വിറ ശമനം

മലയാളത്തിന്റെ ശ്രദ്ധേയ കഥാകൃത്തും നോവലിസ്റ്റുമായ ഇ.പി. ശ്രീകുമാർ തന്‍റെ കഥകളിലേക്ക് പിൻനടക്കുകയാണ്. കഥ വന്ന വഴികൾ, കഥാപാത്രങ്ങൾ ഉരുവമെടുത്ത സാഹചര്യങ്ങൾ, പിന്നീടുള്ള കഥാമനുഷ്യരുടെ ജീവിതം എന്നിവ എഴുതുന്നു. 2012 ഡിസംബറിലാണ് ‘വിറ’ എന്ന കഥ മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുന്നത്. പിന്നീടത് ‘കറൻസി’ എന്ന കഥാസമാഹാരത്തിൽപെടുത്തി പുസ്തകമായി. ആ കഥക്കൊടുവിൽ, കഥ വന്ന വഴിയെക്കുറിച്ച് കഥാകൃത്തിന്‍റെ ഒരു കുറിപ്പുണ്ട്. അതിങ്ങനെയാണ്: ‘‘ഇതൊരു സമർപ്പണമാണ്. എന്‍റെ സഹപ്രവർത്തകക്കായുള്ള പ്രാർഥന; ഒപ്പം വിശ്വമാകെയുള്ള പാർക്കിൻസൻസ് രോഗികൾക്കും. ലക്ഷണം കാട്ടാതെ മെല്ലെ കടന്നുവന്ന്...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
മലയാളത്തിന്റെ ശ്രദ്ധേയ കഥാകൃത്തും നോവലിസ്റ്റുമായ ഇ.പി. ശ്രീകുമാർ തന്‍റെ കഥകളിലേക്ക് പിൻനടക്കുകയാണ്. കഥ വന്ന വഴികൾ, കഥാപാത്രങ്ങൾ ഉരുവമെടുത്ത സാഹചര്യങ്ങൾ, പിന്നീടുള്ള കഥാമനുഷ്യരുടെ ജീവിതം എന്നിവ എഴുതുന്നു.
2012 ഡിസംബറിലാണ് ‘വിറ’ എന്ന കഥ മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുന്നത്. പിന്നീടത് ‘കറൻസി’ എന്ന കഥാസമാഹാരത്തിൽപെടുത്തി പുസ്തകമായി. ആ കഥക്കൊടുവിൽ, കഥ വന്ന വഴിയെക്കുറിച്ച് കഥാകൃത്തിന്‍റെ ഒരു കുറിപ്പുണ്ട്. അതിങ്ങനെയാണ്: ‘‘ഇതൊരു സമർപ്പണമാണ്. എന്‍റെ സഹപ്രവർത്തകക്കായുള്ള പ്രാർഥന; ഒപ്പം വിശ്വമാകെയുള്ള പാർക്കിൻസൻസ് രോഗികൾക്കും.
ലക്ഷണം കാട്ടാതെ മെല്ലെ കടന്നുവന്ന് ആരവമില്ലാതെ അവയവങ്ങളെ ഒന്നൊന്നായി ആക്രമിച്ചു കീഴടക്കുകയും, വിറപ്പിച്ചും പീഡിപ്പിച്ചും ചലനരഹിതമാക്കിയും നിശ്ശബ്ദമായി ജീവൻ കവർന്നെടുക്കുകയും ചെയ്യുന്ന പാർക്കിൻസൻസിനെ പൊതുശ്രദ്ധയിലേക്കു കൊണ്ടുവരാനുള്ള ആഗ്രഹമാണീ കഥ. നിരുപദ്രവകാരിയെന്ന ധാരണ നൽകിക്കൊണ്ട് ഈ രോഗം ലക്ഷക്കണക്കിനു രോഗികളെ മാരകമായി പീഡിപ്പിക്കുന്നുണ്ട്. എന്‍റെ സഹപ്രവർത്തക ഈ കഥ കാണരുതെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ചെറുപ്പത്തിലേ പാർക്കിൻസൻസ് ബാധിച്ച അവരിലൂടെയാണ് ഞാൻ ഈ രോഗത്തിന്‍റെ മൂർച്ചയുള്ള ഘട്ടങ്ങൾ കണ്ടറിഞ്ഞത്.
