Begin typing your search above and press return to search.

ഹാജർ

ഹാജർ
cancel

...തണുത്തും ചീർത്തും കിടക്കുന്ന ഇരുട്ടിൽ ചവിട്ടിച്ചവിട്ടി ഞങ്ങൾ നടന്നു. ഒരു കാൽപെരുമാറ്റം പിന്നിൽ കേൾക്കുന്നതായി എനിക്ക് തോന്നി. വഴിയിലെ പൊടിമണലിൽ ചെരുപ്പ് ഉരയുന്നപോലെ, ഞങ്ങളോടൊപ്പം ആ ശബ്ദം നടക്കുന്നപോലെ. പിന്നിലേക്ക് നോക്കി ഇരുട്ടിനോട് ഞാൻ ചോദിച്ചു: ‘‘ആരാ, അത്?’’ മറുപടിയൊന്നും കേട്ടില്ല. ഠഠഠ ...ലൈറ്റണഞ്ഞു. തണുത്ത ഇരുട്ടിൽ തലക്കു പിന്നിൽ കൈകൾ തിരുകി ഞാൻ മലർന്നുകിടന്നു. കഴിഞ്ഞ വർഷത്തെ ആ രാത്രിയിലേക്ക് തലചായ്ച്ച് അങ്ങനെ കിടക്കുമ്പോൾ ഉറക്കം ഇരുട്ടിൽ മറഞ്ഞുനിന്ന് നഖം കടിച്ചുതുപ്പുന്നു. ഞാൻ ഇവിടെ തനിച്ചല്ലെന്ന് തോന്നിത്തുടങ്ങി. ഇനിയൊരാളുടെ സാന്നിധ്യം ഞാൻ അനുഭവിക്കാൻ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

...തണുത്തും ചീർത്തും കിടക്കുന്ന ഇരുട്ടിൽ ചവിട്ടിച്ചവിട്ടി ഞങ്ങൾ നടന്നു. ഒരു കാൽപെരുമാറ്റം പിന്നിൽ കേൾക്കുന്നതായി എനിക്ക് തോന്നി. വഴിയിലെ പൊടിമണലിൽ ചെരുപ്പ് ഉരയുന്നപോലെ, ഞങ്ങളോടൊപ്പം ആ ശബ്ദം നടക്കുന്നപോലെ. പിന്നിലേക്ക് നോക്കി ഇരുട്ടിനോട് ഞാൻ ചോദിച്ചു:

‘‘ആരാ, അത്?’’

മറുപടിയൊന്നും കേട്ടില്ല.

ഠഠഠ

...ലൈറ്റണഞ്ഞു. തണുത്ത ഇരുട്ടിൽ തലക്കു പിന്നിൽ കൈകൾ തിരുകി ഞാൻ മലർന്നുകിടന്നു. കഴിഞ്ഞ വർഷത്തെ ആ രാത്രിയിലേക്ക് തലചായ്ച്ച് അങ്ങനെ കിടക്കുമ്പോൾ ഉറക്കം ഇരുട്ടിൽ മറഞ്ഞുനിന്ന് നഖം കടിച്ചുതുപ്പുന്നു.

ഞാൻ ഇവിടെ തനിച്ചല്ലെന്ന് തോന്നിത്തുടങ്ങി. ഇനിയൊരാളുടെ സാന്നിധ്യം ഞാൻ അനുഭവിക്കാൻ തുടങ്ങി...

-(മൂന്നാമതൊരാൾ/ മുണ്ടൂർ കൃഷ്ണൻകുട്ടി)

ഇന്നലെകളിൽ ഒപ്പമുണ്ടായിരുന്ന പ്രിയപ്പെട്ടവളുടെ സാന്നിധ്യമാണ് ഇവിടെ അസാന്നിധ്യത്തിലൂടെ അയാൾ അനുഭവിക്കുന്നത്, നമ്മെ അനുഭവിപ്പിക്കുന്നത്. അങ്ങനെയൊരാൾ കഥയിൽ കടന്നുവരുന്നതേയില്ല -വാക്കിലോ ഒാർമയിലോ. പക്ഷേ, ആ സാന്നിധ്യം നിഴലുപോലെ, സദാ. ആ നിഴൽ തന്നെയാകുന്നു ജീവൻ, കഥയുടെ. വായിച്ച് വർഷങ്ങളെത്ര കഴിഞ്ഞിട്ടും നെഞ്ചിൽ നാരിട്ട് വരയുന്ന അദൃശ്യസാന്നിധ്യമായി അത്, ഇന്നും.

