Begin typing your search above and press return to search.

വിളക്കുകൾ അണഞ്ഞ രാത്രി

വിളക്കുകൾ അണഞ്ഞ രാത്രി
cancel

അടിയന്തരാവസ്​ഥ വ്യക്തിപരമായ ഒാർമകൂടിയാണ്​ മുതിർന്ന മാധ്യമപ്രവർത്തകനും അഭിഭാഷകനുമായ ഡോ. സെബാസ്​റ്റ്യൻ പോളിന്. അദ്ദേഹം ത​ന്റെ വ്യക്തിപരമായ ഒാർമകൾക്കൊപ്പം അടിയന്തരാവസ്​ഥ കാലത്തെക്കുറിച്ചും എഴുതുന്നു.1965ൽ ന്യൂയോർക്കിലും പ്രാന്തപ്രദേശങ്ങളിലും ഒരു രാത്രി മുഴുവൻ നീണ്ടുനിന്ന ബ്ലാക്ക്ഔട്ടിൽ ഉണ്ടായ തമാശകളും അനിഷ്ട സംഭവങ്ങളും പ്രമേയമാക്കി ഹോളിവുഡിൽ നിർമിക്കപ്പെട്ട കോമഡി ചിത്രമാണ് ‘Where Were You When the Lights Went Out?’ ഇന്ത്യയിലെ കുപ്രസിദ്ധമായ അടിയന്തരാവസ്ഥക്ക് പത്തു വർഷം മുമ്പായിരുന്നു ന്യൂയോർക്കിലെ വാർത്താപ്രാധാന്യം നേടിയ ബ്ലാക്ക്ഔട്ട്. വൈദ്യുതി നിലക്കാത്ത നിരന്തര പ്രകാശത്തിന്റെ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
അടിയന്തരാവസ്​ഥ വ്യക്തിപരമായ ഒാർമകൂടിയാണ്​ മുതിർന്ന മാധ്യമപ്രവർത്തകനും അഭിഭാഷകനുമായ ഡോ. സെബാസ്​റ്റ്യൻ പോളിന്. അദ്ദേഹം ത​ന്റെ വ്യക്തിപരമായ ഒാർമകൾക്കൊപ്പം അടിയന്തരാവസ്​ഥ കാലത്തെക്കുറിച്ചും എഴുതുന്നു.

1965ൽ ന്യൂയോർക്കിലും പ്രാന്തപ്രദേശങ്ങളിലും ഒരു രാത്രി മുഴുവൻ നീണ്ടുനിന്ന ബ്ലാക്ക്ഔട്ടിൽ ഉണ്ടായ തമാശകളും അനിഷ്ട സംഭവങ്ങളും പ്രമേയമാക്കി ഹോളിവുഡിൽ നിർമിക്കപ്പെട്ട കോമഡി ചിത്രമാണ് ‘Where Were You When the Lights Went Out?’ ഇന്ത്യയിലെ കുപ്രസിദ്ധമായ അടിയന്തരാവസ്ഥക്ക് പത്തു വർഷം മുമ്പായിരുന്നു ന്യൂയോർക്കിലെ വാർത്താപ്രാധാന്യം നേടിയ ബ്ലാക്ക്ഔട്ട്. വൈദ്യുതി നിലക്കാത്ത നിരന്തര പ്രകാശത്തിന്റെ നഗരമായതുകൊണ്ടാണ് ന്യൂയോർക്കിലെ ബ്ലാക്ക്ഔട്ടിനു വാർത്താപ്രാധാന്യമുണ്ടായത്. അടിയന്തരാവസ്ഥയെന്ന ട്രാജി-കോമഡിക്കുശേഷം ആരെ വിലയിരുത്തേണ്ടിവരുമ്പോഴും മാനദണ്ഡമായി ഞാൻ ഈ സിനിമയുടെ പേരാണ് ചോദിക്കുന്നത്. ഭരണഘടന കരിന്തിരി കത്തുകയും റിപ്പബ്ലിക്കിന്റെ വിളക്കുകൾ അണയുകയും ചെയ്തപ്പോൾ പ്രിയ സുഹൃത്തേ താങ്കൾ എവിടെയായിരുന്നു?

ആരോ ടൊപ്പമാണ് ആ രാത്രി താങ്കൾ ശയിച്ചത്? വെളിച്ചം വന്നപ്പോൾ ജാഗ്രതക്കാവശ്യമായ മനസ്താപമോ തിരിച്ചറിവോ നിങ്ങൾക്കുണ്ടായോ? ഇനിയും വൈദ്യുതി നിലച്ചാൽ ഉപയോഗിക്കുന്നതിന് ഒരു എമർജൻസി വിളക്ക് ചാർജ് ചെയ്ത് വെക്കണമെന്ന മുൻകരുതൽ നിങ്ങൾക്കുണ്ടായോ? 1977ൽ ജനതാ പാർട്ടിക്ക് ആ കരുതൽ ഉണ്ടായതുകൊണ്ടാണ് തുടർന്നുള്ള കാലത്ത് അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യങ്ങൾ ഉണ്ടാകുമ്പോഴും അത് അപ്രഖ്യാപിതമായിരിക്കുന്നത്. അനുഭവത്തിന്റെ വെളിച്ചത്തിൽ ഭരണഘടനയുടെ പ്രതിരോധശക്തി വർധിപ്പിച്ചതുകൊണ്ടാണ് അടിയന്തരാവസ്ഥക്ക് സമാനമായ അവസ്ഥകളെ നമുക്ക് പ്രതിരോധിക്കാൻ കഴിയുന്നത്.

സ്വാതന്ത്ര്യത്തിന്റെ വിളക്കുകൾ പൊടുന്നനെ അണയുകയും ഏകാധിപത്യത്തിന്റെ ഇരുട്ട് നാടിനെയാകെ ആവരണം ചെയ്യുകയുംചെയ്ത അവസ്ഥ. അതാണ് ഏകാധിപതിയുടെ കാലം. ഏകാധിപതി എങ്ങനെയുണ്ടാകുന്നുവെന്ന് അന്നും ഇന്നും എപ്പോഴും ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. വിവേകമുള്ള ജനങ്ങൾ എങ്ങനെയാണ് അവിവേകിയായ ഏകാധിപതിക്ക് കീഴ്പെടുന്നത്. ഏകാധിപതിയുടേത് സ്വാഭാവികമായ ജനനമല്ല. ചുറ്റിയും പറ്റിയും നിൽക്കുന്ന ആരൊക്കെയോ ചേർന്ന് സാഹചര്യങ്ങളുടെയും അഭീഷ്ടങ്ങളുടെയും കൃത്രിമമായ സങ്കലനത്തിലൂടെ ജന്മം കൊടുക്കുന്ന വിചിത്രസൃഷ്ടിയാണത്. തോമസ് ഹോബ്സ് വിഭാവനചെയ്ത അധികാരത്തിന്റെ സമഗ്രതയിലാണ് ലെവിയാത്തൻ എന്ന ഏകാധിപത്യമൂർത്തി സൃഷ്ടിക്കപ്പെടുന്നത്. ഏകാധിപത്യം ഭ്രാന്താണ്.

സമ്പൂർണമായ ഉന്മൂലനമല്ലാതെ ചികിത്സയില്ലാത്ത പേ. ഹിറ്റ്ലറെപ്പോലെ ഒരു ഏകാധിപതിയുടെ ഭ്രാന്തമായ നൃശംസതക്കും അർഥമില്ലാത്ത ചപലതകൾക്കും പക്വതയെത്തിയ വിവേകശാലികളായ മനുഷ്യർ എങ്ങനെയാണ് വഴങ്ങിക്കൊടുക്കുന്നത്? നീറോയുടെയും കലിഗുളയുടെയും ഭ്രാന്തമായ അനുശാസനങ്ങൾ എങ്ങനെ അനുസരിക്കപ്പെട്ടു? തുഗ്ലക്കിന്റെ അപ്രായോഗികമായ നിർദേശങ്ങൾ സ്വീകരിക്കുന്നതിന് എപ്രകാരമാണ് നിർവാഹകരുണ്ടായത്? 1975ൽ അതിനുള്ള ഉത്തരം കിട്ടി. അധികാരത്തോട്,​ പ്രത്യേകിച്ച് ഉത്തരവാദിത്തമില്ലാത്ത അമിതാധികാരത്തോട്,​ ചേർന്നും വിധേയപ്പെട്ടും കഴിയുമ്പോൾ ആസ്വദിക്കുന്ന ആത്മരതിയുടെ സുഖം അനിർവചനീയമാണെന്ന് അവരുടെ വാക്കിലും പ്രവൃത്തിയിലുംനിന്ന് ഊഹിച്ചെടുക്കാം.

‘‘ഇന്ദിരയെന്നാലിന്ത്യ,​ ഇന്ത്യയെന്നാലിന്ദിര’’ (Indira is India, India is Indira) എന്ന് കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ബറുവ പറഞ്ഞത് വിചിത്രവും ജനാധിപത്യത്തിൽ അപകടകരവും അസ്വീകാര്യവുമായ ഈ മാനസികാവസ്ഥയിലാണ്. ഫ്രാൻസിലെ ലൂയി പതിനാലാമൻ പ്രസിദ്ധമാക്കിയ ‘I am the state’ എന്ന പ്രയോഗത്തിൽനിന്ന് രൂപപ്പെട്ടതെന്ന് കരുതാവുന്ന അശ്ലീലത്തോളമെത്തുന്ന ഇന്ദിരാസ്തുതി അടിയന്തരാവസ്ഥക്ക് തൊട്ടു മുമ്പും പിന്നെ അടിയന്തരാവസ്ഥയിലും കോൺഗ്രസുകാർ,​ പ്രത്യേകിച്ച് യൂത്ത് കോൺഗ്രസുകാർ,​ അഭിനവ പാണന്മാരെപ്പോലെ നാടെങ്ങും പാടിനടന്നു.

1975 ജൂൺ 25 രാത്രി 11.45നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടുള്ള വിളംബരത്തിൽ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹ്മദ് ഒപ്പിട്ടത്. വാസ്തവത്തിൽ അദ്ദേഹം ഒപ്പിട്ടത് 26ന് രാവിലെ ഏഴു മണിക്കായിരുന്നു എന്നു പറയുന്നവരുണ്ട്. തലേന്നു രാത്രിതന്നെ തുടങ്ങിയ അറസ്റ്റുകൾ ന്യായീകരിക്കുന്നതിനുവേണ്ടിയാണ് ഒപ്പു​െവച്ച സമയം 11.45 ആക്കിയത്. എന്തിനും തയാറായിരുന്നു രാഷ്ട്രപതി എന്നർഥം. വേണ്ടത്ര ആലോചനയില്ലാതെ തിടുക്കത്തിലുണ്ടായ യാന്ത്രികനടപടി എന്ന അർഥത്തിലാണ് ഇന്ത്യൻ എക്സ്പ്രസിൽ അബുവിന്റെ രാഷ്ട്രപതി ഭവനിലെ കുളിത്തൊട്ടിക്കാർട്ടൂണുണ്ടായത്. കാർട്ടൂണും വാർത്താചിത്രവും തമ്മിലുള്ള വ്യത്യാസം മറന്ന് രാഷ്ട്രപതിയുടെ കുളിയെ യഥാർഥമായാണ് ജനം കണ്ടത്. നിക്ക് ഊട്ടിന്റെ വിയറ്റ്നാം ചിത്രംപോലെ വ്യാപനശേഷിയുള്ള ഐതിഹാസിക പരിവേഷം ആ കാർട്ടൂണിനു കൈവന്നു. വാസ്തവത്തിൽ ആ സമയത്ത് രാഷ്ട്രപതി കുളിക്കുന്നുണ്ടായിരുന്നില്ല.

എങ്കിലും വിജ്ഞാപനത്തിൽ ഒപ്പിട്ടതിനുശേഷം പീലാത്തോസിനെപ്പോലെ ഒരു ശുദ്ധിപാത്രത്തിലെങ്കിലും അദ്ദേഹത്തിന് കൈ കഴുകാമായിരുന്നു. ഒരുപക്ഷേ കഴുകിയിട്ടുണ്ടാകാം. കാരണം ജനാധിപത്യത്തെ കുരിശിലേറ്റുന്ന കടലാസിലാണ് താൻ ഒപ്പു​െവച്ചതെന്ന ബോധ്യം അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ടാകണം. അടിയന്തരാവസ്ഥക്ക് ഉത്തരവാദി രാഷ്ട്രപതിയാണെന്ന പ്രതീതി കാർട്ടൂണിലൂടെ ഉണ്ടായെങ്കിലും പ്രധാനമന്ത്രിയുടെ ഉപദേശമനുസരിച്ച് ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് ഫക്രുദ്ദീൻ അലി അഹ്മദ് ചെയ്തത്. ഇനിയുമുണ്ടെങ്കിൽ ഇരിക്കാൻ പറയൂ എന്നാണ് കുളിത്തൊട്ടിയിൽ കിടന്ന് സോപ്പ് പതപ്പിച്ചുകൊണ്ട് അതീവമായ ലാഘവത്തോടെ വിധേയനായ രാഷ്ട്രപതി പറയുന്നത്. ദൃശ്യം സാങ്കൽപികമാണെങ്കിലും അന്നത്തെ അവസ്ഥയുടെ നേർക്കാഴ്ചയാണ്. യാഥാർഥ്യം സങ്കൽപത്തേക്കാൾ വിചിത്രമാകുന്ന അപൂർവമായ അവസ്ഥയായിരുന്നു അത്. സുഖകരമായ നിദ്രയിലാണ്ടുപോയിരുന്ന രാഷ്ട്രം അടിയന്തരാവസ്ഥയെക്കുറിച്ചറിഞ്ഞത് 26ന് രാവിലെ റേഡിയോയിൽനിന്നായിരുന്നു.

