Begin typing your search above and press return to search.

ഇത്​ ജനകീയ പ്രതിഷേധം!

ഇത്​ ജനകീയ   പ്രതിഷേധം!
cancel

കേരളത്തിൽ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എന്തു വികാരമാണ് വോട്ടിങ്ങിൽ മുഖ്യമായി പ്രതിഫലിച്ചത്? യു.ഡി.എഫ് വിജയത്തെ എങ്ങനെയാണ് കാണേണ്ടത്? ഭരണവിരുദ്ധ വികാരം എത്ര ശ​ക്തമായിരുന്നു? –വിശകലനം. മുസ്‍ലിം മതന്യൂനപക്ഷത്തിനെതിരായ വൈരാഗ്യബുദ്ധിയോ, ശബരിമലക്കൊള്ളയോ, യു.ഡി.എഫ്​ തരംഗമോ, ഭരണവിരുദ്ധ വികാരമോ, ധാർഷ്ട്യത്തിനുള്ള തിരിച്ചടിയോ അ​േതാ അയ്യപ്പശാപമോ? തദ്ദേശ സ്ഥാപന ​െതരഞ്ഞെടുപ്പു ഫലത്തി​ന്റെ കാരണം സംബന്ധിച്ച്​ ജനസാമാന്യം ഉന്നയിക്കുന്ന ചോദ്യങ്ങളിൽ ചിലതാണിത്. വിജയികൾപോലും വിശ്വസിക്കാനാവാതെ ഞെട്ടിത്തരിച്ചപ്പോൾ ഇതിലേറെയും ചോദ്യങ്ങളും സംശയങ്ങളും ഉയരുക സ്വാഭാവികം....

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
കേരളത്തിൽ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എന്തു വികാരമാണ് വോട്ടിങ്ങിൽ മുഖ്യമായി പ്രതിഫലിച്ചത്? യു.ഡി.എഫ് വിജയത്തെ എങ്ങനെയാണ് കാണേണ്ടത്? ഭരണവിരുദ്ധ വികാരം എത്ര ശ​ക്തമായിരുന്നു? –വിശകലനം.

മുസ്‍ലിം മതന്യൂനപക്ഷത്തിനെതിരായ വൈരാഗ്യബുദ്ധിയോ, ശബരിമലക്കൊള്ളയോ, യു.ഡി.എഫ്​ തരംഗമോ, ഭരണവിരുദ്ധ വികാരമോ, ധാർഷ്ട്യത്തിനുള്ള തിരിച്ചടിയോ അ​േതാ അയ്യപ്പശാപമോ? തദ്ദേശ സ്ഥാപന ​െതരഞ്ഞെടുപ്പു ഫലത്തി​ന്റെ കാരണം സംബന്ധിച്ച്​ ജനസാമാന്യം ഉന്നയിക്കുന്ന ചോദ്യങ്ങളിൽ ചിലതാണിത്. വിജയികൾപോലും വിശ്വസിക്കാനാവാതെ ഞെട്ടിത്തരിച്ചപ്പോൾ ഇതിലേറെയും ചോദ്യങ്ങളും സംശയങ്ങളും ഉയരുക സ്വാഭാവികം. യു.ഡി.എഫ്​ നേതാക്കൾതന്നെ ഇൗ ജയത്തിൽ വിശ്വസിക്കാനാകാതെ പരസ്​പരം നോക്കുമ്പോൾ വോട്ടുചെയ്​തവരിൽ ഭൂരിപക്ഷത്തിനും​ ഒരു മധുരപ്രതികാരം നിർവഹിച്ച സായൂജ്യമാണ്.

ആത്മാഭിമാനത്തെയും ചോദ്യംചെയ്യുന്ന ഭരണകർത്താക്കളോട്​ ഇങ്ങനെയല്ലാതെ എന്തു പ്രതികാരമാണ്​ വോട്ടർമാർക്ക്​ ചെയ്യാൻ കഴിയുക? അത്ര​ക്ക്​ ഗതികേടിലായിരുന്നു, അവർ. ഭരണപക്ഷത്തിനെതിരെ ജയിക്കാനിടയുണ്ടെന്നു തോന്നിയവർക്കെല്ലാം അവർ വോട്ടുചെയ്​തു. അതി​ന്റെ പ്ര​േയാജനം യു.ഡി.എഫിനു മാത്രമല്ല, ബി.ജെ.പി-എൻ.ഡി.എ മുന്നണിക്കും കുറെ കിട്ടി. അതല്ലാതെ യു.ഡി.എഫ്​ തരംഗമെ​േന്നാ എൻ.ഡി.എക്ക്​ അനുകൂലമായ ഒരു കുളിർകാറ്റെന്നോ പറഞ്ഞാൽ ആ മുന്നണികളുടെ നേതാക്കൾക്കുപോലും ദഹിച്ചെന്ന്​ വരില്ല.

