അലമ്പ്

ഭൂഗോളം ഇനി ഒരൊറ്റ ഗ്രാമം, ആഗോളഗ്രാമം. -35 കൊല്ലം മുമ്പ് ഭൂലോകത്തെ വിഴുങ്ങിയ പരസ്യവാക്യം. അതൊരു പ്രപഞ്ചനേരുപോലെ വിഴുങ്ങി, മാലോകം. മൂലധനത്തിന്റെ അശ്വമേധത്തിന് വികസിത മുതലാളിത്തം ആസൂത്രണംചെയ്ത ഈ രാഷ്ട്രീയതന്ത്രം നടപ്പിലായിട്ട് പതിറ്റാണ്ട് മൂന്ന്. സമൂഹങ്ങളെ കമ്പോളങ്ങളാക്കുക, അതിനുവേണ്ട രാഷ്ട്രീയനയം നടപ്പാക്കുക, മുതലിന്റെ തേർവാഴ്ചക്ക് ഭരണകൂടങ്ങൾ കീഴടങ്ങുക. പകരം കിട്ടുന്നതോ -സകലർക്കും വികസനം, സകലമാനം. ഉദ്ദിഷ്ടകാര്യം ഉറുതിയായി. സമാന്തരമായി വെബ്...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഭൂഗോളം ഇനി ഒരൊറ്റ ഗ്രാമം, ആഗോളഗ്രാമം.
-35 കൊല്ലം മുമ്പ് ഭൂലോകത്തെ വിഴുങ്ങിയ പരസ്യവാക്യം. അതൊരു പ്രപഞ്ചനേരുപോലെ വിഴുങ്ങി, മാലോകം.
മൂലധനത്തിന്റെ അശ്വമേധത്തിന് വികസിത മുതലാളിത്തം ആസൂത്രണംചെയ്ത ഈ രാഷ്ട്രീയതന്ത്രം നടപ്പിലായിട്ട് പതിറ്റാണ്ട് മൂന്ന്. സമൂഹങ്ങളെ കമ്പോളങ്ങളാക്കുക, അതിനുവേണ്ട രാഷ്ട്രീയനയം നടപ്പാക്കുക, മുതലിന്റെ തേർവാഴ്ചക്ക് ഭരണകൂടങ്ങൾ കീഴടങ്ങുക. പകരം കിട്ടുന്നതോ -സകലർക്കും വികസനം, സകലമാനം.
ഉദ്ദിഷ്ടകാര്യം ഉറുതിയായി. സമാന്തരമായി വെബ് വന്ന് ഭൂമിക്കിട്ട വിനിമയവല ഉതവിയുമായി. ദേശരാഷ്ട്രങ്ങളുടെ അതിരുവേലികൾ പിഴുതൊഴിഞ്ഞു. ആളും അർഥവും അങ്ങാടിച്ചരക്കും തടയഴിഞ്ഞൊഴുകി, എങ്ങോട്ടും. ആഗോളഗ്രാമം പക്ഷേ, ഭൂജാതമായില്ല, മുതൽനീക്കം ഒരുക്കിയ ആധിവ്യാധികളുടെ ആഗോളപ്പടർച്ചയല്ലാതെ. എത്തും പിടിയുമില്ലാണ്ട് സാമ്പത്തിക വിദ്വാന്മാരും രാഷ്ട്രീയവിരുതരും ‘വികസന’ മന്ത്രം ജപിച്ചുകൊണ്ടിരുന്നു. മുടിവിനും മുടന്തിനും ഒരേ ഞായം പുലമ്പിക്കൊണ്ടും: പരിഷ്കരണം പോരാ. ‘ഘടനാപരമായ’ പരിഷ്കരണം എന്ന് പരിഷ്കാരികൾ. മുറജപത്തിനും മുറവിളികൾക്കുമിടയിലൂടെ ഗോളത്തിന്മേൽ സാമ്പത്തികമാന്ദ്യം നിഴലിട്ടു. ഒരു വിദ്വാനും തിരിയുന്നില്ലതിന്റെ ഗോളം. തൊഴിലില്ലായ്മ, വിലക്കയറ്റം, വരുമാനക്ഷയം, പെരുകുന്ന അസമത്വം, തകരുന്ന ജീവിതനില-നിഴലിനങ്ങനെ ഇരുളിമയേറി വരുന്നു, ഒന്നര പതിറ്റാണ്ടായി. അപ്പോഴും മുരളുന്നുണ്ടൊരു തൊടുന്യായം –പോംവഴിയില്ലാ പ്രതിഭാസമാണ് ആഗോളീകരണമെന്ന്. ജീവിതമല്ലേ, ബുദ്ധിയുടെ വക്രമല്ല ആത്യന്തികം; മനസ്സിന്റെ വേവ് തന്നെ. അതുകൊണ്ട്, ഗോളം തിരിഞ്ഞുകറങ്ങിത്തുടങ്ങുന്നു, ആഗോളീകരണത്തിന്റെ അപനിർമാണം.
