Begin typing your search above and press return to search.

‘വി.എസിന് സമ്മർദങ്ങൾക്ക് വഴങ്ങേണ്ടി വന്നു’

‘വി.എസിന് സമ്മർദങ്ങൾക്ക് വഴങ്ങേണ്ടി വന്നു’
cancel

മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദ​ന്റെ നിർദേശ പ്രകാരം ‘മൂന്നാർ ഒാപറേഷന്’ നേതൃത്വം നൽകിയ കെ. സുരേഷ്​ കുമാർ സംസാരിക്കുന്നു. എന്തായിരുന്നു തനിക്ക്​ വി.എസ്​ എന്നും അതിനുശേഷം സർവിസിൽനിന്ന്​ നേരിട്ട അനുഭവങ്ങൾ എന്തെന്നും തുറന്നുപറയുന്നു. കേരളത്തി​ന്റെ രാഷ്ട്രീയചരിത്രത്തിൽ ഏറെ സംവാദങ്ങൾക്കും വിവാദങ്ങൾക്കും ഇടയാക്കിയ ഇടപെടലായിരുന്നു മൂന്നാർ ഓപറേഷൻ (കൈയേറ്റമൊഴിപ്പിക്കൽ). അതിന് നേതൃത്വം നൽകിയ സ്​പെഷൽ ഓഫിസറാണ് കെ. സുരേഷ് കുമാർ ഐ.എ.എസ്​. കൈയേറ്റം ഒഴിപ്പിക്കുന്നതിന് അനുമതി നൽകിയത് അന്നത്തെ മുഖ്യമന്ത്രി വി.എസ്​. അച്യുതാനന്ദനാണ്. വി.എസി​ന്റെ നിലപാടിനെക്കുറിച്ചും അന്നത്തെ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദ​ന്റെ നിർദേശ പ്രകാരം ‘മൂന്നാർ ഒാപറേഷന്’ നേതൃത്വം നൽകിയ കെ. സുരേഷ്​ കുമാർ സംസാരിക്കുന്നു. എന്തായിരുന്നു തനിക്ക്​ വി.എസ്​ എന്നും അതിനുശേഷം സർവിസിൽനിന്ന്​ നേരിട്ട അനുഭവങ്ങൾ എന്തെന്നും തുറന്നുപറയുന്നു.

കേരളത്തി​ന്റെ രാഷ്ട്രീയചരിത്രത്തിൽ ഏറെ സംവാദങ്ങൾക്കും വിവാദങ്ങൾക്കും ഇടയാക്കിയ ഇടപെടലായിരുന്നു മൂന്നാർ ഓപറേഷൻ (കൈയേറ്റമൊഴിപ്പിക്കൽ). അതിന് നേതൃത്വം നൽകിയ സ്​പെഷൽ ഓഫിസറാണ് കെ. സുരേഷ് കുമാർ ഐ.എ.എസ്​. കൈയേറ്റം ഒഴിപ്പിക്കുന്നതിന് അനുമതി നൽകിയത് അന്നത്തെ മുഖ്യമന്ത്രി വി.എസ്​. അച്യുതാനന്ദനാണ്. വി.എസി​ന്റെ നിലപാടിനെക്കുറിച്ചും അന്നത്തെ അനുഭവത്തെക്കുറിച്ചും പതിനെട്ട് വർഷത്തിനുശേഷം കെ. സുരേഷ് കുമാർ ഐ.എ.എസ്​ സംസാരിക്കുന്നു.

വി.എസുമായി അവസാനം സംസാരിക്കുന്നത് എന്നാണ്? എന്തായിരുന്നു അതി​ന്റെ ഉള്ളടക്കം?

2016 അസംബ്ലി തെരഞ്ഞെടുപ്പിനു ഒന്നു രണ്ടു മാസം മുമ്പാണ് കന്റോൺമെന്റ് ഹൗസിൽ പോയി വി.എസിനെ കണ്ട് കൊച്ചി സ്​മാർട്സിറ്റി പദ്ധതിയുടെ ദുരവസ്​ഥയെക്കുറിച്ചു സംസാരിച്ചത്. പദ്ധതിയുടെ ഭാഗമായ നിർമാണ പ്രവർത്തനങ്ങളിൽ ഐ.ടി സെക്രട്ടറി പി.എച്ച്. കുര്യ​ന്റെയും ജിജോ ജോസഫ് എന്ന എം.ഡിയുടെയും നേതൃത്വത്തിൽ ഗുരുതരമായ അഴിമതി നടക്കുന്നതായി ദുബൈ ഗവ​ൺമെന്റി​ന്റെ തന്നെ ഓഡിറ്റിൽ കണ്ടെത്തിയെന്ന പത്രവാർത്തയെക്കുറിച്ച് സംസാരിച്ചു. വി.എസ്​. മുഖ്യമന്ത്രിയായിരുന്നപ്പോൾ ആരംഭിച്ച പദ്ധതിയിൽ നിശ്ചിത ശതമാനം ഭൂമി വലിയ ഐ.ടി സംരംഭകർക്ക് പാട്ടത്തിനു നൽകാനും അവർതന്നെ നേരിട്ട് നിർമാണ പ്രവർത്തനം നടത്താനും വ്യവസ്​ഥയുണ്ടായിരുന്നു. ഇപ്രകാരം മുന്നോട്ടുവന്ന പല കമ്പനികളെയും ബോധപൂർവം നിരുത്സാഹപ്പെടുത്തിയ ശേഷമാണ് നേരിട്ട് ഗുണനിലവാരമില്ലാത്ത നിർമാണപ്രവർത്തനത്തിൽ ഏർപ്പെടുന്നതും അതിൽ അഴിമതി നടത്തുന്നതും. വി.എസ്​ ഇതെല്ലാം ശ്രദ്ധാപൂർവം കേട്ടിരുന്നു.

