ബഹുസ്വര ഇന്ത്യയിൽ ഹിന്ദു രാഷ്ട്രത്തിന് അതിജീവിക്കാനാകുമോ?

ആർ.എസ്.എസ് അതിന്റെ ലക്ഷ്യങ്ങൾ നേടിയോ? എന്താണ് അവരുടെ പാത? ബഹുസ്വര ഇന്ത്യയിൽ ഒരു ഹിന്ദു രാഷ്ട്രത്തിന് ശരിക്കും അതിജീവിക്കാനാകുമോ? റിപ്പബ്ലിക്കിന്റെ ആത്മാവ് സ്വന്തമാക്കാനായോ അവർക്ക്?ഉള്ളിൽ പുകഞ്ഞുകൊണ്ടിരുന്ന, അതിസൂക്ഷ്മമായ എന്തിനെയോ കുറിച്ച ബോധം പതിയെ രൂപപ്പെട്ടുവരികയായിരുന്നു. 1992ലെ തണുപ്പുകാലത്ത് അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയിൽ ജേണലിസം വിദ്യാർഥിയായിരിക്കെ അതിന്റെ ഇടനാഴികളിലും കാന്റീനുകളിലും സ്റ്റാഫ് മുറികളിലുമൊരുപോലെ അയോധ്യയെ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ആർ.എസ്.എസ് അതിന്റെ ലക്ഷ്യങ്ങൾ നേടിയോ? എന്താണ് അവരുടെ പാത? ബഹുസ്വര ഇന്ത്യയിൽ ഒരു ഹിന്ദു രാഷ്ട്രത്തിന് ശരിക്കും അതിജീവിക്കാനാകുമോ? റിപ്പബ്ലിക്കിന്റെ ആത്മാവ് സ്വന്തമാക്കാനായോ അവർക്ക്?
ഉള്ളിൽ പുകഞ്ഞുകൊണ്ടിരുന്ന, അതിസൂക്ഷ്മമായ എന്തിനെയോ കുറിച്ച ബോധം പതിയെ രൂപപ്പെട്ടുവരികയായിരുന്നു. 1992ലെ തണുപ്പുകാലത്ത് അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയിൽ ജേണലിസം വിദ്യാർഥിയായിരിക്കെ അതിന്റെ ഇടനാഴികളിലും കാന്റീനുകളിലും സ്റ്റാഫ് മുറികളിലുമൊരുപോലെ അയോധ്യയെ കുറിച്ച മന്ത്രണങ്ങൾ പ്രതിധ്വനിച്ചുനിൽക്കുന്നത് ഓർമയിലുണ്ട്. ഡിസംബർ ആദ്യവാരത്തിൽ, അയോധ്യയിൽ പെരുകിയൊഴുകുന്ന മനുഷ്യരുടെ കടലോളം ആവേശം ഇങ്ങിവിടെ ശാന്തമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്ന, മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഞങ്ങളുടെ വാഴ്സിറ്റി നഗരത്തിൽ അസാധാരണമായൊരു ആധി പരത്തി.
ഡിജിറ്റൽ മാധ്യമങ്ങൾ ഇനിയും വന്നുതൊട്ടിട്ടില്ലാത്ത അന്നത്തെ ലോകത്ത് വാർത്തകൾ സഞ്ചരിച്ചത് പതിയെയാണ്. മുഖ്യധാരാ മാധ്യമങ്ങളിൽ വരുംവരെ അവ വിശ്വസിക്കാൻ ജനം കൂട്ടാക്കിയുമില്ല. എന്നാൽ, ഞങ്ങളിലെത്തിയത് ഇന്ത്യയെ എന്നെന്നേക്കും മാറ്റിമറിക്കാനാവുംവിധം പ്രകമ്പനശേഷിയുള്ള ഒന്നായിരുന്നു. 1996 ഡിസംബർ ആറിന് ഉത്തർപ്രദേശിലെ അയോധ്യയിൽ അരങ്ങേറിയ സംഭവപരമ്പര ഈ ഉപഭൂഖണ്ഡത്തിന്റെ ഓർമകളിൽ എത്രമേൽ ആഴത്തിൽ കൊത്തിവെക്കപ്പെടാൻ പോകുന്നുവെന്ന് ഒരാളും ആലോചിച്ചു കാണില്ല.
