അച്ചാണി

വിവരസായുധരായ പൗരാവലിയാണ് ജനാധിപത്യത്തിന്റെ കരുത്തും കവചവും. അതിനുള്ള കോപ്പും കോരികയുമാണ് വാർത്താമാധ്യമങ്ങൾ. സ്വാഭാവികമായും അവ ഇടനില വഹിക്കും സമൂഹത്തിന്റെ ധാരണാനിർമിതിക്ക്. അച്ചടിമാധ്യമങ്ങളായിരുന്നു അതിന്റെ മുഖ്യധാര, ഏറെക്കാലം. ഇന്റർനെറ്റ് എത്തി, കഥ മാറി. ഇടനിലക്ക് പത്രത്തെ ആശ്രയിക്കുന്ന പ്രവണത പൊയ്പ്പോയി. പകരം ‘ഓൺലൈനായി’. ആ തട്ടകത്തെ അവലംബിക്കുന്ന രീതിയും അതിവേഗം ക്ഷയിക്കുന്നു.വെബിന്റെ തുടക്കത്തിൽ വാനോളമായിരുന്നു ആവേശം, പ്രതീക്ഷ-പുതിയ വലയന്തിരം സാധ്യതകൾ വിപുലമാക്കുമെന്ന്, മാധ്യമപ്രവർത്തനം പുഷ്കലമാക്കുമെന്ന്, അങ്ങനെ വാർത്താവിനിമയത്തിൽ നേരും നെറിയും പന്തലിക്കുമെന്ന്,...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
വിവരസായുധരായ പൗരാവലിയാണ് ജനാധിപത്യത്തിന്റെ കരുത്തും കവചവും. അതിനുള്ള കോപ്പും കോരികയുമാണ് വാർത്താമാധ്യമങ്ങൾ. സ്വാഭാവികമായും അവ ഇടനില വഹിക്കും സമൂഹത്തിന്റെ ധാരണാനിർമിതിക്ക്. അച്ചടിമാധ്യമങ്ങളായിരുന്നു അതിന്റെ മുഖ്യധാര, ഏറെക്കാലം. ഇന്റർനെറ്റ് എത്തി, കഥ മാറി. ഇടനിലക്ക് പത്രത്തെ ആശ്രയിക്കുന്ന പ്രവണത പൊയ്പ്പോയി. പകരം ‘ഓൺലൈനായി’. ആ തട്ടകത്തെ അവലംബിക്കുന്ന രീതിയും അതിവേഗം ക്ഷയിക്കുന്നു.
വെബിന്റെ തുടക്കത്തിൽ വാനോളമായിരുന്നു ആവേശം, പ്രതീക്ഷ-പുതിയ വലയന്തിരം സാധ്യതകൾ വിപുലമാക്കുമെന്ന്, മാധ്യമപ്രവർത്തനം പുഷ്കലമാക്കുമെന്ന്, അങ്ങനെ വാർത്താവിനിമയത്തിൽ നേരും നെറിയും പന്തലിക്കുമെന്ന്, അതങ്ങനെയാണ്, വിപ്ലവാത്മക മാറ്റമേതിന്റെയും പരിസരത്ത്. 19ാം നൂറ്റാണ്ടിൽ ടെലിഗ്രാഫ് അവതരിപ്പിച്ച് ടെസ്‍ല പറഞ്ഞു. യുദ്ധങ്ങൾക്കിതാ അന്ത്യമായെന്ന്. റേഡിയോ കൊണ്ടുവരുമ്പോൾ മാക്രോണിയും പറഞ്ഞിരുന്നു, യുദ്ധം ഇനി അസാധ്യമെന്ന്. പതിറ്റാണ്ട് രണ്ട് കഷ്ടി കഴിഞ്ഞതും ദാ വന്നു, ഒന്നാം ലോകയുദ്ധം.
