അറം

കാഫ്കയേക്കാൾ ഏറെ എഴുതി, മൻ. വായനയുടെ രസനഭേദങ്ങൾ രണ്ടാൾക്കും നൽകിയത് രണ്ടു തോത്, സ്വീകാര്യതയിൽ. കാഫ്ക കൂടുതൽ വായിക്കപ്പെട്ടു. മൻ കുറച്ചും. രണ്ടാളും പക്ഷേ, ഒരു ബിന്ദുവിൽ സംഗമിക്കുന്നു. മനുഷ്യരാശി എന്തുതരം ജീവിതമാണ് തിരഞ്ഞെടുക്കാൻ പോവുകയെന്ന് മുന്നാേട കണ്ടുവെച്ചതിൽ. പറയാറുണ്ട്, എഴുതപ്പെടാത്ത ചരിത്രമാണ് സാഹിത്യം. നേര്. അതിൽ കാലനിബദ്ധമായവയുണ്ട്, കാലാതിവർത്തിയും. തച്ചിന്റെ മിഴിവുകൊണ്ട് ജ്വലിച്ചതുണ്ട്. തച്ചന്റെ ഉഴവുകൊണ്ട് പൊലിച്ചതും –അതു ഭാഷയുടെ ഉള്ളുകേളി. എങ്കിലും, തകരപോലെ പൊന്തി താരനായി പൊഴിഞ്ഞടിയുന്നവക്കാണ് ഭൂരിപക്ഷം, എക്കാലവും. എഴുത്തിന്റെ ജനാധിപത്യത്തിൽ അതും സഹജം,...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
കാഫ്കയേക്കാൾ ഏറെ എഴുതി, മൻ. വായനയുടെ രസനഭേദങ്ങൾ രണ്ടാൾക്കും നൽകിയത് രണ്ടു തോത്, സ്വീകാര്യതയിൽ. കാഫ്ക കൂടുതൽ വായിക്കപ്പെട്ടു. മൻ കുറച്ചും. രണ്ടാളും പക്ഷേ, ഒരു ബിന്ദുവിൽ സംഗമിക്കുന്നു. മനുഷ്യരാശി എന്തുതരം ജീവിതമാണ് തിരഞ്ഞെടുക്കാൻ പോവുകയെന്ന് മുന്നാേട കണ്ടുവെച്ചതിൽ.
പറയാറുണ്ട്, എഴുതപ്പെടാത്ത ചരിത്രമാണ് സാഹിത്യം. നേര്. അതിൽ കാലനിബദ്ധമായവയുണ്ട്, കാലാതിവർത്തിയും. തച്ചിന്റെ മിഴിവുകൊണ്ട് ജ്വലിച്ചതുണ്ട്. തച്ചന്റെ ഉഴവുകൊണ്ട് പൊലിച്ചതും –അതു ഭാഷയുടെ ഉള്ളുകേളി. എങ്കിലും, തകരപോലെ പൊന്തി താരനായി പൊഴിഞ്ഞടിയുന്നവക്കാണ് ഭൂരിപക്ഷം, എക്കാലവും. എഴുത്തിന്റെ ജനാധിപത്യത്തിൽ അതും സഹജം, സ്വാഭാവികം.
കഴിഞ്ഞതിന്മേലാണ് മിക്കവാറും സാഹിത്യം –കഴിഞ്ഞ കാലം, കാഴ്ച, സംഭവം, അനുഭവം... പ്രമേയം എന്താകിലും അതൊരു പിൻനോക്ക്. ഗൃഹാതുരത തൊട്ട് നിർമമത വരെയുണ്ടാവാം, നോക്കിന്. മനുഷ്യാവസ്ഥ ധ്വനിപ്പിക്കയാണ് ഉന്നം. അതുകൊണ്ടാവാം ഡോറിസ് ലെസിങ് ആറ്റിക്കുറുക്കിയത്: ‘‘സംഭവശേഷമുള്ള അപഗ്രഥനമാണ് സാഹിത്യം.’’
ഇതിൽനിന്നെല്ലാം വേറിട്ട ഒരപൂർവ ജനുസ്സുണ്ട് –പ്രവചനത്തിന്റെ വെളിപാടു സ്വരമാവുന്ന സാഹിത്യം. പോയ നൂറ്റാണ്ടിന്റെ ബാല്യത്തിൽ അങ്ങനെ ചിലത് ഉറവ കീറി. അവയിൽ തെളിഞ്ഞത് കഴിഞ്ഞതിന്റെ വിസ്താരമല്ല, വരാനിരിപ്പതിന്റെ കൽപനാസ്വരം.
ഫ്രാൻസ് കാഫ്ക പ്രാഗിൽ ജനിച്ചു, 1883ൽ. നാൽപതു കൊല്ലം ജീവിച്ചു. തോമസ് മൻ ല്യൂബെകിൽ ജനിച്ചു, 1875ൽ. എൺപതു കൊല്ലം ജീവിച്ചു. കാഫ്കയേക്കാൾ ഏറെ എഴുതി, മൻ. വായനയുടെ രസനഭേദങ്ങൾ രണ്ടാൾക്കും നൽകിയത് രണ്ടു തോത്, സ്വീകാര്യതയിൽ. കാഫ്ക കൂടുതൽ വായിക്കപ്പെട്ടു. മൻ കുറച്ചും. രണ്ടാളും പക്ഷേ, ഒരു ബിന്ദുവിൽ സംഗമിക്കുന്നു. മനുഷ്യരാശി എന്തുതരം ജീവിതമാണ് തിരഞ്ഞെടുക്കാൻ പോവുകയെന്ന് മുന്നാേെട കണ്ടുവെച്ചതിൽ.
‘തിരഞ്ഞെടുക്കാൻ പോവുക’ എന്നുതന്നെയാണ് പറഞ്ഞത്. അന്ന് ഇളമയായിരുന്ന ഇരുപതാം നൂറ്റാണ്ട് മുതിരുമ്പോൾ എവ്വിധമാകുമെന്ന് അവർ കാലത്തിനു മുന്നേ നിരൂപിച്ചു. ഗതകാലത്തിന്റെ ജീവിതരീതികളല്ല അത് മനുഷ്യന് മുന്നിൽ വെക്കുകയെന്നും ഒരു തിരഞ്ഞെടുപ്പ് അനിവാര്യമാകുമെന്നും ഉള്ളാലേ കണ്ടു. അതുതന്നെ സംഭവിച്ചു. തുടർകാലേ. അതു തുടരുകയുമാണ്, ഇക്കാലേ. സയൻസ് ഫിക്ഷന്റെ സിരാഭാവനയല്ലത്, കാലു നിലത്തുറപ്പിച്ച കാഴ്ചയുടെ ഫലശ്രുതി.
ശേഷകാലം നോക്കൂ. മിക്കവർക്കും അതൃപ്തി, സ്വന്തം ജീവിതരീതികളെപ്പറ്റി, സാഹചര്യങ്ങളെപ്പറ്റി, കുറേക്കൂടി ഭേദപ്പെട്ട രീതിയും സ്ഥിതിയും അർഹിക്കുന്നെന്ന തോന്നൽ. അതിനായുള്ള വെമ്പൽ. കൈവരാതിരിപ്പതിന്റെ നിരാശ. ആകെപ്പാെട ഒരു ത്രാസം. മുമ്പേ പോയവരുടെ ജീവിതങ്ങൾ ഭേദമായിരുന്നെന്ന വിചാരം പലർക്കും. അതിന്റെ കേട്ടറിഞ്ഞ അംശങ്ങൾ പലതിനോടും പ്രിയം. ഈ ആശ ആത്മാർഥമാണോ?
