മൊഴികളിൽ നിറയെ വൈരുധ്യങ്ങൾ

ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് 75 വയസ്സ് തികഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട ആർക്കൈവ്സ് രേഖകൾ കണ്ടെടുക്കുകയാണ് ചരിത്രകാരനും ഗവേഷകനുമായ ലേഖകൻ. കോടതിരേഖകളും സമരരേഖകളും അദ്ദേഹം പഠനവിധേയമാക്കുന്നു. കഴിഞ്ഞലക്കം തുടർച്ച. ഇനി PW-1ന്റെ തെളിവ് പരിശോധിക്കാം. ഈ കേസിലെ ആദ്യ വിവരദാതാവായ PC 1514 ആണ് അദ്ദേഹം. ഇവിടെയും പ്രതിഭാഗത്തിന്റെ ശക്തമായ വാദം, അദ്ദേഹവും പോലീസ് സ്റ്റേഷനിൽ ഇല്ലായിരുന്നു എന്നാണ്. ഇൗ ഗുരുതരമായ കേസിന്റെ ആദ്യ വിവരം നൽകാൻ, മുറിവേറ്റ കോൺസ്റ്റബിൾമാരിൽനിന്ന് മുൻഗണന നൽകി അദ്ദേഹത്തെ തിരഞ്ഞെടുത്തതാണ്; സംഭവത്തിന് ഒന്നോ രണ്ടോ ആഴ്ചകൾക്കു മുമ്പ് ഇടപ്പള്ളിയിലേക്ക് സ്ഥലം മാറ്റും...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് 75 വയസ്സ് തികഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട ആർക്കൈവ്സ് രേഖകൾ കണ്ടെടുക്കുകയാണ് ചരിത്രകാരനും ഗവേഷകനുമായ ലേഖകൻ. കോടതിരേഖകളും സമരരേഖകളും അദ്ദേഹം പഠനവിധേയമാക്കുന്നു. കഴിഞ്ഞലക്കം തുടർച്ച.
ഇനി PW-1ന്റെ തെളിവ് പരിശോധിക്കാം. ഈ കേസിലെ ആദ്യ വിവരദാതാവായ PC 1514 ആണ് അദ്ദേഹം. ഇവിടെയും പ്രതിഭാഗത്തിന്റെ ശക്തമായ വാദം, അദ്ദേഹവും പോലീസ് സ്റ്റേഷനിൽ ഇല്ലായിരുന്നു എന്നാണ്. ഇൗ ഗുരുതരമായ കേസിന്റെ ആദ്യ വിവരം നൽകാൻ, മുറിവേറ്റ കോൺസ്റ്റബിൾമാരിൽനിന്ന് മുൻഗണന നൽകി അദ്ദേഹത്തെ തിരഞ്ഞെടുത്തതാണ്; സംഭവത്തിന് ഒന്നോ രണ്ടോ ആഴ്ചകൾക്കു മുമ്പ് ഇടപ്പള്ളിയിലേക്ക് സ്ഥലം മാറ്റും വരെ അദ്ദേഹത്തിന്, രണ്ട് കൊല്ലക്കാലം ആലുവയിലെ തൊഴിലാളി പ്രസ്ഥാന നേതാക്കളും പ്രകടനക്കാരുമായി സമ്പർക്കത്തിന് അവസരമുണ്ടായിരുന്നു എന്നതാണ് അതിനു കാരണം.
കേസിന്റെ തെളിവുകളും സാഹചര്യങ്ങളുംവെച്ച് ഈ വാദം അനാവശ്യമാണെന്ന് തോന്നുന്നില്ല. 27ന് രാവിലെ ഓരോരുത്തർക്കും ഡ്യൂട്ടി തീരുമാനിക്കുമ്പോൾ അയാൾ സ്റ്റേഷനിൽ ഹാജരായിരുന്നു. എപ്പോഴാണ് അയാൾ സ്റ്റേഷനിൽ വന്നതെന്ന് അറിയില്ല. അയാളുടെ നമ്പർ രാത്രി 7ന് ഹെഡ് കോൺസ്റ്റബിൾ ഒരു അഡീഷനൽ സെൻട്രിയായി ജനറൽ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രാത്രി 9ന് സെൻട്രി ബുക്കിൽ സാക്ഷി ഒപ്പിട്ടിട്ടുണ്ട്. എന്നാൽ, സാക്ഷി 9ന് ഡ്യൂട്ടി ഏറ്റെടുത്തു എന്നതിന് ജനറൽ ഡയറിയിൽ മറ്റ് ഒരു എൻട്രിയുമില്ല. അയാൾ സ്റ്റേഷനിൽ ഉണ്ടായിരുന്നെങ്കിൽ, ഡബിൾ സെൻട്രി സംവിധാനം യഥാർഥത്തിൽ നടപ്പാകുകയും അത് കൃത്യമായി പാലിക്കുകയും ചെയ്തിരുന്നെങ്കിൽ, എന്തുകൊണ്ട് രാത്രി ഒന്നിന് മാത്യു മാത്രം സെൻട്രി ഡ്യൂട്ടി ചെയ്യേണ്ടിവന്നു (കൂടുതൽ ജാഗ്രതയോടെ കാവൽ നിൽക്കേണ്ടതുള്ളപ്പോൾ) എന്നതിന് ഉത്തരമില്ല. അക്രമിസംഘത്തിലെ ധാരാളം പേർ മാരകായുധങ്ങളുമായി മുൻ ഗേറ്റിൽ കാവൽ നിൽക്കുമ്പോൾ, യൂനിഫോമിലുള്ള കോൺസ്റ്റബിളായ PW-1നെ മുറിവേൽക്കാതെ രക്ഷപ്പെടാൻ അനുവദിച്ചു എന്നത്, പ്രോസിക്യൂഷൻ കേസിന്റെ സത്യസന്ധതയെ വെല്ലുവിളിക്കുന്ന ശക്തമായ സാഹചര്യമാണ്. സ്റ്റേഷനിലെ ഫോൺകമ്പി മുറിക്കാൻ ജാഗ്രത കാണിച്ച പ്രതികൾ, യൂനിഫോമിലുള്ള ഒരു കോൺസ്റ്റബിളിനെ മുൻ ഗേറ്റിലൂടെ ഓടിപ്പോയി അഞ്ചൽ ഓഫിസിൽ ചെന്ന് അധികാരികൾക്ക് ഫോൺ ചെയ്യാൻ അനുവദിക്കുന്നതിന് സാധ്യതയില്ല. കാര്യങ്ങളുടെ ശരിയായ വിവരണമാണ് ഈ കേസിന്റെ ആദ്യ റെക്കോഡുകളിൽ ഉള്ളതെങ്കിൽ, ഈ സാക്ഷിയെപ്പറ്റി കൗതുകകരമായ ഒരു സാഹചര്യം നാം കാണുന്നു: പുലർച്ചെ 4ന് അയാൾ ആദ്യ വിവര സ്റ്റേറ്റ്മെന്റ് നൽകുന്നു; 4.30ന് തുടങ്ങിയതും, സാധാരണ ഗതിയിൽ ഒന്നര മണിക്കൂറെങ്കിലും എടുത്തു തയാറാക്കേണ്ടതുമായ ഒരു നീണ്ട മഹസ്സർ സാക്ഷ്യപ്പെടുത്തുകയും വേലായുധനോടൊപ്പം ആശുപത്രിയിലേക്ക് പോവുകയുംചെയ്യുന്നു.
ആശുപത്രിയിൽ അയാളെ പുലർച്ചെ 5ന് ഡോക്ടർ കാണുന്നു (വേലായുധന്റെ wound certificate എന്ന മുറിവ് സാക്ഷ്യപത്രം Ex.S കാണുക). രാവിലെ 7.30 മുതൽ 10 വരെ തയാറാക്കിയ മാത്യുവിന്റെ ഇൻക്വസ്റ്റ് (Ex.c) സാക്ഷ്യപ്പെടുത്താൻ അയാൾ ഇടപ്പള്ളി സ്റ്റേഷനിലുണ്ട്. പിന്നെ, വേലായുധന്റെ ജഡത്തിൽ നടത്തിയ ഇൻക്വസ്റ്റിൽ (Ex. D) സ്റ്റേറ്റ്മെന്റ് നൽകാൻ 11.30നും 12.30നും ഇടക്ക് ആലുവ ആശുപത്രിയിൽ ഹാജരാകുന്നു. കൂടാതെ, വേലായുധന്റെ ജഡം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ ഓഫിസർക്കു കൈമാറുന്നതിന്റെ ചുമതലയേൽക്കുന്നു. സാക്ഷിയുടെ സർവവ്യാപിയായ ഈ സാന്നിധ്യം സംശയാസ്പദമാണ്. അയാളില്ലാതെ കേസിന്റെ മുൻ റെക്കോഡുകൾ പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് മിക്കവാറും തോന്നുന്നത്.
അയാൾ സ്റ്റേഷനിലുണ്ടായിരുന്നു എന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാൽപോലും, വരാന്തയുടെ ഒരറ്റത്തു കിടന്നുറങ്ങിയിരുന്ന അയാൾ ഒരു ഒച്ച കേട്ടു ഞെട്ടിയുണർന്നപ്പോൾ, ഒരുകൂട്ടം പേർ മാരകായുധങ്ങളുമായി സ്റ്റേഷനിലേക്ക് കുതിക്കുന്നതായി കാണുകയും നിരായുധനായി സ്റ്റേഷൻ വാതിൽക്കലേക്കു നടന്നുചെന്ന് സ്റ്റേഷനകത്തുള്ള തോക്കിനടുത്തെത്താൻ (തീർത്തും അസാധ്യമായി) ശ്രമിക്കുകയുംചെയ്തു എന്ന് സങ്കൽപിക്കാനാവില്ല. മാത്രമല്ല, അങ്ങനെ വാതിലിനടുത്തെത്തുകയും അകത്ത് വേലായുധനെയും മാത്യുവിനെയും അടിക്കുകയും വെട്ടുകയും ചെയ്യുന്ന പ്രതികളെ തിരിച്ചറിയാൻ വേണ്ടത്ര സമയം അവിടെ തങ്ങുകയും ചെയ്തശേഷം മുറ്റത്തേക്ക് ചെന്ന് മറ്റൊരു കൂട്ടം പ്രതികളെ തിരിച്ചറിഞ്ഞ് ഒടുവിൽ മുൻ ഗേറ്റിലൂടെ രക്ഷപ്പെടുന്നു; ഇതെല്ലാം ചെയ്തത് ഒരു പരിക്കുമേൽക്കാതെയാണ്.
