ഈ കോടതിവിധി സർക്കാറിനും പൊലീസിനും മുഖത്തടിച്ചതുപോലെ’’

2003 ഫെബ്രുവരി 19ന് മുത്തങ്ങയിൽ സമരംചെയ്ത ആദിവാസികൾക്കു നേരെയുണ്ടായ വെടിവെപ്പിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡി മർദനത്തിനിരയാക്കിയ ഡയറ്റ് അധ്യാപകനും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ.കെ. സുരേന്ദ്രൻ നഷ്ടപരിഹാരത്തുക ലഭിക്കാൻ നടത്തിയ പോരാട്ട കഥ വിവരിക്കുന്നു. അന്ന് പൊലീസും ഭരണകൂടവും തന്നോട് കാണിച്ച ക്രൂരത എത്രമാത്രം ആയിരുന്നെന്നും പൊലീസിന്റെ ചവിട്ടുകൊണ്ട് ശരീരത്തിനേറ്റ ക്ഷതം എത്രത്തോളം...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
2003 ഫെബ്രുവരി 19ന് മുത്തങ്ങയിൽ സമരംചെയ്ത ആദിവാസികൾക്കു നേരെയുണ്ടായ വെടിവെപ്പിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡി മർദനത്തിനിരയാക്കിയ ഡയറ്റ് അധ്യാപകനും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ.കെ. സുരേന്ദ്രൻ നഷ്ടപരിഹാരത്തുക ലഭിക്കാൻ നടത്തിയ പോരാട്ട കഥ വിവരിക്കുന്നു. അന്ന് പൊലീസും ഭരണകൂടവും തന്നോട് കാണിച്ച ക്രൂരത എത്രമാത്രം ആയിരുന്നെന്നും പൊലീസിന്റെ ചവിട്ടുകൊണ്ട് ശരീരത്തിനേറ്റ ക്ഷതം എത്രത്തോളം ഭീകരമായിരുന്നെന്നും വ്യക്തമാക്കുന്നു.
‘‘എ.കെ. ആന്റണിയുടെ പൊലീസ് ചെവിക്കല്ല് അടിച്ച് പൊട്ടിച്ചപ്പോൾ പിണറായി സർക്കാർ എന്റെ ജീവിതമാണ് തകർക്കാൻ ശ്രമിച്ചത്. ആന്റണിക്കുശേഷം ഇടത് മുന്നണി സർക്കാർ വന്നതു മുതൽ എനിക്ക് ദുരനുഭവങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. മുത്തങ്ങ സംഭവശേഷം പാർട്ടിക്കാർ എനിക്കെതിരായിരുന്നു, അതുകൊണ്ടാണല്ലോ സർക്കാർ എനിക്കെതിരെ അപ്പീലുമായി പൊലീസുകാർക്കുവേണ്ടി കോടതിയിൽ പോയത്! ഈ കോടതിവിധി സർക്കാറിനും പൊലീസിനും മുഖത്തടിച്ചതുപോലെയായി.’’
2003ൽ വയനാട്ടിലെ മുത്തങ്ങയിൽ ഭൂമിക്കുവേണ്ടി സമരംചെയ്ത ആദിവാസികൾക്കു നേരെയുണ്ടായ വെടിവെപ്പിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡി മർദനത്തിനുശേഷം ജയിലിലടച്ച സുൽത്താൻ ബത്തേരി ഡയറ്റ് സീനിയർ െലക്ചററായിരുന്ന, എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ.കെ. സുരേന്ദ്രന് നഷ്ടപരിഹാരം അനുവദിക്കുന്നതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ തള്ളിയ കൽപറ്റ അഡീഷനൽ ജില്ല കോടതി (2) സുൽത്താൻ ബത്തേരി സബ്കോടതി നഷ്ടപരിഹാര തുകയായി വിധിച്ച അഞ്ചു ലക്ഷം രൂപ 12.50 ലക്ഷം രൂപയായി വർധിപ്പിച്ചത് സർക്കാറിനും പൊലീസിനും കനത്ത പ്രഹരമായി.
32 ദിവസം റിമാൻഡിൽ കഴിഞ്ഞശേഷം, അന്വേഷണത്തിൽ തെളിവുകളൊന്നും ലഭിക്കാതെ സി.ബി.ഐ പ്രതിപ്പട്ടികയിൽനിന്നൊഴിവാക്കിയിട്ടും കോടതി അനുവദിച്ച നഷ്ടപരിഹാരത്തുക നൽകാതെ സർക്കാർ അപ്പീൽ കൊടുത്തതിനെത്തുടർന്ന് നിയമപോരാട്ടത്തിലൂടെ അനുകൂല വിധി നേടിയ കെ.കെ. സുരേന്ദ്രൻ തനിക്കുണ്ടായ തിക്താനുഭവങ്ങളും കോടതിയിലെത്തിച്ച സാഹചര്യങ്ങളും വിവരിക്കുകയാണ് ഇവിടെ.

മുത്തങ്ങയിൽ വെടിവെപ്പ് നടന്ന സ്ഥലം
എന്നെ ജയിലിലെത്തിച്ച പച്ചമഷി
‘‘മുത്തങ്ങയിൽ പൊലീസ് വെടിവെപ്പുണ്ടായപ്പോൾ ഞാൻ തിരുവനന്തപുരത്തായിരുന്നു, ഞങ്ങളുടെ സർവിസ് സംഘടനയുടെ ധർണയിൽ പങ്കെടുക്കാൻ പോയതായിരുന്നു. അവിടെവെച്ചാണ് മുത്തങ്ങയിൽ വെടിവെപ്പുണ്ടായ വിവരം ഞാനറിയുന്നത്. അന്തരിച്ച മാധ്യമപ്രവർത്തകൻ ഇ. സോമനാഥാണ് വെടിവെപ്പിന്റെ വിവരം എന്നോട് പറഞ്ഞത്. സോമനും ഞാനും കോഴിക്കോട് ദേവഗിരി കോളജിൽ പ്രീഡിഗ്രിക്ക് ഒരുമിച്ചു പഠിച്ചവരാണ്, ഞങ്ങളന്ന് എസ്.എഫ്.ഐ പ്രവർത്തകരായിരുന്നു, ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾതന്നെ എസ്.എഫ്.ഐ ജില്ല കമ്മിറ്റി അംഗമായിരുന്നു. മുത്തങ്ങയിൽ വെടിവെപ്പുണ്ടായി, കണ്ടമാനം ആളുകൾ മരിച്ചുവെന്നായിരുന്നു അന്ന് തിരുവനന്തപുരത്തെത്തിയ വാർത്ത.’’