ഡിസംബർ ഏഴിന് രാവിലെ കുടുംബം അരുതെന്ന് പറഞ്ഞിട്ടും ഞാൻ രാവിലെ കാമ്പസിലേക്ക് സൈക്കിളോടിച്ചുപോന്നു. വർഗീയ കലാപങ്ങളെ കുറിച്ച അവരുടെ ആശങ്കകൾ അസ്ഥാനത്തായിരുന്നില്ല. സംഘർഷഭരിതമാണ് പട്ടണം. കാമ്പസ് ഭീതിദമാംവിധം നിശ്ശബ്ദം. ഞെട്ടലും അവിശ്വാസവും വഞ്ചിക്കപ്പെട്ടുവെന്ന തോന്നലും അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്നു. അപ്പോഴും, എല്ലാ നൈരാശ്യങ്ങൾക്കുംമേലെ അസാധാരണമായ ഒരു വിശ്വാസം കവിഞ്ഞുനിന്നു –കോടതികളും ഭരണഘടനയും സംവിധാനവുംതന്നെ അന്തിമവിജയം നേടുമെന്ന്. നാനാത്വം സംരക്ഷിക്കുമെന്ന് ഉറപ്പുനൽകിയ രാജ്യത്ത് സമത്വത്തിന്റെ കാവൽപാതകളായി അവ നിലയുറപ്പിക്കുകതന്നെ ചെയ്യും. എന്നാൽ, ആ വിശ്വാസം കാലംതെറ്റിയെന്ന് പതിയെ ഞാൻ തിരിച്ചറിഞ്ഞു.
1992 ഡിസംബർ ആറിന് –പാലിക്കപ്പെടുമെന്ന വലിയ ഉറപ്പുകളുണ്ടായിട്ടും– ബാബരി മസ്ജിദ് തകർക്കപ്പെട്ടത് ആൾക്കൂട്ടത്തിന് ഭ്രാന്തുപിടിച്ച് ആകസ്മികമായി സംഭവിച്ചുപോയതൊന്നുമായിരുന്നില്ല. പിന്നാമ്പുറത്ത് പതിറ്റാണ്ടുകളെടുത്ത് നടത്തിയ സംഘാടനത്തിന്റെ പരിപൂർത്തിയായിരുന്നു. ആവേശം അണപൊട്ടിയൊഴുകിയ നിലയിൽ ലോകം ദർശിച്ചത് യഥാർഥത്തിൽ ഒരു പ്രത്യയശാസ്ത്രം അകത്ത് മന്ദമായി എരിഞ്ഞുകത്തിയതായിരുന്നു. തകർച്ചക്കുശേഷം ചെറിയകാലത്തേക്ക് വീണ്ടും വിലക്കുവീണ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ്) അതിജീവിച്ചെന്നു മാത്രമല്ല അത് വളർന്നു, പടർന്നുകയറി. എന്നത്തെക്കാൾ ആത്മവിശ്വാസത്തോടെ പുതുജീവൻ ആർജിച്ചു. കാലംപോലെ അതിന്റെ രാഷ്ട്രീയ മുഖമായ ബി.ജെ.പി 2014ൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ അത്യുന്നതങ്ങളിലേക്ക് സിംഹാസനമിട്ട് ഇരിക്കുകയുംചെയ്തു.

