ഉഴവ്

ഗൃഹാതുരതയുടെ ഹേമന്തമാണ് കുട്ടിക്കാലം, മുൻകുട്ടികൾക്ക്. കാൽപനികതയുടെ കോടമഞ്ഞൊന്നു മാടിനീക്കിയാൽ... അത്രകണ്ടൊരു സ്വച്ഛന്ദദേശമായിരുന്നോ ആ ഭൂതകാലം? പച്ചയായ ചോദ്യം മുഖം ചോപ്പിക്കും. നേരിന് അങ്ങനെയുമുണ്ടൊരു നഖമുന –മുൾക്കുത്തുപോലെ. ഗൃഹാതുരത്വം ഒരസ്ക്യതയാണ്, എന്നും നാളെയുടെ ഗൃഹാതുരതയാണ് ഇന്ന് എന്നോർക്കാതിരുന്നാൽ.ആയതിനാൽ, പ്രിയം വിട്ട് ഋതം...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഗൃഹാതുരതയുടെ ഹേമന്തമാണ് കുട്ടിക്കാലം, മുൻകുട്ടികൾക്ക്. കാൽപനികതയുടെ കോടമഞ്ഞൊന്നു മാടിനീക്കിയാൽ... അത്രകണ്ടൊരു സ്വച്ഛന്ദദേശമായിരുന്നോ ആ ഭൂതകാലം? പച്ചയായ ചോദ്യം മുഖം ചോപ്പിക്കും. നേരിന് അങ്ങനെയുമുണ്ടൊരു നഖമുന –മുൾക്കുത്തുപോലെ. ഗൃഹാതുരത്വം ഒരസ്ക്യതയാണ്, എന്നും നാളെയുടെ ഗൃഹാതുരതയാണ് ഇന്ന് എന്നോർക്കാതിരുന്നാൽ.
ആയതിനാൽ, പ്രിയം വിട്ട് ഋതം പറയാം; പന്ത്രണ്ടു കൊല്ലത്തെ കഠിനതടവാണ് പള്ളിക്കൂടക്കാലം. ഒന്നാംതരം തൊട്ട് ക്ലാസോരോന്നിലും മുഖ്യമായും ഒറ്റക്കാര്യത്തിലാണ് കുട്ടിമനസ്സ് –പരീക്ഷ. പണ്ടത്തെയത്ര കാർക്കശ്യമില്ലെങ്കിലും മടപ്പത്രയും മിന്നും ‘ഗ്രേഡി’ന്മേലാണ്, മാർക്കിന്റെ അഴിഞ്ഞുലഞ്ഞ മാറ്റപ്പദത്തിൽ –എ പ്ലസ്, എ, ബി... ഈ കടമ്പ കടക്കാനുള്ള ഉപാധിയാണ് ഓർമ. പാഠങ്ങൾ ഓർമിച്ചുവെക്കുക, എത്ര കൂടുതലോ അത്ര നന്ന്. അങ്ങനെയാണ് അഭ്യാസം. വിദ്യാഭ്യാസത്തെക്കുറിച്ച മോടിവാക്യങ്ങൾ മാറ്റിവെച്ച് നാട്ടുനടപ്പ് പറയാം. ‘വിവരം’ ഇവിടെ ഓർമപ്പരീക്ഷക്കുള്ള വിഭവംതന്നെയാണ് –പരീക്ഷ ഉണ്ടെങ്കിലും ഇല്ലെങ്കിലും. കൊല്ലമോരോന്നു കൊഴിയുമ്പോൾ പക്ഷേ അതിൽ മിക്കതും മായുന്നു, അടുത്ത പരീക്ഷക്കുള്ള വിഭവശേഖരം അതാ മുന്നിലെത്തിക്കഴിഞ്ഞു. അങ്ങനെ, ആർജിച്ച വേഗത്തിൽതന്നെ വിരേചിച്ചും പോകുന്നു വിവരം.