നെറ്റ് വിരിഞ്ഞതും മുഖ്യധാരാ മാധ്യമങ്ങളുടെ നടുനായകത്വം കരിഞ്ഞു. നവമാധ്യമങ്ങളുടെ പ്രവാഹത്തിൽ മാധ്യമപ്രവർത്തനം അക്ഷരാർഥത്തിൽ ജനകീയമായി. ആർക്കുമാവാം മാധ്യമ പ്രവർത്തനം, ആർക്കും സ്വയം മാധ്യമമാവാം. ഒരൊറ്റ ചിലന്തിവലയായി മനുഷ്യരാശി. ചിലന്തിയോരോന്നും നെയ്യുന്നു വല, പക്ഷേ ചിലന്തിയൊന്നിനും സ്വന്തമല്ല വല. കാക്കത്തൊള്ളായിരം വലക്കണ്ണികൾ കൊളുത്തിയിട്ട ഈ ആഗോള വലയത്തിൽ നേരും നെറിയും ബന്ധങ്ങളും പടർന്നു. അതിലേറെ നുണയും വെറിയും കബന്ധങ്ങളും. ചിലന്തികൾ പരസ്പരം പയറ്റുന്നു, സ്വാധീനതക്ക്. കൂട്ടത്തിൽ ചിലത് അപ്പേരിൽത്തന്നെ സ്വയം പണിയുന്നു –‘ഇൻഫ്ലുവെൻസർ’. പലേടത്തും അത്തരക്കാരെ ആശ്രയിക്കുന്ന നിലയിലായി വൃത്താന്തം അഥവാ വൃത്താന്തപചനത്തിന്റെ ഇടനില.
അങ്ങനെ, വ്യക്തിയായി ചുരുങ്ങുന്നു മാധ്യമം. ടക്കർ കാൾസെൻമാരും ജോ റോജന്മാരും പടിഞ്ഞാറ് ഒറ്റയാൾ മാധ്യമങ്ങളായപ്പോൾ കൊച്ചു കേരളത്തിൽ പണിപ്പെടുകയാണ്. യു-ട്യൂബർമാർ, ഒറ്റയ്ക്കും തെറ്റയ്ക്കും. സകലരും നങ്കൂരമിടുന്നത് തന്നിഷ്ട വ്യാഖ്യാനത്തിൽ. ഏഷണിയും ദുഷിപ്പും ഉൗഹവെടിയും മേമ്പൊടി. പച്ചയും കത്തിയും മിനുക്കുമൊക്കെ അരങ്ങത്തുണ്ട്. മുന്തിനിൽപതു പക്ഷേ പീതം. പഴയ മഞ്ഞപ്പത്രത്തിന്റെ പുതുരൂപം. ഭാവം ജേണലിസം, ഫലം ജീർണലിസം. ഈ താന്തോന്നി കുഴലൂത്തിൽ പ്രഥമദുരന്തം മാധ്യമവിശ്വാസ്യത. പത്രങ്ങളും ടെലിവിഷനും നേരത്തേ തന്നെ കുറിച്ചിരുന്നു, അതിന്റെ ചരമക്കുറി. യുക്തമായ ശേഷക്രിയ അനുഷ്ഠിക്കുന്നു നവമാധ്യമങ്ങൾ.
പൈതൃകമാധ്യമം എന്ന സ്മാരകശിലാപദവിയിലേക്ക് അതിവേഗം അടുക്കുന്ന പത്രങ്ങൾ, ഊർധ്വൻ വലിച്ചുതുടങ്ങുന്ന വാർത്താ (ടി.വി) ചാനലുകൾ. രണ്ടും ചേർത്ത് സാമ്പ്രദായിക മാധ്യമങ്ങൾ എന്നു തൽക്കാലം പറയാം. അവ ഇപ്പോഴും പേറുന്നുണ്ട്. നവമാധ്യമങ്ങളിൽനിന്ന് പൊടിക്ക് വ്യത്യാസം. ഒന്ന് നവമാധ്യമങ്ങളുടെ മാതിരി പാടേയങ്ങ് വ്യക്തിഗത നാവേറിലേക്ക് ചുരുക്കുന്നില്ല വിനിമയത്തെ. രണ്ട്, വെറും താൽക്കാലികതയിൽ തറയാതെ തലമുറകൾക്കപ്പുറം നീളുന്ന മൂല്യങ്ങൾ ചിലത് ഇപ്പോഴും മിന്നിമായുന്നുണ്ടവയിൽ. ഈ രണ്ടു ഘടകങ്ങളാലാണവ മുഖ്യധാരാ ഛായ നിലനിർത്തുന്നത്.

