Begin typing your search above and press return to search.

വ്യവസ്ഥകളില്ലാത്ത സർവകലാശാലകളിലേക്ക് എത്ര ദൂരം?

വ്യവസ്ഥകളില്ലാത്ത   സർവകലാശാലകളിലേക്ക്   എത്ര ദൂരം?
cancel

രാജ്യത്തെ സർവകലാശാലകളിൽ എന്തു നടക്കുന്നു എന്നതി​ന്റെ നേർചിത്രമാണ്​ ഇൗ പഠനലേഖനം. ഭരണവർഗ ഇടപെടൽ ഉന്നത വിദ്യാഭ്യാസ മേഖലയെ എന്താക്കിത്തീർത്തു? എങ്ങോട്ടാണ്​ ചലനം? എന്താവും ഇപ്പോഴത്തെ അവസ്ഥയുടെ പരിണതി? –വിശകലനവും നിരീക്ഷണവും. “This university without conditions does not, in fact, exist, as we know only too well. Nevertheless, in principle and in conformity with its declared vocation, its professed essence, it should remain an ultimate place of critical resistance –and more than critical– to all the powers of dogmatics and unjust appropriation” (Jacques Derrida, The future of the profession or the university without condition. p.24.) സ്കൂളിൽ പഠിക്കുന്ന കാലത്ത് ‘ആള് പഴയ മെട്രിക്കുലേറ്റാ’ എന്ന് ചിലരെക്കുറിച്ച് പറഞ്ഞതായി കേട്ടിട്ടുണ്ട്. മെട്രിക്കുലേഷന്റെ അർഥം പിടികിട്ടിയില്ലെങ്കിലും, എന്തോ വലിയ പരീക്ഷ പാസായ ആളെക്കുറിച്ചാണ് ആ വിശേഷണം എന്ന്...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
രാജ്യത്തെ സർവകലാശാലകളിൽ എന്തു നടക്കുന്നു എന്നതി​ന്റെ നേർചിത്രമാണ്​ ഇൗ പഠനലേഖനം. ഭരണവർഗ ഇടപെടൽ ഉന്നത വിദ്യാഭ്യാസ മേഖലയെ എന്താക്കിത്തീർത്തു? എങ്ങോട്ടാണ്​ ചലനം? എന്താവും ഇപ്പോഴത്തെ അവസ്ഥയുടെ പരിണതി? –വിശകലനവും നിരീക്ഷണവും.

“This university without conditions does not, in fact, exist, as we know only too well. Nevertheless, in principle and in conformity with its declared vocation, its professed essence, it should remain an ultimate place of critical resistance –and more than critical– to all the powers of dogmatics and unjust appropriation” (Jacques Derrida, The future of the profession or the university without condition. p.24.)

സ്കൂളിൽ പഠിക്കുന്ന കാലത്ത് ‘ആള് പഴയ മെട്രിക്കുലേറ്റാ’ എന്ന് ചിലരെക്കുറിച്ച് പറഞ്ഞതായി കേട്ടിട്ടുണ്ട്. മെട്രിക്കുലേഷന്റെ അർഥം പിടികിട്ടിയില്ലെങ്കിലും, എന്തോ വലിയ പരീക്ഷ പാസായ ആളെക്കുറിച്ചാണ് ആ വിശേഷണം എന്ന് മനസ്സിൽ ഉറപ്പിച്ചിട്ടുണ്ട്. മെട്രിക്കുലേഷൻ (matriculation) എന്ന വാക്ക് ‘രജിസ്റ്റർചെയ്യുക’ എന്നർഥം വരുന്ന മധ്യകാല ലാറ്റിൻ പദമായ മട്രിക്കുലേറിൽ (matriculare) നിന്നാണ് വരുന്നത്. മട്രിക്കുലേർ ഉത്ഭവിച്ചത് മട്രിക്കുലാ (matricula) എന്നതിൽനിന്നാണ്. ഇതിന്റെ അർഥം പൊതു പട്ടിക അല്ലെങ്കിൽ ഇംഗ്ലീഷിൽ ലിസ്റ്റ് എന്നാണ്. ഇത് ലാറ്റിൻ പദമായ മാട്രിക്സിന്റെ (matrix) ചെറിയ രൂപമാണ്. ഇവിടെയാണ് മെട്രിക്കുലേഷന് അതിന്റെ അപാര അർഥവ്യാപ്തി കൈവരുന്നത്. പൊതുലിസ്റ്റ് അല്ലെങ്കിൽ ‘പ്രജനനം നടത്തുന്ന സ്ത്രീ’ അല്ലെങ്കിൽ ‘ഗർഭപാത്രം’ എന്നിങ്ങനെയും മാട്രിക്സിന് അർഥങ്ങളുണ്ട്.

ഒരു സർവകലാശാലയിലോ കോളജിലോ ചേരാനായി ഒരാളുടെ പേര് ഒരു പൊതു രജിസ്റ്ററിലോ പട്ടികയിലോ ചേർക്കുന്നതിനെയാണ് മെട്രിക്കുലേഷൻ എന്ന വാക്ക് പിന്നീട് അർഥമാക്കിയത്. കൃത്യമായി പറഞ്ഞാൽ 19ാ നൂറ്റാണ്ടു മുതൽ ഒരു സർവകലാശാലയുടെ ലിസ്റ്റിൽ ഒരാളുടെ പേര് രജിസ്റ്റർ ചെയ്യുന്നതിനെ സൂചിപ്പിക്കുന്ന പദമായി മാറി, മെട്രിക്കുലേഷൻ. സർവകലാശാലയിൽ ചേരുന്നതോടു കൂടി പൊതുവാകുന്ന ഒരു വ്യക്തിയുടെ ജനനത്തെയാണ് സാങ്കേതികപരമായി വിവക്ഷിക്കുന്നത്. ഒരു സ്ത്രീയുടെ ഉദരത്തിൽ ഒരു കുഞ്ഞ് ഉരുവംകൊള്ളുന്നതുപോലെ, സർവകലാശാലയിൽ ആശയ ഉർവരതയുടെ (ideational fertility) ഭൂമികയിലേക്ക് പിറന്നുവീണ്, വൈജ്ഞാനിക പ്രവർത്തനങ്ങളുടെ പൊതുമണ്ഡലത്തിൽ എത്തപ്പെടുകയാണ് ചെയ്യേണ്ടത്. മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റിനായി സർവകലാശാലയുടെ വരാന്തയിൽ ക്യൂ നിന്നിരുന്ന എത്ര പേർക്ക് ഈ വാക്കിന്റെ അർഥ പരപ്പ് അറിയാമായിരുന്നു എന്നതല്ല ഈ ലേഖനത്തിന്റെ വിഷയം, മറിച്ച് സർവകലാശാലയെന്ന ഉന്നതവിദ്യാഭ്യാസ രംഗത്തെ പരീക്ഷണശാല എങ്ങനെയാണ് വിദ്യാർഥിയെയും അധ്യാപകനെയും അവരുടെ സ്വകാര്യ ജ്ഞാന താൽപര്യങ്ങളും, മേഖലകളും പൊതുവിലേക്ക് കൊണ്ടുവരേണ്ടത് എന്നതാണ്. ഹംബോൾടിയൻ ആശയങ്ങളിൽനിന്നും, നവലിബറൽ കാലഘട്ടത്തിലെ വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിലെ സർവകലാശാലകളിലേക്കുള്ള പരിവർത്തനത്തെക്കുറിച്ചും, ഒരു മാതൃകാ സർവകലാശാലയെക്കുറിച്ചുള്ള ചില ആശയ സങ്കൽപനങ്ങളെക്കുറിച്ചുമാണ് ഇവിടെ സംവേദിക്കുവാൻ ശ്രമിക്കുന്നത്; മറ്റൊരു തലത്തിൽ സർവകലാശാലകളുടെ ദുരന്ത സംസ്കാരമായ മെട്രിക്കലൈസേഷനെക്കുറിച്ച്.

സർവകലാശാല: ആശയ ഉർവരതയുടെ സ്വപ്നഭൂമി

ഉന്നത വിദ്യാഭ്യാസരംഗത്ത്, ശാസ്ത്രീയമായ ചിന്തയിലൂടെയും, സൃഷ്ടിപരമായ കഴിവുകളുടെ വികസനത്തിലൂടെയും, ആശയ/ ബൗദ്ധിക സങ്കൽപനങ്ങളുടെ ഉർവരതയെ നിർമിക്കേണ്ട പരീക്ഷണശാലകളാണ് സർവകലാശാലകൾ. വിമർശന ചിന്തയുടെയും സ്വതന്ത്രബോധത്തിന്റെയും, സാമൂഹിക ഉൾക്കൊള്ളലിന്റെയും അടിസ്ഥാനത്തിലായിരിക്കണം സർവകലാശാലകളിൽ അക്കാദമികമെന്ന് വിവക്ഷിക്കുന്ന ഉന്നത വിദ്യാഭ്യാസ വ്യവഹാരങ്ങൾ നടക്കേണ്ടത്. സർവകലാശാലയുടെ, മേൽ സൂചിപ്പിച്ച ഹൃദയമേഖലയിൽനിന്നും, കാലഘട്ടങ്ങളുടെ ആവശ്യങ്ങൾക്കും, മുൻഗണനകൾക്കും എന്ന ആർക്കും ന്യായമായി തോന്നാവുന്ന വാദങ്ങൾ വഴി, അക്കാദമികം എന്നത് മാനവരാശിക്ക് ഉപയോഗപരമായ ഉൽപന്നങ്ങളെ (ചരക്കുകളെ) സൃഷ്ടിക്കുന്ന ഫാക്ടറികൾ എന്ന പദവിയിലേക്ക് സർവകലാശാലകളെ, വ്യവസായ/വാണിജ്യ ശക്തികൾ, ദേശരാഷ്ട്രത്തിന്റെ മനഃസമ്മതത്തോടുകൂടി എത്തിച്ചിരിക്കുകയാണ്.