പ്രൈമറി, ഹൈസ്കൂൾ തലങ്ങളിൽ വകയിരുത്തിയിട്ടുള്ളത് വിവിധ വിഷയങ്ങൾ അടങ്കം വാരിക്കെട്ടിയ വിദ്യാഭ്യാസം –മൂന്ന് ഭാഷകൾ തൊട്ട് പല ശാസ്ത്രങ്ങൾ വരെ, ചരിത്രം തൊട്ട് ഗണിതം വരെ. ശിക്ഷ, ഡി.പി.ഇ.പിയായാലും, മറ്റ് വല്ല പീപ്പിയായാലും. ശേഷം കലാലയം. അവിടെ, പള്ളിക്കൂടത്തിലേതിന്റെ പാതിയോളം വിഷയങ്ങൾ. അതുക്കും മീതേക്ക് പോയാൽ വീണ്ടും നേർക്കും കളരിത്തട്ട്, ഏതെങ്കിലും വിഷയത്തിൽ വിരുത് കൂർപ്പിക്കാനുള്ള അഭ്യാസപ്പയറ്റ്.
വിചക്ഷണർ സിദ്ധാന്തം പിടിക്കും, ലോകത്തെ യാഥാർഥ്യങ്ങൾ ചൊട്ടയിലേ അറിഞ്ഞെടുക്കലാണ് ഈ സമ്പ്രദായത്തിന്റെ ചേതോവികാരമെന്ന്. ശരി, തുടർജീവിതത്തിൽ ശരിക്കും സാധുതയുള്ള സമീപനമാണോ ഇത്? വിദ്യാലയവും പ്രാഥമിക കലാലയവും കഴിഞ്ഞാൽ, ചെയ്യാൻ പോകുന്ന പണിക്കുവേണ്ട നൈപുണി തേടലായി പിന്നെ. വിദ്യാർഥി തൊഴിലർഥിയാകുന്നു. ഈ തിരിവിലാണ് അഭ്യാസത്തിൽ തെരഞ്ഞെടുപ്പ് വരുന്നത് –ചിലർ ഇണങ്ങുന്നതെടുക്കും, ചിലർ മോഹമുള്ളത്, പലരും (ഗത്യന്തരമില്ലാതെ) തരപ്പെടുന്നത്... തിരഞ്ഞെടുപ്പിന്റെ നാട്ടുനടപ്പ് എങ്ങനെയാകിലും എടുത്ത വിഷയങ്ങളിലെ ഉരുപ്പടികളാണ് പിന്നെ ഓർമയിൽ തിരുകുക. അതിനു മുമ്പത്തെ ദീർഘാഭ്യാസത്തിൽനിന്ന് വല്ലതുമൊക്കെ ഓർമിച്ചെന്നു വരും, വല്യ വിലയും തൂക്കവുമില്ലാതെ. അതത്ര അനിവാര്യമല്ലെന്ന തോന്നലാണ് ഓർമയുടെ ഉടമക്കുപോലും. തിരഞ്ഞെടുത്തു വരിക്കുന്നതിലും പഴയപടി ശ്രദ്ധ ഓർമിച്ചുെവപ്പിന്, ഊന്നൽ പരീക്ഷക്ക്. ഉതകുന്നുണ്ടോ ഈ സമ്പ്രദായം ഉഴവിന്? ഉദാഹരണത്തിന്, കാൽനൂറ്റാണ്ടായുണ്ട് കേരളത്തിൽ എൻജിനീയറിങ് കളരികൾ, തകരപോലെ. നൂറുകണക്കിന് എൻജിനീയർമാരെ വർഷാവർഷം ഉൽപാദിപ്പിക്കുന്ന ഫാക്ടറികൾ. തൊഴിലിനുള്ള യോഗ്യത താമ്രപത്രത്തിലുണ്ടാവും, തൊഴിൽ ചെയ്യാനുള്ള നൈപുണി എത്ര ഉൽപന്നങ്ങൾക്കുണ്ടാവും? ഇതാണ് പഠിപ്പിലെ പരീക്ഷയും ജീവിതത്തിന്റെ പരീക്ഷണവും തമ്മിലെ വിടവ്.
