മെയ്ന്‍ കാംഫില്‍നിന്ന് വിചാരധാരയിലേക്കുള്ള ദൂരം

ഹിറ്റ്ലറുടെ ആത്മകഥ പുറത്തുവരുന്ന 1925ലാണ് ആർ.എസ്.എസ് രൂപവത്കരിക്കപ്പെടുന്നത്. ‘മെയ്ൻ കാംഫി’നും ഹിന്ദുത്വയുടെ പ്രത്യയശാസ്‍ത്ര ഗ്രന്ഥമായ ‘വിചാരധാര’ക്കും തമ്മിലുള്ള സാമ്യവും ബന്ധവും എടുത്തുകാട്ടുകയാണ് ലേഖകൻ. ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയഞ്ചിലാണ് ഹിറ്റ്ലറുടെ ആത്മകഥയും ഫാഷിസത്തിന്‍റെ മാനിഫെസ്റ്റോയുമായ ‘മെയ്ന്‍ കാംഫ്’ (Mein Kampf, എന്‍റെ പോരാട്ടം) പുറത്തിറങ്ങിയത്. അതായത്, പുസ്തകമെത്തിയിട്ട് നൂറു വര്‍ഷം. ആര്‍.എസ്.എസ് എന്ന അർധ സൈനിക സംഘടന രൂപവത്കരിച്ചിട്ടും നൂറ് തികയുകയാണ്. ഇതേസമയം ആര്‍.എസ്.എസിന്‍റെ രണ്ടാമത്തെ സര്‍സംഘ് ചാലക് ആയിരുന്ന ഗോള്‍വാള്‍ക്കർ എഴുതിയ, ഇന്ത്യന്‍ ഫാഷിസത്തിന്‍റെ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഹിറ്റ്ലറുടെ ആത്മകഥ പുറത്തുവരുന്ന 1925ലാണ് ആർ.എസ്.എസ് രൂപവത്കരിക്കപ്പെടുന്നത്. ‘മെയ്ൻ കാംഫി’നും ഹിന്ദുത്വയുടെ പ്രത്യയശാസ്‍ത്ര ഗ്രന്ഥമായ ‘വിചാരധാര’ക്കും തമ്മിലുള്ള സാമ്യവും ബന്ധവും എടുത്തുകാട്ടുകയാണ് ലേഖകൻ.
ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയഞ്ചിലാണ് ഹിറ്റ്ലറുടെ ആത്മകഥയും ഫാഷിസത്തിന്‍റെ മാനിഫെസ്റ്റോയുമായ ‘മെയ്ന്‍ കാംഫ്’ (Mein Kampf, എന്‍റെ പോരാട്ടം) പുറത്തിറങ്ങിയത്. അതായത്, പുസ്തകമെത്തിയിട്ട് നൂറു വര്‍ഷം. ആര്‍.എസ്.എസ് എന്ന അർധ സൈനിക സംഘടന രൂപവത്കരിച്ചിട്ടും നൂറ് തികയുകയാണ്. ഇതേസമയം ആര്‍.എസ്.എസിന്‍റെ രണ്ടാമത്തെ സര്‍സംഘ് ചാലക് ആയിരുന്ന ഗോള്‍വാള്‍ക്കർ എഴുതിയ, ഇന്ത്യന്‍ ഫാഷിസത്തിന്‍റെ അടിസ്ഥാന തത്ത്വശാസ്ത്ര രേഖയായ ‘വിചാരധാര’ (Bunch of Thougths) പ്രസിദ്ധീകരിച്ചിട്ട് 59 വർഷം പൂര്‍ത്തിയായി 60ലേക്ക് കടക്കുന്നു. 1966ലാണ് ഈ പുസ്തകത്തിന്‍റെ ആദ്യ പതിപ്പ് വരുന്നത്. ആര്‍.എസ്.എസിന് നൂറു തികയുമ്പോള്‍ ‘മെയ്ന്‍ കാംഫി’ന്‍റെ നൂറിന് പ്രത്യക്ഷത്തില്‍ എന്ത് ബന്ധമെന്ന ചോദ്യം ഉയരാന്‍ സാധ്യത ഏറെയാണ്. ആര്‍.എസ്.എസിന്‍റെ പ്രവര്‍ത്തനങ്ങളും ‘വിചാരധാര’യും ‘മെയ്ൻ കാംഫും’ തമ്മിലെ സൈദ്ധാന്തിക അന്തര്‍ധാര തിരിച്ചറിയുമ്പോള്‍ ഈ ചോദ്യത്തിനുള്ള ഉത്തരം ലഭിക്കും.
1923ല്‍ നാസി പാര്‍ട്ടി നടത്തിയ മുന്നേറ്റം പരാജയപ്പെട്ടതോടെ ഹിറ്റ്ലര്‍ അറസ്റ്റിലാവുകയും ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്തു. ആ കാലഘട്ടത്തില്‍ എഴുതപ്പെട്ടതാണ് ‘മെയ്ന്‍ കാംഫ്’ എന്ന പുസ്തകം. ജർമന്‍ സാമ്രാജ്യ സൃഷ്ടി, വ്യത്യസ്ത മനുഷ്യരെ ഒരൊറ്റ ജനതയായി നിർമിക്കുന്നത്, വംശീയമായും രാഷ്ട്രീയമായും സമൂഹത്തെ എങ്ങനെ സൃഷ്ടിക്കാം എന്നിങ്ങനെയുള്ള ആശയങ്ങളാണ് ഈ പുസ്തകത്തിലൂടെ ഹിറ്റ്ലര്‍ മുന്നോട്ടുവെച്ചത്. സാധാരണഗതിയില്‍ അനുഭവങ്ങളെ രേഖെപ്പടുത്തുന്ന പുസ്തകങ്ങളായാണ് ആത്മകഥകളെ കണക്കാക്കുന്നത്. ഈ പുസ്തകം അതിനപ്പുറം ഹിറ്റ്ലറുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം ഉറപ്പിക്കുന്നതാണ്. ആദ്യ ഭാഗത്ത് ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും രണ്ടാം ഭാഗത്താണ് തന്‍റെ നിലപാടുകള്‍ അദ്ദേഹം സ്ഥാപിക്കുന്നത്. രണ്ട് വാല്യങ്ങളായാണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഹിറ്റ്ലര്‍ എന്ന മനുഷ്യന്‍ രൂപപ്പെടുന്നതിന്‍റെ സാമൂഹിക പശ്ചാത്തലം ഇതില്‍ വായിച്ചെടുക്കാന്‍ സാധിക്കും.