ഗോൾവാൾക്കർ,രാജേന്ദ്ര സിങ്
സംഘുമായി ആദ്യ മുഖാമുഖം
ആർ.എസ്.എസുമായി എന്റെ ആദ്യ അഭിമുഖം ഉണ്ടാകുന്നത് വർഷങ്ങൾക്കു മുമ്പ് അലഹബാദിൽ സ്കൂൾ വിദ്യാർഥിയായിരിക്കെയാണ്. ആർ.എസ്.എസ് സ്ഥാപകനായ ഡോ. കെ.ബി. ഹെഡ്ഗേവാറിന്റെ ജന്മശതാബ്ദി ആഘോഷമായ ജൻ സമ്പർക്ക അഭിയാനിന്റെ ഭാഗമായി ഊർജസ്വലരായ ഒരുപറ്റം യുവാക്കൾ ഞങ്ങളുടെ കോളനി ഗേറ്റിൽ കൊടിപിടിച്ചെത്തി സംഭാവന പിരിക്കാൻ വന്നപ്പോഴായിരുന്നു അത്. ഏതാണ്ട് ഇതേ സമയത്ത് തന്നെ പ്രായം ചെന്ന ഒരു അയൽവാസി എന്റെ മാതാപിതാക്കളെ കണ്ട് ഇളയ സഹോദരനെ കോൺവെന്റ് സ്കൂളിൽനിന്ന് പേരുവെട്ടി സരസ്വതി വിദ്യാമന്ദിറിൽ ചേർക്കാൻ ആവശ്യപ്പെടുന്നുണ്ട്. പ്രത്യയശാസ്ത്രപരമായ അന്തർധാരകൾ തിരിച്ചറിയാനുള്ള പ്രായമായി വരുന്നേയുള്ളൂ അന്നെനിക്ക്. എന്നിട്ടും, ഈ നിർദേശത്തിലെ എന്തോ എന്ന് എന്നിൽ ആശങ്ക ഉണർത്തി. പ്രായം കൗമാരത്തിലെത്തിയേ ഉള്ളൂവെങ്കിലും, സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളുടെ കുപ്പായമിട്ട സംഘടനയുടെ അടിച്ചേൽപിക്കുന്ന അച്ചടക്കസ്വഭാവം എനിക്ക് തീരെ ചേരാത്ത ഒന്നായിരുന്നു, അന്യഗ്രഹജീവിയെ പോലെ.
ബാബരി മസ്ജിദ് തകർച്ചക്കുശേഷമാണ് ഇഴകൾ പരസ്പരം ചേർത്തു വായിക്കാൻ തുടങ്ങിയത്. 1925ൽ ഹെഡ്ഗേവാർ ആർ.എസ്.എസ് സ്ഥാപിക്കുന്നത് പുണെ വർഗീയ കലാപങ്ങൾക്കു ശേഷമാണ്. ‘രാഷ്ട്ര നിർമാണം, ഹിന്ദു പുനരുത്ഥാനം’ എന്നിവയാണ് പ്രഖ്യാപിത ലക്ഷ്യം. ഹെഡ്ഗേവാറിനു ശേഷം ആർ.എസ്.എസിന്റെ അമരത്തെത്തിയ എം.എസ്. ഗോൾവാൾക്കർ ‘വിചാരധാര’യിൽ എഴുതി: ‘‘ഹിന്ദുക്കളുടെ രാഷ്ട്രസങ്കൽപം ലോകത്ത് മറ്റു സമൂഹങ്ങളുടേതിൽനിന്ന് വ്യത്യസ്തമാണ്. നാം ഒരു രാഷ്ട്രമാണ്. ഒറ്റ ജനത, ഒരു സംസ്കാരം.’’ ദേശീയത, സംസ്കാരം എന്നിവയെ കുറിച്ച നിഷേധ നിലപാടും ഹിന്ദുത്വയും പരസ്പരം ഉൾച്ചേർന്ന ആർ.എസ്.എസ്, ഒരു മാധ്യമ വിദ്യാർഥിയെന്ന നിലക്ക് ഞാൻ പഠിപ്പിക്കപ്പെട്ട ഭരണഘടന ദർശനത്തിന് നേർവിപരീത ദിശയിലുള്ളതായിരുന്നു– വൈവിധ്യം, ബഹുസ്വരത, മതാതീത പൗരത്വം എന്നിങ്ങനെയായിരുന്നു ഭരണഘടനയിൽ ഞാൻ അടുത്തറിഞ്ഞത്.