അല്ലെങ്കിൽതന്നെ യാഥാർഥ്യലോകം എത്ര വിപുലം, നമ്മുടെ ഓർമശേഷിക്ക് ഒതുക്കാനാവാത്തത്ര. എല്ലാം അറിഞ്ഞുെവക്കാൻ ആർക്കുമാവില്ല. എന്നിരിക്കെ അഭ്യസിക്കേണ്ടതെന്ത് –യാഥാർഥ്യത്തെക്കുറിച്ച വിവരങ്ങളോ, അതോട് ഒത്തുപോകാൻ വേണ്ട വകതിരിവോ? കുറെ വിഷയങ്ങളിലെ കുറെ വിവരങ്ങൾ ഓർമിച്ചുെവക്കലോ, യാഥാർഥ്യങ്ങളിലെ ബലതന്ത്രം ബോധ്യമാകലോ? വിവരം ഉണ്ടാൽ വിവേകം ഉണ്ടാകുമോ?
മനുഷ്യസമൂഹങ്ങളെ പൊതുവെ നയിക്കുന്നത് അറിവല്ല, ഓർമയുമല്ല, ‘കഥ’കളാണ്. വസ്തുനിഷ്ഠതയല്ല, വിസ്തരിച്ച ആഖ്യാനങ്ങളാണ്. നേരിന്റെ പൊട്ടും പൊടിയും അവയിലുണ്ടെന്നു വരാം. പക്ഷേ, നേരല്ലവ, നേരിന്റെ ധർമം നിർവഹിക്കുന്നുമില്ലവ. ആളുകൾക്ക് പക്ഷേ അതാണിഷ്ടം –വിഴുങ്ങാൻ എന്തെളുപ്പം, എത്ര വേഗം. ഉദാഹരണത്തിന്, ഭൂമിയിൽ ഭൂരിപക്ഷവും പുരാണത്തെ സ്വീകരിക്കുന്നു ചരിത്രത്തെക്കാൾ. ജ്യോതിശാസ്ത്രത്തെക്കാൾ സമ്മതി ജ്യോതിഷത്തിന്. അറിയുക എന്ന അധ്വാനത്തെ പരമാവധി ലഘൂകരിക്കാനൊരു സ്വാഭാവിക പ്രവണതയുണ്ട് മനുഷ്യന്. അറിവെല്ലാംകൂടി ഒറ്റ ഗ്രന്ഥത്തിലുണ്ടെന്നു കേട്ടപാതി, അതുമാത്രം മതി പിന്നെ. ഗ്രന്ഥം തലയണയാക്കി ചുമ്മാ ചായും, അതുപോലുമൊന്ന് മറിച്ചുനോക്കാൻ മെനക്കെടാതെ. ഇതിലത്ര കുഴപ്പമില്ലായിരുന്നു, ഭൂമിപ്പുരയിൽ ആളു കുറവായിരുന്നേൽ. എന്തുചെയ്യാം, സങ്കീർണ ബഹുലമായ ഒരിടത്തായിപ്പോയി നമ്മുടെ ജീവിതം. നൂറായിരം തരക്കാർ, ആയിരമായിരം താരിഫുകൾ, അവയുടെ തായാട്ടുകൾ, കമ്പ്യൂട്ടർ ശൃംഖലകളും കൃത്രിമബുദ്ധിയന്തിരങ്ങളും വരെ കൊളുത്തുന്ന ജീവിതാവേഗം... മനസ്സിനെ വെല്ലുന്ന കുതിപ്പ് മാറ്റങ്ങൾക്ക്. ഇഷ്ടമുള്ള ആഖ്യാനങ്ങളിൽ സുഖദം പുലരുന്നത് കുഴപ്പമില്ലായിരുന്നു, പുലർച്ച ഒന്നാം നൂറ്റാണ്ടിലായിരുന്നേൽ, ഇതുപക്ഷേ, ഇരുപത്തിയൊന്ന്.
കേട്ടാൽ ചിരി വരാം. കൂടുതലറിയാൻ കുറച്ചു പഠിക്കുക –കാടുകയറാതെ, ഏട്ടുതടവിലകപ്പെടാതെ, വേണ്ടതത്രയും വേണ്ടപോലെ. ചിരിച്ചുകഴിഞ്ഞെങ്കിൽ ഒരു നിമിഷം...
