Begin typing your search above and press return to search.

ചുഴലി

ചുഴലി
cancel

വല്ലാതെ കണ്ട് മൂർച്ചയുള്ള രാഷ്ട്രീയ ശരമാണ്​ ഫാഷിസം. തൊടുക്കുന്നോരും തറയ്ക്കുന്നോരും ഒരുപോലെ വെറുക്കുന്ന പ്രയോഗം. കാരണം, ഉരുവിന്റെ ഉരുവത്തെക്കുറിച്ച പൊതുധാരണ –നൂറ്റാണ്ടൊന്ന് മുന്നം ഇറ്റലിയിൽ പിറന്ന് ജർമനിയിൽ പൊലിച്ചതാണീ ബീഭത്സമെന്ന്​.ക്ഷമിക്കണം, കരുതപ്പെടുമ്പോലെ മുസ്സോളിനിയോ ഹിറ്റ്ലറോ ഒന്നുമല്ല ജനയിതാക്കൾ. പൊക്കിൾക്കൊടി ഫ്രാൻസിലാണ്, എഴുത്തുകാരനായ ഒരു രാഷ്ട്രീയക്കാരനിൽ –ഷാൾ മൊറാസ്. അയാൾ കാപ്പാറ്റിയ ദേശീയ പ്രസ്ഥാനത്തിൽ– ആക്സ്യൂം ഫ്രാൻസെയ്സ് (ഫ്രഞ്ച് ആക്ഷൻ). സർവാധിപത്യം, അതിനു നിരക്കുന്ന സാമൂഹിക ക്രമം, കൽപനാത്മക ചരിത്രനിർമാണം, അതിൻമേലുള്ള ഭൂതകാല രതി, വിമർശവിരോധം, വിതണ്ഡവാദം,...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

വല്ലാതെ കണ്ട് മൂർച്ചയുള്ള രാഷ്ട്രീയ ശരമാണ്​ ഫാഷിസം. തൊടുക്കുന്നോരും തറയ്ക്കുന്നോരും ഒരുപോലെ വെറുക്കുന്ന പ്രയോഗം. കാരണം, ഉരുവിന്റെ ഉരുവത്തെക്കുറിച്ച പൊതുധാരണ –നൂറ്റാണ്ടൊന്ന് മുന്നം ഇറ്റലിയിൽ പിറന്ന് ജർമനിയിൽ പൊലിച്ചതാണീ ബീഭത്സമെന്ന്​.

ക്ഷമിക്കണം, കരുതപ്പെടുമ്പോലെ മുസ്സോളിനിയോ ഹിറ്റ്ലറോ ഒന്നുമല്ല ജനയിതാക്കൾ. പൊക്കിൾക്കൊടി ഫ്രാൻസിലാണ്, എഴുത്തുകാരനായ ഒരു രാഷ്ട്രീയക്കാരനിൽ –ഷാൾ മൊറാസ്. അയാൾ കാപ്പാറ്റിയ ദേശീയ പ്രസ്ഥാനത്തിൽ– ആക്സ്യൂം ഫ്രാൻസെയ്സ് (ഫ്രഞ്ച് ആക്ഷൻ). സർവാധിപത്യം, അതിനു നിരക്കുന്ന സാമൂഹിക ക്രമം, കൽപനാത്മക ചരിത്രനിർമാണം, അതിൻമേലുള്ള ഭൂതകാല രതി, വിമർശവിരോധം, വിതണ്ഡവാദം, പരിവർത്തന വിമുഖത... അതൊക്കെയാണ് ഫാഷിസത്തിന്റെ ജനിതകാംശങ്ങൾ. മൊറാസിന്റെ സംഘടന ഈ പ്രകൃതങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യയശാസ്ത്രവും അവതരിപ്പിച്ചു – ഒരേസമയം കമ്യൂണിസ്റ്റ് വിരുദ്ധവും മുതലാളിത്ത വിരുദ്ധവും. ഒപ്പം, ജനാധിപത്യ വിരുദ്ധവും. തീവ്രദേശീയത നട്ടെല്ല്, ഭൂരിപക്ഷമതാത്മകത ജീവനാഡി.