അയാളുടെ തുടർ പെരുമാറ്റം ഇത്രയധികം പ്രതികളെ തിരിച്ചറിഞ്ഞ ഒരാളുടേതല്ല. ഇത്രയധികം പേരെ, വിശേഷിച്ച് മാത്യുവിനും വേലായുധനും നേരെ നടത്തിയ മാരകമായ ആക്രമണത്തിൽ പങ്കെടുത്തവരെ യഥാർഥത്തിൽ അയാൾ തിരിച്ചറിഞ്ഞിരുന്നെങ്കിൽ, അവരിൽ ഒന്നോ രണ്ടോ ആളുകളുടെയെങ്കിലും പേരുകൾ, താൻ ആദ്യം ഹെഡ് കേൺസ്റ്റബിളിനെ സംഭവം അറിയിച്ചപ്പോൾ പറയുമായിരുന്നു; അല്ലെങ്കിൽ, ഹെഡ് കോൺസ്റ്റബിളിന്റെ വീട്ടിൽനിന്ന് അഞ്ച് ഫർലോങ്ങിലേറെ ദൂരെയുള്ള സ്റ്റേഷൻ വരെ നടത്തിയ മടക്കയാത്രയിലെങ്കിലും സൂചിപ്പിക്കുമായിരുന്നു. PW -1ന്റെ മൊഴി അംഗീകരിക്കാൻ എനിക്ക് കഴിയില്ല.
ഒരേ കൂട്ടം പ്രതികൾ (നമ്പർ 1 മുതൽ 4 വരെയും ദാസും) പോലീസ് കോൺസ്റ്റബിൾമാരായ വേലായുധനെയും മാത്യുവിനെയും അടിക്കുന്നതും വെട്ടുന്നതും വ്യക്തമായി കാണാൻ കാത്തുനിന്ന ഈ പരിക്കേൽക്കാത്ത കോൺസ്റ്റബിൾമാർ, PW-2നും 4നും ഒരു ചെറു മുറിവ് ഏൽക്കുന്നതെങ്കിലും കണ്ടില്ല എന്നതും സംഭവസമയത്തുള്ള അവരുടെ സാന്നിധ്യംപോലും ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്. മരിച്ചവർക്ക് നേരെയുണ്ടായ മാരകമായ ആക്രമണത്തിനു സാക്ഷ്യം വഹിക്കാനും അക്രമികളെ തിരിച്ചറിയാനും മാത്രമാണ് അവരെ എത്തിച്ചതെന്ന് തോന്നുന്നു. പരിക്കേറ്റ കോൺസ്റ്റബിൾമാരും (അവരിലൊരാൾ, പരിക്കേൽക്കാത്ത കോൺസ്റ്റബിൾമാരോടൊപ്പം വരാന്തയിൽ കിടന്ന് ഉറങ്ങുകയായിരുന്നു), വരാന്തയിലൂടെ പുറത്തേക്ക് ഓടിയ പരിക്കേറ്റ മറ്റ് കോൺസ്റ്റബിൾമാരും, തങ്ങളുടെ യൂനിഫോം ധാരികളായ സഹപ്രവർത്തകരെ അവിടെയെങ്ങും കണ്ടില്ലെന്നത് ശ്രദ്ധേയമാണ്.

ബി.ടി. രണദിവെ -ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണവേളയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യ സെക്രട്ടറി
ഈ സന്ദർഭത്തിൽ, ഈ കേസിന്റെ എഫ്.ഐ.ആർ ഉൾപ്പെടെയുള്ള മുൻ റെക്കോഡുകൾ തയാറാക്കിയ രീതിയെപ്പറ്റിയും അന്വേഷണം നടത്തിയ വഴികളെപ്പറ്റിയും ചില നിരീക്ഷണങ്ങൾ നടത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഇതുപോലെ ഗുരുതരമായ ഒരു കേസിൽ (ക്ഷതമേറ്റ കക്ഷിയായ േപാലീസ്, കുറ്റവാളികളുടെ വിചാരണയിൽ കൂടുതൽ താൽപര്യമെടുക്കുമെന്ന് സ്വാഭാവികമായും പ്രതീക്ഷിക്കുന്ന കേസിൽ) അന്വേഷണത്തിലും റെക്കോഡുകൾ തയാറാക്കുന്നതിലും സത്യത്തിന്റെയും നിയമസാധുതയുടെയും മുദ്ര പതിപ്പിക്കുന്നതിൽ ഇരട്ടിജാഗ്രത പാലിക്കേണ്ടതായിരുന്നു. PW-56 ആയി വിസ്തരിച്ച അസി. പോലീസ് സൂപ്രണ്ട് സ്റ്റേഷനിൽ വന്നത് പുലർച്ചെ 3.50നാണെന്ന് Ex. J ജനറൽ ഡയറിയിലെ എൻട്രിയിൽ കാണുന്നു.