മടങ്ങിവരുന്നത് സ്വാശ്രയത്തിനുള്ള വ്യഗ്രത, പാരസ്പര്യത്തിന്റെ തിരസ്കാരം. ലോകവാണിഭത്തിൽ ഒന്നാമരായ അമേരിക്ക പ്രഖ്യാപിച്ചുകഴിഞ്ഞു, ‘സാമ്പത്തിക സ്വയംപര്യാപ്തത’. രണ്ടാംലോക യുദ്ധശേഷം അവർതന്നെ പണിപ്പെട്ട് പണിതൊരുക്കിയ ആഗോള വ്യാപാര വ്യവസ്ഥിതിക്ക് പുറത്തുകടക്കാൻ തത്രപ്പെടുകയാണ് ട്രംപ്, നിത്യം. ഒറ്റക്കല്ലയാൾ. ചീനാമൂപ്പൻ ഷി ജിൻപിങ് തെല്ലുകാലമായി ഉരുവിടുന്നുണ്ട് സ്വയംപര്യാപ്തതയുടെ മാൻഡറിൻ പരിഭാഷ: സിലി ഗെംഗ്ഷെംഗ്. യുെക്രയ്ൻ യുദ്ധപ്പേരിൽ വന്നുകൂടിയ സാമ്പത്തിക ഉപരോധം പുച്ഛിച്ചുതള്ളി പുടിൻ, ‘‘എല്ലാ അർഥത്തിലും റഷ്യ സ്വയംപര്യാപ്ത’’മെന്ന്. നരേന്ദ്ര മോദി രണ്ടു കൊല്ലമായി ചൊല്ലുന്നു, ‘ആത്മനിർഭർ ഭാരത’ മന്ത്രം. യൂറോപ്യൻ യൂനിയൻ ഒത്തുപിടിക്കുന്നത് സാമ്പത്തിക സ്വയംഭരണത്തിന്. വ്യാപാര-വാണിജ്യ ബന്ധങ്ങളുടെ തൂക്കമിളച്ച് സ്വയംപര്യാപ്തതക്ക് ഉദ്യമിക്കുന്ന പ്രവണത, ഗൗരവമുള്ള വിടുതിയാണ് ആഗോളീകരണത്തിൽനിന്ന്. ഈ ‘ഉൾവലിവ് പുത്തരിയൊന്നുമല്ല.