‘ഉൺമയും ഇൻമയും’ –അസ്തിത്വവാദത്തിന്റെ പ്രമാണഗ്രന്ഥം. അതിലൊരു ചെറുസംഭവം പറയുന്നുണ്ട്, സാർത്ര്. ചങ്ങാതി പിയറിയെ കാണാൻ പോയതാണ് കാപ്പിക്കടയിൽ. പറഞ്ഞുവെച്ചതിലും ലേശം വൈകിപ്പോയി. കടയിൽ ചെന്നപ്പഴുണ്ട്, അതിനുള്ളിലെ ‘ഉൺമയുടെ നിറവ്’ കണ്ട് സ്തംഭിച്ചുപോയി. സിഗരറ്റു പുകയുടെ വലയങ്ങൾകൊണ്ട് കനത്ത അന്തരീക്ഷം. ആളുകൾ മുന്നോട്ടാഞ്ഞിരിക്കുന്നു, ഇരിപ്പിടങ്ങളിൽ. പതിഞ്ഞ ഒച്ച, പാത്രങ്ങളുടെ കലമ്പൽ, ആകെ മുഖരിതം. വശത്തെ ഭിത്തിയിലുള്ള കണ്ണാടിയിൽ ഈ രംഗത്തിന്റെ പ്രതിബിംബം. അവിടുള്ള മുഖങ്ങളും വസ്തുക്കളും സാർത്ര് ഓടിച്ചുനോക്കുന്നു, പിയറിക്കായ്. കണ്ണിൽപെടുന്ന ഓരോന്നും അവബോധത്തിൽ ഒരു നിമിഷം തങ്ങുന്നു; പിറ്റേമാത്ര അടുത്തതിലേക്ക്. അതൊന്നും പിയറിയല്ല, ഓരോ കണിയും രംഗവേദിയുടെ ‘നില’ത്തേക്കുതന്നെ മടങ്ങുന്നു, അവബോധത്തിൽ ഇടംപിടിക്കാതെ. ‘‘ഞാൻ മുറിയാകെ നോക്കുന്നു, അന്തേവാസികളെയും. എന്നിട്ട് സ്വയം പറയുന്നു, അയാൾ ഇവിടില്ല.’’

പിയറിയുടെ അസാന്നിധ്യം ഇൻമയാണെന്ന് സാർത്ര്. ഇല്ലായ്മ, അത് ശ്രദ്ധയുടെ കേന്ദ്രമായിത്തീരുന്നു. അങ്ങനെ, ശൂന്യത എന്ന് കരുതപ്പെടുന്നിടത്ത് അസാന്നിധ്യം ഉൺമയാവുകയായി. സാർത്ര് ഇവിടെ കാട്ടിത്തരുന്നത്, അസാന്നിധ്യങ്ങൾ സ്വന്തംനിലക്ക് എങ്ങനെ നമ്മുടെ ലോകത്ത് സാന്നിധ്യങ്ങളാവുന്നു എന്നതാണ്. ഹാജരില്ലാത്തതെന്ന് നാം അർഥമാക്കുന്നത് സാന്നിധ്യം എന്ന സങ്കൽപത്തിൽ കയറിക്കൂടുന്നതെങ്ങനെ?