പത്രങ്ങൾക്ക് വാർത്ത അച്ചടിക്കുന്നതിന് പിന്നെയും ഒരു ദിവസംകൂടി കാക്കേണ്ടിവന്നു. സെൻസർഷിപ്പിനു പുറമേ ഡൽഹിയിലെ പത്രങ്ങളുടെ അച്ചടി തടഞ്ഞുകൊണ്ട് ബഹാദൂർ ഷാ സഫർ മാർഗിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുകയുംചെയ്തിരുന്നു. ഡൽഹിയിലെ ഫ്ലീറ്റ് സ്ട്രീറ്റാണ് ബഹാദൂർ ഷാ സഫർ മാർഗ്. അവിടെയാണ് ‘ഹിന്ദുസ്ഥാൻ ടൈംസ്’ ഒഴികെയുള്ള പത്രങ്ങൾ അച്ചടിച്ചിരുന്നത്. അടുത്ത ദിവസം ‘ഇന്ത്യൻ എക്സ്പ്രസി’ന്റെ ഒന്നാംപേജിലെ ദ്വയാർഥത്തിലുള്ള തലക്കെട്ട് THE POWER-LESS PRESS എന്നായിരുന്നു. മുകളിൽ പരാമർശിച്ച സിനിമയുടെ പേര് അന്വർഥമാക്കിക്കൊണ്ട് ഡൽഹി ബ്ലാക്ക്ഔട്ടിലായിരുന്നു. നേരം പുലരുംമുമ്പ് നാടൊട്ടുക്ക് നടന്ന പൊലീസ് ഓപറേഷനാണ് അരുതാത്തതെന്തോ സംഭവിക്കുന്നുവെന്ന ഭീതി ജനങ്ങളിലുണ്ടാക്കിയത്. വീടുകളിൽ ഉറക്കമുണർന്നവർ പൊലീസിന്റെ സാന്നിധ്യം കണ്ട് അമ്പരന്നു. തമ്പാൻ തോമസിന്റെ വിവരണത്തിൽനിന്നാണ് ആ അവസ്ഥയുടെ ഹാസ്യവും ഭീതിദമായ അമ്പരപ്പും ഞാനറിഞ്ഞത്. ഡൽഹിയിൽ അരങ്ങേറിയത് രാജ്യമൊട്ടുക്ക് ആവർത്തിച്ചു.

 

േജാർജ്​ ഫെർണാണ്ടസ്​ അറസ്​റ്റിലായപ്പോൾ

ഞാനന്ന് ഇന്ത്യൻ എക്സ്പ്രസിന്റെ തിരുവനന്തപുരത്തെ ലേഖകനായിരുന്നു. അറിഞ്ഞ കാര്യങ്ങളിൽ ഉത്കണ്ഠയോടെ രാവിലെ സെക്രട്ടേറിയറ്റ് വഴി ശാന്തിനഗറിലെ ഓഫിസിലേക്കു പോകുമ്പോഴാണ് സർവോദയ നേതാവ് എം.പി. മന്മഥൻ നയിക്കുന്ന ചെറുജാഥ പോസ്റ്റ് ഓഫിസ് ജങ്ഷനിലേക്ക് നീങ്ങുന്നതു കണ്ടത്. അടിയന്തരാവസ്ഥക്കെതിരെയുള്ള പ്രതിഷേധ ജാഥയായിരുന്നു അത്. മുദ്രാവാക്യങ്ങൾ ശ്രദ്ധിച്ചുകൊണ്ട് ഞാനും അവർക്കൊപ്പം നടന്നു. പാഞ്ഞുവന്ന പൊലീസ് പ്രതിഷേധിച്ചവരെ വാഹനത്തിലാക്കി. എന്റെ സുഹൃത്ത് കൂടിയായ ഐബി ഉദ്യോഗസ്ഥൻ ദയാനന്ദൻ തടുത്തതുകൊണ്ടാണ് ഞാൻ അക്കൂട്ടത്തിൽപെടാതിരുന്നത്. പെട്ടിരുന്നെങ്കിൽ എന്റെ രാഷ്ട്രീയവളർച്ച മറ്റൊരു രീതിയിൽ ആകുമായിരുന്നു. രാഷ്ട്രീയ പാർട്ടികൾക്കൊന്നും കഴിയാതിരുന്ന പൊടുന്നനെയുള്ള പ്രതികരണമായിരുന്നു മന്മഥന്റേത്. സർവോദയ മണ്ഡലത്തിന്റെ കേരളത്തിലെ അധ്യക്ഷസ്ഥാനമൊഴിഞ്ഞ് അദ്ദേഹം ജയപ്രകാശ് നാരായണിന്റെ ലോക സംഘർഷ സമിതിയുടെ കേരളത്തിലെ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത സമയമായിരുന്നു അത്. ഇന്ദിര ഗാന്ധിയുടെ ചേലത്തുമ്പിൽ തൂങ്ങി അധികാരത്തിന്റെ മധുരം നുണയുന്ന അനുഭൂതിയിലായിരുന്നു സി.പി.ഐ. ദേശീയതലത്തിൽ അവർ അടിയന്തരാവസ്ഥയെ അനുകൂലിക്കുകയായിരുന്നു. അന്ന് കേരളത്തിൽ സി.പി.ഐ ഭരണപക്ഷത്തും സി.പി.എം പ്രതിപക്ഷത്തുമായിരുന്നു. സി. അച്യുതമേനോൻ മുഖ്യമന്ത്രി,​ ഇ.എം.എസ് പ്രതിപക്ഷ നേതാവ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സി.പി.എം പ്രവർത്തകർ പാർട്ടിയുടെ ആഹ്വാനമില്ലാതെ പ്രതിഷേധപ്രകടനങ്ങൾ നടത്തുന്നുണ്ടായിരുന്നു. വലിയതോതിൽ പ്രവർത്തകർ അറസ്റ്റിലാകുന്നുണ്ടായിരുന്നു. സെക്രട്ടേറിയറ്റിലെ പ്രസ് റൂമിലിരുന്ന് പൊലീസ് കേന്ദ്രങ്ങളിൽനിന്ന് ലഭിച്ച വിവരങ്ങളുമായി ഓഫിസിലെത്തി മന്മഥനും അനുയായികളും അറസ്റ്റിൽ,​ അടിയന്തരാവസ്ഥക്കെതിരെ പ്രതിഷേധം എന്ന വാർത്ത ടൈപ് ചെയ്തു കഴിഞ്ഞപ്പോഴാണ് അത്തരം വാർത്തയൊന്നും സെൻസർ അനുവദിക്കില്ലെന്ന വിവരം കിട്ടിയത്.

അപരിചിതമായ സാമുദ്രിക പ്രതിഭാസം സൂനാമിയാണെന്ന തിരിച്ചറിവ് പെട്ടെന്നുണ്ടായതുപോലെ അടിയന്തരാവസ്ഥ,​ സെൻസർഷിപ്,​ പ്രീ സെൻസർഷിപ് തുടങ്ങിയ പദങ്ങളുമായി പൊടുന്നനെ എല്ലാവരും പൊരുത്തപ്പെടുകയായിരുന്നു. ജെയിംസ് അഗസ്റ്റസ് ഹിക്കിയുമായി ഗവർണർ ജനറൽ വാറൻ ഹേസ്റ്റിങ്സ് ഏറ്റുമുട്ടാൻ തുടങ്ങിയ കാലം മുതൽ ഇന്ത്യൻ പത്രലോകത്തിന് പരിചയമുള്ള ഭരണകൂട നിയന്ത്രണസംവിധാനമായിരുന്നു സെൻസർഷിപ്. 1780 നവംബറിലായിരുന്നു ബംഗാൾ ഗസറ്റിനെതിരെ ആദ്യമായി സെൻസർഷിപ് പ്രയോഗിച്ചത്. കാര്യങ്ങൾ അറിയും​േതാറും ഞാൻ അനുഭവിച്ച വ്യഥ മുതിർന്ന പത്രപ്രവർത്തകർക്ക് ഉണ്ടായതായി തോന്നിയില്ല.

വിമോചനസമരകാലത്ത് തിരുച്ചിറപ്പള്ളിയിൽനിന്ന് തിരുവനന്തപുരത്തെത്തിയ എസ്.കെ. അനന്തരാമനായിരുന്നു ഇന്ത്യൻ എക്സ്പ്രസിന്റെ സ്പെഷൽ കറസ്പോണ്ടന്റ്. മലയാള മനോരമയുടെ പ്രതിനിധിയായി മത്തായി മാഞ്ഞൂരാനോടൊത്ത് പ്രവർത്തിച്ച രാഷ്ട്രീയ പശ്ചാത്തലമുള്ള കെ.ആർ. ചുമ്മാർ ഉണ്ടായിരുന്നു. കെ. വിജയരാഘവൻ ആയിരുന്നു ‘കേരള കൗമുദി’യുടെ രാഷ്ട്രീയ ലേഖകൻ. ‘മാതൃഭൂമി’യിൽ പി.ആർ. വാര്യരും ‘ദീപിക’യിൽ കെ.സി. സെബാസ്റ്റ്യനും ‘എക്സ്പ്രസി’ൽ ടി.ഒ. ചെറുവത്തൂരും ഉണ്ടായിരുന്നു. ആർക്കും പ്രകടമായ ഭാവവ്യത്യാസം കാണാതിരുന്നത് പത്രപ്രവർത്തകർക്ക് അവശ്യം വേണ്ടതായ നിർമമത നിമിത്തമായിരിക്കുമെന്ന് ഞാൻ കരുതി. എന്നാൽ, എന്റെ അവസ്ഥ അതായിരുന്നില്ല. പക്വതയിലെത്താത്ത പ്രായം ആയിരുന്നതുകൊണ്ടാവാം എന്റെ മനസ്സ് പ്രക്ഷുബ്ധവും വിഹ്വലവുമായി.

അടിയന്തരാവസ്ഥയുടെ ആദ്യദിവസം ഉച്ചകഴിഞ്ഞ് കാര്യവട്ടം യൂനിവേഴ്സിറ്റി കാമ്പസിൽ പൊളിറ്റിക്കൽ സയൻസ് എം.എയുടെ വൈവ വോസിയിൽ എനിക്ക് പങ്കെടുക്കേണ്ടതുണ്ടായിരുന്നു. രണ്ടാമത്തെ എം.എ ആയിരുന്നതുകൊണ്ടും അത് വളരെ അത്യാവശ്യമുള്ള കാര്യം അല്ലാതിരുന്നതുകൊണ്ടും ഞാനത് ഉപേക്ഷിച്ചു. അടുത്ത ദിവസം മനസ്സ് അൽപം ശാന്തമായപ്പോൾ ഞാൻ കാര്യവട്ടത്തു പോയി. അന്നും തുടരുന്ന വൈവയിൽ പങ്കെടുക്കാൻ അനുവാദം കിട്ടി. അടിയന്തരാവസ്ഥയെക്കുറിച്ചു മാത്രമായിരുന്നു അന്നത്തെ ചോദ്യങ്ങൾ. അവക്കുള്ള ഉത്തരമാകട്ടെ അധ്യാപകരേക്കാൾ നന്നായി എനിക്കറിയാമായിരുന്നു. തലേദിവസം ഞങ്ങളിറക്കിയ ഒറ്റ ഷീറ്റ് പത്രത്തെക്കുറിച്ചായിരുന്നു ഒരു ചോദ്യം. ജയപ്രകാശ് നാരായൺ,​ മൊറാർജി ദേശായി,​ രാജ് നാരായൺ എന്നിങ്ങനെ അറസ്റ്റിലായ എല്ലാ നേതാക്കളുടെയും പടം നിരത്തിക്കൊണ്ടായിരുന്നു പേജ് ലേഔട്ട്. പേജ് പ്രസിലേക്ക് പോകുമ്പോഴാണ് അറസ്റ്റിലായ നേതാക്കളുടെ പേര് പരസ്യപ്പെടുത്തുന്നത് വിലക്കിക്കൊണ്ട് സെൻസറുടെ ഉത്തരവുണ്ടായത്. പബ്ലിക് റിലേഷൻസ് ഡയറക്ടർ ജി. വിവേകാനന്ദനായിരുന്നു കേരളത്തിലെ മുഖ്യ സെൻസർ. നോവലിസ്റ്റ് വിവേകാനന്ദൻതന്നെ.