ഏറെ നൂറ്റാണ്ടുകളായുണ്ട് ഈ ത്വര, വൈയക്തികവും സാമൂഹികവുമായ തലങ്ങളിൽ. ജാതിസാഗരമായ ഇന്ത്യാപ്രദേശത്ത് ‘‘സ്വയംപര്യാപ്ത ഗ്രാമങ്ങൾ’’ എന്ന സാമ്പത്തിക കൽപന ഏതാണ്ട് 900 കൊല്ലം നിലനിന്നു –ബ്രാഹ്മണാധിപത്യത്തിന്റെ സാമൂഹികോപാധിയായി. ഒടുവിൽ ബ്രിട്ടീഷുകാർ വന്ന് മനുഷ്യരെയും വിഭവങ്ങളെയും ഇതാദ്യമായി. മുതലാളിത്ത ശൈലിയിൽ കൈകാര്യം ചെയ്തപ്പോഴാണ് ഈ ഗ്രാമസങ്കൽപത്തിന്റെ ഉള്ളു വെളിവായതും കള്ളി പൊളിഞ്ഞതും. ചിതറിക്കിടന്ന നാട്ടുരാജ്യങ്ങളെ ചുളുവിൽ കൈയടക്കാൻ സായ്വിന് തുണയായി, ‘സ്വയം പര്യാപ്തത’യുടെ ഈ വ്യാജപ്രയോഗം.

വ്ലാദിമിർ പുടിൻ,ഷി ജിൻപിങ്
അലക്സാണ്ടർ ചക്രവർത്തി: ‘‘അങ്ങേക്ക് എന്താണ് വേണ്ടത്, എന്താണെങ്കിലും ചോദിച്ചുകൊൾക:’’
ഡയോജനീസ്: ‘‘എനിക്ക് വെട്ടം മായാതെ തെല്ലൊന്ന് മാറിനിന്നുതരിക.’’
24 നൂറ്റാണ്ട് തഴമ്പിച്ച ഈ പ്രശസ്ത കഥയിലുണ്ട് സ്വയംപര്യാപ്തതക്കുള്ള മനുഷ്യവാഞ്ഛയുടെ നാഡീമിടിപ്പ്. പ്രാചീനം മുതൽക്കേ മനുഷ്യൻ അതിനെ മൂല്യവത്തായ നന്മയായി കണ്ടിരുന്നു –പരാശ്രയത്തെ, വിവേകം നേടാനുള്ള ശേഷിയുടെ അടിയറവായും. ജനായത്തത്തിന്റെ പ്രാഗ് രൂപമായ യവനത്തെ ‘സിറ്റി-സ്റ്റേറ്റ്! -സ്വയംപര്യാപ്തമായിരുന്നു അത്. ‘‘ഏകാന്തവാസിയായ വ്യക്തിയെ സംബന്ധിച്ച് മാത്രമല്ല ഈ വാക്ക്, കുട്ടികളും രക്ഷിതാക്കളും സുഹൃത്തുക്കളും സഹപൗരരുമുള്ള സാമൂഹികതയോടു ചേർത്തുള്ളതുമാണ്.’’
സ്വയം പര്യാപ്തതയെക്കുറിച്ച അരിസ്റ്റോട്ടിലിന്റെ ഈ നിലപാട് യൂറോപ്പിൽ ക്രൈസ്തവ യുഗത്തിലേക്കും പകർന്നു, തോമസ് അക്വിനാസ്. ‘‘സൃഷ്ടികർമത്തിന് ദൈവം ആരെയും ആശ്രയിച്ചി’’ല്ലെന്നു പറഞ്ഞ് സംഗതിക്കൊരു ആത്മീയമാനവുമേകി. സ്വാശ്രയത്വമുള്ളവർ ദൈവത്തോട് അടുക്കുന്നെന്ന് ധ്വനി. ഒരുപടികൂടി കടന്ന് ഇത്രകൂടി പറഞ്ഞുവെച്ചു: ‘‘വ്യാപാരം മനുഷ്യഹൃദയത്തിലെ ആർത്തി ഉണർത്തുന്നു.’’ (On Kingdom). അഞ്ചു നൂറ്റാണ്ടോളം പിന്നെ ക്രൈസ്തവ യൂറോപ്പിൽ ആടിയത് ഈ വിചാരലീല. മധ്യകാലഘട്ടശേഷം സ്വയാശ്രയാദർശം പുനരുദ്ധരിച്ചത് റൂസ്സോ. പഴകിയൊരു നരവംശാശയത്തെ ആശ്രയിച്ചായിരുന്നു വ്യാഖ്യാനം. ‘‘...മനുഷ്യൻ പ്രകൃത്യാ തന്നെ ഏകാകി...ഇണചേരാൻ മാത്രമാണവൻ മറ്റുള്ളവരോട് സമ്പർക്കപ്പെട്ടിരുന്നത്. സംസാരമില്ല, പാർപ്പിടമില്ല, ബന്ധങ്ങളില്ല, ശത്രുതയില്ല... മറ്റുള്ളവരെ ആശ്രയിക്കുകയും സ്വന്തമായി വിഭവങ്ങളില്ലാതിരിക്കയും ചെയ്യുന്നവൻ ഒരിക്കലും സ്വതന്ത്രനല്ല.’’ (Discourse on Inequality).