നാഗ്പൂരിൽനിന്ന് ഡൽഹി വരെ –അതിനപ്പുറത്തേക്കും
വർഷങ്ങൾ കഴിഞ്ഞ്, ഡൽഹിയിൽ മാധ്യമപ്രവർത്തനവുമായി കഴിഞ്ഞ ഇളമുറക്കാലത്ത് ഝണ്ഡേവാലനിലെ ആർ.എസ്.എസ് ഓഫിസ് സന്ദർശനത്തിന് ആദ്യമായി എനിക്ക് അവസരം ലഭിച്ചതോർക്കുന്നു. രാജു ഭയ്യയെന്ന് സ്നേഹപൂർവം വിളിക്കപ്പെട്ട സർസംഘ് ചാലക് രാജേന്ദ്ര സിങ്ങുമായി മാധ്യമങ്ങൾ അനുവദിച്ച മുഖാമുഖമായിരുന്നു വേദി. ശാന്തമായ പെരുമാറ്റം, അച്ചടക്കത്തിലും പെരുമാറ്റ രൂപവത്കരണത്തിലുമുള്ള നിഷ്ഠ എന്നതും ഒപ്പം ഭരണഘടനയെ കുറിച്ചുള്ള മൗനവുമാണ് എന്നിൽ ഏറ്റവും കൂടുതൽ ഉടക്കിയത്.
ജനാധിപത്യത്തെ കുറിച്ചും ആർ.എസ്.എസിന് അതിനോടുള്ള പ്രതിബദ്ധതയെ കുറിച്ചും ഞാൻ ചോദ്യം ഉന്നയിച്ചപ്പോൾ അൽപം നിർത്തി പലപ്പോഴായി മുൻചൊന്ന തന്റെ നിലപാട് ആവർത്തിച്ചു: ‘‘രാജ്യതാൽപര്യത്തെ സേവിക്കുന്നിടത്തോളം ഭരണഘടനയെ ഞങ്ങൾ സ്വീകരിക്കുന്നു. എന്നാൽ, ഭാരതത്തിന്റെ ആത്മാവ് അതിന്റെ പൗരാണിക സംസ്കാരത്തിലാണ് കുടികൊള്ളുന്നത് –അതാവണം, നിർബന്ധമായും പരമമായി നിൽക്കേണ്ടത്.’’ എല്ലാം അനാവരണം ചെയ്യുന്നതായിരുന്നു ആ മറുപടി. ഭരണഘടന അടിസ്ഥാനപരമായ ഒന്നായല്ല, താൽക്കാലികമെന്ന നിലക്കാണ് ആർ.എസ്.എസ് കാണുന്നത്. ഇന്ത്യയുടെ സംസ്കാരമെന്ന ആശയത്തോടാണ് അതിന് വിധേയത്വം, 1950ൽ പിറവിയെടുത്ത ഭരണഘടനാടിസ്ഥാനത്തിലുള്ള റിപ്പബ്ലിക്കിനോടല്ല.
നൂറാം വാർഷികമാഘോഷിക്കുന്ന ഈ വർഷത്തിൽ ഭൂമിശാസ്ത്രപരമായ –നാഗ്പൂരിലെ ലളിതമായ ആസ്ഥാനത്തുനിന്ന് ഡൽഹിയിലെ പഞ്ചനക്ഷത്ര സമാനമായ പ്രവിശാല കേന്ദ്രത്തിലേക്ക്– മാറ്റമല്ല അതിനെ അടയാളപ്പെടുത്തുന്നത്, അതിന്റെ നയത്തിലാണ്. സംഘപരിവാരം എന്ന പേരിൽ കീഴ് സംഘടനകളുടെ ശൃംഖലയായി പ്രവർത്തിക്കുന്ന ആർ.എസ്.എസ് അനുബന്ധ സംഘടനകൾ വിദ്യാഭ്യാസ, സംസ്കാര, മാധ്യമ, തൊഴിൽ, രാഷ്ട്രീയ മേഖലകളിൽ തങ്ങളുടെ അജണ്ട നടപ്പാക്കുമ്പോഴും ആവശ്യമെങ്കിൽ ഉത്തരവാദിത്തം ഏൽക്കാതെ മാറിനിൽക്കാൻ അതിനാകും.