ഫാഷിസം എന്ന സമഗ്രാധിപത്യ സിദ്ധാന്തം ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതിലേക്കുള്ള ആശയ രൂപവത്കരണം സാധ്യമാക്കുന്നതില്‍ ഹിറ്റ്ലര്‍ തന്‍റെ മനസ്സിനെയും അറിവിനെയും ഏത് രീതിയിലാണ് പാകപ്പെടുത്തിയതെന്ന് പുസ്തകം പറയുന്നു. സമൂഹത്തെ വംശീ യമായി മാത്രം കാണുകയും രക്തശുദ്ധി എന്ന സങ്കല്‍പത്തിലൂടെ ആര്യവത്കരണത്തിനുമാണ് ഹിറ്റ്ലര്‍ ശ്രമിച്ചത്. ഹിറ്റ്ലറുടെ ഈ കാഴ്ചപ്പാടിലെ നിരവധി സമാനതകള്‍ ഇന്ത്യന്‍ ഫാഷിസത്തിന്‍റെ ആശയരൂപവത്കരണത്തിലും കാണാനാകും. അതായത് ബ്രാഹ്മണിസം എന്ന ശുദ്ധിസങ്കല്‍പം ഇന്ത്യയിലെ മറ്റ് സമൂഹങ്ങളെ അപരരായി മാറ്റുന്നതും ഹിന്ദുത്വരാഷ്ട്ര നിർമിതിയിലേക്ക് നയിക്കുന്നതുമാണ്. ഹിറ്റ്ലര്‍ ഉയര്‍ത്തിയ ദേശീയതയുടെ മറ്റൊരു രൂപമാണ് ഹിന്ദുത്വ ദേശീയതാവാദം. ഇറ്റലിയിലും ജർമനിയിലും സ്പെയിനിലുമെല്ലാം അധികാരത്തിലെത്തിയ ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ക്ക് പൊതുവായ നിരവധി രാഷ്ട്രീയ സമാനതകള്‍ കണ്ടെത്താനാകും. ഇന്ത്യയിലെ ഫാഷിസം ബ്രാഹ്മണിക് പ്രത്യയശാസ്ത്രത്തിലധിഷ്ഠിതമായ ജാതിവ്യവസ്ഥയെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് യൂറോപ്യന്‍ ഫാഷിസത്തില്‍നിന്നുമുള്ള സവിശേഷമായ വ്യത്യസ്തത.

ഹിറ്റ്ലറുടെ ആത്മകഥയുടെ ഉൾപേജ്
ക്ലാസിക്കല്‍ ഫാഷിസത്തെയും ഇന്ത്യയിലെ നവ ഫാഷിസത്തെയും പരിശോധിക്കുമ്പോള്‍ ദേശീയത, രാഷ്ട്രസങ്കൽപം എന്നിവ സംബന്ധിച്ച് നിരവധി സമാനതകള്‍ കണ്ടെത്താനാകും. ഹിറ്റ്ലര്‍ വംശീയതയെ മുന്‍നിര്‍ത്തിയാണ് സമഗ്രാധിപത്യം സ്ഥാപിക്കുന്നത്. തൊട്ടുകൂടായ്മയിലധിഷ്ഠിതമായ, ബ്രാഹ്മണ ആശയാവലിയിലൂന്നിയ, ശ്രേണീകൃതമായ ജാതിവ്യവസ്ഥ സൃഷ്ടിച്ചുകൊണ്ടാണ് ഇന്ത്യയിലെ ഫാഷിസ്റ്റുകള്‍ അവരുടെ സാംസ്കാരിക മേല്‍ക്കോയ്മ ഉറപ്പിക്കുന്നത്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഇന്ത്യയുടെ ബഹുസ്വര ശരീരത്തില്‍ വേരുകളാഴ്ത്തിയ ബ്രാഹ്മണിക്കല്‍ ആശയത്തിന്‍റെ പ്രത്യയശാസ്ത്ര സമുച്ചയമാണ് ആര്‍.എസ്.എസ് എങ്കില്‍ അതിന്‍റെ രാഷ്ട്രീയ, അധികാര രൂപമാണ് ബി.ജെ.പി. പാര്‍ലമെന്‍ററി രാഷ്ട്രീയ വഴികളിലൂടെ ഭരണകൂടമായി മാറിയ ബി.ജെ.പിയെ അദൃശ്യമായി നയിക്കുന്നത് ആര്‍.എസ്.എസാണ്. ഹിന്ദുത്വത്തിന്‍റെ ആശയാടിത്തറയിലാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നതെങ്കിലും അവര്‍ ഇന്ത്യന്‍ കോർപറേറ്റുകളുടെ ആജ്ഞാനുവര്‍ത്തികളുമാണ്. ഹിറ്റ്ലറുടെ ഭരണകാലത്ത് കാണാത്ത പ്രത്യേകതയാണിത്. അധികാരത്തിന്‍റെ സാധ്യതയെ ഉപയോഗപ്പെടുത്തി രാജ്യത്തിന്‍റെ പൊതുവായ സമ്പത്തെല്ലാം കോർപറേറ്റുകള്‍ക്ക് കൈമാറുന്നതിന്‍റെ സമീപകാല ഉദാഹരണമാണ് ഓപറേഷന്‍ കഗാറിലൂടെ മാവോവാദി വേട്ട നടത്തി ആദിവാസി വംശഹത്യക്ക് തുടക്കം കുറച്ചിരിക്കുന്നത്.
