Begin typing your search above and press return to search.

പുലരാതെ പോയ സ്വപ്നം

പുലരാതെ പോയ സ്വപ്നം
cancel

കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപകനും ചിന്തകനും എഴുത്തുകാരനുമായ കെ. ദാമോദരനെ അമ്പതാം ചരമവാർഷിക വേളയിൽ ഓർമിക്കുകയാണ് ‘മാധ്യമം-മീഡിയവൺ’ ഗ്രൂപ് എഡിറ്ററായ ലേഖകൻ. കെ. ദാമോദരന്റെ രചനകളിലൂടെ കണ്ണോടി​ക്കുമ്പോൾ ഇന്ത്യൻ പശ്ചാത്തലത്തിൽ മാർക്സിസത്തെ പഠിക്കാനും ചിന്തിക്കാനും സഗൗരവം അധ്വാനിച്ച വേറിട്ട വ്യക്തിത്വത്തെയാണ് കാണാനാവുകയെന്നും എഴുതുന്നു. കൃഷ്ണപിള്ള, ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട് തുടങ്ങിയ കേരളത്തിലെ കമ്യൂണിസ്റ്റ് സൈദ്ധാന്തികരിൽ എണ്ണപ്പെടുന്ന അഥവാ എണ്ണപ്പെടേണ്ട ദേഹമാണ് കെ. ദാമോദരൻ (1912-1976). ‘ഭാരതീയ ചിന്ത’, ‘ഇന്ത്യയുടെ ആത്മാവ്’, ‘മനുഷ്യൻ’, ‘മാർക്സ് കംസ് ടു ഇന്ത്യ’ തുടങ്ങിയ അദ്ദേഹത്തിന്റെ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപകനും ചിന്തകനും എഴുത്തുകാരനുമായ കെ. ദാമോദരനെ അമ്പതാം ചരമവാർഷിക വേളയിൽ ഓർമിക്കുകയാണ് ‘മാധ്യമം-മീഡിയവൺ’ ഗ്രൂപ് എഡിറ്ററായ ലേഖകൻ. കെ. ദാമോദരന്റെ രചനകളിലൂടെ കണ്ണോടി​ക്കുമ്പോൾ ഇന്ത്യൻ പശ്ചാത്തലത്തിൽ മാർക്സിസത്തെ പഠിക്കാനും ചിന്തിക്കാനും സഗൗരവം അധ്വാനിച്ച വേറിട്ട വ്യക്തിത്വത്തെയാണ് കാണാനാവുകയെന്നും എഴുതുന്നു.

കൃഷ്ണപിള്ള, ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട് തുടങ്ങിയ കേരളത്തിലെ കമ്യൂണിസ്റ്റ് സൈദ്ധാന്തികരിൽ എണ്ണപ്പെടുന്ന അഥവാ എണ്ണപ്പെടേണ്ട ദേഹമാണ് കെ. ദാമോദരൻ (1912-1976). ‘ഭാരതീയ ചിന്ത’, ‘ഇന്ത്യയുടെ ആത്മാവ്’, ‘മനുഷ്യൻ’, ‘മാർക്സ് കംസ് ടു ഇന്ത്യ’ തുടങ്ങിയ അദ്ദേഹത്തിന്റെ രചനകളിലൂടെ കണ്ണോടി​ക്കുമ്പോൾ ഇന്ത്യൻ പശ്ചാത്തലത്തിൽ മാർക്സിസത്തെ പഠിക്കാനും ചിന്തിക്കാനും സഗൗരവം അധ്വാനിച്ച വേറിട്ട വ്യക്തിത്വത്തെയാണ് കാണാവുക. അദ്ദേഹത്തെ നേരിൽ കാണണമെന്നും കേൾക്കണമെന്നും ആഗ്രഹിച്ച എനിക്ക് അതിനവസരം ഒത്തുവന്നത് 1960കളിൽ ഞാൻ വെള്ളിമാടുകുന്നിലെ ‘പ്രബോധനം’ വാരികയിൽ ജോലിചെയ്യുമ്പോഴാണ്. അപ്പോഴേക്ക് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ വലതും ഇടതുമായി പിളർന്നുകഴിഞ്ഞിരുന്നു.