ഉത്തർപ്രദേശിലെ അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി കാമ്പസ്
ഹിന്ദുത്വ: വഴക്കമുള്ള നിർവചനങ്ങളും തന്ത്രപരമായ മൗനങ്ങളും
ഹിന്ദുമതമെന്നതിന് പകരം ഹിന്ദുത്വ എങ്ങനെ ആർ.എസ്.എസിന്റെ തെരഞ്ഞെടുത്ത പദപ്രയോഗമാകുന്നുവെന്നത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ബോധപൂർവമായി അവ്യക്തവും സാഹചര്യത്തിനനുസരിച്ച് സമയാസമയത്ത് അർഥം മാറ്റാവുന്നതുമാണത്. ആദ്യകാല ആർ.എസ്.എസ് പ്രാർഥനകളിൽ ഹനുമാനെ വണങ്ങുന്നതുമുണ്ടായിരുന്നു. എന്നാൽ, ഉത്തരേന്ത്യയിലേക്ക് വ്യാപനത്തിന്, വിഗ്രഹാരാധന എതിർത്ത ആര്യസമാജ് അനുഭാവികളെ കൂടി തൃപ്തിപ്പെടുത്തൽ അനിവാര്യമായപ്പോൾ അവ ഉപേക്ഷിക്കപ്പെട്ടു. സമീപകാലത്തായി മുസ്ലിംകളെ കൂടി പിടിക്കാമെന്നായപ്പോൾ അവർകൂടി നാടിന്റെ ഭാഗമാണെന്ന് വന്നു. അപ്പോഴും ‘ജനാധിപത്യം’, ‘ഭരണഘടനാ മൂല്യങ്ങൾ’ തുടങ്ങിയ പദങ്ങൾ ബോധപൂർവം പുറത്തുതന്നെ നിന്നു.
പ്രത്യയശാസ്ത്രപരമായ ഈ ഭാവമാറ്റം വെളിവാക്കുന്നത് ആർ.എസ്.എസിന്റെ കേന്ദ്രീയ ആന്തരവൈരുധ്യമാണെന്ന് എനിക്ക് തോന്നുന്നു. സാംസ്കാരികമായി ഏകതാനമായ ഹിന്ദുരാഷ്ട്രമാണ് അത് സ്വപ്നം കാണുന്നത്. എന്നാൽ, അത് പ്രവർത്തിക്കുന്നതും വളരുന്നതും ബഹുസ്വരമായ ഒരു ഭരണഘടന ചട്ടക്കൂടിനുള്ളിൽനിന്നാണ്. ഇത്തരം ഏകതാനതയെ നിരാകരിക്കുന്നതാണ് ഈ ഭരണഘടന ചട്ടക്കൂട്. രാഷ്ട്രമീമാംസ ശാസ്ത്രജ്ഞനായ ക്രിസ്റ്റഫ് ജഫ്രിലോട്ട് ആർ.എസ്.എസിനെ വിശേഷിപ്പിക്കുന്നത്: ‘‘സാമൂഹിക സേവനത്തിന്റെ വേഷമണിഞ്ഞ സാംസ്കാരിക ദേശീയത’’ എന്നാണ്. ഭരണം പിടിക്കും മുമ്പ് ‘‘പൗരസമൂഹത്തെ കാവിവത്കരിക്കുകയെന്ന ദീർഘകാല പദ്ധതി’’യാണതിന്. അങ്ങനെ, പതിറ്റാണ്ടുകൾ പ്രവർത്തിച്ച് അത് ഭരണം പിടിച്ചുകഴിഞ്ഞിരിക്കുന്നു.