അവരുടെ ഉടലിൽ രോഗം പടർന്നു കയറുന്നതു കണ്ടാണ് ഞാൻ ഈ രോഗത്തിന്‍റെ തീക്ഷ്ണമായ അവസ്ഥയെ മനസ്സിലാക്കിയത്. ഇനിയുമെത്ര നാൾ അവൾ എന്‍റെ സഹപ്രവർത്തകയായി തുടരുമെന്ന് നിശ്ചയമില്ല. ഏതു നിമിഷവും അവൾ ജോലി ഉപേക്ഷിച്ച് വീടിനുള്ളിൽ എെന്നന്നേക്കുമായി ഒതുങ്ങിപ്പോയേക്കാം. വരാനിരിക്കുന്ന ഭീകര നാളുകളിലെ ജീവിതത്തെക്കുറിച്ചുള്ള തന്‍റെ ഉത്കണ്ഠകൾ പങ്കുവെക്കാനാവാത്തവിധം അവളുടെ പ്രതികരണശേഷി മരവിച്ചുപോയിരിക്കുന്നു. അവളുടെ വിരലുകൾക്ക് കമ്പ്യൂട്ടറിൽ ഉദ്ദേശിക്കപ്പെട്ട ഇടങ്ങളിൽ എത്തിച്ചേരാനാവുന്നില്ല. ഓഫിസിൽ ഇടപാടുകാരുടെ ചോദ്യങ്ങൾക്കു മുന്നിൽ വാക്കുകൾ കിട്ടാതെ അവൾ മൗനിയാകുന്നു. നിലത്തുറപ്പിക്കാനാവാത്ത പാദങ്ങളിൽ അവൾ വീഴ്ചയെ ഭയന്ന് ചലിക്കുന്നു. കടുത്ത വിഷാദരോഗം അവളെ കാർന്നുതിന്നുന്നു. ശമനസാധ്യത വിദൂരമെന്ന് അറിഞ്ഞുകൊണ്ടു തന്നെ, ഞാൻ മനസ്സു പൊള്ളി എഴുതിയ ഈ കഥകൊണ്ട് രോഗശാന്തി ആശംസിക്കട്ടെ, എന്‍റെ സഹപ്രവർത്തകക്കും അനേകായിരം സമാന രോഗികൾക്കും.’’
കഥയിലെ ശ്രാവണി ഒരു നർത്തകിയായിരുന്നു. ഡോ. ശ്യാം കുമാറിന്‍റെ ഭാര്യയായിരുന്നു. ആ കഥാപാത്രത്തിലൂടെയാണ് പാർക്കിൻസൻസ് രോഗത്തിന്‍റെ ഭീകരതയിലേക്ക് ഞാൻ വായനക്കാരുടെ ശ്രദ്ധയെ ക്ഷണിച്ചത്. ഈ കഥ എഴുതണമെന്ന് നിശ്ചയിച്ചത് എറണാകുളം ടൗൺഹാളിൽ പാർക്കിൻസൻസ് സൊസൈറ്റി സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്തപ്പോഴാണ്. എന്‍റെ സഹപ്രവർത്തകയുടെ അതിഥിയായിട്ടായിരുന്നു ഞാനാ സംഘത്തിൽ എത്തിച്ചേർന്നത്. വിറക്കുന്ന ഉടലുകളുടെ സംഗമമായിരുന്നു അവിടെ. വിവിധ പ്രദേശങ്ങളിൽനിന്നും ദേഹചലനങ്ങൾ പരിമിതപ്പെട്ടുപോയ അനേകം പേർ വീൽചെയറിലിരുന്നും കൂട്ടാളികളുടെ കൈകളിൽ തൂങ്ങിയും അല്ലാതെയും വന്നുകൊണ്ടിരുന്ന കാഴ്ച മനസ്സിനെ വ്യാകുലമാക്കി, ഉള്ളിൽ വിഷാദം നിറച്ചു. വിറശരീരങ്ങളുടെ ഒരു കുലമായിരുന്നു അവരുടേത്.
