Begin typing your search above and press return to search.

ന​മ്മ​ൾ പോ​രാ​ടി​യേ പ​റ്റൂ

ന​മ്മ​ൾ പോ​രാ​ടി​യേ പ​റ്റൂ
cancel

രാജ്യത്തെ മാത്രമല്ല, ലോകത്താകമാനമുള്ള സമകാലിക ചരിത്ര യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന ആകുലതകള്‍ പങ്കുവെക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജനാധിപത്യത്തിന് പകരമായി തെരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യം (Electoral autocracy) എന്ന പുതിയ വാക്കുതന്നെ ഈ ചരിത്രസന്ധിയുടെ അടയാളമായി മുന്നിലുണ്ടെന്നും അദ്ദേഹം ഓർമപ്പെടുത്തുന്നു. പ്രഭാഷണത്തി​ന്റെ പൂർണരൂപം. കഴിഞ്ഞലക്കം തുടർച്ച. ഡല്‍ഹിയിലെ പത്രപ്രവര്‍ത്തകൻ കുനാല്‍ പുരോഹിതിന്റെ ‘എച്ച്-പോപ്സ്റ്റാര്‍’ എന്ന പുസ്തകം, സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ ചർച്ച ചെയ്യുന്നു (H-Pop: The Secretive World of Hindutva Pop Stars-Kunal Purohit -Harper Collins India, 2023)....

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
രാജ്യത്തെ മാത്രമല്ല, ലോകത്താകമാനമുള്ള സമകാലിക ചരിത്ര യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന ആകുലതകള്‍ പങ്കുവെക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജനാധിപത്യത്തിന് പകരമായി തെരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യം (Electoral autocracy) എന്ന പുതിയ വാക്കുതന്നെ ഈ ചരിത്രസന്ധിയുടെ അടയാളമായി മുന്നിലുണ്ടെന്നും അദ്ദേഹം ഓർമപ്പെടുത്തുന്നു. പ്രഭാഷണത്തി​ന്റെ പൂർണരൂപം. കഴിഞ്ഞലക്കം തുടർച്ച.

ഡല്‍ഹിയിലെ പത്രപ്രവര്‍ത്തകൻ കുനാല്‍ പുരോഹിതിന്റെ ‘എച്ച്-പോപ്സ്റ്റാര്‍’ എന്ന പുസ്തകം, സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ ചർച്ച ചെയ്യുന്നു (H-Pop: The Secretive World of Hindutva Pop Stars-Kunal Purohit -Harper Collins India, 2023). നോര്‍ത്ത് ഇന്ത്യയിലെ കവിസമ്മേളനങ്ങളിലും മറ്റും വ്യാജ പ്രചാരണങ്ങള്‍ക്കായി ആളെ അയക്കുന്നതിനെ കുറിച്ച്​ പുസ്തകം പറയുന്നു. 2050ല്‍ ഇന്ത്യയില്‍ മുസ്‌ലിംകളുടെ എണ്ണം ഹിന്ദുക്കളേക്കാള്‍ കൂടുതല്‍ വരുമെന്നും മുസ്‌ലിംകള്‍ രാജ്യത്തെ മുഴുവന്‍ നിയന്ത്രണത്തിലാക്കുമെന്നുമാണ് ഇതിലൊന്ന്​. അതിന്റെ സത്യാവസ്ഥയോ സ്ഥിതിവിവര കണക്കോ ഒന്നും അറിയാതെ അല്ലെങ്കില്‍ പരിശോധിക്കാതെ ഈ പ്രചാരണം ആളുകള്‍ വിശ്വസിക്കുന്നു. വിദ്യാഭ്യാസമുള്ള പ്രധാന ആളുകളെന്ന് വിചാരിക്കുന്നവര്‍പോലും ഇത് വിശ്വസിക്കുന്നുണ്ട്​.

2011ലെ സെന്‍സസ് പ്രകാരം ഇന്ത്യയുടെ ജനസംഖ്യ കുറയല്‍ പ്രതീതിയിലാണ്. കണക്ക് പ്രകാരം ഹിന്ദുക്കളുടെ ജനസംഖ്യാനിരക്ക് 3.1 ശതമാനം എന്ന തോതില്‍ കുറയുകയാണ്. മുസ്‌ലിംകളുടേതാവട്ടെ 5.1 എന്ന് തോതിലും കുറയുന്നു. ഹിന്ദുക്കളുടെ ജനസംഖ്യയുടെ നിരക്ക് കുറയുന്നതിനേക്കാള്‍ വേഗത്തിലാണ് മുസ്‍ലിം സമുദായത്തിന്റെ ജനസംഖ്യാ നിരക്ക് താഴോട്ടുപോകുന്നത്. ഇതാണ് യാഥാര്‍ഥ സ്ഥിതിവിവര കണക്ക്. എന്നാല്‍, 2050 ആകുമ്പോഴേക്കും ജനസംഖ്യയില്‍ 85 ശതമാനമുള്ള ഹിന്ദുക്കളെ 10 മുതല്‍ 15 ശതമാനം വരെ മാത്രമുള്ള മുസ്‍ലിംകള്‍ മറികടക്കും എന്നാണ് സംഘ് പ്രചാരണം.

ഹിന്ദു വേറെയും ഹിന്ദുത്വ വേറെയുമാണ്. ഹിന്ദു എന്നാല്‍ സംസ്‌കാരം, മതം, വിശ്വാസമൊക്കെയണ്. ഹിന്ദുത്വ എന്നാല്‍ രാഷ്ട്രീയ അജണ്ടയാണ്. ആ അജണ്ടക്കു വേണ്ടി ഒരു സമുദായം പലതും കെട്ടിച്ചമച്ച്​ ഉണ്ടാക്കുകയാണ്.

രാജ്യം മുസ്‍ലിംകളുടെ നിയന്ത്രണത്തിലാകുമെന്ന്​ കേള്‍ക്കുമ്പോള്‍ ഭൂരിപക്ഷ വിഭാഗത്തിൽ അരക്ഷിതബോധം ഉടലെടുക്കും. ജനസംഖ്യയില്‍ മുസ്‍ലിംകള്‍ വര്‍ധിച്ചാല്‍ ഞങ്ങളുടെ സ്വത്ത് പോകും, വ്യാപാരം നഷ്ടമാകും, ജോലിസാധ്യത കുറയും, കുട്ടികളുടെ വിദ്യാഭ്യാസ സാധ്യത നഷ്ടമാകും എന്നിങ്ങനെയുള്ള അരക്ഷിതബോധം തോന്നിത്തുടങ്ങും. നമ്മെ മറികടക്കാന്‍ പോകുന്ന അപരന്മാരോട് വിദ്വേഷം ഉണ്ടാക്കാന്‍ ഈ ദുഷ്പ്രചാരണത്തിന് കഴിയുന്നു. രാജ്യത്തെ ഭൂരിപക്ഷ വിഭാഗത്തെ ന്യൂനപക്ഷം ജനസംഖ്യ കൊണ്ട് മറികടക്കുമെന്നുള്ള ഭയം ജനിപ്പിക്കുകയാണ്. അപര സമുദായത്തോട് വെറുപ്പു തോന്നുന്ന വിഷമാണ് അവിടെ കുത്തിവെച്ചത്. ജനാധിപത്യം ഇല്ലാത്ത ഒരിടത്ത് മനുഷ്യന്റെ ഉള്ളിലേക്ക് –സിരകളിലേക്കും ധമനികളിലേക്കും മനസ്സിലേക്കും– ഇങ്ങനെ വിഷം കുത്തിവെക്കുകയാണ്.