അദ്ദേഹത്തെ പിന്തുടർന്ന് തോട്ടം രാജശേഖരൻ സെൻസറായി. പേരിനു മാത്രമാണ് വിലക്കെന്നും പടം അച്ചടിക്കുന്നതിന് വിലക്കില്ലെന്നുമുള്ള ന്യൂസ് എഡിറ്റർ കെ. ശിവറാമിന്റെ ദുർവ്യാഖ്യാനത്തോടെ പേരുകൾ മാറ്റി ചിത്രങ്ങൾ നിലനിർത്തി സപ്ലിമെന്റ് അച്ചടിച്ചു. വാസ്തവത്തിൽ പേരിനു മാത്രമുള്ള വിലക്കായിരുന്നില്ല അത്. അയക്കാവുന്ന അത്രയും കോപ്പി വിമാനമാർഗം കൊച്ചിയിൽനിന്ന് തിരുവനന്തപുരത്തെത്തിച്ചു. ഫോർട്ട്കൊച്ചിയിൽ അച്ചടിക്കുന്ന പത്രം വില്ലിങ്ടൺ ഐലൻഡിലെ വിമാനത്താവളത്തിൽ എത്തിക്കാൻ എളുപ്പമായിരുന്നു. മറ്റെവിടേക്കും വിമാനസർവിസ് ഇല്ലായിരുന്നു.

‘ഇന്ത്യൻ എക്സ്പ്രസി’ന് കേരളത്തിൽ മറ്റെവിടെയും എഡിഷനും ഇല്ലായിരുന്നു. 25 പൈസ വിലയിട്ടിരുന്ന പത്രം അഞ്ചു രൂപക്കാണ് വൈകുന്നേരമായപ്പോൾ തെരുവിൽ വിറ്റത്. ടെലിവിഷനും ഇന്റർനെറ്റും ഇല്ലാതിരുന്ന കാലത്ത് അതിപ്രധാന വാർത്തകൾ ഇത്തരം ഒറ്റ ഷീറ്റ് സപ്ലിമെന്റിലൂടെ വായനക്കാരെ അറിയിക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. അടിയന്തരാവസ്ഥയുടെ ഓർമയിൽ ചിലർ ആ വിനീതമായ കടലാസ് ഇന്നും സ്വതന്ത്രമായ പത്രത്തിന്റെ അവശേഷമെന്ന നിലയിൽ സൂക്ഷിക്കുന്നുണ്ട്. അത്തരം സൂക്ഷിപ്പുകളെ കലക്ടേഴ്സ് ഐറ്റം എന്നാണ് വിശേഷിപ്പിക്കുന്നത്.

* * *

OBITUARY

“O’Cracy, D.E.M.,

beloved husband of T. Ruth, loving father of L.I. Bertie,

brother of Faith, Hope and Justicia, expired on June 26.

1975 ജൂൺ 28ന്,​ അടിയന്തരാവസ്ഥയുടെ മൂന്നാം ദിവസം. മുംബൈ ‘ടൈംസ് ഓഫ് ഇന്ത്യ’യിൽ പ്രത്യക്ഷപ്പെട്ട ക്ലാസിഫൈഡ് പരസ്യമാണിത്. പാലക്കാട്ടുകാരനായ അശോക് മഹാദേവൻ എന്ന 26കാരൻ അനുഭവിച്ച അടക്കാനാവാത്ത അസ്വസ്ഥതയിൽനിന്നുണ്ടായ കുസൃതിയായിരുന്നു അത്. ഇരുപത് രൂപ മുടക്കി പ്രസിദ്ധപ്പെടുത്തിയ ആ 22 വാക്കുകൾ സെൻസറുടെ കണ്ണു വെട്ടിച്ച് അടിയന്തരാവസ്ഥ​െക്കതിരെ നടത്തിയ ഏറ്റവും മികച്ച ഒറ്റയാൾ പ്രകടനമായി. റീഡേഴ്സ് ഡൈജസ്റ്റ് ഇന്ത്യൻ എഡിഷന്റെ ​െഡപ്യൂട്ടി എഡിറ്ററായിരുന്നു മഹാദേവൻ. ഏതോ ഗോവൻ കുടുംബത്തിന്റെ ചരമ അറിയിപ്പായി മാത്രമാണ് സെൻസർ ആ പരസ്യത്തെ കണ്ടത്. പരസ്യമായതുകൊണ്ട് ചിലപ്പോൾ കണ്ടിരിക്കാനും ഇടയില്ല. പ്രകടിപ്പിക്കാൻ അവസരമോ അനുവാദമോ ഇല്ലാത്ത അസ്വസ്ഥതയിൽനിന്നുണ്ടാകുന്ന പ്രതികരണത്തിന് അക്കാലത്ത് ജനം പലതരത്തിലുള്ള ആവിഷ്കാര മാർഗങ്ങൾ കണ്ടെത്തിയിരുന്നു.

അത്യാഹിതകാലത്ത് എല്ലാം മനസ്സിലാക്കുന്നതിനുള്ള ആന്തരികശക്തിയും വിശകലനപാടവവും ജനം ആർജിക്കും. അപകടാവസ്ഥയിൽ ഇരകൾക്ക് സ്വാഭാവികമായുണ്ടാകുന്ന ജന്തുസഹജമായ ഘ്രാണശക്തി സെൻസർ എന്ന ബ്യൂറോക്രാറ്റിക് യന്തിരന് ഉണ്ടാവണമെന്നില്ല. ഭൂചലനം വരുന്നുവെന്ന് തൊഴുത്തിൽ കെട്ടിയിരിക്കുന്ന പശു ആദ്യം മനസ്സിലാക്കും. കെട്ടില്ലാത്ത പശുക്കൾ രക്ഷപ്പെടും. ഭൂമി ഇളകുമ്പോൾ മാത്രമാണ് ഉടമക്ക് തിരിച്ചറിവുണ്ടാകുന്നത്. ഉടമ ഒന്നും മുൻകൂട്ടി അറിയണമെന്നില്ല. വനപാതയിൽ പതിയിരിക്കുന്ന അപകടത്തെക്കുറിച്ച് സഹജന്തുക്കൾക്ക് മുന്നറിയിപ്പ് നൽകുന്നതിനുള്ള കമ്യൂണിക്കേഷൻ സിസ്റ്റം കാട്ടിലെ ജന്തുക്കൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് ‘സാപ്പിയൻസ്’ എന്ന പുസ്തകത്തിൽ യുവാൽ നോവ ഹരാരി പറയുന്നു. അത്യാഹിതവേളയിൽ മനുഷ്യനും ഗത്യന്തരമില്ലാതെ അത്തരം ചില തന്ത്രങ്ങൾ പ്രയോഗിക്കുമെന്ന് അടിയന്തരാവസ്ഥ തെളിയിച്ചു.

 

അടിയന്തരാവസ്ഥ ട്രാജഡിയും അതേസമയം കോമഡിയുമായിരുന്നു. നേതാക്കൾ അറസ്റ്റിലായപ്പോൾ അവരുടെ പേരോ പടമോ പ്രസിദ്ധപ്പെടുത്താൻ പത്രങ്ങൾക്ക് അനുവാദം ഉണ്ടായിരുന്നില്ല. ആരെല്ലാമാണ് അറസ്റ്റിലായതെന്നോ അവർ ഏതു ജയിലിലാണെന്നോ അറിയാനും അറിയിക്കാനും മാർഗമില്ലായിരുന്നു. ആരെന്ന് ഇനിയും അറിഞ്ഞിട്ടില്ലാത്ത ഒരാൾ വിലക്ക് മറികടക്കുന്നതിന് കണ്ടുപിടിച്ച ഉപായം സിലോൺ റേഡിയോയുടെ നിങ്ങൾ ആവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങൾ എന്ന ജനപ്രിയ പരിപാടിയായിരുന്നു. പാട്ട് ആവശ്യപ്പെടുന്നവരുടെ പേരും സ്ഥലവും പരിപാടിയിൽ ദീർഘമായി പറഞ്ഞിരുന്നു. ചലച്ചിത്ര ഗാനങ്ങൾ കേൾക്കാൻ അന്യഥാ സൗകര്യം കുറവായിരുന്ന അക്കാലത്ത് സിലോൺ റേഡിയോക്ക് കേരളത്തിൽ വ്യാപകമായി ശ്രോതാക്കളുണ്ടായിരുന്നു. ‘‘കനകസിംഹാസനത്തിൽ കയറിയിരിക്കുന്നവൻ ശുനകനോ വെറും ശുംഭനോ’’ എന്ന ഗാനം ആവശ്യപ്പെട്ടുകൊണ്ട് നിരവധി കത്തുകൾ കൊളംബോയിലെ നിലയത്തിലെത്തി.

ഓരോ സെൻട്രൽ ജയിലിന്റെയും സ്ഥലപ്പേര് പറഞ്ഞുകൊണ്ട് അവിടെ തടവുകാരായി കഴിയുന്ന നേതാക്കളുടെ പേരുകളാണ് ശ്രോതാക്കൾ കേട്ടത്. കണ്ണൂർ പള്ളിക്കുന്നിൽനിന്ന് പിണറായി വിജയൻ,​ കോടിയേരി ബാലകൃഷ്ണൻ,​ ഇ.കെ. ഇമ്പിച്ചി ബാവ,​ എം.വി. രാഘവൻ,​ പൂജപ്പുരയിൽനിന്ന് വി.എസ്. അച്യുതാനന്ദൻ,​ വിയ്യൂർനിന്ന് പി. പരമേശ്വരൻ,​ അരങ്ങിൽ ശ്രീധരൻ,​ തമ്പാൻ തോമസ്,​ എ.പി. വർക്കി,​ എം.എം. ലോറൻസ് എന്നിങ്ങനെ വലിയൊരു ലിസ്റ്റ് വായിച്ചതിനുശേഷം അവർ ആവശ്യപ്പെടുന്ന ഗാനം എന്ന രീതിയിലായിരുന്നു ഗാനം ആവശ്യപ്പെട്ട ശ്രോതാക്കളുടെ പേരുകൾ റേഡിയോ നിലയം പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്നത്. അടിയന്തരഘട്ടങ്ങളിൽ ലഭിക്കുന്ന കോഡ് വായിച്ചെടുക്കാൻ ജനങ്ങൾക്ക് പ്രത്യേകമായ വൈഭവമുണ്ട്. ഡാവിഞ്ചി കോഡിന്റെ നിർധാരണംപോലെയാണത്. കർശനവും കർക്കശവുമായ സെൻസർഷിപ്പിന് പത്രങ്ങൾ വിധേയമായ അക്കാലത്ത് കാര്യങ്ങൾ അറിയുന്നതിനും അറിയിക്കുന്നതിനും നവീനവും ഭാവനാപൂർണവുമായ മാർഗങ്ങൾ ജനങ്ങൾ കണ്ടെത്തി. ഇന്റർനെറ്റിന്റെ ആവിർഭാവത്തിന് മുമ്പുള്ള കാലമായിരുന്നു അത്. മലയാളി ആയിരുന്നിട്ടും അവതാരക സരോജിനി ശിവലിംഗത്തിന് പാട്ടിലെ തന്ത്രവും കുസൃതിയും മനസ്സിലായില്ല.

നരേന്ദ്ര മോദിയുടേതിൽനിന്ന് വ്യത്യസ്തമായി പ്രഖ്യാപിത അടിയന്തരാവസ്ഥയായിരുന്നു ഇന്ദിര ഗാന്ധിയുടേത്. ഒരർഥത്തിൽ അത്രയും സത്യസന്ധത അവർ പ്രകടിപ്പിച്ചു. ഇന്ദിരയുടെ കാലത്ത് ആഭ്യന്തരമായ അസ്വസ്ഥതയുടെ പേരിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കഴിയുമായിരുന്നു. ചോദ്യങ്ങൾ ചോദിച്ച് തടസ്സം സൃഷ്ടിക്കാത്ത രാഷ്ട്രപതി ഉണ്ടായാൽ മതി. അടിയന്തരാവസ്ഥക്കുശേഷം ജനതാ ഗവൺമെന്റ് സംശുദ്ധമാക്കിയ ഭരണഘടനയിലെ വ്യവസ്ഥയനുസരിച്ച് സായുധകലാപം നടന്നാൽ മാത്രമേ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കഴിയൂ. ഭരണഘടനയിലെ വ്യവസ്ഥയനുസരിച്ച് പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥയിൽ ഭരണഘടനതന്നെ ഇല്ലാതായി. മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്ന 42ാം ഭേദഗതിയിലൂടെ ഭരണഘടനയുടെ രൂപവും ഭാവവും മാറി. ഭരണഘടനയുടെ ബേസിക് സ്ട്രക്ചറിനെ സ്പർശിക്കുന്ന ഭേദഗതി പാടില്ലെന്ന് കേശവാനന്ദ ഭാരതി കേസിൽ സുപ്രീംകോടതി പറഞ്ഞതിന്റെ രണ്ടാം വർഷത്തിലായിരുന്നു ഭരണഘടനയുടെ അലകും പിടിയും അഴിച്ചുമാറ്റപ്പെട്ടത്. രണ്ടും മാറിയാൽ പിന്നെയുണ്ടാകുന്നത് പഴയതായിരിക്കില്ല.