സാമ്പ്രദായിക മുഖ്യധാര ക്ഷയിച്ചതിന് വിനിമയയന്തിരങ്ങളുടെ വികാസം മാത്രമല്ല പ്രതി, വാണിഭാശയങ്ങളുടെ മാറ്റംകൂടിയാണ്. പുത്തൻ യന്തിരസൗകര്യങ്ങൾക്കൊപ്പിച്ച് വാണിയം അലകും പിടിയും മാറിയപ്പോൾ ആ ദിശയിൽ മാധ്യമപ്രവർത്തനത്തെ മൊത്തത്തിൽ വഴറ്റിയെടുത്തു, മുതൽശക്തികൾ. കേവലമായ മാർഗവ്യതിയാനങ്ങൾ മാത്രമല്ല സംഭവിച്ചത്. വാർത്ത എന്ത് എന്നതിനെക്കുറിച്ച പൊതുധാരണക്ക് തന്നെയുണ്ടാക്കി രൂപമാറ്റം. ഈ സംക്രമണകാലത്ത് പല സ്ഥാപനങ്ങൾക്കും പിണഞ്ഞ അബദ്ധങ്ങൾക്കുമുണ്ട് മുഖ്യധാരയുടെ അപചയത്തിൽ ഒരു പങ്ക്. ഉദാഹരണത്തിന് ആരൂഢം മറന്നുള്ള അനുകരണം. കേരളത്തിൽ ഏറ്റവും പ്രചാരമുള്ള പത്രത്തെ മറ്റു പത്രങ്ങൾ അന്ധമായി അനുകരിക്കാൻ തുനിഞ്ഞു. സഫലമായ വാണിയമാതൃക നോക്കിലും വാക്കിലും പകർത്തിയാൽ വിപണി സാഫല്യമുണ്ടാക്കാമെന്ന മോഹചിന്ത പത്രമുടമകളെ ബാധിച്ചു. വാർത്താമുറികൾക്ക് അരശനേക്കാൾ വല്യ അരശുദീനം. കാരണം, അവരുടെ മാനസമാതൃക ഇപ്പറഞ്ഞ ഒന്നാം പത്രം. തലക്കെട്ടുശൈലിയിൽ തുടങ്ങി താൾവിന്യാസത്തിൽവരെ മാതൃക കയറിമേഞ്ഞു പ്രതിയോഗിസിരകളിൽ. കെട്ടുംമട്ടും പകർത്താൻ ശ്രമിക്കുേമ്പാൾ സ്വാഭാവികമായി മറ്റൊന്നു കൂടി ഒളിച്ചുകടക്കും –മാതൃകക്ക് പിന്നിലെ പ്രകൃതമൂല്യങ്ങൾ, ഒന്നാമന്റെ വൃത്താന്തരാഷ്ട്രീയം അനുകരണക്കാരിലും അവരറിയാതെ കയറിപ്പറ്റി.
അങ്ങനെ എല്ലാവരും ഏതാണ്ട് സദൃശരായി. ഒറിജിനൽ ഒന്നുള്ളപ്പോൾ ഒമ്പത് ഡ്യൂപ്ലിക്കേറ്റെന്തിനെന്ന് സ്വയം ചോദിച്ചില്ലാരും. ഫലം –സ്വഭാവവും വേറും നഷ്ടമായ പകർപ്പുകൾ അച്ചാണിപോയ രഥങ്ങളായി. പലതും പൂഴിയിൽപൂണ്ടു, ചിലത് ഏന്തിവലിഞ്ഞ് ഉരുളുന്നു. വാർത്തയെ വിനോദവത്കരിക്കുക, എന്തും ലളിതവത്കരിച്ച് പൊള്ളയാക്കുക, പത്രത്താളിനെ പൂരപ്പറമ്പാക്കുക, പോണപോക്കിൽ സ്വന്തം രാഷ്ട്രീയ വിത്തിനം ചേറിപ്പോവുക... മറ്റുള്ളോർ പകർത്താൻ വെമ്പിയത് ഈ കാഴ്ചപ്പുറമാണ്. പ്രചാരണത്തിന്റെ ശാക്തിക പിന്നണി പക്ഷേ മറ്റൊന്നായിരുന്നു –വിവരശേഖരണത്തിനും വിപണനത്തിനും കാര്യക്ഷമതയുള്ള, മേൽത്തരം ചുറ്റുവട്ട നിർമിതി. അനുകർത്താക്കൾ പിന്നണി ഗൗനിച്ചില്ല. കാരണം, അമ്മാതിരി വ്യവസായ സംസ്കാരം അവർക്ക് അന്യം. വ്യവസായവും വ്യാപാരവും രണ്ട് വ്യത്യസ്ത മനോഭാവങ്ങളാണ്. പണമെറിഞ്ഞ് നൂതനത്വവും പണവും സൃഷ്ടിക്കുന്നതാണ് വ്യവസായം. മറ്റത്, പണം ലാഭിച്ച് ആദായം കവരുന്നത്. രണ്ടാം ഗണത്തിലാണ് കേരളീയ പത്രങ്ങൾ മിക്കതും, അവയിൽനിന്ന് പ്രതീക്ഷിക്കരുത്, മൗലിക സമീപനങ്ങളോ മാധ്യമവികാസമോ.