വി.എസിനെപ്പോലെ ശക്തനായ മുഖ്യമന്ത്രിക്ക് സമ്മർദങ്ങൾക്കു വഴങ്ങേണ്ടിവന്നത് എന്തുകൊണ്ടായിരിക്കും?

രാഷ്ട്രീയക്കാർക്ക് എപ്പോഴും രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴങ്ങേണ്ടിവരും. മൂന്നാറി​ന്റെ കാര്യത്തിൽ പൊതുജനങ്ങളിൽനിന്ന് രാഷ്ട്രീയ ഭേദമെന്യേ വലിയ പിന്തുണ ഉണ്ടായിട്ടും വി.എസിന് സമ്മർദങ്ങൾക്ക് വഴങ്ങേണ്ടിവന്നു. സി.പി.ഐയും സി.പി.എമ്മി​ന്റെ ഔദ്യോഗിക വിഭാഗവും ചേർന്നാണ് വി.എസിനെ മൂന്നാറിൽ തോൽപിച്ചത്.

മൂന്നാർ ദൗത്യം പെട്ടെന്നു നിർത്താനുണ്ടായ സാഹചര്യം ഒന്നുകൂടി വിശദീകരിക്കാമോ?

കൈയേറ്റം ഒഴിപ്പിക്കാൻ ചുമതലയുള്ള വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കലായിരുന്നു സ്​പെഷൽ ഓഫിസറുടെ ചുമതല. ദൗത്യം തുടങ്ങി ഏതാണ്ട് രണ്ടാഴ്ച ആയപ്പോൾതന്നെ നടപടികൾ സുഗമമായി മുന്നോട്ടുനീങ്ങില്ല എന്ന തോന്നൽ എനിക്കുണ്ടായി. ദൗത്യത്തിനാവശ്യമായ സംവിധാനങ്ങൾ ഒരുക്കിത്തരേണ്ട ചുമതല റവന്യൂ വകുപ്പിനായിരുന്നു. റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രനും റവന്യൂ സെക്രട്ടറി നിവേദിത പി. ഹരനും ബോധപൂർവം ഇക്കാര്യത്തിൽ വീഴ്ചവരുത്തുന്നതായി തുടക്കത്തിലേ തോന്നിയിരുന്നു. സ്​പെഷൽ ഓഫിസിലേക്ക് നിയോഗിക്കേണ്ടിയിരുന്ന 58 ഉദ്യോഗസ്​ഥർക്കു പകരം പതിനെട്ടുപേരെ മാത്രമാണ് വിട്ടുതന്നത്. ടോട്ടൽ സ്​റ്റേഷൻ സർവേ മെഷീൻ ഉപയോഗിച്ചു പരിചയമുള്ള 75 സർവേയർമാർക്കു പകരം വിട്ടു തന്നതാകട്ടെ നാലുപേരെ മാത്രം. ജീപ്പുകൾക്കും ജെ.സി.ബികൾക്കും ഡീസലിനുള്ള ഫണ്ട് പോലും സമയത്ത് ലഭ്യമാക്കിയില്ല.

സമാന്തരമായിട്ടു സി. ദിവാകരനും സി.പി.എമ്മി​ന്റെ ഔദ്യോഗിക പക്ഷവും ചേർന്ന് വി.എസിനെ രാഷ്ട്രീയമായി വരിഞ്ഞു മുറുക്കി. വി.എസ് പക്ഷക്കാരനായിരുന്ന എം.എം. മണിയുടെ സഹോദരനായ ലംബോദരനും മക്കളും അനധികൃതമായി കൈവശം വെച്ചിരുന്ന 25 ഏക്കറോളം ഭൂമിയുടെ പട്ടയം റദ്ദാക്കി തിരിച്ചുപിടിച്ചതിനുശേഷം അവർക്കെതിരെ ക്രിമിനൽ കേസെടുത്തപ്പോൾ തന്നെ എം.എം. മണി ഔദ്യോഗിക പക്ഷത്തേക്ക് ചാടി.

​ൈകയേറ്റമൊഴിപ്പിക്കലിൽനിന്ന് പള്ളികളെയും ക്ഷേത്രങ്ങളെയും പാർട്ടി ഓഫിസുകളെയും ഒഴിവാക്കിക്കൊണ്ടുള്ള ഒരു വിചിത്ര ഉത്തരവ് വി.എസ് പുറപ്പെടുവിച്ചത് ഇവരുടെയൊക്കെ സമ്മർദത്തിന് വഴങ്ങിയായിരുന്നു. നിയമസാധുതയില്ലാത്ത ഈ തീരുമാനം വി.എസിനുതന്നെ പെട്ടെന്നു പിൻവലിക്കേണ്ടിവന്നു. ഇതുപോലെ ഡെപ്യൂട്ടി തഹസിൽദാർ ആയിരുന്ന എം.ഐ. രവീന്ദ്രൻ നിയമവിരുദ്ധമായി നൽകിയ അഞ്ഞൂറിലധികം പട്ടയങ്ങളിൽ 250 എണ്ണം നിയമസാധുതയുള്ളതായിരുന്നു എന്ന് വി.എസിനെ തെറ്റിദ്ധരിപ്പിച്ചതും ഇവർതന്നെയായിരുന്നു.