ജനാധിപത്യ വിരുദ്ധരുടെ ആയുധം വിഭാഗീയത

പണ്ട് അമേരിക്കന്‍ തെരഞ്ഞെടുപ്പ് കാലത്ത് നിരീക്ഷകനായി പോയിട്ടുണ്ട്. അപ്പോഴെല്ലാം അവിടത്തെ തെരഞ്ഞെടുപ്പ് സംവിധാനം കണ്ട്​ കൊതി തോന്നിയിരുന്നു. അവിടെ പ്രസിഡന്റ് സ്ഥാനാർഥിയോട് ചോദിക്കുന്ന ചോദ്യങ്ങള്‍ കേട്ടപ്പോള്‍ എന്നായിരിക്കും നമ്മുടെ രാജ്യത്ത് അത്തരമൊരു തെരഞ്ഞെടുപ്പ് വരാന്‍ പോകുന്നത് എന്ന് ചിന്തിച്ചിരുന്നു.

അധികാരത്തില്‍ വന്നാല്‍ ഇന്‍ഷുറന്‍സ് പോളിസിയിൽ എന്ത് മാറ്റം വരുത്തും, സാമ്പത്തിക നയത്തില്‍ വരുത്തുന്ന മാറ്റം എന്തായിരിക്കും, ഇറാഖില്‍നിന്ന് പട്ടാളത്തെ പിന്‍വലിക്കുമോ ലാറ്റിന്‍ അമേരിക്കന്‍ നയം എന്തായിരിക്കും അഫ്ഗാനിസ്താനില്‍ ഇനിയും ആക്രമണം നടത്തുമോ എന്നിങ്ങനെ അന്തര്‍ദേശീയവും ആഭ്യന്തരവുമായുള്ള സാമ്പത്തിക സാമൂഹിക രാഷ്ട്രീയ കാര്യങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങളാണ് വോട്ടർമാർ ഉന്നയിക്കുക. ഇത്തരം ചോദ്യങ്ങളെ നേരിട്ടവരും അതിന് ഏറ്റവും യുക്തിഭദ്രമായ മറുപടി നല്‍കിയവരും ആയിരുന്നു ഒരുകാലത്ത് അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്നത്. വ്യക്തവും മനോഹരവുമായ മറുപടികളായിരുന്നു അന്നത്തെ പ്രസിഡന്‍റ്​ സ്ഥാനാർഥികൾ നല്‍കിയത്. ചിലപ്പോള്‍, ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ഒരു ചോദ്യം ഉണ്ടായേക്കാം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇതുവരെയുള്ള ബന്ധം, അതിനെന്തെങ്കിലും ദോഷം സംഭവിച്ചിട്ടുണ്ടോ തുടങ്ങി സമഗ്രവും വ്യക്തതയുമുള്ളതായിരിക്കണം ഉത്തരം.

മെക്‌സികോക്കാര്‍ മുഴുവന്‍ ബലാത്സംഗ വീരന്മാരാണെന്നും അതിനാല്‍ അതിര്‍ത്തിയില്‍ മതിലു കെട്ടും എന്നും പറഞ്ഞാണ് ഇപ്പോഴത്തെ പ്രസിഡന്റ് ട്രംപ് മത്സരത്തിന് ഇറങ്ങിയത്. എല്ലാ മുസ്‍ലിംകളും തീവ്രവാദികള്‍ ആയതിനാല്‍ അവര്‍ രാജ്യത്തേക്ക് വരുന്നത് തടയുമെന്നാണ് മറ്റൊരു വാദം. അന്നത്തെ അമേരിക്കയല്ല ഇന്നത്തെ അമേരിക്ക. ഇന്നത്തെ അമേരിക്ക സെന്‍സിറ്റിവ് ആയിട്ടുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തി അതില്‍നിന്ന് രാഷ്ട്രീയ ലാഭം കൊയ്യുന്നവരാണ്. ആളുകളെ ത്രസിപ്പിച്ച്, വികാരഭരിതരാക്കി, അവരുടെ ദൗര്‍ബല്യങ്ങള്‍ എന്തെന്ന് മനസ്സിലാക്കി അതില്‍നിന്ന് രാഷ്ട്രീയലാഭം കൊയ്യുമ്പോള്‍ വിഭാഗീയതയും വിദ്വേഷവും ധ്രുവീകരണവും ഉണ്ടാകും. ജനങ്ങള്‍ക്കിടയില്‍ വിഭജനം ഉണ്ടാക്കുക എന്നത് തന്നെയാണ് ജനാധിപത്യ വിരുദ്ധ ശക്തികളുടെ ഏറ്റവും വലിയ ആയുധം. അവരെപ്പോഴും അത് ചെയ്തുകൊണ്ടിരിക്കും. അതാണ് അവരുടെ ആയുധം.

 

മൻമോഹൻ സിങ്​

മാധ്യമങ്ങള്‍

ഇരുപതാം നൂറ്റാണ്ടില്‍ അച്ചടിമാധ്യമങ്ങള്‍ മാത്രമായിരുന്നു എങ്കില്‍ ഇപ്പോള്‍ ദൃശ്യമാധ്യമങ്ങളും സോഷ്യല്‍ മീഡിയയും വന്നു. ഇതുകൂടാതെ ക്ലൗഡ് മീഡിയയും പ്രധാനമാണ്​. അച്ചടി, ദൃശ്യ മാധ്യമങ്ങളുടെയെല്ലാം ഉടമകൾ കോർപറേറ്റുകളാണ്. ഇന്ത്യയില്‍ മാത്രമല്ല ലോകമാകെ ഇങ്ങനെയാണ്. കോർപറേറ്റുകള്‍ക്ക് കച്ചവട താല്‍പര്യമുണ്ട്​. അവര്‍ക്ക് തെറ്റായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടാനാവില്ല. ഇന്ത്യയിലെ ഭരണാധികാരികളുടെ ആസ്ഥാനത്ത് നൂറുകണക്കിന് ടി.വികള്‍ നിരത്തിെവച്ചിരിക്കുകയാണ്. അതില്‍ ഓരോന്നിന്റെ മുന്നിലും ഓരോരുത്തര്‍ ഇരുന്ന് മുഴുവന്‍ സമയം അത് കണ്ടുകൊണ്ടിരിക്കും. പ്രാദേശികമോ ദേശീയമോ ആകട്ടെ ഏതെങ്കിലും ഒരു ടി.വി ചാനലില്‍ ഗവണ്‍മെന്റിനെതിരെയോ ഭരണകൂടത്തിനെതിരെയോ ഒരു വാര്‍ത്ത വന്നാല്‍ അപ്പോള്‍ പാര്‍ട്ടി ആസ്ഥാനത്തുനിന്ന് ന്യൂസ് എഡിറ്റര്‍ക്ക് ഫോണ്‍വിളി പോകും. അദ്ദേഹം അനുസരിച്ചില്ലെങ്കില്‍ ചാനല്‍ മുതലാളിയുടെ വീട്ടിലേക്ക് ആയിരിക്കും വിളി.

ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഉടമസ്ഥന് അത് കേട്ടേ മതിയാകൂ. ഇല്ലെങ്കില്‍ ഉടമസ്ഥന്റെ വീട്ടില്‍ എൻ​ഫോഴ്​സ്​മെന്‍റ്​ ഡയറക്ടർ (ഇ.ഡി) കയറും. ഇ.ഡി കയറിയാല്‍ അയാളുടെ ബിസിനസ് സാമ്രാജ്യം തകരും. നന്നായി നടത്തുന്ന ഒരാളുടെ ബിസിനസ് പൂട്ടിക്കാന്‍ ഇ.ഡിക്ക് കഴിയും. 24 മണിക്കൂറിനുള്ളില്‍ വിശ്വാസ്യത കളയാം.