തുറയേതിലും ലോകവ്യാപകമായിത്തന്നെ ക്ഷയിക്കയാണ് വ്യവസ്ഥാപിത സ്ഥാപനങ്ങൾ. അക്കൂട്ടത്തിൽ, സാമ്പ്രദായിക മാധ്യമങ്ങൾ നിസ്സാരമായി കവർന്നെടുക്കപ്പെടുന്നു. ‘സ്വതന്ത്ര’ മാധ്യമപ്രവർത്തനം നടിക്കുന്നോർ യഥാർഥത്തിൽ മുട്ടിലിഴയുകയാണ്, നവീന അധികാരിവർഗങ്ങൾക്ക് മുന്നിൽ –ഭരണകൂടം തൊട്ട് വിവിധ മുതൽശക്തികൾ വരെയുണ്ട് ഈ വർഗത്തിൽ. അനുസരിക്കുവോളം മാത്രം ആവിഷ്‍കാര സ്വാതന്ത്ര്യം, അല്ലെങ്കിൽ അധികാരം കൈവെക്കും –ഒന്നുകിൽ സാമ്പത്തിക നാഡിയിൽ, അല്ലെങ്കിൽ ശിങ്കിടികളിലൂടെ സ്ഥാപനംതന്നെ വിഴുങ്ങിക്കൊണ്ട്; അങ്ങനെ, ഇന്ത്യയിൽ ഇന്ന് ജനാധിപത്യത്തിന്റെ ‘നാലാം തൂൺ’ തൂണല്ല, പൊയ്ക്കാലായി ശോഷിച്ചിരിക്കുന്നു. മറ്റു തൂണുകൾ അതിന് ചാരുമതിലായി. ഉദാഹരണത്തിന് ജുഡീഷ്യറി. ‘ബഹുമാനപ്പെട്ട പ്രതി’യുടെ അസംബന്ധങ്ങളും തരവഴികളും തൊട്ട് പച്ചയായ അക്രമം വരെ കണ്ടാൽ കുരയ്ക്കുന്ന പ്രശ്നമില്ല, കാവൽനായ. പ്രശസ്ത തെളിവ്, അയോധ്യയിലെ ഭൂമിക്കേസ്. അന്യായവിധി വന്നപ്പോൾ മാത്രമല്ല പഞ്ചപുച്ഛമടക്കിയത്, ദൈവം കാതിലോതിയ നിർണയമാണതെന്ന് വിധിച്ചയാൾ തന്നെ പിൽക്കാലത്ത് പറഞ്ഞപ്പോഴുമാണ്. അപവാദമല്ലിത് നാട്ടുനടപ്പ്, എവിടെയും.