യു.ഡി.എഫ്​ നേതാക്കൾ ജോലി ചെയ്​തില്ലെന്നല്ല. ഇടക്കാലത്തൊന്നും ഉണ്ടാകാത്തവിധം ​ആത്മാർഥമായി, ഒത്തൊരുമയോടെ അവർ പ്രവർത്തിച്ചു. ഒാരോ തദ്ദേശസ്ഥാപനത്തിലും മുതിർന്ന നേതാക്കൾ തന്നെ ചുമതലയേറ്റെടുത്തു. ഒാരോ വീടും അവർ കയറിയിറങ്ങി. മൂന്നാം വട്ടവും പ്രതിപക്ഷത്തിരിക്കുകയെന്നു പറഞ്ഞാൽ ആത്മഹത്യാപരമാണെന്ന്​ ആരും പറഞ്ഞുകൊടുക്കേണ്ടിയിരുന്നില്ല. നിയമസഭയി​േലക്ക്​ ജയിക്കണമെങ്കിൽ മുന്നണിയിൽ കെട്ടുറപ്പും ആത്മവിശ്വാസവും വേണം. അതുണ്ടാകണമെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മോശമല്ലാത്ത പ്രകടനം വേണം. അത്രയുമേ അവർ ആഗ്രഹിച്ചുള്ളൂ.

40 ശതമാനത്തിൽ താഴെയാണ്​ വോട്ടു കിട്ടുന്നതെങ്കിൽ നിയമസഭ തെരഞ്ഞെടുപ്പിലേക്ക്​ മുന്നണിയിലെ ഘടകകക്ഷികളെ ഒരുമിച്ചു നിർത്താ​േനാ കെട്ടുറപ്പോ​െട പ്രവർത്തിക്കാനോ കഴിയില്ലെന്ന്​ കോൺഗ്രസ്​ നേതാക്കൾക്ക്​ അറിയാമായിരുന്നു. അത്രയും വോ​െട്ടങ്കിലും കിട്ടിയില്ലെങ്കിൽ മുന്നണിയിൽ നിൽക്കില്ലെന്ന സന്ദേശം ചില ഘടകകക്ഷികളിൽനിന്ന്​ അവർക്ക്​ കിട്ടുകയുംചെയ്​തിരുന്നു. അതിനാൽ മുന്നണിയെ പിടിച്ചുനിർത്താനുള്ള വോ​െട്ടങ്കിലും കിട്ടാനുള്ള പോരാട്ടമാണ്​, കോൺഗ്രസ്​ നേതാക്കൾ നടത്തിയത്.​ ഫലം പതിന്മടങ്ങായി വന്നപ്പോൾ അവർത​െന്ന അമ്പരന്നു! പി.ആർ വർക്കി​ന്റെ ആത്മവിശ്വാസത്തിലിരിക്കവെ ഇരുട്ടടി കിട്ടിയ ഭരണകക്ഷിയാക​െട്ട, അന്ധാളിച്ചുപോയി!സാധാരണഗതിയിൽ എല്ലാ തദ്ദേശ തെരഞ്ഞെടുപ്പുകളിലും മേൽക്കൈ ഇടതുമുന്നണിക്കാണ്​ ലഭിക്കാറുള്ളത്​. 2010ലെ തെരഞ്ഞെടുപ്പിൽ മാത്രമാണ്​ ഇടക്കാലത്ത്​ യു.ഡി.എഫ്​ ഒരു വലിയ നേട്ടമുണ്ടാക്കിയത്​. അതിനാൽ എത്ര തരംഗമുണ്ടായാലും ഇത്രവലിയ വിജയം യു.ഡി.എഫ്​ നേതാക്കൾ സ്വപ്​നം കണ്ടിരുന്നില്ല എന്നതാണ്​ ശരി.

 

യു.ഡി.എഫിനെ സംബന്ധിച്ച് പോരാട്ടം ദ്വിമുഖമായിരുന്നു. ബി.ജെ.പിയുടെ എൻ.ഡി.എ മുന്നണിയെയും ഇടതുമുന്നണിയെയും ഒരുപോലെ അവർക്ക്​ എതിർക്കേണ്ടിയിരുന്നു. ബി.ജെ.പിക്കും സി.പി.എമ്മിനുമാക​െട്ട, ശത്രുത യു.ഡി.എഫിനോട്​ പ്രത്യേകിച്ച്​ കോൺഗ്രസിനോടു മാത്രമായിരുന്നു. ബി.ജെ.പി ജയിച്ചാലും വേണ്ടതില്ല, കോൺഗ്രസ്​ തോൽക്കണമെന്ന്​ സി.പി.എം. ദേശീയതലത്തിൽതന്നെ മുഖ്യശത്രുവായ കോൺഗ്രസിനെ തറപറ്റിക്കാനുള്ള ശ്രമത്തിൽ സി.പി.എം മുന്നണിയുടെ ജയം ഒരു ​പ്രശ്​നമാക്കേണ്ടതി​െല്ലന്ന നയം ബി.ജെ.പിക്കും. അതിനാലും അല്ലാതെയുള്ള ധാരണയാലും പലേടത്തും ഇൗ മുന്നണികൾ കോൺഗ്രസിനെതിരെ ഒന്നുചേർന്നു എന്ന്​ ഫലം കാണു​േമ്പാൾ വ്യക്തമാകുന്നു.

