കഥകളിലെ വിപ്ലവപഥികൻ

മലയാള ചെറുകഥകളിൽ രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ കഥകളിലൂടെ ഭാവനയുടെ പുതുലോകം തീർത്ത പട്ടത്തുവിള കരുണാകരന്റെ ജന്മശതാബ്ദി വർഷമാണിത്. അദ്ദേഹത്തിന്റെ ജീവിതത്തിലൂടെയും കഥകളിലൂടെയും വിചാരചിന്തകളിലൂടെയും സഞ്ചരിക്കുകയാണ് ലേഖകൻ. ആധുനികതയുടെ കാലത്തുതന്നെ ഉത്തരാധുനിക സ്വഭാവമുള്ള കഥകള്‍ എഴുതി സാഹിത്യലോകത്ത് വേറിട്ട ലോകം തീര്‍ത്ത കഥാകൃത്ത് പട്ടത്തുവിള കരുണാകരന്റെ ജന്മശതാബ്ദി വര്‍ഷമാണിത്. 1925 ജൂലൈ 31നാണ് പട്ടത്തുവിളയുടെ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
മലയാള ചെറുകഥകളിൽ രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ കഥകളിലൂടെ ഭാവനയുടെ പുതുലോകം തീർത്ത പട്ടത്തുവിള കരുണാകരന്റെ ജന്മശതാബ്ദി വർഷമാണിത്. അദ്ദേഹത്തിന്റെ ജീവിതത്തിലൂടെയും കഥകളിലൂടെയും വിചാരചിന്തകളിലൂടെയും സഞ്ചരിക്കുകയാണ് ലേഖകൻ.
ആധുനികതയുടെ കാലത്തുതന്നെ ഉത്തരാധുനിക സ്വഭാവമുള്ള കഥകള്‍ എഴുതി സാഹിത്യലോകത്ത് വേറിട്ട ലോകം തീര്‍ത്ത കഥാകൃത്ത് പട്ടത്തുവിള കരുണാകരന്റെ ജന്മശതാബ്ദി വര്‍ഷമാണിത്. 1925 ജൂലൈ 31നാണ് പട്ടത്തുവിളയുടെ ജനനദിനം. ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞതായിരുന്നു ആ കഥാലോകം. രാഷ്ട്രീയകഥകളിലൂടെ സ്തോഭജനകമായ ഒരു കാലത്തെ അടയാളപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചു. ആക്ഷേപഹാസ്യത്തിന്റെ കൂരമ്പുകള്‍ പട്ടത്തുവിളയുടെ പല കഥകളിലും പ്രത്യക്ഷപ്പെട്ടു. ഒ.വി. വിജയന്, വി.കെ.എന്‍, എം.ടി. വാസുദേവന്‍ നായര്‍, മാധവിക്കുട്ടി തുടങ്ങിയവരുടെ കാലത്താണ് പട്ടത്തുവിളയുടെ കഥകളും നമുക്ക് ലഭിക്കുന്നത്. എന്നാല്‍, അവരില്‍നിന്ന്് തികച്ചും വ്യത്യസ്തമായ നിരീക്ഷണങ്ങളും രാഷ്ട്രീയനിലപാടുകളും ആഖ്യാനരീതിയും മറ്റുമായി പട്ടത്തുവിള ഒറ്റപ്പെട്ടുനിന്നു. ആര്‍ക്കും അനുകരിക്കാനാവാത്ത ശൈലി അദ്ദേഹം വളര്‍ത്തിയെടുത്തു. ചാട്ടുളിപോലെ തുളച്ചുകയറുന്നതാണ് പല കഥകളും.
ലളിതമായ വായനയിലൂടെ പിടിച്ചെടുക്കാവുന്ന ഘടനയായിരുന്നില്ല ആ കഥകള്‍ക്ക് ഉണ്ടായിരുന്നത്. സാര്‍വലൗകികമായ രാഷ്ട്രീയവും സാമൂഹിക സങ്കല്പങ്ങളും നിറഞ്ഞ കഥകള്‍ എളുപ്പത്തില്‍ വായനക്കാരന് വഴങ്ങുന്നതായിരുന്നില്ല. വിപ്ലവപ്രസ്ഥാനങ്ങളുടെ അരിക് പറ്റി നടക്കുമ്പോഴും സന്ദേഹിയുടെ മനസ്സായിരുന്നു പട്ടത്തുവിളയുടെ കഥാപാത്രങ്ങള്‍ക്ക് ഉണ്ടായിരുന്നത്. ഈ സന്ദേഹങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധാരണ വായനക്കാര്‍ക്ക് എളുപ്പം സാധിക്കുമായിരുന്നില്ല. ബൗദ്ധികമായ ഉന്നത നിലവാരവും പൊതുവെ വായനക്കാരെ പട്ടത്തുവിളയുടെ കഥകളില്‍നിന്ന് അകറ്റിനിര്‍ത്തി എന്നുവേണം അനുമാനിക്കാന്‍. അപൂര്‍വമായ പ്രതിപാദനവും പ്രമേയവും ചേര്‍ന്നുള്ള പട്ടത്തുവിളയുടെ കഥകള്‍ ഇഷ്ടപ്പെടുന്ന ഒരു വിഭാഗം വായനക്കാര്‍ എന്നും ഉണ്ടായിരുന്നു അഥവാ ഉണ്ട് എന്ന വസ്തുത വിസ്മരിക്കാവുന്നതുമല്ല. അവര്ക്കുവേണ്ടിയായിരിക്കാം അദ്ദേഹം എഴുതിയത്.
ദേശീയവും അന്തര്‍ദേശീയവുമായ വിപ്ലവ സ്പന്ദനങ്ങള്‍ എത്രയോ സൂക്ഷ്്മമായി അന്വേഷിക്കാനും കണ്ടെത്താനുമുള്ള കഴിവ് പട്ടത്തുവിളക്ക് ഉണ്ടായിരുന്നു. ലെനിന്, സ്റ്റാലിന് തുടങ്ങിയവരൊക്കെ കഥകളിലൂടെ ഉയിര്‍ത്തെഴുന്നേറ്റു. രാഷ്ട്രീയ ആക്ഷേപഹാസ്യം ഇതിലെല്ലാം മുറ്റിനില്ക്കുന്നു. വിപ്ലവം സ്വപ്നം കണ്ടുനടന്നവരുടെ അധികാരക്കൊതിയും അതിലെ ഫലിതവും ചര്‍ച്ചയാക്കിയതിനും ഉദാഹരണങ്ങളുണ്ട്.
സംഗീതം, ചിത്രകല, സിനിമ, ഫോട്ടോഗ്രഫി, തത്ത്വശാസ്ത്രം, ചരിത്രം, ഹിപ്പിയിസം, ബുദ്ധദര്‍ശനം എന്നിവയെല്ലാം കഥകളില്‍ ഉപയോഗിക്കുകയുണ്ടായി. ഇതിന് പുറമെ കുടുംബബന്ധങ്ങളും സഹോദരങ്ങള്‍ തമ്മിലുള്ള ഇഴയടുപ്പവും കഥകളില്‍ തെളിഞ്ഞുനില്ക്കുന്നു. രാഷ്ട്രീയകഥകള് സമർഥമായി അവതരിപ്പിച്ചു എന്നതാണ് പട്ടത്തുവിളയുടെ പ്രധാന സംഭാവനയായി വിലയിരുത്തപ്പെടുന്നത്.

പട്ടത്തുവിള കരുണാകരനും ഭാര്യ സാറയും. 1955ലെ ചിത്രം
സന്ദേഹിയുടെ നിസ്സഹായത
1950 മുതല്‍ 1985 വരെയുള്ള മൂന്നര പതിറ്റാണ്ടിലാണ് പട്ടത്തുവിളയുടെ കഥകള്‍ നമുക്ക് ലഭിക്കുന്നത്. കൂടുതലൊന്നും എഴുതിയിട്ടുമില്ല. ആകെ 72 കഥകളാണ് പ്രസിദ്ധീകരിച്ചുവന്നിട്ടുള്ളത്. ‘കണ്ണേ മടങ്ങുക’ എന്ന സമാഹാരം 1957ലാണ് പ്രസിദ്ധീകരിച്ചത്. ചിറ്റാട്ടുമുക്ക് ജനതാ ബുക്സ് ആയിരുന്നു പ്രസാധകര്, പട്ടത്തുവിളയുടെ ജന്മദേശമായ കൊല്ലം കടപ്പാക്കടയിലെ കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് ബൂര്‍ഷ്വാസ്നേഹിതന്‍ പ്രസിദ്ധീകരിച്ചത് 1958ലാണ്. തൃശൂര്‍ കറന്റ് ബുക്സ് 1970ല്‍ ‘സത്യാന്വേഷണം’ പ്രസിദ്ധീകരിച്ചു. മുനി എന്ന കഥാസമാഹാരം സാഹിത്യപ്രവര്‍ത്തക സഹകരണസംഘമാണ് പ്രസിദ്ധീകരിച്ചത്. ഈ സമാഹാരത്തിന് സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ചു. ‘നട്ടെല്ലികളുടെ ജീവിതം’ എന്ന പേരില്‍ 23 കഥകളുടെ സമാഹാരവും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ചു. 1984ല്‍ ശിഖ പബ്ലിഷേഴ്സ് ‘കഥ: പട്ടത്തുവിള’ എന്ന സമാഹാരം പുറത്തിറക്കി. 40 കഥകളാണ് അതില്‍ ഉണ്ടായിരുന്നത്. 1999ല്‍ പട്ടത്തുവിളയുടെ സമ്പൂര്‍ണ സമാഹാരം എന്ന നിലയില്‍ ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചു. ഇതില്‍ പട്ടത്തുവിളയുടെ സഹധർമിണി സാറയുടെ ഓർമക്കുറിപ്പും ചേര്‍ത്തിരുന്നു. പിന്നീട് അഭിനവ കഥകള്‍ പട്ടത്തുവിള എന്ന പേരില്‍ എന്‍. സന്തോഷ് കുമാറിന്റെയും കിരണ്‍ പ്രഭാകരന്റെയും പഠനം സഹിതം ചില കഥകള്‍ കൂട്ടിച്ചേര്‍ത്ത് സമാഹാരം 2023 നവംബറില്‍ പുറത്തുവന്നു.