Lock, stock and barrel എന്നാണ് ഇംഗ്ലീഷിലെ പ്രയോഗം. കുളിപ്പിച്ചു കുളിപ്പിച്ച് വെള്ളത്തിനൊപ്പം കുഞ്ഞിനെയും ഇറയത്തേക്കെറിയുന്ന അവസ്ഥയായി. അതൊരു അബദ്ധമായിരുന്നില്ല. ബോധപൂർവം നടത്തിയ ഡ്രാകോണിയൻ പുനഃസൃഷ്ടിയായിരുന്നു. സുവിശേഷം യൂദാസ് തിരുത്തുകയും വ്യാഖ്യാനിക്കുകയുംചെയ്യുന്ന അവസ്ഥ. ചരിത്രം മാത്രമല്ല ഭരണഘടനയും തിരുത്തിനും പുനരെഴുത്തിനും വിധേയമാണ്. ജനാധിപത്യത്തെ രക്ഷിച്ച വിധിയെന്ന് കേശവാനന്ദ ഭാരതിയെ പ്രകീർത്തിച്ചത് വെറുതെയായി. വിധി ദുർവിധിയാകാമെന്നല്ലാതെ ഒരു കോടതിവിധിയും ചരിത്രത്തിന്റെ തിരുത്തോ പ്രതിരോധമോ ആകുന്നില്ല.

ഭരണഘടനയെ സംരക്ഷിക്കേണ്ടത് അതിന്റെ സ്രഷ്ടാക്കളും ഉടമകളുംതന്നെയാണ്. അമേരിക്കയിലെ അടിമത്തത്തെ സാധൂകരിച്ചുകൊണ്ട് സുപ്രീംകോടതി എഴുതിയ ഡ്രെഡ് സ്കോട്ട് കേസിലെ കുപ്രസിദ്ധമായ വിധിയുടെ ആഘാതത്തിൽനിന്ന് വിമുക്തമാകുന്നതിന് എബ്രഹാം ലിങ്കണ് ആഭ്യന്തരയുദ്ധം നടത്തേണ്ടിവന്നു. 1977ലും 2024ലും ഈ അടിസ്ഥാന തത്ത്വം ഇന്ത്യയിലെ ജനങ്ങൾ കണ്ടെത്തി. 1977ൽ ഭരണഘടനയുടെ പുനഃസ്ഥാപനത്തിനുവേണ്ടിയും 2024ൽ ഭരണഘടനയുടെ സംരക്ഷണാർഥവും അവർ പോളിങ് ബൂത്തിലെത്തി. 1977ൽ ജനത പാർട്ടിക്ക് നൽകിയ ഗംഭീരമായ മാൻഡേറ്റും 2024ൽ ബി.ജെ.പിക്ക് നൽകിയ സന്ദിഗ്ധമായ മാൻഡേറ്റും ഭരണഘടനയുടെ ഭാവിയെ ആകുലതയോടെ ഓർത്തുകൊണ്ടുള്ളതായിരുന്നു. 400 സീറ്റ് നേടി ഭരണഘടനയെ തോന്നുംപടിയാക്കുമെന്ന് വീമ്പ് പറഞ്ഞവർക്ക് മന്ത്രിസഭയുണ്ടാക്കുന്നതിനുള്ള കേവല ഭൂരിപക്ഷംപോലും ജനങ്ങൾ നൽകിയില്ല.

 

സഞ്​ജയ്​ ഗാന്ധിയും ഇന്ദിര ഗാന്ധിയും

റായ്ബറേലിയിൽനിന്നുള്ള ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ അലഹബാദ് ഹൈകോടതി വിധിയോടുള്ള പ്രതികരണമായിരുന്നു അടിയന്തരാവസ്ഥ. അല്ലെങ്കിൽ പ്രതികൂലവിധി നിരുപാധികം സ്റ്റേ ചെയ്യുന്നതിന് വിസമ്മതിച്ച സുപ്രീംകോടതിയോടുള്ള പ്രതികരണം. ഇതാണ് പൊതുവായ വ്യാഖ്യാനം. തെരഞ്ഞെടുപ്പ് കേസ് അഥവാ ഇന്ദിര ഗാന്ധിക്ക് അനുകൂലമായിരുന്നെങ്കിലും അടിയന്തരാവസ്ഥ സംഭവിക്കുമായിരുന്നു. ജയപ്രകാശ് നാരായണിന്റെ നേതൃത്വത്തിൽ ശക്തിയാർജിച്ചുകൊണ്ടിരുന്ന ബഹുജന പ്രക്ഷോഭത്തെ രാഷ്ട്രീയമായി നേരിടാൻ കഴിയാത്ത ദുർബലാവസ്ഥയിലായിരുന്നു ഇന്ദിര ഗാന്ധി. രാജ്യത്തെ ശിഥിലീകരിക്കുന്നതിനുള്ള വിധ്വംസകവൃത്തിയായി അവർ സർക്കാറിനെതിരെയുള്ള വിമർശനത്തെ വ്യാഖ്യാനിച്ചു.

ഇതേ സമീപനംതന്നെയാണ് നരേന്ദ്ര മോദിയുടേത്. രാജദ്രോഹം രാജ്യദ്രോഹമാകുന്നു. വിമർശനം വിപ്ലവത്തിനും വിഘടനത്തിനുമുള്ള ആഹ്വാനമാകുന്നു. തെക്ക് എന്നു പറയുന്നത് രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യംചെയ്യുന്ന പ്രസ്താവനയാകുന്നു. അഭിപ്രായപ്രകടന സ്വാതന്ത്ര്യം ഉൾപ്പെടെ മൗലികാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും പൂർണമായി നിഷേധിച്ചുകൊണ്ടായിരുന്നു അമ്മയുടെയും മകന്റെയും ആജ്ഞാനുവർത്തികളുടെയും ലക്കും ലഗാനുമില്ലാത്ത തേരോട്ടം. പട്ടാളം ഉത്തരവാദിത്തബോധത്തോടെ നിശ്ശബ്ദമായി ബാരക്കിലിരുന്നപ്പോൾ പൊലീസ് ഭ്രാന്തമായി അഴിഞ്ഞാടി. പത്രങ്ങൾക്കുമേൽ മുൻകൂർ സെൻസർഷിപ്പിന്റെ കട്ടിയുള്ള കരിമ്പടം വീണു. രാജ്യം ജയിലായി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം ഏകാധിപത്യത്തിന്റെ തമോഗർത്തത്തിൽ നിപതിച്ചു. ജവഹർലാൽ നെഹ്റു കരുതലോടെ വളർത്തിയെടുത്ത ജനാധിപത്യമാണ് അദ്ദേഹത്തിന്റെ പുത്രി അലങ്കോലമാക്കിയത്. ഈ അലങ്കോലപ്പെടുത്തൽ അവർ കോൺഗ്രസ് അധ്യക്ഷയായ കാലത്തുതന്നെ തുടങ്ങിയതാണ്. 1959ൽ അതിന്റെ കെടുതി ജനാധിപത്യ കേരളം അനുഭവിച്ചു. അന്ന് ഭരണഘടന കാഷ്വലായി മറിച്ചുനോക്കിയപ്പോൾ അനുഛേദം 356ന് മുകളിലായി അനുഛേദം 352 അവരുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ടാകണം.

1975 ജൂൺ 25 മുതൽ 1977 മാർച്ച് 23 വരെ 21 മാസം നീണ്ടുനിന്ന ഭീകരാവസ്ഥയായിരുന്നു ഇന്ദിര ഗാന്ധിയുടെ അടിയന്തരാവസ്ഥ. ഫാഷിസവും ഏകാധിപത്യവും ചേർന്ന മിശ്രിതമായിരുന്നു അത്. മതനിരപേക്ഷമായിരുന്നു ഇന്ദിരയുടെ ഏകാധിപത്യം എന്നു പറയുന്നത് പൂർണമായും ശരിയല്ല. തുർക്ക്മാൻ ഗേറ്റിൽ സഞ്ജയ് ഗാന്ധി ബുൾഡോസർ ഉരുട്ടിയത് മുസ്‍ലിം അധിവാസ കേന്ദ്രത്തിലേക്കായിരുന്നു. ഡൽഹി ഇമാം 1977ലെ തെരഞ്ഞെടുപ്പ് കാലത്ത് പരസ്യമായി കോൺഗ്രസിനെതിരെ രംഗത്തുവന്നത് മുസ്‍ലിംകൾക്കെതിരെയുണ്ടായ അത്യാചാരങ്ങളുടെ പേരിലായിരുന്നു. ഭരണഘടനാപരമായ പദവിയോ ഉത്തരവാദിത്തങ്ങളോ ഇല്ലാത്ത ക്രിമിനൽ പശ്ചാത്തലമുള്ള തൊഴിൽരഹിതനായ ചെറുപ്പക്കാരന്റെ ഭ്രാന്തൻ നിർദേശങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഓഫിസ് മുതൽ വിദൂരമായ പൊലീസ് സ്റ്റേഷൻ വരെ,​ അല്ലെങ്കിൽ വില്ലേജ് ഓഫിസ് വരെ,​ സ്വീകാര്യതയുണ്ടായി.

ഐ.എ.എസ് പട്ടം കെട്ടിയ ബ്യൂറോക്രസിയിലെ തമ്പുരാക്കന്മാരും തമ്പുരാട്ടിമാരും അയാളുടെ മുന്നിൽ വിനീതരും വിധേയരുമായി. പരസ്യവേദിയിൽ വനിതാ ഐ.എ.എസ് ഉ​ദ്യോഗസ്ഥരുടെ ശരീരത്തിൽ അനുചിതമായി സ്പർശിച്ചുകൊണ്ടുള്ള കളികൾ അയാളുടെ വിനോദമായി. പറഞ്ഞതിനപ്പുറം അനുസരിക്കാൻ എല്ലാവരും തയാറായിരുന്നു. എന്തുകൊണ്ടെന്നാൽ അയാൾ പ്രധാനമന്ത്രിയുടെ പുത്രനായിരുന്നു. അമ്മയെപ്പോലും ഭീഷണിപ്പെടുത്താൻ മടിയില്ലാത്ത മകന്റെ ആജ്ഞക്കു മുന്നിൽ ലോകത്തിലെ ഏറ്റവും ശക്തയായ വനിത നിസ്സഹായയായി. ഭരണഘടനാ ബാഹ്യമായ ഒരു അധികാരകേന്ദ്രം പ്രധാനമന്ത്രിയുടെ ഓഫിസിനെപ്പോലും നിയന്ത്രിക്കുന്നതിനുള്ള പ്രാപ്തിയോടെ വികസിച്ചു. ആ വിമാനാപകടം സംഭവിച്ചിരുന്നില്ലെങ്കിൽ രാജീവ് ഗാന്ധിക്കു പകരം സഞ്ജയ് ഗാന്ധി പ്രധാനമന്ത്രിയാകുമായിരുന്നു. എങ്കിൽ ഹിറ്റ്ലറെ അല്ലെങ്കിൽ കംബോഡിയയിലെ പോൾപോട്ടിനെ നിഷ്പ്രഭനാക്കുന്ന ഒരു ഇന്ത്യൻ കാലം ഉണ്ടാകുമായിരുന്നു.

അക്കാലത്തെ അടയാളപ്പെടുത്തുന്നതായിരുന്നു സഞ്ജയ് ഗാന്ധിയുടെ മാരുതി കാർ. സഞ്ജയ് ഗാന്ധിയുടെ കാലശേഷം ഇന്ത്യാ ഗവൺമെന്റും ജപ്പാനിലെ സുസുകി കമ്പനിയും ചേർന്ന് 1981ൽ രൂപംകൊടുത്ത സംയുക്ത സംരംഭമാണ് ഇന്ന് കാണുന്ന മാരുതി കാർ. പക്ഷേ, എന്നെ സംബന്ധിച്ച് അഴിമതിയുടെയും അത്യാചാരങ്ങളുടെയും അടിയന്തരാവസ്ഥയുടെയും ദുർഗന്ധം വമിക്കുന്ന ചലമൊലിപ്പിക്കുന്ന ഓർമപ്പെടുത്തലാണ് ആ പേര്. വില കുറഞ്ഞ കാർ ആയിരുന്നിട്ടും ഞാൻ മാരുതി കാർ വാങ്ങിയിട്ടില്ല. കഴിയുന്നതും മാരുതി കാറിലെ സവാരി വൈകാരികമായ കാരണങ്ങളാൽ ഞാൻ ഒഴിവാക്കുന്നു. വ്യക്തിപരമായ ദുരനുഭവം ഇല്ലെങ്കിലും എനിക്ക് ഒന്നും മറക്കാൻ കഴിയുന്നില്ല.