1925 സെപ്റ്റംബര്‍ 27ന് വിജയദശമി ദിനത്തില്‍ ഹെഡ്ഗേവാറിന്‍റെ നാഗ്പൂരിലെ വീട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് അദ്ദേഹം ആര്‍.എസ്.എസ് എന്ന സംഘടനയുടെ പ്രഖ്യാപനം നടത്തുന്നത്. തുടര്‍ന്നിങ്ങോട്ട് വ്യത്യസ്തമായ രാഷ്ട്രീയ ഇടപെടലുകളിലൂടെ ആര്‍.എസ്.എസ് അവരുടെ സാന്നിധ്യം ഉറപ്പിക്കുകയായിരുന്നു. 1927-28 കാലഘട്ടത്തിലാണ് ഓഫീലര്‍മാര്‍ക്കുള്ള പരിശീലന ക്യാമ്പ് നടത്തി നാഗ്പൂരില്‍ 18 ആര്‍.എസ്.എസ് ശാഖകള്‍ക്ക് തുടക്കമിടുന്നത്. 1930ല്‍ കോണ്‍ഗ്രസ് പൂര്‍ണ സ്വരാജ് പ്രമേയം പാസാക്കി. ഈ സമയത്ത് ഹെഡ്ഗേവാറും സഹപ്രവര്‍ത്തകരും ജംഗിള്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കുകയും കാക്കിനിറമുള്ള തൊപ്പി തങ്ങളുടെ യൂനിഫോമായി തിരഞ്ഞെടുക്കുകയുംചെയ്തു. 1940ല്‍ പുണെയില്‍ നടന്ന ആര്‍.എസ്.എസിന്‍റെ യോഗത്തില്‍ സവര്‍ക്കര്‍ പങ്കെടുക്കുന്നുണ്ട്. ഇവിടെ വെച്ചാണ് സുഭാഷ് ചന്ദ്രബോസ് ഗോള്‍വാള്‍ക്കറെ കാണുന്നത്.
1947ലാണ് ആര്‍.എസ്.എസിന്‍റെ ജിഹ്വയായ ‘ഓര്‍ഗനൈസര്‍’ പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. 1948 ജനുവരി 30ന് ഗാന്ധി വധിക്കപ്പെടുന്നതോടെ ഗോള്‍വാള്‍ക്കര്‍ ഉള്‍പ്പെടെ നൂറ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെടുകയും സംഘടനയെ നിരോധിക്കുകയുംചെയ്തു. 1949ല്‍ നിരോധനം റദ്ദാക്കപ്പെട്ടു. ഈ സമയത്താണ് അഖില ഭാരതീയ വിദ്യാർഥി പരിഷത്തിന് (എ.ബി.വി.പി) തുടക്കമാകുന്നത്. 1952ല്‍ നടന്ന ഗോ രക്ഷ ആന്തോളനില്‍ (പശു സംരക്ഷണ മുന്നേറ്റം) ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നുണ്ട്. ഇതേ വര്‍ഷംതന്നെയാണ് ശ്യാമപ്രസാദ് മുഖര്‍ജി ഭാരതീയ ജനസംഘം രൂപവത്കരിക്കുന്നതും അതില്‍ നിരവധി പ്രവര്‍ത്തകര്‍ ചേരുന്നതും. 1955ല്‍ ഭാരതീയ മസ്ദൂര്‍ സംഘിന് തുടക്കമാകുമ്പോള്‍ അതിലും നിരവധിപേര്‍ അംഗത്വമെടുക്കുന്നുണ്ട്. 1963ല്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ ക്ഷണം ലഭിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അവരുടെ യൂനിഫോമിലാണ് അതില്‍ പങ്കെടുത്തത്.

ആര്‍.എസ്.എസിനെ വീണ്ടും നിരോധിക്കുന്നത് ഇന്ദിരഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതോടെയാണ്. 1977ല്‍ ഭാരതീയ ജനസംഘം ഭാരതീയ ജനതാ പാര്‍ട്ടി ആകുമ്പോള്‍ അതിലും ആര്‍.എസ്.എസിന്‍റെ സജീവ പങ്കാളിത്തം കാണാനാകും. ഗാന്ധിവധത്തിന് ശേഷം ആര്‍.എസ്.എസ് അവരുടെ ശക്തി തെളിയിക്കുന്നത് 1992ല്‍ ബാബരി മസ്ജിദ് പൊളിച്ചുകൊണ്ടാണ്. 2009ലാണ് മോഹന്‍ ഭാഗവത് സര്‍സംഘ്ചാലകായി ചുമതലയേല്‍ക്കുന്നത്. 2024ല്‍ അയോധ്യയില്‍ റാം മന്ദിറിന് തറക്കല്ലിടുന്നത് ഇദ്ദേഹമാണ്. ഇന്ത്യയിലെ കൂടുതല്‍ ദൃശ്യപ്പെടാത്ത സൈനിക സംഘടനയാണ് ആര്‍.എസ്.എസ്. ഹിന്ദുത്വരാഷ്ട്രം എന്ന ആശയം എത്ര സൂക്ഷ്മമായാണ് ഇവര്‍ കൈകാര്യം ചെയ്യുന്നതെന്ന് സംഘടനയുടെ ചരിത്രവഴികള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. സമകാലിക സന്ദര്‍ഭത്തില്‍ ഇന്ത്യയില്‍ ആര്‍.എസ്.എസ് ഉള്‍പ്പെടുന്ന സംഘപരിവാരത്തിന്‍റെ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത് ആദിവാസികളും ദലിതരും ന്യൂനപക്ഷങ്ങളും മറ്റ് അപരസമൂഹങ്ങളുമാണ്. ഇവരുടെ രാഷ്ട്രീയത്തെ, സാംസ്കാരിക അടയാളങ്ങളെ ചോദ്യംചെയ്തതിനാണ് ദാഭോൽകര്‍, പന്‍സാരെ, കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ്, അഖ്ലാഖ് എന്നിവരെ കൊലപ്പെടുത്തിയത്. രോഹിത് വെമുലയെപ്പോലുള്ളവര്‍ക്ക് ജാതിമേല്‍ക്കോയ്മയുടെ ഇരകളാകേണ്ടി വന്നതും ഇന്ത്യയിലെ ഹിന്ദുത്വശക്തികളുടെ വളര്‍ച്ചയുടെ ഭാഗമാണ്.
ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും കടന്നുകയറി ഫാഷിസത്തിന്‍റെ അജണ്ട നടപ്പാക്കാനാണ് ആര്‍.എസ്.എസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പാഠപുസ്തകങ്ങളിലെ കാവിവത്കരണം, ഭരണം, ഭാഷ, ഭക്ഷണം, ആചാരം, അനുഷ്ഠാനം, ചരിത്രം, ആവിഷ്കാരം, പ്രതികരണം എന്നിവയിലെല്ലാം അവര്‍ അധീശത്വം ഉറപ്പിക്കുകയാണ്. ഫാഷിസമെന്നത് ഓരോ രാജ്യത്തും നിലനില്‍ക്കുന്ന അധീശത്വ പ്രത്യയശാസ്ത്രങ്ങളിലൂടെ രൂപപ്പെടുന്ന ഒന്നാണ്. ലോകത്ത് പലയിടത്തും വ്യത്യസ്ത മതങ്ങളിലൂടെയും വംശീയതകളിലൂടെയും വര്‍ണാധിപത്യത്തിലൂടെയും ഭരണകൂട അടിച്ചമര്‍ത്തലുകളിലൂടെയുമാണ് ഫാഷിസം വളരുന്നത്. ഇന്ത്യയില്‍ അത് ബ്രാഹ്മണിക്കല്‍ മേധാവിത്വത്തിലൂടെയാണ് രൂപപ്പെട്ടത്. അത് ഇന്ന് മതവുമായി കണ്ണിചേര്‍ന്ന് രാഷ്ട്രീയ അധികാരത്തിലെത്തിയിരിക്കുകയാണ്.
ലോകത്ത് ഫാഷിസത്തിന്‍റെ കടന്നുവരവ് ഏത് രൂപത്തിലായിരുന്നു എന്നതിന് കൃത്യമായ നിര്‍വചനം ഗ്രാംഷി നല്‍കുന്നുണ്ട്. ഗ്രാംഷി എഴുതുന്നു: ‘‘ജനസംഖ്യയിലെ ചില തട്ടുകളിലുള്ളവരുടെ ഈ ‘മാനുഷിക’ പക്വതയില്ലായ്മയുടെ ഫലമായി ഇറ്റലിയില്‍ വര്‍ഗസമരം എല്ലായ്പോഴും തീര്‍ത്തും ക്രൂരമായ സ്വഭാവം കൈവരിച്ചിട്ടുണ്ട്. ക്രൂരതയും സഹഭാവത്തിന്‍റെ അഭാവവും ഇറ്റാലിയന്‍ ജനതയുടെ രണ്ടു പ്രത്യേക സ്വഭാവഗുണങ്ങളാണ്. അത് ശിശുസഹജമായ വൈകാരികതയില്‍നിന്നും ഏറ്റവും ക്രൂരവും മാരകവുമായ ഭാവത്തിലേക്ക് മാറും, വികാരതീവ്രമായ രോഷത്തില്‍നിന്നും മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളെയും സഹനങ്ങളെയും ഏറ്റവും വികാരരഹിതമായി കാണാവുന്ന അവസ്ഥയിലേക്കും മാറും. ഭരണകൂടം, അത് അതിന്‍റെ പ്രധാന ധർമങ്ങളുടെ കാര്യങ്ങളിലെല്ലാം ദുര്‍ബലവും തീര്‍ച്ചയില്ലാത്തതുമായിരുന്നെങ്കിലും, ഈ അർധ-അപരിഷ്കൃത മേഖലയെ തകര്‍ക്കുന്നതില്‍ ക്രമേണ വിജയിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഇന്ന് ഭരണകൂടത്തിന്‍റെ അപചയത്തിനുശേഷം, എല്ലാത്തരം ദുര്‍ഗന്ധങ്ങളും അതിന്മേല്‍നിന്ന് പ്രസരിക്കുന്നു. ഫാഷിസ്റ്റുകളെന്ന് സ്വയം വിളിക്കുന്നവരും ഫാഷിസത്തിന്‍റെ പേരില്‍ പ്രവര്‍ത്തിക്കുന്നവരുമായ എല്ലാവരും സംഘടനയില്‍പെട്ടവരല്ല എന്ന് ഫാഷിസ്റ്റ് പത്രങ്ങള്‍ ഊന്നിപ്പറയുന്നതില്‍ കുറെയൊക്കെ സത്യമുണ്ട്.
ഇറ്റലിയെ ദിവസവും നാണംകെടുത്തിക്കൊണ്ടിരിക്കുന്ന തരത്തിലുള്ള സംഭവവികാസങ്ങളെ ഒരു സംഘടനയുടെ ചിഹ്നംകൊണ്ട് മൂടിവെക്കാമെന്നു വന്നാല്‍ ആ സംഘടനയെക്കുറിച്ച് എന്ത് പറയാനാണ്? ബൂര്‍ഷ്വാ പത്രങ്ങളില്‍ എഴുതുന്നവര്‍ ഈ സംഭവങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യത്തിലുമെത്രയോ നിര്‍ണായകവും ഗൗരവപൂര്‍ണവുമായ ഒരു സ്വഭാവം ഈ സംഭവങ്ങള്‍ക്ക് ഫാഷിസ്റ്റ് പത്രങ്ങളുടെ ആ ഊന്നിപ്പറയല്‍ നല്‍കുന്നുണ്ട്. ഭരണകൂടം കഴിവുകെട്ടതും സ്വകാര്യ സംഘടനകള്‍ ശക്തിഹീനവുമാണെങ്കില്‍പിന്നെ അവയെ ആര്‍ക്കാണ് തടയാന്‍ കഴിയുക? (ഇന്ത്യന്‍ ഫാഷിസത്തിനെതിരെ, ഷിജു ഏലിയാസ്). ഗ്രാംഷിയെപ്പോലുള്ളവര്‍ ഫാഷിസത്തിന്‍റെ അപകടത്തെ എത്രയോ നാളുകള്‍ക്കുമുമ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനാധിപത്യത്തിലൂടെ ഭരണകൂടം അധികാരം സ്ഥാപിക്കുന്നതും പിന്നീട് പതുക്കെ അത് അടിച്ചമര്‍ത്തലിലേക്ക് മാറുന്നത് എങ്ങനെയെന്നുമാണ് ഗ്രാംഷി ഇവിടെ ചൂണ്ടിക്കാട്ടുന്നത്.
മുസോളിനിയും മൂജ്ജേയും തമ്മിലെന്ത്?