ആധുനിക സർവകലാശാലകൾ നവ ജ്ഞാനരൂപങ്ങളുടെ കണ്ടെത്തലിനെയും, വിമോചനപരമായ വിമർശന സിദ്ധാന്ത രൂപവത്കരണത്തിനെയും കൈവിട്ട്, കമ്പോളത്തിനാവശ്യമായ ചരക്കുകൾ നിർമിച്ചു തുടങ്ങണം എന്ന തീരുമാനത്തിലേക്കു വഴുതി വീണപ്പോൾ, കൈമോശം വന്നത് ഉന്നത വിദ്യാഭ്യാസത്തിന്റെ മനസ്സിനെത്തന്നെയാണ്. തുടക്കത്തിൽതന്നെ ഒന്നു പറയട്ടെ; പൊതു ബുദ്ധിജീവികൾ എന്നു കേൾക്കുമ്പോൾതന്നെ എന്തോ ഒരു തൊട്ടുകൂടാത്ത വസ്തുവിനെ കണ്ടപോലെ മുഖംതിരിഞ്ഞു നടക്കുന്നവർ ഓർക്കേണ്ട ഒരു വസ്തുതയാണ്, പൊതു എന്ന സങ്കൽപനത്തിലേക്ക് ലോകത്തെ നയിച്ച ഉന്നത ചിന്താലോകത്തെയായിരുന്നു സർവകലാശാലകൾ ബൗദ്ധികമായി പരുവപ്പെടുത്തിയത്.

ആർക്കും, ജാതി, മത, വർഗ, ലിംഗ ഭേദമില്ലാതെ വിജ്ഞാനത്തെ സമീപിക്കാനും, അവരുടേതായ ചിന്തയിൽ അതിനെ ആന്തരികവത്കരിച്ച് വിമർശന/ നവ ചിന്തകളെ നിർമിക്കുവാനും ഉള്ള സ്വാതന്ത്ര്യം കൊടുക്കുന്ന സ്ഥലരാശിയാകണം സർവകലാശാലകൾ. തോട്ടിപ്പണി ചെയ്യുന്നതിന് റോബോട്ടുകളെ നിങ്ങൾ നിർമിച്ചേക്കാം, പക്ഷേ, തോട്ടിപ്പണിക്കാരന്റെ ജാതിയെ നിങ്ങൾ ആ റോബോട്ടിലും നിക്ഷേപിച്ചിരിക്കും. അതാണ് കച്ചവട യുക്തിയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ കാതൽ. കാരണം, കറുപ്പിനെ കണ്ടാൽ വെറുപ്പോടെ നോക്കുന്ന നിർമിതബുദ്ധികേന്ദ്രങ്ങൾ ഇതിനോടകം പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. കറുപ്പും വെളുപ്പും എന്ന ദ്വന്ദ്വ സങ്കൽപിത ലോകത്തെ കൈവിടാൻ നമ്മെ സജ്ഞരാക്കേണ്ടത്, വ്യത്യസ്ത നിറങ്ങളുടെ ലോകത്തെ ഒരേപോലെ പുൽകുവാൻ മനസ്സിനെ പാകപ്പെടുത്തേണ്ട സർവകലാശാലകളും, ഉന്നതവിദ്യാഭ്യാസ സംസ്കാരവുമാണ്.

 

എന്താണ് ഉന്നത വിദ്യാഭ്യാസം?

ഈ ഉപശീർഷകത്തിലെ ഉന്നതം ഒന്നു വിശദീകരിക്കേണ്ടതുണ്ട്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, ഫ്രാൻസിൽ രൂപവത്കൃതമായ രണ്ടു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചരിത്രം ഇവിടെ പ്രസക്തമാണ്. 1794ൽ ഫ്രാൻസിൽ സ്ഥാപിതമായ ഇക്കോൾ പോളിടെക്നിക്കും, ഇക്കോൾ നോർമേൽ സുപ്പീരിയോറും വിദ്യാഭ്യാസത്തിലെ ഉന്നതം എന്താണെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ നൽകുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ സാങ്കേതികതയെ മുന്നിൽ കണ്ട് ഉൽപാദനം ത്വരിതപ്പെടുത്തണമെന്ന ഉപയോഗപരമായ ഉദ്ദേശ്യ ലക്ഷ്യങ്ങൾക്ക് ഊന്നൽ കൊടുത്താണ് ഇക്കോൾ പോളിടെക്നിക് സ്ഥാപിതമായത്. സമൂഹത്തിനും, ദേശരാഷ്ട്രത്തിനും വേണ്ട ഭൗതിക ഉൽപന്നങ്ങളുടെ നിർമാണം ലക്ഷ്യം​െവച്ചിരുന്ന പോളിടെക്നിക് പട്ടാള ചിട്ടയിലുള്ള പ്രവർത്തനശൈലിയാണ് അധ്യാപനത്തിലും, പഠനത്തിലും പിന്തുടർന്നത്. ഉൽപാദനം നടത്തി, സമ്പദ് വ്യവസ്ഥ​െയ സഹായിക്കുക എന്നതായിരുന്നു ഈ ഇക്കോളിന്റെ പരമപ്രധാന ലക്ഷ്യം.

ചിന്തയുടെയും വിമർശന പഠന രീതികളുടെയും അക്കാദമിക സംവിധാനത്തിൽ, ബൗദ്ധികപരമായ ഉന്നത വിദ്യാഭ്യാസ ചിന്തകളെ ലക്ഷ്യമാക്കി സ്ഥാപിതമായതായിരുന്നു ഇക്കോൾ നോർമൽ സുപ്പീരിയർ (ENS). ഫ്രാൻസിന്റെ ചരിത്ര പഠനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന അനാൽ സ്കൂളിന്റെ ഉത്ഭവ ചരിത്രം തേടിയെത്തിയാൽ ചെന്നെത്തുന്നത് ഇക്കോൾ സുപ്പീരിയറിലാണ്. ശാസ്ത്ര/സാമൂഹികശാസ്ത്ര വിഷയങ്ങളുടെ അന്തർവൈജ്ഞാനിക മേഖലകളിൽ അതീവ ഗഹനമായ പഠനങ്ങളാണ് രണ്ടാമത്തെ ഇക്കോൾ നിർവഹിച്ചത്. ഇ.എൻ.എസ് അതതു മേഖലകളിൽ ഉന്നത ചിന്തകരെയും വിഷയ വിദഗ്ധരെയും പ്രതിഭാശാലികളെയും വാർത്തെടുത്തു.

ഉന്നത വിദ്യാഭ്യാസത്തിന്റെ പരമപ്രധാനമായ ലക്ഷ്യം വ്യത്യസ്ത മേഖലകളിൽ പ്രതിഭാശാലികളായ ചിന്തകരെ വാർത്തെടുത്ത് സമൂഹത്തിൽ വിമോചനപരമായ മാറ്റങ്ങൾ വരുത്തുന്ന പൊതുമണ്ഡലത്തെ ശാക്തീകരിച്ച് പുതിയ ജ്ഞാനമണ്ഡലങ്ങളെയും രൂപങ്ങളെയും സൃഷ്ടിക്കുക എന്ന ആശയം മനസ്സിലാക്കിയ പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രാൻസിന്റെ വിദ്യാഭ്യാസ ചരിത്രം ഇവിടെ കുറിച്ചത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഉന്നത വിദ്യാഭ്യാസം എന്താണെന്നറിയാതെ ഇരുട്ടിൽ തപ്പി തടയുന്ന ഇന്ത്യയുടെ സ്ഥിതി വിശേഷത്തെ സൂചിപ്പിക്കുവാൻ മാത്രമാണ്. ഇതിന്റെ രസകരമായ ടേൺ കൂടി പറയാം: ഇക്കോൾ പോളിടെക്നിക് യുദ്ധമന്ത്രിയുടെ കീഴിലും, ഇക്കോൾ നോർമൽ സുപ്പീരിയോർ വിദ്യാഭ്യാസമന്ത്രിയുടെ കീഴിലുമായിരുന്നു പ്രവർത്തിച്ചിരുന്നത്. വർത്തമാന കാലഘട്ടത്തിൽ ഒരു പട്ടാള മാതൃകയിൽ മെട്രിക്സിന്റെ ബലത്തിൽ പ്രവർത്തിക്കുന്ന സർവകലാശാലകൾ പത്തൊമ്പതാം നൂറ്റാണ്ടിലെ ഇക്കോൾ പോളിടെക്നിക്കിനു തുല്യമാവുന്ന നിലയിലാണ്. നൂറ്റാണ്ടുകൾ പിറകിലേക്കു പോവുന്ന അവസ്ഥ. അതേ നൂറ്റാണ്ടുകൾ പിന്നിലേക്കു തിരിഞ്ഞാൽ ഫ്രഞ്ച് വിപ്ലവാനന്തര ഫ്രാൻസിൽ, വർത്തമാനകാല സർവകലാശാലകളെ വെല്ലുന്ന ഇക്കോൾ നോർമൽ സൂപ്പീരിയോർ ഉണ്ടായിരുന്നു എന്നു കാണാം. ഭൂതകാലം നെഞ്ചുവിരിച്ചു നിന്ന ജ്ഞാനാന്വേഷകനും, വർത്തമാനം തലതാഴ്ത്തി നടുവൊടിഞ്ഞു നിൽക്കുന്ന അടിമയയുമായി മാറിയ അവസ്ഥ.