സെൻസർഷിപ് ഇല്ലാതെതന്നെ അന്ന് പത്രങ്ങൾ വഴങ്ങുമായിരുന്നു. സെൻസർഷിപ് ഒഴിവാക്കിയിരുന്നെങ്കിൽ ഇന്ദിര ഗാന്ധിക്കെതിരെയുള്ള വലിയൊരു ആക്ഷേപം ഒഴിവാകുമായിരുന്നു. ഇരിക്കാൻ പറഞ്ഞപ്പോൾ അവർ ഇഴഞ്ഞു എന്ന് പത്രപ്രവർത്തകരെ ഉദ്ദേശിച്ച് എൽ.കെ. അദ്വാനി പറഞ്ഞതിൽ എല്ലാം അടങ്ങിയിട്ടുണ്ട്. തൊട്ടാൽ മതി അവർ കൂമ്പിപ്പോകും. സ്വാതന്ത്ര്യപ്രേമികളും അഭിമാനികളുമായ പത്രപ്രവർത്തകർ കളമൊഴിയുകയോ അവരെ കളത്തിൽനിന്ന് പുറത്താക്കുകയോ ചെയ്തു. ‘ഇന്ത്യൻ എക്സ്പ്രസും’ ‘സ്റ്റേറ്റ്സ്മാനും’ മാത്രമാണ് അടിയന്തരാവസ്ഥയെ അനുകൂലിക്കാതെ പഴുതുകൾ കണ്ടെത്തി പ്രതിരോധിച്ച രണ്ടു പത്രങ്ങൾ. ‘ദ ഹിന്ദു’ അടിയന്തരാവസ്ഥയെ അനുകൂലിച്ച് (അല്ലെങ്കിൽ എതിർക്കാതെ) സർക്കാറിന്റെ പ്രീതി നിലനിർത്തി. സർക്കാറിനോട് സൗഹാർദം നിലനിർത്തുന്ന എ പ്ലസ് പത്രങ്ങളുടെ കൂട്ടത്തിൽ ‘ദ ഹിന്ദു’ ഉൾപ്പെട്ടപ്പോൾ സർക്കാറിനോട് ശത്രുതയിലായ ബി പ്ലസ് പത്രങ്ങളുടെ കൂട്ടത്തിലാണ് ‘ഇന്ത്യൻ എക്സ്പ്രസ്’ ഉൾപ്പെട്ടത്. സഞ്ജയ് ഗാന്ധിയായിരുന്നു എഡിറ്റർമാരെ നിശ്ചയിച്ചിരുന്നത്.

ഹൃദയാഘാതത്തെത്തുടർന്ന് രാംനാഥ് ഗോയങ്ക കൽക്കത്തയിലെ നഴ്സിങ് ഹോമിൽ ചികിത്സയിലായിരുന്ന തക്കം നോക്കി ‘ഇന്ത്യൻ എക്സ്പ്രസി’ന്റെ ഡയറക്ടർ ബോർഡ് സർക്കാറിന്റെ നിയന്ത്രണത്തിലായി. ‘ഹിന്ദുസ്ഥാൻ ടൈംസി’ന്റെ ഉടമ കെ.കെ. ബിർല ‘ഇന്ത്യൻ എക്സ്പ്രസി’ന്റെ ചെയർമാനായി. വിചിത്രമായ അവസ്ഥയായിരുന്നു അത്. കമൽനാഥും എ.കെ. ആന്റണിയും ബോർഡിലുൾപ്പെട്ടു. ‘ഹിന്ദുസ്ഥാൻ ടൈംസി’ൽനിന്ന് ഇന്ത്യൻ എക്സ്പ്രസിലേക്കു വന്ന എസ്. മൽഗോക്കറെ നീക്കി പകരം ‘ദ ഹിന്ദു’വിലെ ലീഡർ റൈറ്റർ വി.കെ. നരസിംഹനെ എഡിറ്ററാക്കി. ഒളിപ്പോരിനു സമാനവും ധീരോദാത്തവുമായ ചെറുത്തുനിൽപാണ് പത്രത്തെ നിലനിർത്താൻ ഗോയങ്ക സ്വീകരിച്ചത്. അടിയന്തരാവസ്ഥക്കുശേഷം നരസിംഹനെ നീക്കി മൽഗോക്കറെ ഗോയങ്ക എഡിറ്ററായി തിരിച്ചുകൊണ്ടുവന്നു. അടിയന്തരാവസ്ഥക്കാലത്ത് സ്തുത്യർഹമായ സേവനം കാഴ്ച​െവച്ച നരസിംഹൻ ഒഴിവാക്കപ്പെട്ടു.

സെൻസർഷിപ്പിന്റെ കഠിനതയിൽ ശങ്കേഴ്സ് വീക്‍ലി പ്രസിദ്ധീകരണം അവസാനിപ്പിച്ചു. നെഹ്റുവിന്റെ കാലത്ത് തുടങ്ങിയത് ഇന്ദിരയുടെ കാലത്ത് അവസാനിച്ചു. ‘ടൈംസ് ഓഫ് ഇന്ത്യ’യിൽനിന്ന് ആർ.കെ. ലക്ഷ്മണിന്റെ കാർട്ടൂണുകൾ അപ്രത്യക്ഷമായി. അടിയന്തരാവസ്ഥയെ എതിർക്കുമെന്നു കരുതിയിരുന്ന ആർ.കെ. കരഞ്ചിയ അടിയന്തരാവസ്ഥയെ അനുകൂലിച്ചുകൊണ്ട് ബ്ലിറ്റ്സിന്റെ നില ഭദ്രമാക്കി. നേതാക്കൾ ജയിലിലാകുകയും രാഷ്ട്രീയ പാർട്ടികൾ പ്രവർത്തിക്കാതിരിക്കുകയുംചെയ്യുന്ന സാഹചര്യത്തിലാണ് പത്രങ്ങൾ ദൗത്യം മറന്ന് ഭരണകൂടത്തിന് അടിയറവ് പറഞ്ഞത്. ഏറ്റവും ലജ്ജാകരമായ അവസ്ഥയിൽ പ്രവർത്തിച്ചത് ജുഡീഷ്യറിയായിരുന്നു. ജീവിക്കുന്നതിനുള്ള പൗരന്റെ അവകാശം ഭരണകൂടത്തിന്റെ സൗമനസ്യം മാത്രമാണെന്ന് അറ്റോണി ജനറൽ നിരെൻ ഡേ ഹേബിയസ് കോർപസ് കേസുകളിൽ പറഞ്ഞപ്പോൾ ജഡ്ജിമാർ നിശ്ശബ്ദം കേട്ടിരുന്നു. മിസ പ്രയോഗിക്കപ്പെട്ടാൽ വ്യക്തിയുടെ നിയമപരമായ സ്വത്വം ഇല്ലാതാകുന്നുവെന്ന വാദം കോടതിയിയിൽ ഒരു ചലനവും സൃഷ്ടിച്ചില്ല. എ.കെ.ജിയുടെ കേസിലെന്നപോലെ ഇവിടെയും ജഡ്ജിമാർ കരുതൽ തടങ്കലിനു ന്യായം കണ്ടെത്തി.

 

മിസ,​ കോഫെപോസ തുടങ്ങിയ കരിനിയമങ്ങൾ പ്രകാരം 1,​12,​890 പേരെ ജയിലിലാക്കിയതായി ഷാ കമീഷൻ കണ്ടെത്തി. ജയപ്രകാശ് നാരായൺ ആയിരുന്നു അവരിൽ ഒന്നാമൻ. ഹേബിയസ് കോർപസ് കേസിലെ അഞ്ചു ജഡ്ജിമാരിൽ ഒരാൾ മാത്രം സ്വാതന്ത്ര്യത്തിന്റെ അനിവാര്യതയും അലംഘനീയതയും ഉയർത്തിപ്പിടിച്ചുകൊണ്ട് ഭൂരിപക്ഷത്തോട് വിയോജിച്ചു. അതിനുള്ള ശിക്ഷ അദ്ദേഹത്തിനു കിട്ടി. ചീഫ് ജസ്റ്റിസ് എന്ന പദവിയാണ് എച്ച്.ആർ. ഖന്നക്ക് നഷ്ടമായത്. പക്ഷേ, അതിനേക്കാൾ മഹോന്നതമായ സ്ഥാനമാണ് ജുഡീഷ്യറിയുടെ ചരിത്രത്തിലും സ്വാതന്ത്ര്യപ്രേമികളുടെ മനസ്സിലും അദ്ദേഹത്തിനുള്ളത്. നമ്മുടെ കാലത്ത് നമുക്കുവേണ്ടി ശിക്ഷ ഏറ്റുവാങ്ങിയ പ്രൊമിത്യൂസാണ് ജസ്റ്റിസ് എച്ച്.ആർ. ഖന്ന. ന്യായാധിപന്മാർ വിളക്കുകൾ അണച്ചപ്പോൾ ആ നീതിമാൻ നമുക്ക് വെളിച്ചമായി. ആ ജാലകപ്പഴുതിലൂടെ കടന്നുവന്ന പ്രയോജനരഹിതമെന്നു തോന്നിച്ച ഇത്തിരിവെട്ടത്തിലാണ് അന്തരാളഘട്ടത്തിൽ നമ്മൾ കാലിടറാതെ നിന്നത്.

അടിയന്തരാവസ്ഥയിലെ ഏറ്റവും മികച്ച കോമഡിക്കുള്ള അവാർഡ് നൽകേണ്ടത് സുപ്രീംകോടതിക്കാണ്. അലഹബാദ് ഹൈകോടതി വിധിക്കെതിരെ സോപാധിക സ്റ്റേ മാത്രം നൽകിയ സുപ്രീംകോടതി ആറാം മാസം ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ് സാധുവാക്കി. ഹൈകോടതി അസാധുവാക്കിയ തെരഞ്ഞെടുപ്പ് സാധുവായി. പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്യാനാവില്ലെന്ന ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തിലായിരുന്നു അത്. ഒരു നടപടിയിലും സുപ്രീംകോടതി അസ്വാഭാവികമായി ഒന്നും കണ്ടില്ല. ഭരണഘടനാ ഭേദഗതിക്ക് മുൻകാലപ്രാബല്യം നൽകാമോ എന്ന കാര്യംപോലും കോടതി പരിശോധിച്ചില്ല. ഇന്ദിര ഗാന്ധിയുടെ ബുദ്ധി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും സഹപാഠിയും ആയിരുന്ന സിദ്ധാർഥ് ശങ്കർ റേ ആയിരുന്നു.

പശ്ചിമ ബംഗാളിലെ അവസാനത്തെ കോൺഗ്രസ് മുഖ്യമന്ത്രിയാണ് റേ. റേയുടെ പ്രതിജ്ഞാബദ്ധമായ ജുഡീഷ്യറി എന്ന സിദ്ധാന്തത്തോട് ജഡ്ജിമാർ വൈമനസ്യമില്ലാതെ പൊരുത്തപ്പെട്ടു. ഹേബിയസ് കോർപസ് കേസിൽ തന്റെ പിതാവ് ഉൾപ്പെട്ട അഞ്ചംഗ ബെഞ്ചിന്റെ വിധി തെറ്റായിരുന്നുവെന്ന് പറയുന്നതിനുള്ള ആർജവം പിന്നീട് ചീഫ് ജസ്റ്റിസായ ചന്ദ്രചൂഡ് പ്രകടിപ്പിച്ചു. തെറ്റുകൾ,​ സ്വന്തമായാലും ആർജിതമായാലും,​ തിരുത്തുന്നതിനുള്ള ആർജവം,​ വ്യക്തികൾക്കായാലും സ്ഥാപനത്തിനായാലും,​ ഉണ്ടാകുന്നത് ശ്ലാഘനീയമാണ്.