ഇ.എം.എസും എ.​കെ. ഗോപാലനും ഇടത്തോട്ട് തിരിഞ്ഞപ്പോൾ കെ. ദാമോദരൻ, എം.എൻ. ഗോവിന്ദൻ നായർ, ടി.വി. തോമസ് മുതൽ പേർ സി.പി.ഐയിൽ ഉറച്ചുനിന്നു. കോഴിക്കോട് മുതലക്കുളം മൈതാനിയിൽ കെ. ദാമോദരൻ പ്രസംഗിക്കുന്നു എന്നറിഞ്ഞപ്പോൾ ഞാൻ അന്നത്തെ സായാഹ്നം കെ. ​ദാമോദരനെ ശ്രവിക്കാനും ഇടതു-വലത് പിളർപ്പിന്റെ മൂലകാരണങ്ങൾ നേരിൽ മനസ്സിലാക്കാനുമുള്ള അവസരമാക്കി. 1965ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വെറും മൂന്ന് സീറ്റിലൊതുങ്ങിയ സി.പി.ഐയുടെ പിന്നിലല്ല സഖാക്കളിൽ ബഹുഭൂരിപക്ഷവുമെന്ന് നേരത്തേ ബോധ്യപ്പെട്ടിരുന്നതാണ്. അത് പക്ഷേ പ്രത്യയശാസ്ത്രപരമെന്നതിനെക്കാളേറെ എ.കെ.ജിയെ​പ്പോലുള്ള സമരനായകരുടെ വൈകാരികവും ചടുലവുമായ നേതൃശേഷിയുടെ ഫലമായിരുന്നെന്ന് ധരിക്കാവുന്നതാണ്.

ശുഷ്‍കമായ സദസ്സിനു മുമ്പാകെ ദാമോദരൻ നടത്തിയ താത്ത്വിക പ്രഭാഷണം കൈയടിക്കും ആർപ്പുവിളികൾക്കും വഴിയൊരുക്കാതിരുന്നത് സ്വാഭാവികം. സോവിയറ്റ് ലൈനും ചൈനീസ് ലൈനും തമ്മിലെ ഏറ്റുമുട്ടൽ അന്താരാഷ്ട്ര കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പിളർത്തിയ പശ്ചാത്തലത്തിൽ, 1962ലെ ചൈനീസ് അതിർത്തി കൈയേറ്റത്തോടെ നെഹ്റു ഗവൺമെന്റിനെ പൂർവാധികം വലത്തോട്ട് തിരിച്ചിരുന്നു. അമ്പതുകളിലെ ഹിന്ദു-ചീനി ഭായി ഭായി മുദ്രാവാക്യങ്ങൾ പിന്നീടൊരിക്കലും ആസേതു ഹിമാചലം മുഴങ്ങാതായി.

ആഗോളതലത്തിൽ അമേരിക്ക നേതൃത്വം നൽകുന്ന സാമ്രാജ്യത്വ ചേരിക്കും സോവിയറ്റ് നിയന്ത്രിത ചേരിക്കും മധ്യേ ജവഹർലാൽ നെഹ്റു, മാർഷൽ ജോസഫ് ടിറ്റോ, ജമാൽ അബ്ദുന്നാസിർ എന്നിവർ ചേർന്ന് ചേരിചേരാ ചേരിക്ക് രൂപംനൽകിയത് അനന്തര സംഭവം. അപ്പോഴൊക്കെയും സോവിയറ്റ് പക്ഷത്തും നെഹ്റുവിന്റെ പക്ഷത്തുമായിരുന്നു സി.പി.ഐ അഥവാ വലതു കമ്യൂണിസ്റ്റ് പാർട്ടി നിലയുറപ്പിച്ചത്. മറുവശത്ത് സി.പി.എം ആകട്ടെ ഭാഗികമായെങ്കിലും മാവോ സെ തുങ്ങിന്റെ പക്ഷത്തോടാണ് ആഭിമുഖ്യം പുലർത്തിയത്. നെഹ്റുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഗവൺമെന്റിന്റെ കടുത്ത വിമർശകരുംകൂടിയായിരുന്നു സി.പി.എം.