 

വൈജ്ഞാനിക സമ്പദ് വ്യവസ്ഥയുടെ അണിയറക്കഥകൾ

ഈ കാലത്ത് വിദ്യാഭ്യാസ വിചക്ഷണൻമാരും ഉന്നത വിദ്യാഭ്യാസ വിദഗ്ധരും ഉരുവിടുന്ന സങ്കൽപനമാണ് വൈജ്ഞാനിക സമ്പദ് വ്യവസ്ഥ (Knowledge Economy). നല്ലതാണ്, ഉശിരൻ ആശയമാണ്; കേൾക്കാനും രസമുണ്ട്. ജ്ഞാനം നയിക്കുന്ന സമ്പദ് വ്യവസ്ഥ അല്ലെങ്കിൽ സമ്പദ് വ്യവസ്ഥ നയിക്കുന്ന ജ്ഞാന വ്യവസ്ഥ. ഇതിലേതെങ്കിലും ശരിയാകണം, ഈ നവ ആശയ ലെൻസിലൂടെ നോക്കുമ്പോൾ. പൂർണമായി തള്ളിക്കളയാൻ, ശേഷിയില്ലാത്ത ആശയമല്ല ഇത്. ജ്ഞാനസ്വരൂപണവും, ജ്ഞാനാവിഷ്‍കാര വ്യവസ്ഥകളുമെല്ലാം ചേർന്ന് സൃഷ്ടിക്കുന്ന സമ്പദ് വ്യവസ്ഥയിൽ ആരൊക്കെ/ എന്തൊക്കെയാണ് സുരക്ഷിത മേഖലയിലെന്ന് ചിന്തിക്കാതിരിക്കാൻ വയ്യ.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ വ്യവഹാരഭൂമികയിൽ അന്നേവരെ ഒരു പൊതുസമൂഹത്തിന്റെ ശക്തികേന്ദ്രങ്ങളായി നിന്ന സർവകലാശാലകളേയും, മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളേയും കടത്തിവെട്ടുന്ന സ്വകാര്യ വിദ്യാഭ്യാസത്തിന്റെ കടന്നുകയറ്റമുണ്ടായി. ഒരു സാമൂഹിക കുടമാറ്റത്തിനു തന്നെ കാരണമാകുന്ന തരത്തിൽ, ഉന്നത വിദ്യാഭ്യാസ നയരൂപവത്കരണങ്ങളിലും, ഭരണപരിഷ്‍കാരങ്ങളിലും ഈ മാറ്റം ഇന്നും നിർബാധം തുടർന്നുകൊണ്ടിരിക്കുന്നു. പുന്നയ്യ കമ്മിറ്റി (1993) ഉന്നത വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം സർക്കാർ മാത്രം വഹിക്കുന്നതിനു പകരം സർക്കാറും, യൂനിവേഴ്സിറ്റികളും വിദ്യാർഥികളും ചേർന്ന് പങ്കുവെക്കണമെന്ന് നിർദേശിച്ചതായിരുന്നു ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ ചരിത്രത്തിലെ ചക്രപലകയായി (turntable) മാറിയ കോർപറേറ്റ് മുഹൂർത്തം. ഇതിലൂടെ, സർവകലാശാലകൾ സ്വന്തമായി വരുമാനം കണ്ടെത്താനും ഫീസ് കൂട്ടാനും വിദ്യാർഥികൾക്ക് സ്കോളർഷിപ്പും ബാങ്ക് വായ്പകളും ലഭ്യമാക്കാനും ശിപാർശ ചെയ്തു.

എന്നാൽ, ഈ നിർദേശങ്ങൾ വിദ്യാഭ്യാസ മേഖലയുടെ സ്വകാര്യവത്കരണത്തിനും സാമൂഹിക അസമത്വത്തിനും വഴിയൊരുക്കി. പുന്നയ്യ കമ്മിറ്റിയുടെ ശിപാർശകളിൽ കൂടുതൽ വ്യക്തത കൈവരിച്ച് പൊതുമേഖലയുടെ ആധിപത്യ സംവിധാനത്തിലിരുന്ന ഉന്നതവിദ്യാഭ്യാസ പ്രസ്ഥാനങ്ങളെ പിന്തള്ളി, കച്ചവട മൂലധന വ്യവസ്ഥക്കനുകൂലമായ സ്വകാര്യ സംരംഭങ്ങൾക്ക് ചുവപ്പുപരവതാനി തന്നെ ഭരണകൂടങ്ങൾ ഒരുക്കി. അങ്ങനെ, മുതൽമുടക്കാൻ പ്രാപ്തിയുള്ളവർക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാനും, ഉയർന്ന ഫീസ് കൊടുക്കാൻ കഴിവുള്ള വിദ്യാർഥികൾക്ക് വലിയ സംവിധാനങ്ങളുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കാനും കാരണമായി. ഉന്നത വിദ്യാഭ്യാസത്തിൽ പൊതു മേഖല വഹിച്ചിരുന്ന കാർമികത്വം അങ്ങനെ നഷ്ടപ്പെടുകയും, അക്കാദമികപരമായും സാമ്പത്തികപരമായും സവിശേഷ ഗുണനിലവാരങ്ങളുറപ്പാക്കുന്ന സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവരുടെ ആധിപത്യം ഉറപ്പാക്കാനും തുടങ്ങി. പൊതുമേഖലയുടെ കീഴിലുള്ള സ്ഥാപനങ്ങളിലും ഇതിന്റെ കരിനിഴൽ വീണു തുടങ്ങുകയുംചെയ്തു.

ലിബറൽ സർവകലാശാലകൾ

കോർപറേറ്റ് രൂപഭംഗിയുള്ള കെട്ടിടങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ, ശീതീകരിച്ച ക്ലാസ് മുറികൾ, ബർഗറും പിസ്തയും വിൽക്കുന്ന കഫറ്റീരിയകൾ, നീന്തൽക്കുളങ്ങൾ എന്നിങ്ങനെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിനെ വെല്ലുന്ന ഛായയിൽ സ്വകാര്യ സർവകലാശാലകൾ സ്ഥാപിതമായി തുടങ്ങി. നല്ല മൂലധനം മുടക്കി സ്ഥാപിച്ച ഈ സർവകലാശാലകളിൽ അധ്യാപകരായിട്ടെത്തിയത്, വിദേശ സർവകലാശാലകളിൽനിന്നും ഗവേഷണ ബിരുദമുള്ളവരായിരുന്നു. ചുരുങ്ങിയത്, ഇന്ത്യയിലെ ജെ.എൻ.യുവിൽനിന്നോ, ഐ.ഐ.ടികളിൽനിന്നോ ബിരുദമെടുത്തിരിക്കണം. മുതൽമുടക്ക് തിരിച്ചു കിട്ടണമെങ്കിൽ, അന്താരാഷ്ട്ര നിലവാരത്തിലുള്ള കോഴ്സുകളും ബോധനരീതികളും ആവിഷ്‍കരിക്കാനും, പരമോന്നതലക്ഷ്യമായ ലാഭം കൈവരിക്കാനും നല്ല യോഗ്യതയുള്ള അധ്യാപകർ വേണമെന്നതിൽ ഈ സർവകലാശാലകൾക്ക് സംശയംവരേണ്ട കാര്യമില്ല. ഇതോടെ വൈജ്ഞാന സമ്പദ് വ്യവസ്ഥയുടെ സുന്ദര സ്ഥാപനങ്ങൾ വന്നുതുടങ്ങുകയും, ഹിജ്‌ലി തടങ്കൽപാളയത്തെ രാഷ്ട്രത്തിന്റെ സുന്ദരമായ സ്മാരകമാക്കി മാറ്റുമെന്ന നെഹ്റുവിയൻ ആശയത്തെ വിട്ട് പഞ്ചനക്ഷത്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സ്വപ്നം കാണാനും, സാക്ഷാത്കരിക്കാനും ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ നയത്തിന് രൂപംകൊടുക്കുന്നവർ ബദ്ധശ്രദ്ധാലുക്കളായി മാറുകയുംചെയ്തു. ഇത് ഉന്നത വിദ്യാഭ്യാസത്തിന്റെ ആന്തരികഘടനയെയാണ് മാറ്റിയത്, വെറും ബാഹ്യമായ രൂപകൽപനയെയല്ല.

 

ഹ്യുമാനിറ്റീ(സ്) ഔട്ട്!