നരേന്ദ്ര മോദി,ഡോണൾഡ് ട്രംപ്
സ്വയംപര്യാപ്തതയെ ആഗോള രാഷ്ട്രീയത്തിലേക്ക് ആദ്യമായി സന്നിവേശിപ്പിച്ചത് ജർമൻ ചിന്തകൻ യോഹാൻ ഫിഷ്റ്റ. രാഷ്ട്രങ്ങൾക്കിടയിലെ ബന്ധം കെടുത്തുന്നത് വ്യാപാരമത്സരമാണെന്ന് അദ്ദേഹം സമർഥിച്ചു. ആ ചിന്തയ്ക്കൊരു പുതുദിശ നൽകുകയാണ് ചാൾസ് ഫോറിയേ ചെയ്തത്- സംശയിക്കേണ്ട, ഭൂമിയിലെ സമുദ്രങ്ങൾ ഒരുനാൾ നാരങ്ങാവെള്ളമാകും, മനുഷ്യർക്ക് വാലുമുളയ്ക്കും എന്നൊക്കെ നിരുവിച്ച അതേ പുള്ളി. സ്വയംപര്യാപ്തതക്കു മേൽ ആളിന്റെ വിഭാവന പുതിയൊരു സമുദായം തന്നെയായിരുന്നു –ഫാലൻസ്റ്റെറി. പഴയ യവന സേനാവ്യൂഹവും (ഫലാങ്ക്സ്) സന്യാസിമഠവും (മൊണാസ്റ്ററി) കൂട്ടിത്തുന്നിയ ഉരുപ്പടി. അതാണ് പിന്നെ 1960കളിൽ ഹിപ്പികൾ തീർത്ത കമ്യൂൺ ജീവിതത്തിന് പ്രചോദനമായത്. ഇസ്രായേലിലെ കിബ്ബുട്സീം, പരിസ്ഥിതി പ്രസ്ഥാനങ്ങൾക്കിടയിലെ ‘ഡീ-ഗ്രോത്’ സംഘങ്ങൾ... അങ്ങനെ പലരും വാറ്റിയിട്ടുണ്ട് ഫോറിയേയുടെ സങ്കൽപത്തിൽനിന്നൂർജം.