കമ്യൂ. പാർട്ടി അംഗങ്ങൾ ആ പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും പോലീസുകാരെ കൊല്ലുകയും ആയുധങ്ങളും വെടിക്കോപ്പുകളും തട്ടിക്കൊണ്ടുപോകുകയും ചെയ്ത ഒരു ഗുരുതര കേസിൽ, ഹെഡ് കോൺസ്റ്റബിളിനെപ്പോലെ ഒരു ചെറിയ ഉദ്യോഗസ്ഥനെ എഫ്.ഐ.ആർ തയാറാക്കാൻ ചുമതലപ്പെടുത്തുക; അതാകട്ടെ, സമീപത്തു താമസക്കാരും ഡ്യൂട്ടിയിലായിരുന്നു എന്ന പറയപ്പെടുന്നവരുമായ പരിക്കേറ്റ കോൺസ്റ്റബിൾമാരുടെ അടുത്തേക്ക് ചെല്ലാൻ ഒരു ശ്രമവും നടത്തും മുമ്പേ ചെയ്യുക –വിചിത്രമാണ് ഇത്.
മാരകമായ ഒരു ആക്രമണത്തിന് ദൃക്സാക്ഷിയാണെന്ന് അവകാശപ്പെടുകയും മുറിവേൽക്കാതെ അവിടന്നു രക്ഷപ്പെടുകയും ചെയ്ത ഒരാളിൽനിന്ന് ആദ്യ വിവരം രേഖപ്പെടുത്താൻ പോലീസ് കാണിച്ച വലിയ തിടുക്കം മനസ്സിലാക്കാൻ ഒരാൾക്ക് കഴിയുന്നതല്ല. പരിക്കേറ്റവർ അവരുടെ വീടുകളിലുണ്ടോ എന്ന് അന്വേഷിക്കണമെന്ന് പോലീസിന് തോന്നിയില്ല; അവരെ അവരുടെ വീടുകളിൽനിന്ന് പോലീസ് വാനിൽ പുലർച്ചെ 5ന് കൊണ്ടുവന്നു എന്നാണ് ജനറൽ ഡയറിയിൽ കാണുന്നത്. പരിക്കേറ്റ കോൺസ്റ്റബിൾമാർക്ക് നൽകാൻ കഴിയുമായിരുന്ന കൂടുതൽ മൂല്യവത്തും വിശ്വസനീയവുമായ മൊഴികളെക്കാൾ, ഒരു ദൃക്സാക്ഷിയായി ഭാവിച്ച പരിചയസമ്പന്നനായ ഒരു കോൺസ്റ്റബിളിന്റെ വാക്കുകൾക്കാണ് പോലീസ് മുൻഗണന നൽകിയതെന്നു തോന്നുന്നു.
ഫെബ്രുവരി 28ന് പുലർച്ചെ നാലിനു തന്നെ എഫ്.ഐ.ആർ രേഖപ്പെടുത്തിയതായി കാണുന്നുണ്ടെങ്കിലും അത് കോട്ടയം ജില്ല മജിസ്ട്രേറ്റിന് മുന്നിലെത്തിയത് മാർച്ച് മൂന്നിനു മാത്രമാണ്; ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനു നൽകിയതാകട്ടെ മാർച്ച് ഒന്നിനും [ഇടപ്പള്ളി പോലീസ്] സ്റ്റേഷനിൽ ഫെബ്രുവരി 28ന് തന്നെ ജില്ലാ മജിസ്ട്രേറ്റും ഒന്നാംക്ലാസ് മജിസ്ട്രേറ്റും സന്ദർശനം നടത്തിയ അവസരം (PW-35 ഹെഡ് കോൺസ്റ്റബിളിന്റെ തെളിവ് കാണുക) ഉപയോഗിച്ച് ആദ്യ റെക്കോഡുകളിൽ അവരുടെ ഒപ്പ് വാങ്ങിയില്ല എന്നത് വിചിത്രമാണ്.
ഗുരുതരമായി പരിക്കേറ്റ വേലായുധനെ, നീണ്ട എഫ്.ഐ.ആറും സീൻ മഹസ്സറും തയാറാക്കിക്കഴിയും വരെ പോലീസ് സ്റ്റേഷനിൽ ഒരു ശ്രദ്ധയും കിട്ടാതെ കിടക്കാൻ വിട്ട ശേഷമാണ്, പ്രിയപ്പെട്ട PW-1നൊപ്പം ആലുവ ആശുപത്രിയിലേക്ക് അയക്കുന്നത്. പോലീസ് ആദ്യം ചെയ്യേണ്ടിയിരുന്നത്, അയാളെ കഴിയുംവേഗം ആശുപത്രിയിലെത്തിക്കയും, പ്രഥമ ശുശ്രൂഷ നൽകിയശേഷം, അയാളിൽനിന്ന് ഒരു സ്റ്റേറ്റ്മെന്റ് എഴുതിയോ വാമൊഴിയായോ (അത് എത്ര ചെറുതായാലും) കിട്ടുമോ എന്ന് നോക്കുകയുമായിരുന്നു. അസി. പോലീസ് സൂപ്രണ്ട് വന്ന വാൻ 3.50 ലഭ്യമായിരുന്നതിനാൽ അത് സാധിക്കുമായിരുന്നു. വേലായുധന് സംസാരിക്കാൻ കഴിയില്ലായിരുന്നു എന്നതിന്, മെഡിക്കൽ ഓഫിസറുടെയോ, മജിസ്ട്രേറ്റിനെപ്പോലെ ഉത്തരവാദിത്തമുള്ള ഒരു ഉദ്യോഗസ്ഥന്റെയോ തെളിവല്ല, മറിച്ച് പോലീസുകാരുേടതു മാത്രമാണ് ഉള്ളത്.