നടുക്കുന്ന പിഴവും പോഴത്തവുമാണ് മാധ്യമങ്ങൾ മിക്കപ്പോഴും തരുന്ന കാലികാനുഭവം. 2016ൽ ട്രംപ് എങ്ങനെ പ്രസിഡന്റായി? നാലുകൊല്ലം അന്വേഷിച്ച് വലഞ്ഞിട്ട് ന്യൂയോർക് ടൈംസ് പത്രാധിപർ കുമ്പസരിച്ചു: ‘‘ഞങ്ങൾക്ക് മനസ്സിലായില്ല.’’ നൂറ്റിച്ചില്വാനം കൊല്ലമായി അമേരിക്കരുടെ മനസ്സാക്ഷിയെന്ന് അവകാശപ്പെടുന്ന മുഖ്യപത്രമെന്തേ പോഴരായി? അതും, ഇത്ര പ്രധാന പ്രമേയത്തിൽ? പത്രാധിപർ മാറി, പുതിയാപ്ലക്കും സമാന മടമ –ട്രംപിന് രണ്ടാം വട്ടവും കസേര, മുഖ്യധാരാ മാധ്യമങ്ങൾക്ക് വീണ്ടും ഞഞ്ഞാപിഞ്ഞാ.
ഇതേ വൃത്താന്ത നിരക്ഷരത പ്രകടമാക്കുന്നു കേരളത്തിലെ മാധ്യമ മുഖ്യധാരയും: 2021ൽ ഇടതുമുന്നണിക്ക് ഭരണത്തുടർച്ച കിട്ടിയതെന്തേ? എഴുതിത്തള്ളുക മാത്രമല്ല, മാധ്യമങ്ങൾ ഒന്നടങ്കം ഇടതുപക്ഷത്തിന്റെ ‘ശത്രു’മുന്നണിയാവുകയുംചെയ്ത തെരഞ്ഞെടുപ്പിൽ? 2024ൽ മോദിക്ക് എങ്ങനെയൊത്തു, മൂന്നാമൂഴം?
കാരണങ്ങൾ പലതു പറയും, പലർ -പഴയ ആനക്കഥയിലെ അന്ധർ കണക്കെ. സർവതോമുഖമായ മാധ്യമപരാജയത്തിൽ ലീനം കിടപ്പുണ്ട് ഹേതുമൂലം: വാർത്താമാധ്യമങ്ങളിലെ അധികാര ശിരസ്സ്. മൂത്തവർക്കും മൂക്കാതെ പഴുത്തോർക്കും പുതുനാമ്പുകൾക്കും ഒരേ തിമിരം, നവയന്തിര സംസ്കൃതിയിൽ. ഡേറ്റയും യന്ത്രപരിചയവുമല്ലാതെ പുതിയ മാധ്യമപരിസ്ഥിതിയെക്കുറിച്ച വിമർശനാത്മക ചിന്തയോ അനുശീലനമോ ഇല്ല. അടിസ്ഥാനപരമായി സംഭവിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവും വാണിജ്യപരവുമായ മാറ്റങ്ങളുടെ രാഷ്ട്രീയത്തെയോ പ്രയോഗത്തെയോ കുറിച്ച അവബോധം പകരുന്നില്ല, മാധ്യമകളരികൾ –പറ്റിത്തീനികളെ പറ്റത്തോടെ സൃഷ്ടിക്കുന്നതല്ലാതെ. അതുതന്നെയാണ് മാധ്യമപ്രവർത്തനത്തിന്റെ ആധാരശിലക്കുള്ള വെല്ലുവിളിയും –സ്വാതന്ത്ര്യബോധത്തിന്. സ്വാതന്ത്ര്യത്തിന്മേലുള്ള വായാട്ടത്തിന് പഞ്ഞമൊട്ടുമില്ല. പക്ഷേ, പ്രവൃത്തിപഥത്തിൽ അതിന്റെ അർഥപ്രയോഗമറിയാതെ ഓളത്തിൽ പൂട്ടുകയാണ് വായുള്ളകുന്നിലപ്പന്മാരെല്ലാം.