വിറ അവരെ തമ്മിൽ അടുപ്പിക്കുകയും ബന്ധിപ്പിക്കുകയും ചെയ്യുന്നത് ഞാൻ കണ്ടു. വിറച്ചുകൊണ്ടുള്ള ആശയവിനിമയത്തിലൂടെ അവർ പരിചയം പുതുക്കുന്നതിനും ഞാൻ ദൃക്സാക്ഷിയായി. പരസ്പരം രോഗപീഡകൾ പറഞ്ഞായിരുന്നു അവർ സൗഹൃദം ഉറപ്പിച്ചിരുന്നത്. മുൻ വർഷം വേച്ചു വേച്ചെങ്കിലും നടന്നാണു വന്നത് എന്ന് അഭിമാനിച്ചിരുന്നവർ അന്നവിടെ വീൽച്ചെയറിലിരുന്നാണ് വന്നത്. ഏറെ വർത്തമാനം പറഞ്ഞിരുന്നവർ നാവിലേക്ക് വിറ പടർന്നതിനാൽ സംസാരിക്കാൻ പ്രയാസപ്പെട്ടു കണ്ടു. കാൽമുട്ട് വളയാതായവർ, ഉറച്ചുപോയ കാലുകളിൽ എഴുന്നേൽക്കാൻ പറ്റാതായവർ... കടന്നുവന്നുകൊണ്ടിരുന്ന പലരെയും കണ്ടപ്പോൾ എന്‍റെ സഹപ്രവർത്തകയുടെ മുഖത്ത് പരിചയഭാവം മിന്നുന്നുണ്ടായിരുന്നു. എന്നാൽ, അത് പെട്ടെന്നുതന്നെ ഭീതിയായി മാറി. എപ്പോഴോ, ടൗൺഹാൾ നിറഞ്ഞുകവിഞ്ഞ രോഗികളുടെയും അവരുടെ ബന്ധുക്കളുടെയും കൂട്ടം നിശ്ശബ്ദമായി. വേദിയിൽ സെക്രട്ടറി അനുശോചന പ്രമേയം അവതരിപ്പിക്കുകയായിരുന്നു. മുൻ വാർഷിക സമ്മേളനത്തിനുശേഷം മരണപ്പെട്ട അംഗങ്ങളുടെ പേരുകൾ വായിക്കുന്നത് എല്ലാവരും ഉത്കണ്ഠയോടെ ശ്രദ്ധിക്കുന്നത് ഞാൻ കണ്ടു. നീണ്ട ലിസ്റ്റ് വായിച്ചു തീർന്നതോടെ ഹാളിൽ മ്ലാനത പരന്നു. ഔഷധം കണ്ടെത്തിയിട്ടില്ലാത്ത വ്യാധി ചെന്നെത്തി നിൽക്കാറുള്ള അനിവാര്യതയെ ഭയപ്പാടോടെ വിഭാവനം ചെയ്യുകയാവും എന്‍റെ സ്നേഹിത ഉൾെപ്പടെയുള്ള രോഗികൾ.
ശ്രാവണിയെപ്പോലെ ഒരു നർത്തകി ആയിരുന്നില്ല എന്‍റെ സ്നേഹിത. നടനത്തിന് ഏറ്റവും വെല്ലുവിളിയാകുന്നതാണ് പാർക്കിൻസൻസ് രോഗം. വളയാത്ത കാൽമുട്ടുകൾ, ഉറച്ചുപോയ കാലുകൾ, മുഖത്ത് നിർജീവ ഭാവം. എല്ലാം നൃത്തത്തിന് തടസ്സം തീർക്കും. കഥയുടെ മുറുക്കത്തിന് കഥാകൃത്ത് കൂട്ടിച്ചേർത്തതാണ് അത്. പാർക്കിൻസൻസ് സൊസൈറ്റിയിൽ ശ്രാവണിയുടെ കൂട്ടുകാരനായിത്തീർന്ന ചിത്രകാരൻ നാസറും വിറയെ പ്രതിരോധിക്കുന്നവനാണ്. വിറക്കുന്ന കൈകൾ വെച്ചാണ് അയാൾ ശ്രാവണിയുടെ നിരവധി ചിത്രങ്ങൾ വരച്ചുതീർത്തത്.
ജോലിസംബന്ധമായി ഡൽഹിയിലേക്ക് മകളെയും കൂട്ടി പോകുന്നതിനു മുമ്പേ ഡോ. ശ്യാംകുമാർ സമർഥമായി വിവാഹമോചനം തരപ്പെടുത്തിയിരുന്നു. പിരിയുന്നതിനു തലേന്ന് ഭാര്യാഭർത്താക്കന്മാർ ഉല്ലാസയാത്ര നടത്തിയതും, നക്ഷത്രഹോട്ടലിലെ ഭക്ഷണം ഭാര്യയുടെ വായിൽ വെച്ചുകൊടുത്ത് ശ്യാംകുമാർ വിറ കൈകളെ ആശ്വസിപ്പിച്ചതും, അവസാന രാത്രിയിൽ പരസ്പരം പുണർന്നു കിടന്നപ്പോൾ ശ്രാവണിയുടെ ശരീരം അസാധാരണമായി വിറ തുള്ളിയതും എഴുതിക്കഴിഞ്ഞപ്പോൾ അത് വേണ്ടിയിരുന്നില്ല എന്ന തോന്നലുണ്ടായി എനിക്ക്. തൂക്കിക്കൊലക്കു മുമ്പ് തടവറയിലുള്ള കുറ്റവാളിക്കായി ഒരുക്കുന്ന ഇഷ്ടഭക്ഷണ സമൃദ്ധിയെ ഓർമിപ്പിച്ചുകൊണ്ട് അത് ഒരു കരടായി മനസ്സിൽ തങ്ങിനിന്നു.