ഇന്ത്യാ ചരിത്രം ഒന്നുനോക്കൂ, ചരിത്രരചനയെക്കുറിച്ച തർക്കവിതർക്കങ്ങൾ അപ്പടി സമ്മതിച്ചുതന്നെ. എങ്ങനെയാണ് നമ്മുടെ സമൂഹം ഇന്നത്തെ നിലയിലെത്തിയതെന്ന് തിരിച്ചറിയുകയാണല്ലോ ചരിത്രപഠനത്തിന്റെ ഉദ്ദേശ്യം, ആത്യന്തികമായി –നമ്മൾ എന്തെന്നും എന്തല്ലെന്നും ‘‘നമ്മളെങ്ങനെ നമ്മളായെ’’ന്നും എന്തായില്ലെന്നുമൊക്കെ. അത് നമ്മുടെ പ്രശ്നങ്ങളെക്കുറിച്ച് ഒരേകദേശ ധാരണ പകരും. ദേശചരിത്രം പക്ഷേ, ആമാടപ്പെട്ടിയല്ല. മറ്റുപല ദേശചരിത്രങ്ങളോടും കൂട്ടുപിണഞ്ഞ കുരുക്കുപടർപ്പാണ്. അതുകൊണ്ട് ലേശം അറബിച്ചരിത്രംകൂടി നോക്കാമെന്ന് വെക്കുക. അപ്പോഴും, പിണര് മധ്യേഷ്യയിൽ ഒതുങ്ങുന്നില്ല. പിന്നാക്കം ചെന്നാൽ, യവനവും മുന്നോട്ടുവന്നാൽ, യൂറോപ്യവുമൊക്കെ വള്ളി വീശും, താങ്ങുവേരിടും. ആ ദേശങ്ങളുടെയെല്ലാം സമാന്തര പാഠങ്ങൾ നമ്മുടെ ഗ്രാഹ്യത്തെ ഉണർത്തും.
എന്നുകരുതി, ദേശമായ ദേശത്തിന്റെയെല്ലാം ചരിത്രം വാരിവലിച്ചിട്ടാൽ? സംഗതമായുള്ളത്, അതിൽ നിറയുന്ന കുറേ സംഭവങ്ങളും അവയുടെ വ്യാഖ്യാനങ്ങളും, കുറേ വ്യക്തികളും അവരുടെ ചെയ്തികളും പിന്നെ അതിന്റെയെല്ലാം കലണ്ടർകണക്കുമല്ല. മറിച്ച്, അവക്കുള്ളിലെ സാമാന്യമായ ചില ബലതന്ത്രങ്ങളാണ്. കൂടുതൽ ദേശചരിത്രങ്ങൾ പഠിച്ചാൽ അതിന്റെ കൂടുതൽ ഉദാഹരണങ്ങൾ കിട്ടുമെന്നേയുള്ളൂ. സമാനമാണ് മതപഠനവും. സെമിറ്റിക് മതങ്ങളുടെ ചരിത്രവും ദൈവശാസ്ത്രവും പഠിക്കാം, ഇന്ത്യൻ മതങ്ങളുടെയും മറ്റനേകം പ്രാച്യങ്ങളുടെയും. എല്ലാത്തിന്റെയും ഉള്ളടക്കത്തിലുള്ളത് പൊതുവായ ചില ബലതന്ത്രങ്ങൾ –മനുഷ്യന്റെ ആത്മീയ ചിന്താ പദ്ധതികളുടെ.
ഈ ല.സാ.ഗുവാണോ നാം പൊതുവേ അറിഞ്ഞെടുക്കാറ്? എടുക്കാൻ കുട്ടികളെ പ്രേരിപ്പിക്കാറ്? പകരം, വിവരങ്ങളുടെ ഹിമാലയമല്ലേ ശിരസ്സേറ്റാറ്? യാഥാർഥ്യത്തിന്റെ ബലതന്ത്രം ഗ്രഹിക്കുന്നതും വിവരച്ചുമടുകൊണ്ട് സിര നിറക്കുന്നതും രണ്ടും രണ്ടാണ്. ഇതിലേതാണ് നമ്മുടെ വിദ്യാഭ്യാസത്തിന്റെ പ്രയോഗശാസ്ത്രം?