‘‘അയാൾ അവിടെയില്ലെന്ന് ഞാൻ കണ്ടു.’’ സാർത്ര് ഇങ്ങനെ പറയുമ്പോൾ, ഇല്ലാത്ത വസ്തുവിലാണ് കണ്ണുടക്കിയത്. അസാന്നിധ്യത്തെയാണ് കാണുന്നത്. അഥവാ അസാന്നിധ്യത്തിന്റെ സാന്നിധ്യം അനുഭവിക്കുന്നു, മനസ്സ്. ഇതൊരു നിത്യാനുഭവമാണ്, സാർത്രിന് മാത്രമല്ല നമുക്കും. ഇല്ലായ്മയെ ‘കാണാൻ’ അകക്കണ്ണ്​ തുറക്കണം, ഉള്ളതി​ന്റെ വിപരീതം ​​ഗ്രഹിക്കണം. ഇല്ലായ്മ എന്നു പറയുമ്പോൾ ആത്യന്തികമായ മറ്റൊന്നിന്റെ ധ്വനിയാണ് ഉള്ളിൽ ലീനമാവുക –മരണത്തിന്റെ. മറിച്ചുമാറ്റാനാവാത്ത ആ അസാന്നിധ്യത്തിന്റെ. ഇതാണ് മനുഷ്യജീവിതങ്ങളുടെയെല്ലാം കേന്ദ്രപ്രമേയം സാർത്രിന്. ഒറ്റപ്പെട്ട കാഴ്​ചയൊന്നുമല്ലിത്​.

ജോർജ് മകേ ബ്രൗൺ. ജീവിതം മുഴുക്കെ ഒരൊറ്റ ദ്വീപിൽ കഴിഞ്ഞ കവി –സ്കോട്‍ലൻഡിന്റെ ഭാഗമായ ഓക്​നി ദ്വീപിൽ. അവിടത്തെ കുറിയ തെരുവുകളിൽ നിത്യപ്പതിവായ നടത്തം. നടപ്പാതകളിൽ വിരിച്ച ചാരനിറമുള്ള പാവുകല്ലുകൾ. അതിന്മേൽ നടന്നുനടന്ന് ആയുസ്സ് തേയുമ്പോൾ കവിമനസ്സ് ഉടക്കിയത് മറ്റൊരു തേയ്മാനത്തിൽ: ‘‘എത്രയോ കാലമായി എത്രയോ കാലടികളേറ്റ് വല്ലാതെ മിനുസമാർന്നിരിക്കുന്നു, ഈ കല്ലുകൾ. വൃദ്ധരുടെ മനസ്സിൽ ജീവിച്ചിരിക്കുന്നോരെ അധികരിച്ചിരിക്കുന്നു പരേതർ എന്നതിന്റെ തെളിവ്.’’ (ഓക്​നി ടാപസ്ട്രി).

വയസ്സേറുന്തോറും മനസ്സിൽ പരേതരുടെ ജനസംഖ്യ ഏറിവരുന്നത് വയസ്സർക്കറിയാം. ഓക്​നിയിൽ മാത്രമല്ല, എവിടെയും. കണ്ടുവളർന്നവർ, കൂടെ പഠിച്ചവർ, ഒപ്പം പണിഞ്ഞവർ... കൊഴിയുന്ന ഇലകൾ ഓരോന്നും അസാന്നിധ്യംകൊണ്ട് ഉള്ളുനിറക്കും. ഓർമകളുടെ ഹെർബേറിയമല്ലത്, സജീവതയുടെ ഹിന്ദോളം. അങ്ങനെയാവാൻ കിഴവാകണമെന്നില്ല. കുട്ടിക്കാലത്തേ നമ്മളറിയുന്നുണ്ട്, ഹാജരല്ലാത്തതിന്റെ ഉൺമ. അമ്മ അടുത്തില്ലെങ്കിൽ വേഗം മണക്കുന്നു, ശിശു. ഈ ശേഷി വളരുക മാത്രമാണ് മനുഷ്യൻ മുതിരുന്ന ശിഷ്ടകാലമത്രയും.

