത്തുന്ന രൂപകൽപന (Inclusive Design) ഉപയോഗിക്കുന്ന ബിസിനസുകള്‍ക്ക് സാമ്പത്തികമായി ഇളവുകള്‍ നല്‍കുക.

4. അഡാപ്റ്റിവ് ടൂറിസം അനുഭവങ്ങളെ പിന്തുണക്കുന്ന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുക.

5. സാമൂഹികമായ ഇടപെടലും ബന്ധപ്പെട്ട ആളുകളെ ഉള്‍പ്പെടുത്തുന്ന ഡിസൈനിങ്ങും നടപ്പിലാക്കുക.

6. വിദ്യാഭ്യാസപരമായും അവബോധം നല്‍കിയും ഘടനാപരമായ മാറ്റം കൊണ്ടുവരാന്‍ ശ്രദ്ധിക്കുക.

തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ ചില നിർദേശങ്ങളുടെ പ്രാഥമിക നടപ്പാക്കല്‍ ചില മുന്നേറ്റങ്ങള്‍ വ്യക്തമാക്കിത്തന്നു. ആക്സസിബിലിറ്റി കൂട്ടിയതിനാല്‍ വിനോദസഞ്ചാരികളുടെ വൈവിധ്യം വർധിച്ചതായും സഞ്ചാരികളുടെ സംതൃപ്തി 15-20 ശതമാനം വർധിച്ചതായും കാണാന്‍ സാധിച്ചു.

 

ഭിന്നശേഷി ഉൾപ്പെടുത്തലും സൗകര്യങ്ങളും

വിഭിന്നശേഷി ഉള്ളവര്‍ (പി.ഡബ്ല്യു.ഡി) നേരിടുന്ന വിനോദസഞ്ചാര മേഖലകളിലെ തടസ്സങ്ങളെ പറ്റി സംസാരിക്കുമ്പോള്‍ പലപ്പോഴും ചിന്തിക്കാതെ പോകുന്ന മേഖലയാണ് ആക്സസിബിലിറ്റിയുടെ ടെക്നോളജി സംബന്ധമായ വശം. പുതിയ ഡിജിറ്റല്‍ ടെക്നോളജിക്കല്‍ അഡാപ്റ്റിവ് ടൂറിസം കൊണ്ടുവരാനായി ​ ശ്രമിക്കണം. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ഓഗ്മെന്‍റ്ഡ് റിയാലിറ്റി തുടങ്ങിയ ടെക്നോളജികള്‍ പേഴ്സനലൈസ് നാവിഗേഷന്‍ സിസ്റ്റവും സെന്‍സറി അസിസ്റ്റന്‍റ് ടൂളും വ്യത്യസ്തമായ കഴിവുകളെ മുന്‍നിര്‍ത്തി രൂപവത്കരിച്ച മേഖലകളും മറ്റും രൂപപ്പെടുത്താന്‍ ഉപയോഗിക്കുന്നു. ഈ റിസര്‍ച് ആക്സസിബിലിറ്റിയെ തക്കവിധമുള്ള ആക്സസിബിലിറ്റി മാപ്പിങ്, കാഴ്ചശേഷി കുറവുള്ളവര്‍ക്ക് എ.ഐ ഉപയോഗിച്ചുള്ള പ്രഡിക്ടിവ് നാവിഗേഷന്‍ ടെക്നോളജി, മള്‍ട്ടിപ്പിള്‍ സെന്‍സറി ചാനലുകള്‍ വഴി ഇന്‍ഫര്‍മേഷന്‍ കൊടുക്കുന്ന എക്സ്പീരിയന്‍സ് മുതലായ ഇന്നവേറ്റിവ് ടെക്നോളജിയെ ഉപയോഗിക്കുന്നതിന്‍റെ ആവശ്യകത കാണിച്ചുതരുന്നു.