പക്ഷേ അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ കാലത്ത് ചീഫ് ജസ്റ്റിസായിരിക്കാൻ അവസരം കിട്ടിയ ജൂനിയർ ചന്ദ്രചൂഡിന് തിരുത്തുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള അവസരങ്ങൾ പൂർണമായി പ്രയോജനപ്പെടുത്താനായില്ല. അപഭ്രംശങ്ങൾ നീക്കി കർമക്ഷമമായ ഭരണഘടന മേശപ്പുറത്തുണ്ടായിരുന്നിട്ടും പ്രധാനപ്പെട്ട ചില വിധികൾ എഴുതിയപ്പോൾ അദ്ദേഹം മറ്റെവിടേക്കോ നോക്കി. ഇത് അദ്ദേഹംതന്നെ പറഞ്ഞതാണ്. ശ്രീരാമൻ കക്ഷിയായ അയോധ്യാ കേസിൽ ദൈവത്തിൽനിന്ന് കിട്ടിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രനിർമിതിക്ക് അനുകൂലമായ വിധി താൻ നൽകിയതെന്ന് ശ്രീരാമനെ ദൈവമായി കാണുന്ന ചന്ദ്രചൂഡ് പറഞ്ഞു. വിധേയത്വത്തിനും പഥവ്യതിയാനത്തിനും അടിയന്തരാവസ്ഥ വേണമെന്നില്ല.

ലോകവ്യാപകമായി ഹിപ്പികളുടെയും സ്ട്രീക്കിങ്ങിന്റെയും കാലമായിരുന്നു അത്. ഗിറ്റാറിന്റെ തന്ത്രികളിൽ ലോകം സാന്ദ്രമായ കാലം. വിയറ്റ്നാം യുദ്ധത്തിനുശേഷമുള്ള സമാധാനത്തിന്റെ അന്തരീക്ഷത്തിൽ പ്രതീക്ഷയാൽ ഭാസുരമാകുന്ന ലോകം. അപ്പോഴാണ് ഇന്ത്യയിൽ ജനാധിപത്യത്തിന്റെ സൂര്യൻ അസ്തമിച്ചത്. ആർതർ കോയെസ്റ്റ്ലറുടെ പ്രസിദ്ധമായ നോവലിന്റെ ശീർഷകമെടുത്താൽ ‘DARKNESS AT NOON’. അതായിരുന്നു അത്. ഏകാധിപത്യത്തിലെ പ്രത്യയശാസ്ത്രവും മനുഷ്യാവസ്ഥയുമാണ് സോവിയറ്റ് പശ്ചാത്തലത്തിൽ ഒരു മുൻ കമ്യൂണിസ്റ്റിന്റെ കഥ പറയുന്ന കോയെസ്റ്റ്ലർ പ്രമേയമാക്കിയത്. പുസ്തകം വായിക്കുന്ന അച്യുത മേനോൻ അത് വായിച്ചിട്ടുണ്ടാകണം. 1940ൽ എഴുതിയ നോവൽ 1975ൽ ഇന്ത്യയിലെ അടിയന്തരാവസ്ഥക്കുകൂടി ബാധകമാകുന്ന ആഖ്യാനമാണെന്ന് അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ടാവില്ല. ചില പുസ്തകങ്ങൾ അങ്ങനെയാണ്. 1948ൽ പ്രസിദ്ധീകരിച്ച ജോർജ് ഓർവെലിന്റെ 1984 ആ വർഷം വന്നുപോയിട്ടും പ്രസക്തമായി നിൽക്കുന്നു. ‘ആടിന്റെ വിരുന്ന്’ എന്ന രാഷ്ട്രീയ നോവലിലൂടെ ഭരണകൂടങ്ങളുടെയും അതിന് വിധേയപ്പെട്ട് നിൽക്കുന്നവരുടെയും ഭീതിദമായ കഥയാണ് മരിയോ വർഗാസ് യോസ പറഞ്ഞത്.

നീട്ടി വളർത്തിയ മുടിയുമായി നടക്കുന്ന യുവാക്കളുടെ മുടി മുറിക്കുന്ന ക്ഷൗരവിനോദത്തിലാണ് അടിയന്തരാവസ്ഥയിൽ കേരള പൊലീസ് വ്യാപരിച്ചത്. അതിന്റെ ഇന്നും ഓർമിക്കുന്ന പ്രതിഷേധത്തിന്റെ പ്രതീകമാണ് പന്ന്യൻ രവീന്ദ്രന്റെ നീട്ടിയ മുടി. സി.പി.ഐ എന്ന മേൽവിലാസത്തിലാകാം മുടി പോയെങ്കിലും തല നിന്നത്. അത് മാത്രമല്ല, കേരള പൊലീസ് നടത്തിയത്. പുലിക്കോടൻ,​ പടിക്കൽ എന്നിങ്ങനെ സിനിമയിലെ വില്ലന്മാർക്ക് നൽകാവുന്ന കീരിക്കാടൻ പേരുകളിൽ അറിയപ്പെടുന്ന കിരാതർ ആഭ്യന്തരമന്ത്രിയായിരുന്ന കരുണാകരന്റെ ആജ്ഞയനുസരിച്ചോ അല്ലെങ്കിൽ അനുമാനിക്കപ്പെട്ട ഇംഗിതമനുസരിച്ചോ കേരളത്തിൽ കിരാതമായ അഴിഞ്ഞാട്ടം നടത്തി. പൊലീസുകാർ ക്ഷുരകന്മാരായി. നിർബന്ധിതക്ഷൗരം വ്യക്തിത്വത്തിന്മേലുള്ള കൈയേറ്റമാണ്.

സിഖുകാർ മുടിയിൽ കത്തി വെക്കില്ല. സാംസന്റെ സമൃദ്ധമായ മുടിയിൽ കത്തി സ്പർശിച്ചപ്പോഴാണ് അയാൾ ബലഹീനനായത്. മുടിയുടെ വളർച്ച​ക്കൊപ്പം കരുത്തും പുനഃസ്ഥാപിതമായി. ട്രംപിന്റെ അമേരിക്കയിൽ ബന്ധിതരാക്കി കാലികളെപ്പോലെ നാടുകടത്തുന്നവരെ കുനിച്ചുനിർത്തി അവരുടെ തല വടിക്കുന്ന ദൃശ്യം ടി.വിയിൽ കണ്ടു. നക്സലൈറ്റ് എന്ന് മുദ്രകുത്തിയാൽ ആരെയും വേട്ടയാടാമെന്ന അവസ്ഥയായിരുന്നു അടിയന്തരാവസ്ഥയിൽ. രാജൻ എന്ന എൻജിനീയറിങ് കോളജ് വിദ്യാർഥിക്ക് സംഭവിച്ച ദാരുണമായ ദുരന്തം കേരളത്തിൽ സംഭവിക്കുമെന്ന് നമ്മൾ കരുതിയതല്ല.

മുഖ്യമന്ത്രി അച്യുതമേനോനെയും ആഭ്യന്തരമന്ത്രി കരുണാകരനെയും നേരിട്ട് അറിയാമായിരുന്നിട്ടും പ്രഫസർ ഈച്ചരവാരിയർക്ക് തന്റെ മകന് എന്തു സംഭവിച്ചു എന്നറിയാൻ കഴിഞ്ഞില്ല. അറിയുന്നതിനുള്ള അവകാശത്തിനു വേണ്ടിക്കൂടിയുള്ളതായിരുന്നു വാരിയരുടെ പോരാട്ടം. അടിയന്തരാവസ്ഥക്കുശേഷം ജസ്റ്റിസ് പി. സുബ്രഹ്മണ്യൻ പോറ്റിയുടെയും ജസ്റ്റിസ് വി. ഖാലിദിന്റെയും ബെഞ്ചിൽ ഫയൽ ചെയ്യപ്പെട്ടതും ഹരജിക്കാരനുവേണ്ടി എസ്. ഈശ്വരയ്യർ പ്രസിദ്ധമായി ഹാജരായതുമായ ഹേബിയസ് കോർപസ് ഹരജിയിലാണ് മകന്റെ ദാരുണമായ അന്ത്യം ഈച്ചരവാരിയർക്ക് വെളിവാക്കപ്പെട്ടത്. മകന്റെ ജീവിക്കുന്നതിനുള്ള അവകാശത്തോടൊപ്പം നഷ്ടാവകാശങ്ങളിൽ പ്രമുഖമായി ഈച്ചര വാരിയർ കണ്ടത് അറിയുന്നതിനുള്ള തന്റെ അവകാശമായിരുന്നു.

തീവണ്ടികൾ സമയനിഷ്ഠ പാലിക്കുന്നു,​ ഓഫിസുകളിൽ ജീവനക്കാർ കൃത്യമായെത്തുന്നു തുടങ്ങിയ കാരണങ്ങളാൽ അടിയന്തരാവസ്ഥക്ക് അനുകൂലമായ നിലപാടായിരുന്നു കേരളത്തിൽ പൊതുവെ കണ്ടത്. മുസോളിനിയുടെ ഇറ്റലിയിലും ഫാഷിസത്തിന്റെ ഉച്ചസ്ഥായിയിൽ ജനങ്ങളെ സമാശ്വസിപ്പിക്കുന്നതിന് ഇത്തരം അവകാശവാദങ്ങളുണ്ടായി. ഒടുവിൽ മുസോളിനിയുടെ വധത്തോടെ ഇറ്റാലിയൻ ഫാഷിസത്തിന് അന്ത്യമായി. ഫാഷിസം എന്ന എല്ലാ ഏകാധിപതികളും ഇഷ്ടപ്പെടുന്ന എന്നാൽ കേൾക്കാൻ ഇഷ്ടപ്പെടാത്ത പദം ലോകത്തിനു സമ്മാനിച്ച മുസോളിനി കാമുകിയൊത്ത് സ്വിറ്റ്സർലൻഡിലേക്ക് രക്ഷപ്പെടുന്നതിന് ശ്രമിക്കുമ്പോഴാണ് പിടികൂടപ്പെട്ടത്. മിലാനിലെ പിയാസലെ ലൊറെറ്റോ ചത്വരത്തിൽ മു​േസാളിനിയുടെയും സഹചാരിണിയുടെയും മൃതദേഹങ്ങൾ തലകീഴായി കെട്ടിത്തൂക്കി. അത് ലോകത്തിനും ചരിത്രത്തിനും നൽകപ്പെട്ട ഫാഷിസ്റ്റ് വിരുദ്ധ ജാഗരത്തിനുള്ള മുന്നറിയിപ്പായിരുന്നു.

 

സ്വയം അച്ചടക്കം പാലിക്കാറില്ലെങ്കിലും മറ്റുള്ളവർ അച്ചടക്കത്തിലാകുന്നത് ആസ്വദിക്കുന്നവരാണ് നമ്മൾ. അടിയന്തരാവസ്ഥക്കെതിരായ രാഷ്ട്രീയനിലപാട് കേരളത്തിൽ ശക്തമായി രൂപപ്പെട്ടില്ല. അതിനു നേതൃത്വം നൽകാൻ ബാധ്യസ്ഥമായിരുന്ന സി.പി.എം രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ രംഗത്തുനിന്ന് നിഷ്ക്രമിച്ച അവസ്ഥയിലായിരുന്നു. നേതാക്കളും അറിയപ്പെടുന്ന പ്രവർത്തകരും ജയിലിലായിരുന്നു. അങ്ങനെയൊരു ബഹുജന മുന്നേറ്റം ഉണ്ടായിരുന്നുവെങ്കിൽ 1977ലെ തെരഞ്ഞെടുപ്പ് ഫലം വ്യത്യസ്തമാകുമായിരുന്നു. ആരും ഒന്നും അറിഞ്ഞില്ല. അറിഞ്ഞവർ ഒന്നും ശ്രദ്ധിച്ചതുമില്ല.

എന്നിട്ടും എന്തിനായിരുന്നു അച്യുത മേനോനും കരുണാകരനും ചേർന്ന് കേരളത്തിൽ പൊലീസിനെ ഉപയോഗിച്ച് ഭീകരാവസ്ഥ സൃഷ്ടിച്ചത്? എന്തിനാണ് നക്സലൈറ്റുകളെന്നു മുദ്രകുത്തി കുറേ ചെറുപ്പക്കാരെ വേട്ടയാടിയത്. സാത്വികനെന്ന് പേരുകേട്ട അച്യുത മേനോൻ എന്ന കമ്യൂണിസ്റ്റ് നേതാവിന്റെ പ്രകീർത്തിതമായ ധർമബോധത്തിനു നിരക്കുന്ന അവസ്ഥയിലായിരുന്നില്ല അദ്ദേഹം മുഖ്യമന്ത്രിയുടെ കസേരയിൽ കോൺഗ്രസ് സഹായത്തോടെ എട്ടു വർഷം ഇരുന്നത്. രാജ്യസഭാംഗമായിരിക്കേ കോൺഗ്രസ് സഹായത്തോടെ മുഖ്യമന്ത്രിയായ അച്യുത മേനോൻ കേരളത്തിൽ കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ മുഖ്യമന്ത്രിയാണ്. രണ്ടു തവണ തുടർച്ചയായി മുഖ്യമന്ത്രിയായ ആദ്യത്തെ ആളും അദ്ദേഹം തന്നെ. പക്ഷേ അടിയന്തരാവസ്ഥയുടെ പേരിലാണ് അദ്ദേഹത്തിന്റെ നിലനിൽക്കുന്ന ഖ്യാതി.