എല്ലാ ഫയലുകളും കമ്പ്യൂട്ടറും ലാപ്‌ടോപ്പും അവര്‍ എടുത്തുകൊണ്ടുപോകും. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചാല്‍ ഏതെങ്കിലും ഒരു ബിസിനസുകാരന് രണ്ട് ദിവസത്തിലധികം അതിജീവിക്കാന്‍ കഴിയുമോ. കോർപറേറ്റ് നേതൃത്വത്തിലുള്ള ഒരു മാധ്യമത്തിന് എങ്ങനെയാണ് സ്വതന്ത്രവും ഭയരഹിതവുമായ മാധ്യമപ്രവര്‍ത്തനം സാധ്യമാവുക. അതിന് കഴിയില്ല. അപ്പോള്‍തന്നെ മുതലാളി വാര്‍ത്ത പിന്‍വലിക്കാന്‍ പറയും. ഇനി ഇതുപോലെ വാര്‍ത്തകള്‍ നല്‍കരുതെന്ന് മുന്നറിയിപ്പ് നല്‍കും. അല്ലെങ്കില്‍ വിവാദപരമായ ഒരു വാര്‍ത്തയുമായി റിപ്പോര്‍ട്ടര്‍ വന്നാല്‍ എയര്‍ ചെയ്യുന്നതിനു മുമ്പുതന്നെ കൊട്ടയില്‍ കളയുന്ന ഒരാളെ ന്യൂസ് എഡിറ്ററായി നിയമിക്കും.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഔദ്യോഗിക ജിഹ്വമാത്രമേ ഉള്ളൂ. ഗവണ്‍മെന്റ് പത്രത്തിലൂടെ മാത്രമേ വിവരങ്ങള്‍ അറിയാന്‍ കഴിയുമായിരുന്നുള്ളൂ. 21ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയായ വര്‍ത്തമാനകാലത്ത് ഗവണ്‍മെന്റ് സംവിധാനങ്ങള്‍ മാത്രമല്ല സ്വകാര്യ മാധ്യമ സ്ഥാപനങ്ങളുമുണ്ട്. പക്ഷേ, പുതിയ ഫോര്‍മാറ്റില്‍ സ്വകാര്യ മാധ്യമങ്ങളെയും ഔദ്യോഗിക ജിഹ്വയാക്കി മാറ്റിയിരിക്കുകയാണ്.

പല ദേശീയ മാധ്യമങ്ങളും ശ്രദ്ധിച്ചാല്‍ അറിയാം, എല്ലാം ഒരേ പാറ്റേണിലാണ്. 20ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലുള്ള മാധ്യമങ്ങളെപ്പോലെയായി ഈ നൂറ്റാണ്ടിലെ മാധ്യമങ്ങളും. വളരെ അപൂര്‍വം ആളുകള്‍ മാത്രം അവിടെനിന്നും ഇവിടെനിന്നും ചില ശബ്ദങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ‘ടെലിഗ്രാഫി’ന്റെ രാജഗോപാല്‍ വലിയ ശക്തിയായി നിന്നു. പക്ഷേ, അവര്‍ക്കുപോലും രക്ഷയില്ല. രാജഗോപാലിനെ സ്ഥലം മാറ്റാതെ അവർക്കും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. കണ്‍വെന്‍ഷനലായി ജനാധിപത്യത്തെ പിന്താങ്ങിയിരുന്ന ചില മാധ്യമങ്ങളില്‍ നമ്മെ അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള മാറ്റങ്ങള്‍ ഉണ്ടായി. അവരെല്ലാം ‘‘മന്നവേന്ദ്രാ വിളങ്ങുന്നു നിന്‍ മുഖം ചന്ദ്രനെ പോലെ’’ എന്ന് പാടിയ രാജകൊട്ടാരത്തിലെ വിദൂഷകന്മാരെപ്പോലെ ഭരണകൂടത്തിന് സ്തുതിഗീതങ്ങള്‍ പാടുന്ന ആളുകളായി മാറി. മാധ്യമങ്ങളെന്നു പറഞ്ഞാല്‍ ഇന്‍ഫര്‍മേഷന്‍ നെറ്റ്​വര്‍ക്ക് ആണ്. സോഷ്യല്‍ മീഡിയ, ക്ലൗഡ് മീഡിയ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. ഇത്തരം മാധ്യമങ്ങളെ അല്ലെങ്കില്‍ ഇന്‍ഫര്‍മേഷന്‍ നെറ്റ്​വര്‍ക്കിനെ എത്രമാത്രം അപകടത്തിലേക്ക് എത്തിച്ചിരിക്കുന്നു എന്നതിന്റെ കൃത്യമായ സൂചനയാണ് എല്ലായിടത്തും നടക്കുന്നത്.

വലതുപക്ഷ സാമ്പത്തിക നയം

സാമ്പത്തിക കാര്യങ്ങളില്‍ വലതുപക്ഷ സമീപനമാണ് മറ്റൊന്ന്. ഓരോ ജനപഥങ്ങള്‍ അല്ലെങ്കില്‍ ഓരോ രാജ്യങ്ങള്‍ ഉയര്‍ച്ചയിലോ താഴ്ചയിലോ എന്ന്​ അടയാളപ്പെടുത്തുന്നത് സംബന്ധിച്ച് അമേരിക്കന്‍ എഴുത്തുകാരനായ ആര്‍നോള്‍ഡ് ടോയൻബീ (Arnold J. Toynbee) വിവരിക്കുന്നുണ്ട്.

ഒരു രാജ്യത്തെ ജനാധിപത്യ അവകാശങ്ങളെയോ സ്വാതന്ത്ര്യത്തെയോ ആരെങ്കിലും വെല്ലുവിളിക്കുമ്പോള്‍ അതിനെതിരായി പ്രതികരിക്കാനോ ചെറുത്തുനില്‍ക്കാനോ ആ രാജ്യത്തെ ജനങ്ങള്‍ക്ക് കരുത്തുണ്ടെങ്കില്‍ ആ രാജ്യം ഉയര്‍ച്ചയിലാണ്. ഏതെങ്കിലും ഒരു വിഭാഗം കോർപറേറ്റുകളോ ധനികരോ ഭൂരിപക്ഷ മതവിഭാഗമോ ഭരണം കൈയിലെടുത്ത് അവരില്‍പെടാത്ത ആളുകളെ –അവരുടെ മതത്തിലും ജാതിയിലും വർഗത്തിലും പെടാത്ത ആളുകളെ– പീഡിപ്പിക്കുകയും ധനികരായ ആളുകള്‍ രാജ്യത്തിന്റെ പൊതുമുതല്‍ കൊള്ളയടിക്കുകയും ചെയ്യുമ്പോള്‍ ആ രാജ്യം താഴ്ചയിലാണ്. ടോയൻബീയുടെ ഈ അളവുകോല്‍ വെച്ച് ഇന്ത്യ ഉയര്‍ച്ചയിലാണോ താഴ്ചയിലാണോ എന്ന് നിങ്ങള്‍തന്നെ പരിശോധിക്കുക.