ഇത് ഒരുതരത്തിലുള്ള പരിവർത്തനമായി, അല്ലെങ്കിൽ ഒരു കുടമാറ്റമായി മാറുകയും, ഉന്നത വിദ്യാഭ്യാസത്തിൽ മാനവിക വിഷയങ്ങ​െള മ്യൂസിയത്തിലാക്കി, സമ്പദ് വ്യവസ്ഥയിലെ കൈക്കാരന്മാരും കണക്കപിള്ളകളെയും പരീക്ഷയിലൂടെ തിരഞ്ഞെടുക്കുന്ന കോഴ്സുകളുടെ വിഭാവനത്തിനു ഹേതുവായി മാറുകയുംചെയ്തു. ബി.കോം എന്ന കോഴ്സിനായുള്ള പരക്കംപാച്ചിലിൽ, ഒരു കുട്ടി ജനിച്ചാൽ ബി.കോമിനു സീറ്റു സംഘടിപ്പിക്കുന്ന തരത്തിൽ കാര്യങ്ങൾ വന്നുനിന്നു. എൻജിനീയറിങ് കോളജുകളിൽപോലും ബാങ്കുകളിലേക്കുള്ള മത്സരപരീക്ഷാ പരിശീലന കേന്ദ്രങ്ങൾ വന്നു തുടങ്ങിയത് ഈ ചിന്താഗതിയുടെ ആഴത്തെ സൂചിപ്പിക്കുന്നു. കൂടെ കുറെയേറെ മാനേജ്മെന്റ് കോഴ്സുകളും, കൈക്കാരന് കപ്യാരു കൂട്ട് എന്നവിധം വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിൽ ഇടംപിടിച്ചു. പ്രൊട്ടസ്റ്റന്റ് ധാർമികതയെയും മുതലാളിത്തത്തിന്റെ ആത്മാവിനെയും കുറിച്ചുള്ള മാക്സ് വെബറിന്റെ ക്ലാസിക്കൽ തീസിസ് ഇവിടെ ഓർമിക്കാൻ നിർബന്ധിതമാകുന്നു. കാൽവിനിസ്റ്റ് തത്ത്വശാസ്ത്രമായ അച്ചടക്കം, മിതവ്യയം, തൊഴിൽപരമായ സന്യാസം എന്നിവയാണ് ആധുനിക മുതലാളിത്തത്തിന്റെ ആത്മാവിനെ വിരിയിച്ചതെന്ന് വെബർ ഉൾക്കാഴ്ചയോടെ വാദിച്ച ഗ്രന്ഥമാണ് പ്രൊട്ടസ്റ്റന്റ് എത്തിക്സ് ആൻഡ് ദി സ്പിരിറ്റ് ഓഫ് കാപിറ്റലിസം.

ബുക്ക് കീപ്പിങ് ആൻഡ് അക്കൗണ്ടൻസി എന്ന വിഷയം, കൃത്യമായി കാപിറ്റലിസ്റ്റ് സംവിധാനത്തിന്റെ കണക്കുകൂട്ടലിനും, ഓഡിറ്റിങ്ങിനും വേണ്ട കോഴ്സായി പരിണമിച്ചു. അക്കൗണ്ടൻസി, മാനേജീരിയൽ ‘സയൻസ്’ എന്നിവയിൽ പരിശീലനം നൽകുന്നത്, ലൗകിക വിജയത്തിലേക്കുള്ള ആത്യന്തിക പാതയാണെന്ന ഫാന്റസിയിൽ സമകാലിക ഇന്ത്യൻ മധ്യവർഗം ഒരുതരം വിഭ്രാന്തിയിലോ, ലഹരിയിലോ അകപ്പെട്ട നിമിഷം. ബാലൻസ് ഷീറ്റുകൾ, ലാഭ മാർജിനുകൾ, വിപണി യുക്തികൾ എന്നീ മേഖലകളിൽ പരിശീലനം നേടിയ സാങ്കേതിക വിദഗ്ധരെ നൽകാൻ ഉന്നതവിദ്യാഭ്യാസ സംവിധാനം ഉപയോഗിക്കപ്പെട്ടു.

വിമർശനാത്മക ചിന്തക്കും ജനാധിപത്യ സംസ്കാരത്തിനും സാമൂഹിക ആത്മപരിശോധനക്കും അനിവാര്യമായ വിഷയങ്ങളായ മാനവികതയുടെയും സാമൂഹിക ശാസ്ത്രങ്ങളുടെയും വിലയ്ക്ക് കോമേഴ്സ്/ മാനേജ്മെന്റ് മാനിയ വളരുന്നത് സമകാലിക അക്കാദമിക് ലോകത്തിന്റെ ദാരിദ്ര്യത്തെ കൂടുതൽ അടിവരയിടുന്നു. ബൗദ്ധിക വിമോചനത്തിന്റെ ഒരു കേന്ദ്രമായി ഒരിക്കൽ വിഭാവനംചെയ്യപ്പെട്ടിരുന്ന പൊതു സർവകലാശാല, ഭരണകൂട നിസ്സംഗതയുടെയും വിപണി കടന്നുകയറ്റത്തിന്റെയും ഇരട്ട ആക്രമണങ്ങളിൽ വാടിപ്പോകുമ്പോൾ, കോളജുകളുടെ ഇടനാഴികൾ ‘പ്ലേസ്‌മെന്റുകൾ’, ‘പാക്കേജുകൾ’, ‘വ്യവസായ പ്രസക്തി’ എന്നിവയുടെ പൊള്ളയായ വാചാടോപങ്ങളാൽ മുഴങ്ങുന്നു. വിദ്യാഭ്യാസ മുതലാളിത്തത്തിന്റെ ഈ നാടകവേദിയിൽ, വെബേറിയൻ കാപിറ്റലിസത്തിന്റെ അടിയൊഴുക്കുകൾ, പൊതുവിദ്യാഭ്യാസത്തിന്റെ വളർച്ചയെ, ഏതെങ്കിലും വ്യാപാര സ്ഥാപനത്തിന്റെ അപ്പെൻഡിക്സാക്കി മാറ്റുകയുംചെയ്യുന്നു. മാനവിക/സാമൂഹികശാസ്ത്ര വിഷയങ്ങളിൽ കാലത്തിനൊത്ത പരിഷ്‍കാരങ്ങൾ കൊണ്ടുവരാത്തതും, കോമേഴ്സ്/മാനേജ്മെന്റ് കുടിയേറ്റത്തിനു കാരണമായി.

ഒരു എയ്ഡഡ് കോളജിലെ മോക്ക് നാക് വിസിറ്റിൽ വിഷയവിദഗ്ധർ പറയുകയുണ്ടായി, ചരിത്രത്തിനൊപ്പം, ടൂറിസം കൂടി പഠിപ്പിക്കൂ എന്ന്. ആളെക്കിട്ടാനുള്ള തന്ത്രങ്ങൾ കേട്ടപ്പോൾ, ഒരു ഫ്രിഡ്ജ് മേടിച്ചാൽ ഒരു തേപ്പുപെട്ടി സൗജന്യമെന്ന രീതിയിൽ, ഭാവിയിലെ ചരിത്ര കോഴ്സിനെക്കുറിച്ചുള്ള ചിന്തയാണ് മനസ്സിൽ വന്നത്; ടൂറിസം ബിരുദത്തിനു ഫീസടച്ചാൽ, ഒരു ഹിസ്റ്ററി ബിരുദം സൗജന്യം! അവസാനം ഹിസ്റ്ററി കോഴ്സു വെറുതെ കിട്ടിയാലും ആരും ചേരാത്ത അവസ്ഥയിലുമാകും. ഗുൽബെങ്കിയൻ റിപ്പോർട്ടിൽ (ഇമ്മാനുവൽ വാലസ്റ്റൈൻ ചെയർമാനായ) പറയുന്നതുപോലെ, ചരിത്രംപോലെയുള്ള വിഷയങ്ങൾ, ഭരണകൂടങ്ങൾക്ക് തലവേദനയാണെന്നതിനാൽ, അവയുടെ സർവകലാശാലകളിലേക്കുള്ള വരവ് ശാസ്ത്രവിഷയങ്ങളുടെ മറയിലായിരുന്നു. സ്റ്റാറ്റിസ്റ്റിക്സ് പോലുള്ള വിഷയങ്ങൾ, ദേശരാഷ്ട്രങ്ങളുടെ മികവ് തെളിയിക്കുന്ന ഡേറ്റാ നിർമാണത്തിന് (മെട്രിക്സ്) ഏറ്റവും പ്രയോജനകരമായിരുന്നതിനാൽ, അവ വളരെ എളുപ്പത്തിൽ ഭരണകൂടങ്ങളുടെ ഇഷ്ട ലിസ്റ്റിൽ കയറിപ്പറ്റി. ഇന്നും ചരിത്ര വിഷയത്തെയും, ചരിത്രത്തെയും ഇത്രമാത്രം ഭരണകൂടം ഭയപ്പെടുന്നു എന്നതിന് ഉദാത്തമായ ദേശരാഷ്ട്രം ഇന്ത്യ തന്നെയാണ്. അത്, വേറെ വിഷയമല്ല, ഉന്നത വിദ്യാഭ്യാസത്തെ തകർക്കുന്ന, ഗൂഢ പദ്ധതിയുടെ ഒരു ഭാഗംതന്നെയാണ്.

വൈജ്ഞാനിക സമ്പദ് വ്യവസ്ഥയുടെ എ.ബി.ആർ- NEP 2020യുടെ ബീജാവാപം

വിദ്യാഭ്യാസത്തിലെ പരിഷ്കാരങ്ങൾക്കായുള്ള ഒരു നയ ചട്ടക്കൂട് എന്ന ഔപചാരിക തലക്കെട്ടോടെ 2000ലെ അംബാനി-ബിർള റിപ്പോർട്ട് (എ.ബി.ആർ) ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രത്യയശാസ്ത്രപരമായ മാറ്റത്തിന്റെ ധൂമഹേതുവായി മാറി. ഉദാരവത്കരണ ദശകത്തിന്റെ ആരംഭത്തിൽ രൂപപ്പെടുത്തിയ ഈ റിപ്പോർട്ട്, ഉന്നത വിദ്യാഭ്യാസത്തിന് ഇനി സംസ്ഥാന സബ്സിഡിയുള്ള ക്ഷേമ പ്രവർത്തനമായി തുടരാൻ കഴിയില്ലെന്നും, പകരം ആഗോളതലത്തിൽ മത്സരാധിഷ്ഠിതമായ ഒരു അന്തരീക്ഷത്തിൽ സാമ്പത്തിക വരുമാനത്തിനായുള്ള ഒരു നിക്ഷേപമായി പുനർവിചിന്തനം ചെയ്യണമെന്നുമുള്ള വാദമാണ് മുന്നോട്ടുവെച്ചത്.