ഇത്രയ്ക്കൊരു ഗോത്ര തീവ്രതയില്ലാതെ തന്നെ ആഗോളീകരണത്തെ എതിർത്തുപോന്നവയാണ് ഇടതു രാഷ്ട്രീയ പ്രസ്ഥാനങ്ങൾ. ഉള്ളോരെ കൂടുതൽ ഉള്ളവരും ഇല്ലാത്തോരെ കൂടുതൽ ഇല്ലായ്മക്കാരുമാക്കുന്ന സാമ്പത്തിക പ്രക്രിയ എന്ന നിലക്ക്. ഇവിടെയും തദ്ദേശ സ്വയംപര്യാപ്തതക്കാണ് മുൻഗണന, പ്രാദേശിക ജനതക്ക് തൻകാര്യത്തിലുള്ള മേലധികാരത്തിനും. ആ യുക്തിയുടെ പർവതീകരണമാണ് ഗാന്ധിയിൽ നാം കണ്ടത്. ‘‘കുഞ്ഞുകുഞ്ഞ് ഏദൻതോപ്പുകൾ’’ –സ്വയംഭരണ ഗ്രാമങ്ങളുടെ ശൃംഖല. അതാണ് സ്വതന്ത്രേന്ത്യക്ക് രാഷ്ട്രതാതൻ വിവക്ഷിച്ച രാഷ്ട്രീയരൂപം. ‘‘...സ്വന്തം ആവശ്യത്തിനുള്ള ധാന്യങ്ങളും വസ്ത്രങ്ങളും മാത്രമല്ല, വേണ്ടിവന്നാൽ സ്വയം പ്രതിരോധിക്കാനുള്ള ശേഷിയും സ്വായത്തമാക്കുന്ന’’ ഗ്രാമസ്വരാജ്. സ്വയംപര്യാപ്തതക്ക് സങ്കുചിതത്വമെന്ന അർഥമില്ലെന്നു പറയുമ്പോഴും ഗാന്ധിയുടെ സ്വരത്തിൽ സേങ്കാചനത്തിന്റെ ധ്വനിയില്ലാതില്ല; ‘‘വൈദേശീയവും ഉപരിപ്ലവവുമായതെല്ലാം നിരാകരിക്കുക നമ്മുടെ അവകാശവും ചുമതലയുമാണ് –അതൊക്കെ നമുക്ക് ആവശ്യവും സ്വയം നിർമിക്കാനാവുന്നതുമെങ്കിൽ.’’
സാമ്രാജ്യത്വ ബ്രിട്ടന്റെ മുതലാളിത്തത്തിന് എതിരെ പിടിച്ച പരിചയായിരുന്നു പ്രാഥമികമായി ഈ നിലപാട്. ഒരു സ്വതന്ത്ര രാഷ്ട്രത്തിന് അതെത്രകണ്ട് യോജ്യമെന്ന കാര്യം വേറെ. താൻസനിയയിൽ ജൂലിയസ് നയ് രേരെ അതൊന്നും ആലോചിച്ചില്ല. ഗാന്ധിയെ പകർത്തി ‘ഉജാമാ’ ഇറക്കി. അതുപ്രകാരം ട്രാക്ടർ കളഞ്ഞ് കലപ്പയിലേക്ക് മടങ്ങി –ആഫ്രിക്കൻ സാമ്പത്തികജീവിതത്തെ വക്രീകരിച്ചു വശാക്കിയ കോളനിഭരണത്തിനും നഗരവത്കരണത്തിനും മറുമരുന്നായി.
പുരോഗമന ചിന്തക്ക് എവിടെയുമുണ്ട് സ്വയംപര്യാപ്തതയുടെ ഉള്ളടക്കമെന്നർഥം. എന്നുവെച്ച്, വിചാരിക്കുമ്പോലത്ര നിഷ്കളങ്കമാവണമെന്നില്ല അതിന്റെ ഭവിഷ്യത്ത്. ഒന്നാം ലോകയുദ്ധത്തിൽ ബ്രിട്ടീഷ് നാവികപ്പട ചരക്കുപരോധം വഴി ജർമനിയെ പട്ടിണിക്കിട്ടു. ഈ അനുഭവം ചൂണ്ടിക്കാട്ടിയാണ് പിന്നീട് ഹിറ്റ്ലർ അയൽപക്കം കവരാനുള്ള വിനാശകരമായ ആശയമിറക്കുന്നത് –ലേബെൻസ്രാം: ‘‘അസംസ്കൃത വസ്തുക്കളുടെ അക്ഷയഖനിയായ യുറാൽ പർവതനിരകളും വിശാല വനഭൂമിയായ സൈബീരിയയും ഗോതമ്പുപാടങ്ങളുടെ കലവറയായ യുെക്രയ്നും കൈവശമുണ്ടെങ്കിൽ ജർമനിക്ക് പിന്നെ സമൃദ്ധിയിൽ നീന്തിത്തുടിക്കാം.’’ കിഴക്കൻ ദേശങ്ങൾ കവരാനുള്ള ഈ ആശയമാണ് രണ്ടാം ലോകയുദ്ധത്തിന്റെ ബീജങ്ങളിലൊന്ന്. ചേതോവികാരം സ്വയംപര്യാപ്തത. വിരോധാഭാസമായി തോന്നാം –ഇപ്പറഞ്ഞ നിധിദേശങ്ങൾ കീശയിലുള്ള സ്റ്റാലിനും മറ്റൊരു വിധേന തോന്നിയത് അതേ അരക്ഷിതത്വം. അതുകൊണ്ട് പുറംലോകത്തുനിന്ന് ഇരുമ്പുമറയിട്ട് ഈ സ്വയംപര്യാപ്തത പുലർത്തി. ദേശരക്ഷയുടെ പേരിൽ സമാനനയം വരിച്ച മറ്റൊരാളാണ് മാവോ. 1950കളിൽ ചീനയുടെ ‘‘ഗ്രേറ്റ് ലീപ് ഫോർവേഡി’’ന്റെ ആദ്യ ആഹ്വാനമോർക്കുക –കർഷകരെല്ലാം അവരവരുടെ ഇരുമ്പ്, സ്റ്റീൽ പാത്രങ്ങളും പണിക്കോപ്പുകളും ഉരുക്കി സർക്കാറിലേൽപിക്കുക; ദേശീയ ഉരുക്കുവ്യവസായം സൃഷ്ടിക്കാൻ.
ഡോണൾഡ് ട്രംപിന്റെ ഇന്നത്തെ ചെയ്തികളിൽ അത്ഭുതമോ ബേജാറോ തോന്നുക ചരിത്രത്തെക്കുറിച്ച അജ്ഞത സമ്പൂർണമായവർക്കു മാത്രം. ഒന്നാം പ്രസിഡന്റ് ജോർജ് വാഷിങ്ടന്റെ പ്രഥമ സന്ദേശംതന്നെ സൈനികമായി സ്വാശ്രയരാവുക എന്നായിരുന്നു. ‘‘അതിനുവേണ്ടി സ്വന്തം വ്യവസായാടിത്തറ കെട്ടിയുയർത്തുക. അതിലേക്ക് സ്വദേശി കമ്പനികളെ പ്രാപ്തരാക്കാൻ ഇറക്കുമതിച്ചുങ്കം ഭീമമായി ഉയർത്തി നിർത്തുക.’’ അങ്ങനെ അമേരിക്കൻ പാർലമെന്റിന്റെ ആദ്യ നടപടികളിലൊന്നു തന്നെ ഇറക്കുമതിത്തീരുവ കൂട്ടലായി. അവിടെവെച്ച് മുതലാളിത്ത അമേരിക്ക തിരുത്തുകയായിരുന്നു. സ്വന്തം പ്രത്യയശാസ്ത്രപിതാവ് ആദം സ്മിത്തിനെ –‘സ്വതന്ത്ര വിപണി’ക്ക് സ്വദേശീ സംവരണം തിരുകിക്കൊണ്ട്. 1790ലാണ് ഒന്നാം പ്രസിഡന്റിന്റെ കന്നിപ്രസംഗം. അതേ വേദിയിൽ 2025ൽ 47ാം പ്രസിഡന്റ് നടത്തിയ പ്രസംഗം നോക്കൂ: ‘‘ഉരുക്കും മറ്റു ചില വസ്തുക്കളുമില്ലെങ്കിൽ നമുക്കൊരു സൈന്യമില്ല. തുറന്നുപറഞ്ഞാൽ പിന്നെ അധിക കാലമുണ്ടാവില്ല, നമുക്ക് ഒരു രാജ്യം.’’ ഉരുക്ക് ഇറക്കുമതിക്ക് ചുങ്കം പെരുക്കിയതിന്റെ ന്യായം വിശദീകരിച്ച വിധമാണിത്. യു.എസിന്റെ പിറവിക്കാലത്തെ അതേ ആശയം പുനർജനിപ്പിക്ക മാത്രമായിരുന്നു ട്രംപ്, സ്വയംപര്യാപ്തതയെ രാജ്യരക്ഷയോട് ബന്ധിപ്പിച്ച്.