ഓരോ വ്യക്തിയുടെയും ആവശ്യകതകള്‍ക്ക് ചേരുന്ന രീതിയില്‍ ഉപയോഗിക്കാവുന്ന അഡാപ്റ്റിവ് സഞ്ചാര മേഖലകള്‍ സൃഷ്ടിക്കുന്നതിനായി ഇന്‍റര്‍നെറ്റ് ഓഫ് തിങ് ഇക്കോസിസ്റ്റം കൊണ്ടുവരണം. 2023 ലെ ഡിജിറ്റല്‍ ആക്സസിബിലിറ്റി റിസര്‍ച് കണ്‍സോര്‍ട്യം പ്രകാരം ആദ്യഘട്ടത്തിലുള്ള പ്രോട്ടോടൈപ് ടെസ്റ്റിലൂടെ തന്നെ ടെക്നോളജി ഉപയോഗിച്ചുള്ള ആക്സസിബിലിറ്റി വർധിപ്പിക്കല്‍ വഴി അംഗവൈകല്യമുള്ളവര്‍ക്ക് വിനോദസഞ്ചാര മേഖലകളില്‍ ഏകദേശം 40-45 ശതമാനം കൂടുതല്‍ ഇടപെടാന്‍ കഴിയും. ടെക്നോളജി മുഖേന രൂപവത്കരിക്കുന്ന പരിഹാരങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഉപഭോക്താവിന്‍റെ അനുഭവം, അതിന്‍റെ സാമൂഹിക ഭവിഷ്യത്ത്, അതിന്‍റെ ശരി-തെറ്റുകളെ കുറിച്ചുള്ള അവബോധം എന്നിങ്ങനെ പല കാര്യങ്ങള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ഡിജിറ്റല്‍ ഡിവൈഡ് എന്ന ഉപഭോക്താക്കള്‍ക്കിടയില്‍ വരുന്ന വലിയ അന്തരം ഒരു പ്രധാന പ്രശ്നമായിതന്നെ നിലനില്‍ക്കുന്നു. സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്ന ഭിന്നശേഷിക്കാര്‍ ഹൈ ആക്സസിബിലിറ്റി സൊലൂഷന്‍സ് ലഭിക്കാതെ മാറ്റിനിര്‍ത്തപ്പെടുന്നു. അതിനാല്‍തന്നെ ടെക്നോളജി നവീകരണം സാമൂഹിക സമത്വത്തെ കൂടി മുന്‍നിര്‍ത്തി വേണം ചിന്തിക്കാനും നടപ്പാക്കാനും.

സമ്പൂര്‍ണ യാത്ര (ഇന്‍ക്ലൂസിവ് യാത്ര) അനുഭവങ്ങളെ പറ്റി പഠിക്കുമ്പോള്‍ വളരെ പ്രസക്തവും എന്നാല്‍ പലരും ചിന്തിക്കാതെ പോകുന്നതുമായ ഒരുവശം ടൂറിസം ആക്സസിബിലിറ്റിയുടെ മാനസികവും വൈകാരികവുമായ വിഷയമാണ്. മൊബിലിറ്റി ആന്‍ഡ് സൈക്കോളജിക്കല്‍ റിസര്‍ച് ഗ്രൂപ്പ്, 2022ല്‍ നടത്തിയ പ്രതിഭാശാസ്ത്രപരമായ റിസര്‍ച്, അഭിമുഖം വഴിയും ആഖ്യാന വിശകലനം വഴിയും സാമൂഹിക ഒറ്റപ്പെടുത്തലും ഭയവും ആന്തരികമായ പാര്‍ശ്വവത്കരണവും കാരണം ഉണ്ടാക്കുന്ന സങ്കീര്‍ണമായ മാനസിക അവസ്ഥകളെ പറ്റി പഠിച്ചു. മുന്‍കൂട്ടി ഒഴിവാക്കല്‍ (Anticipatory Exclusion) എന്ന് വിളിക്കാവുന്ന ഒരു മാനസിക നിലയാണ് റിസര്‍ച്ചില്‍ പങ്കെടുത്തവരില്‍ കണ്ടത്. അതായത്, ഒരു മുന്‍കരുതല്‍ എന്നതുപോലെ താങ്കള്‍ക്കുണ്ടാകാവുന്ന തടസ്സങ്ങളെയും സാമൂഹിക മാനദണ്ഡങ്ങളെയും കണക്കിലാക്കി വൈകല്യമുള്ള വ്യക്തികള്‍ തങ്ങളുടെ യാത്രപോകാനുള്ള ആഗ്രഹങ്ങളെ സ്വയം ഒരു പരിധിക്കുള്ളില്‍ ആക്കുന്നു.

വ്യവസ്ഥാപിതമായ ഈ പാര്‍ശ്വവത്കരണത്തിന്‍റെ മാനസിക ഫലങ്ങള്‍ എന്തെന്നാല്‍ പല പരസ്പരബന്ധിതമായ മേഖലകളില്‍ സ്വാശ്രിതരാകാനുള്ള കഴിവ് കുറയുന്നതായും യാത്രചെയ്യാനുള്ള ആത്മവിശ്വാസം കുറയുന്നതായും സാമൂഹിക പാര്‍ശ്വവത്കരണം കൂടുന്നതായും ജീവിതനിലവാരം കുറയുന്നതായും കാണാം. ന്യൂറോ സൈക്കോളജിക്കല്‍ റിസര്‍ച് പ്രകാരം നിരന്തരമായുള്ള പരിസ്ഥിതിപരമായും സാമൂഹികപരമായും നേരിടുന്ന തടസ്സങ്ങള്‍ ദീര്‍ഘകാലത്തേക്ക് സ്ട്രസ് സൃഷ്ടിക്കുകയും കാര്യമായ മാനസിക പ്രശ്നങ്ങളിലേക്ക് പിന്നീട് നയിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇന്നവേറ്റിവ് ആയ ഇടപെടലുകള്‍ സമഗ്രമായ ഒരു ബയോ-സൈക്കോ സോഷ്യല്‍ മോഡല്‍ ഉപയോഗിച്ച് ശാരീരികക്ഷമതക്ക് അപ്പുറം മാനസിക ശാക്തീകരണവും സാമൂഹിക പിന്തുണക്കുള്ള സംവിധാനവും സാംസ്കാരികമായി ഡി​െസബിലിറ്റി അഫർമേറ്റിവ് രീതികളും കൊണ്ടുവരുകയാണ് ഈ കാലഘട്ടത്തിന്‍റെ ആവശ്യം.

 

​ഉപസംഹാരം

ടൂറിസത്തിന്‍റെ അടിസ്ഥാന ഘടകങ്ങള്‍ പരിശോധിക്കുമ്പോള്‍ പാര്‍ശ്വവത്കരണത്തിന്‍റെ സങ്കീര്‍ണമായ ബഹുമുഖ വ്യവസ്ഥയാണ് കാണുന്നത്. ആക്സസിബിലിറ്റിയെ ഒരു സാമൂഹിക നീതിപരമായ ആവശ്യകതയായും മാറ്റി ചിന്തിക്കേണ്ടതിന്‍റെ അത്യാവശ്യമുണ്ട്​. ഇന്ന് കേരളത്തിലുള്ള ടൂറിസം കേന്ദ്രങ്ങള്‍ അന്താരാഷ്ട്ര ഡിസൈന്‍ നിലവാരങ്ങളെയും മനുഷ്യാവകാശങ്ങളെയും അടിസ്ഥാനപരമായി ലംഘിക്കുന്നു എന്നാണ്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വെറും 3.2 ശതമാനം മാത്രമേ ആക്സസിബിലിറ്റിക്ക് ഏറ്റവും അത്യാവശ്യമായ സാഹചര്യങ്ങള്‍ എങ്കിലും നല്‍കുന്നുള്ളൂ എന്നാണ്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് എന്നതിലപ്പുറം വ്യവസ്ഥാപനപരമായ ഒരു തോല്‍വി ഇവിടെ കാണുന്നുണ്ട്.

ക്രിട്ടിക്കല്‍ ഡിസെബിലിറ്റി സ്റ്റഡീസും സാമൂഹിക നീതിപരമായ ഉള്‍ക്കാഴ്ചകളും ചേര്‍ത്തുവെച്ച് ഈ പഠനം ശിപാര്‍ശ ചെയ്യുന്നത് സാമൂഹികവും സംഘടനാപരവുമായുമുള്ള തടസ്സങ്ങളെ ഒരേസമയം നേരിടുന്ന ഒരു മള്‍ട്ടി ലെവല്‍ അപ്രോച് ആണ്. പരസ്പര ബന്ധമുള്ള മൂന്നു മേഖലകളില്‍ ഇടപെടല്‍ നടത്തി മാറ്റം കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്.