ആര്‍.എസ്.എസ് പോലൊരു ഫാഷിസ്റ്റ് സംഘടന എങ്ങനെയാണ് അതിന്‍റെ പ്രത്യയശാസ്ത്രം രൂപപ്പെടുത്തിയത് എന്ന് അന്വേഷിക്കുമ്പോഴാണ് മുസോളിനിയും മൂജ്ജേയും തമ്മിലെ ബന്ധം തിരിച്ചറിയാന്‍ കഴിയുക. 1919 മാര്‍ച്ചിലാണ് മൂജ്ജേ മുസോളിനിയുടെ ഫാഷിസ്റ്റ് അക്കാദമി സന്ദര്‍ശിക്കുന്നത്. ഇവര്‍ തമ്മിലെ കൂടിക്കാഴ്ചക്കു ശേഷമാണ് ആര്‍.എസ്.എസ് ഇന്ത്യയില്‍ രൂപവത്കരിക്കുന്നത്. ഇറ്റാലിയന്‍ ചരിത്ര ഗവേഷക മിര്‍സ കലോസാരിയെപ്പോലുള്ളവര്‍ ഇത് സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ട്. ആര്‍.എസ്.എസിന്‍റെ സംഘടനാ സംവിധാനം പരിശോധിച്ചാല്‍തന്നെ മനസ്സിലാകും മുസോളിനിയുടെ ഫാഷിസ്റ്റ് പടയുടെ അതേ അനുകരണമാണ് ഇതെന്ന്. ആര്‍.എസ്.എസിന്‍റെ പ്രത്യയശാസ്ത്ര ഗ്രന്ഥമായ ‘വിചാരധാര’യില്‍ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയെതന്നെ ചോദ്യംചെയ്യുന്നുണ്ട്.
അതുകൊണ്ടുതന്നെ ചൂഷിത വർഗത്തിന്‍റെ പ്രത്യയശാസ്ത്രത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്. സോഷ്യലിസ്റ്റ് ആശയങ്ങള്‍, സമത്വം എന്നിവ ലോകത്ത് ഒരിക്കലും നടപ്പാക്കാന്‍ കഴിയില്ലെന്നു ‘വിചാരധാര’യില്‍ പറയുന്നുണ്ട്. ഇന്ന് കാണുന്ന ദാരിദ്ര്യാവസ്ഥ ദൈവസൃഷ്ടിയാണ്. അതുകൊണ്ട് ദാരിദ്ര്യം ഉണ്ടാകുന്നത് ദൈവത്തെ സേവിക്കാനുള്ള അവസരത്തിനുവേണ്ടിയാണെന്നും ഗോള്‍വാള്‍ക്കര്‍ എഴുതുന്നു. രാജവാഴ്ചയും ചാതുര്‍വർണ്യവുമാണ് ഏറ്റവും അഭികാമ്യമെന്ന് പറയുമ്പോള്‍, ജനാധിപത്യം ജനക്കൂട്ടത്തിന്‍റെ തോന്നിയവാസമായി മാറുമെന്നും ഗോള്‍വാള്‍ക്കര്‍ പ്രത്യയശാസ്ത്രം നിർമിക്കുന്നു.
ദേശീയതയെ സംബന്ധിച്ചും ഗോള്‍വാള്‍ക്കര്‍ ‘വിചാരധാര’യിലെ 12ാം അധ്യായത്തിൽ എഴുതുന്നു. അതിന്‍റ പേര് തന്നെ ദേശീയതയുടെ അടിത്തറ എന്നാണ്. ദേശീയത എന്നാല്‍ ഹിന്ദുത്വമാണെന്നും അത് അംഗീകരിക്കാത്തവര്‍ ദേശവിരുദ്ധരാണെന്നുമാണ് അതില്‍ സമർഥിക്കുന്നത്. ദേശീയ കാഴ്ചപ്പാടുണ്ടാകുന്നത് ജനനവുമായി ബന്ധപ്പെട്ടാണെന്ന വംശീയവാദവും അദ്ദേഹം ഉയര്‍ത്തുന്നുണ്ട്. ഇവിടെ ദേശീയതയെ വംശീയതയുമായി ബന്ധിപ്പിക്കുന്ന കാഴ്ചപ്പാട് ഗോള്‍വാള്‍ക്കര്‍ കൊണ്ടുവരുകയാണ്. ഈ കാഴ്ചപ്പാടുതന്നെയായിരുന്നു ഹിറ്റ്ലറുടെ ആര്യവംശ സിദ്ധാന്തത്തിന്റെയും അടിത്തറ. ലോകത്തെ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രവുമായി ഇന്ത്യന്‍ ഫാഷിസം എങ്ങനെയാണ് ചേര്‍ന്നുനില്‍ക്കുന്നത് എന്ന് ഇതിലൂടെ തിരിച്ചറിയാന്‍ കഴിയും.
ബഹുസ്വരതക്ക് നേരെ കടന്നാക്രമണം
ഇന്ത്യ ഒരു മതാത്മക രാജ്യമാണെന്നും അത് പൂര്‍ണമായും സ്ഥാപിക്കുംവരെ യുദ്ധം ചെയ്യുമെന്നുമാണ് ആര്‍.എസ്.എസ് പ്രഖ്യാപിക്കുന്നത്. ഇതിനെ എതിര്‍ക്കുന്നവരെ കൊലപ്പെടുത്തുക എന്നത് ഇന്ത്യന്‍ ഫാഷിസത്തിന്‍റെ അടിസ്ഥാന സ്വഭാവമാണ്. ഇന്ത്യയില്‍ ഫാഷിസം നിലനില്‍ക്കുന്നത് ഏതെങ്കിലും ഒരു സ്വഭാവത്തില്‍ മാത്രമല്ല. അതിനെ മൂന്നായി തിരിക്കാവുന്നതാണ്. ഇതില്‍ കൂടുതലും സ്വഭാവ സവിശേഷതകള്‍ കണ്ടെത്താവുന്നതാണ്. ഒന്നാമതായി ശ്രേണീബദ്ധമായ ജാതിവ്യവസ്ഥയെ അതുപോലെ നിലനിര്‍ത്താനുള്ള ശ്രമം. രണ്ട് ദേശീയതയെക്കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുക, മൂന്നാമത് നവലിബറല്‍ നയങ്ങളിലൂടെ വികസനമെന്ന മായികവലയം സൃഷ്ടിച്ച് ജനാധിപത്യത്തെ പടിപടിയായി ഇല്ലാതാക്കുക. ഇത്തരത്തില്‍ എല്ലാത്തരം വിമര്‍ശനാത്മകതയെയും ഇല്ലാതാക്കിക്കൊണ്ടാണ് ഫാഷിസം അതിന്‍റെ പ്രയാണം തുടരുന്നത്.