ശ്രദ്ധിക്കണം, ദൈവവിശ്വാസത്തിൽ ഉറപ്പിച്ച മതക്കൂറല്ലിവിടെ. മറിച്ച്, ഭൂരിപക്ഷ മതത്തിന്റെ സാംസ്കാരികാന്തരീക്ഷത്തോടുള്ള ചാർച്ച മതി. ‘‘ഞാൻ കത്തോലിക്കൻ, പക്ഷേ, നാസ്തികൻ’’ –മൊറാസിന്റെ ഈ ഒറ്റവാക്യത്തിലുണ്ട് ഹൃദയമർമം. (ഹിന്ദുത്വർ പറയുന്ന ‘സാംസ്കാരിക ദേശീയത’യുടെ ഉറവിടം വ്യക്തമായല്ലോ, സ്വഭാവപ്പൊരുളും). വിചിത്രമായ ഈ പ്രത്യയശാസ്ത്രച്ചാർത്ത് സ്വാധീനിച്ചത് രാഷ്ട്രീയ വർണരാജിയിലെ വ്യത്യസ്ത നിറക്കൂട്ടുകളെയാണ് –അൽതൂസറും ലകാനും ഇലിയട്ടും തൊട്ട് ചാൾസ് ഡിഗോൾ വരെ. അയലത്തെ മുസ്സോളിനിയും ഹിറ്റ്ലറും തൊട്ട് അകലത്തെ ഹിന്ദുത്വർ വരെ. ഫ്രാൻസിൽ അധികാരം പിടിച്ചിരുന്നേൽ ​െമാറാസ് കടത്തിവെട്ടിയേനേ ഇപ്പറഞ്ഞ ആരാധകരെ. അതുണ്ടായില്ല.

ആക്​സ്യൂം ഫ്രാൻസെയ്സിന്റെ ലളിതസാധാരണ രൂപമാണ് മുസ്സോളിനി പകർത്തിയത്, നാഷനൽ ഫാഷിസ്റ്റ് പാർട്ടി എന്ന പേരിൽ. അതിന്റെ ഫലപൂർണിമയിലേക്ക് നയിക്കുന്ന ബലതന്ത്രത്തിന്റെ ഒരാവിഷ്‍കാരം മാത്രമായിരുന്നു നാസിസം. കൂടപ്പിറപ്പുകളെ നോക്കൂ: ബൽജിയത്തിൽ റെക്സിസ്റ്റ് പ്രസ്ഥാനം, കാനഡയിൽ നാഷനൽ യൂനിറ്റി പാർട്ടി, സ്വീഡനിൽ ഫാഷിസ്റ്റ് പീപ്പിൾസ് പാർട്ടി, അയർലൻഡിൽ ആർമി കോമ്രേഡ്സ്, ഫിൻലൻഡിൽ ‘ലാപുവ പ്രസ്ഥാനം’, ചിലിയിൽ വോൺ മൊറീസിന്റെ എം.എൻ.എസ്, മെക്സിക്കോയിൽ ജനറൽ കറാസ്കോയുടെ ​െറവലൂഷനറി ആക്​ഷൻ, ബ്രിട്ടനിൽ ബ്രിട്ടീഷ് യൂനിയൻ ഓഫ് ഫാഷിസ്റ്റ്സ്, യു.എസിൽ ഹുയേ ലോംഗിന്റെ ലുസിയാനാ ഭരണകൂടം, ആസ്ട്രേലിയയിൽ ന്യൂ ഗാർഡ്സും, ആസ്ട്രേലിയ ഫസ്റ്റ് പ്രസ്ഥാനവും... ഏതാണ്ട് ഒരേ കാലത്ത് ഉടലെടുത്ത ഇക്കൂട്ടങ്ങളുടെ ഇന്ത്യൻ സോദരങ്ങളാണ് ഹിന്ദുമഹാസഭയും (1915), ആർ.എസ്.എസും (1925). എന്തുകൊണ്ടാണ് ഇങ്ങനെ ഒരേ കാലയളവിൽ പലേടത്ത് ഫാഷിസപ്രവണത തലപൊക്കിയത്?