ദ്വിമുഖയുദ്ധത്തിൽ യു.ഡി.എഫ്​ ക്ഷീണിക്കുമെന്ന്​ ഇരു ശത്രുക്കളും കണക്കുകൂട്ടി. അതിനനുസൃതമായ ​പ്രചാരണവും പ്രസംഗവുമാണ്, സി.പി.എം സംഘടിപ്പിച്ചത്​. ന്യൂനപക്ഷ വിരുദ്ധമായ കടുത്ത വർഗീയത അവർ ചീറ്റി. ​ൈഹന്ദവ ഭൂരിപക്ഷ​െത്ത സന്തോഷിപ്പിക്കാനെന്നവിധം അയ്യപ്പസംഗമംപോലുള്ള വേലത്തരങ്ങളും അരങ്ങേറി. ശബരിമലക്കൊള്ളയെ തുടർന്ന്​ സി.പി.എമ്മിനും സർക്കാറിനും ഉത്തരം മുട്ടിയപ്പോൾ പിടിവള്ളിയായി കിട്ടിയത്​ രാഹുൽ മാങ്കൂട്ടത്തെയാണ്​. അത്​ അതിലേറെ തിരിച്ചടിക്കുമെന്ന്​ കരുതാനുള്ള സാമാന്യബുദ്ധി, ധാർഷ്ട്യത്തിനിടയിൽ അവർക്ക്​ നഷ്ടപ്പെട്ടുപോയി.

നിയമസഭയിലും പാർട്ടിയിലുമായി സ്​ത്രീപീഡകരുടെ വലിയ നിരത​െന്ന സംരക്ഷിതരായിരിക്കു​േമ്പാൾ ആരോപണം വന്നയുടൻ പാർട്ടിയുടെ നടപടിക്കു വിധേയനായ മാങ്കൂട്ട​െത്ത അത്രക്ക്​ പൊലിപ്പിക്കാൻ ഒരു കാപ്​സ്യൂളിനും കഴിഞ്ഞില്ല. രാഹുൽ മാങ്കൂട്ടത്തെ കോഴിച്ചിത്രംകൊണ്ട്​ അപമാനിച്ചപ്പോൾ സ്വന്തം തട്ടക​ത്ത്​ തഴച്ചുനിൽക്കുന്ന, ​പാർട്ടി നേതാക്കളും സിനിമക്കാരും അടങ്ങുന്ന േകാഴിഫാമിനെ മറച്ചു​െവക്കാൻ സി.പി.എമ്മിനു കഴിയാതെ ​േപായി. ‘തീവ്രതകുറഞ്ഞതും കൂടിയതുമായ പീഡനം’ എന്ന പരാമർശമുൾപ്പെടെ ഉരുത്തിരിഞ്ഞ കാപ്​സ്യൂളുകളെല്ലാം തിരിച്ചടിച്ച​തേയുള്ളൂ.

തൃശൂർ ജില്ലക്കു തെക്കുള്ള ജില്ലകളിലെല്ലാം മുസ്‍ലിം ന്യൂനപക്ഷം നിവൃത്തിയുള്ളിടത്തോളം ഇടതുപക്ഷത്തോടൊപ്പമേ നിൽക്കാറുള്ളൂ. എന്നാൽ, ഇക്കുറി മനപ്പൂർവമെന്നോണം കേരളത്തിലുടനീളം ആ വിഭാഗത്തെ അവഹേളിക്കുകയും ആത്മാഭിമാനത്തെ​േപ്പാലും അപമാനിക്കുകയും അവരുടെ ദേശീയതയെ​വരെ ചോദ്യംചെയ്യുകയും ചെയ്​തത്​ ജമാഅത്തെ ഇസ്‍ലാമി എന്ന സാധുസംഘടന​െയ പ്രതീകമാക്കിക്കൊണ്ടാണ്. മുസ്‍ലിം വിഭാഗത്തെ അപമാനിച്ചാൽ ഹിന്ദു^ക്രിസ്​ത്യൻ വികാരം അനുകൂലമാകുമെന്നും അതിലൂടെ ഉജ്ജ്വല വിജയം നേടാമെന്നും മൂന്നാം ഭരണത്തിലേക്ക്​ അതാണ്​ എളുപ്പവഴിയെന്നുമുള്ള പബ്ലിക്​ റിലേഷൻസ് ​(പി.ആർ) ഏജൻസികളുടെ ഉപദേശം ഉൾക്കൊണ്ടാണത്രേ തെരഞ്ഞെടുപ്പിന്​ പുതിയ അടവുനയം ആസൂത്രണംചെയ്​തത്​! മുസ്‍ലിം വിഭാഗങ്ങൾക്കെതിരെ ശരീഅത്തി​ന്റെ പേരിൽ അപലപിച്ചുകൊണ്ടുള്ള ഇ.എം.എസി​ന്റെ തന്ത്രം 1987ൽ ഫലിച്ചു എന്ന തെറ്റിദ്ധാരണയിൽനിന്നാണത്രേ ഇൗ അടവുനയം രൂപ​െപ്പട്ടത്​. 