സംഭവത്തെ പരാമർശിക്കുന്ന ഏറ്റവും ആദ്യത്തെ രേഖ, സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ള ജനറൽ ഡയറിയാണ്. കമ്യൂണിസ്റ്റുകൾ സ്റ്റേഷൻ ആക്രമിക്കുന്ന വിവരം P.C 1514 നൽകിയെന്ന് പുലർച്ചെ 3ന് ഹെഡ് കോൺസ്റ്റബിൾ സാക്ഷ്യപ്പെടുത്തുന്ന ഒരു എൻട്രിയുണ്ട് അതിൽ. ജനറൽ ഡയറിയിൽ രേഖപ്പെടുത്തേണ്ട വിശദാംശങ്ങളെപ്പറ്റി പോലീസ് ആക്ടിന്റെ സെക്ഷൻ 71 വിശദീകരിക്കുന്നുണ്ട്. കുറ്റവാളികളെ ഒന്നോ രണ്ടോ നേതാക്കളുടെയെങ്കിലും പേരുകൾ നൽകാവുന്ന സ്ഥിതിയിലായിരുന്നു PW-1 എങ്കിൽ, അതിന് ജനറൽ ഡയറിയിൽ തീർച്ചയായും ഒരു ഇടം കണ്ടെത്തേണ്ടതായിരുന്നു. പ്രസക്തമായ തീയതിയിലെ ജനറൽ ഡയറിയിൽ എൻട്രികൾ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും, മുഴുവൻ പേജ് തന്നെ മാറ്റിച്ചേർത്തിരിക്കുന്നു എന്നുമാണ് പ്രതിഭാഗത്തിന്റെ ശക്തമായ വാദം. ഈ ആരോപണം ശരിയോ തെറ്റോ ആകാം.
എന്നാൽ, 27ന്റെ ജനറൽ ഡയറി പറയുന്നത് ഖേദകരമായ ഒരു കഥയാണ്. മരിച്ച കോൺസ്റ്റബിൾ വേലായുധൻ രാത്രി 8നും 9നും 10.30നും ഇട്ട ഒപ്പുകളും, മറ്റു പേജുകളിലെ അദ്ദേഹത്തിന്റെ ഒപ്പുകളും തമ്മിലുള്ള ശ്രദ്ധേയമായ വൈരുധ്യമാണ് കൃത്രിമത്തിന് തെളിവായി പ്രതിഭാഗം ഉന്നയിക്കുന്നത്. രാത്രി 10.30ന് ശേഷമുള്ള സെൻട്രികൾക്ക് ചുമതല നൽകുന്നതിന്റെയും വിടുതൽ ചെയ്യുന്നതിന്റെയും സമയം, പോലീസ് മാന്വലിലെ റൂൾ 555 അനുസരിച്ച് രേഖപ്പെടുത്താത്തത് ഗുരുതരമായ ഒരു പിഴവാണ്. ജനറൽ ഡയറിയിലെ എൻട്രികളെ കണക്കിലെടുക്കുന്നത് സാധ്യമോ അഭികാമ്യമോ അല്ലെന്ന് പറയാൻ ഇത് മതിയാകും.
കേസന്വേഷണത്തിലെ നിയമപരമായ എല്ലാ കുറവുകളും അശ്രദ്ധയും വൈകല്യങ്ങളും ഉള്ളപ്പോൾതന്നെ, കൃത്രിമവും സംശയാസ്പദവുമായ എല്ലാ തെളിവുകളും മാറ്റിവെച്ച ശേഷവും (ബന്ധപ്പെട്ട എല്ലാവരുടെയും ഗുണത്തിനായി അവ ഒഴിവാക്കാമായിരുന്നു) ചില കുറ്റവാളികളെയെങ്കിലും നിയമത്തിനു മുന്നിലെത്തിക്കാൻ, അംഗീകരിക്കാവുന്നതും അപലപിക്കാനാവാത്തതുമായ തെളിവുകൾ ഇപ്പോഴുമുണ്ട്. പരിക്കേറ്റ കോൺസ്റ്റബിൾമാരായ PW-2ന്റെയും 4-ന്റെയും തെളിവുകളാണത്. അതിരാവിലെ കാവൽ ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ട അവർ തീർച്ചയായും സ്റ്റേഷനിലുണ്ടായിരുന്നു. പാതിരാത്രിയോടെ പോലീസ് സ്റ്റേഷനകത്ത് നടന്ന ആക്രമണത്തിന്റെ കേസിൽ കിട്ടാവുന്ന ഏറ്റവും മികച്ച തെളിവ്, ഒരുപക്ഷേ, ഒരേയൊരു തെളിവ് അതാണ്.