അറിവിന്റെ ഉൽപാദനവും വ്യാപനവും ഇനി ബൗദ്ധികമോ സാംസ്കാരികമോ ആയ അനിവാര്യതകളായി മാത്രം കാണപ്പെടാതെ, സാമ്പത്തിക വളർച്ചയുടെയും സാങ്കേതിക കണ്ടുപിടിത്തങ്ങളുടെയും കോർപറേറ്റ് ലാഭത്തിന്റെയും നിർണായക ചാലകങ്ങളായി കണക്കാക്കുന്ന ‘വിജ്ഞാന സമ്പദ്‌വ്യവസ്ഥ’യുടെ വാചാടോപമാണ് റിപ്പോർട്ടിന്റെ ഭാഷയിൽ തന്നെ നിറഞ്ഞുനിന്നത്. ഈ ദർശനത്തിൽ, സർവകലാശാലകളുടെ യഥാർഥ ദർശനം പാടേ മാറ്റപ്പെടുകയും, സാമൂഹിക പരിവർത്തനത്തിനും, ദേശരാഷ്ട്രത്തിന്റെ യുക്തിഭദ്രമായ പൗരത്വ നിർമിതിക്കും, ശാസ്ത്രീയ വികാസത്തിനും കാരണമാകേണ്ടതിനു പകരം മൂലധന സൗഹൃദ നൈപുണ്യ ഉൽപാദനത്തിന്റെ കേന്ദ്രങ്ങളായിട്ടായിരുന്നു പുനർവിഭാവന ചെയ്യപ്പെട്ടത്. വർധിച്ചുവരുന്ന സ്വകാര്യവത്കരിക്കപ്പെട്ട വിപണി സമ്പദ്‌വ്യവസ്ഥയുടെ വളർന്നുവരുന്ന ആവശ്യങ്ങൾ നിറവേറ്റുക എന്നതായി ഉന്നത വിദ്യാഭ്യാസത്തിന്റെ മുഖ്യ ലക്ഷ്യം.

അംബാനി-ബിർള ചട്ടക്കൂട് ആവിഷ്കരിച്ച അജണ്ട സർവകലാശാലകളുടെ സാമൂഹിക ദൗത്യത്തെ ആഗോള മുതലാളിത്തത്തിന്റെ സാമ്പത്തിക താൽപര്യങ്ങൾക്ക് കീഴ്പ്പെടുത്തി, കമ്പോളത്തിൽ വിറ്റുപോകുന്ന വിജ്ഞാന രൂപങ്ങളെ മാത്രം തെരഞ്ഞെടുക്കുന്ന അക്കാദമിക കാപിറ്റലിസത്തിനു വഴി ഒരുക്കി. ശാസ്ത്രം, സാങ്കേതികവിദ്യ, മാനേജ്മെന്റ്, വാണിജ്യം എന്നീ അന്തർദേശീയ മൂലധനത്തിന്റെ സർക്യൂട്ടുകളിൽ നേരിട്ട് തൊഴിൽ ഉറപ്പാക്കുന്ന വിഷയങ്ങളിലേക്ക് വ്യക്തമായ ഊന്നൽ നൽകിക്കൊണ്ട്, ചെലവ് വീണ്ടെടുക്കൽ സംവിധാനങ്ങൾ, ഉപയോക്തൃ ഫീസ്, വിപണിയെ അടിസ്ഥാനമാക്കിയുള്ള പാഠ്യപദ്ധതികൾ എന്നിവയെ പരിഷ്‍കാരങ്ങളായി നടപ്പാക്കി. ജനാധിപത്യ പൗരത്വവും വിമർശനാത്മക അന്വേഷണവും പരിപോഷിപ്പിക്കാൻ വളരെക്കാലമായി അത്യാവശ്യമായി കണക്കാക്കപ്പെട്ടിരുന്ന മാനവിക/സാമൂഹിക ശാസ്ത്ര വിഷയങ്ങൾ അരികുവത്കരിക്കപ്പെടുകയും, ഇത് പഠിക്കേണ്ടവർ ലിബറൽ ആർട്സ് ആൻഡ് സയൻസ് യൂനിവേഴ്സിറ്റികളിലേക്ക് പോകണമെന്ന സ്ഥിതിയും സംജാതമായി. ഇഷ്ടപ്പെട്ട വിഷയങ്ങളുടെ കോമ്പിനേഷനുകൾ ലിബറൽ യൂനിവേഴ്സിറ്റികളിൽ നിലവിൽ വന്നതിനാൽ സാമ്പത്തിക സ്വാധീനമുള്ള വിദ്യാർഥികൾ അങ്ങോട്ടു ചേക്കേറി.

അധ്യാപകരുടെ കഴിവും, കോഴ്സുകളുടെ മികവും ലിബറൽ യൂനിവേഴ്സിറ്റിക​െള അക്കാദമികപരമായ മികവിന്റെ മികച്ച കേന്ദ്രങ്ങളാക്കി മാറ്റിയെന്നതിൽ സംശയമില്ല. പക്ഷേ, ആർക്കൊക്കെയാണ് ഈ മികവിന്റെ കേന്ദ്രങ്ങളിൽ ചേർന്നു പഠിക്കാൻ സാധിച്ചത്? ഇന്ത്യയിലെ വരേണ്യ/ മധ്യവർഗങ്ങളിലെ കുറച്ചു ചിലർക്കു മാത്രം. അവിടെയാണ്, നെഹ്റൂവിയൻ ഇന്ത്യയുടെ സർവകലാശാലകളുടെ സാമൂഹിക-രാഷ്ട്രീയ പ്രബുദ്ധത നാം തിരിച്ചറിയുന്നത്. അറിവ് അതിന്റെ വിമോചന സാധ്യതകളിൽനിന്ന് നീക്കം ചെയ്യപ്പെടുകയും വാങ്ങാൻ കഴിയുന്ന ഒരു നൈപുണ്യ ചരക്കായി പുനഃക്രമീകരിക്കപ്പെടുകയും ചെയ്തു. ഇതിന്റെ വലിയ ദുരന്തഫലത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. സാമൂഹികശാസ്ത്ര വിഷയങ്ങളുടെ മേൽ, ലിബറൽ സ്വകാര്യ സർവകലാശാലകൾ കൈവരിക്കുന്ന ആധിപത്യം, പൊതുമണ്ഡലത്തിലെ ആശയനിലപാടുകളായി വരുമ്പോൾ, വീണ്ടുമൊരു സാമൂഹിക പുറന്തള്ളൽ ഉണ്ടാകുമെന്നത് അനിവാര്യമാകും. ബ്രാൻഡഡ് ആശയങ്ങളുടെ വരവായിരിക്കും പുതിയ കമ്പോള ചരക്ക്.

വിശാലമായ ചരിത്ര വീക്ഷണകോണിൽ, അംബാനി-ബിർള റിപ്പോർട്ട് ഇന്ത്യൻ ഉന്നത വിദ്യാഭ്യാസത്തെ അക്കാദമിക് മുതലാളിത്തത്തിന്റെ ആഗോള വ്യവഹാരത്തിലേക്ക് സ്വാംശീകരിക്കുന്നതിനെ കൂടുതൽ വേഗത്തിലാക്കി. ജാതിവ്യവസ്ഥയും, അനുബന്ധ സാമൂഹിക ശ്രേണീവത്കരണവും ചരിത്രപരമായ സങ്കീർണ ഘടനകളായതിനാൽ, വിദേശ ഉന്നതവിദ്യാഭ്യാസത്തിന്റെ മാതൃകാപരമായ, ശാസ്ത്രീയവും, യുക്തിഭദ്രവുമായ നയങ്ങൾ ഇവിടെ വരേണ്യവർഗത്തിനുമാത്രം ഗുണം നേടാനുള്ള ഉപാധിയാക്കുകയുംചെയ്തു. വിദ്യാഭ്യാസം പ്രബുദ്ധതക്ക് പകരം തൊഴിൽക്ഷമതയുടെ പര്യായമായി മാറി. അത്തരമൊരു പുനഃക്രമീകരണം സർവകലാശാലയുടെ ജ്ഞാനശാസ്ത്ര വൈവിധ്യത്തെ ദുർബലപ്പെടുത്തുക മാത്രമല്ല, അറിവിന്റെ തന്നെ ചരക്കുവത്കരണത്തെ തീവ്രമാക്കുകയുംചെയ്തു. പുതിയ കോഴ്സുകൾ വികസിപ്പിക്കുമ്പോൾ, ആദ്യം തന്നെ അവയുടെ പരിണിത ഫലം (outcome) എന്താണെന്ന് കൃത്യമായി പറയേണ്ടിവന്നത് നല്ലതു തന്നെ. പക്ഷേ, ഇവയിൽ മിക്കതും ഒരു സ്റ്റാറ്റിസ്റ്റിക്കൽ ലോജിക്കോടെ സൃഷ്ടിക്കപ്പെടേണ്ടവയും, അളവു കോലുകൾ കൃത്യമായ സാമ്പത്തിക ലക്ഷ്യങ്ങൾക്കു അനുയോജ്യമായ രീതിയിൽ തയാറാക്കപ്പെട്ടാൽ, വീണ്ടും പുറത്താകുന്നത് വിമർശന ചിന്തയും വിമോചനപരമായ ആശയങ്ങളുമാകും.