എന്നാൽ, എഴുതിയത് വെട്ടിമാറ്റാൻ കൈ ചലിച്ചുമില്ല. അതേ അവസ്ഥയായിരുന്നു, മറ്റാരും സഹായിക്കാൻ ഇല്ലാത്ത ശ്രാവണിയുടെ വിറ ശരീരത്തിൽ പിതാവ് സാരി ഉടുപ്പിച്ചതും, ‘‘എന്‍റെ ക്രൂരമായ ഒരാശ ഞാൻ പറയട്ടെ മോളേ... ഒരച്ഛന് പറയാൻ പാടില്ലാത്തതാണ്, എനിക്കു മുമ്പേ നീ മരിക്കണം’’ എന്ന് പറഞ്ഞതും, എഴുതിവെച്ച ശേഷവും ഉണ്ടായത്. എഴുതിക്കഴിയുമ്പോൾ ചിലത് ഒഴിവാക്കാൻ മനസ്സു പറയുകയും എന്നാൽ അവ നീക്കംചെയ്യാൻ വിരലുകൾ തയാറാവാതെ വരുകയും ചെയ്യുന്ന പതിവുണ്ടെനിക്ക്. അതേസമയം, രണ്ട് പാർക്കിൻസൻസ് രോഗികളുടെ സഹവർത്തിത്വവും സഹജീവിതവും പരസ്പര ആശ്രയത്വവും പ്രണയവും ഈ കഥയിൽ എഴുതിത്തീർന്നില്ല എന്ന് എനിക്കു തോന്നി. ആ പോരായ്മ തീർക്കാൻ ശ്രാവണിയുടെയും നാസറിന്‍റെയും പ്രണയം മറ്റൊരു കഥയായി എഴുതാനാശിച്ചു ഞാൻ.
രോഗം അതിന്‍റെ വളർച്ചാ ഘട്ടങ്ങൾ പിന്നിട്ടതോടെ എന്‍റെ സഹപ്രവർത്തകയുടെ ശരീരത്തിലെ പേശീചാലക നാഡികൾ ചലിക്കാനാവാതെ ഉറക്കുകയും വിരലുകൾ മുതൽ ഉടലാകെ വിറകൊള്ളുന്ന തലത്തിലെത്തുകയും ചെയ്തു. ഒപ്പം അവൾ ചിത്തവിഭ്രാന്തിയിൽ അകപ്പെട്ടു. ഇല്ലാത്തവ ഉള്ളതായി അനുഭവിക്കുന്ന മതിവിഭ്രമത്തിൽ, ഓഫിസ് മുതലുകൾ മോഷ്ടാക്കൾ കവർന്നു കൊണ്ടുപോകുന്നതായും മറ്റുമുള്ള തോന്നലുകളിൽപെട്ട് അവൾ അസ്വാഭാവിക മനോനിലയിൽ എത്തിച്ചേർന്നു. കുടുംബക്കാർ പരിഭ്രാന്തരായി. അവൾ ജോലിക്കു പോകാനാവാത്ത അവസ്ഥയിലായി. നീണ്ട മെഡിക്കൽ ലീവ്. കൂടെ നിന്ന് പരിചരിക്കാൻ ഭർത്താവിനേ കഴിയൂ. അദ്ദേഹവും അവധിയിലായി. കുടുംബത്തിന്‍റെ വരുമാനം നിലച്ചു. മരുന്നില്ലാത്ത രോഗമാണെങ്കിലും, പ്രതീക്ഷ വിദൂരമാണെങ്കിലും ചികിത്സ നിർത്തിവെക്കാനാവില്ലല്ലോ. അതിനു പണം വേണം. പരിതാപകരമായ അവസ്ഥയിലേക്ക് ആ കുടുംബം നിലംപതിക്കുകയായിരുന്നു.