രാത്രി 1ന് മാത്യു വന്ന് സെൻട്രി ഡ്യൂട്ടി ഏറ്റെടുത്തശേഷം താൻ സ്റ്റേഷന്റെ സെൻട്രൽ ഹാളിൽ ഉറങ്ങാൻ കിടന്നു എന്നാണ് PW-2ന്റെ സത്യവാങ്മൂലം: 2 മണിയോടെ 1, 2, 4 നമ്പർ പ്രതികളും മരിച്ച ദാസും മറ്റ് നാലോ അഞ്ചോ പേരും സ്റ്റേഷന്റെ അകത്തേക്ക് കുതിക്കുന്നതാണ് അയാൾ കണ്ടത്. വടികളും വാക്കത്തികളുമായി അവർ ഹാളിലെത്തിയ ഉടനെ 2ാം പ്രതി ഒരു പടക്കമെറിയുകയും സെൻട്രി നിന്ന മാത്യുവിന്റെ മുഖത്ത് വടികൊണ്ട് അടിക്കുകയുംചെയ്തു. സാക്ഷി ഒരു തോക്ക് ചാടിയെടുത്ത്, തന്റെ പോക്കറ്റിലുണ്ടായിരുന്ന വെടിയുണ്ടകൾ നിറയ്ക്കാൻ നോക്കിയപ്പോൾ, 1ാം പ്രതി ഒരു വടികൊണ്ട് വലത്തെ തോളിൽ അടിച്ച് അയാളെ തളർത്തിക്കളഞ്ഞു.
ഇതിനിടക്ക്, ഹാളിൽ ഒരു കസേരയിൽ ഇരിക്കുകയായിരുന്ന കോൺസ്റ്റബിൾ വേലായുധനെ, 3ാം പ്രതിയും മറ്റ് മൂന്നോ നാലോ പേരും ചേർന്ന് വാക്കത്തികൊണ്ട് വെട്ടി. ചാടിയെഴുന്നേൽക്കാൻ നോക്കിയ അയാളെ വാതിൽക്കൽ െവച്ച് 17ാം പ്രതി തലക്കടിച്ചു. തുടർന്ന് മുറ്റത്തേക്ക് ചാടിയ അയാളുടെ പിന്നാലെ 5, 7, 8 നമ്പർ പ്രതികൾ ഓടി. അയാൾ സ്റ്റേഷന്റെ പിന്നിലേക്ക് ഓടി, കിഴക്കുവശത്തെ വേലിപ്പഴുതിലൂടെ കടന്ന്, അയൽപക്കത്തുള്ള PW-8ന്റെ വീട്ടിലെത്തി; പോലീസ് വാൻ എത്തി സുരക്ഷിതത്വ ബോധം വീണ്ടുകിട്ടും വരെ അവിടെ കിടന്നു. തുടർന്ന് സമീപത്തുള്ള തന്റെ വീട്ടിലെത്തി. അവിടെനിന്ന് രാവിലെ അയാളെ ആശുപത്രിയിലേക്ക് മാറ്റി. താൻ പേരു പറഞ്ഞ എല്ലാ പ്രതികളെയും അയാൾ കോടതിയിൽ തിരിച്ചറിഞ്ഞു.
ഈ സാക്ഷി [PW -2] ഇപ്പോൾ പറയുന്നതുപോലെ അയാൾ ഹാളിലുണ്ടായിരുന്നെങ്കിൽ, തനിക്കെതിരായ ആക്രമണത്തിൽനിന്ന് ഇത്ര നിസ്സാര പരിക്കുകളോടെ രക്ഷപ്പെടാൻ അയാൾക്ക് കഴിയില്ലായിരുന്നു; പരിക്കേറ്റശേഷം ജീവനുവേണ്ടി ഓടുന്നതിനിടയിൽ അയാൾക്ക് പ്രതികളെ തിരിച്ചറിയാനും കഴിയില്ലായിരുന്നു. തുടർന്ന്, പോലീസ് വരുന്നതുവരെ പൈലോയുടെ വീട്ടിൽ തങ്ങുകയും, പിന്നെ സ്റ്റേഷനിലേക്ക് പോകുന്നതിനു പകരം സ്വന്തം വീട്ടിലേക്ക് പോകുകയുംചെയ്തു എന്നതും സംശയാസ്പദമാണ്.
ഈ ആക്രമണങ്ങളിൽ [വിവരണങ്ങളിൽ] വലിയ കാര്യമൊന്നുമില്ല. ഹാളിൽ അയാൾ ഉണ്ടായിരുന്നെങ്കിൽ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടാനാകുമായിരുന്നില്ല എന്ന [പ്രതിഭാഗം] വാദത്തിന് ഒരു ശക്തിയുമില്ല. അയാളുടെ പരിക്കുകൾ യഥാർഥത്തിൽ നിസ്സാരമല്ലെന്നും, വലത് തോളെല്ലിനു പൊട്ടലുണ്ടെന്നും, കൈ ബലഹീനമായെന്നും വൂണ്ട് സർട്ടിഫിക്കറ്റ് പറയുന്നുണ്ട്. ഇടത് ചെന്നിക്കും വലത് കൈത്തണ്ടക്കും പരിക്കുണ്ട്. അക്രമികൾ അയാളെ അവശനും നിരായുധനുമാക്കിയിട്ട്, ആ ഭാഗത്തുനിന്ന് കൂടുതൽ ഉപദ്രവം വരാനില്ലെന്ന വിശ്വാസത്തിൽ ആളെ ഉപേക്ഷിച്ചതാകാം. ജീവഭയംകൊണ്ട് പരിഭ്രാന്തനായ ഒരു മനുഷ്യൻ, കണ്ണില്ലാത്ത വേഗത്തിലും ശക്തിയിലും പുറത്തുചാടി പരിക്കുകളോടെ രക്ഷപ്പെട്ടിരിക്കാനും നല്ല സാധ്യതയുണ്ട്.