‘‘കൽപറ്റ അഡീഷനൽ ജില്ല കോടതി(2)യുടെ വിധി ഭരണകൂട ഭീകരതക്കും ആദിവാസി വിരുദ്ധതക്കും എതിരായ ഒരുനീക്കമാണ്, നഷ്ടപരിഹാര വിധിക്കെതിരെ സർക്കാർ അപ്പീൽ കൊടുത്തത്, വേട്ടക്കാർ എന്നും എപ്പോഴും ഒരുപോലെയായിരിക്കുമെന്നതിന് തെളിവാണ്. സർക്കാർ അപ്പീൽ കൊടുത്തതിന് പിന്നാലെയാണ് എന്നെ മർദിച്ച കേസിൽ പ്രതികളായ പൊലീസുകാർ ഈ കേസിൽ കക്ഷിചേർന്നത്. 2021 ജനുവരിയിലാണ് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുൽത്താൻ ബത്തേരി സബ്കോടതി വിധിച്ചത്, ഇതിനെതിരെയാണ് സർക്കാർ ജില്ല കോടതിയിൽ അപ്പീൽ കൊടുത്തത്. അത് തള്ളിയ കോടതി തുക വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഞാൻ നൽകിയ ക്രോസ് അപ്പീൽ പരിഗണിച്ചാണ് ഇേപ്പാൾ വിധി പറഞ്ഞത്.
സബ്കോടതിയുടെ ആദ്യ വിധിയിലും ഇപ്പോൾ ജില്ല കോടതിയുടെ വിധിയിലും ഈ കേസിനെ ഐ.എസ്.ആർ.ഒ ചാരക്കേസിലെ നമ്പി നാരായണനും കേരള സർക്കാറും തമ്മിലുണ്ടായ നിയമയുദ്ധത്തിനോടാണ് താരതമ്യം ചെയ്തിരിക്കുന്നത്. ഞാൻ ആദിവാസികൾക്ക് ക്ലാസെടുത്തുവെന്നാണ് അന്ന് പൊലീസ് പറഞ്ഞുപരത്തിയത്. ഞാൻ ജോലിചെയ്തിരുന്ന സുൽത്താൻ ബത്തേരി ഡയറ്റിന്റെ ഫോൺ നമ്പർ ഗീതാനന്ദന്റെ ഡയറിയിലുണ്ടായിരുന്നു എന്ന് പറഞ്ഞിട്ടാണ് ഗീതാനന്ദനെയും സി.കെ. ജാനുവിനെയും അറസ്റ്റ് ചെയ്ത അന്നുതന്നെ എന്നെയും അറസ്റ്റ് ചെയ്തത്. എനിക്കന്ന് മൊബൈൽ ഫോൺ ഉണ്ടായിരുന്നില്ല. ഞാൻ സമരഭൂമി സന്ദർശിച്ചപ്പോൾ അവിടെ പത്താം ക്ലാസിൽ പഠിക്കുന്ന കുറെ കുട്ടികളുണ്ടായിരുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിലായിരുന്നല്ലോ സമരം.
അവരെക്കുറിച്ച് ഗീതാനന്ദനോട് സംസാരിച്ചപ്പോൾ ഗീതാനന്ദൻ എന്നോട് കോൺടാക്ട് നമ്പർ ചോദിച്ചു. ഞാൻ ഡയറ്റിന്റെ ഫോൺനമ്പർ പറഞ്ഞുകൊടുക്കുമ്പോൾ അയാളുടെ കൈയിൽ പേനയുണ്ടായിരുന്നില്ല, ഞാൻ ഗസറ്റഡ് ഓഫിസർ ആയിരുന്നതുകൊണ്ട് അറ്റേസ്റ്റഷന് ഉപയോഗിക്കാൻ സദാസമയവും പോക്കറ്റിൽ പച്ചമഷിയുള്ള പേന കൊണ്ടുനടക്കുമായിരുന്നു. അത് ഗീതാനന്ദന് കൊടുത്തിട്ടാണ് അയാൾ ഡയറിയിൽ ഡയറ്റിന്റെ ഫോൺ നമ്പർ എഴുതിയത്, ആ ഡയറിയോടുകൂടിയാണ് ഗീതാനന്ദൻ പൊലീസിന് കീഴടങ്ങിയത്.’’
2003 ഫെബ്രുവരി 22
രാവിലെ 10.30ന് പൊലീസ് ഡയറ്റിൽവന്ന് എന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ച് ജീപ്പിൽ കയറ്റിക്കൊണ്ടുപോയി, ജീപ്പിന്റെ പ്ലാറ്റ്ഫോമിൽ ഇരുന്ന എന്റെ മുതുകിൽ പൊലീസുകാർ ബൂട്സിട്ട കാലുകൊണ്ട് ആഞ്ഞുചവിട്ടി, സുൽത്താൻബത്തേരി സ്റ്റേഷനിലെത്തിച്ചു. ആ സമയത്ത് അവിടെ ഡി.ജി.പിയായിരുന്ന എൻ. ശങ്കർ റെഡ്ഡി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. അവരുടെ മുന്നിലേക്കാണ് എന്നെ ആദ്യം കൊണ്ടുപോയത്, ‘‘സാറേ ... ഇതാണ് സുരേന്ദ്രൻ...’’ എന്നുറഞ്ഞ്, എന്നെ അവർക്ക് കാട്ടിക്കൊടുത്തു, ഉന്നത ഉദ്യോഗസ്ഥർ തലകുലുക്കിയപ്പോൾ എന്നെ വരാന്തയിലേക്ക് ഇറക്കിനിർത്തി. പൊലീസ് സ്റ്റേഷനു മുന്നിൽ മാധ്യമപ്രവർത്തകരും ‘‘ജാനുവിനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണ’’മെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചുകൊണ്ട് കുടിയേറ്റ കർഷകർ ഉൾപ്പെടെയുള്ള നാട്ടുകാരും കൂടിനിൽക്കുന്നുണ്ടായിരുന്നു.
