വാ!നരം

വാനരനിൽനിന്നാണ് നരനുണ്ടായതെങ്കിൽ ഇന്നുള്ള വാനരങ്ങളെന്തേ മനുഷ്യരാവാത്തൂ? -പള്ളിക്കൂടങ്ങളിൽ കുട്ടിബുജികൾ പണ്ട് ചോദിച്ചിരുന്നു. മുതിർന്ന ‘കുട്ടി’കൾ പലർക്കും ഇന്നുമുണ്ട് അതേ സംശയം. അതിനൊരു വാലുകൂടി മുളച്ചിട്ടുണ്ടെന്നു മാത്രം: നിലവിലെ മനുഷ്യനെന്തേ പരിണമിക്കാത്തൂ, വിരാമമിട്ടോ പരിണാമം? സാമാന്യബുദ്ധിക്ക് ദഹിക്കാൻ ലേശം വിമ്മലുണ്ട്. പരിണാമപ്രക്രിയ, അതിന്റെ വിക്രിയ. മുഖ്യകാരണം സംഗതിയുടെ അതിബൃഹത്തായ കാലഗണന. ഭൂമി ഉടലെടുത്തത് 4-6 കോടി വർഷം മുമ്പെന്ന് ശാസ്ത്രം. അത്ര നീണ്ട ആയുസ്സിനെ ഒരൊറ്റ വർഷമായി സങ്കൽപിക്കുക, ഓരോ മാസത്തിനും 400 ദശലക്ഷം വർഷങ്ങൾ വീതമുള്ള 12 മാസ കലണ്ടർ. അതിലെ ജനുവരി ഒന്നിന് ഭൂമി...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
വാനരനിൽനിന്നാണ് നരനുണ്ടായതെങ്കിൽ ഇന്നുള്ള വാനരങ്ങളെന്തേ മനുഷ്യരാവാത്തൂ?
-പള്ളിക്കൂടങ്ങളിൽ കുട്ടിബുജികൾ പണ്ട് ചോദിച്ചിരുന്നു. മുതിർന്ന ‘കുട്ടി’കൾ പലർക്കും ഇന്നുമുണ്ട് അതേ സംശയം. അതിനൊരു വാലുകൂടി മുളച്ചിട്ടുണ്ടെന്നു മാത്രം: നിലവിലെ മനുഷ്യനെന്തേ പരിണമിക്കാത്തൂ, വിരാമമിട്ടോ പരിണാമം?
സാമാന്യബുദ്ധിക്ക് ദഹിക്കാൻ ലേശം വിമ്മലുണ്ട്. പരിണാമപ്രക്രിയ, അതിന്റെ വിക്രിയ. മുഖ്യകാരണം സംഗതിയുടെ അതിബൃഹത്തായ കാലഗണന. ഭൂമി ഉടലെടുത്തത് 4-6 കോടി വർഷം മുമ്പെന്ന് ശാസ്ത്രം. അത്ര നീണ്ട ആയുസ്സിനെ ഒരൊറ്റ വർഷമായി സങ്കൽപിക്കുക, ഓരോ മാസത്തിനും 400 ദശലക്ഷം വർഷങ്ങൾ വീതമുള്ള 12 മാസ കലണ്ടർ. അതിലെ ജനുവരി ഒന്നിന് ഭൂമി പിറക്കുന്നു. എങ്കിൽ, ഫെബ്രുവരി പാതിയോടെയാണ് ആദ്യ ജീവാങ്കുരം. എന്നുവെച്ചാൽ, സൂര്യരശ്മിയുണ്ടാക്കിയ ഒരു രാസക്രിയമൂലം സ്വയമിരട്ടിക്കാൻ ശേഷിയുള്ള കോശം (തന്മാത്ര). ലഭ്യമായതിൽെവച്ചേറ്റം പഴക്കമുള്ള ഫോസിലുകളുടെ ഉടമകളായ സൂക്ഷ്മ ജീവാണുക്കൾ വരിക ഏപ്രിൽ ഒടുവിൽ. അതങ്ങനെ പോയിപ്പോയി. സസ്തനികളുടെ പിറവി ഡിസംബർ പാതിക്കാവുന്നു. ഡിസംബർ 11നും 26നുമിടയ്ക്കാണ് ദിനോസറുകളുടെ കാലം. മനുഷ്യന്റെ ഉൽപത്തി ഡിസംബർ 31ന് വൈകീട്ട് എട്ടിന്. കൃഷിയുടേത് അന്ന് രാത്രി 11.30ന്. അതും കഴിഞ്ഞുള്ള അവസാന രണ്ടു സെക്കൻഡിലാണ് ആധുനികശാസ്ത്രം പിറക്കുന്നത്. ഇൗ ഒടുനിമിഷങ്ങളിലാണ് അതിനു മുമ്പത്തെ സമസ്തവും മനുഷ്യൻ കണ്ടെത്തുന്നത്.