ബൂര്‍ഷ്വാസ്നേഹിതന്‍ എന്ന ആദ്യകാലകഥയില്‍ തന്നെ രാഷ്ട്രീയമാണ് കൈകാര്യം ചെയ്യുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായ ചന്ദ്രനും സമ്പന്ന കുടുംബത്തിലെ കൗമാരക്കാരനായ ആഖ്യാതാവും തമ്മിലുള്ള അസാധാരണമായ സൗഹൃദമാണ് കഥക്ക് ആധാരം. പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ കഴിയുന്ന ചന്ദ്രന് ധാരാളം ഉത്തരവാദിത്തങ്ങളുണ്ട്. പല കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കണം. പലരുടെയും ജീവിതപ്രശ്നങ്ങള്‍ക്ക് പരിഹാരം തേടണം. അതുമാത്രമല്ല, സമരം നയിക്കുകയും പൊലീസിന്റെ അടി വാങ്ങുകയും ജയിലില്‍ കിടക്കുകയും വേണം. അങ്ങനെ ചന്ദ്രന്റെ ജീവിതം അപകടം പിടിച്ചതും ത്യാഗപൂര്‍ണവുമാണ്. പഴകി ജീര്‍ണിച്ച പാലത്തിന്റെ വശങ്ങളിലുള്ള കമ്പിയില്‍ ഇരുന്നാല്‍ നടുവിന്റെ എല്ലുകള്‍ കഴയ്ക്കും. അതിനാല്‍, കമ്പിയില്‍ ചാരിനില്ക്കുകയാണ് ആഖ്യാതാവിന്റെ പതിവ്. ചന്ദ്രനെ കാത്തുനില്‍ക്കുകയാണ്.
ചന്ദ്രനെ ഒരു ദിവസംപോലും കാണാതിരിക്കാനാവില്ല. ചന്ദ്രനും കൂട്ടര്‍ക്കും ഇടക്ക് പ്രകടനം നടത്തി ജനശ്രദ്ധ ആകര്‍ഷിക്കേണ്ടിവരും. പ്രകടനം ആഖ്യാതാവിന്റെ വീട്ടുകാര്‍ കാണും. ആഖ്യാതാവിന്റെ സഹോദരിമാര്‍ അപ്പോള്‍ പുച്ഛത്തോടെ പറയും, ‘‘തൊഴിലില്ലാത്ത വായിനോക്കികളാണ് ഈ ഇങ്കിലാബുകാര്.’’ അതൊരു വിധിപ്രസ്താവംപോലെ കടുത്തതാണ്. ചന്ദ്രനെ അവമതിക്കുന്ന ഇതിനോട് പ്രതികരിക്കാതിരിക്കാന്‍ ആഖ്യാതാവിന് സാധിക്കുന്നില്ല. ‘‘അവര്‍ പറയുന്നതിലും കുറേയൊക്കെ നേരുണ്ട്.’’ ആഖ്യാതാവിന്റെ ദുര്‍ബലമായ പ്രതികരണം അങ്ങനെ പുറത്തുവരുന്നു. അതുകേട്ട് സഹോദരിമാര്‍ പുച്ഛത്തോടെ പറയുന്നു: ഓ! ഇയാളൊരു തൊഴിലാളി പ്രേമി! പ്രതികരണം പരിഹാസത്തിലേക്ക് നീങ്ങുകയാണ് ‘സഖാവ് കൊച്ചനുജന്!’’ കോപവും സങ്കടവും വന്നെങ്കിലും അവന് ഒന്നും പറയാന്‍ പറ്റുന്നില്ല. ഇക്കാര്യം ചന്ദ്രനോട് പറഞ്ഞില്ലെങ്കിലും തനിക്ക് പാര്‍ട്ടിയില്‍ ചേരണമെന്ന ആഗ്രഹം അവന് പ്രകടിപ്പിക്കുക തന്നെ ചെയ്യുന്നു. ചന്ദ്രന്റെ മറുപടി ഇങ്ങനെയാണ്:
‘‘ദൈനംദിന ജീവിതത്തില്‍ സാമ്പത്തികമായ നിന്ദ അനുഭവിക്കുന്ന ഒരുവന് മാത്രമേ ആത്മാർഥതയുള്ള ഒരു രാഷ്ട്രീയപ്രവര്‍ത്തകനാകാന്‍ സാധിക്കൂ.’’ ഏതോ പുസ്തകം സംസാരിക്കുന്നതുപോലെയാണ് ആഖ്യാതാവ് അത് കേള്‍ക്കുന്നത്. കൃത്രിമമായ പാര്‍ട്ടിരീതികള്‍ അങ്ങനെ അയാള്‍ ആദ്യമായി മനസ്സിലാക്കുകയാണ്. എന്നാല്‍, ചന്ദ്രനോടുള്ള അനുഭാവം അവസാനിക്കുന്നില്ല. ചന്ദ്രന് ആകാശത്തേക്ക് മുഷ്ടി ചുരുട്ടി പ്രകടനത്തില്‍ പോകുമ്പോള്‍ അത് താനാണെന്ന് ആഖ്യാതാവിന് തോന്നും. ചന്ദ്രന് പ്രസംഗിക്കുമ്പോള്‍ വാക്കുകള്‍ കിട്ടാതാവുമോ എന്ന വിമ്മിട്ടം അവന് അനുഭവപ്പെടും.
ചന്ദ്രനുമായുള്ള ആഖ്യാതാവിന്റെ ബന്ധം സ്വവർഗരതിയുടെ തലത്തിലേക്ക് മാറുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മുകളില്‍ പറഞ്ഞ വിമ്മിട്ടം അതിന്റെ തെളിവാണ്. ഒരു സന്ധ്യയില്‍ പതിവുസന്ദര്‍ശനത്തിന്റെ ഒടുവില്‍ ചന്ദ്രന് പുതിയൊരു കാര്യം വെളിപ്പെടുത്തുന്നു. ഞാന്‍ കല്യാണം കഴിക്കാന്‍ പോകുന്നു –അതു പാര്‍ട്ടി തീരുമാനമാണ്. ആ വാര്‍ത്ത ആഖ്യാതാവിന് അസുഖകരമായി അനുഭവപ്പെടുകയാണ്. അതോടെ ചന്ദ്രനില്‍നിന്ന് അകലുകയാണ്. എന്താണ് പറയേണ്ടതെന്ന് അവന് അറിയില്ല. സന്തോഷിക്കണോ ഖേദിക്കണോ എന്ന് രൂപം കിട്ടുന്നില്ല. ഈ സന്ദേഹത്തിന്റെ നിസ്സഹായത അവനെ തളര്‍ത്തുന്നു. സ്വവര്‍ഗരതിയുടെ സാന്നിധ്യത്തോടൊപ്പം രാഷ്ട്രീയമായ സന്ദേഹവും ആഖ്യാതാവ് നേരിടുന്നുണ്ട്. പൊലീസ് മർദനത്തില്പോലും പതറാതെ ചിരിച്ചുനില്ക്കുന്ന ചന്ദ്രന് ആഖ്യാതാവിനെ സംബന്ധിച്ചിടത്തോളം ഒരു അത്ഭുതമാണ്. താന്‍ എവിടെയാണ് നില്‍ക്കേണ്ടത് എന്ന സന്ദേഹം അവനെ പ്രയാസത്തിലാക്കുന്നു.
കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് എന്ത് നിലപാട് സ്വീകരിക്കണം എന്നത് സമ്പന്ന കുടുംബത്തിലെ അംഗങ്ങള്‍ക്ക് തലവേദനയാണ്. പാര്‍ട്ടിക്ക് തിരിച്ചും അങ്ങനെ തന്നെ. അതുകൊണ്ടാണ് സമ്പന്നരെ ബൂര്‍ഷ്വകളായി ചിത്രീകരിച്ച് കൈകഴുകുന്നത്. സാര്‍വദേശീയതലത്തില്‍ ബൂര്‍ഷ്വ എന്ന വാക്കിന് ഉദ്ദേശിക്കുന്ന അർഥമല്ല ഇവിടെ പ്രയോഗിക്കുന്നത്. കൃഷിയും മറ്റുമായി കഴിഞ്ഞുകൂടാന്‍ സാധിക്കുന്നവരെയെല്ലാം ബൂര്‍ഷ്വയെന്ന് വിശേഷിപ്പിക്കുന്നു. ചന്ദ്രനെ കാണാന്‍ എത്തുന്ന വലിയ കുടുംബത്തിലെ അംഗത്തെ ബൂര്‍ഷ്വാസ്നേഹിതന്‍ എന്ന് വിശേഷിപ്പിക്കുന്നത് പാര്‍ട്ടിസഖാവ് തന്നെയാണ്.
എഴുത്തുജീവിതത്തില്‍ മാത്രമല്ല വ്യക്തിജീവിതത്തിലും പട്ടത്തുവിള ഇത്തരം സന്ദിഗ്ധതകള്‍ അനുഭവിച്ചിട്ടുണ്ടാവണം. നക്സലൈറ്റ് പ്രസ്ഥാനത്തിലുള്ള പലര്‍ക്കും അദ്ദേഹം സഹായം ചെയ്തു. എന്നാല്‍ അത് പരസ്യപ്പെടുത്താന്‍ താല്പര്യമുണ്ടായിരുന്നില്ല. ബൂര്ഷ്വാസ്നേഹിതനില് സൂചിപ്പിക്കുന്ന സന്ദേഹവും നിസ്സഹായതയും ആദിതാളം, കണ്ണേ മടങ്ങുക തുടങ്ങിയ കഥകളിലും കാണാം.

കഥകളിലെ വിപ്ലവ പാതകള്‍
പ്രതാപന്, രൂപ, രാമു എന്ന ആഖ്യാതാവ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി വരുന്ന ഒരുകൂട്ടം കഥകള്‍ പട്ടത്തുവിള എഴുതിയിട്ടുണ്ട്. വിപ്ലവം സംബന്ധിച്ച് ബുദ്ധിജീവികള്‍ നടത്തുന്ന ചര്‍ച്ചയാണ് ഇതില്‍ ശക്തമാകുന്നത് ഗവേഷകന്, സത്യാന്വേഷണം, ആദിതാളം, എഴുതാത്ത മറുപടി, നട്ടെല്ലികളുടെ ജീവിതം, വരാന്തയില്‍നിന്നുള്ള കാഴ്ചകള്‍ എന്നീ കഥകളില്‍ പ്രതാപനെയും രൂപയെയും രാമു എന്ന രാമൂട്ടിയെയും കാണാം. ഇവരിലൂടെയാണ് ആധുനിക രാഷ്ട്രീയ കഥകള്‍ പുതിയ മാനം തേടുന്നത്. സത്യാന്വേഷണം എന്ന കഥ 1961ലാണ് ‘മാതൃഭൂമി’യില്‍ പ്രസിദ്ധീകരിക്കുന്നത്. പട്ടത്തുവിള കഥകള്‍ നേരിട്ട് രാഷ്ട്രീയ സംവാദത്തിലേക്ക് വരുന്നത് ഇതിലൂടെയാണ്. വര്‍ഗരാഷ്ട്രീയവും സായുധവിപ്ലവവും കഥയില്‍ നിറയുകയാണ്. പ്രതാപന് എന്ന വിപ്ലവകാരിയുടെ തിരിച്ചുവരവാണ് കഥയുടെ തുടക്കത്തില്‍ കാണുന്നത്. രാമു എന്ന ആഖ്യാതാവ് പാതിരാത്രിയില്‍ പ്രതാപനെ സ്വീകരിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുകയാണ്.