ആളുകൾ പൊതുവേ ഇഷ്ടപ്പെടുന്നില്ല, ഇമ്മാതിരി സമീക്ഷകൾ. കഥാഖ്യാനങ്ങളിൽ മുഴുകലാണ് സുഖം, സൗകര്യം. അതിപ്പോ, പള്ളിയായാലും പള്ളിക്കൂടമായാലും രാഷ്ട്രീയമായാലും മാധ്യമമായാലും. പ്രശ്നവും അവിടെത്തന്നെയാണ്. ആഖ്യാനങ്ങളിലെ ‘വിവര’ങ്ങളല്ല അറിവ്, യാഥാർഥ്യത്തിലടങ്ങിയ ക്രമരൂപങ്ങളാണ്. അവയിലെ അടരുകാണലാണ് വിവേകം.
യാഥാർഥ്യത്തെ അതിലെ ക്രമവും അടരും വഴി മനസ്സിലാക്കാൻ ഒരുപകരണം മനുഷ്യൻ സജ്ജമാക്കിയിട്ടുണ്ട് –ശാസ്ത്രം. അതുപക്ഷേ, സിദ്ധാന്തങ്ങളും സ്ഥിതിവിവരക്കണക്കും ഗണിതക്കൊനഷ്ടും നിറഞ്ഞ് ഗഹനമാണ്. പഠിച്ചെടുക്കാൻ പാടുണ്ട്, പലർക്കും. ശാസ്ത്രം പഠിച്ചെന്നു പറയുന്ന ഭൂരിപക്ഷത്തിനും നിത്യജീവിതത്തിൽ ശാസ്ത്രീയത കമ്മി. വൈരുധ്യത്തിലാണ് അവരുടെ അറിവും ജീവിതവും. ഇനി, സാക്ഷാൽ ശാസ്ത്രത്തിനുതന്നെ പരമാവധി കഴിയുക, ആവർത്തിക്കുന്ന ക്രമരൂപങ്ങൾ തിരിച്ചറിയലാണ് –അതും, പങ്കിടാവുന്ന പേശിലൂടെ പ്രതിഫലിപ്പിക്കാവുന്നവ മാത്രം. അതിലേറെ കഷ്ടത്തിലാണ് മതങ്ങളും തത്ത്വശാസ്ത്രങ്ങളും. അവയിലൂടെ ഉൺമയെ പുൽകുന്നതായി ഭാവിക്കയാണ് മനുഷ്യർ. വിശ്വാസങ്ങൾക്കുമേൽ ജീവിതം ഹോമിക്കുന്നു, വാസ്തവത്തിലുള്ള അറിവിലുമേറെ അറിയാമെന്ന് വിശ്വസിച്ച്. ഇവിടെ, രണ്ടിനം വിശ്വാസങ്ങൾക്കുമേലായിപ്പോകുന്നു ജീവിതം. ഒന്ന്, ൈജവവും നിസർഗവുമായ ത്വരകൾ പതിഞ്ഞത്. രണ്ട്, സമൂഹവും സംസ്കാരവും പതിച്ചത്. ഈ കത്രികപ്പൂട്ടിൽനിന്ന് കുതറാൻ മിക്കവരും തുനിയാറില്ല, അതിലങ്ങ് ആണ്ടുപോകയാണ്. പക്ഷേ, യാഥാർഥ്യത്തെക്കുറിച്ച വിവക്ഷകളുടെ കുറിമാനം മാത്രം കൊണ്ട് ജീവിച്ചുപോകാനാവില്ല. വിവരങ്ങളുടെ കലവറ തലയിൽ ചുമന്നതുകൊണ്ടുമാവില്ല. പറഞ്ഞമാതിരി, ക്രമരൂപങ്ങളുടെ നൈരന്തര്യം മനസ്സിലാക്കേണ്ടത് അനിവാര്യമാകുന്നു, ജീവനത്തിന്റെ തെളിമക്ക്.