രവീന്ദ്രൻ പട്ടയങ്ങളുടെ കാര്യത്തിൽ വി.എസുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടല്ലോ. എന്തുകൊണ്ടാണത്?

മൂന്നാർ ദൗത്യം ഏറ്റെടുത്ത് രണ്ടാം ദിവസം വിജിലൻസ്​ ഡിവൈ.എസ്​.പി അലക്സ്​ എന്നെ കാണാൻ മൂന്നാർ ​െഗസ്റ്റ് ഹൗസിൽ വന്നു. രവീന്ദ്രൻ നൽകിയ അഞ്ഞൂറോളം പട്ടയങ്ങളിലെ നിയമലംഘനങ്ങളുടെ അടിസ്​ഥാനത്തിൽ അയാളെ പ്രതിയാക്കി മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ കാലത്ത് വിജിലൻസ്​ കേസ്​ രജിസ്റ്റർ ചെയ്തശേഷം നടത്തിവന്നിരുന്ന അന്വേഷണം അന്തിമഘട്ടത്തിലെത്തിയിരുന്നു. അന്തിമ റിപ്പോർട്ടും രവീന്ദ്രനെതിരെയുള്ള കുറ്റപത്രവും തയാറാക്കിവരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില സംശയ ദൂരീകരണത്തിനായിരുന്നു വിജിലൻസ്​ ഡിവൈ.എസ്​.പി രേഖകളുംകൊണ്ട് എന്നെ വന്നുകണ്ടത്.

പട്ടയം നൽകിയ സമയത്ത് ഡെപ്യൂട്ടി തഹസിൽദാർ മാത്രമായിരുന്ന രവീന്ദ്രന് പട്ടയം നൽകാനുള്ള അധികാരം ഉണ്ടായിരുന്നില്ല. ഭൂമി പതിവു നിയമ പ്രകാരം പട്ടയം നൽകാനുള്ള അധികാരം ലോക്കൽ തഹസിൽദാർക്കോ ഗവൺമെന്റ് നേരിട്ടു നിയമിക്കുന്ന സ്​പെഷൽ തഹസിൽദാർക്കോ മാത്രമേ ഉള്ളൂ. ഇക്കാര്യത്തിൽ ഡിവൈ.എസ്​.പിക്ക് സംശയങ്ങൾ ഉണ്ടായിരുന്നില്ല. സംശയം മറ്റൊരു കാര്യത്തിലായിരുന്നു. Kannan Devan Hills (Resumption of Lands) Act, 1971 പ്രകാരം ഈ വില്ലേജിൽ മിച്ചഭൂമിയായി ഏറ്റെടുക്കുന്ന ഭൂമി ഭൂരഹിതർക്ക് പതിച്ചുനൽകാനുള്ള അധികാരം ജില്ല കലക്ടർക്കാണ്. അതിനാൽ രവീന്ദ്രൻ കെ.ഡി.എച്ച് ആക്ട് (KDH Act) പ്രകാരവും നിയമലംഘനം നടത്തിയെന്നു പറയാമോ എന്നതായിരുന്നു ഡിവൈ.എസ്​.പിയുടെ സംശയം. രവീന്ദ്രൻ നൽകിയ പട്ടയങ്ങൾ റവന്യൂ പുറമ്പോക്കിലെ അപേക്ഷകളിൽ മാത്രമായിരുന്നു എന്നും അതുകൊണ്ട് അയാളുടെ നിയമലംഘനം കെ.ഡി.എച്ച് ആക്ടിന്റേതല്ല മറിച്ച് 1964ലെ ലാൻഡ് അ​സൈൻമെന്റ് ആക്ടിന്റേത് (Land Assignment Act, 1964) ആയിരുന്നു എന്ന് ഞാൻ വ്യക്തമാക്കി. ഏതായാലും വിജിലൻസ്​ ഡിവൈ.എസ്​.പി കൊണ്ടുവന്ന രവീന്ദ്രൻ കള്ളപ്പട്ടയങ്ങളുടെ ലാൻഡ് അസൈൻമെന്റ് ഫയലുകൾ (അഞ്ഞൂറെണ്ണത്തോളം) വിശദമായി നേരിട്ടു പരിശോധിക്കാൻ എനിക്ക് അവസരം കിട്ടുകയായിരുന്നു.

മൂന്നാറിൽ അനധികൃത ഭൂമി കൈയേറ്റങ്ങളും റിസോർട്ട് നിർമാണങ്ങളും തുടങ്ങുന്നത് എന്നു മുതലാണ്?

എഴുപതുകളുടെ തുടക്കത്തിലും എൺപതുകളുടെ ആരംഭത്തിലുമായാണ് മൂന്നാറിലെ അനധികൃത ഭൂമി കൈയേറ്റങ്ങളും റിസോർട്ട് നിർമാണങ്ങളും തുടങ്ങുന്നത്. ഇങ്ങനെയുണ്ടായതു മാത്രമാണ് ‘മൂന്നാർ പട്ടണം’. മൂന്നാറിലെ ആദ്യകാല റിസോർട്ടുകളിൽ മിക്കതും യു.ഡി.എഫ് അനുഭാവികളുടേതായിരുന്നു. ഇടതുപക്ഷക്കാർക്ക് വളരെക്കുറച്ചു മാത്രമേ റിസോർട്ടുകൾ ഉണ്ടായിരുന്നുള്ളൂ. ഈ കുറവ് പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് 1996 മുതൽ 2001 വരെ റവന്യൂ മന്ത്രിയായിരുന്ന ഇസ്​മായിലി​ന്റെ നിർദേശപ്രകാരം ഇടുക്കി ജില്ല കലക്ടർ ദേവികുളം താലൂക്ക് ഓഫിസിൽ ഡെപ്യൂട്ടി തഹസിൽദാർ ആയിരുന്ന രവീന്ദ്രന് ഭൂമി പതിവ് സ്​പെഷൽ തഹസിൽദാറുടെ അധിക ചുമതല നൽകുന്നത്.