തുടര്‍ച്ചയായ മഴകൊണ്ട് നനഞ്ഞ അന്തരീക്ഷം മടുപ്പുളവാക്കുന്നതാണ്. വടക്കുനിന്നുള്ള വണ്ടിയില്‍ എത്തുന്ന പ്രതാപനെ കാണുക എന്നത് രാമുവിനെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാനാവാത്ത ഉത്തരവാദിത്തമാണ്. ഈ കാത്തിരിപ്പില്‍ രാമുവിന് അവനോടു തന്നെ സഹതാപമുണ്ട്. പ്രതാപനോട് അമര്‍ഷവും. പ്രതാപന്റെ കത്തില്‍ രൂപയെപ്പറ്റിയുള്ള സൂചനയുണ്ടായിരുന്നു. അവള് ഇന്ന് രണ്ടു കുട്ടികളുടെ അമ്മയാണ്. ട്രോട്സ്കിയെ സ്നേഹിച്ച രൂപയെ പ്രതാപന് ആഗ്രഹിച്ചതായി ഈ കഥയില്‍ സൂചനയുണ്ട്. മങ്കൂസ് എന്നാണ് രൂപയെ പ്രതാപന് വിളിക്കുന്നത്. സ്ത്രീയുടെ ബുദ്ധിയും ചിന്തയും നിലവാരമില്ലാത്തതാണ് എന്ന്് കരുതുന്നവരുടെ കൂട്ടത്തില്‍ പ്രതാപനെപ്പോലുള്ള വിപ്ലവകാരികളും ഉള്‍പ്പെടുമെന്നാണ് കഥ നല്കുന്ന സൂചന.
പ്രതാപനും രൂപയും രാമുവും കോളജില്‍ ഒന്നിച്ചായിരുന്നു. ഹിപ്പിയിസത്തിന്റെ അംശങ്ങള്‍ പേറുന്ന സ്വഭാവവിശേഷങ്ങള്‍ ഇവര്‍ക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മറ്റു കുട്ടികള്‍ ഇവരുമായി അടുത്തില്ല. ജ്ഞാനത്തിന്റെ കാര്യത്തില്‍ അധീശത്വം പുലര്‍ത്തിയ ആളായിരുന്നു പ്രതാപന്. ഫിലോസഫി പ്രഫസര്പോലും പ്രതാപന്റെ അറിവിന് മുന്നില്‍ മുട്ടുകുത്തി. ചോദ്യങ്ങള്‍ ഉന്നയിക്കുന്ന പ്രതാപനെ തനിക്ക് പകരം ക്ലാസെടുക്കാന്‍ ക്ഷണിച്ച പ്രഫസര്‍ ഒരിക്കലും തമാശ പറയുകയായിരുന്നില്ല.
രാമുവിനും രൂപക്കും പ്രതാപന്റെ ജ്ഞാനത്തിന് മുന്നില്‍ അടിയറവ് പറയേണ്ട സന്ദര്‍ഭങ്ങളുണ്ട്. പ്രതാപന് കാവിവസ്ത്രധാരിയായി വേഷപ്രച്ഛന്നന്‍ എന്ന നിലക്കാണ് തീവണ്ടിയിലെ വെളിച്ചക്കുറവുള്ള കമ്പാർട്മെന്റില്‍ കാണപ്പെടുന്നത്. ഓര്‍മകളുടെ ചില വേലിയേറ്റങ്ങള്‍ രാമുവിന്റെ മനസ്സിലൂടെ കടന്നുപോകുന്നുണ്ട്. അതില്‍ പ്രതാപനും രൂപയും ഉണ്ട്. പ്രതാപന്റെയും രൂപയുടെയും തമ്മിലുള്ള ബന്ധം എപ്രകാരമായിരുന്നു എന്ന അന്വേഷണവും പ്രധാനമാണ്. അതിനെ പ്രേമം എന്നുവിളിക്കാന്‍ ആഖ്യാതാവായ രാമു തയാറാവുന്നില്ല. സോഷ്യലിസ്റ്റിനെ വിവാഹം ചെയ്ത രൂപയെ പ്രതാപന് പരിഹസിക്കുന്നുണ്ട്. ഭാരതനാട്ടില്‍ ജെ. നെഹ്റുവിന് മാത്രമേ സോഷ്യലിസ്റ്റാസനത്തില് ഇടമുള്ളൂവെന്ന് മങ്കൂസിന് അറിഞ്ഞുകൂടാ -എന്നാണ് അവന്റെ പരിഹാസം.
‘ഗവേഷകന്’ എന്ന കഥയില്‍ പ്രതാപന് രൂപയെ വിവാഹം ചെയ്യുകയും പിന്നീട് ബന്ധം വേര്‍പിരിയുകയുമാണ്. സത്യാന്വേഷണം, എഴുതാത്ത മറുപടി, ആദിതാളം എന്നീ കഥകളില്‍ രൂപ സോഷ്യലിസ്റ്റായ സിനിമാ നിര്‍മാതാവിനെ വിവാഹം കഴിക്കുകയാണ്. ആദിതാളം എന്ന കഥയിലാകട്ടെ പൊലീസിന്റെ വരവിനെ ഭയപ്പെടുന്ന രാമുവിനെയാണ് കാണുന്നത്. പ്രതാപന്റെയും രൂപയുടെയും സാന്നിധ്യത്തില്‍ കഴിഞ്ഞ നാളുകളെപ്പറ്റിയുള്ള ഓര്‍മകള്‍ രാമുവിന്റെ മനസ്സില്‍ ചിതറികിടപ്പുണ്ട്. പാര്‍ട്ടിയുടെ നയവ്യതിയാനം തുടങ്ങിയ സമയമാണത്. പാര്‍ട്ടിക്ലാസുകളില്‍ പ്രതാപന് പങ്കെടുക്കാറുണ്ടായിരുന്നില്ല. രൂപയെയും രാമുവിനെയും അതില്‍നിന്ന് വിലക്കുകയും ചെയ്യുമായിരുന്നു. തൊഴിലാളികള്‍ക്ക് കൂലിക്കൂടുതലും ആനുകൂല്യങ്ങളും വാങ്ങി കൊടുക്കാനുള്ള ദല്ലാളായി പാര്‍ട്ടി അധഃപതിച്ചു എന്നായിരുന്നു പ്രതാപന്റെ വിമര്‍ശനം. വിപ്ലവപാര്‍ട്ടികളുടെ അപചയം കഥാകൃത്ത് ചൂണ്ടിക്കാട്ടുന്നു.
നിര്‍ദോഷികളെ കൊലചെയ്യാനും കൊള്ളയടിക്കാനും നേതൃത്വം നല്കി എന്നതാണ് പ്രതാപന്റെ പേരില്‍ പൊലീസ് ആരോപിക്കുന്ന കുറ്റം. ദാനം കിട്ടിയ മണ്ണില്‍ അടിയാളരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്ന ജന്മി അത്ര നിര്ദോഷിയാണോ എന്ന ചോദ്യം ഇവിടെ ഉന്നയിക്കപ്പെടുന്നു. ‘എഴുതാത്ത മറുപടി’ എന്ന കഥയില്‍ പ്രതാപന് കൊല്ലപ്പെടുകയാണ്. ദുര്‍ഗയുടെ ചോരക്കൊതിക്ക് പാത്രമാവുകയാണ് പ്രതാപന്. ദുര്‍ഗ ഇന്ദിരഗാന്ധിതന്നെ. ഭരണകൂട ഭീകരതയുടെ ഇരയായി പ്രതാപന് മാറുകയാണ്. പൊലീസ് വെടിവെച്ചുകൊല്ലുകയും പിന്നീട് ഏറ്റുമുട്ടല്‍ മരണമായി ചിത്രീകരിക്കുകയുംചെയ്ത നക്സല്‍നേതാവ് വര്‍ഗീസിന്റെ വിപ്ലവജീവിതം ‘ഹരേകൃഷ്ണ’ എന്ന കഥയില്‍ പരാമര്‍ശിക്കുന്നുണ്ട്. ശ്രീകാകുളത്ത് അന്നപൂര്‍ണയെ ബലാത്സംഗം ചെയ്താണ് പൊലീസ് കൊന്നത്. ‘സത്യാന്വേഷണ’ത്തിലെ പ്രതാപന് ‘ഹരേകൃഷ്ണ’യിലും പ്രത്യക്ഷപ്പെടുന്നു. തീവണ്ടിമുറിയില് ചമ്രംപടിഞ്ഞിരിക്കുന്ന സന്യാസിയുടെ രൂപത്തില്‍. ആ മാറ്റം ഞാന്‍ എന്നില്‍ പ്രതീക്ഷിച്ചതാണ് എന്ന് രാമു പറയുമ്പോള്‍ പ്രതാപന്റെ വ്യക്തിത്വത്തിന്റെ അംശം തന്നിലുമുണ്ടെന്ന് സമ്മതിക്കുകയാണ്.
ബുദ്ധിപരമായ ഔന്നത്യം പുലര്‍ത്തുന്നവരുടെ ബന്ധങ്ങളിലെ വിള്ളല്‍ സംഘര്‍ഷമാണ് ‘നട്ടെല്ലികളുടെ ജീവിതം’ എന്ന കഥ പ്രതിപാദിക്കുന്നത്. ഉന്നത ബിരുദധാരിയും ഉന്നത ഉദ്യോഗസ്ഥനുമായ രാമന് സീതയെ വിവാഹംചെയ്തതു മുതല്‍ സംശയവും പിരിമുറുക്കവും പതിവാണ്. സീതയുടെ കുടുംബക്കാര്‍ക്ക് ബന്ധം ഇഷ്ടമായിരുന്നില്ല. രാമന് താണജാതിക്കാരനാണ് എന്നതായിരുന്നു പ്രശ്നം. സീതയുടെ അനുജന് കണ്ണന് മാത്രം സീതയുടെ വിവരങ്ങള്‍ തിരക്കുമായിരുന്നു. സീതയുടെ അച്ഛന് രാമനോട് അതൃപ്തിയൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, പരസ്യമായി രാമനെ അംഗീകരിക്കാന്‍ മടിയായിരുന്നു. രാമന് സീതയെയും സീത രാമനെയും സംശയിച്ച് മുന്നോട്ടുപോയി. അവര്‍ സംസാരിക്കുന്നത് പരസ്പരം കുറ്റപ്പെടുത്താന്‍ മാത്രമായി. ഇത് പറയുമ്പോള്‍തന്നെ ആഖ്യാതാവായ രാമു യാക്കോ മാലിക് എന്ന റഷ്യന്‍ രാഷ്ട്രീയ നേതാവ് യാക്കോവ് മാലിക്കിനെപ്പറ്റി പറയുന്നു. യാക്കോവ് യു.എന്‍ അസംബ്ലി ഹാളില്‍ എത്തിയ ദിവസമാണ് രാമു ലാബില്‍ സീതയെ കാണാന്‍ എത്തുന്നത്. യാക്കോവിന് പ്രായം തികഞ്ഞില്ല എന്ന കാരണത്താല്‍ ഒക്ടോബര്‍ വിപ്ലവത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. വിഷ്ന്സ്കിയുടെ പിറകില്‍ ആന്ദ്രേ ഗ്രൊമിക്കാവിനൊപ്പം റഷ്യന്‍ ഡെലിഗേറ്റുകളുടെ ഇടയില്‍ യാക്കോവ് ഇരിക്കുന്നത് കാണുന്നു.