ഒരു ക്യൂബ്. ആറു വശങ്ങളുണ്ടതിന്. ആറും ഒരേനേരം നമുക്ക് കാണാനാവില്ല. കാണാപ്പുറത്തുമുണ്ട് വശങ്ങൾ, കാണായ്കകൊണ്ട് അവയില്ല, എന്നുവരുന്നില്ല. ഭൗതികശാസ്ത്രജ്ഞൻ ഹൈസൻബർഗിന് അണുകണത്തിന്റെ അകലോകമാണ് ഈ കാണാപ്പുറം. അതവിടുണ്ട്, അണുവിനുള്ളിൽ. പക്ഷേ, നമുക്കത്ര അറിയില്ല. സരളമായ ഈ അറിവില്ലായ്മക്കുവേണ്ടി ഹൈസൻബർഗ് വാദിച്ചു, സമാന പ്രതിഭകളായ രണ്ട് മഹാശാസ്ത്രജ്ഞർക്കൊപ്പം –മാക്സ് പ്ലാങ്ക്, മാക്സ് ബോൺ. എതിരെയുള്ളതും ചില്ലറ പുള്ളികളായിരുന്നില്ല –ഐൻസ്റ്റൈൻ, ഷ്റോഡിംഗർ.
അതിസൂക്ഷ്മമായ അണുകണത്തിനുള്ളിൽ എങ്ങനെയാ കാര്യങ്ങൾ? ഹൈസൻബർഗ് പറഞ്ഞു, ആ കാണാപ്പുറത്തെ മനസ്സിൽ കാണാൻപോലും നമുക്കാവില്ല. അവ്വിധമാണ് അവിടെ സംഗതികളുടെ കിടപ്പുവശം. ഒന്നും ഒരു നേരത്ത് ഒരിടത്തുണ്ട് എന്നുറപ്പിക്കാനാവില്ല. ഒന്നിന്റെയും ചലനവും സ്ഥാനവും ഒരേസമയം തിട്ടപ്പെടുത്തുക വയ്യ. അതിനു തുനിഞ്ഞാലുടൻ സ്ഥാനം മാറിക്കളയും! ഉച്ചക്കിറുക്കെന്ന് തോന്നുന്നില്ലേ? എങ്കിൽ, കിറുക്കിന്റെ മാനദണ്ഡങ്ങൾ മാറ്റിക്കുറിച്ചോളൂ. നമ്മുടെ ലോകത്തെ ഭൗതിക നിയമംെവച്ച് അണുലോകത്തെ ഭൗതികത അളക്കാനാവില്ല. അവ്വിധമാണ് യാഥാർഥ്യം, നമ്മുടെ സ്വന്തം കേവലാംശമായ അണുകണത്തിന്റെ ഉൾനേര്. അനിശ്ചിതത്വമല്ലാതൊരു നിശ്ചയവുമില്ലൊന്നിനും!
യാഥാർഥ്യം ഇല്ലെന്നാണോ ഇതിനർഥം, ലോകവും ജീവിതവും ഉൺമയല്ലെന്ന്? ഇതൊക്കെ മിഥ്യയെങ്കിൽ മറ്റെന്തെങ്കിലും ഉണ്ടാവേണ്ടേ, മെയ്മയായി –ഉള്ളതിന്റെ അടിസ്ഥാനത്തിലല്ലോ നാം ഇല്ലായ്മ നിർണയിക്കാറ്. എങ്കിൽ, എന്താവാമത്? മറിച്ച്, ഇക്കണ്ടതും പറഞ്ഞതുമൊക്കെത്തന്നെയാണ് ‘ഉൺമയെങ്കിൽ’ അതിന്റെ പൊരുളെന്തേ ദുരൂഹമാകുന്നു? സംഭ്രാന്തിയുണർത്തുന്ന ഈ കുരുക്ക് തരുന്ന വിവേകശകലങ്ങൾ തെല്ലുണ്ട്.