 

ഉന്നത വിദ്യാഭ്യാസത്തിലെ മെട്രിക്സ് മാന്ത്രികവിദ്യ

ഉന്നത വിദ്യാഭ്യാസ രംഗത്തെ അധ്യാപകരുടെ തൊഴിൽ സംസ്കാരത്തിൽ ഘടനാപരമായ ഒരു സാങ്കേതിക മാറ്റം വന്നുതുടങ്ങിയതും മേൽ സൂചിപ്പിച്ച വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിലേക്കുള്ള ചുവടുമാറ്റത്തിലാണ്. ജെറി മുള്ളർ എന്ന ചരിത്രാധ്യാപകൻ, ‘ദി ടിറണി ഓഫ് മെട്രിക്സി’ൽ (2018) വിശകലനംചെയ്ത് വിശേഷിപ്പിച്ച മെട്രിക്സുകളുടെ ഭീകരതയാണ് (നവോമിയുടെ, ഡിസാസ്റ്റർ കാപിറ്റലിസത്തിനെ ഓർമിപ്പിക്കുന്ന) ഇന്ന് സർവകലാശാലകളുടെയും, ഉന്നത വിദ്യാലയങ്ങളുടെയും ഭരണസംവിധാനത്തിൽ കാണാൻ സാധിക്കുന്നത്. ഇത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുവാനുള്ള ഒരു അക്കൗണ്ടിങ്/മാനേജ്മെന്റ് യുക്തി കൂടിയാണെന്നു ഗ്രഹിക്കുമ്പോളാണ് കച്ചവടത്തിന്റെ വിദ്യാഭ്യാസ രാഷ്ട്രീയം തെളിവാകുക. ക്വാണ്ടിഫിക്കേഷൻ അക്കാദമിക് മൂല്യത്തിന്റെ കാതലായി മാറുന്ന ഭീകരമായ അവസ്ഥ സംജാതമായിരിക്കുന്നു. മെട്രിക്സിന്റെ ക്രൂരത ഉന്നത വിദ്യാഭ്യാസത്തെ തൂക്കി അളക്കുന്ന സ്റ്റാറ്റിസ്റ്റിക്കൽ യുക്തിയുടെ വ്യവസ്ഥയിലേക്ക് ചുരുക്കി, ഗുണമേന്മയിലും നല്ലത്, പ്രകടനപരമായ ഒരു ധാരാളിത്തത്തിന്റെ വശ്യതയിൽ സർവകലാശാലാ അക്കാദമിക ഓഡിറ്റിങ്ങിനെ തളച്ചിട്ടിരിക്കുന്ന ദുരവസ്ഥ.

അധ്യാപനത്തിന്റെയും ഗവേഷണത്തിന്റെയും നിലവാരം ഉയർത്തുന്നതിനു പകരം, സ്ഥാപനങ്ങൾക്ക് ഉന്നത റാങ്കിങ് ലഭിക്കുന്നതിനുള്ള യോഗ്യതക്കാണ് ഇന്ന് മുൻതൂക്കം. ഉന്നതമായ റാങ്കിങ് ലഭിക്കാൻ ഡേറ്റ സൃഷ്ടിക്കുകയോ, വളച്ചൊടിക്കുകയോ, ഒഴിവാക്കുകയോ ചെയ്ത്, നല്ല അവതരണങ്ങൾ വഴി അതു സംഘടിപ്പിക്കുക. അതേസമയം, പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങളുടെ ഉള്ളടക്കത്തെക്കാൾ, എത്രയെണ്ണം പ്രസിദ്ധീകരിച്ചു എന്നതിലാണ് ഊന്നൽ. അക്കാദമിക് ഫെറ്റിഷിസം എന്നു വിശേഷിപ്പിക്കത്തക്കവിധം സർവകലാശാലകളും കോളജുകളും മെട്രിക്സ് മാസ്മരികതയിൽ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. ചുരുക്കത്തിൽ, സർവകലാശാലകളെ വലയംചെയ്തിരിക്കുന്ന ഓഡിറ്റ് സംസ്കാരം നേരത്തേ വിവരിച്ച വൈജ്ഞാനിക സമ്പദ് വ്യവസ്ഥയുടെ പ്രതിഫലനമാണ്. ഒരിക്കൽ അധ്യാപന ശാസ്ത്രം, കൂട്ടായ പ്രവർത്തനം, ഗവേഷണത്തിന്റെ മൗലികത എന്നിവയുടെ സൂക്ഷ്മ മാനദണ്ഡങ്ങളിലൂടെ വിലയിരുത്തപ്പെട്ടിരുന്ന അധ്യാപകരുടെ ബൗദ്ധിക അധ്വാനം ഇപ്പോൾ സൂചകങ്ങളുടെ ഒരു സാമ്പത്തിക ഗ്രിഡിലൂടെയാണ് അളക്കുന്നത്; ആഘാത ഘടകങ്ങൾ, ഉദ്ധരണി സൂചികകൾ, വിദ്യാർഥി സംതൃപ്തി സ്കോറുകൾ... അങ്ങനെ നിരവധി പ്രകടന മാനദണ്ഡങ്ങൾ ഒന്നൊന്നായി വരുന്നു.

മരിലിൻ സ്ട്രാതർണിന്റെ (എഡിറ്റഡ്) ‘ഓഡിറ്റ് സംസ്കാരങ്ങൾ’ എന്ന പുസ്തകം, സാമ്പത്തിക മേഖലയിലെ ഓഡിറ്റ് സമ്പ്രദായങ്ങൾ അക്കാദമിക് ലോകത്തേക്ക് കടന്നുവന്നതിനെക്കുറിച്ചുള്ള വിമർശനാത്മക പഠനമാണ്. അക്കൗണ്ടബിലിറ്റിക്കും സുതാര്യതക്കും വേണ്ടിയുള്ള ഈ സംവിധാനങ്ങൾ, സർവകലാശാലകളിലെ ഗവേഷണത്തെയും, അധ്യാപനത്തെയും എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ഈ പുസ്തകം വിശദമായി പരിശോധിക്കുന്നു. ഓഡിറ്റ് സമ്പ്രദായങ്ങൾ അക്കാദമിക് സ്വാതന്ത്ര്യത്തെയും, വിജ്ഞാനത്തിന്റെ മൂല്യത്തെയും മാറ്റിമറിക്കുകയും, സഹപ്രവർത്തകർ തമ്മിലുള്ള പരസ്പര വിശ്വാസത്തിന് പകരം ഒരുതരം നിരീക്ഷണ സംസ്കാരം വളർത്തുകയും ചെയ്യുന്നുവെന്ന് സ്ട്രാതർൺ വാദിക്കുന്നു. ഈ ഓഡിറ്റ് സംസ്കാരം സാമൂഹിക ബന്ധങ്ങളെ കോളനിവത്കരിക്കാൻ ഉപകരിക്കുന്ന പ്രവർത്തനമായി ചുരുങ്ങുമെന്ന് സ്ട്രാതർൺ വാദിക്കുന്നുണ്ട്.

ഈ പരിവർത്തനത്തിന്റെ പ്രത്യാഘാതങ്ങൾ ആഴമേറിയതാണ്. സത്യം, വിമർശനം, അധ്യാപനശാസ്ത്രം എന്നിവയിലേക്കുള്ള ഒരു തൊഴിലിലൂടെ ചരിത്രപരമായി സജീവമാക്കപ്പെട്ട ഒരു അക്കാദമിക് സമൂഹത്തെ അളക്കാവുന്ന ഫലങ്ങളുടെ ഒരു ഫാക്ടറിയിലെ വെറും പ്രവർത്തകരാക്കി മാറ്റുന്ന മാനേജീരിയൽ യുക്തികൾ 2000ലെ എ.ബി.ആർ റിപ്പോർട്ട് മുതൽ സജീവമാണ്. മുള്ളർ, മുന്നറിയിപ്പ് നൽകുന്നതുപോലെ, അളവുകളുടെ യുക്തി വികലമായ പ്രോത്സാഹനങ്ങൾ സൃഷ്ടിക്കുകയും, പ്രഫഷനൽ സമഗ്രതയെ നശിപ്പിക്കുകയുംചെയ്യുന്നു. ഇതിലും ഗൗരവമേറിയ പ്രശ്നമാണ്, സ്റ്റാറ്റിസ്റ്റിക്കൽ/ മെട്രിക്സ് യുക്തിയിൽ, ഒറ്റക്കൊറ്റക്ക് ഡേറ്റാ നിർമാണത്തിൽ മുഴികിയിരിക്കുന്ന അധ്യാപകർ, കാമ്പസുകളിൽ അവർ സൃഷ്ടിക്കേണ്ട അക്കാദമികവും, സാമൂഹികപരവുമായ സഹോദരത്വ (academic and social collegiality) മനോഭാവത്തിൽനിന്ന് അകലുന്നത്.