1987ൽ ജയിച്ചത്, അതുവരെയുള്ള കരുണാകര ഭരണത്തിലെ അഴിമതിയും വൃത്തികേടുകളും തൊഴുത്തിൽകുത്തും യു.ഡി.എഫിനുള്ളിൽ കേരള കോൺഗ്രസിലെയും കോൺഗ്രസിലെയും തമ്മിലടിയുംകൊണ്ടായിരുന്നു എന്നത്​ ഭരണത്തി​ന്റെ ധാർഷ്​ട്യത്തിനിടയിൽ ഇടതു മുന്നണിയുടെ സ്​മരണയിൽനിന്നുതന്നെ വിട്ടുപോയിട്ടുണ്ടാകാം. ഹിന്ദു-മുസ്‍ലിം ഭിന്നതയും അതിൽനിന്ന്​ ജനങ്ങളിൽ ഭീതിയും ഉണ്ടാക്കിയാൽ മൂന്നാം സർക്കാർ തനി​െയ വരുമെന്ന രാഷ്​ട്രീയ അജണ്ട ഏത്​ പി.ആർ ഏജന്റിന്റെ തലയിൽ വിരിഞ്ഞതായാലും അതാണ്​ ദേശവിരുദ്ധത. പാർലമെന്റ്​ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിൽനിന്ന്​ ബി.ജെ.പിയിലേക്ക്​ ഉണ്ടായ അണികളുടെ ഒഴുക്കി​െന തിരിച്ചൊഴുക്കാൻ ഇൗ അടവ്​ മതിയാകുമെന്ന്​ കരുതിയിരിക്കണം. അത്​ പിണറായി വിജയ​ൻ തുടങ്ങി​െവച്ചു. അതേ ശബ്ദമാണ്​ പിന്നീട്​ വെള്ളാപ്പള്ളി നടേ​ശനിലൂടെ മുഴങ്ങിയത്​.

മലപ്പുറത്തിനെ പ്രത്യേക രാജ്യമായി വെള്ളാപ്പള്ളി പ്രഖ്യാപിച്ചിട്ടുപോലും ഭരണപക്ഷത്തുനിന്ന്​ മറിച്ചൊരു ശബ്ദം ഉയർന്നില്ല. എന്നു മാത്രമല്ല, വെള്ളാപ്പള്ളിയെ മഹാകവി കുമാരനാശാനോടു പിണറായിയും പിണറായിയെ മഹാഭക്തനായി വെള്ളാപ്പള്ളിയും ഉപമിക്കുക കൂടി ചെയ്​തു. വെള്ളാപ്പള്ളിയുടെ ‘സരസ്വതീവിലാസ’​െത്ത പിന്നെയും പിണറായി ആവർത്തിച്ചു പുകഴ്​ത്തി. ബി.ജെ.പി സഖ്യവുമായി തുടർന്നുവന്ന അദൃശ്യബന്ധത്തിൽ വെള്ളാപ്പള്ളിയുടെ സാന്നിധ്യം രാസത്വരകമായി. വെള്ളാപ്പള്ളി അയ്യപ്പസംഗമത്തിന്​ മുന്നണിയിൽ നിന്നു. മുഖ്യമന്ത്രിയുടെ കാറിലാണ്​ അദ്ദേഹം ആനയിക്കപ്പെട്ടത്​. യു.ഡി.എഫ്​ അധികാരത്തിൽ വന്നാൽ കേരളം, മുസ്‍ലിം നിയന്ത്രണത്തിലാകുമെന്ന്​ മറുഭാഗത്ത്​ ബി.ജെ.പിയും പ്രചാരണം തകൃതിയാക്കി. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എം. സ്വരാജിനെ മത്സരിപ്പിച്ചുകൊണ്ട്​ പിണറായി ഇൗ രസതന്ത്രത്തിന്​ നേരത്തേ തുടക്കം കുറിച്ചിരുന്നു.

അതേസമയം, ബി.ജെ.പിയുമായി തുടർന്നുവന്ന രഹസ്യബാന്ധവം അണിയറയിൽ ശക്തമാകുന്നുമുണ്ടായിരുന്നു. ​1975ൽ ആർ.എസ്.എസുമായി സി.പി.എം കൈകോർത്ത കാര്യം വെറുതേയല്ല, എം.വി. ഗോവിന്ദൻ കേരള ജനതയെയും സി.പി.എം അണികളെയും ഒാർമിപ്പിച്ചത്. ഭരണതലത്തിൽ ഘടകകക്ഷികളെവരെ നോക്കുകുത്തിയാക്കി​െക്കാണ്ടാണ്​, കേന്ദ്രസർക്കാറുമായുള്ള രഹസ്യബാന്ധവം നടപ്പാക്കിയത്​. പി.എം.ശ്രീ ​േപാലെ പ്രഖ്യാപിത ഇടതുവിരുദ്ധ നയങ്ങളിൽ കേന്ദ്രവുമായി ​ൈകകോർത്തത്​ രണ്ടാം കക്ഷിയായ സി.പി.​െഎയോ മന്ത്രിസഭയോ മുന്നണിയോ അറിയാതെയായിരുന്നു. വലിയ എതിർപ്പുയർന്നിട്ടും പി.എം.ശ്രീയിൽനിന്നും പിന്മാറാനുള്ള കാലതാമസം ഏറെ ചർച്ചചെയ്യ​െപ്പട്ടതാണല്ലോ.