അവളുടെ ഭാവി എന്താവാം എന്നതിൽ കുടുംബക്കാർക്കും ഞങ്ങൾ സഹപ്രവർത്തകർക്കും ഉണ്ടായ ആശങ്ക, സമാന രോഗികളുടെ അനുഭവംവെച്ചായിരുന്നു. എന്നാൽ, രോഗത്തിന്‍റെ ആ അനിവാര്യതയിലേക്ക് ശ്രാവണിയെ എത്തിക്കാൻ എന്‍റെ മനസ്സ് വഴങ്ങിയില്ല. ആ ഭീതി നിലനിൽക്കെത്തന്നെ ഞാൻ വിറയിൽ എഴുതി –‘‘പാർക്കിൻസൻസ് രോഗത്തിന് ഒരു ശമന ഔഷധം എവിടെയോ ഒളിഞ്ഞിരിപ്പുണ്ട്. ഏതു രോഗത്തിനും ഒരു പരിഹാര ഔഷധിയുണ്ടാകും. അതു കണ്ടെത്തുകയാണാവശ്യം. കണ്ടുപിടിത്തം എന്നാണുണ്ടാവുക എന്നത് രോഗിയുടെ ഉത്കണ്ഠ. നിശ്ചയം കാലത്തിന്റേതാണ്, കൈവിടണോ അതോ ഏറ്റെടുക്കണോ?’’ –ഇതെഴുതിയത് പതിമൂന്നുവർഷം മുമ്പാണ്.
മനഃപൂർവം എഴുതിവെച്ച ആ പ്രത്യാശയുടെ വാക്കുകൾ എന്‍റെ ആശയും പ്രാർഥനയുമായിരുന്നു. അതോടു ചേർത്താണ് ഞാൻ കഥാന്ത്യത്തിൽ എല്ലാം മറന്ന് നൃത്തമാടുന്ന ശ്രാവണിയെയും കൂടെ ചേർന്നാടുന്ന രോഗികളെയും അവതരിപ്പിച്ചത്. പ്രതീക്ഷയുടെ, ആത്മവിശ്വാസത്തിന്‍റെ, ഉത്തേജനത്തിന്‍റെ, ശമനത്തിന്‍റെ ഒരു കച്ചിത്തുരുമ്പിനായി ഞാൻ അന്വേഷണത്തിൽ മുഴുകി.
ഒടുവിൽ ഗൂഗിളിൽനിന്നാണ് നടനം പാർക്കിൻസൻസിന് സാന്ത്വനമാകുന്നതിന്‍റെ ആശ്ചര്യം അറിയാനിടയായത്, നൃത്തം രോഗത്തിനു ശാന്തി നൽകുമെന്ന പുതിയ കണ്ടുപിടിത്തത്തിന്‍റെ ആശ്വാസത്തിലാണ്. കഥ ഇപ്രകാരമാണ് ഞാനവസാനിപ്പിച്ചത് –‘‘പാർക്കിൻസൻസ് നൃത്ത ക്ലാസിലെ പഠിതാക്കൾ ഒന്നാകെ നൃത്തഭാഗമായി. തുടർന്ന് സദസ്സിലിരുന്ന രോഗികൾ കൂടി നൃത്തസംഘത്തിൽ ലയിച്ചപ്പോൾ അതൊരു ആവേശക്കാഴ്ചയായി. ക്രമേണ സദസ്യരും ഒപ്പം ചേർന്നു. അതൊരു ജനക്കൂട്ടത്തിന്‍റെ ഉന്മാദ നടനമായി. നൃത്തം അറിയാത്തവർ കൂടി നൃതിതാളത്തെ സ്വീകരിച്ചു. പ്രാണസ്പന്ദനത്തിന്റെ താളം അവരുടെ ഉടലുകൾക്കുള്ളിലേക്കു കടന്നുകയറി. അതോടെ, അവർ ഒന്നായി താളക്രമത്തിൽ ചുവടുകൾ വെച്ചു. അത് കൃത്യമായ പാർക്കിൻസൻസ് താളമായി. ആ രോഗശരീരത്തിനു നിയതമായ ജീവതാളം. അപ്പോൾ അവരുടെ കൈകാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നില്ല.’’
‘വിറ’ സിനിമയാക്കാൻ ഉത്സാഹത്തോടെ വന്നവരുണ്ട്. അതിനായി ബന്ധപ്പെട്ടവരിൽ തിരക്കഥാകൃത്തുക്കളും സംവിധായകരുമുണ്ട്. പക്ഷേ അവരെ മുഷിപ്പിക്കാതെ തന്നെ ഞാനതിൽ നിഷ്ക്രിയ സമീപനമെടുത്തു. സഹപ്രവർത്തകയുടെ തീവ്ര രോഗത്തിന്‍റെ ദയനീയ അവസ്ഥ എഴുതിയത് കച്ചവടം ചെയ്യുവാൻ പാടില്ലെന്ന് മനസ്സു പറഞ്ഞു.