സമ്പത്തിന്റെ തുല്യമായ വിതരണം ഉറപ്പുവരുത്തലും ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാണ്. ഉദാരവത്കരണവും സാമ്പത്തിക നവീകരണവും കൊണ്ടുവന്ന ആളെന്ന് അറിയപ്പെടുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നെഹ്‌റുവിയന്‍ പോളിസിയില്‍നിന്നും വ്യത്യസ്തമായാണ് ചിന്തിച്ചത്. ആഗോളമാറ്റത്തിന്റെ ഭാഗമായിരുന്നു അത്. പുതിയ സാമ്പത്തിക നയത്തിലൂടെ രാജ്യം കുറേ പണം സമ്പാദിച്ചു. അതോടെ, വരുമാന നികുതിയിലൂടെയും എക്‌സൈസ് തീരുവയിലൂടെയും രാജ്യത്തിന്റെ ഖജനാവ് നിറഞ്ഞു.

അതോടെ ട്രഷറിയിലെ പണത്തിന്റെ പുനർവിതരണം എങ്ങനെ ആയിരിക്കണമെന്ന ചിന്ത ഉണ്ടായി. ജനാധിപത്യ സംവിധാനത്തില്‍ അത് നീതിപൂർവമായിരിക്കണം. അപ്പോഴാണ് മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉണ്ടായത്. ഏകദേശം 7500 കോടി രൂപ ഇന്ത്യയില്‍ വിദൂര ഗ്രാമങ്ങളിലെ സാധാരണക്കാരന്റെ വീട്ടിലെത്തി. നാഷനല്‍ റൂറല്‍ ഹെല്‍ത്ത് മിഷനിലൂടെ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ ആശുപത്രികളും ഡോക്ടര്‍മാരും വന്നു. വിദ്യാഭ്യാസ അവകാശ നിയമത്തിലൂടെ വിദ്യാലയങ്ങള്‍ ഇല്ലാത്ത ഗ്രാമങ്ങളില്‍ സ്‌കൂളുകള്‍ തുടങ്ങി. 72,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളി. ജനാധിപത്യ രാജ്യത്ത് മാത്രമേ ഇങ്ങനെ സമ്പത്തിന്റെ നീതിപൂർവമായ വിതരണം സാധ്യമാകുകയുള്ളൂ.

ജനാധിപത്യം ഇല്ലാത്ത രാജ്യങ്ങളിലും ജനാധിപത്യത്തെ കൊലചെയ്യാന്‍ ശ്രമിക്കുന്ന രാജ്യങ്ങളിലും സമ്പത്തിന്റെ കേന്ദ്രീകരണമാണ് നടക്കുക. സമ്പത്ത് വ്യക്തികളിലേക്കും സ്ഥാപനങ്ങളിലേക്കും കേന്ദ്രീകരിക്കപ്പെടും. ഹിൻഡൻബര്‍ഗ് റിപ്പോര്‍ട്ടിലെ (hindenburg report​) അദാനിയെ കുറിച്ചുള്ള കാര്യങ്ങള്‍ ഇത് വ്യക്തമാക്കുന്നു. ഭരണകൂടത്തിന്റെ പിന്തുണയോടുകൂടി കുറെ അധികാര കേന്ദ്രങ്ങള്‍ രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുകയാണ്. അവിടെ സോഷ്യലിസ്റ്റ് സമീപനമില്ല മറിച്ച് പണം മുഴുവന്‍ ചില പ്രത്യേക മേഖലകളില്‍ കുമിഞ്ഞുകൂടുകയാണ്.

പണം എന്നാല്‍ ആളുകളുടെ വിനിമയ മാധ്യമമാണ്. ഒരാളുടെ കൈയിലുള്ള പണം മറ്റൊരാളിലേക്കും അവിടെനിന്നും മൂന്നാമന്റെ കൈയിലേക്കും കൈമാറ്റം ചെയ്യപ്പെടേണ്ട മാധ്യമമാണ് കറന്‍സി. അത് ഏതെങ്കിലും അലമാരയില്‍ ഇരുന്നാല്‍ ഒരു വിലയുമില്ല, പൂത്തുപോവുകയേയുള്ളൂ.

കോര്‍പറേറ്റുകള്‍ ആ പണം ഉപയോഗിച്ച് വീണ്ടും രാജ്യത്തെയും രാജ്യത്തിന്റെ വിഭവങ്ങളെയും കൊള്ളയടിക്കുന്നു. ജനാധിപത്യപരമായ ഒരു ഭരണക്രമത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം മാത്രമല്ല ഉള്ളത്. അതോടൊപ്പം തന്നെ പൗരസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ഉള്ളപ്പോള്‍തന്നെ സാമ്പത്തിക നയങ്ങളും വളരെ പ്രധാനമാണ്. ജനാധിപത്യം ഇല്ലാത്ത ഒരു സ്ഥലത്ത് സമ്പത്തിന്റെ നീതിപൂര്‍വമായ വിതരണം നടക്കില്ല. ഏകാധിപത്യം ഭരിക്കുന്ന സ്ഥലങ്ങളില്‍ സമ്പത്ത് കേന്ദ്രീകരിക്കപ്പെടും എന്നതില്‍ സംശയമില്ല. ചൈനീസ് ഭരണത്തില്‍പോലും കാപിറ്റലിസം അരങ്ങുവാഴുകയാണ്. ചൈനയിലെ മുന്‍ രാജ്യതന്ത്രജ്ഞനായിരുന്ന ഡെങ് സിയാഒ പിങ് 1970കളുടെ ഒടുവില്‍ കമ്യൂണിസ്റ്റ് ചൈനയില്‍ തുടക്കമിട്ട സാമ്പത്തിക പരിഷ്‌കാരങ്ങളാണ് ഇതിലേക്ക് നയിച്ചത്. ചൈനയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക പുരോഗതിക്ക് കരുത്തുപകര്‍ന്ന പരിഷ്‌കാരങ്ങളുടെ സൂത്രധാരനായിരുന്നു ഡെങ് സിയാഒ പിങ്.

 

‘എ​ച്ച്-​പോ​പ്സ്റ്റാ​ര്‍’,  കു​നാ​ല്‍ പു​രോ​ഹി​ത്​

ന്യൂനപക്ഷ സ്വാതന്ത്ര്യം

ന്യൂനപക്ഷങ്ങളുടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുക എന്നതാണ് ​േസ്വച്ഛാധിപത്യത്തിന്റെ മറ്റൊരു ലക്ഷണം. രാജ്യത്ത് എല്ലാ മുസ്‍ലിം ദേവാലയങ്ങളുടെയും അടിയില്‍ കുഴിച്ചുതുടങ്ങിയിരിക്കുന്നു. പണ്ട് അവിടെ അമ്പലമുണ്ടായിരുന്നു അത് കുഴിച്ചു നോക്കണം എന്നു പറഞ്ഞ് അയോധ്യയില്‍ കുഴിച്ചു തുടങ്ങിയതാണ്. ഇപ്പോള്‍ രാജ്യവ്യാപകമായി പല സ്ഥലത്തും കുഴിച്ച് തുടങ്ങിയിരിക്കുന്നു. ഇത്തരം പ്രവൃത്തികള്‍ ഒരു വിഭാഗം ജനതക്ക് ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥ എത്രയായിരിക്കും.

മുസ്‍ലിംകളെ മാത്രമല്ല, ക്രൈസ്തവര്‍ക്കെതിരായും രാജ്യത്ത് വലിയ തോതില്‍ ആക്രമണം നടക്കുന്നു. യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2024ല്‍ മാത്രം 681 സ്ഥലത്ത് ആക്രമണം നടന്നു. 3000ത്തോളം സംഘര്‍ഷങ്ങളാണ് ക്രൈസ്തവര്‍ക്കെതിരെ നടന്നത്.