അടിയന്തരാവസ്ഥയിലെ അത്യാചാരങ്ങൾ തടയുന്നതിന് തമിഴ്നാട്ടിൽ മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയെ അച്യുത മേനോന് മാതൃകയാക്കാമായിരുന്നു. അടിയന്തരാവസ്ഥക്ക് സർവാത്മനാ പിന്തുണ പ്രഖ്യാപിച്ചില്ലെന്നു മാത്രമല്ല അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രണ്ടാം ദിവസം കരുണാനിധിയുടെ അധ്യക്ഷതയിൽ ചേർന്ന ഡി.എം.കെ എക്സിക്യൂട്ടിവ് അടിയന്തരാവസ്ഥ പിൻവലിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നതിനുള്ള ധൈര്യവും കാണിച്ചു.

കേരളത്തിൽ മാർതോമാ സഭയുടെ അധ്യക്ഷനായിരുന്ന യൂഹാനോൻ മാർതോമാ മെത്രാപ്പോലീത്തയും അടിയന്തരാവസ്ഥ പിൻവലിക്കണമെന്ന് ഇന്ദിര ഗാന്ധിയോട് ആവശ്യപ്പെട്ടു. എ.കെ.ജി ഒഴികെ മറ്റൊരു രാഷ്ട്രീയനേതാവോ സാമുദായികനേതാവോ മതാധ്യക്ഷനോ കാണിക്കാതിരുന്ന ധൈര്യമായിരുന്നു അത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിനുള്ള നിർദേശമാണ് ഡൽഹിയിൽനിന്നുണ്ടായത്. പക്ഷേ, അത് നടപ്പാക്കുന്നതിനുള്ള ​െധെര്യം അച്യുത മേനോൻ കാണിച്ചില്ല. നിയമസഭയിൽ ഡി.എം.കെക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും അടുത്ത തെരഞ്ഞെടുപ്പുവരെ അധികാരത്തിൽ തുടരാൻ ഇന്ദിര ഗാന്ധി കരുണാനിധിയെ അനുവദിച്ചില്ല. 1976 ജനുവരി 30ന് കരുണാനിധി മന്ത്രിസഭയെ പിരിച്ചുവിട്ടുകൊണ്ട് രാഷ്ട്രപതിയുടെ വിജ്ഞാപനമുണ്ടായി. തുടർന്ന് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. 1977 മാർച്ചിലാണ് തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് നടന്നത്.

കൂറുമാറ്റത്തെത്തുടർന്ന് ഗുജറാത്തിൽ ജനതാ മുന്നണിയുടെ ഭൂരിപക്ഷം നഷ്ടപ്പെട്ടപ്പോഴും രാഷ്ട്രപതി ഭരണമാണ് കേന്ദ്രം ഏർപ്പെടുത്തിയത്. ഒറ്റത്തെരഞ്ഞെടുപ്പെന്ന ആശയം അതിന്റെ ഭ്രൂണാവസ്ഥയിൽ അന്നേ ഇന്ദിര ഗാന്ധിയുടെ മനസ്സിൽ ഉണ്ടായിരുന്നുവെന്ന് തോന്നുന്നു. കരുണാനിധിയുടെ നിലപാടിൽ അന്തസ്സുണ്ടായിരുന്നു. അച്യുത മേനോൻ കരുണാനിധിയെ മാതൃകയാക്കിയില്ല. പകരം അദ്ദേഹം കരുണാകരന്റെ നിർദേശങ്ങളാണ് ശിരസ്സാ വഹിച്ചത്. അതായിരുന്നു അച്യുത മേനോൻ എന്നു പറയുന്നതായിരിക്കും കൂടുതൽ ശരി. 1957ൽ ഇ.എം.എസ് മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്ന അച്യുത മേനോൻ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്ത കാലത്താണ് ആ മന്ത്രിസഭയുടെ അസ്തിവാരമിളക്കിയ പൊലീസ് വെടി​െവപ്പുകൾ നടന്നത്.

 

മൊറാർജി ദേശായിയും ചരൺ സിങ്ങും ഒരു പൊതുവേദിയിൽ

അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് മുല്ലപ്പെരിയാർ അനന്തകാലത്തോളം തമിഴ്നാടിനു പണയപ്പെടുത്തിയത്. അടിയന്തരാവസ്ഥയുടെ പേരിൽ രാഷ്ട്രീയമായി ശിക്ഷിക്കപ്പെട്ടത് കരുണാകരനായിരുന്നു. മുഖ്യമന്ത്രിയായി ഒരു മാസം മാത്രമാണ് അദ്ദേഹത്തിന് അധികാരത്തിലിരിക്കാൻ കഴിഞ്ഞത്. 1977 ഏപ്രിൽ 25ന് അദ്ദേഹം രാജി​െവച്ചു. രാജൻ കേസിൽ ഹൈകോടതി നടത്തിയ പ്രതികൂല പരാമർശത്തെ തുടർന്നായിരുന്നു രാജി. രാജൻ സംഭവത്തിൽ കുറ്റം ചുമത്തപ്പെട്ടെങ്കിലും കരുണാകരനെ മദ്രാസ് ഹൈകോടതി വെറുതെ വിട്ടു. കേരളത്തിൽ വിചാരണ ഒഴിവാക്കണമെന്ന പ്രതികളുടെ ആവശ്യപ്രകാരം വിചാരണ നടത്തിയത് കോയമ്പത്തൂരിലായിരുന്നു. ശിക്ഷിക്കപ്പെടേണ്ടിയിരുന്നത് വാസ്തവത്തിൽ അച്യുത മേനോനായിരുന്നെങ്കിലും അദ്ദേഹത്തിന് ഒന്നും സംഭവിച്ചില്ല. അദ്ദേഹത്തിന്റെ ഇമേജിനും ഒരു കോട്ടവുമുണ്ടായില്ല.

കേരളീയരുടെ സ്വയം പ്രകീർത്തിതമായ രാഷ്ട്രീയപ്രബുദ്ധതയെ സംശയിക്കത്തക്ക നിലപാടാണ് 1977ലെ പൊതു തെരഞ്ഞെടുപ്പിൽ ഉണ്ടായത്. യു.പി ഉൾപ്പെടെ ഒമ്പത് വടക്കൻ സംസ്ഥാനങ്ങൾ കോൺഗ്രസിനെ നാമംപോലും അവശേഷിപ്പിക്കാതെ തൂത്തെറിഞ്ഞ തെരഞ്ഞെടുപ്പായിരുന്നു അത്. പക്ഷേ കേരളത്തിൽ 140ൽ 111 സീറ്റ് കോൺഗ്രസ് ഉൾപ്പെട്ട യു.ഡി.എഫിനു നൽകി കരുണാകരനെ മുഖ്യമന്ത്രിയാക്കി. ലോക്സഭയിലേക്ക് മുഴുവൻ സീറ്റും കേരളം ഇന്ദിര ഗാന്ധിക്കു നൽകി. ഇന്ദിര ഗാന്ധിയും സഞ്ജയ് ഗാന്ധിയും തോറ്റു. ചരിത്രമായി മാറിയ ആ തെരഞ്ഞെടുപ്പിനെ അനുസ്മരിപ്പിച്ചുകൊണ്ടുള്ള മുന്നറിയിപ്പാണ് 2024ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചത്. മുന്നറിയിപ്പുകൾ അവഗണിക്കാനുള്ളതല്ല. ചുവരെഴുത്തുകൾ കാണാതിരിക്കാനുള്ളതുമല്ല.

മോദിയുടെ ഗാരന്റിപോലെയായിരുന്നു അടിയന്തരാവസ്ഥയിലെ ഇന്ദിര ഗാന്ധിയുടെ ഇരുപതിന പരിപാടി. അതുതന്നെ ഒരു കോമഡിയായിരുന്നു. ലോറികൾക്ക് നാഷനൽ പെർമിറ്റ് എന്നതായിരുന്നു ഇരുപതിനത്തിൽ ഒന്ന്. അതിനുവേണ്ടിയായിരുന്നുവോ അടിയന്തരാവസ്ഥ. അമ്മയുടെ ഇരുപതിനു പുറമേ മകന്റെ വകയായി അഞ്ച് കൂടിയുണ്ടായിരുന്നു. എല്ലാം ജനം തിരസ്കരിച്ചു. നിർബന്ധിത വന്ധ്യംകരണം,​ ബുൾഡോസർ ഉപയോഗിച്ച് കുടിലുകളും ചേരികളും തകർക്കൽ എന്നിവയായിരുന്നു സഞ്ജയന്റെ പരിപാടികൾ. റോമാ നഗരത്തിന്റെ പുനഃസൃഷ്ടിക്ക് ചേരികൾ ഒഴിവാക്കുന്നതിന് നീറോ അഗ്നിബാധയുണ്ടാക്കി. തീയില്ലാതെതന്നെ അനഭിമതരെ പുകച്ചു പുറത്തുചാടിക്കാനുള്ള വിദ്യ സഞ്ജയന് അറിയാമായിരുന്നു. അയാളുടെ മാരുതി കമ്പനിക്കുവേണ്ടി ആയിരക്കണക്കിനാളുകൾക്ക് ഭൂമി ഒഴിയേണ്ടിവന്നു. രാജ്യം മുഴുവൻ അയാൾ വന്ധ്യംകരണ ക്യാമ്പാക്കി.

വന്ധ്യംകരണത്തിന് വിധേയരാകാൻ വിസമ്മതിച്ച സർക്കാർ ജീവനക്കാർക്കെതിരെ അച്ചടക്കനടപടിയുണ്ടായി. എല്ലാറ്റിനും അയാൾക്ക് എവിടെനിന്ന് അധികാരം കിട്ടി എന്ന് ആരും ചോദിച്ചില്ല. ചോദിക്കേണ്ടത് പ്രധാനമന്ത്രിയായിരുന്നു. ചോദിച്ചിരുന്നെങ്കിൽ അയാൾ ഇന്ദിര ഗാന്ധിയെ സ്ഥാനഭ്രഷ്ഠയാക്കി സ്വയം പ്രധാനമന്ത്രിയാകുമായിരുന്നു. അത്തരം ചരിത്രം ഇന്ത്യാ ചരിത്രത്തിന്റെ ഭാഗമാണ്. നാണംകെട്ട വൈതാളികരുടെ ആധിപത്യകാലത്ത് എന്തും സാധ്യമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് നവജാതശിശുക്കൾക്ക് നൽകിയിരുന്ന പ്രിയങ്കരമായ പേരാണ് സഞ്ജയ്. ഇന്ന് കോൺഗ്രസുകാർപോലും പറയാൻ മടിക്കുന്ന പേരാണത്. അയാളുടെ ഭാര്യ മേനക ഭർതൃസ്മരണ ഒഴിവാക്കി ബി.ജെ.പിയിലാണ് ചേർന്നു പ്രവർത്തിച്ചത്. അവർ എം.പിയും മന്ത്രിയുമായി. സഞ്ജയ് ഗാന്ധിയുടെ മകൻ വരുൺ ഗാന്ധിയും ബി.ജെ.പി ടിക്കറ്റിൽ എം.പിയായി.

1976ൽ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പാണ് 1977ൽ നടന്നത്. തെരഞ്ഞെടുപ്പിനെക്കുറിച്ച് ഇന്ദിര ഗാന്ധിക്ക് ആശങ്കയുണ്ടായിരുന്നു. പുതിയ പാർലമെന്റിൽ നേതൃസ്ഥാനവും പ്രധാനമന്ത്രിപദവും ഏറ്റെടുക്കുന്നതിനുള്ള വെമ്പലിൽ സഞ്ജയ് ഗാന്ധിയാണ് തെരഞ്ഞെടുപ്പിനുവേണ്ടി നിർബന്ധിച്ചത്. സഞ്ജയ് ഗാന്ധിയുടെ ഇംഗിതമനുസരിച്ച് തയാറാക്കിയ ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൈതാളികർ വലിയ ആത്മവിശ്വാസത്തിലായിരുന്നു. സത്യം പറയുന്ന ജ്യോത്സ്യന് പണം നൽകി ജാതകപ്പൊരുത്തം തെറ്റായി പറയിപ്പിക്കുന്നതുപോലെയായിരുന്നു അത്. പക്ഷേ ജനം ചിന്തിച്ചതും പ്രതികരിച്ചതും വേറൊരു വിധത്തിലായിരുന്നു. ഹിന്ദി ഹൃദയഭൂമിയിൽനിന്ന് ഒരു സീറ്റാണ് കോൺഗ്രസിന് ലഭിച്ചത്. മൊറാർജി ദേശായി പ്രധാനമന്ത്രിയായി ജനത പാർട്ടിയുടെ മന്ത്രിസഭയുണ്ടായി. 44ാം ഭേദഗതിയിലൂടെ ഭരണഘടനയുടെ ആദിമവിശുദ്ധി വീണ്ടെടുക്കപ്പെട്ടു. അടിയന്തരാവസ്ഥ അനായാസം തോന്നുംപടി പ്രഖ്യാപിക്കാൻ കഴിയാത്ത വിധം വ്യവസ്ഥകൾ കർശനമാക്കി. അതില്ലായിരുന്നുവെങ്കിൽ പ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്കുതന്നെ നരേന്ദ്ര മോദി രാജ്യത്തെ കൊണ്ടുപോകുമായിരുന്നു.