പട്ടത്തുവിള കരുണാകരന്റെ കൊല്ലം കടപ്പാക്കടയിലുള്ള തറവാട് വീട് നിന്ന സ്ഥലം. പഴയ നാലുകെട്ട് പൊളിച്ചുമാറ്റിയപ്പോള്‍ അറ്റകുറ്റപണി നടത്തി സംരക്ഷിച്ച കെട്ടിടത്തിന്റെ ഭാഗം ചിത്രത്തില്‍ കാണാം. ഇത് ഗോഡൗണായി പ്രവര്‍ത്തിക്കുകയാണ്
രാമനും സീതയും വേര്‍പിരിയുന്നതിന്റെ ഭാഗമായി വസ്തുവകകള്‍ പങ്കുവെക്കുകയാണ്. ജോണ്‍ സക്കറി യങ്ങിന്റെ ജീവശാസ്ത്രപുസ്തകമായ ‘ദി ലൈഫ് ഓഫ് വെര്‍ട്ടെ ബ്രേറ്റ്സ്’ രാമന് സീതക്ക് വിട്ടുകൊടുക്കുകയാണ്. കശേരുക്കളുടെ ജീവിതവും അവയുടെ പരിണാമവുമാണ് ആ പുസ്തകത്തിന്റെ ഉള്ളടക്കം എന്നത് ശ്രദ്ധേയമാണ്. ‘നട്ടെല്ലികളുടെ ജീവിതം’ എന്ന കഥയുടെ തലക്കെട്ട് ജോണ്‍ സക്കറിയങ്ങിന്റെ പുസ്തകവുമായി ബന്ധപ്പെട്ട് കിടക്കുന്നു. രാമനും സീതക്കും പരസ്പരം വിട്ടുവീഴ്ച ചെയ്യാന്‍ സാധിക്കുന്നില്ല. കാരണം അവര്‍ നട്ടെല്ലുള്ള ജീവികളാണ്. രാമനും സീതക്കും ഇടയില്‍ മധ്യസ്ഥനായി നില്‍ക്കേണ്ട അവസ്ഥയും രാമുവിന് വന്നുചേരുന്നു. സീത പുനര്‍വിവാഹത്തിന് തയാറാവുന്നു. ഭരതനെയാണ് വരനായി കാണുന്നത്. പുരാണസന്ദര്‍ഭത്തിന്റെ വ്യർഥമായ അനുകരണമായി അത് മാറുന്നു. സീതയുടെ പ്രതീക്ഷ അസ്ഥാനത്തായിരുന്നുവോ എന്നറിയില്ല. അസുഖം മൂലം വിവശയായ സീതയെയാണ് പിന്നീട് കാണുന്നത്. ഏതായാലും സീതയുടെ ആത്മഹത്യയിലാണ് കഥ അവസാനിക്കുന്നത്. വീണ്ടും ജീവിതത്തെ തിരിച്ചുപിടിക്കാനുള്ള സീതയുടെ ആഗ്രഹം അതിരുകവിഞ്ഞ ആത്മവിശ്വാസത്തിന്റെ അടയാളമായി പരിണമിക്കുകയാണ്. പ്രതാപനും രൂപയും തമ്മിലുള്ള അടുപ്പം ഇവിടെ രാമു ഓര്‍ക്കുന്നുണ്ട്. അവര്‍ വിവാഹിതരാകാതെ തന്നെ ഒരുമിച്ചു ജീവിക്കാനിടയുണ്ട് എന്നാണ് കണക്കുകൂട്ടല്‍.
രാമന്റെ ആദ്യ ഭാര്യയുടെ മരണം സംബന്ധിച്ച് സംശയങ്ങളുണ്ട്. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം നടത്തുകയുണ്ടായില്ല. ആ വിവരണത്തിന്റെ തുടര്‍ച്ചയായി ചെഗുവേരയുടെയും പ്രതാപന്റെയും സമാനതകളോടെയുള്ള മരണമാണ് പരാമര്‍ശിക്കുന്നത്. ചെഗുവേരക്ക് ആസ്ത്മയുടെ ശല്യമുണ്ടായിരുന്നു. അത്ര തോതിലില്ലെങ്കിലും പ്രതാപനും ഇതേ അസുഖമുണ്ട്. പ്രതാപന് കാര്‍ഡിയാക് ആസ്ത്്മ മൂലം മരിച്ചു എന്നാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇതിനെ ആരും ചോദ്യം ചെയ്തില്ല. രൂപ ഡോക്ടറുടെ മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പി. അത് പെട്ടെന്നുള്ള വികാരപ്രകടനായി ആരും കണക്കാക്കില്ല എന്നാണ് രാമു ഓര്‍ക്കുന്നത്. ഇത്തരത്തില്‍ ചരിത്രവും വിപ്ലവവും സാധാരണമായ ദാമ്പത്യപ്രശ്നങ്ങളും കൂടിക്കുഴഞ്ഞുകിടക്കുകയാണ് ‘നട്ടെല്ലികളുടെ ജീവിത’ത്തില്‍.
മുനിഗാഥ
പട്ടത്തുവിളയുടെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട കഥകളില്‍ ഒന്നാണ് ‘മുനി’. അന്യവത്കരണം, കുടുംബബന്ധങ്ങളോടുളള നിരാസം, അരാജകത്വത്തെ തോളിലേറ്റാനുള്ള അഭിനിവേശം എന്നിവയെല്ലാം ഈ കഥയെ വേറിട്ട വായനാനുഭവമായി മാറ്റുന്നു. ബുദ്ധദര്‍ശനത്തിന്റെ അംശങ്ങളും ഇതിലുണ്ട്. ‘മുനി’ എന്ന പേരുതന്നെ അതിന്റെ സൂചനയാണ്. പട്ടത്തുവിളയുടെ വ്യക്തിജീവിതത്തിന്റെ അടരുകള്‍ ചേര്‍ന്നതാണ് ‘മുനി’. ഉന്നതസ്ഥാപനത്തില്‍ ജോലിയുള്ള ആഖ്യാതാവ് വീട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണ്. അസുഖം കാരണം അവധിയെടുത്താണ് വന്നിരിക്കുന്നത്. ആഖ്യാതാവിനെ ചികിത്സിക്കുന്ന ഡോക്ടര്‍ വരുന്നുണ്ട്. ഡോക്ടറോടുള്ള ആഖ്യാതാവിന്റെ സമീപനവും വ്യത്യസ്തമല്ല. അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ല. ഡോക്ടര്‍ നിര്‍ദേശിച്ച അവധി നീളുമ്പോള്‍ കമ്പനിയില്‍നിന്നുള്ള കത്തിന്റെ സ്വരം മാറുന്നത് അറിയുന്നുണ്ട്. വീട്ടിലെ മുതിര്‍ന്നവരെല്ലാം ആഖ്യാതാവിന്റെ കാര്യത്തില്‍ ഉത്കണ്ഠ പുലര്‍ത്തുന്നവരാണ്.

പട്ടത്തുവിള കരുണാകരൻ, തിക്കോടിയൻ, എം.ടി, പുതുക്കുടി ബാലന് അരവിന്ദൻ തുടങ്ങിയവർ
ആഖ്യാതാവ് വീട്ടുകാര്‍ക്ക് ഒരു പ്രഹേളികയായി മാറുന്നു. പണം എത്ര കിട്ടിയിട്ടും തികയുന്നില്ല. നേരിട്ട് പലരോടും കടം ചോദിക്കുന്നു. പിന്നീട് കത്തുകളിലൂടെയായി കടം ചോദിക്കല്‍. സംഗതി രൂക്ഷമായപ്പോള്‍ ഏട്ടന് ഇടപെടുന്നു. ഒരു സാധാരണശിപായിക്ക് എത്ര ശമ്പളം ഉണ്ടാവും. അയാള്‍ കുടുംബം പോറ്റുന്നില്ലേ എന്നൊക്കെയുള്ള ഏട്ടന്റെ ചോദ്യം ആഖ്യാതാവ് നേരിടുന്നു. എന്നാല്‍, ഏട്ടന് പറയുന്നതെല്ലാം അതിശയോക്തിയാണെന്നും അത് അസത്യത്തിന്റെ സൂചനയാണെന്നും ആഖ്യാതാവ് വിലയിരുത്തുന്നു.
ആഖ്യാതാവ് യുക്തിയുടെ ബലത്തിലാണ് കാര്യങ്ങള്‍ കാണുന്നതും വിലയിരുത്തുന്നതും. പറയുന്നതില്‍ ന്യായം ഇല്ലാതാവുമ്പോള്‍ ‘അച്ഛനെ ഓര്‍ത്തെങ്കിലും’ എന്നൊരു പ്രയോഗം കുടുംബാംഗങ്ങള്‍ പരസ്പരം നടത്തും. എന്നാല്‍, ആഖ്യാതാവിന് അത് സ്വീകാര്യമല്ല. അയാള്‍ യുക്തിയുടെ ലോകത്താണ് ജീവിക്കുന്നത്. കുടുംബചരിത്രം ചികഞ്ഞ് മനഃക്ഷോഭം ഉണ്ടാക്കാന്‍ അയാള്‍ ആഗ്രഹിക്കുന്നില്ല. ബുദ്ധന്റെ വാക്കുകള്‍ അയാളുടെ മനസ്സിലേക്ക് കടന്നുവരുകയാണ്. ‘‘ഹേ ആനന്ദാ, ആഴിവൃത്തത്തിലെ അഗാധതയില്‍ എപ്രകാരം ഒരു ചെറിയ തരംഗംപോലും ജനിക്കുന്നില്ല, അതുപോലെ ഒരു ഭിക്ഷുവിന്റെ മനസ്സിലും ഒരു ചലനവും ഉണ്ടാവാന്‍ പാടില്ല.’’ എല്ലാവരോടും കടം വാങ്ങുന്ന ആഖ്യാതാവ് ഭിക്ഷുവായി സ്വയം അവരോധിക്കുകയാണ്. ബോധിസത്വന്റെ വാക്യം കഥയുടെ തുടക്കത്തിലും ആഖ്യാതാവിന്റെ മനസ്സിലേക്ക് കടന്നുവരുന്നുണ്ട്. ഇഹലോകത്തെ അറിഞ്ഞ് പരമാർഥത്തെ ദര്‍ശിക്കുന്നവനും നദിയെയും സമുദ്രത്തെയും കടന്നു താദൃശഭാവത്തെ ദര്‍ശിക്കുന്നവനും ആശ്രിതനും ആശ്രയവും അല്ലാതിരിക്കുന്നവനുമാണ് മുനി എന്ന് പറയുന്നുണ്ട്. പനിയാണോ മുനിഗാഥയാണോ ആദ്യം ബാധിച്ചതെന്ന് തീര്‍ച്ചയില്ല.