സാമൂഹികവും മാനസികവുമായ ഭൂകമ്പങ്ങളുണ്ടാവുകയും ജീവിതം പൊതുവിൽ ഉഴുതുമറിക്കപ്പെടുകയും ചെയ്യുമ്പോൾ മനുഷ്യർ നിരാലംബരാവുന്നു. അത്തരം സന്ദർഭങ്ങളാണ് ഫാഷിസത്തിനുള്ള ഏക്കൽപ്പാടം. 19ാം നൂറ്റാണ്ടിലെ വ്യവസായവിപ്ലവം. യൂറോപ്പിനെ അത് സാമൂഹികമായി താറുമാറാക്കി, മാനസികമായി ആശങ്ക പെരുക്കി. അതിനുള്ള പോംവഴികളായി ഉരുത്തിരിഞ്ഞതാണ് കമ്യൂണിസവും ഫാഷിസവും. നൂറ്റാണ്ടുകളായി പുലർത്തിപ്പോന്ന ജീവിതചര്യയും ചിന്താരീതികളും ചീന്തിയെറിഞ്ഞ്, വരാനിരിക്കുന്ന ചരിത്രത്തിനുള്ള ചട്ടക്കൂട് ഒരുക്കിക്കൊടുത്ത രണ്ട് സമാന്തര ധാരകൾ. ആധുനികത സമ്മാനിച്ച കുഴമറിയലിൽനിന്ന് രക്ഷക്കായി, ഭൂതകാലത്തിലെ കൽപിത സുവർണയുഗം പുനഃസൃഷ്ടിക്കാനുള്ള രണ്ടുതരം രാഷ്ട്രീയ ശ്രമങ്ങൾ. പ്രാചീന റോമാ സാമ്രാജ്യ മഹിമയും തദ്ദേശീയ ഗോത്രമാഹാത്മ്യവും മറ്റുമായിരുന്നു യൂറോ ഫാഷിസത്തിന്റെ മാനസലക്ഷ്യമെങ്കിൽ, കമ്യൂണിസത്തിന്റേത് പ്രാക്തനമായ വർഗരഹിത കമ്യൂൺ ജീവിതം. എന്നാൽ, കൊടിയ സ്തംഭനം മാത്രമാണ് ഫാഷിസത്തിന് നേടാനായത്, ചരിത്രപുരോഗതിയോ പ്രശ്നപരിഹാരമോ അല്ല. കാരണം അതിന്റെ മുഖ്യമായ ആന്തരവൈകല്യം: സ്വതന്ത്ര സംസ്കാരത്തെ അടിച്ചമർത്തിക്കൊണ്ട് ആധുനിക വ്യവസായികതയുടെ നേട്ടങ്ങൾ പുലർത്താമെന്ന അബദ്ധവിശ്വാസം. നവീകരണത്തിന് അവശ്യം വേണ്ട മുന്നുപാധി വിമർശാത്മകതയാണെന്ന ലളിതനേര് തിരിച്ചറിഞ്ഞില്ല. അങ്ങനെ അറിയാൻ പ്രകൃത്യാ തന്നെ ഫാഷിസത്തിന് കഴിയുകയുമില്ല.

കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾ നിർവഹിച്ചതും മറ്റൊന്നല്ല. കുഴിച്ചുമൂടാനാവാത്ത ഭൂതകാലത്തെപ്പറ്റി തുറന്ന ശാസ്ത്രീയാന്വേഷണം നടത്താൻ അവർ വിമുഖരാണ്, അന്നും ഇന്നും. യൂറോപ് ഇന്നും അറച്ചുനിൽക്കുകയാണ്, ഒരു ചരിത്ര പ്രതിഭാസം എന്ന നിലക്ക് നാസിസത്തെ സമീപിക്കാൻ. മുഖ്യകാരണം നാസിസഭീതി പുനരുൽപാദിപ്പിക്കപ്പെടാം എന്ന പേടി. പടിഞ്ഞാറരുടെ ഈ ത്രാസം തന്നെയാണ് സ്വന്തം പ്രത്യയശാസ്ത്രത്തെ നിരപേക്ഷം വിലയിരുത്തുന്നതിൽ കമ്യൂണിസ്റ്റുകൾക്കുമുള്ളത്. നേരാണ്, നാസിസം മനുഷ്യവിരുദ്ധം തന്നെ. എന്നാൽ, അത് മനുഷ്യേതരമായിരുന്നില്ല. കാരണം, സംഘടിത ഹിംസകളുടെ പലേ ഘട്ടങ്ങളാൽ നിർമിക്കപ്പെട്ടതാണ് മനുഷ്യചരിത്രം. സോവിയറ്റ് ഗുലാഗുകളിൽനിന്ന്​ എത്രക്കുണ്ട് വ്യത്യാസം ‘ഹോളോകോസ്റ്റി’ന്? അതിൽനിന്ന് എന്തുണ്ട് വേറ് ഫലസ്തീനിൽ ഇസ്രായേൽ നടത്തിപ്പോരുന്ന വംശഹത്യക്ക്? നാസികൾക്ക് 1940കളിലുണ്ടായിരുന്ന യന്ത്രക്കരുത്ത് 1915ൽ തുർക്കികൾക്കുണ്ടായിരുന്നേൽ അവരെന്താ ഇതൊക്കെത്തന്നെ ചെയ്യില്ലേ? കംബോഡിയയിൽ ഖമർറൂഷ് ചെയ്തത് മറ്റൊന്നാണോ?

തേഡ് റൈകിന് (മൂന്നാം സാമ്രാജ്യം) കീഴിലെ യഹൂദവംശഹത്യ ചരിത്രത്തിലെ ഒറ്റപ്പെട്ട സംഭവമൊന്നുമല്ല. റഷ്യൻ വിപ്ലവം അതിന്റെ വിജയത്തിനും തുടരാവശ്യങ്ങൾക്കുമായി നടപ്പാക്കിയ ഹിംസകൾ വിന്യസിച്ച ഒരന്തരീക്ഷമുണ്ട്. പടിഞ്ഞാറൻ ഫാഷിസ്റ്റുകൾ അതിൽനിന്ന് ഊർജം കൊണ്ടിട്ടില്ലെന്ന് തീർത്തുപറയാനാവുമോ? ജർമനിയിലെ നാസിഭീകരതയുടെ മാനസികവും പ്രത്യയശാസ്ത്രീയവുമായ മുന്നോടിയല്ലേ റഷ്യയിൽ നടന്നത്? ചരിത്രത്തെ രാഷ്ട്രീയ സൗകര്യാർഥം അംശീകരിക്കാതെ ബൃഹത്തായ ചിത്രഫലകത്തിൽ കണ്ടാൽ ഇതൊക്കെ സ്പഷ്‍ടമാവും. 1920കളിൽ പടിഞ്ഞാറൻ ലോകത്തെയാകെ ഗ്രസിച്ച ബോൾഷെവിക് ഭയപ്പാട് പിൽക്കാല ലോകം തിടുക്കത്തിൽ മറന്നുവച്ച അപ്രിയ സത്യമാണ്. ബോൾഷെവിസവും ഫാഷിസവും –അവയായിരുന്നു കേന്ദ്രതന്തുക്കൾ, 1917ൽ തുടങ്ങി 1945ൽ അടങ്ങിയ യൂറോപ്യൻ ആഭ്യന്തര ഹിംസയുടെ. നീത്ഷെയും മാർക്സും അത് പ്രവചിച്ചതുമാണ്, ഒരാഗോള സാധ്യതയെന്ന നിലക്ക്.