യഥാർഥത്തിൽ പിളരുന്നതിന് മുമ്പുതന്നെ, അഭിപ്രായഭിന്നതകൾ രൂക്ഷതരമായിരുന്നു പാർട്ടിയിലെന്ന് തെളിയിക്കുന്നതാണ് ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ ഏതാണ്ട് ഒറ്റപ്പെട്ട ജീവിതം നയിച്ചിരുന്ന ദാമോദരൻ, ‘ന്യൂ ലെഫ്റ്റ് റിവ്യൂ’ പത്രാധിപർ താരിഖ് അലിയുമായി നടത്തിയ സുദീർഘമായ സംഭാഷണം (അത് പിന്നീട് മലയാളത്തിൽ ധ്വനി പബ്ലിഷിങ് സെന്റർ, പെരുമ്പാവൂർ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്). 1957ൽ കേരളത്തിൽ നടന്ന പ്രഥമ നിയമസഭ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയിക്കുകയും സ്വതന്ത്രന്മാരുടെ പിന്തുണയോടെ അധികാരത്തിൽ വരുകയും ചെയ്തപ്പോൾതന്നെ അതിന്റെ സ്വഭാവത്തെക്കുറിച്ച് പാർട്ടിയിൽ കടുത്ത ഭിന്നാഭിപ്രായങ്ങൾ ഉടലെടുത്തു.

 

‘നമ്പൂതിരിപ്പാടടക്കമുള്ള കേന്ദ്ര നേതാക്കളുന്നയിച്ചതും ഉയർന്നു നിന്നതുമായ വീക്ഷണം ഇതായിരുന്നു. കേരളത്തിൽ തൊഴിലാളികൾ സമാധാന മാർഗത്തിലൂടെ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി അധികാരം പിടിച്ചെടുത്തിരിക്കുന്നു. കേരളം സോഷ്യലിസത്തിലേക്കുള്ള സമാധാനപരമായ പരിവർത്തനത്തിന്റെ ഉത്തമ മാതൃകയായിത്തീരും. ലോകത്തിലാദ്യമായാണ് ഇത് സംഭവിക്കുന്നത്. ലോകം മുഴുവനുമുള്ള സഖാക്കൾക്ക് ഭാവിയുടെ വഴികാട്ടിയാണിത്.’ നേതൃത്വത്തിന്റെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു.

‘‘ഞാൻ ഈ വീക്ഷണത്തോട് യോജിച്ചില്ല. കമ്യൂണിസ്റ്റുകാർ വിജയിച്ചാലും ഭരണകൂടം മുതലാളിത്ത ഭരണകൂടമായിത്തന്നെ നിലനിൽക്കുന്നുവെന്നും മറിച്ചുള്ള വ്യാമോഹങ്ങൾ പരത്തുന്നത് തെറ്റായിരിക്കുമെന്നും ഞാൻ വാദിച്ചു. അൽപം ചില സഖാക്കൾമാത്രം എന്നെ പിന്താങ്ങി. തർക്കപരിഹാരത്തിന് ശ്രമിക്കാനായി കേരള നേതൃത്വവുമായി ചർച്ചനടത്താൻ പാർട്ടി സെക്രട്ടറിയായിരുന്ന അജയഘോഷ് ഡൽഹിയിൽനിന്ന് വന്നെത്തി. രണ്ട് വീക്ഷണങ്ങളും അദ്ദേഹത്തിന് മുന്നിൽ അവതരിപ്പിക്കപ്പെട്ടു. ഞാൻ ന്യൂനപക്ഷത്തിനുവേണ്ടി വാദിച്ചു. ഞങ്ങൾ ഒരു പ്രദേശത്ത് ഗവൺമെന്റധികാരമുപയോഗിക്കുകയാണെങ്കിലും പ്രാദേശികമായും ദേശീയമായും ഭരണകൂടം മുതലാളിത്തപരംതന്നെയാണെന്നും പാർട്ടിയെയും ജനകീയ പ്രസ്ഥാനത്തെയും ശക്തിപ്പെടുത്താനായി ഈ അവസരം എങ്ങനെ ഉപയോഗിക്കാമെന്നതാണ് ഞാൻ അഭിമുഖീകരിക്കുന്ന പ്രശ്നമെന്നും ഞാൻ വാദിച്ചു.