1977 മുതൽ ജമാഅ​െത്ത ഇസ്‍ലാമിയുടെ വോട്ടുകൾ വാങ്ങിവന്ന സി.പി.എം ഇപ്പോൾ അതേ സംഘടന​െയ മുന്നിൽ നിർത്തിക്കൊണ്ട്​ ഇസ്‍ലാമോഫോബിയ സൃഷ്​ടിക്കാൻ നടത്തിയ നികൃഷ്ട നീക്കം, സ്വന്തം അണികളിൽ വലി​െയാരു വിഭാഗത്തെ തീവ്ര ഹൈന്ദവതയുള്ള പ്രസ്ഥാനങ്ങ​ളിലേക്ക്​ ആകൃഷ്ടരാകാൻ പ്രേരിപ്പിച്ചു തുടങ്ങിയത്​ ഇടതുപക്ഷം എന്തേ അറിയാതെപോയി? ഇൗ തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയിലേക്ക്​ ചോർന്നതു മുഴുവൻ സി.പി.എം വോട്ടുകളായിരുന്നു. അതറിയാൻ കവടി നിരത്തേണ്ട ആവശ്യമില്ല. അണികളിൽ സഹികെട്ട കുറെപ്പേർ യു.ഡി.എഫിനും വോട്ടു നൽകിയെന്നതും ശരിയാണ്​. പക്ഷേ, മതേതര ഹൈന്ദവ വോട്ട്​ ബാങ്കുള്ള സി.പി.എം വർഗീയവികാരം ഉപയോഗിക്കു​േമ്പാൾ തങ്ങളുടെ വോട്ട്​ ആ വികാരം ഏറെയുള്ളിടത്തേക്ക്​ ഒഴുകുക സ്വാഭാവികം.

1987ലെ രാഷ്​ട്രീയ^സാമൂഹിക അവസ്ഥയല്ല, ​േകരളത്തിലുള്ളതെന്ന കാര്യം ഇടതു മുന്നണിയുടെ മറ്റു ഘടകകക്ഷി നേതാക്കളും മറന്നുപോയി. തിരുവനന്തപുരം കോർപറേഷൻ തെരഞ്ഞെടുപ്പ്​ വ്യക്തമായ ഉദാഹരണമാണ്. ബി.ജെ.പിയെ തടയാൻ കെ. മുരളീധര​ന്റെ നേതൃത്വത്തിൽ യു.ഡി.എഫ്​ നടത്തിയ കഠിന പരിശ്രമം ശ്രദ്ധേയമായിരുന്നു. ബി.ജെ.പി ജയിക്കുമെന്ന്​ തോന്നിയ വാർഡിലെല്ലാം മികച്ച സ്ഥാനാർഥികളെ നിർത്തുകയും പ്രചാരണം ശക്തമാക്കുകയുംചെയ്​തതുവഴി ബി.ജെ.പിയുടെ കണ്ണിലെ കരടായി കെ. മുരളീധരൻ മാറി എന്നതാണ്​ ശരി. എൻ.ഡി.എക്കെതിരെ ഇത്ര ശക്തമായി പ്രതികരിക്കുകയും പോരാടുകയും ചെയ്​ത മറ്റൊരു നേതാവിനെയും കോൺഗ്രസിൽ കാണാനാവില്ല.

എന്നാൽ, എതിർപക്ഷത്തുനിന്ന്​ കോൺഗ്രസിന്​ എൻ.ഡി.എയുടെയും എൽ.ഡി.എഫി​ന്റെയും ഒരുമിച്ചുള്ള എതിർപ്പാണ്​ നേരിടേണ്ടിവന്നത്​. തിരുവനന്തപുരം നഗരസഭയിൽ ഭരണം പിടിച്ചെടുക്കുക എന്നത്​ കോൺഗ്രസി​ന്റെ അജണ്ടയേ ആയിരുന്നില്ല. അതിനു കഴിയുമെന്ന്​ ഒരു കോൺഗ്രസ്​ നേതാവിനും വിശ്വാസവുമുണ്ടായിരുന്നില്ല. മറിച്ച്​ ബി.ജെ.പിയെ ഭരണത്തിൽ നിന്ന്​ അകറ്റിനിർത്തുക എന്നതിലാണ്​ അവർ ശ്രമിച്ചത്​. അതിനനുസൃതമായ നടപടികളാണ്, സ്ഥാനാർഥി നിർണയത്തിൽ ഉൾപ്പെടെ കാണാൻ കഴിഞ്ഞത്​.