ഉറപ്പില്ലാർക്കും. പഴമയിലേക്ക് അങ്ങനങ്ങു മാറുക ദുഷ്‍കരം, അതിന്റെ മാഹാത്മ്യം പുറമേക്ക് പറയുമ്പോഴും. ആശ ആത്മാർഥമെങ്കിൽ പാടേ അസാധ്യമൊന്നുമല്ല മാറ്റം. വേണ്ടത്, നവീന ജീവിതത്തിന്റെ അംശങ്ങൾ ചിലതങ്ങ് ഉപേക്ഷിക്കയാണ്. വിശേഷിച്ചും, േപറിക്കൊണ്ട് പരിതപിക്കുന്ന പലതും –ഒച്ച, പളപളപ്പ്, പിരിമുറുക്കം, അമിതവേഗം, ഉപരിപ്ലവത... പക്ഷേ, ഇതേ ഘടകങ്ങൾതന്നെയാണ് വിട്ടുകളയാൻ മടിയുള്ളതും. തിരഞ്ഞെടുത്തു വരിച്ച ചേരുമാനങ്ങളുടെ ആവരണമാണ് നമ്മെ ചൂഴുന്നത് –ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. ഇവിടെയാണ് സാഹിത്യത്തിന്റെ അറംപറ്റിയ കരിങ്കണ്ണ്.
കാഫ്കയുടെ ‘ദുർഗം’ (Castle) വരച്ചിടുന്നത്, ഒരു പർവതച്ചോട്ടിലെ ഗ്രാമത്തെ. അവിടേക്കെത്തുന്ന ‘കെ’. അധികാരികൾ നിയമിച്ച അളവുകാരൻ (ഭൂമിയുടെ) എന്നാണ് അവകാശവാദം. ഗ്രാമീണർ പക്ഷേ, ആളെ നിരാകരിക്കുന്നു. അതുകൊണ്ട്, സമ്മതി നേടാനുള്ള ശ്രമമായി പിന്നെ– പർവതമുകളിലെ കോട്ടയധികാരികളുടെ. ദുരൂഹതയുടെ മറയിലാണ് അധികാരികൾ. ഗ്രാമമാണെങ്കിൽ ഉദ്യോഗസ്ഥവലയത്തിന്റെ കുരുക്കിലും. കഠിനമായി ശ്രമിക്കുന്നു ‘കെ’, ഫലം മാത്രം തരമാവുന്നില്ല. എങ്കിലും പാടേ പരാജിതനാവുന്നില്ല. തുടർന്നും അവിടെത്തന്നെ ജീവിക്കാനാവുന്നു, കാമുകിയുണ്ടാവുന്നു, കൊച്ചുകൊച്ചു സാഫല്യങ്ങളും. ഇതിവൃത്തം മൊത്തത്തിൽ ദുരന്തമയമെങ്കിലും അയാളത് തിരിച്ചറിയുന്നില്ല. ലക്ഷ്യം ഒരിക്കലും അണയുന്നില്ലെങ്കിലും അസന്തുഷ്ടനാകുന്നുമില്ല. കാരണം, അനിശ്ചിതത്വത്തിന്റെ പിടി അയാൾ അറിയുന്നില്ല.
ജോസഫ് കെ-യുടെ ജീവിതഖണ്ഡമാണ് ‘വിചാരണ’ (The Trial). അയാൾ ഉണരുന്നത്, ഏതോ ഗുരുതര കുറ്റകൃത്യത്തിലെ പ്രതിയായി. എന്താണ് കുറ്റം, അതിന്റെ പ്രകൃതം? പിടികിട്ടുന്നില്ല, ആരും പറഞ്ഞുതരുന്നുമില്ല. എന്താണിനി ചെയ്യേണ്ടത്, അതിനുമില്ല ഉത്തരം. തന്റെ മേലുള്ള കുറ്റം ഒഴിവാക്കാനുള്ള ചിന്ത അയാൾക്കൊരു ബാധയാവുന്നു. ഒടുക്കം വ്യക്തമാവുന്നത് ഇത്രമാത്രം– നിരപരാധിത്വം തെളിയിക്കാനാവില്ല, ഒരിക്കലും. മരണമാണ് ശിക്ഷാവിധി. അതുപോലും നീണ്ടുപോകുന്നു.