തൊഴിലാളിവർഗം അധികാരത്തിൽ വന്നില്ലായിരുന്നുവെന്നർഥം’’. എന്നാൽ, ഇ.എം.എസ് ഉൾപ്പെടെയുള്ള ഭൂരിപക്ഷത്തിന്റെ വാദത്തിനനുകൂലമായി ദേശീയ സെക്രട്ടറി നിലയുറപ്പിച്ചതോടെ ദാമോദരനടക്കമുള്ളവരുടെ ന്യൂനപക്ഷാഭിപ്രായം തിരസ്കരിക്കപ്പെട്ടു. ലോകത്താദ്യമായി സംസ്ഥാനത്ത് പ്രഥമ ജനാധിപത്യ കമ്യൂണിസ്റ്റ് ഭരണം ആരംഭിക്കുകയും ചെയ്തു. 1959​ലെ വിമോചന സമരത്തെ തുടർന്ന് നെഹ്റു സർക്കാർ ഇ.എം.എസ് ഗവൺമെന്റിനെ പിരിച്ചുവിട്ട പശ്ചാത്തലത്തിൽ, പാർട്ടിയുടെ സൈദ്ധാന്തിക മാസികയായ ‘കമ്യൂണിസ്റ്റി’ൽ ഭരണകൂടം തൊഴിലാളിവർഗ ഭരണകൂടമായിരുന്നില്ലെന്ന് ഇ.എം.എസ് എഴുതിയ ലേഖനത്തിൽ സമ്മതിച്ച കാര്യം ദാമോദരൻ അനുസ്മരിക്കുന്നുണ്ട്. അൽപം മുമ്പ് നമ്പൂതിരിപ്പാടിന് ഈ ബോധമുദിച്ചിരുന്നെങ്കിൽ സ്ഥിതി തീർത്തും വ്യത്യസ്തമാവുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

പ്രയോഗതലത്തിൽ അതുകൊണ്ടെന്ത് വ്യത്യസ്തതയാണ് ജനങ്ങൾക്ക് അനുഭവപ്പെടുക എന്ന് അദ്ദേഹം വി​ശദീകരിക്കുന്നില്ല. ഒരുവേള പിൽക്കാലത്ത് കമ്യൂണിസ്റ്റ് പാർട്ടികളുടെ തകർച്ചക്ക് വഴിവെക്കുന്നതിൽ പ്രധാന പങ്കുവഹിച്ച പാർലമെന്ററി വ്യാമോഹം ലഘൂകരിക്കപ്പെടുമായിരുന്നു എന്നു​വേണമെങ്കിൽ കരുതാം. പക്ഷേ, 1948-49 കാലത്ത് ബി.ടി. രണദിവെയും കൂട്ടുകാരും നയിച്ച തെലങ്കാന സായുധകലാപത്തെ തുടർന്ന് നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ അമ്പതുകളുടെ തുടക്കത്തിൽ പാർലമെന്ററി ജനാധിപത്യം അംഗീകരിച്ച് നിരോധത്തെ അതിജീവിച്ചപ്പോൾതന്നെ ബൂർഷ്വാ ജനാധിപത്യപാതയിൽ പാർട്ടി പ്രവേശിച്ചുകഴിഞ്ഞിരുന്നു.

അതേ വഴിയേ മുന്നോട്ടുപോയപ്പോൾ അനിവാര്യമായ ജീർണതകളെയോർത്ത് പരിഭവിച്ചിട്ട് കാര്യമൊന്നുമില്ല. അറുപതുകളുടെ തുടക്കത്തിൽ കനുസന്യാലും ചാരുമജുംദാറും സംഘവും വിപ്ലവം തോക്കിൻകുഴലിലൂടെയേ വരൂ എന്ന മാവോയിസ്റ്റ് ലൈൻ സ്വീകരിച്ച് പാർലമെന്ററി ജനാധിപത്യത്തോട് വിടചൊല്ലി സായുധ പോരാട്ടത്തിന്റെ വഴി സ്വീകരിച്ചതിന്റെ അനന്തരഫലമായി നക്സൽ-മാവോയിസ്റ്റ് പ്രസ്ഥാനം ഇപ്പോൾ ഉന്മൂലനത്തിലെത്തി നിൽക്കുകയാണല്ലോ. ബിഹാറിലെ സി.പി.ഐ (എം.എൽ) ആകട്ടെ പാർലമെന്ററി ജനാധിപത്യത്തിലേക്ക് തിരിച്ചുവരുകയും ചെയ്തു.