സർക്കിൾ ഇൻസ്പെക്ടറായിരുന്ന വി. ദേവരാജൻ ആ ജനക്കൂട്ടത്തിന് മുന്നിൽ നിർത്തി എന്റെ അടിവയറ്റിൽ ഇടിച്ചു, എന്റെ സുഹൃത്തിന്റെ ബന്ധുവായ വിഡിയോഗ്രാഫറും ആ ആൾക്കൂട്ടത്തിനിടയിലുണ്ടായിരുന്നു. സർക്കിൾ ഇൻസ്പെക്ടർ വി. ദേവരാജൻ മുഷ്ടി ചുരുട്ടി എന്റെ അടിവയറ്റിൽ ഇടിക്കുന്ന ദൃശ്യം ഈ വിഡിയോഗ്രാഫർ പകർത്തിയ ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു (കേസിന്റെ വിചാരണവേളയിൽ ഞാൻ ആവശ്യപ്പെട്ടപ്പോൾ പൊലീസിനെതിരെ കോടതിയിൽ സാക്ഷ്യം പറയേണ്ടിവന്നേക്കുമെന്ന ഭയം കാരണം ഈ വിഡിയോയുടെ കോപ്പി തരാൻ അയാൾ തയാറായില്ല). അവിടന്ന് എന്നെ റൈറ്ററുടെ മുറിയിലേക്ക് കൊണ്ടുപോയി. സബ് ഇൻസ്പെക്ടറായിരുന്ന പി. വിശ്വംഭരൻ എന്നെ ഭിത്തിയിൽ മുഖംതിരിച്ചുനിർത്തി അരക്കെട്ടിൽ ചവിട്ടി, മലയാളത്തിൽ ചന്തി എന്ന് പറയുന്ന ഭാഗത്തിന് തൊട്ടുമുകളിലായാണ് ചവുട്ടിയത്, കാലുകൾ തളർത്താനുള്ള പ്രയോഗമായിരുന്നു അതെന്നാണ് പിന്നീട് ഞാൻ ജയിലിലെത്തിയപ്പോൾ അറിഞ്ഞത്.
ആ ഭാഗത്ത് ചവിട്ടേറ്റാൽ ക്രമേണ കാലുകൾ തളർന്നുപോകും, എന്നെ റിമാൻഡ് ചെയ്ത് ജയിലിലെത്തിച്ചപ്പോൾ അവിടെയുണ്ടായിരുന്ന തടവുകാർ മുൻകാല അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പറഞ്ഞതാണിത്. വിശ്വംഭരൻ എന്നെ ചവിട്ടുന്നതിനിടയിൽ ഞാനയാളോട് താണുകേണ് പറയുന്നുണ്ട്, ‘‘സാറേ എനിക്ക് സമരവുമായി ബന്ധമൊന്നുമില്ല, ഞാൻ ഡയറ്റിലെ അധ്യാപകനാണ്...’’ എന്ന്. പിന്നെ അയാൾ ‘‘നിനക്ക് ബന്ധമൊന്നുമില്ലാതെ എങ്ങനെയാടാ .... മോനേ, നിന്റെ ഫോൺനമ്പർ പച്ചമഷിയിൽ ഗീതാനന്ദന്റെ ഡയറിയിൽ വന്ന’’തെന്ന് ചോദിച്ചുകൊണ്ടാണ് എന്നെ ചവിട്ടിയത്. സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ എസ്.ഐ ആയിരുന്ന വിശ്വംഭരൻ െഗസറ്റഡ് ഓഫിസറല്ല. ഞാനന്ന് അറ്റസ്റ്റേഷന് അധികാരമുള്ള െഗസറ്റഡ് ഓഫിസറായിരുന്നു. അയാൾ എന്നെ പച്ച തെറി വിളിച്ചു... അയാൾ മാത്രമല്ല, അവിടെയുണ്ടായിരുന്ന പൊലീസുകാർ മുഴുവനും.
‘‘നീ പണിയനാണോടാ?’’ എന്നായിരുന്നു ഹെഡ്കോൺസ്റ്റബിൾ വസന്തകുമാറിന്റെ ചോദ്യം. ആദിവാസിയല്ല, ദലിത് ആണെന്ന് ഞാൻ പറഞ്ഞു. ദലിതായാലും ആദിവാസിയായാലും ഒക്കെ കണക്കാ,’’ നിന്റെ അമ്മക്കുണ്ടായ ബാക്കി മക്കളൊക്കെ പൊലീസുകാരുടേതാണോ? നഷ്ടപരിഹാരം കൊണ്ടാണല്ലോ നീ പൊലീസിനെ വെട്ടാൻ ക്ലാസ് കൊടുത്തത്?’’ എന്നായിരുന്നു അയാളുടെ അടുത്ത ഡയലോഗ്.
ഞാനൊന്നും മിണ്ടിയില്ല, (എന്റെ സമപ്രായക്കാരനായിരുന്ന ഹെഡ്കോൺസ്റ്റബിൾ വസന്തകുമാർ രണ്ടുകൊല്ലം മുമ്പ് ഹാർട്ട് അറ്റാക്കായി മരിച്ചു) കെ.ആർ. രഘുനാഥൻ എന്ന കോൺസ്റ്റബിൾ എന്റെ രണ്ടു കരണത്തും അടിച്ചു, ചെവിയിലൂടെ ചോരയൊഴുകി, ഞാൻ ബോധമറ്റ് കുഴഞ്ഞുവീണു.
ഇടക്കിടെ ആ മുറിയിലേക്ക്, സംഘർഷത്തിൽ മരിച്ച പൊലീസുകാരന്റെ ബറ്റാലിയനിലുണ്ടായിരുന്ന റിസർവ് പൊലീസുകാർ വന്ന്, വസന്തകുമാറിനോടും അവിടെയുണ്ടായിരുന്ന മറ്റ് പൊലീസ് ഉദ്യോഗസ്ഥരോടും ‘‘സാറേ... ഒരു മിനിറ്റ്’’ എന്ന് ആംഗ്യം കാണിച്ച് അനുവാദം വാങ്ങി അകത്ത് കയറി, എന്നോട് അശ്ലീലഭാഷയിൽ സംസാരിച്ചുകൊണ്ട് ഷർട്ടില്ലാതെ ഇരുന്ന എന്റെ നെഞ്ചിൽ പിടിച്ചുഞെരിക്കുകയും ചെയ്തു.
