അച്ഛൻ

കെ. ദാമോദരൻ കാലത്തിന്റെ തിരശ്ശീലയിലേക്ക് മറഞ്ഞിട്ട് 50 വർഷം തികയുന്നു. പാലക്കാട് കൂട്ടുപാതയിൽ കുടുംബവു മൊത്ത് വിശ്രമജീവിതം നയിക്കുന്ന മകൾ കെ.പി. ഉഷ അച്ഛൻ ദാമോദരനെ ഓർക്കുന്നു. കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപവത്കരിച്ച ആദ്യ സംഘത്തിലെ സുപ്രധാന വ്യക്തിയാണ് അച്ഛൻ. ‘പാട്ടബാക്കി’ എന്ന എക്കാലത്തെയും പ്രശസ്തമായ രാഷ്ട്രീയനാടകത്തിന്‍റെ രചയിതാവ്. എഴുത്തുകാരൻ, എം.പി. കേരള ചരിത്രത്തിലും കമ്യൂണിസ്റ്റ് ചരിത്രത്തിലും അച്ഛന്റെ പേര് തങ്കലിപികളിൽ കൊത്തിവെച്ചു. ‘കേരള മാർക്സ്’ എന്നറിയപ്പെടുന്ന കെ. ദാമോദരനെ ഒരുപക്ഷേ ഇന്നത്തെ തലമുറക്ക് വലിയ പരിചയം ഉണ്ടാവണമെന്നില്ല. അഞ്ച് മക്കളിൽ രണ്ടാമത്തെയാളാണ്...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
കെ. ദാമോദരൻ കാലത്തിന്റെ തിരശ്ശീലയിലേക്ക് മറഞ്ഞിട്ട് 50 വർഷം തികയുന്നു. പാലക്കാട് കൂട്ടുപാതയിൽ കുടുംബവു മൊത്ത് വിശ്രമജീവിതം നയിക്കുന്ന മകൾ കെ.പി. ഉഷ അച്ഛൻ ദാമോദരനെ ഓർക്കുന്നു.
കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപവത്കരിച്ച ആദ്യ സംഘത്തിലെ സുപ്രധാന വ്യക്തിയാണ് അച്ഛൻ. ‘പാട്ടബാക്കി’ എന്ന എക്കാലത്തെയും പ്രശസ്തമായ രാഷ്ട്രീയനാടകത്തിന്‍റെ രചയിതാവ്. എഴുത്തുകാരൻ, എം.പി. കേരള ചരിത്രത്തിലും കമ്യൂണിസ്റ്റ് ചരിത്രത്തിലും അച്ഛന്റെ പേര് തങ്കലിപികളിൽ കൊത്തിവെച്ചു. ‘കേരള മാർക്സ്’ എന്നറിയപ്പെടുന്ന കെ. ദാമോദരനെ ഒരുപക്ഷേ ഇന്നത്തെ തലമുറക്ക് വലിയ പരിചയം ഉണ്ടാവണമെന്നില്ല.
അഞ്ച് മക്കളിൽ രണ്ടാമത്തെയാളാണ് ഞാൻ. രാഷ്ട്രീയ പ്രവർത്തകനും പത്രപ്രവർത്തകനും എഴുത്തുകാരനുമെല്ലാമായ അച്ഛനെ കുറിച്ച് വലിയ ഓർമകളൊന്നും എനിക്കില്ല. ജീവിതത്തിൽ വളരെ കുറച്ചുകാലം മാത്രമാണ് ഞാൻ മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞത്. ചെറിയ കുട്ടിയായിരിക്കുമ്പോൾ മുതൽ അമ്മയുടെ തറവാടായ ഗുരുവായൂരിലാണ് വളർന്നത്. സ്കൂൾ പഠനവും അവിടെതന്നെയായിരുന്നു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് മാതാപിതാക്കൾക്കൊപ്പം താമസം തുടങ്ങിയത്. അന്ന് തിരുവനന്തപുരത്ത് ‘നവയുഗം’ വാരികയുടെ എഡിറ്ററായിരുന്നു അച്ഛൻ. എട്ടാം ക്ലാസ് വരെ അവിടെ നിന്നു. പിന്നീട് വീണ്ടും തിരിച്ച് ഗുരുവായൂരിലെത്തി. പിന്നെ അച്ഛൻ രാജ്യസഭ എം.പി ആയപ്പോഴാണ് രണ്ടു വർഷം ഡൽഹിയിൽ ഒപ്പം താമസിച്ചത്.