ഓർക്കണം, ഫാഷിസ്റ്റാവും മുമ്പ് മാർക്സിസ്റ്റായിരുന്നു മുസ്സോളിനി. ഈ ആഭിമുഖ്യത്തുടർച്ച അയാൾതന്നെ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും തോന്നാം ശങ്ക –ശരിക്കും ഗുലാഗ് മൂലവും ഓഷ്വിററ്സ് പകർപ്പുമായിരുന്നോ? ശങ്കിക്കുന്നതിലില്ല അതിശയം. ഗുലാഗ്ഹത്യകളെക്കുറിച്ച പുറത്തറിവ് തുലോം ശുഷ്‍കം. സോൾസെനിത്സെനും ബ്രോഡ്സ്കിയും ബാബേലുമൊക്കെ പകർന്ന സാഹിത്യചരിതമേ നമുക്കുള്ളൂ. ഒരൊറ്റ ഫോട്ടോയില്ല, ഇരകളെയോ ദൃക്സാക്ഷികളെയോ കണ്ടവരില്ല. ഒരു പ്രത്യേക സാമൂഹികവർഗമായി ചാപ്പകുത്തിയ ഒറ്റക്കാരണത്താൽ മനുഷ്യരെ അക്കമിട്ട് ചിട്ടയോടെ ഉന്മൂലനംചെയ്യുന്ന രാഷ്ടീയ പ്രക്രിയയായിരുന്നു ഗുലാഗ്. ‘‘ബൂർഷ്വാസിയുടെ പട്ടികളെയും പന്നികളെയും റഷ്യൻ മണ്ണിൽനിന്ന് തുടച്ചുനീക്കണ’’മെന്ന്​ ആഹ്വാനംചെയ്തത്​ ഏതോ ഒരു വ്ലാദിമിർ ലെനിൻ. ജർമനിയിൽ ഇതേ പ്രക്രിയയുടെ മാനദണ്ഡം വംശമായിരുന്നു. വർഗവ്യത്യാസപ്പേരിൽ ഒരു പ്രത്യയശാസ്ത്രം തുടങ്ങിയിട്ട സാമൂഹിക ഉന്മൂലനം വംശവ്യത്യാസപ്പേരിൽ മറ്റൊ രു പ്രത്യയശാസ്ത്രം വംശീയ ഉച്ചാടനമാക്കി.

ചുരുക്കത്തിൽ, ഹിറ്റ്ലർക്ക് മാത്രമായി പതിക്കാനാവില്ല ദേശീയതാ ഭ്രാന്ത് അച്ചുതണ്ടാക്കിയ നൃശംസതയുടെ പാപക്കറ, യൂറോപ്പിലും അമേരിക്കകളിലും ഏഷ്യയിലും ആസ്ട്രേലിയയിലും അതൊരു കാലചേതനയായി പരന്നിരുന്നു. ഒട്ടുമിക്കതും പിൽക്കാലേ അട്ടുപോയി– ഇന്ത്യയിലൊഴികെ. ഒരു നൂറ്റാണ്ടായി അതിവിടെ ക്രമാനുഗതം പന്തലിച്ചുവന്നു, നിശ്ശബ്ദം. ഈ ദീർഘായുസ്സിന്റെ മുഖ്യകാരണം ‘ഹിന്ദു’മതാടിസ്ഥാനത്തിലുള്ള ദേശീയ സംഘാടനമാണ്.