ഇടതുപക്ഷ അനുഭാവികളായ 250 അപേക്ഷകർക്ക് പട്ടയം നൽകാനാണ് രവീന്ദ്രനെ ഏൽപിച്ചത്. അയാളാകട്ടെ ഈ 250 ഇടതുപക്ഷ പട്ടയങ്ങൾക്കു പുറമേ വേറൊരു 250 പട്ടയങ്ങളും കൂടി നൽകി കാശാക്കി എന്നാണ് വിജിലൻസ്​ രേഖകളിൽനിന്ന് വ്യക്തമായത്. ഇതിൽ ആദ്യത്തെ ഇടതുപക്ഷ പട്ടയങ്ങൾ താലൂക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റി പരിശോധിച്ചവയായിരുന്നതിനാൽ അവ നിയമസാധുതയുള്ളതാണെന്നാണ് വി.എസിനെ തെറ്റിദ്ധരിപ്പിച്ചിരുന്നത്. പട്ടയത്തിനായി അപേക്ഷിക്കുന്നവരിൽ മുൻഗണന നൽകേണ്ടത് അതതു വില്ലേജിലെ ഭൂരഹിതർക്കാണ്. അവിടെനിന്ന് അപേക്ഷകർ ഇല്ലെങ്കിൽ സമീപത്തുള്ള വില്ലേജിൽനിന്നും അവിടെനിന്നും ഇല്ലെങ്കിൽ അതേ താലൂക്കിൽനിന്നും ഇല്ലെങ്കിൽ അടുത്ത താലൂക്കിൽനിന്ന് എന്നിങ്ങനെയാണ് പരിഗണിക്കേണ്ടത്. ഇപ്രകാരം ഭൂരഹിതരുടെ അപേക്ഷ പരിഗണിക്കുന്ന അവസരത്തിലാണ് തഹസിൽദാർ ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അഭിപ്രായംകൂടി പരിഗണിക്കുന്നത്.

ലാൻഡ് അസൈൻമെന്റ് കമ്മിറ്റി ശിപാർശ ചെയ്ത് രവീന്ദ്രൻ നൽകിയ ഒന്നാം നമ്പർ പട്ടയം പരിശോധിക്കുമ്പോൾ തന്നെ ഈ തട്ടിപ്പ് വ്യക്തമാകും. ....അപേക്ഷ കക്ഷിയായ പി.കെ. വാസുദേവൻ നായരും ഭാര്യയും അപേക്ഷ സ്​ഥലത്ത് കുടിൽകെട്ടി താമസിച്ചു വരുന്നു..., എന്നാണ് അസൈൻമെന്റ് ഫയലിലെ മഹസ്സറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേദിവസം അപേക്ഷ കക്ഷി കേരളത്തി​ന്റെ മുഖ്യമന്ത്രിയായിരുന്നു എന്നതും അദ്ദേഹവും ഭാര്യയും താമസിച്ചിരുന്നത് മൂന്നാറിലെ അഞ്ചു സെന്റ് പുറ​മ്പോക്കിലല്ല മറിച്ച് തലസ്​ഥാനത്തു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു എന്നതും ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയിലെ ആരുടെയും ശ്രദ്ധയിൽപെട്ടില്ല! ഏതായാലും വസ്​തുതാവിരുദ്ധമായ കാര്യങ്ങൾ അപേക്ഷയിൽ ഉൾക്കൊള്ളിച്ചു എന്ന കാരണത്താൽ മാത്രം ആ പട്ടയം റദ്ദാക്കപ്പെടേണ്ടതാണ് (പട്ടയം നൽകാൻ അധികാരമില്ലാത്തയാൾ നൽകിയ പട്ടയമാണ് അത് എന്നതിനു പുറമെ).

 

പാർട്ടിക്കാർക്ക് ഇവിടെ പട്ടയം കിട്ടിയില്ലേ?