ഒന്ന്, നമുക്ക് അറിയാൻ കഴിയാത്ത പലതുമുണ്ട്. മനുഷ്യമനസ്സിന് പ്രകടമായിത്തന്നെയുണ്ട് കേവല പരിധികൾ. കാരണം, എന്തിനെയെങ്കിലും ഗ്രഹിക്കാനോ ഭാവനചെയ്യാനോ നമുക്ക് സ്ഥല-കാല ബിന്ദുക്കൾ വേണ്ടതുണ്ട്, സൂചകങ്ങളായി. ഉദാഹരണത്തിന്, ഇന്നു രാത്രി എട്ടിന് നിങ്ങൾ സ്വന്തം പുരയിലുണ്ടെങ്കിൽ അത് പരിശോധിച്ച് മനസ്സിലാക്കാം –മൂന്ന് ഘടകങ്ങളും (നിങ്ങൾ എന്ന വസ്തു, സ്ഥലം, സമയം) കൃത്യമായി തിട്ടപ്പെടുത്തിക്കൊണ്ട്. ഇതേ നേരം നിങ്ങൾ ആയിരം മൈൽ ദൂരെ മറ്റൊരിടത്തുമുണ്ടെന്നു വരികിലോ? സർവം കുഴയും –നമ്മൾ പറയുന്നത് എസ്തപ്പാന്റെ കഥയല്ലല്ലോ. എന്നാൽ, അതിസ്ഥൂലത്തിലും അതിസൂക്ഷ്മത്തിലും ഭൗതിക യാഥാർഥ്യം കെട്ടുകഥയെ വെല്ലുന്നു. അണുകണങ്ങൾക്കുള്ളിലെ സംഗതികൾക്കുള്ളത് ഉറപ്പല്ല, മൂന്ന് സാധ്യതകളാണ്. ഒന്ന്, അവ ഇല്ലെന്നുവരാം. രണ്ട്, മനുഷ്യമനസ്സിന്റെ ഉപകരണങ്ങൾ മാത്രമായി അവ നിലനിൽക്കുന്നെന്നുവരാം. മൂന്ന്, മനുഷ്യഗ്രാഹ്യത്തിന് അപ്പുറമായി നിലകൊള്ളുന്നെന്നു വരാം. ഈ സാധ്യതകളിൽ ഏതാണ് സത്യം?

അറിയില്ല. അറിവില്ല.
രണ്ട്, യാഥാർഥ്യത്തിന്റെ അതിവിചിത്രമായ ഈ പ്രകൃതം നമ്മെ പ്രത്യക്ഷത്തിൽ ബാധിക്കുന്നില്ല. സ്ഥൂലതലത്തിൽ നാമിപ്പോഴും ന്യൂട്ടൻ അടിവരയിട്ട ത്രിമാന ഭൗതികതയിൽ തന്നെയാണ്, ആപ്പിൾപ്പഴം ഇപ്പോഴും വീഴുന്നത് മുകളിൽനിന്നു താഴേക്ക് തന്നെ. പക്ഷേ, അതിസൂക്ഷ്മമായ അണുലോകവും നമ്മുടെയീ പുറംലോകവും പ്രവർത്തിക്കുന്നത് ഒരേതരം ഭൗതിക നിയമങ്ങളാലല്ല എന്നുവരുന്നത് പ്രശ്നമാണ്. ലോകത്തിനല്ല മനുഷ്യന്, അയാളുടെ ശാസ്ത്രം എന്ന
ഉപകരണത്തിന്. ഒരേ നേരിന് നിയമം രണ്ടോ? അറിയില്ല. അറിവില്ല.
ഒന്നറിയാം –പന്ത്രണ്ട് കൊല്ലത്തെ കഠിനതടവു കാലത്ത് വിവരശേഖരം ഓർമയിൽ കുത്തിനിറക്കാൻ ബാലമനസ്സ് ഇപ്പോഴും നിർബന്ധിതമാക്കപ്പെടുന്നു. ഒന്നൂടറിയാം –ആ വിവരക്കൂമ്പാരം പലതും വൈകാതെ ശേഖരപ്പുര ഒഴിയുന്നു. വല്ലതും ശേഷിച്ചാലോ, അവ്യക്തം അസ്പഷ്ടം. കാരണം, ഓർമശേഷിക്ക് പരിധിയുണ്ട്, അറിവിന് അതിരുണ്ട്. പരിധി പക്ഷേ പോരായ്മയല്ല, അവബോധമാണ്. എന്തുവേണം, എത്രകണ്ട്, എന്തുകൊണ്ട് എന്ന വകതിരിവ്. അതുണ്ടാകാൻ ഉതകുന്നുണ്ടോ നമ്മുടെ പഠിപ്പ് –വിവരവർഷത്തിനപ്പുറം? ജി.കെ (പൊതുവിജ്ഞാനം) ക്വിസ് മത്സരത്തിനും വെടിവട്ടത്തിനും നന്ന്, ജീവിതത്തിനോ?