ഗൃഹത്തില്‍നിന്നാണ് മാലിന്യങ്ങള്‍ ഉത്ഭവിക്കുന്നത്. അതുകൊണ്ട് വീട് എന്ന സങ്കല്പത്തെ ഉപേക്ഷിക്കുകയാണ് ഉചിതം. സ്നേഹരാഹിത്യവും ഗൃഹത്തിന്റെ അഭാവവും മുനിയുടെ തത്ത്വജ്ഞാനമായി അറിയണം എന്ന് പറയുമ്പോള്‍ വീടുവിട്ടിറങ്ങിയ സിദ്ധാർഥനെ വായനക്കാര്‍ക്ക് ഓർമ വരും. 1965 ജനുവരിയിലാണ് ഈ കഥ പുറത്തുവരുന്നത്. അന്യതാബോധത്തിന്റെയും അനാസക്തിയുടെയും മർമരം ഇതിലുണ്ട്. ബന്ധങ്ങളിലെ വൈകാരികത തീര്‍ത്തും ചോര്‍ത്തിക്കളയുകയാണ്. വീട്ടിലെ സ്വന്തം മുറിയിലേക്ക് ഉള്‍വലിയുന്ന നായകന് ചുറ്റുപാടുകളെ നിരാകരിക്കുകയാണ്.
‘സ്ഥാനഭ്രംശം’ എന്ന കഥയും സമാനസ്വഭാവമുള്ളതാണ്. സഹോദരിയുടെ വീട്ടില്‍ വിരുന്നുകാരനായി എത്തുന്ന ആഖ്യാതാവിന് പുതിയ തലമുറയെയാണ് നേരിടേണ്ടിവരുന്നത്. ചുമരിലെ കാൾ മാര്‍ക്സിനെ അവര്‍ എടുത്തുമാറ്റിയിരുന്നു. പകരം ഗാന്ധി, നെഹ്റു, ഇന്ദിര ഗാന്ധി എന്നിവരെ പ്രതിഷ്ഠിച്ചു. ചമ്രം പടിഞ്ഞിരുന്നു നൂല്‍നൂല്‍ക്കുന്ന വിരുതന്, നെഞ്ചത്ത് റോസാപ്പൂ െവച്ച കുട്ടികളുടെ ചാച്ച, ഉറക്കം മതിയാവാത്ത കണ്ണുകളും സല്‍സ്വഭാവിയായ യക്ഷിയുടെ മൂക്കുമുള്ള ചാച്ചയുടെ ഓമനമകള്‍ –എന്നിങ്ങനെയാണ് വിവരണം. പുതിയ തലമുറയോട് തര്‍ക്കിക്കാന്‍ വീട്ടമ്മക്കും വയ്യ. മക്കള്‍ വലുതായി അവര്‍ അവരുടെ ദൈവങ്ങളെ പ്രതിഷ്ഠിക്കുന്നു എന്നാണ് ന്യായം. ആ വീട്ടില്‍നിന്ന് ഇറങ്ങാതെ നിവൃത്തിയില്ല ആഖ്യാതാവിന്.
‘ഡിംപിള്‍ സ്കോച്ച്’, ‘ത്രോമ്പോസിസ്’ എന്നീ കഥകളിലും മധ്യവര്‍ഗ കുടുംബത്തിന്റെ അവസ്ഥ കാണാം. ‘ഡിംപിള്‍ സ്കോച്ചി’ലെ നായകന് എപ്പോഴും സാമ്പത്തിക പരാധീനതയിലാണ്. വിവാഹനാളുകളില്‍ ഭാര്യയുടെ വീട്ടില്‍നിന്ന് കടം വാങ്ങിയ പണം ഇതുവരെ തിരിച്ചുകൊടുത്തിട്ടില്ല. അതേ സാമ്പത്തിക അരാജകത്വം ഇപ്പോഴും തുടരുന്നു. ഭാര്യ നല്കിയ സ്വര്‍ണവള പണയംവെക്കാന്‍ പോകുമ്പോള്‍ അപകര്‍ഷബോധം അയാളെ പിന്തുടരുന്നുണ്ട്. എന്നാല്‍, വകവെക്കുന്നില്ല. ബാങ്കില്‍നിന്ന് പണം കിട്ടിയപ്പോള്‍ പക്ഷേ മട്ടുമാറി. നഗരത്തില്‍ ആദ്യമായി എത്തിയ ഡിംപിള്‍ സ്കോച്ച് ഉപയോഗപ്പെടുത്തി. വീട്ടില്‍ ഒളിപ്പിച്ചുവെച്ച കഞ്ചാവ് ഇടക്കിടെ ഉപയോഗിക്കുമ്പോള്‍ അയാള്‍ക്ക് തലചുറ്റും. ഇത് ത്രോംബോസിസ് എന്ന അസുഖമാണെന്ന് ഭാര്യയെ തെറ്റിദ്ധരിപ്പിക്കുന്നു. ഒടുവില്‍ കഞ്ചാവ് കണ്ടെത്തി നശിപ്പിക്കുമ്പോള്‍ അയാളുടെ ഭാവന പൊളിയുകയാണ്. പട്ടത്തുവിള കഞ്ചാവ് ഉപയോഗിച്ചിരുന്നതായി സാറ തന്റെ കുറിപ്പില്‍ പറയുന്നുണ്ട്. അവിടെയാണ് ‘ത്രോമ്പോസിസ്’ എന്ന കഥയുടെ വേരുകള്‍. കഞ്ചാവ് എന്ന പേരില്‍ മറ്റൊരു കഥയും എഴുതിയിട്ടുണ്ട്. ‘അല്ലോപനിഷത്ത്’, ‘നിര്‍വാണമാര്‍ഗം’ എന്നീ കഥകള്‍ വിപ്ലവത്തെ പരിഹസിക്കുന്നതാണ്. റഷ്യയിലെ ഒക്ടോബര്‍ വിപ്ലവവും മറ്റും വായിക്കുന്ന ആഖ്യാതാവ്. വേദം പഠിക്കുന്ന ഭാര്യാസഹോദരി. അവരുടെ സംഭാഷണങ്ങളില്‍ വര്‍ത്തമാന വിപ്ലവത്തിന്റെ അവസ്ഥയും പഴയ വിപ്ലവത്തിന്റെ ഓര്‍മകളും മാറിമാറി കടന്നുവരുന്നു.
‘‘ഏട്ടാ നമ്പൂതിരിപ്പാട് അധികാരമേല്‍ക്കുന്നതിനു മുമ്പ് വയലാറിലെ രക്തസാക്ഷികളെ കണ്ട് നന്ദി പറഞ്ഞില്ലേ?’’ അവളുടെ ചോദ്യം. ‘‘പറഞ്ഞു, ആദ്യം തൊഴിച്ചത് മന്ദാകിനിയെയാണ്.’’ ഏട്ടന്റെ മറുപടി. വിപ്ലവപാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ അക്ബറിന്റെ കാലത്ത് രചിക്കപ്പെട്ട ‘അല്ലോപനിഷത്ത്’ പോലെ നിഷ്ഫലമായിരുന്നു എന്നാണ് ഇക്കഥ സൂചിപ്പിക്കുന്നത്. ‘പരാരന്’J ‘വയലാര്‍’ എന്നീ കഥകള്‍ ബാറിന്റെ പശ്ചാത്തലത്തിലാണ് നടക്കുന്നത്. ഇന്ദിര ഗാന്ധിയുടെ പുത്രന് സഞ്ജയ് ഇവിടെ ഓര്‍മിക്കപ്പെടുന്നു. ഒറിജിനല്‍ ഗാന്ധിയുമായി സഞ്ജയിന്റെ അച്ഛന് വല്ല ബന്ധവും ഉണ്ടോ എന്നാണ് അന്വേഷണം. സ്വാതന്ത്ര്യത്തെ തള്ളിപ്പറയുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ പരിഹസിക്കുന്നുണ്ട്. ഇന്ദിര ഗാന്ധി റഷ്യയുടെ ഉപദേശം സ്വീകരിച്ച് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ചും വിമര്‍ശനം കാണാം. ‘വയലാര്‍’ എന്ന കഥയില്‍ വയലാറിന്റെയും ഒ.എന്‍.വി കുറുപ്പിന്റെയും ചലച്ചിത്രഗാനങ്ങളുടെ വശ്യത ചര്‍ച്ചയാകുമ്പോള്‍ പ്രസിദ്ധമായ വയലാര്‍ സമരം വിസ്മരിക്കപ്പെടുന്നതിനെയാണ് പരാമര്‍ശിക്കുന്നത്. 'രാഷ്ട്രപിതാവും രാഷ്ട്രശില്പിയും' എന്ന കഥയും രാഷ്ട്രീയ ആക്ഷേപഹാസ്യം നിറഞ്ഞതാണ്. ഗാന്ധി പോര്‍ബന്തറില്‍ ജനിച്ചു എന്ന മുഖവുരയോടെ അധ്യാപകന് ക്ലാസെടുക്കുമ്പോള്‍ ക്ലാസിന്റെ പിന്ബെഞ്ചില് ഇരിക്കുന്നവര്‍ പ്രസവവേദനയുടെ ഞെരക്കം അഭിനയിക്കുന്നു. ഗാന്ധി പിന്നാക്കവിഭാഗക്കാരെ ഹരിജന്‍ എന്ന് വിളിച്ചു. ആരാടാ നിന്റെ ഹരിജന്‍, ഞാന്‍ ചെറുമനാടാ –എന്ന പ്രതികരണവുമായി ചിലര്‍ എത്തുന്നു. ‘ഇണ്ടി’ എന്ന കഥ പട്ടത്തുവിളയുടെ സഹോദരിയുടെ കഥ തന്നെയാണ്. ചെറുപ്പത്തില്‍ ഭര്‍ത്താവ് മരിച്ച ഇണ്ടി സഹോദരങ്ങളെ സ്നേഹിച്ചും ശുശ്രൂഷിച്ചും ജീവിതം പോക്കി. ഒടുവില്‍ അസുഖം ബാധിച്ച് മരണമടയുന്ന ഇണ്ടി സ്നേഹത്തിന്റെയും സേവനത്തിന്റെയും പ്രതീകമായി മനസ്സില്‍ നില്ക്കുന്നു.

കടപ്പാക്കട സ്പോര്‍ട്സ് ക്ലബ്
ചലച്ചിത്രം എന്ന മാധ്യമത്തിനോട് താല്പര്യമുള്ള ആളായിരുന്നു പട്ടത്തുവിള. വിപ്ലവകഥകളിലെ സാന്നിധ്യമായ രാമു ഇറ്റലിയില്‍ സിനിമ പഠിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ്. ലോക ക്ലാസിക്കുകള്‍ കാണുന്നുണ്ട്. സംവിധായകരെ പരിചയപ്പെടുകയുംചെയ്യുന്നു. അതേസമയം, സിനിമ ഒരു കലയല്ല എന്നാണ് പ്രതാപന്റെ അഭിപ്രായം. അയാള്‍ രാമുവിനെ നിരുത്സാഹപ്പെടുത്തുന്നു. സംവിധായകന് ഒരാളെ ഉണ്ടായിരുന്നുള്ളൂ ഐസന്‍സ്റ്റീന്‍ എന്നാണ് പ്രതാപന് പറയുന്നത്. സിനിമയില്‍ കലാംശമില്ല. അല്പം ഉണ്ടെങ്കില്‍ എഡിറ്റിങ്ങില്‍ മാത്രം എന്നാണ് പ്രതാപന് പറയുന്നത്.