 

ഇടതുപക്ഷം അതേ നിലപാടിൽ നിന്നിരുന്നെങ്കിൽ അതി​ന്റെ ഗുണഭോക്താക്കൾ അവർത​െന്ന ആകുമായിരുന്നു. ദുർഭരണംമൂലം പേരുദോഷം സംഭവിച്ച ഇടതുപക്ഷം മത്സരിച്ചത്​ മേയറായിരുന്ന ആര്യ രാജേന്ദ്രനെ പ്രചാരണരംഗത്തുനിന്ന്​ മറച്ചു​െവച്ചു​െകാണ്ടായിരുന്നു എന്നതും ശ്രദ്ധേയം. സെക്ര​േട്ടറിയറ്റിനു ​െതാട്ടടുത്തുള്ള നഗരകാര്യാലയത്തിൽ മേയർ മാത്രം വിചാരിച്ചാൽ ഭരണം ഇത്ര താറുമാറാകി​െല്ലന്ന്​ ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. പാർട്ടി നേതാക്കളടക്കം നഗരസഭയുടെ അഴിമതിയിൽ അഭിരമിച്ച അഞ്ചു വർഷമാണ്​ കടന്നുപോയത്​.

തെക്കൻ കേരളത്തിലെ ജില്ലകളിൽ ആഞ്ഞടിച്ചതെല്ലാം ഭരണവിരുദ്ധവികാരമാണ്​. ആലപ്പുഴയിൽ ജി. സുധാകരനെ സി.പി.എം തഴഞ്ഞതിന്റെ എതിർപ്പുകൾ വോട്ടിങ്ങിൽ പ്രകടമാണ്​. സുധാകരനോടുള്ള സഹതാപ തരംഗം യു.ഡി.എഫിന്​ ഗുണം ചെയ്​തിട്ടുണ്ട്​. അതേസമയം, വെള്ളാപ്പള്ളിയുടെ സേവനം ആലപ്പുഴയിലും കൊല്ലത്തും പരമ്പരാഗത വോട്ടുകളെപോലും ബി.ജെ.പി ചേരിയിലാക്കിയെന്നുവേണം കരുതാൻ. തിരുവനന്തപുര​െത്ത മറ്റു മുനിസിപ്പാലിറ്റികൾ നിലനിർത്താൻ ഇടതുപക്ഷത്തിനു കഴിഞ്ഞുവെങ്കിലും സീറ്റി​ന്റെ കാര്യത്തിൽ ഇടിവുണ്ടായി. മറ്റു തെക്കൻ ജില്ലകളിൽ സീറ്റി​ന്റെ കാര്യത്തിൽ ബി.ജെ.പി കാര്യമായ നേട്ടം ഉണ്ടാക്കിയിട്ടി​െല്ലന്നത്​ നേരു​തന്നെ. പക്ഷേ നിരവധി സ്ഥലങ്ങളിൽ വോ​െട്ടണ്ണത്തിൽ അവർ രണ്ടാം സ്ഥാനത്തും ഇടതുപക്ഷം മൂന്നാമതും ആണെന്നത്​ ഗൗരവത്തോടെ കാണണം.

വോട്ട്​ ശതമാനത്തിൽ ഇടതുപക്ഷത്തി​ന്റെ ഇടിവ്​, എൻ.ഡി.എക്ക്​ കുറച്ചെങ്കിലും മുതൽക്കൂട്ടായി. ഭരണത്തി​െനതിരായ വികാര​െത്ത ‘കിറ്റ്​’ മാജിക്കിനാൽ​ മാറ്റിമറിച്ച മുൻ നിയമസഭാ തെരഞ്ഞെടുപ്പിലെ അനുഭവംെവച്ചുകൊണ്ടാണ്​ തെരഞ്ഞെടു​പ്പിനു തൊട്ടുമുമ്പ്​ പിണറായി വിജയൻ ഒരു മിനി ബജറ്റ്​ ത​െന്ന അവതരിപ്പിച്ചത്​. ക്ഷേമപെൻഷൻ തുക വർധിപ്പിക്കുകയും കുടുതൽ ആനുകൂല്യങ്ങൾ പ്രഖാപിക്കുകയുംചെയ്​തതിലൂടെ നേട്ടം കൊയ്യാമെന്ന പ്രതീക്ഷയും വോട്ടിൽ പ്രതിഫലിച്ചില്ല. പ്രമുഖ നേതാവായ എം.എം. മണിയുടെ ഇക്കാര്യത്തിലെ പൊതുജനങ്ങ​െള ആകെ ആ​േക്ഷപിക്കുന്ന പ്രതികരണം തോൽവിയിൽനിന്ന്​ അവർ ഒന്നും പഠിക്കുന്നി​െല്ലന്നതാണ്​ വെളിവാക്കുന്നത്​.