‘വിറ’ പ്രസിദ്ധീകൃതമായതിനു ശേഷം മാധ്യമം ആഴ്ചപ്പതിപ്പിന്‍റെ 775ാം ലക്കത്തിൽ ‘മനഃസാക്ഷിയെ പൊള്ളിച്ച കഥ’ എന്ന വിശേഷണത്തോടെ റസാഖ് പള്ളിക്കര, പയ്യോളി എന്ന വായനക്കാരൻ എഴുതിയിരുന്നു– ‘‘ഇക്കഴിഞ്ഞ ദിവസം കോഴിക്കോട് ഫെയർ (ശാരീരിക–മാനസിക വൈകല്യം ബാധിച്ചവരുടെ സംഘടന) സംഘടിപ്പിച്ച യോഗത്തിൽ അതിന്‍റെ പ്രസിഡന്റ് തന്നെ സ്വന്തം അനുഭവങ്ങൾ വിവരിച്ചപ്പോൾ ‘വിറ’യിലെ കഥാപാത്രം പുനർജനിക്കുന്നതായി തോന്നി. ‘ബുദ്ധിമാന്ദ്യത്തിനടിമയായ ഇരുപത്തിമൂന്നു വയസ്സായ ഏക മകൾ. ഞങ്ങളുടെ കാലശേഷം ഈ പെൺകുട്ടിയെ ആരാണ് സംരക്ഷിക്കുക? ഞങ്ങൾക്ക് പ്രായമായി. കണ്ണടയ്ക്കുന്നതിനു മുമ്പേ സ്വന്തം മകളെ വിഷം നൽകി’...’’ ‘വിറ’യിലെ അച്ഛന്‍റെ അതേ വാക്കുകൾ സദസ്സിനെ മൊത്തത്തിൽ കരയിപ്പിക്കുന്നതായിരുന്നു.
ഈയിടെ, ദീർഘകാലത്തിനുശേഷം അപ്രതീക്ഷിതമായി ഞാൻ അവളെ കണ്ടു, പാർക്കിൻസൻസ് രോഗബാധിതയായ എന്‍റെ സഹപ്രവർത്തകയെ. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവൾ പരസഹായമില്ലാതെ രണ്ടു നിലകൾ കോണി കയറി ഓഫിസിലേക്ക് പോവുകയായിരുന്നു! അവളുടെ ശരീരം വിറക്കുന്നുണ്ടായിരുന്നില്ല! അവളുടെ ചലനങ്ങൾക്ക് അസ്വാഭാവികത ഉണ്ടായിരുന്നില്ല. തികച്ചും രോഗം ആക്രമിക്കുന്നതിനു മുമ്പുള്ള അവസ്ഥയിലേക്കു മടങ്ങിപ്പോയിരിക്കുന്നു അവൾ. പ്രസരിപ്പോടെ, അനായാസം നടന്നുപോകുന്ന അവളെ നോക്കി അത്യാശ്ചര്യത്തോടെ, ഒരു സ്വപ്നം കാണുന്ന കണക്കെ ഞാൻ നിന്നു. പിന്നീട് അവളോട് ദീർഘമായി സംസാരിച്ചപ്പോഴാണ് വൈദ്യശാസ്ത്രത്തിന്റെ ഏറ്റവും പുതിയ ചികിത്സാമാർഗത്തിലൂടെ രോഗത്തെ പിടിച്ചുകെട്ടാനായതിനെക്കുറിച്ച് അറിഞ്ഞത്.