സഹപ്രവർത്തകർ തമ്മിലുള്ള ഊഷ്മളത നഷ്ടപ്പെടുന്നത്, കാമ്പസുകളുടെ സാംസ്കാരിക അപചയത്തിന് ആക്കംകൂട്ടുന്നുണ്ട്. 90കൾക്ക് മുമ്പുള്ള കാമ്പസ് പരിസ്ഥിതിയെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുവർണയുഗമെന്ന് പലരും വിളിക്കുന്നതിന് കാരണവും ഇതിൽതന്നെയുണ്ട്. ഓരോ തുരുത്തുകളായി മാറുന്ന അധ്യാപക സമൂഹം അങ്ങനെയുള്ള വിദ്യാർഥി സമൂഹങ്ങളെ മാത്രമേ സൃഷ്ടിക്കൂ. ഇതു തന്നെയാണ് കച്ചവട വിദ്യാഭ്യാസ ശക്തികൾ ആഗ്രഹിക്കുന്ന രാഷ്ട്രീയ ലക്ഷ്യവുമെന്ന് അടിവരയിട്ട് പറയട്ടെ. ‘മോഡേൺ ടൈംസി’ൽ കാണുന്നതുപോലെ ഒരു ബോൾട്ടു മുറുക്കുന്ന ചാപ്ലിന്മാരെത്തന്നെ സൃഷ്ടിച്ച്, ചിന്തിക്കാനും പ്രതികരിക്കാനുമുള്ള കഴിവില്ലാതാക്കി മാറ്റിയാലേ ദ്രാവക ആധുനിക കാലത്തെ അടിമകളെ ഉൽപാദിപ്പിക്കാൻ കഴിയൂ എന്ന തന്ത്രമാണ് ഉന്നത വിദ്യാഭ്യാസത്തിലെ മെട്രിക്കലൈസേഷൻ ഉന്നമിടുന്നത്.

പ്ലേറ്റോ ടു ദറിദ

ഇവിടെ ഉദാഹരിക്കേണ്ടതും, വളരെ ചിന്താ വ്യാപ്തിയുള്ളതുമായ ‘ദി യൂനിവേഴ്‌സിറ്റി വിത്തൗട്ട് കണ്ടീഷൻ’ എന്ന ലേഖനത്തിൽ, ഴാക് ദറിദ യൂനിവേഴ്‌സിറ്റിയെ ഒരു വിമർശനാത്മക അന്വേഷണത്തിനുള്ള അഭയകേന്ദ്രമായി വിഭാവനംചെയ്യുന്നത്, വർത്തമാന കാലത്തിലെ ഉന്നത വിദ്യാഭ്യാസ ചിന്തകൾക്ക് പ്രസക്തമായ പാഠമാണ്. മാനവിക വിഷയങ്ങളുടെ സ്വാധീന ശക്തിയെ ചേർത്തു​െവച്ച്, ചിന്തിക്കാനും, ചോദ്യംചെയ്യാനും, വിയോജിക്കാനുമുള്ള സ്വാതന്ത്ര്യം ഒരു വിട്ടുവീഴ്ചയുമില്ലാതെ സംരക്ഷിക്കപ്പെടേണ്ട ഒരു ഇടമാകണം സർവകലാശാല എന്നാണ് ദറിദ ഇതിൽ വാദിക്കുന്നത്. ദറിദയെ സംബന്ധിച്ചിടത്തോളം, സർവകലാശാല വെറുമൊരു സ്ഥാപനമല്ല, മറിച്ച് ഒരു വാഗ്ദാനമാണ്: പ്രത്യയശാസ്ത്രം, ഉപായ യുക്തി (instrumental reason), ഉദ്യോഗസ്ഥ മേധാവിത്വപരമായ നിയന്ത്രണങ്ങൾ എന്നിവയുടെ കടന്നുകയറ്റങ്ങളെ ചെറുക്കുന്നതിനുള്ള ഒരു പ്രതിരോധ കേന്ദ്രം. കണക്കിന്റെ മെട്രിക്സ് കളികളല്ല സർവകലാശാലകൾ നടത്തേണ്ടത്, മറിച്ച് സ്വതന്ത്രചിന്തകളുടെയും വീക്ഷണ വ്യത്യാസങ്ങളുടെയും ബഹള സന്തോഷങ്ങളാകണം അവിടെ നടക്കേണ്ടത്.

സർവകലാശാലയുടെ ലക്ഷ്യത്തെക്കുറിച്ച് പ്രതിഫലിക്കുന്ന ദാർശനിക പാരമ്പര്യവുമായി ചേർത്തു വായിക്കുമ്പോൾ ദറിദിയൻ കാഴ്ചപ്പാടിന് ആഴമേറിയ വർത്തമാനകാല പ്രാധാന്യമുണ്ട്.‘ദി ഐഡിയ ഓഫ് എ യൂനിവേഴ്‌സിറ്റി’ എന്ന കൃതിയിൽ കാർഡിനൽ ന്യൂമാൻ സർവകലാശാലയെ ബൗദ്ധിക വികാസത്തിന്റെ ഏറ്റവും ഉന്നതമായ മേഖലയായി കണ്ടിരുന്നു. ഇവിടെ വിജ്ഞാനം ഏതെങ്കിലും പ്രയോജനപരമായ ലക്ഷ്യങ്ങൾക്കായുള്ള മാർഗമായല്ല, മറിച്ച് സ്വയം ഒരു ലക്ഷ്യമായിത്തന്നെ മാറുകയാണ്. അത് മനസ്സിനെ വികസിപ്പിക്കുകയും സമൂഹത്തിന്റെ ധാർമികവും പൗരധർമ ഘടനയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ഇതിനും വളരെ മുമ്പ്, പ്ലേറ്റോയുടെ റിപ്പബ്ലിക്കിലെ ഗുഹയുടെ ഉപമയെ (allegory of the cave) സർവകലാശാലകളുടെ എക്കാലത്തെയും വൈജ്ഞാനിക തൃഷ്ണയെ അപഗ്രഥിക്കാൻ ഉപയോഗിക്കാം. ഒരു ഗുഹയിൽ തളച്ചിട്ടിരുന്നവരിൽ ഒരാൾ ചങ്ങലകൾ തകർത്ത് പുറത്തുവരുന്ന നാടകീയമായ ഉപമയാണ് ‘ദി റിപ്പബ്ലിക്കി’ൽ പ്ലേറ്റോ വിവരിക്കുന്നത്.

വിദ്യാർഥികളെ അജ്ഞതയുടെയും മിഥ്യാബോധത്തിന്റെയും അടിമത്തത്തിൽനിന്ന് ജ്ഞാനം ലഭിക്കുന്ന പ്രദേശങ്ങളിലേക്ക്, പൊതു ഇടങ്ങളിലേക്ക് കൊണ്ടുവരേണ്ട സ്ഥലരാശിയാണ് സർവകലാശാലകൾ. പൗലോ ഫ്രെയറിന്റെ ‘പെഡഗോഗി ഓഫ് ദി ഒപ്രസ്ഡ്’ എന്ന കൃതിയും വിദ്യാഭ്യാസത്തിന്റെ വിമോചനപരമായ ദൗത്യത്തിന് ഊന്നൽ നൽകുന്നു. ഫ്രെയർ, വിദ്യാർഥികളെ നിഷ്ക്രിയരായ വിവര സ്വീകർത്താക്കളാക്കാതെ, വിമർശനാത്മകമായ വിജ്ഞാന ദാഹികളും, പുതിയ വീക്ഷണങ്ങളുടെ ശക്തികേന്ദ്രങ്ങളുമാക്കി മാറ്റാൻ സഹായിക്കുന്ന ഒരു സംവാദാത്മക ബോധനശാസ്ത്രത്തിനെയാണ് (dialogical pedagogy) ആഹ്വാനംചെയ്യുന്നത്. വിദ്യാഭ്യാസം കീഴാള വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് അവരുടെ ദൈനംദിന അനുഭവജ്ഞാനത്തെ അതിജീവിക്കുവാനുള്ള ആശയനിപുണത കൊടുക്കുക വഴി വരേണ്യ സാമൂഹിക ആധിപത്യത്തെ വെല്ലുവിളിക്കുക മാത്രമല്ല, വിമോചനപരമായ ഭാവിയെ നിർമിക്കാനുള്ള ബൗദ്ധിക വികാസംകൂടി ലക്ഷ്യമിടുന്നതാവണം.

ഭരണവർഗം സാധാരണ ബോധമാക്കുന്ന പ്രബലമായ സാംസ്കാരിക ആഖ്യാനങ്ങളെയും വിശ്വാസങ്ങളെയും വെല്ലുവിളിക്കുന്ന ഒരു പ്രതിരോധ ആധിപത്യം സൃഷ്ടിക്കാനുള്ള നിർണായക വേദിയായി വിദ്യാഭ്യാസ രംഗത്തെ ഗ്രാംഷി കണ്ടു. ബുദ്ധിജീവികളുടെ പങ്ക് മറ്റൊരുതലത്തിൽ, അന്റോണിയോ ഗ്രാംഷി, ഉന്നത വിദ്യാഭ്യാസം വിജ്ഞാനത്തെ നേർപ്പിക്കാനല്ല, മറിച്ച് അതിനെ ഉന്നമിപ്പിക്കാനാണെന്ന് ഓർമിപ്പിക്കുന്നു. അധ്യാപകൻ എല്ലായ്പോഴും വിദ്യാർഥിയേക്കാൾ വളരെ ഉയർന്നതലത്തിൽ നിൽക്കേണ്ടത് അത്യാവശ്യമാണ്, കാരണം ആ തലത്തിലെത്താൻ ശ്രമിക്കുമ്പോൾ വിദ്യാർഥി ചിന്തയുടെ പരിവർത്തനപരമായ വീക്ഷണങ്ങളെ കണ്ടെത്തുന്നു.