പ്രതിലോമ സ്വാധീനങ്ങൾ പലവഴിക്ക് പെരുകുമ്പോഴാണ് ഇപ്പറഞ്ഞ കാതൽ തിരിയാത്തതിന്റെ ചേതം രോഗാതുരമാവുക. ഒന്നാമത്, നാമപ്രസിദ്ധിയും മുഖപ്രശസ്തിയുംകൊണ്ട് ‘ആളാ’വാനുള്ള പണിയല്ലിതെന്ന ബോധം കാശിക്കു പോയി. പണിയേക്കാൾ പണിയാളർ മുഴച്ചുനിൽക്കുന്നു. ഈ സ്വയം വിപണനത്തിൽ അപായപ്പെടുന്നത് നിയതമായ മാധ്യമമൂല്യങ്ങൾ –വിവരങ്ങളുടെ നിജാവസ്ഥ പഠിച്ചുറപ്പാക്കുക, ഉറപ്പില്ലാത്തത് മാറ്റിവെക്കുക, പിശകുപിണഞ്ഞാൽ തിരുത്തുക, ആരുടെയും വിത്തുപാടമാകാതിരിക്കുക, പൊതുവികാരങ്ങൾക്കും സാമാന്യ ധാരണക്കും തല വിട്ടുകൊടുക്കാതിരിക്കുക, ആളുകളെ അപകീർത്തിപ്പെടുത്താതിരിക്കുക ഇത്യാദി. സർവോപരി, അന്നന്നത്തെ അത്താഴത്തിനുള്ള സദ്യവട്ടമല്ല മാധ്യമദൗത്യമെന്നും മനുഷ്യചരിത്രമാണതിന്റെ വിശാലമായ തൂശനിലയെന്നുമുള്ള ഉള്ളറിവ്.
രണ്ട്, നവമാധ്യമങ്ങളുടെ കൊഴുപ്പ് സാമ്പ്രദായിക ധാരയെ വല്ലാതെ കണ്ട് വക്രീകരിച്ചു. വൃത്താന്തവും വ്യാഖ്യാനവും കൂസലെന്യേ കൂട്ടിക്കലർത്തുന്ന വിവരണം. അതായി പുതിയ സ്വാഭാവികത. ഇന്റർനെറ്റ് പ്രതിഫലമേകുന്നത് ആ രീതിക്കാണ് –കൂടുതലാൾ ‘ഷെയർ’ ചെയ്താൽ കൂടുതൽ വരായ്ക. എന്നുവെച്ചാൽ, കൂടുതലാൾക്ക് പ്രിയമുണ്ടാക്കുന്ന വർത്തമാനമാക്കണം വാർത്തയെ, ഈ രീതി പകർത്തിയതോടെ സാമ്പ്രദായിക മാധ്യമങ്ങൾക്ക് പാടേ പോയിക്കിട്ടി വിശ്വാസ്യത. നവമാധ്യമങ്ങൾ പറ്റപ്പൊരുത്തത്തിനുള്ള യന്ത്രങ്ങളാണെന്ന നേര് പഴയ കൂട്ടർ മറന്നു. അവരുമിറങ്ങി, പറ്റുപടിക്കാരെ തത്തുകൂട്ടാൻ. അവിടന്നുള്ള മാധ്യമപ്രവർത്തകർ വ്യക്തിപരമായിത്തന്നെ നവമാധ്യമങ്ങളിൽ അനുയായിവൃന്ദമുണ്ടാക്കി, ഓരോരുത്തരും സ്വയമോരോ മാധ്യമങ്ങളായി. പറ്റചിന്തയെ ചോദ്യംചെയ്യുക എന്ന പ്രാഥമികതയിൽനിന്ന് അതിവേഗം അകന്ന് പല സംഘ ചിന്തകളുടെയും നിർമാതാക്കളും നടത്തിപ്പുകാരുമായി.