യുദ്ധമുഖമായി മാധ്യമങ്ങൾ
2014ൽ ബി.ജെ.പി അധികാരമേറി മാസങ്ങൾ കഴിഞ്ഞ്, ഞാൻ മാധ്യമ അക്കാദമിക രംഗത്ത് നിൽക്കും കാലത്ത് ആർ.എസ്.എസ് സാംസ്കാരിക വിഭാഗമായ ചിത്രഭാരതിയുടെ ഒരു പരിപാടിക്ക് ക്ഷണിക്കപ്പെട്ടിരുന്നു. മുതിർന്ന ആർ.എസ്.എസ് നേതാവായിരുന്നു അധ്യക്ഷൻ. ഒരു കേന്ദ്ര വാഴ്സിറ്റി അധ്യാപക യൂനിയനിലെ പ്രതിനിധികളും വേദിയിലുണ്ട്. പ്രമുഖ സിനിമ സംവിധായകർ, നടന്മാർ, അക്കാദമിക വിദഗ്ധർ, മുൻനിര മാധ്യമ പഠനകേന്ദ്രങ്ങളിൽനിന്നുള്ള വിദ്യാർഥികൾ എന്നിവരെല്ലാമുണ്ട്.
ഇവിടെ സന്ദേശം വ്യക്തമായിരുന്നു: സിനിമ, കല, മാധ്യമങ്ങൾ... എല്ലാം ‘രാഷ്ട്രനിർമിതി’ക്കായി ഉപയോഗപ്പെടുത്തുക. അതിനു പിറകെ അനുബന്ധ സംഘടനയായ ‘ഉഡാൻ’ മാധ്യമ വിദ്യാർഥികൾക്കായി മത്സരങ്ങളും സംഘടിപ്പിച്ചു. സമ്മാനത്തുകയും നൽകി. എന്റെ മാധ്യമ വിദ്യാർഥികളിൽ പലരും പങ്കെടുത്ത് അവരുടെ സിനിമകൾക്ക് സമ്മാനങ്ങൾ വാങ്ങി. ഇതിലൊന്ന് ആർ.എസ്.എസിന്റെ ‘ജ്ഞാന പരമ്പര’ മികച്ച ഡോക്യുമെന്ററിക്കായി തെരഞ്ഞെടുക്കപ്പെടുകയുംചെയ്തു.
വർഷങ്ങൾക്കിടെ ബോളിവുഡിൽ സംഘ്-ബി.ജെ.പി ലോകവീക്ഷണം പങ്കുവെക്കുന്ന നിരവധി സിനിമകൾ –കശ്മീർ ഫയൽസ്, കേരള സ്റ്റോറി, ആർട്ടിക്ൾ 370, ബസ്തർ: നക്സൽ സ്റ്റോറി, സ്വതന്ത്ര്യ വീർ സവർക്കർ– പുറത്തിറങ്ങി. ‘പ്രചാരണ സിനിമകളെ’ന്ന് വിമർശകർ വിളിച്ചതായിരുന്നു എല്ലാം. 2016ൽ ഇന്ത്യ നടത്തിയ മിന്നലാക്രമണം പ്രമേയമായി ഇറങ്ങിയ ‘ഉറി’ പോലുള്ള ബോളിവുഡ് സിനിമകൾ എങ്ങനെ ദേശീയത വികാരം വളർത്താൻ കലയും സിനിമയും പ്രയോഗിക്കുന്നുവെന്നതിന്റെ വിദിതമായ തെളിവാണ്. ‘‘കഥ പറച്ചിൽപോലും ഒരുതരം സിദ്ധാന്തോപദേശമാക്കി’’ ആർ.എസ്.എസ് സംസ്കാരത്തെ രാഷ്ട്രീയ ആയുധമാക്കി മാറ്റിയെന്ന് കലാകാരന്മാരും എഴുത്തുകാരും കുറ്റപ്പെടുത്തുന്നു. പ്രത്യയശാസ്ത്രത്തെ വിനോദവുമായി ഇങ്ങനെ ഇഴചേർക്കലാണ് സംഘ് പരിവാറിന്റെ അധികാരത്തിലേക്കുള്ള ഏറ്റവും വിജയകരമായ വഴികളിലൊന്നെന്ന് വേണമെങ്കിൽ പറയാം.