ഈ പട്ടയം കിട്ടിയ ഉടൻ അപേക്ഷാ കക്ഷിയായ വാസുദേവൻ നായർ അപേക്ഷ സ്​ഥലത്തെത്തി വീടു​െവച്ചു താമസം തുടങ്ങിയില്ല. അവിടെ ഉയർന്നുവന്നത് ആറു നില ഹോട്ടൽ കെട്ടിടമാണ്. മൂന്നാർ ടൂറിസ്റ്റ് ഹോം എന്ന പേരിൽ. ഇന്നും 3000-4000 രൂപ ദിവസവാടകക്ക് മുറികൾ ലഭ്യമാകുന്ന വൻകിട ഹോട്ടൽ. കുടിൽ കെട്ടി താമസിക്കാനായി പതിച്ചുകൊടുത്ത ഭൂമി വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു എന്ന കാരണംകൊണ്ടും ആ പട്ടയം റദ്ദാക്കപ്പെടേണ്ടതാണ്. പതിച്ചുനൽകിയത് അഞ്ചു ​െസന്റ് ഭൂമിയാണെങ്കിലും പത്തു സെന്റിലധികം പുറമ്പോക്ക് ഭൂമിയാണ് ഇന്ന് റിസോർട്ടി​ന്റെ കൈവശത്തിലുള്ളത്. ഈ അധിക ഭൂമിയും വീണ്ടെടുക്കപ്പെടേണ്ടതു തന്നെയാണ്. ഈ ബഹുനില ഹോട്ടൽ കെട്ടിടത്തി​ന്റെ ബേസ്​മെന്റിൽ വിറകു കൂട്ടിയിടുന്നതിനു സമീപം എ.ഐ.ടി.യു.സി എന്നെഴുതിയ ചെറിയ ഒരു ബോർഡ് ഉണ്ടായിരുന്നു. അതുകൊണ്ട് ഈ ഹോട്ടൽ സി.പി.ഐയുടെ ഓഫിസാണ് എന്നാണ് അവകാശപ്പെടുന്നത്.

രണ്ടാം നമ്പർ രവീന്ദ്രൻ പട്ടയത്തി​ന്റെ അപേക്ഷാ കക്ഷി സാക്ഷാൽ എം.എം. മണിയാണ്. മൂന്നാറിൽ ഗവൺമെന്റ് ​െഗസ്റ്റ് ഹൗസിനു നേരെ എതിരെ സ്​ഥിതിചെയ്യുന്ന എസ്​.എൻ അനക്സ്​ (SN Annex) എന്ന പേരിലുള്ള ബഹുനില ഹോട്ടൽ സ്​ഥിതി ചെയ്യുന്ന 26 സെന്റ് പുറമ്പോക്ക് ഭൂമിക്ക് മണിക്ക് രവീന്ദ്രൻ പട്ടയംകിട്ടി. മണിയുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഇത് പറഞ്ഞിട്ടുമുണ്ട്. ഈ ഹോട്ടലാകട്ടെ സി.പി.എമ്മി​ന്റെ പാർട്ടി ഓഫിസ്​ ആണെന്നാണ് അവകാശപ്പെടുന്നത്.

രവീന്ദ്രൻ നൽകിയ അഞ്ഞൂറിലധികം നാലു സെന്റ്, അഞ്ചു സെന്റ് പട്ടയങ്ങൾ ഒന്നുംതന്നെ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടുള്ളതല്ല. ഇവയെല്ലാംതന്നെ ഇന്ന് മൂന്നാറിലെ വൻ റിസോർട്ടുകളാണ്. പതിച്ചുകിട്ടിയ ഭൂമിയിൽ സ്​ഥിതിചെയ്യുന്ന എല്ലാ ഹോട്ടൽ/റിസോർട്ടുകളും നിലവിലെ ഭൂമി പതിവു നിയമപ്രകാരം നിയമവിരുദ്ധമാണ്. ഈ റിസോർട്ടുകളിൽനിന്ന് വൻ ലാഭമുണ്ടാക്കുന്ന റിസോർട്ട് ലോബിയാണ് മൂന്നാറിലെ പാർട്ടി ഓഫിസുകളുടെ രക്ഷകരുടെ വേഷത്തിൽ വി.എസിനെ തെറ്റിദ്ധരിപ്പിച്ചവർ.

രവീന്ദ്രൻ പട്ടയങ്ങൾ മുഴുവൻ (അസൈൻമെന്റ് കമ്മിറ്റി കണ്ടതുംഅല്ലാത്തതും) നിയമവിരുദ്ധമാണെന്ന നിലപാടാണ് ഹൈകോടതിയിൽ നിലവിലുണ്ടായിരുന്ന ബന്ധപ്പെട്ട കേസുകളിലൊക്കെ സർക്കാറിനു വേണ്ടി ഫയൽചെയ്ത സത്യവാങ്മൂലങ്ങളിൽ എടുത്തത്. ഈ നിലപാടുതന്നെയാണ് ദൗത്യം ആരംഭിച്ച് ഒരുമാസം കഴിഞ്ഞപ്പോൾ വിളിച്ചുകൂട്ടിയ മന്ത്രിസഭാ ഉപസമിതി യോഗത്തിലും ഞാനെടുത്തത്.

ഈ യോഗത്തിൽ പങ്കെടുത്തിരുന്ന ചീഫ് സെക്രട്ടറി ലിസി ജേക്കബ് രവീന്ദ്രൻ പട്ടയങ്ങൾക്ക് നിയമസാധുത നൽകാൻ മുൻകാല പ്രാബല്യത്തിൽ അയാൾക്ക് ഒരു നിയമന ഉത്തരവു കൊടുക്കാൻ സാധിക്കില്ലേ എന്നു ചോദിക്കുകയുണ്ടായി. അയാൾ പട്ടയം നൽകിയപ്പോൾ ഡെപ്യൂട്ടി തഹസിൽദാർ മാത്രമായിരുന്നതിനാൽ മുൻകാല പ്രാബല്യത്തിൽ തഹസിൽദാർ ആയി പ്രമോട്ട് ചെയ്യുകയും വേണ്ടിവരുമെന്ന് ഞാൻ ചൂണ്ടിക്കാട്ടിയതിനാലാകാം ഇതുവരെ അതുണ്ടായിട്ടില്ല.