 

ഇ.എം.എസ് സർക്കാറിന്റെ തുടക്കത്തിൽ, പാർട്ടി അഭിമുഖീകരിക്കേണ്ടിവന്ന തീഷ്ണമായ മോഹഭംഗത്തിന് നിമിത്തമായ സംഭവം കെ. ദാമോദരൻ തന്റെ ഉപര്യുക്ത മുഖാമുഖത്തിൽ അനുസ്മരിക്കുന്നത് കൗതുകകരമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് അൽപമാസങ്ങൾ പിന്നിട്ടപ്പോൾ പുതിയ ഗവൺമെന്റിന് ഒരു പ്രധാന പരീക്ഷണം നേരിടേണ്ടിവന്നു. കൊല്ലത്തിനടുത്തുള്ള ഒരു വ്യവസായശാലയിലെ തൊഴിലാളികൾ പണിമുടക്കി. ആ ഫാക്ടറിയിലെ യൂനിയൻ ആർ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു. പണിമുടക്ക് ഗവൺമെന്റിനെതിരായിരുന്നില്ല. ഫാക്ടറിയുടമക്കെതിരായിരുന്നു. ഞങ്ങൾ സി.പി.ഐയുടെ സ്റ്റേറ്റ് കൗൺസിൽ (ഏതാണ്ട് 60 സഖാക്കൾ അതിലുണ്ടായിരുന്നു) കൂടിയിരിക്കുകയായിരുന്നു.

അപ്പോഴാണ് പൊലീസുകാർ പണിമുടക്കുന്ന തൊഴിലാളികളെ വെടിവെച്ചു കൊന്ന വാർത്ത ഞങ്ങൾക്ക് ലഭിച്ചത്. ഞങ്ങൾ തരിച്ചിരുന്നുപോയി. കമ്യൂണിസ്റ്റുകാർ ഭരിക്കുമ്പോൾ പൊലീസ് തൊഴിലാളികളെ വെടിവെച്ച് കൊല്ലുകയോ? ഉടൻതന്നെ സഖാക്കളിലുണ്ടായ പ്രതികരണം ഇതായിരുന്നു: ‘‘വെടിവെപ്പിനെ അപലപിക്കുക. അടിയന്ത​രാന്വേഷണമേർപ്പെടുത്തുക. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക. പണിമുടക്കുന്ന തൊഴിലാളികളോട് പരസ്യമായി മാപ്പുചോദിക്കുക. ഞങ്ങൾ ഭരിക്കുമ്പോൾ അത്തരത്തിൽ ഇനി ഒരിക്കലും സംഭവിക്കുകയില്ലെന്ന് പൊതുവായി ഉറപ്പുനൽകുക.’’ എന്നാൽ, രണ്ടു മണിക്കൂർ നീണ്ടുനിന്ന ഒരു ചർച്ച ആരംഭിച്ചു. ഒടുവിലത്തെ തീരുമാനങ്ങൾ ഞങ്ങളുടെ ആദ്യ പ്രതികരണങ്ങളിൽനിന്ന് തീർത്തും വിഭിന്നമായിരുന്നു. എന്റെ നോട്ടത്തിൽ സംഗതി മുഴുവൻ അന്യായമായിരുന്നു.