ക്രിസ്മസ്, ആരാധനാക്രമം തടസ്സപ്പെടുത്തല്‍, പ്രാർഥനാ കൂട്ടായ്മകളെ തടസ്സപ്പെടുത്തുക, അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കടന്നുകയറുക, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുക എന്നിങ്ങനെ പോകുന്നു ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍. 12 സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം പാസാക്കി ക്രൈസ്തവര്‍ക്കെതിരെ പ്രയോഗിക്കുകയാണ്. ഒരു പരാതിയുമായി ചെന്നാല്‍ മതപരിവര്‍ത്തനത്തിന് ശ്രമിച്ചു എന്ന് പറഞ്ഞു കേസെടുത്ത് ജയിലില്‍ അടക്കും. മതപരിവര്‍ത്തന വിരുദ്ധ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടും അതൊന്നും ചോദ്യം ചെയ്യപ്പെടുന്നില്ല.

ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ സ്റ്റാന്‍ സാമി എന്ന വയോധികനെ ജയിലിലടച്ച ഈ രാജ്യത്ത് എന്ത് നീതിന്യായ വ്യവസ്ഥയാണ് നിലനില്‍ക്കുന്നത്. കൊടി സുനിക്കു പോലും പരോള്‍ കിട്ടുന്ന രാജ്യത്ത് ഫാദര്‍ സ്റ്റാന്‍ സ്വാമിക്ക് പരോള്‍ നിഷേധിച്ചു. ഒരു ഗ്ലാസ് വെള്ളം കൈകൊണ്ട് എടുത്ത് കുടിക്കാന്‍ പറ്റാത്ത അവസ്ഥയിലുള്ള പാര്‍ക്കിന്‍സന്‍സ് ബാധിച്ച അദ്ദേഹത്തിന് വെള്ളം കുടിക്കാനായി ഒരു സ്‌ട്രോപോലും അനുവദിക്കാത്ത ഭരണകൂടമാണിവിടെയുള്ളത്. കൈ വിറച്ചിട്ട് ഗ്ലാസില്‍ വെള്ളം കുടിക്കാന്‍ കഴിയാത്തതിനാലായിരുന്നു സ്‌ട്രോ ആവശ്യപ്പെട്ടത്. എന്നാല്‍, അത് നല്‍കാന്‍ കൂട്ടാക്കാത്ത അധികൃതര്‍ ആ വൃദ്ധനായ പുരോഹിതനെ ജയിലില്‍ കൊലപ്പെടുത്തുകയാണുണ്ടായത്. മതപരിവര്‍ത്തന വിരുദ്ധ ബിൽ ഇന്ന് വ്യാപകമായി ദുരുപയോഗംചെയ്യപ്പെടുന്നു. പ്രാർഥിക്കാനും ആരാധിക്കാനും ഒരു മതത്തില്‍ വിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യം അപകടത്തിലാവുമ്പോള്‍ എന്ത് ജനാധിപത്യമാണ്.

ഇപ്പോഴത്തെ ആകുലതയും സങ്കടവും അതല്ലേ. മതേതരത്വം എന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ഭാഗമാണ്. പാശ്ചാത്യ മതേതരത്വം എന്നാല്‍, മതനിരാസമാണെങ്കില്‍ മതത്തെ ചേര്‍ത്തു പിടിക്കുന്നതാണ് ഇന്ത്യന്‍ സെക്കുലറിസം. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും ആ മതവിശ്വാസം പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം എനിക്കുള്ളപ്പോള്‍ മറ്റൊരാള്‍ക്ക് അയാളുടെ മതത്തില്‍ വിശ്വസിക്കാനും അയാളുടെ മതവിശ്വാസം പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം വേണം. അത്​ ഹനിക്കപ്പെടുമ്പോള്‍, അയാളുടെ നേര്‍ക്ക് ആരെങ്കിലും വിരല്‍ചൂണ്ടുമ്പോള്‍ ഞാന്‍ പോയി അയാളുടെ വിശ്വാസം സംരക്ഷിക്കുമ്പോഴാണ് ഇന്ത്യന്‍ സെക്കുലറിസം അർഥവത്താകുന്നത്. സ്വന്തം വിശ്വാസം ഉറപ്പിച്ചുനിര്‍ത്തിക്കൊണ്ടുതന്നെ മറ്റൊരാള്‍ക്ക് അങ്ങനെ വിശ്വസിക്കാനുള്ള അയാളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടണം. അതാണ് ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രത്യേകത. അതിന്റെ കടയ്ക്കലല്ലേ കത്തിവെക്കുന്നത്.

വിവിധ മതങ്ങള്‍, ജാതികള്‍, സംസ്‌കാരങ്ങള്‍, ഭൂമികകള്‍, ഭക്ഷണം, ഭാഷ, വേഷം തുടങ്ങിയ വ്യത്യസ്തതകളാണ്​ ഐഡിയ ഓഫ് ഇന്ത്യ എന്ന ആശയം. ഈ വ്യത്യസ്തതകളിൽ നമ്മെ കൂട്ടിയിണക്കുന്ന ഒരു വികാരമുണ്ട്. പണ്ട് സ്വാതന്ത്ര്യസമരകാലത്ത് അതിനെ ദേശീയത എന്നായിരുന്നു വിളിച്ചിരുന്നത്. ഇപ്പോള്‍ ആ വാക്ക് ഉച്ചരിക്കാന്‍ പേടിയാണ്. ഇപ്പോള്‍ പറയുന്ന ദേശീയത സ്വാതന്ത്ര്യ സമരകാലത്ത് പറഞ്ഞ ദേശീയതയുമായി കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ട്. ഇന്നത്തെ ദേശീയത തീവ്രദേശീയതയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഏകാധിപതികളായ ഭരണാധികാരികള്‍ അധികാരം നിലനിര്‍ത്താന്‍വേണ്ടി ഉപയോഗിച്ച നാഷനലിസം (ഹിറ്റ്‌ലര്‍ക്കും ദേശീയത ഉണ്ടായിരുന്നു). ആ ദേശീയത ഇന്ന് അതിതീവ്ര ദേശീയതയാക്കി പറയുകയാണ്. എല്ലാം ദേശത്തിനു വേണ്ടിയാണെന്ന് പറയുന്ന –വണ്‍ നേഷന്‍– എല്ലാം ഒന്നാക്കുക എന്ന് പറയുന്ന പുതിയ രീതി കൊണ്ടുവരുകയാണ്. എത്ര ബുദ്ധിയോടെയും ആസൂത്രിതവുമായാണ് ജനാധിപത്യത്തെ കുഴിച്ചുമൂടുന്നത്. എത്ര ‘ശ്രദ്ധ’യോടുകൂടിയാണ് എല്ലാ ജനാധിപത്യ അവകാശങ്ങളെയും ഇല്ലാതാക്കുന്നത്.