വി.എസ്​ തന്നെയായിരുന്നോ തിരിച്ചുവിളിച്ചത്? അങ്ങനെ ഒരു വിളി പ്രതീക്ഷിച്ചിരുന്നോ?

മന്ത്രിസഭാ ഉപസമിതിയിൽ ഞാൻ രേഖാമൂലം നൽകിയ റിപ്പോർട്ടിൽ ദൗത്യം ആരംഭിച്ച് അതുവരെ, 28 ദിവസങ്ങളിലായി. 11,350 ഏക്കർ കൈയേറ്റ ഭൂമി വീണ്ടെടുത്തതും 91 അനധികൃത ബഹുനില കെട്ടിടങ്ങൾ നീക്കംചെയ്തതും വിശദീകരിച്ചിരുന്നു. റവന്യൂ വകുപ്പി​ന്റെ നിസ്സഹകരണം ദൗത്യത്തി​ന്റെ നിർവഹണത്തെ ബാധിക്കുന്ന കാര്യവും പറഞ്ഞിരുന്നു.

ഒരാഴ്ച കഴിഞ്ഞപ്പോൾ വി.എസി​ന്റെ വിളി വന്നു. ...ഇനി ടൗൺ പ്രദേശത്തെ കൈയേറ്റങ്ങൾ ഒഴിപ്പിക്കൽ തൽക്കാലം നിർത്തിവെക്കണം. എല്ലാ ഘടകകക്ഷികളുടെയും പ്രാദേശിക ഘടകങ്ങൾ ഇതാവശ്യപ്പെടുന്നു... വി.എസി​ന്റെ ശബ്ദത്തിൽ അസ്വസ്​ഥത. പാർട്ടി ഓഫിസ്​ സംരക്ഷകർക്കു വി.എസിനെ സ്വാധീനിക്കാൻ കഴിഞ്ഞിരിക്കുന്നു എന്ന് എനിക്ക് ബോധ്യമായി.

ഞാൻ മൂന്നാറിനു പുറത്തുള്ള CHR (Cardamom Hill Reserve) ഭൂമിയിലെയും ഏലമലക്കാടുകളിലുമുള്ള കൈയേറ്റങ്ങളിലേക്കും ശ്രദ്ധതിരിച്ചു. ഒരാഴ്ചക്കകം വി.എസി​ന്റെ അടുത്ത വിളി വന്നു. ഇത്തവണ വി.എസി​ന്റെ ശബ്ദത്തിൽ വ്യക്തമായും ജാള്യത നിഴലിക്കുന്നുണ്ടായിരുന്നു. ഏലഭൂമിയിൽ നിയമപരമായി ഏലകൃഷി ചെയ്തുവരുന്ന ഒരാൾക്കുമെതിരെ നടപടിയെടുത്തിട്ടി​െല്ലന്നും ഏല ഭൂമിയിലെ വനവൃക്ഷങ്ങളുടെ ശിഖരങ്ങൾപോലും സംരക്ഷിക്കാൻ ഏല കർഷകർക്ക് നിയമപരമായ ഉത്തരവാദിത്തമുണ്ടെന്നിരിക്കെ വനവൃക്ഷങ്ങൾ പൂർണമായി വെട്ടിനീക്കി അവിടെ ഇപ്പോൾ റിസോർട്ട് കൃഷി മാത്രമാണ് നടന്നുവരുന്നതെന്നും ഞാൻ പറഞ്ഞു. ...ഏല കർഷകരുടെ സംഘടനയുമായി സി.പി.ഐ നേതൃത്വം ധാരണയിലെത്തിക്കഴിഞ്ഞു..., എന്നായിരുന്നു വി.എസി​ന്റെ വാക്കുകൾ.

മൂന്നാറിലെയും പരിസര പ്രദേശങ്ങളിലെയും എല്ലാ കൈയേറ്റങ്ങളും മൂന്നുമാസത്തിനകം ഒഴിപ്പിക്കണമെന്നും അനധികൃത കെട്ടിടങ്ങൾ നീക്കംചെയ്യണമെന്നുമായിരുന്നു മന്ത്രിസഭയുടെ തീരുമാനം. ഒരാഴ്ചമുമ്പ് മൂന്നാർ പട്ടണത്തിലുള്ള കൈയേറ്റങ്ങൾ ഇനി ഒഴിപ്പിക്കേണ്ട എന്ന് വി.എസ്​ പറഞ്ഞപ്പോഴും ഇപ്പോൾ മൂന്നാറിനു പുറത്തുള്ള കൈയേറ്റങ്ങൾ ഒഴിപ്പിക്കൽ തന്നെ നിർത്തിവെക്കണമെന്നു വി.എസ്​ ആവശ്യപ്പെട്ടപ്പോഴും ഒരു കാര്യം വ്യക്തമായിരുന്നു: പാർട്ടി ഓഫിസ്​ സംരക്ഷകർ വിജയിച്ചിരിക്കുന്നു.

ദൗത്യത്തിനു പുറപ്പെടുമ്പോൾ വി.എസിൽനിന്നു ലഭിച്ച നിർദേശമെന്തായിരുന്നു?

ഒരു മിനിറ്റുപോലും വൈകാതെ കൈയേറ്റമൊഴിപ്പിക്കലും അനധികൃത കെട്ടിടങ്ങൾ നീക്കംചെയ്യലും തുടങ്ങണം. ചെറിയ പെട്ടിക്കടകളും മറ്റും തൽക്കാലം അവിടെ നിൽക്കട്ടെ. വലിയ കൈയേറ്റങ്ങൾ ആദ്യം ഒഴിപ്പിക്കണം ഇതായിരുന്നു വി.എസി​ന്റെ നിർദേശം.

പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴുള്ള ധൈര്യം മുഖ്യമന്ത്രിയായപ്പോൾ വി.എസിനു നഷ്​ടപ്പെട്ടു എന്നു തോന്നിയോ?

വി.എസിനു ധൈര്യത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. എന്നാൽ, പാർട്ടി എന്നൊരു ദൗർബല്യം വി.എസിന് എക്കാലത്തുമുണ്ടായിരുന്നു. അത് വി.എസി​ന്റെ രാഷ്ട്രീയ ജീവിതം സൂക്ഷ്മമായി നോക്കുന്ന ആർക്കും കാണാം. ഇവിടെയും വി.എസ്​ പിന്നോട്ടുമാറിയത് അതുകൊണ്ടുതന്നെയായിരുന്നു.

 

മൂന്നാറിലെ വിവാദമായ പൊളിക്കലുകളിൽ ഒന്ന്​

വ്യക്തിപരമായി വി.എസിനെ എങ്ങനെയാണ് വിലയിരുത്തുന്നത്?

ഞാൻ അതുവരെ ഇടപെടേണ്ടിവന്ന മറ്റു രാഷ്ട്രീയ നേതാക്കളിൽനിന്നും വ്യത്യസ്​തനായി സത്യത്തിനും നീതിക്കും വേണ്ടി ശക്തമായി നിലപാടെടുക്കുന്ന പ്രകൃതമുള്ള ജനനേതാവായിരുന്നു വി.എസ്. സമൂഹത്തിലെ പ്രയാസമനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് പ്രത്യേക കരുതൽ വേണമെന്നും വി.എസിന് ശാഠ്യമുണ്ടായിരുന്നു. എന്നാൽ, അദ്ദേഹവും പൊളിറ്റിക്കൽ കോംപ്രമൈസുകൾക്കു വഴങ്ങുന്ന സാധാരണ രാഷ്ട്രീയക്കാരൻതന്നെയായിരുന്നു എന്നു തെളിഞ്ഞപ്പോൾ സത്യത്തിൽ നിരാശ തോന്നി.

പാർട്ടി കഴിഞ്ഞാൽ വി.എസി​ന്റെ ഒരു ദൗർബല്യം സ്വന്തം കുടുംബമായിരുന്നു, പ്രത്യേകിച്ചും ഭാര്യയും മകനും. ഔദ്യോഗിക പക്ഷത്തി​ന്റെ വെല്ലുവിളികളും അവഹേളനങ്ങളും തുടർച്ചയായി നേരിടേണ്ടിവന്നപ്പോൾ പലപ്പോഴും വി.എസ് പാർട്ടിയിൽനിന്ന് സ്വയം ഒഴിഞ്ഞുപോകണമെന്ന് പലരും ഉപദേശിച്ചു. എന്നാൽ, അദ്ദേഹത്തെ അതിൽനിന്ന് പിന്തിരിപ്പിച്ചത് പാർട്ടിയോടുള്ള അമിതമായ കൂറു മാത്രമല്ല, വസുമതിച്ചേച്ചിയുടെയും അപ്പുവി​ന്റെയും നിർബന്ധങ്ങളുമായിരുന്നു എന്നു വിശ്വസിക്കുന്നവരുമുണ്ട്. ഞാനും ആ കൂട്ടത്തിലാണ്.

2016ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ വി.എസും പിണറായി വിജയനും മത്സരിക്കുമെന്നും പ്രചാരണ പരിപാടികൾക്ക് വി.എസ് നേതൃത്വം നൽകുമെന്നും വാർത്തകൾ വന്നപ്പോൾതന്നെ ഇത്തവണ അനുജത്തിയെ കാണിച്ചുകൊടുത്ത് ​േജ്യഷ്ഠത്തിയെ കെട്ടിക്കാനുള്ള പുറപ്പാടാണെന്ന് ഉറപ്പായി. ഇതിന് വി.എസ്​ അറിഞ്ഞുകൊണ്ട് നിന്നുകൊടുത്തു എന്നത് എന്നെ ഞെട്ടിക്കുകതന്നെ ചെയ്തു.

പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ വി.എസിന് എറിഞ്ഞുകൊടുത്ത അപ്പക്കഷണം മാത്രമായിരുന്നു ഭരണപരിഷ്കാര കമ്മിറ്റിയുടെ ചെയർമാൻ പദവി. ഇതു സ്വീകരിച്ചതും തുടർന്ന് ഔദ്യോഗികപക്ഷത്തി​ന്റെ പുച്ഛവും പരിഹാസവും ഏറ്റുവാങ്ങി ആ പദവിയിൽ തുടർന്നതും എന്നെപ്പോലെ രാഷ്ട്രീയത്തിനതീതമായി വി.എസിനൊപ്പം നിന്നവരെ നിരാശപ്പെടുത്തി.

വളരെ വേഗത്തിൽ വി.ആർ.എസ്​ എടുക്കാനുള്ള കാരണമെന്താണ്?