സത്യത്തിൽ ഒരില്ലാ മതമാണ് ഹിന്ദു. വിപുലവും വ്യതിരിക്​തവുമായ ജാതിശ്രേണിക്കിട്ട ആവരണക്കമ്പിളി മാത്രമാണത്. സാധാരണ ഗതിയിൽ മതങ്ങൾക്കുള്ള ആധാരശിലയായ ദൈവസങ്കൽപമോ അതിന്മേലുള്ള ദൈവശാസ്ത്രമോ ഇതിനില്ല. ജാതികൾക്കുള്ളത് മൂർത്തിസങ്കൽപങ്ങളാണ്, അവയെചുറ്റിപ്പറ്റിയ മിത്തും അനുഷ്ഠാനങ്ങളും. അതിനൊന്നുമില്ല, സുഘടിതമായ സമഗ്ര തത്ത്വശാസ്ത്രം. ഈ അവ്യവസ്ഥയിലെ ദൈവശാസ്ത്ര ശൂന്യതയിലേക്ക്, കൂട്ടത്തിലെ ഒരു ജാതിമാത്രമായ ബ്രാഹ്മണർ ഒരു തത്ത്വശാസ്ത്രം അധ്യാരോപംചെയ്തു –വേദാന്തം. അതാണ് ഇന്ന് കാണുന്ന ‘ഹിന്ദു’മതത്തിന്റെ ദൈവശാസ്ത്രം. ബ്രഹ്​മസങ്കൽപത്തിന്​ ചേർച്ച ബൗദ്ധരുടെ ശൂന്യതയോട്. തത്ത്വചിന്തവൃന്ദങ്ങളിൽ പണ്ടേതന്നെ ആദിശങ്കര​നുള്ള വിളിപ്പേര്​ ഒാർക്കുക – പ്രച്ഛന്നബുദ്ധൻ (തിരുകിക്കയറ്റിയ ഉരുപ്പടിയിലും ദൈവസങ്കൽപമേയില്ലെന്നതാണ് തമാശ). അഥവാ ഹിന്ദുമതം ഒന്നാംതരം നുണ, ഭൂരിപക്ഷം ഇന്ത്യരെ ഒറ്റനുകത്തിൽ തളക്കാനുള്ള കൺകെട്ട്​. അതിൽ​െപട്ട്​ ഇതരജാതികളുടെ മൂർത്തികളും വിശ്വാസങ്ങളും ബ്രാഹ്​മണവത്കരിക്കപ്പെട്ടു. മഹാഭൂരിപക്ഷം ജാതികളും ഇന്നും തിരിച്ചറിയുന്നില്ല, അവരു​െട ആത്മീയജീവിതത്തിലെ തന്ത്രപരമായ ഇൗ അധിനിവേശം. സാക്ഷാൽ നാരായണഗുരു പോലും അകപ്പെട്ടു, ഇൗ മാരീചത്തിൽ. അതി​ന്റെ ദാരുണ പരിണതിയാണ്​ ബ്രാഹ്​മണീയ ആചാരാനുഷ്​ഠാനങ്ങളിൽ ‘ശ്രീനാരായണീയർ’ക്കുള്ള മാനസികാടിമത്തം. ഉദാഹരണം ശബരിമല.