അതുപ്രകാരം വാനരനിൽനിന്നുണ്ടായതല്ല നരൻ. രണ്ടു ജീവികളുടെയും ആദിപൂർവികൻ ഒരേ ജീവിയായിരുന്നെന്നു മാത്രം. ഇനി പരിണാമം നിലച്ചോ? ആ ചോദ്യവും ശാസ്ത്രം വിശദമായി പരിശോധിച്ചതാണ്, പരിശോധന തുടരുകയുമാണ്. അതിൽ ഇന്നത്തെ മനുഷ്യാവസ്ഥയും അതിന്റെ ഭാവിയും ഉൾപ്പെടാതെ കഴിയില്ലല്ലോ.
ജീവികൾ പ്രത്യുൽപാദനം നടത്തിപ്പോന്നത് ഒട്ടുമേ പിഴയറ്റ പരുവത്തിലല്ല. ജീനുകൾ പകർത്തുമ്പോഴുണ്ടാവുന്ന പിശകുകൾ പലപ്പോഴും ജീവികൾക്ക് ഗുണകരമാവാറുണ്ട് –ചുറ്റുപാടുകളോട് പൊരുത്തപ്പെടുന്നതിൽ. അതൊരു യാദൃച്ഛികതയാണെങ്കിലും, ഒത്തുകിട്ടിക്കഴിഞ്ഞാൽ അനന്തര തലമുറകളിലേക്ക് അതു പകരാൻ പ്രത്യുൽപാദനം തുടരും. അഥവാ ആ പിശകുകൾ തുടരുന്നു –ലക്ഷക്കണക്കിന് വർഷങ്ങളിലൂടെ. അങ്ങനെ കൂടിയാണ് ഇന്നുള്ള മനുഷ്യരൂപി ഉരുത്തിരിഞ്ഞത് –ഹോമോസാപിയെൻസ് (പിശകിപ്പിശകിയല്ലോ പുരോഗമനമേതും). എന്നുവെച്ച്, കഥയുടെ കലാശക്കൊട്ടല്ല നാം. നേരാണ്, ഭാവി പ്രവചനം ദുഷ്‍കരം, ഭാവനാതീതം ലോകം.
എങ്കിലും നാളെയുടെ സാധ്യതകൾ അനുമാനിക്കാൻ ഏകവഴി ഇന്നലെയുടെ പ്രവണതകൾ ഇന്നിനെന്തു ചെയ്തെന്ന് നോക്കയാണ്.
‘പ്രകൃതി നിർധാരണ’ത്തോടെ (നാച്ചുറൽ സെലക്ഷൻ) മനുഷ്യവികാസം അവസാനിച്ചെന്നു കരുതുന്ന ശാസ്ത്രജ്ഞരുണ്ട്. അവരുടെ യുക്തി ലളിതം: ഭൂതകാലത്തിൽ മനുഷ്യൻ നേരിട്ട നിഷ്‍കൃഷ്ടമായ സമ്മർദങ്ങൾ പലതുണ്ട് –ആൾപ്പിടിയൻ മൃഗങ്ങൾ, ഭക്ഷ്യക്ഷാമം, പകർച്ചവ്യാധി, യുദ്ധങ്ങൾ...