‘നട്ടെല്ലികളുടെ ജീവിതം’ എന്ന കഥയിലെ സീതയെ പിറകില്‍നിന്ന് കാണുമ്പോള്‍ അതൊരു നല്ല ഷോട്ടായി രാമുവിന് തോന്നുന്നു. സിനിമയോടുള്ള ഈ താല്പര്യംകൊണ്ടാകാം ഉത്തരായണത്തിന്റെ നിർമാണച്ചുമതല അദ്ദേഹം ഏറ്റെടുക്കാന്‍ ഇടയായത്. പട്ടത്തുവിള ഒരിക്കലും പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് നീങ്ങിനിന്നില്ല. സ്വയംപ്രദര്ശനത്തിന് ഒട്ടും ഭ്രമമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ അഭിമുഖങ്ങള്പോലും വന്നില്ല എന്നാണ് അറിയുന്നത്. പഠനങ്ങളും അപൂര്‍വമായിരുന്നു. ഇന്നിപ്പോള്‍ അദ്ദേഹത്തിന്റെ ശതാബ്ദി ആഘോഷിക്കുമ്പോഴും കാര്യങ്ങള്‍ വ്യത്യസ്തമല്ല. എന്നാല്‍, വൈകാരികതയുടെയും അതുമായി ബന്ധപ്പെട്ട അനുഭൂതികളുടെയും ലോകം സൃഷ്ടിച്ച കഥാകാരന്മാര്ക്കിടയില് വേറിട്ട ആഖ്യാനവും രാഷ്ട്രീയചിന്തകളും കൊണ്ടുവന്നു എന്നതാണ് പട്ടത്തുവിളയുടെ മേന്മ.
സൗഹൃദ സദസ്സില്‍ മൗനം വെടിയുന്ന പട്ടത്തുവിള
സമ്പന്നകുടുംബത്തിലെ അംഗം, പ്രശസ്ത കഥാകൃത്ത്, ബഹുരാഷ്ട്ര കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥന് എന്നീ വിശേഷണങ്ങള്‍ക്ക് അര്ഹനായിരുന്ന പട്ടത്തുവിള കരുണാകരന്റെ ഓര്മ സ്വദേശമായ കൊല്ലത്തും പ്രവര്‍ത്തനകേന്ദ്രമായ കോഴിക്കോട്ടും അലയടിക്കുന്നുണ്ട്്. അധികമാരോടും അടുക്കാതെ ജീവിച്ചുപോയ പട്ടത്തുവിളയെ അദ്ദേഹത്തിന്റെ തലമുറക്ക് തന്നെ അടുത്ത പരിചയം ഇല്ലായിരുന്നു. പുതിയ തലമുറക്ക് അദ്ദേഹം അപരിചിതനായും മാറി. എന്നാല്‍, സൗഹൃദത്തിന് ഏറ്റവും വില കല്പിച്ച ആളായിരുന്നു പട്ടത്തുവിളയെന്ന് കോഴിക്കോട്ടെ സുഹൃത്തുക്കള്‍ പറഞ്ഞിട്ടുണ്ട്. കൊല്ലം കടപ്പാക്കടയിലെ പട്ടത്തുവിള തറവാട്ടിലാണ് കരുണാകരന്റെ ജനനം. കടപ്പാക്കട മുഴുവന്‍ ആ കുടുംബത്തിന്റെ വസ്തുവകകളായിരുന്നു ഒരുകാലത്ത്. ഇപ്പോഴും പട്ടത്തുവിള കുടുംബത്തിന്റെ അനന്തരാവകാശികള്‍ ഇവിടെ താമസിക്കുന്നു.
കടപ്പാക്കട ‘ജനയുഗം’ പത്രമോഫിസിന്റെ എതിര്‍വശത്തായി പട്ടത്തുവിള കരുണാകരന്റെ ജ്യേഷ്ഠന് ഗംഗാധരന്റെ മകന് വിനോദ് താമസിക്കുന്നുണ്ട്. വിനോദ് പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുത്തു. കരുണാകരന്റെ പിതാവ് കൊച്ചുകുഞ്ഞ്. അമ്മ: കൊച്ചുകുഞ്ചാളി. ഒമ്പത് മക്കളായിരുന്നു ഈ ദമ്പതികള്‍ക്ക്. ആണ്മക്കളില് നാലാമത്തെ ആളായിരുന്നു കരുണാകരന്. ദാമോദരന്‍, ഭാസ്കരന്, ഗംഗാധരന് എന്നിവരാണ് മൂത്തവര്‍. കരുണാകരന്റെ ഇളയ ആള് നീലാംബരന്‍. ഗൗരിക്കുട്ടി (ഇണ്ടി), മന്ദാകിനി, പശുമതി, അമ്മു എന്നീ സഹോദരിമാരും അടങ്ങുന്നതായിരുന്നു കരുണാകരന്റെ കുടുംബം. കൊല്ലത്ത് ഓട്ടുകമ്പനിയും അബ്കാരി ബിസിനസും ഒക്കെയുള്ള ആളായിരുന്നു കൊച്ചുകുഞ്ഞ്. തോട്ടങ്ങളും മറ്റുമായി 146 വസ്തുവകകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം ആളുകളുടെ പരാതി കേള്‍ക്കാന്‍ വീടിന്റെ മട്ടുപ്പാവില്‍ എത്തുന്നത് പഴയ തലമുറയെ സംബന്ധിച്ചിടത്തോളം ആഢ്യത്വം നിറഞ്ഞ കാഴ്ചയായിരുന്നു. മേട എന്നാണ് ആ വീടിനെ വിളിച്ചിരുന്നത്. അത് ഇപ്പോഴുമുണ്ട്. കെട്ടിടം പുതുക്കിപ്പണിയുന്ന ഘട്ടത്തിലാണ്.
കൊച്ചുകുഞ്ഞിന്റെ മരണശേഷം വില്പത്രം പരിശോധിച്ചപ്പോള്‍ വീട് മരുമക്കള്‍ക്കും സ്വത്ത് വകകള്‍ മക്കള്‍ക്കുമാണ് എഴുതിവെച്ചിരുന്നത്. ഇതിന്റെ പേരില്‍ തര്‍ക്കങ്ങളുണ്ടായതായി ഗംഗാധരന്റെ മകന് വിനോദ് പറഞ്ഞു. ഇക്കാര്യം പട്ടത്തുവിള ‘മുനി’ എന്ന കഥയില്‍ സൂചിപ്പിച്ചിട്ടുണ്ട്. മരുമക്കള്‍ക്ക് അവകാശപ്പെട്ട വീട് പിന്നീട് തര്ക്കങ്ങളില്പെട്ടു. 1996ല്‍ സര്‍ക്കാര്‍ ലേലത്തിന് വെച്ചു. ദാമോദരന്‍ ഉള്‍പ്പെടെയുള്ളവരാണ് ലേലം പിടിച്ചത്. അങ്ങനെ വീട് വീണ്ടും കൊച്ചുകുഞ്ഞിന്റെ മക്കളുടെ കൈയിലായി. പഴയവീട് നാലുകെട്ടായിരുന്നു. അതിന്റെ ഏറെ ഭാഗങ്ങളും പൊളിച്ചുമാറ്റി. ഇപ്പോള്‍ ചെറിയൊരു ഭാഗമേയുള്ളു. അത് വാടകക്ക് കൊടുത്തിരിക്കുകയാണ്. ദാമോദരന്റെ മക്കളുടെ കൈവശത്തിലാണ് ഇപ്പോള്‍. പട്ടത്തുവിള വീട് കമ്യൂണിസ്റ്റ് നേതാക്കളുടെ ഒളിത്താവളമായി മാറിയിരുന്നുവെന്ന് വിനോദ് പറഞ്ഞു. എ.കെ.ജി, ഇ.എം.എസ് തുടങ്ങിയവര്‍ ഇവിടെ താമസിച്ചിട്ടുണ്ട്. കെ.ആര്. ഗൗരിയമ്മ ഇവിടെ വന്നിട്ടുണ്ട്. അക്കാലത്ത് ഉണ്ടായിരുന്ന വീടുകള്‍ പലതും പൊളിച്ചുമാറ്റി. പകരം ഷോപ്പിങ് കോംപ്ലക്സുകള്‍ വന്നു. അവശേഷിക്കുന്ന കെട്ടിടങ്ങളും പുതിയ കാലത്തിന്റെ മാതൃകകള്‍ തേടുകയാണ്.
കൊല്ലത്തെ കാര്‍ത്തിക ഹോട്ടല്‍ പട്ടത്തുവിള കുടുംബത്തിന്റെ വകയാണ്. 1974ലാണ് കാര്‍ത്തിക ഉദ്ഘാടനം ചെയ്തത്. പട്ടത്തുവിള കരുണാകരന്റെ മക്കള്‍ക്കും അതില്‍ ഓഹരിയുണ്ട്. കാര്‍ത്തിക ഹോട്ടലിന്റെ മുന്‍വശത്തായി കാനായി കുഞ്ഞിരാമന് സിമന്റില്‍ ചെയ്ത മൂന്ന് സ്ത്രീ ശില്പങ്ങള് കാണാം. ശില്പങ്ങള് നില്ക്കുന്ന ചത്വരം ചെറിയൊരു ജലാശയമാണ്. രാത്രിയില്‍ നിലാവ് വെള്ളത്തില്‍ പ്രതിബിംബിക്കുന്നത് നല്ല കാഴ്ചയാണ്. എം.വി. ദേവന്, ആര്‍ട്ടിസ്റ്റ് നമ്പൂതിരി എന്നിവരും കാര്‍ത്തിക ഹോട്ടലില്‍ ചിത്രവേലകള്‍ ചെയ്തിട്ടുണ്ട്. മുറികളിലും മറ്റും ചിത്രങ്ങള്‍ വരച്ചത് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയായിരുന്നു. ചില ശില്പങ്ങള് ദേവനും നിര്‍മിച്ചു. കാര്‍ത്തിക ഹോട്ടല്‍ നടത്തിപ്പ് ഇപ്പോള്‍ വേറൊരു ടീമിനെ ഏല്പിച്ചിരിക്കുകയാണ്.