മാർക്സ് കണിശപ്പെടുത്തിയപോലെ, ‘‘ഖരമായതെല്ലാം ദ്രവിച്ചുപോയിരിക്കുന്നു, വായുവിലേക്ക്.’’ പുതിയ കാലത്തിന്റെ സെൽഫി. അതാണ് കാഫ്ക കാലേകൂട്ടി ഒപ്പിെയടുത്തത്. അസ്തിവാരങ്ങൾ ചിതറുന്നു, കേന്ദ്രം ഛിദ്രമാവുന്നു– മനുഷ്യജീവിതത്തിന് എന്തേ ഈ വിധി? ആർക്കുമില്ല സാധുവായ ഒരു സാധൂകരണം. എല്ലാരും പൊരുളറിയാതങ്ങ് പെഴച്ചുപോവുകയാണ് ഈ അടിസ്ഥാന സന്ദിഗ്ധതയിൽ. സൗകര്യംപോലെ ഓരോരോ ന്യായാന്യായങ്ങൾ പുലമ്പിക്കൊണ്ട്. പിഴയറിയാതുള്ള പെഴവ്.
സംഭീതമായ ഈ ത്രാസങ്ങൾക്കുമപ്പുറം പോകുന്നു, തോമസ് മൻ. കലാകാരന്റെ പ്രശ്നങ്ങളെക്കുറിച്ച ആകുലതകളാണ് ആ സാഹിത്യ സഞ്ചയത്തിൽ മുന്തിയ പങ്കും. കലാകാര വ്യക്തിത്വത്തിലേക്ക് ഇത്ര ആഴത്തിൽ നൂഴ്ന്ന എഴുത്തുകാർ നന്നേ വിരളം. ആ തമോഗർത്തത്തിലെ ഗതിവിഗതികൾ ഇത്ര തീവ്രാനുഭവമാക്കിയവർ അതിലും വിരളം. ‘റ്റോണിയോ ക്രോഗറും’ ‘വെനീസിലെ മരണ’വും പോലുള്ള കഥനങ്ങൾ സാർവലൗകികം, സർവകാലികവും. അപ്പോഴും വിഗണിക്കാനാവുന്നില്ല പെറ്റ മണ്ണിന്റെ വിധി, അതുൾപ്പെടുന്ന വൻകരയുടെ വിപര്യയം. അങ്ങനെയുണ്ടായി, ‘മാജിക് മൗണ്ടൻ’. 1924ൽ. ‘ദുർഗം’ മുഴുമിക്കാതെ കാഫ്ക ഭൂമിയൊഴിഞ്ഞ അതേ കൊല്ലം.