പടിഞ്ഞാറ് വ്യവസായവിപ്ലവം ചെയ്ത തൊന്തരമാണ്​ ഇന്ത്യാപ്രദേശത്ത് കോളനിവത്കരണം ചെയ്തത്. പരമ്പരാഗത സാമൂഹിക, മാനസിക ക്രമങ്ങൾ ഉഴുതുമറിക്കപ്പെട്ടു. ഈ താറുമാറിനോടുള്ള ‘‘വരേണ്യ’’ ജാതിക്കാരുടെ പ്രതികരണമായിരുന്നു ഫാഷിസത്തിന്റെ സ്വദേശിരൂപങ്ങൾ. രാഷ്ട്ര സ്വാതന്ത്ര്യമോ അതിന്മേലുള്ള ദേശീയ പ്രക്ഷോഭങ്ങളോ ആയിരുന്നില്ല അവയുടെ ഉത്കണ്​ഠ. മറിച്ച്, വരേണ്യ ജാതികൾക്ക് കോയ്മ ഉറപ്പിക്കുന്ന സാമൂഹിക ക്രമത്തിന്റെ വീണ്ടെടുപ്പായിരുന്നു. രണ്ടാണിവിടെ ചേതോവികാരം. ഒന്ന്, മതദേശീയതയുടെ ഏകനുകത്തിൻ കീഴിൽ ഉറപ്പിച്ചുനിർത്താത്തപക്ഷം മേൽപ്പറഞ്ഞ കമ്പിളി ഊർന്നുപോവും, ജാതികൾ സ്വതന്ത്രമാകും. അത് ഹിന്ദുമതം എന്ന കൃത്രിമ നിർമിതിയെ ശിഥിലമാക്കും. രണ്ട്, കോളനി പ്രഭുക്കൾ ഒഴിയുമ്പോൾ (1930കളോടെ അത് മിക്കവാറും ഉറപ്പായിരുന്നു). രാഷ്ട്രീയാധികാരം കവരുക, ഭൂരിപക്ഷ മതത്തിന്റെ വരുതിയിലേക്ക് പൊതുരാഷ്ട്രീയത്തെ വരുത്തുക, പരസ്പര പൂരകമാണിവ രണ്ടും. സ്വാഭാവികമായും അത് എല്ലാത്തരം ന്യൂനപക്ഷങ്ങൾക്കും വിരുദ്ധമാകുന്നു –മതപരം തൊട്ട് ഭാഷാപരം വരെ. ഫാഷിസത്തിന്റെ ഇന്ത്യൻ രൂപം ഇതര മാതൃകകളിൽനിന്ന് വ്യത്യസ്തമാകുന്നത് ഈ ദ്വിമാന അസ്തിവാരം മൂലമാണ്. (ഷാൾ മൊറാസിന് ക​േത്താലിക്കാ മതത്തെ നിർമിച്ചെടുക്കേണ്ട ആവശ്യമില്ലായിരുന്നു. അത് നേരത്തേ തന്നെ അവിടുണ്ട്, നിയതാർഥത്തിൽ അതൊരു മതവുമായിരുന്നു.)

 

ഹിറ്റ്​ലറും മുസോളിനിയും

സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ പുറമ്പോക്കരായതും ഗാന്ധിവധത്തിൽ പ്രതിക്കൂട്ടിലായതുമൊക്കെ കൊണ്ട് ഇന്ത്യൻ ഫാഷിസ്റ്റുകൾക്ക് അര നൂറ്റാണ്ടോളം രാഷ്ട്രീയാധികാരം അന്യമായിപ്പോയി. എങ്കിലും അവർ കഠിനാധ്വാനം തുടർന്നു. സംഘടനാ വലയം നെയ്തൊരുക്കിക്കൊണ്ട്. മാളംവിട്ടുയരാനുള്ള അവസരം, ചരിത്രംതന്നെ ഏർപ്പാടാക്കിക്കൊടുത്തു- ധനമൂലധനത്തിന്റെ ആഗോളീകരണം.

നൂറുകൊല്ലം മുമ്പ് വ്യവസായ വിപ്ലവം സൃഷ്ടിച്ചതിലും വലിയ ഹലാക്കാണ്​ ആഗോളീകരണം ഭൂഗോളത്ത്​ വരുത്തിയിരിക്കുന്നത്. മുതലാളിത്തത്തിന്റെ നെറ്റിക്കണ്ണും ദംഷ്ട്രയും അതിലൂടെ മനുഷ്യർക്ക് നേരനുഭവമാവുന്നു. ഉറപ്പുകൾ ഉലയുന്നു, പ്രത്യാശകൾ കാറ്റെടുക്കുന്നു –വ്യക്തിക്കും ദേശത്തിനും. സ്വാഭാവികമായും പൊന്തുകയായി, ഫാഷിസത്തിന്റെ പുതുനാമ്പുകൾ. പണ്ടേപ്പോലെ, പോംവഴി എന്ന വ്യാജേന. സങ്കുചിത ദേശീയതയാണ് എൻജിൻ, കൽപിത ഭൂതകാല മഹിമ വഴി ക്രമവും സ്വസ്ഥിയും വീണ്ടെടുക്കാമെന്ന സമ്മോഹന പ്രലോഭനം. അതിനുവേണ്ടി തെരഞ്ഞെടുക്കപ്പെട്ട ശത്രുക്കളും നടപടിക്രമങ്ങളും. പണ്ടേപ്പോലെ ഇന്നും പിടിക്കുന്നത് ‘ജനേച്ഛ’ എന്ന വ്യാജമറ. ജനാധിപത്യത്തെ അതിനുതന്നെ എതിരാക്കുന്ന വിരുതുണ്ട് ഈ വ്യവഹാരത്തിന്. ആദ്യം, അധികാരത്തിലേക്കുള്ള കോണിപ്പടിയായി ജനാധിപത്യ പ്രക്രിയകളെ വസൂലാക്കും. പാലം കടന്നവാറേ ആധിപത്യ ഭരണത്താൽ ജനാധിപത്യത്തെ നിരായുധീകരിക്കും.