മൃഗശല്യം തീർക്കാൻ മനുഷ്യൻ വൈഭവം നേടി. പുതിയ വിളവിദ്യകളും രാസവളങ്ങളും യന്തിരവിദ്യയും വഴി ക്ഷാമം തീർത്തു. പ്രതിരോധ കുത്തിവെപ്പുകളും ആന്റി ബയോട്ടിക്കുകളും ആരോഗ്യപോഷണവും മുഖേന പകർച്ചവ്യാധികളെ തളച്ചു. പഴയതിലും നന്നേ കുറവായി യുദ്ധങ്ങൾ, ആണവായുധ ഭീഷണിയുണ്ടെങ്കിലും, ആ ഭീഷണിയെത്തന്നെ പ്രതിരോധായുധമാക്കി. ചുരുക്കത്തിൽ കാതലായ പ്രാതികൂല്യങ്ങൾ ഒഴിയുകയും അതിജീവനം ഏറക്കുറെ സ്ഥിരത നേടുകയും ചെയ്തിരിക്കുന്നു. ശരിയാണ്. എന്നുകരുതി, നിലയ്ക്കുന്നുണ്ടോ പരിണാമം?
ഒരിക്കലുമില്ല. മറ്റു പ്രേരകങ്ങളാൽ തുടരുക തന്നെയാണത്. ‘‘ഏറ്റവും യോഗ്യമായതിന്റെ നിലനിൽപ’’ല്ല. ഇന്ന് പരിണാമത്തിന്റെ ചാലകമർമം, യോഗ്യമായതിന്റെ പ്രത്യുൽപാദനമാണ്. അതുകൊണ്ടുതന്നെ ലൈംഗികമായ തെരഞ്ഞെടുപ്പിന് പരിണാമത്തിൽ പ്രമുഖസ്ഥാനം കൈവരുന്നു. പ്രകൃതിയേതരമായ പരിസ്ഥിതിയാണ് അടുത്ത ഘടകം -സംസ്കാരം, യന്തിരം, നഗരം, അവയും മനുഷ്യനുമേൽ തെരഞ്ഞെടുക്കാനുള്ള സമ്മർദമേറ്റുന്നു. നവീനമായ ഈ കൃത്രിമ പരിസ്ഥിതിയോട് നമുക്കുള്ള അനുകൂലനം ബാല്യദശയിൽ മാത്രമാണ്. ആ പൊരുത്തത്തിനും അതിജീവനത്തിനുമുള്ള പ്രക്രിയ ആരംഭിച്ചിട്ടേയുള്ളൂ. ആഹാരത്തിൽ ധാന്യങ്ങളും പാലുൽപന്നങ്ങളും നിറഞ്ഞപ്പോഴാണ് അന്നജവും പാലും ദഹിപ്പിക്കാനുള്ള ജീനുകൾ നമ്മിൽ ഉരുത്തിരിഞ്ഞത്. നാഗരികത ദീനപ്പടർച്ചയുള്ള ചുറ്റുപാട് സൃഷ്ടിച്ചപ്പോൾ ദീനപ്രതിരോധത്തിനുള്ള നമ്മുടെ ആന്തരശേഷിയും വികസിച്ചു. അങ്ങനെ ശേഷികൾ ആർജിച്ചു മുന്നേറിയപ്പോൾ മറ്റൊന്നു സംഭവിച്ചു.
മസ്തിഷ്‍ക വലുപ്പം കുറഞ്ഞു. ഉപയോഗത്തിന് ഉപകരണങ്ങളും വിനിമയത്തിന് പേശുഭാഷയും സങ്കീർണമായിത്തീർന്ന സാമൂഹികതയുമായപ്പോൾ വലിയ തലച്ചോറ് ഒരാവശ്യമായി മാറിയിരുന്നു. കൃഷി തുടങ്ങുന്നതിന് മുമ്പ് (10,000-20,000 വർഷം മുമ്പ്) മസ്തിഷ്‍കം തികഞ്ഞ വലുപ്പത്തിലായിരുന്നു. വേട്ടയാടൽ, ഇരപിടിയരിൽനിന്ന് രക്ഷതേടൽ, ഫലമൂലാദികൾക്കായുള്ള തിരയൽ, ഹരിതവൈദ്യം, വിഷപരിജ്ഞാനം, ആയുധനിർമാണം, അങ്കവും ആഭിചാരവും, ആട്ടവും പാട്ടും... ശിലായുഗ മനുഷ്യന്റെ സിരോപയോഗം അങ്ങനെ അതിവിപുലമായിരുന്നു. കാർഷികസമൂഹമായപ്പോൾ ഇത്രയും പണികൾ ഒരേയാൾ നിർവഹിക്കേണ്ടെന്നായി, വേലവിഭജനം സക്രിയമായി. അതോടെ, ആ പണികളെല്ലാം കൂടി ചെയ്തുവന്ന മസ്തിഷ്‍ക ഭാഗം പലതും ശോഷിച്ചുവന്നു. അങ്ങനെയാണ് മസ്തിഷ്‍കം ചെറുതാവുന്നത്.