ബാബരി മസ്ജിദ് കർസേവകർ തകർക്കുന്നു
ആർ.എസ്.എസ് ലക്ഷ്യം നേടിയോ?
ആർ.എസ്.എസ് ശതാബ്ദി ആഘോഷിക്കുന്ന ഈ വേളയിൽ അന്ന് 1992 ഡിസംബറിൽ അലീഗഢ് കാമ്പസിലേക്ക് സൈക്കിളോടിച്ച് പോകുമ്പോൾ മനസ്സിൽ കത്തിയ ചോദ്യം വീണ്ടും ചോദിച്ചു പോകുകയാണ്. ആർ.എസ്.എസ് ഇറങ്ങിപ്പുറപ്പെട്ട ലക്ഷ്യം നേടിയോ? ഒരർഥത്തിൽ അതേയെന്നു തന്നെ ഉത്തരം. നാഗ്പൂർ ആസ്ഥാനമായി നിഗൂഢമായി പ്രവർത്തിച്ച ഒരു കാഡർ പ്രസ്ഥാനമെന്നതിൽനിന്നു മാറി ഏറ്റവും ശക്തമായ സാംസ്കാരിക-രാഷ്ട്രീയ സംവിധാനമായി ഇന്ത്യയിൽ അത് വളർന്നു കഴിഞ്ഞിട്ടുണ്ട്. അതിന്റെ രാഷ്ട്രീയ മുഖമായ ബി.ജെ.പി ഒരു പതിറ്റാണ്ടിലേറെയായി ദേശീയ ഭരണവും അധികാരവും കൈയാളുകയുംചെയ്യുന്നു.
എന്നാൽ, മറ്റൊരർഥത്തിൽ ഇല്ലെന്നും പറയണം. ആർ.എസ്.എസിന്റെ അടിസ്ഥാന ദർശനമായ ഹിന്ദു രാഷ്ട്രം ഇപ്പോഴും ഭരണഘടനയുമായി ഒത്തുപോകാതെ നിൽക്കുന്നു. സമ്പൂർണ ഫലപ്രാപ്തിയിലെത്താൻ ഇന്ത്യയുടെ മതേതര ജനാധിപത്യ ക്രമം തന്നെ മാറ്റിവരക്കാൻ ആർ.എസ്.എസിന് സാധ്യമാകേണ്ടിയിരുന്നു. രാഷ്ട്രീയ പരമാധികാരമുണ്ടായിട്ടും നടപ്പാക്കാൻ –പരസ്യമായെങ്കിലും– അതിനായിട്ടില്ല. രാജു ഭയ്യ ഒരിക്കൽ പറഞ്ഞതാണല്ലോ: ‘‘ഞങ്ങൾ ഭരണഘടനക്ക് എതിരല്ല. എന്നാൽ, നമ്മുടെ സംസ്കാരം നിർവചിക്കും പ്രകാരമുള്ള രാഷ്ട്രത്തോടാണ് പരമമായ നമ്മുടെ കടപ്പാട്.’’ ഇവിടെയാണ് വൈരുധ്യം ഒളിഞ്ഞുകിടക്കുന്നത്. പ്രത്യയശാസ്ത്രത്തിന്റെ പേരിൽ അത് വെറുക്കുന്ന അതേ ഭരണഘടന മുന്നോട്ടുവെക്കുന്ന ബഹുസ്വരതയിലാണ് ആർ.എസ്.എസ് വളർന്നത്.