കരുണാകരന് ചെറിയച്ഛനോടൊപ്പം കോഴിക്കോട് കൊട്ടാരം റോഡിലെ വീട്ടില്‍ താമസിച്ചത് വിനോദിന് ഓര്‍മയുണ്ട്. അച്ഛനും വലിയച്ഛനും ഗൗരവക്കാരായിരുന്നു. തമാശയും കളിയും ചിരിയും ഒന്നും അവരുടെ അടുത്ത് പറ്റില്ല. എന്നാല്‍, കരുണാകരന് ചെറിയച്ഛന് വളരെ സോഫ്റ്റ് ആയിരുന്നു. നല്ല സ്നേഹമായിരുന്നു. സിനിമ കാണാൻ കൊണ്ടുപോകും. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ നല്ല സ്വാതന്ത്ര്യം കിട്ടിയിരുന്നു. വിനോദ് പറഞ്ഞു. ‘ഉത്തരായണം’ സിനിമയുടെ ചിത്രീകരണം നടക്കുമ്പോൾ കോഴിക്കോട് ഉണ്ടായിരുന്നതായി വിനോദ് ഓര്‍ത്തെടുത്തു.
കടപ്പാക്കട സ്പോര്‍ട്സ് ക്ലബുമായി പട്ടത്തുവിള കരുണാകരന് വലിയ അടുപ്പമുണ്ടായിരുന്നു. എണ്‍പത് വര്‍ഷത്തോളം പഴക്കമുള്ള സ്ഥാപനമാണിത്. മുമ്പ് ഓലമേഞ്ഞ കെട്ടിടമായിരുന്നു. ഇപ്പോള്‍ കോണ്‍ക്രീറ്റ് കെട്ടിടമായി. ജീവകാരുണ്യപ്രവര്‍ത്തനങ്ങളും സാംസ്കാരിക പരിപാടികളും നടത്തുന്ന കടപ്പാക്കട സ്പോര്‍ട്സ് ക്ലബില്‍ പട്ടത്തുവിള കരുണാകരന്റെ പേരില്‍ ഒരു ഓഡിറ്റോറിയമുണ്ട്. പട്ടത്തുവിളയുടെ ആദ്യസമാഹാരങ്ങളില് ഒന്നായ ‘ബൂര്‍ഷ്വാസ്നേഹിതന്‍’ പ്രസിദ്ധീകരിച്ചത് കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് ആണ്. 1957 ഏപ്രിലില്‍. പട്ടത്തുവിളയുടെ സ്മരണ നിലനിര്‍ത്തുന്ന ഏക സ്ഥാപനവും ഇതായിരിക്കും. പട്ടത്തുവിള സ്മാരക ട്രസ്റ്റും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കുടുംബാംഗങ്ങളാണ് ഇതിന്റെ സാരഥികള്‍. അഡ്വ. ജി. സത്യബാബുവാണ് കടപ്പാക്കട സ്പോര്‍ട്സ് ക്ലബിന്റെ പ്രസിഡന്റ്. മീഡിയ അക്കാദമി ചെയര്മാന് ആര്.എസ്. ബാബുവാണ് സെക്രട്ടറി. പട്ടത്തുവിളയുടെ ജന്മശതാബ്ദി വിപുലമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് കടപ്പാക്കട സ്പോര്‍ട്സ് ക്ലബ്.

ഉത്തരായണകാലം
‘ഉത്തരായണം’ എന്ന ചലച്ചിത്രത്തിന്റെ ചര്ച്ചതുടങ്ങുന്നത് കോഴിക്കോട് പാരഗണ്‍ ലോഡ്ജിലെ കൂട്ടായ്മയില്‍നിന്നാണ്. അമേരിക്കയില്‍ ബിസിനസ് മാനേജ്മെന്റ് പഠനം കഴിഞ്ഞ് പട്ടത്തുവിള കോഴിക്കോട്ടെ പിയേഴ്സ് ലെസ്ലി കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ച കാലമാണത്. ബീച്ചിലായിരുന്നു പിയേഴ്സ് ലെസ്ലിയുടെ ഓഫിസ്. ഇപ്പോള്‍ കോര്പറേഷന് ഓഫിസ് പ്രവര്‍ത്തിക്കുന്നതിന്റെ അടുത്ത്. റബര്‍ ബോര്‍ഡില്‍ ഉദ്യോഗസ്ഥനായി എത്തിയ അരവിന്ദന്, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, തിക്കോടിയന്, ബാങ്ക് രവി എന്ന രവീന്ദ്രനാഥ്, മരവ്യാപാരിയായ പുതുക്കുടി ബാലന് തുടങ്ങിയവര്‍ ചേര്‍ന്നതായിരുന്നു പാരഗണിലെ കൂട്ടായ്മ. സി.എച്ച്് ഓവര്‍ ബ്രിഡ്ജിന് താഴെ ഇപ്പോഴുള്ള പാരഗണ്‍ ഹോട്ടലിന്റെ ഭാഗത്തുതന്നെയായിരുന്നു പാരഗണ്‍ ലോഡ്ജ്. അവിടെ അരവിന്ദന്റെ മുറിയില്‍ ആയിരുന്നു ഒത്തുചേരല്‍. ഇടക്ക് എന്‍.വി. കൃഷ്ണവാരിയര്‍ കൂട്ടായ്മയിലേക്ക് എത്തിനോക്കും. എം.വി. ദേവനും വി.കെ.എന്നും സന്നിഹിതരാവുന്ന സന്ദര്‍ഭവും ഉണ്ടായിരുന്നു.
ആകാശത്തിന് കീഴിലുള്ള എല്ലാ വിഷയവും ചര്‍ച്ചയാവും. അതിനിടെയാണ് സിനിമാചര്‍ച്ച ഉയര്‍ന്നുവന്നത്. തന്റെ കൈയിലൊരു കഥയുണ്ടെന്ന് എപ്പോഴോ തിക്കോടിയന് വെളിപ്പെടുത്തി. അതോടെ അതില്‍ പിടിച്ചായി ചര്‍ച്ച. സ്വാതന്ത്ര്യാനന്തരം യുവാക്കള്‍ നേരിട്ട നിരാശയും വിപ്ലവസ്വപ്നങ്ങളും എല്ലാമായിരുന്നു തിക്കോടിയന്റെ മനസ്സില്‍ കഥാതന്തുവായി ഉണ്ടായിരുന്നത്. അന്ന് അടൂര്‍ ഗോപാലകൃഷ്ണന് ‘സ്വയംവരം’ ചെയ്ത് ലൈംലൈറ്റില്‍ നില്ക്കുന്ന കാലമാണ്. സംവിധാനം അടൂരിനെ ഏല്പിക്കാം എന്ന് അരവിന്ദന് പറഞ്ഞു. അരവിന്ദന് തന്നെ സംവിധാനം ചെയ്താല്‍ മതിയെന്ന് ഭൂരിപക്ഷാഭിപ്രായം ഉടന്‍വന്നു. അതിന് അരവിന്ദന് വഴങ്ങി. പണം ആരു മുടക്കും എന്നതായി അടുത്ത പ്രശ്നം. ബാങ്കില്‍നിന്ന് ലോണ്‍ കിട്ടുമെന്ന് രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. അങ്ങനെ ആ വഴിക്ക് ശ്രമം തുടങ്ങി.
ബാങ്ക് മാനേജര്‍ അനുകൂല സമീപനം സ്വീകരിച്ചുവെങ്കിലും ഹെഡ് ഓഫിസില്‍നിന്ന് അനുവാദം കിട്ടേണ്ടതുണ്ടായിരുന്നു. അതുകൊണ്ട് വായ്പാസാധ്യത നീണ്ടുപോയി. അപ്പോഴാണ് പട്ടത്തുവിള പണം താന്‍ മുടക്കാമെന്ന് ഏറ്റത്. നിര്‍മാതാവിന്റെ റോളില്‍ പട്ടത്തുവിള എത്തിയതോടെ കാര്യങ്ങള്‍ മുന്നോട്ട് നീങ്ങി. ‘ഉത്തരായണം’ യാഥാർഥ്യമായി. ഡോ. മോഹന്‍ദാസ് ആയിരുന്നു നായകന് രവിയെ അവതരിപ്പിച്ചിരുന്നത്. അടൂര്‍ഭാസി, ബാലന് കെ. നായര്‍, പ്രേംജി, കുഞ്ഞാണ്ടി, ടി.ജി. രവി, സുകുമാരന്‍, മല്ലിക തുടങ്ങിയവരും വേഷമിട്ടു. ജി. കുമാരപ്പിള്ളയുടെ ഗാനങ്ങള്‍ക്ക് കെ. രാഘവന് സംഗീതം നല്കി. കലാസംവിധാനം ആര്‍ട്ടിസ്റ്റ് നമ്പൂതിരി കൈകാര്യം ചെയ്തു. മങ്കട രവിവർമയായിരുന്നു ഛായാഗ്രഹണം. സ്വാതന്ത്ര്യസമര സേനാനിയുടെ മകന് രവിയുടെ തൊഴിലന്വേഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ‘ഉത്തരായണ’ത്തിന് കേന്ദ്ര, സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചു. ജനറല്‍ പിക്ചേഴ്സിന്റെ കെ. രവീന്ദ്രന് ആണ് ചിത്രം വിതരണത്തിന് എടുത്തത്.
‘ഉത്തരായണം’ ഒരു കൂട്ടായ്മയുടെ വിജയമായിരുന്നു. അതില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനായി അടൂര്‍ഭാസി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭാസിക്ക് എന്തു കൊടുക്കണമെന്ന് ചര്‍ച്ച ചെയ്യാന്‍ പട്ടത്തുവിള തിക്കോടിയനെ സമീപിച്ചു. തിക്കോടിയന് കൃത്യമായ മറുപടി പറയാനായില്ല. ഒടുവില്‍ തുക എഴുതാതെ ചെക്ക് നല്‍കുകയായിരുന്നു. എന്നാല്‍, അടൂര്‍ഭാസി ചെക്ക് ഒരു ബാങ്കിലും പ്രസന്റ് ചെയ്യുകയുണ്ടായില്ല എന്ന് തിക്കോടിയന് ആത്മകഥയില്‍ പറഞ്ഞിട്ടുണ്ട്.
1955 മുതല്‍ പട്ടത്തുവിള കോഴിക്കോട്ടുണ്ട്. പിയേഴ്സ് ലസ്ലിയില്‍ മാനേജരായി ജോലിചെയ്യുന്ന കാലം. തിരക്കുപിടിച്ച ജോലിക്കിടെ മേശയില്‍നിന്ന് ഒരു കടലാസ് എടുത്ത് തനിക്ക് നീട്ടിയ കാര്യം തിക്കോടിയന് പറഞ്ഞിട്ടുണ്ട്. അത് ഒരു കഥയായിരുന്നു. ‘എങ്ങനെയുണ്ട്’ എന്നാവും അന്വേഷണം. നന്നായിട്ടുണ്ട്. എന്ന് പറഞ്ഞാല്‍ ദേഷ്യംപിടിക്കും. തന്റെ ഒരു മുഖസ്തുതി എന്ന് തര്‍ക്കിക്കും. അതായിരുന്നു പട്ടത്തുവിള. ‘മുനി’ എന്ന പേരില്‍ പട്ടത്തുവിളയുടെ ഒരു കഥാസമാഹാരമുണ്ട്. ആ പേര് അന്വർഥമാണെന്ന്് തിക്കോടിയന്റെ മകള്‍ പുഷ്പ പറയുന്നു. അയാള്‍ (പട്ടത്തുവിള) മുനി തന്നെയായിരുന്നു. ആരോടും സംസാരിക്കാതെ അങ്ങനെ ഇരിക്കും. കൂരിയാല്‍ ലൈനില്‍ ആയിരുന്നു ആദ്യം താമസം. പിന്നീട് കൊട്ടാരം റോഡിലേക്ക് മാറി. എം.ടി. വാസുദേവന്‍നായരുടെ വീടിന് അടുത്തായിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍, തിക്കോടിയന്, അരവിന്ദന് എന്നിവരുടെ സെറ്റ് മിക്കപ്പോഴും വീട്ടിലെത്തും. ഇടക്കിടെ വി.കെ.എന്‍ പ്രത്യക്ഷപ്പെടും. അടൂര്‍ഭാസി എത്തിയാല്‍ തമാശയും സംഭാഷണവും നീണ്ടുപോവുമെന്ന് പട്ടത്തുവിളയുടെ ഭാര്യ സാറ അനുസ്മരിച്ചിട്ടുണ്ട്.