വ്യക്തിത്വവും ഇതേ മാതിരി പരിണമിക്കുന്നു. വേട്ടയുഗത്തിൽ ആക്രമണത്വര അനിവാര്യമായിരുന്നു. ഇരപിടിക്കാനും മറ്റുള്ളവരെ നേരിടാനും അയൽഗോത്രങ്ങളോട് പടവെട്ടാനുമൊക്കെ. ഇന്ന്, മാംസം ഇറച്ചിക്കടയിൽ കിട്ടും, തർക്കം പോക്കാൻ പൊലീസും കോടതിയുമുണ്ട്. പട പാടേ പോയില്ലെങ്കിലും പണ്ടത്തെയത്ര മരണമില്ല –ജനസംഖ്യാനുപാതത്തിൽ. മാത്രമല്ല, അക്രമത്തെ ഹീനഗുണമായി ഗണിക്കുന്ന സാംസ്കാരിക മനോഗതിയും സാമൂഹികവ്യവസ്ഥകളും വ്യാപിച്ചതോടെ വ്യക്തിത്വവും അതിൻപടി മാറിവരുന്നു. പണ്ട് ബന്ധങ്ങൾ കുറവ്, ഉള്ളവ ജീവിതകാലം മുഴുക്കെ പുലരും. ഇന്ന് ബന്ധങ്ങൾ അനേകം, മിക്കതും അൽപായുസ്സ്. സാമൂഹികതയുടെ ഭൗതികനാരുകൾ മാഞ്ഞ് മിക്കവാറും പ്രതീതിയാഥാർഥ്യങ്ങളായി. അവ മനുഷ്യനെ കൂടുതൽ പറ്റപ്പൊരുത്തത്തിലേക്ക് തളച്ചിടുന്നു.

ചാൾസ് ഡാർവിൻ,ഐസക് ന്യൂട്ടൻ
എന്നുകരുതി എല്ലാമൊന്നുമങ്ങ് പൊരുത്തപ്പെടുന്നില്ല ഇപ്പറഞ്ഞ പുത്തൻ അസ്തിത്വത്തിലേക്ക്. മനുഷ്യന്റെ സഹജത്വരകൾ, ആശകൾ, ആശങ്കകൾ... അങ്ങനെ ചിലത് പ്രാചീനരുടേതിന് സദൃശ്യമായി ഇന്നും ഉള്ളുപേറുന്നു. ഭൗതികാവശ്യങ്ങൾ കേമമായി നിവർത്തിക്കുന്നുണ്ട് നവീന മനുഷ്യൻ. പക്ഷേ, മാനസികാവശ്യങ്ങൾ പലതിലും അവനിന്നും ഗുഹാമനുഷ്യൻ. ഏകാകിതയും ഉത്കണ്ഠയും വിഷാദവും മതിഭ്രമവുമൊക്കെ അനുഭവിക്കുന്നവർ ഏറിവരുന്നു. ഒട്ടും പുത്തരിയല്ലിത്. പ്രശസ്തമായ മുഖങ്ങളെത്രയോ തരുന്നുണ്ട് ചരിത്രം, അപ്രശസ്തികൊണ്ട് ഭൂരിപക്ഷത്തെ മൂടുമ്പോഴും. ലിങ്കണും ചർച്ചിലും വിഷാദരോഗം പൂണ്ടവരായിരുന്നു. ന്യൂട്ടനും ഡാർവിനും അതേ രോഗർത്തർ. വെർജിനിയ വുൾഫും സിൽവിയാ പ്ലാത്തും വാൻഗോഗും ആ ചുഴലിക്ക് സ്വയം ഉയിരുകൊടുത്തൊടുങ്ങിയോർ. പ്രതിഭയുടെ ഇമ്മാതിരി കുഴപ്പംപിടിച്ച ജീനുകളെ ജനിതകക്കൂടയിൽനിന്ന് ഒഴിച്ചുകളയുകയാവും പരിണാമം ചെയ്യുക. അപ്പോഴും മനുഷ്യവംശം അതിനൊരു വൻവില ഒടുക്കേണ്ടിവരും. അസാധാരണ ശേഷിയുള്ള നേതാക്കൾ, കലയാളർ, സംഗീതജ്ഞർ... ഒക്കെ വംശനാശപ്പെടാം. ഭാവിമനുഷ്യർ ഇന്നത്തേതിലും ജീവനയോഗ്യരായേക്കാം. പക്ഷേ, പൊരുത്തയോഗ്യത ഒരിക്കലും പടുക്കില്ല, വിപ്ലവകാരികളെ.
പിന്നിട്ടവഴിയിൽ ഇല്ലാത്ത പല പുതിയ സമ്മർദങ്ങളുമുണ്ട്. പരിണാമത്തിന്റെ മുന്നാക്കവഴിയിൽ, അവ നിർബന്ധിക്കുന്ന തിരഞ്ഞെടുപ്പുകളും. ഉദാഹരണമായി ആയുർദൈർഘ്യം. മരണനിരക്കിനോടുള്ള പ്രതികരണമായാണ് ആയുസ്സിന്റെ പ്രകൃതചക്രം പരിണമിക്കാറ്. മരണത്തോത് ഉയർന്നുനിന്നാൽ പ്രത്യുൽപാദനം നന്നേ ചെറുപ്പത്തിലേ നടത്താൻ ജീവിവംശങ്ങൾ പ്രേരിതരാവും. ലൈംഗിക പാകതയിലെത്താൻ വേണ്ടത്ര സ്വാഭാവികസമയം കൈവരിക്കയാണ് ആരോഗ്യകരം. നീണ്ടുനിൽക്കുന്ന അനുകൂലനശേഷിയും ഉൽപാദനശേഷിയും പകരുന്നതാണീ പാകത. അതിന് വേണ്ടത് ജീവാപായഭീഷണികൾ അകന്നുള്ള നിത്യജീവിതം. ഒറ്റപ്പെട്ട ദ്വീപുവാസികളും ആഴക്കടൽ ജീവികളും ദീർഘായുസ്സാവുന്നതിന്റെ പൊരുളതാണ്. അരക്ഷിതത്വം കുറവുള്ളവർ പക്വരാവുന്നത് വൈകിയാവും. ആ പക്വത ആയുസ്സേറ്റും, സന്തതികൾക്ക് ആരോഗ്യവും.