രാവിലെ പത്തര മുതൽ രാത്രി പതിനൊന്നര വരെ അധിക്ഷേപങ്ങളും മർദനവും തുടർന്നു, ആ മുറിയിൽ സി.കെ. ജാനുവും കുറെ ആദിവാസി സ്ത്രീകളും കുഞ്ഞുങ്ങളുമൊക്കെ ഉണ്ടായിരുന്നു. എന്നെ അറസ്റ്റ് ചെയ്തത് ഫെബ്രുവരി 22ന് രാവിലെ പത്തരക്കാണെങ്കിലും 23ന് ഉച്ചക്ക് രണ്ടരക്കാണ് സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയത്. അതുവരെ കുടിക്കാൻ വെള്ളമോ ഭക്ഷണമോ കിട്ടിയില്ല. മജിസ്ട്രേറ്റിന്റെ വീട്ടിലെത്തിയപ്പോൾ എനിക്ക് നിവർന്ന് നിൽക്കാൻപോലും കഴിയുന്നുണ്ടായിരുന്നില്ല.
അന്ന് നിസാർ അഹ്മദ് ആയിരുന്നു മജിസ്ട്രേറ്റ്. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ‘‘എനിക്ക് മർദനമേറ്റിട്ടുണ്ട്, ശരീരമാസകലം വേദനയുണ്ട്.’’ റിമാൻഡ് റിപ്പോർട്ടിന്റെ അരികിൽ അദ്ദേഹം ഇക്കാര്യം രേഖപ്പെടുത്തി. അങ്ങനെയാണ് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ലഭ്യമാക്കാൻ വൈത്തിരി സബ് ജയിലിലേക്ക് കൊണ്ടുപോകാൻ ഉദ്ദേശിച്ചിരുന്ന എന്നെ മജിസ്ട്രേറ്റിന്റെ നിർദേശപ്രകാരം കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.
അതിനുശേഷം, ഗീതാനന്ദനെയും സി.കെ. ജാനുവിനെയും കോഴിക്കോട് കസബ ജയിലിലേക്ക് കൊണ്ടുപോയി, എന്നെ വൈത്തിരി സബ് ജയിലിലേക്ക് കൊണ്ടുപോകാൻ ഉദ്ദേശിച്ചാണ് അവരുടെ കൂടെ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കാതിരുന്നത്. എന്നെയും ആദിവാസികളായ ബിജു, അരുഷ്, ചന്ദ്രൻ എന്നിവരെയും ഒരുമിച്ചാണ് ജയിലിലേക്ക് കൊണ്ടുപോയത് (പുൽപള്ളിയിൽ പോസ്റ്ററൊട്ടിച്ചതിനാണ് അരുഷിനെ അറസ്റ്റ് ചെയ്തുകൊണ്ടുവന്നത്, അതുപോലെ ബിജുവും മുത്തങ്ങ സമരത്തിൽ ഉൾപ്പെട്ടയാളായിരുന്നില്ല). ഞങ്ങളെ കൊണ്ടുപോകുമ്പോൾ പൊലീസുകാരുടെ കൂട്ടത്തിൽ ആദിവാസിയായ ലക്ഷ്മണൻ എന്ന പൊലീസ് കോൺസ്റ്റബിളുമുണ്ടായിരുന്നു. കുറുമ വിഭാഗത്തിൽപ്പെട്ട ലക്ഷ്മണൻ എന്റെ വീടിനടുത്ത നൊച്ചംവയൽ കോളനിയിലെ വെളുക്കന്റെ മകനാണ്.

മുത്തങ്ങ കണ്ണംകോട് കോളനി,എം.കെ. രാംദാസ്
സ്റ്റേഷൻ ഡ്യൂട്ടിയിലായിരുന്ന അയാൾ എന്നെ കൊണ്ടുപോകുമ്പോൾ കൂടെവരാനുള്ള പാറാവ് ഡ്യൂട്ടി മേലുദ്യോഗസ്ഥരോട് ചോദിച്ചു വാങ്ങിയതായിരുന്നു. അതിനൊരു കാരണമുണ്ട്, ഞങ്ങളുടെ നാട്ടിലൊക്കെ പൊലീസിൽ ജോലിക്ക് ചേരുമ്പോൾ ബോണ്ട് കൊടുക്കണമായിരുന്നു. സർക്കാറുദ്യോഗസ്ഥർ 1000 രൂപയുടെ ബോണ്ട് ഒപ്പിട്ടു കൊടുക്കണം. എന്റെ നാട്ടിലുള്ള സർക്കാറുദ്യോഗസ്ഥരാരും ലക്ഷ്മണന് ബോണ്ട് ഒപ്പിട്ടു കൊടുക്കാൻ തയാറായില്ല. ഞാനന്ന് സുൽത്താൻ ബത്തേരിക്കടുത്ത ചീരാൽ ഗവ. ഹൈസ്കൂളിൽ അധ്യാപകനായിരുന്നു. ലക്ഷ്മണൻ എന്നോട് ഇക്കാര്യം പറഞ്ഞപ്പോൾ ഞാനയാളോട് അടുത്തദിവസം സ്കൂളിലേക്ക് വരാൻ പറഞ്ഞു.
പിറ്റേന്ന് ലക്ഷ്മണൻ മുദ്രക്കടലാസിൽ ടൈപ് ചെയ്ത ബോണ്ടുമായി സ്കൂളിലേക്ക് വന്നപ്പോൾ ഞാനതിൽ ഒപ്പിട്ടു സീലടിച്ചു കൊടുത്തു. ജയിലിലേക്ക് കൊണ്ടുപോകുമ്പോൾ റിസർവ് പൊലീസുകാർ ഞങ്ങളെ വാനിലിട്ട് മർദിക്കാൻ പ്ലാനിട്ടതറിഞ്ഞ് അത് തടയാനാണ് ലക്ഷ്മണനും കൂടെ വന്നത്. കണ്ണൂരിലേക്കുള്ള യാത്രക്കിടെ റിസർവ് പൊലീസുകാർ ഞങ്ങളെ പലതവണ മർദിക്കാൻ ശ്രമിച്ചപ്പോഴെല്ലാം ലക്ഷ്മണൻ തടഞ്ഞു. ഗീതാനന്ദനെയും സി.കെ. ജാനുവിനെയും ജയിലിലേക്ക് കൊണ്ടുപോകുമ്പോൾ പൊലീസ് വാനിലിട്ട് മർദിച്ചുവെന്നാണ് പറഞ്ഞത്. പിന്നീട് സബ് ഇൻസ്പെക്ടറായി സ്ഥാനക്കയറ്റം കിട്ടിയ ലക്ഷ്മണൻ സർവിസിൽനിന്ന് വിരമിച്ചു. കഴിഞ്ഞദിവസം ഞാൻ ഇദ്ദേഹത്തെ സുൽത്താൻ ബത്തേരി ടൗണിൽ വെച്ച് കണ്ടിരുന്നു.