അവിചാരിതമായി സോഷ്യൽ മീഡിയയിൽ കണ്ട വിവരം കൂട്ടുകാരിയും സഹപ്രവർത്തകയുമായ സൗദാമിനി അറിയിച്ചതിൽനിന്നായിരുന്നു അവളുടെ അന്വേഷണം. പാർക്കിൻസൻസ് രോഗത്തിന് ചികിത്സിക്കുന്ന ഒരു ന്യൂറോളജിസ്റ്റിന്‍റെ വിവരം കിട്ടി. അദ്ദേഹത്തെ കണ്ട് രോഗവിവരങ്ങൾ വിശദീകരിച്ചു. അദ്ദേഹം നിർദേശിച്ചത് ശസ്ത്രക്രിയയായിരുന്നു. അതിന് പത്തുലക്ഷം രൂപ ചെലവുവരും. ചെന്നൈയിൽനിന്ന് എത്തുന്ന വിദഗ്ധരായ സർജന്മാരുടെ സംഘമായിരിക്കും ശസ്ത്രക്രിയ ചെയ്യുക. ഡോക്ടറുടെ നിർദേശത്തിൽ തീരുമാനമെടുക്കാൻ അവളും കുടുംബവും ഒരു വർഷമെടുത്തു. അതിനിടയിൽ ഡോക്ടറുടെ ക്ലിനിക്കിൽ സമാന ശസ്ത്രക്രിയ ചെയ്ത രോഗികളുടെ അവസ്ഥകൾ അറിയാൻ ശ്രമിച്ചു. രോഗശമനമുണ്ടായവരെ കണ്ടെത്താനായി എങ്കിലും പലർക്കും ശസ്ത്രക്രിയക്കു ശേഷം മറ്റ് വിഷമതകൾ ഉടലെടുത്തിരുന്നു. ശസ്ത്രക്രിയാനന്തര ഫലങ്ങൾ എങ്ങനെയാവും ശരീരത്തിൽ പ്രതിഫലിക്കുക എന്ന് പ്രവചിക്കാനാവില്ലെത്ര!
വെളുക്കാൻ തേച്ചത് പാണ്ടായി എന്നു പറയുംപോലെ ശരീരത്തിൽ പുതിയ പ്രശ്നങ്ങൾ അലട്ടിയവരുണ്ടായിരുന്നു. അത് ഭാഗ്യ നിർഭാഗ്യങ്ങളുടെ ഒരു ചീട്ടുകളിയായിരുന്നു. ശസ്ത്രക്രിയക്കു ശേഷമുള്ള അവസ്ഥ തന്നെ തുണക്കും എന്ന ഉറച്ച വിശ്വാസത്തിൽ സാഹസികമായ ഒരു തീരുമാനമെടുക്കുവാൻ എന്‍റെ സഹപ്രവർത്തകയും കുടുംബവും തയാറായി. കാരണം, രോഗത്തിന്‍റെ തീക്ഷ്ണത കൂടിവരുന്ന സാഹചര്യത്തിൽ ഭാവി അനിശ്ചിതവും ഇരുളടഞ്ഞതുമായിത്തീരുമെന്ന ഭീതിയിൽ അവർക്ക് ഒരു റിസ്ക് എടുക്കുക മാത്രമേ ഗതിയുണ്ടായിരുന്നുള്ളൂ.
പണം സ്വരൂപിക്കലായിരുന്നു അടുത്ത കടമ്പ. അൽപ സമ്പാദ്യങ്ങളും കടങ്ങളും കൈവായ്പകളും മുതലുകളുടെ വിൽപനയും എല്ലാം ചേർത്ത് 10 ലക്ഷം ഒപ്പിച്ചെടുത്തു. ബന്ധപ്പെട്ട ചെലവുകൾ വേറെയുമുണ്ടായിരുന്നു. ഒടുവിൽ ശസ്ത്രക്രിയ നടന്നു. തലമുടി വടിച്ചു മാറ്റിയശേഷമായിരുന്നു കീഹോൾ സർജറി. മുൻ കഴുത്തിനും തോളിനും മധ്യേ ഉൾഭാഗത്ത് കമ്പ്യൂട്ടർ േപ്രാഗ്രാം ചെയ്ത ചെറുയന്ത്രം ഘടിപ്പിച്ചു. മസ്തിഷ്കത്തെ യന്ത്രവുമായി തന്തുക്കൾ മുഖേന യോജിപ്പിച്ചു. ശസ്ത്രക്രിയ വിജയിച്ചു. ഒരു മാസം സമ്പൂർണമായ വിശ്രമം. യന്ത്രത്തെ ശരീരം സ്വീകരിക്കാൻ തയാറായാലേ ഫലസിദ്ധിയുണ്ടാവൂ.