അക്രമികളെയും മറ്റും മുമ്പേ പരിചയമുണ്ടായിരുന്നെങ്കിൽ, ഹാളിലും മുറ്റത്തും നല്ല വെളിച്ചമുണ്ടായിരുന്നതിനാൽ അവരെ തിരിച്ചറിയുന്നതിന് സാക്ഷിക്ക് ഒരു തടസ്സവുമില്ലായിരുന്നു. അയാളുടെ മൊഴിയുടെ ഈ വശം, അയാൾ പ്രതിചേർക്കുന്ന ഓരോരുത്തർക്കുമെതിരായ തെളിവ് പരിഗണിക്കുമ്പോൾ ഞാൻ കൂടുതൽ വിശദമായി പരിശോധിക്കാം. അയാളുടെ തുടർ പെരുമാറ്റത്തിന്, അയാളുടെ തെളിവുകളുടെ ഗൗരവം കുറക്കാനാവില്ല. അയാളുടെ അപ്പോഴത്തെ പരിഭ്രാന്തമായ മാനസികാവസ്ഥയിലും ശാരീരികാവശതയിലും ഒരു സാധാരണ മനുഷ്യൻ ചെയ്യുമായിരുന്നപോലെ കൃത്യമായി അയാൾ പെരുമാറുമെന്ന് കരുതാനാവില്ല.
പൗലോയുടെ വീട്ടിൽ തങ്ങിയ സമയത്തെക്കുറിച്ചുള്ള സൂക്ഷ്മമായ വിശദാംശങ്ങൾ ഓർമിക്കാനാവാത്തത്, എതിർവിസ്താരത്തിൽ അയാളുടെയും പൗലോയുടെയും തെളിവുകൾ തമ്മിൽ നിസ്സാര വൈരുധ്യങ്ങൾക്ക് കാരണമായിട്ടുണ്ടാകാം. തനിക്ക് പരിക്കു പറ്റിയതിനെപ്പറ്റി കോടതിയിലും മെഡിക്കൽ ഓഫിസർക്കു മുന്നിലും സാക്ഷി നൽകിയ വ്യത്യസ്ത ആഖ്യാനങ്ങൾക്കും [പ്രതിഭാഗം?] ഊന്നൽ നൽകി. സാക്ഷികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിക്കുകൾ പറ്റിയതിനെപ്പറ്റി വൂണ്ട് സർട്ടിഫിക്കറ്റിൽ (Ex.Z) രേഖപ്പെടുത്തിയതെന്നാണ് മെഡിക്കൽ ഓഫിസർ (PW-15) സാക്ഷ്യപ്പെടുത്തുന്നത്. ആ വിവരണം, തന്റെ ചുമലിൽ 1ാം പ്രതിയും തലക്ക് 17ാം പ്രതിയും അടിച്ചു എന്ന് കോടതിയുടെ മുന്നിലുള്ള സാക്ഷിവാദത്തോട് പൂർണമായി യോജിക്കുന്നതാണ്. മറ്റു വസ്തുതകളെപ്പറ്റി ആരാണ് ഉത്തരവാദിയെന്ന് അയാൾ തെളിവ് നൽകാത്തത്, അതേപ്പറ്റി ശ്രദ്ധിക്കാവുന്ന അവസ്ഥയിലല്ലായിരുന്നു അയാളെന്നതുകൊണ്ടാകാം.
1 മുതൽ 4 വരെ പ്രതികളും ദാസും ചേർന്ന് നടത്തിയ ആക്രമണത്തിൽ മാത്യുവിനെയും വേലായുധനെയും മർദിക്കുകയും വെട്ടിക്കൊല്ലുകയും ചെയ്തുവെന്ന് PW-1 മുന്നോട്ടുവെച്ച തെളിവിനെ ആധാരമാക്കി പ്രോസിക്യൂഷൻ നടത്തിയ വാദത്തെ പിന്താങ്ങുന്നതിലേക്ക് ഈ സാക്ഷി [PW-2?] പോകുന്നില്ല എന്ന കൃത്യമായ വസ്തുത തന്നെ, അയാൾക്ക് സത്യത്തോട് കുറച്ച് ബഹുമാനമുണ്ടെന്നും, അയാളുടെ തെളിവുകൾ സത്യത്തിന് അനുസൃതമാണെന്നും കാണിക്കുന്നു. അയാളുടെ തെളിവ് ഞാൻ അംഗീകരിക്കുന്നു.