വ്യാപാരത്തിന്റെ, യന്ത്രവിദ്യയുടെ, നിക്ഷേപത്തിന്റെ, കുടിയേറ്റങ്ങളുടെ ആഗോളീകരണം പലേ രാജ്യങ്ങൾക്കും പകർന്നത് ഗുണത്തേക്കാളേറെ ദോഷം. സ്വയരക്ഷക്കായി അവ സ്വയംപര്യാപ്തതയുടെ സഹജത്വരയിലേക്ക് ചായുമ്പോൾ, അത് സാമ്പത്തികമായ സാമൂഹികവിരുദ്ധതയായി മാറുന്നതും സ്വാഭാവികം. അതുകൊണ്ടാണ്, സ്വയംപര്യാപ്തത ഒരാശയമോ പദ്ധതിയോ ആയി മുന്നോട്ടുവെക്കുമ്പോൾ പ്രാദേശിക മനുഷ്യർ സർവഭേദങ്ങളും മറന്ന് പിന്നിൽ അണിചേരുന്നത്. ആഗോളീകരണം വാസ്തവത്തിൽ മനുഷ്യന്റെ ആഗോളീകരണമായില്ല. വിനിമയ മാധ്യമങ്ങളുടെ പ്രതീതിമറയിൽ പടുത്ത ആഗോളഗ്രാമം മനുഷ്യജീവിതത്തെ ശിഥിലമാക്കുകയാണ് കൂടുതലും ചെയ്തത്. മുതലിന്റെ കൽപനാ ലോകമല്ല യഥാർഥ മനുഷ്യലോകം. അതുകൊണ്ടാണ് അമ്മാതിരി ആഗോളീകരണം നിരാകരിക്കപ്പെടുന്നത്. അതിന്റെ ആദ്യപടിയാണ് ലോകവ്യാപകമായി ഇന്നു കണ്ടുവരുന്ന സ്വാശ്രയ ഭ്രമം.
ഇതുപക്ഷേ മെച്ചപ്പെട്ടൊരു പരിപ്രേക്ഷ്യത്തിലേക്കുള്ള മുൻപോക്കല്ല. വ്യഗ്രത പൂണ്ട പൗരാവലികളെ വസൂലാക്കുന്ന തീവ്ര വലതുപക്ഷങ്ങളുടെ എളുപ്പവഴി മാത്രം. സങ്കുചിത ദേശീയതയും സാംസ്കാരിക ഭ്രാന്തും കോമരം തുള്ളുകയാണ് ഗോളമെമ്പാടും. സ്വാഭാവികമായും വിവേകിയായ മനുഷ്യന്റെ പണി ഇരട്ടിക്കുന്നു. ഒന്ന്, പുതിയൊരു മാനവികമായ സാമ്പത്തിക പരിപ്രേക്ഷ്യം സൃഷ്ടിക്കുക. രണ്ട്, ഉന്മത്തരായ തദ്ദേശീയ രാഷ്ട്രീയ വ്യാളികളെ മറികടക്കുക. സ്വാശ്രയത്വവും പാരസ്പര്യവും സന്തുലമാക്കുന്ന ഒരാഗോള വ്യവസ്ഥിതി ആവശ്യപ്പെടുന്നത് മനുഷ്യജീവി മാത്രമല്ല ഭൂമി എന്ന ആവാസപ്പുര കൂടിയാണ്. തൽക്കാലം പക്ഷേ, ആകെ കുഴമറിഞ്ഞ നില. ബിൽ വാട്ടേഴ്സന്റെ കാർട്ടൂൺ കഥയിൽ ഹോബ്സിനോട് കാൽവിൻ പറഞ്ഞപോലെ ‘‘എത്ര നല്ല അലമ്പിലാണ് നമ്മൾ പെട്ടിരിക്കുന്നത്!’’ (‘‘What a fine mess we are into.’’)