തിരുവനന്തപുരത്തെ വീട്ടിലായിരുന്നപ്പോൾ സഖാക്കളായ ഇ.എം.എസ്, എ.കെ.ജി, പി. കൃഷ്ണപിള്ള, എഴുത്തുകാരായ എം.ടി. വാസുദേവൻ നായർ, സി. രാധാകൃഷ്ണൻ തുടങ്ങിയ പ്രമുഖർ അച്ഛനെ കാണാൻ എത്തിയിരുന്നു. അന്ന് എന്നും വീട്ടിൽ സന്ദർശകരുണ്ടാകും. ഇവരുമായി ചർച്ചകളും സംസാരങ്ങളും നീണ്ടുപോകും. അച്യുതമേനോന്‍റെ കുടുംബവും വീട്ടിലെ സ്ഥിരം സന്ദർശകരായിരുന്നു. അദ്ദേഹത്തിന്‍റെ മകൾ രാധയുമായി എനിക്ക് ഊഷ്മളമായ ബന്ധമായിരുന്നു. കമ്യൂണിസ്റ്റ് ആദർശങ്ങൾ മുറുകെ പിടിച്ചായിരുന്നു അച്ഛന്‍റെ ജീവിതം. മരിക്കും വരെ അത് തുടർന്നു. ഇടക്ക് പാർട്ടിയുമായി തെറ്റി. എങ്കിലും തന്‍റെ നിലപാടുകളിൽ ഉറച്ചുനിന്ന വ്യക്തിത്വമായിരുന്നു അച്ഛൻ. കമ്യൂണിസ്റ്റ് ആദർശങ്ങൾ അതേപടി പകർന്നുകിട്ടിയത് ഇളയ സഹോദരൻ കെ.പി. ശശിക്ക് ആണ്. ആക്ടിവിസ്റ്റ് ആയിരുന്ന ശശി ഏതാനും വർഷങ്ങൾക്ക് മുമ്പാണ് വിടപറഞ്ഞത്. പ്രഫ. കെ.പി. മോഹനൻ, മധു, രഘു എന്നിവരാണ് മറ്റു സഹോദരങ്ങൾ.
കുട്ടിക്കാലം മുതൽ മാറിത്താമസിച്ചിരുന്നതിനാൽ അച്ഛന്റെ സമരങ്ങളും ഒളിവുജീവിതവുമെല്ലാം പറഞ്ഞുകേട്ട കഥകൾ മാത്രമാണ് എനിക്ക്. കോൺഗ്രസുകാരനായിരുന്ന ദാമോദരൻ ആദ്യകാലം സമരം ചെയ്തത് ബ്രിട്ടീഷുകാർക്കെതിരെ ആയിരുന്നു. അതേ തുടർന്ന് ജയിലിലായി. വിദ്യാർഥി പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും സ്വാതന്ത്ര്യസമര പോരാട്ടത്തിൽ പങ്കുകൊള്ളുകയും ചെയ്തു. നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്തതിന് 1931ൽ അറസ്റ്റ് ചെയ്യപ്പെടുകയും 23 മാസം കഠിനതടവ് അനുഭവിക്കുകയും ചെയ്തു. ഉപ്പ് സത്യഗ്രഹത്തിൽ ഉൾപ്പെടെ പങ്കെടുത്തതായി പറഞ്ഞുകേട്ടിട്ടുണ്ട്. കാശിയിലെ വിദ്യാഭ്യാസ ജീവിതത്തിനിടയിലാണ് അച്ഛൻ കമ്യൂണിസത്തിൽ ആകൃഷ്ടനാകുന്നത് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.
1937ൽ കേരളത്തിലേക്ക് മടങ്ങിയ അച്ഛൻ കേരള സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നു. പി. കൃഷ്ണപിള്ളയുമായി ചേർന്ന് പ്രവർത്തിച്ചു. ഫറോക്കിലെ ഓട്ടുകമ്പനി തൊഴിലാളികളുടെ പണിമുടക്കുമായി ബന്ധപ്പെട്ട് അക്ഷീണം പ്രവർത്തിച്ചിരുന്നു. പൊന്നാനിയിലെ ബീഡി തൊഴിലാളി പണിമുടക്കിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. പൊലീസുകാരിൽനിന്നും രക്ഷപ്പെടാൻ കുടിലുകളിലും നമ്പൂതിരിമാരുടെ മനകളിലും അച്ഛൻ ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. എല്ലാവർക്കും അച്ഛനെ വളരെയധികം ഇഷ്ടമായിരുന്നു. അതിനാൽതന്നെ പൊലീസുകാരിൽനിന്നും സംരക്ഷിക്കാൻ ജനം പരമാവധി ശ്രമിച്ചിരുന്നു.
രാഷ്ട്രീയം കഴിഞ്ഞാൽ പിന്നെ എഴുത്ത് ആയിരുന്നു അച്ഛന്റെ ജീവിതത്തിൽ പ്രധാനം. പുലർച്ചെ മൂന്നരക്ക് എഴുന്നേൽക്കും. ആദ്യം കുളി. അതുകഴിഞ്ഞാൽ പിന്നെ എഴുതാനിരിക്കും. ചായയും സിഗരറ്റും ഈ എഴുത്തിൽ നിർബന്ധം. ഓഫിസ് മുറിയിൽ ധാരാളം പുസ്തകങ്ങളും പത്രങ്ങളും ഉണ്ടായിരുന്നു. ഒരു വാർത്ത ഓരോ പത്രങ്ങളും എങ്ങനെ എഴുതി എന്നറിയുന്നതിനായി എല്ലാ പത്രങ്ങളും വാങ്ങിയിരുന്നു. ജോലിയില്ലാതിരുന്ന, പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന കാലത്ത് എഴുത്തിൽനിന്നും കിട്ടിയിരുന്ന വരുമാനമായിരുന്നു ഞങ്ങളുടെ ജീവിതം മുന്നോട്ടു നയിച്ചത്.