PW-4 ആണ് പരിക്കേറ്റ മറ്റൊരു കോൺസ്റ്റബിൾ. രാത്രി 11ന് തന്റെ സെൻട്രി ഡ്യൂട്ടി കഴിഞ്ഞ്. സംഭവസമയത്ത് താൻ വരാന്തയുടെ കിഴക്കുവശം കിടന്ന് ഉറങ്ങുകയായിരുന്നു എന്നു പറയുന്നു അയാൾ. രാത്രി 2ന് തന്റെ നെറ്റിയിൽ ഒരു അടികൊണ്ട് അയാൾ ഞെട്ടിയുണർന്നു നോക്കുമ്പോൾ കണ്ടത്, ഒരു വടിയുമായി 18ാം പ്രതി തന്റെ മുന്നിൽ നിൽക്കുന്നതാണ്; മറ്റ് പത്തോ പതിനഞ്ചോ പേർ വടികളും വാക്കത്തികളും പടക്കങ്ങളുമായി, അടുത്ത ഹാളിൽ വെട്ടുന്നതും അടിക്കുന്നതും പടക്കംപൊട്ടിക്കുന്നതുമാണ്. 2ാം പ്രതി ഒരു വടികൊണ്ട് മാത്യുവിന്റെ മുഖത്ത് അടിക്കുന്നതും അങ്ങനെ അയാളെ വീഴ്ത്തുന്നതും താൻ കണ്ടെന്ന് അയാൾ സത്യംചെയ്യുന്നു; മറ്റു ചിലർ ലോക്കപ്പ് മുറിയുടെ പൂട്ടും ഇരുമ്പ് അഴികളും തകർക്കാൻ ശ്രമിക്കയായിരുന്നു. അടികൊണ്ട് അയാൾ ചാടിയെഴുന്നേറ്റപ്പോൾ, 21ാം പ്രതി അയാളുടെ വലതു തോളിനു താഴെ ഒരു പേനാക്കത്തികൊണ്ട് കുത്തി; 22ാം പ്രതി ഒരു കഠാരകൊണ്ട് ഇടതു തോളിനു താഴെ കുത്തി; 19ാം പ്രതി ഒരു വടികൊണ്ട് ഇടത് കൈത്തണ്ടയിൽ അടിച്ചു.
20ാം പ്രതി ഒരു വടികൊണ്ട് നെഞ്ചത്ത് അടിച്ചു. മരിച്ച വേലായുധനെ 1ാം പ്രതിയും തനിക്ക് കണ്ടാലറിയാവുന്ന മറ്റ് രണ്ടോ മൂന്നോ പേരും ചേർന്ന് അടിച്ചു എന്നും അയാൾ പറയുന്നു. പോലീസ് സ്റ്റേഷന്റെ ഗേറ്റിനു പുറത്തേക്ക് ഓടുമ്പോൾ, 5,7,8 പ്രതികൾ വടികളുമായി നിൽക്കുന്നത് അയാൾ കണ്ടു. 6ാം പ്രതി അയാളെ ഗേറ്റിനു പുറത്തേക്ക് ഓടിച്ചു. സ്റ്റേഷനിൽനിന്ന് 40-ഓളം അടി തെക്കുകിഴക്കുള്ള കപ്പേളക്കടുത്ത് ഓടിയെത്തി മതിലിനു പിന്നിൽ ഒളിക്കുന്നതിനിടയിൽ അയാൾ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത്, ഹാളിൽ 1ഉം 2ഉം പ്രതികൾ വേലായുധനെയും മാത്യുവിനെയും അടിക്കുന്നതും വെട്ടുന്നതുമാണ്.

ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ
അവിടന്ന് അയാൾ തന്റെ മുറിയിലേക്ക് പോയി. പിറ്റേന്ന് രാവിലെ പോലീസ് വാനിൽ ആശുപത്രിയിലേക്ക് നീക്കുന്നതു വരെ അയാൾ അവിടെയായിരുന്നു. വരാന്തയിൽ ഉറങ്ങുകയായിരുന്ന താൻ അടികൊണ്ടാണ് പെട്ടെന്ന് ചാടിയെഴുന്നേറ്റതെന്നതും, തനിക്ക് ഒട്ടേറെ പരിക്കുകൾ ഏറ്റതിനാൽ തന്റെ സുഹൃത്തുക്കളെ ഹാളിൽ ആക്രമിക്കുന്നവരെ തിരിച്ചറിയാവുന്ന നിലയിലല്ലായിരുന്നു എന്നതും, തന്നെ ആക്രമിച്ചവരെ മുമ്പ് വേണ്ടത്ര പരിചയമില്ലാഞ്ഞതിനാൽ തിരിച്ചറിയാനായില്ല എന്നതും മാത്രമാണ് അയാളുടെ മൊഴിയിൽ പ്രധാനമായുള്ളത്. തന്നെ ആക്രമിച്ചവരെ കുറിച്ചുള്ള അയാളുടെ മൊഴി സംശയം കൂടാതെ സ്വീകരിക്കാം. എന്തെന്നാൽ, അതേക്കുറിച്ചു പറയാൻ ഏറ്റവും യോഗ്യൻ അയാൾതന്നെയാണ്. പരിക്കേറ്റ ഒരാൾ തന്റെ യഥാർഥ അക്രമികൾക്കു പകരം മറ്റുള്ളവരെ ആ സ്ഥാനത്ത് പറയില്ല.
ഇതിനകം സൂചിപ്പിച്ചതുപോലെ, ഹാളിലും മുറ്റത്തും നല്ല വെളിച്ചമുണ്ടായിരുന്നതിനാൽ, അക്രമികളെ നേരത്തേ വേണ്ടത്ര പരിചയമുണ്ടായിരുന്നെങ്കിൽ അവരെ തിരിച്ചറിയാൻ ഒരു പ്രയാസവുമില്ലായിരുന്നു. അയാളെ ആക്രമിച്ചവരിൽ ഒരാളെയോ എല്ലാവരെയുമോ തിരിച്ചറിയുന്നതിന് അയാൾക്കുള്ള കഴിവിനെപ്പറ്റി, അവരിൽ ഓരോരുത്തർക്കുമെതിരായ തെളിവ് പരിഗണിക്കുമ്പോൾ പരിശോധിക്കാം.