സാംസ്കാരികത ആർജിക്കുംമുമ്പുതന്നെ മരണനിരക്ക് താഴ്ന്നുതുടങ്ങിയിരുന്നു. എങ്കിലും ശിശുമരണനിരക്ക് താഴ്ന്നില്ല. 15 വയസ്സിനകം മരിക്കുന്നവർ ജനസംഖ്യയുടെ 50 ശതമാനത്തോളമെത്തിയിരുന്നു, ശരാശരി ആയുസ്സ് 35 വയസ്സും. സാംസ്കാരികത മെച്ചപ്പെട്ടപ്പോൾ സ്ഥിതിഗതികൾ മാറി. 19ാം നൂറ്റാണ്ടിൽ യുവതയുടെ മരണനിരക്ക് ഒരു ശതമാനത്തിലെത്തി. ചിലേടത്ത് അതിലും താഴെ. മെച്ചപ്പെട്ട പോഷകാഹാരവും മരുന്നും ദേഹശുചിത്വവും കാരണം ആയുർദൈർഘ്യം 70 വരെയായി. പരിണാമത്തിന് ഇതിൽ കാര്യമില്ല. ആരോഗ്യവും ജീവിതാന്തരീക്ഷവും മെച്ചപ്പെടുത്തിയ സംസ്കാരമാണ് ഹേതു. എങ്കിലും ഈ ജീവിതമാറ്റം ആയുർദൈർഘ്യം കൂട്ടാനുള്ള പരിണാമത്തിന് കളമൊരുക്കി. അതോടെ നന്നേ ചെറുപ്പത്തിൽ പ്രത്യുൽപാദനം നടത്തേണ്ട ആവശ്യമില്ലാതായി. ദീർഘായുസ്സ് എന്നാൽ ജീവിക്ക് മുതിരാൻ കൂടുതൽ സമയം കിട്ടുന്നു എന്നർഥം. പക്വതയിൽ മാത്രമല്ല, വലുപ്പത്തിലും ഇതിനൊരു പങ്കുണ്ട്.
ആദിയിലെ നരജാതികളായ ആസ്ത്രലോപിതേക്കസും ഹോമോ ഹാബിലിസും ചെറിയ ആൾരൂപങ്ങളായിരുന്നു. പിന്നീട് ഹോമോ ഇറെക്ടസും ശിലായുഗ മനുഷ്യനും പൊക്കം വെക്കാൻ തുടങ്ങി. ഹോമോ സാപിയൻസിലെത്തുമ്പോൾ ആറടി ഉയരം താണ്ടിത്തുടങ്ങി. മെച്ചപ്പെട്ട പോഷകങ്ങളും ആയുർരക്ഷയും ജീനുകളെ അവ്വിധം ‘ഉയരാൻ’ പരിണമിപ്പിച്ചതാണ്. ഉയരമേറിയപ്പോൾ പക്ഷേ, മനുഷ്യൻ കൂടുതൽ കൃശനായി. കഴിഞ്ഞ 20 ലക്ഷം വർഷങ്ങളിൽ അസ്ഥികൂടത്തിന് പഴയതിലും ഭാരം കുറഞ്ഞു. മെയ്ക്കരുത്തിനെ പണ്ടത്തെയത്ര ആശ്രയിക്കേണ്ടതില്ലെന്നു വന്നു –പകരം ഉത്തോലകങ്ങളും ആയുധങ്ങളുമുണ്ടായല്ലോ. അലഞ്ഞുതിരിയുന്നത് മതിയാക്കി സ്ഥിരവാസം തുടങ്ങിയതോടെ (വിശേഷിച്ചും കാർഷിക സമൂഹമായപ്പോൾ) അസ്ഥിസാന്ദ്രത കുറഞ്ഞുതുടങ്ങി. ഏറ്റവുമൊടുവിൽ ഇപ്പോൾ കീബോർഡിനും സ്റ്റിയറിങ്ങിനും മേശക്കും പിന്നിലായി ഇരിപ്പ് കൂടിയതിനാൽ ഈ പ്രവണത കൂടാനാണിട. ഈ മാറ്റത്താൽ മേലുടലിലെ പേശിബലവും കുറഞ്ഞു. പഴയപടി കിളക്കേണ്ട, കൊയ്യേണ്ട, കുഴിയ്ക്കേണ്ട, വെട്ടേണ്ട. എല്ലാത്തിനുമുണ്ട് യന്ത്രങ്ങൾ. നവീന തൊഴിലുകൾക്ക് ഉടലായാസം താരതമ്യേന നന്നേ കുറവ്.
