മിഷൻ സക്സസ്

കുടിവെള്ള വിതരണ ശൃംഖലയിലൂടെ കേരളത്തിന്റെ ദാഹമകറ്റുക മാത്രമല്ല, അതിജീവനത്തിനും ഗുണമേന്മയേറിയ ജീവിതനിലവാരത്തിനും അടിത്തറ ഭദ്രമാക്കുകകൂടിയാണ് ജല അതോറിറ്റി. ഇടവേളകളില്ലാതെ കുടിവെള്ള ലഭ്യത സ്വപ്നമല്ല, യാഥാർഥ്യമാണിന്ന്. ജലവിഭവ വകുപ്പ് ഏറ്റെടുത്തതിൽ ഏറ്റവും വലിയ പദ്ധതിയാണിത്. ശുദ്ധമായ കുടിവെള്ളം നിശ്ചിത അളവില്‍ ഗ്രാമീണ മേഖലയിലെ എല്ലാ ഭവനങ്ങളിലും ടാപ്പിലൂടെ എത്തിക്കുക എന്ന വലിയ ദൗത്യമാണ് ഈ പദ്ധതി. കുടിവെള്ള ടാപ്പുകള്‍ ആദ്യം നഗരങ്ങളിലെ വീടുകള്‍ക്ക് എന്നതായിരുന്നു കേരളം ഇതുവരെ ശീലിച്ച രീതി. ഗ്രാമീണമേഖലയില്‍ പതിയെപ്പതിയെ നടപ്പിലാക്കുന്ന ജലവിതരണ ശൃംഖലക്ക് ഇപ്പോള്‍ വേഗമേറിക്കഴിഞ്ഞു....
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
കുടിവെള്ള വിതരണ ശൃംഖലയിലൂടെ കേരളത്തിന്റെ ദാഹമകറ്റുക മാത്രമല്ല, അതിജീവനത്തിനും ഗുണമേന്മയേറിയ ജീവിതനിലവാരത്തിനും അടിത്തറ ഭദ്രമാക്കുകകൂടിയാണ് ജല അതോറിറ്റി. ഇടവേളകളില്ലാതെ കുടിവെള്ള ലഭ്യത സ്വപ്നമല്ല, യാഥാർഥ്യമാണിന്ന്. ജലവിഭവ വകുപ്പ് ഏറ്റെടുത്തതിൽ ഏറ്റവും വലിയ പദ്ധതിയാണിത്. ശുദ്ധമായ കുടിവെള്ളം നിശ്ചിത അളവില്‍ ഗ്രാമീണ മേഖലയിലെ എല്ലാ ഭവനങ്ങളിലും ടാപ്പിലൂടെ എത്തിക്കുക എന്ന വലിയ ദൗത്യമാണ് ഈ പദ്ധതി. കുടിവെള്ള ടാപ്പുകള്‍ ആദ്യം നഗരങ്ങളിലെ വീടുകള്‍ക്ക് എന്നതായിരുന്നു കേരളം ഇതുവരെ ശീലിച്ച രീതി. ഗ്രാമീണമേഖലയില്‍ പതിയെപ്പതിയെ നടപ്പിലാക്കുന്ന ജലവിതരണ ശൃംഖലക്ക് ഇപ്പോള്‍ വേഗമേറിക്കഴിഞ്ഞു. പദ്ധതി ആരംഭിക്കുന്ന സമയത്ത് കേവലം 25 ശതമാനം ഭവനങ്ങളില്‍ മാത്രമാണ് കണക്ഷന് ഉണ്ടായിരുന്നത്. മാത്രമല്ല, ഗ്രാമീണ മേഖലയില്‍ നിലവിലുണ്ടായിരുന്ന കുടിവെള്ള പദ്ധതികളുടെ എണ്ണം കുറവുമായിരുന്നു.
കോവിഡ് കാലം ഉയര്‍ത്തിയ വന്‍ പ്രതിസന്ധി ഘട്ടത്തിലും ജലവിഭവ വകുപ്പ് ആർജവത്തോടെ പദ്ധതി ഏറ്റെടുത്തു. പരിമിതമായ സാഹചര്യങ്ങള്‍ക്കുള്ളിലും ആദ്യ നാലു മാസങ്ങള്‍ക്കുള്ളില്‍തന്നെ പഞ്ചായത്തുകളുമായി ബന്ധപ്പെട്ട് പദ്ധതികള്‍ തയാറാക്കി ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കി ആദ്യഘട്ട പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ ജലവിഭവ വകുപ്പിനും കേരള വാട്ടര്‍ അതോറിറ്റിക്കും സാധിച്ചുവെന്നത് ഈ പദ്ധതി നടപ്പിലാക്കുന്നതില്‍ സര്‍ക്കാറിന്റെയും ജല അതോറിറ്റിയുടെയും നിശ്ചയദാര്‍ഢ്യം വെളിവാക്കുന്നു.