ചെ​േങ്കാട്ടകൾ എന്നറിയപ്പെട്ടിരുന്ന കൊല്ലം ജില്ലയിൽ സി.പി.എം തകർന്നടിഞ്ഞു. ആലപ്പുഴയിൽ വലിയ തിരിച്ചടിയുണ്ടായി. മാണി ഗ്രൂപ്പി​ന്റെ സഹായത്താൽ 2016 മുതൽ പിടി​െച്ചടുത്ത പത്തനംതിട്ട, ​േകാട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ വിവിധ മേഖലകളിൽ കനത്ത പരാജയമായത്​ ഇടതു മുന്നണിയിലെ കേരള കോൺഗ്രസ്​ മാണി ഗ്രൂപ്പി​ന്റെ പ്രസക്തി​​െയയും കാര്യമായി ബാധിച്ചു. ഇനിയിപ്പോൾ മുന്നണിമാറുന്നതിൽ മാണി ഗ്രൂപ്പിന്​ വലിയ വിഷമമൊന്നും ഉണ്ടാകില്ല. എന്നാൽ, യു.ഡി.എഫിന്റെ ഇൗ തിളക്കമുള്ള വിജയത്തി​ന്റെ വെളിച്ചത്തിൽ അവരു​െട വില​പേശൽസാധ്യത തുലോം കുറഞ്ഞുപോയിരിക്കുന്നു. തെര​െഞ്ഞടുപ്പിനു മുമ്പായിരു​െന്നങ്കിൽ യു.ഡി.എഫ്​ അവരെ എല്ലാ ആദരവും നൽകി വരവേൽക്കുമായിരുന്നു എന്നാണ്​ കരുതേണ്ടത്​.

ഇൗ തെരഞ്ഞെടുപ്പു കഴിയു​േമ്പാൾ യു.ഡി.എഫിലെ പല കക്ഷികളും മുന്നണി വിട്ട്​ എൽ.ഡി.എഫിൽ എത്തുെമന്നായിരുന്നു സി.പി.എം നേതാക്കൾ പറഞ്ഞിരുന്നത്​. എന്നാൽ, എൽ.ഡി.എഫിലെ പല ഘടകകക്ഷികളും യു.ഡി.എഫിന്റെ ഒരു വിളിക്കായി കാതോർത്തിരിക്കുന്ന അവസ്ഥയിലേക്കാണ്​ എത്തിച്ചേർന്നിരിക്കുന്നത്. ഘടകകക്ഷികളെ നിലനിർത്തുന്നതിൽ എൽ.ഡി.എഫ്​ ശ്രദ്ധിച്ചിരുന്നു എന്നത്​ പറയാതിരിക്കാനാവില്ല. മുന്നണിക്ക്​ ഗുണമുണ്ടാക്കുന്നവർക്കെല്ലാം സി.പി.എം വാരിക്കോരി സീറ്റ്​ നൽകിയിരുന്നു. സി.പി.​െഎയോട്​ വില​േപശിയെങ്കിലും ജോസ്​ കെ. മാണിയോട്​ ഏറെ അനുഭാവമാണ്​ സി.പി.എം കാട്ടിയത്​.

2020ൽ നൽകിയതിനെക്കാൾ നൂറ്റമ്പതോളം സീറ്റുകളാണ്​ ഇക്കുറി അവർക്ക്​ കൂടുതൽ നൽകിയത്​. പക്ഷേ മത്സരിച്ചിടത്തോ ഇടതു മുന്നണിയുടെ മറ്റു സീറ്റുകളിലോ കാര്യമായ പ്രതികരണമുണ്ടാക്കാൻ മാണി ഗ്രൂപ്പിനായില്ല. പാലാ നഗരസഭപോലും യു.ഡി.എഫ്​ പിടിച്ചു. ജോസ്​ കെ. മാണിയുടെ മകനായ കുഞ്ഞുമാണി പ്രചാരണത്തിനിറങ്ങിയ വാർഡുകളിലെല്ലാം യു.ഡി.എഫ്​ സ്ഥാനാർഥികൾ വിജയിച്ചു. എന്നാൽ,​ ഇക്കുറി യു.ഡി.എഫിലുള്ള ജോസഫ്​ ഗ്രൂപ്പ്​ മികച്ച പ്രകടനമാണ്​ കാട്ടിയത്​. അതിനാൽ ഇൗ റിസൽട്ടി​ന്റെ പശ്ചാത്തലത്തിൽ ത​ന്റെ പാർട്ടിക്ക്​ നിയമസഭയിൽ വിജയിക്കാൻ ഇടതു മുന്നണി പോരെന്ന ഭാവമാണ്​, തെരഞ്ഞെടുപ്പിനു ശേഷമ​ുണ്ടായ ജോസ് ​കെ. മാണിയുടെ പ്രതികരണത്തിൽ നിഴലിച്ചത്. മാണിഗ്രൂപ്പു മാത്രമല്ല, ഇടതു മുന്നണിയിൽനിന്ന്​ മാറാൻ ഇനി പല പാർട്ടികളും തയാറാകുമെന്നാണ്​ യു.ഡി.എഫ്​ കേന്ദ്രങ്ങൾക്ക്​ ലഭിക്കുന്ന സൂചന.