 

ഫാഷിസത്തെക്കുറിച്ച പ്രശസ്​തമായ പുസ്​തകങ്ങളിൽ ഒന്ന്​,‘ഫാഷിസ’ത്തി​ന്റെ എഡിറ്റർ റോജർ ​ഗ്രിഫിൻ

ചരിത്രവായന എന്ന രാഷ്ട്രീയ ഇടപെടൽ

വരാനിരിക്കുന്ന കാലത്തിലൂടെ കടന്നുപോകാനുള്ള ആത്മവിശ്വാസവും പിന്‍ബലവുമാണ് ചരിത്രവായനയിലൂടെ നമ്മള്‍ നേടിയെടുക്കുന്നത്​. ചരിത്രത്തില്‍നിന്ന് നമ്മളെത്തുന്ന യാഥാർഥ്യങ്ങള്‍, ചരിത്ര വസ്തുതകള്‍, ചരിത്രം നമ്മെ പഠിപ്പിക്കുന്നത് ഇതെല്ലാം വളച്ചൊടിക്കുകയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ നിര്‍ണായക പങ്കും വഹിച്ച പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ വിസ്മൃതിയിലാഴ്ത്തുന്ന ചരിത്രരചനയാണ് നടക്കുന്നത്. അങ്ങനെ ഒരാളില്ല, പകരം പുതിയ ആളുകളുടെ പേരുകള്‍ വരുന്നു. ഗാന്ധിയുടെയും നെഹ്‌റുവിന്റെയും സ്ഥാനത്ത് സ്വാതന്ത്ര്യ സമരത്തിന്റെ കാലഘട്ടത്തില്‍ ആ പരിസരത്തുകൂടെ നടന്നുകൂടി പോകാത്ത ആളുകളുടെ പേരുകള്‍ പ്രതിഷ്ഠിക്കപ്പെടുന്നു.

ചരിത്രത്തെ വളച്ചൊടിക്കുകയും, ഭരണാധികാരികള്‍ അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ചരിത്ര നിർമിതികള്‍ നടത്തുകയുംചെയ്യുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും കരിക്കുലം വഴിയും അവര്‍ പുതുതലമുറയുടെ മസ്തിഷ്‌കത്തിലേക്ക് തുളച്ചുകയറുന്നു. മസ്തിഷ്‌ക പ്രക്ഷാളനമാണ് ഇന്നത്തെ ജനാധിപത്യവിരുദ്ധതയുടെ പ്രധാന കാര്യം. നമ്മള്‍ അറിയാതെ നമ്മുടെ ചിന്തകളെയും സമീപനങ്ങളെയും കാഴ്ചപ്പാടുകളെയും മുഴുവന്‍ ഇവര്‍ നിയന്ത്രിക്കുന്ന തരത്തിലേക്ക് കൊണ്ടുപോവും. നമ്മള്‍ അറിയാതെ ഒരു ബാഹ്യ ഏജന്‍സി നമ്മളെ നിയന്ത്രിക്കുന്ന തലത്തില്‍ പുതിയ സാങ്കേതികവിദ്യയെയും സമൂഹ മാധ്യമങ്ങളെയും എല്ലാം പ്രയോജനപ്പെടുത്തുന്നു. ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും അപകടവും അതാണ്. നമ്മള്‍ അറിയാതെ ഇതെല്ലാം സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും ഭീതിദമായ ഓർമകളിലേക്ക് തിരിച്ചുപോവുകയാണ്. നമ്മുടെ രാജ്യത്തിന്റെ മഹിതമായ പാരമ്പര്യം, ഓരോ രാജ്യത്തുമുള്ള പ്രത്യേകതകളെയും സവിശേഷതകളെയും മറികടക്കുകയാണ്. ഏകാധിപതികള്‍ എപ്പോഴും അസ്വസ്ഥത ഉണ്ടാക്കാന്‍ നോക്കും. ഒരിക്കലും സമാധാനാന്തരീക്ഷം അവര്‍ ആഗ്രഹിക്കുന്നില്ല.

 

സ്​റ്റാൻ സ്വാമി,എം.കെ. മുനീർ

ഭൂരിപക്ഷ വര്‍ഗീയത, ന്യൂനപക്ഷ വര്‍ഗീയത

ഇന്ത്യയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയത. ന്യൂനപക്ഷ വര്‍ഗീയത ആളിക്കത്തിയാല്‍ മാത്രമേ ഭൂരിപക്ഷ വര്‍ഗീയതക്ക് നിലനിൽപുള്ളൂ. ന്യൂനപക്ഷ വര്‍ഗീയതക്ക് നിലനില്‍ക്കണമെങ്കില്‍ ഭൂരിപക്ഷ വര്‍ഗീയ വാദികള്‍ കുഴപ്പമുണ്ടാക്കിക്കൊണ്ടിരിക്കണം. വര്‍ഗീയവാദികള്‍ പരസ്പരം പാലൂട്ടി വളര്‍ത്തുന്ന ശത്രുക്കളാണെന്ന് വിശദീകരിക്കുന്ന ഡോ. എം.കെ. മുനീര്‍ എം.എല്‍.എയുടെ പുസ്തകമുണ്ട്. അദ്ദേഹം അതില്‍ ചര്‍ച്ചചെയ്യുന്ന കാര്യങ്ങള്‍ ശരിയാണ്. ഇവരെ കണ്ടാല്‍ വ്യത്യസ്ത ചേരികളിലാണെന്നും പരസ്പരം പോരടിക്കുകയാണെന്നും തോന്നും. പക്ഷേ, പരസ്പര ആശ്രയത്തോടുകൂടിയാണ് രണ്ട് വിഭാഗങ്ങളുടെയും നിലനില്‍പ്. രണ്ടുപേരും പരസ്പരം സഹായിക്കുകയാണ്. ഒരാള്‍ ഇല്ലാതായാല്‍ മറ്റവരുടെ പ്രസക്തി പോയി നിലനിൽപില്ലാതാകും. ഇത്തരക്കാര്‍ അരങ്ങുവാഴുകയാണ്. ആളുകള്‍ക്കിടയില്‍ വിഭജനം ഉണ്ടാക്കി പരസ്പരം ചേരിതിരിക്കുകയാണ് ഇവരുടെ രീതി.

80 ശതമാനം ഭൂരിപക്ഷ സമുദായമുള്ള ഒരു സ്ഥലത്ത് വളരെ ഈസിയായി ഒരു കലാപം ഉണ്ടാക്കാം. ഏതെങ്കിലും ഒരുത്തന്‍ ദുഷിപ്പ് പ്രസംഗിച്ചാല്‍ മതി. അല്ലെങ്കില്‍ ഏതെങ്കിലും ദേവാലയങ്ങളിലേക്ക് ചത്ത നായുടെയോ മറ്റോ ശരീരം വലിച്ചെറിഞ്ഞാല്‍ മതി. അതൊക്കെയാണ് ഇന്ത്യയില്‍ നടക്കുന്നത്.

അടുത്തദിവസം നേരം വെളുക്കുമ്പോഴേക്കും മറ്റ് മതക്കാരനാണ് പിന്നിലെന്ന് പറയും. ഇവര്‍ തന്നെയായിരിക്കും അത് ചെയ്തത്. എന്നാലും മറ്റ് മതക്കാരനാണെന്ന് പറഞ്ഞ് വലിയ സംഘര്‍ഷം തുടങ്ങും. തീവെപ്പും കൊലപാതകവും ഉള്‍പ്പെടെ വലിയ ആക്രമണങ്ങൾക്കായിരിക്കും തുടക്കമിടുക. 80 ശതമാനം ആളുകള്‍ ഒരു വശത്ത്, 15 ശതമാനം പേര്‍ മറുവശത്ത്, അഞ്ച് ശതമാനം പേര്‍ നിഷ്പക്ഷരായോ ഒരു ഭാഗത്തും ഇല്ലാതെയോ നില്‍ക്കുന്നതോടെ ധ്രുവീകരണം പൂര്‍ത്തിയായി. ജയിക്കാന്‍ വേറൊന്നും വേണ്ട. അത്തരത്തിലേക്ക് നമ്മുടെ ജനാധിപത്യം കൂപ്പുകുത്തുന്ന, വളരെ അപകടകരമായ ഒരു കാലത്താണ് ജീവിക്കുന്നതെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞേ മതിയാകൂ.