ഫെബ്രുവരി 24ന് വൈകീട്ട് ആറു മണി കഴിഞ്ഞാണ് ഞാൻ കണ്ണൂർ സെൻട്രൽ ജയിലിലെത്തിയത്. എന്നെ സ്വീകരിക്കാൻ ട്രേഡ് യൂനിയൻ നേതാവായിരുന്ന എസ്. നാരായണേട്ടൻ, മാധ്യമ പ്രവർത്തകരായ സി.എസ്. സലിൽ, കെ.എ. ആന്റണി എന്നിവർ അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. എനിക്ക് അത്യാവശ്യമുള്ള തോർത്തും മറ്റു സാധനങ്ങളും അവർ വാങ്ങിവെച്ചിരുന്നു. രാത്രി കഴിക്കാനുള്ള ഭക്ഷണവും നാരായണേട്ടൻ പൊതിഞ്ഞു കൊണ്ടുവന്നിരുന്നു. അത് കഴിച്ചശേഷം ഞാൻ ജയിലിനകത്ത് കയറി എന്നെ പത്താം ബ്ലോക്കിൽ അടച്ചു.
25ന് ജയിൽ ഡോക്ടർ വന്ന് എന്നെ പരിശോധിച്ചു. എന്റെ ചെവിക്ക് കാര്യമായ തകരാറുണ്ടെന്ന് അയാൾക്ക് മനസ്സിലായി. 26ന് കണ്ണൂർ ജില്ല ആശുപത്രിയിലേക്ക് എന്നെ പരിശോധനക്ക് കൊണ്ടുപോയി. ജില്ല ആശുപത്രിയിലെ ഇ.എൻ.ടി സ്പെഷലിസ്റ്റും ഓർത്തോപീഡിക് സ്പെഷലിസ്റ്റും എന്നെ പരിശോധിച്ചു. ഇതിനിടെ, എനിക്ക് ജയിലിൽ മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കാണിച്ച് എന്റെ ഭാര്യ ബേബി ഉഷ ഹൈകോടതിയിൽ റിട്ട് ഹരജി ഫയൽചെയ്തു. ഇത് പരിഗണിച്ച ഹൈകോടതി, വിദഗ്ധനായ ഇ.എൻ.ടി സ്പെഷലിസ്റ്റിനെ നിയോഗിച്ച് പരിശോധിക്കാൻ നിർദേശിച്ചു.
ഹൈകോടതി നിർദേശ പ്രകാരം എന്നെ ജയിലിൽ വന്നു പരിശോധിച്ച പയ്യന്നൂർ ഗവ. ആശുപത്രിയിലെ ഇ.എൻ.ടി സ്പെഷലിസ്റ്റായിരുന്ന ഡോ. വി.സി. രവീന്ദ്രൻ എന്റെ കർണപുടം പൊട്ടിയതായി കാണിച്ച് ഹൈകോടതിക്ക് റിപ്പോർട്ട് നൽകി. എന്റെ അഭിഭാഷകനായിരുന്ന കെ.സി. എൽദോ സിംഗപ്പൂർ വ്യവസായിയായിരുന്ന രാജൻപിള്ള തിഹാർ ജയിലിൽ ചികിത്സ കിട്ടാതെ മരിച്ച സംഭവം ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് എന്നെ വിദഗ്ധനായ ഇ.എൻ.ടി സ്പെഷലിസ്റ്റും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളുമുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഹൈകോടതി നിർദേശിച്ചത്. ഇതേ തുടർന്നാണ് എന്നെ പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയതും രണ്ട് പൊലീസുകാരുടെ കാവലിൽ അവിടന്ന് ഇ.എൻ.ടി വിഭാഗം മേധാവിയായിരുന്ന ഡോക്ടർ ഇടത്തെ ചെവിയുടെ പൊട്ടിയ കർണപുടം കൂട്ടിച്ചേർത്തതും.
പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ 2003 ഫെബ്രുവരി 26ന് സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിലേക്ക് എന്നെ കാണാൻ വന്നിരുന്നു. ‘‘നിനക്ക് ദിവാനാകണം അല്ലേടാ --മോനേ...’’ എന്ന് ചോദിച്ചാണ് മാഷേ സർ സി.പിയുടെ പൊലീസ് എന്നെ മർദിച്ചത്, ധൈര്യമായിരിക്ക് ഞാൻ ഉന്നയിക്കാം നിങ്ങളുടെ പ്രശ്നം...’’ എന്റെ ചുമലിൽ കൈവെച്ചുകൊണ്ട് വി.എസ് പറഞ്ഞു. കണ്ണൂരിലെ പ്രമുഖ സി.പി.എം നേതാക്കളാരും അപ്പോൾ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നില്ല. 2003 മാർച്ച് അവസാനവാരം ജയിലിൽനിന്ന് ജാമ്യം കിട്ടി പുറത്തിറങ്ങിയശേഷം സർവിസിൽ തിരിച്ചുകയറാൻ അന്ന് വിദ്യാഭ്യാസമന്ത്രിയായിരുന്ന നാലകത്ത് സൂപ്പിയെ എനിക്കുവേണ്ടി വി.എസ്. അച്യുതാനന്ദൻ വിളിച്ചിരുന്നു. എന്റെ ജോലി നഷ്ടപ്പെട്ടേക്കുമെന്ന അവസ്ഥയിലാണ് വി.എസിന്റെ ഇടപെടലുണ്ടായത്.