ജോണ്‍ എബ്രഹാമിന്റെ ‘അഗ്രഹാരത്തില്‍ കഴുത’ എന്ന ചിത്രത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ സാമ്പത്തിക പ്രശ്നം തലപൊക്കിയപ്പോള്‍ സഹായിച്ചത് പട്ടത്തുവിളയായിരുന്നു. ചെലവൂര്‍ വേണുവും ജോണ്‍ എബ്രഹാമുമാണ് പട്ടത്തുവിളയെ സമീപിച്ചത്. ഏറിയാല്‍ അയ്യായിരം ആണ് പ്രതീക്ഷിച്ചത്. എന്നാല്‍ പട്ടത്തുവിള അമ്പതിനായിരം രൂപയാണ് നല്‍കിയത്. അത് എണ്ണിത്തിട്ടപ്പെടുത്താന്‍ പ്രയാസപ്പെട്ടതായി ചെലവൂര്‍ വേണു അനുസ്മരിച്ചിട്ടുണ്ട്.
പിയേഴ്സ് ലസ്ലിയിലെ ജോലി അത്രയൊന്നും ഇഷ്ടമായിരുന്നില്ല എന്നാണ് സാറ പറഞ്ഞിട്ടുള്ളത്. ആരുടെയും കീഴില്‍ പ്രവര്‍ത്തിക്കാന്‍ പ്രയാസമായിരുന്നു. ഓഫിസിലെ പ്യൂണ്മാരോടായിരുന്നു കൂടുതല്‍ അടുപ്പം. 1982ല്‍ ഡിവിഷനല്‍ മാനേജരായാണ് വിരമിച്ചത്. പിന്നീട് തിരുവനന്തപുരത്തിന് പോവുകയായിരുന്നു. ക്ഷേത്രദര്‍ശനം പതിവില്ലെങ്കിലും പിന്നീട് മാറ്റം വന്നതായി സാറ പറഞ്ഞിട്ടുണ്ട്. സന്യാസത്തിലും താല്പര്യമുണ്ടായിരുന്നു. ‘ഉത്തരായണ’ത്തിന്റെ സംസ്ഥാന അവാര്‍ഡ് വാങ്ങാന്‍ കാവിവസ്ത്രം ധരിച്ചാണ് പോയത്. മദിരാശിയിലെ റെയില്‍വേ ആശുപത്രിയിലായിരുന്നു ഹൃദ്രോഗത്തിന് ചികിത്സ നടത്തിയിരുന്നത്. ബൈപാസ് സർജറി വിജയമായിരുന്നു. പിന്നീട് അണുബാധയുണ്ടായതാണ് പ്രശ്നമായത്. ബീഥോവന്റെ സംഗീതം കേള്ക്കണമെന്നതായിരുന്നു അവസാനത്തെ ആഗ്രഹം. കാസെറ്റ് കൊണ്ടുവന്നുവെങ്കിലും കേള്‍ക്കാന്‍ കഴിഞ്ഞില്ല. 1985 ജൂണ്‍ അഞ്ചിനായിരുന്നു വിയോഗം.

മകളുടെ ഓര്‍മകള്‍
കോഴിക്കോട്ടെ അക്കാലത്തെ ജീവിതത്തെപ്പറ്റി പട്ടത്തുവിളയുടെ മൂത്തമകള്‍ അനിത ഓർക്കുന്നുണ്ട്. പപ്പയുടെ കൂടെയുണ്ടായ ജീവിതത്തേക്കാള്‍ ദൈര്‍ഘ്യമേറിയതാണ് അദ്ദേഹം വേര്പിരിഞ്ഞതിനുശേഷമുള്ള ജീവിതം. മൃദുഭാഷിയായിരുന്നു പപ്പ. അതുപോലെ മിതഭാഷിയും. മൗനങ്ങളെ കൂട്ടുപിടിച്ച് ജീവിക്കാന്‍ ആഗ്രഹിച്ച ആളാണെന്ന് തോന്നിയിട്ടുണ്ട്. പിയേഴ്സ് ലസ്ലിയിലെ ജോലിയോടും കുടുംബമൊത്തുള്ള ജീവിതത്തോടുമായിരുന്നു ഏറ്റവും വലിയ ഇഷ്ടം. മക്കള്‍ക്ക് ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസം നല്കാന് ശ്രദ്ധിച്ചു. വൈകുന്നേരം ജോലികഴിഞ്ഞ് നേരെ ഡി.സി ബുക്സില്‍ പോകും. അവിടെനിന്ന് പാരഗണിലേക്കാണ് പിന്നെ യാത്ര. അവിടെ സുഹൃത്തുക്കളുണ്ടാവും. സുഹൃത്തുക്കളുമായുള്ള ചര്‍ച്ചയൊക്കെ കഴിഞ്ഞ് രാത്രി വീട്ടിലെത്തും. അത്താഴം കഴിച്ചശേഷം പപ്പ വായനമുറിയിലേക്ക് പോകും. രാത്രി വളരെ വൈകി അതായത് പുലര്‍ച്ചയോടടുത്ത് വരെ വായിക്കും.
മിക്ക വാരാന്ത്യങ്ങളിലും അടുത്ത സുഹൃത്തുക്കള്‍ വീട്ടില്‍ വരും. പിന്നെ സാഹിത്യവും കലയും രാഷ്ട്രീയവുമെല്ലാം ചര്‍ച്ചയാവും. നീണ്ട ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും വീട് സാക്ഷ്യം വഹിക്കും. അമ്മ അവര്‍ക്കായി സ്വാദിഷ്ഠമായ ഭക്ഷണം തയാറാക്കുന്ന തിരക്കിലാവും. ആഴത്തിലുള്ള വായനക്കാരനായിരുന്നു പപ്പയെന്ന് അനിത ഓര്‍ക്കുന്നു. ചിലര്‍ വീട്ടില്‍ തങ്ങാറുമുണ്ട്. പപ്പയുടെ കൈയെഴുത്ത് പ്രതികളൊന്നും ഞാനോ അനുജത്തി അനുരാധയോ വായിച്ചിട്ടില്ല. ഞങ്ങളുടെ ലോകത്തുനിന്ന് വളരെ അകലെയായിരുന്നു പപ്പയുടെ എഴുത്തുലോകം. എഴുത്തുകാരന് എന്ന നിലക്കുള്ള പപ്പയുടെ സ്ഥാനവും പ്രശസ്തിയും ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. അതിന്റെ പ്രാധാന്യം മനസ്സിലാക്കിയിരുന്നുമില്ല. സ്കൂളില്‍ മറ്റു കുട്ടികള്‍ ചോദിക്കുമ്പോഴാണ് പപ്പയുടെ സമൂഹത്തിലുള്ള സ്ഥാനത്തെപ്പറ്റി ബോധ്യം വന്നിരുന്നത്.
സ്കൂള്‍ വിട്ടാല്‍ ഞങ്ങള്‍ അച്ഛന്റെ ഓഫിസിലേക്ക് പോവും. പപ്പയുടെ ജോലി തീരുന്നതുവരെ കാറില്‍ കാത്തിരിക്കും. ഓഫിസിനകത്തേക്ക് കയറരുതെന്ന് പ്രത്യേകം നിഷ്കര്‍ഷിക്കും. പുറത്ത് കാറില്‍ ഇരിക്കാനാണ് നിര്‍ദേശിക്കുക. ഇക്കാര്യം ഓഫിസിലെ സെക്യൂരിറ്റിക്കാരോട് പപ്പ പറഞ്ഞിട്ടുണ്ടാവും. ഞങ്ങള്‍, പപ്പ വരുന്നതുവരെ അമ്മ തന്നയച്ച പലഹാരങ്ങള്‍ കഴിച്ചും സ്കൂളില്‍നിന്നുള്ള ഹോംവര്‍ക്ക് നോക്കിയും സമയം പോക്കും. പപ്പയോടൊപ്പമാണ് രാവിലെ സ്കൂളിലേക്ക് പോവുക. കൃത്യസമയത്ത് ഞങ്ങള്‍ തയാറായിട്ടില്ലെങ്കില്‍ പപ്പ വണ്ടിയോടിച്ചുപോകും. കാത്തുനില്‍ക്കില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ വാസു മാമനാണ് (എം.ടി. വാസുദേവന്‍നായര്‍) ഞങ്ങളുടെ രക്ഷക്ക് എത്തിയിരുന്നത്. ഏറ്റവും ലളിതമായ ജീവിതമായിരുന്നു പപ്പയുടേത്. സാഹിത്യത്തിന്റെ ലോകത്ത് ഒരുതരത്തില്‍ ഏകാന്തമായി അദ്ദേഹം ജീവിച്ചു.
അനിത കോഴിക്കോട്ടെ പഠനശേഷം തിരുവനന്തപുരത്താണ് പഠനം തുടര്‍ന്നത്. ഇംഗ്ലീഷ് സാഹിത്യമാണ് പഠിച്ചത്. ഡോ. വേണു വേലായുധനാണ് ഭര്‍ത്താവ്. രണ്ടു മക്കള്‍. ഇപ്പോള്‍ തിരുവനന്തപുരത്താണ് താമസം. മക്കള്‍ ഇംഗ്ലണ്ടിലാണ്. അനിതയുടെ അനുജത്തി അനുരാധ ഇംഗ്ലണ്ടിലാണ്. ഡോക്ടറാണ്. ഭര്‍ത്താവ്: ആനന്ദ് ഗൗരീശങ്കര്‍. അവര്‍ക്കും രണ്ടു മക്കളാണ്. ജീവിതത്തിലും സാഹിത്യപരിശ്രമങ്ങളിലും പട്ടത്തുവിളയുടെ നിഴലായി ഉണ്ടായിരുന്ന ഭാര്യ സാറ 2008 ജൂലൈ 27നാണ് അന്തരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് റോഡിലെ പട്ടത്തുവിള എന്ന വീട്ടില്‍ താമസിക്കുന്ന കാലത്തായിരുന്നു മരണം.