നാലിലോ അഞ്ചിലോ പഠിക്കുന്ന കാലം. ചങ്ങാതിയൊരുവന്റെ അമ്മ മരിക്കുന്നു, അകാലത്ത്. അവനറിയാം അമ്മ പോയെന്ന്. പക്ഷേ, എവിടെ? അറിയില്ല. മധ്യവേനലൊഴിവിന് ഊഞ്ഞാലാടുമ്പോൾ പൊടുന്നനെ നിർത്തി അവൻ മീതേക്ക് ​ചൂണ്ടി. തെല്ലകലെ പുളിമരക്കൊമ്പത്തൊരു മോതിരത്തത്ത (അതോ ചെങ്ങാലിയോ, ഒാർമ പോരാ). ‘‘അമ്മയെ നോക്കിയിരിക്കയാണത്.’’ ആരോടെന്നില്ലാതെ അവനത് പറഞ്ഞപ്പോൾ ഞങ്ങൾ ചുറ്റിലും പരതി, അവിടെങ്ങുമില്ല അമ്മക്കിളി. അമ്മയുടെ അസാന്നിധ്യത്തെ ഉറ്റുനോക്കിയതാണ് ചങ്ങാതി. ആ നോക്ക് ഞങ്ങളും പങ്കിട്ടിരുന്നെന്ന് ഇന്നറിയുന്നു. കൂട്ടത്തിൽ ലേ​ശം മുതിർന്നോർ കളിതമാശകൾകൊണ്ട് നോക്ക് ​മാറ്റാൻ ശ്രമിക്കുമ്പോഴും ഉള്ളിൽ വിരിഞ്ഞുകൊണ്ടിരുന്നു, ആ ഇൻമയുടെ ഇതളുകൾ.

മറ്റൊരിക്കൽ–

മടക്കാത്ത തപാൽ കാർഡ് അവന്റെ മേലുടുപ്പിന്റെ കീശയിൽ. സെൽഫോണൊന്നും ഭൂജാതമായിട്ടില്ലന്ന്. അകലത്തുള്ളവരോട് കത്തിലൂടെയാണ് മിണ്ടാറ്. ‘എഴുത്ത് അയയ്ക്കുക’യെന്നാ പറയുക. കീശയിലെ കാർഡ് അമ്മക്കുള്ള എഴുത്താണെന്ന് അവൻ പറഞ്ഞു. സ്നേഹത്തിനു വഴങ്ങി കാണിച്ചുതന്നു, എഴുത്ത് അപൂർണം, രണ്ട് വാക്ക് മാത്രം: ‘‘പ്രിയപ്പെട്ട അമ്മയ്ക്ക്...’’

മൺമറഞ്ഞ അച്ഛനമ്മമാർ, കൺമറഞ്ഞ കുഞ്ഞുങ്ങൾ, വേർപെട്ട സ്നേഹിതർ... അദൃശ്യ യാഥാർഥ്യങ്ങൾ ജീവിതത്തിന്റെ ചുറ്റുവേലിക്കലെ കാവലാളുകളെപ്പോലെ. അസാന്നിധ്യങ്ങൾ അങ്ങനെയാണ് ഹാജരുവയ്ക്കുക, മിക്കപ്പോഴും. ഇല്ലാത്തതിന്റെ ഉൺമ, ഉള്ളതിന്റെ തീവ്രതയോടെ പുലരുന്നുണ്ട്, ആരുടെ ജീവിതത്തിലും, നമ്മൾ അവയോട് ഇടപഴകുന്നു, കൂട്ടുകൂടുന്നു. മുതിർന്നുപോയ മകളുടെ സാന്നിധ്യത്തിൽ ആനന്ദിക്കയും അമ്മ കൂടക്കൂടെ നേർത്ത നോ​വോടെ താലോലിക്കുന്നുമുണ്ട്, അവളുടെ ഭൂതകാലമായ കുഞ്ഞിനെ. ആ കുഞ്ഞ് എവിടെപ്പോയി –അമ്മമനസ്സ് ചോദിച്ചുകൊണ്ടിരിക്കും. അത് വളർന്ന് മറ്റൊരാളായിപ്പോയെന്ന് അവരുടെ ബുദ്ധിക്കറിയാം. അതെ, മറ്റൊരാൾ! അപ്പോഴും അറിവുകൾക്കിടയിലൂടെ ഓടിക്കളിക്കുന്നുണ്ടാവും ആ കുഞ്ഞ്. ബോധം നിരാകരിക്കുമ്പോഴും പ്രജ്ഞ അറിയുകയാണ് ഈ അനുഭവത്തിന്റെ നേര്. അതറിയുന്നില്ലെന്ന് കരുതുന്നതെന്തിന്?