ഇതു മിക്കതും ചരിത്ര പരിപ്രേക്ഷ്യത്തിലെ പിൻനോക്കിലൂടെയുള്ള മുൻനോക്കാണ്. അതിലൊക്കെ കാതലായ സാധ്യതകൾ വേറെയുണ്ട് –പരിണാമപ്രക്രിയക്കു തന്നെ വരാം, പരിണാമം. ഒന്ന്, വംശപരിണാമത്തിന്മേൽ മനുഷ്യൻ കൈയാളുന്ന നിയന്ത്രണം. പ്രകൃതിയുടെ ‘നിയന്ത്രണ’ത്തിലായിരുന്ന സംഗതി മനുഷ്യ നിർമിതമായ പ്രകൃത്യേതര പരിസ്ഥിതിയിൽ വ്യത്യസ്ത ഫലമാണുളവാക്കുക. ഇപ്പഴേയുണ്ട് തെളിവ്. ദാമ്പത്യം എന്ന സ്ഥാപനമുണ്ടാക്കിയശേഷം ആയിരത്താണ്ടുകളോളം മനുഷ്യൻ സജ്ജീകൃത വിവാഹം പുലർത്തിപ്പോന്നു. ഇഷ്ട വിവാഹങ്ങളിൽപോലും ഉറ്റവരുടെ സമ്മതി തരപ്പെടുത്തിയിരുന്നു. അപവാദങ്ങൾ പലതുണ്ടെങ്കിലും അങ്ങനെയാണ് പൊതുവട്ടം. ഇന്നും ഇതു രണ്ടും പുലരുന്നുണ്ടെങ്കിലും മറ്റു ചില പ്രവണതകൾ വ്യാപകമാവുന്നുണ്ട്: സന്താനങ്ങളുടെ ജനിതക ഭവിഷ്യത്ത് കണക്കിലെടുത്തുള്ള ഇണതേടൽവരെ. പഥ്യജീനുകൾക്കായി ഭ്രൂണം തെരഞ്ഞെടുക്കുന്ന രീതി -ബയോടെക് വിത്തുകളുടെ മാതിരി. ഡി.എൻ.എ നേരിട്ട് ‘എഡിറ്റ്’ ചെയ്യുക ഇന്ന് സുസാധ്യം. കുഞ്ഞുങ്ങളെ പരീക്ഷണവസ്തുവാക്കുന്നതിലെ ധാർമികപ്രശ്നം ഉയരുന്നുണ്ടെങ്കിലും, ആൾ മനുഷ്യനല്ലേ? എന്തും സംഭവിക്കാം. ഏറ്റവും ‘മികച്ച’ ജീനുള്ള സന്തതിയെ ചമച്ചെടുക്കുന്ന തലമുറ അത്ര വിദൂരത്തല്ല –മികവിന്റെ മാനദണ്ഡങ്ങൾ, അവരുടെ ഇഷ്ടപ്പടി.
പരിണാമത്തെക്കുറിച്ച വിചിന്തനം മിക്കവാറും പിൻനോട്ടമാണ് –വെല്ലുവിളികളും അതിജീവനങ്ങളുമൊക്കെ ഭൂതകാലത്തിലായിരുന്നെന്ന മട്ടിൽ. എന്നാൽ, യന്തിരവിദ്യയും സാങ്കേതിക വികാസവും അതിവേഗത്തിലായിരിക്കെ ജീനുകളും പഴയതിലും വെക്കനേ പരിണമിച്ചെന്നു വരാം. പേറുന്നോൻ താരസ്ഥായി വീക്കുമ്പോൾ പേറുകോശം വിളംബിതംമൂളുവതെങ്ങനെ? സത്യത്തിൽ, പരിണാമത്തിന്റെ ഏറ്റവും രസവത്തായ ഭാഗം ജീവികളുടെ ഉൽപത്തിപർവങ്ങളല്ല. ദിനോസറുകളോ ശിലായുഗമോ ഒന്നുമല്ല. നമ്മുടെ കൺമുന്നിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിവർത്തനമാണ്. കാരണം, ഒരു ഭൂതകാലത്തും മനുഷ്യജീവി നേരിട്ടിട്ടില്ല ഇത്ര ചടുലവും സമഗ്രവുമായ വെല്ലുവിളിയും അനുകൂലനവും –സ്വയംകൃത പരിണാമം. എഴുത്താണി, പ്രകൃതിയിൽനിന്ന് മനുഷ്യൻ കൈക്കലാക്കുമ്പോൾ പരിണാമത്തിന്റെ ഗ്രന്ഥവരിക്ക് ലിപി മാറും, ലിഖിതവും.