വളരെ വേഗത്തിലല്ല ഈ തീരുമാനമെടുത്തത്. മൂന്നാറിൽനിന്ന് മടങ്ങിയശേഷം ആറു മാസത്തോളം എനിക്ക് ഒരു നിയമനവും തന്നില്ല. വി.എസിനു കീഴിലുള്ള ഒരു നിയമനവും നൽകരുതെന്ന് തീരുമാനിച്ചത് പാർട്ടിയുടെ സംസ്​ഥാന നേതൃത്വമാണ്. പിന്നീട് തിരുവനന്തപുരത്ത് കാർഷിക ഗ്രാമ വികസന ബാങ്കി​ന്റെ മാനേജിങ് ഡയറക്ടർ ആയി നിയമനം ലഭിച്ചു. ഇത് വളരെ ജൂനിയർ ഓഫിസർമാർക്ക് മാത്രം കൊടുക്കാറുള്ള പോസ്റ്റ് ആയിരുന്നു. പത്തു വർഷം മുമ്പ് ഇതേ തസ്​തികയിൽ ഞാൻ ജോലി ചെയ്തിട്ടുമുണ്ടായിരുന്നു.

ഞാൻ ആ ജോലിയിൽ പ്രവേശിച്ച് ഒരു മാസം തികയുന്നതിനു മുമ്പ് എന്നെ സർവിസിൽനിന്ന് സസ്​പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവു വന്നു. മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടയിൽ മുഖ്യമന്ത്രിയുടെ ഓഫിസിനെ വിമർശിച്ചു എന്നാരോപിച്ചാണ് അന്വേഷണ വിധേയമായി എന്നെ സസ്​പെൻഡ് ചെയ്തത്. പാർട്ടിയുടെ സമ്മർദത്തിന് വഴങ്ങിയാണ് വി.എസ് സസ്​പെൻഷൻ ഉത്തരവിൽ ഒപ്പുെവച്ചത്. ത​ന്റെ ഉത്തരവിനെ ഹൈകോടതിയിൽ പോയി റദ്ദാക്കിക്കാനായി വി.എസ് തന്നെ ഒരു ദൂതൻ വശം 50,000 രൂപ കൊടുത്തയച്ചു എന്നതും വി.എസി​ന്റെ ഇക്കാര്യത്തിലെ നിസ്സഹായത വ്യക്തമാക്കുന്നു.

 

മൂന്നാറിലെ ‘പൂച്ചക്കുട്ടികൾ’: കെ. സുരേഷ്​ കുമാർ, രാജു നാരായണ സ്വാമി, ഋഷിരാജ്​ സിങ്

തിരികെ ജോലിയിൽ പ്രവേശിച്ചത് എങ്ങനെയാണ്?

ഒരു വർഷത്തോളം സസ്​പെൻഷനിൽ തുടർന്നശേഷം ഹൈകോടതിയുടെ ഡിവിഷൻ ബെഞ്ചി​ന്റെ ഉത്തരവ് പ്രകാരമാണ് ഞാൻ തിരികെ ജോലിയിൽ പ്രവേശിച്ചത്. (മുഖ്യമന്ത്രിയുടെ ഓഫിസിലെ ൈപ്രവറ്റ് സെക്രട്ടറി ആയിരുന്ന രാജേന്ദ്രനെയും പൊളിറ്റിക്കൽ സെക്രട്ടറി ആയിരുന്ന ബാലഗോപാലിനെയും വിമർശിച്ചത് നിയമലംഘനമല്ലെന്നും അവരെ വിമർശിച്ചത് ഗവൺ​മെന്റിനെ വിമർശിക്കലായിരുന്നു എന്ന വ്യാഖ്യാനം തെറ്റാണെന്നുമായിരുന്നു ഹൈകോടതിയുടെ വിധി).

അപ്പോഴേക്കും ഗവ​ൺമെന്റ് സെക്രട്ടറി ആകാൻ സീനിയോറിറ്റി ഉണ്ടായിരുന്ന എന്നെ സെക്ര​േട്ടറിയറ്റിൽ നിയമിക്കാതിരിക്കാൻ സാധിക്കില്ല എന്നു വന്നപ്പോൾ അതുവരെ ഒരു അണ്ടർ സെക്രട്ടറി കൈകാര്യം ചെയ്തിരുന്ന ഔദ്യോഗിക ഭാഷാ വിഷയങ്ങൾക്കായി ഒരു സെക്രട്ടറിയുടെ പോസ്റ്റ് തന്നെ സൃഷ്​ടിച്ചാണ് എനിക്ക് നിയമനം നൽകിയത്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ സർക്കാർ ഗുമസ്​തന്മാർ മലയാള ഭാഷ ഉപയോഗിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കൽ മാത്രമായിരുന്നു ഈ വിശിഷ്​ട ഗവ​ൺമെന്റ് സെക്രട്ടറിയുടെ ചുമതല. വി.എസ് മുഖ്യമന്ത്രിയായിരിക്കെ തന്നെ ഞാൻ ഈ പോസ്റ്റിൽ നാലു വർഷത്തോളം ജോലിചെയ്തു. ഇതിനുശേഷം ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി വന്നപ്പോഴും എന്നെ അതേ കസേരയിൽ അഞ്ചു വർഷം ഇരുത്തി. ഇതിനകം ഐ.എ.എസിൽ 29 വർഷം പൂർത്തിയാക്കിയിരുന്ന എനിക്ക് ഫുൾ പെൻഷന് അർഹതയുണ്ടായിരുന്നു. എനിക്ക് ജോലി ചെയ്യാനുള്ള അവസരം ഇനി കിട്ടുക പ്രയാസമാണെന്ന് ബോധ്യപ്പെട്ടപ്പോഴാണ് വി.ആർ.എസ്​ എടുക്കാൻ തീരുമാനിച്ചത്.

News Summary - interview with VS Achuthanandan