32 ദിവസം ഞാൻ കണ്ണൂർ സെൻട്രൽ ജയിലിലും പരിയാരം മെഡിക്കൽ കോളജിലുമായി റിമാൻഡിൽ കഴിഞ്ഞു. ലോക്കൽ പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന് വിലയിരുത്തി ക്രൈംബ്രാഞ്ച് അന്വേഷണത്തിനുശേഷമാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വളരെ മാന്യമായാണ് എന്നെ ചോദ്യം ചെയ്തത്. പിന്നീട് അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ ഉദ്യോഗസ്ഥർ എന്നെ സുൽത്താൻ ബത്തേരി െഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി. സൗഹൃദഭാവത്തിലാണ് സംസാരിച്ചത്. സി.ബി.ഐ അന്വേഷണത്തിൽ തെളിവുകളൊന്നും ലഭിക്കാതെ എന്നെയും മാധ്യമപ്രവർത്തകൻ എ.കെ. രാംദാസിനെയും പ്രതിപ്പട്ടികയിൽനിന്നൊഴിവാക്കി.
മുത്തങ്ങയിൽ വെടിവെപ്പുണ്ടായ അന്ന് തിരുവനന്തപുരത്ത് ദലിത് സംഘടനകളോ സി.പി.എം പോലുള്ള സംഘടനകളോ ഇതിനെ അപലപിച്ചില്ലെന്നതാണ് രസകരമായ കാര്യം. എല്ലാവരും അന്ന് ഈ സമരത്തിനെതിരായിരുന്നു. വിഎസ്. അച്യുതാനന്ദൻ വന്നതോടുകൂടിയാണ് സി.പി.എമ്മും മറ്റു പാർട്ടികളും ആദിവാസികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത്. ഞാൻ ദേവഗിരി കോളജിൽ പഠിക്കുമ്പോൾ തന്നെ എസ്.എഫ്.ഐ പ്രവർത്തനം വിട്ട് കെ.കെ. കൊച്ചിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കമ്യൂണിസ്റ്റ് യുവജനവേദി എന്ന സംഘടനയിൽ ചേർന്നിരുന്നു. ഞാൻ ദേവഗിരി കോളജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ എന്റെ കൂടെ പഠിച്ചിരുന്ന കെ.കെ. ബാബുരാജിന്റെ സഹോദരനാണ് കെ.കെ. കൊച്ച്.
ബാബുരാജിനെ കാണാൻ കൊച്ചേട്ടൻ ഹോസ്റ്റലിൽ വരുമ്പോൾ എന്റെ കൂടെയാണ് താമസിക്കുക. ഞങ്ങൾ അപ്പോൾ രാഷ്ട്രീയം മാത്രമേ സംസാരിച്ചിരുന്നുള്ളൂ. എം.എൽ. രാഷ്ട്രീയത്തെക്കുറിച്ചാണ് കൂടുതലായി ചർച്ചചെയ്തത്. ദലിത് സംഘടന നേതാവും എഴുത്തുകാരനുമായിരുന്ന കെ.കെ. കൊച്ച് സുൽത്താൽ ബത്തേരി കെ.എസ്.ആർ. ടി.സി ഡിപ്പോയിൽ ക്ലർക്കായിരുന്നു. ജോലി ചെയ്തിരുന്നപ്പോൾ തന്നെ രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്നയാളായിരുന്നു അദ്ദേഹം. കൊച്ചേട്ടന് എം.എൽ പ്രസ്ഥാനങ്ങളോട് അനുഭാവം ഉണ്ടായിരുന്നെങ്കിലും നിലവിലുണ്ടായിരുന്ന ഗ്രൂപ്പുകളെയൊന്നും അദ്ദേഹം അംഗീകരിച്ചിരുന്നില്ല. സുൽത്താൻ ബത്തേരിയിൽ എന്റെ വീടിനടുത്താണ് അദ്ദേഹം വാടകക്ക് താമസിച്ചിരുന്നത്. ക്രമേണ ഞാൻ കൊച്ചേട്ടന്റെ കമ്യൂണിസ്റ്റ് യുവജനവേദി പ്രവർത്തകനായതോടെയാണ് സി.പി.എം നേതൃത്വം എനിക്കെതിരായത്.

ചാലിഗദ്ധ കോളനിവാസികൾ (ചിത്രങ്ങൾ: വേണു കള്ളാർ)
നന്മണ്ടയിൽനിന്നുവന്ന ഹോട്ടൽ തൊഴിലാളിയായിരുന്ന പ്രാദേശിക നേതാവാണ് നാട്ടിൽ എനിക്കെതിരെ പ്രചാരണം നടത്തിയത്. എന്റെ അച്ഛൻ കൊച്ചോൽ അന്ന് സി.പി.എം ഏരിയ കമ്മിറ്റിയംഗമായിരുന്നു. ഈ പ്രാദേശിക നേതാവ് എന്റെ അച്ഛനോട് പറഞ്ഞു ‘‘ചെക്കനെ സൂക്ഷിച്ചോ ഓൻ നക്സലൈറ്റായി’’ എന്ന്.
ഞാനും അച്ഛനും സുഹൃത്തുക്കളെ പോലെയായിരുന്നു. അച്ഛനത് കേട്ട് വീട്ടിൽ വന്ന് എന്നോട് ചോദിച്ചു– ‘‘നീ നക്സലൈറ്റായെന്ന് ഭാസ്കരൻ പറഞ്ഞല്ലോ.’’
ഞാൻ അച്ഛന് മറുപടി കൊടുത്തു, ‘‘ഞാൻ നക്സലൈറ്റായില്ല, അതയാളുടെ ആരെങ്കിലുമായിരിക്കും.’’
അച്ഛനോട് മാത്രമല്ല, പലരോടും അയാൾ ഇങ്ങനെ പറഞ്ഞുപരത്തിയിരുന്നു.
സി.ബി.ഐ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ ഞാൻ പ്രതിയല്ല. സി.ബി.ഐ കേസിൽ കുറ്റപത്രം സമർപ്പിച്ചതുമില്ല.
അതുകൊണ്ടാണ് എനിക്ക് ജോലിയിൽ തിരിച്ചുകയറാൻ കഴിഞ്ഞത്.
2003 മാർച്ച് അവസാന വാരം ജയിലിൽനിന്നിറങ്ങിയശേഷം സി.ബി.ഐ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2004ലാണ് ഞാൻ സുൽത്താൻ ബത്തേരി സബ് കോടതിയിൽ നഷ്ടപരിഹാര ഹരജി ഫയൽ ചെയ്തത്. 15,00,461രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. തുകയുടെ പത്തു ശതമാനമായ 1,36,000 രൂപ കോർട്ട് ഫീസ് അടച്ചില്ലെന്ന കാരണം പറഞ്ഞ് കോടതി ഈ ഹരജി തള്ളി. ഇതിനെതിരെ ഞാൻ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തു. കോർട്ട് ഫീസ് അടക്കാതെ കേസ് നടത്താൻ ഹൈകോടതി അനുമതി നൽകി. ഇതേ തുടർന്ന് 2021ലാണ് സുൽത്താൻ ബത്തേരി സബ്കോടതി അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരമായി വിധിച്ചത്.