വെറുതെ ചില നൊസ്റ്റാൾജിക് സങ്കൽപനങ്ങളല്ല മേലിൽ സൂചിപ്പിച്ചതൊക്കെ. വൈജ്ഞാനിക വ്യവഹാരങ്ങൾ എല്ലാ കാലഘട്ടത്തിലും നവമൂല്യങ്ങളുടെ നിർമാണത്തിന് ചാലകശക്തിയായി നിൽക്കേണ്ടതിന്റെ ആവശ്യകതയെ ആധികാരികമായി ഉറപ്പിക്കുന്ന ചിന്താശകലങ്ങളാണ്. ഇതാണ് ഉന്നത വിദ്യാഭ്യാസത്തിന്റെ മനസ്സ്. ഇതില്ലാതെയാക്കാൻ ശ്രമിക്കുന്ന കച്ചവട വിദ്യാഭ്യാസ ശക്തികൾ, അവരുടെ മെട്രിക്സ് ജാലവിദ്യകൾക്കപ്പുറത്ത് പൊതുമണ്ഡലത്തിന്റെ ശക്തിയെ കെടുത്താൻ ശ്രമിക്കുന്ന ഭരണകൂടങ്ങൾക്ക് കൂട്ടാളികളാകും. അവർ സർവകലാശാലകളുടെ ഫണ്ട് വെട്ടിക്കുറക്കും, ഗവേഷണ പ്രോജക്ടുകൾ ഇല്ലാതാക്കും, പാഠ്യപദ്ധതികളെ വർഗീയവത്കരിക്കും, ശാസ്ത്രീയ ചരിത്രങ്ങളെ മായ്ച്ചു കളയും, മഹത്തായ പൊതുമേഖലയിലെ സർവകലാശാലകളെ ഭീതിയുടെ തടവറയിലാക്കും, പ്രഗല്ഭ അധ്യാപകരെ ജയിലിലാക്കാൻ ശ്രമിക്കും; അങ്ങനെ നീണ്ടുപോകുന്നു അതിലെ അജണ്ടകൾ. ഇന്ത്യയിലെ പൊതുമേഖലാ സർവകലാശാലയായ ജെ.എൻ.യുവിന്റെ ഈ കാലഘട്ടത്തിലെ ചരിത്രം പരിശോധിച്ചാൽ, പ്ലേറ്റോയും ദറിദയും ഗ്രാംഷിയുമൊക്കെ നിരീക്ഷിച്ചുറപ്പിച്ച ചിന്തകൾ വ്യക്തമാകും. ജെ.എൻ.യുവിലെ എക്കാലത്തെയും പ്രഗല്ഭരായ ചരിത്രകാരന്മാരുടെ കേന്ദ്രവും, ശാസ്ത്രീയ ചരിത്ര പഠന/ഗവേഷണങ്ങളിലൂടെ മതേതര ഇന്ത്യയുടെ ശബ്ദമായി മാറിയ സെൻറർ ഫോർ ഹിസ്​റ്റോറിക്കൽ സ്​റ്റഡീസ്​(CHS) നെ തകർക്കാൻ ശ്രമിക്കുന്ന ഭരണകൂട താൽപര്യങ്ങൾ, ഇന്ത്യയിലെ ഏറ്റവും മികച്ച സർവകലാശാലയെ ഇല്ലാതാക്കാനാണ് കിണഞ്ഞുപരിശ്രമിക്കുന്നത്.

വർഗീയ ചരിത്രത്തിന്റെ, ചിന്തിക്കാത്ത, ജാതി, മത വിദ്വേഷങ്ങളുടെ തടവറയിൽ കഴിഞ്ഞ്, ഉൽപാദിപ്പിക്കുന്ന റോബോട്ടിൽ പോലും ജാതിയുടെ ടാഗ് പതിപ്പിച്ചു വിടുന്ന, സാങ്കേതികപരമായി നിപുണതയുള്ള, അരാഷ്ട്രീയരായ, പൗരബോധമില്ലാത്ത തലമുറയെ സൃഷ്ടിക്കുന്നത് ചിലർക്ക് ലാഭകരമായ വ്യവസായമാണ്. അതുതന്നെയാണ് അംബാനി-ബിർള റിപ്പോർട്ടിനു ശേഷമുള്ള ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസരംഗം കണ്ടുകൊണ്ടിരിക്കുന്നതും.

ഹാർവഡിനു മുമ്പേ നടന്ന കേരളം?

ഇന്ത്യയിൽ മാത്രം സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയമല്ല മേലിൽ സൂചിപ്പിച്ച വസ്തുതകൾ. ലോകത്താകമാനം സംഭവിക്കുന്ന ഫാഷിസ്റ്റ്, വലതുപക്ഷ രാഷ്ട്രീയത്തിന്റെ, സാംസ്കാരിക അധീശത്വം നേടിയെടുക്കുവാനുള്ള സമ്മർദ തന്ത്രങ്ങളുടെ ഭാഗമാണിത്; തീവ്ര വലത് രാഷ്ട്രീയവും, കോർപറേറ്റ് വാണിജ്യ ലക്ഷ്യങ്ങളുടെയും ഒരു രസതന്ത്ര കൂട്ട്! ഈയടുത്ത കാലത്ത്, ട്രംപ് ഭരണകൂടം 2.2 ബില്യൺ ഡോളറിലധികം വരുന്ന ഫണ്ട് ഹാർവഡ് സർവകലാശാലക്ക് കൊടുക്കാതെ തടഞ്ഞുവെച്ചിരിക്കുകയാണ്. അവിടെ നടന്ന ഫലസ്തീൻ അനുകൂല സമരങ്ങളുടെയും ചർച്ചകളുടെയും പശ്ചാത്തലത്തിലാണ്, യു.എസ് ഭരണകൂടം ജൂതവിരുദ്ധ കലാപങ്ങളെ ഹാർവഡ് പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണം ഫണ്ട് തടയലിനു മു​േന്നാടിയായി കണ്ടെത്തിയത്. ട്രംപിന്റെ കാലുപിടിച്ച് മാപ്പപേക്ഷയൊന്നും ഹാർവഡ് എഴുതി കൊടുത്തില്ല, വീണ്ടും ഫണ്ട് ലഭിക്കാൻ. പകരം, എന്തു പഠിപ്പിക്കണം, എന്തു ചിന്തിക്കണമെന്ന് തങ്ങൾ തീരുമാനിക്കുമെന്ന ധീര നിലപാടെടുത്ത ഹാർവഡ്, ഫെഡറൽ കോടതിയിൽ യു.എസ് ഭരണകൂടത്തിനെതിരെ കേസ് കൊടുത്തിരിക്കുകയാണ്.

ദറിദയുടെ വ്യവസ്ഥകളില്ലാത്ത സർവകലാശാലയുടെ പ്രതിരോധ തീപ്പൊരി ചിതറിയത് ഇന്ത്യയിലെ സർവകലാശാലകൾക്ക് മാതൃകയാകേണ്ടതാണ്. 1957ൽ കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായി ഇ.എം.എസ്. നമ്പൂതിരിപ്പാട് അധികാരമേറ്റപ്പോൾ, ജവഹർലാൽ നെഹ്‌റു മന്ത്രിയായിരുന്ന ജോൺ മത്തായിയെയാണ് പുതുതായി രൂപവത്കരിച്ച കേരള സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലറായി നിയമിച്ചത്. സർവകലാശാലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രിയെ കാണാൻ ജോൺ മത്തായി അപ്പോയിന്റ്മെന്റ് തേടിയപ്പോൾ, അദ്ദേഹത്തെ സർവകലാശാലയിൽ പോയി കാണുകയാണ് ഇ.എം.എസ് ചെയ്തത്. ഹാർവഡിനു മുമ്പേ നടന്ന കേരള സർവകലാശാല; ഉന്നത വിദ്യാഭ്യാസത്തിലെ കേരള മോഡൽ! പുരോഗമന ആശയങ്ങളും മതേതര മൂല്യങ്ങളും ശാസ്ത്രീയ മനോഭാവവും വളക്കൂറായുള്ള കേരളത്തിനും മാത്രം സാധ്യമായ ചെറുത്തുനിൽപ്, അതുതന്നെയാണ് ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ ഭൂമികയിലെ ഏക പച്ചതുരുത്ത്.

(കോട്ടയത്തെ ​േ​ട്രാപ്പിക്കൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ഇക്കോളജിക്കൽ സയൻസസിൽ (TIES) Environmental History and Anthropocene Studies വിഭാഗം മേധാവിയാണ്​ ലേഖകൻ)

References:

Derrida, Jacques. The Future of the Profession or the University Without Condition. State University of New York Press, 2009.

Freire, Paulo. Pedagogy of the Oppressed. Translated by Myra Bergman Ramos, Continuum, 2000.

Klein, Naomi. The Shock Doctrine: The Rise of Disaster Capitalism. Picador, 2008.

Moore, Jerry Z. The Tyranny of Metrics. Princeton University Press, 2018.

Newman, John Henry. The Idea of a University. Yale University Press, 1996.

Plato. The Republic. Fingerprint, 2015.

Punnayya Committee. Report of Justice Dr. K. Punnayya Committee: UGC Funding of Institutions of Higher Education (1992–93). University Grants Commission, New Delhi, 1992.

‘Report on a Policy Framework for Reforms in Education (Ambani-Birla Report).’ Prime Minister’s Council on Trade and Industry, Government of India, 2000.

Strathern, Marilyn, editor. Audit Cultures: Anthropological Studies in Accountability, Ethics, and the Academy. Routledge, 2000.

Wallerstein, Immanuel, et al., editors. Open the Social Sciences: Report of the Gulbenkian Commission on the Restructuring of the Social Sciences. Stanford University Press, 1996.

News Summary - Higher education and university conditions