ശീർഷകത്തിലെ പർവതം കാഫ്കയുടെ കഥയിലേതിന് സദൃശം. പക്ഷേ ‘ദുർഗ’ത്തിൽ എത്തിപ്പെടാനാണ് ശാശ്വത യത്നമെങ്കിൽ ഇവിടെ സാഹസം മറിച്ച് – എത്തുന്നവർ തറഞ്ഞുപോവുകയാണ്, അവിടത്തെ ക്ഷയരോഗാലയത്തിൽ. അന്തേവാസിയായ മച്ചുനനെ കാണാനെത്തുന്ന ഹാൻസ് എന്ന യുവാവ്. മൂന്നാഴ്ചത്തെ സന്ദർശനം പക്ഷേ, കൊല്ലത്തിലേറെ നീളുന്നു. അന്തേവാസികൾ പലതരം, അവർ പകരുന്ന അനുഭവങ്ങളും. ജനാധിപത്യ വിവേകിയായ ഇറ്റലിക്കാരൻ ബുദ്ധിജീവി തൊട്ട് റാഡിക്കൽ കമ്യൂണിസ്റ്റ് വരെ, ‘പൗരസ്ത്യ’ മുറകൾ പേറുന്ന റഷ്യൻ സുന്ദരിയും രോഗീമനസ്സ് കീറിമുറിച്ച് അപഗ്രഥിക്കുന്ന ഡോക്ടറും തൊട്ട് അതീന്ദ്രിയഗ്രാഹ്യമുള്ള സ്ത്രീ കഥാപാത്രം വരെ. അവർക്കിടയിലെ ഹാൻസിന്റെ സ്വാനുഭവങ്ങൾ. അതിലൂടെ വിശകലനം ചെയ്യപ്പെടുന്ന രോഗവും മരണവും സ്നേഹവും സ്വാതന്ത്ര്യവും.

ഇതിനിടെ ക്ഷയം പിടിപെട്ട ഹാൻസിന്റെ വിടുതിയും പോകുന്നു, നീണ്ടുനീണ്ട്. അഥവാ നീട്ടിനീട്ടി. അയാൾക്കുമില്ല അതിലൊട്ടു ഗൗനം. ബുദ്ധിജീവിയുടെ വശ്യതയിലകപ്പെട്ട അയാൾ ജീവശാസ്ത്രവും തത്ത്വചിന്തയുമൊക്കെ പരിശോധിക്കുകയായി, ആഴത്തിൽ. ‘രോഗത്തിലൂടെ അവൾ നേടിയ സ്വാതന്ത്ര്യം’ അയാളെ അനുരക്തനാക്കുന്നു, റഷ്യക്കാരിയിൽ. പക്ഷേ, അടുപ്പം മുറ്റിവന്ന വേളയിൽ അവൾ സ്ഥലംവിടുന്നു. മടങ്ങിയെത്തുന്നത് വൃദ്ധ കാമുകനുമൊത്ത്. അസംബന്ധ വാചാടോപത്താൽ ആളുകളെ വശീകരിക്കുന്ന ആ വിരുതനിൽ വീണുപോകുന്നുണ്ട് ഹാൻസും, പ്രണയഭാജനത്തെ കൈക്കലാക്കിയവനോടുള്ള ആണസൂയ. ഇരിക്കെയും. ഈ ലളിതമാനസത്തെ ചോദ്യംചെയ്യുന്നുണ്ട് ബുദ്ധിജീവി, പക്ഷേ, മാറ്റമില്ല ഹാൻസിന്.
അന്തേവാസികളുമൊത്ത് ഒരു ജലപാതത്തിലേക്ക് വൃദ്ധ കാമുകന്റെ വിനോദയാത്ര. അവിടെ മാത്രം ഏശുന്നില്ല അയാളുടെ വാചകമടി. കാരണം, വെള്ളച്ചാട്ടത്തിന്റെ ഒച്ച! ഹതാശനായ അയാൾ മടങ്ങിവന്ന് ആത്മഹത്യ ചെയ്യുന്നു. റഷ്യക്കാരി സ്ഥലംവിടുന്നു. ഹാൻസ് അസ്വസ്ഥനാകുന്നു.
ക്ഷയരോഗാലയത്തിൽ കുഴപ്പങ്ങളേറുകയാണ്. അതിനിടെ, ബുദ്ധിജീവിയും റാഡിക്കലും തമ്മിലെ തർക്കങ്ങൾ ഏറ്റുമുട്ടലിലേക്ക്. അതിനൊടുവിൽ, പ്രതിയോഗിയെ കൊല്ലാതെ വിടുന്നു ബുദ്ധിജീവി –സ്വന്തം ആദർശപ്പേരിൽ. ആ വിവേക ദാക്ഷിണ്യം താങ്ങാനാവാതെ റാഡിക്കലിന്റെ തക്കൊല. അതോടെ രക്ഷപ്പെടാനൊരുങ്ങുകയായി ഹാൻസ്. പക്ഷേ...