ജ്ഞാനത്തിന്‍റെയും അധികാരത്തിന്‍റെയും മുകളില്‍ ആധിപത്യമുറപ്പിച്ചുകൊണ്ടാണ് ജാതിവ്യവസ്ഥയെ എക്കാലവും ആര്‍.എസ്.എസ് നിലനിര്‍ത്തുന്നത്. അത് അംബേദ്കറെപ്പോലുള്ളവര്‍ നേരത്തേ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് അംബേദ്കര്‍ ബ്രാഹ്മണാധിപത്യത്തിനെതിരെ ബുദ്ധമത സ്വീകരണത്തിലൂടെ അതിനെ പ്രതിരോധിച്ചത്. അംബേദ്കര്‍ക്കും മുമ്പ് ഇന്ത്യന്‍ ദര്‍ശനങ്ങളുടെ ആത്മീയധാരയിലെ അശാസ്ത്രീയത ചോദ്യംചെയ്തവരാണ് ചാര്‍വാകനും ബൃഹസ്പദിയും കണാദനും അടങ്ങുന്ന ദാര്‍ശനികന്മാര്‍. ഇവരില്‍ പലരെയും കൊന്നൊടുക്കുകയും അവരുടെ സിദ്ധാന്തങ്ങളെ പൂര്‍ണമായും നശിപ്പിക്കുകയുമാണ് ബ്രാഹ്മണിസം ചെയ്തത്.
ബ്രാഹ്മണിക്കല്‍ സിദ്ധാന്തങ്ങളോട് സമരോത്സുകമായി ഏറ്റുമുട്ടിയത് ബുദ്ധനാണ്. അത് വലിയ വെല്ലുവിളിയാണ് അവര്‍ക്ക് ഉയര്‍ത്തിയത്. ബുദ്ധന്‍റെ ദാര്‍ശനിക നിലപാടുകള്‍ക്കു മുന്നില്‍ പതറിപ്പോയ ഹിന്ദുത്വവാദികള്‍ ബുദ്ധഭിക്ഷുക്കളെ കൊന്നൊടുക്കാനും ബുദ്ധന് ബദലായി ശങ്കരന്‍റെ അദ്വൈതവാദത്തെ സ്ഥാപിച്ചെടുക്കാനുമാണ് ശ്രമിച്ചത്. ഇത്തരത്തില്‍ ജാതിഘടനയെ അതുപോലെ നിലനിര്‍ത്തുക എന്നത് ഫാഷിസത്തിന്‍റെ അടിസ്ഥാന സ്വഭാവമാണ്. വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്മേലും ഹിന്ദുത്വശക്തികള്‍ ഇപ്പോള്‍ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്ത് ഭക്ഷിക്കണം എന്ന് ഒരാള്‍ക്ക് തീരുമാനിക്കാന്‍ കഴിയാത്ത തരത്തില്‍ ഫാഷിസം ഇന്ത്യന്‍ ജനാധിപത്യത്തിനു നേരെ വെല്ലുവിളി ഉയര്‍ത്തുകയാണ്. ദേശീയത ഒരു രോഗമായി മാറുന്നത് സംഘ്പരിവാര്‍ കാലത്താണ്.
പൂര്‍ണമായും മൂലധന വ്യവസ്ഥക്ക് കീഴ്പ്പെടുന്ന ഭരണകൂടത്തിന് ജനാധിപത്യം ആവശ്യമല്ലാതെ വരും. പതുക്കെ ഭരണകൂടം ഏകാധിപത്യത്തിലൂടെ ജനാധിപത്യത്തെ ഇല്ലാതാക്കും. പ്രത്യക്ഷത്തില്‍ ഇത് തിരിച്ചറിയണമെന്നില്ല. മൂലധനവ്യവസ്ഥക്ക് ഏറ്റവും പ്രധാനമായി വേണ്ടത് അവരുടെ ആവശ്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഭരണകൂടത്തെയാണ്. ഇത് ഭരണഘടനാപരമായി ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യത്ത് നടപ്പാക്കണമെങ്കില്‍ ജനങ്ങള്‍ വിമർശനാവബോധം ഇല്ലാത്തവരായി മാറണം. വിമര്‍ശനങ്ങളെ മുഴുവന്‍ അടിച്ചമര്‍ത്താനാണ് ഇവര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

പശുവിന്‍റെ പേരിലുള്ള ആക്രമണങ്ങള്‍
പശുവിന്‍റെ പേരിലാണ് ഇന്ന് ഇന്ത്യയില്‍ ഫാഷിസ്റ്റുകള്‍ ദലിതരെയും ആദിവാസികളെയും ന്യൂനപക്ഷങ്ങളെയും പിന്നാക്ക വിഭാഗങ്ങളെയും നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുന്നത്. ചത്ത പശുവിന്‍റെ തോലുരിച്ചുവെന്നാരോപിച്ച് ഗോരക്ഷാ സമിതിയുടെ ഗുണ്ടാസംഘം ഏതാനും ദലിത് യുവാക്കളെ ഗുജറാത്തിലെ ഉനയില്‍ നഗ്നരാക്കി മർദിച്ചതുള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ധാരാളം സംഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. 2002ല്‍ ഹരിയാനയില്‍ ചത്ത പശുവിന്‍റെ തോലുരിച്ചതിന്‍റെ പേരില്‍ നാല് ദലിതുകളെ സവർണരായ ഗുണ്ടാസംഘം തല്ലികൊലപ്പെടുത്തി. വീട്ടില്‍ മാട്ടിറച്ചി സൂക്ഷിച്ചുവെന്നാരോപിച്ച് സംഘ്പരിവാറിന്‍റെ നേതൃത്വത്തില്‍ ആള്‍ക്കൂട്ടം യു.പിയിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖിനെ കൊലപ്പെടുത്തുകയും ചെയ്തു.