മുന്നിലെ ചോദ്യം
എങ്കിൽ പിന്നെ, ബഹുസ്വര ഇന്ത്യയിൽ ഒരു ഹിന്ദു രാഷ്ട്രത്തിന് ശരിക്കും അതിജീവിക്കാനാകുമോ?
പ്രവിശാലവും വൈവിധ്യപൂർണവുമായ രാജ്യത്തെ ഒന്നിപ്പിച്ച് നിർത്തുന്ന ഈ ഭരണഘടനാ സൗധം ആദ്യം തകർത്തെറിഞ്ഞല്ലാതെ അത് സാധ്യമാകുമെന്ന് എനിക്കുറപ്പില്ല. മുറിവേറ്റ്, വളഞ്ഞുപോയിട്ടുണ്ട് ഈ സൗധം. എന്നാലും തകർന്നുവീണിട്ടില്ല. അത് എന്നെങ്കിലും സംഭവിക്കുമോ, അതല്ല ഇന്ത്യയുടെ ബഹുസ്വര ആത്മാവ് അന്തിമമായി സ്റ്റേറ്റ് തിരികെ പിടിക്കുമോ എന്നതാണ് നമ്മുടെ കാലത്തെ സുപ്രധാന ചോദ്യം.
ഞാൻ പിന്തിരിഞ്ഞു നോക്കുമ്പോൾ –1992 ഡിസംബർ ഏഴിന് അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയിലെ പേടിച്ചരണ്ട യുവ വിദ്യാർഥിയിൽനിന്ന് രാജ്യതലസ്ഥാനത്ത് അത്യാഡംബരപൂർണമായ ആസ്ഥാനത്തിലേക്ക് സംഘ് പരിവാർ വളർന്ന, ശതകം തികച്ച് ആർ.എസ്.എസ് നടത്തിയ യാത്ര മികച്ചതു തന്നെ; മൗലികമായി അപൂർണമാണെങ്കിലും. ആൾബലവും അടിസ്ഥാന സൗകര്യങ്ങളും സ്വീകാര്യതയും അത് കൂട്ടിയിട്ടുണ്ട്. ആഖ്യാനങ്ങളെയും രാഷ്ട്രീയത്തെയും അത് ആവിഷ്കരിച്ചിട്ടുണ്ട്.
എന്നിട്ടും ജീവിച്ചുപോന്ന ബഹുസ്വര, ഭരണഘടനാധിഷ്ഠിത ഇന്ത്യയുമായി തങ്ങളുടെ ഹിന്ദുരാഷ്ട്ര സ്വപ്നം രഞ്ജിപ്പിലെത്തിക്കാൻ അതിനായിട്ടില്ല. അതിനൊരിക്കലും സാധ്യമാകാനുമിടയില്ല. കാരണം, യഥാർഥ ലക്ഷ്യം സഫലമാക്കാൻ തങ്ങളെ വളരാൻ സഹായിച്ച ഭരണഘടന തന്നെ അവർക്ക് പൊട്ടിച്ചെറിയണം. ആർ.എസ്.എസ് ഇന്ന് നിൽക്കുന്നത് ഒരു നാൽക്കവലയിലാണ്. അത് ഭരണം പിടിച്ചിട്ടുണ്ട്, അധികാര ഘടനകളും. പക്ഷേ, റിപ്പബ്ലിക്കിന്റെ ആത്മാവ് സ്വന്തമാക്കാനായിട്ടില്ല. 100ൽ നിൽക്കുന്ന ആർ.എസ്.എസിന്റെ പ്രധാന വിരോധാഭാസവും അതുതന്നെ.
മൊഴിമാറ്റം: കെ.പി. മൻസൂർ അലി
===================
(South Asian Integrated News (SAIN) Network, sainnetwork.com സ്ഥാപകയും എഴുത്തുകാരിയുമാണ് ലേഖിക)