താഴ്വരയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞിരുന്നു. ആയിരക്കണക്ക് പടയാളികൾക്കിടെ പടവെട്ടുന്ന ഹാൻസ്. നോവൽ അവിടെ തിരശ്ശീലയിടുന്നു. അയാൾക്കെന്താവും? നീളൻ തടവിൽനിന്ന് ആർക്കാനുമുണ്ടാവുമോ വിടുതി? ഒന്നും പിടിയില്ല.
പല അടരുണ്ടീ കൃതിക്ക്. ഹാൻസിന്റെ ലളിത മാനസമാണ് പ്രത്യക്ഷം. അതിലും പക്ഷേ, ഉളുക്കിടുന്നു നോവലിസ്റ്റ് ^യാഥാർഥ്യം ആരിലുമത്ര ലളിതമല്ല, വൈരുധ്യങ്ങൾ കൂടപ്പിറപ്പാണ്. രോഗത്തെക്കുറിച്ച നോവൽകൂടിയാണിത് –മനുഷ്യന്റെ മാത്രമല്ല കാലത്തിന്റെയും രോഗം. ആത്മീയ വികാസത്തിന് രോഗം പ്രാഥമികാവശ്യമാണെന്നുവരെ ധ്വനിയുണ്ട്. യാഥാർഥ്യത്തെ ആന്തരികതയിൽ കാണുമ്പോൾതന്നെ അതില്ലെന്ന് കരുതുന്ന യാഥാർഥ്യത്തിലും ആന്തരികത കാണാൻ പ്രേരിതമാവുകയാണ്, നാം.
കുറേക്കൂടി ഉയർന്ന വിതാനത്തിൽ കൃതി കാലത്തെ ചോദ്യം ചെയ്യുന്ന കൃത്യമാണ്. നോവലിന്റെ മാധ്യമവും പ്രമേയവുമായ കാലത്തെ വ്യാഖ്യാനിക്കാമോ? മൻ ഉന്നയിക്കുന്ന ചോദ്യമതാണ്. ഹാൻസിന്റെ അനുഭവങ്ങളാണ് പ്രാഥമികമായി ഈ നോവൽ എന്നതിനാൽ അവയുടെ ഇഴയും തറിയുമായി കാലം മരുവുന്നു. അപ്പുറം?
വായനയെ തള്ളിയകറ്റുന്ന പ്രകൃതമാണീ കൃതിക്ക്. കാരണം വായനക്കാർ ഇതിലെ കേന്ദ്ര കഥാപാത്രമാണെന്ന എഴുത്തുകാരന്റെ ശാഠ്യം. (മുഖവുരയിലേ ആ നയം വ്യക്തമാക്കിയിട്ടുണ്ട്) രചനയിൽ തെളിച്ചോ, ഒളിച്ചോ പറയുന്ന കണ്ണികളോടും സൂചനകളോടും പ്രതികരിച്ചുകൊണ്ടു വായിക്കുക –അതാണിവിടെ വായനക്കാരുടെ പങ്ക്. അതുകൂടി യഥോചിതം ഇഴചേരുമ്പഴേ നോവൽശിൽപത്തിന് കെട്ടുറപ്പുണ്ടാവൂ.