ഞാൻ ആവശ്യപ്പെട്ടതിന്റെ മൂന്നിലൊന്ന് തുകമാത്രമാണ് കോടതി അനുവദിച്ചത്. ഇതിനെതിരെ ജില്ല കോടതിയിൽ അപ്പീൽ നൽകിയത് സർക്കാറാണ്. പൊലീസുകാരും അതിൽ കക്ഷിചേർന്നു. അവരുടെ അപ്പീൽ തള്ളി. എന്റെ ക്രോസ് അപ്പീൽ ഫയലിൽ സ്വീകരിച്ചു. മുഴുവൻ തുകയും അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഞാൻ ക്രോസ് അപ്പീൽ ഫയൽ ചെയ്തത്. മുഴുവൻ തുകയും അനുവദിച്ചില്ലെങ്കിലും പരമാവധി തുക നൽകണമെന്നാണ് കോടതിവിധി.
കസ്റ്റഡിയിൽ മർദിച്ച പൊലീസുകാർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ഫയൽചെയ്ത കേസ് പിന്നീട് ഹൈകോടതി റദ്ദാക്കി. രൂപ നഷ്ടപരിഹാര വിധി നടപ്പാക്കാൻ കഴിയില്ലെന്ന് കാണിച്ചു സംസ്ഥാന ആഭ്യന്തര വകുപ്പ് കൽപറ്റ ജില്ല കോടതിയിൽ അപ്പീൽ കൊടുത്തു. ഇതിനെതിരെ ഞാൻ ക്രോസ് അപ്പീൽ കൊടുത്തു. ഞാൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹരജി നൽകാൻ വൈകിയെന്ന കാരണം കാണിച്ചാണ് സർക്കാർ അപ്പീൽ കൊടുത്തത്.
1960ലെ കേരള പൊലീസ് ആക്ട് പ്രകാരം കൃത്യ നിർവഹണത്തിന്റെ ഭാഗമായാണ് മർദിച്ചതെന്ന സർക്കാർ വാദം കോടതി സ്വീകരിച്ചില്ല. പൗരന് സംരക്ഷണം നൽകേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണ്, അറസ്റ്റ് ചെയ്യപ്പെട്ടവർക്കുള്ള അവകാശങ്ങളും അറസ്റ്റ് ചെയ്യുമ്പോഴുള്ള നടപടിക്രമങ്ങളും പാലിക്കപ്പെട്ടില്ലെന്ന് നിരീക്ഷിച്ച കോടതി പൊലീസ് മർദിക്കുക മാത്രമാണ് ചെയ്തതെന്ന് കണ്ടെത്തി.
സുൽത്താൻ ബത്തേരി സബ് ഇൻസ്പെക്ടറായിരുന്ന പി. വിശ്വംഭരൻ (40), അസി. സബ് ഇൻസ്പെക്ടറായിരുന്ന സി.എം. മത്തായി (43), കൽപറ്റ നോർത്ത് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് പൊലീസ് കോൺസ്റ്റബിളായിരുന്ന വർഗീസ് (38), സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷൻ ഹെഡ് കോൺസ്റ്റബിളായിരുന്ന ഇ. വസന്തകുമാർ (42), കോൺസ്റ്റബിളായിരുന്ന കെ.ആർ. രഘുനാഥൻ (38), സർക്കിൾ ഇൻസ്പെക്ടറായിരുന്ന വി. ദേവരാജൻ (50) എന്നിവർക്കെതിരെയാണ് കോടതിവിധി.
നഷ്ടപരിഹാര തുക ഹരജി ഫയൽചെയ്ത 2004 മാർച്ച് ഒമ്പത് മുതൽ വിധിപറഞ്ഞ 2026 മാർച്ച് 16 വരെ ആറു ശതമാനം പലിശ സഹിതം സർക്കാർ നൽകണം, അതിനുശേഷം ഈ തുക എതിർകക്ഷികളായ സുൽത്താൻ ബത്തേരി സബ് ഇൻസ്പെക്ടറായിരുന്ന പി. വിശ്വംഭരൻ, സർക്കിൾ ഇൻസ്പെക്ടറായിരുന്ന വി. ദേവരാജൻ എന്നിവരുടെ സ്വകാര്യ സ്വത്തുക്കളിൽനിന്ന് സർക്കാർ പിടിച്ചെടുക്കണമെന്നും ഇതു നിരീക്ഷിക്കാൻ സുപ്രീംകോടതിയിൽനിന്ന് വിരമിച്ച ഒരു ന്യായാധിപനെ സർക്കാർ നിയോഗിക്കണമെന്നും കോടതി നിർദേശിക്കുന്നു.
എന്റെ ഇതുവരെയുള്ള അനുഭവത്തിൽ ഇടത് സർക്കാർ എനിക്കെതിരായിരുന്നു, ഇതിനെ ഇടത് സർക്കാർ എന്നുപറയാൻ പറ്റുമോ? പൊലീസിന്റെ കൂടെ നിൽക്കുന്ന സർക്കാർ എങ്ങനെ ഇടത് സർക്കാറാകും? ഇടത് സർക്കാർ എന്ന് പറയണമെങ്കിൽ ഇടതുപക്ഷ നിലപാട് വേണ്ടേ? ഇടതുപക്ഷ നിലപാടായിരുന്നു വി.എസ്. അച്യുതാനന്ദന്റേത്, അതുകൊണ്ടാണ് അദ്ദേഹം എന്റെ കൂടെനിന്നത്. പിണറായിയുടെ നേതൃത്വത്തിൽ എന്നും പാർട്ടിക്കാർ എനിക്കെതിരായിരുന്നു. മുത്തങ്ങ സംഭവം ഉണ്ടായതു മുതൽ പാർട്ടിക്കാർ എനിക്കെതിരായിരുന്നു. അതുകൊണ്ടാണല്ലോ പൊലീസുകാർക്കുവേണ്ടി സർക്കാർ അപ്പീൽ കൊടുത്തത്.