​േസ്വച്ഛാധിപതികളുടെ നിയമ നിർമാണം

നിയമനിര്‍മാണത്തിലുമുണ്ട് ഇതേ കാര്യങ്ങള്‍. നെഹ്‌റുവിന്റെ കാലത്ത് ഇന്ത്യന്‍ പാര്‍ലമെന്റിലുണ്ടായത് പ്രധാനമായും തൊഴില്‍ നിയമങ്ങളായിരുന്നു. തൊഴിലാളികള്‍ എന്നാല്‍ സമൂഹത്തിലെ ഏറ്റവും ബുദ്ധിമുട്ടുന്ന ആളുകള്‍. ആ കാലഘട്ടത്തിലുണ്ടായ എല്ലാ തൊഴില്‍ നിയമങ്ങളും തൊഴിലാളികള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്, വര്‍ക്ക്മാന്‍ കോമ്പന്‍സേഷന്‍, ക്ഷേമനിധി എന്നിങ്ങനെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഉണ്ടായ എല്ലാ തൊഴില്‍നിയമങ്ങളും ചൂഷണത്തിൽനിന്നും തൊഴിലാളികളെ സംരക്ഷിക്കാന്‍ വേണ്ടിയുള്ളതായിരുന്നു.

ഇപ്പോഴുള്ള നിയമങ്ങള്‍ ആര്‍ക്കുവേണ്ടിയാണ്, മുതലാളിക്കുവേണ്ടി. മേയ്ദിനത്തില്‍ എട്ടു മണിക്കൂര്‍ തൊഴില്‍ എന്ന് പറഞ്ഞ് പ്രസംഗിക്കും. എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിശ്രമം എന്നൊക്കെ ഊറ്റംകൊള്ളും. ഇതെല്ലാം പോയി. ജോലിസമയം 12 മണിക്കൂര്‍ ആക്കുകയാണ്. പുതിയ ലേബര്‍ കോഡ് വരുകയാണ്. ഇത്രയും സമയം ജോലിചെയ്‌തേ മതിയാകൂ. പക്ഷേ ശമ്പളം എത്രയെന്ന കാര്യം അവര്‍ തീരുമാനിക്കും. പുതിയ വ്യവസായ സംരംഭങ്ങളിലൊന്നും തൊഴിലാളി സംഘടനകള്‍ ഉണ്ടാകില്ല. ഏത് സമയത്തും നിങ്ങളെ പുറത്താക്കാം. എനിക്ക് നിങ്ങളെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ പുറത്താക്കും. പണ്ട് അങ്ങനെയല്ല, ഒരു അവകാശമുണ്ടായിരുന്നു. ഇന്നതില്ല. നിങ്ങള്‍ വേറെ എവിടെയെങ്കിലും ജോലിയുണ്ടോ എന്ന് നോക്കുക. അതുവരെ ചെയ്ത ജോലി ശമ്പളം കിട്ടിയാല്‍ ഭാഗ്യം. ഒരു അവകാശവും ഇല്ല. ഇല്ലെങ്കില്‍ 10 തവണ കയറിയിറങ്ങണം. സംരക്ഷിക്കാന്‍ ഒരു സംവിധാനവുമില്ല.

എക്‌സിക്യൂട്ടിവ്, ജുഡീഷ്യറി, ലെജിസ്ലേച്ചര്‍ എന്നതാണ് നമ്മുടെ ജനാധിപത്യത്തിന്റെ സവിശേഷത. ഇതില്‍, ജുഡീഷ്യറിക്ക് അതിന്റേതായൊരു അധികാരമുണ്ട്. അതിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഉത്തര്‍പ്രദേശിലെ ഒരു ഹൈകോടതി ജഡ്ജി ജാതിമത കാര്യങ്ങളെക്കുറിച്ച് പറഞ്ഞത് ഓർമയില്ലേ. അവസാനത്തെ ആശ്രയമായിരുന്നു നീതിപീഠം. അവിടെ നീതി കിട്ടുമോ എന്ന ഭയം ആളുകളുടെ മനസ്സിലുണ്ട്. ഇതിലൂടെ അരക്ഷിതാവസ്ഥ ഉണ്ടാക്കുകയും ജുഡീഷ്യറിയുടെ അധികാരം ദുര്‍ബലപ്പെടുത്തുകയുമാണ് ചെയ്യുന്നത്.

ലെജിസ്ലേച്ചറാണ് മറ്റൊന്ന്. ഒരു നിയമം അല്ലെങ്കില്‍ ബില്‍ പ്രസിദ്ധീകരിച്ചാൽ അത്​ ആളുകള്‍ക്കിടയില്‍ ചര്‍ച്ചചെയ്യണം. ആദ്യ വായന, രണ്ടാം വായന, മൂന്നാം വായന തുടങ്ങി നിരവധി ജനാധിപത്യ പ്രക്രിയക്ക് ശേഷമേ ബില്‍ പാസാക്കുകയുള്ളൂ. ഭരണഘടന നിര്‍ദേശിക്കുന്ന ജനാധിപത്യ പ്രക്രിയയാണിത്. എന്നാല്‍, പാര്‍ലമെന്റില്‍ ഇപ്പോള്‍ എന്താണ് നടക്കുന്നത്. രാവിലെ വരുമ്പോഴാണ് പുതിയൊരു നിയമം വന്നിട്ടുണ്ടെന്ന് എം.പിമാര്‍ അറിയുന്നത്. മൂന്ന് വായനയും ഒരുമിച്ച് നടത്തും. പണ്ടൊക്കെ കേരള നിയമസഭയില്‍ വായനയുടെ വേഗത കൂടിയാല്‍ സാമാജികര്‍ ചോദിക്കുമായിരുന്നു, ‘‘ദോശ ചുട്ടെടുക്കുകയാണോ’’ എന്ന്. ദോശ ചുട്ടെടുക്കുംപോലെ നിയമങ്ങള്‍ പാസാക്കുക എന്നത്​ പഴയൊരു പ്രയോഗമാണ്​. പ്രസിദ്ധീകരിക്കാതെ ബില്ലുകള്‍ പാസാക്കിയെടുക്കുകയാണ് ഇന്ത്യന്‍ പാര്‍ലമെന്റില്‍. നാളെ ഇങ്ങനെ ഒരു ബില്‍ അവതരിപ്പിക്കുന്നുണ്ടോ എന്ന് എം.പിമാരോട് ചോദിച്ചാല്‍ അതിനെ കുറിച്ച് അവര്‍ക്കറിയില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ നടപടിക്രമങ്ങള്‍ ഒഴിവാക്കാന്‍ ഭരണഘടന നല്‍കുന്ന അധികാരം ദുരുപയോഗംചെയ്ത് ബില്ലുകള്‍ ചുട്ടെടുക്കുകയാണ്.