അന്താരാഷ്ട്ര ഡിസൈന്‍ പ്രിന്‍സിപ്ള്‍സ് നിയമപരമായും നിയന്ത്രണപരമായും നിര്‍ബന്ധമാക്കുന്നതിലൂടെ വിനോദസഞ്ചാര മേഖലയില്‍ സമഗ്രമായ മാറ്റം കൊണ്ടുവരാന്‍ സാധിക്കും. മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കപ്പാസിറ്റി ബില്‍ഡിങ്ങും സെന്‍സിറ്റിവിറ്റി ട്രെയ്നിങ്ങും നല്‍കുന്നതോടൊപ്പം, ഇന്‍ക്ലൂസിവ് ഡിസൈന്‍ ഉപയോഗിക്കുന്നതിന് സാമ്പത്തികപരമായ പ്രോത്സാഹനവും നല്‍കേണ്ടതുണ്ട്. അഡാപ്റ്റിവ് ടൂറിസത്തെ പിന്തുണക്കുന്ന സാങ്കേതിക നവീകരണങ്ങള്‍ നടപ്പാക്കുകയും ബന്ധപ്പെട്ട എല്ലാ ആളുകളെയും പങ്കെടുപ്പിച്ചുകൊണ്ട് സാമൂഹിക ഉള്‍പ്പെടുത്തല്‍ ഉറപ്പാക്കുന്ന ഡിസൈനിങ് സമ്പ്രദായം സ്വീകരിക്കുകയും വേണം. ഇതിനൊപ്പം തന്നെ സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുന്നതിലൂടെ ഘടനാപരമായ മനോഭാവ പരിവര്‍ത്തനവും സാധ്യമാക്കണം, അതുവഴി വിനോദസഞ്ചാര മേഖലയില്‍ എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ ഉറപ്പുവരുത്താന്‍ സാധിക്കും.

സെന്നും (1999) ന്യൂബോമും (2006) വികസിപ്പിച്ചെടുത്ത കേപ്പബിലിറ്റി അപ്രോച് വിനോദസഞ്ചാരത്തെ മനുഷ്യജീവിതത്തിലെ ഒരു അത്യാവശ്യ ഘടകമായിട്ടാണ്, അല്ലാതെ ചിലര്‍മാത്രം അര്‍ഹിക്കുന്ന ഒരു പ്രത്യേക അനുഭവമായിട്ടല്ല കണക്കാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ പ്രാഥമികമായ ചില മാറ്റങ്ങള്‍ കൊണ്ടുവന്നത് ശുഭസൂചകമായ പല വികസനങ്ങളും കൊണ്ടുവന്നു. വിനോദസഞ്ചാരികളുടെ യാത്രാനുഭവത്തില്‍ തൃപ്തി 15-20 ശതമാനം കൂടിയതായി കണ്ട് യാത്രചെയ്യാന്‍ വരുന്ന ആളുകളുടെ വൈവിധ്യത്തിലും കാര്യമായ വർധന കാണാന്‍ കഴിഞ്ഞു. നാം നടത്തുന്ന ഓരോ ഇടപെടലും വിഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടുള്ളതായിരിക്കണം. വസ്തുതകള്‍ മനസ്സിലാക്കാന്‍ പ്രധാനമായും വിഭിന്നശേഷിക്കാരെ സമീപിക്കുന്നതിനോടൊപ്പം മാറ്റങ്ങള്‍ കൊണ്ടുവരാന്‍ വേണ്ട മാനദണ്ഡങ്ങള്‍ വിഭിന്നശേഷിക്കാരെ കൊണ്ടുതന്നെ നിശ്ചയിപ്പിക്കണം. ഇവിടെ വേണമെങ്കില്‍ പങ്കാളിത്ത ഗ്രാമീണ വിലയിരുത്തല്‍ പഠന മാതൃക പരീക്ഷിക്കാവുന്നതാണ്.

-----------

(മഹാത്മാഗാന്ധി സര്‍വകലാശാല ഇന്‍റര്‍ യൂനിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ഡി​െസബിലിറ്റി സ്റ്റഡീസിൽ അസിസ്റ്റന്‍റ് പ്രഫസറാണ്​ ഡോ. ഷൈനു വി.സി. ഇതേ വിഭാഗത്തിൽ എം.എസ്​.ഡബ്ല്യു വിദ്യാർഥിയാണ്​ ലീന ഹന്ന കെ.)

News Summary - Disability Politics