മലയോരവും തീരപ്രദേശവും മധ്യകേരളവും ഒരുപോലെ ഇടതുപക്ഷത്തിനെതിരുനിന്നുവെങ്കിൽ ഭരണം എത്ര അസന്തുഷ്ടമാണെന്ന്​ ആർക്കും ഉൗഹിക്കാവുന്നുതേയുള്ളൂ. ഏറെക്കാലമായി വന്യമൃഗശല്യംകൊണ്ട്​ പൊറുതിമുട്ടുന്ന മലയോരമേഖലക്കായി ഒരു നടപടിയും സർക്കാറിൽനിന്നുണ്ടായില്ല. മലയോരകൃഷി നാമമാത്രമായി. ജനവാസ മേഖലകളിൽ കാട്ടുപന്നികളടക്കമുള്ള മൃഗങ്ങൾ സ്ഥിരതാമസമായി. കാട്ടാനയാക്രമണവും മരണവുമില്ലാത്ത ദിവസങ്ങൾ അപൂർവം. തീരപ്രദേശങ്ങൾ വികസനത്തി​ന്റെ പേരിൽ അഴിമതി നാട്ടുനടപ്പായിമാറി. പാർട്ടി നേതാക്കൾക്ക്​ എന്തും ആകാം എന്നത്​ അണികളെപോലും വെറുപ്പിച്ചു. പ്രതിഷേധങ്ങളെയും എതിർസ്വരങ്ങളെയും പരിഹസിച്ച്​ ഇല്ലാതാക്കാനാണ്​ മുഖ്യമന്ത്രിപോലും ശ്രമിച്ചത്​.

സർക്കാർ സേവനമേഖലയിൽ ഏറ്റവും താഴെയുള്ള ആശാവർക്കർമാരുടെ സമര​െത്തപോലും അപഹസിച്ച്​ രസിച്ചു. സമരങ്ങളെ തല്ല​ിയൊതുക്കിയിട്ട്​ രക്ഷാപ്രവർത്തനമെന്ന്​ കളിയാക്കി. വിമർശനങ്ങളും എതിർശബ്ദങ്ങളും ഇത്രമാത്രം അടിച്ചമർത്തിയ മറ്റൊരു കാലഘട്ടവും ഉണ്ടായിട്ടില്ല. സഹകരണ ബാങ്കുകളിൽ പാർട്ടി അണികളിൽപെട്ട പാവങ്ങളാണ്​ കൊള്ളക്ക്​ വിധേയരായത്​. അതിൽ വന്ന നഷ്ടം നികത്തിയത്​, ഉത്തരവാദികളിൽനിന്നല്ല, സർക്കാറിൽനിന്നായിരുന്നു. ക്ഷേമനിധികളെ അട്ടിമറിച്ചു. ഖജനാവ്​ കാലിയായി. ആതുരസേവനം മുരടിച്ചു. സ്​കൂളുകളിൽ ഉച്ചക്കഞ്ഞി മുടങ്ങി. ഉദ്യോഗസ്ഥരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത കടങ്കഥയായി. ശമ്പളപരിഷ്​കരണം ഉണ്ടായില്ല. അതേസമയം എല്ലാരംഗത്തും അഴിമതി ​പ്രകടമായി. ശബരിമലക്കൊള്ളയിൽ അറസ്​റ്റുചെയ്യ​െപ്പട്ട നേതാക്കളെപ്പോലും​ പുറത്താക്കാൻ പാർട്ടി ഇതു​വ​െര തയാറായിട്ടുമില്ല. ഭരണത്തെ ജനം​ െവറുക്കാൻ കാരണങ്ങൾ നിരവധിയാണ്​.

അതേസമയം, യു.ഡി.എഫിൽ വി.ഡി. സതീശ​ന്റെ നേതൃത്വത്തിൽ തെര​െഞ്ഞടുപ്പ്​ ഒരുക്കങ്ങൾ ഒരിക്കലും പ്രകടമാകാത്ത അച്ചടക്കത്തോ​െടയാണ്​ നടന്നത്. കോൺഗ്രസിൽ ജനസ്വാധീനമുള്ള യുവാക്കളെ മത്സരിപ്പിച്ചതും വിമതരെ കഴിയുന്നത്ര ഇല്ലാതാക്കാൻ കഴിഞ്ഞതും ഘടകകക്ഷികളുമായി സീറ്റ്​ തർക്കമുണ്ടാ​െയങ്കിലും അത്​ അസ്വസ്ഥതകളിലേക്കു പോകാതെ ശ്രദ്ധിച്ചതും യു.ഡി.എഫിന്​ മുതൽക്കൂട്ടായി. ഇത്ര ചിട്ടയായ തെരഞ്ഞെടുപ്പു പ്രചാരണം യു.ഡി.എഫി​ന്റെ ചരിത്രത്തിൽ അപൂർവമാണ്​. നിയമസഭ തെരഞ്ഞെടുപ്പിന്​ മാസങ്ങൾ മാത്രം നിൽക്കെ, യു.ഡി.എഫിന്​ ഇൗ വിജയം നൽകിയ ആത്മവിശ്വാസം ചെറുതല്ല.

News Summary - Local government elections