ഭാഗ്യത്തിന് എന്‍റെ സഹപ്രവർത്തകയെ പാർശ്വഫലങ്ങൾ ഒന്നും അലട്ടിയില്ല. യന്ത്രത്തിലെ ബാറ്ററിയുടെ കാലാവധി അഞ്ചു വർഷമാണ്. അതിനുള്ളിൽ ബാറ്ററി റീചാർജ് ചെയ്യണം. വർഷംതോറും യന്ത്രസംവിധാനം അവലോകനംചെയ്യുവാൻ കമ്പനിക്കാർ വരും. ദേഹത്ത് അവരുടെ ഉപകരണം വെച്ച് യന്ത്രം പരിശോധിക്കും. റീഡിങ്ങിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും. അങ്ങനെ ആധുനിക ചികിത്സാ സംവിധാനത്തിന്‍റെ യന്ത്രക്കരുത്തിൽ പഴയ ജീവിതം തിരിച്ചുപിടിച്ചു, എന്‍റെ സഹപ്രവർത്തക. എത്രമാത്രം സന്തോഷമാണ് എന്‍റെ മനസ്സിനെ പൊതിഞ്ഞത് എന്ന് വിവരിക്കാനാവില്ല. എെന്നന്നേക്കുമായി നഷ്ടപ്പെട്ടുപോയി എന്ന് എല്ലാവരും കരുതിയ അവളുടെ ജീവിതം തിരിച്ചുകിട്ടുകയാണ്. പ്രത്യാശയും പ്രതീക്ഷയുമായി വർഷങ്ങൾക്കു മുമ്പേതന്നെ കഥയുടെ പരിസമാപ്തി രൂപപ്പെടുത്തിയതിൽ ഞാൻ അഭിമാനിച്ചു. ഒപ്പം രോഗത്തിന്‍റെ ശമനൗഷധം എവിടെയോ ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന് പ്രവചിച്ചതിലും. ശാസ്ത്രത്തെയും ഉടലിന്‍റെ സത്യത്തെയും വിശ്വസിച്ചതിനും സ്വയം മതിപ്പു തോന്നി.

ഈ ഘട്ടത്തിലാണ് യുവ ഗവേഷകനും കൊച്ചി സർവകലാശാല സെന്റർ ഫോർ ന്യൂറോ സയൻസസ് ഡയറക്ടറുമായ ഡോ. ബേബി ചക്രപാണിയുമായി ഞാൻ സൗഹൃദത്തിലാവുന്നത്. അദ്ദേഹത്തിനും ഗവേഷക പ്രഭ പ്രകാശിനും പാർക്കിൻസൻസ് ചികിത്സാസംവിധാനം ഫലപ്രദമായി വികസിപ്പിച്ചതിന് പേറ്റന്റ് ലഭിക്കുന്നതും ആ സന്ദർഭത്തിൽതന്നെ. രോഗിയുടെ തന്നെ രക്തകോശങ്ങളെ ഡൊപാമിനെർജിക് ന്യൂറോണുകളായി വേർതിരിക്കുന്ന സാങ്കേതികവിദ്യയും വളർച്ചാമാധ്യമവുമാണ് വികസിപ്പിച്ചെടുത്തത്. രക്തത്തിലെ കോശസഞ്ചയങ്ങളിലൊന്നായ പെരിഫറൽ ബ്ലഡ് മോണോ ന്യൂക്ലിയർ കോശങ്ങളിൽ തൊണ്ണൂറു ശതമാനവും ഡൊപാമിനെർജിക് ന്യൂറോണുകളാക്കി മാറ്റാൻ സാധിക്കുന്ന സംവിധാനമാണ് വികസിപ്പിച്ചത്. ഇവ രോഗിയുടെ നഷ്ടപ്പെട്ട ഡൊപാമിനെർജിക് കോശങ്ങൾക്ക് പകരമാവുകയും രോഗി പാർക്കിൻസൻസ് മുക്തനാവുകയുംചെയ്യും. അനേകം രോഗികൾക്ക് സഹായകരമാവും ഈ കണ്ടുപിടിത്തമെന്ന് നമുക്ക് പ്രത്യാശിക്കാം.
ഇനി ആലോചിക്കാം, വിറയുടെ രണ്ടാം ഭാഗം എഴുതുന്നതിനെക്കുറിച്ച്. അപൂർണമായും സന്ദിഗ്ധമായും നിലകൊള്ളുന്ന തന്‍റെ കഥയെ സമ്പൂർണമാക്കുക എന്നത് എഴുത്തുകാരന്‍റെ കടമയാണല്ലോ. പാർക്കിൻസൻസ് രോഗശാന്തിയുടെ പുതിയ മന്ത്രങ്ങൾ രോഗദുരിതമനുഭവിക്കുന്ന നിരവധി പേരിലേക്കു കൂടി എത്തിക്കാനാവുന്നത് ആത്മസംതൃപ്തി പകരുന്നതാണല്ലോ.