അടിയന്തരാവസ്ഥയിലെ ഭരണകൂട അതിക്രമങ്ങളെക്കുറിച്ചന്വേഷിക്കുന്നതിന് നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ.എസ്. ഷാ മൂന്ന് വാല്യങ്ങളിലായി വിപുലമായ റിപ്പോർട്ടാണ് തയാറാക്കിയത്. പട്യാല ഹൗസിലെ കോടതിമുറിയിൽ ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് കഠിനാധ്വാനംചെയ്ത് തയാറാക്കിയ റിപ്പോർട്ടായിരുന്നു അത്. ഭരണഘടന പ്രകാരമുള്ള നടപടിക്രമം പാലിക്കാതെ തികച്ചും ഭരണഘടനാവിരുദ്ധമായാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് കമീഷൻ കണ്ടെത്തി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കാൻ കഴിയുംമുമ്പ് ജനതാ ഗവൺമെന്റ് നിലംപതിച്ചു. ഒരു ന്യൂറംബർഗ് വിചാരണയുടെ സാധ്യതകൾ ഷാ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തെളിഞ്ഞതാണ്. പ്രത്യേക കോടതികളും രൂപവത്കരിക്കപ്പെട്ടതാണ്.

പക്ഷേ ഒന്നും നടന്നില്ല. ആ റിപ്പോ ർട്ടുപോലും ഇന്ന് ലഭ്യമല്ല. പാർലമെന്റ് ലൈബ്രറിയിലും അതില്ല. ഇന്ദിര ഗാന്ധിയുടെ അടുത്ത വരവിൽ എല്ലാം തമസ്കരിക്കപ്പെട്ടു. അടിയന്തരാവസ്ഥക്കു മുമ്പ് 1973 ആഗസ്റ്റ് 15ന് ഇന്ദിര ഗാന്ധി കുറേ ചെമ്പോലച്ചുരുളുകൾ ചെങ്കോട്ടയിൽ കുഴിച്ചിട്ടു. ഇന്ദിരയാണിന്ത്യ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ആസ്ഥാന വിദ്വാന്മാർ തയാറാക്കിയ ചരിത്രത്തിന്റെ കാപ്സ്യൂൾ ഭാവിയിലെ ഗവേഷകർക്കുവേണ്ടിയുള്ളതായിരുന്നു. ജനത ഗവൺമെന്റിന്റെ കാലത്ത് ആഴത്തിൽ ഖനനം നടത്തി അവ കണ്ടെടുത്ത് നശിപ്പിച്ചു. ഇരുകൂട്ടരും മാറിമാറി നശിപ്പിച്ചവയുടെ കൂട്ടത്തിൽ നശിപ്പിക്കപ്പെടാൻ പാടില്ലാത്തതും നശിപ്പിക്കപ്പെട്ടു. അതിലൊന്നായിരുന്നു ഷാ കമീഷൻ റിപ്പോർട്ട്. 1980ൽ ഇന്ദിര ഗാന്ധിയുടെ തിരിച്ചുവരവോടെ അടിയന്തരാവസ്ഥ ഏതോ രാത്രിയിൽ കണ്ട ദുഃസ്വപ്നം മാത്രമായി. ദുഃസ്വപ്നം മറക്കുന്ന ലാഘവത്തോടെ എല്ലാവരും ആ കാലത്തെ മറന്നു. അല്ലെങ്കിൽ മറന്നതായി നടിച്ചു.

വിളക്കുകൾ അണഞ്ഞപ്പോൾ എവിടെയായിരുന്നു എന്ന ചോദ്യം പലരോടും ചോദിക്കാനുണ്ട്. നിലപാടുകൾ ഉണ്ടായിരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ആയുധമെടുത്ത് അടരാടാൻ എല്ലാവരും രണാങ്കണത്തിലെത്തണമെന്നില്ല. അനുകൂലിക്കാൻ പാടില്ലാത്തതിനെ അനുകൂലിക്കാതിരിക്കുകയെന്നതും ചില ഘട്ടങ്ങളിൽ എതിർപ്പിനു തുല്യമായ അവസ്ഥ സൃഷ്ടിക്കും. പ്രകാശിപ്പിക്കാത്ത എതിർപ്പും ചിലപ്പോൾ പ്രസക്തമാകും. നമുക്ക് എതിരല്ലാത്തവൻ നമ്മുടെ പക്ഷത്താണെന്ന് യേശു പറഞ്ഞിട്ടുണ്ട്. ജനാധിപത്യത്തിന്റെ വാസഗേഹത്തിൽ ഫാഷിസത്തിന് ഒരു മുറിയുണ്ട്. ഫാഷിസത്തിന്റെ അധിനിവേശത്തിന് അതുതന്നെ അധികം. ജനാധിപത്യത്തിന്റെ കൂടാരം സ്വന്തമാക്കുന്നതിന് ഫാഷിസം എന്ന ഒട്ടകത്തിന് തല കടത്താനുള്ള ഇടം കിട്ടിയാൽ മതി. ഭരണഘടന​ക്കോ ഭരണഘടനാസ്ഥാപനങ്ങൾക്കോ ഏകാധിപത്യത്തെ തടയാനാവില്ല. ജനാധിപത്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത ജനജാഗ്രതയിലും പ്രതിരോധത്തിലും മാത്രമാണ് നമുക്ക് ശരണമർപ്പിക്കാൻ കഴിയുക. നമുക്ക് നമ്മൾ മാത്രം.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനുശേഷം 1975 ജൂൺ 28ന് ഇറങ്ങിയ ചില പത്രങ്ങൾക്ക് മുഖപ്രസംഗമില്ലായിരുന്നു. അത്രയും സ്ഥലം സെൻസർഷിപ്പിനെതിരെയുള്ള പ്രതിഷേധ സൂചകമായി അവർ ഒഴിച്ചിട്ടു. ‘ഇന്ത്യൻ എക്സ്പ്രസ്’,​ ‘ഹിന്ദുസ്ഥാൻ ടൈംസ്’,​ ‘സ്റ്റേറ്റ്സ്മാൻ’,​ ‘ദേശാഭിമാനി’,​ ‘ദീപിക’,​ ‘എക്സ്പ്രസ്’,​ ‘കേരള ടൈംസ്’ എന്നീ പത്രങ്ങൾ അങ്ങനെ ചെയ്തത് ഞാൻ ഓർക്കുന്നു. മുഖപ്രസംഗം എഴുതാതെ സ്ഥലം ഒഴിച്ചിടുന്നത് അനുവദനീയമായ കാര്യമല്ലെന്ന് സെൻസറുടെ അറിയിപ്പുണ്ടായി. അച്ഛൻ മകൾക്കയച്ച കത്ത് എഡിറ്റോറിയൽ കോളത്തിൽ ഉദ്ധരിച്ചത് സെൻസർ തടഞ്ഞു. എഴുതിയ അച്ഛൻ ജവഹർലാൽ നെഹ്റുവാണെന്നും കൈപ്പറ്റിയ മകൾ ഇന്ദിര ഗാന്ധിയാണെന്നുമുള്ള വിശദീകരണം സെൻസർക്ക് ബോധ്യമായില്ല. കാരണം ഉദ്ധരണി സ്വാതന്ത്ര്യത്തെക്കുറിച്ചുള്ളതായിരുന്നു. ടാഗോറിന്റെ പ്രസിദ്ധമായ സ്വാതന്ത്ര്യഗീതവും വെട്ടപ്പെട്ടു. വെട്ടിനീക്കപ്പെടേണ്ട ഇടം പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളിലെ ഉദ്ധരണികൾ ഉപയോഗിച്ച് നികത്തണ​െമന്നായിരുന്നു നിർദേശം.

 

ജയപ്രകാശ് നാരായൺ ജനമുന്നേറ്റത്തിനിടെ

കോടതി നൽകുന്ന ശിക്ഷയുടെ ഭാഗമായി ജയിലിൽ പോകുന്നവർക്ക് അത് എന്നവസാനിക്കുമെന്നറിയാം. ശിക്ഷ പൂർവ നിശ്ചിതമാണ്. ദിവസങ്ങളെണ്ണിക്കഴിഞ്ഞാൽ മതി. അടിയന്തരാവസ്ഥയിലെ തടവുകാർക്ക് തങ്ങളുടെ ദുരവസ്ഥ എന്നവസാനിക്കുമെന്നറിയില്ലായിരുന്നു. അമ്മയും മകനും പിന്നെ വംശാവലിയും. അങ്ങനെയാണല്ലോ അധികാര രാഷ്ട്രീയത്തിലെ തുടർച്ച. പക്ഷേ പൊടുന്നനെ എല്ലാം അവസാനിച്ചു. പോളിങ് ബൂത്തുകളിലേക്ക് അപ്രതീക്ഷിതമായി വിളിക്കപ്പെട്ട ഉത്തരേന്ത്യയിലെ സാധുക്കൾ ജനാധിപത്യത്തിന്റെ മാരകായുധമേന്തിയ ഒളിപ്പോരാളികളായി. അവരുടെ കുത്തിലും കരുത്തിലും ക്രൂരയായ ഏകാധിപതി നിലംപതിച്ചു. നഷ്ടപ്പെട്ട സ്വാതന്ത്ര്യത്തിന്റെ പറുദീസ തിരികെക്കിട്ടി. 77 എന്നത് മാജിക് നമ്പറായി. ജനത മന്ത്രിസഭയിൽ വ്യവസായമന്ത്രിയായ ജോർജ് ഫെർണാണ്ടസ് കൊക്കകോളക്കു പകരമിറക്കിയ ദേശി പാനീയത്തിനു എച്ച്. വി. കാമത്ത് നിർദേശിച്ച പേര് സെവൻ സെവൻ എന്നായിരുന്നു.

ആ പേരിൽ പാനീയം ഇറങ്ങുകയും ചെയ്തു. പാർലമെന്റിലെ പ്രഗല്ഭനായ സോഷ്യലിസ്റ്റ് അംഗമായിരുന്നു കാമത്ത്. സംഭവിക്കാൻ പാടില്ലാത്തതെല്ലാം പിന്നീട് സംഭവിച്ചുവെന്ന ഖേദത്തോടെയും മനസ്താപത്തോടെയും പറയട്ടെ, അര നൂറ്റാണ്ടിലെത്തുമ്പോഴും 77 തീരാത്ത ഉൾപ്പുളകമായി നിലനിൽക്കുന്നു. ജനാധിപത്യത്തിന്റെ പ്രതീക്ഷയാണത്. മറന്നവർക്ക് ഓർക്കുന്നതിനും അറിയാത്തവർക്ക് അറിയുന്നതിനും ഇപ്രകാരമുള്ള വാർഷികസ്മരണ ആവശ്യമാണ്. റിപ്പബ്ലിക്കിന്റെ വിളക്കുകൾ അണഞ്ഞു തുടങ്ങിയിരിക്കുന്നുവെന്ന് മുന്നറിയിപ്പ് നൽകിയ റോമൻ തത്ത്വചിന്തകൻ സി​​െസറോ ഒരു കാര്യം പ്രസക്തമായി പറഞ്ഞു: ഒരു കല്ലിൽത്തന്നെ തട്ടി രണ്ടു പ്രാവശ്യം വീഴുന്നത് നാണക്കേടാണ്. അതൊഴിവാക്കുന്നതിനുള്ള മാർഗമാണ് ആ കല്ലിന്റെ അടയാളപ്പെടുത്തൽ. അപ്രകാരമുള്ള ചരിത്രപരമായ ദൗത്യത്തിന്റെ ഏറ്റെടുക്കൽ എന്ന നിലയിലാണ് അടിയന്തരാവസ്ഥയെ മറക്കാതിരിക്കുന്നത്. ഓർമകൾക്ക് സൗവർണകാന്തിയില്ലെങ്കിലും ഇത് ഓർമിക്കേണ്ടതായ സുവർണ ജൂബിലിയാകുന്നത് അക്കാരണത്താലാണ്.

----------------

(‘വിളക്കുകൾ അണഞ്ഞ രാത്രി’ (ഓർമയിലെ അടിയന്തരാവസ്ഥ) എന്ന പുസ്തകത്തിന്റെ രചയിതാവാണ് ലേഖകൻ)

News Summary - Dr. Sebastian Paul about State of Emergency