പാർട്ടി ഒടുവിൽ പാസാക്കിയ പ്രമേയം പൊലീസിന്റെ പ്രവൃത്തിയെ ന്യായീകരിക്കുന്നതായിരുന്നു. ആരെങ്കിലുമൊരാൾ ഞങ്ങളുടെ വീക്ഷണം വിശദീകരിക്കാനും ആർ.എസ്.പിയെ ആക്രമിക്കാനും പൊലീസിന്റെ പ്രവൃത്തിയെ ന്യായീകരിക്കാനുമായി സ്ഥലത്ത് പോവേണ്ടതാണെന്നും നിശ്ചയിക്കപ്പെട്ടു. ഞാൻ പാർട്ടിയുടെ ശക്തരായ മലയാളം പ്രസംഗകരിൽ ഒരാളാണെന്നായിരുന്നു സങ്കൽപം. അതിനാൽ കേരള കമ്യൂണിസ്റ്റ് പാർട്ടിയെ പ്രതിനിധാനം ചെയ്ത് സംസാരിക്കാൻ ഞാൻ നിയോഗിക്കപ്പെട്ടു. പറ്റില്ലെന്ന് പറയാനും കൗൺസിലെടുത്ത തീരുമാനം എനിക്ക് ദഹിച്ചിട്ടില്ലാത്തതിനാൽ എനിക്കതിനെ ന്യായീകരിക്കാൻ കഴിയില്ലെന്ന് അഭിപ്രായപ്പെടാനുമാണ് എനിക്ക് തോന്നിയത്. അപ്പോൾ പാർട്ടി നേതൃത്വം ഔപചാരികമായിത്തന്നെ എന്നോട് പോയി പാർട്ടിയെ ന്യായീകരിക്കണമെന്നാവശ്യപ്പെട്ടു. ഞാൻ പോയി ഒന്നരമണിക്കൂർ സംസാരിച്ചു. തനി വായാടിത്തം.

മൂന്ന് തൊഴിലാളികളുടെ മരണം ഞാൻ ആർ.എസ്.പിയുടെ നിരുത്തരവാദിത്തത്തിൽ ആരോപിച്ചു. ഈ തൊഴിലാളികളെ കൊലക്ക് കൊടുത്തതെന്തി​നെന്ന് ജനങ്ങളോട് വിശദീകരിക്കാൻ ഞാൻ അവരോടാവശ്യപ്പെട്ടു. പണിമുടക്കിന്റെ നേതാക്കളെ ഞാൻ പരുഷമായി ആക്രമിച്ചു. അന്ന് രാത്രി വീട്ടിൽ മടങ്ങിയെത്തിയപ്പോൾ എനിക്ക് ഉള്ളിൽ ഓക്കാനം വന്നു. എനിക്കുറങ്ങാനായില്ല. പാർട്ടിയെ ന്യായീകരിക്കുന്ന പണി ഞാൻ നിഷേധിക്കേണ്ടതായിരുന്നു എന്നെനിക്ക് തോന്നി. എനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നിപ്പോയി. ഞാൻ ഭാര്യയെ ശകാരിച്ചു. എന്നെ ഇത്തരമൊരു അവസ്ഥയിൽ കൊണ്ടെത്തിച്ച പാർട്ടി നേതാക്കളോട് ആക്രോശിക്കുകയും അവരെ ശകാരിക്കുകയും ചെയ്യുന്നതിന് പകരം ഞാനെ​ന്റെ ഭാര്യയോട് വക്കാണം കൂടി. പിറ്റേന്ന് മൂന്ന് സ്ഥലങ്ങളിൽ അതേ പ്രസംഗം നടത്താൻ എന്നോടാവശ്യപ്പെട്ടു. ഞാൻ കണ്ണടച്ചു നിരസിച്ചു. അതവർ സ്വീകരിച്ചു.’

 

ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം 1960കളിൽ രണ്ടായി പിളർന്നപ്പോൾ ദാമോദരൻ സി.പി.ഐയിൽ തന്നെ ഉറച്ചുനിന്നപ്പോഴും പിളർപ്പിൽ ഖിന്നനായിരുന്നു അദ്ദേഹം. പാർട്ടിയുടെ പിളർപ്പിന്റെ മൂലകാരണം സോവിയറ്റ്-ചൈനീസ് കമ്യൂണിസ്റ്റ് ധാരകളോടുള്ള ഭിന്നമായ കാഴ്ചപ്പാടാണെന്ന പൊതുധാരണ അദ്ദേഹം പങ്കുവെക്കുന്നില്ല. ഇന്ത്യയിലെ കോൺഗ്രസ് ഗവൺമെന്റിനോടുള്ള സമീപനവും മറ്റു പ്രശ്നങ്ങളുംകൂടി പിളർപ്പിലേക്ക് നയിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. കോൺഗ്രസിന്റെ ഭരണകുത്തക തകർക്കുന്നതിനാണ് ഒരു വിഭാഗം മുഖ്യപരിഗണന നൽകിയത്. മുസ്‍ലിം ലീഗിനോടും ജനസംഘ​ത്തോടും കൂട്ടുകൂടിപോലും കോൺഗ്രസിന്റെ ഭരണകുത്തക അവസാനിപ്പിക്കണമെന്ന് വാദിച്ചവരാണ് പാർട്ടി പിളർന്ന് സി.പി.ഐ (എം) രൂപവത്കരിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പാർട്ടി​ ചെയർമാൻ എസ്.എ. ഡാ​ങ്കെ 1924ൽ ബ്രിട്ടീഷ് അധികാരികൾക്ക് തന്റെ സേവനം ഓഫർചെയ്തുകൊണ്ട് എഴുതിയതായി പറയപ്പെടുന്ന കത്ത് പുറത്തുവന്നതും പിളർപ്പിന്റെ കാരണങ്ങളിലൊന്നാണ്. എന്നാൽ, ആ കത്ത് വ്യാജമാണെന്നാണ് ദാമോദരന്റെ വിലയിരുത്തൽ. അതേസമയം, പിളർന്നതിൽ പിന്നെ സി.പി.എമ്മാണ് ശക്തിതെളിയിച്ചതെന്ന് അദ്ദേഹം സമ്മതിക്കുന്നു. എങ്കിലും, താൻ സി.പി.ഐ വിടേണ്ട സാഹചര്യമൊന്നുമുണ്ടായിരുന്നില്ല. ‘ഞാൻ പിളർപ്പിന് തന്നെ എതിരായിരുന്നു.’ രണ്ട് ചേരികളും തമ്മിൽ എന്തെങ്കിലും അടിസ്ഥാന വ്യത്യാസങ്ങളുള്ളതായി അദ്ദേഹം കണ്ടില്ല. പിളർപ്പ് ഇടതുപക്ഷത്തെ ഗണ്യമായി തളർത്തിയെന്നും വലതുപക്ഷം ശക്തിപ്രാപിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ എല്ലാ കമ്യൂണിസ്റ്റ് ശക്തികളെയും മാർക്സിസം-ലെനിനിസത്തിന്റെ അടിത്തറയിൽ യോജിപ്പിക്കേണ്ടതിന്റെ പ്രസക്തിയും പ്രാധാന്യവും ഊന്നിപ്പറഞ്ഞുകൊണ്ടാണ് താരിഖ് അലിയുമായുള്ള സംഭാഷണം ദാമോദരൻ അവസാനിപ്പിക്കുന്നത്. 1976 ജൂലൈ മൂന്നിന് അദ്ദേഹം വിടവാങ്ങുമ്പോൾ സോവിയറ്റ് യൂനിയൻ ചരിത്രത്തിന്റെ ഭാഗമാവുകയോ ആഗോള കമ്യൂണിസ്റ്റ് പ്രസ്ഥാനം കഥാവശേഷമാവുകയോ ചെയ്തിരുന്നില്ലെന്നതുകൊണ്ട്, ശുഭപ്രതീക്ഷയോടുതന്നെയാവണം ഒരേസമയം സൈദ്ധാന്തികനും ഗ്രന്ഥകാരനും പ്രഭാഷകനും മാധ്യമപ്രവർത്തകനും നികിത ​ക്രൂഷ്ചേവ്, ചൗ എൻലായ്​, ഹോചിമിൻ തുടങ്ങിയ കമ്യൂണിസ്റ്റ് രാഷ്ട്രത്തലവന്മാരോടെല്ലാം സംവദിക്കാൻ അവസരം ലഭിച്ച അപൂർവ വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്ന കെ. ദാമോദരൻ എന്ന മലപ്പുറത്തുകാരൻ 1976 ജൂലൈ മൂന്നിന് ചെങ്കൊടിയോട് ലാൽസലാം ചൊല്ലി പിരിഞ്ഞത്.

News Summary - K Damodaran and the Trajectory of Indian Marxism