ഇന്ത്യയില്‍ ആരൊക്കെ ഏതൊക്കെ സമയത്ത് ഗോമാംസം കഴിച്ചിരുന്നു എന്നു ചരിത്രപരമായി അന്വേഷിക്കുകയും അതു സംബന്ധിച്ച് നിരവധി പേര്‍ എഴുതുകയും ചെയ്തിട്ടുണ്ട്. അതില്‍ പ്രധാനമാണ് ഡി.എന്‍. ഝായുടെ ‘വിശുദ്ധ പശു’ (Holy Cow) എന്ന പുസ്തകം. നൂറ്റാണ്ടുകളായി നുണകള്‍ പറഞ്ഞുകൊണ്ടിരിക്കുകയും അതിന്‍റെ സ്ഥാപനത്തിനായി മനുഷ്യരെ കൊന്നൊടുക്കുകയും ചെയ്യുന്ന ഫാഷിസ്റ്റ് തന്ത്രങ്ങളെ തുറന്നുകാട്ടുന്നതാണ് ഈ പുസ്തകം. സവര്‍ണരെല്ലാം പ്രത്യേകിച്ച് ബ്രാഹ്മണരെല്ലാം സസ്യാഹാരികളാണെന്ന വാദത്തെ വേദങ്ങളുടെയും ഇതിഹാസങ്ങളുടെയും അടിസ്ഥാനത്തില്‍ പൊളിച്ചെഴുതുന്നുണ്ട് അദ്ദേഹം. ഗോവ് മാതാവാണ് എന്നു പ്രചാരണം നടത്തുന്നവരെ തെളിവുകള്‍ ചൂണ്ടിക്കാട്ടി അവരുടെ വാദങ്ങളുടെ മുനയൊടിക്കുകയാണ് ഝാ.
ബ്രാഹ്മണരെല്ലാം ഗോമാംസം കഴിച്ചിരുന്നവരായിരുന്നെന്നും ബുദ്ധമതത്തിന്‍റെ സ്വാധീനത്തെ തടയുന്നതിനാണ് അവര്‍ അത് ഉപേക്ഷിച്ചതെന്നുമുള്ള അംബേദ്കറുടെ നിരീക്ഷണം വളരെ പ്രസക്തമാണ്. ഇന്തോ-ആര്യന്മാര്‍ പുറത്തുനിന്നുകൊണ്ടുവന്ന ആചാരമാണ് മൃഗബലി. ആദ്യകാല ആര്യന്മാരില്‍ മൃഗബലി സർവസാധാരണമായിരുന്നു. ‘ഋഗ്വേദ’ത്തില്‍ മൃഗബലിയെക്കുറിച്ചു ഒന്നിൽ കൂടുതല്‍ തവണ ആവര്‍ത്തിച്ചു പറയുന്നുണ്ട്. വേദകാലത്തെ പൊതുയജ്ഞമായിരുന്ന അശ്വമേധത്തില്‍ കുതിരകളെയാണ് ബലി നല്‍കിയിരുന്നത്.
‘മനുസ്മൃതി’യിലും ഇത്തരത്തില്‍ മാംസാഹാരത്തെക്കുറിച്ച് പറയുന്നുണ്ട്. മുന്‍കാല നിയമപുസ്തകങ്ങളിലെന്നപോലെ ആഹാരയോഗ്യമായ മൃഗങ്ങളുടെ ലിസ്റ്റ് ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മൃഗങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതുതന്നെ ബലിക്ക് വേണ്ടിയാണെന്ന് മനു വാദിക്കുന്നു. ആചാരങ്ങള്‍ക്കുവേണ്ടി നടത്തുന്ന ഹത്യ (വധ) ഹത്യയല്ല എന്നാണ് വാദം. മനുവിനെപ്പോലെ യാജ്ഞവല്‍ക്യന്‍ നിയമവിധേയവും നിയമവിരുദ്ധവുമായ ആഹാരത്തെക്കുറിച്ച് പറയുന്നുണ്ട്. ഈ നിലപാടിനെക്കുറിച്ച് വളരെ കുറച്ചുമാത്രമാണ് വിവരിക്കുന്നതെങ്കിലും മനുവില്‍നിന്നു വ്യത്യസ്തമായ നിലപാടാണ് ഇത് എന്ന് പറയാന്‍ കഴിയില്ല. വിവിധ പുരാണങ്ങളിലും മൃഗബലിയുടെ പരാമര്‍ശങ്ങളുണ്ട്. ഗോവിനെ ആരാധിക്കുന്ന രീതി പ്രാചീനകാലം മുതല്‍ നിലനിന്നിരുന്നു എന്ന വാദം പൊള്ളയാണെന്നാണ് ഇതൊക്കെ തെളിയിക്കുന്നത്.

മുസോളിനി
‘മഹാഭാരതം’, ‘രാമായണം’ എന്നീ ഇതിഹാസങ്ങളിലും മാംസഭക്ഷണത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ധാരാളമായി കണ്ടെത്താന്‍ കഴിയും. ‘മഹാഭാരതം വനപർവ’ത്തില്‍ ക്ഷത്രിയര്‍ വന്യമൃഗങ്ങളെ വേട്ടയാടിയിരുന്നത് വിനോദത്തിനു മാത്രമല്ല, ഭക്ഷണത്തിനുവേണ്ടി കൂടി ആയിരുന്നെന്ന് രേഖപ്പെടുത്തുന്നുണ്ട്. രന്തിദേവ രാജാവിന്‍റെ പാചകശാലയില്‍ ദിവസം രണ്ടായിരം പശുക്കളെ കശാപ്പു ചെയ്തിരുന്നതായും ഗോമാംസവും ധാന്യവും ബ്രാഹ്മണര്‍ക്ക് ദാനം നല്‍കി രാജാവ് പ്രശസ്തിയിലേക്കുയര്‍ന്നതായും പറയുന്നുണ്ട്. ഇന്ത്യയില്‍ ബ്രാഹ്മണരും ക്ഷത്രിയരും മാംസം കഴിച്ചിരുന്നു എന്ന യാഥാർഥ്യത്തെ മറച്ചുവെച്ചാണ് ഇപ്പോള്‍ തീവ്ര ഹിന്ദുത്വർ പ്രചാരണം നടത്തുന്നത്. ‘വാല്മീകി രാമായണ’ത്തിലും കന്നുകാലികളടക്കമുള്ള മൃഗങ്ങളെ യജ്ഞത്തിനായും ഭക്ഷണത്തിനായും കൊന്നിരുന്നു. സീതയുടെ മാംസാഹാരത്തോടുള്ള താല്‍പര്യം തുറന്നുകാട്ടുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ‘രാമായണ’ത്തില്‍ കാണാന്‍ കഴിയും.