സിവിൽ കേസായതുകൊണ്ട് ഞാൻ നേരിട്ട് ഹാജരാകേണ്ട അവസ്ഥയുണ്ടായിരുന്നില്ല. അതുകൊണ്ട് ഞാനൊരു വക്കീലിനെ ഏർപ്പാടാക്കി. വക്കീലിന് ഫീസ് കൊടുക്കേണ്ടി വന്നെങ്കിലും എനിക്കനുകൂലമായ വിധി കിട്ടി. അത് സർക്കാറിനും പൊലീസിനും മുഖത്തടിച്ചതുപോലെയായി. പൊലീസുകാർക്കെതിരെ ഫയൽചെയ്ത ക്രിമിനൽ കേസ് ഹൈകോടതി റദ്ദാക്കി. എല്ലാ വിധത്തിലും എനിക്കു നഷ്ടങ്ങളാണുണ്ടായത്. പൊലീസ് കേസിൽ പ്രതി ചേർത്തതോടെ ഞാൻ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു.
എ.കെ. ആന്റണിക്കുശേഷം എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിൽ പിന്നെ എനിക്ക് ദുരനുഭവങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. അപ്പീൽ കൊടുത്തതുതന്നെ എനിക്കെതിരായ നീക്കമാണല്ലോ? എസ്.ഐ വിശ്വംഭരൻ നട്ടെല്ലിന് ചവിട്ടിയതിന്റെ വേദന വിട്ടുമാറിയിട്ടില്ല. ജയിലിൽനിന്ന് മറ്റു തടവുകാർ പറഞ്ഞതുപോലെ കാലുകൾ തളർന്നില്ലെങ്കിലും എന്റെ നട്ടെല്ലിന് ബാധിച്ച വേദന ഇപ്പോഴുമുണ്ട്. മത്സ്യ തൊഴിലാളി ഫെഡറേഷൻ നേതാവും ലിബറേഷൻ തിയോളജി വിശ്വാസിയും വൈദികനുമായിരുന്ന ഫാദർ തോമസ് കോച്ചേരി എന്നെ മധുരയിലെ സിദ്ധ വൈദ്യ ചികിത്സാകേന്ദ്രത്തിലേക്ക് കുട്ടിക്കൊണ്ടുപോയി. അവിടത്തെ ചികിത്സക്കുശേഷമാണ് വേദന കുറഞ്ഞത്. അതുവരെ ഞാൻ കുനിഞ്ഞാണ് നടന്നിരുന്നത്.

മുത്തങ്ങയിലെ ജോഗി സ്മാരകം
ഇപ്പോൾ കേൾവിക്കും പ്രയാസമുണ്ട്. ഇടത് വശത്തുനിന്ന് ആരെങ്കിലും സംസാരിച്ചാൽ വ്യക്തമായി കേൾക്കാനാവില്ല. ചികിത്സ തുടരുന്നുണ്ട്. എന്തായാലും ആദിവാസി ഭൂസമര ചരിത്രത്തിന്റെ ഭാഗമായതിൽ അഭിമാനം തോന്നുന്നു. ഈ അടിച്ചമർത്തലിന്റെ കാലഘട്ടത്തിൽ ആദിവാസികൾക്കൊപ്പം നിൽക്കാൻ കഴിഞ്ഞത് ചരിത്രപരമായി വലിയൊരു നേട്ടമായി കാണുന്നു. കൊടിയ മർദനമേറ്റെങ്കിലും ആദിവാസി സമര ചരിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാനഭിമാനം കൊള്ളുന്നു. വളരെ സന്തോഷം തരുന്ന കോടതി വിധിയാണ് ഇപ്പോഴുണ്ടായത്, ഇനിയെങ്കിലും സർക്കാർ കൂടുതൽ നിയമനടപടികളിലേക്ക് പോകാൻ ഇടവരുത്താതെ കോടതിവിധി അംഗീകരിച്ചു നടപ്പാക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ കോടതിയിലെത്തിയ ഒരേയൊരു കേസ് എന്റേതുമാത്രമാണ്.
എത്രയോ ആളുകൾ പൊലീസിന്റെ കൊടിയ മർദനമേറ്റ് ജീവച്ഛവങ്ങളായി കഴിയുന്നുണ്ട്. ആദിവാസി നേതാവായ സി.കെ. ജാനുവിനെയടക്കം പൊലീസ് കൊടിയ മർദനത്തിനു വിധേയരാക്കിയപ്പോൾ ആരും ചോദ്യംചെയ്തില്ല. കേരളീയ പൊതുസമൂഹത്തിന്റെ പ്രതിഷേധവുമുണ്ടായില്ല. അതിനെതിരായ ഒരേയൊരു വിധിയാണിത്. നഷ്ടപരിഹാരത്തുക എതിർകക്ഷികളായ പൊലീസ് ഉദ്യോഗസ്ഥരിൽനിന്ന് പിടിച്ചെടുക്കണമെന്ന കോടതി നിർദേശം മർദനത്തിന്റെ ഭാഷ മാത്രമറിയുന്ന പൊലീസ് ഉദ്യോഗസ്ഥർക്കുള്ള പാഠമാണ്.
അതേസമയം, പൊലീസിന്റെ കസ്റ്റഡി മർദനത്തിനെതിരെ ഞാൻ ഫയൽചെയ്ത കേസ് ഹൈകോടതി റദ്ദാക്കുകയും ചെയ്തു. ഇതിനെതിരെ ഞാൻ കൊടുത്ത പുനഃപരിശോധന ഹരജിയും സ്വീകരിച്ചില്ല. അതിലെനിക്ക് ഇച്ഛാഭംഗമുണ്ട്. സിവിൽ കേസാണെങ്കിലും പൊലീസിന്റെ കസ്റ്റഡി മർദനത്തിനും അടിച്ചമർത്തലുകൾക്കും എതിരായ ശക്തമായ മുന്നേറ്റമായി ഈ കേസ് മാറി. ഞാൻ നടത്തിയ 23 വർഷം നീണ്ട നിയമയുദ്ധത്തിന്റെ ഫലമാണിത്. ഇനി, സർക്കാർ വിധി നടപ്പാക്കിയാൽ മാത്രമേ അത് ഫലപ്രദമാവുകയുള്ളൂ, അതിനുള്ള ശ്രമം തുടരുകയാണ് ഞാൻ ചെയ്യുന്നത്.