ഹാൻസിന്റെ അനുഭവങ്ങളിൽ പങ്കാളിയായിക്കൊണ്ട് വായനക്കാരൻ/ കാരി നോവലിന്റെ കേന്ദ്ര കഥാപാത്രമാവുന്നു. അങ്ങനെ സ്വന്തം വിചാരങ്ങളും വിഡ്ഢിത്തങ്ങളുമെല്ലാം കലർന്ന പുതിയൊരനുഭവം സൃഷ്ടിക്കുന്നു, വായനക്കാർ. അങ്ങനെ വായനക്ക് ബഹുസ്വരത കൈവരുന്നു, അനുഭവത്തിനും. ഏകവചനമായ കൃതി ബഹുവചനമാകുന്നു. എഴുത്ത് അങ്ങനെ സ്വതന്ത്രമാകുന്നു, വായിക്കുന്നയാർക്കും മനസ്സെഴുത്തിനുള്ള തുറസ്സ്. അതാണ് മൻദുർഗത്തിന്റെ മാജിക്. അതിന്റെ കോർപ്പൂനൂലായി കാലം, അന്നും ഇന്നും എവിടെയും.
ഈ മാസ്റ്റർപീസുകളെയെല്ലാം വെല്ലുന്ന പ്രവചന ചിത്രം ഇനിയൊന്നുണ്ട്. മഷിപുരണ്ട് നൂറ്റാണ്ടിപ്പുറവും മനുഷ്യജീവിതത്തിന്റെ ചലച്ചിത്രംപോലൊരു കഥ: ‘മരിയോയും മാന്ത്രികനും’! 95 കൊല്ലം മുമ്പാണ് മൻ ഇത് എഴുതുന്നത്. ഇന്നലെയുടെ ഹൃദ്യതകളും അവധാനതകളും മങ്ങി, നാളെയുടെ വന്യമായ വിസ്ഫോടനങ്ങളിലേക്ക് വഴുതുന്ന മനുഷ്യജീവിതത്തിന് കരുതിെവച്ച ആ ശൂന്യത –അത് പ്രകാശിപ്പിക്കുകയായിരുന്നു ഉദ്യമം.
വേനൽസൗഖ്യം തേടി ഒരു കൊച്ചു ജലമുഖത്തെത്തുന്ന ജർമൻ കുടുംബം, ഇടമുറിയാതെ വെയിൽ തൂവി സൂര്യൻ. സകലരെയും കവരുന്ന ജാഡ്യം, ഒരാളൊഴികെ –വാല്യക്കാരൻ മാരിയോ. ചൊടിയും സേവനചാതുരിയും നർമവുംകൊണ്ട് ഏവർക്കും പ്രിയങ്കരനാവുന്നു, അവൻ. സന്ദർശക കുടുംബത്തിന് അവിടെ പലവിധ വൈഷമ്യങ്ങൾ. എങ്കിലും നീണ്ടുപോകുന്ന താമസം. ഒടുവിൽ ഒരു വിശേഷമെത്തുന്നു. പ്രശസ്ത ഇന്ദ്രജാലക്കാരന്റെ പ്രകടനം. കുട്ടികൾക്ക് ആവേശം, മുതിർന്നോർക്ക് ഉണർവ്. ടിക്കറ്റ് മുമ്പേറെടുത്ത് ഇരിപ്പിടം ഉറപ്പിക്കുന്നു സർവരും.
രസകരമായ ജാലവിദ്യകൾ, എങ്കിലും, എന്തോ ഒരുൾപ്പേടി ഉളവാക്കുന്നുണ്ടത്, കാണികളിൽ. വിദ്യകൾ ലളിതംതന്നെ. പക്ഷേ, സദസ്സിനുമേൽ വശ്യമായൊരു പിടിയുണ്ട് ജാലക്കാരന്. ആർക്കും അനങ്ങാനാവുന്നില്ല. വിട്ടുപോകണമെന്നുണ്ട്, കഴിയുന്നില്ല. ഇരിപ്പിടത്തിലേക്ക് എന്തോ ബലമായി പിടിച്ചുവെക്കുമ്പോലെ.