 

മാർക്​ ബ്രെയും ഫാഷിസത്തെക്കുറിച്ച അദ്ദേഹത്തി​ന്റെ പ്രശസ്​തമായ പുസ്​തകവും

അടുത്തിടെയായി ഇലക്ട്രിക്കല്‍ ഓട്ടോക്രസി എന്നൊരു പുതിയ വാക്കുണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പിലൂടെ ജയിച്ചു വരുകയും ഏകാധിപത്യ ഭരണം സ്ഥാപിക്കുകയുംചെയ്യുന്ന രീതിയാണത്. ഏകാധിപത്യത്തിലൂടെയോ പട്ടാള അട്ടിമറിയിലൂടെയോ അല്ല തെരഞ്ഞെടുപ്പിലൂടെ തന്നെയാണ്​ അധികാരത്തില്‍ എത്തുന്നത്. അധികാരത്തില്‍ വന്ന് ആ ഭൂരിപക്ഷം ഉപയോഗിച്ച് ഏകാധിപത്യ ഗവണ്‍മെന്റ് ആയിമാറുന്ന രീതി. ഭരണഘടനയെ മുൻനിര്‍ത്തി, ജനാധിപത്യത്തെ മൂടിവെക്കുന്നു. ഭരണഘടനയും ഭരണഘടനാ തത്ത്വങ്ങളുമെല്ലാം ഉണ്ടായിട്ടും കാര്യമില്ലാത്ത അവസ്ഥ. ലോകത്ത് എവിടെയും ഇല്ലാത്ത തരത്തില്‍ കോണ്‍സ്റ്റിറ്റ്യൂട്ട് അസംബ്ലിയില്‍ നടത്തിയ ചര്‍ച്ചകള്‍ നമുക്ക് മുന്നിലുണ്ട്. എല്ലാ കാര്യത്തെയും കുറിച്ചുള്ള പ്രത്യേക പരിഗണനകള്‍ ഉണ്ടായിരുന്നു ആ ചര്‍ച്ചകളില്‍. കോണ്‍സ്റ്റിറ്റ്യൂഷനല്‍ കൊളാപ്‌സാണ് ഇപ്പോള്‍ നടക്കുന്നത്. അതാണ് വലിയ പേടി. ഭരണഘടനാമൂല്യങ്ങള്‍ തകര്‍ന്നുവീഴുകയാണ്. അതൊന്നും ആരും ഗൗനിക്കുന്നില്ല.

ജനാധിപത്യപരമായ, മതേതരമായ, സോഷ്യലിസ്റ്റ് സമീപനമുള്ള, സമ്പത്തിന്റെ നീതിപൂർവമായ വിതരണമുള്ള മഹത്തായ ആശയമാണ് ഐഡിയ ഓഫ് ഇന്ത്യ എന്നത്. എല്ലാവരും ഒരു കുടക്കീഴില്‍ നില്‍ക്കുന്ന മഹത്തായ ആശയം. ഇതിന് വിപരീതമാണ് നടക്കുന്നത്. സോഷ്യലിസ്റ്റിക് എന്നതിന് പകരം തീവ്ര വലതുപക്ഷം. മതേതരത്വത്തിന്റെ സ്ഥാനത്ത് വര്‍ഗീയം. ഇന്ത്യ എന്ന ആശയം രൂപപ്പെടുത്തിയെടുത്തതിന് വിപരീതം. ലോകത്താകമാനം ഏകാധിപതികളായ ഭരണാധികാരികള്‍ ഇതാണ് പിന്തുടരുന്നത്.

വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നതുപോലെ തന്നെ ഏകാധിപതികള്‍ യുദ്ധങ്ങളും ഉണ്ടാക്കും. അവര്‍ക്ക് യുദ്ധംചെയ്‌തേ മതിയാകൂ. യുദ്ധക്കൊതിയന്മാരായ അവര്‍ക്ക് ചോര കണ്ടാല്‍ മടുക്കില്ല. കുഞ്ഞുങ്ങളെ കൊന്നാലും സ്ത്രീകള്‍ ആക്രമിക്കപ്പെട്ടാലും അവരുടെ പ്രതികാരം തീരില്ല. എത്ര പേര്‍ ആക്രമിക്കപ്പെടുന്നു എന്നതാണ് പ്രധാനം.

മണിപ്പൂര്‍ മുതല്‍ ഫലസ്തീന്‍ വരെ നടക്കുന്നത് അതുതന്നെയാണ്. ആളുകളെ ജീവനോടെ കത്തിക്കുകയാണ് മണിപ്പൂരില്‍. ദേവാലയങ്ങള്‍ കത്തിക്കുകയും സ്ത്രീകള്‍ ആക്രമിക്കപ്പെടുകയുംചെയ്യുന്നു. മണിപ്പൂരിലും ഫലസ്തീനിലും നടക്കുന്നത് തമ്മില്‍ എന്താണ് വ്യത്യാസം. ഏകാധിപതികള്‍ ഭീരുക്കളാണ്. അതിനാല്‍തന്നെ അരക്ഷിതരും. അതുകൊണ്ടാണ് ബാക്കിയുള്ളവരും അരക്ഷിതാവസ്ഥയില്‍ ആകണമെന്ന് ആഗ്രഹിക്കുന്നത്. ആരെയും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ല.

മതേതരത്വവും സോഷ്യലിസ്റ്റ് സമീപനവും സമ്പത്തിന്റെ നീതിപൂര്‍വമായ വിതരണവും അഭിപ്രായസ്വാതന്ത്ര്യവും സ്വതന്ത്ര തെരഞ്ഞെടുപ്പും മാധ്യമ സ്വാതന്ത്ര്യവുമെല്ലാം ചേര്‍ന്നതാണ് ജനാധിപത്യം. ഇതെല്ലാം അപകടത്തിലാണ്. പലതും ഇല്ലാതായി. നീതി നിഷേധിക്കപ്പെടുന്നു എന്ന് മാത്രമല്ല നീതി ലഭിക്കില്ല എന്ന് ഉറപ്പിക്കുന്ന തരത്തിലേക്ക് ഇതിനെ കൊണ്ടുപോവുകയാണ്.

ഈ രാജ്യത്തെ നമ്മള്‍ താഴ്ചയില്‍നിന്ന് ഉയര്‍ച്ചയിലേക്ക് കൊണ്ടുപോകണം. തോറ്റു കൊടുക്കാന്‍ പറ്റില്ല. തെറ്റായ നടപടികളെ ചോദ്യം ചെയ്യുകയും വെല്ലുവിളിക്കുകയും ചെറുത്തു നില്‍ക്കുകയും വേണം. അവര്‍ ഭീരുക്കളാണ്, ചെറുത്ത്​ നില്‍ക്കുന്നവരായ നമ്മളാണ് ധീരര്‍. വിഡ്ഢികളുടെ വേഷം അണിയേണ്ടതില്ല. പോരാടുകയും ചെറുത്തുനില്‍ക്കുകയുംതന്നെ വേണം. നിലക്കാത്ത പോരാട്ടത്തില്‍ പടയാളികളായി മാറണം. സംഘട്ടനങ്ങളും ആകുലതകളും സങ്കടങ്ങളുമെല്ലാം ഉണ്ട്, പക്ഷേ സങ്കടപ്പെട്ടിരിക്കാനോ വിഷമിച്ചിരിക്കാനോ പിന്തിരിഞ്ഞോടാനോ തളര്‍ന്നിരിക്കാനോ പറ്റില്ല. പോരാടിയേ പറ്റൂ, പോരാളികളായി മാറിയേ പറ്റൂ.

(അവസാനിച്ചു)

(നിയമസഭ പുസ്ത​കോത്സവത്തോടനുബന്ധിച്ച്​ വി.ഡി. സതീശൻ നടത്തിയ​ പ്രഭാഷണം)

എഴുത്ത്​: സുധീർ മുക്കം

News Summary - Electoral dictatorship instead of democracy