മൂന്ന്, മാധ്യമങ്ങൾ നിത്യം കൈകാര്യംചെയ്തുപോന്ന ഒരു വാർത്താ തോതുണ്ട്. അതിന് അളവും അതിരുമില്ലാതാക്കി, നെറ്റ്. വാർത്തയുടെയും‘സ്റ്റോറി’കളുടെയും പുതിയ ഇനങ്ങൾ ചമക്കപ്പെട്ടു. അവയുടെ കുത്തൊലിപ്പിൽ പ്രഥമ ദുരന്തമായി മുൻഗണനാക്രമം. ഒന്നോർത്തുനോക്കൂ, നെറ്റിലൂടെ അറിയുന്നതിൽ എത്രയുണ്ട് വെബ്ലോകത്തിനു പുറത്ത് നടക്കുന്നതായി? ഒരുവേള, പുറംലോകത്ത് തുടങ്ങിയതായാലും പിന്നീട് പ്രതീതിലോകത്താണതിന്റെ പുലർച്ച, പുറത്തല്ല. ട്വീറ്റുകളും ‘മീമു’കളും അസംഭവ്യങ്ങളുമൊക്കെ ഇൗ അശരീരിവലയിൽ വാർത്തകളാണ്. അവക്കുമേൽ കടലുപോലെ വിവരണം, വിചാരിപ്പ്. അതിന്മേലാണ് മാധ്യമപ്രവർത്തകർ ഇന്ന് കൂടുതൽ നേരം ഹോമിക്കുന്നതും. യഥാർഥ മനുഷ്യജീവിതങ്ങളുമായി അതിന്റെ പത്തിലൊന്നില്ല, നേരസമ്പർക്കം. ‘ഓൺലൈൻ’ മനുഷ്യർക്ക് പഥ്യം ഓൺലൈനായി നടക്കുന്നത് കാണാനും അറിയാനുമാണ്. മാധ്യമപ്രവർത്തനം ആ ചുഴിയിൽപ്പെടുമ്പോൾ യഥാർഥ മനുഷ്യലോകത്തെക്കുറിച്ച ധാരണ പുകപടലമാവുന്നു. നമുക്ക് നേരനുഭവമില്ലാത്ത വ്യക്തികളുടെയും സമൂഹങ്ങളുടെയും ഒരു ജാതി കാർട്ടൂൺ ഛായകളാണ് വെബും ടി.വിയുമൊക്കെ ഉറപ്പിച്ചെടുക്കുന്നത്.

നാല്, മാധ്യമപ്രവർത്തനത്തിന്റെ സാമ്പ്രദായിക വാണിഭ മാതൃക ഇന്റർനെറ്റ് തകർത്തു. പത്രങ്ങളുടെ പരസ്യവരുമാനം ഭീമമായി ക്ഷയിച്ചു. പലതും അക്കാരണത്താൽ താഴിട്ടു, മിക്കതും ഓൺലൈൻ കോലത്തിൽ ചത്തതിനൊക്കുമേ. െലെൻ ഓണായാലും ഓഫായാലും ‘വരിസംഖ്യ’ക്ക് മേലാണിന്ന് ഉപജീവനം. പഴയകാല പത്രവരിക്കാരുടെ പുതുരൂപമല്ലിത്. പുതിയ രൂപത്തിന് കാതലായൊരു വ്യത്യാസമുണ്ട്. ആരെയെങ്കിലും വരിക്കാരാക്കാനും നിലനിർത്താനും മാധ്യമം സ്വയം വരിയുടച്ചു നിർത്തേണ്ടതുണ്ട്. വരിക്കാർ ലോകത്തെ കാണുേമ്പാലെ തന്നെ മാധ്യമവും കണ്ടോളണം, ആ കാഴ്ച ഉറപ്പിച്ചുെകാടുക്കുംവിധം നിരന്തരം പെരുമാറിക്കോളണം, ഇതാണ് മുഖ്യധാരയും സമാന്തര ധാരയും ഒരുപോലെ നഗ്നമായ പക്ഷപാതിത്വം പേറുന്നതിന്റെ പൊരുൾ. രസകരമായൊരു വിരോധാഭാസമുണ്ടിവിടെ.