എഴുത്തിനു പുറമേ നല്ലൊരു പ്രസംഗകൻകൂടിയായിരുന്നു അച്ഛൻ. ഏത് വിഷയത്തെ കുറിച്ച് സംസാരിക്കാനാണെങ്കിലും കൈയിലുള്ള കുഞ്ഞ് ഡയറിയിൽ പോയന്‍റ്സ് കുത്തിക്കുറിച്ച് വെക്കും. വിശദമായിതന്നെ അതിനെ കുറിച്ച് പ്രസംഗിക്കും. ഏത് പ്രായക്കാരെയും സംസാരിച്ച് കൈയിലെടുക്കാനുള്ള കഴിവ് അച്ഛനുണ്ടായിരുന്നു.
ദാമോദരന്‍റെ സമര-രാഷ്ട്രീയ-എഴുത്ത് ജീവിതത്തിലെ നിത്യസാന്നിധ്യമായിരുന്നു അമ്മ പത്മം. അമ്മയും നന്നായി എഴുതുമായിരുന്നു. അച്ഛന്‍റെ ഇംഗ്ലീഷ് പുസ്തകങ്ങളെല്ലാം മലയാളത്തിലേക്ക് തർജമ ചെയ്തിരുന്നത് അമ്മയാണ്. എഴുത്തിൽ അമ്മയോട് അച്ഛൻ അഭിപ്രായങ്ങൾ ചോദിക്കും. അച്ഛൻ ജയിൽവാസം അനുഭവിച്ചപ്പോഴും ഒളിവിൽ കഴിഞ്ഞപ്പോഴും എല്ലാം കുടുംബത്തെ നോക്കിയിരുന്നത് അമ്മയാണ്. അൽഷൈമേഴ്സ് ബാധിച്ചാണ് അമ്മ വിടചൊല്ലിയത്. മരണവിവരം അറിഞ്ഞ് പാർട്ടി പ്രവർത്തകർ സന്ദർശിച്ചിരുന്നു.

തിരൂരിലായിരുന്നു അച്ഛന്‍റെ തറവാട്. തറവാട്ടിൽ പാർട്ടി പ്രവർത്തനം നടത്തിയിരുന്നത് അച്ഛൻമാത്രമാണ്. 1951ൽ ഗുരുവായൂരിൽനിന്നും നിയമസഭയിലേക്കും 1957ൽ ലോക്സഭയിലേക്കും മത്സരിച്ചുവെങ്കിലും തോറ്റു. 1960ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര നിർവാഹക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിരവധി ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള അച്ഛൻ മിക്കവാറും എല്ലാ കമ്യൂണിസ്റ്റ് രാജ്യങ്ങളിലും പര്യടനം നടത്തിയിട്ടുണ്ട്. 1964ൽ രാജ്യസഭാംഗമായി. 1970 വരെ രാജ്യസഭ എം.പി ആയിരുന്നു.
കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി.പി.ഐക്കൊപ്പമാണ് അച്ഛൻ നിലകൊണ്ടത്. രാജ്യസഭയിലെ കാലാവധി അവസാനിച്ചതോടെ നാട്ടിലേക്ക് മടങ്ങി. പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം സമഗ്രമായി പഠിക്കാനായി ഐ.സി.എച്ച്.ആർ ഫെലോഷിപ്പിൽ ജെ.എൻ.യുവിൽ ഗവേഷണത്തിലായിരുന്നു. പ്രഫ. ജോഷിയുമായി ചേർന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം എഴുതുകയായിരുന്നു ലക്ഷ്യം. എന്നാൽ, എഴുതിത്തീരുന്നതിനുമുമ്പ് 1976 ജൂലൈ മൂന്നിന് അച്ഛൻ മരിച്ചു.
ഭർത്താവ് കൃഷ്ണദാസിനൊപ്പം പാലക്കാട് സ്ഥിരതാമസമാണ് ഞാൻ. മക്കളായ ബ്രിജേഷ്, രഞ്ജിത്ത്, ഗായത്രി എന്നിവർ കുടുംബമായി വേറെ താമസിക്കുന്നു. അച്ഛന്റെ പഴയ പുസ്തകങ്ങളും ഫോട്ടോകളും ഇന്നും നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്. അച്ഛന് കിട്ടിയ ആദരവുകളും സൂക്ഷിച്ചിട്ടുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഒരു പാർട്ടിയോടും താൽപര്യമില്ല. അച്ഛന്‍റെ കാലത്തെ രാഷ്ട്രീയം ഏറെ വ്യത്യസ്തമായിരുന്നു. പക്ഷേ, ഓർമയിലെ കനലെന്നപോലെ അച്ഛൻ ഇന്നും ജ്വലിച്ചുനിൽക്കുന്നുണ്ട്.