പദ്ധതി തുടങ്ങുമ്പോള്‍ കേവലം മൂന്നു ജില്ലകളില്‍ മാത്രമാണ് (ആലപ്പുഴ, എറണാകുളം, തൃശൂര്‍) 25 ശതമാനത്തിനു മുകളില്‍ കുടിവെള്ള കണക്ഷന് ലഭ്യമായിരുന്നത്. ഇന്ന് നൂറു ശതമാനം ലക്ഷ്യം കൈവരിച്ച മറ്റു പല സംസ്ഥാനങ്ങളും പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമ്പോള്‍ 50ഉം 70ഉം ശതമാനത്തിനു മുകളില്‍ കണക്ഷനുകള്‍ ഉണ്ടായിരുന്നവയാണ്. മാത്രമല്ല, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം നടപ്പാക്കുന്നത് സുസ്ഥിരമായ അടുത്ത 30 വര്‍ഷത്തേക്കുള്ള പദ്ധതികളാണ്. പ്രതിദിനം ഒരു വ്യക്തിക്ക് 55 ലിറ്റര്‍ വീതം ഉറപ്പുവരുത്തിയാല്‍ മതിയെന്നിരിക്കെ, കേരളത്തിലെ ഗ്രാമ-നഗര വ്യത്യാസമില്ലാത്ത സാഹചര്യവും ദീര്‍ഘകാല ആവശ്യങ്ങളും സുസ്ഥിരതയും പരിഗണിച്ച് പ്രതിദിനം ഒരു വ്യക്തിക്ക് 100 ലിറ്റര്‍ എങ്കിലും കുടിവെള്ളം ഉറപ്പുവരുത്തുന്നു. നിലവില്‍ സംസ്ഥാനത്തെ ഗ്രാമീണ വീടുകളില്‍ 54.50 ശതമാനം കുടുംബങ്ങളില്‍ പൈപ്പിലൂടെ ശുദ്ധജലം ലഭ്യമാക്കുവാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്.
വിപണി കൈയടക്കി ഹില്ലി അക്വ
ജല അതോറിറ്റിക്ക് സ്വന്തം കുപ്പിവെള്ളമെന്നത് ഹില്ലി അക്വയിലൂടെ യാഥാർഥ്യമായിക്കഴിഞ്ഞു. പൊതുമേഖലാ സ്ഥാപനമായ ‘കിഡ്കു’മായി (കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ ഡെവലപ്മെന്റ് കോർപറേഷന്) സഹകരിച്ചാണ് ഉൽപാദനവും ഇടപെടലും. കുറഞ്ഞ വിലയില്‍ ശുദ്ധമായ കുപ്പിവെള്ളം ജനങ്ങള്‍ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹില്ലി അക്വ വിപണിയില്‍ സാന്നിധ്യം വ്യാപിക്കുന്നത്. കുറഞ്ഞ കാലംകൊണ്ടുതന്നെ വിപണിയില്‍ സാന്നിധ്യമാകാന്‍ ഹില്ലി അക്വക്ക് കഴിഞ്ഞത് വെള്ളത്തിന്റെ ഗുണമേന്മ ഒന്നുകൊണ്ടുമാത്രമാണ്. അതുകൊണ്ടുതന്നെ വിപണിയില്‍ കൂടുതല്‍ ഫലപ്രദമായി ഇടപെടാനുള്ള തീരുമാനം സര്‍ക്കാര്‍ എടുക്കുകയായിരുന്നു. ഇതോടൊപ്പം യു.എ.ഇയിലുള്ള പ്രവാസി മലയാളികള്‍ക്ക് നാടിന്റെ വെള്ളം കുടിക്കാനുള്ള ആഗ്രഹം സഫലീകരിക്കാനുള്ള നടപടികളും സ്വീകരിച്ചു.
ഉൽപാദനം ഇരട്ടിയാക്കാനുള്ള നടപടികളുമായി ഹില്ലി അക്വ മുന്നോട്ടുപോവുകയാണ്. തൊടുപുഴയിലെ നിലവിലെ ഉൽപാദനം ഇരട്ടിപ്പിക്കുന്നതിനായി അഡീഷനല്‍ ലൈന്‍ സ്ഥാപിക്കുന്നതിനുള്ള ടെൻഡര്‍ നടപടികളിലേക്ക് കടന്നിട്ടുണ്ട്. അരുവിക്കരയില്‍ ജലശുദ്ധീകരണം ഇരട്ടിയാക്കി ഉൽപാദനം ഇരട്ടിയാക്കാന്‍ ടെൻഡര്‍ ക്ഷണിച്ചു. മുന്‍ വര്‍ഷങ്ങളില്‍ വിതരണത്തിനായി തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലായി 6 കുപ്പിവെള്ള വിതരണക്കാര്‍ മാത്രമേ ഹില്ലി അക്വക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ താലൂക്കടിസ്ഥാനത്തില്‍ പുതിയ 50ല്‍ അധികം വിതരണക്കാരെ ഏർപ്പെടുത്തിക്കഴിഞ്ഞു. ഈ മേഖലയിലെ വലിയൊരു കുതിച്ചുചാട്ടത്തിനാണ് ഇതിലൂടെ വഴിയൊരുക്കിയത്.