‘ആത്മാക്കൾ’ നിറഞ്ഞ പ്രേതാലയമാവും മനസ്സെന്ന ഭീതികൊണ്ടോ? ശരിയായ പ്രതി പ​േക്ഷ മരണഭയമ​ല്ലേ –ഒടുക്കം വരാനിരിക്കുന്ന സ്വന്തം അസാന്നിധ്യം, സ്വന്തം ഇൻമ? ജപമാലയിലെ മുത്തുകൾ എണ്ണിയെണ്ണി നീങ്ങുന്ന പ്രാർഥനപോലെ മറിഞ്ഞുമറിഞ്ഞ് പോകയാണ്, ആയുസ്സിന്റെ താളുകൾ –കലണ്ടറിൽ ഒരു നാൾ കൂടുമ്പോൾ ആയുസ്സിൽ ഒരു നാൾ കുറയുന്നു.

മനുഷ്യാവസ്ഥയെ ഭരിക്കുന്ന നിഷ്ഠുരമായ ഗണിതത്തെപ്പറ്റി എഴുതിയതാരാണ്, കാമുവല്ലേ? ഉൺമയുടെ നിറവിലും നമ്മിൽ ഒളിഞ്ഞുകിടക്കുന്ന അജ്ഞാതമായൊരു ഗണിതയന്ത്രമുണ്ട്. അത് കണക്കുകൂട്ടി​ക്കൊണ്ടേയിരിക്കുന്നു –നമ്മുടെ സാന്നിധ്യം എന്നവസാനിക്കും, അസാന്നിധ്യം എന്നാരംഭിക്കുമെന്ന്. മരണത്തിൽ മനുഷ്യൻ പേടിക്കുന്ന ‘ശൂന്യത’ ജീവിതത്തിലുടനീളം നിഴലായി നീളുന്നു. പിടിച്ചുനിൽപിനായി അള്ളിപ്പിടിക്കുന്നത്, മൺമറഞ്ഞാലും നമുക്കായി നിലകൊള്ളുന്ന സാന്നിധ്യങ്ങളെത്ത​ന്നെയാണ്​^ ജീവൻമുക്​തി, നിത്യജീവൻ, ബ്രഹ്മപദം, സ്മാരകങ്ങൾ, ശേഷിപ്പുകൾ, ഒസ്യത്ത്... നന്നങ്ങാടിയില്ലാത്ത നാട്ടുകൂട്ടമേതുണ്ട്, കല്ലറയിൽ പേരു പതിക്കാത്ത സംസ്കാരം? സത്യത്തിൽ ഈ അനുഷ്ഠാനങ്ങൾ പരേതരുടെയല്ലാ, ജീവിച്ചിരിക്കുന്നോരുടെ ആവശ്യമാണ്. ശൂന്യതാഭയം പോക്കാൻ ഇൻ​മപ്പേടി മായ്ക്കാൻ. എന്നിട്ടുതകുന്നു​ണ്ടോ അത്? നൂറ്റാണ്ടുകൾ താണ്ടിയെത്തുന്നുണ്ട് ലാവോത്​സുവിന്റെ മേഘസന്ദേശം:

 

ജീൻ പോൾ സാർത്ര്,മുണ്ടൂർ കൃഷ്​ണൻ കുട്ടി,ജോർജ് മകേ ബ്രൗൺ

ചക്രത്തിൽ അഴികൾ കോർക്കുന്നു

നാം ഇടക്കുള്ള ഓട്ടയാണ് പക്ഷേ,

ചലിപ്പിക്കുന്നത്, വണ്ടിയെ.

മണ്ണു കുഴച്ചു കുടമാക്കുന്നു

നാം ഉള്ളിലെ ശൂന്യതയാണ്

പക്ഷേ, ഉൾക്കൊൾവത്, വേണ്ടതെല്ലാം.

മരമടിച്ചൊരുക്കുന്നു പുര നാം

മരമൊഴിഞ്ഞ അകമാണ്

പക്ഷേ, വാസയോഗ്യമാക്കുവത്, പുരയെ.

പണിയെടുക്കുന്നത്

ഉൺമകൊണ്ട്, ഉപയോഗിക്കുന്നത്​

ഇൻമയെ (താവോ തെ ചിങ്)

ഇതാണ് നമ്മുടെ ലോകത്ത് ‘നഷ്ട’പരിഹാരം നിർവഹിക്കുന്ന രസതന്ത്രം. അസാന്നിധ്യം മറ്റൊരു രൂപമാണ്, സാന്നിധ്യത്തിന്റെ. ഇഷ്ടപ്പെട്ടും പെടാതെയും ജീവിതം ആ​ നേരിനോട് പൊരുത്തപ്പെട്ടുപോവുന്നു. കൈക്കുഞ്ഞിനെ നഷ്ടമായ പെറ്റമ്മയോട് തിരക്കിനോക്കൂ, വല്ലപ്പോഴുമെങ്കിലും അവരുടെ കൈകൾ നീളാറില്ലേ, ആ കുഞ്ഞിനായ്?