ഒടുവിൽ, അരങ്ങത്തേക്ക് മരിയോ ക്ഷണിക്കപ്പെടുന്നു, അവസാനവിദ്യക്ക് ശിങ്കിടിയായി. ഇന്ദ്രജാലകൻ അവനെ കണക്കറ്റ് അവഹേളിക്കുന്നു. നിന്ദ്യമായി. മരിയോയും സ്തബ്ധനായി. എതിർക്കാനാവുന്നില്ല. ഏറെനേരം തുടരുന്ന ആ കുഴനില. ഒടുവിലേതായാലും മായികപ്പിടിയിൽനിന്ന് കുതറി അവൻ പ്രതികരിക്കാൻ തുനിയുന്നു, പക്ഷേ ആർക്കുമത് പഥ്യമാവുന്നില്ല. അവനെ ഇഷ്ടപ്പെട്ടിരുന്നവർക്കോ, അവനുതന്നെയോ. പിന്നെന്താ വഴി? ആർക്കുമില്ലൊരു പരിഹാരം, സത്യത്തിൽ അങ്ങനെയൊന്നുണ്ടോ? അതുമറിയില്ല, കളി എപ്പോഴെങ്കിലും തീർന്നുകിട്ടിയേക്കാമെന്ന പ്രതീക്ഷ മാത്രമുണ്ട്. പക്ഷേ, കളി തീരുന്നതേയില്ല. തുടരുകയാണ് അഭംഗുരം.
അതിനോടകം ഇറ്റലിയെ വിഴുങ്ങി ജർമനിയിലേക്ക് കടന്നു തുടങ്ങിയ ഫാഷിസം -അതായിരുന്നു പ്രചോദനമെന്ന് മൻ സമ്മതിച്ചിട്ടുണ്ട്. എന്നാൽ, അതൊരു നാന്ദി മാത്രം, എഴുത്തിന്. എല്ലാ വലിയ രചനകളെയുംപോലെ ഇതും പ്രമേയ പ്രഭവത്തിൽനിന്ന് ഉയർന്നേ പോകുന്നു. ഉൺമയും ഇൻമയും വേർതിരിക്കാനാവാത്ത കാലത്തെ ധ്വനിപ്പിച്ചുകൊണ്ട് –നേരിന് ഉൺമ കുറയുകയും മിഥ്യക്ക് തിൺമയേറുകയും ചെയ്യുന്ന ഇക്കാലത്തിന്റെ പച്ചയായ മുന്നെഴുത്ത്.
ഇന്ന് നമുക്കു ചുറ്റിലും യാഥാർഥ്യം മറയ്ക്കുന്ന മായാജാലം നിഴലിട്ടിരിക്കുന്നു. ആ മായികപ്പിടിയിൽനിന്നും കുതറാൻ കഴിയുന്നില്ല മനുഷ്യന്, ആശിച്ചാലും, അതിന് ഒരുമ്പെടുന്നവർ അപഥ്യരാവുന്നു. എന്തോ അരുതായ്മ ചെയ്യുന്നോരെന്ന മട്ടിൽ, ഇഷ്ടത്തോടെ വരിച്ചിട്ട്, ഇഷ്ടാനിഷ്ടങ്ങളിൽ സന്ദേഹിതരായി ജാഡ്യം കവർന്ന് നാമങ്ങനെ തുടരുന്നു. വശ്യമായ മാസ്മരങ്ങളുടെ തടവുകാരായി. ഇത് അവസാനിച്ചു കിട്ടുമെന്ന പ്രത്യാശ മിച്ചം. പക്ഷേ, വിരാമമുണ്ടോ അതിന്? നിശ്ചയമില്ല ആർക്കും, ആയുസ്സിന് വിരാമം വീഴുവോളം. വരാനിരിക്കുന്ന നേരിന്റെ വരവ് മുന്നേ മണത്തു, മൻ. ഇങ്ങനൊക്കെയാണ് എഴുത്താളൻ പ്രവാചകനാവുക. എഴുതപ്പെടാത്ത ചരിത്രം എന്ന നിലയിൽനിന്ന് സാഹിത്യം ചരിത്രത്തിന്റെ മുന്നോടിയാവുക.