ബ്രാഹ്മണര്‍ ഗോമാംസം ആദ്യകാലം മുതല്‍ ഉപയോഗിച്ചുവന്നിരുന്നെങ്കിലും പിന്നീട് ഒന്നാം സഹസ്രാബ്ദത്തിന്‍റെ പകുതിയായപ്പോള്‍ ധർമശാസ്ത്രം ഗോഹത്യയെ എതിര്‍ത്തുതുടങ്ങുന്നുണ്ട്. മധ്യകാലഘട്ടത്തില്‍ കാര്‍ഷിക സംസ്കാരത്തിലുണ്ടായ മാറ്റവും അതിനനുസരിച്ച് വാണിജ്യരംഗം പുരോഗമിച്ചതുമാണ് ഇതിന് കാരണമെന്ന് ഝാ നിരീക്ഷിക്കുന്നുണ്ട്. കാര്‍ഷിക സംസ്കാരം പുരോഹിത വര്‍ഗത്തിലേക്ക് കൂടുതല്‍ വ്യാപിച്ചതോടെ കൃഷിയും കന്നുകാലി വളര്‍ത്തലും സജീവമായി. ഇതോടെ ബലിയിലും അനുബന്ധ ആചാരങ്ങളിലും കുടുങ്ങിക്കിടന്ന വേദധർമം പുരാണങ്ങളില്‍ അധിഷ്ഠിതമായ പുതിയൊരു ധർമമായി മാറി. കൃഷിഭൂമിയും കാര്‍ഷികാവശ്യങ്ങള്‍ക്ക് കന്നുകാലികളും ദാനവസ്തുവായതോടെ ഗോഹത്യ നിരോധിക്കേണ്ടത് ആവശ്യമായി മാറി. ഇത്തരമൊരു ഭൂതകാലം നിലനില്‍ക്കുമ്പോഴാണ് യാഥാർഥ്യത്തെ അട്ടിമറിച്ച് നുണയുടെ ചരിത്രം ഹിന്ദുത്വശക്തികള്‍ എഴുതുന്നത്. ഇന്ത്യന്‍ ബഹുസ്വരതയെയും മതേതരത്വത്തെയും ജനാധിപത്യത്തെയും കടന്നാക്രമിക്കാന്‍ അധികാരവും ഭരണഘടനാ അട്ടിമറിയും നടത്തുന്ന ആര്‍.എസ്.എസ് ഹിന്ദുരാഷ്ട്രത്തിലേക്കുള്ള അവരുടെ പാത ഒരുക്കുന്ന ജോലിയാണിപ്പോള്‍ ചെയ്യുന്നത്. രാഷ്ട്രീയവും സാംസ്കാരികവുമായ പ്രതിരോധമാണ് കാലത്തിന്‍റെ ആവശ്യം.
==============
ഗ്രന്ഥസൂചി:
- അഡോള്‍ഫ് ഹിറ്റ് ലര്‍, മെയ്ന്‍ കാംഫ്, (വിവ. ഡോ. ടി.എസ്. ഗിരീഷ് കുമാര്‍), ഡി.സി ബുക്സ് കോട്ടയം.
- ഗുരുജി ഗോള്‍വാള്‍ക്കര്‍, വിചാരധാര (വിവ. പി. മാധവജി), കുരുക്ഷേത്ര, കൊച്ചി.
- കെ.ഇ.എന്‍, നവ ഫാഷിസത്തിന്‍റെ വര്‍ത്തമാനം, ഗൂസ്ബെറി ബുക്സ്, തൃശൂര്‍.
- ഷിജു ഏലിയാസ്, ഇന്ത്യന്‍ ഫാഷിസത്തിനെതിരെ, ചിന്ത തിരുവനന്തപുരം.
- ഡി.എന്‍. ഝാ, വിശുദ്ധ പശു, മാട്രിക്സ് ബുക്സ്
- പി.എന്‍. ഗോപികൃഷ്ണന്‍, ഹിന്ദുത്വരാഷ്ട്രീയത്തിന്‍റെ കഥ, ലോഗോസ് ബുക്സ്, പട്ടാമ്പി
- ഐ. ഗോപിനാഥ് (എഡി.), ആര്‍.എസ്.എസ് ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ 100 വര്‍ഷം, ദ ക്രിട്ടിക് ബുക്സ്, തൃശൂര്‍.
- ഡോ. കെ.എസ്. മാധവന്‍, ജാതി വര്‍ഗം ഹിന്ദുത്വം മാര്‍ക്സ് അംബേദ്കര്‍ ചിന്തകള്‍, പ്രോഗ്രസ് കോഴിക്കോട്.
- ഡോ. ടി.എസ്. ശ്യാംകുമാര്‍, ഹിന്ദുത്വ ഇന്ത്യ, അതര്‍ ബുക്സ് കോഴിക്കോട്.
- അരിഡം സെന്‍, പ്രതിരോധ്യമായിരുന്ന അഡോള്‍ഫ് ഹിറ്റ്ലറുടെ ഉയര്‍ച്ച മോദിയുടെ ഇന്ത്യയില്‍നിന്നൊരു പിന്മാറ്റം, ജനകീയ ശബ്ദം പബ്ലിക്കേഷന്‍ പാലക്കാട്.
- ആര്‍.എസ്.എസ് @ 100 സ്പെഷല്‍ പതിപ്പുകള്‍
- ദ കാരവന്‍, ജൂലൈ 2025
- ഫ്രണ്ട്ലൈന്‍, ഒക്ടോബര്‍ 2025
- ഓപണ്‍, ഒക്ടോബര്‍ 2025
- ഔട്ട്ലുക്, ഒക്ടോബര്‍ 2025