ജനാധിപത്യത്തെ കുറുകെ വെട്ടാനുള്ള പ്രഥമ ഘട്ടത്തിൽ ന്യുനപക്ഷാവകാശങ്ങൾക്കുമേൽ ‘ഭൂരിപക്ഷേ’ച്ഛക്ക്​ വ്യക്തമായ മുൻഗണന തരമാക്കുന്നു. രണ്ടാം ഘട്ടത്തിൽ ഈ ഇച്ഛ സ്ഥാപിക്കാനുള്ള ബലതന്ത്രമാണ്. ഭൂതകാല ‘പുനരുദ്ധാരണ’ത്തിന് തടസ്സമായതൊക്കെ തട്ടിമാറ്റുക. ഒന്നാമത്, പാർലമെന്റിൽ ഭൂരിപക്ഷം തരമാക്കിക്കൊണ്ട് പാർലമെന്ററി വ്യവസ്ഥകളെ നിശ്ചേതനമാക്കുക. അധികാര പ്രയോഗത്തിന് നിയന്ത്രണംവെക്കുന്ന വ്യവസ്ഥാപിത സംവിധാനങ്ങളെ ദുർബലമാക്കുക. ‘പുരോഗമന ദേശഭക്തി’യും ‘സ്വതന്ത്ര ദേശീയത’യുമാണ് പ്രയോഗ മഞ്ജരി- ഇന്ത്യപോലെ ബഹുസ്വരത തീവ്രമായിടത്ത് ‘സാംസ്കാരിക ദേശീയത’ എന്ന പ്രച്ഛന്ന മതാധിപത്യം. പരിഭാഷ: സംസ്കാരങ്ങളുടെ ബഹുലതയെ ദേശീയത എന്ന ഏകകത്തിലേക്ക് അരിഞ്ഞൊതുക്കുക. മറുവാ തുറന്നാൽ അതു ദേശവിരുദ്ധം, രാജ്യദ്രോഹം. ഇനി, അടുത്ത തെരഞ്ഞെടുപ്പിൽ മറുത്തു വോട്ടിട്ട് താഴത്തിറക്കാമെന്ന നിഷ്കളങ്ക മോഹവും വേണ്ട –വോട്ടുയന്ത്രത്തിന്റെ സൂത്രച്ചാവിയും ഭരണകൂട കീശയിൽ. ആരു ജയിക്കണമെന്ന് ജനത സ്വമേധയാ തീരുമാനിക്കേണ്ട. അതിന്റെ കാരണം പണ്ടേ ഓതിയിട്ടുണ്ട്, ഗുരുജി:

‘‘ജനായത്ത വോട്ടെടുപ്പ് ജനഭരണമല്ല. അതു വാസ്തവത്തിൽ മൗഢ്യത്തിന്റെ, അസാമർഥ്യത്തിന്റെ, ഭീരുത്വത്തിന്റെ, ദൗർബല്യത്തിന്റെ, അപര്യാപ്തതയുടെ ഭരണമാണ്. അങ്ങനെ ശരിയായ മൂല്യങ്ങളുടെ നശീകരണത്തിലേക്ക് നയിക്കും, പ്രയോഗതലത്തിൽ ജനാധിപത്യം.’’ (റുഡോൾഫ് ഹിറ്റ്ലർ)

News Summary - Minority rights