എന്തൊക്കെ കുറ്റവും കുറവുമുണ്ടായിരുന്നെങ്കിലും മുൻകാലത്ത് ജനായത്തത്തിന്റെ ഒരുപകരണമായിരുന്നു മാധ്യമങ്ങൾ. അധികാരത്തിനുനേരെ പിടിച്ച കണ്ണ്, നാവ്, വിനീതമായ രണ്ട് മൂല്യ നിലപാടുകളായിരുന്നു കാരണം. ഒന്ന്, തങ്ങൾക്ക് ഏറെയൊന്നുമറിയില്ല, പക്ഷേ, അറിയാനേറെയുണ്ട് കൗതുകം. രണ്ട്, എല്ലാത്തരം മനുഷ്യരോടും അനുതാപം. ഇവ രണ്ടും വെച്ച് ശരാശരി പത്രപ്രവർത്തകൻ ഏറക്കുറെ വിശ്വസനീയമായ വൃത്താന്തങ്ങൾ പകർന്നു, വിപുലമായ സംവാദാന്തരീക്ഷം ഒരുക്കി –പൗരർക്ക് സ്വന്തം പരിപ്രേക്ഷ്യങ്ങൾ സ്വയം ചമക്കാനുള്ള തീൻമേശ. പ്രതിബദ്ധനാം സാക്ഷിയുടെ റോളിലായിരുന്നു മാധ്യമപ്രവർത്തകർ. ന്യായാധിപറോളിൽ ജനങ്ങളും. ഇന്ന് ന്യായാധിപ വേഷം എടുത്തണിഞ്ഞിരിക്കുന്ന പഴയ സാക്ഷി, അത് തന്റെ അവകാശമെന്ന ഹുങ്കിൽ. അറിയിക്കയല്ല, ആജ്ഞാപിക്കയാണ് പ്രച്ഛന്ന ജഡ്ജി. ചോദ്യമുയർത്തുന്നെന്ന വ്യാജേന വിധി പ്രഖ്യാപിക്കുന്നു. സംവാദങ്ങൾ എന്തും സമരിയാക്കലാണ്, തങ്ങൾക്ക് നിരക്കുംവിധം. ചുരുക്കിയാൽ, പൗരാവലിയോട് കൽപിക്കയാണവർ. എങ്ങനെ ചിന്തിക്കണം, എങ്ങനെ മാത്രം കാര്യങ്ങൾ കണ്ടോളണമെന്ന്.
രസകരമാണ്, വിരോധാഭാസകരമായ ഈ നിലയിൽ തങ്ങൾ അകപ്പെട്ട കഥ മിക്കവരും തിരിച്ചറിയുന്നില്ല. ഈ വൈരുധ്യം നേരിടാൻ തടസ്സമാകുന്ന മറ്റൊരു ഘടകം കൂടിയുണ്ട് –പുതിയ വാണിഭമാതൃക. ഇന്ന് മാധ്യമലോകത്തെ കച്ചവടയാഥാർഥ്യങ്ങളും സാങ്കേതിക വിദ്യയും മാധ്യമവിരുദ്ധ മൂല്യങ്ങൾക്കായി നിലകൊള്ളുന്നവയാണ്. പ്രമേയമേതിലും വ്യത്യസ്ത ചിന്തകൾക്കും ബദൽ മാതൃകക്കും എതിരാണവ. കാരണം, പറ്റചിന്ത പെരുക്കുന്നതിലാണ് വരുമാന വർധന, നിലനിൽപ്. ‘ബഹുസ്വരത’യൊക്കെ ആകർഷണത്തിനുള്ള അലങ്കാരവാക്ക്. ഭരണകൂട മനോഭാവവും ഇവ്വിധമല്ലേ? അതുതന്നെയാണ് നവമാധ്യമങ്ങളുടെ അടിസ്ഥാന പ്രകൃതവും. സ്വീകാര്യത്തിലും സ്വാംശീകരണത്തിലും സംവേദനക്കൂറിലും ഓരോരോ പ്രതീതി ഭരണകൂടങ്ങളാണവ. സ്വന്തം ഇച്ഛക്കും ഇഷ്ടത്തിനുമൊത്തതാണ് ഓരോന്നിന്റെയും കാഴ്ച. സ്വാഭാവികമായും യാഥാർഥ്യങ്ങളെക്കുറിച്ച സ്പഷ്ടത അവയെ ഒഴിഞ്ഞുപോകുന്നു. നവമാധ്യമപ്രേതം കവർന്ന സാമ്പ്രദായിക മാധ്യമങ്ങളും അതേ വിധി പേറുന്നു. അടിസ്ഥാന മാധ്യമമൂല്യങ്ങൾ വിഗണിച്ചതിന്റെ ചേതം. നടപ്പു യാഥാർഥ്യങ്ങളിൽ സ്പഷ്ടതയില്ലാതിരിക്കെ അവ മാധ്യമങ്ങളല്ലാതാവുന്നു. വ്യക്തിഗതവും സംഘടിതവുമായ വായാട്ട രൂപങ്ങൾ മാത്രമാവുന്നു. അതുകൊണ്ടാണവയെല്ലാം മത്സരിച്ചു വിളിച്ചുകൂവുന്നത്, കാലിച്ചന്തയിലെ പൊരുത്തുകാരെപ്പോലെ: ‘‘...മാളോരേ, ഇതിലേ ഇതിലേ...’’