നിത്യജീവിതം നമ്മോടു പറയുന്നു, അസാന്നിധ്യങ്ങളുടെ സാന്നിധ്യം ആവശ്യമുണ്ടെന്ന് –ജീവിച്ചു പോകാൻ, നമുക്കൊരു ലോകമുണ്ടായിരിക്കാൻ. നാംതന്നെയാണതിൽ അസാന്നിധ്യത്തെ ഹാജരാക്കുന്നത്. ശൂന്യതയിൽ നീർക്കുളങ്ങൾ തീർക്കുന്നത്​, അതിൽ തുടിച്ചുകുളിക്കുന്നത്​... സാന്നിധ്യം തേടുന്ന വകയിലാണത് സാധ്യമാവുക. അഭാവം അറിയുന്നില്ലെങ്കിൽ ആരുമറിയുന്നില്ല ഭാവവും, ജീവിതത്തിന്റെ. സാന്നിധ്യവും, അസാന്നിധ്യവും^ വിപരീതങ്ങളല്ലവ, പൂരണങ്ങളാണ്.

വിനാശക ശക്തികൾ തൂത്തെറിഞ്ഞ ജന്മഗ്രാമത്തിലേക്ക് നൂറ്റാണ്ട് അര കഴിഞ്ഞു തിരിച്ചെത്തിയ മഹ്​മൂദ് ദർവീശ് മനം പിഴിഞ്ഞിറ്റിച്ച ഒരു കവിതയുണ്ട്, ‘In the Presence of Absence.’ പണ്ട് പലായനം ചെയ്യുമ്പോൾ കവിക്ക് വയസ്സ് ഏഴ്. ഒരിക്കലും തിരിച്ചുകിട്ടാത്ത ആ മണ്ണും ആ ബാല്യവും പക്ഷേ, മനസ്സിൽ നിറസാന്നിധ്യമായി മൂകം നിൽപുണ്ടായിരുന്നു. കാരണം,

‘‘...മറവിലാഴ്ന്നെന്നു നിനച്ച അസാന്നിധ്യം^

അതു മണക്കാനാവില്ല,

തൊടാനും ജയിക്കാനും കാണാനും.

പക്ഷേ, അതാണ് ബാല്യത്തെ

ആറാമിന്ദ്രിയമാക്കുവത്.’’

ooo

ഉണ്ണിയും താനും മാത്രമായി ചുരുങ്ങിപ്പോയ ലോകത്ത് ‘മൂന്നാമതൊരാളി’ന്റെ അദൃശ്യ സാന്നിധ്യം അയാൾ അനുഭവിക്കുന്നതിൽ അത്ഭുതമില്ല. ആ കുഞ്ഞുലോകത്തെ പൂരിപ്പിക്കയായിരുന്നു ആറാംകണ്ണ്​: ​ഭഗോതി ഇമ വെട്ടാതെ എന്നെത്തന്നെ നോക്കുകയാണ്​.

ഞാൻ വിളിച്ചു: ‘‘ഭഗോതീ...’’

വീണ്ടും വിളിച്ചു: ‘‘എ​ന്റെ അമ്മേ....’’

അമ്മയ്​ക്കെല്ലാം മനസ്സിലാവുമല്ലോ.

മുഴുമിക്കാത്ത ആ അപേക്ഷയിൽ എ​ന്റെ എല്ലാ അപേക്ഷയുമുണ്ടായിരുന്നു.

ഭഗോതി എ​ന്റെ അപേക്ഷയറിഞ്ഞ്​ കണ്ണടച്ചു.

അമ്പലത്തിൽനിന്ന്​ മടങ്ങു​േമ്പാൾ പിന്നിൽ പൊടിമണലിൽ കാലുരയുന്ന ശബ്​ദം...

News Summary - In the Presence of Absence